അശീതി പിന്നിട്ട ജമാഅത്തെ ഇസ്ലാമി 

കൊളോണിയല്‍ ഇന്ത്യയില്‍ 1941 ആഗസ്റ്റ് 26-ന് രൂപവല്‍ക്കരിക്കപ്പെട്ട ജമാഅത്തെ ഇസ്ലാമി അശീതി പിന്നിട്ട സന്ദര്‍ഭത്തില്‍ എഴുതുന്ന കുറിപ്പാണിത്
അശീതി പിന്നിട്ട ജമാഅത്തെ ഇസ്ലാമി 

സുഡാനില്‍ ജനിച്ച്, അമേരിക്കയിലേക്ക് കുടിയേറി, ഇപ്പോള്‍ ആ രാജ്യത്തിലെ എമൊറി യൂണിവേഴ്സിറ്റിയില്‍ നിയമവിഷയത്തില്‍ അദ്ധ്യാപനം നടത്തുന്ന അബ്ദുല്ലാഹി അഹ്മദ് അന്‍ നയിം ശ്രദ്ധേയരായ സമകാലിക ഇസ്ലാമിക ചിന്തകരില്‍ ഒരാളാണ്. തന്റെ പണ്ഡിതോചിത കൃതികളിലൂടെ അന്താരാഷ്ട്രതലത്തില്‍ അംഗീകാരം നേടിയ അദ്ദേഹത്തിന്റെ പ്രശസ്ത ഗ്രന്ഥങ്ങളില്‍ ഒന്നത്രേ 'Islam and the Secular State.' ആ പുസ്തകത്തില്‍ ഇസ്ലാമിക് സ്റ്റെയ്റ്റ് (ഇസ്ലാമിക രാഷ്ട്രം) എന്ന ആശയം യൂറോപ്യന്‍ രാഷ്ട്രമാതൃകകളില്‍ ഒന്നിനെ ആധാരമാക്കിയുള്ള അധിനിവേശാനന്തര സങ്കല്പനമാണെന്നു ഗ്രന്ഥകാരന്‍ നിരീക്ഷിക്കുന്നു. ഭരണവര്‍ഗ്ഗം സാമൂഹിക നിയന്ത്രണത്തിനുപയോഗിക്കുന്ന നിയമം, പൊതുനയം എന്നീ ഉപകരണങ്ങളെ സംബന്ധിച്ച് സര്‍വ്വാധികാരവാദപരമായ വീക്ഷണമാണ് അതിനുള്ളതെന്ന് വ്യക്തമാക്കുകകൂടി ചെയ്യുന്നു അദ്ദേഹം. (See Abdullahi Ahmed An-Naim, Islam and the Secular State, 2009, p-7).

അഹ്മദ് നയിം 'ഇസ്ലാമിക രാഷ്ട്ര'ത്തിന്റെ ഉല്പത്തിയെക്കുറിച്ചും സ്വഭാവത്തെക്കുറിച്ചും പറഞ്ഞ കാര്യം ഉവിടെ എടുത്തുകാട്ടാന്‍ പ്രത്യേക കാരണമുണ്ട്. കൊളോണിയല്‍ ഇന്ത്യയില്‍ 1941 ആഗസ്റ്റ് 26-ന് രൂപവല്‍ക്കരിക്കപ്പെട്ട ജമാഅത്തെ ഇസ്ലാമി അശീതി പിന്നിട്ട സന്ദര്‍ഭത്തില്‍ എഴുതുന്ന കുറിപ്പാണിത്. ബ്രിട്ടീഷിന്ത്യയില്‍ 'ഇസ്ലാമിക രാഷ്ട്രം' എന്ന നൂതനാശയം ഉയര്‍ത്തിയത് ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകനായ അബുല്‍ അഅ്ല മൗദൂദിയാണ്. ഇസ്ലാമിക രാഷ്ട്രം (ഇസ്ലാമിക ഭരണം) സ്ഥാപിക്കുക എന്നതാണ് തന്റെ സംഘടനയുടെ പരമലക്ഷ്യമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

പാശ്ചാത്യ രാഷ്ട്രമാതൃകകളിലൊന്നിനെ അവലംബിച്ച് ഇസ്ലാമിക് സ്റ്റെയ്റ്റ് എന്ന പരികല്പന മെനയുമ്പോള്‍ അതിലടങ്ങിയ സര്‍വ്വാധികാരവാദ(totalitarianism)മാണ് മൗദൂദിയെ ഏറെ ആകര്‍ഷിച്ചത്. പ്രവാചകന്‍ യൂസുഫിനെ (ജോസഫിനെ) മുസ്സോളിനിയോട് സാമ്യപ്പെടുത്തുന്നിടത്തോളം അത് ചെന്നെത്തുകയുണ്ടായി. (See Irfan Ahmad, Islamism and Democracy in India, 2009, p.66). സര്‍വ്വാധികാരവാദത്തോടുള്ള ഈ കടുത്ത ആഭിമുഖ്യം തന്നെയാണ് മുഹമ്മദ് നബിക്കുശേഷം പ്രവാചകന്മാരുണ്ടാവില്ല എന്നതിനാല്‍ ഭൂമിയില്‍ അല്ലാഹുവിന്റെ ഇച്ഛ നടപ്പാക്കാന്‍ മനുഷ്യര്‍ അല്ലാഹുവിന്റെ പ്രതിനിധികളായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന വാദത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്. 

സര്‍വ്വാധികാരപരതയോടുള്ള ഈ ഒടുങ്ങാത്ത അഭിനിവേശം മൗദൂദിയുടെ 'മുസല്‍മാന്‍ ഔര്‍ മൗജൂദാ സിയാസി കശ്മകശ്' (വാല്യം-3) എന്ന പുസ്തകത്തിലും ജ്വലിച്ചുനില്‍ക്കുന്നുണ്ട്. ജര്‍മനിയിലെ നാസി പാര്‍ട്ടിയുടേയും റഷ്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും അംഗസംഖ്യ താരതമ്യേന വളരെ ചെറുതായിട്ടും ആ പാര്‍ട്ടികള്‍ക്ക് ആ രാജ്യങ്ങളെ തങ്ങളുടെ വരുതിയിലാക്കാന്‍ കഴിഞ്ഞുവെങ്കില്‍, എന്തുകൊണ്ട് എട്ടു കോടി മുസ്ലിങ്ങളുള്ള ഇന്ത്യയില്‍ ഒരു ഇസ്ലാമിക വിപ്ലവം നടത്താനും ഭരണം കൈവശപ്പെടുത്താനും മുസ്ലിങ്ങള്‍ക്ക് സാധിക്കില്ല എന്ന ചോദ്യം മേല്‍സൂചിപ്പിച്ച പുസ്തകത്തില്‍ മൗദൂദി ഉന്നയിക്കുന്നു.

മുസ്സോളിനിയും ഹിറ്റ്ലറും പിന്തുടര്‍ന്ന സമഗ്രാധിപത്യ നിലപാടിനോട് ആരാധനാഭാവം പുലര്‍ത്തിയ മൗദൂദി ഇന്ത്യന്‍ മുസ്ലിങ്ങളില്‍ ഒരു വിഭാഗം ഇസ്ലാമിക രാഷ്ട്രീയത്തിനു പകരം മതേതര രാഷ്ട്രീയത്തില്‍ ആകൃഷ്ടരാകുന്നതില്‍ വ്യാകുലനായിരുന്നു. മറ്റൊരു വിഭാഗം മുസ്ലിം ലീഗിന്റെ സാമുദായിക രാഷ്ട്രീയം ആശ്ലേഷിക്കുന്നതും അദ്ദേഹത്തില്‍ അസ്വസ്ഥത പടര്‍ത്തി. കോണ്‍ഗ്രസ്സിനോട് ചേര്‍ന്ന് ജംഇയ്യത്തുല്‍ ഉലമാ ഹിന്ദ് പ്രകടിപ്പിക്കുന്ന മതനിരപേക്ഷതാഭിമുഖ്യത്തേയും ലീഗ് ഉയര്‍ത്തുന്ന മുസ്ലിം ദേശീയതയേയും അദ്ദേഹം നഖശിഖാന്തം എതിര്‍ത്തും രണ്ടും തന്റെ വിഭാവനയിലുള്ള ഇസ്ലാമിക് സ്റ്റെയ്റ്റ് എന്ന ലക്ഷ്യത്തിനെതിരാണെന്ന് അദ്ദേഹത്തിനറിയാമായിരുന്നു.

ലീഗിന്റെ രഥത്തില്‍ 

സ്വാതന്ത്ര്യപ്രാപ്തിക്ക് മുന്‍പ് ലീഗിനോട് മൗദൂദി പുലര്‍ത്തിയ എതിര്‍പ്പ് പല രൂപങ്ങളില്‍ പ്രതിഫലിക്കയുണ്ടായി. ജിന്നയും കൂട്ടരും പറയുന്ന പാകിസ്താന്‍ (വിശുദ്ധ നാട്) യഥാര്‍ത്ഥത്തില്‍ 'നപാകിസ്താന്‍' (അവിശുദ്ധ നാട്) ആണെന്നും അത് അവിശ്വാസികളായ മുസ്ലിങ്ങളുടെ നാട് (കാഫിറാന രാഷ്ട്രം) ആണെന്നും പരിഹസിക്കുന്നിടം വരെ പോയി ജമാഅത്ത് ഗുരുവിന്റെ ഭര്‍ത്സനം. ഇതെല്ലാം മുന്നില്‍വെച്ച്, മൗദൂദി പാകിസ്താന്‍ എന്ന ആശയത്തിനും രാജ്യത്തിന്റെ വിഭജനത്തിനും എതിരായിരുന്നുവെന്നു പില്‍ക്കാലത്ത് മൗദൂദിയുടെ ഇന്ത്യയിലെ ശിഷ്യഗണം പ്രചരിപ്പിച്ചു പോന്നിട്ടുണ്ട്. അതോടൊപ്പം തങ്ങളുടെ ആചാര്യന്‍ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ സജീവമായി പങ്കെടുത്തു എന്ന പ്രചാരണവും കുറച്ചുകാലമായി ജമാഅത്തെ ഇസ്ലാമിക്കാര്‍ നടത്തിവരുന്നതു കാണാം.

ഈ പ്രചാരണങ്ങളില്‍ എത്രമാത്രം കഴമ്പുണ്ട്? പാകിസ്താന്‍ വാദം ഉയര്‍ത്തിയ മുസ്ലിം ലീഗിനെ ഒരു ഘട്ടത്തില്‍ മൗദൂദി നിശിതമായി വിമര്‍ശിച്ചു എന്നത് ശരിയാണ്. പാശ്ചാത്യവല്‍കൃതനായ മുഹമ്മദലി ജിന്നയുടെ നായകത്വത്തില്‍ പിറവിയെടുക്കുന്ന പാകിസ്താന്‍ ശരീഅത്തധിഷ്ഠിത ഭരണം പിന്തുടരുന്ന ഇസ്ലാമിക രാഷ്ട്രമാവില്ലെന്നും അത് 'സെന്‍സസ് മുസ്ലിങ്ങള്‍ക്ക്' ഭൂരിപക്ഷമുള്ള രാഷ്ട്രമേ ആവൂ എന്നുമായിരുന്നു ജമാഅത്ത് മേധാവിയുടെ വാദം. തന്നെയുമല്ല, ഇന്ത്യ ഉപഭൂഖണ്ഡത്തെയാകെ ഇസ്ലാമികവല്‍ക്കരിക്കുക എന്ന തന്റെ സ്വപ്നത്തിന് നിരക്കാത്തതാണ് ഇന്ത്യാവിഭജനമെന്നും അദ്ദേഹം കരുതി. 1941-നും 1946-നുമിടയ്ക്ക് ലീഗിന്റെ 'ഇസ്ലാം വിരുദ്ധത' തുറന്നുകാട്ടുന്നതിനാണ് തന്റെ ഊര്‍ജ്ജമത്രയും അദ്ദേഹം വിനിയോഗിച്ചത്. 1945-'46 ലെ പ്രവിശ്യാ അസംബ്ലി തെരഞ്ഞെടുപ്പില്‍ മുസ്ലിങ്ങള്‍ ലീഗിന് വോട്ട് ചെയ്യരുതെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. മതേതര അസംബ്ലിയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നത് മുസ്ലിങ്ങളുടെ ഏകദൈവ വിശ്വാസത്തിനെതിരാണെന്നായിരുന്നു അദ്ദേഹം വാദിച്ചത്. പക്ഷേ, മുസ്ലിങ്ങള്‍ അദ്ദേഹത്തെ വകവെച്ചില്ല. മുസ്ലിം നിയോജകമണ്ഡലങ്ങളില്‍ ലീഗ് വിജയം കൊയ്തു. അതോടെ, ലീഗിനെ പ്രാന്തീകരിച്ച് മുസ്ലിങ്ങളെ തന്റെ ഇസ്ലാമിക രാഷ്ട്രവാദത്തിന്റെ പോരാളികളാക്കി മാറ്റാന്‍ സാധിക്കുമെന്ന മൗദൂദിയുടെ മോഹം തകര്‍ന്നു തരിപ്പണമായി.

ഈ നില വന്നപ്പോള്‍ ജമാഅത്ത് നേതാവിന്റെ മുന്‍പില്‍ ഒരൊറ്റ വഴിയേ അവശേഷിച്ചിരുന്നുള്ളൂ: ലീഗ് വിരുദ്ധതയും പാകിസ്താന്‍ വിരുദ്ധതയും വലിച്ചെറിഞ്ഞ് ജിന്ന തെളിക്കുന്ന ലീഗിന്റെ രഥത്തില്‍ കയറിപ്പറ്റുക. അതുതന്നെ ചെയ്തു മൗദൂദി. 1947 ജൂലായില്‍ നടന്ന, വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യ ഇന്ത്യയോടൊപ്പം നില്‍ക്കണോ അതോ പാകിസ്താനോടൊപ്പം നില്‍ക്കണോ എന്ന ഹിതപരിശോധനയില്‍, താന്‍ അതുവരെ എതിര്‍ത്തു പോന്ന ലീഗിന് വോട്ട് ചെയ്യാന്‍ മൗദൂദി തന്റെ അനുയായികളടക്കമുള്ള മുസ്ലിങ്ങളോടാവശ്യപ്പെട്ടു. പിറക്കാന്‍ പോകുന്ന പാകിസ്താന്‍ എന്ന നവരാഷ്ട്രത്തെ 'അല്ലാഹുവിന്റെ രാജ്യ'മാക്കാന്‍ തനിക്ക് സാധിക്കുമെന്നു വിളിച്ചുപറയുകയും ചെയ്തു അദ്ദേഹം. പാകിസ്താന്‍ നിലവില്‍ വന്നു രണ്ടാഴ്ച പിന്നിടേണ്ട താമസം, ജമാഅത്ത് ഗുരു ഇന്ത്യ വിട്ട് പാകിസ്താന്റെ ഭാഗമായ ലാഹോറിലേക്ക് വണ്ടി കയറി.

സ്വാതന്ത്ര്യസമരത്തില്‍ മൗദൂദിയും അനുയായികളും പങ്കെടുത്തിരുന്നു എന്നതത്രേ ജമാഅത്തെ ഇസ്ലാമിക്കാരുടെ രണ്ടാമത്തെ പ്രചാരണം. ഇസ്ലാമിക രാഷ്ട്രവാദത്തിലേക്കു തിരിഞ്ഞ ശേഷം മൗദൂദി സ്വാതന്ത്ര്യസമരത്തെ തള്ളിപ്പറയുന്നതില്‍ വ്യാപൃതനായിരുന്നു എന്നതാണ് നേര്. ഇത് മനസ്സിലാക്കാന്‍ തന്റെ 'തര്‍ജുമാനുല്‍ ഖുര്‍ആനില്‍' ജമാഅത്ത് മേധാവി പ്രസിദ്ധീകരിച്ച ലേഖന പരമ്പരയിലെ ബന്ധപ്പെട്ട ഭാഗം പരിശോധിച്ചാല്‍ മതി. 'മുസല്‍മാന്‍ ഔര്‍ മൗജൂദാ സിയാസി കശ്മകശ്' എന്ന പുസ്തകത്തിന്റെ ഒന്നാംവാല്യത്തില്‍ അതുള്‍പ്പെടുത്തപ്പെട്ടിട്ടുണ്ട്. അതില്‍ പറയുന്നത് കോണ്‍ഗ്രസ് ആരംഭിച്ച മുസ്ലിം ബഹുജന സമ്പര്‍ക്ക പരിപാടി ഇന്ത്യയില്‍നിന്നു മുസ്ലിം സ്വത്വം തുടച്ചുമാറ്റാനുള്ള ഗൂഢാലോനയുടെ ഭാഗമാണെന്നാണ്. സ്വാതന്ത്ര്യസമരത്തെ മുസ്ലിങ്ങള്‍ 'രാഷ്ട്രീയ ശുദ്ധിപ്രസ്ഥാന'മായി കാണണമെന്നും ഇന്ത്യയിലെ മുസ്ലിങ്ങളെ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനുള്ള സമരമാണതെന്നും മേല്‍പ്പറഞ്ഞ ലേഖനത്തില്‍ മൗദൂദി എഴുതുകയുണ്ടായി. (See Irfan Ahmad, op.cit, p.60). മുസ്ലിങ്ങളുടെ സാംസ്‌കാരികസ്വത്വം തൂത്തുവാരാനുള്ള സമരം എന്നാരോപിച്ച് മൗദൂദിയും സംഘവും സ്വാതന്ത്ര്യപ്രക്ഷോഭത്തില്‍നിന്നു വിട്ടുനിന്നു എന്നു ചുരുക്കം.

വിഭജനാനന്തരം മൗദൂദിസ്റ്റ് സംഘടന ജമാഅത്തെ ഇസ്ലാമി പാകിസ്താന്‍, ജമാഅത്തെ ഇസ്ലാമി ഹിന്ദ് എന്നിങ്ങനെ രണ്ടായി. അതുകഴിഞ്ഞ് 1954-ല്‍ ജമാഅത്തെ ഇസ്ലാമി കശ്മീരും 1975-ല്‍ ജമാഅത്തെ ഇസ്ലാമി ബംഗ്ലാദേശും നിലവില്‍ വന്നു. ഇപ്പോള്‍ ഇന്ത്യ ഉപവന്‍കരയില്‍ മൂന്നു രാഷ്ട്രങ്ങളിലായി നാല് ജമാഅത്തെ ഇസ്ലാമിയുണ്ട്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്ലാമി ഹിന്ദ് ഇന്ത്യയുടെ ഭാഗമായ കശ്മീരില്‍ പ്രവര്‍ത്തിക്കുന്നില്ല. കശ്മീരിനു മാത്രമായി 'ജമാഅത്തെ ഇസ്ലാമി കശ്മീര്‍' രൂപവല്‍ക്കരിക്കപ്പെടുകയായിരുന്നു.

എട്ട് പതിറ്റാണ്ട് പിന്നിട്ട ജമാഅത്തെ ഇസ്ലാമി ഏറ്റവും കരുത്തുറ്റ സംഘടനയായി മാറുമെന്നു പ്രതീക്ഷിക്കപ്പെട്ടത് പാകിസ്താനിലാണ്. മൗദൂദി സ്വന്തം തട്ടകമായി സ്വീകരിച്ചത് പാകിസ്താനാണ് എന്നതാണ് ഒരു കാരണം. മറ്റൊന്ന് 97 ശതമാനത്തോളം മുസ്ലിങ്ങളുള്ള രാഷ്ട്രമാണ് അതെന്നതും. പക്ഷേ, അവിടെപ്പോലും ഒരു മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടിയായി മാറാന്‍ ആ സംഘടനയ്ക്ക് സാധിച്ചിട്ടില്ല. ബംഗ്ലാദേശിലും അതുതന്നെ സ്ഥിതി. ഇന്ത്യയിലാകട്ടെ, ഏതാനും ചില പോക്കറ്റുകളില്‍ സാന്നിധ്യമറിയിക്കുന്നതില്‍ ഒതുങ്ങിനില്‍ക്കുന്നു അത്. പക്ഷേ, ഒരു കാര്യം സമ്മതിക്കണം. ഇസ്ലാമിസം എന്നറിയപ്പെടുന്ന രാഷ്ട്രീയ ഇസ്ലാമിന് അസ്തിവാരമിട്ട മൗദൂദിയുടെ ആശയങ്ങളാണ് ഈജിപ്ത് തൊട്ട് ഇന്തോനേഷ്യ വരെയുള്ള രാഷ്ട്രങ്ങളില്‍ വിവിധ ഇസ്ലാമിസ്റ്റ് സംഘടനകള്‍ക്ക് ഊര്‍ജ്ജദാതാവായി വര്‍ത്തിച്ചുവരുന്നത്. ബിന്‍ ലാദനും ബാഗ്ദാദിയുമുള്‍പ്പെടെയുള്ള തീവ്രവാദികള്‍ക്ക് പ്രചോദനമേകിയതും മൗദൂദിയന്‍ വിചാരധാര തന്നെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com