മാപ്പിളമാരെ, സുഗതകുമാരി 'ഒരു നായര്‍ സ്ത്രീ' മാത്രമായിരുന്നില്ല

ഒന്‍പത് മക്കളുള്ള ഒരു സ്ത്രീയെ ഒരു സുപ്രഭാതത്തില്‍ തലാഖ് ചൊല്ലി ആദ്യ ഭാര്യയെ പുറത്താക്കിയ കേസ് വനിതാ കമ്മിഷനില്‍ എത്തിയതാണ് സെമിനാര്‍ സംഘടിപ്പിക്കാന്‍ ടീച്ചറെ പ്രേരിപ്പിച്ചത്
സു​ഗതകുമാരി/ ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ്
സു​ഗതകുമാരി/ ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ്

1977-ല്‍ കേരളത്തില്‍ വനിതാ കമ്മിഷന്‍ രൂപം കൊള്ളുകയും സുഗതകുമാരി ചെയര്‍ പേഴ്സണാവുകയും ചെയ്തിരുന്നു. സുഗതകുമാരി ടീച്ചര്‍ക്ക് വന്ന പല കേസുകളുടേയും അടിസ്ഥാനത്തില്‍ കോഴിക്കോട്ട് സംസ്ഥാന തലത്തിലുള്ള ഒരു സെമിനാര്‍ സംഘടിപ്പിച്ചു. മുസ്ലിം സ്ത്രീകളുടെ പ്രശ്‌നങ്ങളായിരുന്നു വിഷയം. 1997 മെയ് മാസമായിരുന്നു അത്. ഒന്‍പത് മക്കളുള്ള ഒരു സ്ത്രീയെ ഒരു സുപ്രഭാതത്തില്‍ തലാഖ് ചൊല്ലി ആദ്യ ഭാര്യയെ പുറത്താക്കിയ കേസ് വനിതാ കമ്മിഷനില്‍ എത്തിയതാണ് സെമിനാര്‍ സംഘടിപ്പിക്കാന്‍ ടീച്ചറെ പ്രേരിപ്പിച്ചത്. ആ സെമിനാറില്‍ മുസ്ലിം ലീഗിലേയും മുജാഹിദ്, ജമാ അത്തെ സംഘടനകളിലേയും പ്രതിനിധികള്‍ തയ്യാറെടുപ്പോടുകൂടിയാണ് വന്നത്. കോണ്‍ഗ്രസ് നേതാവും മുന്‍ സ്പീക്കറുമായ നഫീസത്ത് ബീവിയും സെമിനാറില്‍ പങ്കെടുത്തിരുന്നു. സെമിനാര്‍ തുടങ്ങിയപ്പോള്‍ത്തന്നെ വനിതാലീഗ് നേതാക്കളായ ഖമറുന്നിസ അന്‍വറും അഡ്വ. മറിയുമ്മയും മറ്റും ബഹളം വെച്ചു തുടങ്ങി. ഇ.ടി. മുഹമ്മദ് ബഷീര്‍ ചോദിച്ചത്, ടീച്ചര്‍ എന്തിനാണ് ഇപ്പോള്‍ ഈ വിഷയം ചര്‍ച്ചയ്‌ക്കെടുത്തത് എന്നാണ്. മറ്റനേകം വിഷയങ്ങളുണ്ടല്ലോ എന്ന്. ഒരുകാലത്തും മുസ്ലിം സ്ത്രീകളുടെ വിഷയം ചര്‍ച്ച ചെയ്യപ്പെടരുത് എന്നായിരിക്കാം അദ്ദേഹം ഉദ്ദേശിച്ചത്. ഖമറുന്നിസയും മറ്റും ചോദിച്ചത് 'നായര്‍ സ്ത്രീ' എന്തിനാണ് മുസ്ലിങ്ങളുടെ കാര്യത്തില്‍ ചര്‍ച്ച ചെയ്യുന്നത് എന്നായിരുന്നു. എന്നാലും 'നായര്‍ സ്ത്രീ' പ്രയോഗം കൂടിക്കൂടി വന്നു. ഇടയ്ക്ക് ഞാന്‍ സ്റ്റേജില്‍ കയറി മൈക്കു പിടിച്ചെടുത്തു. ചില സ്ത്രീകള്‍ വര്‍ഗ്ഗീയമായ പരാമര്‍ശങ്ങളും നടത്തി. ഒടുവില്‍ ടീച്ചര്‍ വളരെ വൈകാരികമായി മറുപടി പറഞ്ഞ് സെമിനാര്‍ അവസാനിപ്പിച്ചു.''

മലയാളത്തിന്റെ പ്രിയപ്പെട്ട കവയിത്രി സുഗതകുമാരിയെ മുസ്ലിംലീഗിലെ വര്‍ഗ്ഗീയ മതമനസ്സുകള്‍ പച്ചയ്ക്കു 'നായര്‍ സ്ത്രീ' എന്നു നിരന്തരം പറഞ്ഞാക്ഷേപിച്ചപ്പോള്‍ മൈക്ക് പിടിച്ചെടുത്ത ആ മുസ്ലിം സ്ത്രീ വി.പി. സുഹ്റയാണ്. അത്ഭുതപ്പെടുത്തുന്ന ഒരു കാര്യം, ഇ.ടി. മുഹമ്മദ് ബഷീറും 'നായര്‍ വിളി'കളില്‍നിന്ന് വനിതാ ലീഗ് പ്രവര്‍ത്തകരെ തടഞ്ഞില്ല എന്നതാണ്. തലാഖ് വിഷയം, സ്ത്രീകള്‍ക്കനുകൂലമായ ഒരു പ്രശ്‌നം ചര്‍ച്ച ചെയ്യുമ്പോഴാണ് ഖമറുന്നിസ അന്‍വറിന്റേയും മറ്റും ഹാലിളക്കം എന്നോര്‍ക്കുക. ഈ സെമിനാറിനുശേഷമാണ് 'മുസ്ലിം സ്ത്രീകളു'ടെ യാതനകള്‍ പറയാനുള്ള വേദിയായി 'നിസ' എന്ന സംഘടനയ്ക്ക് വി.പി. സുഹ്റ മുന്‍കയ്യെടുക്കുന്നത്. 

ചരിത്രപരമായി അതൊരു ഉറച്ച തീരുമാനമായിരുന്നു. മുസ്ലിംലീഗ് മതത്തിന്റെ പച്ചരക്തമൊഴുകുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ്. മതത്തില്‍ ഉണ്ണുകയും ഉറങ്ങുകയും ചെയ്യുന്ന പ്രസ്ഥാനം.

2020-ല്‍ മലയാളത്തില്‍ പുറത്തിറങ്ങിയ പുസ്തകങ്ങളില്‍നിന്ന് ഒരു പുസ്തകം, ജീവിതത്തിന്റെ സവിശേഷമായ അടയാളപ്പെടുത്തല്‍കൊണ്ട് വേറിട്ടും ഉയര്‍ന്നും നില്‍ക്കുന്നു. നമ്മുടെ ജീവിതാഖ്യാനങ്ങളില്‍ ഒരു മുസ്ലിം സ്ത്രീ അവരുടെ ഇരമ്പുന്ന ജീവിതവുമായി കടന്നുവന്നു. മലയാളത്തിലെ ആത്മകഥകള്‍/ജീവചരിത്രങ്ങള്‍ ആണാഖ്യാനങ്ങളാണ്. മിക്കവാറും 'ആണ്‍ലോക'ത്തിന്റെ ആവിഷ്‌കാരങ്ങള്‍. ഈ ആണ്‍ലോകങ്ങളുടെ ഉള്ളടരുകള്‍ തന്നെ മലയാള ആത്മകഥാ/ജീവചരിത്ര സാഹിത്യത്തില്‍ ആഴത്തില്‍ അനുഭവതലത്തില്‍ രേഖപ്പെടുത്തിയിട്ടുമില്ല. 'ആണ്‍' ഒരു 'അചഞ്ചലമായ' രൂപകമായി നിലകൊള്ളുന്നു. മലയാളം സാധ്യമാക്കിയ ഈ ആണ്‍ രൂപകങ്ങളില്‍ പി. കേശവദേവ്, കെ.പി. കേശവമേനോന്‍, ജോസഫ് മുണ്ടശ്ശേരി, ഇ.എം.എസ്. തുടങ്ങി എം.എന്‍. വിജയനും സുകുമാര്‍ അഴീക്കോട് വരെയുള്ളവര്‍ സാംസ്‌കാരിക/സാഹിത്യ പ്രതിനിധാനങ്ങളില്‍പ്പെടുന്നു. പ്രേംനസീര്‍, സത്യന്‍ മുതല്‍ പൃഥ്വിരാജ് വരെ ആണ്‍നടന കാലങ്ങള്‍. ഇവരെല്ലാം പറഞ്ഞ/എഴുതിയ/പ്രസംഗിച്ച കേരളം 'ആണ്‍തുറവി'കളുടെ ലോകമാണ്. ആണുങ്ങള്‍ അടയാളപ്പെടുത്തിയ ഈ ലോകസദസ്സില്‍ സ്ത്രീകള്‍ക്കു പ്രവേശനമില്ല. അവിടെ ഭാഷയുടെ ജൈവ സ്വഭാവം ആണത്തമാണ്.

വിപി സുഹ്റ
വിപി സുഹ്റ

സ്വയം ജനാധിപത്യവാദിയാക്കുന്ന ഹിന്ദു ഭാവുകത്വം

ലളിതാംബിക അന്തര്‍ജനം, ഷീല, മാധവിക്കുട്ടി, സുഗതകുമാരി, ദേവകി നിലയങ്ങോട്, എസ്. ശാരദക്കുട്ടി തുടങ്ങി ചിലര്‍ അവരുടെ 'ആത്മം.' അടയാളപ്പെടുത്തിയിട്ടുണ്ട്. അവരില്‍ ഉജ്ജ്വലമായ തുറന്നെഴുത്ത് നടത്തിയത് മാധവിക്കുട്ടിയും എസ്. ശാരദക്കുട്ടിയുമാണ്. കവിതയില്‍ സുഗതകുമാരിയിലും ആ ഹിന്ദു തുളസിക്കതിര്‍ ഭാഷ കാണാം. ഉള്ളില്‍ സ്വയം ജനാധിപത്യവാദിയാക്കുന്ന 'ഹിന്ദു' ഭാവുകത്വമാണ് അവരെ മനോഹരമായ ഭാഷയില്‍, സ്വയം പ്രകാശിപ്പിക്കാന്‍ ഇട നല്‍കിയത്. അവര്‍ ഹിന്ദുക്കളായിരുന്നതുകൊണ്ട് ഭാഷയില്‍ സ്വതസ്സിദ്ധമായ സാംസ്‌കാരിക ജൈവസ്പന്ദനങ്ങള്‍ കടന്നുവന്നു. മാധവിക്കുട്ടി കമലാ സുരയ്യയായതിനു ശേഷം 'കവിത'കള്‍ എഴുതിയെങ്കിലും ജീവിതത്തിന്റെ ആത്മപ്രകാശനം പോലെയുള്ള എഴുത്തുകളുണ്ടായിട്ടില്ല. പ്രണയം, വിവാഹം തുടങ്ങി 'വ്യക്തിഗത തെരഞ്ഞെ'ടുപ്പുകളില്‍ 'ജാതി/ സമുദായ' ദുരഭിമാനങ്ങള്‍ പേറുന്ന സമൂഹമാണ്, ഹിന്ദു സമൂഹം. ഇതില്‍ അടിത്തട്ടിലെ സമുദായങ്ങള്‍ക്കും 'അടിത്തട്ടനുഭവങ്ങളില്‍' നീറുമ്പോഴും 'ജാതി ദുരഭി'മാനങ്ങള്‍ കാണാം. ദുരഭിമാനക്കൊലകളുടെ ഒരു ചരിത്രം, (ഭൂതകാല വിഷയമല്ല കേരളത്തില്‍. 'അഭിമാനം പേറുന്ന ഭാഷയിലാണ്' നാം ജീവിതവും സാഹിത്യവും കവിതകളും പഠിച്ചത്.) ആണ്‍ ചതുര ലോകമാണത്. അതില്‍നിന്ന്, ചില അസ്ത്രങ്ങള്‍ മറ്റൊരു ദിശയില്‍നിന്നു തൊടുത്തുവിട്ടത് സുഗതകുമാരിയും മാധവിക്കുട്ടിയും ശാരദക്കുട്ടിയുമാണ്. ഹിന്ദു ഭാവനകളുടെ ജൈവികമായ ഉണര്‍വ്വുകള്‍ അവരെ പ്രചോദിപ്പിച്ചു. മാധവിക്കുട്ടിയും എസ്. ശാരദക്കുട്ടിയും അടിസ്ഥാനപരമായി ഹിന്ദു എഴുത്തുകാരികളാണ്. അതിന്റെ ശാലീനമായ ഒഴുക്കും നീര്‍ച്ചാട്ടം പോലെയുള്ള പൊട്ടിച്ചിതറി വീഴലും അവരുടെ എഴുത്തില്‍ കാണാം.

എന്നാല്‍, സാഹിത്യലോകത്തെ ഒരു വിടവ് നികത്തിയിരിക്കുന്നു, വി.പി. സുഹ്റയുടെ 'ജോറയുടെ കഥ' എന്ന ആത്മകഥ. ഒരു മുസ്ലിം സ്ത്രീയുടെ തുറന്നെഴുത്താണ് ഈ പുസ്തകം. മുസ്ലിങ്ങള്‍ക്കിടയിലെ സവര്‍ണ്ണധാരയായ 'തങ്ങന്മാരുടെ' കുടുംബത്തിലാണ് വി.പി. സുഹ്റ എന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. കണ്ണൂര്‍ ആനയിടുക്കിലെ ഏറെ പ്രശസ്തമായ 'സയ്ദ് (പ്രവാചകന്റെ പിന്തുടര്‍ച്ച അവകാശപ്പെടുന്ന കുടുംബ പരമ്പരകള്‍) കുടുംബത്തിലാണ് സുഹ്‌റയുടെ ജനനം. അതുകൊണ്ടുതന്നെ അവരുടെ ജീവിതം, ഒരു മുസ്ലിം സമൂഹത്തിന്റെ പൈതൃകം എങ്ങനെയാണ് എന്ന സവിശേഷമായ അടയാളപ്പെടുത്തല്‍ കൂടിയാണ്. ഒരു മുസ്ലിം പെണ്‍കുട്ടിയുടെ ബാല്യം, കുടുംബത്തിലെ അധികാര ഘടനകള്‍, മുസ്ലിം ഭക്ഷണം, പെണ്‍കുട്ടിയുടെ മദ്രസാ (മതപഠന) കാലം, വിവാഹം, മണിയറ, ലൈംഗികമായി അവരുടെ നേര്‍ക്കു വരുന്ന നോട്ടങ്ങള്‍, സാമൂഹ്യ സമരരംഗം, അതില്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും ആകുലതകളും, ഒരു മുസ്ലിം സ്ത്രീയുടെ പ്രവാസ ജീവിതം തുടങ്ങി ഒരു മലയാളി മുസ്ലിം സ്ത്രീ എഴുതിയ പ്രൗഢമായ ആത്മകഥയാണ് 'ജോറയുടെ കഥ.' ഈ പുസ്തകം മറ്റൊരു ദേശത്തെ സ്ത്രീ, മറ്റൊരു ഭാഷയിലാണ് എഴുതിയതെങ്കില്‍ അതിന്റെ വിവര്‍ത്തനമിറക്കി നാം കൊണ്ടാടപ്പെടുമെന്നു സംശയമില്ല. 

മലയാളത്തിന്റെ അഭിരുചികളില്‍ സാംസ്‌കാരികമായി സംലയിച്ചു കിടക്കുന്ന ഒരു മാപ്പിളത്തമുണ്ട്. അഴകേറും ഒപ്പനപ്പാട്ടായും പലഹാരമായും ബിരിയാണിയായും അതൊക്കെ ബഹു വിധത്തില്‍ ആവിഷ്‌കരിക്കപ്പെടുന്നുണ്ടെങ്കിലും 'ഒരു സമഗ്ര ജീവിതം' ഒരു മുസ്ലിം സ്ത്രീ എഴുതുന്നത് സാംസ്‌കാരിക ചരിത്രത്തിലെ നാഴികക്കല്ലാണ്. വിശദാംശങ്ങളില്‍ കുറേ മൗനങ്ങള്‍ ഈ പുസ്തകത്തിലുണ്ട്. എങ്കില്‍പ്പോലും ഇതു ചരിത്രപരമായ പുതിയൊരുവഴി തുറക്കലാണ്. വി.പി. സുഹ്റ 'നിസ' എന്ന വനിതാ മാസികയുടെ എഡിറ്റര്‍ കൂടിയാണ്.

വി.പി. സുഹ്റ 'കമലാ സുരയ്യയായ' മാധവിക്കുട്ടിയെ കാണാന്‍ പോയ ഒരു സന്ദര്‍ഭം ഇതില്‍ പറയുന്നു:
സുഹ്റ ചോദിച്ചു:
''ഇസ്ലാം മതത്തില്‍ വന്നിട്ട് എന്തെങ്കിലും പ്രത്യേക നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ടോ?'' 
കമലാ സുരയ്യയുടെ മറുപടി:
''നഷ്ടം മാത്രം. എല്ലാ ദിവസവും താടിക്കാരും തലേക്കെട്ടുകാരും വന്നു പണം ആവശ്യപ്പെടും. പിന്നെ പലേ ഭാഗത്തുനിന്നുമുള്ള ചീത്തവിളികളും!''

വി.പി. സുഹ്റയുടെ ആത്മകഥ മുസ്ലിം സ്ത്രീ ജീവിതത്തിന്റെ ജീവസ്പന്ദമറിയാന്‍ ആഗ്രഹിക്കുന്ന ആരും വായിച്ചിരിക്കേണ്ടതാണ്. സാരിത്തലപ്പുകൊണ്ടു മുടി മറച്ച്, ഉജ്ജ്വലമായ സമരവഴികളിലൂടെ കടന്നുപോകുന്ന ഒരു സ്ത്രീയുടെ ജീവിതമാണത്. 2020-ലെ മലയാള പുസ്തകം എന്നു നിസ്സംശയം പറയാം.

ഓര്‍മ്മയുടെ വാക്കുകളില്‍ പച്ചവരമ്പുകള്‍ തീര്‍ത്ത കവയിത്രി സുഗതകുമാരി കടന്നുപോയി. മലയാളത്തിലെ ഏറ്റവും വലിയ ആ കവയിത്രി കടന്നുപോകുന്നത് ആത്മകഥ എഴുതാതെയാണ്. എന്നാല്‍, ആ കവിതകളില്‍ ആത്മരേഖയുണ്ട്. വേരില്‍നിന്നുതന്നെ പടര്‍ന്ന ഹരിതകാന്തി അതിലുണ്ട്. ആ പച്ച, ഒരു സെക്യുലര്‍ ഹിന്ദുഭക്തിയുടെ പച്ചയാണ്. മാപ്പിള ഭാഷയ്ക്കും പച്ച നിറമുണ്ട്. സുഹ്റയുടെ ആത്മകഥയില്‍ മാപ്പിളപ്പച്ചയുണ്ട്. സുഗതകമാരിയുടെ കവിതകളില്‍ അഴകുള്ള ഹിന്ദു ഭാവനയും സുഹ്റയുടെ ആത്മകഥയില്‍ പെണ്‍ മാപ്പിളത്തവും രണ്ടു ദേശ കാലങ്ങളില്‍ കടന്നുവരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com