സ്വത്വാന്വേഷണത്തിന്റെ നാള്‍വഴികള്‍ ഇന്ത്യന്‍ സിനിമയില്‍; അന്തര്‍ഭാഗത്തേക്കുള്ള യാത്ര

'അപുത്രയ'ത്തിലെ പടങ്ങളെപ്പോലെ, അതല്ലെങ്കില്‍ 'ചാരുലത' പോലെ, വിപുലമായ ഒരാസ്വാദക സമൂഹത്തെ നേടിയെടുക്കാനോ ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും വഴിയൊരുക്കാനോ 'നായകി'നു കഴിയാതെ പോയി എന്നത് ഒരു സത്യമാണ്
ഷർമിള ടാ​ഗോർ നായകിൽ
ഷർമിള ടാ​ഗോർ നായകിൽ

Here wet rade our dreams
for coins - Albert Camus

കേവലം ഒരു അഭിനേതാവിന്റെ നിലവിട്ട് താരമായി മാറിയ സിനിമാനടനെ നാട്ടിലെ ചലച്ചിത്ര പ്രേമികള്‍ വിസ്മയംകൊണ്ട് വിടര്‍ന്ന മിഴികളോടെ നോക്കിക്കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. അധികം വൈകാതെ 'സൂപ്പര്‍ സ്റ്റാര്‍', 'മെഗാസ്റ്റാര്‍' എന്നീ വാക്കുകള്‍കൂടി നമ്മുടെ ചലച്ചിത്ര നിഘണ്ടുവില്‍ കയറിക്കൂടി. ഇവിടെ കൂണുപോലെ പൊട്ടിമുളച്ച 'ഫാന്‍ ക്ലബ്ബു'കളും താരനിശകളുമെല്ലാം ഈ വിശേഷണങ്ങള്‍ ചാര്‍ത്തപ്പെട്ട വ്യക്തികളുടെ അമാനുഷഭാവത്തിന് കൊഴുപ്പു പകര്‍ന്നു. സ്റ്റുഡിയോവിലെ വിളക്കുകള്‍ അണയുമ്പോള്‍ വെള്ളിത്തിരയിലെന്നപോലെ നിത്യജീവിതത്തിലും അഭിനയിക്കാന്‍ വിധിക്കപ്പെട്ട ഈ വ്യക്തികള്‍ക്ക് എന്തു സംഭവിക്കുന്നു എന്നത് സാധാരണഗതിയില്‍ നമ്മുടെ പരിഗണനയില്‍പ്പെടുന്ന വിഷയമല്ല. ഇതിനെക്കുറിച്ച് ആദ്യം ചിന്തിച്ച ചലച്ചിത്രശില്പികളില്‍ ഒരാളായിരുന്നു സത്യജിത് റേ. റേയുടെ 'നായക്' എന്ന സിനിമ 1966-ലാണ് പുറത്തിറങ്ങിയത്. 'കാഞ്ചെന്‍ ഗംഗ'യ്ക്കു ശേഷം റേ സ്വന്തമായി കഥയും തിരക്കഥയും രചിച്ച ആദ്യ ചിത്രം എന്ന സവിശേഷത 'നായകി'നുണ്ടായിരുന്നു. ഈ സിനിമയ്ക്ക് സംഗീതം പകര്‍ന്നതും റേ തന്നെയായിരുന്നു. 'അപുത്രയ'ത്തില്‍  ആരംഭിച്ച സത്യജിത്ത് റേ - രവിശങ്കര്‍ കൂട്ടുകെട്ട്, വ്യക്തിപരവും അല്ലാത്തതുമായ കാരണങ്ങളാല്‍, അവസാനിച്ചതിന്റെ ഫലം കൂടിയായിരുന്നു ഇത്. 'അപുത്രയ'ത്തിലെ പടങ്ങളെപ്പോലെ, അതല്ലെങ്കില്‍ 'ചാരുലത' പോലെ, വിപുലമായ ഒരാസ്വാദക സമൂഹത്തെ നേടിയെടുക്കാനോ ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും വഴിയൊരുക്കാനോ 'നായകി'നു കഴിയാതെ പോയി എന്നത് ഒരു സത്യമാണ്. അതേസമയം സുശിക്ഷിതരായ ഒരു ന്യൂനപക്ഷം ചലച്ചിത്രാസ്വാദകര്‍ ഈ സിനിമയെ എല്ലാ കാലത്തും നെഞ്ചിലേറ്റി നടന്നതായി കാണാം. ദേശീയതലത്തിലും അന്തര്‍ദ്ദേശീയ വേദികളിലും 'നായക്' എല്ലാ കാലത്തും ഒരു 'കള്‍ട്ട് ഫിലിം' ആയിരുന്നു. 

ഈ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നത് ഒരുകാലത്ത് ബംഗാളി സിനിമയിലെ ജനപ്രിയനായകനായിരുന്ന ഉത്തംകുമാറാണ്. കാല്പനിക പരിവേഷമുള്ള ഈ നടന്‍ ഒരു തലമുറയുടെ ഹൃദയം കവര്‍ന്ന ആളായിരുന്നു. ഉത്തംകുമാറിനെക്കുറിച്ചുള്ള ഐതിഹ്യങ്ങളിലൊന്ന് 1980-ല്‍ 54-ാം വയസ്സില്‍ അദ്ദേഹം അന്തരിച്ചപ്പോള്‍ കല്‍ക്കത്ത നഗരത്തിലെ ഗതാഗതം പൊടുന്നനെ നിലച്ചു എന്നതാണ്. 'നായകി'ല്‍ താരപദവിയിലെത്തിനില്‍ക്കുന്ന ഒരു നടന്റെ ഭാഗം അഭിനയിക്കാന്‍ ഉത്തംകുമാറിനെ തെരഞ്ഞെടുത്തതിന് റേ പറഞ്ഞ കാരണം ഇതായിരുന്നു: ''നിങ്ങള്‍ ഒരു 'മാറ്റിനി ഐഡൊലി'നെ അവതരിപ്പിക്കുമ്പോള്‍ ആ വേഷം ചെയ്യാന്‍ ഒരു താരത്തെത്തന്നെ ഉപയോഗിക്കണം. മറ്റാര്‍ക്കും അത് ചെയ്യാനാവില്ല; ആളുകള്‍ അത് അംഗീകരിക്കുകയില്ല.'' ഉത്തംകുമാറിന്റെ സ്വകാര്യജീവിതത്തെക്കുറിച്ച് ഏറെയൊന്നും അറിഞ്ഞുകൊണ്ടല്ല 'നായകി'ല്‍ ജനലക്ഷങ്ങളെ ഇളക്കിമറിച്ച ഒരു സിനിമാതാരത്തിന്റെ റോള്‍ താന്‍ അദ്ദേഹത്തിനു നല്‍കിയത് എന്നുകൂടി റേ പറയുകയുണ്ടായി. ഒരു കണക്കില്‍ ഇതു നന്നായി. കാരണം 'നായകി'ലെ മുഖ്യകഥാപാത്രം ജീവിച്ചിരിക്കുന്ന, അല്ലെങ്കില്‍ മരിച്ചുപോയ ഏതെങ്കിലും സിനിമാതാരത്തെ ഓര്‍മ്മിപ്പിക്കുന്നതിനു പകരം, താരപദവിയില്‍ എത്തിപ്പെടുന്നതിനും താഴോട്ടുവീഴാതെ  നില്‍ക്കുന്നതിനും ഒരു നടന്‍ നല്‍കേണ്ടിവരുന്ന വിലയെ സംബന്ധിച്ച സാര്‍വ്വലൗകികമായ പ്രശ്‌നത്തെക്കുറിച്ച് ചിന്തിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്ന ഒരാളായി മാറിയിരിക്കുന്നു. ഇതിനായി ഉത്തംകുമാര്‍ എന്ന നടന്റെ ശരീരവടിവും, വശ്യമായ അഭിനയരീതിയും, കൊച്ചു കൊച്ചു 'മാനറിസ'ങ്ങളുമെല്ലാം സംവിധായകന്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നു. ''ഈ ചിത്രത്തില്‍ കുറ്റങ്ങളും കുറവുകളും ഉണ്ടായിരിക്കാം, എന്നാല്‍ ഉത്തംകുമാറിന്റെ അഭിനയത്തില്‍ ഒരു പാളിച്ചയും തനിക്കു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നൊരു നിരീക്ഷണം റേ നടത്തുകയുണ്ടായി. ചിത്രത്തിന്റെ ഓരോ ഫ്രെയ്മിലും ജീവിതത്തെക്കാള്‍ വലിപ്പംപൂണ്ട ഒരു മഹാനടന് ഉയിരും ഉണ്‍മയും പകര്‍ന്നുകൊണ്ട് ഉത്തംകുമാര്‍ നിറഞ്ഞുനില്‍പ്പാണ്. 

ഉത്തംകുമാര്‍ സാക്ഷാത്കരിച്ചിട്ടുള്ള അരിന്ദം മുഖര്‍ജി എന്ന കേന്ദ്രകഥാപാത്രത്തിന്റെ സമീപദൃശ്യത്തോടുകൂടിയാണ് സിനിമ ആരംഭിക്കുന്നത്. (സിനിമ അവസാനിക്കുന്നതും അരിന്ദത്തിന്റെ 'ക്ലോസ്സപ്പ്' ഷോട്ടോടുകൂടിത്തന്നെ.) ക്രെഡിറ്റ് ടൈറ്റിലുകള്‍ തെളിയുമ്പോള്‍ പശ്ചാത്തലത്തില്‍ മുഴക്കമുള്ള ഒരു ശബ്ദം ഉയര്‍ന്നു കേള്‍ക്കാം. ഇതില്‍ ചെറിയൊരു സൂചന അടങ്ങിയിരിപ്പുണ്ട്. 'അപുത്രയ'ത്തില്‍ നാം അനുഭവിച്ചറിഞ്ഞ രവിശങ്കറിന്റെ സ്വച്ഛന്ദമായി പ്രവഹിക്കുന്ന സിതാര്‍വാദ്യത്തില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായൊരു സംഗീതവിരുന്നാണ് റേ ഈ ചിത്രത്തില്‍ ഒരുക്കൂട്ടിയിട്ടുള്ളത്. സംവിധായകന്‍ നമ്മെ ആദ്യം കൂട്ടിക്കൊണ്ടുപോകുന്നത് കല്‍ക്കത്തയിലുള്ള അരിന്ദം മുഖര്‍ജിയുടെ വീട്ടിലേക്കാണ്. ഈ വീട്ടിലെ അലങ്കാര ക്രമീകരണം അയാളുടെ ആഡംബരജീവിതത്തിലേക്ക് വിരല്‍ചൂണ്ടുന്നു. തന്റെ വലിപ്പമുള്ള നിറപ്പകിട്ടാര്‍ന്ന ഫോട്ടോകള്‍കൊണ്ട് വീടിന്റെ ചുവരുകള്‍ അലങ്കരിക്കാന്‍ യാതൊരു മടിയുമില്ലാത്ത ഒരാളാണ് നമ്മുടെ താരം എന്ന് തുടക്കത്തില്‍ത്തന്നെ നാം മനസ്സിലാക്കുന്നു. പ്രധാനപ്പെട്ട ഒരു പുരസ്‌കാരം സ്വീകരിക്കാന്‍ ഡല്‍ഹിക്ക് യാത്ര തിരിക്കാനുള്ള ഒരുക്കത്തിലാണ് അരിന്ദം. ഈ സമയത്ത് അവിടെ കടന്നുവരുന്ന ഹീര ലാല്‍ എന്ന ചലച്ചിത്ര നിര്‍മ്മാതാവും അയാളും തമ്മിലുള്ള സംഭാഷണത്തില്‍നിന്ന് കമ്പോളത്തില്‍ അരിന്ദത്തിനുള്ള താരമൂല്യം സംബന്ധിച്ച് നമുക്കൊരു ചെറുസൂചന ലഭിക്കുന്നു. മാത്രമല്ല, ഒരു താരത്തില്‍നിന്ന് ബഹുജനം പ്രതീക്ഷിക്കുന്ന പ്രൗഢിയോടും നാട്യങ്ങളോടും കൂടിയാണ് സിനിമാലോകവുമായുള്ള തന്റെ ബന്ധം അയാള്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത് എന്നുകൂടി ഈ കൂടിക്കാഴ്ചയില്‍നിന്ന് നമുക്ക് വായിച്ചെടുക്കാം. എന്നാല്‍, ഈ സമയത്ത് അയാളെ ചെറുതായി അലോസരപ്പെടുത്തുന്ന ഒരു സംഗതിയുണ്ട്. പ്രഭാതപത്രത്തില്‍ അയാള്‍ തലേന്നു രാത്രി പൊതുസ്ഥലത്തുവെച്ച് ഒരു പാര്‍ട്ടിക്കിടയില്‍ ഒരാളുമായി തല്ലുകൂടിയ വാര്‍ത്ത അച്ചടിച്ചുവന്നിരിക്കുന്നു. ഒരു നടിയുമായി ബന്ധപ്പെട്ട ഒന്നായിരുന്നു ഈ വഴക്ക്. അപകീര്‍ത്തികരമായ ഈ പത്രവാര്‍ത്തയുടെ അലയൊച്ചകള്‍ സിനിമയിലുടനീളം ഒഴിയാതെ നില്‍പ്പുണ്ട്. ഈ നേരത്ത് അരിന്ദത്തിന്റെ അവസാനത്തെ ചിത്രത്തില്‍ നായികയായി അഭിനയിച്ച നടി ടെലിഫോണില്‍ അയാളുമായി ബന്ധപ്പെടുന്നു. പല കാര്യങ്ങളും നമ്മുടെ ഊഹത്തിനു വിട്ടുകൊണ്ടുള്ള അവരുടെ സംഭാഷണത്തില്‍നിന്ന് അഭ്രലോകത്തില്‍ അയാള്‍ ചെന്നു മുട്ടിനില്‍ക്കുന്ന മധുരപ്രലോഭനങ്ങളെക്കുറിച്ചും അവ വരുത്തിവയ്ക്കുന്ന പൊല്ലാപ്പുകളെക്കുറിച്ചും നമുക്കു വിവരം ലഭിക്കുന്നു. 

സ്റ്റേഷനില്‍ തിങ്ങിക്കൂടിനില്‍ക്കുന്ന ആരാധകരുടെ അഭിവാദനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ട് കല്‍ക്കത്തയില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള തീവണ്ടിയില്‍ കയറുന്ന അരിന്ദത്തെയാണ് അടുത്തതായി നാം കാണുന്നത്. ഇരുപത്തിനാലു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഒരു യാത്രയ്ക്ക് തയ്യാറെടുത്തുകൊണ്ടാണ് അയാള്‍ വന്നിരിക്കുന്നത്. ഒരുവേള സത്യജിത്ത് റേ തന്നെ തന്റെ സിനിമകള്‍ക്കുള്ള ദേശീയപുരസ്‌കാരങ്ങള്‍ കൈപ്പറ്റാനായി താന്‍ ജീവിക്കുന്ന കല്‍ക്കത്ത നഗരത്തില്‍നിന്ന് തലസ്ഥാനത്തേക്ക് ഈ മട്ടില്‍ യാത്ര ചെയ്തിരിക്കാനിടയുണ്ട്. അത്തരം അനുഭവങ്ങളുടെ ഓര്‍മ്മകള്‍ ഇവിടെ അരിന്ദം നടത്തുന്ന യാത്രയുടെ വിവരണത്തില്‍ കലര്‍ന്നിരിക്കാനിടയുണ്ടോ? ഒരു ഗ്ലാമര്‍താരത്തിന്റെ അസ്വസ്ഥമായ സഞ്ചാരപഥം പിന്തുടരുന്നതിലൂടെ സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ഏറ്റവും വിഖ്യാതനായ ഈ ചലച്ചിത്ര സ്രഷ്ടാവ് സ്വന്തം കാല്‍പ്പാടുകള്‍ പതിഞ്ഞ വഴികളിലേക്ക് തിരിഞ്ഞുനോക്കാനുള്ള ശ്രമം കൂടി നടത്തുകയാണോ ചെയ്തത്? ഇതിനൊന്നും വ്യക്തമായ ഉത്തരമില്ല. അതേസമയം നമ്മുടെ കണ്ണില്‍ തടയുന്ന ഒരു വസ്തുത, 'നായകി'ല്‍, പൂര്‍ണ്ണമായ അര്‍ത്ഥത്തിലല്ലെങ്കില്‍ക്കൂടി, 'സിനിമയ്ക്കുള്ളിലെ സിനിമ'യുണ്ട് എന്നതാണ്. ഒരു പകലിരവിന്റെ സമയപരിധിക്കുള്ളില്‍, രംഗസജ്ജീകരണത്തിലുമതേ പശ്ചാത്തലനിര്‍മ്മിതിയിലുമതേ അവശ്യംവേണ്ട വസ്തുക്കള്‍ മാത്രം ഉപയോഗപ്പെടുത്തിക്കൊണ്ട്, കാണികള്‍ തിയേറ്ററിനുള്ളില്‍ ഇരുട്ടിലിരുന്നുകൊണ്ട് നോക്കിക്കാണുന്ന നിഴലുകളുടെ ലീലയ്ക്കു പിന്നില്‍ മറഞ്ഞിരിക്കുന്ന പ്രഹേളികകള്‍ എത്തിപ്പിടിക്കാനുള്ള ശ്രമമാണ് സംവിധായകന്‍ ഇവിടെ നടത്തുന്നത്. ചില വിമര്‍ശകന്മാര്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ, 'നായക്' ഒരു 'മിനിമലിസ്റ്റ്' ഫിലിമാണ്. എന്നാല്‍, അതിന്റെ ധ്വന്യാത്മകമായ ഉള്ളടക്കം ഉപരിതലത്തില്‍ കാണുന്നതിനെക്കാള്‍ സങ്കീര്‍ണ്ണവും സമ്പന്നവുമായ ഒന്നാണ്. 

അരിന്ദം മുഖര്‍ജി കടന്നുവരുന്നതോടുകൂടി തീവണ്ടിക്കുള്ളിലെ അന്തരീക്ഷത്തിലെ ഊഷ്മാവ് കുത്തനെ ഉയരുന്നതായി കാണാം. തുടര്‍ന്നങ്ങോട്ടുള്ള യാത്രയിലുടനീളം വിസ്മയത്തിന്റേതായ നേര്‍ത്തൊരു പാട, പ്രതീക്ഷകളേയും കണക്കുകൂട്ടലുകളേയും തെറ്റിക്കുന്ന ഒരദൃശ്യഘടകം, അവിടെ തങ്ങിനില്‍ക്കുന്നു. അരിന്ദത്തിന്റെ സഹയാത്രികരെ തെരഞ്ഞെടുത്തതില്‍ സംവിധായകന്‍ കാണിച്ചിട്ടുള്ള കൗശലം എടുത്തുപറയേണ്ട ഒന്നാണ്. അക്കൂട്ടത്തില്‍ പഴമയുടെ ഓര്‍മ്മയുമായി കഴിയുന്ന ഒരാളുണ്ട്, സ്വാതന്ത്ര്യാനന്തര ദശകങ്ങളില്‍ ഭാരതത്തില്‍ രൂപംകൊണ്ട പുതിയ ബിസിനസ് സംസ്‌കാരത്തിന്റെ പ്രതിനിധിയുണ്ട്, പരസ്യത്തിന്റെ ലോകത്തില്‍ മുളപൊട്ടിത്തുടങ്ങിയ മത്സരബുദ്ധിക്കും അധാര്‍മ്മിക വാസനകള്‍ക്കും ഉദാഹരണമൊരുക്കുന്ന ഒരു വിലകുറഞ്ഞ മനുഷ്യനുണ്ട്, മനക്കരുത്തുകൊണ്ട് ലോകത്തെ മാറ്റിമറിക്കാമെന്നു വിശ്വസിക്കുന്ന W.W.W.W. എന്നു പേരുള്ള സംഘടനയുടെ തലവനായ ഒരു സ്വാമിയുണ്ട്. പുതിയ തരം സിനിമകളെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് പത്രാധിപന്മാര്‍ക്ക് കത്തുകളെഴുതുന്ന ശീലമുള്ള അഘോര്‍ ചതോപാദ്ധ്യായ എന്ന പടുകിഴവനാണ് അരിന്ദം ആദ്യം പരിചയപ്പെടുന്ന വ്യക്തി. 'നിശ്ശബ്ദയുഗ'ത്തിലെ സിനിമകളുടെ ആരാധകനായ അഘോര്‍ ചതോപാദ്ധ്യായ പുതിയ കാലഘട്ടത്തിലെ സിനിമാക്കാരുടെ ധാര്‍മ്മികാധ:പതനത്തെപ്പറ്റി കഠിനമായി രോഷംകൊള്ളുന്ന ഒരാളാണ്. 'നായകി'ല്‍ തമാശയുടെ കൊച്ചുനിമിഷങ്ങള്‍ വിടരുന്നത് അല്പം മദ്യം അകത്താക്കിയതിനുശേഷം അരിന്ദം ദുര്‍മുഖം കാണിച്ചിരിക്കുന്ന ഈ വയോധികനുമായി സംഭാഷണത്തിലേര്‍പ്പെടുന്ന സന്ദര്‍ഭത്തിലാണ്. തന്റെ സുന്ദരിയായ ഭാര്യയെ (മോളി) ഒരു പ്രലോഭനവസ്തുവായി ഉപയോഗിച്ചുകൊണ്ട് ഹരെണ്‍ ബോസ് എന്ന ബിസിനസ്സുകാരനെ സ്വാധീനിച്ച് തന്റെ കമ്പനിക്ക് പരസ്യം പിടിക്കാനുള്ള ശ്രമത്തിലാണ് പ്രിതീഷ് സര്‍ക്കാര്‍. പക്ഷേ, മോളി സ്വന്തമായി ഒരു മനസ്സും ശരീരവുമുള്ള ഒരുവളാണ് താന്‍ എന്നു തെളിയിക്കുന്നതോടുകൂടി ഈ ശ്രമം പാളിപ്പോകുന്നു. ബോസ് തത്ത്വദീക്ഷയില്ലാത്തവനാണ്, അതേസമയം അയാളുടെ ഭാര്യയായ മനോരമയും രോഗിണിയായ മകള്‍ ബുള്‍ബുളും നമ്മെ ഒരിക്കലും മടുപ്പിക്കുന്നില്ല. മനുഷ്യത്വത്തിന്റെ വറ്റാത്ത ഉറവ ഇരുവരിലുമുണ്ട്. ഈ കഥാപാത്രങ്ങളെ ഉപയോഗിച്ചുകൊണ്ട് പ്രത്യക്ഷത്തില്‍ സംഭവശൂന്യമായ ഒരു തീവണ്ടിയാത്രയുടെ ചിത്രീകരണത്തിനിടയില്‍ ആസൂത്രിതമായ നീക്കങ്ങളും അടക്കിപ്പിടിച്ച മോഹങ്ങളും സഹാനുഭൂതിക്കായുള്ള പ്രതീക്ഷയുമടങ്ങുന്ന കൊച്ചുകൊച്ച് മാനുഷികസന്ധികള്‍ സംവിധായകന്‍ ഒരുക്കൂട്ടുന്നു. 

നമ്മുടെ കഥാനായകന്‍ തലേന്നു രാത്രി കാട്ടിക്കൂട്ടിയ പരാക്രമം സംബന്ധിച്ച് പ്രഭാതപത്രത്തില്‍ വന്നിട്ടുള്ള വാര്‍ത്ത ചില യാത്രികരില്‍ വെറുപ്പുളവാക്കിയിട്ടുണ്ട്. എന്നാല്‍, സ്ത്രീകളെ സംബന്ധിച്ചിടത്തോളം അരിന്ദം ദൈവത്തെപ്പോലെയാണ്, ആധുനിക യുഗത്തിലെ ശ്രീകൃഷ്ണനാണ്. ഈ ആരാധന ഒട്ടുംതന്നെ പങ്കുപറ്റാത്ത ഒരാളാണ് സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഒരു മാഗസിന്റെ പത്രാധിപരായ അദിതി സെന്‍ഗുപ്ത. അദിതി തുടക്കത്തില്‍ ഒരുതരം സന്ദേഹത്തോടും നേരിയ അപ്രിയത്തോടും കൂടിയാണ് ഈ ജനപ്രിയനായകന്റെ തീവണ്ടിയിലെ സാന്നിധ്യത്തെ നോക്കിക്കാണുന്നത്. സിനിമാലോകത്തില്‍ അരങ്ങേറുന്ന നെറികെട്ട കാര്യങ്ങളെപ്പറ്റി അറിയുന്നതിനാലാവാം അവള്‍ അരിന്ദത്തിന്റെ പകിട്ടില്‍ ഭ്രമിക്കാതെ അകലം പാലിക്കുകയാണ് ആദ്യം ചെയ്യുന്നത്. ഒപ്പമുള്ള ഒരു യാത്രക്കാരിയുടെ പ്രേരണയ്ക്കു വഴങ്ങി അവള്‍ അയാളെ ഇന്റര്‍വ്യൂ ചെയ്യാന്‍ തീരുമാനിക്കുന്നു. ഇതില്‍ ചെറിയൊരു കണക്കുകൂട്ടല്‍ അടങ്ങിയിട്ടുണ്ട്. അരിന്ദവുമായുള്ള കൂടിക്കാഴ്ച തന്റെ മാസികയുടെ പ്രചാരം കൂട്ടാന്‍ സഹായിക്കുമെന്ന് അദിതി പെട്ടെന്ന് തിരിച്ചറിയുന്നു. അങ്ങനെ ഒരു പത്രപ്രവര്‍ത്തകന് ലഭിക്കാവുന്ന ഒന്നാംതരം ഇര എന്ന നിലയ്ക്കാണ് അരിന്ദത്തെ അവള്‍ സമീപിക്കുന്നത്. സിനിമയുടെ തുടര്‍ന്നുള്ള ഗതി നിര്‍ണ്ണയിക്കുന്നത് അവരുടെ അഭിമുഖസംഭാഷണമാണ്. 

സൊറപറച്ചിലില്‍നിന്നാരംഭിച്ച് കനം തൂങ്ങുന്ന ഏറ്റുപറച്ചിലിലേക്കു നയിക്കുന്ന ഈ സംഭാഷണത്തിലേക്കു കടന്നുചെല്ലുന്നതിന് മുന്‍പ് നമ്മുടെ സിനിമാതാരത്തിന്റെ മനഃശാസ്ത്രപരവും ഒപ്പം ശാരീരികവുമായ (spycho-physical) അവസ്ഥയിലേക്ക് എത്തിനോക്കേണ്ടിയിരിക്കുന്നു. സിനിമയുടെ 'ഓപ്പണിംഗ് സീക്വെന്‍സി'ല്‍ത്തന്നെ അരിന്ദത്തിന്റെ മദ്യപാനശീലത്തെപ്പറ്റി നമുക്ക് സൂചന ലഭിക്കുന്നുണ്ട്. പിന്നീട് തീവണ്ടിയാത്രയ്ക്കിടയില്‍ മയക്കുമരുന്നിനെപ്പറ്റിയും ഉറക്കഗുളികകളുടെ ഉപയോഗത്തെപ്പറ്റിയുമുള്ള പരാമര്‍ശങ്ങള്‍ കടന്നുവരുന്നു. അരിന്ദം ലഹരിവസ്തുക്കളുടെ ഉപയോഗത്തിലൂടെ തന്റെ മനസ്സിന്റെ പിരിമുറുക്കത്തിന് അയവുവരുത്തുന്നതിന്റെ അടയാളങ്ങള്‍ അയാളുടെ ശരീരഭാഷയിലും ചേഷ്ടകളിലും തെളിഞ്ഞു കാണാം. തന്നെത്തന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ട് വിചാരണ ചെയ്യാന്‍ അയാള്‍ക്കിപ്പോള്‍ തടസ്സമില്ല. ലഹരിയുടെ ലോകത്തിലേക്കുള്ള പടിപടിയായ കടന്നുകയറ്റം അയാള്‍ കൈവരിക്കുന്ന ഈ പുതിയ സ്വാതന്ത്ര്യത്തിന് വേഗതയണയ്ക്കുന്നു. 

സത്യജിത് റേ
സത്യജിത് റേ

ഷര്‍മിള ടാഗോര്‍ അവതരിപ്പിക്കുന്ന അദിതി സെന്‍ഗുപ്ത എന്ന കഥാപാത്രം മെയ്യഴകും ബുദ്ധിശക്തിയും ഒത്തിണങ്ങിയ ഒരു ആധുനിക സ്ത്രീയാണ്. പകല്‍സ്വപ്നങ്ങള്‍ പടച്ചുവിടുന്ന ഫാക്ടറിയായി മാറിക്കഴിഞ്ഞ വാണിജ്യ സിനിമാലോകത്തെ സംബന്ധിച്ച് അവള്‍ക്ക് തീരെ വ്യാമോഹങ്ങളില്ല. മാത്രമല്ല, വര്‍ത്തമാനകാലഘട്ടത്തിലെ ബംഗാളി സിനിമ യാഥാര്‍ത്ഥ്യത്തില്‍നിന്ന് അകന്നുപോയതായുള്ള പരാതിയും അവള്‍ക്കുണ്ട്. നിശിതമായ ഈ വാസ്തവബോധമാണ് താന്‍ ജീവിക്കുന്ന മായാലോകത്തില്‍നിന്ന് അല്പനേരം പുറത്തുകടന്ന് തന്റെ യഥാര്‍ത്ഥ സ്വത്വത്തെ അഭിമുഖീകരിക്കാന്‍ അരിന്ദത്തെ പ്രേരിപ്പിക്കുന്നതില്‍ അവള്‍ക്ക് തുണയായിത്തീര്‍ന്നത്. കുറ്റപ്പെടുത്തലും വിധിപ്രസ്താവവും ഒഴിവാക്കിക്കൊണ്ടുള്ള മൃദുസ്വരത്തിലുള്ള, എന്നാല്‍, പതറാത്ത ചോദ്യങ്ങളിലൂടെയും അന്വേഷണങ്ങളിലൂടെയും അദിതി സെന്‍ഗുപ്ത തന്റെ ജീവിതത്തിലെ വിട്ടുപോയ കണ്ണികള്‍ കണ്ടെത്താനും വിടവുകള്‍ പരതിച്ചെല്ലാനും അരിന്ദം മുഖര്‍ജിയെ സഹായിക്കുന്നു. ഒരു കുറ്റസമ്മതത്തില്‍നിന്നു വേറൊന്നിലേക്ക് കൊണ്ടെത്തിക്കുന്ന അവളുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉത്തരം നല്‍കുന്നതിനിടയില്‍ അയാളുടെ ഭൂതകാലത്തിലെ പ്രേതങ്ങള്‍ പലതും ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു. അടിമനസ്സില്‍ പതിയിരിക്കുന്ന അരക്ഷിതത്വഭീതി മുകള്‍പ്പരപ്പില്‍ കുതിച്ചെത്തുന്നു. 

രണ്ട് സ്വപ്നരംഗങ്ങളും ഏഴ് 'ഫ്‌ലാഷ്ബാക്കു'കളും അടങ്ങിയ ഒന്നാണ് അരിന്ദം കാലത്തിലൂടെ നടത്തുന്ന പിന്‍നടത്തം. 'ഫ്‌ലാഷ്ബാക്കു'കള്‍ക്ക് ആകസ്മിക സ്വഭാവം കൈവന്നിരിക്കുന്നു എന്നൊരു പരാതിക്ക് അടിസ്ഥാനമുണ്ട്. സംവിധായകന്‍ വര്‍ത്തമാനമുഹൂര്‍ത്തത്തില്‍നിന്ന് കഴിഞ്ഞ കാലത്തേക്ക് 'കട്ട്' ചെയ്യുന്ന രീതി കാലപ്പഴക്കം ചെന്ന ഒന്നാണെന്ന് ഇന്നത്തെ ഒരു പ്രേക്ഷകനു തോന്നാനിടയുണ്ട്. 
ഒന്നാമത്തെ സ്വപ്നരംഗത്തില്‍ പച്ചനോട്ടുകളുടെ കൂമ്പാരത്തില്‍ കാല്‍ പുതഞ്ഞുപോയി വേച്ചുവേച്ചു നടക്കുന്ന അരിന്ദത്തെ നാം കാണുന്നു. സഹായത്തിനായി അയാള്‍ തന്റെ പണ്ടത്തെ ആദര്‍ശപുരുഷനും ആചാര്യനുമായ ശങ്കര്‍-ദായുടെ കൈവിരലുകളില്‍ എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നു, പക്ഷേ, വിജയിക്കുന്നില്ല. 

ഒരുപക്ഷേ, 'നായകി'ലെ ദുര്‍ബ്ബലമായ ഒരു കണ്ണിയാണിത്. റേയെപ്പോലുള്ള പക്വമതിയായ ഒരു സംവിധായകനില്‍നിന്ന് നാം പ്രതീക്ഷിക്കാത്ത തരത്തില്‍ പ്രകടനാത്മകമായിപ്പോയി ഈ സ്വപ്നരംഗത്തിന്റെ ചിത്രീകരണം. എം.ജി. രാമചന്ദ്രന്‍ നായകനായി വരുന്ന ഒരു തമിഴ് സിനിമയിലാണ് ഇത്തരമൊരു രംഗം കടന്നുവരുന്നതെങ്കില്‍ നമുക്കത് മനസ്സിലാക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍, റേയുടെ ചിത്രത്തില്‍ കേന്ദ്രകഥാപാത്രം ചെന്നുവീഴുന്ന ചതിക്കുഴികള്‍ കാട്ടിത്തരുന്നതിന്റെ ഭാഗമായി രൂപപ്പെടുത്തിയിട്ടുള്ള ദൃശ്യവും അതിന്റെ കൂടെയുള്ള 'ഫോര്‍ച്ച്യൂണ്‍ ഫിലിംസി'നെക്കുറിച്ചുള്ള പരാമര്‍ശവും, എന്തിന് ഇവിടത്തെ പശ്ചാത്തലസംഗീതം കൂടി മുഴച്ചുനില്‍ക്കുന്നതായേ പ്രേക്ഷകര്‍ക്ക് തോന്നാനിടയുള്ളു. ഈ സ്വപ്നരംഗം സംബന്ധിച്ച് റേ ഒരുപക്ഷേ, നല്‍കാനിടയുള്ള ന്യായീകരണം ഇതായിരിക്കും: കുട്ടിക്കാലത്തു തന്നെ അച്ഛനമ്മമാരെ നഷ്ടപ്പെട്ട് അനാഥനായി വളര്‍ന്ന ഒരാളാണ് അരിന്ദം. അങ്ങനെയുള്ള ഒരു വ്യക്തിയുടെ മാനസികഘടന കണക്കിലെടുക്കുമ്പോള്‍ അയാളെ കീഴ്പെടുത്തുന്ന സമ്പത്തിന്റെ പ്രലോഭനം കാണിച്ചിട്ടുള്ള രീതിയില്‍ തെറ്റൊന്നുമില്ല. 

(തീവണ്ടിയാത്രയ്ക്കിടയില്‍ രൂപംകൊള്ളുന്ന ഉപാഖ്യാനങ്ങളില്‍ ഒന്നുമായി വേണമെങ്കില്‍ ഈ കഥാമുഹൂര്‍ത്തത്തെ ബന്ധപ്പെടുത്താം. സ്വയം വില്‍ക്കാന്‍ തയ്യാറാകുന്ന കലാകാരന്‍ അഭിമുഖീകരിക്കുന്ന ദുരന്തത്തിന്റെ വേറൊരു രൂപമാണ്, ഇരയെ മണത്തുനടക്കുന്ന സ്ത്രീലമ്പടനായ ഒരപരിചിതന് കാര്യലാഭത്തിനുവേണ്ടി വഴങ്ങിക്കൊടുക്കാന്‍ തന്റെ ഭര്‍ത്താവ് ചെലുത്തുന്ന സമ്മര്‍ദ്ദം നേരിടുന്ന മോളിയുടെ അവസ്ഥ. അവള്‍ പക്ഷേ, ഈ ആകര്‍ഷണത്തില്‍നിന്ന് തെന്നിമാറുന്നു.)

ജീവിതം യൗവ്വനതീക്ഷ്ണമായിരുന്ന നാളുകളില്‍ അരിന്ദം ശങ്കര്‍-ദായുടെ മേല്‍നോട്ടത്തിലുള്ള ഒരു ഡ്രാമാട്രൂപ്പിലെ അംഗമായിരുന്നു. അയാള്‍ക്ക് ഏറെ ആത്മസംതൃപ്തി പകര്‍ന്ന ഒന്നായിരുന്നു ഈ തൊഴില്‍. ഒരു നാടകനടന്‍ എന്ന നിലയില്‍ അരിന്ദം തികഞ്ഞ അര്‍പ്പണബുദ്ധിയോടുകൂടിയാണ് തനിക്കു കിട്ടിയ വേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്. അപ്പോഴാണ് സിനിമയില്‍ അഭിനയിക്കാനുള്ള ഒരവസരം അയാളെ തേടിയെത്തിയത്. ഇതില്‍നിന്നും അയാളെ പിന്തിരിപ്പിക്കാന്‍ ശങ്കര്‍ ആവുന്നത്ര ശ്രമിച്ചു. ശങ്കര്‍ അരിന്ദത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ച ഒരു സത്യമുണ്ട്: ''ഒരു സിനിമാനടന്‍ വെറുമൊരു പാവയാണ്. സംവിധായകന്റെ, ക്യാമറാമാന്റെ, മേയ്ക്കപ്പ്മാന്റെ കൈകളിലെ പാവ.'' എന്നാല്‍, അരിന്ദം ഒട്ടും വൈകാതെ നാടകവേദി ഉപേക്ഷിച്ച് വന്‍തുക പ്രതിഫലമായി ലഭിക്കുന്ന സിനിമയില്‍ ചേര്‍ന്നു. ഈ നേരത്ത് ശങ്കര്‍ പറഞ്ഞതിനുള്ള എതിര്‍യുക്തി അയാള്‍ കണ്ടെത്തി: ''മര്‍ലന്‍ ബ്രാന്‍ഡൊ, ഹംഫ്രി ബൊഗാര്‍ട് ഇവരൊക്കെ വെറും പാവകളാണോ?'' തന്റെ ഒന്നാമത്തെ പ്രേമഭാജനമായിരുന്ന നാടകവേദി കൈയൊഴിഞ്ഞ് വാണിജ്യസിനിമയുടെ ഭാഗമായി മാറാനുള്ള തന്റെ തീരുമാനത്തെ ഖേദത്തോടുകൂടിയാണ് അയാള്‍ ഇപ്പോള്‍ നോക്കിക്കാണുന്നത്. താന്‍ പിരിഞ്ഞുപോയ വേളയിലുള്ള ശങ്കര്‍-ദായുടെ അവജ്ഞ കലര്‍ന്ന നോട്ടം അയാള്‍ മറന്നിട്ടില്ല. 

'നായകി'ല്‍ റേ സംബോധന ചെയ്യുന്ന കാതലായ പ്രശ്‌നങ്ങളിലൊന്ന് സിനിമയും നാടകവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ളതാണ്. ഒരു നാടകനടന്‍ കാണികളുമായി നേരിട്ടു സംവദിക്കുന്നു, തിയേറ്ററിനുള്ളിലെ കാണികളുടെ സാന്നിധ്യം അയാള്‍ക്ക് പ്രത്യക്ഷത്തില്‍ ഊര്‍ജ്ജം പകരുന്നു. അതേസമയം ഒരു സിനിമാനടന്റെ അഭിനയം പ്രേക്ഷകരില്‍ എത്തിച്ചേരുന്നത് സാങ്കേതികവിദ്യയുടെ മാധ്യമത്തിലൂടെ കടന്നുപോയതിനു ശേഷമാണ്. സിനിമാനടന്‍ അടിസ്ഥാനപരമായി സംവിധായകന്റെ കൈയിലെ അസംസ്‌കൃത പദാര്‍ത്ഥമാണ്, അതിനെ താന്‍ ആഗ്രഹിക്കുന്ന മട്ടില്‍ ചിട്ടപ്പെടുത്തിയെടുക്കുന്ന ജോലി സംവിധായകന്റേതാണ്. ഒരു മേയ്ക്കപ്പ്മാന്‍ വിചാരിച്ചാല്‍, ഒരു ക്യാമറമാന്‍ വിചാരിച്ചാല്‍, എഡിറ്റര്‍ വിചാരിച്ചാല്‍ സിനിമാനടന്റെ അഭിനയരീതിയെ പലതരം അര്‍ത്ഥഭേദങ്ങള്‍ക്ക് വിധേയമാക്കാന്‍ കഴിയും. ഇതുകൂടാതെ, പ്രേക്ഷകസമൂഹത്തിന്റെ ചപലവും ചഞ്ചലവുമായ അഭിരുചികളാണ് കമ്പോളത്തില്‍ അയാള്‍ക്കുള്ള ആയുര്‍ദൈര്‍ഘ്യം നിര്‍ണ്ണയിക്കുന്നത്.

ഉത്തം കുമാർ
ഉത്തം കുമാർ

അരിന്ദം തന്റെ സര്‍ഗ്ഗജീവിതത്തില്‍ കടന്നുപോയ ഈ പ്രതിസന്ധിയുടെ ചിത്രീകരണത്തിലൂടെ റേ ഒരുപക്ഷേ, സ്വന്തം ആത്മാവിഷ്‌കരണ മാധ്യമത്തെ ചെറിയ തോതിലുള്ള ഒരു വിചാരണയ്ക്ക് വിധേയമാക്കിയിരിക്കുകയാണ്. ആധുനിക കാലഘട്ടത്തിലെ ഒരു സിനിമാസംവിധായകന്‍ നിര്‍മ്മാതാവിന്റെ, മൂലധനശക്തികളുടെ കൈകളിലെ ഒരു കളിപ്പാവയല്ലേ? അയാള്‍ ഏതളവില്‍ സ്വാതന്ത്ര്യവും സ്വയംഭരണാവകാശവും അനുഭവിക്കുന്നതായി ഒരാള്‍ക്ക് പറയാന്‍ കഴിയും? സംവിധായകന്‍ പ്രേക്ഷകരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന ഒരു ഉപകരണമായിത്തീരുന്നത് ശരിയാണോ? തന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവു കുറിച്ച തീരുമാനത്തെച്ചൊല്ലി റേയുടെ കഥാനായകന്‍ നടത്തുന്ന വീണ്ടുവിചാരത്തിന്റെ അരികുകളില്‍ ഇത്തരം ആധിപൂണ്ട സന്ദേഹങ്ങള്‍ തങ്ങിനില്‍പ്പുള്ളതായി കരുതേണ്ടിയിരിക്കുന്നു. റേയെക്കുറിച്ച് പരക്കെ പറഞ്ഞുകേട്ടിരുന്ന ഒരാക്ഷേപം അദ്ദേഹം തന്റെ നാട്ടിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്കുവേണ്ടിയല്ല, നേരെമറിച്ച് വിദേശ ഫിലിം ഫെസ്റ്റിവലുകള്‍ മുന്നില്‍ കണ്ടുകൊണ്ടാണ് സിനിമകളെടുക്കുന്നത് എന്നതാണ്. 'പഥേര്‍ പാഞ്ചലി'യുടെ കാലംതൊട്ട് ഈ വിമര്‍ശനം അദ്ദേഹത്തെ പിന്തുടരുകയുണ്ടായി. ചലച്ചിത്രലോകത്തിലെ പുറംപൂച്ചും യാഥാര്‍ത്ഥ്യവും തമ്മിലുള്ള വിടവ് ചിത്രീകരിക്കുന്ന 'നായകി'ല്‍ സിനിമാവ്യവസായത്തിന്റെ അവിഭാജ്യാംശമായി മാറിക്കഴിഞ്ഞ ഒരഭിനേതാവ് ചെന്നെത്തിനില്‍ക്കുന്ന വിഷമസന്ധിയെ ഒരു മറയായി ഉപയോഗിച്ചുകൊണ്ട് റേ ഒരു ചലച്ചിത്രസ്രഷ്ടാവ് എന്ന നിലയ്ക്കുള്ള തന്റെ പദവിയുടെ പൊരുള്‍ നിര്‍വ്വചിക്കാന്‍ ശ്രമിച്ചതായി അനുമാനിക്കേണ്ടിയിരിക്കുന്നു. 

അരിന്ദം മുഖര്‍ജിയുടെ ഓര്‍മ്മകളുടെ ചാരത്തില്‍നിന്ന് ഉയിര്‍കൊള്ളുന്ന വേറൊരു കഥാപാത്രമാണ് മുകുന്ദ് ലാഹ്രി. മുഴക്കമുള്ള ശബ്ദംകൊണ്ടും നാടകീയത മുറ്റിയ പ്രകടനരീതികൊണ്ടും കാണികളെ പിടിച്ചിരുത്തിയ പഴയകാലത്തെ ഒരു നടന്‍. അരിന്ദം ആദ്യമായി ക്യാമറയുടെ മുന്നില്‍  പ്രത്യക്ഷപ്പെട്ട ദിവസം സഹനടനായ മുകുന്ദ് ലാഹ്രി അയാളുടെ അഭിനയരീതിയെ കണക്കിനു കളിയാക്കിവിട്ടു. ശബ്ദവിന്യാസമുള്‍പ്പെടെ സിനിമാഭിനയത്തിന്റെ എല്ലാ തലങ്ങളിലും ഒതുക്കവും മിതത്വവും പുലര്‍ത്താന്‍ തുടക്കം തൊട്ടു ശ്രമിച്ച അരിന്ദത്തിന്റെ ഭാഗത്ത് യഥാര്‍ത്ഥത്തില്‍ തെറ്റൊന്നും പറ്റിയിട്ടില്ലായിരുന്നു. ബോക്‌സ് ഓഫീസില്‍ തുടര്‍ച്ചയായുണ്ടായ പരാജയങ്ങള്‍ ലാഹ്രിയെ തളര്‍ത്തി. മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം അയാള്‍ സിനിമയില്‍ ചെറിയൊരു അവസരമെങ്കിലും തരപ്പെടുത്തിത്തരണമെന്ന അഭ്യര്‍ത്ഥനയുമായി അതിനകം താരമായി മാറിക്കഴിഞ്ഞ അരിന്ദത്തെ സമീപിച്ചു. മദ്യത്തിന് മുഴുവനായി അടിപ്പെട്ടുകഴിഞ്ഞ ലാഹ്രിയില്‍നിന്ന് ഇനിയൊന്നും പ്രതീക്ഷിക്കാനില്ല എന്നു കണ്ട അരിന്ദം ഈ അഭ്യര്‍ത്ഥന ചെവിക്കൊണ്ടില്ല. ഇങ്ങനെ ഒഴിഞ്ഞുമാറിയതിലൂടെ അരിന്ദം പണ്ടൊരിക്കല്‍ തന്നെ അപമാനിച്ച ഇന്നലത്തെ താരത്തോട് മധുരമായി പകരം വീട്ടുകയല്ലേ ചെയ്തത് എന്ന അദിതിയുടെ ചോദ്യത്തിനു മുന്‍പില്‍ അയാള്‍ പതറുന്നു. 

ലാഹ്രിക്ക് സഹായം നിഷേധിച്ചതിനെച്ചൊല്ലിയുള്ള കുറ്റബോധത്തെക്കാളേറെ, ഈ മുതിര്‍ന്ന നടന് വന്നുപെട്ട ദുര്‍വിധിയില്‍ അടങ്ങിയിട്ടുള്ള താക്കീതാണ് കഥാനായകനെ അലട്ടുന്നത്. സിനിമ തുടങ്ങുമ്പോള്‍ അരിന്ദം തന്റെ സെക്രട്ടറിയായ ജ്യോതിയോട് താന്‍ അഭിനയിച്ച പുതിയ ചിത്രം തിയേറ്ററില്‍ എങ്ങനെ ഓടുന്നു എന്നാരായുന്നുണ്ട്. അദിതിയുമായുള്ള കൂടിക്കാഴ്ചയുടെ അവസാനമടുക്കുമ്പോള്‍ അയാള്‍ അവളോടു ചോദിക്കുന്നു: ''എന്റെ ഏറ്റവും ഒടുവിലത്തെ സിനിമ ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടാല്‍ അതിന്റെ കാരണം എന്തായിരിക്കും എന്നാണ് നിങ്ങള്‍ കരുതുന്നത്?'' എപ്പോള്‍ വേണമെങ്കിലും താന്‍ താരപദവിയില്‍നിന്ന് കുത്തനെ താഴെപ്പോയേക്കാമെന്നും അപ്പോള്‍ ആരും തന്റെ സഹായത്തിനുണ്ടാവില്ലെന്നും അയാള്‍ക്കറിയാം. അദിതിയുമായുള്ള സംഭാഷണത്തിനിടയില്‍ അരിന്ദം ഒന്നുരണ്ടു തവണ സിനിമാലോകത്തില്‍ തന്റെ പതനം കാത്തിരിക്കുന്ന ആളുകളെപ്പറ്റി പറഞ്ഞ് അമര്‍ഷം കൊള്ളുന്നതു കാണാം. ജനലക്ഷങ്ങള്‍ക്ക് ആനന്ദം പകര്‍ന്നുകൊണ്ട് വെള്ളിത്തിരയില്‍ ആടിയും പാടിയും പ്രത്യക്ഷപ്പെടുന്ന ഈ കലാകാരന്റെ ഹൃദയത്തിന്റെ ഉള്ളറകളില്‍ ഒരുതരം അരക്ഷിതത്വബോധം പതിയിരിപ്പുണ്ട്. താന്‍ അഭിനയിക്കുന്ന രണ്ടുമൂന്നു പടങ്ങള്‍ ബോക്‌സ് ഓഫീസില്‍ നിലംപൊത്തിയാല്‍ പിന്നെയുള്ള തന്റെ സ്ഥാനം തെരുവിലായിരിക്കും എന്ന തിരിച്ചറിവ് തനിക്കു കൈവന്നിട്ടുള്ള പേരും പെരുമയും ആസ്വദിക്കുന്ന വേളയില്‍ക്കൂടി അയാള്‍ക്ക് പേടി പകരുന്നു.
 
'നായക്' എന്ന സിനിമയിലൂടെ താന്‍ ചെയ്യാന്‍ ശ്രമിച്ചത് ഒരു സിനിമാതാരത്തിന്റെ മനഃശാസ്ത്രം പരതുക എന്നതായിരുന്നു എന്ന് റേ ഒരിടത്ത് പറഞ്ഞിട്ടുണ്ട്. ഇതോടൊപ്പം താരത്തെ ആരാധിക്കുന്ന ജനസമൂഹത്തിന്റെ മനഃശാസ്ത്രത്തിലേക്ക് ഇറങ്ങിച്ചെല്ലുക എന്ന ലക്ഷ്യവും സംവിധായകന് ഉണ്ടായിരുന്നതായി തോന്നുന്നു. 

വാണിജ്യാംശം കുറവായ കലാരൂപത്തോട് എന്നപോലെ അവശതയനുഭവിക്കുന്ന ജനങ്ങള്‍ നടത്തുന്ന അവകാശസമരങ്ങളോടും അരിന്ദം ആഭിമുഖ്യം പുലര്‍ത്തിയ ഒരു കാലമുണ്ടായിരുന്നു. അപ്പോഴുള്ള അയാളുടെ ചങ്ങാതിയായിരുന്നു ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനായ ബിരേഷ്. അരിന്ദം താരപദവിയിലെത്തിയ കാലത്ത് ഒരുനാള്‍ ബിരേഷ് അയാളെ പണിമുടക്കിലേര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ അടുക്കല്‍ കൂട്ടിക്കൊണ്ടുപോയതിനുശേഷം അവരെ അഭിസംബോധന ചെയ്തുകൊണ്ട് ഒരു വാക്ക് സംസാരിക്കാന്‍ അയാളോട് ആവശ്യപ്പെട്ടു. തൊഴില്‍സമരം പോലുള്ള കാര്യങ്ങളില്‍ നേരിട്ടിടപെടുന്നത് ഒരു നടന്‍ എന്ന നിലയ്ക്കുള്ള തന്റെ പ്രതിച്ഛായയെ ബാധിക്കും എന്ന കാരണം പറഞ്ഞ് അരിന്ദം തന്റെ ചങ്ങാതിയുടെ അഭ്യര്‍ത്ഥന തള്ളി. പകരം എത്ര വേണമെങ്കിലും പണം തന്ന് സഹായിക്കാന്‍ താന്‍ ഒരുക്കമാണ് എന്നു പറഞ്ഞുകൊണ്ട് കാറില്‍നിന്ന് പുറത്തിറങ്ങുകപോലും ചെയ്യാതെ സ്ഥലം വിട്ട അരിന്ദത്തിനായി, പണ്ട് ശങ്കര്‍ - ദാ ചെയ്തതുപോലെ, ബിരേഷ് കരുതിവെച്ച നിന്ദകലര്‍ന്ന നോട്ടം ഓര്‍മ്മയില്‍ ചൂഴ്ന്നിറങ്ങിയ ഒന്നായിരുന്നു.

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com