'എനിയ്ക്ക് ഒരു വിവാഹേതര ബന്ധം ഉണ്ട്; ഇപ്പോള്‍ അതില്‍ നിന്നു പൂര്‍ണമായും വിട്ടുനില്‍ക്കുകയാണ് സാര്‍'

അധികാരപ്രഭാവം സ്ഫുരിക്കുന്ന വാക്കുകള്‍ വെടിയുണ്ടപോലെ പുറത്തുവന്നപ്പോള്‍ എന്റെ മറുപടി, ''സര്‍'' എന്നതിലൊതുങ്ങി
എ. ഹേമചന്ദ്രന്‍ ഐ.പി.എസ്
എ. ഹേമചന്ദ്രന്‍ ഐ.പി.എസ്

വെണ്‍മണി എന്നു കേട്ടാല്‍ പണ്ട് എനിക്കോര്‍മ്മ വന്നിരുന്നത്, മലയാള സാഹിത്യവുമായി ബന്ധപ്പെട്ട വെണ്‍മണി ആയിരുന്നു. ആ പ്രസ്ഥാനത്തെക്കുറിച്ച് വലിയ അറിവൊന്നുമുണ്ടായിട്ടല്ല. തൃശൂരില്‍ പൂരപ്പറമ്പില്‍ കണ്ട ഗോസായിമാരെക്കുറിച്ചുള്ള ഒരു വെണ്‍മണി ശ്ലോകം സ്‌കൂളിലെവിടെയോ പഠിച്ചത് വലിയ കൗതുകമുണ്ടാക്കിയിരുന്നു. അത്രമാത്രം. 1991 ആഗസ്റ്റില്‍ മറ്റൊരു വെണ്‍മണി എന്റെ തലയില്‍ കയറിപ്പറ്റി, വെണ്‍മണി പൊലീസ് സ്റ്റേഷന്‍. അതാകട്ടെ, ആലപ്പുഴ ജില്ലയിലായിരുന്നു. അവിടെ ഞാന്‍  എസ്.പി ആയി ചുമതലയേറ്റ് കഷ്ടിച്ച് ഒരു മാസത്തിനുള്ളിലായിരുന്നു സംഭവം.

അപ്രതീക്ഷിതമായി തലസ്ഥാനത്തുനിന്നും ഐ.ജിയുടെ ഫോണ്‍: ''ഹേമചന്ദ്രാ, നിന്റെ ആ വെണ്‍മണി എസ്.ഐ ഒരു... ആണ്.'' തികച്ചും അണ്‍പാര്‍ലമെന്ററി ആയ ഒരു വാക്കാണ് അദ്ദേഹം എസ്.ഐയെ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ചത്. അധികാരപ്രഭാവം സ്ഫുരിക്കുന്ന വാക്കുകള്‍ വെടിയുണ്ടപോലെ  പുറത്തുവന്നപ്പോള്‍ എന്റെ മറുപടി, ''സര്‍'' എന്നതിലൊതുങ്ങി. ''അവനെ 24 മണിക്കൂറിനകം മാറ്റണം. പകരം കൊള്ളാവുന്ന മിടുക്കനായ ഒരുത്തനെ പോസ്റ്റ്  ചെയ്യണം.'' പിന്നെയും  വാക്കുകള്‍ക്ക് ശരവേഗം; അധികാര സ്ഥാനത്തിന്റെ ആജ്ഞയ്ക്കു മുന്നില്‍, യാന്ത്രികമായി ഞാന്‍ വീണ്ടും ''സര്‍'' എന്നുമാത്രം. ''നാളെ പതിനൊന്നിനു മുന്‍പ് complaince (നടപ്പാക്കല്‍) റിപ്പോര്‍ട്ട്  ചെയ്യണം.'' മൂന്നാമത്തെ ''സര്‍''  പൂര്‍ത്തിയാക്കും മുന്‍പ് മറ്റേ തലയ്ക്കല്‍ ഫോണ്‍ താഴെവച്ചു കഴിഞ്ഞു. ആ നിമിഷം വെണ്‍മണി മഹന്‍ നമ്പൂതിരിയും അച്ഛന്‍ നമ്പൂതിരിയുമെല്ലാം എന്റെ മനസ്സില്‍നിന്നും 'ജീവനും' കൊണ്ടോടി. ആ സ്ഥാനം വെണ്‍മണി പൊലീസ് സ്റ്റേഷന്‍ ഏറ്റെടുത്തു.

സത്യത്തില്‍, പ്രശ്‌നം വെണ്‍മണി പൊലീസ് സ്റ്റേഷനായിരുന്നില്ല. ആലപ്പുഴ ജില്ലയില്‍ അന്നുണ്ടായിരുന്ന 29 പൊലീസ് സ്റ്റേഷനുകളില്‍ ഏറ്റവും ശാന്തം വെണ്‍മണി ആയിരുന്നു. അവിടെ ചുമതല വഹിച്ചിരുന്നത് ചെറുപ്പക്കാരനായ സബ്ബ് ഇന്‍സ്പെക്ടര്‍ ആയിരുന്നു. ആ ഉദ്യോഗസ്ഥനെപ്പറ്റി ഒറ്റ  ആക്ഷേപം പോലും  എന്റെ ശ്രദ്ധയില്‍ വന്നില്ല. എന്നിട്ട്, എങ്ങനെ ഇതൊരു ജീവന്‍മരണ പ്രശ്‌നമായി എന്നെനിക്കു മനസ്സിലായില്ല. ആ സ്റ്റേഷനില്‍ നേരത്തെ മിക്കവാറും പ്രമോഷനിലൂടെ എസ്.ഐമാരായ ഉദ്യോഗസ്ഥരായിരുന്നു കൂടുതലും. അന്നൊന്നും മിടുക്കന്‍ എസ്.ഐയ്ക്കു വേണ്ടി ആവശ്യം ഉയര്‍ന്നിട്ടില്ല. കൂടുതലായി അന്വേഷിക്കാനും ഗവേഷണം നടത്താനുമുള്ള സാവകാശം ഇല്ലല്ലോ. അതുകൊണ്ടൊരു പകരക്കാരനെ ഉടന്‍ കണ്ടെത്തണം. അവന്‍ 'മിടുക്ക'നായിരിക്കണം, 'കൊള്ളാവുന്നവനാ'യിരിക്കണം. എന്താണിതിന്റെയൊക്കെ മാനദണ്ഡം. ആരാണാവോ സര്‍ട്ടിഫൈ ചെയ്യുക? ഒരാളിന്റെ 'മിടുക്കന്‍' മറ്റൊരാളിന്റെ 'മടയന്‍' ആകാമല്ലോ. 'തലോര്‍ ഭോഷന്‍, കുന്നല ആശാന്‍' എന്ന് പണ്ട് കേട്ടൊരു ചൊല്ല്  ഓര്‍മ്മവന്നു. ആ സിദ്ധാന്തം അനുസരിച്ചുതന്നെ പ്രവര്‍ത്തിച്ചു. അധികം അകലെ അല്ലാതെ മാന്നാര്‍ പൊലീസ് സ്റ്റേഷനുണ്ടായിരുന്നു. വെണ്‍മണിയിലെ '...നെ' മാന്നാറിലേയ്ക്കും മാന്നാറിലെ  'മിടുക്കനെ' വെണ്‍മണിക്കും പോസ്റ്റ് ചെയ്തുകൊണ്ട് ഉത്തരവിറക്കി. ഇപ്പോള്‍ രണ്ടിടത്തും 'മിടുക്കന്‍മാര്‍' മാത്രം. അങ്ങനെ പ്രശ്‌നം പരിഹരിച്ചു. വിവരം തലസ്ഥാനത്ത് ഐ.ജിയെ അറിയിച്ചു. അദ്ദേഹം അതീവ സന്തുഷ്ടനായി. എല്ലാം ശുഭം എന്ന് ഞാന്‍ കരുതി.
 
പക്ഷേ, അത്ര ശുഭമല്ലെന്നു മനസ്സിലാക്കാന്‍ അധികസമയം വേണ്ടി വന്നില്ല. ആദ്യ സൂചന തലസ്ഥാനത്തുനിന്നുതന്നെ ആയിരുന്നു. ''സാര്‍, മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ഫോണ്‍.'' ഫോണെടുക്കുന്ന പൊലീസുകാരന്‍ വെപ്രാളത്തില്‍ പറഞ്ഞു. പറയുന്നത് കേട്ടാല്‍ തോന്നുക മുഖ്യമന്ത്രിയേക്കാള്‍ വലുതാണ് ഓഫീസ് എന്നാണ്. അസിസ്റ്റന്റ്/ അഡീഷണല്‍/ പ്രൈവറ്റ്/ ജോയിന്റ് ഇത്യാദിയില്‍ പെടുന്ന എന്തോ ഒരു സ്ഥാനപ്പേര് ആയിരുന്നു മറ്റേത്തലയ്ക്കല്‍ നിന്ന് കേട്ടത്. അതത്ര കൃത്യമായില്ല. അതില്‍ വലിയ കാര്യമില്ലല്ലോ. ഓഫീസിന്റെ വലിപ്പമാണല്ലോ വക്താവിന്റെ ശക്തി. എന്നാല്‍, അദ്ദേഹം സര്‍ക്കാര്‍ സര്‍വ്വീസില്‍നിന്നും  താരതമ്യേന  ജൂനിയര്‍  റാങ്കില്‍ വിരമിച്ച ഒരു ഉദ്യോഗസ്ഥനായിരുന്നു എന്നു ഞാന്‍ മനസ്സിലാക്കി. ''ആ വെണ്‍മണി എസ്.ഐയെ മാറ്റിയത് നന്നായി. അദ്ദേഹം സംസാരിച്ചു തുടങ്ങി: ''അയാളൊരു യൂസ്ലെസ്സ് ആയിരുന്നു.'' ആ പ്രയോഗം എനിക്കിഷ്ടപ്പെട്ടില്ല. എങ്കിലും ഒന്നും പറഞ്ഞില്ല. അദ്ദേഹം തുടര്‍ന്നു: ''പക്ഷേ, ആ മാന്നാര്‍ എസ്.ഐയെ മാറ്റിയത് ശരിയായില്ല. ആ എസ്.ഐ അവിടെത്തന്നെ വേണം. അങ്ങനെ ഒരു ക്രമീകരണം നടത്തണം.'' ക്ഷമയോടെ അതും കേട്ടു. അതിനപ്പുറം ഒന്നും പറഞ്ഞില്ല. ഏതാണ്ടൊരു അധികാരസ്വരത്തില്‍ തന്നെയായിരുന്നു ആ സംഭാഷണം. എന്നെ  അലോസരപ്പെടുത്തിയത് ചെറുപ്പക്കാരനായ ആ എസ്.ഐ 'യൂസ്ലെസ്സ്' എന്ന് വിശേഷിപ്പിച്ചതാണ്. അയാള്‍ കൈക്കൂലിയൊന്നും ആരില്‍നിന്നും വാങ്ങിയതായി പരാതിയില്ല. എന്തെങ്കിലും അതിക്രമം നടത്തിയതായും ഒരാക്ഷേപവുമില്ല. 

അങ്ങനെയിരിക്കെ, ഈ മനുഷ്യന്‍ വസ്തുതകളുടെ പിന്‍ബലമില്ലാതെ, എന്തടിസ്ഥാനത്തിലാണ്,  ചെറുപ്പക്കാരനും സത്യസന്ധനുമായ പൊലീസുദ്യോഗസ്ഥനെ കൊള്ളരുതാത്തവനെന്ന് മുദ്ര കുത്തുന്നത്?  താനിരിക്കുന്ന ഓഫീസിന്റെ ബലം എന്ന ധൈര്യം. പക്ഷേ, നിയമസാധുതയുള്ള അധികാരം (legitimate power) അദ്ദേഹത്തിനില്ലല്ലോ. എന്തെങ്കിലുമുണ്ടെങ്കില്‍,  അധികാരകേന്ദ്രത്തോടുള്ള സാമീപ്യം  മൂലം അതില്‍നിന്നും   പ്രതിഫലിച്ചുള്ള അധികാരം (reflected power) മാത്രം. ഉന്നതമായ ഓഫീസില്‍ ജോലി ചെയ്യുമ്പോള്‍ സ്വന്തം പങ്കിനെക്കുറിച്ച് വ്യക്തമായ ധാരണയും ആത്മനിയന്ത്രണവും കൂടിയേ തീരൂ. ഇല്ലെങ്കില്‍ വഴിതെറ്റും, ആര്‍ക്കും. അത്തരം അപൂര്‍വ്വം ചില  ഉപഗ്രഹങ്ങളുടെ സാന്നിദ്ധ്യവും പ്രഭാവവും മനസ്സിലാക്കി തുടങ്ങുകയായിരുന്നു. പക്ഷേ, അവരെ മാത്രം കുറ്റം പറയാനാവുമോ?  

അക്കാലത്ത് ദക്ഷിണ മേഖലാ ഡി.ഐ.ജിയുടെ കോണ്‍ഫറന്‍സിലെ ഒരു സംഭാഷണം ഓര്‍ക്കുന്നു. അന്ന് ആലപ്പുഴ ജില്ല  ദക്ഷിണ മേഖലയിലായിരുന്നു. ഞാനും കൂടി പങ്കെടുത്ത കോണ്‍ഫറന്‍സിലാണ് അതുണ്ടായത്. തിരുവനന്തപുരം റൂറല്‍ ജില്ലയിലെ രണ്ടു പ്രബല  കക്ഷികള്‍ തമ്മിലുള്ള ഒരു വലിയ വസ്തുതര്‍ക്കവുമായി ബന്ധപ്പെട്ട സംഗതികളായിരുന്നു ചര്‍ച്ചാവിഷയം. വെണ്‍മണി വിഷയത്തില്‍ നാം കണ്ട ഉദ്യോഗസ്ഥന്‍ ഒരു കക്ഷിക്കുവേണ്ടി വിളിച്ചിരുന്നുവെന്ന് ഡി.ഐ.ജി. എന്നാല്‍, അതൊക്കെ മാറ്റിയെടുത്തുവെന്നും ഇപ്പോള്‍ അദ്ദേഹം മറുഭാഗത്താണെന്നുമായി എസ്.പി. ആരെയും എങ്ങനെയും വരുതിയിലാക്കാനുള്ള കൗശലം ആര്‍ജ്ജിച്ചിരുന്നു ആ എസ്.പി. ഇവിടെ പ്രസക്തമായ കാര്യം  ആ വിഷയത്തിന്റെ വസ്തുതകള്‍ എന്താണെന്നോ, അതിന്റെ വെളിച്ചത്തില്‍ ശരിതെറ്റുകള്‍ ആരുടെ ഭാഗത്താണെന്നോ എന്നല്ല പരിശോധിക്കുന്നത്. അധികാരകേന്ദ്രം എന്നവര്‍ കരുതുന്ന ഉദ്യോഗസ്ഥന്‍ എങ്ങോട്ട് ചായുന്നു എന്നതില്‍ ആയിരുന്നു ശ്രദ്ധ. 

ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഈ അവസ്ഥയിലാകുമ്പോള്‍ ആ മനുഷ്യനും  ഭ്രമിച്ചുപോയേക്കാം  താനും ഒരു താരമാണെന്ന്. അധികാരം മാത്രമല്ല മനുഷ്യനെ ദുഷിപ്പിക്കുന്നത്; അധികാരസ്ഥാനത്തിന്റെ സാമീപ്യവും  ദുഷിപ്പിക്കും.  നിയമപരമായും ഭരണപരമായും അധികാരവും ഉത്തരവാദിത്വവുമുള്ള ഐ.എ.എസ്/ഐ.പി.എസ് ഉദ്യോഗസ്ഥര്‍ തന്നെ ചുറ്റും സ്ഥിരമായി ഭ്രമണം നടത്താന്‍ തുടങ്ങുമ്പോള്‍ താനും സ്വയം പ്രകാശിക്കുന്ന, പ്രഭയും പ്രഭാവവുമുള്ള  നക്ഷത്രമാണെന്ന് ഒരു ഉപഗ്രഹത്തിനും  തോന്നിപ്പോകാം. നക്ഷത്രങ്ങളുടെ വളര്‍ച്ചയും പരിണാമവും അന്ത്യവും എല്ലാം ഗവേഷണത്തിലൂടെ കണ്ടെത്തിയ ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ ശാസ്ത്രജ്ഞന്‍,  ഡോക്ടര്‍ സുബ്രഹ്മണ്യം ചന്ദ്രശേഖര്‍ നൊബേല്‍ സമ്മാനം നേടിയിട്ടുണ്ട്. അതിനേക്കാള്‍ എത്രയോ വിസ്മയകരമാണ് അധികാരകേന്ദ്രങ്ങളിലെ ഉപഗ്രഹങ്ങളുടെ ഉദയവും വളര്‍ച്ചയും അസ്തമയവും. ഗവേഷണകുതുകികളുടെ ശ്രദ്ധ പതിയേണ്ട മേഖലയാണിത്.  

അധികാരകേന്ദ്രങ്ങളുമായുള്ള അടുപ്പം സമര്‍ത്ഥമായി ചൂഷണം ചെയ്യുന്ന ചില ഉദ്യോഗസ്ഥരുമുണ്ട്. കൊല്ലം ജില്ലയിലെ ഒരു സംഭവം ഉദ്യോഗസ്ഥ വൃന്ദങ്ങളില്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. യുവ ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്നു അന്നവിടെ എസ്.പി. എല്ലാ മാസവും സാധാരണയായി എസ്.പിമാര്‍ ക്രൈം കോണ്‍ഫറന്‍സ് നടത്തും. പൊലീസ് സ്റ്റേഷന്‍ ചുമതലയുള്ള എസ്.ഐമാര്‍ മുതല്‍ ഡി.വൈ.എസ്.പിമാര്‍ വരെ അതില്‍ പങ്കെടുക്കും. കൊല്ലത്ത്, അങ്ങനെ കോണ്‍ഫറന്‍സ് നടന്നുകൊണ്ടിരിക്കുമ്പോള്‍ ഒരു ഡി.വൈ.എസ്.പിക്ക് ഫോണ്‍ കോള്‍ വരും. അന്ന് മൊബൈല്‍ ഫോണ്‍ ഇല്ലായിരുന്നു. അതുകൊണ്ട് ഫോണ്‍ എടുക്കുന്ന പൊലീസുകാരന്‍ ഓടിവന്ന് ഉറക്കെ പറയും: ''സാര്‍, ഡി.വൈ.എസ്.പി അപ്പുക്കുട്ടന്‍ സാറിനെ ആഭ്യന്തരമന്ത്രിയുടെ ഓഫീസില്‍നിന്നും വിളിക്കുന്നു.'' ഉടന്‍ എസ്.പി മുന്നിലിരിക്കുന്ന അപ്പുക്കുട്ടനെ നോക്കും. അദ്ദേഹമാകട്ടെ, എന്തിനാണ് ഇങ്ങനെ എപ്പോഴും വിളിക്കുന്നത് എന്ന ഭാവത്തില്‍ ഫോണ്‍ എടുക്കാന്‍ പുറത്തേയ്ക്ക് പോകും. കോണ്‍ഫറന്‍സ് ഹാളില്‍ നിറഞ്ഞിരിക്കുന്ന മുഴുവന്‍ ഉദ്യോഗസ്ഥരും അസൂയയോടെ നോക്കും, അപ്പുക്കുട്ടന്‍ സാര്‍ ആളൊരു സംഭവം തന്നെ എന്ന ഭാവത്തില്‍. കുറെ കഴിഞ്ഞപ്പോള്‍ കുറ്റാന്വേഷണ പടുക്കളായ ചില യുവ എസ്.ഐമാര്‍ക്ക് സംഗതി പിടികിട്ടി. ഇത് അവിചാരിതമായി സംഭവിക്കുന്നതല്ല, ആസൂത്രിതമാണ്. ക്രൈം കോണ്‍ഫറന്‍സ് തുടങ്ങി നിശ്ചിത സമയമാകുമ്പോള്‍ അവര്‍ പരസ്പരം ആംഗ്യഭാഷയില്‍ ആശയവിനിമയം നടത്തും. ''അപ്പുക്കുട്ടന്‍ ഡി.വൈ.എസ്.പിക്ക് ആഭ്യന്തരമന്ത്രിയുടെ ഓഫീസില്‍നിന്നും ഫോണ്‍ വരാന്‍ സമയം ആയി.'' എസ്.പി മാത്രമാണ് ഈ ഫോണ്‍ രഹസ്യം മനസ്സിലാക്കാന്‍ വൈകിയതത്രെ. ഇതേ modus operandi (പ്രവര്‍ത്തനരീതി) ചില കുപ്രസിദ്ധ തട്ടിപ്പുകാരും  പ്രയോജനപ്പെടുത്തിയിരുന്നത് പില്‍ക്കാലത്ത് ഞാന്‍ കണ്ടു. 

യൂസ്ലെസ് എസ്.ഐ സമം നല്ല അധ്യാപകന്‍

തല്‍ക്കാലം അതവിടെ നില്‍ക്കട്ടെ; നമുക്ക് വെണ്‍മണിക്ക് തിരികെ പോകാം. സ്ഥലംമാറ്റ ഉത്തരവിന്റെ പുകില്‍ അങ്ങനെ കത്തിക്കയറിയപ്പോള്‍ ഒരു കാര്യം മനസ്സിലായി. പാവം വെണ്‍മണിക്കാരന് ചോദിക്കാനും പറയാനും ആരുമില്ല. മാന്നാറുകാരനാകട്ടെ ധാരാളം പേരുണ്ടായിരുന്നുതാനും. അങ്ങനെ ഇടപെട്ടു സംസാരിച്ചവരില്‍ അക്കാലത്തെ ഒരു മന്ത്രിയും ഉള്‍പ്പെട്ടിരുന്നു. അദ്ദേഹമായിരുന്നു വെണ്‍മണിക്കാരന്റെ സ്ഥാനചലനത്തിനു പിന്നിലെ ചാലക ശക്തി എന്ന് പിന്നീട് ഞാന്‍ കേട്ടു. അദ്ദേഹത്തിന്റെ ചില സില്‍ബന്ധികളുമായി സമരസപ്പെട്ട് മുന്നോട്ടുപോകാന്‍ സര്‍വ്വീസില്‍ തുടക്കക്കാരനായ എസ്.ഐയ്ക്ക് കഴിഞ്ഞില്ലെന്നു തോന്നുന്നു. മന്ത്രി  എന്നെ ഫോണ്‍ ചെയ്തു. ''അയാളൊരു യൂസ്ലെസ് ആണ്. അദ്ധ്യാപകനാകാന്‍ കൊള്ളാം.'' എന്നാണ് അഭിപ്രായപ്പെട്ടത്. അതായത്, യൂസ്ലെസ് എസ്.ഐ സമം നല്ല അദ്ധ്യാപകന്‍. എന്ത് നല്ല സിദ്ധാന്തം. ചിലപ്പോള്‍ മന്ത്രിയാകാനും കൊള്ളാമായിരിക്കുമെന്ന് മനസ്സില്‍ തോന്നിയെങ്കിലും അത് പറയാതെ, മനസ്സില്‍ത്തന്നെ സൂക്ഷിച്ചു, സുരക്ഷാ കാരണങ്ങളാല്‍. 

വസ്തുനിഷ്ഠമായ കാരണങ്ങളൊന്നുമില്ലാതെ പൊതുവായി ഉദ്യോഗസ്ഥരെ ഇങ്ങനെ ദോഷകരമായ രീതിയില്‍ മുദ്രകുത്തുന്ന പ്രവണത സര്‍ക്കാര്‍ സംവിധാനത്തില്‍ കണ്ടുവരുന്നുണ്ട്. പൊലീസില്‍ അതു വളരെ കൂടുതലാണെന്നാണ് അനുഭവം. എല്‍.പി ക്ലാസ്സില്‍ പഠിക്കുമ്പോള്‍  നാലാം  ക്ലാസ്സിലെ കുട്ടിക്ക്, മൂന്നാം ക്ലാസ്സുകാരന്റെ മുന്നില്‍ താന്‍  ഒരു വലിയ ആളാണെന്നു  തോന്നും. ആ മനോഭാവം ചില സീനിയര്‍  ഐ.പി.എസ് ഉദ്യോഗസ്ഥരില്‍ പോലും കണ്ടു. ഞാനാദ്യം ഇതു കണ്ടത് നാഷണല്‍ പൊലീസ് അക്കാഡമിയില്‍ ഐ.പി.എസ് പ്രൊബേഷണറായിരിക്കുമ്പോഴാണ്. കേരളത്തില്‍നിന്നും  ആയിടെ മാത്രം  ഐ.ജി ആയി പ്രൊമോഷന്‍ കിട്ടിയ  ഒരു ഓഫീസര്‍ അവിടെ വന്നിരുന്നു. ഞാന്‍ അദ്ദേഹത്തെ കണ്ടു.  നിസ്സാരമെന്നു തോന്നിയ  കാര്യത്തിന്മേല്‍ അദ്ദേഹം വളരെ സീനിയര്‍ ആയ ഡി.ഐ.ജിയെ കുറ്റപ്പെടുത്തി എന്നോട് സംസാരിച്ചു. എനിക്ക് രസകരമായി തോന്നിയത് അദ്ദേഹം  രണ്ടു  ബാച്ച് മാത്രം താഴെയുള്ള ഡി.ഐ.ജിയെ ആവര്‍ത്തിച്ച്  പരാമര്‍ശിച്ചത്  'that boy' എന്നാണ്. 50 വയസ്സുകാരന്‍ 48 വയസ്സുകാരനെ പരാമര്‍ശിച്ച്, ആ 'കുട്ടി/പയ്യന്‍' എന്ന രീതിയില്‍ സംസാരിക്കുന്നത് കേട്ടപ്പോള്‍ തമാശയായിട്ടേ തോന്നിയുള്ളു. സര്‍വ്വീസില്‍ താഴെയുള്ളവരുടെ കുറ്റവും കുറവും കണ്ടുപിടിച്ച് 'ധാര്‍മ്മികരോഷം' കൊള്ളുന്നതില്‍ ചിലരെങ്കിലും ആനന്ദിക്കുന്നുണ്ടോ എന്ന് അന്നേ തോന്നിയിരുന്നു. ജില്ലാ എസ്.പി ആയ ഉടന്‍ പൊലീസ് ആസ്ഥാനത്തുവെച്ചുണ്ടായ ഒരു സംഭവം ഓര്‍ക്കുന്നു. അവിടെ എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ജനറല്‍ (ഐ.ഐ.ജി) എന്നാണ് അറിയപ്പെടുന്നത്. ഞങ്ങള്‍ ഏതാനും യുവ എസ്.പിമാര്‍ എ.ഐ.ജി ആയിരുന്ന ഭാഗ്യനാഥന്‍ നാടാരുടെ മുറിയില്‍ ഒത്തുചേര്‍ന്നു. എ.ഐ.ജിയില്‍നിന്നാണ് ആസ്ഥാന വിശേഷങ്ങള്‍ ഞങ്ങള്‍ അറിയുന്നത്. ഞങ്ങളെയെല്ലാം കണ്ടപ്പോള്‍ അദ്ദേഹം നല്ല ആവേശത്തിലായെന്നു തോന്നുന്നു. ജില്ലകളിലുള്ള ഓരോ എസ്.പിമാരെക്കുറിച്ചും ഡി.ജി.പിയുടെ അഭിപ്രായം എന്താണ് എന്നതില്‍ അദ്ദേഹം വാചാലനായി. 'കൊള്ളാം', 'പോര', 'മോശം', 'വളരെ മോശം', 'കുഴപ്പമില്ല' ഇങ്ങനെ പോയി വിലയിരുത്തലുകള്‍. കുറേ കേട്ട് കഴിഞ്ഞപ്പോള്‍ മനസ്സില്‍ ഒരു കുസൃതിച്ചോദ്യം ഉയര്‍ന്നുവന്നു. എ.ഐ.ജിയോട് അല്പം സ്വാതന്ത്ര്യം എടുത്ത് തമാശമട്ടില്‍ ചോദിച്ചു: ''ഞങ്ങളെപ്പറ്റിയെല്ലാം ഡി.ജി.പിയുടെ അഭിപ്രായം അറിഞ്ഞ സ്ഥിതിക്ക് അദ്ദേഹത്തെപ്പറ്റി ഞങ്ങള്‍ക്കുള്ള അഭിപ്രായം കൂടി പറയട്ടെ സാര്‍.'' കേള്‍ക്കാന്‍ പാടില്ലാത്തതെന്തോ കേട്ട ഭാവത്തില്‍ എ.ഐ.ജി കൈകൊണ്ട് മുഖം പൊത്തി, 'ഹഹഹ' എന്ന് ഉറക്കെ ചിരിച്ചു.

വെണ്‍മണി ഒരു തുടക്കം മാത്രമായിരുന്നു. ജില്ലാ എസ്.പിയെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ നേതാക്കളുമായും, ഉയര്‍ന്ന പൊലീസുദ്യോഗസ്ഥരുമായും പല അധികാരകേന്ദ്രങ്ങളുമായും ധാരാളമായി ഇടപഴകേണ്ടിവന്നതും പലപ്പോഴും 'ഏറ്റുമുട്ടേണ്ടി'വന്നതുമായ ഒരു വിഷയമായി മാറി സബ്ബ് ഇന്‍സ്പെക്ടര്‍മാരുടെ സ്ഥലം മാറ്റം. പൊലീസ് സംവിധാനത്തിനുള്ളിലെ എല്ലാവിധ സമ്മര്‍ദ്ദങ്ങളും അവസാനം ചെന്നെത്തുന്നത് പൊലീസ് സ്റ്റേഷനുകളിലാണ്. അതിന്റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് നേരെചൊവ്വെ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കാതെ നിസ്സാര കാര്യങ്ങളുടെ പേരില്‍ സ്ഥലം മാറ്റുക എന്നതായിരുന്നു നാട്ടുനടപ്പ്. വെണ്‍മണി അനുഭവം ഒരു നല്ല പാഠമായി. ആ മോഡല്‍ സ്ഥലം മാറ്റം ശരിയാകില്ല എന്നും സബ്ബ് ഇന്‍സ്പെക്ടറെ മാറ്റുന്നതിനുള്ള കാരണങ്ങളെക്കുറിച്ച് എസ്.പി എന്ന നിലയില്‍ വിലയിരുത്തല്‍ നടത്തണമെന്നും ബോദ്ധ്യം വന്നു. ഈ ബോദ്ധ്യം പിന്നീടെന്നെ പല 'കുഴപ്പ'ങ്ങളിലുംകൊണ്ട് ചാടിച്ചിട്ടുണ്ടെന്നു മാത്രം. വെണ്‍മണിക്കു ശേഷം കുറച്ച് പുകിലുകളൊക്കെ ഉണ്ടായെങ്കിലും അതിന്മേല്‍ മാത്രമൊന്നും ചെയ്യേണ്ടന്നും സ്ഥലം മാറ്റത്തിന്റെ പൊതു ആവശ്യകത ഉണ്ടാകുമ്പോള്‍ ഒരുമിച്ച് പരിശോധിക്കാമെന്നും തല്‍ക്കാലം തീരുമാനിച്ചു. അതുകൊണ്ടോ എന്തോ, ആദ്യം മുഖ്യമന്ത്രിയുടെ ഓഫീസ് എന്ന ലേബലില്‍ അക്കാര്യത്തില്‍ ഇടപെട്ട ഉദ്യോഗസ്ഥന്‍ പിന്നീട് ഒരിക്കലും അത്തരം ആവശ്യങ്ങളുമായി എന്നെ  വിളിച്ചിട്ടില്ല. എന്നാല്‍, ''ആലപ്പുഴ എസ്.പിയുടെ അഡ്മിനിസ്ട്രേഷന്‍ മോശമാണ്'' എന്നൊരു അഭിപ്രായം അദ്ദേഹം പറഞ്ഞതായി എന്റെ സഹപ്രവര്‍ത്തകനായിരുന്ന ഒരു ഡി.വൈ.എസ്.പി പറഞ്ഞു. അത് ശരിയാകാം, തെറ്റാകാം; പക്ഷേ, ഈ വിലയിരുത്തലിന് എന്താണ് അദ്ദേഹത്തിന്റെ വൈദഗ്ദ്ധ്യം, അഥവാ  യോഗ്യത? അധികാരസ്ഥാനത്താണെന്ന തോന്നല്‍, അല്ലാതെ മറ്റൊന്നുമല്ല. അധികാരമാണ് ഏറ്റവും വലിയ യോഗ്യത; അധികാരം തന്നെയാണ് പരമമായ  യുക്തി. ഫലത്തില്‍, ജനാധിപത്യ സര്‍ക്കാര്‍ സംവിധാനം പോലും അങ്ങനെയായി മാറുന്നുണ്ട്; നിയമവാഴ്ച, ഭരണഘടനാ മൂല്യങ്ങള്‍ എന്നൊക്കെ സൗകര്യമനുസരിച്ച് പറയാറുണ്ട് എന്നുമാത്രം.   

വ്യക്തിജീവിതവും ഔദ്യോഗികവൃത്തിയും

മുന്നോട്ട് പോകുന്തോറും ഉദ്യോഗസ്ഥ മാറ്റത്തിന്റെ പുതിയ മാനങ്ങള്‍ വെളിപ്പെട്ടുകൊണ്ടിരുന്നു.  അതിലൊരനുഭവത്തെ അസാധാരണമെന്നോ വിചിത്രമെന്നോ വിശേഷിപ്പിക്കാം. അടുത്ത ജില്ലയില്‍നിന്നും ഒരു എസ്.ഐയെ ആലപ്പുഴയ്ക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് പൊലീസ് ആസ്ഥാനത്തുനിന്നു കിട്ടി. നേരിട്ട് എസ്.ഐ നിയമനം ലഭിച്ച ഉദ്യോഗസ്ഥനായിരുന്നു അയാള്‍. ചെറുപ്പക്കാരായ എസ്.ഐമാരുടെ കുറവ് ആലപ്പുഴയിലുണ്ടായിരുന്നതുകൊണ്ട് അതൊരു നല്ല കാര്യമാണെന്ന് ആദ്യം തോന്നി. പക്ഷേ, ഉത്തരവിനു പിറകെ അയാളെപ്പറ്റിയുള്ള ചില കഥകളും എന്റെ ശ്രദ്ധയില്‍പ്പെട്ടു. ഉദ്യോഗസ്ഥന്റെ പ്രതിച്ഛായ അതിവേഗം സഞ്ചരിച്ച് അയാള്‍ക്കു മുന്‍പേ പുതിയ സ്ഥലത്തെത്തും; പ്രത്യേകിച്ചും അത് കളങ്കിതമാണെങ്കില്‍. പലപ്പോഴും പൊടിപ്പും തൊങ്ങലും വെച്ച കഥകളാണ് പ്രചരിക്കുക. അതുകൊണ്ട് വ്യക്തിപരമായി എന്റെ സമീപനം കഴിയുന്നത്ര മുന്‍വിധികളില്ലാതെ പുതിയ  ഉദ്യോഗസ്ഥനെ സമീപിക്കുക എന്നതായിരുന്നു. ഏതായാലും പുതിയ ഉദ്യോഗസ്ഥന്‍ വരുമ്പോള്‍ അയാളെ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് മനസ്സില്‍ ചില ആലോചനകള്‍ നടത്തിയിരുന്നു.

അങ്ങനെ പുതിയ എസ്.ഐ വന്നു. ആരുടേയും ശ്രദ്ധയാകര്‍ഷിക്കുന്ന ഒരു ആജാനബാഹു. നവാഗതന്‍  കൊള്ളാമല്ലോ, മനസ്സില്‍ തോന്നി. നേരത്തെ ജോലി ചെയ്ത സ്ഥലത്തെപ്പറ്റിയും അനുഭവത്തെപ്പറ്റിയുമൊക്കെ ഞാന്‍ ചോദിച്ചു. എസ്.പി റാങ്കിന്റെ ഭാരം അടിച്ചേല്പിക്കാന്‍ ശ്രമിക്കാതെ കഴിയുന്നത്ര സ്വതന്ത്രമായിട്ടാണ് സംസാരിച്ചത്. സംഭാഷണം അല്പം മുന്നോട്ട് പോയപ്പോള്‍ എസ്.ഐ പറഞ്ഞു ''സാര്‍, നോര്‍ത്ത് എസ്.ഐയ്ക്ക് മാറ്റമാണെന്നു കേട്ടു. എനിക്ക് ആ സ്റ്റേഷന്‍ കിട്ടിയാല്‍ കൊള്ളാം.'' പുതുതായി ജില്ലയില്‍ വരുന്ന എസ്.ഐ അവിടെ ഏതെല്ലാം വേക്കന്‍സിയുണ്ട് എന്ന് മനസ്സിലാക്കാന്‍ ശ്രമിക്കുന്നതില്‍ അസ്വാഭാവികതയില്ല. അതിനപ്പുറം ഏത് എസ്.ഐയ്ക്ക് സ്ഥലം മാറ്റം ഉണ്ടാകാം എന്ന കണ്ടുപിടിത്തം എനിക്ക് അത്ര രസിച്ചില്ല. ആലപ്പുഴ നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ അന്ന് ബി. വര്‍ഗ്ഗീസ് എന്ന ചെറുപ്പക്കാരനായിരുന്നു എസ്.ഐ. അദ്ദേഹം മികച്ച പ്രവര്‍ത്തനമാണ് അവിടെ നടത്തിയിരുന്നതെങ്കിലും അവിടുത്തെ ഭരണകക്ഷിയിലെ പല പ്രമുഖരും എസ്.ഐയ്‌ക്കെതിരായിരുന്നു. വര്‍ഗ്ഗീസിനെ മാറ്റാന്‍ ചില സമ്മര്‍ദ്ദങ്ങള്‍ നിരന്തരം ഉണ്ടായിരുന്നുവെന്നതും വസ്തുതയായിരുന്നു. ഏതായാലും നവാഗതനായ എസ്.ഐ ഇക്കാര്യത്തില്‍ നടത്തിയ ഗവേഷണവും കണ്ടുപിടിത്തവും തീരെ ഇഷ്ടപ്പെട്ടില്ല. അനിഷ്ടം പുറത്തുകാണിക്കാതെ ഞാന്‍ ചോദിച്ചു: ''നിങ്ങള്‍ക്കെന്താണ് നോര്‍ത്ത് പൊലീസ് സ്റ്റേഷനോട് താല്പര്യം?''  ''സാര്‍ എനിക്കൊരു പേഴ്സണല്‍ പ്രോബ്ലം ഉണ്ടായിരുന്നു. ഇപ്പോള്‍ അതെല്ലാം പരിഹരിച്ചു സര്‍.'' നവാഗതന്റെ മറുപടി. ഞാന്‍ ശ്രദ്ധയോടെ കേട്ടിരുന്നു. വളരെ ശാന്തനായി എസ്.ഐ തുടര്‍ന്നു: ''എനിക്കൊരു etxra-marital affair (വിവാഹേതര ബന്ധം) ഉണ്ടായിരുന്നു സാര്‍. ഇപ്പോള്‍ അതില്‍നിന്നും പൂര്‍ണ്ണമായും വിട്ടുനില്‍ക്കുകയാണ് സാര്‍.'' ഞാനിങ്ങോട്ട് വരുമ്പോള്‍ ടൗണില്‍ ചാറ്റല്‍ മഴയായിരുന്നുവെന്ന് പറയുന്ന നിസ്സാര ഭാവത്തിലാണയാള്‍ ''എനിക്കൊരു etxra-marital affair ഉണ്ടായിരുന്നു''വെന്നൊക്കെ പറഞ്ഞത്.  അത്ഭുതം  തോന്നി. അപ്പോഴും വിവാഹേതര ബന്ധവും ആലപ്പുഴ നോര്‍ത്ത് പൊലീസ് സ്റ്റേഷനും തമ്മിലെന്ത് ബന്ധം എന്നെനിക്കു പിടികിട്ടിയില്ല. ആ രഹസ്യം അയാള്‍ തന്നെ വെളിവാക്കി. ''സാര്‍, നോര്‍ത്ത് പൊലീസ് സ്റ്റേഷനാകുമ്പോള്‍ 24 മണിക്കൂറും ജോലിത്തിരക്കാണ്. അങ്ങനെ ആയാല്‍ പിന്നെ പഴയ തെറ്റിലോട്ട് ഞാന്‍ വീണ്ടും പോകില്ല.'' ആളെന്തൊരു സമര്‍ത്ഥന്‍. എന്തുകൊണ്ടോ ആ സാമര്‍ത്ഥ്യം എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല. ചുരുക്കം വാക്കുകളില്‍ ഞാന്‍ പറഞ്ഞു: ''വ്യക്തിജീവിതത്തിലെ തെറ്റ് തിരുത്തിയെങ്കില്‍ അത് നല്ലതാണ്. പക്ഷേ, സമയം കിട്ടിയാല്‍ പിന്നെയും പഴയതിലേയ്ക്ക് പോകും എന്ന്  സംശയമുണ്ടെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ തെറ്റ് തിരുത്തിയിട്ടില്ലായെന്നാണ്. ഏതായാലും പോസ്റ്റിങ്ങും ഇതും തമ്മില്‍ ബന്ധിപ്പിക്കാനാവില്ല. മാത്രവുമല്ല, ആലപ്പുഴ നോര്‍ത്തില്‍ വേക്കന്‍സിയുമില്ല. വര്‍ഗ്ഗീസിനെ മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല. അയാളവിടെ നല്ല വര്‍ക്ക് ചെയ്യുന്നുണ്ട്.''

അങ്ങനെ അയാള്‍ പോയി. ചേര്‍ത്തല സബ്ഡിവിഷനില്‍ ഒരു പൊലീസ് സ്റ്റേഷനില്‍ നിയമിച്ചു. അധികം  വൈകാതെ  വൃത്തികെട്ട ഒരു  കൈക്കൂലി കേസില്‍ അയാളെ സസ്പെന്റ് ചെയ്തു. ആ ഉദ്യോഗസ്ഥനെ പിന്നീട് ഞാന്‍ കണ്ടിട്ടില്ല. ഏതാനും വര്‍ഷം കഴിഞ്ഞ് ഒരു വാര്‍ത്ത കേട്ടു. ഒരു വീട്ടമ്മയും രണ്ടു മക്കളും ആത്മഹത്യ ചെയ്തു. 'കുടുംബനാഥന്‍' നാം കണ്ട ഉദ്യോഗസ്ഥനായിരുന്നു.

വലിയ ദുഃഖം തോന്നി. ഒരു മനുഷ്യന്‍ പാളം തെറ്റി സഞ്ചരിക്കുന്നു. ചില നിസ്സഹായര്‍ സ്വന്തം ജീവന്‍കൊണ്ട് അതിന് വില നല്‍കുന്നു. ഇതും മനുഷ്യാവസ്ഥ തന്നെ.

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com