അധികാരത്തിന്റെ വാമൊഴിവഴക്കങ്ങള്‍
By എ. ഹേമചന്ദ്രന്‍ ഐ.പി.എസ് (റിട്ട.) | Published: 10th December 2021 03:04 PM |
Last Updated: 10th December 2021 03:04 PM | A+A A- |

രാത്രി അസമയത്ത് ഫോണ്‍ ബെല്ലടിച്ചു. ഒരു മണിക്കും രണ്ടുമണിക്കും ഇടയിലായിരിക്കണം. ഐ.ജി. ജേക്കബ് പുന്നൂസ് ആയിരുന്നു മറ്റേ തലയ്ക്കല്‍. അസമയത്ത് ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ വിളി അപൂര്‍വ്വമായിരുന്നു. ഫോണെടുത്ത് 'ഗുഡ് ഈവനിംഗ് സാര്‍' എന്നു പറഞ്ഞു. ''ഹേമചന്ദ്രാ, ഒരു വളരെ മോശം അനുഭവം എനിക്കുണ്ടായി'', ഇതായിരുന്നു തുടക്കം. സാധാരണയില്‍നിന്നും വ്യത്യസ്തമായി അദ്ദേഹം അസ്വസ്ഥനായിരുന്നു. ''ഞാനിപ്പോള്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചു; ഒരു കാര്യം പറയാനാണ് വിളിച്ചത്.'' അദ്ദേഹം തുടര്‍ന്നു. അസമയത്ത് അടിയന്തര സ്വഭാവമുള്ള എന്തെങ്കിലും വിവരമുണ്ടെങ്കില്‍ തിരുവനന്തപുരം സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂമിനെ ബന്ധപ്പെടുക വളരെ സാധാരണമായിരന്നു. ''കണ്‍ട്രോള്‍ റൂമില്‍ ഫോണെടുത്ത ആള്‍ എന്നെ തെറിവിളിച്ചു.'' ഇപ്പോള്‍ അദ്ദേഹത്തിന്റെ അസ്വസ്ഥത എനിക്കായി. ''സാര്‍ ഐ.ജി ആണെന്ന് പറഞ്ഞില്ലേ.'' ഞാന്‍ ചോദിച്ചു. ഐ.ജി അല്ലെങ്കില്‍ അസഭ്യം ആകാം എന്നല്ല. സംഭവം കൃത്യമായി മനസ്സിലാക്കാന്‍ വേണ്ടി ചോദിച്ചതാണ്. ഐ.ജി ആണെന്ന് പറഞ്ഞു. അപ്പോള്‍ തെറിയുടെ ആക്കം കൂടി. കൂടുതലൊന്നും ചോദിക്കാതെ, ''സാര്‍, ഉടന്‍ ഞാന്‍ വേണ്ടത് ചെയ്യാം.'' എന്ന് പറഞ്ഞ് ആ സംഭാഷണം അവസാനിപ്പിച്ചു.
അസമയത്ത് ഫോണ്‍കോളുകള്‍ എനിക്ക് ശീലമായിരുന്നു. എപ്പോഴായാലും, ഫോണ്‍ എടുത്തില്ലെങ്കില്‍ പ്രധാന കാര്യങ്ങള്‍ എന്തെങ്കിലും വിട്ടുപോകുമോ എന്ന പേടി സര്‍വ്വീസിലുടനീളം ഉണ്ടായിരുന്നു. പക്ഷേ, അടിയന്തര ഇടപെടല്‍ ആവശ്യമില്ലാത്ത ഫോണ്‍ ആയിരിക്കും മിക്കപ്പോഴും. അതുകൊണ്ട് ഉറക്കത്തിനിടയില്‍ വരുന്ന ഫോണ്‍ എടുക്കുന്നതിന് ഒരു പ്രത്യേക ശീലം എങ്ങനെയോ ആര്‍ജ്ജിച്ചിരുന്നു. കണ്ണടച്ച് കിടന്നുകൊണ്ട് തന്നെ ഫോണെടുക്കും. അങ്ങനെതന്നെ സംസാരിക്കുകയും ചെയ്യും. സംഗതി ഗൗരവമാണെന്ന് തോന്നിയാല്‍ മാത്രം കണ്ണു തുറക്കും. അല്ലെങ്കില്‍ വേഗം ഫോണ്‍ തിരികെവെച്ച് അടുത്ത ക്ഷണം ഉറക്കം തുടരും. അതായിരുന്നു രീതി. പക്ഷേ, ഇപ്പോഴത്തെ ഫോണ്‍ എന്റെ കണ്ണു തള്ളിച്ചു. ഉടനെ ഞാന്‍ കണ്‍ട്രോള്‍റൂമിന്റെ ചുമതല ഉണ്ടായിരുന്ന അസിസ്റ്റന്റ് കമ്മിഷണറെ വിളിച്ചു. സംഭവം അദ്ദേഹത്തോട് വിവരിച്ചു. ഉടന്‍ കണ്‍ട്രോള്‍റൂമില്‍ ബന്ധപ്പെട്ട് സംഭവത്തില്‍ ഉള്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ ആരെന്ന് മനസ്സിലാക്കാന്‍ പറഞ്ഞു. അക്കാലത്ത് കണ്‍ട്രോള്‍ റൂമില്‍ ഫോണ്‍ സംഭാഷണത്തിന്റ ആട്ടോമാറ്റിക്ക് റിക്കോര്‍ഡിംഗ് ഇല്ലായിരുന്നു. അതുകൊണ്ട് പിന്നീട് പ്രശ്നം ഗുരുതരമാണെന്ന് അറിയുമ്പോള്‍ ചുമതലക്കാരന്‍ ഒഴിഞ്ഞുമാറും. സംഭവം ഉടന്‍ അന്വേഷിക്കാനും രാവിലെ ഞാന്‍ ഓഫീസിലെത്തുമ്പോള്‍ അന്വേഷണ റിപ്പോര്‍ട്ട് കിട്ടണമെന്നും നിര്‍ദ്ദേശിച്ചു. എല്ലാം രണ്ടുമൂന്ന് മിനിറ്റുകൊണ്ട് കഴിഞ്ഞു.
രാവിലെ ഓഫീസില്‍ എത്തുമ്പോള്‍ റിപ്പോര്‍ട്ട് മേശപ്പുറത്തുണ്ട്. ഒരു ഹെഡ് കോണ്‍സ്റ്റബിളാണ് കഥയിലെ നായകന്‍, അല്ല വില്ലന്‍. അയാള്‍ കുറേക്കാലമായി കണ്‍ട്രോള്‍ റൂമിലുണ്ട്. റിപ്പോര്‍ട്ട് പരിശോധിക്കുമ്പോള്‍ ഐ.ജി പറഞ്ഞ സംഭവം സത്യമാണ്. കണ്‍ട്രോള്‍റൂമില്‍ ഫോണ്‍ വിളിച്ച ഐ.ജിയോട് സഭ്യേതര ഭാഷയില്‍ ഹെഡ്‌കോണ്‍സ്റ്റബിള്‍ സംസാരിച്ചിട്ടുണ്ട്. അടിയന്തരമായ എന്തോ ആവശ്യത്തിന് ഫോണ്‍ ചെയ്യുന്ന വ്യക്തി ആരായാലും എന്തിനാണ് സംസ്‌ക്കാര ശൂന്യമായ ഭാഷ? പൊലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനോട് ഇങ്ങനെയാണെങ്കില്‍ മറ്റുള്ളവരോട് എന്തായിരിക്കും ഭാഷ? ഒരു തരത്തിലും അത് അംഗീകരിക്കാന്‍ കഴിയില്ല. അതിന്റെ അടിസ്ഥാനത്തില്‍ ഉടനെ തന്നെ അയാളെ സസ്പെന്റ് ചെയ്തു. ഇക്കാര്യത്തില്‍ മാതൃകാപരമായ തുടര്‍നടപടി സ്വീകരിക്കണമെന്ന് മനസ്സില്‍ കരുതി. അന്വേഷണം വേഗം പൂര്‍ത്തിയാക്കി അയാളെ സര്‍വ്വീസില്‍നിന്നും പുറത്താക്കണം എന്നൊക്കെ പോയി എന്റെ ചിന്ത. അന്നു വൈകുന്നേരം ഐ.ജി എന്നെ വീണ്ടും വിളിച്ചു. രാത്രിയിലെ സംഭവത്തില്‍ എന്തായി നടപടി എന്നറിയാനാണ് വിളിച്ചത്. ഉറക്കത്തിനിടയില്‍ പറഞ്ഞത്, ഉണരുമ്പോള്‍ ഓര്‍ക്കാത്ത സ്വപ്നം പോലെ ആയോ എന്നറിയണമല്ലോ. അക്കാര്യത്തില്‍ സ്വീകരിച്ച നടപടിയും തുടര്‍ന്ന് അതെങ്ങനെ മുന്നോട്ടുകൊണ്ടുപോകും എന്നും വിശദീകരിച്ചു. അദ്ദേഹം അതില്‍ തൃപ്തനായിരുന്നു.
ഏതാണ്ടൊരു മാസം കഴിഞ്ഞ് സസ്പെന്‍ഷനിലായ ഹെഡ് കോണ്‍സ്റ്റബിള്‍ ഓഫീസില്‍ വന്ന് എന്നെ കണ്ടു. സര്‍വ്വീസില്‍ തിരികെ കയറണം എന്നാണ് അയാളുടെ അപേക്ഷ. അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് വരുന്നതിനു മുന്‍പ് തിരികെ എടുക്കാനാവില്ല എന്ന് ഞാന്‍ പറഞ്ഞു. അന്വേഷണത്തിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ അടുത്ത തീരുമാനം എടുക്കാം എന്നുമറിയിച്ചു. ഉണ്ടായ സംഭവം ഗൗരവമുള്ളതാണെന്നും സൂചിപ്പിച്ചു. അയാളുടെ മുഖത്ത് വല്ലാത്ത ദൈന്യഭാവം പ്രകടമായിരുന്നുവെങ്കിലും അതിന് പ്രത്യേക പരിഗണനയൊന്നും നല്‍കിയില്ല. അങ്ങനെ അയാള്‍ മടങ്ങി. ഉടനെ തന്നെ അന്വേഷണ ഉദ്യോഗസ്ഥനോട് റിപ്പോര്‍ട്ട് അനാവശ്യ കാലതാമസം കൂടാതെ നല്‍കാന്‍ നിര്‍ദ്ദേശിച്ചു. അത് സസ്പെന്‍ഷന്‍ പിന്‍വലിക്കാനുള്ള വ്യഗ്രതകൊണ്ടായിരുന്നില്ല. മറിച്ച് അയാള്‍ക്കെതിരായ അച്ചടക്കനടപടി അത്തരം പ്രവണതയുള്ളവര്‍ക്ക് ഒരു പാഠമാകണം എന്ന ചിന്തയിലായിരുന്നു. രാത്രികാലങ്ങളില്‍ കണ്‍ട്രോള്‍റൂമിലുള്ള ചില ഉദ്യോഗസ്ഥര്‍ക്ക് അനാവശ്യ സംഭാഷണത്തില്‍ ഏര്‍പ്പെടുന്ന ശീലം ഉണ്ടായിരുന്നതായി കേട്ടിരുന്നു.
എന്നാല്‍, ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞപ്പോള്‍ ഐ.ജി ജേക്കബ് പുന്നൂസ് എന്നെ വീണ്ടും വിളിച്ചു. കണ്‍ട്രോള്‍ റൂമില്‍നിന്നും സസ്പെന്റ് ചെയ്ത ഹെഡ്‌കോണ്‍സ്റ്റബിളിനെ തിരികെയെടുക്കാന്‍ ആവശ്യപ്പെട്ടു. അത് തികച്ചും അപ്രതീക്ഷിതമായിരുന്നു. എന്റെ ഉള്ളില്‍ ദേഷ്യം തോന്നി. ഇതെന്ത് സന്ദേശമാണ് അത്തരം ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നത്? ഇങ്ങനെ ആയാല്‍ കണ്‍ട്രോള്‍ റൂമിലെ ഉദ്യോഗസ്ഥര്‍ വീണ്ടും ഇത് ആവര്‍ത്തിക്കില്ലേ? ഇങ്ങനെ ചില ചോദ്യങ്ങളാണ് മനസ്സില്‍ വന്നത്. എങ്കിലും ഒന്നും പറഞ്ഞില്ല. ഒരു മണിക്കൂര്‍ കഴിഞ്ഞ് ആ ഹെഡ്‌കോണ്‍സ്റ്റബിള്‍ ഓഫീസില്‍ വന്നു. അയാളെ കാണുമ്പോഴും മനസ്സില്‍ ദേഷ്യം തോന്നി. അയാളുടെ മുഖത്ത് പഴയ ദൈന്യഭാവം തന്നെ. അര്‍ദ്ധരാത്രിയില്‍ അസഭ്യം പറഞ്ഞിട്ട് എങ്ങനെ ഐ.ജിയുടെ മനസ്സ് മാറ്റി എന്നത് അറിയാന്‍ താല്പര്യം തോന്നി. അക്കാര്യത്തില്‍ അത്രയും വിശാലമനസ്‌കത എനിക്കുണ്ടായിരുന്നില്ല. അയാള്‍ തന്നെ അത് പറഞ്ഞു: ''സാര്‍ ഞാന്‍ നേരിട്ട് ഐ.ജി സാറിനെ കണ്ട് ഉണ്ടായ കാര്യം പറഞ്ഞു.'' ഉണ്ടായത്, അദ്ദേഹം അനുഭവിച്ചറിഞ്ഞതാണല്ലോ എന്ന് മനസ്സ് പറഞ്ഞു. അപ്പോഴാണ് അയാളതിന്റെ പിന്നാമ്പുറം പറഞ്ഞത്. ''സാര്‍ അന്ന് രാത്രി പന്ത്രണ്ട് മണി കഴിഞ്ഞപ്പോള്‍ തൊട്ട് തുടങ്ങി. ആദ്യം ഡി.ജി.പി എന്ന് പറഞ്ഞ് ഒരു ഫോണ്‍ വന്നു. ഞാനതെടുത്ത് സര്‍, സര്‍ എന്നൊക്കെ തന്നെ പറഞ്ഞ് സംസാരിച്ചു. കുറേ നേരം കഴിഞ്ഞ് അവന്റെ വക എനിക്ക് തെറിയും കളിയാക്കി ചിരിയും. എന്തെങ്കിലും പറയും മുന്‍പേ അവന്‍ ഫോണ്‍ കട്ട് ചെയ്തു.'' പിന്നെയും ഐ.ജി എന്നും ഡി.ഐ.ജി എന്നും ഒക്കെ പറഞ്ഞ് കുറേ ഫോണ്‍ വന്നു. അതും എല്ലാം ആദ്യത്തേതുപോലെ വ്യാജ വിളികളായിരുന്നു. ''എനിക്കതു മനസ്സിലായി വരുമ്പോള്‍ അവര്‍ ഫോണ്‍ കട്ട് ചെയ്തുകളയും.'' അങ്ങനെ സഹികെട്ടിരിക്കുമ്പോള്‍ അതാ വരുന്നു വീണ്ടും ഐ.ജിയുടെ ഫോണ്‍. പഴയ അബദ്ധം പറ്റരുതല്ലോ എന്നു കരുതി ആദ്യമേ തന്നെ നേരത്തെ കിട്ടിയതെല്ലാം ചേര്‍ത്ത് പലിശസഹിതം തിരികെ നല്‍കി. അയാളുടെ കഷ്ടകാലത്തിന് അത് യഥാര്‍ത്ഥ ഐ.ജി ആയിരുന്നുവെന്ന് മാത്രം. ഐ.ജിയുടേയും കഷ്ടകാലം. എന്നാല്‍, തെറ്റുപറ്റിയ സാഹചര്യം മനസ്സിലാക്കിയപ്പോള്‍ കീഴുദ്യോഗസ്ഥനോട് ഉദാരമായ സമീപനം സ്വീകരിച്ചു ഐ.ജി ജേക്കബ് പുന്നൂസ്. ആദ്യം മനസ്സില്‍ തോന്നിയ ദേഷ്യം ബഹുമാനത്തിനു വഴിമാറി.
''ഐ.ജി ആണെന്നറിഞ്ഞില്ല സാര്‍'' എന്നാണ് അയാളുടെ മുഖ്യവിശദീകരണം. അതയാളുടെ ബോദ്ധ്യമാണ്. അയാള്‍ പറയുന്നതിന്റെ ധ്വനി ഐ.ജിയുടെ സ്ഥാനത്ത്, കളവായി ഫോണ്‍ വിളിച്ച് അസഹ്യത സൃഷ്ടിച്ചവര്‍ ആയിരുന്നുവെങ്കില്‍ ഒരു കുഴപ്പവുമില്ല. കുഴപ്പവുമില്ലെന്നു മാത്രമല്ല അതാണ് ശരി എന്നൊരു പൊതുബോദ്ധ്യം പല പൊലീസ് ഉദ്യോഗസ്ഥരും വച്ചു പുലര്‍ത്തിയിരുന്നു. അസഭ്യവര്‍ഷം, ജലപീരങ്കിപോലെ പൊലീസിന്റെ ഒരു അംഗീകൃത ആയുധമാണ് എന്ന് അടിയുറച്ച് വിശ്വസിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥരും പല റാങ്കുകളിലും അന്ന് ഉണ്ടായിരുന്നു എന്നതാണ് സത്യം. ആലപ്പുഴവെച്ച് ഒരു എസ്.ഐ തനിക്ക്, പരിചയ സമ്പന്നനായ ഡി.വൈ.എസ്.പി നല്‍കിയ ഉപദേശത്തെക്കുറിച്ച് പറഞ്ഞു: ''പലതരം കുഴപ്പക്കാരുമായിട്ട് നമുക്ക് ഡീല്‍ ചെയ്യണം. ചിലപ്പോള്‍ ആള്‍ 'അപകടകാരി' ആയിരിക്കും. അതുകൊണ്ട് കൈവയ്ക്കുന്നത് വളരെ സൂക്ഷിക്കണം. പക്ഷേ, അവനെ എന്തും പറയാം; നാക്കുകൊണ്ട് അവനെ കീഴ്പ്പെടുത്താം. കൈവച്ചാല്‍ ചിലപ്പോള്‍ അവന്‍ സ്വാധീനം ഉള്ളവനായിരിക്കും. അതു നമുക്ക് പുലിവാലാകും. മറ്റതാകുമ്പോള്‍ കാര്യം നടക്കുകയും ചെയ്യും അവന് പരാതിപ്പെടാനുമാകില്ല.'' ഈ 'സാരോപദേശം' വിലപ്പെട്ടതാണെന്ന് യുവ എസ്.ഐ ധരിച്ച പോലെ തോന്നി, ആ 'സിദ്ധാന്തം' എന്നോട് അവതരിപ്പിച്ച രീതികൊണ്ട്. ക്ലാസ്സ്മുറിക്കു പുറത്ത് 'ഗുരു'മുഖത്തുനിന്ന് നേരിട്ട് ലഭിക്കുന്നതാണ് ഇത്തരം 'വിലപ്പെട്ട' പാഠങ്ങള്‍. അതാകട്ടെ, തലമുറ തലമുറ കൈമാറി പൊലീസിന്റെ ഉപസംസ്‌ക്കാരത്തിന്റെ ഭാഗമായി മാറിയിരുന്നു. ഇക്കാര്യങ്ങളില്‍ മാതൃകയായി പ്രവര്‍ത്തിക്കേണ്ട ഐ.പി.എസ് ഉദ്യോഗസ്ഥരില്‍ ചിലരെങ്കിലും ഈ 'വൈറസ്' ബാധിച്ചവരാണ്. പലരിലും രോഗലക്ഷണം പുറത്തുവന്നിരുന്നത് ശ്രേഷ്ഠ മലയാളത്തിലായിരുന്നില്ലെന്നു മാത്രം. ഭാഷ ഇംഗ്ലീഷായാലും രാഷ്ട്രഭാഷ ആയാലും അസഭ്യം, അസഭ്യം തന്നെ. സംഗീതത്തിനു മാത്രമല്ല, അസഭ്യത്തിനും ഭാഷയില്ല.
പൊലീസില്‍ അത് തഴച്ചുവളരുന്നതിന് അനുകൂലമായ ചില സാമൂഹ്യസാഹചര്യങ്ങളും നിലനില്‍ക്കുന്നുണ്ട്. ചില ഘട്ടങ്ങളില്‍ സഭ്യതയുടെ വ്യാകരണമൊന്നും നോക്കാതെ പൊലീസ് രണ്ടു 'ഡയലോഗ്' പറയണം എന്ന് പ്രതീക്ഷിക്കുന്ന ആളുകളുമുണ്ട്. അതാണ് പൊലീസിന്റെ ധര്‍മ്മം എന്നവര്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു.

പരിശീലനകാലത്തെ ഒരനുഭവം ഓര്‍ക്കുന്നു. ഒരു ട്രെയിന്‍ യാത്രയ്ക്കിടയിലാണ് സംഭവം. കോഴിക്കോടുനിന്ന് തിരുവനന്തപുരത്തേയ്ക്ക് ഞാന്‍ ട്രെയിനില്‍ കയറിയപ്പോള്‍ രാത്രി പത്ത് മണി കഴിഞ്ഞിരിക്കണം. എ.സി. ടു ടയറില്‍ തമിഴ്നാട്ടുകാരനായ ഒരു ചെറുപ്പക്കാരനും വേറെ ചിലരും ഒപ്പം ഉണ്ടായിരുന്നു. ചെറുപ്പക്കാരനും ഞാനും പരിചയപ്പെട്ടപ്പോള്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്ന 'പൂര്‍വ്വാശ്രമ'ത്തിലെ ഐഡന്റിറ്റിയാണ് പറഞ്ഞത്. ഐ.പി.എസ് ഉദ്യോഗസ്ഥന്‍ എന്ന് പറയുന്നതിനേക്കാള്‍ സ്വകാര്യതയ്ക്കു് അതാണ് നല്ലത് എന്ന ചിന്തയായിരുന്നു ഈ 'ആള്‍മാറാട്ട'ത്തിനു പിന്നില്‍. അതോടെ തമിഴ്നാട്ടുകാരന്‍ എന്നെ വിട്ടു. ട്രെയിന്‍ ഏതാണ്ട് പുറപ്പെടാറായി. പെട്ടെന്ന് എന്തോ ഒരു ബഹളം. ബഹളത്തിനിടയില്‍ ഒരാളിന്റെ ശബ്ദം ഉയര്‍ന്നു കേള്‍ക്കാം. തികച്ചും അണ്‍പാര്‍ലമെന്ററിയാണ് ആ വാക്കുകള്‍. വാക്കും ശൈലിയും ഒരുപോലെ ആഭാസം. മദ്യത്തിന്റെ സ്വാധീനത്തിലാണെന്നു വ്യക്തം. ആ ശബ്ദം ഞാന്‍ വേഗം തിരിച്ചറിഞ്ഞു. അറിയപ്പെടുന്ന സിനിമാനടനാണ് ആ മനുഷ്യന്‍. വലിയ പ്രതിഭാശാലി. പറഞ്ഞിട്ടെന്തു കാര്യം? ഇപ്പോളാ മനുഷ്യന്‍ ട്രെയിനില്‍ മറ്റ് യാത്രക്കാര്‍ക്ക് പൊതുശല്യം ആണ്. ആരോടോ ഉച്ചത്തില്‍ അസഭ്യം വിളിച്ചുപറയുകയാണ്. അതിനിടെ ട്രെയിന്‍ പുറപ്പെട്ടു. അതോടെ അയാളുടെ മുഖ്യശത്രു അകലെ പ്ലാറ്റ് ഫോമിലായിരുന്നു. പക്ഷേ, ആ പ്രകടനം തുടര്‍ന്നു. യാത്രക്കാരിലാരോ പ്രതിഭാശാലിയോട് അദ്ദേഹത്തെപ്പോലെ ഒരാളിന് ചേര്‍ന്ന പെരുമാറ്റമല്ല അതെന്ന് പറഞ്ഞു. പ്രതിഭാശാലിക്ക് അതിഷ്ടപ്പെട്ടില്ല. പിന്നെ അയാളായി ആക്രമണത്തിന്റെ ലക്ഷ്യം. പിന്നീടത് ക്രമേണ അടങ്ങി. അല്പം സമയമെടുത്തുവെന്നു മാത്രം. സാമൂഹ്യ ഇടപെടല്‍ പരാജയപ്പെട്ടെങ്കിലും ശരീരശാസ്ത്രം വിജയിച്ചതാകാം. മദ്യം അധികരിച്ചാല്‍ ആരായാലും പ്രശ്നമാണ്. ഇക്കാര്യത്തില്‍ ബുദ്ധിജീവികള്‍ ബുദ്ധികുറഞ്ഞ ജീവികളെക്കാള്‍ പ്രശ്നക്കാരാണെന്ന് പൊലീസുകാര്‍ക്ക് അനുഭവംകൊണ്ട് അറിയാം. പക്ഷേ, പറഞ്ഞുവന്ന കാര്യം മറ്റൊന്നാണ്. താരത്തിന്റെ പ്രകടനം കെട്ടടങ്ങി, കമ്പാര്‍ട്ട്‌മെന്റിനുള്ളില്‍ പൊതുവേ ശാന്തത കൈവന്നപ്പോള്‍ ടിക്കറ്റ് പരിശോധകന്‍ എത്തി. ആ ഉദ്യോഗസ്ഥന് എങ്ങനെയോ എന്നെ അറിയാമായിരുന്നു. അയാളുടെ സംസാരം ശ്രദ്ധിച്ച തമിഴ്നാട്ടുകാരന്‍ ഞാനൊരു പൊലീസ് ഉദ്യോഗസ്ഥനാണെന്നു തിരിച്ചറിഞ്ഞു. അതോടെ പുതിയൊരു ആവേശവും അല്പം നിരാശയും അയാളില്‍ പ്രകടമായി. എന്തുകൊണ്ട് ഞാനാ 'കള്ളുകുടിയന്' രണ്ടടിയെങ്കിലും കൊടുത്തില്ല എന്നാണ് അയാളുടെ ആദ്യ സംശയം. കുറഞ്ഞപക്ഷം രണ്ട് 'ഡയലോഗെ'ങ്കിലും ഞാന്‍ പറയണമായിരുന്നുവത്രെ. എന്റെ നിഷ്‌ക്രിയത്വമാണ് അദ്ദേഹത്തിന്റെ നിരാശയ്ക്ക് കാരണം. ഡയലോഗെന്നതുകൊണ്ട് ഞാനും അണ്‍പാര്‍ലമെന്ററി ആയി എന്തെങ്കിലും സംസാരിക്കണമെന്നാണ്. പ്രശ്‌നം എല്ലാം അവസാനിച്ചുവല്ലോ എന്നും കൂടുതല്‍ ആവശ്യമുണ്ടെങ്കില്‍ അക്കാര്യത്തില്‍ ചുമതലപ്പെട്ട റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥരുണ്ടെന്നു പറഞ്ഞിട്ടും അയാള്‍ക്ക് തൃപ്തി ആയില്ലെന്നു തോന്നുന്നു. ഞാനീ ട്രെയിനില്‍ യാത്രക്കാരന്‍ മാത്രമാണെന്നു പറഞ്ഞു. തമിഴ്നാട്ടുകാരന്റെ ധാരണ ഐ.പി.എസ് എന്നാല്‍ എവിടെയും ആരെയും തല്ലാമെന്നും കുറഞ്ഞപക്ഷം രണ്ടു 'ഡയലോഗെ'ങ്കിലും പറയാമെന്നും ആയിരുന്നു. ആ രജനീകാന്ത് ആരാധകനെ കൂടുതല്‍ ബോധവല്‍ക്കരണത്തിനൊന്നും മുതിരാതെ വേഗം ഞാന്‍ കിടന്നുറങ്ങി.
'തെറിക്കുത്തരം മുറിപ്പത്തല്‍' എന്ന നാടന്‍സിദ്ധാന്തം നിയമത്തിലില്ല. ഈ സിദ്ധാന്തം അനുസരിച്ച് നിയമപാലനം നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥന് ചിലപ്പോള്‍ കയ്യടി കിട്ടും. അയല്‍ക്കാരന്‍ അസഭ്യം പറഞ്ഞു എന്ന് ആരോപിച്ച് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുന്ന വ്യക്തിയുടെ ആഗ്രഹം, കുറഞ്ഞപക്ഷം എസ്.ഐ എതിര്‍കക്ഷിയേയും ചീത്ത പറയണം എന്നാകാം. എങ്കില്‍ മാത്രമേ മിനിമം തൃപ്തിയെങ്കിലും പല പരാതിക്കാര്‍ക്കും വരികയുള്ളു. എതിര്‍ കക്ഷിയെ താക്കീത് ചെയ്ത് എഴുതി ഒപ്പിടീച്ചതുകൊണ്ടോ നിയമാനുസരണം കേസെടുത്തതു കൊണ്ടോ പലരും തൃപ്തരല്ല. ഈ 'പലരും' എന്നതില്‍ സ്വന്തം കാര്യമാകുമ്പോള്‍ മനുഷ്യാവകാശ സംരക്ഷകരും ഉള്‍പ്പെടാം.
കേരളം പോലെ പ്രതിശീര്‍ഷ മദ്യപാനത്തില്‍ മുന്‍പില്‍ നില്‍ക്കുന്ന സംസ്ഥാനത്ത് മദ്യപിച്ച് പൊതുജനങ്ങളെ ശല്യം ചെയ്യുന്നവരെ എങ്ങനെ കൈകാര്യം ചെയ്യും എന്നത് പൊലീസിനു ദൈനംദിന വെല്ലുവിളിയാണ്. അക്കാലത്ത് തിരുവനന്തപുരം സിറ്റിയില്‍ സന്ധ്യ കഴിഞ്ഞാല്‍ പൊലീസ് കണ്‍ട്രോള്‍ റൂം വാഹനങ്ങളുടെ പ്രധാന ജോലി ഇത്തരം പ്രശ്നം സൃഷ്ടിക്കുന്നവരെ നേരിടുക എന്നതായിരുന്നു. രാത്രി വൈകി പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ച മിക്ക അവസരങ്ങളിലും ഇത്തരക്കാര്‍ കുറേ അവിടെ ഉണ്ടാകും എന്നതാണ് എന്റെ അനുഭവം. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്ക് അസഹ്യത സൃഷ്ടിക്കുന്ന പ്രകടനങ്ങളാകുമ്പോള്‍ പൊലീസ് ഇടപെടല്‍ കൂടിയേ തീരൂ. ഗ്രാമപ്രദേശങ്ങളില്‍ പലപ്പോഴും ജനങ്ങള്‍ തന്നെ ഇത്തരക്കാരെ 'കൈകാര്യം' ചെയ്യും. നാടിന്റെ പ്രശ്നം നാട്ടുകാര്‍ പരിഹരിക്കുന്ന ഈ 'കമ്മ്യൂണിറ്റി പൊലീസ്' മാതൃക നാട്ടിന്‍പുറത്ത് ഞാന്‍ തന്നെ കണ്ടിട്ടുള്ളതാണ്. വിദേശ സര്‍വ്വകലാശാലകളില്‍ പൊലീസ് ഗവേഷകരും പണ്ഡിതശ്രീകളും ഈ പൊലീസ് മാതൃകയെപ്പറ്റി സ്വപ്നം കാണുന്നതിനും മുന്‍പാണിത്. കുറേ പ്രശ്നങ്ങള്‍ അങ്ങനെ പരിഹരിക്കുകയും ചെയ്യും. എന്നാല്‍, 'കമ്മ്യൂണിറ്റി പൊലീസ്' കുഴപ്പമാകുമോ എന്ന് വീണ്ടുവിചാരമുണ്ടായാല്‍ പൊലീസ് സ്റ്റേഷനില്‍ അറിയിക്കും. സ്ഥലത്തെത്തുന്ന പൊലീസിനെ കാണുമ്പോള്‍ ചിലപ്പോള്‍ പരാക്രമം വര്‍ദ്ധിക്കും. അതോടുകൂടി പൊലീസ് ഉദ്യോഗസ്ഥര്‍ കൂടി ജനകീയ പൊലീസിന്റെ ബാക്കി എന്തെങ്കിലും കൊടുത്ത് പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോകും. ഈ കുറുക്കുവഴി പൊലീസ് ഉദ്യോഗസ്ഥര്‍ക്കു തന്നെ ഗുരുതരപ്രശ്നങ്ങള്‍ സൃഷ്ടിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. നിയമവഴിയില്‍ കേസെടുക്കുന്നതോടൊപ്പം ഉടന്‍ വൈദ്യപരിശോധന നടത്തി ലഹരിക്കടിപ്പെട്ട വ്യക്തിയുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തേണ്ടതും പൊലീസ് ഉദ്യോഗസ്ഥന്റെ ചുമതലയാണ്. മദ്യലഹരിയില്‍ പൊതുജനശല്യം ചെയ്ത വ്യക്തി ആയാലും അയാള്‍ക്കെന്തെങ്കിലും പറ്റിയാല്‍ അത് കൈകാര്യം ചെയ്ത പൊലീസിന്റെ നടപടി നിയമത്തിന്റെ ഇഴകീറി പരിശോധിക്കപ്പെടും. പൊലീസ് ഉദ്യോഗസ്ഥര്‍ അതിനു മറുപടി പറയേണ്ടിവരികയും ചെയ്യും.
ക്ഷമയും പ്രായോഗിക ബുദ്ധിയും വിവേകവും ഉപയോഗിച്ച് ഇത്തരം സാഹചര്യങ്ങള്‍ ഭംഗിയായി കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുമുണ്ട്. അന്ന് ഒരു സബ്ബ് ഇന്‍സ്പെക്ടര്‍ സ്വീകരിച്ച വഴി അസാധാരണമായിരുന്നു. നഗരപ്രാന്തത്തില്‍ ഒരു മദ്യപന്റെ പ്രകടനം, നാട്ടുകാര്‍ക്ക് അസഹ്യമായി. സ്ഥലത്തെത്തിയ സബ്ബ് ഇന്‍സ്പെക്ടറുടെ തൊപ്പി തെറിപ്പിക്കുമെന്നായി. അതവഗണിച്ച് അയാളെ ജീപ്പില്‍ കയറ്റി വൈദ്യപരിശോധന കഴിഞ്ഞ് പൊലീസ് സ്റ്റേഷന്‍ ലോക്കപ്പിലാക്കി. അവിടെയും അസഭ്യവര്‍ഷം തുടര്‍ന്നു. രണ്ടടി കൊടുത്താല്‍ തീരുന്ന പ്രശ്‌നമേയുള്ളുവെന്ന് പരിചയസമ്പന്നരായ പൊലീസ് ഉദ്യോഗസ്ഥര്‍ ഉപദേശിച്ചെങ്കിലും, യുവ എസ്.ഐ. വഴങ്ങിയില്ല. അതിനു വേറെ വഴിയുണ്ട് എന്നുമാത്രം പറഞ്ഞു. ആവേശം മൂത്ത് ലോക്കപ്പ് വാസി എസ്.ഐയുടെ കുടുംബാംഗങ്ങളേയും ചേര്‍ത്തായി അസഭ്യവര്‍ഷം. എന്നിട്ടും എസ്.ഐ അതവഗണിച്ചു. മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ അയാളെ അന്വേഷിച്ച് സുഹൃത്തുക്കളെത്തി. അദ്ദേഹം പൊതുവേ മാന്യനാണെന്നും എന്തോ അബദ്ധം പറ്റിയതാണെന്നും ആയി കൂട്ടുകാര്‍. മാന്യനെ സ്വതന്ത്രമാക്കാന്‍ അയാളുടെ കുടുംബാംഗങ്ങള്‍ കൂടി വന്നാല്‍ മാത്രം മതി എന്നായി സബ് ഇന്‍സ്പെക്ടര്‍. അവസാനം അവര്‍ വന്നു. ലോക്കപ്പില്‍ നടത്തിയ അസഭ്യ പ്രകടനം എസ്.ഐ റെക്കോര്‍ഡ് ചെയ്തിരുന്നു. ആ ശബ്ദരേഖ കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ പ്ലേ ചെയ്തു. എസ്.ഐയ്‌ക്കെതിരായ ഭീഷണികള്‍ മാത്രമല്ല, അയാളുടെ കുടുംബാംഗങ്ങളെപ്പറ്റി പറഞ്ഞ അസഭ്യങ്ങളും പുറത്തുവന്നു തുടങ്ങി. അവസാനം അയാള്‍ എല്ലാവരോടും തെറ്റ് ഏറ്റുപറഞ്ഞു. അങ്ങനെ മാന്യന്‍ വീണ്ടും മാന്യനായി പുറത്തുകടന്നു.
സഭ്യേതരമായ ഭാഷ സമൂഹത്തില്‍ അധികാരത്തിന്റെ ആപേക്ഷികതയെക്കൂടിയാണോ പ്രതിഫലിപ്പിക്കുന്നത്? പരിശീലനകാലത്തു് ഏറ്റവും താഴെത്തട്ടില്‍ പൊതുയോഗങ്ങളില്‍ ചില നേതാക്കള്‍ തന്നെ സഭ്യേതരമായ പ്രയോഗങ്ങള്‍ നടത്തുന്നത് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. സബ്ബ് ഇന്‍സ്പെക്ടറെ ഫോണില്‍വിളിച്ച് ''പുളിച്ച ചീത്ത പറഞ്ഞു'' എന്ന് അപൂര്‍വ്വം ചില നേതാക്കള്‍ 'അഭിമാനപൂര്‍വ്വം' വിളംബരം ചെയ്യുന്നതും കേട്ടിട്ടുണ്ട്. പൊലീസ് സംവിധാനത്തിനുള്ളില്‍ സ്വന്തം സഹപ്രവര്‍ത്തകരോടുപോലും സംസ്‌കാരശൂന്യമായ ഭാഷ ഉപയോഗിക്കുന്ന കുറച്ച് ഉദ്യോഗസ്ഥര്‍ ഇന്നുമുണ്ട് എന്ന യാഥാര്‍ത്ഥ്യവും നിലനില്‍ക്കുന്നു. സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങാതെ നിയമാനുസൃതം ശക്തമായ നിലപാട് സ്വീകരിക്കാന്‍ അപ്രാപ്തനായ പൊലീസ് ഉദ്യോഗസ്ഥനാണ് സ്വന്തം ന്യൂനതയും നിസ്സഹായതയും 'ശക്തമായ ഭാഷ'യിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുന്നത് എന്നാണ് ഞാന്‍ കണ്ടിട്ടുള്ളത്. അധികാരത്തിന്റെ ഭാഷ ഇങ്ങനെയാകാം എന്ന 'ധൈര്യം' ആകാം അതിന്റെ പിന്നില്‍. യാന്ത്രികമായ ഭരണനിര്‍വ്വഹണത്തിനും നിയമപാലനത്തിനും അപ്പുറം ജനാധിപത്യമെന്നത് ഒരു ജീവിതരീതിയും സംസ്‌കാരവും കൂടിയാണ് എന്ന ബോദ്ധ്യം നമ്മുടെ രാഷ്ട്രീയ ഉദ്യോഗസ്ഥ തലങ്ങളില്‍ ഇനിയും വേരോടേണ്ടതുണ്ട്.
ഒരു വര്‍ഷം കഴിഞ്ഞ് തൃശൂരില്‍ എസ്.പി ആയിരിക്കുമ്പോള്‍ അവിടെ പൊലീസ് ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുന്നതിന് 'സേവന വീഥി' എന്ന പേരില്‍ ഒരു പൊലീസ് വാര്‍ത്താമാസിക പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ 1999 ഫെബ്രുവരിയിലെ എഡിറ്റോറിയലില്‍ ഞാനെഴുതിയ ഒരു വാചകം ഇവിടെ പ്രസക്തമാണ്. ''പൊതുജനങ്ങളോടും കീഴുദ്യോഗസ്ഥരോടും ഇടപഴകുമ്പോള്‍ മാന്യമായ ഭാഷ ഉപയോഗിക്കേണ്ടത് അവരോടുള്ള ഔദാര്യമല്ലെന്നും മറിച്ച് സ്വന്തം മാന്യതയുടേയും അന്തസ്സിന്റേയും പ്രശ്നമാണെന്നും ഉള്ള തിരിച്ചറിവ് ഓരോ പൊലീസ് ഉദ്യോഗസ്ഥനും ഉണ്ടാകണം.''
(തുടരും)