ഇനിയില്ല വരദയില്‍ അഭയം 

വളരെയധികം തിരക്കുകള്‍ ഉണ്ടായിരുന്ന ടീച്ചര്‍ അതിനിടയിലും എനിക്കും അമ്മയ്ക്കും അച്ഛനുമൊപ്പം ചെലവഴിക്കാന്‍ അല്പനേരം കണ്ടെത്തി
ലേഖിക വരച്ച ചിത്രം
ലേഖിക വരച്ച ചിത്രം

യൂണിവേഴ്സിറ്റി കോളജില്‍ എം.എയ്ക്ക് അഡ്മിഷനെടുത്ത അന്ന് എന്റെ അമ്മയാണ് എന്നെ സുഗതകുമാരി ടീച്ചറുടെ വീട്ടില്‍ കൊണ്ടുപോയത്; 2017 സെപ്റ്റംബര്‍ മാസത്തില്‍. വളരെയധികം തിരക്കുകള്‍ ഉണ്ടായിരുന്ന ടീച്ചര്‍ അതിനിടയിലും എനിക്കും അമ്മയ്ക്കും അച്ഛനുമൊപ്പം ചെലവഴിക്കാന്‍ അല്പനേരം കണ്ടെത്തി. ഇടയ്ക്ക് കൂട്ടുകാരെ കൂട്ടിവരണമെന്നും ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടെന്നും പറഞ്ഞ് അനുഗ്രഹിച്ചയച്ചു. ഒരുമിച്ചുണ്ടായിരുന്ന സമയമത്രയും ആ മെലിഞ്ഞ് പതുപതുത്ത കൈകള്‍ക്കുള്ളില്‍ എന്റെ കൈ മുറുകെ പിടിച്ചിരുന്നു. പിന്നീട് പബ്ലിക് ലൈബ്രറിയില്‍ പോയി മടങ്ങുംവഴി ഒന്ന് രണ്ട് വട്ടം ടീച്ചറെ കാണാന്‍ ചെന്നെങ്കിലും പതിവു തിരക്കുകള്‍ക്കിടയില്‍ വിശേഷങ്ങള്‍ പറയാന്‍ ഒരു സാവകാശം ലഭിക്കാതെ, അവിടെവരെ ചെന്ന എന്നെ വെറുതേ  പറഞ്ഞയക്കണമല്ലോ  എന്ന് വിഷമിക്കുന്ന ടീച്ചറെയാണ് കണ്ടത്. കുറച്ച് കാലങ്ങള്‍ക്കു ശേഷം ഉച്ചകഴിഞ്ഞ് ക്ലാസ്സില്ലാതിരുന്ന ഒരു ദിവസം ഹോസ്റ്റലിലേക്കുള്ള യാത്രയില്‍ പെട്ടെന്നൊരു തോന്നലില്‍ ഒരിക്കല്‍ക്കൂടി അവിടേക്ക് ചെന്നു. അഥവാ ടീച്ചറെ കാണാന്‍ കഴിഞ്ഞില്ലെങ്കിലും ചെമ്പരത്തിച്ചോലയും നാലുമണിച്ചെടികളും വള്ളിപ്പടര്‍പ്പുമെല്ലാം തണലുവിരിച്ച ആ വഴി ഒന്ന് നടന്നിട്ട് വരാമല്ലോ എന്നോര്‍ത്തു. വീട്ടിലേക്ക് കയറിയതും 'കിച്ചു' വമ്പനൊരു കുരകുരച്ച് പുറത്തേക്കു ചാടി. സുജാത ടീച്ചറുടെ പട്ടിക്കുട്ടനാണവന്‍. വീടിന്റെ വലതുവശത്തെ മുറിയില്‍ തുറന്നിട്ട ജനാലകളിലൂടെ വരുന്ന വെളിച്ചത്തിന്റെ പ്രഭയില്‍ നെറ്റിയിലൊരു സിന്ദൂരപ്പൊട്ട് തൊട്ട് നേര്‍ത്ത കരയുള്ള നേര്യതും മുണ്ടുമുടുത്ത് ടീച്ചര്‍.

സംസാരിക്കാന്‍ മടിച്ചുനിന്ന എന്റെ പരിഭ്രമം കണ്ടിട്ടാവണം ടീച്ചര്‍തന്നെ വിശേഷങ്ങള്‍ ചോദിച്ചുകൊണ്ടേയിരുന്നു.

എന്തെങ്കിലും ചെറിയ ആവശ്യങ്ങള്‍ വന്നാല്‍ വിളിക്കുമെന്ന് പറഞ്ഞ് ടീച്ചറുടെ ഫോണ്‍ബുക്കില്‍ നമ്പര്‍ എഴുതിവാങ്ങി. ദിവസങ്ങള്‍ക്കകം വിളിവന്നു. വിളിക്കാന്‍ കാത്തുനിന്നെന്നപോലെ ക്ലാസ്സുകഴിഞ്ഞ് തിടുക്കത്തില്‍ ചെന്നു. ടീച്ചറെഴുതിയ ചില കുറിപ്പുകള്‍ വൃത്തിയായി പകര്‍ത്തിയെഴുതലാണ് എനിക്കു തന്ന ജോലി. ഇടയ്ക്ക് ലീലാന്റിയോട്-അവിടുത്തെ സഹായിയാണ്, 13 വര്‍ഷമായി ടീച്ചറുടെ നിഴല്‍പോലെ ലീലാന്റിയുണ്ട് ആ വീട്ടില്‍-ചായയും പലഹാരങ്ങളും കൊണ്ടുതരാന്‍ പറഞ്ഞു. പിന്നീടങ്ങോട്ട് എല്ലാ ദിവസങ്ങളിലുമെന്ന് പറയാം, ഞാന്‍ ടീച്ചറുടെ വീട്ടില്‍ പോകും. ചെറിയ പായല്‍പ്പൊട്ടുകള്‍ പതിഞ്ഞുകിടക്കുന്ന വഴിയിലെ തണല്‍പറ്റി, കൊഴിഞ്ഞുവീണ വെളുത്തപൂക്കളില്‍ ചിലത് പെറുക്കിയെടുത്ത്, കിച്ചുവിനോട് കൂട്ടുകൂടി, ലീലാന്റീടടുത്ത് സ്ഥിരം ചായയുടെ പറ്റുകാരിയായി, ജ്യോതിയുടെ- 'അഭയ'യിലെ അന്തേവാസിയാണ്, ടീച്ചര്‍ക്ക് സഹായത്തിന് ഈ ആന്ധ്രാക്കാരി കുട്ടിയുമുണ്ട്-ചെറിയ വലിയ വിശേഷങ്ങള്‍ കേട്ട് അങ്ങനെയങ്ങനെ അമൃതയും കുട്ടിയും കൊച്ചുമോളും കുഞ്ഞുമോളുമൊക്കെയായി ടീച്ചറുടെ വാത്സല്യം വേണ്ടുവോളം അനുഭവിച്ചു. മുല്ലക്കര സാറിന്റെ 'മഹാഭാരതത്തിലൂടെ' എന്ന പുസ്തകത്തിന്റെ അവതാരികയും സുജാത ടീച്ചറുടെ ചില കുറിപ്പുകളും സുഗതകുമാരി ടീച്ചര്‍ എഴുതിയ 'ഒരുപിടി കവിതകളു'മെല്ലാം ഈ പകര്‍ത്തിയെഴുത്തില്‍പ്പെടുന്നവയാണ്. എഴുതുന്നതോടൊപ്പംതന്നെ പലപ്പോഴും കവിതകള്‍ ചൊല്ലിക്കും. അവയ്ക്ക് പിന്നിലെ കഥകള്‍ പറയും. ടീച്ചറുടെ ചാരുകസേരയ്ക്കരികിലിരുന്ന് 'കൃഷ്ണകവിതകള്‍' ചൊല്ലുമ്പോള്‍ ടീച്ചര്‍ ഓരോ കഥാസന്ദര്‍ഭവും വിശദീകരിക്കും. അപ്പോള്‍ 'കുട്ടികളുടെ മഹാഭാരതം' വായിച്ച പത്ത് വയസ്സുകാരിയായ് എനിക്കെന്നെത്തന്നെ തോന്നും. ആനുകാലികങ്ങളില്‍ വരാറുള്ള എന്റെ ചില കവിതകള്‍ വായിച്ച് ഇത് വൃത്തത്തിലായിരുന്നെങ്കില്‍ കൂടുതല്‍ നന്നായേനേയെന്ന് ടീച്ചര്‍ പറയുമായിരുന്നു. ഒരിക്കല്‍ ടീച്ചറുടെ ചിത്രം എണ്ണച്ചായത്തില്‍ വരച്ചത് കാണിച്ചപ്പോള്‍ മുഖത്തെ ഗൗരവത്തെപ്പറ്റി പറഞ്ഞ് ഊറിച്ചിരിച്ചു. കീര്‍ത്തനങ്ങള്‍ പാടിക്കൊടുക്കുമ്പോള്‍ കണ്ണുകളടച്ച് പതിഞ്ഞ ശ്വാസഗതിയോടെ താളംപിടിക്കും. ഉച്ചയൂണിന് കറികള്‍ കുറവായാല്‍, ലീലാന്റിക്ക് കറിവയ്ക്കാന്‍ മടിയാണെന്നും മോള്‍ക്ക് നല്ല കറികള്‍വെച്ച്  കൊടുക്കൂവെന്നും പറഞ്ഞ് പരിഭവിക്കും. കിച്ചു എന്റടുത്ത് കളിക്കാന്‍ വരുമ്പോള്‍ അവശതകള്‍ മറന്ന് പലപ്പോഴും ടീച്ചറും  ഞങ്ങളോടൊപ്പം കൂടും. ടീച്ചറുടെ യാത്രകള്‍, അനുഭവങ്ങള്‍, ജീവിതനിമിഷങ്ങള്‍, ഒരുമിച്ച് കണ്ട സിനിമ, കേട്ട പാട്ടുകള്‍, വായിച്ച പുസ്തകങ്ങള്‍, എഴുതിയ കുറിപ്പുകള്‍... അങ്ങനെ എന്തെല്ലാം ഞങ്ങള്‍ക്കിടയില്‍ വന്നുപോയി. ടീച്ചറെ കാണാനായി വന്ന എത്രയെത്ര ആളുകളെ  അവിടെനിന്ന് പരിചയപ്പെട്ടു, എത്രപേരുടെ ചിരിയും സങ്കടങ്ങളും പരിഭവങ്ങളും വേദനയും ടീച്ചര്‍ക്ക് സ്വന്തമാകുന്നത് കണ്ടു! 

ഇവിടെ വീട്ടുമുറ്റത്ത്, ടീച്ചറുടെയടുത്തുനിന്ന് കൊണ്ടുവന്ന നാലുമണിച്ചെടികള്‍ പലനിറങ്ങളില്‍ പൂത്തുനില്‍ക്കുന്നു. എത്ര തിടുക്കപ്പെട്ടിട്ടും പറഞ്ഞുതീരാത്ത കഥകള്‍പോലെ, ടീച്ചറുടെ ചിലമ്പിച്ച ശബ്ദംപോലെ ചിണുങ്ങിപ്പെയ്യുന്ന മഴയത്ത്, തുറന്നിട്ട ജനാലയ്ക്കരികിലിരുന്ന് ഒഴുകിയിറങ്ങുന്ന കണ്ണുനീരോട് മത്സരിച്ച് ഒരിക്കല്‍ക്കൂടി 'എന്തരോ മഹാനുഭാവുലു' പാടുന്നു... അപ്പോള്‍, പരിചിതമാര്‍ന്ന  ആ പതുപതുത്ത കൈകള്‍ പതിവുപോലെ എന്റെ കവിള്‍ത്തടങ്ങളെ കൈക്കുമ്പിളിലൊതുക്കുന്നു... അറിയാത്ത ദൂരങ്ങളില്‍നിന്ന് പവിഴമല്ലിയുടെ ഗന്ധം ഉള്ളില്‍ വന്ന് നിറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com