ദേശങ്ങളുടെ അജ്ഞാതമായ  അടരുകള്‍

ഉച്ചഭക്ഷണത്തിനു ചെന്ന ഹോട്ടലില്‍ നിറയെ ചില്ലുകൂടുകളായിരുന്നു. അവയില്‍ നിറച്ച വെള്ളത്തില്‍ നീന്തുന്ന മത്സ്യങ്ങള്‍, പാമ്പ് തുടങ്ങി എന്തൊക്കെയോ ജീവികള്‍
ദേശങ്ങളുടെ അജ്ഞാതമായ  അടരുകള്‍


7
തായ്‌ലന്‍ഡ്‌ എന്നാല്‍ മദിരയും മദിരാക്ഷിയും മയക്കുമരുന്നും നുരയുന്ന പട്ടായയോ ഫുക്കറ്റോ ബാങ്കോക്കോ മാത്രമല്ല എന്നു മനസ്സിലായത് ഈ യാത്രയിലാണ്. ചുറ്റിലും തണുത്ത് നീലിച്ച മലനിരകള്‍ ആരോ വരച്ച പെന്‍സില്‍ സ്‌കെച്ചുപോലെ. അവ കണ്ടു കണ്ടു പോകെ നഗരമോടികള്‍ മാഞ്ഞുമാഞ്ഞുപോയി. കടകളും കടന്നുപോകുന്ന മനുഷ്യരുടെ വസ്ത്രങ്ങളും മുഷിഞ്ഞു തുടങ്ങി. വീടുകള്‍ ചെറുതായി വന്നു. കാടുകള്‍ ഇടയ്ക്കിടെ പാഞ്ഞുവന്നു പൊതിഞ്ഞു. പടര്‍ന്ന പച്ചപ്പുകള്‍ക്കിടയില്‍നിന്നും പഗോഡകളുടെ സ്വര്‍ണ്ണ താഴികക്കുടങ്ങള്‍ തലയുയര്‍ത്തി. മന്ദസ്മിതം തൂകിക്കൊണ്ട് ഏതൊക്കെയോ ബുദ്ധസന്ന്യാസിമാരുടെ പ്രതിമകള്‍. അതിലൊരാള്‍ക്ക് നാരായണഗുരുവിന്റെ ഛായയുണ്ടായിരുന്നു. പതിഞ്ഞ മൂക്കുള്ള മുഖത്ത് തെളിഞ്ഞ ചിരിയോടെ വരവേല്‍ക്കുന്ന ഗ്രാമങ്ങള്‍. ആദിമ വിശുദ്ധി നഷ്ടപ്പെടാത്ത കൃഷിക്കളങ്ങള്‍; എവിടെനിന്നോ വന്ന് എങ്ങോട്ടോ ഒഴുകിമറയുന്ന അരുവികള്‍; മണ്ണിലും മരങ്ങളിലും കരകൗശലവസ്തുക്കള്‍ തീര്‍ക്കുന്ന മനുഷ്യര്‍; പൂക്കള്‍ വില്‍ക്കുന്നവര്‍, വീട്ടമ്മമാര്‍, കുട്ടികള്‍...

ഇറുകിയ കണ്ണുകളുടേയും ഉറച്ച ശരീരങ്ങളുടേയും സൗന്ദര്യം; പന്നിമാംസത്തില്‍നിന്നു വാറ്റിയെടുത്ത എണ്ണയുടെ മണം എങ്ങും; മത്സ്യം മുതല്‍ പാമ്പും തവളയും വരെ അടുപ്പില്‍ വേവുന്നതിന്റെ ഗന്ധങ്ങള്‍; പൊട്ടിച്ചിരിക്കുന്ന പുന്നെല്‍ച്ചോറിന്റെ നിറം... പലരും പറഞ്ഞതുകേട്ട് തെറ്റിദ്ധരിച്ചെത്തിയ യാത്രികനു മുന്നില്‍ തായ്ലന്റ് ജീവിതത്തിന്റെ സ്‌നേഹഗന്ധം പുരണ്ട മറ്റൊരു പരവതാനി വിരിക്കുകയായിരുന്നു.

ഗ്രാമച്ചന്തകളില്‍ ചെല്ലുമ്പോഴാണ് ഏത് ദേശത്തിന്റേയും അജ്ഞാതമായ അടരുകളും മനുഷ്യാധ്വാനവും പ്രകൃതിയുടെ പ്രസരിപ്പും സ്പര്‍ശിച്ചറിയാന്‍ സാധിക്കുക. തമിഴ്നാട്ടിലേയും കര്‍ണ്ണാടകയിലേയും ഒറീസ്സയിലേയും ബംഗാളിലേയുമെല്ലാം പല പല ഗ്രാമച്ചന്തകളില്‍ അലഞ്ഞു നടന്നപ്പോള്‍ ഇതനുഭവിക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. മനുഷ്യനും മൃഗങ്ങളും പ്രകൃതിവിഭവങ്ങളും ചേര്‍ന്നുള്ള മേളനമാണ് തായ് ഗ്രാമച്ചന്തകള്‍. പച്ചമുളകു മുതല്‍ പന്നിമാംസം വരെ വില്‍ക്കുന്നത് സ്ത്രീകളാണ്. പന്നിയും പട്ടിയും പാമ്പും തവളയും ആമയും മത്സ്യവും ഞണ്ടുമെല്ലാം മരിച്ചു മലര്‍ന്നു കിടക്കുന്നു. ഇറച്ചിവെട്ടുന്ന അമ്മപെങ്ങന്മാര്‍ക്ക് ബഹളവും ശൗര്യവും ഇത്തിരിയധികമായിരുന്നു. ഒരു ഭാഗത്ത് പല പല പച്ചിലകളുടെ കടല്‍, അവയില്‍പ്പുരണ്ട ഗ്രാമീണഗന്ധം. പുഴുങ്ങിയ ചക്കരക്കിഴങ്ങും ഇളംകാമ്പോടെ തരുന്ന ഇളനീരും വേണമെങ്കില്‍ കേരളത്തിന്റെ ഓര്‍മ്മകളോടെ കഴിക്കാം. ശരീരം വില്‍ക്കുന്നവരല്ല ശരീരം വിയര്‍ത്ത് കുടുംബം പോറ്റുന്നവരാണ് തായ്ത്തരുണികള്‍ എന്ന് ഓരോ ദേശച്ചന്തയും പുറംദേശ യാത്രികരോടു വിളിച്ചുപറഞ്ഞുകൊണ്ടേയിരുന്നു.

ഗ്രാമങ്ങളില്‍ച്ചെന്നു രാവുപാര്‍ത്താല്‍ ആദ്യം ബോധിസത്വന്റെ ഇമകള്‍പോലെയുള്ള ഇലകള്‍ നുള്ളിയിട്ട് തിളപ്പിച്ച ചായതരും. രാത്രി വളരുന്നതിനനുസരിച്ച്, അരിയില്‍നിന്നും വാറ്റിയ നാട്ടുമദ്യം കുഞ്ഞു ചില്ലുഗ്ലാസ്സില്‍ പകര്‍ന്നുതരും. മടിയും അല്‍പ്പം അലസതയും പുരണ്ട മുഖമുള്ള പുരുഷന്മാര്‍ കുടിക്കാന്‍ ഒപ്പം കൂടും. കൂടുതല്‍ അടുത്താല്‍ പാമ്പിന്റെ ചോര പച്ചയ്ക്ക് വലിച്ചൂറ്റി കാണിച്ചുതരും. ഒരു ഗ്രാമം മുഴുവന്‍ അതിഥികളെ കാണാനെത്തും.

വിഭവ പ്രദര്‍ശനങ്ങളോ വിളിച്ചുകൂട്ടലുകളോ ഒന്നുമില്ലാത്ത ഒരു പാവം കടയിലാണ് ഉച്ചഭക്ഷണത്തിനു കയറിയത്. നടി ജലജയുടെ മുഖച്ഛായയുള്ള യുവതിയായിരുന്നു കട നടത്തിയിരുന്നത്. ഉച്ചമയക്കത്തിലേക്ക് വീണുതുടങ്ങിയിരുന്ന കട ഞങ്ങള്‍ എത്തിയതോടെ ഉഷാറായുണര്‍ന്നു. യുവതിയുടെ ഭര്‍ത്താവും അമ്മയുമെത്തി. മത്സ്യവും ഇറച്ചിയും ഓംലെറ്റും ചോറും ഒരു കാട് ഇലകളും വേവിച്ച് നിരന്നു. സസ്യഭുക്കുകള്‍ എന്നൊരു വര്‍ഗ്ഗം ഭൂമിയിലുണ്ട് എന്ന് എന്റെ ഭക്ഷണം കണ്ട അവര്‍ ഞെട്ടിക്കൊണ്ട് മനസ്സിലാക്കി. ചോറും രണ്ടായി മുറിച്ച ചെറുനാരങ്ങയും അരിഞ്ഞിട്ട സവാളയും പച്ചമുളകും മാത്രമായിരുന്നു ആ തീന്‍മേശയില്‍ എന്റെ ഏക ആശ്രയം. അതിവിശിഷ്ട ഭോജ്യമെന്ന നിലയില്‍ ഞാനത് വാരിത്തിന്നു തുടങ്ങി. ഞാന്‍ കഴിക്കുന്നത് അവര്‍ കൗതുകത്തോടെ നോക്കിനിന്നു. നരകലര്‍ന്ന മുടിയിഴകള്‍ പാറിച്ചുകൊണ്ട് അമ്മ ചിരിച്ചു. മകള്‍ എന്തോ അമ്മയോട് പറഞ്ഞു. യാത്ര പറഞ്ഞിറങ്ങിയപ്പോള്‍, ചുളിവുകള്‍ വീണുതുടങ്ങിയ വിരലുകള്‍കൊണ്ട് ആ അമ്മ എന്റെ മുടിയില്‍ തലോടി. തായ് മസാജിന്റെ കച്ചവട സ്പര്‍ശമല്ലായിരുന്നു അത്. ആ തലോടലില്‍ നിറയെ മാതൃത്വത്തിന്റെ തെന്നല്‍ സുഖമായിരുന്നു. അതിനു ഭാഷയും ഭൂമിശാസ്ത്രവും വംശ-വര്‍ഗ്ഗങ്ങളുമൊന്നും ബാധകമല്ല എന്ന് ആ ഒറ്റത്തലോടലിലൂടെ എനിക്കു മനസ്സിലായി. ആ ഒരൊറ്റ തിരിച്ചറിവു മതി ഒരു യാത്രയെ സാര്‍ത്ഥകമാക്കാന്‍.

ചെങ്മായിൽ ടോം ആൻഡ‍് ടോയ് റെസ്റ്റോറന്റിൽ ടോമിനും കുടുംബത്തിനുമൊപ്പം
ചെങ്മായിൽ ടോം ആൻഡ‍് ടോയ് റെസ്റ്റോറന്റിൽ ടോമിനും കുടുംബത്തിനുമൊപ്പം

8
മൊസായ് നഗരം

മെസായിയില്‍ എത്തുമ്പോള്‍ സന്ധ്യ മങ്ങിയിരുന്നു. ഇവിടെ വച്ചാണ് തായ്ലന്റ് മ്യാന്‍മറുമായി പിരിയുന്നത്. ഒരു ചെറിയ പാലത്തിനപ്പുറം, വില്‍പ്പന നികുതി ചെക്പോസ്റ്റിനെ അനുസ്മരിപ്പിക്കുന്ന കൂറ്റന്‍ കമാനവും അതിനപ്പുറം തുരുമ്പു പടര്‍ന്ന ഇരുമ്പ് ഗേറ്റും. തോക്കേന്തിയ തായ് പട്ടാളക്കാര്‍ ഗേറ്റിനു കാവല്‍ നില്‍ക്കുന്നു. പാലത്തിനു താഴെ ഒരു തോടിന്റെ ഛായയുള്ള റുക് നദിയാണ്. നദിക്കു മുകളിലെ പാലം നോ മാന്‍സ് ലാന്‍ഡാണ്. കമാനം കടന്നാല്‍ മ്യാന്‍മര്‍: സുവര്‍ണ്ണ ത്രികോണ(Golden Triangle)ത്തിലേക്കുള്ള യാത്ര ഇവിടെ തുടങ്ങുന്നു.

തായ്ലന്റിന്റെ മണ്ണിലുള്ള കവാടത്തിന്റെ അരികിലെ കടകള്‍ക്കിടയിലൂടെ വഴി കണ്ടുപിടിച്ച് ഞാനും ഫാക്കിയും റുക് നദിയുടെ തീരത്ത് ചെന്നുനിന്നു. തലയ്ക്കു മുകളില്‍ തായ്ലന്റിന്റെ കൊടി പാറുന്നു. ആറ് മണി കഴിഞ്ഞതോടെ ഇരുരാജ്യങ്ങളുടേയും ഭാഗത്തുനിന്നുള്ള വാഹനവ്യൂഹങ്ങള്‍ പരസ്പരം അതിരുകള്‍ക്കപ്പുറത്തേയ്ക്ക് രേഖകളില്‍ മുദ്രകുത്തി കടന്നുപോയിരുന്നു. സ്വന്തമായ വാഹനമുള്ളവരും സ്വദേശത്തിന്റെ മണ്ണിലേയ്ക്കും രാത്രിയിലേക്കും മറഞ്ഞു. ആറ് മണിയും ഇരുപത് മിനിറ്റും കഴിഞ്ഞപ്പോള്‍ കറുത്തിരുണ്ട് റുക് നദിയില്‍ ചുവന്ന രശ്മികള്‍ കലങ്ങിത്തുടങ്ങി. അപ്പോള്‍ ഇരുവശത്തേയും ഇരുമ്പ് ഗേറ്റുകള്‍ കടന്ന് ഒരു മനുഷ്യക്കൂട്ടം വന്നു. അവരെല്ലാം കിതച്ചുകൊണ്ട് ഓടുകയായിരുന്നു. അക്കൂട്ടത്തില്‍ യുവാക്കളും വൃദ്ധരും യുവതികളും കുട്ടികളുമുണ്ടായിരുന്നു. മിക്കവരും മുഷിഞ്ഞ വസ്ത്രം ധരിച്ചവര്‍; മാറത്ത് തുണിഭാണ്ഡങ്ങള്‍ അടക്കിപ്പിടിച്ചവര്‍. മറുദേശത്തെ മണ്ണില്‍നിന്ന് ഒരു പകല്‍ക്കച്ചവടംകൊണ്ട് കിട്ടിയത് നുള്ളിപ്പെറുക്കി സ്വന്തം നാട്ടിലേക്ക് ഓടിപ്പോകുന്നവരാണ് അവര്‍. ഇരുമ്പ് കവാടം അടയുന്നതിന്റെ തൊട്ടുമുന്നേയുള്ള നിമിഷം വരെ അവര്‍ മറ്റൊരു നാട്ടിലിരുന്നു ജീവിതം തുന്നിക്കൊണ്ടിരിക്കുകയായിരുന്നു. ഇപ്പോള്‍ ഈ സന്ധ്യയും അതിര്‍ത്തിയും കടന്നു തിരിച്ചുപോകുന്നു; നാളെ ഇതേ കവാടം വഴി അവര്‍ തിരിച്ചുവരും.

എല്ലാവരും കടന്നുപോയി, വാതിലിനു താഴ് വീഴുന്നതിനു തൊട്ടുമുന്‍പാണ് തോളില്‍ പ്ലാസ്റ്റിക് ചാക്കിട്ട്, പൊടിപുരണ്ട മുടിയും മുഖവുമായി ജീര്‍ണ്ണിച്ച വസ്ത്രങ്ങള്‍ ധരിച്ച എട്ടു വയസ്സുകാരിയായ ആ പെണ്‍കുട്ടി ഓടിയെത്തിയത്. പട്ടാളക്കാരനു മുന്നില്‍ ഒരു നിമിഷം പകച്ചുനിന്ന അവള്‍ കിതച്ചുകൊണ്ട് ഗേറ്റുകടന്നു. പക്ഷേ, തോളിലെ ചാക്ക് ഗേറ്റിന്റെ കമ്പികള്‍ക്കുള്ളില്‍ കുരുങ്ങിപ്പോയി. കണ്ണില്‍ നിറയെ പേടിയുമായി അവള്‍ അത് ഊരിയെടുക്കാന്‍ ശ്രമിച്ചു. ഇതിനിടെ അവള്‍ പകച്ചുകൊണ്ട് ദൂരേയ്ക്കു നോക്കുന്നുണ്ടായിരുന്നു. അവളുടെ അമ്മ എന്തൊക്കെയോ കെട്ടിപ്പെറുക്കി ദൂരെനിന്നും ഓടിവരുന്നു. കുരുങ്ങിപ്പോയ ചാക്ക് കുറേ ശ്രമങ്ങള്‍ക്കുശേഷം ഊരിയെടുത്ത് നോ മാന്‍സ് ലാന്റിലേയ്ക്ക് അവള്‍ തെറിക്കുമ്പോഴേയ്ക്കും കൂറ്റന്‍ ഇരുമ്പ് വാതിലിനു താഴ് വീണുകഴിഞ്ഞിരുന്നു. താഴിട്ടു കഴിഞ്ഞാല്‍ തുറക്കരുത് എന്നാണ് നിയമം. താന്‍ ഓടിയെത്തുമ്പോഴേയ്ക്കും വീണുപോയ താഴിനെ നിസ്സഹായയായി കിതച്ചുകൊണ്ട് നോക്കിനിന്ന അമ്മ ഇരുമ്പഴികള്‍ പിടിച്ച് അപ്പുറം നിന്നു. ഒരു നിമിഷം അമ്മയുടെ മുഖത്തേക്ക് നോക്കി അവള്‍ മുന്നോട്ടോടി. അവള്‍ക്കറിയാം മ്യാന്‍മറിലേക്കുള്ള കവാടം ഇപ്പോള്‍ അടയുമെന്നും താന്‍ ആരുടേതുമല്ലാത്ത ഈ ഭൂമിയില്‍ ഒറ്റപ്പെട്ടുപോകുമെന്നും. അന്ന് രാത്രി ആ അമ്മ തായ്ലന്റിലെ തെരുവിലും മകള്‍ മ്യാന്‍മറിലെ വീട്ടിലുമുറങ്ങും!

മെസായിയിലിപ്പോള്‍ തിളങ്ങുന്ന തെരുവുകളും ഹോട്ടലുകളും നിശാക്ലബ്ബുകളുമുണ്ട്. എന്നാല്‍, 20 വര്‍ഷങ്ങള്‍ക്കിപ്പുറം സ്ഥിതി ഇതായിരുന്നില്ല എന്ന് ഫാക്കി പറഞ്ഞു. തന്റെ വല്യുപ്പ സാവാന്‍കുട്ടിക്കേയിയുടെ മ്യാന്‍മറിലെ വേരുകളും ഈ മണ്ണിലെ കച്ചവടസാധ്യതകളും അന്വേഷിച്ചാണ് അക്കാലത്ത് ഫാക്കി ഇവിടെയെത്തിയത്. അന്ന് ഇതൊരു ചെറിയ ഗ്രാമച്ചന്ത മാത്രമായിരുന്നുവത്രേ!

മെസായിയിലെ സ്കോർപിയോൺ ക്ഷേത്രം
മെസായിയിലെ സ്കോർപിയോൺ ക്ഷേത്രം

9
രാത്രിയില്‍ മെസായി തെരുവ് വാണിഭക്കാര്‍ മുഴുവന്‍ വാര്‍ന്നുപോയി, അലങ്കരിക്കപ്പെട്ട കടകള്‍ നിറഞ്ഞ ഇടമായി. മദ്യശാലകളും ഭിന്നലിംഗക്കാര്‍ നടത്തുന്ന കരോക്കെ സെന്ററുകളും ആഹ്ലാദാരവങ്ങളോടെ പൊട്ടിമുളച്ചു. ഇപ്പോള്‍ ഇത് രണ്ട് രാജ്യങ്ങള്‍ക്കിടയിലെ വിനോദ സഞ്ചാര ഇടനാഴിയാണ്. വഴിയോരത്ത് കോഴിക്കോടിനേയും കൊച്ചിയേയും ഓര്‍മ്മിപ്പിക്കുന്ന തട്ടുകടകള്‍. 'ടോം ആന്റ് ടോയ് റസ്റ്റോറന്റ്' നടത്തുന്നത് ടോമും അയാളുടെ കുടുംബവും ചേര്‍ന്നാണ്. വര്‍ഷങ്ങളായി ടോം ഈ തൊഴില്‍ തുടരുന്നു. വൈകുന്നേരം നാല് മണിയോടെ തെരുവിലെത്തുന്ന ടോമും കുടുംബവും രാത്രി പത്തുമണിയോടെ മടക്കിപ്പൂട്ടിയ കടയും കഴുകിത്തുടച്ച പാത്രങ്ങളും കാറില്‍ കയറ്റി വീട്ടിലേക്ക് പോകും. ടോമിന്റെ രണ്ട് കുട്ടികള്‍ വലിയ സ്‌കൂളില്‍ പഠിക്കുന്നു. ഗൃഹപാഠങ്ങള്‍ ചെയ്തുകഴിഞ്ഞാല്‍ വില കൂടിയ മൊബൈല്‍ ഫോണില്‍ പാട്ടുകേട്ടും സുഹൃത്തുക്കളോട് സംസാരിച്ചും അവര്‍ തെരുവിലെത്തും. അച്ഛനൊപ്പം നില്‍ക്കുമ്പോഴും അവര്‍ മറ്റേതോ ലോകത്താണ്.

മാംസത്തിന്റേയും മത്സ്യത്തിന്റേയും വകഭേദങ്ങള്‍ തന്നെയാണ് ടോമിന്റെ കുശിനിയിലും വേവുന്നത്. ഫാക്കിയും ബോബും സമൃദ്ധമായി അവ ഓര്‍ഡര്‍ ചെയ്യുന്നു. ഞാന്‍ വീണ്ടും വിഷമത്തിലായി. ചുവന്ന വീഞ്ഞ് കഴിച്ചിരുന്നതിനാല്‍ കഠിനമായ വിശപ്പുണ്ടായിരുന്നു. പച്ചക്കറി മാത്രം കഴിക്കുന്ന എന്റെ യഥാര്‍ത്ഥ 'രോഗം' എന്ന് അവര്‍ക്കു മനസ്സിലായി. ഒടുവില്‍ ഉച്ചഭക്ഷണത്തിന്റെ ഒപ്പിക്കല്‍ ഇവിടെയും ആവര്‍ത്തിച്ചു: ചോറ്, മുറിച്ച ചെറുനാരങ്ങ, ഉള്ളി, പച്ചമുളക്, ഉപ്പ്. അത് വാരിവാരിത്തിന്നുമ്പോള്‍ എന്റെ മനസ്സില്‍ അമ്മിയിലരച്ച് തിളപ്പിച്ച സാമ്പാറിന്റേയും വെളിച്ചണ്ണയില്‍ മൂപ്പിച്ച വഴുതിനങ്ങ ഉപ്പേരിയുടേയും മണ്‍ഭരണിയുടെ രുചികലര്‍ന്ന കടുമാങ്ങയുടേയും കാച്ചിയ പപ്പടത്തിന്റേയും വിശുദ്ധ സ്വാദ് നിറഞ്ഞു. അമ്മയില്‍നിന്ന് എത്രമാത്രം ദൂരത്താണ് ഞാനിപ്പോള്‍! ആ രുചിക്കൂട്ടുകളിലേയ്ക്ക് ഇനി എന്നാണൊരു മടക്കം? യാത്ര ചെയ്യുമ്പോള്‍ ഭൂമിശാസ്ത്രവും കാലാവസ്ഥയും പരിചിത മുഖങ്ങളും മാത്രമല്ല മാഞ്ഞും മറഞ്ഞും പോകുന്നത്; നമ്മെ നാമാക്കി നിര്‍ത്തുന്ന രുചികള്‍ കൂടിയാണ്. ഈ രുചികള്‍ കൂടിച്ചേരുമ്പോഴാണ് യഥാര്‍ത്ഥ വ്യക്തിസ്വത്വം രൂപപ്പെടുന്നത്. തായ് മണ്ണിലെത്തിയതോടെ എന്റെ സ്വത്വം പതുക്കെപ്പതുക്കെ അഴിഞ്ഞുപോകുന്നതായി എനിക്ക് തോന്നിത്തുടങ്ങി. രുചികള്‍ വറ്റി, നാവ് മരിക്കാറായി. കാഴ്ചകള്‍ പലതും കണ്ണില്‍ തറയ്ക്കുന്നില്ല. അസ്വസ്ഥതയുടെ ഒരു പാട ഉള്ളില്‍ പടരുന്നു.

ഉള്ളതു കഴിച്ച്, ഒരു വിചിത്രജീവിയെപ്പോലെ ഞാന്‍ മാറിനിന്നു. ടോം തന്റെ വിസിറ്റിംഗ് കാര്‍ഡ് എനിക്കു തന്നു. ഭാര്യയും ഭര്‍ത്താവും ചിരിച്ചുകൊണ്ട് ചേര്‍ന്നുനില്‍ക്കുന്ന ചിത്രം അതില്‍ അടിച്ചിരുന്നു. ചിത്രത്തിനു താഴെ നീട്ടിയെഴുതിയ ഒരു വരി ഇങ്ങനെ: TO ORDER COOKING NOT ORDER DONT COOKING. ആരാണ് പറഞ്ഞത് ഇംഗ്ലീഷിനു വ്യാകരണം വേണമെന്ന്?

ഹനോയ് ന​ഗരത്തിൽ ലേഖകൻ
ഹനോയ് ന​ഗരത്തിൽ ലേഖകൻ

പുഴയോരത്തെ ഹോട്ടലിന്റെ ബാല്‍ക്കണിയിലിരുന്നാല്‍ ജനലിനപ്പുറം മ്യാന്‍മാര്‍. ദീപപ്രഭയില്‍ തിളങ്ങുന്ന ശ്വേതഗോണ്‍ പഗോഡ. മറ്റൊരാകൃതിയിലുള്ള വീടുകള്‍, മറ്റു കൂട്ടുകളില്‍ തിളയ്ക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളുടെ മണങ്ങള്‍. എന്നാല്‍, രാത്രിക്ക് ഒരേ കറുപ്പായിരുന്നു; കാറ്റിന് ഒരേ തണുപ്പും.

10
പിറ്റേന്ന് ഞാനും ഫാക്കിയും ബോബും റുക് നദിയുടെ മുകളിലുള്ള പാലം കടന്ന് ഇരുമ്പ് കവാടത്തോട് ചേര്‍ന്നുള്ള ചെറിയ ഓഫീസിലെത്തി. അപ്പുറം കടക്കാന്‍ ഒരു വിമാനത്താവളത്തിനു സമാനമായ എമിഗ്രേഷനും പരിശോധനകളും വേണ്ടിവന്നു. രണ്ട് വശത്തേയും പരിശോധന കഴിഞ്ഞപ്പോള്‍ മ്യാന്‍മാറിന്റെ ചിഹ്നം പതിച്ച നീണ്ട ഒരു കാര്‍ഡ് തന്നു. റങ്കൂണ്‍ എന്ന പേരില്‍ മലയാളികള്‍ക്കിടയില്‍ അറിഞ്ഞിരുന്ന ആ മണ്ണിലേയ്ക്ക് ഞങ്ങള്‍ക്ക് കാലുവയ്ക്കാം. കുറേനേരം സ്ഥലങ്ങള്‍ കാണാം; നടക്കാം; ഭക്ഷണം രുചിക്കാം.

'തച്ചിലേക്ക്' എന്ന പേരുള്ള ഒരു ചെറിയ അങ്ങാടിയായിരുന്നു മുന്നില്‍. മ്യാന്‍മാറിന്റെ ഭൂമിയാണിത്. ലുങ്കിയുടുത്ത സ്ത്രീകള്‍ വഴിവാണിഭം നടത്തുന്നു. ആങ് സാന്‍ സ്യൂകി ഉടുത്തു കാണാറുള്ള അതേ മുണ്ടിന്റെ മുഷിഞ്ഞ രൂപം. തമിഴ്നാട്ടില്‍നിന്നും വര്‍ഷങ്ങള്‍ക്കു മുന്‍പ് പറിഞ്ഞു പോന്നവരുടെ പിന്‍തലമുറക്കാരുമുണ്ട് അക്കൂട്ടത്തില്‍. മോട്ടോര്‍ സൈക്കിളില്‍ സീറ്റുകള്‍ ഘടിപ്പിച്ച വാഹനമാണ് തച്ചിലേക്കിലെ ടാക്‌സി. അതിര്‍ത്തി കവാടത്തിനപ്പുറം തായ് ഭാഷയില്‍ 'ടുക് ടുക്' എന്നു വിളിക്കുന്ന ഈ വാഹനത്തിന്, കവാടത്തിനിപ്പുറം എത്തുമ്പോള്‍ മ്യാന്‍മാര്‍ ഭാഷയില്‍ 'തോംസായി' എന്നാണ് വിളിപ്പേര്. ബംഗ്ലാദേശ് സ്വദേശിയായ അലിയായിരുന്നു ഞങ്ങളുടെ വഴികാട്ടി. ഏതൊക്കെയോ വഴികളിലൂടെ, അലഞ്ഞലഞ്ഞു വന്ന അഭയാര്‍ത്ഥിയുടെ മുഖമായിരുന്നു അലിക്ക്. മ്യാന്‍മാറില്‍ എത്തിയപ്പോള്‍ അലി 'വിന്‍' എന്നറിയപ്പെട്ടു. ദേശം മാറിയപ്പോള്‍ പേര് മാത്രമേ മാറിയുള്ളൂ; അനിശ്ചിതത്വം നിറഞ്ഞ അവന്റെ ക്ഷീണിച്ച മുഖഭാവം അതേപോലെ തുടരുന്നു.

ഒരു കുന്നിന്‍മുകളില്‍ പണിത ശ്വേതഗോണ്‍ പഗോഡയിലേക്കാണ് അലി ആദ്യം ഞങ്ങളെ കൊണ്ടുപോയത്. എവിടത്തേയും ബുദ്ധമത ക്ഷേത്രങ്ങളെപ്പോലെ ശ്വേതഗോണ്‍ പഗോഡയും മറൂണ്‍ നിറമണിഞ്ഞ ബുദ്ധമത ഭിക്ഷുക്കളാലും അവരുടെ മന്ത്രങ്ങളാലും ദീര്‍ഘ നമസ്‌കാരങ്ങളാലും നിറഞ്ഞിരുന്നു. ഭൂമിയോളം വിനയത്തോടെ അവര്‍ വണങ്ങി കടന്നുപോകുന്നു. പ്രാര്‍ത്ഥനാ ചക്രങ്ങള്‍ തിരിക്കുന്നു. പഗോഡയ്ക്കുള്ളിലെ സ്വര്‍ണ്ണ ബുദ്ധപ്രതിമയ്ക്കു മുന്നില്‍ പടിഞ്ഞിരുന്ന് പ്രാര്‍ത്ഥിക്കുന്നു. വലിയ ഒരു ചതുരസ്ഥലത്ത് സ്ഥാപിച്ച പടുകൂറ്റന്‍ കല്‍സ്തൂപത്തിനു മണി കമിഴ്ത്തി വെച്ചതിന്റെ ഛായയായിരുന്നു. തച്ചിലേക്കില്‍നിന്നും അതിര്‍ത്തിക്കപ്പുറം ചെന്ന് നഗരത്തില്‍നിന്നും നോക്കിയാല്‍, വിദൂരമായ അടയാളമായി ഈ സ്തൂപം കാണാം. കുന്നിന്‍ താഴ്വരയില്‍ ഷാന്‍ വംശജരുടെ ഗ്രാമം ഒരു അഭയാര്‍ത്ഥി ക്യാമ്പിനെയാണ് ഓര്‍മ്മിപ്പിച്ചത്. മരക്കാലുകളില്‍ കെട്ടിയുയര്‍ത്തിയ വീടുകളില്‍, മുഖത്ത് മുല്ലപ്പൂമ്പൊടി അരച്ചുതേച്ച മുസ്ലിം യുവതികള്‍, അതിസുന്ദരികള്‍, നിറയെ നിറയെ കുട്ടികള്‍, അവരുടെ ബഹളങ്ങള്‍, പാചകത്തിന്റെ എരിവുമണം എങ്ങും. സസ്യഭുക്കായ എന്നെ വശീകരിക്കുന്ന ഒന്നും ആ വീടുകളുടെ ചിമ്മിനികളില്‍ക്കൂടി പുറത്തുവരുന്ന ഗന്ധങ്ങളില്‍ ഉണ്ടായിരുന്നില്ല.

അതിര്‍ത്തിക്കപ്പുറവും എനിക്ക് ഭക്ഷണം പച്ചച്ചോറും മുറിച്ച സവാളയും ചെറുനാരങ്ങയും പച്ചമുളകും തന്നെയായിരുന്നു. ഫാക്കിയും ബോബും മ്യാന്‍മാര്‍ വിഭവങ്ങള്‍ ആര്‍ത്തിയോടെയും ആവേശത്തോടെയും കഴിച്ചുകൊണ്ടിരുന്നു. ക്ഷീണിച്ച കണ്ണുകളിലൂടെ ഞാന്‍ പുറത്തെ പൊള്ളുന്ന പകലിലേക്ക് നോക്കിയിരുന്നു. എത്രയെത്ര ദൂരെയാണ് എന്റെ വീട്, അതിന്റെ അടുക്കള,അമ്മ...

ന​ഗരക്കാഴ്ചകൾ
ന​ഗരക്കാഴ്ചകൾ

അനുവദിക്കപ്പെട്ട ദൂരങ്ങളില്‍ അലഞ്ഞുനടന്നു കഴിഞ്ഞപ്പോഴേയ്ക്കും ഒരു പകല്‍ തീര്‍ന്നിരുന്നു. പകച്ചും കിതച്ചും ഞങ്ങള്‍ അതിര്‍ത്തിയിലെ ഇരുമ്പ് കവാടത്തിനടുത്ത് എത്തിയപ്പോഴേയ്ക്കും എല്ലാ സന്ധ്യയിലേയും പോലെ മനുഷ്യര്‍ സ്വദേശം തേടിയുള്ള ഓട്ടം തുടങ്ങിയിരുന്നു. രണ്ടു രാജ്യങ്ങളിലേയും പൗരരല്ലാത്ത ഞങ്ങളും അതില്‍ച്ചേര്‍ന്ന് ഓടി. ഇരുമ്പ് കവാടം കടക്കുമ്പോള്‍ തോള്‍സഞ്ചി അഴികള്‍ക്കിടയില്‍ കുരുങ്ങാതിരിക്കാന്‍ ഞാന്‍ ഏറെ ശ്രദ്ധിച്ചു. കാരണം എല്ലാം കൊണ്ടും ഞാന്‍ ഒരു മലയാളിയാണല്ലോ.

11
ബാങ്കോക്കില്‍നിന്നും വിയറ്റ്നാമിലെ ഹോചിമിന്‍ സിറ്റിയിലേക്കുള്ള വിമാനം പറന്നുയരാന്‍ തയ്യാറെടുക്കുകയായിരുന്നു. ആദ്യമേ സീറ്റ് കിട്ടിയതുകൊണ്ട് ഞാന്‍ ചുറ്റുപാടുകളിലേയ്ക്ക് കണ്ണും കാതും തുറന്നിരുന്നു. നിറയെ നിറയെ ആളുകള്‍. അതില്‍ പകുതിയോളം പേര്‍ വൃദ്ധരായിരുന്നു; എന്തുകൊണ്ടോ. അവര്‍ ചിരിക്കുമ്പോള്‍ മുഖത്തെ വാര്‍ദ്ധക്യരേഖകള്‍ കൂടുതല്‍ മുറുക്കത്തോടെ തെളിഞ്ഞു; കണ്ണുകള്‍ വലിഞ്ഞടഞ്ഞു. വിയറ്റ്നാമീസ് ഭാഷ കേള്‍വിയില്‍ തായ് ഭാഷയുടെ ജ്യേഷ്ഠനായിട്ടാണ് തോന്നിയത്. തുള്ളിക്കളിക്കുന്ന ശബ്ദങ്ങള്‍. വയലില്‍, രാത്രിയുടെ നിശ്ശബ്ദതയില്‍ കലപില കൂട്ടുന്ന തവളകളുടെ ശബ്ദമാണ് ഓര്‍മ്മവന്നത്. കണ്ണടച്ചിരുന്ന് എവിടെയെങ്കിലും ഒരക്ഷരമോ വാചകത്തിന്റെ കഷണമോ കൊത്തിയെടുക്കാന്‍ ഞാന്‍ ശ്രമിച്ചു. പക്ഷേ, സാധിച്ചില്ല. വിചിത്രമായ നാദങ്ങള്‍ എന്നെ വന്നുവിഴുങ്ങി.

ലോകത്തിലേക്കും ഏറ്റവും വിഷമം പിടിച്ച ഭാഷകളിലൊന്നായിരിക്കും വിയറ്റ്നാമീസ് എന്നു പറയുന്നു മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും വിയറ്റ്നാമിനെപ്പറ്റിയുള്ള മനോഹരമായ ഒരു പുസ്തകത്തിന്റെ രചയിതാവു കൂടിയായ ടി.ജെ.എസ്. ജോര്‍ജ്: ''ഒരു വാക്കിനുതന്നെ പല അര്‍ത്ഥങ്ങളുണ്ടാകാം. ഉച്ചാരണത്തെ ആശ്രയിച്ചിരിക്കും അര്‍ത്ഥം. സ്പെല്ലിങ്ങ് നോക്കി ഉച്ചാരണം പറയുക സാധ്യമല്ല'' (ഹോചിമിന്റെ നാട്ടില്‍, പുറം:89). 

വിമാനം നിലംവിട്ട് നീലിമയിലേക്ക് ഊളിയിട്ടതോടെ എല്ലാ സംസാരവും നിലച്ചു. ബഹളങ്ങളടങ്ങിയപ്പോള്‍ ഓരോരുത്തരായി ഉറക്കത്തിലേക്ക് വീണു. പലരും കൂര്‍ക്കം വലിച്ചു തുടങ്ങി. കാല-ദേശ-ഭാഷാ വ്യത്യാസമില്ലാതെ അത്രമേല്‍ പരിചിതമായ ശബ്ദം. ഒരു മാറ്റവുമില്ലാതെ ആരോഹണാവരോഹണത്തില്‍. അത് പുറപ്പെടുവിക്കുന്നവര്‍ അറിയാത്ത ആനന്ദധാരയായി പ്രവഹിച്ചു. എന്തുകൊണ്ടോ ഫാക്കിയും ഉറക്കത്തിലേക്കു പോയി. ഏത് യാത്രയിലുമെന്നപോലെ ഞാന്‍ എത്തിച്ചേരാന്‍ പോകുന്ന സ്ഥലത്തെ മനസ്സില്‍ സങ്കല്‍പ്പിച്ചു; അതൊരു മോശം ശീലമാണെങ്കിലും.

കുതുപലോങിലെ റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പിൽ കഴിയുന്നവരുടെ മാർക്കറ്റ്
കുതുപലോങിലെ റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പിൽ കഴിയുന്നവരുടെ മാർക്കറ്റ്

കല്ലും മണ്ണും കുന്നും പുഴയും കാടും മേടും മനുഷ്യരും മൃഗങ്ങളും നിറഞ്ഞ വെറുമൊരു ദേശത്തേക്ക് മാത്രമല്ല നാല് മണിക്കൂറുകള്‍ കഴിഞ്ഞാല്‍ വിമാനം പറന്നിറങ്ങാന്‍ പോകുന്നത്. ചരിത്രം അതിന്റെ ചെന്തീപ്പന്തം അണയാതെ കത്തിച്ചുനിര്‍ത്തിയ നാട്ടിലേക്കാണ്. മനുഷ്യന്റെ ധീരതയും ഇച്ഛാശക്തിയും സമര്‍പ്പണവുമാണ് ഏറ്റവും വലിയ അതിജീവനായുധം എന്നു ലോകത്തിനു തെളിയിച്ചുകൊടുത്ത നാട്ടിലേക്ക്. അമേരിക്കയുടെ ധാര്‍ഷ്ട്യത്തേയും തോക്കിനേയും ബോംബിനേയും പാറ്റണ്‍ ടാങ്കിനേയും വയലുകളിലും വാഴത്തോപ്പുകളിലും നിന്നു പോരാടി തറപറ്റിച്ച മനുഷ്യര്‍ ചരിച്ച മണ്ണിലേയ്ക്ക്. അച്ഛനമ്മമാര്‍ മക്കളേയും ഭാര്യമാര്‍ ഭര്‍ത്താക്കന്മാരേയും മക്കള്‍ പിതാക്കളേയും രാജ്യത്തിനുവേണ്ടി ബലികൊടുത്ത ദേശത്തേക്ക്. ഊശാന്‍ താടിയും മെലിഞ്ഞ ശരീരവുമായി കവിതയും വിപ്ലവവും കലര്‍ന്ന മനസ്സുമായി ഹോചിമിന്‍ എന്ന മഹര്‍ഷി ചരിച്ച മണ്ണിലേക്ക്...

അച്ഛന്‍ പുസ്തകശേഖരത്തിലുണ്ടായിരുന്ന ഒരു ലൈഫ് മാഗസിനാണ് വിയറ്റ്നാമിനെക്കുറിച്ച് ആദ്യമായി പറഞ്ഞുതന്നത്. 1968 ഫെബ്രവരി 19-ന്റെ ആ ലക്കത്തിന്റെ മുഖചിത്രം, ചോരയില്‍ക്കുതിര്‍ന്ന ഒരു വിയറ്റ്‌നാം പൗരനെ രണ്ട് അമേരിക്കന്‍ പട്ടാളക്കാര്‍ പിടിച്ചു കൊണ്ടുപോകുന്നതായിരുന്നു. തുടര്‍ന്നങ്ങോട്ടുള്ള പുറങ്ങളില്‍നിന്നും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ചോരയിറ്റുവീണുകൊണ്ടിരുന്നു. നാട്ടുകാരായിരുന്നു ആയുധധാരികളായ പട്ടാളക്കാരോട് പോരാടുന്നത്. സ്വതന്ത്രമായി ജീവിക്കാനുള്ള അടക്കിവയ്ക്കാനാവാത്ത അഭിനിവേശം മാത്രമായിരുന്നു യുദ്ധത്തില്‍ അവരുടെ പടച്ചട്ട. ''മനുഷ്യന്‍ എത്ര ശക്തമായ പദം'' എന്ന് ഈ ഭൂമിയില്‍ ഓര്‍മ്മിപ്പിക്കുന്ന രാജ്യമാണ് വിയറ്റ്നാം.

മ്യാൻമറിലേക്കുള്ള പ്രവേശന കവാടം
മ്യാൻമറിലേക്കുള്ള പ്രവേശന കവാടം

യാത്രയ്ക്ക് മുന്‍പേ വായിച്ച ഒരു ഹോചിമിന്‍ കവിത വിമാനത്തിന്റെ മൂളക്കത്തിനിടയിലും എന്റെയുള്ളില്‍ മുഴങ്ങി. ജയിലില്‍ക്കിടന്ന് ഹോചിമിന്‍ എഴുതിയ വരികള്‍:

''...ഇവരെന്റെ കയ്യും കാലും കെട്ടിവരിഞ്ഞിരിക്കുന്നു,
എങ്കിലും മലകളില്‍ ഞാന്‍ കിളികളുടെ 
പാട്ടു കേള്‍ക്കുന്നു;
കാടു മുഴുവന്‍ വസന്തപുഷ്പങ്ങളുടെ സൗരഭ്യം 
നിറഞ്ഞിരിക്കുന്നു...
ഈ ദീര്‍ഘയാത്രയുടെ ഏകാന്തത 
അല്‍പ്പമെങ്കിലും മയപ്പെടുത്തുന്ന ഇതെല്ലാം
സ്വതന്ത്രമായി ആസ്വദിക്കുന്നതില്‍നിന്ന് 
എന്നെ ആര്‍ക്ക് തടയാനാവും?''

''...തണുത്ത ശരത്കാല രാത്രി,
തലയിണയില്ല, പുതപ്പുകളില്ല
മുതുക് കൂനിവളച്ച് കാലുകള്‍ കൂട്ടിക്കെട്ടി
ഞാനുറങ്ങാന്‍ ശ്രമിക്കുന്നു വെറുതേ!
വാഴകളില്‍ വീഴുന്ന നിലാവെളിച്ചം 
തണുപ്പിനാഴം കൂട്ടുന്നു
ജനലഴികളിലൂടെ സപ്തര്‍ഷി താരകങ്ങള്‍
അകത്തേക്ക് വലിഞ്ഞെത്തിനോക്കുന്നു...''

''...മേഘങ്ങള്‍ കൊടുമുടികളെ ആശ്ലേഷിക്കുന്നു
കൊടുമുടികള്‍ മേഘങ്ങളെ പുണരുന്നു
താഴെ നദി കണ്ണാടിപോലെ കളങ്കമറ്റ് 
തെളിഞ്ഞുമിന്നുന്നു
തെക്കന്‍ മാനം നോക്കി പഴയ സുഹൃത്തുക്കളെ
സ്വപ്നം കണ്ടലയുമ്പോള്‍
പശ്ചിമഘട്ടത്തിന്റെ ഉച്ചിയില്‍ 
എന്റെ ഹൃദയം വിക്ഷുബ്ധമാവുന്നു...''
(പരിഭാഷ: നാരായണന്‍ ചെമ്മലശ്ശേരി)

കാല്‍പ്പനികതയുടെ തണുപ്പും വിപ്ലവത്തിന്റെ കൊടും ചൂടും കെട്ടുപിണയുന്ന വരികള്‍.

ന​ഗരത്തിലെ ഒരു തെരുവ് റെസ്റ്റോറന്റ്
ന​ഗരത്തിലെ ഒരു തെരുവ് റെസ്റ്റോറന്റ്

ഇതുപോലുള്ള ദേശത്തേക്ക് പോവുമ്പോഴെല്ലാം ഞാന്‍ ഓര്‍മ്മിക്കാറുള്ളത് ഒരു മഹാകവിയുടെ വരികള്‍ തന്നെ. തിരുനാവായയെക്കുറിച്ച് മഹാകവി ജി എഴുതിയ:

''ആ മണല്‍ത്തിട്ടില്‍ ചവിട്ടുന്നതിന്‍ മുന്‍പ്
നാമതിന്ന് നമോവാകമോതുക'' എന്ന വരികള്‍

വിയറ്റ്നാമിന്റെ മണ്‍ത്തിട്ടയില്‍ കാലൂന്നി നില്‍ക്കുന്ന മനുഷ്യനെ ആകാശത്തിരുന്നുകൊണ്ട് ഞാന്‍ വണങ്ങി-അടിമയാവാത്ത മനുഷ്യന്‍ എന്ന അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ വേണ്ടി.

12
നട്ടുച്ചയ്ക്കാണ് വിമാനമിറങ്ങിയത്.

മുന്നില്‍ ഒരു ചരിത്രനഗരം. അതിന്റെ വഴികളിലൂടെ താമസസ്ഥലത്തേയ്ക്ക് പോവുമ്പോള്‍ ഞാന്‍ നിറഞ്ഞ തെരുവുകളിലേയ്ക്ക് നോക്കിയിരുന്നു. മാറി മാറി വരുന്ന മനുഷ്യമുഖങ്ങള്‍ അത്ഭുതത്തോടെ കണ്ടു. മൂക്കുപതിഞ്ഞ് ചെമ്പിന്റെ നിറമുള്ള അത്തരം മുഖങ്ങള്‍ കൂടുതലും കണ്ടത് യുദ്ധ ഫോട്ടോകളിലായിരുന്നു. അസോസിയേറ്റഡ് പ്രസ്സിന്റെ ഹോഴ്സ്റ്റ് ഫാസ് എടുത്ത ഫോട്ടോകള്‍ വെറും ചിത്രങ്ങള്‍ മാത്രമായിരുന്നില്ല; ജീവിതത്തിനും മരണത്തിനുമിടയിലുള്ള നിസ്സഹായാവസ്ഥയുടെ നേര്‍രൂപങ്ങളായിരുന്നു. മക്കളെ പുറത്ത് കെട്ടിയും നെഞ്ചോട് ചേര്‍ത്തും വയലിനു നടുവിലെ തോട്ടിലൂടെ, പുല്ലിന്‍ മറവുപറ്റി പതുങ്ങിപ്പതുങ്ങി നീന്തി നീങ്ങുന്ന അമ്മമാരുടെ ചിത്രം 1966-ല്‍ ഈ നഗരത്തിന്റെ പുറം പ്രദേശത്തുവച്ച് ഫാസ് പകര്‍ത്തി. ആ കുട്ടികള്‍ അന്ന് രക്ഷപ്പെട്ടിട്ടുണ്ടെങ്കില്‍, ഇപ്പോള്‍ 50 വയസ്സു കഴിഞ്ഞിട്ടുണ്ടാവും. ഒരുപക്ഷേ, ഞങ്ങളുടെ കാറിനെ കടന്നുപോവുന്ന മനുഷ്യരില്‍ അവരുണ്ടാവാം, അല്ലെങ്കില്‍ അവരെപ്പോലെ രക്ഷപ്പെട്ടവരുണ്ടാവാം.

റോഡില്‍ കാറുകള്‍ക്കൊപ്പം തന്നെ ചെറിയ ചെറിയ മോപ്പഡുകള്‍ നിറയെ. അവയിലൊന്നില്‍ വിയറ്റ്നാമിന്റെ തനതടയാളമായ കൂമ്പന്‍ തൊപ്പിവച്ച് ഒരാള്‍. പെട്ടെന്നത് കാണുമ്പോള്‍ ഒറ്റ ദൃശ്യത്തില്‍ ഒരു രാജ്യം ഓര്‍മ്മവരുന്നു. എല്ലാ നഗരത്തിനും അതിന്റേതായ വേഗമുണ്ട് എന്നു സൂക്ഷിച്ചു നോക്കിയാല്‍ മനസ്സിലാവും. അതിവേഗമാണ് ഹോചിമിന്‍ സിറ്റിക്ക്. ഒരുപാട് എന്തൊക്കെയോ ചെയ്ത് തീര്‍ക്കാനുള്ളതുപോലെ ആളുകള്‍ പ്രവഹിക്കുന്നു.

ഫാക്കിക്ക് ഒരക്ഷരം വിയറ്റ്നാമീസ് ഭാഷ അറിയില്ല. എന്നിട്ടും അയാള്‍ മുന്‍സീറ്റിലിരുന്ന് ഡ്രൈവറെ നിയന്ത്രിക്കുന്നു. ഞാന്‍ ചിരിച്ചപ്പോള്‍ ആ ലോകയാത്രികന്‍ പറഞ്ഞു:

''എടാ എല്ലാ സ്ഥലത്തും ടാക്‌സി ഡ്രൈവര്‍മാര്‍ ഒരുപോലെയാണ്. സ്ഥലപരിചയമില്ലാത്തവരെ ഒന്നു ചുറ്റിക്കാനുള്ള കുറുമ്പ് അവര്‍ക്കു ജന്മസിദ്ധമായിരിക്കും. നമുക്കും ഈ വഴിയൊക്കെയറിയാം എന്ന് അവരെ തോന്നിപ്പിച്ചാല്‍ മതി. പിന്നെ പ്രശ്‌നമുണ്ടാവില്ല.'' ഏതോ സര്‍ക്കിളില്‍ വച്ച് വണ്ടി മറ്റേതോ വഴിയിലേയ്ക്കു തിരിഞ്ഞപ്പോള്‍ ഫാക്കി ആ വിയറ്റ്നാമീസ് ഡ്രൈവര്‍ക്കു നേരെ കയ്യോങ്ങിക്കൊണ്ട് തനി തലശ്ശേരി ഭാഷയില്‍ പറഞ്ഞു:

''എടാ ഇന്റെ തലമണ്ട ഞാന്‍ തച്ച് പൊട്ടിക്കും. മറ്റേ വയിയ്ക്ക് പോയാല് അപ്പറത്ത് എത്തൂലെടാ. പിന്നെന്തിനാടാ ഈ കുടുക്ക് വയീല്ക്കൂട് കൊണ്ട്വോണത്...''

ചീത്ത പറയുന്നത് ഏതു ഭാഷയിലാണെങ്കിലും മനുഷ്യര്‍ക്കു പരസ്പരം മനസ്സിലാവും എന്ന യാഥാര്‍ത്ഥ്യം അനുസരിച്ചായിരിക്കാം അവന്‍ വണ്ടി വഴിമാറ്റി വിട്ടു. അവന്‍ തെറ്റിച്ചാണ് വണ്ടിയോടിക്കുന്നത് എന്ന് ഫാക്കിക്ക് എങ്ങനെയാണ് മനസ്സിലായത് എന്നെനിക്കറിയില്ല. അവന്‍ വണ്ടി ശരിയായ വഴിയിലേയ്ക്കു തിരിച്ചപ്പോള്‍ ഫാക്കി എന്നോട് പറഞ്ഞു:

''കണ്ടാ, ഈ ബടുക്കൂസ് ഞമ്മളെ തെറ്റിച്ച് കൊണ്ട്വോ വേനി'' എല്ലാ നഗരങ്ങളിലും എപ്പോഴും വഴിതെറ്റുന്ന എനിക്ക് ഈ കാഴ്ച അത്ഭുതകരമായി തോന്നി. വലിയ മരങ്ങള്‍ അതിരിട്ട റോഡിലൂടെ പോയി ഞങ്ങള്‍ സാമാന്യം ഭേദപ്പെട്ട ഒരു ഹോട്ടലിലെത്തി.

മര്യാദയ്ക്കുള്ള ഭക്ഷണം എന്നോ കൈമോശം വന്നുപോയ എനിക്ക് വിശപ്പ് വരുന്നതിനനുസരിച്ച് ഒപ്പം കരച്ചിലും വരാന്‍ തുടങ്ങി. എന്ത് കഴിക്കും ദൈവമേ ഞാന്‍ എന്ന് ഉള്ള് കാളും. ഹോട്ടലില്‍ റൂം ക്ലീനിങ്ങ് സുന്ദരികളായ പെണ്‍കുട്ടികളായിരുന്നു. ലുങ്കിയുടുത്ത് ഞാന്‍ എണ്ണതേച്ച് നില്‍ക്കുന്നതു കണ്ട് അവര്‍ മണി കിലുങ്ങുന്നതുപോലെ ചിരിച്ചു. എന്നിട്ട് എന്റെ അടുത്തുവന്ന് ലുങ്കിയില്‍ പിടിച്ചുവലിച്ചു. ഞാന്‍ ചമ്മലോടെ ഫാക്കിയുടെ മുറിയിലേക്കോടി. കാര്യം പറഞ്ഞപ്പോള്‍ ഫാക്കി ചിരിച്ചു.

''പേടിക്കേണ്ടെടാ. ഇവര്ക്ക ഇന്ത്യക്കാരെ ഭയങ്കര ഇഷ്ടാ. ഞമ്മള് ബലിയ സുന്ദരന്മാരാന്നാ ഇവര് പറയ്. ലുങ്കി അയിക്കാന്‍ സമ്മതിക്കണ്ട. എന്തെങ്കിലും ആയിപ്പോയാ മംഗലം കയിച്ച് ഈട കൂടേണ്ടിവരും.''

ഞാന്‍ ഫാക്കിയുടെ മുറിയില്‍നിന്നും പുറത്ത് വരുമ്പോഴേയ്ക്കും അവര്‍ പോയിരുന്നു.

ഹനോയിലെ ആതിഥേയർക്കൊപ്പം
ഹനോയിലെ ആതിഥേയർക്കൊപ്പം

ഉച്ചഭക്ഷണത്തിനു ചെന്ന ഹോട്ടലില്‍ നിറയെ ചില്ലുകൂടുകളായിരുന്നു. അവയില്‍ നിറച്ച വെള്ളത്തില്‍ നീന്തുന്ന മത്സ്യങ്ങള്‍, പാമ്പ് തുടങ്ങി എന്തൊക്കെയോ ജീവികള്‍. എങ്ങും പന്നിക്കൊഴുപ്പിന്റെ മണം. ഫാക്കിയുടെ വിയറ്റ്‌നാം ഏജന്റ് ഇയോണ്‍ അപ്പോഴേയ്ക്കും എത്തി. ആഴത്തില്‍ കണ്ണെഴുതി ചുണ്ടു തുടുപ്പിച്ച സുന്ദരി. അപ്പോള്‍ കുളിച്ചുവന്നതുപോലെ വിയര്‍ക്കാത്ത ശരീരം. അതില്‍നിന്നും ഒഴുകുന്ന വിയറ്റ്‌നാമീസ് പരിമളം.

വെളുത്ത രണ്ട് വിരലുകളില്‍ ചുകന്ന ക്യൂട്ടെക്‌സ്. ഇയോണും ഫാക്കിയും എന്തൊക്കെയോ മൃഗങ്ങളെ ഓര്‍ഡര്‍ ചെയ്തു. ഞാന്‍ പതിവിന്‍ പടി: ചോറ്, ചെറുനാരങ്ങ, ഉള്ളി, പച്ചമുളക്, ഒരു കുപ്പി റെഡ് വൈന്‍. ചോപ്സ്റ്റിക്കുകൊണ്ട് നുള്ളിനുള്ളി പച്ചച്ചോറ് എടുത്ത് കഴിക്കുമ്പോള്‍ ഞാന്‍ നാടിനെക്കുറിച്ചും വീടിനെക്കുറിച്ചും ഓര്‍ക്കാതിരിക്കാന്‍ ശ്രമിച്ചു. ഓര്‍ത്താല്‍ തലകറങ്ങി വീണേക്കാം. എന്റെ അവസ്ഥ കണ്ട് ഇയോണ്‍ കുടുകുടെ ചിരിച്ചു. ഭക്ഷണം കുറവായതിനാല്‍ വൈന്‍ പെട്ടെന്ന് തലയ്ക്കു പിടിച്ചു. നഗരം ഒരു ലയത്തില്‍ ഒഴുകുന്നതുപോലെ തോന്നി. തിരിച്ച് മുറിയിലെത്തിയപ്പോള്‍ ഫാക്കി പറഞ്ഞു:

''ചെറുതായൊന്ന് കിടന്നോ. വൈകുന്നേരം ഒരു പഹയനെ കാണാന്‍ പോവണം. ഒരു അരിക്കച്ചോടക്കാരനാ'' ചരിത്രത്തിലൂടെയോ സാഹിത്യത്തിലൂടെയോ സംസ്‌കാരത്തിലൂടെയോ ഒന്നുമല്ല വ്യാപാരത്തിലൂടെയാണ് ഞാനിവിടെ ദേശത്തെ കാണുന്നത്. ഈ ട്രാക്കിനും ഒരു രസമുണ്ട്. മുണ്ടഴിക്കാന്‍ വന്ന സുന്ദരിമാരെ ഓര്‍ത്ത്, നേര്‍ത്തലഹരിയില്‍ പെട്ടെന്നു മയങ്ങിപ്പോയി.

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com