പ്രകൃതിയില്‍ മറഞ്ഞിരിക്കാനാണ് എനിക്കിഷ്ടം 

എഴുത്തില്‍ നാല്‍പ്പതാണ്ട് പിന്നിടുന്ന കവി പി.പി. രാമചന്ദ്രന്‍ സംസാരിക്കുന്നു
പ്രകൃതിയില്‍ മറഞ്ഞിരിക്കാനാണ് എനിക്കിഷ്ടം 


ലയാള കവിതയില്‍ വാക്കിന്റേയും സൂക്ഷ്മാനുഭവങ്ങളുടേയും ആഖ്യാനങ്ങള്‍ സൃഷ്ടിച്ച കവിയാണ് പി.പി. രാമചന്ദ്രന്‍. കാല്പനികതയെ മറിച്ചിട്ട തൊണ്ണൂറുകളിലെ കവികളില്‍ ഒരേസമയം പാരമ്പര്യത്തേയും നവീനതയേയും മിതവാക്കായി സമന്വയിപ്പിച്ചയാള്‍. ഏറെയെഴുതാതിരുന്നിട്ടും ഏറെ ആഴത്തില്‍ മുഴക്കമുണ്ടാക്കിയ കവി. ലളിതമെന്നു തോന്നുന്ന ഒരു പക്ഷിച്ചിറകിലൂടെ മനുഷ്യഭാഗധേയത്തേയും ഉരുളുന്നൊരു ചക്രത്തിലൂടെ കാലത്തേയും കാണെക്കാണെ പരിചിതമാകുന്ന കൗതുകത്തേയും കാണിച്ച കവിതകള്‍. നാടകവും സംഗീതവും കഥകളും കഥാപ്രസംഗവുമെല്ലാം സങ്കേതങ്ങളായി വരുന്ന എഴുത്തു ഭാഷ. മലയാളത്തിലെ ആദ്യ കവിതാ പോര്‍ട്ടലായ ഹരിതകം ഡോട്കോമിന്റെ ആസൂത്രകന്‍. തിരയെഴുത്തിലും അവതരണ കവിതകളിലും പോഡ്കാസ്റ്റിങിലുമെല്ലാം നിറഞ്ഞുനില്‍ക്കുന്ന കവിക്ക് എഴുത്തില്‍ നാല്‍പ്പതാണ്ട് പിന്നിടുന്നു.

ലോകത്ത് എവിടെയും ഒരുപോലെ ഉപയോഗിക്കാവുന്ന തരത്തില്‍ നിര്‍മ്മിക്കപ്പെടുന്ന ഒരു ചരക്കല്ല മനുഷ്യാനുഭവം എന്ന് ഊന്നിപ്പറയുക വഴി കവിതയില്‍ കഴിഞ്ഞുപോയ കാലം സാര്‍ത്ഥകമായിരുന്നുവെന്ന് ഈ അഭിമുഖത്തില്‍ പി.പി. രാമചന്ദ്രന്‍ പറയുന്നു. കവിതയിലും ജീവിതത്തിലും പിന്നിട്ട കാലവും കാഴ്ചപ്പാടുകളും അദ്ദേഹം  വിശദീകരിക്കുന്നു.
-----

വാക്കുകളെ നെയ്തു ചേര്‍ക്കുന്ന കവി എന്നാണ് താങ്കളെക്കുറിച്ചുള്ള വിശേഷണം. ആ കവിതയ്ക്ക് നാല്‍പ്പതാണ്ട് പിന്നിടുന്നു. കവിതകള്‍ കുറച്ചേ എഴുതിയിട്ടുള്ളൂ എന്നു താങ്കള്‍ പറഞ്ഞിട്ടുണ്ട്. കാലം കൂടുതലെടുത്തുവെന്നും. ഇക്കാലത്തിനിടയ്ക്കുള്ളതെല്ലാം സമാഹരിച്ചപ്പോള്‍ 140-ല്‍ താഴെ കവിതകളേയുള്ളൂ. കവിതയിലെ ഈ കുറച്ചെഴുത്തിനു പിന്നിലെന്താണ്? 

തിരിഞ്ഞുനോക്കുമ്പോള്‍ അതിശയമാകുന്നു. ശരിയാണ്, കാലയളവും വിളവും തമ്മില്‍ വലിയ അന്തരമുണ്ട്. ഇത്ര കണ്ടാല്‍ പോരല്ലോ എന്നു തോന്നാം. കുറച്ചെഴുത്ത് എന്റെ പ്രകൃതമാണെന്നു തോന്നുന്നു. ദുര്‍വ്യയത്തെ പേടിയാണ്. പണമായാലും പദമായാലും. വാക്കില്‍ പിശുക്കനാണ്. അല്പം കൊണ്ട് അധികം എന്ന പക്ഷക്കാരനുമാണ്. അതാവാം ഒരു കാരണം. പിന്നെ ഉള്ളില്‍നിന്നു വരുന്നതല്ലാതെ എഴുതാന്‍ പറ്റില്ല. എനിക്കു തോന്നിയാലേ എഴുതൂ. അങ്ങനെ തോന്നുന്ന നേരങ്ങള്‍ കുറഞ്ഞുപോയി. ചപലപ്രകൃതിയായതുകൊണ്ട് എന്റെ ഉള്ളിലുള്ളതിനേക്കാള്‍ അധികം നേരം ഞാന്‍ പുറത്തായിരുന്നു. അതിനുകാരണം കവി എന്ന ഏക തസ്തികയില്‍ ഇരിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല എന്നതാവാം. എനിക്കു പല കൗതുകങ്ങളില്‍ ഒന്നായിരുന്നു കവിത. പിന്നെ, വളരെ പരിമിതമായ ഒരു വൃത്തത്തില്‍ ജീവിച്ച മനുഷ്യനാണല്ലോ ഞാന്‍. വലിയ സംഘര്‍ഷങ്ങളോ അനിശ്ചിതത്വങ്ങളോ ഒന്നും നേരിടേണ്ടി വന്നിട്ടുമില്ല. ആ ഉദാസീനതയും എഴുത്തുതടസ്സത്തിനു കാരണമായിരിക്കാം.

1982 മുതല്‍ എഴുതിത്തുടങ്ങിയ താങ്കള്‍ ഇന്നും സജീവമായി വായിക്കപ്പെടുന്ന കവികളിലൊരാളാണ്. ലളിതം, മാമ്പഴക്കാലം, ഉത്തരകാലം, പാലം കടക്കുവോളം തുടങ്ങിയ കവിതകള്‍ നമ്മുടെ ഭാഷയില്‍ ആഴത്തില്‍ അടയാളപ്പെട്ടു. കവിതയില്‍ മാത്രമല്ല, ജീവിതത്തിലും അത്രയേറെ അന്തരമുണ്ട് തൊണ്ണുറുകള്‍ക്കു മുന്‍പും ശേഷവും. കവിതയില്‍ കഴിഞ്ഞുപോയ കാലത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്? 

തൊണ്ണൂറുകളില്‍ കലയും ജീവിതവും വലിയ മാറ്റങ്ങള്‍ക്കു വിധേയമായി എന്നതു നേരാണ്. സാമ്പത്തിക പരിഷ്‌കാരം തൊട്ട് സാംസ്‌കാരിക സങ്കലനം വരെ കാരണമായി. ഇവിടെ മാത്രമല്ല, ലോകം മുഴുവന്‍. ആഗോളവല്‍ക്കരണത്തിന്റെ കാലമായിരുന്നല്ലോ. സ്വാഭാവികമായും അതു കവിതയിലും കണ്ടു. ലോകം ആഗോളവല്‍ക്കരിക്കപ്പെട്ടപ്പോള്‍ കവിത കൂടുതല്‍ പ്രാദേശികമാവുകയാണ് ഉണ്ടായത്. അത് തനിമ അന്വേഷിച്ചു, വേറിട്ടു കേള്‍പ്പിക്കാനായി. അതൊരു പ്രതിരോധം കൂടിയായിരുന്നു. ഞാന്‍ എന്റെ നാട്ടിലെ പ്രകൃതിയേയും മനുഷ്യരേയും പറ്റിയാണ് എഴുതാന്‍ ശ്രമിച്ചത്. അതു സാമാന്യമായിട്ടായിരുന്നില്ല. പേരെടുത്തു പറഞ്ഞുകൊണ്ടുതന്നെ. ഉദാഹരണത്തിന് ഏതെങ്കിലും ഒരു പുഴയല്ല. 'പട്ടാമ്പിപ്പുഴമണലില്‍' എന്നായിരുന്നു ഒരു കവിതയുടെ ശീര്‍ഷകം. വട്ടംകുളത്തെ കുന്നുകളുടെ പേര് പട്ടികപോലെ പറയുന്നുണ്ട് 'കാറ്റേ കടലേ' എന്ന കവിതയില്‍. ലോകത്ത് എവിടെയും ഒരുപോലെ ഉപയോഗിക്കാവുന്ന തരത്തില്‍ നിര്‍മ്മിക്കപ്പെടുന്ന ഒരു ചരക്കല്ല മനുഷ്യാനുഭവം എന്ന് ഊന്നിപ്പറയുകയായിരുന്നു അന്നത്തെ കവിത. ആ നിലയില്‍ കവിതയില്‍ കഴിഞ്ഞുപോയ കാലം സാര്‍ത്ഥകമായിരുന്നു എന്നു ഞാന്‍ വിചാരിക്കുന്നു.

പിപി രാമചന്ദ്രൻ/ ഫോട്ടോ: കണ്ണൻ സൂരജ്
പിപി രാമചന്ദ്രൻ/ ഫോട്ടോ: കണ്ണൻ സൂരജ്

മാഷിന്റെ കവിതയുടെ ബാല്യകാലം അത്ര പരിചിതമെല്ലന്നു തോന്നുന്നു. വിദ്യാഭ്യാസം, ബാല്യം, യൗവ്വനം ഇക്കാര്യങ്ങള്‍ വിശദീകരിക്കാമോ? 

ഗ്രാമീണവും യാഥാസ്ഥിതികവും ആയിരുന്നു എന്റെ ജീവിതപശ്ചാത്തലം. എന്നാല്‍, പറയത്തക്ക ദരിദ്രമായിരുന്നില്ല. വീട് എന്റെ സര്‍ഗ്ഗാത്മകതയ്ക്ക് എതിരായിരുന്നു. എന്റെ കുടുംബത്തില്‍ എഴുത്തുകാരായ പൂര്‍വ്വികര്‍ ആരുമുണ്ടായിട്ടില്ല. മാതാപിതാക്കള്‍ എന്റെ സാഹിത്യ കൗതുകത്തെ കാര്യമായെടുക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടില്ല. പാഠപുസ്തകത്തിനു പുറത്തുള്ള വായനപോലും വഴിതെറ്റിക്കും എന്നാണ് അവര്‍ കരുതിയിരുന്നത്. അതുകൊണ്ട് ഞാന്‍ കുത്തിക്കുറിച്ചത് ആരെയും കാണിക്കാതെ ഒളിപ്പിച്ചുവെച്ചു. അരുതാത്തതോ അനുവാദമില്ലാത്തതോ രഹസ്യമായി ചെയ്യുന്നതിന്റെ ധിക്കാരം നിറഞ്ഞ ആവേശമുണ്ടായിരുന്നു അതില്‍. ശാസനകളോടുള്ള കുതറലോ അനുസരണക്കേടോ ഒക്കെയായിരുന്നു തുടക്കത്തിലെ എന്റെ സര്‍ഗ്ഗാത്മകതയുടെ സ്വഭാവം എന്നു തോന്നുന്നു. 

സ്‌കൂള്‍ പഠനകാലത്താണ് ഭാഷയുടേയും സാഹിത്യത്തിന്റേയും സ്വാധീനത്തില്‍പ്പെടുന്നത്. വായനയും മനോരാജ്യവും വിടാതെ പിടികൂടി. സങ്കല്പലോകത്തിലാണ് അധികവും ഞാന്‍ കഴിഞ്ഞുപോന്നത്. യാഥാര്‍ത്ഥ്യത്തില്‍ ചെന്നുമുട്ടുമ്പോഴൊക്കെ എനിക്കു പരിക്കുപറ്റി. അതുകൊണ്ട് ഞാന്‍ കരുതലോടെ പെരുമാറാന്‍ പഠിച്ചു. സ്‌കൂളിലും കോളേജിലും മലയാളം പഠിപ്പിക്കുന്ന അദ്ധ്യാപകരായിരുന്നു എന്റെ ആരാധനാപാത്രങ്ങള്‍. വാക്കിന്റേയും പൊരുളിന്റേയും അടരുകള്‍ ഓരോന്നായി വിടര്‍ത്തി അതിലെ വിസ്മയങ്ങള്‍ കാണിച്ചുതരുന്ന അദ്ധ്യാപകരുടെ വിശകലനരീതി എഴുത്തില്‍ എനിക്കൊരു ക്രാഫ്റ്റ് ഉണ്ടാവാന്‍ സഹായകമായിട്ടുണ്ട്. 

വായനശാലയിലെ സംവാദങ്ങളും കലാസമിതി പ്രവര്‍ത്തനങ്ങളുമാണ് എന്റെ എഴുത്തിന്റെ ദിശയെ നിര്‍ണ്ണയിച്ച മറ്റൊരു സ്വാധീനം. വീടും വിദ്യാലയവും വിട്ട് എന്റെ ചുറ്റുവട്ടം വലുതാവുകയായിരുന്നു. ധാര്‍മ്മികവും നൈതികവും രാഷ്ട്രീയവുമായ ഉല്‍ക്കണ്ഠകള്‍ പങ്കിടുന്ന നല്ലൊരു കൂട്ടായ്മയില്‍ ഞാന്‍ ചെന്നുപെട്ടു. വട്ടംകുളത്തെ ഗ്രാമീണ വായനശാലയിലെ പതിവുകാരനായി ഞാന്‍. കവികളായ പി.വി. നാരായണന്‍, ടി.വി. ശൂലപാണി, നോവലിസ്റ്റ് നന്ദന്‍, കഥാകൃത്ത് പി. സുരേന്ദ്രന്‍ എന്നിവരെല്ലാം അവിടെ വരും. എടപ്പാളിലെ വള്ളത്തോള്‍ വിദ്യാപീഠത്തിലും പൊന്നാനി ഇടശ്ശേരി സ്മാരകത്തിലും കലാസാഹിത്യ സമ്മേളനങ്ങള്‍ നടക്കുക പതിവാണ്. സാഹിത്യ സമ്മേളനങ്ങളില്‍ സ്ഥിരം ശ്രോതാക്കളായിരുന്നു ഞങ്ങള്‍. വലിയ വലിയ എഴുത്തുകാരെ കാണാനും കേള്‍ക്കാനും കഴിഞ്ഞു. പൊന്നാനി അറിയപ്പെടുന്ന കളരിയാണ്. ഇവിടെ വന്നുപെട്ടതും എന്റെ എഴുത്തിനു തുണയായി.

വാക്കാണ് താങ്കളുടെ കവിതയിലെ അനുഭവം. അടുത്ത കുതിക്കുള്ള ധ്യാനമായിരുന്നു/തന്നിരിപ്പെന്നുണര്‍ത്തിച്ച് പുല്ലുകള്‍ക്കുള്ളില്‍ പ്രച്ഛന്നനായിരിക്കുന്ന ഒരു പുല്‍ച്ചാടിയുടെ ജീവോന്മാദം എന്റെ വാക്കിന്മേലൊരുമാത്ര വന്നിരുന്നെങ്കില്‍/അങ്ങനെയൊരു വാക്കില്‍ എന്‍ ജീവനിരുന്നെങ്കില്‍ എന്ന് ഇരിപ്പ്, നടപ്പ് എന്ന കവിതയില്‍ പറയുന്നുണ്ട്. സമകാലീനരായ മറ്റു കവികളില്‍നിന്നു വ്യത്യസ്തമായി, വേറിട്ട ഒരു രചനാരീതി രൂപപ്പെട്ടത് എങ്ങനെയാണ്? ഭാഷയിലും കവിതയിലും മാഷിന്റെ കണിശതകള്‍ എന്തൊക്കെയാണ്? 

വാക്കുകളുടെ തിരഞ്ഞെടുപ്പ് എനിക്കു പ്രധാനമാണ്. വാക്കുകളുടെ വിന്യാസം, അതിന്റെ പൊരുളടരുകള്‍, താളസാധ്യത, ഔചിത്യം ഇതിലൊക്കെ മനസ്സിരുത്താറുണ്ട്. സന്ദര്‍ഭം വാക്കിനുണ്ടാക്കുന്ന അര്‍ത്ഥവൈചിത്ര്യം അത്ഭുതകരമാണ്. നിശ്ചിതമൂല്യം കല്പിക്കപ്പെട്ട നാണയമല്ല വാക്ക്. അല്ലെങ്കില്‍ സംഖ്യ അടയാളപ്പെടുത്താത്ത നാണയമാണ് അത്. വാക്കിന്റെ ഈ അസ്ഥിരപ്രകൃതി, അഥവാ സന്ദിഗ്ദ്ധത എനിക്കു വലിയ ഇഷ്ടമാണ്. പൊതുവേ പ്രമേയത്തെ കൊണ്ടാടുന്ന എഴുത്തിനിടയ്ക്ക് ക്രാഫ്റ്റിലുള്ള ഈ ഊന്നല്‍ ശ്രദ്ധയില്‍പ്പെടാന്‍ ഇടയാക്കിയിരിക്കണം. മറ്റൊന്ന് ചുരുക്കിയും കുറുക്കിയും എഴുതുക എന്നതാണ്. വിസ്തരിക്കാന്‍ ഇഷ്ടമല്ല. ആവര്‍ത്തിക്കാനും. അതുകൊണ്ട് ദൈര്‍ഘ്യവും കുറവാണ് എന്റെ രചനകള്‍ക്ക്. ഇന്നത്തെ കാലത്തിനു ഒട്ടും ചേരാത്ത ഒരു കാര്യമാണ് ഇത്. അന്ന് ഈ രീതിക്ക് പുതുമ തോന്നിയിരിക്കാം. പിന്നെ, പുല്‍ച്ചാടിയെപ്പോലെ പ്രച്ഛന്നനായി പ്രകൃതിയില്‍ മറഞ്ഞിരിക്കാനാണ് എനിക്കിഷ്ടം. കുതിയെക്കാള്‍ കുതിക്കു മുന്‍പുള്ള ധ്യാനത്തിലാണ് കൗതുകം.

രൂപപരമായ വൈവിധ്യം നിറഞ്ഞുനില്‍ക്കുന്നതാണ് മാഷിന്റെ കവിതകള്‍. ഒരു കവിതയുടെ ശൈലിയിലാവില്ല അടുത്ത കവിത. ഏറ്റവും പുതിയ രൂപത്തില്‍ എഴുതിയതിനു പിന്നാലെ അടുത്ത കവിത പഴയ രീതിയിലുള്ളതാവാം. എഴുത്തിലെ ഈ വൈവിവധ്യത്തിനു പിന്നിലെ രസതന്ത്രമെന്താണ്? 

മടുപ്പില്‍നിന്നാണ് എന്റെ കുതിപ്പ്. എനിക്ക് എന്നെ വേഗം മടുക്കും. നേരത്തെ പറഞ്ഞല്ലോ, എന്റെ പ്രകൃതത്തില്‍ സ്ഥിരത ഇല്ല. മീനമാണ് എന്റെ രാശി എന്ന് 'കാറ്റേ കടലേ' എന്ന പുസ്തകത്തിന്റെ പിന്മൊഴിയില്‍ ഞാന്‍ ഈ അസ്ഥിരപ്രകൃതി വെളിവാക്കിയിട്ടുണ്ട്. അങ്ങോട്ടുമിങ്ങോട്ടും ദിശവെട്ടിച്ചു സഞ്ചരിക്കുന്ന മീനിനെപ്പോലെയാണ് എന്റെ മനസ്സ്. വൈചിത്ര്യമാണ് എനിക്കു പഥ്യം. ഒരേ ശൈലിയുടെ തടവുകാരനാവുന്നതിലും ഭേദമാണ് വൈവിധ്യത്തിലൂടെ കൈവരുന്ന ശിഥില കര്‍ത്തൃത്വം എന്നു കരുതുന്നു. രചയിതാവ് എന്ന നിലയില്‍ മാത്രമല്ല, ആസ്വാദകന്‍ എന്ന നിലയിലും പഴമ/പുതുമ ദ്വന്ദ്വാവേശം എനിക്കുണ്ട്. പ്രാചീന സംസ്‌കൃതനാടകങ്ങളുടെ മലയാളപരിഭാഷകള്‍ കിട്ടുന്നത്ര ഞാന്‍ വായിക്കാറുണ്ട്. പഠിക്കുന്ന കാലത്ത് ഉണ്ടായിവന്ന ശീലമാണ്. അതിലെ ശ്ലോകങ്ങള്‍ ഒന്നാംതരം പദശില്പങ്ങളാണ്. ഒപ്പം ഇന്റര്‍നെറ്റില്‍ ലഭ്യമായ സമകാലീന ലോകകവിതയും പിന്തുടരാറുണ്ട്. സന്ദേശത്തേക്കാള്‍ ശില്പത്തിലാണ് എന്റെ നോട്ടം. 

പൊന്നാനി എവി ഹൈസ്കൂളിൽ വിദ്യാർത്ഥികളോടൊപ്പം
പൊന്നാനി എവി ഹൈസ്കൂളിൽ വിദ്യാർത്ഥികളോടൊപ്പം

2003-ല്‍ എഴുതിയ 'വിട' എന്ന കവിതയില്‍ നെല്‍പ്പാടങ്ങളേ/വായനശാലകളേ/മനുഷ്യരും പുഴുക്കളും ഒരുമിച്ചുവാണ പൊതു ഇടങ്ങളേ/വിട എന്നു പറയുന്നുണ്ട്. 18 വര്‍ഷം പിന്നിടുമ്പോള്‍ റേഷന്‍ ഷാപ്പുകള്‍കൊണ്ട് പുലരുന്ന നാടായി നമ്മുടേത് മാറി. നെല്‍പ്പാടങ്ങളും വായനശാലകളും തിരിച്ചുപിടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഇവ കയ്യൊഴിഞ്ഞതിന്റെ ദുരന്തങ്ങള്‍ നാം ഇന്ന് അറിയുന്നു. പൊതുഇടങ്ങളായ സിനിമാശാലകള്‍ വരെ തിരിച്ചു വരുന്നതായി വാര്‍ത്തകളുണ്ട്. അനുഭവത്തിന്റെ ഒരു വൃത്തം പൂര്‍ത്തിയാക്കുകയാണോ നമ്മള്‍? 

'വിട' എന്ന കവിതയില്‍ പൊതുഇടം നഷ്ടപ്പെടുകയും സ്വകാര്യ ഇടങ്ങള്‍ പെരുകുകയും ചെയ്യുന്നതിനെക്കുറിച്ചുള്ള ഉല്‍ക്കണ്ഠയാണ് ഞാന്‍ പങ്കുവെക്കാന്‍ ശ്രമിച്ചത്. പൂരം കഴിഞ്ഞു മടങ്ങുന്ന പൂതങ്ങളെപ്പോലെ പഴയകാലപ്പൊതുമ വിഷാദസ്മൃതികളായി. പൊതു ഇടങ്ങള്‍ തിരിച്ചുവരികയല്ല ചെയ്യുന്നത്. മറിച്ച്, മുന്‍പ് പൊതു ഇടങ്ങള്‍ ആയിരുന്ന പലതും സ്വകാര്യ ഇടങ്ങളായി മാറുകയാണ്. പ്രവേശനം നിഷേധിക്കപ്പെടുകയാണ്. ഇടം എന്ന വാക്കുകൊണ്ട് സ്ഥലം എന്നു മാത്രമല്ല അര്‍ത്ഥമാക്കിയത്. അനുഭവം കൂടിയാണ്. അനുഭവങ്ങളുടെ സ്വകാര്യവല്‍ക്കരണം. പങ്കിടാത്ത അനുഭവങ്ങളുടെ സ്വകാര്യശേഖരം പെരുകുന്നതിന്റെ ഉല്‍ക്കണ്ഠ. അതെല്ലാമാണ് ആ കവിതയ്ക്കു നിമിത്തമായത്. 

'വിട' എഴുതുന്ന കാലത്ത് സോഷ്യല്‍ മീഡിയ വന്നിട്ടില്ല. സമൂഹമാധ്യമങ്ങള്‍ വന്നതോടെ പാരസ്പര്യത്തിന്റേതായ ഒരു വെര്‍ച്ച്വല്‍ പൊതുവിടം ഉണ്ടായി. പങ്കിട്ടു പെരുകുന്ന സംസ്‌കാരം വ്യാപിച്ചു. ഉള്ളടക്കം സ്വന്തമായി സൃഷ്ടിക്കുന്നതിനേക്കാള്‍ ഫോര്‍വാഡു ചെയ്യുന്നവരായി അധികം പേരും. കോപ്പി പേസ്റ്റ് ഇരട്ടിപ്പുകള്‍ അനുഭവങ്ങളുടെ പകര്‍പ്പുകളും വാര്‍പ്പുകളും ഉണ്ടാക്കി. സംസ്‌കാരത്തിന്റെ തുറസ്സുകളില്‍ അതു മാലിന്യക്കൂമ്പാരങ്ങള്‍ ഉണ്ടാക്കി. മഹാമാരി വന്നപ്പോള്‍ പൊതുഇടം പങ്കുവെക്കല്‍ ഒരു കുറ്റകൃത്യം പോലുമായി എന്നതാണ് വാസ്തവം. ലോകം ശരിക്കും കീഴ്മേല്‍ മറിഞ്ഞു. 

സമൂഹത്തിനും പ്രകൃതിക്കും മനുഷ്യനും സംഭവിക്കുന്ന പരിക്കുകളാണ് മാഷിന്റെ കവിതകളുടെ അന്തസ്സത്ത. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി താങ്കള്‍ ഒരു ഉത്തരാധുനിക കവിയല്ല എന്ന് കെ.സി. നാരായണന്‍ നിരീക്ഷിക്കുന്നുണ്ട്. പാരമ്പര്യത്തിന്റെ ഭൂതാവേശം നല്ലതായിരുന്നില്ല എന്ന് മാഷും പറയുന്നുണ്ട്. എഴുത്തിനെ സ്വയം എങ്ങനെയാണ് വിലയിരുത്തുന്നത്? 

അതെ, പരിക്കുകള്‍. അതെന്നെ അസ്വസ്ഥനാക്കിയിരുന്നു എന്നതു ശരിയാണ്. ഭൂപ്രകൃതിയിലും മനുഷ്യപ്രകൃതിയിലും സംഭവിക്കുന്ന പരിക്കുകള്‍ എന്നെ വേദനിപ്പിച്ചു. മണ്ണെടുത്ത ക്വാറികള്‍ എനിക്കു വലിയ മുറിവുകളാണ്. മുറിവേറ്റ കുന്നുകളുടെ വേദന, വറ്റിപ്പോയ നീര്‍ച്ചാലുകളുടെ നീറ്റം, ഞാനും അനുഭവിച്ചു. മുറിവ് തുടര്‍ച്ചയ്ക്ക് ഏല്‍ക്കുന്ന പരിക്കുമാണ്. പാരമ്പര്യത്തില്‍നിന്നു മുഴുവനായും മുറിയാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. അതാണ് എന്റെ ഭൂതാവേശം. പക്ഷേ, പൊക്കിള്‍ക്കൊടി മുറിഞ്ഞേ തീരൂ. എങ്കിലേ അതിനു വിട്ടുപോകാനും വളരാനും ആകൂ. ഈ സംഘര്‍ഷത്തെയാണ് ഞാന്‍ എഴുത്തില്‍ അഭിമുഖീകരിച്ചത്. പ്രകൃതിയും പരിഷ്‌കൃതിയും തമ്മിലുള്ള സംഘര്‍ഷം. അതു ജീവിതത്തിലും ഉണ്ടായിരുന്നു. എഴുതാന്‍ പ്രേരിപ്പിച്ചതും ഈ സംഘര്‍ഷമാണ്. 

ഒരര്‍ത്ഥത്തില്‍ എല്ലാ എഴുത്തിലും ഭൂതകാലത്തിന്റെ പ്രതിനിധാനമുണ്ട്. എഴുതിത്തീരുമ്പോഴേക്കും അതു പഴയതായിക്കഴിഞ്ഞിരിക്കും. സിംബോഴ്സ്‌കയുടെ പ്രസിദ്ധമായ വരി ഓര്‍മ്മ വരുന്നു: 'When I pronounce the word Future, the first syllable already belongs to the past.' എഴുത്ത് എന്ന പ്രക്രിയയില്‍ത്തന്നെ ഒരുതരം ഡോക്യുമെന്റേഷന്‍ ഇല്ലേ? നമ്മുടെ വിഖ്യാതങ്ങളായ കഥകളും നോവലുകളും കവിതകളും എല്ലാം കഴിഞ്ഞ കാലത്തേക്കുള്ള തിരിഞ്ഞു നോട്ടങ്ങളായിരുന്നില്ലേ? അനിശ്ചിതമായ ഭാവിയേക്കാള്‍ സുനിശ്ചിതമായ ഭൂതമാണ് നമ്മുടെ എഴുത്തുകാരെ പ്രചോദിപ്പിച്ചത്. ഭൂതം ഉയര്‍ത്തിപ്പിടിച്ച തീവെട്ടി വെളിച്ചത്തിലാണ് നമ്മുടെ വര്‍ത്തമാനത്തിന്റെ ഉത്സവം നടക്കുന്നത്!

അക്കിത്തം, ബാലചന്ദ്രൻ ചുള്ളിക്കാട്, പി സുരേന്ദ്രൻ, ചാത്തനാത്ത് അച്യുതനുണ്ണി എന്നിവർക്കൊപ്പം പിപി രാമചന്ദ്രൻ (പഴയ ചിത്രം)
അക്കിത്തം, ബാലചന്ദ്രൻ ചുള്ളിക്കാട്, പി സുരേന്ദ്രൻ, ചാത്തനാത്ത് അച്യുതനുണ്ണി എന്നിവർക്കൊപ്പം പിപി രാമചന്ദ്രൻ (പഴയ ചിത്രം)

സാമൂഹിക പ്രശ്‌നങ്ങളോടുള്ള പ്രതികരണങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നു കവിതകളില്‍. പക്ഷേ, സാമൂഹിക പ്രശ്‌നങ്ങളെ വ്യക്തിഗതമായ അനുഭവങ്ങളുമായി ചേര്‍ത്താണ് വരുന്നത്. വ്യക്തിപരമായ അനുഭവങ്ങളെ എങ്ങനെയാണ് സാമൂഹിക പ്രശ്‌നങ്ങളോട് പ്രതികരിക്കുന്നതില്‍ മാഷ് ഉപയോഗപ്പെടുത്തുന്നത്? 

എത്ര നിസ്സാരമായാലും പ്രത്യക്ഷാനുഭവമാണ് എന്നെ കവിതയെഴുത്തിലേയ്ക്കു പ്രചോദിപ്പിക്കാറുള്ളത്. വായിച്ചറിഞ്ഞതോ കേട്ടറിഞ്ഞതോ ആയ അനുഭവങ്ങളും ആശയങ്ങളും പ്രസംഗത്തില്‍ ഉപയോഗിക്കുമെങ്കിലും കവിതയില്‍ ഉപയോഗിക്കാറില്ല. ഒരു നേരനുഭവം. അതുണര്‍ത്തുന്ന വിചാരം. അതിനു സന്ദര്‍ഭമാകുന്ന കാലം. ഈ ക്രമത്തില്‍ അനുഭവബീജം ഇലവീശി വളരുകയാണ് ചെയ്യുന്നത്. സാമൂഹിക പ്രശ്‌നങ്ങളോടു പ്രതികരിക്കാന്‍വേണ്ടി എഴുതുന്നതല്ല. സ്വന്തം അനുഭവത്തില്‍ ഒരു സാമൂഹിക പ്രശ്‌നം ഉള്‍ച്ചേര്‍ന്നിട്ടുണ്ടല്ലോ എന്നു തിരിച്ചറിയുകയാണ് ചെയ്യുന്നത്. 

എന്റെ തന്നെ ഉപഭോഗാസക്തി, എന്റെ സ്വാര്‍ത്ഥത, എന്റെ ഹിംസ... ഇങ്ങനെ എന്നില്‍ത്തന്നെ വളര്‍ന്നുവരുന്ന കാലത്തിന്റെ പ്രവണതകളെ സ്വയം വിമര്‍ശിക്കുകയാണ്. കവിത എന്റെ കോടതിയും കുമ്പസാരക്കൂടും ഒക്കെയാവുന്നു. ഇത് പുതിയൊരു കാര്യമേ അല്ല. മിക്ക കവികളും പിന്തുടര്‍ന്നുപോന്ന ഒരു പ്രമേയാവതരണ രീതിയാണ്. 

ജീവനുള്ളവയില്‍നിന്നും വേറിട്ട് കാട്ടിത്തരൂ/തീകൊളുത്തീടാനുള്ള ശവത്തെ കഴുകരേ എന്ന് 'ജീവനുള്ളവയില്‍നിന്നും' എന്ന കവിതയില്‍ പറയുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് എഴുതിയ ഈ കവിത ഈ മഹാമാരിക്കാലത്ത് അത്യന്തം പ്രവചനാത്മകമായി അനുഭവപ്പെടും. കൊവിഡ് ബാധിതനായി മാഷും കുറച്ചുകാലം ഗൃഹാന്തരവാസിയായിക്കഴിഞ്ഞുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. കൊവിഡ് അനുഭവത്തെ കവിയെന്ന നിലയില്‍ എങ്ങനെയാണ് കണ്ടത്? 

അടച്ചുപൂട്ടലും വീട്ടുതടങ്കലും തുടക്കത്തില്‍ വലിയ ശ്വാസംമുട്ടലുണ്ടാക്കി. പിന്നെ അതു ശീലമായി. വീട്ടിലിരിക്കുമ്പോള്‍ എന്നെത്തന്നെ നിരീക്ഷിക്കാന്‍ ആരംഭിച്ചു. പുറത്തേയ്ക്കു പോകുകയോ പൊതുപരിപാടികളില്‍ പങ്കെടുക്കുകയോ ചെയ്യാനില്ലാത്തതുകൊണ്ട് ചമയങ്ങളൊക്കെ അഴിച്ചുവെച്ചു. വാക്കിലും നോക്കിലും സുതാര്യനായി. അങ്ങനെയിരിക്കെ കൊവിഡ് വന്നു. കുടുംബസമേതം. വീട് ഐസൊലേഷനിലായി. ഭാഗ്യത്തിനു ഗുരുതരമായ പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല. വിമുക്തകോവിഡനായി എങ്കിലും നേരിയ ശാരീരികാസ്വസ്ഥതകള്‍ പിന്തുടരുന്നുണ്ട്. 

സങ്കല്പജീവിയായതുകൊണ്ടും സാങ്കേതിക കൗതുകമുള്ളതുകൊണ്ടും ഇക്കാലത്ത് വെര്‍ച്ച്വല്‍ ലോകത്ത് അലഞ്ഞുതിരിഞ്ഞു സമയം കളഞ്ഞു. ഒന്നോ രണ്ടോ കവിതകളെഴുതി. അത്രമാത്രം. അതിലേറെ വിവര്‍ത്തനം ചെയ്തു. കൊവിഡ് കവിതയേയും ബാധിച്ചു. ഗദ്യമെഴുതാന്‍ തുടങ്ങി. കവിത വിട്ട് കഥ എഴുതാനും പറയാനും ആരംഭിച്ചു. കാഫ്കയുടെ 'ദ സ്റ്റേറ്റ് ഓഫ് സീജ്' എന്ന നാടകത്തിന്റെ ഒരങ്കം പരിഭാഷപ്പെടുത്തി. റില്‍കെയുടെ ഏതാനും പ്രണയഗീതങ്ങള്‍ 'ജാലകമേ, ജാലകമേ' എന്ന ശീര്‍ഷകത്തില്‍ മലയാളത്തിലാക്കി. ഒരു നോവല്‍ തുടങ്ങിവെച്ചു. ഇതൊക്കെയാണ് അടച്ചുപൂട്ടല്‍ക്കാലത്തെ എന്റെ സാഹസങ്ങള്‍. 

ഡൊമിസിലിയറി സെന്റര്‍ എന്നതിനു താങ്കള്‍ ഫേസ്ബുക്കില്‍ കരുതല്‍ വാസകേന്ദ്രം എന്നു വിവര്‍ത്തനം നല്‍കി. മലയാള പത്രങ്ങളില്‍പ്പോലും ഇംഗ്ലീഷ് വാക്കുകള്‍ നിര്‍ബ്ബാധം ഉപയോഗിക്കപ്പെടുന്നു. കൊവിഡ് സാങ്കേതികപദങ്ങളില്‍ ഇതു വളരെ പ്രകടവുമാണ്. ഇക്കാര്യത്തില്‍ എഴുത്തുകാരുടെ ബോധപൂര്‍വ്വമുള്ള ഇടപെടല്‍ ആവശ്യപ്പെടുന്നില്ലേ? 

കരുതല്‍ വാസകേന്ദ്രമെന്നത് മുഖ്യമന്ത്രി പറഞ്ഞതാണ്. ഞാനതു ഉദ്ധരിച്ചു എന്നേയുള്ളൂ. വിവര്‍ത്തനം ചെയ്തത് ഞാനല്ല. എന്നാല്‍, അത്തരം പദങ്ങള്‍ ഉണ്ടാവേണ്ടത് ആവശ്യംതന്നെ. അതുപക്ഷേ, നിഘണ്ടു നോക്കി ഉണ്ടാക്കുന്നതാവരുത്. പൊരുളറിഞ്ഞ് പറയുന്നതുവഴി വാമൊഴിയില്‍ സ്വാഭാവികമായി മുളച്ചുവരണം. ഇക്കാര്യത്തില്‍ ഇടപെടേണ്ടത് എഴുത്തുകാരല്ല. വ്യവഹാരത്തില്‍ ഏര്‍പ്പെടുന്ന സാധാരണക്കാരാണ് വാക്കുണ്ടാക്കേണ്ടത്. എഴുത്തുകാരുണ്ടാക്കുന്ന വാക്ക് ഏട്ടിലെ പശുവാണ്. 

വാക്കുകളുടെ നിര്‍മ്മാണം തന്നെ മാഷിന്റെ കവിതകളിലെ ഒരു ഹരമാണ്. വീര്‍പ്പ, തെരുവായ, മഷിക്കുന്നു എന്നെല്ലാം മാഷ് ഉപയോഗിക്കുന്നു. ഭാഷയില്‍ സൂക്ഷ്മദൃക്കായ ഒരാള്‍ക്കു മാത്രം കഴിയുന്ന കാര്യമാണല്ലോ ഇത്. ഈ പ്രയോഗങ്ങള്‍ എങ്ങനെയാണ് രൂപപ്പെടുന്നത്? 

തുടക്കത്തില്‍ത്തന്നെ പറഞ്ഞല്ലോ വാക്കിലുള്ള എന്റെ കൗതുകം. പ്രാചീന മധ്യകാല മലയാളകൃതികള്‍ പഠിക്കുമ്പോള്‍ ഈ കൗതുകം വലിയ ഹരമായി വളര്‍ന്നു. പാട്ടും മണിപ്രവാളവും ചമ്പുവും വൈവിദ്ധ്യമാര്‍ന്ന വാക്കുകളുടെ കോമ്പിനേഷനുകള്‍ കാണിച്ചുതന്ന് അത്ഭുതപ്പെടുത്തി. നമ്പ്യാരെപ്പോലെ ഒരു അക്ഷരലക്ഷപ്രഭു മറ്റൊരു ഭാഷയിലും ഉണ്ടാവില്ല. അന്യഭാഷകളും സംസ്‌കാരങ്ങളുമായി നമുക്കുണ്ടായിരുന്ന വിനിമയമാണ് മലയാളത്തെ സമ്പന്നമാക്കിയത്. കലര്‍പ്പാണ് നമ്മുടെ കല. 

വീര്‍പ്പ എന്നാല്‍, ബലൂണ്‍ ആണ്. വീര്‍പ്പിക്കുന്നത് വീര്‍പ്പ. ഇത് മലപ്പുറം ജില്ലയിലെ ഒരു മലയോരപ്രദേശത്തെ കുട്ടികള്‍ പ്രയോഗിക്കുന്നതു കേട്ട ഒരു ടീച്ചര്‍ പറഞ്ഞുതന്നതാണ്. വേറേയുമുണ്ട് അത്തരം വാക്കുകള്‍. വിളിപ്പ (വിസില്‍), തിരിപ്പ (പമ്പരം), മുടിക്കുടുക്ക് (ഹെയര്‍ബാന്റ്) വസ്തുവിന്റെ ധര്‍മ്മത്തെ ആസ്പദമാക്കി കുട്ടികള്‍ പറഞ്ഞുണ്ടാക്കുന്നവയാണ് ഇത്തരം വാക്കുകള്‍. എല്ലാ കിടാങ്ങളും വൈലോപ്പിള്ളി വിശേഷിപ്പിച്ചതുപോലെ 'വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ വയ്യാത്ത'വരല്ല. വാക്കുകള്‍ കൂട്ടിച്ചേര്‍ത്ത് പുതിയതു സൃഷ്ടിക്കുന്ന കുട്ടികളും ഉണ്ട്. 

ഇന്നു യുവാക്കളായ കവികള്‍ വാമൊഴിവഴക്കത്തില്‍ കവിത എഴുതുന്നു. പറച്ചില്‍ക്കവിത (spoken word poetry) സജീവമാകുന്നുണ്ട്. എഴുത്തിന്റെ വ്യാകരണം ബാധകമല്ലാത്ത ഒരു പറച്ചില്‍വഴി കവിതയ്ക്ക് കൈവന്നിട്ടുണ്ട്. അവരുടെ വാക്കുകളില്‍ പുതിയ കാലത്തിന്റെ ചേര്‍പ്പുകള്‍ കണ്ടുവരുന്നുണ്ട്. കവിത മാറുകയാണ്. 

താങ്കളുടെ കാലത്തിനുശേഷം മലയാള കവിതയിലേയ്ക്ക് എഴുത്തുകാരുടേയും അനുഭവങ്ങളുടേയും വലിയ കുത്തൊഴുക്കുണ്ടായി. എഴുത്തിന്റെ പൊലിമയെക്കാള്‍ പ്രതിനിധാനവും അവിടെ പ്രധാന വിഷയമായി വരുന്നതായി തോന്നുന്നു. ഫെമിനിസ്റ്റ് കവിത, ദളിത് കവിത, ഗോത്രകവിത, ന്യൂനപക്ഷ കവിത എന്നിങ്ങനെ... താങ്കള്‍ എങ്ങനെയാണ് വിലയിരുത്തുന്നത്? 

നേരത്തെ പറഞ്ഞ ആ പറച്ചില്‍ക്കവിതയില്‍ ഇത്തരം പ്രതിനിധാനങ്ങളുണ്ട്. സാമ്പ്രദായിക കാവ്യഭാഷയ്ക്ക് അരികനുഭവങ്ങളെ അര്‍ഹിക്കുന്ന തീവ്രതയോടെ ആവിഷ്‌കരിക്കാനാവില്ല എന്ന തിരിച്ചറിവാണ് പുതുമൊഴിവഴികള്‍ ഉണ്ടാക്കുന്നത്. എന്റെ തലമുറ അനുഭവിച്ച ജീവിതമേയല്ല അതേ പ്രായത്തിലുള്ള ഇന്നത്തെ യുവാക്കള്‍ അനുഭവിക്കുന്നത്. ഞങ്ങളുടെ കാലം ആഗോളവല്‍ക്കരണത്തിന്റേതായിരുന്നു. സാംസ്‌കാരികമെന്നതിനേക്കാള്‍ സാമ്പത്തിക വൈരുദ്ധ്യങ്ങളാണ് മുഴച്ചുനിന്നത്. വികസനം, പ്രകൃതിചൂഷണം തുടങ്ങിയവ ആവര്‍ത്തിക്കുന്ന പ്രമേയങ്ങളായിരുന്നു. ആധുനികതയാണ് അന്നത്തെ മുഖ്യധാര. 

ഇന്നു കാര്യങ്ങളെ നമ്മള്‍ കൂടുതല്‍ വിശകലനം ചെയ്യുന്നു. സാമാന്യത്തില്‍നിന്നു സവിശേഷത്തിലേയ്ക്കു കൊണ്ടുവരുന്നു. അപ്പോള്‍ വേറിട്ട അനേകം ശബ്ദങ്ങള്‍ ഉയരുന്നു. അതാണ് ഇന്നത്തെ കവിത. പണ്ട് അച്ചടി പ്രസിദ്ധീകരണങ്ങളിലെ സാന്നിദ്ധ്യമാണ് കവികളെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നത് എങ്കില്‍ ഇന്ന് അതല്ല. സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടിയ കവിതയുടെ പിന്നാലെ പോവുകയാണ് അച്ചടി. ഇത് വലിയൊരു ദിശാവ്യതിയാനമാണ്. മാത്രമല്ല, അച്ചടിക്കു പുറത്തുകടന്ന് അഭിപ്രായം പറയാന്‍ മടിച്ചിരുന്ന അക്കാദമിക് സമൂഹവും ഇപ്പോള്‍ നവകവിതയെ പിന്തുടരാന്‍ നിര്‍ബ്ബന്ധിതമായിട്ടുണ്ട്. ഇതു സ്വാഗതാര്‍ഹമായി ഞാന്‍ കാണുന്നു.

പലതരം കൊത്തുപണികള്‍ നിറഞ്ഞ ചിത്രശാല പോലെയാണ് മാഷിന്റെ ഫേസ്ബുക്ക് പേജ് തോന്നിയത്. കവിതകള്‍ മാത്രമല്ല, കാര്‍ട്ടൂണുകളും ആസ്വാദനങ്ങളും ഇന്‍സ്റ്റലേഷനുകളും സ്വന്തം പോഡ്കാസ്റ്റുകളും ബ്ലോഗും എല്ലാം താങ്കള്‍ അവതരിപ്പിക്കുന്നുണ്ട്. ഹരിതകം വെബ്സൈറ്റും താങ്കള്‍ ആരംഭിച്ചു. തിരക്കവിത എന്ന രീതിയെ ഗൗരവമായി സമീപിക്കുന്നയാളുമാണ് താങ്കള്‍. യന്ത്രങ്ങള്‍ താങ്കളുടെ കവിതകളിലെ പ്രധാന വിഷയവുമാണ്. വാക്കുകളിലെന്നപോലെ ജീവിതത്തിലും ഒരു എന്‍ജിനീയറിംഗ് മനസ്സ് സൂക്ഷിക്കുന്നുണ്ടോ? കവിതയ്ക്കു പുറമെയുള്ള താങ്കളുടെ ഇഷ്ടങ്ങള്‍ എന്തൊക്കെയാണ്? 

പണിയായുധങ്ങ(യന്ത്രങ്ങ)ളിലും സാങ്കേതിക വിദ്യയിലും ചെറുപ്പം മുതലേ എനിക്കു താല്പര്യമുണ്ട്. ഭാഷയും എനിക്ക് ഒരു പണിയായുധമാണ്. അദ്ധ്യാപകനെന്ന നിലയില്‍ ഭാഷ എനിക്കു പണിയും ആയുധവും ആയിരുന്നല്ലോ. എന്റെ അച്ഛന്‍ ചെറുപ്പത്തില്‍ നെയ്ത്തുകാരനായിരുന്നു. പില്‍ക്കാലത്ത് ഒരു സ്‌കൂളില്‍ നെയ്ത്തുമാഷായി (ക്രാഫ്റ്റ് ടീച്ചര്‍). ക്രാഫ്റ്റിലുള്ള പാരമ്പര്യം അതാവാം. 

മാധ്യമങ്ങളും പ്രസിദ്ധീകരണവുമാണ് മറ്റൊരു മേഖല. പഠിക്കുന്ന കാലത്ത് കയ്യെഴുത്തു മാസിക ഉണ്ടാക്കുന്നതില്‍ വലിയ ഉത്സാഹമായിരുന്നു. എഴുതുകയും വരയ്ക്കുകയും ചെയ്യും. വട്ടംകുളത്തെ ഗ്രാമീണ വായനശാലയായിരുന്നു എന്റെ കളരി. പുലരി എന്നായിരുന്നു ആ കയ്യെഴുത്തു മാസികയുടെ പേര്. പി. സുരേന്ദ്രന്റെ കഥയ്ക്ക് ഞാന്‍ വരച്ച ഇലസ്ട്രേഷനെല്ലാം അതിലുണ്ട്. നാലു പതിറ്റാണ്ടു മുന്‍പാണ് ഇതെല്ലാം. 

2003-ലാണ് കവിതയ്ക്കു മാത്രമായി 'ഹരിതകം' എന്ന വെബ്ജേണല്‍ ആരംഭിച്ചത്. പുതിയ കവിതയ്ക്ക് നിയന്ത്രണമില്ലാത്ത പ്രകാശനസാധ്യത കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ഇന്റര്‍നെറ്റില്‍ മലയാളം പിച്ചവെച്ചു പഠിക്കുന്ന കാലമായിരുന്നു അത്. തുടക്കത്തില്‍ പ്രവാസികള്‍ മാത്രമായിരുന്നു ബ്ലോഗുകളുടെ വായനക്കാരും എഴുത്തുകാരും. ഏതാനും പുതിയ കവികളെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ സാധിച്ചു. ഫേസ്ബുക്കും മറ്റു സോഷ്യല്‍ മീഡിയകളും സജീവമായതോടെ വെബ്ജേണലുകള്‍ തിരശ്ശീലയ്ക്കു പിറകിലായി.

ഹൈപ്പര്‍ ടെക്സ്റ്റുകളെക്കുറിച്ച് 'തിരമൊഴി' എന്നൊരു ഉപന്യാസം ഞാന്‍ എഴുതിയിരുന്നു. സര്‍വ്വകലാശാലകളിലെ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുണ്ട്. കംപ്യൂട്ടറും മലയാളവുമായി ബന്ധപ്പെട്ട് ചില സന്നദ്ധ പ്രവര്‍ത്തനങ്ങളിലും പങ്കെടുത്തിട്ടുണ്ട്. പിന്നെ, വര എന്റെയൊരു നേരമ്പോക്കു മാത്രം. ഡിജിറ്റല്‍ വര മാത്രമേ പറ്റൂ. 'ചാത്തൂണ്‍സ്' ഒരു പ്രഭാതക്കുസൃതിയായി തുടങ്ങിയതാണ്. മലകള്‍ക്കിടയില്‍നിന്ന് എത്തിനോക്കുന്ന സൂര്യന്‍. രണ്ടു കുത്തും നാലു തോണ്ടലും! വരയിലും ഞാന്‍ മിനിമലിസ്റ്റാണ്. 

വ്യത്യസ്ത മാധ്യമങ്ങള്‍ പരീക്ഷിക്കുന്നത് സ്വയം പുതുക്കാന്‍ വേണ്ടിയാണ്. എന്നാല്‍, പലതും തുടങ്ങിവെക്കും. പക്ഷേ, ഇടയ്ക്കുവെച്ച് മടുത്ത് ഇട്ടുപോകും. അതാണ് എന്റെ പ്രകൃതം. 

നാടക പ്രവര്‍ത്തനത്തിന്റെ നീണ്ട കാലമുണ്ടല്ലോ. ജോസ് ചിറമ്മല്‍ വിഷയമായി കവിത തന്നെ എഴുതി. പൊന്നാനി നാടകവേദിയുടെ മുഖ്യ സംഘാടകനായും പ്രവര്‍ത്തിച്ചു. നാടകകാലം വിവരിക്കാമോ? 

എണ്‍പതുകളുടെ തുടക്കം തൊട്ട് നാട്ടിന്‍പുറത്തെ കലാസമിതിയില്‍ ഞാന്‍ സജീവമായി പ്രവര്‍ത്തിച്ചുപോന്നു. നാടകങ്ങളുടെ അണിയറയിലും സംഘാടനത്തിലുമായിരുന്നു എന്റെ റോള്‍. വി.ടിയുടെ അടുക്കള നാടകത്തിന്റെ റിഹേഴ്സലെല്ലാം ഇവിടെ വെച്ചാണ് നടന്നത്. പ്രേംജി, മാടമ്പ്, മുല്ലനേഴി തുടങ്ങിയവരെല്ലാം ഉണ്ടായിരുന്നു. 1997-ല്‍ ഇടശ്ശേരിയുടെ നവതിയോടനുബന്ധിച്ച് കൂട്ടുകൃഷി കളിക്കാന്‍ വേണ്ടിയാണ് പൊന്നാനി നാടകവേദി രൂപീകരിച്ചത്. നാടകപ്രവര്‍ത്തകരുമായി എനിക്ക് നല്ല സൗഹൃദമാണ്. തുപ്പേട്ടന്റെ നാടകങ്ങളുടെ അവതരണത്തിലും സമാഹരണത്തിലും പങ്കെടുക്കാന്‍ സാധിച്ചതില്‍ കൃതാര്‍ത്ഥതയുണ്ട്. 'കലംകാരി' എന്ന നാടകീയകാവ്യം രചിക്കാന്‍ പ്രേരണയായത് എന്റെ നാടകസൗഹൃദമാണ്. 

ജോസേട്ടന്‍ നേതൃത്വം നല്‍കിയ ഒരു നാടകശില്പശാലയില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്. അദ്ദേഹത്തിനോട് എനിക്ക് കടുത്ത ആരാധന തന്നെ ഉണ്ടായിരുന്നു. ഒരിക്കല്‍ റീജിയണല്‍ തീയേറ്ററിന്റെ പടിക്കല്‍വെച്ചു കണ്ടപ്പോള്‍ ''ജോസേട്ടാ പുതിയ നാടകമൊന്നും ഇല്ലേ?'' എന്നു ചോദിച്ചപ്പോള്‍, ''ഈ നടക്കുന്നതെല്ലാം നാടകമാണെടാ'' എന്നു പറഞ്ഞു. ആ മറുപടിയായിരുന്നു 'വടക്കുംനാഥന്‍' എന്ന കവിതയുടെ ബീജം. 'നാടകപ്പച്ച' എന്ന ശീര്‍ഷകത്തില്‍ എന്റെ നാടകാനുഭവങ്ങള്‍ സമാഹരിച്ചിട്ടുണ്ട്. കിന്റില്‍ ഇ-ബുക്കായി ആമസോണില്‍ ലഭ്യമാണ്. 

''പ്രിയപ്പെട്ട വിദ്യാര്‍ത്ഥികളേ, മാപ്പ്. നല്ല മാഷല്ല ഞാന്‍'' എന്നു പറഞ്ഞാണ് 'നല്ല മാഷല്ല ഞാന്‍' എന്ന കുറിപ്പ് താങ്കള്‍ അവസാനിപ്പിക്കുന്നത്. ഇതേക്കുറിച്ചുള്ള കവിതയില്‍ നടുത്തെരുവില്‍ മേശപ്പുറത്തിരിക്കുന്ന മാഷിനെയാണ് അവതരിപ്പിക്കുന്നത്. 33 വര്‍ഷത്തെ അദ്ധ്യാപന ജീവിതത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ എന്തൊക്കെയാണ്? സ്വയം വിരമിക്കാനുള്ള തീരുമാനത്തിനു പിന്നില്‍ എന്തായിരുന്നു? 

മാഷാവുകയല്ലാതെ മറ്റൊന്നുമാകാന്‍ സാധ്യതയില്ലാത്ത പരിതസ്ഥിതിയിലായിരുന്നു അന്നത്തെ ഞാന്‍. അത്രയ്ക്കു കണ്‍ഡീഷന്‍ഡ് ആയിരുന്നു എന്റെ ജീവിതം. മുജ്ജന്മത്തില്‍ പറഞ്ഞുറപ്പിച്ചിരുന്നതുപോലെ പൊന്നാനി എ.വി. ഹൈസ്‌കൂളില്‍ ഞാന്‍ അദ്ധ്യാപകനായി ചേര്‍ന്നു. ചെറിയ ക്ലാസ്സിലായിരുന്നു ആദ്യം പഠിപ്പിച്ചിരുന്നത്. പിന്നീട് ഹൈസ്‌കൂളിലേക്കു സ്ഥാനക്കയറ്റം കിട്ടി. തുടക്കത്തില്‍ വലിയ അഭിമാനമൊക്കെ തോന്നിയെങ്കിലും ആത്മവിശ്വാസം കുറവായിരുന്നു. എം. ഗോവിന്ദനും കെ.സി.എസ്. പണിക്കരും പത്മിനിയും സി. രാധാകൃഷ്ണനും ഒക്കെ പഠിച്ച സ്‌കൂളാണ്. മഹാകവി ഇടശ്ശേരി ദീര്‍ഘകാലം പി.ടി.എ പ്രസിഡന്റുമായിരുന്നു. പൊന്നാനിയിലെ സാംസ്‌കാരിക സിരാകേന്ദ്രമായിരുന്നു ആ സ്‌കൂള്‍. അവിടെ പ്രവര്‍ത്തിക്കാന്‍ സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നു. 

അദ്ധ്യാപകവൃത്തി ഉപജീവനത്തിനു സഹായിക്കുമെങ്കിലും ഒരെഴുത്തുകാരിയുടെ/രന്റെ സര്‍ഗ്ഗാത്മക ജീവിതത്തിനു സഹായകമാവില്ല എന്നാണ് എന്റെ അനുഭവം. മാഷായിരുന്നെങ്കിലും പി. കുഞ്ഞിരാമന്‍ നായരെ ആരും മാഷേ എന്നു വിളിച്ചിട്ടില്ല. കാരണം, മാഷത്തംകൊണ്ട് സ്വന്തം കവിത കളഞ്ഞുകുളിക്കാന്‍ പി. തയ്യാറായില്ല. 

ഇന്നത്തെപ്പോലെ ചടുലമോ സര്‍ഗ്ഗാത്മകമോ ആയിരുന്നില്ല എന്റെ അദ്ധ്യാപനകാലം. ആവര്‍ത്തനവിരസമായിരുന്നു ക്ലാസ്സ്റൂമുകള്‍. കുട്ടികളെ വ്യക്തിപരമായി ശ്രദ്ധിച്ച് വേണ്ടവിധം നയിക്കാന്‍ അദ്ധ്യാപകര്‍ക്കു സാധിച്ചിരുന്നില്ല. ഞാന്‍ കാടുകണ്ടു. മരങ്ങളെ കണ്ടില്ല. ഏതു കര്‍മ്മവും ആവിഷ്‌കാരമായിരിക്കുന്നിടത്തോളം കാലമേ അതില്‍നിന്ന് ആനന്ദമുണ്ടാകൂ. ആ ആനന്ദം നഷ്ടപ്പെടുമ്പോള്‍ അതൊരു ജോലി മാത്രമായിത്തീരും. ജോലി ആവര്‍ത്തനവും മടുപ്പുമാണ്. പിന്നെ വളരെ ചെറുപ്പത്തില്‍ തുടങ്ങിയതല്ലേ? അപ്പോള്‍ മതിയാക്കാം എന്നു തോന്നി. സ്വയം വിരമിച്ചു. 

കുറേ നല്ല ഓര്‍മ്മകളുണ്ട്. അതെല്ലാം 'നല്ല മാഷല്ല ഞാന്‍' എന്ന ലേഖനത്തില്‍ എഴുതിയിട്ടുണ്ട്. അതും കിന്റില്‍ ഇ-പുസ്തകമായി ആമസോണില്‍ ഉണ്ട്. അദ്ധ്യാപക വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആ ലേഖനത്തിനു വലിയ പ്രചാരം കിട്ടി. ഇന്നും അതിന്റെ ഡിജിറ്റല്‍ കോപ്പി സന്ദേശങ്ങളായി പ്രചരിക്കുന്നുണ്ട്. 

പിപി രാമചന്ദ്രൻ
പിപി രാമചന്ദ്രൻ

കവിതയില്‍ ഉപയോഗിച്ച ഒരു പ്രയോഗത്തിന്റെ പേരില്‍ കവിയെ ചുരുക്കിക്കെട്ടുന്നതിനെപ്പറ്റി പി. രാമന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. താങ്കളുടെ ഏറ്റവും പ്രശസ്തമായ കവിതയാണ് ലളിതം. പക്ഷേ, താങ്കളുടെ പേരിനൊപ്പം എല്ലായ്പോഴും ഉപയോഗിച്ച് കവിതാപ്രപഞ്ചത്തെ ചുരുക്കിക്കെട്ടല്‍ ഉണ്ടായോ? 

എന്നു ഞാന്‍ കരുതുന്നില്ല. മറിച്ച് ആ കവിതാശീര്‍ഷകം സുതാര്യവും ഋജുവും പ്രകൃതിസൗഹൃദവുമായ ഒരു നിലപാടിനെ സൂചിപ്പിക്കുകയാണ് ഉണ്ടായത്. ആധുനികവും ബൃഹത്തും സങ്കീര്‍ണ്ണവും ആയ വികസന സങ്കല്പത്തിനെതിരെ സസ്റ്റൈനബിള്‍ ആയ ഒരു തുടര്‍ച്ചയെ ഉയര്‍ത്തിക്കാട്ടുകയാണ് ചെയ്തത്. ആ നിലയിലാണ് 'ലളിതം' സ്വീകാര്യമായത് എന്നെനിക്കു തോന്നുന്നു. ചുണ്ടത്തിരിക്കാന്‍ പാകത്തിലുള്ള അതിലെ വരികളുടെ പഴഞ്ചൊല്‍വഴക്കവും സുതാര്യതയും ആ കവിതയ്ക്കു വലിയ പ്രചാരമുണ്ടാക്കി. കുട്ടികളും മുതിര്‍ന്നവരും അതാസ്വദിച്ചു. സാധാരണക്കാര്‍ മുതല്‍ സിനിമാതാരങ്ങള്‍ വരെ അത് ഉദ്ധരിച്ചു. കവിയുടെ ലോഗോ തന്നെയായി ആ കവിത. ഈയ്യിടെ ഡി.സി ബുക്‌സ് പുറത്തിറക്കിയ എന്റെ ബാലകവിതാ സമാഹാരത്തിന്റെ ശീര്‍ഷകവും 'ലളിതം' എന്നാണ്.

വളരെ ലളിതമായിട്ടായിരുന്നു ആ കവിതയുടെ വരവ്. ഒരു നട്ടുച്ചയ്ക്ക് പഴയവീട്ടിലെ വടക്കുപുറത്തെ വരാന്തയിലിരിക്കുമ്പോള്‍ തൊടിയില്‍ ഏതോ മരച്ചില്ലയില്‍നിന്ന് ഏതോ ഒരു കിളിയുടെ താരനാദം ഉയര്‍ന്നുകേട്ടു. എന്തോ വായിച്ചുകൊണ്ടിരുന്ന എന്റെ ശ്രദ്ധയെ അതു പിടിച്ചുവലിച്ചു. ഏതു മരത്തില്‍നിന്നാണ് എന്നോ ഏതു ദിശയില്‍നിന്നാണ് എന്നോ മനസ്സിലാവുന്നില്ല. പച്ചിലകള്‍ക്കുള്ളില്‍ മറഞ്ഞിരുന്ന് ഇതാ ഇവിടെയുണ്ട് ഞാന്‍ എന്നു വിളിച്ചു പറയുകയായിരുന്നു അത്. 

ജീവജാലങ്ങളുടെ ശബ്ദം അത്ഭുതകരമായ ഒരു ഭാഷയാണ്. ഞാനെപ്പോഴും കാതോര്‍ക്കും. ടി.എന്‍. കൃഷ്ണന്റെ വയലിന്‍ എന്ന കവിതയില്‍ ചീവീടുകളുടെ സംഗീതത്തെക്കുറിച്ചു പറയുന്നുണ്ട്. ഈ ലോക്ഡൗണ്‍ കാലത്ത് മനുഷ്യരുടേയും വാഹനങ്ങളുടേയും ശബ്ദകോലാഹലം ഇല്ലാതായപ്പോള്‍ പ്രാണികളുടെ സംഗീതം ഉച്ചത്തില്‍ കേള്‍ക്കാന്‍ സാധിച്ചു. തവളകളുടേയും ചീവീടുകളുടേയും നിലയ്ക്കാത്ത സിംഫണി. ഞാന്‍ ഇരുട്ടില്‍ കണ്ണടച്ച് ആ സംഗീതം ആസ്വദിക്കാറുണ്ട്.

'ലളിതം' ബൃഹദ് ആഖ്യാനങ്ങളില്‍നിന്ന് ചെറു ആഖ്യാനത്തിലേക്കുള്ള മാറ്റമായും വായിക്കപ്പെട്ടു കണ്ടിട്ടുണ്ട്? 

നരേറ്റീവില്‍ വന്ന മാറ്റത്തിന്റെ സൂചകമായി ആ കവിതയെ കാണുന്നത് അതി വായനയാകില്ലേ?

നിരവധി ലോക കവിതകള്‍ മാഷ് മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. മാഷിന്റെ വായനാലോകം വിശദീകരിക്കാമോ? 

കഥകളും നോവലുകളുമാണ് ഞാന്‍ രസിച്ചുവായിക്കാറുള്ളത്. കവിത സാവകാശമേ വായിക്കൂ. പലയാവൃത്തി വായിക്കും. ആവര്‍ത്തിച്ചു വായിക്കാന്‍ പ്രേരിപ്പിക്കുന്ന കവിതയാണ് എനിക്കിഷ്ടം. ഇടശ്ശേരിക്കവിത പലതവണ വായിച്ചാലേ പിടിതരൂ. തകഴിയുടെ കയര്‍ ഞാന്‍ മൂന്നാമത്തെ തവണ വായിച്ചുകൊണ്ടിരിക്കുന്നു. ഇത്തവണ ഒരു മാറ്റത്തിന് ഓഡിയോബുക്ക് ആയിട്ടാണ്. സ്റ്റോറിടെല്‍ ആപ്പു വഴി. ഇ ബുക്കുകളും ഓഡിയോ ബുക്കുകളും നമ്മുടെ നാട്ടില്‍ പ്രചാരത്തിലായി വരുന്നുണ്ട്. പ്രത്യേകിച്ച് മഹാമാരിക്കാലത്ത്. 

ഇംഗ്ലീഷിലുള്ള പുസ്തകങ്ങള്‍ അധികവും കിന്റിലില്‍ ആണ് വായിക്കുന്നത്. വാങ്ങാനും വായിക്കാനും കൊണ്ടുനടക്കാനും ഉള്ള സൗകര്യം പ്രധാനമാണ്. വിന്റേജ് ബുക്ക് ഓഫ് കോണ്‍ടെമ്പററി വേള്‍ഡ് പോയട്രി എന്ന പുസ്തകമാണ് ലോക കവിതയിലേയ്ക്ക് എനിക്കു പ്രവേശകമായത്. ഇന്റര്‍നെറ്റ് വ്യാപകമായപ്പോള്‍ അന്യഭാഷാ കവിപരിചയം വര്‍ദ്ധിച്ചുവന്നു. പാഠപുസ്തകത്തിനു പുറത്തുള്ള കവിത കൂടുതല്‍ സമകാലികവും ജീവിതമുള്ളതുമായി അനുഭവപ്പെട്ടു. കാവ്യാസ്വാദനത്തിന്റെ ഭാഗമായിട്ടാണ് ഞാന്‍ കവിതാവിവര്‍ത്തനങ്ങള്‍ ചെയ്തത്. ലോര്‍ണ ക്രോസിയര്‍, മേരി ഒലിവര്‍, റില്‍ക്കെ, ട്രാന്‍സ്ട്രോമര്‍ അങ്ങനെ പലരുടേയും കവിതകള്‍ മൊഴിമാറ്റി. അതൊരു ഭാഷാവ്യായാമവും ആയിരുന്നു. 'മലയാളപ്പകര്‍ച്ച' എന്നാണ് ഈ മൊഴിമാറ്റങ്ങളെ ഞാന്‍ വിശേഷിപ്പിച്ചത്. റില്‍ക്കേയുടെ ഒരു കവിതാപരമ്പരയുടെ മലയാളപ്പകര്‍ച്ച അടുത്തുതന്നെ പ്രസിദ്ധീകരിക്കുന്നുണ്ട്. അതൊരു പെര്‍ഫോമന്‍സ് കൂടിയാണ്. അണിയറയില്‍ തയ്യാറായിക്കൊണ്ടിരിക്കുന്നു. 

പിപി രാമചന്ദ്രൻ
പിപി രാമചന്ദ്രൻ

എഴുത്തില്‍ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഒരാളാണ് താങ്കള്‍. ഏറ്റവും പുതിയ കവിത എന്താണ്? മാഷ് ഇനി എഴുതാന്‍ ആഗ്രഹിക്കുന്ന കവിത എത്തരത്തിലുള്ളതാണ്? 

എഴുതുന്ന കവിതകളേക്കാള്‍ ഇനിയുണ്ടാകാന്‍ പോകുന്നത് പറയുന്ന കവിതകളാവും. ഏറെ ആലോചിച്ചും ധ്യാനിച്ചും എഡിറ്റു ചെയ്തും എഴുതുന്ന രചനകളുടെ കാലം അസ്തമിക്കുകയാണ്. കവിതയായി എഴുതപ്പെടുന്നതു മാത്രമാണ് കവിത എന്ന സങ്കല്പവും മാറിയേക്കാം. കവിതയായി വായിക്കപ്പെടുകയോ കണ്ടെടുക്കപ്പെടുകയോ ചെയ്യുന്ന ഏതു ടെക്സ്റ്റും കവിതയാവും. ഇപ്പോള്‍ത്തന്നെ അച്ചടിമര്യാദകളില്‍നിന്ന് കവിത കുതറിമാറിക്കഴിഞ്ഞു. സൈബര്‍ സ്പേസും ഡിജിറ്റല്‍ മാധ്യമങ്ങളും കവിതയെ ഇനിയും മാറ്റിക്കൊണ്ടിരിക്കും. 

എന്റെ കവിതയും കാലത്തിനൊത്തു മാറിയിട്ടുണ്ട് എന്നാണ് ഞാന്‍ കരുതുന്നത്. 'മാമ്പഴക്കാലം' എഴുതിയ ഞാനല്ല ഇന്നത്തെ ഞാന്‍. അതേ രീതിയില്‍ മറ്റൊരു 'മാമ്പഴക്കാലം' ഇനി എനിക്ക് എഴുതാനുമാവില്ല. കാവ്യാസ്വാദകരുടേതായ ഒരു സമൂഹത്തെ മുന്നില്‍ കണ്ടാണ് ഇത്രകാലവും ഞാന്‍ എഴുതിയത്. കവികളും കാവ്യാസ്വാദകരും മാത്രമുള്ള ഒരു സഹൃദയലോകം. അതു പോര എന്നിപ്പോള്‍ തോന്നുന്നു. ഒട്ടും സാഹിത്യപരിചയമില്ലാത്തവരോടു സംസാരിക്കുന്ന കവിതകള്‍ എഴുതാന്‍ കഴിയണം എന്നാണ് ഇപ്പോള്‍ ഞാന്‍ ആഗ്രഹിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com