ഒരു 'ഭയങ്കര' സുരക്ഷാപ്രശ്നം; ഒപ്പം പൊലീസിന്റെ ഇളിഭ്യതയും

അതൊരു അസാധാരണ രാജ്ഭവന്‍ മാര്‍ച്ചായിരുന്നു. സെക്രട്ടേറിയേറ്റും നിയമസഭയുമൊക്കെയാണ് സ്ഥിരം സമരവേദികളെങ്കിലും ഗവര്‍ണ്ണറുടെ ആസ്ഥാനമായ രാജ്ഭവന്‍ സമരവേദിയാകുന്നത് തീരെ അപൂര്‍വ്വമായിരുന്നില്ല
ഒരു 'ഭയങ്കര' സുരക്ഷാപ്രശ്നം; ഒപ്പം പൊലീസിന്റെ ഇളിഭ്യതയും

തൊരു അസാധാരണ രാജ്ഭവന്‍ മാര്‍ച്ചായിരുന്നു. സെക്രട്ടേറിയേറ്റും നിയമസഭയുമൊക്കെയാണ് സ്ഥിരം സമരവേദികളെങ്കിലും ഗവര്‍ണ്ണറുടെ ആസ്ഥാനമായ രാജ്ഭവന്‍ സമരവേദിയാകുന്നത് തീരെ അപൂര്‍വ്വമായിരുന്നില്ല. മുഖ്യമായും കേന്ദ്രവിരുദ്ധ സമരങ്ങളാണ് രാജ്ഭവന്റെ മുന്നിലേയ്ക്ക് പോകാറുള്ളത്. പൊതുവേ, പൊലീസിനത് വലിയ തലവേദനയാകാറില്ല. നഗരത്തിലേയ്ക്കും പുറത്തേയ്ക്കുമുള്ള ഗതാഗതം കുറേ തടസ്സപ്പെടുമെന്നു മാത്രം. രാജ്ഭവന്റെ മുന്നിലൂടെയുള്ള പ്രധാന റോഡ് അടഞ്ഞുകിടക്കും. സമരക്കാരുടെ എണ്ണവും സമരത്തിന്റെ വീര്യവും അനുസരിച്ച് മാര്‍ഗ്ഗതടസ്സം ഭാഗികമോ സമ്പൂര്‍ണ്ണമോ ആകാം. അതു പക്ഷേ, സമരക്കാര്‍ക്കും പൊലീസിനും വിഷയമല്ല. തലവേദനയാകുന്നത് സാധാരണ ജനങ്ങള്‍ക്കു മാത്രമാണ്. അവര്‍ക്കാകട്ടെ, അത് ശീലവുമാണ്. 

പതിവില്‍നിന്നു വ്യത്യസ്തമായി ഇപ്പോഴത്തെ രാജ്ഭവന്‍ മാര്‍ച്ച് പൊലീസിനും വലിയ തലവേദന സൃഷ്ടിച്ചു. അതിനു കാരണമായത് അന്നത്തെ പഞ്ചാബ് ഗവര്‍ണ്ണറാണ്. അന്നദ്ദേഹം കേരള രാജ്ഭവനില്‍ താമസിക്കുകയായിരുന്നു. രൂക്ഷമായ ഭീകരപ്രവര്‍ത്തനത്തിന്റെ നടുവിലായിരുന്നു അന്ന് പഞ്ചാബ്. അതുകൊണ്ടുതന്നെ പഞ്ചാബ് ഗവര്‍ണ്ണറുടെ സുരക്ഷയ്ക്ക് അതീവ പ്രാധാന്യം ഉണ്ടായിരുന്നു. അന്നത്തെ ഗവര്‍ണ്ണര്‍ ബി.കെ.എന്‍ ചിബ്ബര്‍ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ കൂടിയായിരുന്നു. രാജ്ഭവന്‍ മാര്‍ച്ചിന്റെ തലേദിവസം അദ്ദേഹം സുരക്ഷാ സംവിധാനവുമായി കന്യാകുമാരി സന്ദര്‍ശനത്തിനു പോയി അവിടെ താമസിക്കുകയായിരുന്നു. അദ്ദേഹം മടങ്ങി എത്തുമ്പോള്‍ രാജ്ഭവന്‍ മാര്‍ച്ച് നടക്കുകയായിരിക്കും. പ്രതിപക്ഷ മാര്‍ച്ചിന്റെ ഭാഗമായി നൂറുകണക്കിനാളുകള്‍ ആ സമയത്ത് രാജ്ഭവന്റെ പ്രധാന ഗേറ്റിലും റോഡിലും എല്ലാം ഉണ്ടാകും. അതിനിടയില്‍ പഞ്ചാബ് ഗവര്‍ണ്ണറെ സുരക്ഷിതമായി ഉള്ളില്‍ കടത്തേണ്ടതുണ്ട്. ഞാനും രാജ്ഭവനു മുന്നിലുണ്ടായിരുന്നു. സമരത്തില്‍ പങ്കെടുക്കാന്‍ ധാരാളം ആളുകളെത്തി. അവര്‍ രാജ്ഭവന്റെ പ്രധാന ഗേറ്റും മെയിന്‍ റോഡും നിറഞ്ഞ് വെള്ളയമ്പലം ജംഗ്ഷനിലേയ്ക്ക് നീണ്ടു. കന്യാകുമാരിയില്‍നിന്നും പഞ്ചാബ് ഗവര്‍ണ്ണര്‍ രാജ്ഭവനിലേയ്ക്ക് എത്തിച്ചേരേണ്ടത് ഉച്ചയ്ക്ക് ഒരുമണിയോടെയാണ്. സാധാരണയായി ഗവര്‍ണ്ണര്‍മാരുടെ പരിപാടി വലിയ സമയ വ്യത്യാസമില്ലാതെ പാലിക്കാറുണ്ട്. കേരള രാജ്ഭവനിലെ സമരത്തിന്റെ വിവരം ഗവര്‍ണ്ണറുടെ സുരക്ഷാ ഉദ്യോഗസ്ഥനെ നേരത്തെ അറിയിച്ചു. ആ സാഹചര്യം കണക്കിലെടുത്ത് ഗവര്‍ണ്ണറുടെ വാഹനവ്യൂഹം തിരുവനന്തപുരം നഗരത്തിനോടടുക്കുമ്പോള്‍ സിറ്റിപൊലീസുമായി ബന്ധപ്പെട്ടു വേണം മുന്നോട്ടു നീങ്ങേണ്ടതെന്ന് നിര്‍ദ്ദേശിച്ചിരുന്നു. 

രാജ്ഭവനിലെ സമരം നീണ്ടുപോകുമെന്ന് തോന്നി. അതുകൊണ്ട് പഞ്ചാബ് ഗവര്‍ണ്ണറെ പ്രധാന ഗേറ്റുവഴി അകത്തേയ്ക്ക് കൊണ്ടുപോകാന്‍ ബുദ്ധിമുട്ടുണ്ടാകാം. അന്നത്തെ അന്തരീക്ഷത്തില്‍ പഞ്ചാബ് ഗവര്‍ണ്ണറുടെ സുരക്ഷാകാര്യത്തില്‍ നേരിയ വിട്ടുവീഴ്ചപോലും പാടില്ലാത്തതാണ്. അതു കൊണ്ട് അടിയന്തര ഘട്ടം വന്നാല്‍, അദ്ദേഹത്തെ രാജ്ഭവനുള്ളില്‍കൊണ്ടുപോകാന്‍ ഞങ്ങള്‍ മറ്റൊരു വഴി കൂടി കണ്ടെത്തി. സാധാരണ സ്ഥിരം അടഞ്ഞുകിടക്കുന്ന ചെറിയൊരു പ്രവേശന കവാടം മെയിന്‍ റോഡിനരികില്‍ മന്‍മോഹന്‍ ബംഗ്ലാവ് ഭാഗത്തുണ്ട്. ആവശ്യമായി വന്നാല്‍ അതുവഴി ഗവര്‍ണ്ണറുടെ വാഹനവ്യൂഹം കടത്തിവിടാം എന്നായിരുന്നു പരിപാടി. ഗവര്‍ണ്ണറെ പിന്‍വാതില്‍ വഴി കടത്തി എന്നു വേണമെങ്കില്‍ അത്യുല്‍സാഹിയായ ഒരു പത്രപ്രവര്‍ത്തകന്‍ എഴുതിയേക്കാം എന്നേ ഉള്ളൂ. സുരക്ഷയ്ക്കു മുന്നില്‍ മറ്റൊന്നും പരിഗണിച്ചില്ല. 

രാജ്ഭവൻ 
രാജ്ഭവൻ 

അങ്ങനെ രാജ്ഭവനു മുന്നിലെ സമരവും അതിനിടെ എത്തുന്ന പഞ്ചാബ് ഗവര്‍ണറുടെ രാജ്ഭവന്‍ പ്രവേശനവും സുഗമമാക്കുന്നതിനു വേണ്ട ക്രമീകരണങ്ങളുമായി ഞാനവിടെ തന്നെ നിന്നു. വി.ഐ.പികള്‍ മൂലം വലിയ കുഴപ്പത്തില്‍പ്പെട്ട പലരുടേയും അനുഭവങ്ങള്‍ മനസ്സില്‍ മിന്നി മറഞ്ഞു. അപ്രതീക്ഷിത സംഭവങ്ങള്‍ പൊലീസിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിക്കാം. ആദ്യം ഞാനതു കണ്ടത് കോഴിക്കോട് പരിശീലനകാലത്താണ്. ജില്ലയില്‍ അപ്പോഴുണ്ടായിരുന്ന മുഖ്യമന്ത്രി ഇ.കെ. നായനാര്‍ വടകരയ്ക്കടുത്തൊരു പൊതുയോഗത്തില്‍ പങ്കെടുക്കുന്നുണ്ടായിരുന്നു. ശേഖരന്‍ മിനിയോടന്‍ ആയിരുന്നു അന്ന് ജില്ലാ എസ്.പി. അദ്ദേഹത്തോടൊപ്പം കാറില്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ തൊട്ടുപിറകെ പോകുകയായിരുന്നു ഞങ്ങള്‍. ചോറോട് ഭാഗത്തുനിന്നും വടകര ടൗണിലേയ്ക്ക് മുഖ്യമന്ത്രിയുടെ വാഹനം പ്രവേശിച്ചു. തൊട്ടുപിറകേ ഞങ്ങളും. അധികം കഴിയുംമുന്‍പേ ഒരു ജാഥ ദൂരെ നിന്നും എതിരെ വരുന്നതു കണ്ടു. അതൊരു വലിയ വിദ്യാര്‍ത്ഥി പ്രകടനമായിരുന്നു. പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനയായിരുന്ന കെ.എസ്.യുക്കാരുടെ പ്രകടനമായിരുന്നുവെന്ന് മനസ്സിലായി. പെട്ടെന്ന് എസ്.പി, ''അയ്യോ, ഇത് ഭയങ്കര കുഴപ്പമായല്ലോ'' എന്ന് പറഞ്ഞു. മുഖ്യമന്ത്രിയുടെ വാഹനവും എതിരെ വരുന്ന വിദ്യാര്‍ത്ഥി ജാഥയും മുഖാമുഖം വരുമ്പോള്‍ പ്രശ്‌നമുണ്ടാകും എന്നാണ് എസ്.പിയുടെ ഉല്‍ക്കണ്ഠ. അങ്ങനെ സംഭവിച്ചിട്ടുമുണ്ട്. മുഖ്യമന്ത്രിയുടെ വാഹനം പെട്ടെന്ന് മെയിന്‍ റോഡില്‍നിന്ന് ഇടത്തോട്ട് ഏതോ ഒരു ഊടുവഴിയിലേയ്ക്ക് തിരിഞ്ഞു. മുഖ്യമന്ത്രിയോടൊപ്പം കോഴിക്കോടുനിന്നും എം.എല്‍.എ എം. ദാസന്‍ കൂടെയുണ്ടായിരുന്നു. അദ്ദേഹത്തിന് അവിടുത്തെ എല്ലാ വഴികളും അറിയാമായിരുന്നിരിക്കണം. അങ്ങനെ മുഖ്യമന്ത്രിയുടെ വാഹനം വിദ്യാര്‍ത്ഥികളുടെ ജാഥ ഒഴിവാക്കി മറ്റൊരു വഴിയേ പോയപ്പോള്‍, എസ്.പി പറഞ്ഞു: ''രക്ഷപ്പെട്ടു.'' നായനാരുടെ സ്ഥാനത്ത് പിടിവാശിക്കാരായ വല്ല മുഖ്യമന്ത്രിമാരോ മന്ത്രിമാരോ ആയിരുന്നുവെങ്കില്‍ ഇപ്പോള്‍ വലിയ പ്രശ്‌നമായേനെ എന്നും കൂട്ടിച്ചേര്‍ത്തു.

അങ്ങനെ നല്ലതും അല്ലാത്തതുമായ പല സംഭവങ്ങളും ഓര്‍ത്തുകൊണ്ട് രാജ്ഭവന്‍ ഗേറ്റിനു മുന്നില്‍ നില്‍ക്കുമ്പോള്‍ പഞ്ചാബ് ഗവര്‍ണ്ണര്‍ തമിഴ്നാട് അതിര്‍ത്തി കടന്ന് തിരുവനന്തപുരം ജില്ലയില്‍ പ്രവേശിച്ചതായി വയര്‍ലെസ്സില്‍ വിവരം കിട്ടി. തലസ്ഥാനത്തോട്ടുള്ള വാഹനവ്യൂഹത്തിന്റെ നീക്കം സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂം മനസ്സിലാക്കി രാജ്ഭവന്റെ മുന്നിലുള്ള ഞങ്ങളെ അറിയിക്കുന്നുണ്ടായിരുന്നു. ആ സമയത്ത് അവിടെ സമരം സമാധാനപരമായി മുന്നോട്ടു പോകുകയായിരുന്നു. അതുവരെ സമരക്കാര്‍ പൊലീസുമായി ഏറ്റുമുട്ടലിനൊന്നും വന്നില്ല. പക്ഷേ, അവര്‍ സമരം അവസാനിപ്പിച്ച് പിരിഞ്ഞുപോകുന്ന ലക്ഷണമൊന്നും കണ്ടതുമില്ല. അതുകൊണ്ട് പഞ്ചാബ് ഗവര്‍ണ്ണറെ രാജ്ഭവന്റെ ഉള്ളില്‍ കയറ്റുന്നതിന് മെയിന്‍ഗേറ്റ് ഒഴിവാക്കേണ്ടിവരും എന്ന് ഏതാണ്ട് വ്യക്തമായി. അതനുസരിച്ച് സാധാരണ വരുന്ന വെള്ളയമ്പലം - രാജ്ഭവന്‍ റോഡ് ഒഴിവാക്കി ശാസ്തമംഗലം, ജവഹര്‍നഗര്‍ വഴി മന്‍മോഹന്‍ ബംഗ്ലാവിനടുത്തുള്ള ഗേറ്റിലൂടെ ഉള്ളില്‍ കടത്താന്‍ പൊലീസിനെ വിന്യസിച്ചു. അഥവാ സമരം നേരത്തെ പിരിയുകയാണെങ്കില്‍ മാത്രം പ്രധാന മാര്‍ഗ്ഗത്തിലൂടെ മെയിന്‍ ഗേറ്റ് വഴിയാകാം പ്രവേശനം എന്നും തീരുമാനിച്ചു. പഞ്ചാബ് ഗവര്‍ണ്ണര്‍ നെയ്യാറ്റിന്‍കര കഴിഞ്ഞ് നഗരത്തിനോടടുത്തു തുടങ്ങിയിട്ടും സമരം അവസാനിക്കുന്നതിന്റെ ലാഞ്ഛനപോലും കണ്ടില്ല. അവസാന നിമിഷം ആശയക്കുഴപ്പം വേണ്ട എന്നു കരുതി ബദല്‍മാര്‍ഗ്ഗം തന്നെ സ്വീകരിക്കാമെന്ന് ഉറപ്പിച്ചു. അതനുസരിച്ച് ഗവര്‍ണ്ണര്‍ സ്വീകരിക്കേണ്ട യാത്രാമാര്‍ഗ്ഗം സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരേയും മറ്റു ബന്ധപ്പെട്ടവരേയും വയര്‍ലെസ്സിലൂടെ അറിയിക്കുകയും ചെയ്തു. അതില്‍ പ്രത്യേകിച്ച് തടസ്സങ്ങളോ, മറ്റ് പ്രശ്‌നങ്ങളോ ഒന്നും പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും രാജ്ഭവന്‍ പരിസരത്ത് വലിയൊരു ജനക്കൂട്ടം സമരവുമായി നിലകൊണ്ടതുകൊണ്ട് ഞങ്ങളും അവിടെ തന്നെയുണ്ടായിരുന്നു. നഗരാതിര്‍ത്തിയിലുള്ള നേമം പൊലീസ് സ്റ്റേഷന്‍ കടന്ന് കരമന ഭാഗത്തേയ്ക്ക് വരുന്നതുവരെ ഗവര്‍ണ്ണറുടെ വാഹനവ്യൂഹം എവിടെ എത്തിയെന്നുള്ള വിവരം കൃത്യമായി ലഭിക്കുന്നുണ്ടായിരുന്നു. 

ബികെഎൻ ചിബ്ബർ
ബികെഎൻ ചിബ്ബർ

ഏറിയാല്‍ അരമണിക്കൂറിനുള്ളില്‍ എല്ലാം കഴിയും എന്ന് ആശ്വസിച്ചു. എന്നാല്‍, പെട്ടെന്ന്, ആ കമ്മ്യൂണിക്കേഷന്‍ നിലച്ചു. അത് തികച്ചും അപ്രതീക്ഷിതമായിരുന്നു. ഗവര്‍ണ്ണര്‍ എവിടെവരെ എത്തി; ഞങ്ങള്‍ സുരക്ഷ ഒരുക്കിയ മാര്‍ഗ്ഗത്തിലൂടെയാണോ വരുന്നത് തുടങ്ങി ഒരു വിവരവും ഇല്ലാതായി. പൊലീസ് കണ്‍ട്രോള്‍ റൂമില്‍നിന്നും ആവര്‍ത്തിച്ച് വിളിച്ചിട്ടും ഗവര്‍ണ്ണറുടെ സുരക്ഷാ ഉദ്യോഗസ്ഥരെ കിട്ടുന്നില്ല. ദേശീയതലത്തില്‍ ഇത്രയേറെ സുരക്ഷാ ഭീഷണിയുള്ള പഞ്ചാബ് ഗവര്‍ണ്ണറുടെ നഗരത്തിലെ നീക്കം കൃത്യമായി അറിയേണ്ടതാണ്. എന്തെങ്കിലും ആശയക്കുഴപ്പം മൂലം ഗവര്‍ണ്ണര്‍ രാജ്ഭവന്‍ മെയിന്‍ ഗേറ്റിനു മുന്നിലെ സമരക്കാരുടെ ഇടയില്‍ വന്നുപെട്ടാല്‍ അതും വലിയ പ്രശ്‌നമാണ്. എന്തുകൊണ്ട് വയര്‍ലെസ്സില്‍ വിവരം കിട്ടുന്നില്ല എന്നും വ്യക്തമായില്ല. മിനിട്ടുകള്‍ നീണ്ടുപോകുന്തോറും ഞങ്ങളുടെ ഉല്‍ക്കണ്ഠ വര്‍ദ്ധിച്ചു. നഗരത്തിനുള്ളില്‍ പ്രവേശിച്ച സമയം നോക്കുമ്പോള്‍ ഗവര്‍ണ്ണറുടെ വാഹനവ്യൂഹം രാജ്ഭവനില്‍ എത്തേണ്ട സമയമായി. പക്ഷേ, ഗവര്‍ണ്ണറെ കണ്ടില്ല. അദ്ദേഹത്തോടൊപ്പം സുരക്ഷാ ഉദ്യോഗസ്ഥരുണ്ടെങ്കിലും, ഈ സാഹചര്യം ഞങ്ങള്‍ക്ക് വലിയ ആശങ്ക സൃഷ്ടിച്ചു. പഞ്ചാബ് ഗവര്‍ണ്ണറെ കാണാനില്ലെന്ന് വയര്‍ലെസ്സില്‍ പറയാനും പറ്റില്ലല്ലോ. അതിനിടെ അപ്രതീക്ഷിതമായി ഒരു സന്ദേശം വന്നു: ''ഗവര്‍ണ്ണറുടെ വാഹനം പൊലീസ് ആസ്ഥാനത്തേക്കു കയറിപ്പോയി.'' അത്രയും ആശ്വാസം എന്നാദ്യം തോന്നി; പക്ഷേ, അങ്ങനെ സംഭവിക്കാന്‍ പാടില്ലല്ലോ എന്നും തോന്നാതിരുന്നില്ല. വല്ല സുരക്ഷാപ്രശ്നവും മൂലം ഗവര്‍ണ്ണറെ സുരക്ഷിതമെന്നു കരുതിയ കെട്ടിടത്തില്‍ എത്തിച്ചതാണോ? എന്താണ് സംഭവിച്ചതെന്നു മനസ്സിലാക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അടുത്ത സന്ദേശം വന്നു. പൊലീസ് ആസ്ഥാനത്തേയ്ക്ക് ഒരു സ്റ്റേറ്റ് കാര്‍ കയറിപ്പോയത് ശരിയായിരുന്നുവെങ്കിലും ഗവര്‍ണ്ണര്‍ അതിലില്ലായിരുന്നു. അതോടെ ഉല്‍ക്കണ്ഠ പാരമ്യത്തിലായി. എന്താണ് സംഭവിച്ചതെന്നു മനസ്സിലാക്കാന്‍ തീവ്രശ്രമം നടത്തിക്കൊണ്ടിരിക്കുന്നതിനിടയില്‍ ഗവര്‍ണ്ണറുടെ വാഹനം ഞങ്ങളുദ്ദേശിച്ച ഗേറ്റിനു മുന്നില്‍ പ്രത്യക്ഷപ്പെട്ട് സുഗമമായി അകത്തു കടന്നു.
 
രാജ്ഭവനിലെത്തിയ പഞ്ചാബ് ഗവര്‍ണ്ണര്‍ അതീവ സന്തുഷ്ടനായിരുന്നു. അനിഷ്ട സംഭവമൊന്നും ഉണ്ടായിട്ടില്ലെന്നു വ്യക്തം. അപ്രത്യക്ഷമായ ആ സമയം സംഭവിച്ചത് കൗതുകകരമായിരുന്നു. സുരക്ഷാക്കവചങ്ങളില്‍ ശ്വാസംമുട്ടി ജീവിക്കുകയായിരുന്നല്ലോ പഞ്ചാബ് ഗവര്‍ണ്ണര്‍. കേരളത്തില്‍ അദ്ദേഹം വന്നത് വലിയ വാര്‍ത്താ ശ്രദ്ധയില്ലാത്ത സ്വകാര്യ സന്ദര്‍ശനമായിരുന്നു. ആ അവസ്ഥയില്‍ ഇവിടെ വലിയ സുരക്ഷാഭീഷണി ഒന്നുമില്ലെന്ന് അദ്ദേഹം കരുതിയിരുന്നിരിക്കണം. സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാന്‍ ഏതു മനുഷ്യനും ആഗ്രഹിക്കുമല്ലോ. അദ്ദേഹം തിരുവനന്തപുരം നഗരാതിര്‍ത്തിയില്‍ പ്രവേശിച്ചശേഷം നേരെ രാജ്ഭവനിലേയ്ക്ക് വന്നില്ല. കിഴക്കേക്കോട്ട ഭാഗത്തേയ്ക്ക് വന്നിട്ട് കടകമ്പോളങ്ങള്‍ കണ്ടു. കൂട്ടത്തില്‍ കേരളീയമായ ചില കൗതുകവസ്തുക്കള്‍ വാങ്ങുകയും ചെയ്തു. ഒരിടത്തുനിന്ന് വെറ്റിലയും മുറുക്കാനും കൂടി വാങ്ങിയത്രേ. പഞ്ചാബില്‍ അന്ന് സാദ്ധ്യമല്ലാത്ത ഈ സ്വാതന്ത്ര്യം അദ്ദേഹം വിനിയോഗിച്ചപ്പോള്‍ പബ്ലിസിറ്റി ഒഴിവാക്കാന്‍ വയര്‍ലെസ്സിലും ഒന്നും പറയേണ്ടതില്ലെന്ന് എ.ഡി.സിയോട് നിര്‍ദ്ദേശിച്ചു. ഗവര്‍ണ്ണര്‍ അങ്ങനെ സ്വതന്ത്രനായപ്പോള്‍, കുറേ നേരമെങ്കിലും സംഘര്‍ഷത്തിലായത് ഞങ്ങളാണ്. സംഭവം ശുഭകരമായി അവസാനിച്ചപ്പോള്‍ ഞങ്ങള്‍ക്കും ആശ്വാസമായി. ഭാഗ്യത്തിന് ഇക്കാര്യം അതുമായി ബന്ധപ്പെട്ട ഏതാനും ഉദ്യോഗസ്ഥര്‍ മാത്രമേ അറിഞ്ഞിരുന്നുള്ളു എന്നതുകൊണ്ട് സംഭവം തൊട്ടടുത്ത ദിവസം മാധ്യമങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. വലിയ സുരക്ഷയുള്ള പല വി.ഐ.പികളും കേരളത്തിലെത്തുമ്പോള്‍ ഇത്തരം ചില നിരുപദ്രവകരമെന്ന് അവര്‍ കരുതുന്ന സുരക്ഷ നിര്‍ദ്ദേശങ്ങളുടെ വ്യതിയാനങ്ങള്‍ വരുത്താറുണ്ടെന്നു തോന്നുന്നു. അക്കാലത്തുതന്നെ കേരളത്തില്‍ വന്നിട്ടുള്ള മന്ത്രി രാജേഷ് പൈലറ്റ് വാഹനങ്ങള്‍ സ്വന്തമായി ഓടിക്കുന്നതില്‍ അതീവ തല്പരനായിരുന്നു. അക്കാലത്ത് അദ്ദേഹം ആഭ്യന്തര സുരക്ഷയുടെ ചുമതലയുള്ള കേന്ദ്രമന്ത്രിയായിരുന്നു. തിരുവനന്തപുരത്തുനിന്ന് കന്യാകുമാരിയിലേയ്ക്ക് പോകുമ്പോള്‍ സുരക്ഷ കരുതി ബുള്ളറ്റ്പ്രൂഫ് കാറിലാണ് അദ്ദേഹത്തിന്റെ യാത്ര. അതോടിക്കുന്നതില്‍ പ്രത്യേകം വൈദഗ്ദ്ധ്യമുള്ള ഏതാനും പൊലീസ് ഡ്രൈവര്‍മാരും ഉണ്ടായിരുന്നു. പക്ഷേ, യാത്ര തുടങ്ങിക്കഴിയുമ്പോള്‍ മന്ത്രി തന്നെ ഡ്രൈവറുടെ ജോലി ഏറ്റെടുക്കും. എയര്‍ഫോഴ്സില്‍ പൈലറ്റായിരുന്ന രാജേഷ് പൈലറ്റ് അത് ആസ്വദിച്ചിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം ജയ്പൂരിനടുത്ത് റോഡപകടത്തില്‍ അകാലത്തില്‍ അദ്ദേഹം മരണമടഞ്ഞപ്പോള്‍ ഞാന്‍ ഇതോര്‍ത്തു. 

ഇകെ നായനാർ
ഇകെ നായനാർ

പഞ്ചാബ് ഗവര്‍ണ്ണറുടെ താല്‍ക്കാലിക തിരോധാനം ശ്രദ്ധിക്കപ്പെടാതെ അവസാനിച്ചു എന്ന് കരുതിയിരിക്കുമ്പോള്‍ പ്രത്യക്ഷപ്പെട്ട ഒരു വാര്‍ത്ത എന്നെ ഞെട്ടിച്ചു. പ്രധാന പത്രങ്ങളിലൊന്നുമായിരുന്നില്ലെങ്കിലും ഒന്നാം പേജില്‍ ഗുരുതരമായ സുരക്ഷാവീഴ്ച എന്ന തലക്കെട്ടോടെ ആയിരുന്നു വാര്‍ത്ത. അതു വായിച്ചപ്പോള്‍ എന്നെ അമ്പരപ്പിച്ചത് ആ വാര്‍ത്തയുടെ ഉള്ളടക്കമായിരുന്നു. അനിശ്ചിതത്വവും ആശങ്കയും മുറ്റിനിന്ന ആ സമയത്തെ പൊലീസ് നടപടികള്‍ മുഴുവന്‍ ഏതാണ്ടൊരു ദൃക്സാക്ഷി വിവരണം പോലെ വാര്‍ത്തയില്‍ പ്രതിഫലിച്ചു. എല്ലാമറിയുന്ന ഏതോ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെ മുഴുവന്‍ കാര്യങ്ങളും ആ റിപ്പോര്‍ട്ടര്‍ക്ക് നല്‍കിയതാണെന്നു വ്യക്തം. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ് ആ ലേഖകന്‍ മറ്റൊരു കാര്യത്തിന് എന്നെ ഫോണ്‍ ചെയ്തപ്പോള്‍ ഞാനയാളെ അഭിനന്ദിച്ചു, മറ്റാര്‍ക്കും കിട്ടാത്ത ഒരു വാര്‍ത്ത പൊലീസില്‍നിന്ന് ചോര്‍ത്തിയതിന്. വാര്‍ത്താ ചോര്‍ത്തലുകള്‍ നിര്‍ദ്ദോഷകരമല്ല. ചോര്‍ത്തല്‍ കേന്ദ്രത്തിന് ഒരു ലക്ഷ്യമുണ്ടായിരിക്കും. എന്നാല്‍, ഈ ചോര്‍ത്തല്‍ കേന്ദ്രം ഇന്റലിജെന്‍സ് ആയിരുന്നുവെന്നും ലക്ഷ്യം ഞാനായിരുന്നുവെന്നും ആ ലേഖകന്‍ പറഞ്ഞപ്പോള്‍ അത് കൗതുകകരമായി തോന്നി. വാര്‍ത്തയ്ക്കു പിന്നിലെ പ്രൊഫഷണല്‍ മികവ് ഉന്നതമായിരുന്നു. ആ പത്രത്തിനു കാര്യമായ സര്‍ക്കുലേഷന്‍ ഇല്ലാത്തതുകൊണ്ടോ എന്തോ അതേതായാലും കൂടുതല്‍ പ്രശ്നങ്ങള്‍ പൊലീസിനു സൃഷ്ടിച്ചില്ല.

വ്യക്തിപരമായി മാധ്യമപ്രവര്‍ത്തകരോട് പുലര്‍ത്തിയിരുന്ന ആരോഗ്യകരമായ ബന്ധം തിരുവനന്തപുരത്ത് ഏറെ പ്രയോജനകരമായിരുന്നു. നിര്‍ണ്ണായകമായ പല വിവരങ്ങളും യഥാസമയം ലഭിക്കുന്നതിന് അത് സഹായിച്ചു. തന്മൂലം പല വിഷയങ്ങളിലും കാര്യക്ഷമമായി ഇടപെടാനും കഴിഞ്ഞു. ഒരു സംഭവം എടുത്തുപറയേണ്ടതാണ്. അക്കാലത്ത് പാലക്കാട് കളക്ടര്‍ ഡബ്ല്യു.ആര്‍. റെഡ്ഡിയെ ബന്ധിയാക്കിയ സംഭവം സംസ്ഥാനത്തിന്റെ ആകെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. അതിന്മേല്‍ സംസ്ഥാന ഗവണ്‍മെന്റിനും പൊലീസിനും ഏറെ പഴി കേള്‍ക്കേണ്ടിവന്നു. അത് വലിയ വിവാദമായി മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. എങ്കിലും ബന്ദി സംഭവത്തിലെ പ്രതികളായ നാല്‍വര്‍ സംഘം അറസ്റ്റിലായി കഴിഞ്ഞിരുന്നില്ല. അതൊരു വലിയ ആക്ഷേപമായി മുന്നില്‍ നില്‍ക്കുകയായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം രാവിലെ ഒരു പത്രപ്രവര്‍ത്തക സുഹൃത്ത് എന്നെ വിളിച്ചു. മുകുന്ദന്‍ സി. മേനോന്‍ എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ തൊട്ടടുത്ത ദിവസം തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ ഒരു പത്രസമ്മേളനം വിളിച്ചിട്ടുണ്ടെന്നും അവിടെ എന്തോ ഒരു 'ബോംബ് പൊട്ടിക്കും' എന്ന് അറിയുന്നതായി പറഞ്ഞു. അക്കാലത്ത് കേരളത്തില്‍ ഇങ്ങനെ 'ബോംബ് ഭീഷണി' മുഴക്കുന്നത് കുറവായിരുന്നുവെന്നു തോന്നുന്നു. 'ബോംബിനെ'പ്പറ്റി മുന്‍കൂര്‍ വിവരം നല്‍കിയ എന്റെ സുഹൃത്ത് ഒരു സാദ്ധ്യത കണ്ടെത്തി. പൊലീസിനേയും സര്‍ക്കാരിനേയും കബളിപ്പിച്ച് നടക്കുന്ന 'അയ്യങ്കാളിപ്പട'യെന്ന പാലക്കാട് കളക്ടര്‍ സംഭവത്തിലെ പ്രതികളെ പത്രസമ്മേളനത്തില്‍ ഹാജരാക്കുമത്രേ. എന്നു മാത്രമല്ല, അവരെ അവിടെ ഹാജരാക്കി പത്രക്കാരുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ച ശേഷം വീണ്ടും പൊലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെടാനായിരിക്കും പദ്ധതി. ഇങ്ങനെ ചില സാധ്യതകളായിരുന്നു സംശയിച്ചത്. പൊലീസിന്റെ മിനിമം ജാഗ്രതയുണ്ടെങ്കില്‍ തിരുവനന്തപുരം സിറ്റിയില്‍ രക്ഷപ്പെടല്‍ ഉണ്ടാകില്ലെന്ന് ഞങ്ങള്‍ക്ക് അന്ന് ഉറപ്പുണ്ടായിരുന്നു. കേട്ട വിവരത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനും അവരുടെ സാന്നിദ്ധ്യം തിരുവനന്തപുരത്തുണ്ടോ എന്ന് അന്വേഷിക്കാനും ചില ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. പൊതുസമൂഹത്തില്‍ വലിയ പിന്തുണയൊന്നും അവര്‍ക്കില്ലാത്തതുകൊണ്ട് എവിടെ എങ്കിലും കണ്ടാല്‍ അവരെ അറസ്റ്റ് ചെയ്യാന്‍ വലിയ ബുദ്ധിമുട്ടൊന്നും പ്രതീക്ഷിച്ചില്ല. ഇത്തരം ചില കാര്യങ്ങളൊക്കെ ഉടനെ ചെയ്ത ശേഷം ഞാനത് മറന്ന് മറ്റു ജോലികളില്‍ വ്യാപൃതനായി. രാത്രി ഒന്‍പത് മണിക്ക് വീട്ടലെത്തിയപ്പോള്‍ പൊലീസ് കമ്മിഷണറുടെ ഫോണ്‍. ഇന്റലിജന്‍സ് മേധാവി ഒരടിയന്തര യോഗം വിളിച്ചിരിക്കുന്നു. സിറ്റിയിലെ എന്തോ ഒരതിപ്രധാന കാര്യം ചര്‍ച്ച ചെയ്യാനാണ്. എന്നോട് ഉടന്‍ ഇന്റലിജെന്‍സ് ഓഫീസില്‍ എത്താന്‍ പറഞ്ഞു. കൂട്ടത്തില്‍ എന്തായിരിക്കും വിഷയം എന്നദ്ദേഹം എന്നോട് ചോദിച്ചു. എനിക്ക് രാവിലെ കേട്ട മുകുന്ദന്‍ സി. മേനോന്റെ പത്ര സമ്മേളനവും 'ബോംബ് പൊട്ടിക്കലും' ഒക്കെ ഓര്‍മ്മവന്നു. അയ്യങ്കാളിപ്പടയായിരിക്കും വിഷയം എന്ന് ഞാന്‍ സംശയം പറഞ്ഞു. മീറ്റിങ്ങിനെത്തിയപ്പോള്‍ എന്റെ സംശയം ശരിയായിരുന്നുവെന്ന് മനസ്സിലായി. രാവിലെ ഞാന്‍ കേട്ട സംഗതി സന്ധ്യയോടെ അയാള്‍ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ അറിയിച്ചിരിക്കണം. അവിടെനിന്നത് ഇന്റലിജെന്‍സില്‍ എത്തിയതാകാം എന്ന് തോന്നി. യോഗത്തില്‍ കുറെ ഉയര്‍ന്ന ഉദ്യോഗസ്ഥരുണ്ടായിരുന്നു. കളക്ടറെ ബന്ദിയാക്കി എല്ലാവരേയും കബളിപ്പിച്ച് സര്‍ക്കാരിനു നാണക്കേടായി മാറിയ പ്രതികള്‍ സെക്രട്ടേറിയേറ്റിനു തൊട്ടപ്പുറത്ത് പ്രത്യക്ഷപ്പെട്ടിട്ട് രക്ഷപ്പെട്ടാല്‍ അതു വീണ്ടും വലിയ പ്രശ്‌നമാണല്ലോ. അതായിരുന്നുവെന്ന് തോന്നുന്നു ആ സമയത്തെ യോഗത്തിന്റെ കാരണം. രാവിലെ ലഭിച്ചതില്‍ നിന്നും പ്രസക്തമായ കൂടുതല്‍ വിവരങ്ങളൊന്നും അവിടെ ഉണ്ടായിരുന്നില്ല. സത്യത്തില്‍ ഒരു 'മഹാരഹസ്യവും' അവിടെ ചര്‍ച്ചയായില്ല. ഏറെ സമയം ചെലവഴിച്ചത് ഒളിവില്‍ കഴിയുന്ന പ്രതികള്‍ ആ പത്രസമ്മേളനത്തില്‍ ഹാജരായാല്‍ അവരെ എങ്ങനെ അറസ്റ്റ് ചെയ്യണം? എവിടെ വച്ച് അറസ്റ്റ് ചെയ്യണം? തുടങ്ങിയ കാര്യങ്ങളായിരുന്നു. അത് തിരുവനന്തപുരം സിറ്റി പൊലീസിന്റെ ചുമതലയാണ്. അതിന്മേല്‍ ഒരുപാട് ചര്‍ച്ചയ്ക്ക് എനിക്ക് താല്പര്യമുണ്ടായിരുന്നില്ല. കാരണം, അത്തരം സംഗതികള്‍ പലപ്പോഴും നിര്‍ണ്ണയിക്കുന്നത് പ്രായോഗിക സാഹചര്യങ്ങള്‍ ഉരുത്തിരിഞ്ഞു വരുന്നതിനനുസരിച്ചാണ്. അതിന്മേല്‍ ഒരുപാട് ചര്‍ച്ച നടത്തിയതുകൊണ്ട് വലിയ പ്രയോജനമുണ്ടെന്ന് എനിക്ക് തോന്നിയില്ല. അക്കാര്യത്തില്‍ നിയമം അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ പൊലീസ് ബാധ്യസ്ഥരാണല്ലോ. കുറ്റവാളികള്‍ പ്രസ്സ് ക്ലബ്ബിലാണെങ്കില്‍ എന്തുചെയ്യും? എന്നൊരു താത്ത്വിക പ്രശ്‌നം ഉയര്‍ന്നുവന്നതോര്‍ക്കുന്നു. കുറ്റവാളി എവിടെയുണ്ടോ അവിടെനിന്നും അയാളെ അറസ്റ്റ് ചെയ്യാം. അതിനുവേണ്ടി പൊലീസിന് അകത്തുകടക്കാം. നാട്ടിലെ പിടികിട്ടാപ്പുള്ളി കടന്നാല്‍ ഒരു സ്ഥലത്തിന്റെ പാവനത്വം നഷ്ടപ്പെടില്ലെങ്കില്‍ അയാളെ അറസ്റ്റ് ചെയ്യാന്‍ പിറകെ പൊലീസ് കയറിയാല്‍ അത് തീരെ നഷ്ടപ്പെടില്ല. അങ്ങനെ രാത്രിയിലെ ആ അപൂര്‍വ്വ യോഗം പര്യവസാനിച്ചു.

മുകുന്ദൻ സി മേനോൻ
മുകുന്ദൻ സി മേനോൻ

പാലക്കാട് കളക്ടറെ ബന്ദിയാക്കിയശേഷം മദ്ധ്യസ്ഥ ചര്‍ച്ചയ്ക്ക് അക്രമികള്‍ മുന്നോട്ടുവെച്ച ഒരു പേരായിരുന്നു മുകുന്ദന്‍ സി. മേനോന്റേത്. അങ്ങനെയുള്ള പശ്ചാത്തലത്തില്‍ പത്രസമ്മേളനത്തിനു വലിയ പ്രാധാന്യം നല്‍കിയപ്പോഴാണ് വാര്‍ത്ത കണ്ടെത്താന്‍ നടക്കുന്ന ജിജ്ഞാസുക്കളായ പത്രപ്രവര്‍ത്തകര്‍ ഇങ്ങനെ ഒരു സാദ്ധ്യത കണ്ടത്. എന്നാല്‍ അതിനുപോദ്ബലകമായ വിവരങ്ങളൊന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടില്ല. എങ്കിലും ആ പത്രസമ്മേളനം നടന്ന പ്രസ്സ് ക്ലബ്ബിന്റെ പരിസരത്ത് സജീവ പൊലീസ് സാന്നിദ്ധ്യമുണ്ടായിരുന്നു. ഇടയ്ക്ക് ഞാനും അവിടെ പോയിരുന്നു. പക്ഷേ, ഒന്നും സംഭവിച്ചില്ല. പത്രസമ്മേളനത്തില്‍ ഒരു കുറ്റവാളിയും വന്നില്ല. ഒരു 'ബോംബും പൊട്ടാതെ' തികച്ചും ആന്റി ക്ലൈമാക്‌സായി അത് അവസാനിച്ചു. എങ്കിലും അവസാന വാക്ക് മാധ്യമങ്ങളുടേത് തന്നെയായിരുന്നു. കളക്ടറെ ബന്ദിയാക്കിയവരെ അറസ്റ്റ് ചെയ്യാന്‍ പത്രസമ്മേളന സ്ഥലത്തെത്തിയ പൊലീസ് ഇളിഭ്യരായി എന്നായിരുന്നു വാര്‍ത്ത. ആ ദിവസം മറ്റൊരു യോഗസ്ഥലത്തുവെച്ച് ചില പത്രപ്രവര്‍ത്തക സുഹൃത്തുക്കള്‍ പൊലീസ് ഇളിഭ്യരായ സംഗതി എന്റെ മുന്നില്‍ എടുത്തിട്ടു. ''രാവിലെ ഞാന്‍ നടക്കാനിറങ്ങിയപ്പോള്‍ മഴയുണ്ടാകുമെന്ന് കരുതി കുടയെടുത്തിരുന്നു. എന്നാല്‍, മഴപെയ്തില്ല. അതുകൊണ്ട് കുട നിവര്‍ത്തിയുമില്ല. പക്ഷേ, കുട എടുത്തതുകൊണ്ട് ഞാന്‍ ഇളിഭ്യനാകുന്നതെങ്ങനെ?'' എന്നായിരുന്നു എന്റെ മറുപടി. പുറമേ അങ്ങനെയൊക്കെ പറഞ്ഞുവെങ്കിലും ഉള്ളില്‍ ലേശം ഇളിഭ്യത തോന്നാതിരുന്നില്ല.

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com