തീരുമാനങ്ങളും വെല്ലുവിളികളും പൊലീസില്‍

അറസ്റ്റ് ചെയ്യണോ, വേണ്ടയോ? ആ പ്രശ്‌നമാണ് കമ്മിഷണര്‍ ഓഫീസില്‍ ഒപ്പമുണ്ടായിരുന്ന ഡി.വൈ.എസ്.പി എന്റെ മുന്നില്‍ കൊണ്ടുവന്നത്. അദ്ദേഹം തികച്ചും സത്യസന്ധനായിരുന്നു
തീരുമാനങ്ങളും വെല്ലുവിളികളും പൊലീസില്‍

റസ്റ്റ് ചെയ്യണോ, വേണ്ടയോ? ആ പ്രശ്‌നമാണ് കമ്മിഷണര്‍ ഓഫീസില്‍ ഒപ്പമുണ്ടായിരുന്ന ഡി.വൈ.എസ്.പി എന്റെ മുന്നില്‍ കൊണ്ടുവന്നത്. അദ്ദേഹം തികച്ചും സത്യസന്ധനായിരുന്നു. ആ ബോധ്യത്തിന്മേലാണ് വഞ്ചനയും മറ്റു സാമ്പത്തിക കുറ്റങ്ങളും ആരോപിച്ചിരുന്ന പരാതി അന്വേഷിക്കാന്‍ ആ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയത്. ആരോപണം മുഖ്യമായും ഒരു പ്രധാന സംഘടനയുടെ മുഖ്യഭാരവാഹിക്കെതിരായിരുന്നു. ദേശീയ തലത്തില്‍ പ്ലാനിംഗ് കമ്മിഷന്റെ കൂടി സഹായത്തോടെ ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചിരുന്ന സംഘടനയായിരുന്നു അത്. വിവിധ മേഖലകളില്‍ വികസനം ലക്ഷ്യമാക്കി ആളുകളെ സജ്ജരാക്കാനുള്ള ചില പരിപാടികള്‍ക്ക് സാമ്പത്തിക സഹായം അവര്‍ക്ക് ലഭിച്ചിരുന്നു. അത്തരമൊരു പദ്ധതിയുമായി ബന്ധപ്പെട്ട് ഉണ്ടായ സാമ്പത്തിക ആരോപണമായിരുന്നു അന്വേഷണ വിഷയം. ഏതാനും ദിവസമായി ഡി.വൈ.എസ്.പി അത് അന്വേഷിക്കുകയായിരുന്നു. ഒരു ദിവസം വൈകുന്നേരം അതുമായി ബന്ധപ്പെട്ട് ഡി.വൈ.എസ്.പി എന്നെ കണ്ടു. അന്വേഷണത്തില്‍ അദ്ദേഹം ചെയ്ത കാര്യങ്ങള്‍ വിശദീകരിച്ചു. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അക്കാര്യത്തില്‍ കേസ് എടുക്കണം എന്ന് അഭിപ്രായപ്പെട്ടു. ഡി.വൈ.എസ്.പി പറഞ്ഞ കാര്യങ്ങളും ബന്ധപ്പെട്ട രേഖകളും പരിശോധിച്ചപ്പോള്‍ പ്രഥമദൃഷ്ട്യാ സാമ്പത്തിക തിരിമറി നടന്നതായി സൂചനയുണ്ടായിരുന്നു. അതുകൊണ്ട് ഡി.വൈ.എസ്.പിയുടെ അഭിപ്രായത്തോട് ഞാനും യോജിച്ചു. അതാണ് നിയമം. 

പരാതിയില്‍, കുറ്റമാരോപിക്കപ്പെട്ട വ്യക്തിയെ ഡി.വൈ.എസ്.പി, തന്റെ ഓഫീസില്‍ വിളിച്ചു വരുത്തിയിരുന്നു. അയാളുടെ സ്റ്റേറ്റ്‌മെന്റ് എടുത്തുവെന്നും അത് പരിശോധിച്ചതില്‍ തൃപ്തികരമല്ലെന്നും അതുകൊണ്ട് ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ഡി.വൈ.എസ്.പി പറഞ്ഞു. നിയമപരമായി അറസ്റ്റ് ചെയ്യേണ്ട വ്യക്തികളെ അനാവശ്യ കാലതാമസം കൂടാതെ അറസ്റ്റ് ചെയ്യണം എന്നുതന്നെയായിരുന്നു എന്റെ പൊതു വീക്ഷണം. എന്നാല്‍, ഒരു വ്യക്തിയുടെ അറസ്റ്റ് എന്നത് അലസമായി എടുക്കാവുന്ന തീരുമാനമല്ല. പൊലീസ് ഉദ്യോ ഗസ്ഥന്റെ വലിയ ഉത്തരവാദിത്വം ആണത്. കേസിന്റെ വസ്തുതകളും നിയമവും വിലയിരുത്തി അറസ്റ്റിന്റെ ആവശ്യകത ബോധ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ എടുക്കേണ്ട തീരുമാനമാണത്. നിയമം അതാണ് നിഷ്‌കര്‍ഷിക്കുന്നത്. അക്കാര്യത്തില്‍ ധാരാളം കോടതി വിധികളും ഉണ്ട്. പ്രയോഗത്തില്‍ പലപ്പോഴും കണ്ടുവന്നിട്ടുള്ളത് അങ്ങനെയല്ല. തികഞ്ഞ ലാഘവബുദ്ധിയോടെ 'തട്ടി അകത്തിട്ടേരേ' എന്ന് പറയുന്ന ഉദ്യോഗസ്ഥരെ പല റാങ്കുകളിലും കണ്ടിട്ടുണ്ട്. അറസ്റ്റ് ചെയ്യാം എന്ന് ഡി.വൈ.എസ്.പി പറഞ്ഞപ്പോള്‍ 'തട്ടി അകത്തിട്ടേരേ' എന്നു ഞാന്‍ പറഞ്ഞില്ല; അത്ര 'ധൈര്യം' തോന്നിയില്ല എന്നതാണ് സത്യം. അന്വേഷണത്തില്‍ ലഭിച്ച തെളിവുകള്‍ വീണ്ടും പരിശോധിച്ചു. നിശ്ചയമായും, കുറ്റാരോപിതനെതിരെ സംശയകരമായ ചില സാഹചര്യങ്ങളുള്ളതായി കണ്ടു. എങ്കിലും കുറേക്കൂടി ബോദ്ധ്യം വരുന്ന തെളിവുകള്‍ ശേഖരിച്ച ശേഷം അറസ്റ്റിലേയ്ക്ക് കടക്കുന്നതായിരിക്കും ഉചിതം എന്നായിരുന്നു എന്റെ അഭിപ്രായം. ഞാനത് പറയുകയും ചെയ്തു. ഉടനെ അയാളെ അറസ്റ്റുചെയ്യാം എന്നായിരുന്നു ഡി.വൈ.എസ്.പിയുടെ അഭിപ്രായം. നിയമപരമായി കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്റെ ഇക്കാര്യത്തിലുള്ള അഭിപ്രായം തന്നെയാണ് പ്രധാനം. വേണമെങ്കില്‍ മേലുദ്യോഗസ്ഥന് അന്വേഷണം സ്വയം ഏറ്റെടുത്ത് മറിച്ചും തീരുമാനിക്കാം. അതുവരെയുള്ള അന്വേഷണത്തില്‍ കുറ്റാരോപിതന്‍ പൂര്‍ണ്ണമായും സഹകരിച്ചിട്ടുമുണ്ട്. ആ സാഹചര്യത്തില്‍ അയാളുടെ വിശദീകരണം കൂടി കണക്കിലെടുത്ത് കുറേക്കൂടി അന്വേഷിച്ച് തെളിവുകള്‍ കണ്ടെത്തിയ ശേഷം അറസ്റ്റ് ചെയ്യുന്നതായിരിക്കും നല്ലത് എന്നായിരുന്നു എന്റെ വിലയിരുത്തല്‍. അതിനിടെ അയാള്‍ രക്ഷപ്പെട്ട് പോകാനുള്ള സാധ്യതയും വിരളമായിരുന്നു. അല്ലെങ്കില്‍ ചിലപ്പോള്‍ കോടതിയില്‍ തിരിച്ചടി നേരിട്ടേക്കാം എന്നെനിക്കു തോന്നി. എന്നാല്‍ ഡി.വൈ.എസ്.പിയും സ്വതന്ത്രമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ച അഭിപ്രായമായിരുന്നു ഉടന്‍ അറസ്റ്റ് ചെയ്യണം എന്നത്. അദ്ദേഹത്തിന് ദുരുദ്ദേശ്യമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഞങ്ങളിരുവരും വ്യത്യസ്ത നിലപാടിലായിരുന്നു. ''എന്റെ അഭിപ്രായം പറഞ്ഞുവെങ്കിലും ഇക്കാര്യത്തില്‍ നിങ്ങള്‍ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചാല്‍ ഞാന്‍ പിന്തുണയ്ക്കാം; കാരണം നിങ്ങളുടെ ഉദ്ദേശ ശുദ്ധിയില്‍ എനിക്ക് പൂര്‍ണ്ണ ബോദ്ധ്യമുണ്ട്''. എന്നു പറഞ്ഞാണ് ആ ചര്‍ച്ച അവസാനിപ്പിച്ചത്. അന്നു രാത്രി ഏതാണ്ട് പതിനൊന്ന് മണിക്കു ശേഷം അദ്ദേഹം എന്നെ വിളിച്ചു. ''സാര്‍ ഞാനത് വീണ്ടും നോക്കി. ഇപ്പോള്‍ അറസ്റ്റ് ചെയ്യുന്നതില്‍ ചില പ്രശ്‌നങ്ങളുണ്ട് എന്നെനിക്ക് മനസ്സിലായി'' -അയാള്‍ പറഞ്ഞു. അതിന്റെ കാരണങ്ങളും അദ്ദേഹം വിശദീകരിച്ചു. എന്നോട് യോജിച്ചു എന്നതിനപ്പുറം, ഏറെ സമയമെടുത്ത് കൂലങ്കഷമായി ഗുണദോഷങ്ങള്‍ പരിഗണിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ തീരുമാനമെടുത്തത് എന്നതില്‍ സന്തോഷം തോന്നി. ബാഹ്യപരിഗണനകള്‍ കടന്നുവന്നില്ലെങ്കില്‍പ്പോലും നിയമപരമായ അധികാരം വിനിയോഗിക്കുക എന്നത് ചുമതലാ ബോധമുള്ള പൊലീസ് ഉദ്യോസ്ഥന് പലപ്പോഴും അങ്ങേയറ്റം ദുഷ്‌കരമാണ്. പൊലീസ് ഉദ്യോഗസ്ഥന്റെ എല്ലാ തീരുമാനങ്ങളും എല്ലായ്‌പ്പോഴും ശരിയാകണമെന്നില്ല. പക്ഷേ, തീരുമാനമെടുക്കുന്ന പ്രക്രിയ ശരിയായിരിക്കണം; അത് അര്‍ത്ഥവത്തായിരിക്കണം. അതാണ് നിയമവാഴ്ച; അതാണ് ജനാധിപത്യം. 

പൂന്തുറ സിറാജ്
പൂന്തുറ സിറാജ്

ഉദ്യോഗസ്ഥന്റെ 'മുഖ്യമന്ത്രി ഭക്തി'

മാതൃകാപരമായ ചുറ്റുപാടില്‍പ്പോലും ശരിയായ തീരുമാനമെടുക്കുക, ഫീല്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒട്ടും എളുപ്പമല്ല. എന്നാല്‍, യഥാര്‍ത്ഥ അവസ്ഥ മാതൃകാപരമല്ല. ആലപ്പുഴയില്‍വെച്ച് ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്നെ വിളിച്ചു. അക്കാലത്ത് അനധികൃത ചാരായഷാപ്പുകള്‍ക്കെതിരെ പൊലീസ് കര്‍ശന നിയമനടപടി സ്വീകരിച്ചിരുന്നു. അക്കാര്യത്തില്‍ ഡി.ഐ.ജി ഇന്‍സ്പെക്ടറെ നേരിട്ടു വിളിച്ചു. അവിടെ അടച്ചുപൂട്ടിയിരുന്ന ചില അനധികൃത ഷാപ്പുകള്‍ തുറക്കുന്നതിന് പൊലീസ് തടസ്സം നില്‍ക്കരുത് എന്നായിരുന്നു അദ്ദേഹത്തിന്റെ താല്പര്യം. അതാണ് ഇന്‍സ്പെക്ടര്‍ എന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. എസ്.പിയും ഡി.ഐ.ജിയും വ്യത്യസ്ത നിലപാടെടുത്തപ്പോള്‍, രണ്ടു യജമാനന്മാരുള്ള അടിമ സ്വതന്ത്രനാണ് എന്ന തത്ത്വം പ്രയോജനപ്പെടുത്താതെ ഇന്‍സ്പെക്ടര്‍ കാര്യം എന്നോട് പറഞ്ഞു. എന്റെ മറുപടി, ''എസ്.പി എന്തു പറയുന്നു, ഡി.ഐ.ജി എന്തു പറയുന്നു, അല്ലെങ്കില്‍ മന്ത്രി എന്തു പറയുന്നു എന്നതിനപ്പുറം നാട്ടിലൊരു നിയമം ഇല്ലേ? ആ നിയമം പാലിക്കാന്‍ നിങ്ങളും സബ്ബ് ഇന്‍സ്പെക്ടറും എല്ലാം ബാദ്ധ്യസ്ഥരല്ലേ?'' എന്ന രീതിയില്‍ ആയിരുന്നു. നിയമാനുസരണം ശരിയായ നിലപാട് സ്വീകരിക്കാന്‍ അവരെ പ്രോത്സാഹിപ്പിച്ചു. പൊലീസ് ഉദ്യോഗസ്ഥന്റെ റാങ്ക് കോണ്‍സ്റ്റബിള്‍ ആയാലും ഡി.ജി.പി ആയാലും, സമ്മര്‍ദ്ദങ്ങള്‍ ഉണ്ടെങ്കിലും അടിസ്ഥാനപരമായ ധാര്‍മ്മികബോധം ഓരോ ഉദ്യോഗസ്ഥനും ഓരോ മനുഷ്യനും വേണ്ടതാണല്ലോ. പക്ഷേ, ഇതു പറയുമ്പോഴും താഴെത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന എസ്.ഐയ്ക്കും സി.ഐയ്ക്കും ഒന്നും അതത്ര എളുപ്പമല്ല. നിയമാനുസൃതമാണ് പ്രവര്‍ത്തിച്ചതെങ്കിലും അത് ഉള്‍ക്കൊള്ളാന്‍ തയ്യാറാകാത്ത മേലുദ്യോഗസ്ഥര്‍ക്ക് പല രീതിയിലും ബുദ്ധിമുട്ട് സൃഷ്ടിക്കാന്‍ കഴിയും. കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട്, സ്ഥലംമാറ്റം, അച്ചടക്കം, സസ്പെന്‍ഷന്‍ തുടങ്ങി സംഹാരശക്തിയുള്ള ഒരുപാട് ദിവ്യാസ്ത്രങ്ങള്‍ അവരുടെ ആവനാഴിയിലുണ്ട്. അധികാര രാഷ്ട്രീയം കയ്യാളുന്നവരുടേയും ശക്തി ഈ ദിവ്യാസ്ത്രങ്ങള്‍ തന്നെ. ഇക്കാര്യം കെ.ജെ. ജോസഫ് സാര്‍ ഒരിക്കല്‍ പറഞ്ഞു: ''നിങ്ങള്‍ ഒരുപാട് നിയമം പറയുകയാണെങ്കില്‍ നിയമം പ്രയോഗിക്കേണ്ടാത്ത സ്ഥാനം നിങ്ങള്‍ക്കായി അവര്‍ കണ്ടെത്തും.'' രാഷ്ട്രീയത്തിലും സമൂഹത്തിലും എന്തെല്ലാം പുഴുക്കുത്തുകളുണ്ടെങ്കിലും ജില്ലയുടെ ചുമതലയുള്ള ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സത്യസന്ധതയും നീതിബോധവും പുലര്‍ത്തുന്ന വ്യക്തിയാണെങ്കില്‍ അതിന്റെ ഗുണഫലം താഴെ തട്ടിലും പ്രതിഫലിക്കും. മറിച്ചായാല്‍, അതും. 

ബുദ്ധിമുട്ടുള്ള തീരുമാനം എടുക്കുന്നതില്‍നിന്നും മേലുദ്യോ ഗസ്ഥന് രക്ഷപ്പെടാനാകാത്ത സാഹചര്യം സൃഷ്ടിക്കുന്ന മിടുക്കന്മാരായ ചില കീഴുദ്യോഗസ്ഥരുണ്ട്. അത്തരമൊരു അനുഭവം പൊലീസ് കമ്മിഷണറായിരുന്ന സുരേന്ദ്രന്‍ സാര്‍ എന്നോട് പറഞ്ഞതോര്‍ക്കുന്നു. ആറ്റിങ്ങല്‍ സ്റ്റേഷനിലാണ് അതുണ്ടായത്. അവിടെ നല്ല സ്വാധീനവും ബന്ധങ്ങളും ഉണ്ടായിരുന്ന ഒരു മനുഷ്യനാണ് ഇതിന്റെ മുഖ്യപാത്രം. അദ്ദേഹത്തിന് കുറച്ച് മാധ്യമപ്രവര്‍ത്തനവുമുണ്ടായിരുന്നു. അയാളുടെ പേരില്‍ എന്തോ ഒരു കേസിനോടനുബന്ധിച്ച് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. സമണ്‍സ്, വാറണ്ട്, പൊലീസ് എന്നൊക്കെ കേട്ടാല്‍ സാധാരണക്കാര്‍ക്ക് പേടിയും ഉല്‍ക്കണ്ഠയും ഒക്കെയാണ്. ഇദ്ദേഹം ആ ഗണത്തില്‍ പെടില്ല. ഇത്തരക്കാര്‍ക്ക് സമണ്‍സ്, വാറണ്ട് ഒക്കെ വന്നാല്‍ അത് നടപ്പാക്കേണ്ടുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ രക്ത സമ്മര്‍ദ്ദമാണ് വര്‍ദ്ധിക്കുന്നത്. തന്നെ ആര് അറസ്റ്റ് ചെയ്യാന്‍ എന്ന ഭാവത്തില്‍ അദ്ദേഹം മുന്നോട്ടുപോയി. അക്കാലത്ത് പൊലീസ് സ്റ്റേഷനുകളില്‍ വാറണ്ടുകള്‍ എല്ലാം ഒരു പൊലീസുകാരനെ ഏല്പിക്കും. പ്രതികളെ അറസ്റ്റ് ചെയ്ത് എസ്.ഐയുടെ മുന്‍പില്‍ ഹാജരാക്കേണ്ടത് അയാളുടെ ഉത്തരവാദിത്വമാണ്. വാറണ്ട് നടപ്പാക്കുക എന്നതാണ് അതിന്റെ പൊലീസ് ഭാഷ. അങ്ങനെയിരിക്കേ സ്ഥലത്തെ ആ പ്രധാന ദിവ്യനെ പൊലീസുകാരന്‍ ടൗണില്‍ വെച്ച് കണ്ടു. ഉടനെ അയാളെ സമീപിച്ച്, ''സാറിനെ എസ്.ഐ അന്വേഷിച്ചല്ലോ'' എന്നു പറഞ്ഞു. കാര്യം എന്താണെന്ന് അന്വേഷിച്ചപ്പോള്‍ ''അത് എസ്.ഐ അദ്ദേഹത്തിന് മാത്രമേ അറിയു'' എന്നായി. സൗകര്യം പോലെ എസ്.ഐയെ കണ്ടോളാം എന്നു പറഞ്ഞപ്പോള്‍ പൊലീസുകാരന്‍ സ്റ്റേഷനിലേയ്ക്കാണ് എന്നു പറഞ്ഞ് തന്റെ സ്‌കൂട്ടറില്‍ കയറി. ''എങ്കില്‍ ഞാനും വരാം, ഇപ്പോള്‍ തന്നെ കണ്ടേക്കാം'' എന്നും പറഞ്ഞ് അയാളും പിറകില്‍ കയറി. സ്‌കൂട്ടര്‍ നേരെ സ്റ്റേഷനിലെത്തി. അദ്ദേഹം എസ്.ഐയുടെ മുന്നിലെത്തി, ''എന്താ വിശേഷം'' എന്നു പറഞ്ഞ് കസേരയില്‍ ഇരുന്നു. ഈ സമയം പൊലീസുകാരന്‍ വേഗത്തില്‍ വാറണ്ടിനു പുറത്ത് എഴുതുകയായിരുന്നു. കോടതി ഉത്തരവ് പ്രകാരം അയാളെ അറസ്റ്റുചെയ്ത് ഹാജരാക്കുന്നു എന്ന് റിപ്പോര്‍ട്ട് എഴുതി എസ്.ഐയ്ക്ക് നല്‍കി, ഒരു സല്യൂട്ടും കൊടുത്തു. റിപ്പോര്‍ട്ട് വായിച്ച എസ്.ഐ അന്തംവിട്ടു. അറസ്റ്റ് റിപ്പോര്‍ട്ട് സഹിതം പൊലീസുകാരന്‍ സ്ഥലത്തെ പ്രധാന ദിവ്യനെ, അല്ല പ്രതിയെ എസ്.ഐയുടെ മുന്നില്‍ ഹാജരാക്കിയിരിക്കുകയാണ്. പിന്നെ അയാളെ കോടതിയില്‍ ഹാജരാക്കുകയല്ലാതെ മറ്റു വഴിയൊന്നും എസ്.ഐയുടെ മുന്നിലില്ലല്ലോ. പൊലീസിംഗ് എന്നത് പ്രായോഗികതയുടെ കല ആണെങ്കില്‍ ഈ പൊലീസുകാരന്‍ ഒരു കലാതിലകം ആണെന്നതില്‍ സംശയമില്ല . ഇത്തരം തിലകങ്ങള്‍ ഒരുപാടുണ്ട്, കേരളത്തിലെ പൊലീസില്‍. 

എംഎ വാഹിദ്
എംഎ വാഹിദ്

ഫീല്‍ഡില്‍ നില്‍ക്കുന്ന ഉദ്യോഗസ്ഥന്‍ തീരുമാനം എടുക്കാന്‍ പ്രാപ്തനല്ലെങ്കില്‍ അയാളെ അതിന് നിയോഗിക്കാതിരിക്കണം. ഒരു ഉദ്യോഗസ്ഥനെ ഡ്യൂട്ടിക്ക് നിയോഗിച്ച ശേഷം വിദൂരത്ത് നിന്ന് റിമോട്ട് കണ്‍ട്രോള്‍ പോലെ അയാളെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് ചിലപ്പോള്‍ അപകടം ക്ഷണിച്ചുവരുത്തും. സിറ്റിയിലെ എന്റെ സഹപ്രവര്‍ത്തകര്‍ അത്തരം ഒരു അനുഭവം പങ്കിട്ടു. വലിയൊരു പ്രതിപക്ഷ ജാഥ കിഴക്കേക്കോട്ട ഭാഗത്തുനിന്ന് സെക്രട്ടേറിയേറ്റിലേയ്ക്കടുക്കുകയായിരുന്നു. ലക്ഷണം കണ്ട് ജാഥക്കാര്‍ പ്രശ്‌നം ഉണ്ടാക്കിയേക്കുമെന്ന് തോന്നി. പൊലീസിന്റെ ഭാഗത്തുനിന്ന് സംയമനം പാലിച്ച് ക്രമസമാധാന പ്രശ്‌നങ്ങള്‍ ഒഴിവാക്കി ഒരുവിധം മുന്നോട്ടുപോകുകയായിരുന്നു. ജാഥക്കാരില്‍ ചിലര്‍ ഒരു കോലം ഉയര്‍ത്തിപ്പിടിച്ചിരുന്നു. ആരോ പറഞ്ഞു അത് മുഖ്യമന്ത്രിയുടെ കോലമാണെന്നും അത് സെക്രട്ടേറിയേറ്റിനു മുന്നില്‍ കത്തിക്കുമെന്നും. സമരക്കാര്‍ കോലം കത്തിക്കുന്നത് വല്ലപ്പോഴും ഉണ്ടാകാറുള്ളതാണ്. പെട്ടെന്ന് വരുന്നു പൊലീസ് കമ്മിഷണറുടെ നിര്‍ദ്ദേശം വയര്‍ലെസ്സില്‍. ഒരു കാരണവശാലും മുഖ്യമന്ത്രിയുടെ കോലം കത്തിക്കാന്‍ പാടില്ല. അതുടന്‍ പിടിച്ചുവാങ്ങണം. ഇങ്ങനെ വല്ലാത്ത 'മുഖ്യമന്ത്രി ഭക്തി' കയറിയ ഉദ്യോഗസ്ഥന്റെ ഈ നിര്‍ദ്ദേശം ഒരുവിധത്തില്‍ പ്രകോപനം ഒഴിവാക്കി മുന്നോട്ടു വന്നുകൊണ്ടിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ പ്രതിസന്ധിയിലാക്കി. ആവേശത്തോടെ വരുന്ന വലിയ ജാഥയില്‍ ഇടപെട്ട് കോലം ബലമായി പിടിച്ചുവാങ്ങാന്‍ ശ്രമിച്ചാല്‍ അവിടെ എന്തും സംഭവിക്കാം, ലാത്തിച്ചാര്‍ജും അതിനപ്പുറവും. അവസാനം, ജാഥയുടെ കൂടെ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഒരു ക്രിയാത്മക പരിഹാരം കണ്ടെത്തി. ''സാര്‍, അത് മുഖ്യമന്ത്രിയുടെ കോലമല്ല. വര്‍ഗ്ഗീയതയുടെ പ്രതീകാത്മക കോലം ആണത്.'' ഈ കണ്ടെത്തലോടെ ആ പോലീസ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെട്ടു; മുഖ്യമന്ത്രിഭക്തനും പൂര്‍ണ്ണ സായൂജ്യം. 

രൂക്ഷമായ ക്രമസമാധാന പ്രശ്‌നങ്ങളുടെ നടുവില്‍ നില്‍ക്കുന്ന പൊലീസ് ഉദ്യോഗസ്ഥനു 'മുകളില്‍'നിന്ന് ലഭിക്കുന്ന സന്ദേശങ്ങള്‍ ചിലപ്പോള്‍ അങ്ങേയറ്റം അരോചകവും പ്രശ്‌നം സങ്കീര്‍ണ്ണമാക്കുന്നതുമാകാം. അത്തരം ഒരനുഭവം മാത്രം ഇവിടെ കുറിക്കട്ടെ. തിരുവനന്തപുരം നഗരസഭാ സമ്മേളനമായിരുന്നു വേദി. നമ്മുടെ ജനാധിപത്യത്തിന്റെ ശ്രീകോവിലുകള്‍ പലപ്പോഴും ജനശ്രദ്ധയാകര്‍ഷിക്കുന്നത് അവിടെ അരങ്ങേറുന്ന കായികപ്രകടനങ്ങളുടെ പേരിലാണല്ലോ. ഇക്കാര്യത്തില്‍ നമ്മുടെ നിയമസഭകളാണ് മുന്‍പന്തിയില്‍. അപ്പോള്‍ പിന്നെ നഗരസഭ എന്ന ജനാധിപത്യത്തിന്റെ ചെറുകോവിലും നിഷ്‌ക്രിയമാകാന്‍ പാടില്ലല്ലോ. അണ്ണാറക്കണ്ണനും തന്നാലായത് ശൈലിയില്‍ തിരുവനന്തപുരം നഗരസഭയിലും ചില പ്രകടനങ്ങള്‍ ഇടയ്ക്ക് അരങ്ങേറിയിരുന്നു. ഒരു ദിവസം ഉച്ചകഴിഞ്ഞായിരുന്നു സംഭവങ്ങളുടെ തുടക്കം. അധികം കഴിയുംമുന്‍പേ നഗരസഭാ യോഗത്തില്‍ എന്തോ പ്രശ്‌നം എന്നെനിക്ക് വിവരം കിട്ടി. ആവശ്യമെങ്കില്‍ തൊട്ടടുത്തുള്ള മ്യൂസിയം സര്‍ക്കിള്‍ ഇന്‍സ്പെക്ടറും മറ്റ് ഉദ്യോഗസ്ഥരും ഇടപെടും. അതില്‍ തീരേണ്ട കാര്യമേ അവിടെയുണ്ടാകാറുള്ളു. ഞാനാ സമയം ആഹാരം കഴിക്കാന്‍ വീട്ടിലെത്തിയതായിരുന്നു. ഏതാനും മിനിറ്റ് കഴിയുമ്പോള്‍ നഗരസഭാ മന്ദിരത്തില്‍ വലിയ സംഘര്‍ഷമായെന്നു വിവരം കിട്ടി. അത് അസാധാരണമായിരുന്നു. ഉടനെ ഞാനും അങ്ങോട്ടേയ്ക്ക് പോയി. അവിടെയെത്തുമ്പോള്‍ കോര്‍പ്പറേഷന്‍ കെട്ടിടത്തിനുള്ളിലും പരിസരത്തും കുറേ ആളുകള്‍ രോഷാകുലരായി നടക്കുന്നു. പലരും വലിയ ആവേശത്തിലായിരുന്നുവെങ്കിലും അപ്പോള്‍ അവിടെ ഏറ്റുമുട്ടലുകളൊന്നും നടക്കുന്നതായി കണ്ടില്ല. പക്ഷേ, ആളുകള്‍ രണ്ടു ഭാഗത്ത് കൂട്ടമായി ചേരിതിരിഞ്ഞു നില്‍ക്കുകയായിരുന്നു. പൊലീസും അതിനിടയിലുണ്ട്. ഞാനുള്ളില്‍ ചെന്നപ്പോള്‍ അവിടൊരു ഹാളില്‍ മേയര്‍ ശിവന്‍കുട്ടിയും പ്രതിപക്ഷ നേതാവ് വാഹിദും ചില കൗണ്‍സിലര്‍മാരും ഒക്കെയുണ്ട്. കുറേ പൊലീസ് ഉദ്യോഗസ്ഥരുമുണ്ട്. നഗരസഭാ യോഗത്തില്‍ കുറെ പ്രശ്‌നങ്ങള്‍ അരങ്ങേറിക്കഴിഞ്ഞിരുന്നു. യോഗം തുടങ്ങിയപ്പോള്‍ കൗണ്‍സിലര്‍ പൂന്തുറ സിറാജ് ഒരു പ്രമേയം കൊണ്ടുവന്നു. ''പ്രതിപക്ഷ നേതാവ് ഉണ്ടോ ഇല്ലയോ;'' ഇതാണ് പ്രമേയം. വിചിത്രമെന്നു തോന്നിയതിനാല്‍ ആകാം ആ പ്രമേയത്തിന് മേയര്‍ അനുമതി നിഷേധിച്ചു. അതായിരുന്നു കുഴപ്പങ്ങളുടെ തുടക്കം. ബാക്കിയെല്ലാം പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെയുള്ള ജനാധിപത്യത്തിന്റെ ശ്രീകോവിലുകളില്‍ ഇടയ്ക്കിടെ നമ്മള്‍ കാണാറുള്ളതാണ്. പ്രതിപക്ഷത്തെ ചിലര്‍ വെളിയിലേക്കിറങ്ങുന്നു; ഫയലുകള്‍ വലിച്ചെറിയുന്നു. അങ്ങോട്ടും ഇങ്ങോട്ടും ഭരണപക്ഷവും പ്രതിപക്ഷവും 'ഗോഗ്വാ' വിളിക്കുന്നു; കൂട്ടത്തില്‍ അസഭ്യപ്രയോഗങ്ങള്‍ നടത്തിയതായി പരസ്പരം ആരോപിക്കുന്നു. പക്ഷേ, ഇത്രയുംകൊണ്ട് നിന്നില്ല. കാര്യങ്ങള്‍ അക്രമത്തിലേയ്ക്ക് നീങ്ങി. പ്രതിപക്ഷനേതാവ്, മേയറുടെ മേശപ്പുറത്തുനിന്ന് മൈക്ക് പിടിച്ചെടുത്ത് മേശപ്പുറത്തെ ഗ്ലാസ് തല്ലിപ്പൊട്ടിച്ചുവത്രെ. മറ്റൊരംഗം ടേബിള്‍ ലാംബ് എടുത്തെറിഞ്ഞു. ഇങ്ങനെ ആയപ്പോള്‍ പ്രതിപക്ഷ നേതാവിനേയും ഒരു കൗണ്‍സിലറേയും ആറുമാസത്തേയ്ക്ക് സസ്പെന്റ് ചെയ്യുന്നതായി മേയര്‍ പ്രഖ്യാപിച്ചു. തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങള്‍ എന്തോ എടുത്ത് മേയര്‍ക്കു നേരെ എറിഞ്ഞുവെന്നും ചില സെക്യൂരിറ്റി ജീവനക്കാര്‍ക്കും കായിക മാമാങ്കത്തില്‍ പരിക്കേറ്റതായും കേട്ടു. മേയര്‍ ശിവന്‍കുട്ടിക്ക് പരിക്കൊന്നുമില്ലായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ ഡഫേദാറിന് പരിക്ക് പറ്റിയിരുന്നു. ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ കാര്യങ്ങള്‍ ഇത്രത്തോളമെത്തിയപ്പോള്‍, ശേഷം ഭാഗം ജനങ്ങള്‍ തന്നെ നേരിട്ട് ഏറ്റെടുക്കാന്‍ ഒരുങ്ങി. നഗരസഭയിലെ ജീവനക്കാരും അവിടെയുണ്ടായിരുന്ന കുറേപ്പേരും പ്രകോപിതരായി പ്രതിപക്ഷ നേതാവിനെ കൈയേറ്റം ചെയ്യുമെന്ന ഘട്ടമെത്തി. അദ്ദേഹം മേയറുടെ ചേമ്പറില്‍ കയറി തല്‍ക്കാലം രക്ഷപ്പെട്ടെങ്കിലും പുറത്ത് രോഷാകുലരായ ആളുകള്‍ തടിച്ചുകൂടുകയായിരുന്നു. 

ശിവൻകുട്ടി
ശിവൻകുട്ടി

ഈ അവസ്ഥയില്‍ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ കുറച്ചു സമയമെടുക്കുമെന്ന് വ്യക്തമായിരുന്നു. പൊലീസിന്റെ മുന്നിലെ വെല്ലുവിളി നഗരസഭാ പ്രതിപക്ഷ നേതാവിനെ എങ്ങനെ സുരക്ഷിതനായി പുറത്തുകടത്താം എന്നതായിരുന്നു. സമയം കഴിയുന്തോറും ഞങ്ങളിരുന്ന ഹാളിനു വെളിയില്‍ പ്രതിഷേധക്കാരുടെ എണ്ണം വേഗത്തില്‍ കൂടുകയായിരുന്നു. പുറത്ത് പ്രകോപിതരായി നില്‍ക്കുന്ന ആളുകളെ എങ്ങനെയെങ്കിലും ശാന്തരാക്കി സംഘര്‍ഷം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഡി.സി.പി ഉടന്‍ ഇന്റലിജെന്‍സ് മേധാവിയെ ഫോണ്‍ വിളിക്കണമെന്ന് ദൂതന്‍ മുഖേന അറിയിപ്പ് വന്നു. ദൂതലക്ഷണം കണ്ടാല്‍ ഉടന്‍ വിളിച്ചില്ലെങ്കില്‍ 'രാജ്യസുരക്ഷ അപകടത്തില്‍' എന്ന് തോന്നും. ആവര്‍ത്തിച്ച് ദൂത് വന്നപ്പോള്‍, അത് സാധ്യമല്ലെന്നും ഞാന്‍ പ്രശ്‌നത്തിനു നടുവിലാണെന്ന് അറിയിക്കാനും പറഞ്ഞു. അവസാനം നഗരസഭയിലെ അക്രമത്തിന് പ്രതിപക്ഷ നേതാവിനെ അറസ്റ്റ് ചെയ്തുവെന്നും അതുകൊണ്ട് ജനങ്ങള്‍ സമാധാനം പാലിച്ച് പിരിഞ്ഞുപോകണമെന്നും അറിയിച്ചു. എന്നിട്ടും ആരും പിരിഞ്ഞു പോകുന്ന ലക്ഷണമൊന്നും കണ്ടില്ല. ആളുകളുടെ രോഷം ശമിക്കുന്ന മട്ടൊന്നും ഇല്ലായിരുന്നു. അറസ്റ്റ് ചെയ്ത വ്യക്തിയെ പൊലീസ് കസ്റ്റഡിയില്‍ കൊണ്ടുപോകാന്‍ ജനങ്ങള്‍ സഹകരിക്കണമെന്നും ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചു. അതുകൊണ്ട് ഫലമൊന്നും കണ്ടില്ല. ആ സാഹചര്യം നീട്ടിക്കൊണ്ട് പോകുന്നതിലും അപകടങ്ങളുണ്ട്. ഒടുവില്‍ വരുന്നതു വരട്ടെ എന്ന് വിചാരിച്ച് ആളുകളുടെ ഇടയില്‍ക്കൂടി തന്നെ പുറത്തിറങ്ങാന്‍ തീരുമാനിച്ചു. ശക്തമായ പൊലീസ് വലയം സൃഷ്ടിച്ച് അറസ്റ്റ് ചെയ്ത പ്രതിപക്ഷ നേതാവിനെ അതിനുള്ളിലൂടെ പുറത്തേയ്ക്ക് കൊണ്ടുവരുമ്പോള്‍ അക്രമണോല്‍സുകരായിരുന്ന പ്രതിഷേധക്കാര്‍ വലിയ ഉന്തും തള്ളും കോലാഹലങ്ങളും സൃഷ്ടിച്ചു. അതിനിടെ ആരോ ചിലര്‍ അവിടെ കണ്ണില്‍ കണ്ടതെല്ലാം എടുത്ത് എറിയാന്‍ ശ്രമിച്ചെങ്കിലും ഏറെ ബുദ്ധിമുട്ടി ഞങ്ങള്‍ കഷ്ടിച്ചു പുറത്തുകടന്നു. ഇത്തരം കഷ്ടിച്ചുള്ള രക്ഷപ്പെടലുകള്‍ തലസ്ഥാനത്ത് അന്ന് ഞങ്ങള്‍ക്ക് ശീലമായിരുന്നു. സംഘര്‍ഷം ഒഴിഞ്ഞ ഉടന്‍ 'രാജ്യസുരക്ഷ'യുടെ കാര്യം ഓര്‍ത്തു. അപ്പോള്‍ തന്നെ ഇന്റലിജന്‍സില്‍ വിളിച്ചു. നഗരസഭാ അക്രമത്തില്‍ പ്രതിപക്ഷനേതാവിനെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കാന്‍ 'മുകളില്‍'നിന്ന് അറിയിച്ചിരിക്കുന്നുവത്രെ. അറിയിപ്പ് കിട്ടിയെങ്കിലും തീരുമാനം സ്വതന്ത്രമായിരുന്നു. 'ശ്രീകോവിലിനുള്ളിലെ' സംഭവം കൊലപാതകശ്രമക്കേസ് ആയില്ല. 

അറസ്റ്റിന്റെ കാര്യത്തില്‍ ആദ്യം എന്നോട് വിയോജിക്കുകയും പിന്നീട് യോജിക്കുകയും ചെയ്ത ആ ഡി.വൈ.എസ്.പിയിലേയ്ക്ക് മടങ്ങാം. അദ്ദേഹം വളരെ നീതിബോധവും പ്രാപ്തിയുമുള്ള ഉദ്യോഗസ്ഥനായിരുന്നു എന്നാണെന്റെ അനുഭവം. ഒരു തൂങ്ങിമരണത്തിന്റെ സീനില്‍ എന്നോടൊപ്പം ആ ഉദ്യോഗസ്ഥനും വന്നിരുന്നു. ആ സ്ഥലം വളരെ സൂക്ഷ്മമായി പരിശോധിച്ച് ഓരോ വസ്തുതകളും യുക്തിസഹമായി വിലയിരുത്തി അതൊരു ആത്മഹത്യയാകാനാണ് സാദ്ധ്യത എന്ന തന്റെ നിഗമനം ഒരു ശാസ്ത്രവിദ്യാര്‍ത്ഥിയുടെ ആവേശത്തില്‍ വിവരിച്ചത് ഞാനോര്‍ക്കുന്നു. ദൗര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന് പല മേലുദ്യോഗസ്ഥരുമായും പൊരുത്തപ്പെട്ടു പോകാനായില്ല. എന്നാല്‍, പലേടത്തും അയാളുടെ നിലപാടായിരുന്നു ശരി എന്നെനിക്കു തോന്നി. പൊലീസ് സംവിധാനത്തില്‍ വ്യത്യസ്ത റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന ഒരു ഔദ്യോഗിക അധികാര ശ്രേണിയുണ്ട്. അതോടൊപ്പം പൊലീസ് ഉദ്യോഗസ്ഥരും ഇതര ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും എല്ലാമുള്‍പ്പെടുന്ന അനൗപചാരിക അധികാരഘടനയുമുണ്ട്. ശക്തമായ ഈ അനൗപചാരിക അധികാരഘടനയില്‍ പൊലീസിലെ താഴ്ന്ന റാങ്കിലെ ഉദ്യോഗസ്ഥര്‍ വളരെ ശക്തരായി മാറാം. ഔദ്യോഗിക സംവിധാനത്തിനുള്ളില്‍ത്തന്നെ ഒറ്റപ്പെട്ട ആ ഉദ്യോഗസ്ഥന്‍ എല്ലാ അധികാര ഘടനകള്‍ക്കും പുറത്തായി. നിരന്തരം സമ്മര്‍ദ്ദത്തിലായപ്പോള്‍ അയാളുടെ പെരുമാറ്റത്തിലും ചില പാളിച്ചകള്‍ ഉണ്ടായെന്നു തോന്നി. അയാള്‍ക്ക് 'വട്ടാണ്' എന്ന് പല ബുദ്ധിമാന്മാരും മുദ്രകുത്തി. സത്യസന്ധതകൊണ്ടും പ്രാപ്തികൊണ്ടും പ്രായത്തിന്റെ ആനുകൂല്യംകൊണ്ടും ഐ.പി.എസ് കിട്ടാന്‍ പലരേക്കാളും അര്‍ഹതയുണ്ടെന്നു തോന്നിയ ആ ഉദ്യോഗസ്ഥന്‍ അതൊന്നും കിട്ടാതെ വിരമിച്ചു. അദ്ദേഹം ദളിത് വിഭാഗത്തില്‍പ്പെട്ട ആളായിരുന്നു എന്നത് ആകസ്മികമാണോ എന്ന സംശയം ശേഷിക്കുന്നു.
''I am a man more sinned against than sinning,' (എന്റെ തെറ്റിനേക്കാള്‍ കൂടുതല്‍ പാപങ്ങള്‍ എനിക്കെതിരെ ഉണ്ടായി) എന്ന ഷേക്സ്പിയറിന്റെ ദുരന്തനായകന്‍ കിംഗ് ലിയറിന്റെ വാക്കുകള്‍ ഒര്‍മ്മിപ്പിക്കുന്നു ഈ ഉദ്യോഗസ്ഥന്‍.

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com