മമ്മൂട്ടി
മമ്മൂട്ടി

'മഹാനടന്‍'- മമ്മൂട്ടി മലയാളിക്ക് ആരാണ്?

എന്താണ് മമ്മൂട്ടിയെ പ്രത്യേകിച്ചൊരു മുഖവുര വേണ്ടാത്ത വിധത്തില്‍ മലയാളി ജീവിതത്തിന്റെ ഭാഗമാക്കി നിലനിര്‍ത്തുന്ന ഘടകങ്ങള്‍?

''കല, സൗന്ദര്യം, സംസാരം എന്നിവയുടെ പേരില്‍ മമ്മൂട്ടി ബഹുമാനിക്കപ്പെടുന്നുവെന്ന് അദ്ദേഹത്തിന്റെ ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ആകാരഭംഗി, മുഖസൗന്ദര്യം, ഘനഗംഭീരമായ ശബ്ദം, വിവിധ ഭാഷകളിലുള്ള പ്രാവീണ്യം, (തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ അന്യഭാഷകളില്‍ അഭിനയിക്കുമ്പോള്‍ കഥാപാത്രങ്ങള്‍ക്ക് അദ്ദേഹം തന്നെ ശബ്ദം നല്‍കുന്നു) ഗൗരവതരമായ വേഷങ്ങളിലെ അഭിനയപാടവം എന്നീ ഗുണങ്ങളാല്‍ നടനെന്ന നിലയില്‍ അദ്ദേഹം പൂര്‍ണ്ണനാണ്. അദ്ദേഹം കഥാപാത്രത്തിനുള്ളിലേക്ക് ഇറങ്ങിച്ചെല്ലുകയും ആ കഥാപാത്രത്തോട് നീതി പുലര്‍ത്തുകയും ചെയ്യുന്നു. കഥാപാത്രത്തിനുവേണ്ടി സ്വന്തം രൂപം മാറ്റിമറിക്കാന്‍ പോലും അദ്ദേഹം തയ്യാറാണെന്ന് അദ്ദേഹത്തിന്റെ ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ''നിങ്ങള്‍ ഒരു സിനിമ കാണുമ്പോള്‍ അദ്ദേഹത്തെ കാണില്ല, മറിച്ച് കഥാപാത്രത്തെ മാത്രമേ കാണൂ.'' ഗൗരവതരമായ ഭാവപ്രകടനങ്ങളില്‍ അദ്ദേഹം എപ്പോഴും മികച്ചുനില്‍ക്കുന്നു. മമ്മൂട്ടി പൊലീസുകാരനെ അവതരിപ്പിക്കുമ്പോള്‍ ഒരു യഥാര്‍ത്ഥ പൊലീസുകാരനെ കാണുന്ന പ്രതീതിയാണ് അതുണ്ടാക്കുക. മമ്മൂട്ടി തിരക്കഥ വായിച്ച് സ്വന്തം ഭാവന വെച്ച് കഥാപാത്രത്തെ മെച്ചപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് ചില ആരാധകര്‍ വിശ്വസിക്കുന്നു. അദ്ദേഹത്തില്‍ ആരോപിക്കപ്പെടുന്ന ഗൗരവ സ്വഭാവവും ഭൗതികതയും മലയാളിയുടെ ഭ്രമാത്മക വംശീയ സ്വത്വത്തിന്റെ ഭാഗമാണ്.''

(കരോളിന്‍ ഒസെല്ല. ഫിലിപ്പോ ഒസെല്ല) 

അടൂർ ​ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത വിധേയനിൽ മമ്മൂട്ടിയും ​ഗോപകുമാറും
അടൂർ ​ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത വിധേയനിൽ മമ്മൂട്ടിയും ​ഗോപകുമാറും

മ്മൂട്ടി മലയാളിക്ക് ആരാണ്? എന്താണ് മമ്മൂട്ടിയെ പ്രത്യേകിച്ചൊരു മുഖവുര വേണ്ടാത്ത വിധത്തില്‍ മലയാളി ജീവിതത്തിന്റെ ഭാഗമാക്കി നിലനിര്‍ത്തുന്ന ഘടകങ്ങള്‍? പലരോടു ചോദിച്ചാല്‍ പല വിധത്തിലുള്ള ഉത്തരങ്ങള്‍ ലഭിക്കുന്ന ചോദ്യങ്ങളാണിവ. ആരാണ് മമ്മൂട്ടിയെന്നും ആ വ്യക്തിത്വത്തിന്റെ സവിശേഷതകളെന്തെന്നുമൊക്കെ അറിയാനുള്ള അതിയായ ആഗ്രഹം സ്വാഭാവികമായും അദ്ദേഹത്തിന്റെ ആരാധകര്‍ക്കുണ്ടാകാം. പക്ഷേ, ഒരു ചലച്ചിത്രതാരത്തിന്റെ ജീവിതപ്പാതകളും അഭിനയ നാള്‍വഴികളുമൊക്കെ ആരാധകര്‍ക്ക് മാത്രമല്ല സംസ്‌കാര പഠിതാക്കള്‍ക്കും താല്പര്യമുള്ള മേഖലയായെന്നു വരാം. ഒരു സിനിമാ അഭിനേതാവിനെക്കുറിച്ച് പല വിധത്തില്‍ ശേഖരിക്കപ്പെടുകയും പൊതുബോധത്തില്‍ സംഭരിക്കപ്പെടുകയും ചെയ്യുന്ന വസ്തുതകളും അറിവുകളും കേള്‍വികളും അപവാദങ്ങളും അസത്യങ്ങളും അസംഭവ്യതകളുമടക്കം അയാളുടെ പ്രതിച്ഛായയെ നിര്‍മ്മിക്കുകയും അപനിര്‍മ്മിക്കുകയും പുനര്‍നിര്‍മ്മിക്കുകയും വിപുലീകരിക്കുകയും വിഗ്രഹവല്‍ക്കരിക്കുകയും വിപരീത സ്വഭാവത്തില്‍ പ്രതിഷ്ഠിക്കുകയുമൊക്കെ ചെയ്‌തെന്നിരിക്കാം. ചെറിയൊരു ഉദാഹരണമെന്ന നിലയില്‍ താഴെപ്പറയുന്ന കാര്യത്തെ പരിശോധിക്കാവുന്നതാണ്.

'അനുഭവങ്ങള്‍ പാളിച്ചകള്‍' എന്ന സിനിമയില്‍ കറകളഞ്ഞ കമ്മ്യൂണിസ്റ്റുകാരനായ ചെല്ലപ്പന്‍ എന്ന കഥാപാത്രത്തെയാണ് സത്യന്‍ അവതരിപ്പിച്ചത്. പ്രശസ്ത നിരൂപകനായ കെ.പി. അപ്പന്‍ ഒരു ഓര്‍മ്മക്കുറിപ്പില്‍ പൊലീസ് ഇന്‍സ്പെക്ടറായിരുന്ന സത്യനേശന്‍ നാടാര്‍ കമ്യൂണിസ്റ്റുകാരെ കൈകാര്യം ചെയ്തിരുന്ന രീതിയെക്കുറിച്ച് ഇങ്ങനെ എഴുതിയിരുന്നു:

''എന്റെ നാട് ആലപ്പുഴയാണ്. സനാതന ധര്‍മ്മവിദ്യാശാലയിലാണ് ഞാന്‍ പഠിച്ചത്. ഒരു ദിവസം വൈകുന്നേരം ഞാന്‍ സ്‌കൂളില്‍നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അപ്പോഴാണ് അത് കണ്ടത്. പൊലീസ് ഇന്‍സ്പെക്ടര്‍ സത്യനേശന്‍ ഒരാളെ നിഷ്ഠുരമായി മര്‍ദ്ദിക്കുന്നു. അയാളൊരു കമ്യൂണിസ്റ്റ് രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു. അയാളുടെ ചുണ്ടുകളില്‍നിന്നു ചോര ഒലിക്കുന്നുണ്ടായിരുന്നു. അയാള്‍ അവശനായിരുന്നു. എങ്കിലും അയാള്‍ തോല്‍ക്കുന്നില്ലെന്ന് എനിക്ക് തോന്നി. കൂടി നിന്നവര്‍ അമര്‍ഷവും വേദനയും നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് ഞാന്‍ കണ്ടു. വാസ്തവത്തില്‍ ചോരകൊണ്ടുമാത്രം വീട്ടേണ്ട ഒരു കടമായിരുന്നു അത്. അതിനുപകരം സത്യനേശന്‍ എന്ന സത്യന്‍ ചലച്ചിത്രനടനായപ്പോള്‍ ജനങ്ങള്‍ അദ്ദേഹത്തിനു സ്‌നേഹവും ആരാധനയും നല്‍കി. പൂജിച്ചു സ്വീകരിച്ചു. ഇതാണ് ദൈവത്തിന്റെ നിരീശ്വരത്വം. പില്‍ക്കാലത്ത് സത്യന്‍ എന്ന നടന്റെ സിനിമകള്‍ കണ്ടപ്പോള്‍ ആദ്യമൊക്കെ അവയുമായി ഇണങ്ങിപ്പോകാന്‍ എനിക്ക് പ്രയാസമായിരുന്നു. ഇത് എന്റെ ഓര്‍മ്മയുടെ ദൈവനിഷേധമാണ്.''

മണിവത്തൂരിലെ ആയിരം ശിവരാത്രികൾ
മണിവത്തൂരിലെ ആയിരം ശിവരാത്രികൾ

വ്യക്തിജീവിതത്തിന്റെ പ്രത്യേകതകള്‍ അയാളുടെ സര്‍ഗ്ഗജീവിതം വിലയിരുത്തുന്ന പ്രക്രിയയിലേക്ക് വലിച്ചിഴക്കേണ്ടതുണ്ടോ എന്ന ചോദ്യം മുട്ടയോ കോഴിയോ ആദ്യമുണ്ടായത് എന്ന കീറാമുട്ടിപ്രശ്‌നം പോലെ കാലങ്ങളായി നിലനില്‍ക്കുന്നതാണ്. ഒരു വ്യക്തിയുടെ സ്വകാര്യജീവിതവും അയാളുടെ അഭിനയജീവിതവും വാട്ടര്‍ടൈറ്റ് കംപാര്‍ട്ട്മെന്റുകളല്ലാത്തതിനാല്‍ ഒരഭിനേതാവിനെ സമഗ്രമായി പരിശോധിക്കുമ്പോള്‍ അയാളുടെ ചലച്ചിത്രങ്ങള്‍ മാത്രമേ പരിഗണിക്കാവൂ എന്നു വാശി പിടിക്കാന്‍ കഴിയാതെ വരും. സത്യന്‍ എന്ന നടനെക്കുറിച്ചുള്ള ആലോചനകളില്‍ അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങള്‍ പോലെ തന്നെ അപ്പന്‍ മാഷിന്റെ പഴയ കുറിപ്പ് മുതല്‍ വി.ജെ. ജെയിംസിന്റെ അനുഭവങ്ങള്‍ പാളിച്ചകള്‍, വി.എം. ദേവദാസിന്റെ വെള്ളിനക്ഷത്രം തുടങ്ങിയ പുതിയ കഥകള്‍ വരെയുള്ള പല കാര്യങ്ങളും കടന്നു വന്നേക്കാം. പുതിയ പുതിയ വായനാസാധ്യതകള്‍ക്ക് അത്തരം കാര്യങ്ങള്‍ വഴി തുറന്നിടാറുമുണ്ട്.

പണ്ടത്തെ സത്യനെ വായിച്ചെടുക്കുന്നതിലും സങ്കീര്‍ണ്ണമായ രീതികളിലൂടെയേ ഇന്നത്തെ മമ്മൂട്ടിയെ അഴിച്ചെടുക്കാന്‍ കഴിയൂ എന്നതാണ് സത്യം. കാരണം ആ പ്രക്രിയയില്‍ കാലഘട്ടങ്ങളുടെ മാറ്റങ്ങള്‍ക്കിടയില്‍ നടന്ന ചെറുതും വലുതുമായ ചരിത്രസംഭവങ്ങളുടെ വൈവിധ്യവും വൈപുല്യവും കലര്‍ന്നു കിടക്കുന്നു എന്നതുതന്നെ. പഠിക്കുന്ന കാലത്ത് മമ്മൂട്ടി സ്വീകരിച്ച ഒമര്‍ ഷെരീഫ് എന്ന കള്ളപ്പേര് മുതല്‍ പ്രീസ്റ്റ് സിനിമയുടെ ആമസോണ്‍ പ്രൈം പ്രദര്‍ശനം വരെയുള്ള എത്രയെത്ര സംഗതികളെ വിശകലനം ചെയ്താലാകാം മമ്മൂട്ടിത്തം എന്ന പ്രതിഭാസത്തിന്റെ കുറച്ച് അടരുകളെയെങ്കിലും വിടര്‍ത്തിവയ്ക്കാനാവുക? അത്തരമൊരു വിശദ പരിശോധനയോ അക്കാദമിക് സ്വഭാവമുള്ള പഠനമോ അല്ല ഈ ലേഖനത്തിന്റെ ലക്ഷ്യം. മുഖവുര വേണ്ടാത്ത മലയാളി എന്ന നിലയിലേയ്ക്ക് വികസിച്ചൊരു ചലച്ചിത്ര വ്യക്തിത്വത്തിന്റെ പരിണാമദിശകളിലേക്ക് ഞെക്കുവിളക്ക് തെളിക്കുന്നതിന്റെ കൗതുകം മാത്രമായി കരുതിയാല്‍ മതിയാകുമീ നോട്ടത്തെ.

കോളേജ് പഠനകാലത്തും അതിനുശേഷവുമൊക്കെ നടത്തിയ ചില്ലറ തലകാണിക്കല്‍ ശ്രമങ്ങളെ ഒഴിവാക്കിയാല്‍ ഒരു നടനെന്ന നിലയില്‍ മമ്മൂട്ടി തന്റെ സാന്നിധ്യമറിയിച്ചത് ''വില്‍ക്കാനുണ്ട് സ്വപ്നങ്ങളിലെ മാധവന്‍കുട്ടി എന്ന കഥാപാത്രത്തിലൂടെയാണ്. അതിലെ മമ്മൂട്ടിയുടെ പ്രകടനത്തെക്കുറിച്ച് എം.ടി. പിന്നീട് എഴുതിയത് ഇങ്ങനെയാണ്.

ഡോ. ബാബ സാഹേബ് അംബേദ്കറിൽ മമ്മൂട്ടി ഈ ചിത്രത്തിന് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചു
ഡോ. ബാബ സാഹേബ് അംബേദ്കറിൽ മമ്മൂട്ടി ഈ ചിത്രത്തിന് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചു

''സാധാരണ പുതുതായി അഭിനയിക്കാന്‍ വരുന്നവര്‍ അപ്പുറത്തൊരു വളരെ പേരുള്ള നടന്‍ നില്‍ക്കുമ്പോള്‍ പരിഭ്രമിക്കും. മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം അതൊന്നും കണ്ടില്ല. വളരെ അനായാസമായിട്ട് ഈ നാലോ അഞ്ചോ സീനുകളില്‍ അന്നു വളരെ അംഗീകാരം നേടിയ സുകുമാരന്റെ കൂടെ അഭിനയിച്ചത് ചിലരൊക്കെ ശ്രദ്ധിക്കുകയും ചെയ്തു. ഈ സിനിമ വന്നു കഴിഞ്ഞപ്പോള്‍ ആരായിരുന്നു അത് എന്നു ചിലരൊക്കെ അന്വേഷിച്ചു. എനിക്കു തോന്നുന്നത് അതിന്റെയൊക്കെ ഫലമായിട്ടാണ് കെ.ജി. ജോര്‍ജിന്റെ മേളയിലേക്ക് മമ്മൂട്ടിക്ക് ക്ഷണം കിട്ടുന്നത്. പലരും പറയാറുണ്ട് ഞാന്‍ മമ്മൂട്ടിയെ കണ്ടെത്തി എന്ന്. മമ്മൂട്ടി അവിടെത്തന്നെ ഉണ്ടായിരുന്നു. ഞാന്‍ ഒരു നിമിത്തമായി എന്നു മാത്രം. ഞാനല്ലെങ്കില്‍ വേറൊരാള്‍ കണ്ടെത്തും. പ്രാഗത്ഭ്യമുള്ള നടന്മാരെ, കലാകാരന്മാരെയൊക്കെ ഒരാള്‍ കണ്ടെത്തലല്ല, കാലം കണ്ടെത്തുകയാണ്.''

വെറുമൊരു സിനിമാ ഭാഗ്യാന്വേഷി എന്നതിനപ്പുറം ചലച്ചിത്രം എന്ന മാധ്യമത്തേയും അഭിനയകലയേയും സൂക്ഷ്മമായി പഠിക്കാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥി എന്ന നിലയിലുള്ള ഗൗരവമുള്ള ശ്രമങ്ങളാണ് മമ്മൂട്ടി എന്ന അഭിനയമോഹിയെ തുടക്കകാലത്ത് തന്നെ എം.ടിയേയും കെ.ജി. ജോര്‍ജിനേയും പോലുള്ളവരുടെ ക്യാമ്പുകളില്‍ എത്തിച്ചത്. അടൂര്‍ ഗോപാലകൃഷ്ണന്റെ വാക്കുകള്‍ അതിന് അടിവരയാകുന്നുണ്ട്.

''ഞങ്ങള്‍ ആദ്യം കാണുമ്പോള്‍ മമ്മൂട്ടി സംസാരിച്ച വിഷയങ്ങള്‍ എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്. കൊച്ചിയില്‍ ഞാന്‍ ഉദ്ഘാടനം ചെയ്ത ഫിലിം സൊസൈറ്റിയുടെ സമ്മേളനത്തില്‍ പങ്കെടുത്തത്, വൈക്കം ചന്ദ്രശേഖരന്‍ നായരും മറ്റും മുന്‍കയ്യെടുത്ത് ആരംഭിച്ച സൊസൈറ്റി അന്നു പ്രദര്‍ശിപ്പിച്ച സിനിമയുടെ പ്രത്യേകതകള്‍, പിന്നെ 'സ്വയംവരം' ഒരു അനുഭവമായി കൊണ്ടുനടന്നിരുന്ന വിദ്യാര്‍ത്ഥി ജീവിതകാലം, ആര്‍ത്തിയോടെ കാത്തിരുന്നു കണ്ടിട്ടുള്ള റേ ചിത്രങ്ങള്‍, ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നു പഠിച്ചിറങ്ങിയ നസറുദ്ദീന്‍ ഷാ, ഷബാന ആസ്മി തുടങ്ങിയവരെപ്പറ്റി മനസ്സില്‍ സൂക്ഷിക്കുന്ന സ്‌നേഹസാഹോദര്യം, പിന്നെ എം.ടി. വാസുദേവന്‍ നായര്‍, കെ.ജി. ജോര്‍ജ് ഇവരോടുള്ള ആദരവും കറയറ്റ സ്‌നേഹവും കടപ്പാടും. തുറന്നുപറയട്ടെ, ഇവര്‍ രണ്ടുപേരോടും മമ്മൂട്ടി എന്ന മനുഷ്യന്‍ കെടാതെ കേടുവരാതെ സൂക്ഷിക്കുന്ന ഈ മനോഭാവമാണ് എന്നില്‍ ഏറ്റവും മതിപ്പുളവാക്കിയിട്ടുള്ളത്.''

1981 മുതല്‍ 1990 വരെയുള്ള കാലമാണ് മമ്മൂട്ടി തന്റെ കരിയറിലെ ഏറ്റവും കൂടുതല്‍ ചലച്ചിത്രങ്ങളില്‍ അഭിനയിച്ച ദശകം. അതില്‍ത്തന്നെ 1984-1985 വര്‍ഷങ്ങളില്‍ 34 വീതം സിനിമകളിലും 1986-ല്‍ 35 സിനിമകളിലുമാണ് മമ്മൂട്ടി അഭിനയിച്ചത്. മമ്മൂട്ടിയടക്കമുള്ള ഒരു നടനും ഒരു ഭാഷയിലും ഇനിയങ്ങോട്ട് ഇത്രയധികം സിനിമകളില്‍ ഒരു വര്‍ഷം പ്രധാനവേഷത്തില്‍ അഭിനയിക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല. അത്രയും സിനിമകളെന്നു പറയുമ്പോള്‍ അത്രയും കഥാപാത്രങ്ങളെ അവതരിപ്പിച്ച അനുഭവസമ്പത്തിന്റെ കാര്യം കൂടി കണക്കാക്കേണ്ടിവരും. മമ്മൂട്ടി എന്ന ബഹുരൂപിയായ അഭിനയവ്യക്തിത്വത്തിലേക്കുള്ള വളര്‍ച്ചയ്ക്കും വികാസത്തിനും ആധാരശിലയായി വര്‍ത്തിച്ചത് ഈ സമയത്തെ സിനിമകളാണെന്ന് നിസ്സംശയം പറയാം. സ്ഫോടനം, തൃഷ്ണ, അഹിംസ, യവനിക, പടയോട്ടം, ഈനാട്, ഇന്നല്ലെങ്കില്‍ നാളെ, കൂടെവിടെ, ഇനിയെങ്കിലും, സന്ദര്‍ഭം, ഒന്നാണ് നമ്മള്‍, ചക്കരയുമ്മ, അതിരാത്രം, അക്ഷരങ്ങള്‍, അടിയൊഴുക്കുകള്‍, ആള്‍ക്കൂട്ടത്തില്‍ തനിയെ, തിങ്കളാഴ്ച നല്ല ദിവസം, തമ്മില്‍ തമ്മില്‍, മകന്‍ എന്റെ മകന്‍, കഥ ഇതുവരെ, നിറക്കൂട്ട്, യാത്ര, കരിമ്പിന്‍പൂവിനക്കരെ, കാതോടുകാതോരം, കരിയിലക്കാറ്റുപോലെ, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്, പൂവിനു പുതിയ പൂന്തെന്നല്‍, ആവനാഴി, നൊമ്പരത്തിപ്പൂവ്, ന്യൂഡല്‍ഹി, തനിയാവര്‍ത്തനം, അനന്തരം, മനു അങ്കിള്‍, ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്, സംഘം, 1921, അടിക്കുറിപ്പ്, ഒരു വടക്കന്‍വീരഗാഥ, ഉത്തരം, കോട്ടയം കുഞ്ഞച്ചന്‍, മതിലുകള്‍, സാമ്രാജ്യം, ഈ തണുത്ത വെളുപ്പാന്‍ കാലത്ത് തുടങ്ങിയ സിനിമകളൊക്കെ പുറത്തുവരുന്നത് ഈ കാലഘട്ടത്തിലാണ്. അടൂര്‍ ഗോപാലകൃഷ്ണന്‍, എം.ടി. വാസുദേവന്‍ നായര്‍, കെ.ജി. ജോര്‍ജ്, പത്മരാജന്‍, ഐ.വി. ശശി, ജോഷി, ഹരിഹരന്‍, ഭരതന്‍, സിബി മലയില്‍, ലോഹിതദാസ്, സത്യന്‍ അന്തിക്കാട്, പവിത്രന്‍, പി.ജി. വിശ്വംഭരന്‍, ഡെന്നിസ് ജോസഫ്, എസ്.എന്‍. സ്വാമി തുടങ്ങിയ സംവിധായകരുടേയും തിരക്കഥാകൃത്തുക്കളുടേയും വൈവിധ്യമാര്‍ന്ന സിനിമകളിലൂടെ ഇന്ത്യന്‍ സിനിമയില്‍ത്തന്നെ മറ്റൊരു നടനും ലഭിക്കാത്ത തരത്തിലുള്ള അഭിനയ മുഹൂര്‍ത്തങ്ങളുടെ സൗഭാഗ്യമാണ് മമ്മൂട്ടിയെ തേടിയെത്തിയത്. എണ്‍പതുകളില്‍ മമ്മൂട്ടിക്കു ലഭിച്ച കഥാപാത്രങ്ങളുടെ ആഴവും പരപ്പും വ്യത്യസ്തതയും അതേ കാലത്ത് മറ്റേത് ഇന്ത്യന്‍ ഭാഷാ സിനിമകളിലും അഭിനയിച്ചിരുന്നവര്‍ക്ക് ലഭ്യമായിരുന്നോ എന്നു പരിശോധിക്കുമ്പോള്‍ ആ നടന്റെ അനന്യതയെ സംബന്ധിക്കുന്ന കൂടുതല്‍ തെളിച്ചങ്ങള്‍ വെളിച്ചപ്പെട്ടു വരാനിടയുണ്ട്. ഒരു പെര്‍ഫോമര്‍ എന്ന നിലയില്‍ പരുവപ്പെടാന്‍ അത്തരത്തിലുള്ള അസുലഭാവസരങ്ങള്‍ എത്രമാത്രം സഹായകമാവുകയും സ്വാധീനമാവുകയും ചെയ്‌തെന്നു മനസ്സിലാക്കാന്‍ മമ്മൂട്ടി പഠിതാക്കള്‍ക്ക് ഏറെ ഗുണപ്പെടുമോ അന്വേഷണം.

പി.ജി. വിശ്വംഭരന്റെ 'പിന്‍നിലാവില്‍' ''ഓടി വാ കരിഫിഷ് കണ്ണാളേ, പാടി വാ ലൗ ഗാനം'' എന്നൊക്കെ പാട്ടുപാടി പൂര്‍ണിമ ജയറാമിനു ചുറ്റും തുള്ളിക്കളിച്ച അതേ നടനെയാണ് കെ.പി. കുമാരന്റെ 'നേരം പുലരുമ്പോളി'ലെ ബ്രദര്‍ ലോറന്‍സായും കാണികള്‍ കണ്ടത്. പി.കെ. ശ്രീനിവാസനുമായി നടത്തിയ അഭിമുഖ സംഭാഷണത്തില്‍ തനിക്ക് അക്കാലത്ത് ലഭിച്ച പക്വതയേറിയ കഥാപാത്രങ്ങളെക്കുറിച്ച് മമ്മൂട്ടി തന്നെ പ്രകടിപ്പിച്ച അഭിപ്രായം ഇങ്ങനെയാണ്.

''അക്ഷരം, കാണാമറയത്ത്, ആള്‍ക്കൂട്ടത്തില്‍ തനിയെ, നിറക്കൂട്ട്, യാത്ര. എനിക്ക് എത്ര വയസ്സുള്ളപ്പോഴാണ് ഇതിലൊക്കെ അഭിനയിച്ചത്? ഇന്നത്തെ പിള്ളേരെപ്പോലെ ആടിക്കളിച്ചു നടക്കുന്ന കാലത്താണ് അത്തരം പടങ്ങളിലൊക്കെ ഞാന്‍ അഭിനയിക്കുന്നത്. കോളേജ് വിദ്യാര്‍ത്ഥിയായി അഭിനയിക്കേണ്ട കാലത്താണ് ഞാന്‍ വലിയ മക്കളുടെ തന്തയായിട്ടും വലിയ നായികമാരുടെ ഭര്‍ത്താവായിട്ടും അവരുടെ കാമുകനായിട്ടുമൊക്കെ അഭിനയിക്കുന്നത്. അന്നത്തെ അഭിനയം സീനിയര്‍ ആര്‍ട്ടിസ്റ്റുകളോടൊപ്പമാണ്. അന്ന് എനിക്ക് അതിന്റേതായ ഒരു പക്വതയോ വളര്‍ച്ചയോ ഉണ്ടായിരുന്നില്ല.'' 

കലാപരമായോ കച്ചവടപരമായോ അത്രയൊന്നും ശ്രദ്ധിക്കപ്പെടാത്ത സിനിമകളില്‍പ്പോലും അവതരിപ്പിച്ച വേഷങ്ങളുടെ വൈവിധ്യം അഭിനേതാവെന്ന നിലയില്‍ മാത്രമല്ല മമ്മൂട്ടിയെ ഉരുവപ്പെടുത്തിയെടുത്തത്. മമ്മൂട്ടി എന്ന താരത്തിലേക്കുള്ള ആരോഹണവും അവരോധവും അത് സാധ്യമാക്കി.

ടെലിവിഷന്‍ എന്ന പുതിയ മാധ്യമത്തിന്റെ കടന്നുവരവ് ഈ ദശകത്തിലാണ് കേരളത്തിലുണ്ടായതെങ്കിലും ദൂരദര്‍ശന്‍ കാലത്തും 'അള്‍ട്ടിമേറ്റ് ആനന്ദമാര്‍ഗ്ഗം' സിനിമ തന്നെയായിരുന്നു. പ്രവാസി മലയാളികള്‍ നാട്ടില്‍ നടപ്പാക്കിയ വി.സി.ആര്‍/വി.സി.പി വിപ്ലവത്തിലൂടേയും ടി.വിയിലെ ഞായറാഴ്ചപ്പടങ്ങളിലൂടേയും കാഴ്ചയുടെ ശീലങ്ങളില്‍ നേരിയ വ്യതിയാനങ്ങള്‍ വന്നെങ്കിലും മമ്മൂട്ടി എന്ന നടന് അനുഗുണമായൊരന്തരീക്ഷമാണ് അവയും ഒരുക്കിക്കൊടുത്തതെന്നു പറയാം. നാഷണല്‍ പാനസോണിക്കിന്റെ വീഡിയോപ്ലെയറുകളില്‍ അനുസ്യൂതം ഓടിയ തോംസണ്‍ കസെറ്റുകള്‍ വഴി പരന്ന പുതുകാഴ്ചയുടെ പ്രപഞ്ചത്തിലൂടെ കുടുംബങ്ങളിലേക്ക് കൂടുതലായി കയറിപ്പറ്റാനും കസേരയുറപ്പിക്കാനും കഴിഞ്ഞത് മമ്മൂട്ടിയ്ക്കായിരുന്നു. പാട്രിയാര്‍ക്കലായിരുന്നൊരു സമൂഹത്തിലെ ബന്ധങ്ങളുടെ ശ്രേണീക്രമങ്ങള്‍ മുതല്‍ പതിറ്റാണ്ടുകള്‍ കൊണ്ട് രൂപപ്പെട്ട പൊതുബോധത്തിന്റെ ആകൃതിവ്യതിയാനങ്ങള്‍ വരെയുള്ള പല ഘടകങ്ങളും പരിശോധിച്ചാലേ എണ്‍പതുകളില്‍ കുടുംബനായകനെന്ന നിലയില്‍ മമ്മൂട്ടിക്ക് ലഭിച്ച സ്വീകാര്യതയുടെ കാരണങ്ങള്‍ നിരത്തിവയ്ക്കാന്‍ കഴിയൂ. നിയമപാലകന്‍, സൈനികോദ്യോഗസ്ഥന്‍, കുടുംബനാഥന്‍ തുടങ്ങിയ വേഷങ്ങളുടെ ആവര്‍ത്തനങ്ങളിലൂടെ മമ്മൂട്ടി നേടിയെടുത്തത് 'ഉത്തരവാദിത്വത്തിന്റെ ആള്‍രൂപം' എന്ന പ്രതിച്ഛായയാണ്. 'സംരക്ഷണം' എന്ന താക്കോല്‍വാക്കിന് ചുറ്റും കറങ്ങിയിരുന്ന സാമൂഹ്യബന്ധങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന അധികാരക്രമത്തെ ഒട്ടും അലോസരപ്പെടുത്തുന്നതായിരുന്നില്ല ആ ഇമേജ്. അച്ചടക്കം, അനുസരണ, ത്യാഗസന്നദ്ധത, വിശ്വാസ്യത, നീതിബോധം, പ്രതികരണശേഷി, ഏകപത്‌നീവ്രതം, സാഹസികത തുടങ്ങിയവയിലൂടെയൊക്കെ മാപനം ചെയ്യപ്പെട്ടിരുന്ന ആണത്തസങ്കല്പങ്ങള്‍ക്ക് അനുരൂപമായൊരു താരമായി ശരാശരി മലയാളിമനസ്സുകളില്‍ പ്രതിഷ്ഠാപിക്കപ്പെടാന്‍ എണ്‍പതുകളില്‍ മമ്മൂട്ടിയവതരിപ്പിച്ച കഥാപാത്രങ്ങള്‍ നിലമൊരുക്കി. ഏറിയും കുറഞ്ഞും എണ്‍പതുകളിലെ മലയാളസിനിമകളിലെ എല്ലാ നായക കഥാപാത്രങ്ങളിലും ഈ പ്രവണതകളൊക്കെ നിലനിന്നിരുന്നെങ്കിലും മമ്മൂട്ടിയുടെ അവതരണങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ കിട്ടാനുള്ള കാരണം അതിനു സ്ഥാപിക്കാന്‍ കഴിഞ്ഞ 'എക്സ്ട്രാ എഫക്ട്' തന്നെയായിരുന്നു.

മൗനം സമ്മതത്തിലൂടെ (1989) തമിഴിലും ത്രിയാത്രിയിലൂടെ (1990) ഹിന്ദിയിലും മമ്മൂട്ടി എണ്‍പതുകളുടെ അവസാനം തന്റെ അരങ്ങേറ്റം നടത്തിക്കഴിഞ്ഞിരുന്നു. മതിലുകള്‍, ഒരു വടക്കന്‍ വീരഗാഥ എന്നീ സിനിമകളിലൂടെ ലഭിച്ച മികച്ച നടനുള്ള ദേശീയ പുരസ്‌കാരം അഭിനേതാവെന്ന നിലയിലുള്ള മമ്മൂട്ടിപ്പെരുമ കേരളത്തിന്റെ അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് വര്‍ദ്ധിച്ച തോതില്‍ പടര്‍ത്താനുമിടയാക്കി. 20-ാം നൂറ്റാണ്ടിന്റെ അവസാന ദശകത്തില്‍ മമ്മൂട്ടിയുടെ അഭിനയപാതകള്‍ ഭാഷാ വരമ്പുകളെ ഉല്ലംഘിച്ചു വളര്‍ന്നതിനൊരു പ്രധാന കാരണം കൂടിയായിരുന്നു അദ്ദേഹത്തിന്റെ ദേശീയ പുരസ്‌കാര ലബ്ധി. മമ്മൂട്ടിക്കു മുന്‍പും പല മലയാള നടീനടന്മാരും മറ്റു ഭാഷകളില്‍ തങ്ങളുടെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. പക്ഷേ, സ്വന്തം നാട്ടില്‍ ഒരു താരനടനു ലഭിക്കുന്ന പ്രാമുഖ്യത്തോടെ തന്നെ, മറ്റു ഭാഷകളില്‍ മമ്മൂട്ടിക്കു ലഭിച്ചതുപോലുള്ള സ്വീകരണം അതിനുമുന്‍പ് ഒരു മലയാളിനടനും കിട്ടിയിട്ടില്ലായിരുന്നു. എം.ജി.ആറിന്റെ കാര്യം മറുവാദമായി പറയാമെങ്കിലും മലയാളി സ്വത്വം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടല്ല അദ്ദേഹം തമിഴ്നാട്ടിലെ സിനിമയിലും രാഷ്ട്രീയത്തിലും സ്വയം സ്ഥാപിച്ചെടുത്തതെന്ന വ്യത്യാസമുണ്ട്.

''അവന്‍ നിന്‍ട്രാല്‍ പൊതുക്കൂട്ടം, നടന്താല്‍ ഊര്‍വലം'' എന്ന എം.ജി.ആര്‍ ലൈന്‍ അനുകരിച്ചുകൊണ്ടുതന്നെയാണ് രജനികാന്തിനേയും ജയലളിതയേയും പോലുള്ള അഭിനേതാക്കള്‍ അയല്‍നാടുകളില്‍നിന്നു വന്ന് തമിഴ്നാട്ടില്‍ തങ്ങളുടെ താരമൂല്യം ഉറപ്പിച്ചത്. പക്ഷേ അതില്‍നിന്നും വിഭിന്നമായി മികച്ച അഭിനേതാവായ മലയാളി എന്ന മട്ടില്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവണ്ണം തന്നെ അവതരിപ്പിച്ചുകൊണ്ടാണ് മമ്മൂട്ടി അയല്‍സംസ്ഥാനങ്ങളില്‍ ബഹുമാന്യമായ നില നേടിയെടുത്തത്.

1994 ഫെബ്രുവരി ലക്കം 'ഫിലിംഫെയര്‍' മാസികയുടെ മുഖചിത്രം മമ്മൂട്ടിയായിരുന്നു. അതുവരെയുള്ള ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു ഒരു മലയാള നടന്‍ ആ മാസികയുടെ കവര്‍ സ്റ്റോറിയാകുന്നത്. മലയാള സിനിമ എന്നൊന്ന് നിലനില്‍ക്കുന്നുണ്ടെന്നുപോലും ഭാവിക്കാതിരുന്ന ഹിന്ദി സിനിമാ വ്യവസായത്തിന്റെ ജിഹ്വയായിരുന്നൊരു ചലച്ചിത്ര വാരികയിലച്ചടിച്ചുവന്ന സുദീര്‍ഘമായ അഭിമുഖ സംഭാഷണം പലതരത്തില്‍ പ്രസക്തമായിരിക്കുന്നുണ്ടിപ്പോഴും. പ്രകടമായ അധികാരഭാവത്തോടെയും കൊച്ചാക്കല്‍ ധ്വനിയോടെയും ഖാലിദ് മുഹമ്മദ് അന്നു തൊടുത്തുവിട്ട ചോദ്യങ്ങളെ തരിമ്പും കൂസാതെ നേരിടുകയും തന്ത്രപരമായ മുനകളെ തകര്‍ത്തുവിടുകയും ചെയ്തു മമ്മൂട്ടി. ധനാഢ്യമായ ഒരു സിനിമാവ്യവസായത്തിന്റെ വരേണ്യതയ്ക്ക് മുന്നില്‍ സ്വന്തം നാടിന്റെ ചലച്ചിത്ര സംസ്‌കാരത്തിന്റേയും മലയാളി നടനെന്ന നിലയിലുള്ള സ്വത്വബോധത്തിന്റേയും പതാക സംശയലേശമന്യേ സ്ഥാപിക്കുകയാണ് സത്യത്തില്‍ മമ്മൂട്ടിയന്നാ സംസാരത്തിലൂടെ ചെയ്തത്. ഉദാഹരണമെന്ന നിലയില്‍ ഈ ചോദ്യങ്ങളും ഉത്തരങ്ങളുമൊന്ന് ശ്രദ്ധിച്ചു നോക്കുക.

മൗനം സമ്മതം എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ 
മൗനം സമ്മതം എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ 

Is it important for an actor who is doing well in the osuth to think of migrating to Hindi films?

'What do you mean by migrating? It's not as if I'm changing my citizenship, I'm not going off to America or Africa. I'd like to do Hindi films because they reach a larger national audience. After you've been acting for 10-12 years, you stop worrying about money, but you do want more exposure. And this shouldn't be denied to actors from the osuth. Kamal Haasan may want to work only in Tamil films ...that's his choice. But anyone who wants to make at ransition should alos be given a chance. My physical appearance is secondary, I should be accepted in Bombay as an actor.'

Doens't your thick moustache come in the way of your acceptance as a cleancut hero?

'I'm as clean cut as any hero from the north. After all, I shave, bathe andt rim my moustache every day. In any case, os many of the Bombay heroes have moustache-heroes like Raaj Kumar, Anil Kapoor and Jackie Shroff. There shouldn't be any bias in favour of stars who look 'northern.' What does that mean anyway? Can you have heroes with a Rajasthani, U.P. or Bihari look? It's enough to look and feel Indian. In a remake, I've played Naseeruddin Shah's role in Sir and I don't look any less or more Indian than he does. So don't pick on my moustache please. Men from U.P. and Rajasthan have thicker moustaches than mine.'

വില്ലന്‍ വേഷത്തില്‍ അഭിനയിക്കാന്‍ ക്ഷണിച്ച തെലുങ്ക് നിര്‍മാതാവിനോട് ''താങ്കള്‍ ചിരഞ്ജീവിയോട് ഇതേകാര്യം ഉന്നയിക്കാന്‍ ധൈര്യപ്പെടുമോ'' എന്ന മറുചോദ്യം ചോദിച്ചു മമ്മൂട്ടി മടക്കിയതും സമാനമായൊരു സംഭവമാണ്. താരതമ്യേന വലിപ്പം കുറഞ്ഞ ഒരു കലാവ്യവസായത്തിന് അയലിടങ്ങളില്‍ നട്ടെല്ലു നിവര്‍ത്തി നില്‍ക്കാനുള്ള സാഹചര്യമൊരുക്കുന്നതില്‍ മമ്മൂട്ടി എന്ന നടന്റെ താരനില നിര്‍വ്വഹിച്ച പങ്ക് വളരെ വലുതായിരുന്നു.

എണ്‍പതുകളിലെ അഭിനയാനുഭവങ്ങളിലൂടെയുള്ള ഒരുക്കമാണ് തൊണ്ണൂറുകളില്‍ നടനെന്ന നിലയിലും താരമെന്ന നിലയിലുമുള്ള മമ്മൂട്ടിക്കുതിപ്പിന് ഇന്ധനമായിത്തീര്‍ന്നത്.

അമരം, ഇന്‍സ്പെക്ടര്‍ ബല്‍റാം, കൗരവര്‍, സൂര്യമാനസം, ജോണിവാക്കര്‍, പപ്പയുടെ സ്വന്തം അപ്പൂസ്, വാത്സല്യം, ജാക്ക്പോട്ട്, വിധേയന്‍, പൊന്തന്‍മാട, സുകൃതം, മഴയെത്തും മുന്‍പേ, ഓര്‍മ്മകളുണ്ടായിരിക്കണം, ദ കിംഗ്, ഹിറ്റ്ലര്‍, ഭൂതക്കണ്ണാടി, ഒരു മറവത്തൂര്‍ കനവ്, ഹരികൃഷ്ണന്‍സ്, നരസിംഹം, വല്യേട്ടന്‍ തുടങ്ങിയവയായിരുന്നു 1991-2000 കാലത്തെ പ്രധാനപ്പെട്ട മമ്മൂട്ടിച്ചിത്രങ്ങള്‍. ദളപതി, അഴകന്‍, കിളിപ്പേച്ച് കേള്‍ക്കവാ, മക്കള്‍ ആട്ച്ചി, പുതയല്‍, അരസിയല്‍, മറുമലര്‍ച്ചി, എതിരും പുതിരും, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ (തമിഴ്), സ്വാതികിരണം, സൂര്യപുത്രഡു, റെയില്‍വേക്കൂലി (തെലുങ്ക്), ധര്‍ത്തിപുത്ര (ഹിന്ദി), ഡോ. ബാബസാഹേബ് അംബേദ്കര്‍ (ഇംഗ്ലീഷ്/ഹിന്ദി), സ്വാമി വിവേകാനന്ദ (സംസ്‌കൃതം) തുടങ്ങിയ അന്യഭാഷാ സിനിമകളിലും അദ്ദേഹം ഈ കാലയളവില്‍ അഭിനയിക്കുകയുണ്ടായി.

ഇതിനോടകം മമ്മൂട്ടി എന്ന താരനടന്റെ ഉടലിനും കുരലിനും കൈവന്ന പരിണാമവും പ്രതിച്ഛായാപരിവര്‍ത്തനവും പഠനവിധേയമാക്കേണ്ടുന്ന വസ്തുതകളാണ്. തന്റെ കട തല്ലിപ്പൊളിച്ചിട്ടിരിക്കുന്നതറിഞ്ഞ ബഹദൂറിന്റെ കഥാപാത്രത്തിനൊപ്പം ഓടിവരുന്ന രണ്ടു നാട്ടുകാരില്‍ ഒരാളായാണ് മമ്മൂട്ടി അനുഭവങ്ങള്‍ പാളിച്ചകളില്‍ തിരയില്‍ പ്രത്യക്ഷപ്പെട്ടത്. 'കാലചക്ര'ത്തിലാകട്ടെ, പ്രേംനസീറിന്റെ കഥാപാത്രത്തിനു പകരക്കാരനായി വന്ന കടത്തുവള്ളക്കാരന്റെ വേഷമായിരുന്നു അദ്ദേഹത്തിന്. ആ ചിത്രത്തില്‍ വള്ളത്തിന്റെ തുഞ്ചത്ത് മുറിബീഡിയും വലിച്ചിരുന്ന് അടൂര്‍ ഭാസിയുടെ കഥാപാത്രത്തോട് പറയുന്നതായിരുന്നു മമ്മൂട്ടിയുടെ ആദ്യത്തെ സിനിമാസംഭാഷണം.

അടൂര്‍ ഭാസി : അല്ല താനെന്തിനാ വള്ളത്തിലിരിക്കുന്നെ, രവി എവിടെ?
വള്ളക്കാരന്‍ : അല്ല താന്‍ ഈ നാട്ടിലെങ്ങും ഇല്ലാരുന്നോടോ?
അടൂര്‍ ഭാസി : ഞാനേ പുതിയകാവി പെരുന്നാളിനു പോയി.
കടുവാകളിക്കുപോയി, അഞ്ചു രൂപാ കിട്ടി... കുലുക്കിക്കുത്തിന് വെച്ച് അതും പോയി. രവിയോടു ടൂ അണാസ് ചോദിയ്ക്കാന്‍ വന്നതാ.
വള്ളക്കാരന്‍ : എന്നാലേ തന്റെ രവി ഒളിച്ചു പോയി, താഹസില്‍ദാര്‍ അദ്ദേഹത്തിന്റെ മകളേം തട്ടിക്കൊണ്ടുപോയി.
അടൂര്‍ ഭാസി : സത്യമാണോ ഈ പറയുന്നത്?
വള്ളക്കാരന്‍ : എടാ ഇവന്‍ എവിടുത്തു കാരനാടാ. ഈ നാട്ടിലുമുഴുവന്‍ പാട്ടായ കാര്യം നീയിതുവരെ അറിഞ്ഞില്ലേ?
അടൂര്‍ ഭാസി : എന്നാലും എന്നോടൊരു വാക്ക് പറഞ്ഞില്ലല്ലോ.
വള്ളക്കാരന്‍ : അതിന് നീ ആ പെണ്ണിന്റെ മുറച്ചെറുക്കനോ മറ്റോ ആണോ..'

കെ. നാരായണന്റെ സിനിമയിലെ ഈ രംഗവും രണ്ടായിരാമാണ്ടില്‍ പുറത്തുവന്ന 'കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍' എന്ന രാജീവ് മേനോന്‍ ചിത്രത്തിലെ ക്ലൈമാക്‌സിനു മുന്‍പുള്ള രംഗവും ഒരു കൗതുകത്തിനുവേണ്ടി താരതമ്യം ചെയ്തു നോക്കാവുന്നതാണ്. ഒരു നടന്റെ വളര്‍ച്ചയേയും പടര്‍ച്ചയേയും സംബന്ധിച്ച എത്രയോ കാര്യങ്ങള്‍ അത്തരമൊരു ഒത്തുനോട്ടത്തില്‍ നിന്നുതന്നെ പിടികിട്ടും.

ദ ​ഗ്രേറ്റ് ഫാദർ 
ദ ​ഗ്രേറ്റ് ഫാദർ 

അല്പം അകത്തേക്ക് വളഞ്ഞ മട്ടില്‍ വള്ളത്തിലിരുന്ന കടത്തുകാരന്‍ കഥാപാത്രത്തില്‍നിന്നു വിരാട് രൂപംപോലെ വളര്‍ന്ന താരബിംബം ഒരു സുപ്രഭാതത്തിന്റെ സൃഷ്ടിയായിരുന്നില്ല. ഏത് താരോദയങ്ങളിലും ഒരു നാടിന്റെ ചായ്വുകളും ചരിവുകളും ചരിത്രരേഖകളും രുചിഭേദങ്ങളും പ്രത്യയശാസ്ത്ര പരിവര്‍ത്തനങ്ങളും പൊതുബോധ വ്യതിയാനങ്ങളുമൊക്കെ ഇഴപിരിഞ്ഞു കിടക്കുന്നുണ്ടാകും. 'കാലചക്രം' മുതല്‍ 'കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍' വരെയുള്ള മമ്മൂട്ടിയുടെ കരിയര്‍ ഗ്രാഫില്‍നിന്ന് അതൊക്കെ കൃത്യമായി അഴിച്ചെടുത്തു വായിക്കാന്‍ സാമൂഹ്യശാസ്ത്രത്തിന്റേയും ഭാഷാശാസ്ത്രത്തിന്റേയും മന:ശാസ്ത്രത്തിന്റേയും സാമ്പത്തിക ശാസ്ത്രത്തിന്റേയുമടക്കം ഒരുപാട് പഠനോപാധികള്‍ വേണ്ടിവരും.

മാധ്യമങ്ങളിലൂടെ തൊണ്ണൂറുകളില്‍ ചിത്രീകരിക്കപ്പെട്ട മമ്മൂട്ടി സങ്കല്പം എന്തായിരുന്നെന്ന് അന്വേഷിക്കുന്നതില്‍നിന്ന് ഒരു മമ്മൂട്ടി പഠിതാവിനും ഒഴിഞ്ഞുനില്‍ക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല. 'നക്ഷത്രങ്ങളുടെ രാജകുമാരന്‍' എന്ന പ്രയോഗത്തെ പൊതുബോധത്തിലുറപ്പിച്ച പഴയ ദൂരദര്‍ശന്‍ അഭിമുഖ/ഫീച്ചറിന്റെ രണ്ട് എപ്പിസോഡുകള്‍ മുതല്‍ അച്ചടിമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട കവര്‍സ്റ്റോറികളും സംഭാഷണങ്ങളും വരെ പരിശോധിക്കേണ്ടതുണ്ടിവിടെ. ജനപ്രിയ സിനിമകളിലെ നായകന്മാരെ അടിച്ചതിനകത്തു കയറ്റാതെ പടിക്കുപുറത്തു നിര്‍ത്തിയിരുന്ന സാംസ്‌കാരിക വാരികകള്‍ പലതും മമ്മൂട്ടിയെ മുഖചിത്രമാക്കാനും പ്രത്യേക ഫീച്ചറുകള്‍ തയ്യാറാക്കാനും തുനിയുന്നതിനു തൊണ്ണൂറുകള്‍ സാക്ഷിയായി.

ശരാശരി മലയാളി പുരുഷന്റെ ശരീരത്തിന്റേയും ശബ്ദത്തിന്റേയും മാനകമായി എണ്‍പതുകളില്‍ത്തന്നെ മാറിയിരുന്നു മമ്മൂട്ടി. സ്വരം കൊള്ളില്ലെന്നു വിധിച്ചു ചിലര്‍ ആദ്യകാലത്ത് മമ്മൂട്ടിയെക്കൊണ്ട് സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്യിച്ചിരുന്നില്ല എന്നതാണ് രസകരമായ മറ്റൊരു വസ്തുത. ബാഹുബലം ഏത് ഭാഷയിലേയും സിനിമകളിലെ താരനായകത്വത്തെ നിയന്ത്രിക്കുകയും നിര്‍ണ്ണയിക്കുകയും ചെയ്തിരുന്ന യോഗ്യതകളിലൊന്നു തന്നെയായിരുന്നു. ബാഹുബലി എന്നതിനൊപ്പം ശബ്ദബലി എന്ന പ്രതിച്ഛായ കൂടി മമ്മൂട്ടി എന്ന നടന്‍ മലയാള സിനിമയില്‍ എണ്‍പതുകളില്‍ സ്ഥാപിച്ചെടുക്കുകയുണ്ടായി. പക്ഷേ, എണ്‍പതുകളുടെ അവസാനം മുതല്‍ അതിനെ ചിലപ്പോഴൊക്കെ അപനിര്‍മ്മിക്കാനും പുതിയ സാധ്യതകളിലേക്ക് പടര്‍ത്താനുമുള്ള ബോധപൂര്‍വ്വവും ക്രിയാത്മകവുമായ ശ്രമങ്ങള്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുതന്നെ ഉണ്ടായിത്തുടങ്ങിയിരുന്നു. തനിയാവര്‍ത്തനവും (1986) മൃഗയയും (1989) മതിലുകളും (1990) ഒക്കെ അതിനുള്ള ഉദാഹരണങ്ങളായി എടുത്തു പറയാം. ഇന്ത്യന്‍ ഭാഷകളിലെ മറ്റൊരു താരനടനും ചെയ്യാന്‍ മുതിരാത്ത തരത്തില്‍ തന്റെ ബാഹുബലി/ ശബ്ദബലി ഇമേജിനു കടകവിരുദ്ധമായ വേഷങ്ങള്‍ തൊണ്ണൂറുകളിലും മുന്നോട്ടും മമ്മൂട്ടി കൃത്യമായ ഇടവേളകളില്‍ ആവര്‍ത്തിച്ചു പോന്നിരുന്നു. ഇതിന് ഒരു അപവാദമായി കമലഹാസനെക്കുറിച്ച് പറയാമെങ്കിലും അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങളൊക്കെത്തന്നെ നായകവിജയം എന്ന സങ്കല്പത്തെ മറ്റൊരുതരത്തില്‍ ഊട്ടിയുറപ്പിക്കുന്നതായിരുന്നു. പരാജിതരും പരിത്യക്തരുമായ നായക കഥാപാത്രങ്ങള്‍ കമലഹാസന്റെ കരിയറിലുണ്ടെങ്കിലും മമ്മൂട്ടിയുടെ വഴി അതില്‍നിന്ന് അല്പം ഭിന്നമായിരുന്നു. പ്രച്ഛന്നവേഷമെന്ന നിലയിലേക്ക് താഴുന്ന പ്രകടനപരതയും കൃത്രിമത്വവും അത്തരം പാത്രചിത്രീകരണങ്ങളില്‍ കലരാതെ സൂക്ഷിക്കുന്ന കാര്യത്തില്‍ കമലഹാസനെക്കാള്‍ ജാഗരൂകനായിരുന്നു അദ്ദേഹം.

'മഹേഷിന്റെ പ്രതികാരം' എന്ന സിനിമയില്‍ സൗബിന്‍ ഷാഹിര്‍ അവതരിപ്പിക്കുന്ന കഥാപാത്രം ആനുഷംഗികമായി നടത്തുന്ന ഒരു പരാമര്‍ശമുണ്ട്. തിരക്കഥാകൃത്ത് കൃത്യമായ ഉദ്ദേശ്യത്തോടെ തന്നെ ക്രിസ്പിന്‍ എന്ന കഥാപാത്രത്തെക്കൊണ്ട് പറയിക്കുന്ന സംഭാഷണത്തില്‍ വളരെ കൗതുകകരമായൊരു നിരീക്ഷണമുണ്ട്.

മോഹൻലാലിനൊപ്പം
മോഹൻലാലിനൊപ്പം

''ഞാന്‍ ലാലേട്ടന്‍ ഫാനാ. മമ്മുക്ക ഇപ്പം എന്നാ റോള് വേണേലും ചെയ്യും. തെങ്ങുകയറ്റക്കാരന്‍, ചായക്കടക്കാരന്‍, പൊട്ടന്‍, മന്ദബുദ്ധി. പക്ഷേ, നമ്മുടെ ലാലേട്ടന്‍ ഉണ്ടല്ലോ, വര്‍മ്മ, നായര്, മേനോന്‍ ഇതുവിട്ടൊരു കളിയില്ല. ടോപ് ക്ലാസ് ഒണ്‍ലി.''

ഒരേസമയം ഭാസ്‌കര പട്ടേലരില്‍ അധികാര രൂപമാകാനും 'പൊന്തന്‍മാട'യില്‍ അടിയാളരൂപമാകാനും കഴിഞ്ഞ അഭിനയമികവിനെ തേടിയായിരുന്നു മികച്ച നടനുള്ള ദേശീയ പുരസ്‌കാരം രണ്ടാമതും എത്തിയത്. ഇതുപോലുള്ള സമതുലനം തന്നെയാണ് മികച്ച നടനും മുന്തിയ താരവുമെന്ന നിലയില്‍ കേരള ജനതയുടെ സഞ്ചിതസ്മൃതിയില്‍ മായ്ക്കാനാവാത്ത വിധത്തില്‍ മമ്മൂട്ടി എന്ന മുദ്ര പതിഞ്ഞിരിക്കുന്നതിനൊരു പ്രധാന കാരണം. മാധ്യമപരമായ പ്രതിബദ്ധതയും ബോധപൂര്‍വ്വമായ പ്രതിച്ഛായാപരിചരണവും തന്നെയാണ് പതിറ്റാണ്ടുകളായി മമ്മൂട്ടിക്ക് തന്റെ പദവിയെ പരിപാലിക്കാന്‍ കഴിയുന്നതിന്റെ ബലതന്ത്രം. ഡോക്ടര്‍ ബാബാസാഹേബ് അംബേദ്കറിനെ അസാമാന്യമായ കയ്യടക്കത്തോടെ അവതരിപ്പിച്ച് മൂന്നാമതും നേടിയ ദേശീയ അവാര്‍ഡിലൂടെ പാന്‍ ഇന്ത്യന്‍ ആക്ടര്‍ എന്ന പെരുപ്പം ഒന്നുകൂടി ഉറപ്പിച്ചു കൊണ്ടാണ് 21-ാം നൂറ്റാണ്ടിലേക്ക് മമ്മൂട്ടി എന്ന നടനും താരവും പുതുക്കപ്പെട്ടത്.

2003-ല്‍ നടത്തിയ ഒരു അഭിമുഖത്തില്‍ മമ്മൂട്ടി ഇങ്ങനെ പറഞ്ഞിരുന്നു: ''ഇന്നാളൊരിക്കല്‍ എന്നോട് ഒരാള്‍ ചോദിച്ചു, ഈ കസേരയില്‍നിന്നു നിങ്ങള്‍ക്കു മാറിക്കൊടുത്തുകൂടേ എന്ന്. ഞാനെന്തിനു മാറിക്കൊടുക്കണം. ഞാന്‍ കഷ്ടപ്പെട്ടുണ്ടാക്കിയ കസേരയാണിത്. നിങ്ങള്‍ കസേര വേണമെങ്കില്‍ വേറെ പണിഞ്ഞിട്ടിരിക്കണം. ജീവിതത്തിലെ നല്ലകാലം മുഴുവന്‍ കഷ്ടപ്പെട്ടുണ്ടാക്കിയ കസേരയില്‍ ഞാനിരിക്കട്ടെ ചാവുന്നതുവരെ. ഈ കസേര പണിഞ്ഞതിന് 22 വര്‍ഷത്തെ ചോരയും നീരുമുണ്ട്. ലോകത്തു നടക്കുന്ന കാര്യങ്ങള്‍ രണ്ടും മൂന്നും ദിവസം വൈകി അറിയുന്ന അവസ്ഥവരെ എനിക്കുണ്ടായിട്ടുണ്ട്. ഇന്‍വോള്‍വ്മെന്റ് അതായിരുന്നു. എന്റെ കാലം കഴിഞ്ഞുവരുന്ന തലമുറകള്‍ക്ക് എന്റെ സിനിമയോ അഭിനയമോ അരോചകമാകരുത് എന്നൊരു ആഗ്രഹമുണ്ട്. കാലത്തിനൊത്ത് ചില മാറ്റങ്ങള്‍ ഉണ്ടാകാം. അപ്പോള്‍ അഭിനയം എത്രത്തോളം അഭിനയമല്ലാതാക്കിമാറ്റാം എന്നതാണ് ഏറ്റവും അധികം നാം ശ്രദ്ധിക്കേണ്ടത്.''

മമ്മൂട്ടി എന്ന മെഗാതാരത്തില്‍നിന്നും മമ്മൂട്ടി എന്ന മെഗാബ്രാന്‍ഡിലേക്കുള്ള പരിണാമത്തിന്റെ കാലംകൂടിയായിരുന്നു 21-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകം. ബ്രാന്‍ഡ്, ബ്രാന്‍ഡിങ് തുടങ്ങിയ പദങ്ങള്‍ക്ക് പരമപ്രാധാന്യം കൈവന്ന ഒരു ചരിത്രഘട്ടം കൂടിയായിരുന്നു അത്. മലയാളം ടി.വി എന്ന പേരില്‍ തുടങ്ങാനിരുന്ന കൈരളി ടി.വിയുടെ പ്രാരംഭകാലത്ത് യേശുദാസ് വില്ല്യമിന്റെ ചില ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടികളിലൂടെ രണ്ട് ദശകങ്ങള്‍ക്ക് ശേഷം കണ്ണോടിക്കുമ്പോള്‍ ആ പരിണാമ പ്രക്രിയയില്‍ വ്യക്തി എന്ന നിലയില്‍ മമ്മൂട്ടി സ്വീകരിച്ച നിലപാടുകളുടേയും തീരുമാനങ്ങളുടേയുമൊക്കെ സൂചനകള്‍ കാണാന്‍ കഴിയുന്നുണ്ട്.

''എങ്ങനെയൊക്കെയാണ് താങ്കള്‍ മലയാളം ചാനലുമായി സഹകരിക്കുക?''
''ചെയര്‍മാന്‍ ജോലി... കമ്പനിയുടെ നടത്തിപ്പ്... അല്ലാതെന്താ? ഇതൊരു പബ്ലിക് ലിമിറ്റഡ് കമ്പനിയാണ്.''
''മലയാളം ടി.വിക്ക് രാഷ്ട്രീയനിറമില്ലേ?''
''രാഷ്ട്രീയം ഞങ്ങള്‍ക്കില്ല. പലരും പല രാഷ്ട്രീയക്കാരാണ്. പക്ഷേ, ടി.വിക്ക് രാഷ്ട്രീയ നിറമില്ല.''
''തിരക്കേറിയ അഭിനയജീവിതത്തിനിടയില്‍ മലയാളം ടി.വി ചാനലിന്റെ ചെയര്‍മാന്‍ എന്ന നിലയില്‍ ഉയര്‍ന്ന പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ ആവുമോ?''
''ഇന്ത്യയില്‍ ഇപ്പോള്‍ത്തന്നെ എഴുപതോളം ചാനലുകളുണ്ട്. അത് എണ്ണത്തില്‍ ഇരുന്നൂറോളമാവാന്‍ ഒന്നോ ഒന്നരയോ കൊല്ലം മതി. പിന്നെ ഇതുപോലെയുള്ള ടെക്നോളജിയുടേയും മാധ്യമരംഗങ്ങളുടേയും മുന്നേറ്റത്തില്‍ ഭാഗഭാക്കാവുന്നതിലെന്താണ് തെറ്റ്? പിന്നെ ഞാന്‍ ചെയര്‍മാനായുള്ള വേറൊരു സ്ഥാപനവുമുണ്ട്; മദിരാശിയില്‍. Empower Digital Technology എന്ന ഐ.റ്റി.കമ്പനിയുടെ ചെയര്‍മാനാണ് ഞാന്‍. പുത്തന്‍ ടെക്നോളജി ഒരുപാടു സാധ്യതകളുള്ളതാണ്. ഇതൊക്കെ എന്തിനാണ് ഒഴിവാക്കുന്നത്?''
''ഇനിയിപ്പോള്‍ രാഷ്ട്രീയത്തിലിറങ്ങാനുള്ള ഐഡിയ ആണോ?''
(ചിരിക്കുന്നു) ''പുതിയൊരു മേഖലയിലിറങ്ങി പ്രവര്‍ത്തിക്കുന്നുവെന്നുവെച്ചു കൊടി പിടിക്കണമെന്ന് അര്‍ത്ഥമാക്കേണ്ട കാര്യമില്ല. രാഷ്ട്രീയമായ ആശയങ്ങള്‍ എല്ലാവര്‍ക്കും ഉള്ളതു പോലെ എനിക്കുമുണ്ട്. കേരളത്തില്‍ ഒരുപാടു സ്വകാര്യ ടി.വി ചാനലുകള്‍ വരും; എന്തിന്, സിനിമയ്ക്കുവേണ്ടിപ്പോലും ഒരു ചാനല്‍ വന്നേക്കാം.''
''താങ്കളുടെ മുതല്‍മുടക്ക് എത്രയാണ്?''
''മുതല്‍മുടക്ക് തീര്‍ച്ചയായും ഉണ്ട്. അത് എത്രത്തോളം എന്നു തീരുമാനിച്ചിട്ടില്ല. കഴിയുന്നത്ര നല്ല രീതിയില്‍ മുതല്‍മുടക്കും.''
''എന്താണ് താങ്കളുടെ ചാനല്‍ സങ്കല്പം?''
''ടി.വി ചാനല്‍ എനിക്ക് ഇഷ്ടമുള്ള മാധ്യമമാണ്. പിന്നെ ജനകീയമാവുമ്പോള്‍ വളരെ നല്ലതല്ലേ. നമ്മളൊക്കെ ഇതിനുപിന്നില്‍ നില്‍ക്കുന്നതിനു വലിയ വ്യാഖ്യാനങ്ങളുടെയൊന്നും കാര്യമില്ല. ഇതില്‍നിന്നൊക്കെ മാറിനില്‍ക്കുന്നതിനേക്കാള്‍ നല്ലതാണ് ഇത്തരം സംരംഭങ്ങളില്‍ ചേര്‍ന്നുനിന്നു പ്രവര്‍ത്തിക്കുന്നത്.''

പുതിയ യുഗത്തിന്റെ സകല സാങ്കേതിക മുന്നേറ്റങ്ങളേയും കാണാനും അറിയാനും പഠിക്കാനും അതോടിണങ്ങിച്ചേര്‍ന്ന് തന്റെ അഭിനയജീവിതത്തേയും താരപ്രഭാവത്തേയും അതിന്റെ സാമ്പത്തിക മൂല്യത്തേയും ഉയര്‍ത്തിയെടുക്കാനും ശ്രമിക്കുമ്പോള്‍ത്തന്നെ മമ്മൂട്ടി ചിലതില്‍ നിന്നൊക്കെ വിട്ടുനില്‍ക്കാനും ശ്രദ്ധിച്ചിരുന്നു. കൊക്കോകോളപോലെയുള്ള ചില ഉല്പന്നങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍ പദവി ഉപേക്ഷിക്കാനും ചില ക്യാമ്പയിനുകളില്‍ പങ്കെടുക്കാനും ചില സംഘടനകളുടെ സമ്മേളനങ്ങളില്‍ സംസാരിക്കാനുമടക്കം കൈക്കൊണ്ട തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ വേണം വമ്പന്‍ ബ്രാന്‍ഡായി മാറിയൊരു താരവ്യക്തിത്വം പ്രസരിപ്പിച്ച രാഷ്ട്രീയധ്വനികളെ അടര്‍ത്തിയഴിച്ചു വിശദീകരിക്കുകയും വായിച്ചെടുക്കുകയും ചെയ്യാന്‍. തൂത്തുക്കുടി സ്റ്റെറിലൈറ്റ് ഫാക്ടറി വിഷയത്തില്‍ രജനീകാന്ത് നടത്തിയതുപോലുള്ള പ്രസ്താവനകളടക്കം മറ്റു ചലച്ചിത്രതാരങ്ങള്‍ സമാന സാഹചര്യങ്ങളില്‍ സ്വീകരിച്ച നിലപാടുകള്‍ കൂടി ഇക്കാര്യത്തില്‍ താരതമ്യപഠനത്തിനുപയോഗിക്കേണ്ടിവരും.

നേരത്തെ പരാമര്‍ശിച്ച 'മഹേഷിന്റെ പ്രതികാരം' എന്ന സിനിമയില്‍ ക്രിസ്പിന്‍ എന്ന കഥാപാത്രം പ്രത്യേകിച്ച് കാര്യമൊന്നുമില്ലാതെ പാടുന്ന ഒരു നേരമ്പോക്ക് പാട്ടുണ്ട്.

''ജ്യൂസ് ജ്യൂസ് ജ്യൂസ്,
കുമ്മട്ടിക്കാ ജ്യൂസ്
മമ്മൂട്ടിക്കായ്ക്കിഷ്ടപ്പെട്ട
കുമ്മട്ടിക്കാ ജ്യൂസ്.''

കഥാഗതിയിലോ പാത്രസ്വഭാവം പ്രകടമാക്കുന്ന കാര്യത്തിലോ ഈ മൂളിപ്പാട്ടിന് എടുത്തുപറയത്തക്ക പ്രാധാന്യമൊന്നുമില്ല. പക്ഷേ, ഈ വരി സൗബിന്‍ പാടുന്നത് മാത്രം ഉപയോഗിച്ചായിരുന്നു 'മഹേഷിന്റെ പ്രതികാര'ത്തിന്റെ ഒരു ടീസര്‍ നിര്‍മ്മിച്ചത്. അതിന് അക്കാലത്ത് ഒരുപാട് വ്യൂവര്‍ഷിപ്പ് ഉണ്ടാവുകയും സിനിമയുടെ പ്രചാരത്തെ അത് കാര്യമായി സഹായിക്കുകയും ചെയ്തിരുന്നു. മമ്മൂട്ടി എന്ന ബ്രാന്‍ഡിന്റെ മൂല്യം തന്നെയാണ് അവിടെ കൃത്യമായി ഉപയോഗിക്കപ്പെട്ടത്. മലയാളിയുടെ മനോമണ്ഡലത്തിന്റെ ഭാഗമായി മാറിയതുകൊണ്ടാണ് മമ്മൂട്ടിക്ക് ഒരു ഉല്പന്നമായിരിക്കെത്തന്നെ ഉല്പന്നങ്ങളെ വിറ്റഴിക്കാനുള്ള ഉപാധിയാകാനും കഴിയുന്നത്.

കോടികളുടെ മൂലധന നിക്ഷേപമുള്ളൊരു സൗന്ദര്യ വ്യവസായത്തിലെ പ്രധാന ദൃശ്യബിംബമെന്ന മമ്മൂട്ടിനില കൂടി ഇവിടെ വിലയിരുത്തപ്പെടേണ്ടതുണ്ട്. മഹാകവി പി. കുഞ്ഞിരാമന്‍ നായരെ ഫോട്ടോഗ്രാഫുകളിലൂടെ പഠിക്കാന്‍ ശ്രമിക്കുന്ന ഇ.പി. രാജഗോപാലന്‍ 'പ്രത്യക്ഷം' എന്ന പുസ്തകത്തില്‍ ഇങ്ങനെ പറയുന്നുണ്ട്:

''ഫോട്ടോ എഴുത്തു വിഷയമാകുമ്പോള്‍ എന്തൊക്കെ സംഭവിക്കും? ഒരു ഫോട്ടോയില്‍ കേന്ദ്രീയവിഷയം എന്നൊന്ന് ഉണ്ടെന്നു പറയാന്‍ ഒരാള്‍ തുനിഞ്ഞേക്കും; ആ വിഷയവുമായി ഏതുവിധത്തിലാണ് ഫോട്ടോയിലെ വസ്തുക്കള്‍ ചേരുന്നത് അഥവാ ചേരാതിരിക്കുന്നത് എന്നു പരിശോധിച്ചേക്കും; ആ ഫോട്ടോയെ മറ്റൊരു ഫോട്ടോയുമായി താരതമ്യം ചെയ്യാന്‍ ഒരുമ്പെട്ടേക്കും; ഫോട്ടോയ്ക്ക് നിദാനമായ കോണിന്റെ (angle) സൂചകത്വം വിശകലനം ചെയ്‌തേക്കും; വസ്തുക്കളുടെ സ്ഥാനനിലകള്‍ യാദൃച്ഛികമല്ല എന്നു കണ്ടെത്തിയേക്കും; ഫോട്ടോയില്‍ പ്രകൃതി ശുദ്ധപ്രകൃതിയായിട്ടല്ല നിലകൊള്ളുന്നത് എന്നും സംസ്‌കാരത്തിന്റെ മേലെഴുത്തുകള്‍ അവയില്‍ കാണാനാവുന്നു എന്നും ആരോപിച്ചേക്കും; ഫോട്ടോയില്‍ മനുഷ്യരുണ്ടെങ്കില്‍ അവരുടെ ശരീരഭാഷയെ ഒരു പഠനവിഷയമായി സ്വീകരിച്ചേക്കും; ഫോട്ടോയിലെ വെളിച്ചത്തിന്റെ വിന്യാസത്തില്‍ തത്ത്വങ്ങള്‍ ഉണ്ടല്ലോ എന്നു പറഞ്ഞേക്കും; ഫോട്ടോയില്‍ തെളിഞ്ഞതായി താന്‍ കാണുന്ന യാദൃച്ഛികതകള്‍ അയാളെ ജീവിതത്തിലെ വൈരുദ്ധ്യങ്ങളെപ്പറ്റി വാചാലനാക്കിയേക്കും; ഫോട്ടോയെടുത്ത കാലം, ക്യാമറ, സ്ഥലം, ഫോട്ടോഗ്രാഫിന്റെ അളവ്, പ്രിന്റിംഗ് സൗകര്യം തുടങ്ങിയവയുടെ അറിവുകള്‍ ഫോട്ടോ വായനയില്‍ പ്രയോജനപ്പെടുത്തിയേക്കും; ഫോട്ടോ കണ്ടുകിട്ടിയ മാര്‍ഗ്ഗവും സ്ഥലവും അതിന്റെ സൂക്ഷിപ്പു ചരിത്രവും അയാള്‍ ശ്രദ്ധിച്ചേക്കും. അയാള്‍ക്ക് ഫോട്ടോ കലാപാഠമാണ്, കലാവസ്തുവും.''

അലകടലിനക്കരെ എന്ന ചിത്രത്തിൽ മമ്മൂട്ടിയും ജോസ് പ്രകാശും
അലകടലിനക്കരെ എന്ന ചിത്രത്തിൽ മമ്മൂട്ടിയും ജോസ് പ്രകാശും

ചലച്ചിത്ര വാരികകളില്‍ എണ്‍പതുകളിലും തൊണ്ണൂറുകളിലും പ്രത്യക്ഷപ്പെട്ടിരുന്ന സ്റ്റില്ലുകളില്‍ നിന്നുള്ള പ്രകടമായ പാരഡൈം ഷിഫ്റ്റ് പുതിയ നൂറ്റാണ്ടിലെ മമ്മൂട്ടിയുടെ ചിത്രനിലകളില്‍നിന്നു വായിച്ചെടുക്കാന്‍ കഴിയും. പിന്നീട് ചലച്ചിത്ര പ്രവര്‍ത്തകരായി മാറിയ പ്രമോദ് പപ്പന്‍, മാര്‍ട്ടിന്‍ പ്രക്കാട്ട്, എബ്രിഡ് ഷൈന്‍, ഷാനി ഷാകി തുടങ്ങിയ ഫാഷന്‍ ഫോട്ടോഗ്രാഫര്‍മാരുടെ ചിത്രങ്ങളിലൂടെ പണിതുയര്‍ത്തപ്പെട്ട ദൃശ്യനിര്‍മ്മിതിയുടെ തോതും തരവും സവിശേഷമായ ശ്രദ്ധയോടെ പഠിക്കപ്പെടേണ്ട കാര്യമാണ്. ഏത് താരരൂപകല്പനയിലും കാഴ്ചയുമായി ബന്ധപ്പെട്ടു കിടക്കുന്ന ചില പൊതുപ്രവണതകളുണ്ടാകും. അതേപോലെ തന്നെ ഓരോ താരാവരോഹണങ്ങളിലും കാഴ്ചയുമായി കലര്‍ന്നുകിടക്കുന്ന അനന്യമായ ചില ഘടകങ്ങളും ഉള്‍ച്ചേര്‍ന്നിരിക്കും. മമ്മൂട്ടിയെ 2001-2010 കാലത്ത് വെള്ളിവെളിച്ചത്തില്‍ നിര്‍ത്തിയ സ്റ്റാര്‍ ഡിസൈന്‍ എന്തെന്നു പരിശോധിക്കുമ്പോള്‍ വനിതാ വാരികകളിലും ഹോര്‍ഡിങ്ങുകളിലും പോസ്റ്ററുകളിലും പത്രപ്പരസ്യങ്ങളിലുമൊക്കെ പ്രത്യക്ഷപ്പെട്ട 'ചിത്രമമ്മൂട്ടികളെ'ക്കൂടി സൂക്ഷ്മമായി പരിഗണിക്കേണ്ടിവരും. ബാനറെഴുത്തിന്റേയും സൈന്‍ ബോര്‍ഡെഴുത്തിന്റേയും സ്ഥാനം ഫ്‌ലക്‌സ് പ്രിന്റിംഗ് എന്ന സാങ്കേതികവിദ്യ കവര്‍ന്നെടുത്ത സമയം കൂടിയായിരുന്നത്. കാഴ്ചയുടെ ആനന്ദങ്ങളെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നിര്‍ണ്ണയിച്ച കാലത്ത് കെ.ജി.എസ്. കവിതയില്‍ പറഞ്ഞതുപോലെ 'അധിക ഫോട്ടോ അധിക ജ്യോതിസ്' എന്നതുതന്നെയായിരുന്നു പ്രമാണം. ആ കാഴ്ചയിടങ്ങളെ ഏറ്റവും സമര്‍ത്ഥമായി ഉപയോഗപ്പെടുത്തിയ താരശരീരമായിരുന്നു മമ്മൂട്ടിയുടേത്. തമിഴ്നാട്ടിലെപ്പോലുള്ള കട്ടൗട്ടുകള്‍ കേരളത്തില്‍ തിയേറ്റര്‍ പരിസരങ്ങളിലല്ലാതെ കണ്ടുവന്നിരുന്നില്ല. Crude art versus osphisticated art എന്നൊരു സംഘര്‍ഷം പല ജനപദങ്ങളിലും കണ്ടുവരാറുണ്ട്. കലകളേയും ഫാഷനേയും രുചികളേയും സാങ്കേതികവിദ്യകളേയുമടക്കം ഓരോ പുതിയ പ്രവണതകളേയും ഒരു സമൂഹം കൊള്ളുന്നതിനും തള്ളുന്നതിനും പിന്നില്‍ ഒരുപാട് ചരിത്രബലങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കട്ടൗട്ട് സംസ്‌കാരത്തെ കാര്യമായി പ്രോത്സാഹിപ്പിക്കാതിരുന്ന കേരളീയര്‍ ഫ്‌ലക്‌സ് സംസ്‌കാരത്തെ വളമിട്ടു വളര്‍ത്തുന്ന കാഴ്ചയാണ് പുതിയ നൂറ്റാണ്ട് കാണിച്ചുതന്നത്. ഫോട്ടോഗ്രാഫി എന്ന സാങ്കേതിക കലയുടെ പിന്‍ബലത്തോടെ കടന്നുവന്ന ഫ്‌ലക്‌സ് ബോര്‍ഡുകള്‍ താരങ്ങള്‍ക്ക് മുന്നില്‍ തുറന്നിട്ട സാധ്യതകള്‍ വലുതായിരുന്നു. ക്ഷേത്രപ്രതിഷ്ഠകള്‍ക്ക് സമാനമായ വിധത്തില്‍, കാഴ്ചക്കാരും കാണാന്‍ ആഗ്രഹിക്കുന്ന രൂപവും തമ്മില്‍ നിലനില്‍ക്കുന്ന അകലം ഫ്‌ലക്‌സ് ബോര്‍ഡുകളും പ്രദാനം ചെയ്തു. ചിരപരിചിതത്വം അനുഭവിപ്പിക്കുമ്പോള്‍ത്തന്നെ പെട്ടെന്നു പ്രാപ്തമല്ല എന്നൊരു തോന്നല്‍ ഉളവാക്കുന്നതാണ് ഫ്‌ലക്‌സിലെ വ്യക്ത്യവതരണം. യാഥാര്‍ത്ഥ്യത്തില്‍നിന്നു പതിന്മടങ്ങ് പെരുതാക്കി അവതരിപ്പിക്കാവുന്ന ആകൃതിയും ആ കാഴ്ചച്ചതുരങ്ങളുടെ പ്രത്യേകതയായിരുന്നു. തിരശ്ശീലയില്‍ മാത്രം പെരുക്കപ്പെട്ടു പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞിരുന്ന ഉടല്‍നിലകളെ തെരുവോരങ്ങളിലും ജനപഥങ്ങളിലും ഉയരത്തില്‍ സാധ്യമാക്കി ഫ്‌ലക്‌സ്. ചലച്ചിത്ര പ്രദര്‍ശനശാലകള്‍ക്കു വെളിയിലേക്കു സിനിമാതാരങ്ങള്‍ ഹോര്‍ഡിങ്ങുകളിലൂടെ പ്രസരിപ്പിച്ചു തുടങ്ങിയ 'ബിഗര്‍ ദാന്‍ ലൈഫ് ഇമേജ്' പിന്നീട് രാഷ്ട്രീയക്കാരും ബിസിനസ് മേധാവികളും ആത്മീയ ഗുരുക്കളുമൊക്കെ വ്യാപകമായി ഉപയോഗിച്ചു തുടങ്ങി. പൗരുഷത്തിന്റെ രൂപകമായി താരങ്ങളെ വിഗ്രഹവല്‍ക്കരിച്ചതിലും രക്ഷകഭാവത്തിന്റെ ഛായകള്‍ പകര്‍ന്നുനല്‍കിയതിലും ഫ്‌ലക്‌സ് ബോര്‍ഡുകള്‍ വഹിച്ച പങ്ക് കൗതുകകരമായ ഒരു പഠനവിഷയം തന്നെയാണ്. നിശ്ചല ഛായാഗ്രഹണകലയില്‍ സ്വതവേ തല്പരനായിരുന്ന മമ്മൂട്ടിയെപ്പോലൊരു താരത്തിനു കാഴ്ചയുടേയും കാഴ്ചയിടങ്ങളുടേയും പുതുമയെ അഭിസംബോധന ചെയ്യാനും കൃത്യമായി വിപണനം ചെയ്യാനും ഭംഗിയായി സാധിച്ചെന്നതില്‍ സംശയമില്ല.

ഇന്റര്‍നെറ്റ് ഉപയോഗം കേരളത്തില്‍ പടര്‍ന്നു തുടങ്ങിയ ദശകത്തില്‍ മൊബൈല്‍ ഫോണുകളിലൂടേയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടേയും മമ്മൂട്ടി എന്ന 'ഐക്കണ്‍' മലയാളികളുടെ സൗന്ദര്യാകാശങ്ങളിലും സാമൂഹിക ഇടപെടലുകളിലും എന്തു തരത്തിലുള്ള സ്വാധീനമാണ് ചെലുത്തിയതെന്നുകൂടി ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.

മഴയെത്തും മുൻപേയിൽ മമ്മൂട്ടി 
മഴയെത്തും മുൻപേയിൽ മമ്മൂട്ടി 

സൈദ്ധാന്തിക സമീപനങ്ങളില്‍ കള്‍ച്ചറല്‍ സ്റ്റഡീസിന്റെ വ്യാപകമായ സ്വാധീനമുണ്ടായതോടെ മലയാളത്തില്‍ മികച്ച താരപഠനങ്ങള്‍ ആവിര്‍ഭവിച്ചു തുടങ്ങിയ കാലം കൂടിയായിരുന്നു 21-ാം നൂറ്റാണ്ടിന്റെ കന്നിദശകം. വ്യത്യസ്തമായ വായനാ സാധ്യതകളുള്ള മമ്മൂട്ടി ലേഖനങ്ങളും മമ്മൂട്ടിപ്പുസ്തകങ്ങളും ഇക്കാലയളവില്‍ പുറത്തുവന്നിരുന്നു. ഒസെല്ല ദമ്പതിമാരുടെ പഠനവും സി.എസ്. വെങ്കിടേശ്വരന്റെ ലേഖനവും ഇവിടെ എടുത്തുപറയേണ്ടതുണ്ട്. ഏറ്റവും മികച്ച ചലച്ചിത്ര ലേഖനത്തിനുള്ള കേരള സംസ്ഥാന ഫിലിം അവാര്‍ഡ് 2004-ല്‍ ലഭിച്ചത് വെങ്കിടേശ്വരന്റെ 'മമ്മൂട്ടി എന്ന താര'ത്തിനായിരുന്നു. ഒരു താരനടനെക്കുറിച്ചുള്ള വിശദമായ വായനയ്ക്ക് അതിനുമുന്‍പ് അത്തരത്തിലുള്ളൊരു പുരസ്‌കാരം ലഭിച്ചിട്ടില്ലെന്നു പറയേണ്ടിവരും. അക്കാലത്ത് ആ രീതിയിലുള്ള താരപഠനങ്ങള്‍ തന്നെ മലയാളത്തില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നില്ല. റിച്ചാര്‍ഡ് ഡയറിന്റെ സ്റ്റാര്‍സ് പോലെയുള്ള ഗ്രന്ഥങ്ങള്‍ കേരളത്തിലെ ബുദ്ധിജീവി വൃത്തങ്ങളില്‍ ചര്‍ച്ചയായതും സര്‍വ്വകലാശാലാ സിലബസുകളിലും പള്ളിക്കൂടങ്ങളിലെ പാഠ്യപദ്ധതികളിലുമടക്കം സിനിമ ഗൗരവ്വമുള്ളൊരു പഠനവിഷയമായി സ്ഥാനംപിടിച്ചതുമൊക്കെ ഇക്കാലയളവിലാണ്. പലതരം വിമര്‍ശനങ്ങളും വിശകലനങ്ങളുമൊക്കെ വന്നെങ്കിലും മമ്മൂട്ടി എന്ന താരനടനെ മൊത്തത്തില്‍ മറ്റൊരു മാനത്തിലേക്കുയര്‍ത്താനുതകുന്നതായിരുന്നു പൊതുവേ ആ പഠനാന്തരീക്ഷം. ജി.പി. രാമചന്ദ്രന്‍, ജെനി റൊവീന, വിജു വി. നായര്‍, എന്‍.പി. സജീഷ്, ഇ.പി. രാജഗോപാലന്‍, എം.എ. റഹ്മാന്‍, പി.എസ്. രാധാകൃഷ്ണന്‍, ഷാജഹാന്‍ മാടമ്പാട്ട്, പ്രേംചന്ദ്, ഷിജു ജോസഫ്, കെ. ഗോപിനാഥന്‍ തുടങ്ങിയവരുടെ ലേഖനങ്ങളും പുരുഷവേഷങ്ങള്‍, തെമ്മാടികളും തമ്പുരാക്കന്മാരും, മമ്മൂട്ടി കാഴ്ചയും വായനയും തുടങ്ങിയ പുസ്തകങ്ങളും 2001-2010 സമയത്ത് പുറത്തുവരുകയുണ്ടായി. സി.എസ്. വെങ്കിടേശ്വരന്റെ തലക്കെട്ട് കടമെടുത്തു പറഞ്ഞാല്‍ മമ്മൂട്ടിയുടെ 'ഉടലിന്റെ താരസഞ്ചാരങ്ങള്‍' എന്തുകൊണ്ട് കേരളീയ സാമൂഹ്യപഠനത്തില്‍ പ്രധാനപ്പെട്ടതാകുന്നു എന്ന് അവയൊക്കെത്തന്നെ പലമട്ടില്‍ വിശദീകരിച്ചു തന്നു. മമ്മൂട്ടിയെ പല തരത്തിലും വിധത്തിലും രേഖപ്പെടുത്താന്‍ അതൊക്കെ സഹായകമായിത്തീരുകയും ചെയ്തു. നവാസ് പൂനൂര്‍ എഡിറ്റ് ചെയ്ത മമ്മൂട്ടി: നക്ഷത്രങ്ങളുടെ രാജകുമാരന്‍ പോലുള്ള പുസ്തകങ്ങളും മമ്മൂട്ടി എഴുതിയ കാഴ്ചപ്പാട്, മഞ്ഞക്കണ്ണട തുടങ്ങിയ സമാഹാരങ്ങളും ചമയങ്ങളില്ലാതെ, ചമയങ്ങളോടെ എന്നിങ്ങനെ രണ്ടു ഭാഗങ്ങളായി മുന്‍പിറങ്ങിയതു കൂട്ടിച്ചേര്‍ത്ത്, ചമയങ്ങള്‍ എന്ന തലക്കെട്ടിലിറക്കിയ ആത്മകഥയുമൊക്കെ പ്രസിദ്ധീകരിക്കപ്പെടുന്നത് ഈ സമയത്തുതന്നെ. മമ്മൂട്ടിയുടെ സിനിമാവിശേഷങ്ങള്‍ ആരാധകരെ അറിയിക്കുക എന്ന ലക്ഷ്യത്തോടെ മമ്മൂട്ടി 'ടൈംസ്' എന്നൊരു മാസിക തന്നെ ഇക്കാലത്ത് പ്രസിദ്ധീകരിച്ചു തുടങ്ങിയിരുന്നു.

പലവിധ മാധ്യമങ്ങളിലൂടെ പ്രക്ഷേപിക്കപ്പെട്ട മമ്മൂട്ടിത്തത്തെ വ്യത്യസ്ത വിതാനങ്ങളില്‍ പ്രതിഷ്ഠിക്കുന്നത് തന്നെയായിരുന്നു ഈ ദശകത്തില്‍ മമ്മൂട്ടി അഭിനയിക്കാന്‍ തിരഞ്ഞെടുത്ത പ്രധാന സിനിമകളും.

ആനന്ദം, ഡാനി, ക്രോണിക് ബാച്ചിലര്‍, പട്ടാളം, സേതുരാമയ്യര്‍ സി.ബി.ഐ., കാഴ്ച, ബ്ലാക്ക്, വേഷം, തൊമ്മനും മക്കളും, രാപ്പകല്‍, രാജമാണിക്യം, തുറുപ്പുഗുലാന്‍, കറുത്തപക്ഷികള്‍, പളുങ്ക്, കയ്യൊപ്പ് ,മായാവി, ബിഗ് ബി, കഥ പറയുമ്പോള്‍, രൗദ്രം, അണ്ണന്‍ തമ്പി, ട്വന്റി 20, ലൗഡ്സ്പീക്കര്‍, പഴശ്ശിരാജ, പാലേരിമാണിക്യം : ഒരു പാതിരാ കൊലപാതകത്തിന്റെ കഥ , ചട്ടമ്പിനാട്, പോക്കിരിരാജ, കുട്ടിസ്രാങ്ക്, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയിന്റ്, ബെസ്റ്റ് ആക്ടര്‍ തുടങ്ങിയവയായിരുന്നു ആ സമയത്തെ പ്രധാനപ്പെട്ട മമ്മൂട്ടിച്ചിത്രങ്ങള്‍. എറണാകുളം കവിത തീയേറ്ററില്‍ ഒരു വര്‍ഷം മുഴുവന്‍ മമ്മൂട്ടി നായകനായ സിനിമകള്‍ മാത്രം പ്രദര്‍ശിപ്പിച്ചതും ഈ കാലയളവിലായിരുന്നു. ദി കിംഗ് ആന്‍ഡ് ദി കമ്മീഷണര്‍, കുഞ്ഞനന്തന്റെ കട, ശിക്കാരി (കന്നട), ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ബാല്യകാലസഖി, ഭാസ്‌കര്‍ ദി റാസ്‌കല്‍, മുന്നറിയിപ്പ്, പുത്തന്‍പണം, ഗ്രേറ്റ്ഫാദര്‍, കസബ, പുതിയ നിയമം, അബ്രഹാമിന്റെ സന്തതികള്‍, യാത്ര (തെലുങ്ക്), ഷൈലോക്ക്, മാമാങ്കം, ഉണ്ട, പേരന്‍പ് (തമിഴ്) തുടങ്ങിയവയായിരുന്നു അടുത്ത ദശകത്തില്‍ മമ്മൂട്ടിയുടേതായി പുറത്തുവന്ന ശ്രദ്ധേയമായ ചലച്ചിത്രങ്ങള്‍. അഭിനേതാക്കളുടെ മക്കളും ബന്ധുക്കളുമൊക്കെ സിനിമയിലേക്ക് രംഗപ്രവേശം ചെയ്യുകയും സജീവ സാന്നിധ്യമാവുകയും ചെയ്യുന്നത് ഇന്ത്യന്‍ ചലച്ചിത്രരംഗത്ത് സര്‍വ്വസാധാരണമായ കാര്യമാണ്. മമ്മൂട്ടിയുടെ മകനായ ദുല്‍ഖര്‍ സല്‍മാന്‍ സിനിമയില്‍ സജീവമാവുകയും വലിയ താരമൂല്യമുള്ള നടനായിത്തീരുകയും ചെയ്തത് ഈ കാലയളവിലാണ്. മിക്കവാറും നായകനടന്മാരൊക്കെത്തന്നെ തങ്ങളുടെ മക്കള്‍ അഭിനയിക്കുന്ന ഏതെങ്കിലും ചിത്രങ്ങളില്‍ അതിഥിവേഷത്തിലെങ്കിലും പ്രത്യക്ഷപ്പെടാറുണ്ട്. അമിതാഭ് ബച്ചനും ചിരഞ്ജീവിയും നാഗാര്‍ജുനയും തൊട്ട് വിജയും വിക്രമും മോഹന്‍ലാലും സുരേഷ് ഗോപിയും വരെ അത്തരത്തില്‍ തങ്ങളുടെ സാന്നിധ്യമറിയിച്ചിട്ടുണ്ടെങ്കിലും മമ്മൂട്ടി തന്റെ മകനോടൊപ്പം അഭിനയിക്കാന്‍ ഇന്നേവരെ സന്നദ്ധനായിട്ടില്ല. അത്തരത്തിലുള്ള ഒരുമിക്കലിലൂടെ വലിയതോതില്‍ ഉയര്‍ത്താന്‍ കഴിയുന്ന കോടികളുടെ അധികവരുമാന സാധ്യതകളെ മനപ്പൂര്‍വ്വം വേണ്ടെന്നുവച്ചു തന്നെയാണ് മമ്മൂട്ടി അതില്‍നിന്നു വിട്ടുനില്‍ക്കുന്നതെന്നുവേണം കരുതാന്‍. തന്റേയും പുത്രന്റേയും താരമൂല്യങ്ങളെ കൂട്ടിക്കെട്ടുന്നതില്‍ അദ്ദേഹം തല്പരനാകാത്തത് പരസ്പരാശ്രിതമായല്ല അവ വളരേണ്ടതെന്ന നിലപാടു കൊണ്ടുതന്നെയാകണം.

മമ്മൂട്ടിയും മുകേഷും
മമ്മൂട്ടിയും മുകേഷും

കൊറോണ പ്രതിസന്ധികള്‍ ത്വരിതപ്പെടുത്തിയ ഒ.ടി.ടി ദൃശ്യവിപ്ലവത്തിന്റെ പുതുകാലത്തും മമ്മൂട്ടി എന്ന നടനും താരവും മലയാളസിനിമയില്‍ പ്രസക്തനായി നില്‍ക്കുന്നത് എന്തുകൊണ്ടാകണം? 

മലയാളസിനിമ അതിന്റെ വളര്‍ച്ചയുടെ ചരിത്രസന്ധികളിലൂടെ കടന്നുപോകുമ്പോള്‍ പലപ്പോഴുമതിനെ ഒറ്റയ്ക്ക് ചുമലിലേറ്റി പരാധീനതകളെ മറികടക്കാന്‍ മമ്മൂട്ടി എന്ന അഭിനേതാവിനു കഴിഞ്ഞിരുന്നു. ഒരു ജനതയ്ക്കും സിനിമ വെറുമൊരു വിനോദോപാധിയോ വ്യവസായമോ മാത്രമല്ല. ആനന്ദമാര്‍ഗ്ഗം എന്നപോലെ അത് ആത്മപ്രകാശനത്തിനുള്ള ഉപാധി കൂടെയാണ്. ഇരുട്ടിലിരുന്ന് ഒരു സമൂഹം നുണയുന്ന വെളിച്ചക്കാഴ്ചകളില്‍ വിശദീകരിക്കാനും വ്യാഖ്യാനിക്കാനുമാകാത്ത എത്രയോ സങ്കീര്‍ണ്ണ വൈകാരികതകള്‍ കലര്‍ന്നുകിടക്കുന്നുണ്ട്. വിചിത്രവിധങ്ങളില്‍ തങ്ങളുടെ കാമനകള്‍ കുഴമറിഞ്ഞുകിടക്കുന്നൊരു മാധ്യമത്തിന്റെ നിര്‍ണ്ണായകമായ വികാസസന്ധികളില്‍ നായകത്വമേറ്റെടുത്തു നിന്നൊരു പിതൃരൂപത്തോട് മലയാള സിനിമാസ്വാദകരും മലയാള സിനിമാവ്യവസായവും പുലര്‍ത്തുന്ന നന്ദിയും കടപ്പാടും മമ്മൂട്ടി എന്ന അഭിനേതാവിനെ ബഹുമാന്യമായ പദവിയിലെത്തിച്ചതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഇന്നും മലയാള സിനിമയുടെ നെടുംതൂണുകളിലൊന്ന് എന്ന നിലയില്‍ ആ സ്ഥാനം തുടരുന്നതിന് അനേകം കാരണങ്ങള്‍ കണ്ടെത്താന്‍ കഴിയും. മായ്ച്ചോ മറച്ചോ കളയാനാവാത്തൊരു സൗവര്‍ണ്ണ ഭൂതകാലത്തിന്റെ ആലക്തികദ്യുതിക്കപ്പുറം കാലാനുസൃതമായി സ്വയം പുതുക്കാനും പരിഷ്‌കരിക്കാനും നടത്തിയ യത്‌നങ്ങളുടെ കൂടി ഫലമാണ് അഭിനേതാവെന്ന നിലയില്‍ മമ്മൂട്ടിക്കു ലഭിക്കുന്ന പരമപ്രാധാന്യം. തന്റെ നടനജീവിതത്തെ മമ്മൂട്ടിതന്നെ നോക്കിക്കാണുന്നതെങ്ങനെയെന്നു നോക്കാം:

''ഞാന്‍ ജന്മനാ ഒരു കഴിവുള്ള വലിയ നടനാണെന്ന് എനിക്കു തോന്നിയിട്ടില്ല. എന്നെ സ്വയം വിലയിരുത്തുമ്പോള്‍ ഞാനൊരു നല്ല നടനായിട്ടല്ല ആരംഭം കുറിച്ചത്. ഞാന്‍ ഇവോള്‍വ് ചെയ്യുകയായിരുന്നു. അതായത് ഞാന്‍ പരിണമിക്കുകയായിരുന്നു. ഒരു ആക്ടര്‍ പരിണമിച്ചു പോകുന്നതാണ്. എവല്യൂഷനാണ് എന്നെ നിലനിര്‍ത്തുന്ന ഘടകം. ഒരു പക്ഷേ, അതുകൊണ്ടായിരിക്കണം ഒരു കഥാപാത്രം ചെയ്തുകഴിഞ്ഞാല്‍ അടുത്ത കഥാപാത്രം വ്യത്യസ്തമാകുന്നത്. സ്വയം അങ്ങനെ പരിണമിക്കുകയാണ്. കഥാപാത്രത്തിനു പരിണാമമുണ്ട്. ഗ്രോത്ത്, വളര്‍ച്ച എന്നൊക്കെയും പറയാം. പരിണാമം എന്ന് പറയുന്നതാണ് എനിക്കിഷ്ടം. എവല്യൂഷന്‍.''

ഈ വാക്കുകളില്‍ തെളിഞ്ഞു കത്തുന്ന മനോഭാവം തന്നെയാണ് അഭിനേതാവെന്ന നിലയില്‍ മമ്മൂട്ടിയെ കാലാനുസൃതമായി പരുവപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. തിരിച്ച് മമ്മൂട്ടി എന്ന നടനെ തിരുത്താനും തുടച്ചുമിനുക്കാനുമുള്ള മിടുക്ക് മലയാളിയുടെ ഭാവുകത്വത്തിനുണ്ട് താനും. മമ്മൂട്ടിയിലെ അഭിനേതാവിന്റെ സ്വയംനവീകരണക്ഷമതയും നിരന്തര പരിഷ്‌കരണവും മലയാളിയുടെ ഭാവുകത്വ പരിണാമചരിത്രവുമായി ബന്ധപ്പെടുത്തിക്കൊണ്ട് തന്നെയേ വായിച്ചെടുക്കാനും വ്യാഖ്യാനിക്കാനും കഴിയൂ എന്നു സാരം.

ഷൈലോക്ക് എന്ന ചിത്രത്തിൽ മമ്മൂട്ടി
ഷൈലോക്ക് എന്ന ചിത്രത്തിൽ മമ്മൂട്ടി

മമ്മൂട്ടി എന്ന താരത്തിന്റെ കാര്യമോ?

തന്റെ താരപദവിയുടെ സാധ്യതകളേയും സാമ്പത്തിക മൂല്യത്തേയുമൊക്കെ കൃത്യമായി തിരിച്ചറിയാന്‍ സാധിക്കുന്നയാള്‍ തന്നെയാണ് മമ്മൂട്ടി.
''സിനിമയുടെ ജയാപജയങ്ങളുടെ ചുമതല താരത്തിനാണെന്നു കല്പിച്ചു കൊടുക്കാറില്ല. ജയിച്ചതും തോറ്റതും താരത്തിന്റെ ഉത്തരവാദിത്വമല്ല. താരമെന്ന നിലയില്‍ ഞാനൊരു കമ്മോഡിറ്റിയാണ്. അങ്ങനെ പറയുന്നത് വ്യാപാരപരതയുടെ പശ്ചാത്തലത്തിലാണ്. എന്നാല്‍, താരം മാത്രമാണ് ഈ വ്യാപാരത്തിന്റെ എല്ലാമെന്നു പറയാന്‍ പറ്റില്ല. താരത്തിനെ രണ്ടുമണിക്കൂര്‍ നേരം കാണിച്ചാല്‍ പടം വിജയിക്കുമോ? മറ്റൊരുപാട് എലിമെന്റ്സുണ്ട്. ചേരുവകളെല്ലാം ഒത്തുവന്നാല്‍ ഒരുപക്ഷേ, ഈ താരം നല്ലതല്ലെങ്കില്‍ പോലും പടം ഓടിയെന്നിരിക്കും. മറ്റ് ഘടകങ്ങള്‍ നന്നായി ചേരുന്ന സമയത്ത് ഈ നടന്‍ പ്രൊജക്ട് ചെയ്യപ്പെടുക മാത്രമാണ്. അല്ലാതെ, ഒരു താരത്തിന്റെ അല്ലെങ്കില്‍ നടന്റെ അഭിനയംകൊണ്ടോ പ്രഭാവം കൊണ്ടോ ആണ് ഒരു പടം വിജയിക്കുന്നതെന്ന് പറഞ്ഞാല്‍ ഒരു നടനെന്ന നിലയില്‍ സമ്മതിച്ചുകൊടുക്കാന്‍ ഞാന്‍ തയ്യാറല്ല.''

താരശരീരവും ദേശചരിത്രവും എന്ന പുസ്തകത്തില്‍ മുഹമ്മദ് ഫക്രുദ്ദീന്‍ അലി താരനിലയെക്കുറിച്ച് നടത്തുന്നൊരു നിരീക്ഷണമുണ്ട്.
''നടന്‍ ഒരു വ്യക്തിയും താരം ഒരു നിര്‍മ്മിതിയുമാണ്. പ്രശസ്ത സിനിമാചിന്തകയായ ക്രിസ്ത്യന്‍ ഗ്ലാഡ്ഹില്‍ ചൂണ്ടിക്കാട്ടിയതുപോലെ താരനിര്‍മ്മിതിയില്‍ പ്രധാനമായും ഉള്‍പ്പെട്ടിരിക്കുന്നത് മൂന്നു ഘടകങ്ങളാണ്. നടന്‍, പ്രേക്ഷകന്‍, പിന്നെ കലാവ്യവസായവും. എല്ലാ നടനും അല്ലെങ്കില്‍ നടിക്കും താരമാകാനാകില്ല. പക്ഷേ, അനിവാര്യമായും ഓരോ താരവും ഒരു അഭിനേതാവോ അഭിനേത്രിയോ ആണ്. അപ്പോള്‍ താരനിര്‍മ്മിതിയിലെ നിര്‍ണ്ണായക ഘടകങ്ങളില്‍ മുന്‍തൂക്കം പ്രേക്ഷകര്‍ എന്ന സാമൂഹിക ഘടകത്തിനും അവരുടെ ഇഷ്ടാനിഷ്ടങ്ങളെ, വികാരവിചാര ഭേദങ്ങളെ സ്‌കാന്‍ ചെയ്തുകൊണ്ടിരിക്കുന്ന, അതിനനുസൃതമായ സിനിമകള്‍ പടച്ചുവിടുന്ന സിനിമാകലാ വ്യവസായത്തിനും തന്നെ. അപ്പോള്‍ ഓരോ താരവും വലിയൊരു പരിധിവരെ അതാതു കാലദേശങ്ങളുടെ, ചുരുക്കത്തില്‍ സമൂഹത്തിന്റെ സൃഷ്ടിയാണ്. ഗ്ലാഡ്ഹില്‍ അഭിപ്രായപ്പെടുന്നതുപോലെ സമൂഹം എന്താണെന്നും, എങ്ങനെയായിരിക്കണമെന്നും സമൂഹത്തെത്തന്നെ കാണിച്ചുകൊടുക്കുന്ന കണ്ണാടി. സാംസ്‌കാരിക രാഷ്ട്രീയത്തിന്റെ ഒരു സുപ്രധാന ഇടം.''

അങ്ങനെ വരുമ്പോള്‍ മമ്മൂട്ടി എന്ന താരത്തെ സാധ്യമാക്കുന്നതും നിതാന്ത സാന്നിധ്യമാക്കുന്നതും മലയാളികളുടെ സമൂഹമാണ്. അവരുടെ സാംസ്‌കാരിക, സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ഭൂമികകളിലൊക്കെ പലവിധത്തിലുള്ള ധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാനുള്ളിടത്തോളം കാലം മമ്മൂട്ടി എന്ന താരനടന്‍ ചര്‍ച്ചചെയ്യപ്പെട്ടു കൊണ്ടേയിരിക്കും. 2021-ലും 'മമ്മൂട്ടിത്തം' ഒരു സാംസ്‌കാരിക പ്രസിദ്ധീകരണത്തിന്റെ വിശേഷാല്‍ പതിപ്പിലെ പ്രധാന ചര്‍ച്ചാവിഷയമായി നിലനില്‍ക്കുന്നത് ആ പ്രതിഭാസം നിറവേറ്റുന്ന സാമൂഹ്യധര്‍മ്മത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ്. 2021 ഏപ്രില്‍ മാസം പുറത്തിറങ്ങിയൊരു പ്രസിദ്ധീകരണത്തില്‍ പ്രത്യക്ഷപ്പെട്ട കവിതയിലെ വരികള്‍ ഉദ്ധരിച്ചുകൊണ്ട് ഇത് ഉപസംഹരിക്കുന്നത് ആ ധര്‍മ്മം പ്രവര്‍ത്തനക്ഷമമാകുന്നത് സിനിമയുടെ പ്രതലത്തില്‍ മാത്രമല്ലെന്നു സൂചിപ്പിക്കുന്നതിനാണ്. 

ഐവി ശശിക്കും എംടിക്കുമൊപ്പം
ഐവി ശശിക്കും എംടിക്കുമൊപ്പം

''നഗരത്തില്‍ പല സ്ഥലങ്ങളില്‍
പതിച്ച പോസ്റ്റര്‍ നോക്കി
സിനിമയുടെ ഭൂപടം ഊഹിച്ചെടുത്ത്
സിനിമയ്ക്ക് കേറുമായിരുന്നു.
ആയിരം മമ്മൂട്ടിമാരില്‍ ഒരാളായി 
തിയേറ്റര്‍ വിട്ടിറങ്ങി,
ഒരു സോഡ കുടിക്കുമ്പോള്‍
ഞാന്‍ ആവുകയായിരുന്നു
പതിവ്.''
വൈ ഫൈ വൃക്ഷഛായയില്‍
വാസ്‌കോ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com