ഇങ്ങനെയും ചില ശിവഗിരി സ്മരണകള്‍

ഇങ്ങനെയും ചില ശിവഗിരി സ്മരണകള്‍

സാധാരണക്കാരായ ഒരുപാട് മനുഷ്യര്‍ക്ക് ശിവഗിരി വലിയൊരു വികാരമാണ് .അതുകൊണ്ട് തന്നെ സ്വാഭാവികമായും മറ്റേതൊരു സിവില്‍ തര്‍ക്കത്തിലേയും കോടതിവിധി നടപ്പിലാക്കുന്നതില്‍നിന്നും വ്യത്യസ്തമാണല്ലോ ശിവഗിരി

'ശിവഗിരി' മനസ്സിനുള്ളില്‍ കടന്നുകയറിയത് പ്രൈമറി സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ്. പ്രധാനമായും അതിനു കാരണമായത് വര്‍ക്കല ശ്രീനാരായണ കോളേജിന്റെ വാര്‍ഷിക മാഗസിനുകളാണ്. ഞാനവിടെ പ്രീഡിഗ്രിക്ക് പഠിച്ചത് 1975-'77 കാലഘട്ടത്തിലാണ്, അടിയന്തരാവസ്ഥയുടെ 'അച്ചടക്കത്തിലും' 'സമാധാനത്തിലും'. അതിനും മുന്‍പേ അവിടെ പഠിച്ച ജ്യേഷ്ഠ സഹോദരന്മാരിലൂടെ കോളേജ് മാഗസിന്‍ വായിക്കാന്‍ എനിക്ക് അവസരം കിട്ടി. അതിലെല്ലാം ശിവഗിരിയിലെ 'മൊട്ടക്കുന്നു'കളെക്കുറിച്ചുള്ള കാല്പനിക വര്‍ണ്ണനകളുണ്ടായിരുന്നു. കൗമാരക്കാരായ കോളേജ് വിദ്യാര്‍ത്ഥികള്‍ അതിവൈകാരിക ഭാഷയില്‍ അവതരിപ്പിച്ച ശിവഗിരി എന്നെ ആകര്‍ഷിച്ചു. ശ്രീനാരായണഗുരുവിനെക്കുറിച്ച് കൂടുതല്‍ അറിഞ്ഞുതുടങ്ങും മുന്‍പേ ശിവഗിരിക്കു മനസ്സില്‍ ഒരു സവിശേഷ സ്ഥാനം കിട്ടി.

അത് പഴയ കഥ. ഞാന്‍ തലസ്ഥാനത്ത് ഡി.സി.പി ആയ കാലത്ത്, ശിവഗിരി എന്നാല്‍ ശിവഗിരി പ്രശ്‌നം എന്നായി മാറി. അതന്ന് കേരളത്തിന്റെ മൊത്തം പ്രശ്നമായി മാറിക്കൊണ്ടിരുന്നു. ഒരു കാലത്ത് ആദ്ധ്യാത്മിക ആചാര്യന്മാരുടെ നിസ്വാര്‍ത്ഥ സംഭാവനകള്‍ കൊണ്ട് സമൂഹത്തിന് വെളിച്ചം പകര്‍ന്ന പല സ്ഥാപനങ്ങളും പില്‍ക്കാലത്ത് അധികാര തര്‍ക്കങ്ങളുടേയും ശത്രുതയുടേയും ഏറ്റുമുട്ടലിന്റേയും വേദിയായി മാറുന്ന കാഴ്ച; അല്ല, ദുരന്തം സമൂഹത്തില്‍ ഇന്ന് ആരെയും അത്ഭുതപ്പെടുത്തുന്നില്ലല്ലോ. അങ്ങനെ ശിവഗിരിയും കോടതി കയറി. അദ്ധ്യാത്മികതയുടേയും വിലപ്പെട്ട സാമൂഹ്യമൂല്യങ്ങളുടേയും പേരില്‍ അറിയപ്പെട്ടിരുന്ന സ്ഥാപനങ്ങളിലെ തര്‍ക്കം, അധികാരത്തിന്റെ ഉപാസനയായ രാഷ്ട്രീയത്തിനു പുതിയ ആകര്‍ഷകമായ മേച്ചില്‍പ്പുറങ്ങള്‍ തുറന്നുകൊടുത്തു. ശിവഗിരിയിലെ സന്ന്യാസി സമൂഹത്തിനുള്ളില്‍ തന്നെ ഉടലെടുത്ത അധികാരത്തര്‍ക്കം കോടതി കയറി പടിപടിയായി വളര്‍ന്ന് രൂക്ഷമായിക്കൊണ്ടിരിക്കുകയായിരുന്നു. അതാകട്ടെ, പൊടുന്നനവേ അപ്രതീക്ഷിതമായി ഉണ്ടായ സംഭവവികാസമല്ല. ശിവഗിരിയില്‍ സംഭവഗതി തീരുമാനിക്കുന്നതില്‍ ഏറ്റവും നിര്‍ണ്ണായകമായത് കേരളാ ഹൈക്കോടതിയുടെ വിധിയും നിലപാടുമാണ്. അധികാരത്തര്‍ക്കം കോടതിയിലെത്തിയപ്പോള്‍ അധികാര കൈമാറ്റം ഹൈക്കോടതി വിധിയിലൂടെ ഉത്തരവായി. തര്‍ക്കങ്ങളിലൊന്നും കക്ഷിയല്ലാത്ത സാധാരണക്കാരായ ഒരുപാട് മനുഷ്യര്‍ക്ക് ശിവഗിരി വലിയൊരു വികാരമാണല്ലോ. അതുകൊണ്ട് തന്നെ സ്വാഭാവികമായും മറ്റേതൊരു സിവില്‍ തര്‍ക്കത്തിലേയും കോടതിവിധി നടപ്പിലാക്കുന്നതില്‍നിന്നും വ്യത്യസ്തമാണല്ലോ ശിവഗിരി. സാധാരണ സിവില്‍ കേസുകളില്‍പ്പോലും പൊലീസ് ഇടപെടലിലൂടെ വിധി നടപ്പാക്കുക വളരെ ദുഷ്‌കരമാണ്. വളരെ വൈകാരികമായ സംഘര്‍ഷങ്ങള്‍ അത് സൃഷ്ടിക്കാറുണ്ട്. ശിവഗിരിയില്‍ ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ പൊലീസ് ഇടപെടേണ്ട അവസ്ഥയുണ്ടായാല്‍ അതിന്റെ പര്യവസാനം എന്താകും എന്ന് എല്ലാപേര്‍ക്കും വ്യക്തമായിരുന്നു. ദൗര്‍ഭാഗ്യവശാല്‍, സാഹചര്യങ്ങള്‍ ക്രമേണ അത്തരമൊരു ദുരന്തത്തിലേയ്ക്ക് നീങ്ങുന്നത് കണ്ണുള്ളവര്‍ക്ക് കാണാമായിരുന്നു. ഹൈക്കോടതി വിധി പാലിക്കാന്‍ അതിലെ കക്ഷികള്‍ സ്വയം തയ്യാറാകാതെ വരുമ്പോള്‍ ആ ചുമതല സര്‍ക്കാര്‍ സംവിധാനത്തിനാണല്ലോ. പൊലീസ് ബലപ്രയോഗത്തിലേയ്ക്ക് നീങ്ങുന്ന സാഹചര്യം ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിയമനടപടികളുമായി കുറേയേറെ പരിശ്രമം നടത്തി. നിയമവഴിയിലെ പരിശ്രമങ്ങള്‍ ഹൈക്കോടതിയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടില്‍ തട്ടിത്തകര്‍ന്നു. വിധി നടപ്പിലാക്കുന്നതിലുള്ള കാലതാമസത്തെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. കോടതിയലക്ഷ്യം എന്ന ഭീഷണി പൊലീസ് ഉദ്യോഗസ്ഥന്മാര്‍ക്കും സര്‍ക്കാരിനും എതിരെ അതിശക്തമായി ഉയര്‍ന്നു വന്നു. സമാധാനത്തിന്റേയും അനുനയത്തിന്റേയും മാര്‍ഗ്ഗത്തിലൂടെ അധികാര കൈമാറ്റം നടന്നില്ലെങ്കില്‍ പൊലീസ് ഇടപെടല്‍ അനിവാര്യമാകും എന്ന് സുവ്യക്തമായിരുന്നു. അതേസമയം തന്നെ രാഷ്ട്രീയതലത്തിലും ഉദ്യോഗസ്ഥതലത്തിലും ധാരാളം അനുനയശ്രമങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. പൊലീസ് ഇടപെടലും ബലപ്രയോഗവും കൂടാതെ ഹൈക്കോടതി വിധി നടപ്പാക്കുക എന്നതായിരുന്നു ലക്ഷ്യം. പക്ഷേ, എല്ലാ ശ്രമങ്ങളും ഒന്നൊന്നായി പരാജയപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. നിയമവഴികളിലൂടെയും അനുനയ ശ്രമങ്ങളിലൂടെയും സമാധാനപരമായി ശിവഗിരിപ്രശ്‌നം പരിഹരിക്കുവാനുള്ള ശ്രമങ്ങള്‍ മുന്നോട്ട് പോകുമ്പോള്‍ ഈ വിഷയം കേരളത്തിന്റെ സാമൂഹ്യ, രാഷ്ട്രീയ മണ്ഡലങ്ങളെ ചൂടുപിടിപ്പിച്ചു.

വർക്കല ശിവ​ഗിരി മഠം
വർക്കല ശിവ​ഗിരി മഠം

ശിവഗിരി സാധാരണക്കാരന് ഒരു വികാരം ആയിരുന്നെങ്കില്‍ മറ്റു പലര്‍ക്കും ശിവഗിരിപ്രശ്നം സ്വന്തം അജണ്ട മുന്നോട്ടു കൊണ്ടുപോകാനുള്ള ഉപകരണം ആയിരുന്നുവെന്നു തോന്നി. മിക്കവാറും പ്രസംഗങ്ങളും പ്രസ്താവനകളും ഏതാണ്ട് ഒരേ ശൈലിയിലായിരുന്നു. യുഗപ്രഭാവനായ ശ്രീനാരായണഗുരുവിന്റെ പാദസ്പര്‍ശമേറ്റ ശിവഗിരിയുടെ മാഹാത്മ്യത്തെ എല്ലാപേരും വാനോളം പ്രകീര്‍ത്തിക്കും. പരിപാവനമായ ആ പുണ്യഭൂമിയില്‍ പൊലീസിന്റെ ക്രൂര പൈശാചിക താണ്ഡവം ഉണ്ടാകാന്‍ പാടില്ല എന്നും പറയും. ഭീകരമായ ആ പൊലീസ് ബൂട്ടിന്റെ കാര്യം പ്രതേകം പരാമര്‍ശിക്കും; പൊലീസ്, പണ്ടേ ബൂട്ട് ഉപേക്ഷിച്ചിരുന്നുവെങ്കിലും. പക്ഷേ, പ്രശ്‌നപരിഹാരത്തിനുള്ള ഒരു നിര്‍ദ്ദേശവും ഉണ്ടാകില്ല. എന്നുമാത്രമല്ല, തര്‍ക്കത്തിലെ കക്ഷികളുടെ വീര്യം നഷ്ടപ്പെടുത്താതിരിക്കാനും അവരെ അലോസരപ്പെടുത്താതിരിക്കാനും ഏറെ ശ്രദ്ധ പതിപ്പിച്ചു. അവസാനം നിയമവാഴ്ച ഉറപ്പുവരുത്തേണ്ടുന്ന ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട് എന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കും. ഇതായിരുന്നു പ്രസംഗങ്ങളുടേയും, പ്രസ്താവനകളുടേയും പൊതുരീതി. ആത്മാര്‍ത്ഥതയുടെ കണികപോലും ഇല്ലാത്ത പ്രസംഗങ്ങളായിരുന്നു ഏറിയ പങ്കും. ശിവഗിരി പ്രശ്‌നത്തിന്മേല്‍ സമൂഹത്തില്‍ വൈകാരികത ആളിക്കത്തിക്കുന്ന പ്രസ്താവനകളും നടപടികളും സംസ്ഥാനത്തൊട്ടാകെ അങ്ങേയറ്റം അസുഖകരമായ അന്തരീക്ഷം സൃഷ്ടിച്ചു. ഒക്ടോബര്‍ ആദ്യം മുതല്‍ പൊലീസ് നടപടി ഏതു ദിവസം വേണമെങ്കിലും ഉണ്ടാകാം എന്ന നിലയില്‍ പത്രവാര്‍ത്തകള്‍ വരുന്നുണ്ടായിരുന്നു. കോടതി വിധി പൊലീസ് സഹായത്തോടെ നടപ്പാക്കിയാല്‍ ശിവഗിരിയില്‍ എത്ര ഗുരുതരമായ സാഹചര്യം ഉണ്ടാകും എന്ന് വെളിവാക്കുന്നതായിരുന്നു പത്രവാര്‍ത്തകള്‍. പ്രധാന പത്രത്തില്‍ വന്ന ഒരു വാര്‍ത്ത ഇങ്ങനെ പോയി. ''പി.ഡി.പി ചെയര്‍മാന്‍, അബ്ദുള്‍ നാസര്‍ മഅ്ദനി ശിവഗിരിയില്‍ എത്തിയത് ആവേശകരമായ അനുഭവമായി. രാവിലെ മുതല്‍ പി.ഡി.പി ബാഡ്ജ് ധരിച്ച ആയിരക്കണക്കിനു വോളണ്ടിയര്‍മാര്‍ അവിടെ കര്‍മ്മനിരതരായിരുന്നു.'' അങ്ങനെ ഒരുപാട് ശക്തികള്‍ ശിവഗിരി 'സംരക്ഷണം' ഏറ്റെടുത്ത് കര്‍മ്മനിരതരായപ്പോള്‍ ഹൈക്കോടതി ഉത്തരവ് നടപ്പാക്കുക എന്നത് സമാനതകളില്ലാത്ത വെല്ലുവിളിയാണെന്നു വ്യക്തമായിരുന്നു. ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്ന ഘട്ടം അനിവാര്യമാണെന്ന് സൂചന ലഭിച്ചപ്പോള്‍ത്തന്നെ പൊലീസിന്റെ ഭാഗത്തു നിന്ന് പ്രാഥമികമായ തയ്യാറെടുപ്പുകള്‍ തുടങ്ങിയിരുന്നു. ഭാരിച്ച ആ ഉത്തരവാദിത്വം നിര്‍വ്വഹിക്കേണ്ടിയിരുന്നത് തിരുവനന്തപുരം റൂറല്‍ പൊലീസ് ആയിരുന്നു. ശിവഗിരിയുടെ പ്രാധാന്യം കണക്കിലെടുത്ത് ഒരുപാട് ചര്‍ച്ചകളും അവലോകനങ്ങളും തലസ്ഥാനത്ത് നടന്നു. പൊലീസ് ആസ്ഥാനത്തും ഐ.ജിയുടെ ഓഫീസിലും വളരെ സൂക്ഷ്മതയോടെ വിശദമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നു. ചില അവസരങ്ങളില്‍ ഞാനും അതില്‍ സന്നിഹിതനായിരുന്നിട്ടുണ്ട്. ശിവഗിരിയുടെ പ്രാധാന്യത്തെക്കുറിച്ച് വ്യക്തമായ ധാരണ എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഉണ്ടായിരുന്നു. തലപ്പത്ത് ഇതിന് നേതൃത്വപരമായ ഉത്തരവാദിത്വമുള്ള ഡി.ജി.പി കെ.വി. രാജഗോപാലന്‍ നായര്‍ മുതല്‍ താഴോട്ട് ജില്ലാ തലത്തില്‍ പൊലീസ് നടപടികളുടെ ചുമതലയുള്ള തിരുവനന്തപുരം റൂറല്‍ എസ്.പി ശങ്കര്‍റെഡ്ഡിവരെയുള്ള ഉദ്യോഗസ്ഥരെല്ലാം പൊതുവേ ശാന്തപ്രകൃതമുള്ളവരായിരുന്നു. ഏതു പ്രശ്‌നവും 'അടിച്ചൊതുക്കിക്കളയാം' എന്ന് വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും വിളംബരം ചെയ്യുന്ന ചില ഐ.പി.എസ് കഥാപാത്രങ്ങളെ മലയാള സിനിമയില്‍ സുരേഷ്‌ഗോപി അനശ്വരമാക്കിയിട്ടുണ്ടല്ലോ. അതിന് നേര്‍വിപരീതമായിരുന്നു ശിവഗിരി പ്രശ്നത്തിന്റെ ഭാരം തലയില്‍ വീണ ശങ്കര്‍റെഡ്ഡി. 

അവസാനം അനിവാര്യമായതുതന്നെ സംഭവിച്ചു. ശിവഗിരിയില്‍ ഹൈക്കോടതി വിധി അനുസരിച്ച് അധികാര കൈമാറ്റത്തിന് പൊലീസ് സംരക്ഷണം നല്‍കുകതന്നെ ചെയ്തു. തിരുവനന്തപുരം കളക്ടര്‍ അരുണാ സുന്ദര്‍രാജന്റേയും റൂറല്‍ എസ്.പി. ശങ്കര്‍റെഡ്ഡിയുടേയും നേതൃത്വത്തില്‍ ആയിരുന്നു അത് നടപ്പാക്കിയത്. തിരുവനന്തപുരം സിറ്റിയില്‍ ശിവഗിരിയിലെ സംഭവവികാസങ്ങളുടെ പ്രത്യാഘാതങ്ങള്‍ക്ക് ഞങ്ങള്‍ സന്നദ്ധമായിരുന്നു. ശിവഗിരിയിലെ സംഭവങ്ങള്‍ ഞാന്‍ വയര്‍ലെസ്സിലൂടെ തല്‍സമയം മനസ്സിലാക്കുന്നുണ്ടായിരുന്നു. ശിവഗിരിയിലെ നിയമപരമായ തര്‍ക്കം സന്ന്യാസി സമൂഹത്തിനുള്ളിലായിരുന്നുവെങ്കിലും 'ശിവഗിരി സംരക്ഷണം' എന്ന പേരില്‍ അവിടെ എത്തിച്ചേര്‍ന്ന ശക്തികള്‍ വ്യത്യസ്ത സ്വഭാവമുള്ളവരായിരുന്നു. പല ശക്തികളും അക്രമണോത്സുകരായിരുന്നു. അതുകൊണ്ടുതന്നെ വിധി നടപ്പാക്കല്‍ പൊലീസുമായുള്ള രൂക്ഷമായ ഏറ്റുമുട്ടലിലേയ്ക്ക് നയിച്ചു. ഇരുഭാഗത്തും കുറേ പേര്‍ക്ക് പരിക്കേറ്റു. സന്ന്യാസിമാരെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു എന്നൊക്കെ പ്രചരണമുണ്ടായിരുന്നുവെങ്കിലും തലസ്ഥാനത്ത് ആ ദിവസം കാര്യമായ സംഘര്‍ഷത്തിന്റെ ലക്ഷണമൊന്നും കണ്ടില്ല. അന്നുച്ചയോടെ ഇന്റലിജെന്‍സ് മേധാവിയായിരുന്ന കൃഷ്ണമൂര്‍ത്തിസാര്‍ എന്നെ വിളിച്ചു. ഡല്‍ഹിയിലായിരുന്ന മുഖ്യമന്ത്രി എ.കെ. ആന്റണി അന്ന് വൈകുന്നേരം തിരുവനന്തപുരത്തേയ്ക്ക് മടങ്ങുന്നുണ്ടായിരുന്നു. എയര്‍പോര്‍ട്ടില്‍ വച്ചുതന്നെ നേരിട്ട് അദ്ദേഹത്തെ കണ്ട് ശിവഗിരിയിലെ സംഭവവികാസങ്ങള്‍ അറിയിക്കാന്‍ എന്നെ ചുമതലപ്പെടുത്തി. അധികം വൈകാതെ വിമാനത്താവളത്തിനുള്ളില്‍ ഞാന്‍ മുഖ്യമന്ത്രിയെ കാത്തുനിന്നു. അദ്ദേഹം എയര്‍പോര്‍ട്ട് ബില്‍ഡിങ്ങില്‍ എത്തിയയുടനെ ഞാന്‍ അടുത്തെത്തി. ''സാര്‍, ശിവഗിരിയില്‍ ചില അനിഷ്ട സംഭവങ്ങള്‍ ഉണ്ടായി'' എന്നാണ് പറഞ്ഞുതുടങ്ങിയത്. അദ്ദേഹം ഉടന്‍ ചോദിച്ചു: ''ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയോ?'' നടപ്പാക്കി എന്ന് പറഞ്ഞശേഷം അവിടെ ഉണ്ടായ അനിഷ്ടസംഭവങ്ങള്‍ ചുരുക്കിപ്പറഞ്ഞു. പൊലീസിന് കടുത്ത എതിര്‍പ്പ് നേരിടേണ്ടിവന്നതും അക്രമവും പൊലീസിന്റെ ബലപ്രയോഗവും എല്ലാം സൂചിപ്പിച്ചു. കൂട്ടത്തില്‍ ഇരുഭാഗത്തും പരിക്കുപറ്റിയിട്ടുണ്ടെന്നും പറഞ്ഞു. ശ്രദ്ധയോടെ കേട്ടശേഷം ''അക്രമമുണ്ടായാല്‍ പിന്നെ എന്തുവഴി'' എന്നുമാത്രം അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് എയര്‍പോര്‍ട്ടില്‍നിന്നും ഓഫീസിലേയ്ക്കുള്ള യാത്രാമദ്ധ്യേ എന്തെങ്കിലും പ്രതിഷേധമോ പ്രകടനമോ ഉണ്ടാകുമോ എന്ന കരുതല്‍ സിറ്റിയിലുണ്ടായിരുന്നുവെങ്കിലും ഒന്നും സംഭവിച്ചില്ല. 

എകെ ആന്റണി
എകെ ആന്റണി

പൊതുവേ മാധ്യമങ്ങളിലൂടെയും പ്രസ്താവനകളിലൂടെയും മറ്റും സൃഷ്ടിക്കപ്പെട്ട പ്രതീതിയുടെ വെളിച്ചത്തില്‍ ഞങ്ങള്‍ കരുതിയപോലുള്ള ഒരു പ്രതികരണവും അന്ന് സിറ്റിയില്‍ കണ്ടില്ല. തൊട്ടടുത്ത ദിവസം സംസ്ഥാന വ്യാപകമായി ഹര്‍ത്താലും ബന്ദും എല്ലാം പല സംഘടനകളും പ്രഖ്യാപിച്ചിരുന്നു. അന്ന് സംസ്ഥാനത്ത് പലേടത്തും ചില അക്രമങ്ങളും പൊലീസ് ലാത്തിച്ചാര്‍ജ്ജും മറ്റും ഉണ്ടായി. എങ്കിലും അപൂര്‍വ്വം ചില പ്രകടനങ്ങളൊഴിച്ചാല്‍ തിരുവനന്തപുരം സിറ്റിയില്‍ അക്രമസംഭവങ്ങളൊന്നും ഉണ്ടായില്ല. 

പൊലീസ് പ്രതിക്കൂട്ടില്‍ 

ഹൈക്കോടതി വിധി നടപ്പിലാക്കിയതോടെ ശിവഗിരിപ്രശ്‌നം സൃഷ്ടിച്ച വലിയ തലവേദനയില്‍ നിന്നും തല്‍ക്കാലം പൊലീസിനു മോചനം കിട്ടുമെന്ന് ആരെങ്കിലും കരുതിയെങ്കില്‍ അതു തെറ്റി. അടിസ്ഥാനപരമായി പ്രശ്‌നം സൃഷ്ടിച്ചത് ശിവഗിരി സന്ന്യാസി സമൂഹത്തിലെ പ്രശ്‌നങ്ങളും അധികാരത്തര്‍ക്കവും അതിന്മേല്‍ ഉണ്ടായ കോടതിവിധിയും വിധി നടപ്പാക്കുന്നതില്‍ കോടതി അലക്ഷ്യത്തിന്റെ ഭീഷണി ഉയര്‍ത്തി ഹൈക്കോടതി തന്നെ എടുത്ത ഉറച്ച നിലപാടുമാണ്. പക്ഷേ, പൊലീസ് നടപടി കഴിഞ്ഞപ്പോള്‍ വിഷയത്തിന്റെ സ്വഭാവം മാറി. പിന്നെ പൊലീസ് ഉദ്യോഗസ്ഥര്‍ മാത്രമായി പ്രതിക്കൂട്ടില്‍. സംസ്ഥാനതല ഹര്‍ത്താലും ബന്ദും കഴിഞ്ഞിട്ടും പ്രതിഷേധത്തിന്റെ അന്തരീക്ഷം തണുത്തില്ല. അതു തണുക്കില്ലെന്നും വ്യക്തമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അധികം അകലെ ആയിരുന്നില്ല. ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ വേണ്ടിയുള്ള പൊലീസ് നടപടി ആയതുകൊണ്ട് ജുഡീഷ്യല്‍ അന്വേഷണം ഉണ്ടാകില്ലെന്ന് ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കരുതി. കടുത്ത സമ്മര്‍ദ്ദത്തിലായ സര്‍ക്കാര്‍ ഒരു ഹൈക്കോടതി ജഡ്ജിയെക്കൊണ്ട് പൊലീസിനും സര്‍ക്കാരിനും എതിരായ എല്ലാ ആക്ഷേപങ്ങളെക്കുറിച്ചും ജുഡിഷ്യല്‍ അന്വേഷണം നടത്താമെന്ന് പ്രഖ്യാപിച്ചു. പക്ഷേ, പിന്നെയും പ്രതിഷേധം പൊലീസിനു പലവിധ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. അതു കൂടുതലായി അഭിമുഖീകരിച്ചത് തലസ്ഥാന നഗരം തന്നെയാണ്. 

ഈ പ്രതിഷേധം വ്യക്തിപരമായി എനിക്ക് അല്പം അസൗകര്യം സൃഷ്ടിച്ചതോര്‍ക്കുന്നു. അതൊരു അവധി പ്രശ്‌നമായിരുന്നു. പൊലീസ് ജോലിയില്‍ അപൂര്‍വ്വമായേ ഞാന്‍ അവധി എടുത്തിരുന്നുള്ളു. വലിയ അത്യാവശ്യം ഒന്നും ഉണ്ടായിട്ടുമില്ല. എന്നാല്‍ ഡി.സി.പി ആയി ജോലി നോക്കുമ്പോള്‍ ആദ്യമായി ഒരവധി മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് അനുമതിയും വാങ്ങിയിരുന്നു. ഡിസംബര്‍ അവസാനത്തോടെ, നാലുദിവസം ആയിരുന്നു അവധി. എന്റെ ദൗര്‍ഭാഗ്യത്തിന് ആ ഡിസംബര്‍ 28-ന് തലസ്ഥാനത്ത് ശിവഗിരി ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഒരു 'മഹാ പ്രതിഷേധം' പ്രഖ്യാപിച്ചു. തലസ്ഥാനം ഒരുപാട് പ്രതിഷേധ ജ്വാലകള്‍ കണ്ടിട്ടുള്ളതാണ്. അതുകൊണ്ട് എന്റെ അസാന്നിദ്ധ്യം പ്രശ്‌നമാകില്ല എന്ന് എനിക്കുറപ്പുണ്ടായിരുന്നു. പക്ഷേ, എന്റെ മേലുദ്യോഗസ്ഥര്‍ അങ്ങനെ കരുതിയില്ല. അവധി റദ്ദാക്കാനാവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം എന്നാണ് പറഞ്ഞത്. 28-ന്റെ പരിപാടികളില്‍ സര്‍ക്കാരിനു വലിയ ഉല്‍ക്കണ്ഠയുണ്ടത്രെ. അവധി ഇല്ലാതായപ്പോള്‍, പ്രതീക്ഷിച്ച ചോക്കളേറ്റ് നഷ്ടപ്പെട്ട കുട്ടിയെ പ്പോലെ കടുത്ത വിഷമം തോന്നി, അല്പ നേരത്തേയ്ക്കു മാത്രം. 

അബ്ദുൽ നാസർ മദനി
അബ്ദുൽ നാസർ മദനി

ഡിസംബര്‍ 28, സര്‍ക്കാരിനും പൊലീസിനും വലിയ വെല്ലുവിളി ഉയര്‍ത്തി. നിയമവാഴ്ചയുള്ള സമൂഹത്തില്‍ ഹൈക്കോടതി വിധി നടപ്പാക്കാനുള്ള പൊലീസ് ഇടപെടല്‍ അസാധാരണമല്ല. പൊലീസ് ഇടപെടലിനെ ചെറുക്കാന്‍ ഏതെല്ലാം ശക്തികള്‍ എന്തെല്ലാം സന്നാഹങ്ങള്‍ നടത്തിയിരുന്നുവെന്നു പത്രറിപ്പോര്‍ട്ടുകളില്‍നിന്നൊക്കെ വ്യക്തമായിരുന്നു. ആ സാഹചര്യങ്ങള്‍ വസ്തുനിഷ്ഠമായി വീക്ഷിക്കുകയാണെങ്കില്‍ ശിവഗിരിയില്‍ ഉണ്ടായ അനിഷ്ടസംഭവങ്ങള്‍ക്ക് നീതീകരണം തോന്നാം. പക്ഷേ, വൈകാരികമായ ഒരു വിഷയത്തില്‍, കടുത്ത ഭിന്നത സന്ന്യാസി സമൂഹത്തില്‍ത്തന്നെ ഉടലെടുത്ത ഒരു വിഷയത്തില്‍ രാഷ്ട്രീയവും സാമൂഹ്യവുമായി ഭിന്ന താല്പര്യങ്ങള്‍ ഏറ്റുമുട്ടുമ്പോള്‍ സര്‍ക്കാരും പൊലീസും കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി. നിയമത്തിലെ ശരി സാമൂഹ്യമായി വിമര്‍ശനവിധേയമാകാം; നമ്മുടെ ജനാധിപത്യത്തിന്റെ അവസ്ഥയില്‍ രാഷ്ട്രീയമായി തെറ്റുമാകാം. അങ്ങനെ സങ്കീര്‍ണ്ണ ഘടകങ്ങള്‍ ഒരുമിച്ച് ചേര്‍ന്നപ്പോള്‍ ശിവഗിരിയിലെ പൊലീസ് നടപടി കടുത്ത സര്‍ക്കാര്‍വിരുദ്ധ വികാരം ചില സാമൂഹ്യ ഇടങ്ങളില്‍ സൃഷ്ടിച്ചു എന്നത് യാഥാര്‍ത്ഥ്യമാണ്. ആ വികാരം ഡിസംബര്‍ 28-ന് തലസ്ഥാനത്ത് പ്രതിഫലിച്ചാല്‍ എന്താകും സ്ഥിതി? അതായിരുന്നു പൊലീസിനു മുന്നിലെ വെല്ലുവിളി.

തലസ്ഥാനത്ത് ഡിസംബര്‍ 28-ന് ഒരു ലക്ഷം പ്രതിഷേധക്കാര്‍ അണിനിരക്കും എന്നാണ് സംഘാടകര്‍ അവകാശപ്പെട്ടത്. അതിന്റെ പത്തിലൊന്ന് ആളുകള്‍ ഒത്തുകൂടിയാല്‍പ്പോലും സംഘാടകരുടെ സഹകരണമില്ലെങ്കില്‍ വലിയ അക്രമങ്ങളിലേയ്ക്കും ഗുരുതരമായ ക്രമസമാധാന പ്രശ്‌നങ്ങളിലേയ്ക്കും നയിക്കാം. അതാണ് അനുഭവം. ഇവിടെ സംഘാടനം തന്നെ ഏതെങ്കിലും പ്രധാന രാഷ്ട്രീയപ്പാര്‍ട്ടി ഒന്നുമല്ല; ദീര്‍ഘകാലമായി പ്രവര്‍ത്തിച്ച് പരിചയമുള്ള സാമൂഹ്യ സംഘടന പോലുമല്ല. വ്യത്യസ്ത സാമൂഹ്യ, രാഷ്ട്രീയ പശ്ചാത്തലമുള്ള വ്യക്തികള്‍ ഒരു വികാരത്തിന്മേല്‍ ഒത്തുചേരുമ്പോള്‍ അവരെ നിയന്ത്രിക്കുന്ന സംഘടനാ സംവിധാനം ഇല്ലെങ്കില്‍ അത് വെറുമൊരു ആള്‍ക്കൂട്ടം മാത്രമായി മാറും. നിയന്ത്രണമില്ലാത്ത സംഘബലം തലസ്ഥാനത്ത് എങ്ങനെ സമാധാനപരമായി പ്രതിഷേധിക്കും? 

വിപുലമായ പ്രചരണമാണ് സംഘാടകര്‍ നടത്തിയത്. കണ്ണൂര്‍, ഇടുക്കി, കന്യാകുമാരി എന്നീ ജില്ലകളില്‍നിന്ന് മൂന്ന് വാഹനജാഥകള്‍ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വലിയ പ്രചാരണം തുടങ്ങി. വലിയ പാരമ്പര്യമുള്ള ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ക്കുള്ളിലെ ചേരിതിരിവ് ഡിസംബര്‍ 28-ന്റെ പരിപാടിയെ കലുഷിതമാക്കാനുള്ള സാദ്ധ്യതയുണ്ടായിരുന്നു. സംഘര്‍ഷ സാദ്ധ്യത ചൂണ്ടിക്കാണിച്ച് പ്രവര്‍ത്തകരെ പ്രതിഷേധത്തില്‍നിന്നു പിന്തിരിപ്പിക്കാന്‍ പലരും ശ്രമിക്കുന്നതായി ചില സംഘാടകര്‍ തന്നെ പ്രസ്താവിച്ചു.

ഡിസംബര്‍ 28-ന്റെ വെല്ലുവിളി കൈകാര്യം ചെയ്യുന്നതിന് മുഖ്യമന്ത്രി എ.കെ. ആന്റണി നേരിട്ട് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ശിവഗിരിയിലെ പൊലീസ് നടപടിയില്‍ പല കോണുകളില്‍ നിന്നുമുള്ള വിമര്‍ശനങ്ങളുടെ നടുക്കായിരുന്നു അദ്ദേഹം. അതിനിടയില്‍ തലസ്ഥാനത്ത്, സെക്രട്ടേറിയേറ്റിനു മുന്നിലൂടെയുള്ള ജാഥയ്ക്കു നേരെ പൊലീസ് ബലപ്രയോഗമുണ്ടായാല്‍ അതിന്റെ ആഘാതം എങ്ങനെ താങ്ങാനാകും? ഒരു കാരണവശാലും ഡിസംബര്‍ 28-ന് പൊലീസ് ബലപ്രയോഗമുണ്ടാകരുത് എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പൊലീസ് പരമാവധി സംയമനം പാലിച്ചാലും വലിയ തോതില്‍ പ്രകോപനം തുടര്‍ന്നാല്‍ എന്തുചെയ്യും എന്നത് വലിയ പ്രശ്‌നമായിരുന്നു. വലിയ അക്രമം ഉണ്ടായാലും നടപടി എടുക്കാതിരുന്നാല്‍ പൊലീസ് നിഷ്‌ക്രിയത്വം എന്ന ആക്ഷേപം ഉയരും. എന്ത് അക്രമത്തിനു മുതിര്‍ന്നാലും പൊലീസ് ഇടപെടില്ല എന്ന തോന്നല്‍ തന്നെ കൂടുതല്‍ അക്രമത്തിനു പ്രേരകമാകും. പക്ഷേ, മുഖ്യമന്ത്രിയുടേത് ശക്തമായ നിലപാടായിരുന്നു. 

ശങ്കർ റെ‍ഡ്ഡ‍ി
ശങ്കർ റെ‍ഡ്ഡ‍ി

അസാധാരണമായ സാഹചര്യമായിരുന്നു പൊലീസ് അഭിമുഖീകരിച്ചത്. എസ്.ഐ മുതല്‍ മുകളിലോട്ടുള്ള ഉദ്യോഗസ്ഥരുമായി പൊലീസ് സംവിധാനം ഏതു രൂപത്തിലായിരിക്കണം എന്നതിനെക്കുറിച്ച് ഞാന്‍ വിശദമായ ചര്‍ച്ച നടത്തി. സാധാരണ പ്രകോപനമുണ്ടാകുന്ന സാഹചര്യങ്ങളും അതൊഴിവാക്കാനുള്ള കരുതല്‍ നടപടികളും സംബന്ധിച്ച പ്രായോഗികമായ ആശയങ്ങള്‍ അവരില്‍നിന്നുതന്നെ വന്നു. പല ഉദ്യോഗസ്ഥര്‍ക്കും പ്രതിഷേധത്തിന്റെ സംഘാടകരുമായി നല്ല ബന്ധമുണ്ടായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരും പ്രതിഷേധത്തിന്റെ നേതൃത്വവുമായി നിരന്തരമായ ആശയവിനിമയത്തില്‍ ഏര്‍പ്പെട്ടു. അത് വളരെ പ്രയോജനം ചെയ്തു. പ്രതിഷേധജാഥ വിജയകരമാക്കുന്നതിനും സമാധാനം കൂടിയേ തീരൂ എന്ന് നേതൃത്വത്തിലെ പക്വമതികളായ പലര്‍ക്കും അറിയാമായിരുന്നു. സംസ്ഥാനത്തിന്റെ നാനാഭാഗത്തുനിന്നും ആളുകളെ സംഘടിപ്പിച്ചു കൊണ്ടുവന്നശേഷം ശക്തിപ്രകടനം അലങ്കോലമായാല്‍ പ്രതിഷേധസമരത്തിനു തിരിച്ചടിയാകും എന്ന ബോദ്ധ്യത്തില്‍ പൊതുവേ സംഘാടകരും സിറ്റിയിലെ പൊലീസ് ഉദ്യോഗസ്ഥരും തമ്മില്‍ നല്ല ബന്ധം സ്ഥാപിച്ചെടുക്കാന്‍ കഴിഞ്ഞു. പതിനായിക്കണക്കിനാളുകളെ തലസ്ഥാനത്ത് കൊണ്ടുവന്നശേഷം, പ്രതിഷേധം അക്രമത്തിലേയ്ക്ക് പോയാല്‍ അതിന് സംഘാടകര്‍ക്ക് ഏറ്റവും വലിയ വില നല്‍കേണ്ടിവരും എന്നും അവര്‍ക്കു മനസ്സിലായി. മികച്ച ആശയവിനിമയത്തിലൂടെ സംശയത്തിന്റെ അന്തരീക്ഷം മാറി പൊലീസും സംഘാടകരുമായി നല്ല ധാരണ ഉണ്ടാക്കാന്‍ കഴിഞ്ഞു. അത് കാര്യങ്ങള്‍ കുറേ എളുപ്പമാക്കി. വിവിധ ജില്ലകളില്‍നിന്നും വരുന്ന പ്രതിഷേധക്കാര്‍ എവിടെ തങ്ങും? വാഹനങ്ങള്‍ എവിടെ പാര്‍ക്ക് ചെയ്യണം? ജാഥ കഴിഞ്ഞ് എങ്ങനെ തിരികെ പോകണം? തുടങ്ങി എല്ലാ കാര്യങ്ങളും പരസ്പര ധാരണയോടെ തീരുമാനിച്ചു. വെള്ളയമ്പലത്തുനിന്ന് ഉച്ചയ്ക്ക് രണ്ടുമണി കഴിഞ്ഞ് ജാഥ ആരംഭിച്ച് മ്യൂസിയം ജംഗ്ഷനില്‍ സി. കേശവന്‍ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തി സെക്രട്ടേറിയേറ്റിലേയ്ക്ക് നീങ്ങാനായിരുന്നു പരിപാടി. അവിടെനിന്ന് കിഴക്കേക്കോട്ടയിലേയ്ക്ക് നീങ്ങി വൈകുന്നേരം പൊതുയോഗത്തോടെ പ്രതിഷേധം സമാപിക്കും. പ്രതിഷേധത്തിന്റെ തുടക്കം ശാന്തമായിരുന്നു. അല്പം കഴിഞ്ഞപ്പോള്‍ പ്രതീക്ഷിച്ചത്രത്തോളം പ്രതിഷേധക്കാര്‍ എത്തിയിട്ടില്ല എന്ന് ചില സംഘാടകര്‍ക്കു തോന്നി. ഓരോ സ്ഥലത്തുനിന്നും ജാഥയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പെരുപ്പിച്ച് പറയും എന്നതാണ് രീതി. പ്രതിഷേധ ജാഥയില്‍ പങ്കെടുക്കേണ്ട ഒരുപാടാളുകളെ പലേടത്തും പൊലീസ് തടഞ്ഞിരിക്കുകയാണെന്നും അവര്‍ക്ക് ജാഥയില്‍ എത്തിച്ചേരാന്‍ കഴിയുന്നില്ലെന്നും ഒരു പ്രചരണം സംഘാടകര്‍ക്കിടയില്‍ പരന്നു. അത് അവരെ അല്പം പ്രകോപിപ്പിച്ചു. എന്നാല്‍ പൊലീസ്, വയര്‍ലെസ്സിലൂടെ അന്വേഷിച്ചതില്‍ അത് ശരിയായിരുന്നില്ല. ആവശ്യമെങ്കില്‍ സംഘാടകര്‍ക്കും പൊലീസിനും ഒരുമിച്ച് ഇക്കാര്യം പരിശോധിക്കാമെന്ന് ഞാന്‍ പറഞ്ഞു. പക്ഷേ, അതൊന്നും വേണ്ടിവന്നില്ല. 

അരുണ സു​ന്ദർരാജൻ
അരുണ സു​ന്ദർരാജൻ

ജാഥക്കാരുടെ ആവേശം ഏറ്റവും തീവ്രമായി അനുഭവപ്പെട്ട സെക്രട്ടേറിയേറ്റിനു മുന്നിലായിരുന്നു എന്റെ സ്ഥാനം. തുടക്കം മുതല്‍ ഒടുക്കം വരെ പൊലീസ് ജാഗ്രത പുലര്‍ത്തി. കൊച്ച് കൊച്ച് പ്രശ്നങ്ങള്‍ അതാതിടങ്ങളിലെ ഉദ്യോഗസ്ഥര്‍ ഇടപെട്ട് പരിഹരിച്ചു. അങ്ങനെ, ഉല്‍ക്കണ്ഠ ഉയര്‍ത്തിയ തലസ്ഥാനത്തെ ഏറ്റവും വൈകാരികമായ വലിയ പ്രതിഷേധം ക്രമസമാധാന പ്രശ്‌നങ്ങളൊന്നുമില്ലാതെ പര്യവസാനിച്ചു. ശിവഗിരിയിലെ പ്രശ്‌നങ്ങളില്‍ തെരുവിലെ സംഘര്‍ഷങ്ങളുടെ ശുഭകരമായ പരിസമാപ്തി ആയി മാറി ഡിസംബര്‍ 28.

(തുടരും)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com