ഖലിസ്ഥാന്‍, രാജ്യദ്രോഹം ആവനാഴിയില്‍ ഇനിയെന്ത്?

ഏതു രാഷ്ട്രത്തേയും ചോദ്യം ചെയ്യാനുള്ള മൗലികാവകാശം പൗരനുണ്ടെന്നത് അവിടെ വിസ്മരിക്കപ്പെട്ടു
ചെങ്കോട്ടയിലെ മകുടത്തിന് മുകളിൽ കയറി പ്രതിഷേധിക്കുന്നവർ. കർഷകരിൽ ഒരു വിഭാ​ഗം ഇവിടെ സിഖ് പതാക ഉയർത്തിയിരുന്നു
ചെങ്കോട്ടയിലെ മകുടത്തിന് മുകളിൽ കയറി പ്രതിഷേധിക്കുന്നവർ. കർഷകരിൽ ഒരു വിഭാ​ഗം ഇവിടെ സിഖ് പതാക ഉയർത്തിയിരുന്നു

72-ാമത് റിപ്പബ്ലിക് ദിനമാണ് രാജ്യം ഇത്തവണ ആഘോഷിച്ചത്. പൗരാവകാശത്തില്‍ വേരുറപ്പിച്ച ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന്റെ തുടര്‍ച്ചയായിരുന്നു 1950-ല്‍ നിലവില്‍ വന്ന നമ്മുടെ ഭരണഘടന. പൗരന്റെ അസ്തിത്വം അതിന്റെ അന്തസ്സും തനിമയും നേടാനാണ് സ്വാതന്ത്ര്യലബ്ധി ലക്ഷ്യമിട്ടത്. എന്നാല്‍, മുക്കാല്‍നൂറ്റാണ്ട് കാലത്തെ രാഷ്ട്രീയ നിലനില്‍പ്പിന്റെ നൂലാമാലകളെ മാറ്റിവച്ച് അളന്നാല്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അഭേദ്യവും അവസാനവുമായ ഘടകമായി പൗരന്റെ അസ്തിത്വം മാറിയില്ല. 

ഡല്‍ഹിയില്‍ നടന്നതും ഇതിന്റെ തുടര്‍ച്ചയായിരുന്നു. ഏതു രാഷ്ട്രത്തേയും ചോദ്യം ചെയ്യാനുള്ള മൗലികാവകാശം പൗരനുണ്ടെന്നത് അവിടെ വിസ്മരിക്കപ്പെട്ടു. ഭരണകൂടത്തിന്റെ വൈകല്യങ്ങളെ ചോദ്യം ചെയ്യാന്‍ അവകാശമുള്ള പൗരര്‍ രാജ്യദ്രോഹികളായി തീരുന്നതാണ് പിന്നീട് കണ്ടത്. ട്രാക്ടര്‍ റാലിയില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് 'വ്യാജ വാര്‍ത്ത' ട്വീറ്റ് ചെയ്ത് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. പ്രതിരോധങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമെതിരെ ഭരണകൂടം പതിവുപോലെ നിര്‍ദ്ദയ ആക്രമണം തുടരുകയും ചെയ്തു.

രാകേഷ് ടികായത് 
രാകേഷ് ടികായത് 

കൊവിഡ് മഹാമാരിയുടേയും ലോക്ഡൗണിന്റേയും മാത്രമല്ല, രാജ്യത്തെ പിടിച്ചുലച്ച സമരങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും സാക്ഷ്യംവഹിച്ചാണ് കഴിഞ്ഞവര്‍ഷം കടന്നുപോയത്. പാര്‍ലമെന്റിലെ മൃഗീയ ഭൂരിപക്ഷത്തിന്റെ മേധാവിത്വത്തിലാണ് മോദി സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം പാസ്സാക്കിയതും കശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ എടുത്തുകളഞ്ഞതും. പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ മതത്തിന്റെ പേരില്‍ പീഡനങ്ങള്‍ അനുഭവിക്കുന്ന ന്യൂനപക്ഷ സമൂഹങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാനുള്ളതായിരുന്നു നിയമം. ഒപ്പം, 2014 ഡിസംബര്‍ 31-ന് മുന്‍പ് ഇന്ത്യയില്‍ എത്തിയിട്ടുള്ള ഹിന്ദു, സിക്ക്, ബുദ്ധിസ്റ്റ്, ജെയിന്‍, പാഴ്‌സി, ക്രിസ്ത്യന്‍ മതവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാനും നിയമം വ്യവസ്ഥ ചെയ്യുന്നു. എന്നാല്‍, മുസ്ലിങ്ങള്‍ക്കു മാത്രം പ്രവേശനമില്ല. ഇതായിരുന്നു ഈ നിയമത്തിന്റെ രത്‌നച്ചുരുക്കം. ഇതേത്തുടര്‍ന്ന് രാജ്യവ്യാപകമായുണ്ടായ പ്രക്ഷോഭം ശക്തമായി. ഹിന്ദുത്വഫാസിസത്തിനെതിരെയുള്ള ഒരു ചെറുത്തുനില്‍പ്പ് അങ്ങനെ രൂപപ്പെട്ടു. 

എന്നാല്‍, ഷഹീന്‍ബാഗ് പോലുള്ള മുന്നേറ്റങ്ങളെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പല തന്ത്രങ്ങളും പയറ്റി. അതിലൊന്നായിരുന്നു രാജ്യദ്രോഹവും അപരവല്‍ക്കരണവും. വലതുപക്ഷ മാധ്യമങ്ങളുടെ സഹായത്താല്‍ മുസ്ലിം അപരബോധം സൃഷ്ടിച്ചാണ് ഷഹീന്‍ബാഗ് സമരത്തെ കേന്ദ്രസര്‍ക്കാര്‍ നേരിട്ടത്. ജെ.എന്‍.യുവിലേയും ജാമിയ മിലിയയിലേയും എതിര്‍പ്പുയര്‍ത്തിയവരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. ബുദ്ധിജീവികളേയും ആക്റ്റിവിസ്റ്റുകളേയും അര്‍ബന്‍ മാവോയിസ്റ്റുകളാക്കി തുറങ്കലിലടച്ചു. ഒടുവില്‍, പൗരത്വപ്രശ്‌നം മുസ്ലിം സമൂഹത്തിന്റെ മാത്രം ബാധ്യതയാണെന്നു വരുത്തിത്തീര്‍ക്കാനും സര്‍ക്കാരിനു കഴിഞ്ഞു. വെല്ലുവിളികളുടെ തുടര്‍ച്ച അല്‍പ്പമൊന്നു അടങ്ങിയെന്നു തോന്നിയ ഘട്ടത്തിലാണ് കര്‍ഷകസമരം സജീവമാകുന്നത്. പാര്‍ലമെന്റിലെ മൃഗീയ ഭൂരിപക്ഷം, സമഗ്രാധിപത്യമുള്ള പാര്‍ട്ടിസംവിധാനം, നടപ്പാക്കാന്‍ സകല ഭരണഘടനാ സംവിധാനങ്ങള്‍, സഹായിക്കാന്‍ നീതിവ്യവസ്ഥ എന്നിവയൊക്കെയുണ്ടായിട്ടും കര്‍ഷകപ്രക്ഷോഭത്തിന് ഒരു രാഷ്ട്രീയപരിഹാരം നേടുന്നതില്‍ കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും പരാജയപ്പെട്ടു. പൗരത്വസമരം ഉള്‍പ്പെടെയുള്ള മുന്‍ പ്രക്ഷോഭങ്ങളെല്ലാം അടിച്ചമര്‍ത്തിയ ബി.ജെ.പിക്ക് അതൊക്കെ രാഷ്ട്രീയനേട്ടമായി ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍, കര്‍ഷകപ്രക്ഷോഭത്തിന്റെ കാര്യത്തില്‍ അത്തരമൊരു രാഷ്ട്രീയമുതലെടുപ്പ് നടന്നില്ല. 

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കര്‍ഷകവിരുദ്ധ നിയമങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സെപ്റ്റംബറില്‍ തുടങ്ങിയ ഈ സമരം ആദ്യം പഞ്ചാബില്‍ മാത്രമായിരുന്നു. മുസ്ലിം വിരുദ്ധത, ദേശീയത എന്നിവയൊക്കെ ആയുധങ്ങളായി സമരത്തിനെതിരെ ബി.ജെ.പി ഉപയോഗിച്ചെങ്കിലും അതൊന്നും ഫലം കണ്ടില്ല. ഒന്നരമാസം കര്‍ഷകര്‍ സമാധാനപരമായ സമരപരിപാടികളുമായി നീങ്ങി. സെപ്റ്റംബറില്‍ തുടങ്ങിയ സമരത്തോടുള്ള അവഗണനയാണ് ശൈത്യം വകവയ്ക്കാതെ ഡല്‍ഹിയിലേക്ക് നീങ്ങാന്‍ അവരെ പ്രേരിപ്പിച്ചത്. ഇതുപ്രകാരം, അഖിലേന്ത്യ കര്‍ഷക കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി നവംബര്‍ 26-ന് ദില്ലി ചലോ മാര്‍ച്ച് തുടങ്ങി. 32-ഓളം കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ ലക്ഷക്കണക്കിനു കര്‍ഷകര്‍ അണിചേര്‍ന്നു. ചെറുത്തുനില്‍പ്പല്ലാതെ മറ്റു വഴികള്‍ അവര്‍ക്കില്ലായിരുന്നു. നവംബറിലാണ് ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ സമരക്കാരെത്തിയത്. അന്നുമുതല്‍ നടന്ന 11 റൗണ്ട് ചര്‍ച്ചകളിലും പരിഹാരം സാധ്യമായിരുന്നില്ല. സ്വാഭാവികമായും അതിന്റെ അതൃപ്തി സമരം ചെയ്യുന്നവരിലുണ്ടായിരുന്നു. 

കർഷകർ ഡൽഹി ന​ഗരത്തിലേക്ക് പ്രവേശിക്കാതിരിക്കാൻ ഘാസിപൂർ അതിർത്തിയിൽ പൊലീസ് സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകൾ
കർഷകർ ഡൽഹി ന​ഗരത്തിലേക്ക് പ്രവേശിക്കാതിരിക്കാൻ ഘാസിപൂർ അതിർത്തിയിൽ പൊലീസ് സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകൾ

ഈ അതൃപ്തിയും പ്രതിഷേധവും തെല്ലൊന്ന് കുറയ്ക്കാനാണ് അധികാരകേന്ദ്രമായ ഡല്‍ഹിയിലേക്ക് റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്താന്‍ കര്‍ഷകനേതാക്കള്‍ നിര്‍ബ്ബന്ധിതമായത്. എന്നാല്‍, റാലിയുടെ റൂട്ട് സംബന്ധിച്ച് നേതാക്കളും ഡല്‍ഹി പൊലീസും ധാരണയെത്തുന്നതില്‍ പരാജയപ്പെട്ടു. മാര്‍ച്ചിനു രണ്ടു ദിവസം മുന്‍പ് മാത്രമാണ് ഡല്‍ഹിയുടെ അതിര്‍ത്തിയിലൂടെ റൂട്ടിനു നിബന്ധനകളോടെ അനുമതി നല്‍കിയത്. സ്വാഭാവികമായും ഇത് അണികള്‍ക്ക് സ്വീകാര്യമായിരുന്നില്ല. ജനുവരി 24-നു രാത്രി തന്നെ അപസ്വരങ്ങള്‍ കേട്ടുതുടങ്ങി. കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറി സര്‍വാന്‍ സിങ് പാന്ധര്‍ പൊലീസ് നല്‍കിയ റൂട്ട് വ്യതിചലിക്കുമെന്നു പ്രഖ്യാപിച്ചു. ഈ നീക്കത്തെ നേരിടാന്‍ ഡല്‍ഹി പൊലീസ് തയ്യാറെടുത്തിരുന്നുമില്ല. പ്രക്ഷോഭകരെ നിയന്ത്രിക്കാന്‍ കഴിയില്ലെന്നു നേതൃത്വത്തിനും ബോധ്യപ്പെട്ടു.

സസൂക്ഷ്മം ഈ സമരത്തെ വീക്ഷിക്കുന്നവര്‍ക്ക് ഇക്കാര്യമറിയാമെന്ന് കാരവനില്‍ ഹര്‍തോഷ് സിങ് ബാല്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. അതിന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് ഇപ്പോഴത്തെ സമരസിരാകേന്ദ്രമായ ഡല്‍ഹിയുടെ അതിര്‍ത്തിപ്രദേശത്ത് സമരക്കാര്‍ എത്തിയ വിധമാണ്. പഞ്ചാബില്‍നിന്നു പുറത്തേക്ക് സമരം വ്യാപിപ്പിക്കണമെന്ന ഉദ്ദേശ്യം നേതാക്കള്‍ക്കുണ്ടായിരുന്നുവെങ്കിലും അതിനു വ്യക്തമായ ഒരു പദ്ധതി ഇല്ലായിരുന്നു. ഹരിയാനയുടേയും പഞ്ചാബിന്റേയും അതിര്‍ത്തിഗ്രാമങ്ങളില്‍ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ സ്വന്തം തീരുമാനപ്രകാരം നീക്കിയാണ് സമരത്തെ യുവാക്കള്‍ തിക്രിയിലും സിംഘുവിലും എത്തിച്ചത്. സ്വീകാര്യമായ ഒരു പോംവഴി ഇല്ലാതായതോടെ നിയന്ത്രണം നഷ്ടപ്പെടാനുള്ള സാധ്യതയും വര്‍ദ്ധിച്ചു. അത്തരം സാഹചര്യങ്ങളില്‍ സമരം ചെയ്യുന്നവരില്‍ വലിയൊരു വിഭാഗം സിക്കുകാരായതിനാല്‍ ആ മതസ്വത്വസ്വാധീനം തീര്‍ച്ചയായും ഉണ്ടാകുമെന്നും അദ്ദേഹം പറയുന്നു. 

അതായത് നേതൃത്വം ഇടതുപക്ഷത്തിനുണ്ടെങ്കിലും അണികള്‍ ഭൂരിഭാഗവും സിഖുകാരായിരുന്നു. സ്വാഭാവികമായും അവര്‍ അവരുടെ സ്വത്വവും മതവും പ്രകടിപ്പിക്കുകയും ചെയ്തു. റിപ്പബ്ലിക് ദിനത്തില്‍ പ്രക്ഷോഭം നടത്തിയ ട്രോളികളിലെല്ലാം സിക്ക് ജനറലായ ഭാഗേല്‍ സിങ്ങിന്റെ ചിത്രം പതിപ്പിച്ചിരുന്നു. ഡല്‍ഹിയിലെ ഭരണാധികാരിയും മുഗള്‍ രാജാവുമായ ഷാ അലാം രണ്ടാമനെ മുട്ടുകുത്തിച്ചയാളാണ് ഭാഗേല്‍ സിങ്. നഗരത്തിലെ ഗുരുദ്വാരകളുടെ നിര്‍മ്മാണത്തിനായി ഇറക്കുമതിചെയ്ത സാധനങ്ങള്‍ക്ക് ഷാ അലാം നികുതി ചുമത്തിയിരുന്നു. 1778-ലെ യുദ്ധത്തില്‍ ഒരുലക്ഷം വരുന്ന മുഗള്‍ സൈന്യത്തെയാണ് സിക്കുകാര്‍ തോല്‍പ്പിച്ചത്. ഒടുവില്‍ 1783-ല്‍ ഡല്‍ഹി നഗരം പിടിച്ചടക്കുകയും നികുതി കുറയ്ക്കുകയും ചെയ്തു. പിന്നീടുണ്ടാക്കിയ ധാരണ പ്രകാരം ഇനിയൊരിക്കലും സിക്കുകാര്‍ ഡല്‍ഹിയെ അക്രമിക്കില്ലെന്നു വ്യവസ്ഥ ചെയ്തു.

ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖെട്ടർ, ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല
ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖെട്ടർ, ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല

റിപ്പബ്ലിക് ദിനത്തില്‍ നടന്ന നാടകീയ സംഭവങ്ങളില്‍ ഒരിക്കല്‍പ്പോലും ഡല്‍ഹി നിവാസികള്‍ക്കെതിരെ കര്‍ഷകര്‍ തിരിഞ്ഞില്ല. ഡല്‍ഹി കീഴടക്കുകയല്ല, പകരം ഡല്‍ഹിയുടെ ഹൃദയം കീഴടക്കുകയാണ് തങ്ങളുടെ ഉദ്ദേശ്യമെന്നാണ് അവര്‍ വ്യക്തമാക്കിയത്. വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ നേരെ അക്രമണമുണ്ടായില്ല. പൊലീസ് ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസാണ് വഴി തടസ്സപ്പെടുത്താന്‍ ഉപയോഗിച്ചത്. ഈ ബസാണ് തല്ലിത്തകര്‍ത്തത്. ചെങ്കോട്ടയില്‍ ചില പ്രക്ഷോഭകര്‍ കൊടിനാട്ടുകയും പൊലീസിനെ ആക്രമിക്കുകയും ചെയ്തു. എന്നാല്‍, ദേശീയപതാകയെ അപമാനിച്ചെന്ന പ്രചരണം നടത്തുന്ന ബി.ജെ.പിയും സര്‍ക്കാരും പറയുന്നതുപോലെ അവിടെ സംഭവങ്ങളുണ്ടായില്ല. സിക്കുകാരുടെ പവിത്രമായ പതാകയായ നിഷാന്‍ സാഹിബാണ് പ്രക്ഷോഭകരില്‍ ഒരു വിഭാഗം ഉയര്‍ത്തിയത്. ചെങ്കോട്ടയില്‍ കൊടിയുയര്‍ന്നയുടന്‍ അത് ഖലിസ്ഥാന്‍ പതാകയാണെന്ന പ്രചരണവുമായി ബി.ജെ.പി രംഗത്തെത്തി. പൊതുബോധ നിര്‍മ്മിതിക്കായി ഈ റിപ്പബ്ലിക് ദിനത്തില്‍ കേന്ദ്രസര്‍ക്കാര്‍ മെനഞ്ഞെടുത്ത തന്ത്രങ്ങള്‍ ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കപ്പെടുകയായിരുന്നു.

മതേതര റിപ്പബ്ലിക്കായ ഇന്ത്യയുടെ പുതിയ പാര്‍ലമെന്റ് കെട്ടിടം നിര്‍മ്മിക്കാന്‍ ഹിന്ദു ആചാരപ്രകാരം തറക്കല്ലിടുന്ന പ്രധാനമന്ത്രിപോലും ദേശീയപതാകയെ അപമാനിച്ചുവെന്ന് പ്രഖ്യാപിച്ചു. ഹിന്ദു പൊതുബോധ നിര്‍മ്മിതിയില്‍ ഖലിസ്ഥാന്‍ തീവ്രവാദം അടിച്ചേല്‍പ്പിക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങള്‍ വേണ്ടത്ര വിജയിച്ചില്ല. മാത്രമല്ല, അത് അങ്ങേയറ്റം പരിഹാസ്യവുമായി. 

ബാബ്റി മസ്ജിദ് നിന്ന സ്ഥലത്ത് രാമക്ഷേത്രത്തിനായി ഭൂമി പൂജ നടത്തിയ പ്രധാനമന്ത്രി വിദഗ്ദ്ധമായി യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുപിടിക്കുകയായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഹിന്ദുത്വത്തെ പരസ്യമായി പിന്തുണയ്ക്കുന്നവരായാല്‍പ്പോലും മറ്റു മതങ്ങളില്‍ നിന്നുള്ള ഇമേജറിയുമായി ബന്ധപ്പെട്ടാല്‍ അത് ഭൂരിപക്ഷ പൊതുബോധത്തിനു ചേരുന്നതല്ലെന്ന് പ്രചരിപ്പിക്കുകയാണ് ബിജെപി ചെയ്യുക. അതുവഴി അവരെ ദേശവിരുദ്ധരും തീവ്രവാദികളുമായും ചിത്രീകരിക്കുകയാണ് ബി.ജെ.പി ചെയ്യുക. ഇപ്പോള്‍ സമരം ചെയ്യുന്നവരില്‍ ഏറെയും ബി.ജെ.പിക്ക് വോട്ടുചെയ്തവരാണ്. ഭൂരിഭാഗവും ഹിന്ദുത്വ അനുകൂല ആശയങ്ങള്‍ പിന്‍പറ്റുന്നവരും.

ഡല്‍ഹി പൊലീസിനെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ പല വാര്‍ത്തകളും ചമച്ചു. പാകിസ്താന്‍ ഐ.എസ്.ഐ സമരം ഹൈജാക്ക് ചെയ്‌തെന്നും കര്‍ഷകരെ വിലയ്‌ക്കെടുത്തെന്നും ഡല്‍ഹി പൊലീസ് പറഞ്ഞതായി വാര്‍ത്തകള്‍ വന്നു. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ ആസൂത്രണം ചെയ്ത ഗൂഢാലോചനയാണ് ട്രാക്റ്റര്‍ റാലിയില്‍ പങ്കെടുത്ത ഒരു വിഭാഗം സമരക്കാരെ അക്രമത്തിലേക്ക് തിരിച്ചുവിട്ടത് എന്ന് കര്‍ഷക നേതാക്കള്‍ ആരോപിക്കുന്നു. ആര്‍.എസ്.എസ്സുകാരനും ബി.ജെ.പി. എം.പി. സണ്ണി ഡിയോളിന്റെ സുഹൃത്തും മോദിയുടേയും അമിത് ഷായുടേയും അടുത്ത ആളെന്നും കരുതപ്പെടുന്ന ദീപ് സിദ്ദുവായിരുന്നു ചെങ്കോട്ടയില്‍ സിഖ് പതാക ഉയര്‍ത്താന്‍ നേതൃത്വം നല്‍കിയതെന്നും അവര്‍ പറയുന്നു. 

ഏതായാലും സമരനേതാക്കളുടെ വാക്ക് കേള്‍ക്കാന്‍ ക്ഷമയില്ലാതിരുന്നവരുടെ നേതാവായി മാറിയ സിദ്ദുവിനെപ്പോലെയുള്ളവരെ ഉയര്‍ത്തിക്കാട്ടിയാണ് സര്‍ക്കാര്‍ ഖലിസ്ഥാന്‍ വാദം ചൂടുപിടിപ്പിച്ചത്. പഞ്ചാബില്‍ വ്യാപക പിന്തുണയുള്ള എസ്.എഫ്.ജെയ്ക്ക് പൊടുന്നനെ ദേശീയതലത്തില്‍ പ്രാമുഖ്യം കിട്ടിയത് അങ്ങനെയാണ്. തീവ്രസംഘടനകളുമായി ബന്ധങ്ങളില്ലെങ്കിലും വിഘടനവാദ സ്വഭാവമുള്ളതാണ് സിക്ക് ഫോര്‍ ജസ്റ്റിസ്. ഏതായാലും എന്‍.ഐ.എ ദീപ് സിദ്ദുവിനു മാത്രമല്ല നോട്ടീസ് അയച്ചത്. ഭിന്ദ്രന്‍വാലയുടെ അനന്തരവന്‍ ജസ്ബീര്‍ സിങ് റോദിനെപ്പോലെയുള്ളവര്‍ കൂടി എന്‍.ഐ. എയുടെ അന്വേഷണപരിധിയിലുണ്ട്. 

സിംഘു അതിർത്തിയിലെ കർഷകരുടെ പ്രതിഷേധം. സമര കേന്ദ്രങ്ങൾ ഒഴിപ്പിക്കാനുള്ള സർക്കാർ നീക്കത്തെ പ്രതിരോധിക്കാൻ ഡൽഹി അതിർത്തിയിലെ സമര കേന്ദ്രങ്ങളിലേക്ക് കർഷകർ കൂട്ടത്തോടെ എത്തിയിരുന്നു
സിംഘു അതിർത്തിയിലെ കർഷകരുടെ പ്രതിഷേധം. സമര കേന്ദ്രങ്ങൾ ഒഴിപ്പിക്കാനുള്ള സർക്കാർ നീക്കത്തെ പ്രതിരോധിക്കാൻ ഡൽഹി അതിർത്തിയിലെ സമര കേന്ദ്രങ്ങളിലേക്ക് കർഷകർ കൂട്ടത്തോടെ എത്തിയിരുന്നു

രാകേഷ് ടിക്കായത്തും ഹിന്ദു-ജാട്ട് കൂട്ടായ്മയും 

രാകേഷ് ടിക്കായത്തിന്റെ കണ്ണീരില്‍ ഹരിയാനയിലും യു.പിയിലും ജാതിരാഷ്ട്രീയം മാറിമറിയുമോ എന്ന ആശങ്കയാണ് ഇപ്പോള്‍ ബി.ജെ.പിക്ക്. യു.പി അതിര്‍ത്തിയിലെ ഘാസിപ്പൂരില്‍നിന്നും കര്‍ഷകരെ ഒഴിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം ഒറ്റക്കെട്ടായാണ് കര്‍ഷകര്‍ ചെറുത്തുതോല്‍പ്പിച്ചത്. വൈദ്യുതിയും വെള്ളവും നിഷേധിച്ച് കര്‍ഷകരെ തിരിച്ചയയ്ക്കാനുള്ള നീക്കം ചൂണ്ടിക്കാട്ടി ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് കണ്ണീരൊഴുക്കി സമരത്തില്‍ ചേരാന്‍ കര്‍ഷകരോട് ആഹ്വാനം ചെയ്തു. ഇതിനെതിരെ മുസഫര്‍ നഗറില്‍ മഹാപഞ്ചായത്തിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങളാണ്. ദിവസം തോറും അദ്ദേഹത്തിന്റെ ആഹ്വാനത്തിനു സ്വീകാര്യതയേറുകയും ചെയ്തു. ഹരിയാനയില്‍ ജനനായക് ജനതാപാര്‍ട്ടിയുടെ പിന്തുണയോടെയാണ് ബി.ജെ.പി ഹരിയാനയില്‍ അധികാരം നിലനിര്‍ത്തുന്നത്. ജാട്ട് ഭൂരിപക്ഷമുള്ള ജെ.ജെ.പിക്കും ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയ്ക്കും മേല്‍ സമ്മര്‍ദ്ദമേറെയാണ്. 

ഐ.എന്‍.എല്‍.ഡി നേതാവായ ദുഷ്യന്തിന്റെ അമ്മാവന്‍ അഭയ്സിങ് ചൗട്ടാല എം.എല്‍.എ സ്ഥാനം രാജിവച്ച ശേഷം ഘാസിപ്പുര്‍ സമരത്തില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്. ദുഷ്യന്ത് ഏതു നിമിഷവും കാലുമാറാം എന്ന ആശങ്ക ബി.ജെ.പിക്കുണ്ട്. കര്‍ഷകരെ പിന്തുണച്ച് അദ്ദേഹം രാജിവച്ചാല്‍ ഹരിയാനയില്‍ അത് പുതിയ രാഷ്ട്രീയ സമാവക്യങ്ങള്‍ എഴുതും. എന്നെന്നേക്കുമായി അധികാരം കൈവിടാതെ തന്നെ രാഷ്ട്രീയനേട്ടമുണ്ടാക്കാനും ദുഷ്യന്തിനു കഴിയും. കര്‍ഷകരെ ഒഴിപ്പിക്കാന്‍ യു.പി സര്‍ക്കാര്‍ നടത്തിയ അമിതാവേശം വേണ്ടിയിരുന്നില്ല എന്നാണ് ബി.ജെ.പി കരുതുന്നത്. വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചതിനെതിരെ ഗ്രാമങ്ങളില്‍ വലിയ പ്രതിഷേധമുയര്‍ന്നു. ഈ പ്രതിഷേധം ഭയന്നിട്ടാണ് പൊലീസ് നടപടി സ്വീകരിക്കാത്തതും. ജാട്ട് വികാരം ഇളകിമറിഞ്ഞാല്‍ ഉത്തരേന്ത്യയിലെ ബി.ജെ.പിയുടെ വോട്ടുബാങ്കിന് ഇളക്കം തട്ടും. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഠാക്കൂര്‍ വിഭാഗത്തോടുള്ള മമത നേരത്തെ തന്നെ ജാട്ടുകള്‍ക്കിടയില്‍ അതൃപ്തിയുണ്ടാക്കിയിരുന്നു.

ചെങ്കോട്ടയ്ക്ക് സമീപം പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടുന്നു
ചെങ്കോട്ടയ്ക്ക് സമീപം പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടുന്നു

അന്‍പത്തിയൊന്നുകാരനായ രാകേഷ് ടിക്കായത്ത് ഡല്‍ഹി പൊലീസില്‍ കോണ്‍സ്റ്റബിളായിരുന്നു. 2019 ലോക്സഭ തെരഞ്ഞെടുപ്പില്‍പ്പോലും ബി.ജെ.പിക്ക് വോട്ടു ചെയ്യുകയും യോഗിക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്ത നേതാവായിരുന്നു അദ്ദേഹം. അങ്ങനെ ബി.ജെ.പിക്കുവേണ്ടി അടിയുറച്ചു നിന്ന പ്രവര്‍ത്തകരാണ് ഇപ്പോള്‍ പാര്‍ട്ടിക്കുതന്നെ വെല്ലുവിളിയായിരിക്കുന്നത്. രാകേഷ് മാത്രമല്ല, ജാട്ട് വിഭാഗക്കാര്‍ ഭൂരിപക്ഷമുള്ള യു.പിയിലെ മുസഫര്‍ നഗര്‍ ജില്ലയിലെ സിസാലി ഗ്രാമമാണ് പ്രവര്‍ത്തനമണ്ഡലം. 

രാകേഷിന്റെ സഹോദരന്‍ നരേഷ് 2007-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കതോലി മണ്ഡലത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിച്ചിരുന്നു. ആറാം സ്ഥാനത്തായിരുന്നു അന്ന് അദ്ദേഹം. പിന്നീട്, 2014-ല്‍ രാഷ്ട്രീയ ലോക്ദള്‍ സ്ഥാനാര്‍ത്ഥിയായി അമ്രോഹയില്‍നിന്ന് മത്സരിച്ചപ്പോള്‍ കെട്ടിവച്ച കാശ് പോലും കിട്ടിയില്ല. 

ചെങ്കോട്ടയ്ക്ക് മുന്നിൽ കേന്ദ്ര സർക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുന്നവർ
ചെങ്കോട്ടയ്ക്ക് മുന്നിൽ കേന്ദ്ര സർക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുന്നവർ

ഇപ്പോഴത്തെ സമരം തുടങ്ങുമ്പോള്‍പോലും ടിക്കായത്തിന്റെ ഭാരതീയ കിസാന്‍ യൂണിയന്‍ മുന്‍നിരയിലുണ്ടായിരുന്നില്ല. എതിരാളിയായ വി.എം. സിങ്ങിന്റെ രാഷ്ട്രീയ കിസാന്‍ മസ്ദൂര്‍ സംഘിനെ അപേക്ഷിച്ച് ഡല്‍ഹി-യു.പി ഘാസിപ്പൂരില്‍ സമരത്തില്‍ പങ്കെടുക്കുന്ന കര്‍ഷകരുടെ എണ്ണവും കുറവായിരുന്നു. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍നിന്നുള്ള കര്‍ഷക സംഘടനകളെ പ്രതിരോധത്തിലാക്കാന്‍ ടിക്കായത്തിനെപ്പോലെയുള്ളവരെ കേന്ദ്രസര്‍ക്കാര്‍ പ്രമോട്ട് ചെയ്യുന്നതാണെന്ന ഒരു വാദവുമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com