വിശപ്പിന് മുന്‍പില്‍ നിയമം കണ്ണുകെട്ടി കളിക്കുമ്പോള്‍

വിശപ്പിന് മുന്‍പില്‍ നിയമം കണ്ണുകെട്ടി കളിക്കുമ്പോള്‍
വിശപ്പിന് മുന്‍പില്‍ നിയമം കണ്ണുകെട്ടി കളിക്കുമ്പോള്‍

യറ്റുമതി വര്‍ദ്ധിപ്പിച്ച് ആഗോളസമ്പന്നരുടെ ഭക്ഷ്യാവശ്യങ്ങള്‍ നിറവേറ്റുന്നതിലായിരിക്കും, അല്ലാതെ വെറും വയറുമായി ഉറങ്ങാന്‍ പോകുന്ന ഇന്ത്യയിലെ ദരിദ്ര ജനകോടികളിലല്ല ഇനിയങ്ങോട്ടു കേന്ദ്രം വാഴുന്നവരുടെ ഊന്നല്‍. അവശ്യവസ്തു നിയമഭേദഗതിയുടെ പശ്ചാത്തലത്തില്‍ പൊതുവിതരണ സമ്പ്രദായത്തെ വലിയ തോതില്‍ ആശ്രയിക്കുന്ന ഉപഭോക്തൃ സംസ്ഥാനമായ കേരളം എങ്ങനെയാണ് പിടിച്ചുനില്‍ക്കാന്‍ പോകുന്നത്?

2019-ല്‍ ബീഹാറില്‍ മുസഫര്‍പൂര്‍ അടക്കമുള്ള ചില ജില്ലകളില്‍ ഒരു പ്രത്യേകതരം അസുഖം പടര്‍ന്നുപിടിച്ചു. രണ്ടുവയസ്സു മുതല്‍ 10 വയസ്സുവരെയുള്ള, ദരിദ്ര കുടുംബങ്ങളില്‍നിന്നുള്ള കുട്ടികളെ മാത്രമാണ് ഈ രോഗം ബാധിച്ചത് എന്നതായിരുന്നു അതിന്റെ മുഖ്യ സവിശേഷത. നൂറ്റിയന്‍പതിലധികം കുട്ടികളാണ് ഈ രോഗം വന്ന് അക്കാലത്ത് മരിച്ചത്. 'അക്യൂട്ട് എന്‍സെഫലിറ്റിസ് സിന്‍ഡ്രോം' എന്നു വിളിക്കുന്ന ഈ രോഗം ബാധിച്ച് നിരവധി കുട്ടികള്‍ ഈ ജില്ലകളില്‍ കാലങ്ങളായി മരിക്കുന്നുണ്ട്. 2009-ല്‍ 95 കുട്ടികളും 2011-ല്‍ 197 കുട്ടികളും 2012-ല്‍ 275 കുട്ടികളും തൊട്ടടുത്ത വര്‍ഷം 143-ഉം 2014-ല്‍ 355-ലും 2015-ല്‍ 35 കുട്ടികളും ഈ രോഗത്തിനിരയായി മരണമടഞ്ഞു. 

എന്തായിരുന്നു ഈ രോഗം ഇങ്ങനെ ഈ ജില്ലകളില്‍, അതും ദരിദ്ര കുടുംബങ്ങളിലെ കുട്ടികളില്‍, മരണകാരണമാകാന്‍ നിമിത്തം? പ്രദേശത്തു സുലഭമായ ലിച്ചിപ്പഴത്തെയാണ് രോഗത്തിന്റെ ഉറവിടമായി വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടിയത്. നമ്മുടെ നാട്ടിലൊക്കെ മാങ്ങയായാലും ചാമ്പക്കയായാലും പഴുത്തുതുടങ്ങുന്ന നേരത്തേ പക്ഷികള്‍ക്കൊപ്പം അവ പറിച്ചുതിന്നാനെത്തുന്നത് കുട്ടികളാണ്. അതില്‍ ധനിക-ദരിദ്ര ഭേദമൊന്നുമില്ല. ബീഹാറിലെ കുട്ടികളും അങ്ങനെയൊക്കെത്തന്നെ. അപ്പോള്‍ ധനിക-ദരിദ്ര ഭേദമില്ലാതെ ലിച്ചിപ്പഴം തീറ്റ കുട്ടികളെയെല്ലാം ബാധിക്കേണ്ടതല്ലേ? 

ലിച്ചിപ്പഴത്തിലടങ്ങിയ മെഥിലീന്‍ സൈക്ലോപ്രൊപൈല്‍ ഗ്ലൈസീന്‍ എന്ന രാസവസ്തുവാണ് ഈ രോഗത്തിനു വഴിവെയ്ക്കുന്നതെന്ന് കണ്ടെത്തിയത് 2012-'13 കാലത്ത് ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയ വൈറോളജിസ്റ്റ് ഡോ. ടി. ജേക്കബ് ജോണ്‍, മുതിര്‍ന്ന ശിശുരോഗ വിദഗ്ദ്ധന്‍ ഡോ. അരുണ്‍ഷാ എന്നിവരടങ്ങുന്ന രണ്ടംഗസംഘമാണ് പഴത്തിലുള്ള ഈ പ്രത്യേക വിഷവസ്തുവിന്റെ സാന്നിദ്ധ്യമാണ് കാരണമെന്ന് കണ്ടെത്തിയത്. 2017-ല്‍ ഇക്കാര്യത്തില്‍ പഠനം നടത്തിയ ഇന്തോ-യു.എസ് വിദഗ്ദ്ധസംഘവും ശരിവെച്ചിരുന്നു. 

അതേസമയം, സാമ്പത്തിക ഭദ്രതയുള്ള ഒരു കടുംബത്തിലേയും കുട്ടികളെ ഈ രോഗം ബാധിച്ചിരുന്നില്ല. ഈ വിഷവസ്തു അടങ്ങിയ പഴം തിന്നതാണ് പ്രശ്‌നമെങ്കില്‍ ഈ പഴം തിന്ന എല്ലാ കുട്ടികളേയും ഇത് ബാധിക്കണമായിരുന്നു. ഏതൊരു രോഗത്തെ സംബന്ധിച്ചാണെങ്കിലും അതു സംബന്ധിച്ച് അന്വേഷണം നടത്തുമ്പോള്‍ സാമൂഹ്യശാസ്ത്രവും രാഷ്ട്രീയവും കടന്നുവരുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്. ലിച്ചിയിലെ വിഷവസ്തു ഒരു കാരണമേ ആകുന്നുള്ളൂ എന്നും യഥാര്‍ത്ഥ പ്രതി 'പോഷകാഹാരക്കുറവെന്ന്' അധികാരികള്‍ ഓമനപ്പേരിട്ടു വിളിക്കുന്ന ദാരിദ്ര്യമാണെന്നും തിരിച്ചറിയപ്പെടുന്നത് അങ്ങനെ ചിലത് കടന്നുവരുമ്പോള്‍ മാത്രമാണ്. 

വേണ്ടത്ര ഭക്ഷണം ലഭ്യമല്ലാത്ത പാവപ്പെട്ട വീടുകളില്‍നിന്നുള്ള കുട്ടികള്‍ ലിച്ചിത്തോട്ടങ്ങള്‍ക്കു ചുറ്റും നടക്കുന്നതും പഴുത്തതും പഴുക്കാത്തതും ചീഞ്ഞതുമായ പഴങ്ങള്‍ പറിച്ചുതിന്നുന്നതും അവിടെ പതിവാണ്. അവര്‍ വീടുകളില്‍ തിരിച്ചെത്തി വെറും വയറ്റില്‍ ഉറങ്ങുന്നു. രാവിലെ ഉണരുമ്പോള്‍ ഗുരുതരമായ രോഗലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങുകയും ചെയ്യുന്നു. 

സാധാരണയായി രാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കുന്ന ഒരാളുടെ രക്തത്തിലെ പഞ്ചസാര ഉപവാസം അവസാനിപ്പിക്കുന്ന ഒരാളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവുപോലെ കുറഞ്ഞിരിക്കുമെന്നാണ്. ഇംഗ്ലീഷില്‍ ബ്രേക്ക്ഫാസ്റ്റ് എന്നുപറയുന്ന പ്രാതല്‍ ഒരു തരത്തില്‍ ഫാസ്റ്റിംഗ് ബ്രേക്ക് ചെയ്യല്‍ - ഉപവാസമവസാനിപ്പിക്കല്‍- തന്നെയാകുന്നത് അതുകൊണ്ടു തന്നെയാണ്. പോഷകാഹാരക്കുറവുള്ള കുട്ടി അത്താഴം കഴിക്കാതെ കിടന്നാല്‍ സ്ഥിതി കൂടുതല്‍ വഷളാകും. കരളിന്റെ പ്രവര്‍ത്തനത്തിലൂടെ തലച്ചോറിനു ആവശ്യമുള്ള ഗ്ലൂക്കോസ് രക്തത്തില്‍നിന്നും കിട്ടാതെ വരുമ്പോള്‍ ശരീരം ഈ ആവശ്യം നിറവേറ്റുന്നതിന് ഫാറ്റി ആസിഡ് ഓക്‌സീകരണം എന്ന മറ്റൊരു വഴി തേടാറുണ്ട്. വൈദ്യുതി നിലയ്ക്കുമ്പോള്‍ ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിക്കുന്നതുപോലെ. എന്നാല്‍, ലിച്ചിപ്പഴത്തിലെ മെഥിലീന്‍ സൈക്ലോപ്രൊപൈല്‍ ഗ്ലൈസിന്‍ ഈ വഴിയേയും തടസ്സപ്പെടുത്തും. അതോടെ കുട്ടിയുടെ ആരോഗ്യസ്ഥിതി വഷളാകുകയും ചെയ്യും. 

ഇന്ത്യയില്‍ ലിച്ചിപ്പഴത്തിന്റെ ആകെ ഉല്പാദനത്തില്‍ 40 ശതമാനവും ബിഹാറില്‍നിന്നാണ്. ഈ രോഗം വ്യാപകമായ ബിഹാറിലെ ജില്ലകളില്‍ നിരവധി ലിച്ചിപ്പഴത്തോട്ടങ്ങളുണ്ട്. അത്താഴപ്പട്ടിണി ഒഴിവാക്കാന്‍ കുട്ടികള്‍ ഈ തോട്ടങ്ങളില്‍ കയറിയിറങ്ങും. പഴങ്ങള്‍ തിന്നും. പിന്നെ മറ്റൊന്നും കഴിക്കാതെ കിടന്നുറങ്ങുകയും ചെയ്യും. ഇതാണ് അപകടമായത്. 

പോഷകാഹാര വിദഗ്ദ്ധര്‍ കുട്ടികളുടെ വളര്‍ച്ച ഉറപ്പുവരുത്തുന്നതിന് ഉറങ്ങാന്‍ കിടക്കും മുന്‍പേ പ്രോട്ടീന്‍ ഭക്ഷണം      നിര്‍ദ്ദേശിക്കുന്ന പതിവുണ്ട്. ബീഹാറുള്‍പ്പെടുന്ന ഈ രാജ്യത്തെ ദരിദ്രരായ കുട്ടികളെ സംബന്ധിച്ചിടത്തോളം ഇതൊരു ആഡംബരം മാത്രമായിരിക്കും. അവര്‍ക്കു വിശപ്പുമാറ്റാന്‍ എന്തെങ്കിലുമാണ് വേണ്ടത്.

ഭക്ഷ്യവിതരണശൃംഖല ദുര്‍ബ്ബലമായ ബീഹാര്‍പോലുള്ള സംസ്ഥാനങ്ങളില്‍ ജനങ്ങള്‍ക്ക് ആവശ്യമായ ഭക്ഷ്യധാന്യം എത്തിക്കുന്നതില്‍ എല്ലാക്കാലത്തും ഭരണകൂടം പരാജയമടഞ്ഞിട്ടുണ്ട്. കേരളത്തിലേതുപോലെ വിപുലമായ ഭക്ഷ്യവിതരണ ശൃംഖലയൊന്നും ബീഹാറിലില്ല. ഈ അഭാവത്തിന്റെ ഫലമായി പൗരന്‍മാര്‍ക്ക് ആവശ്യമായ തോതില്‍ ഭക്ഷ്യധാന്യവും മറ്റും എത്തിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നു. ആ പരാജയത്തിന്റെ രക്തസാക്ഷികളാണ് നേരത്തെ വിവരിച്ച രോഗത്തിനിരയായി മരിച്ച കുട്ടികള്‍. 

യു.എന്‍ ലഭ്യമാക്കുന്ന സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ ജനതയില്‍ 20 കോടിയും വിശക്കുന്ന വയറുമായാണ് കിടക്കാന്‍ പോകുന്നത്. ലോകത്തില്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരുടെ നാലിലൊരാള്‍ ഇന്ത്യയിലുമാണ്. ലോകത്തിലെ മൂന്നിലൊന്ന് ദരിദ്രരും. ആഗോള പട്ടിണി സൂചിക പ്രകാരം 117 രാജ്യങ്ങളില്‍ ഇന്ത്യ 102-ാം സ്ഥാനത്താണ്. 

അതേസമയം ലോകത്തിലെ പ്രധാന ഭക്ഷ്യോല്പാദക രാജ്യമായി ഇന്ത്യയെ വിദഗ്ദ്ധര്‍ വിശേഷിപ്പിക്കുകയും ചെയ്യുന്നു. പരിപ്പ്-പയര്‍വര്‍ഗ്ഗങ്ങള്‍, ചോളവര്‍ഗ്ഗം, പച്ചക്കറി-പഴവര്‍ഗ്ഗങ്ങള്‍ എന്നിവ ഏറ്റവും കൂടുതല്‍ ഉല്പാദിപ്പിക്കുന്ന രാജ്യവും ഇന്ത്യ തന്നെ. 

രാജ്യം ഭക്ഷണത്തിനുവേണ്ട ധാന്യങ്ങളും മറ്റും ഉല്പാദിപ്പിക്കുന്ന കാര്യത്തില്‍ ലോകത്തുതന്നെ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നു. പക്ഷേ, ഏറ്റവും കൂടുതല്‍ ആളുകള്‍ പട്ടിണി എന്ന രോഗം ബാധിച്ച് മരിക്കുന്ന രാജ്യവും ഇന്ത്യ തന്നെ. അതായത് ഉല്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ ആവശ്യക്കാര്‍ക്ക് കൃത്യമായി വിതരണം ചെയ്യുന്നതിനുളള സംവിധാനം അപര്യാപ്തമെന്നു വരികയും ചെയ്യുന്നു. കൊവിഡ് പടര്‍ന്നുപിടിച്ചത് ഈ അവസ്ഥയെ കൂടുതല്‍ വഷളാക്കുകയും ചെയ്തിട്ടുണ്ട്. രോഗപ്പകര്‍ച്ച ആഗോളതലത്തില്‍ത്തന്നെ ഭക്ഷ്യവിതരണ ശൃംഖലയേയും സംവിധാനങ്ങളേയും ശിഥിലമാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയിലെ ദരിദ്രരും വിശക്കുന്നവരുമായ വലിയൊരു വിഭാഗത്തിന്റേയും സ്ഥിതി എന്നത്തേക്കാളും മോശമായി തീര്‍ന്നിട്ടുണ്ട്.  ഇങ്ങനെയൊരു സന്ദര്‍ഭത്തിലാണ് ഭക്ഷ്യോല്പാദനരംഗത്തും സംഭരണത്തിന്റെ കാര്യത്തിലും വിതരണത്തിന്റെ കാര്യത്തിലും സര്‍ക്കാര്‍ ഇടപെടല്‍ പരിമിതമായെങ്കിലും ഉറപ്പുവരുത്തുന്ന, നിലവിലുണ്ടായിരുന്ന ഇടപെടലുകളേയും നിയന്ത്രണങ്ങളേയും ഇല്ലാതാക്കുന്ന അവശ്യവസ്തു പരിരക്ഷാ നിയമം ഭേദഗതി ചെയ്യുന്ന ബില്‍ 2020 സെപ്റ്റംബറില്‍ പാസ്സാക്കുന്നത്. ഇപ്പോള്‍ കര്‍ഷകസമരത്തിനു നിദാനമായ മൂന്നു ബില്ലുകളില്‍ ഒന്നും ഇതാണ്. 

എന്നാല്‍, അവശ്യവസ്തു പരിരക്ഷഭേദഗതി കര്‍ഷകരെ മാത്രമല്ല, ഭക്ഷ്യധാന്യത്തിന് ഇത്തരം സംവിധാനങ്ങളെ ആശ്രയിക്കുന്ന ദരിദ്രരേയും കേരളം പോലുള്ള ഉപഭോക്തൃ സംസ്ഥാനങ്ങളേയും സാരമായി ബാധിക്കാന്‍ പോകുന്നു എന്ന വസ്തുത നമ്മുടെ രാഷ്ട്രീയകക്ഷികളേയും പൊതുജനാഭിപ്രായം രൂപീകരിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്ന മാധ്യമ-ബുദ്ധിജീവി വിഭാഗങ്ങളേയും എത്രമാത്രം പ്രകോപിപ്പിച്ചിട്ടുണ്ട് എന്നു പരിശോധിക്കേണ്ടതുണ്ട്. 

വളരുന്ന വിശപ്പും കണക്കുകളിലെ ഉദാസീനതയും  

1998-നും 2018-നും ഇടയ്ക്ക് ഇന്ത്യയുടെ കാര്‍ഷിക ഉല്പാദനം 198 മില്ല്യണ്‍ ടണ്ണില്‍നിന്നും 270 മില്ല്യണ്‍ ടണ്‍ ആയി വര്‍ദ്ധിച്ചുവെന്നാണ് കണക്കുകള്‍ പറയുന്നത്. എന്നാല്‍, ഈ കാലയളവില്‍ പ്രതിദിന/ആളോഹരി ധാന്യലഭ്യതയില്‍ ഉണ്ടായ വര്‍ദ്ധന എന്തെന്നു പരിശോധിക്കാന്‍ മിനക്കെട്ടാല്‍ നിരാശയായിരിക്കും ഫലം  475 ഗ്രാമില്‍നിന്നും 484 ഗ്രാം. പേരിനുമാത്രം വര്‍ദ്ധനയുണ്ടായി എന്നു പറയാം. 

ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സിലിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഒരാള്‍ക്ക് ശരാശരി ഒരു ദിവസം 2100 കലോറി ഭക്ഷണം ലഭിക്കേണ്ടതുണ്ട്. എന്നാല്‍, ഇന്ത്യന്‍ ജനതയില്‍ 30 ശതമാനത്തിന് 1800 കലോറിയില്‍ താഴെ മാത്രമേ ലഭ്യമാകുന്നുള്ളൂ എന്നാണ് കണക്കുകള്‍ പറയുന്നത്. ദേശീയ മാനദണ്ഡമനുസരിച്ച് വെറുതേ ഇരിക്കുന്നവര്‍ക്കാണ് 2100 കലോറി. കഠിനമായ തൊഴില്‍ ചെയ്യുന്നവര്‍ക്ക് 3400 കലോറി ദിനംപ്രതി ലഭിക്കണം. ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള സമൂഹത്തിന്റെ താഴേക്കിടയിലുള്ളവരും ശാരീരിക അദ്ധ്വാനത്തില്‍ ഏര്‍പ്പെടുന്നവരുമായ ആളുകള്‍ക്ക് പൊതുവേ വരുമാനം കുറവായതിനാല്‍ ദിനംപ്രതി 3400 കലോറി ലഭ്യമാകുന്ന ഭക്ഷണം കഴിക്കുക സ്വന്തം വരുമാനത്തെ മാത്രം ആശ്രയിച്ചു സാധ്യമല്ല. 2018-ലെ നാഷണല്‍ സാംപിള്‍ സര്‍വ്വേ ഓര്‍ഗനൈസേഷന്റെ കണക്കനുസരിച്ച് നഗരവാസികള്‍ക്ക് ആ വര്‍ഷം ലഭ്യമായത് പ്രതിദിനം 1700 കലോറിയുടെ ഭക്ഷണമാണ്. ഗ്രാമീണര്‍ക്ക് 1800 കലോറിയുടെ ഭക്ഷണവും. ഇവിടെയാണ് ഭരണകൂടത്തിന്റെ ദരിദ്രജനതയ്ക്ക് അനുകൂലമായ സംഭരണ, വിതരണരംഗത്തെ ഇടപെടലുകളുടെ പ്രസക്തി. എന്നാല്‍, ഇപ്പോള്‍ അത്തരം ഇടപെടലുകളില്‍ വലിയ പോരായ്മകളുണ്ടെന്ന് ഏറെ സ്പഷ്ടമാണ്.  ഈ കടുത്ത യാഥാര്‍ത്ഥ്യത്തിന്റെ പശ്ചാത്തലത്തില്‍, ഒരു ജനതയുടെ ഭക്ഷ്യസുരക്ഷയെ ലാക്കാക്കി ആവിഷ്‌കരിക്കപ്പെട്ട നിയമങ്ങളില്‍ വെള്ളം ചേര്‍ക്കപ്പെടുമ്പോള്‍ വലിയ പട്ടിണിയിലേക്ക് ജനതയുടെ ഭൂരിഭാഗവും തള്ളിനീക്കപ്പെടുമെന്നുതന്നെയാണ് ഭയക്കേണ്ടത്. 

ഭക്ഷ്യോല്പന്നങ്ങളുടെ ഉല്പാദനത്തിലും സംഭരണത്തിലും വിതരണത്തിലും ഭരണകൂടത്തിന്റെ ജനാനുകൂലമായ ഇടപെടല്‍ കുറഞ്ഞാല്‍ വിലക്കയറ്റം അനിയന്ത്രിതമാകുകയും നമ്മുടെ ഭക്ഷ്യസുരക്ഷയെ അതു ബാധിക്കുകയും ചെയ്യും. പട്ടിണിയും സമീകൃതാഹാരത്തിന്റെ കുറവും നിമിത്തം അനാരോഗ്യരായ ആളുകളുടെ എണ്ണവും വര്‍ദ്ധിക്കും. നമ്മുടെ സംസ്ഥാനത്താകട്ടെ, ഇപ്പോള്‍ ആദിവാസി മേഖലകളില്‍നിന്നൊക്കെ കേള്‍ക്കുന്ന തരത്തിലുള്ള പട്ടിണിമരണങ്ങള്‍ വ്യാപകമായി കേള്‍ക്കാന്‍ അധികം കാത്തിരിക്കേണ്ടിവരില്ല എന്നും പറയണം. അതേസമയം നിയമഭേദഗതിയുടെ ഫലമായി ഉണ്ടാകുന്ന വിലക്കയറ്റം കൊണ്ട് കര്‍ഷകര്‍ക്ക് പ്രത്യേകിച്ചും ലാഭം ഒന്നും ഉണ്ടാകാന്‍ പോകുന്നില്ലായെന്നതും ശ്രദ്ധേയമാണ്. 

സ്വാതന്ത്ര്യലബ്ധിയുടെ മുഹൂര്‍ത്തത്തില്‍ അങ്ങേയറ്റം ദരിദ്രരായ ഒരു ജനത ജീവിച്ചുപോന്ന നാടായിരുന്നു ഇന്ത്യ. നാം ഒരു റിപ്പബ്ലിക്കായി സ്വയം പ്രഖ്യാപിക്കുന്ന വേളയില്‍ ജനതയുടെ 70 ശതമാനവും ദരിദ്രരായിരുന്നുവെന്നാണ് കണക്ക്. അതുകൊണ്ടുതന്നെ സ്വതന്ത്ര ഇന്ത്യയുടെ പ്രധാന അജന്‍ഡ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം എന്നതായിരുന്നു. അങ്ങനെയാണ് തെരഞ്ഞെടുപ്പുവേളകളില്‍ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളുടേയും മുഖ്യ മുദ്രാവാക്യമായി മാറുകയും ചെയ്യുന്നത്. ദാരിദ്ര്യവും പട്ടിണിയും തുടച്ചുമാറ്റാനും ഗ്രാമീണ കാര്‍ഷിക മേഖലകളില്‍ തൊഴിലും വരുമാനവും ഉണ്ടാക്കാനും വിദ്യാഭ്യാസ, ശാസ്ത്രസാങ്കേതിക മേഖലകളില്‍ നേട്ടമുണ്ടാക്കി വികസിത രാജ്യങ്ങളുടെ പട്ടികയിലിടംപിടിക്കാനും ഭരണാധികാരികള്‍ പരിപാടികള്‍ ആവിഷ്‌കരിച്ചു. സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള ഒന്നുരണ്ടു ദശകങ്ങളില്‍, ഇന്ത്യയെ ദരിദ്രനാരായണന്മാരുടെ രാജ്യം എന്നു പൊതുവേ വിലയിരുത്തപ്പെട്ടെങ്കിലും ഗവണ്‍മെന്റ് കണക്കുകളില്‍ 1970-കളുടെ ആദ്യപകുതിയോടെ യഥാര്‍ത്ഥ ചിത്രം മറയ്ക്കപ്പെടാന്‍ ആരംഭിച്ചു. ബാങ്കിംഗ് രംഗത്തെ ദേശസാല്‍ക്കരണം, കുത്തക നിയന്ത്രണ നിയമം തുടങ്ങിയവ പോലുള്ള സമ്പത്തിന്റെ കേന്ദ്രീകരണം തടയുന്ന തരത്തിലുള്ള നടപടികള്‍ ഒരു പരിധിക്കപ്പുറത്തേക്കു മുന്നോട്ടുകൊണ്ടുപോകാന്‍ തങ്ങള്‍ അശക്തരാണ് എന്ന ബോധ്യം വന്നുതുടങ്ങിയതോടെ ദാരിദ്ര്യത്തെ സംബന്ധിച്ച നിര്‍വ്വചനങ്ങളും പൊളിച്ചെഴുത്തിനു വിധേയമാകാന്‍ തുടങ്ങി. 

സമ്പന്നവര്‍ഗ്ഗത്തിന്റെ താല്പര്യങ്ങളെ മറികടന്ന് ദരിദ്രനാരായണന്മാരുടെ നാടെന്ന പേരുദോഷം നീങ്ങിക്കിട്ടാന്‍  കാതലായ നടപടികളെടുക്കുന്നത് കൈപൊള്ളുന്ന ഏര്‍പ്പാടാണെന്ന്. '70-കളിലെ ആദ്യപകുതിയോടെ നമ്മുടെ ഭരണാധികാരികള്‍ക്കു ബോധ്യപ്പെട്ടിരുന്നു. രാഷ്ട്രീയ എതിരാളികള്‍ക്കു പിറകില്‍ സമ്പന്നവര്‍ഗ്ഗം അണിനിരക്കുകയും രാഷ്ട്രീയാധികാരം വെല്ലുവിളിക്കപ്പെടുകയും ചെയ്തു എന്നതായിരുന്നു ആ നടപടികളുടെ ഒരു ഫലം. അതില്‍പ്പിന്നെ, ഹൈജംപ് മത്സരത്തില്‍ ചാട്ടം സാധ്യമാക്കാന്‍ ബാര്‍ താഴ്ത്തിവെയ്ക്കുന്നതുപോലെ മാനദണ്ഡങ്ങള്‍ അയവുള്ളതാക്കി കണക്കില്‍മാത്രം നാം ദാരിദ്ര്യം കുറച്ചുകൊണ്ടുവരാനാരംഭിച്ചു. '90-കളിലും മറ്റും ആഗോളരാഷ്ട്രീയത്തിലും ഇന്ത്യന്‍ രാഷ്ട്രീയത്തിലുമുണ്ടായ മാറ്റങ്ങള്‍ ദാരിദ്ര്യ രേഖാനിര്‍ണ്ണയത്തിന്റെ സൂചികകളിലും വ്യത്യാസമുണ്ടാക്കി. നഗരമേഖലയില്‍ ഒരു ദിവസം 32 രൂപ ഭക്ഷണത്തിനു ചെലവിടാനാകുന്ന ഒരു ഇന്ത്യക്കാരന്‍ ദാരിദ്ര്യരേഖയ്ക്ക് മുകളിലായത് 2014-ലെ രംഗരാജന്‍ കമ്മിറ്റി ശുപാര്‍ശകളുടെ പിന്‍ബലത്താലാണ്. ഗ്രാമീണമേഖലയില്‍ ഇത് 27 രൂപയെന്നാണ് കണക്ക്. സുരേഷ് ടെണ്ടുല്‍ക്കര്‍ കമ്മിറ്റിയുടെ കാലം മുതല്‍ ദാരിദ്ര്യരേഖ സൂചിക കണക്കാക്കുന്ന രീതി വലിയ വിമര്‍ശനത്തിനു വഴിവെച്ചിട്ടുണ്ട്. ഇങ്ങനെ യഥാര്‍ത്ഥ കണക്ക് മറച്ചു പിടിക്കുകയും വിശപ്പെന്ന യാഥാര്‍ത്ഥ്യത്തെ നമ്മുടെ കാഴ്ചകളില്‍നിന്നു മറച്ചുപിടിക്കുകയും ചെയ്യുന്നതില്‍ കുറേക്കാലമായി ഭരണകൂടം വിജയിച്ചുപോരുന്നുമുണ്ട്. 

എന്നിരുന്നാലും കാര്‍ഷിക ഉല്പാദനത്തിലും വിതരണത്തിലും സംഭരണത്തിലും - വികലമായിട്ടാണെങ്കിലും- ഭരണകൂടത്തിന്റെ ഇടപെടല്‍ വേണമെന്ന കാഴ്ചപ്പാടിനു ഈയടുത്തകാലം വരെ ഊനം തട്ടിയിരുന്നില്ല. ഹരിതവിപ്ലവം പോലുള്ളവ രാജ്യത്തിനു ഭക്ഷ്യരംഗത്ത് സ്വയംപര്യാപ്തത ഏറെക്കുറെ നേടിക്കൊടുത്തു. ഒരുനിലയ്ക്കും കുറ്റമറ്റ ഒരു പദ്ധതിയായിരുന്നില്ല ഹരിതവിപ്ലവമെങ്കിലും ഭക്ഷ്യസ്വയംപര്യാപ്തത നേടുന്നതില്‍ അത് ഒരു സുപ്രധാന ചുവടുവയ്പായി. 

1965 ജനുവരി മാസത്തിലാണ് ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ സ്ഥാപിതമാകുന്നത്. ഭക്ഷ്യവസ്തുക്കളുടെ സംഭരണത്തിലും വിതരണത്തിലും വലിയൊരു നീക്കമായിരുന്നു. അതിനും രണ്ടുമാസം മുന്‍പ്, 1964 നവംബര്‍ ഒന്നുമുതലാണ് കേരളത്തില്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി ഗവണ്മെന്റ് സ്റ്റാറ്റിയൂട്ടറി റേഷനിംഗ് നടപ്പാക്കുന്നത്. ഭക്ഷ്യക്ഷാമം രൂക്ഷമായ സംസ്ഥാനത്തെ ഒരു കോടി 60 ലക്ഷം ജനങ്ങള്‍ക്ക് റേഷന്‍കടകള്‍ വഴി അങ്ങനെ ഭക്ഷ്യധാന്യങ്ങളും മറ്റും എത്തിച്ചു തുടങ്ങി. എഫ്.സി.ഐയുടേയും പൊതുവിതരണ വ്യവസ്ഥയുടേയും സ്ഥാപിതലക്ഷ്യം ഭക്ഷ്യ സുരക്ഷയാണ്. ഭക്ഷ്യധാന്യങ്ങളുടെ ഫലപ്രദമായ വില നിയന്ത്രണം വഴി രാജ്യത്തെ കര്‍ഷകരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുകയും പൊതുവിതരണശൃംഖല വഴി രാജ്യത്താകമാനം ഭക്ഷ്യധാന്യങ്ങളുടെ വിതരണം ഉറപ്പു വരുത്തുകയും ദേശീയ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനു വേണ്ടി ഭക്ഷ്യധാന്യങ്ങളുടെ സംഭരണം സാധ്യമാക്കുകയും ഉപഭോക്താക്കള്‍ക്കു ന്യായവിലയ്ക്ക് ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കുന്നതിനായി വിപണിയില്‍ വിലനിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യുക എന്നിവയാണ് എഫ്.സി.ഐയുടെ ലക്ഷ്യങ്ങള്‍. 

അവശ്യവസ്തുക്കള്‍ സംബന്ധിച്ച് ആവിഷ്‌കരിക്കപ്പെട്ട നിയമവും ഭക്ഷ്യസുരക്ഷാ നിയമവുമൊക്കെ ഇതേ വിഭാഗത്തില്‍ത്തന്നെയാണ് വരുന്നത്. ഭക്ഷ്യവസ്തുക്കളുടെ ഉല്പാദനത്തിലും സംഭരണത്തിലും വിതരണത്തിലും ഭരണകൂടത്തിനു ഉത്തരവാദിത്വമുണ്ടെന്ന് അന്നത്തെ ഭരണാധികാരികള്‍ കരുതിയിരുന്നു. കുറവുകളോടെയെങ്കിലും ആ ഉത്തരവാദിത്വം നിര്‍വ്വഹിക്കാന്‍ അവര്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ഉദാരവല്‍ക്കരണ നയങ്ങള്‍ സാമ്പത്തികരംഗത്ത് നടപ്പായതിന്റെ പശ്ചാത്തലത്തില്‍ 1997 മുതല്‍ സാര്‍വ്വത്രിക പൊതുവിതരണം ചില വിഭാഗങ്ങളെ മാത്രം ലക്ഷ്യം വച്ചുകൊണ്ടുള്ള, അവര്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയ ടാര്‍ഗെറ്റെഡ് പൊതുവിതരണമായി മാറി. റേഷന്‍ കാര്‍ഡുകള്‍ ബി.പി.എല്‍/എ.പി.എല്‍ കാര്‍ഡുകളായി തരം തിരിച്ചു. റേഷന്‍ കടകള്‍ പൊതുവിതരണ കേന്ദ്രങ്ങളായി മാറി. 

കൊവിഡിന്റെ വരവിനും മുന്‍പേ, 2020-ന്റെ തുടക്കത്തില്‍ അരി, ഉള്ളി, ഉരുളക്കിഴങ്ങ്, പച്ചക്കറികള്‍, മാമ്പഴം, തേന്‍ തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതി സംബന്ധിച്ച് ചൈനയുടെ മേല്‍ ഏര്‍പ്പെടുത്തിയ വ്യാപാരനിയന്ത്രണങ്ങള്‍ ആഗോളവിപണിയില്‍ സൃഷ്ടിക്കുന്ന കുറവ് നികത്താന്‍ ഇന്ത്യ ആലോചിച്ചിരുന്നു. ലാറ്റിനമേരിക്കയിലേയും ഓഷ്യാനിയയിലേയും പുതിയ വിപണികളിലേക്ക് 2025-ഓടെ 100 ബില്ല്യണ്‍ യു.എസ് ഡോളര്‍ മതിപ്പുവരുന്ന കാര്‍ഷിക ഉല്പന്നങ്ങള്‍ കയറ്റുമതി ചെയ്യാനും രാജ്യം ലക്ഷ്യമിട്ടിരുന്നു. ആ വര്‍ഷം തന്നെ കൂടുതല്‍ മെച്ചപ്പെട്ട ഒരു വിളവ് രാജ്യത്തിനുണ്ടാകുമെന്നു പ്രതീക്ഷിച്ചതിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു ഇത്. എന്നാല്‍, ആദ്യമായി കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനുശേഷം നേര്‍വിപരീതമായ സ്ഥിതിഗതികളാണ് രാജ്യത്ത് സംജാതമായത്. രാജ്യവ്യാപകമായി നടപ്പാക്കിയ ലോക്ക്ഡൗണോടെ ഭക്ഷ്യസംഭരണ, വിതരണശൃംഖലകള്‍ പാടേ തകരുകയായിരുന്നു. 

ഫുഡ് ആന്റ് അഗ്രിക്കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ (എഫ്.എ.ഒ) കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഉല്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ 40 ശതമാനം പ്രതിവര്‍ഷം കാര്യക്ഷമമല്ലാത്ത വിതരണശൃംഖലകള്‍ കാരണം നഷ്ടപ്പെടുകയോ പാഴാക്കപ്പെടുകയോ ചെയ്യുന്നു എന്നാണ്. സംഭരിച്ചുവെയ്ക്കാന്‍ വേണ്ടത്ര സംവിധാനങ്ങളില്ലാത്തതിനാല്‍ ആകെ ഭക്ഷ്യോല്പാദനത്തിന്റെ 20 ശതമാനം വിപണിയിലെത്തും മുന്‍പേ നശിച്ചുപോകുന്നുവെന്നും കണക്കുണ്ട്. ഈ വസ്തുത നേരത്തേ തന്നെ ഭരണാധികാരികള്‍ക്കു ബോധ്യവുമുള്ളതാണ്. കൂടുതല്‍ വിലകൊടുത്ത് കാര്‍ഷികോല്പന്നങ്ങള്‍ വാങ്ങാന്‍ കഴിവുള്ളവരുടെ ആഗോളവിപണിയിലേക്ക് രാജ്യത്തുല്പാദിപ്പിക്കുന്ന കാര്‍ഷികോല്പന്നങ്ങള്‍ എത്തിക്കാന്‍ ഇന്ത്യയിലെ വന്‍കിട വ്യാപാരികള്‍ക്ക് അവസരമൊരുക്കുകയെന്നതാണ് അതുകൊണ്ടുതന്നെ പുതിയ നിയമഭേദഗതികളുടെ ലക്ഷ്യം എന്നും പറയാം. നിലവില്‍ ഗവണ്‍മെന്റ് ഉടമസ്ഥതയിലുള്ള എഫ്.സി.ഐ പോലുള്ള സംവരണ-വിപണന സംവിധാനങ്ങള്‍ ഇതിനു അപര്യാപ്തവുമാണ്. യഥാര്‍ത്ഥത്തില്‍ കാര്‍ഷിക നിയമഭേദഗതികള്‍ കാണിക്കുന്നത് കാര്‍ഷികരംഗത്തെ ഗവണ്‍മെന്റ് ഊന്നലിനു കാര്യമായ വ്യത്യാസം വന്നിരിക്കുന്നുവെന്നതാണ്. രാജ്യത്തെ ദരിദ്രജനകോടികളെ തീറ്റിപ്പോറ്റുന്ന ഭക്ഷോല്പാദനത്തിനും സംഭരണത്തിനും വിതരണത്തിനുമല്ല, മറിച്ച് ആഗോളസമ്പന്നരുടെ ഭക്ഷ്യാവശ്യം നിര്‍വ്വഹിക്കുന്നതിനു സാധ്യമാകുന്ന തരത്തില്‍ ഒരു സംവിധാനം രാജ്യത്ത് ഉണ്ടാകുക എന്നതാണ്. 

ബുന്ദേല്‍ഖണ്ഡിലെ അനുഭവം 

വരള്‍ച്ചയും ക്ഷാമവും പിടിവിടാതെ പിന്തുടരുന്ന ഒരു പ്രദേശമാണ് മദ്ധ്യേന്ത്യയിലെ ബുന്ദേല്‍ഖണ്ഡ്. 2015 ഏപ്രിലിനും 2016-നും ഇടയില്‍ 18 ലക്ഷം ആളുകളാണത്രേ ഈ പ്രദേശത്തു നിന്നും ഡല്‍ഹിയിലേക്ക് തീവണ്ടി കയറിയത്. അതായത് പ്രദേശത്തെ ജനസംഖ്യയുടെ 10 ശതമാനം. (ട്രെയിനുകളിലെ റിസര്‍വ്വു ചെയ്യാത്ത ടിക്കറ്റുകളുടെ എണ്ണം അടിസ്ഥാനപ്പെടുത്തി നടത്തിയ ഒരു മാധ്യമാന്വേഷണത്തില്‍ വെളിപ്പെട്ടത്.) 2004'10 കാലത്ത് ആ പ്രദേശത്തെ ബാധിച്ച തീവ്രമായ വരള്‍ച്ചയുടേയും ക്ഷാമത്തിന്റേയും കഥകള്‍ മാധ്യമങ്ങളില്‍ വന്നതാണ്. വിശപ്പകറ്റാന്‍ ആളുകള്‍ ഉപ്പും വയലുകളില്‍ വളരുന്ന പുല്ലും ഗോതമ്പുപൊടിക്കൊപ്പം കൂട്ടിക്കുഴച്ച് ചപ്പാത്തിയുണ്ടാക്കി ഭക്ഷിച്ചിരുന്നുവെന്ന വാര്‍ത്തകളും നമ്മുടെ മനസ്സുകളില്‍നിന്നു മായാനായിട്ടില്ല. മനുഷ്യര്‍ കിളിര്‍ത്തുവരുന്ന പുല്‍നാമ്പുകള്‍ക്കായി കന്നുകാലികളോട് മത്സരിച്ചുവെന്നാണ് അന്ന് വാര്‍ത്തകള്‍ നമ്മോട് പറഞ്ഞത്. ഒരു പതിറ്റാണ്ടു മുന്‍പ് ബുന്ദേല്‍ഖണ്ഡില്‍ ഈ ദുരന്തം ഉണ്ടാകുമ്പോള്‍ റേഷനിംഗ് സംവിധാനവും ഭക്ഷ്യവിപണിയിലെ ഇടപെടലും പൂര്‍ണ്ണമായും ഇല്ലാതായിട്ടില്ല. യു.പി.എ ഗവണ്‍മെന്റ് ഗ്രാമീണ തൊഴിലുറപ്പു പദ്ധതി നടപ്പാക്കിയതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെമ്പാടും പൊതുവേ ഗ്രാമീണജനതയുടെ വരുമാനത്തില്‍ വര്‍ദ്ധനയും ഉണ്ടായിരുന്നു. എന്നിട്ടും മാനുഷിക ദുരന്തങ്ങള്‍ തടയാനായില്ല. 

1955-ല്‍ ഉണ്ടാക്കിയ അവശ്യവസ്തു നിയമത്തില്‍ വന്ന മാറ്റത്തോടെ, ബുന്ദേല്‍ഖണ്ഡിനു സമാനമായ ഒരു അനുഭവം കേരളത്തിലോ മറ്റോ ഉണ്ടായാല്‍ ഇനി ഗവണ്‍മെന്റുകള്‍ക്കു കാര്യമായ ഇടപെടല്‍ വിപണിയില്‍ നടത്തുക പ്രയാസകരമാകും. വിശേഷിച്ചും ഭക്ഷ്യവസ്തുക്കളുടെ ഉല്‍പ്പാദനത്തിലും സംഭരണത്തിലും അതിന്റെ വിതരണത്തിലും നിന്നു ഭരണകൂടത്തിന്റെ പിന്‍വാങ്ങല്‍ പൂര്‍ണ്ണമായാല്‍. പേരിനെങ്കിലും ഒരു നിയമം ഇക്കഴിഞ്ഞ സെപ്റ്റംബര്‍ വരെ രാജ്യത്തുണ്ടായിരുന്നു. 

ഇന്ത്യക്കാരുടെ പ്രധാന ആഹാരമായ ഗോതമ്പുള്‍പ്പെടെയുള്ള ചില ധാന്യങ്ങളും ഭക്ഷ്യവസ്തുക്കളും ഭക്ഷ്യ എണ്ണയും ചില അവശ്യ മരുന്നുകളുമൊക്കെ അവശ്യവസ്തുക്കളായും അവയുടെ പൂഴ്ത്തിവയ്പും കരിഞ്ചന്തയും നിയമവിരുദ്ധങ്ങളായ കുറ്റകൃത്യങ്ങളായാണ് നിയമം കണ്ടിരുന്നത്. ഒപ്പം ഭക്ഷ്യവസ്തുക്കളുടെ സംഭരണത്തിലും വിതരണത്തിലും ഭരണകൂടത്തിന്റെ ഇടപെടലുകള്‍ ഉണ്ടായിരുന്നതിനാല്‍ വിപണിയിലെ വില വര്‍ദ്ധന നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിഞ്ഞിരുന്നു. കൊവിഡിന്റെ കാലത്ത് റേഷന്‍ സംവിധാനം നമുക്ക് എത്രമാത്രം പ്രയോജനപ്പെട്ടുവെന്നത് നാം കണ്ടതാണ്. 

സെപ്റ്റംബറില്‍ അവശ്യവസ്തു നിയമത്തില്‍ ഭേദഗതി വരുത്തിയതോടെ അനിയന്ത്രിത വിലക്കയറ്റത്തിന്റെ നിര്‍വ്വചനത്തില്‍ വലിയ മാറ്റമാണ് വന്നിരിക്കുന്നത്. പഴവും പച്ചക്കറിയും പോലുള്ള എളുപ്പത്തില്‍ കേടാവുന്ന ഭക്ഷ്യവസ്തുക്കളില്‍ 12 മാസത്തെ ശരാശരി വിലയുടെ 50 ശതമാനം വിലവര്‍ദ്ധനയുണ്ടാകുമ്പോഴും മറ്റു ഭക്ഷ്യവസ്തുക്കളില്‍ 100 ശതമാനം വില വര്‍ദ്ധന ഉണ്ടാകുമ്പോഴും മാത്രമേ ഇനി ഗവണ്‍മെന്റ് ഇടപെടുകയുള്ളൂ. ഭേദഗതി പ്രകാരം യുദ്ധം, ക്ഷാമം, അസാധാരണമായ വിലക്കയറ്റം, പ്രകൃതിദുരന്തം തുടങ്ങിയ അസാധാരണമായ സാഹചര്യങ്ങളില്‍ മാത്രമേ കാര്‍ഷിക ഭക്ഷ്യവസ്തുക്കളുടെ വില ഇനി നിയന്ത്രിക്കാന്‍ കഴിയൂ. എന്നിരുന്നാലും സ്റ്റോക്ക് പരിധി ഏര്‍പ്പെടുത്തുന്നതിനുള്ള ഏതു നടപടിയും വില ട്രിഗറിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. 

മുന്‍കാലങ്ങളില്‍ വിപണിയില്‍ വലിയ തോതില്‍ വിലക്കയറ്റം വരുമ്പോഴൊക്കെ ഗവണ്‍മെന്റുകളുടെ ഇടപെടലുകള്‍ അനിവാര്യമെന്നു വരികയും ഗവണ്‍മെന്റ് ഇടപെടുകയും ചെയ്തിരുന്നു. കാലാവസ്ഥയുടെ കാരുണ്യത്തെ ആശ്രയിച്ചാണ് ഇന്ത്യയില്‍ മിക്കപ്പോഴും കൃഷി. മഴ ചതിച്ചാല്‍ കാര്‍ഷികമേഖല തളരും. അത് ഉല്പാദനത്തേയും വിതരണത്തേയും സാരമായി ബാധിക്കുകയും ചെയ്യും. അത്തരം അവസരങ്ങളില്‍ പൂഴ്ത്തിവയ്പ് തടഞ്ഞും വിതരണശൃംഖലയില്‍ ഇടപെട്ടും അതിനെ ശക്തിപ്പെടുത്തിയും ഭരണാധികാരികള്‍ നടപടികള്‍ കൈക്കൊള്ളുന്നത്. 

എന്നാല്‍, ഭരണാധികാരികളുടെ കോര്‍പ്പറേറ്റ് ചായ്വ്കൊണ്ട് ഭക്ഷ്യവസ്തുക്കളുടെ അനിയന്ത്രിത വിലവര്‍ദ്ധന ഇടപെട്ടു തടയുന്നതിനുള്ള സംവിധാനം പലപ്പോഴും പരാജയപ്പെടാറുണ്ട്. 2014-'15 കാലത്തുണ്ടായ പരിപ്പ്-പയര്‍ വര്‍ഗ്ഗങ്ങളുടെ വില വന്‍തോതില്‍ വര്‍ദ്ധിച്ചു. 45-65 രൂപ എന്ന നിലയില്‍നിന്നും 150-നും 200-നും മുകളിലേക്ക് കുതിച്ചു. കേന്ദ്ര ഗവണ്‍മെന്റ് ഇടപെടാന്‍ മടിച്ചു. 2015 പകുതിയോടെ വില കുറഞ്ഞെങ്കിലും പഴയ വിലയുടെ ഇരട്ടി എന്ന നിലയില്‍നിന്നു. സമീകൃതാഹാരത്തില്‍ പ്രോട്ടീന്റെ ഉറവിടമായ പയര്‍-പരിപ്പു വര്‍ഗ്ഗങ്ങളുടെ പ്രാധാന്യം അറിയാവുന്ന ഭരണാധികാരികള്‍ ഈ വിലവര്‍ദ്ധനയെ ഗൗനിക്കാതിരിക്കാന്‍ കാരണം ഈ മേഖലയില്‍ രണ്ടു പ്രധാന കോര്‍പ്പറേറ്റുകളുടെ നിക്ഷേപമായിരുന്നുവത്രേ. 

കേരളത്തിലെ സ്ഥിതി

1965 മുതല്‍ സ്റ്റാറ്റിയൂട്ടറി റേഷനിംഗ് സംവിധാനം നിലവിലുള്ള നാടാണ് കേരളം. '90-കളില്‍ സാമ്പത്തികരംഗത്ത് അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങളുടെ താല്പര്യങ്ങള്‍ അധിനിവേശം നടത്തിയ കാലത്തുപോലും അതിന്റെ അന്തസ്സത്ത ചോര്‍ന്നുപോകാതെ നിലനിര്‍ത്താന്‍ നാം സമരങ്ങള്‍ നടത്തിയിട്ടുണ്ട്. നമുക്കാവശ്യമായ ഭക്ഷ്യോല്പന്നങ്ങളുടെ നാലിലൊന്നുപോലും ഉല്പാപ്പാദിപ്പിക്കാത്ത ഒരു ഉപഭോക്തൃ സംസ്ഥാനമാണ് നമ്മുടേത്. ഇപ്പോള്‍ത്തന്നെ കുതിച്ചുയരുന്ന ഇന്ധനവില അന്യസംസ്ഥാനങ്ങളില്‍നിന്നുളള ഭക്ഷ്യവസ്തുക്കളുടേയും മറ്റു ഉപഭോഗവസ്തുക്കളുടേയും വിലകളില്‍ പ്രതിഫലിക്കുന്നതുകൊണ്ടുണ്ടാകുന്ന സമ്മര്‍ദ്ദം ചെറുതല്ല. അടിക്കടിയുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളിലും മഹാരോഗങ്ങള്‍ പകര്‍ന്നുപിടിച്ച അവസരത്തിലും നാട് തളര്‍ന്നുപോയ സന്ദര്‍ഭങ്ങളില്‍ കേരളീയനു പിടിച്ചുനില്‍ക്കാന്‍ സഹായകമായത് പൊതുവിതരണ സംവിധാനങ്ങള്‍ വഴി സംസ്ഥാന ഗവണ്‍മെന്റ് നല്‍കിയ സഹായങ്ങള്‍ കൊണ്ടുകൂടിയായിരുന്നു. 14,189 ന്യായവില ഷോപ്പുകളും 87.28 ലക്ഷം കാര്‍ഡ് ഉടമകളുമാണ് കേരളത്തിലുള്ളത്. 

കൊവിഡ് കാലത്ത് ഇന്ത്യയിലെമ്പാടുമായി നഗരങ്ങളില്‍നിന്ന് അഞ്ചു കോടി മുതല്‍ പത്തുകോടിവരെ സാധാരണ മനുഷ്യരാണ് സ്വന്തം ഗ്രാമങ്ങളിലേക്കു പലായനം ചെയ്തത്.  അത്തരമൊരു സന്ദര്‍ഭത്തില്‍ 3.48 കോടി വരുന്ന തന്നാട്ടുകാരേയും 30 ലക്ഷത്തോളം വരുന്ന അന്യസംസ്ഥാന തൊഴിലാളികളേയും തീറ്റിപ്പോറ്റുന്നതില്‍ സംസ്ഥാനത്തെ പൊതുവിതരണ സംവിധാനം വഹിച്ച പങ്ക് ശ്രദ്ധേയമായിരുന്നു. നിലവിലുള്ള നിയമത്തിന്റെ പിന്‍ബലമാണ് ഇത്തരമൊരു സാഹചര്യത്തില്‍ കേരളത്തിനു സഹായകമായത് എന്നുകൂടി കൂട്ടിച്ചേര്‍ക്കേണ്ടതുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com