മനുഷ്യരില്‍ ഒരു 'പ്രാഞ്ചിയേട്ടന്‍' ഒളിഞ്ഞുകിടക്കുന്നുണ്ടോ?

എത്ര വിലപ്പെട്ട മനുഷ്യജീവനുകളാണ് സാര്‍, ആ രണ്ടുപേര്‍ ചേര്‍ന്ന് രക്ഷിച്ചത്.'' ആലപ്പുഴ എസ്.പി ഓഫീസില്‍ എന്റെ മുന്നിലിരുന്ന ആ ചെറുപ്പക്കാരന്‍ അല്പം വൈകാരികമായാണ് അതു പറഞ്ഞത്
കെ.എഫ്. റസ്റ്റം
കെ.എഫ്. റസ്റ്റം

ത്ര വിലപ്പെട്ട മനുഷ്യജീവനുകളാണ് സാര്‍, ആ രണ്ടുപേര്‍ ചേര്‍ന്ന് രക്ഷിച്ചത്.'' ആലപ്പുഴ എസ്.പി ഓഫീസില്‍ എന്റെ മുന്നിലിരുന്ന ആ ചെറുപ്പക്കാരന്‍ അല്പം വൈകാരികമായാണ് അതു പറഞ്ഞത്. ഞാനും യോജിച്ചു. ''അതെ, വലിയ കാര്യം തന്നെ.'' കുമരകത്തുനിന്ന് ആലപ്പുഴയ്ക്ക് പുറപ്പെട്ട ഒരു ബോട്ട്, ആലപ്പുഴയില്‍ കരയ്ക്കടുക്കും മുന്‍പ് അപകടത്തില്‍പ്പെട്ടു. പഴയ ആ യാത്രാ ബോട്ടില്‍ എങ്ങനെയോ വെള്ളം കയറാന്‍ തുടങ്ങി. ബോട്ട് കുറേശ്ശെ താഴാന്‍ തുടങ്ങി. പത്ത് മുപ്പത് യാത്രക്കാര്‍ ഉണ്ടായിരുന്നു. അക്കാലത്ത്, അപകടമുണ്ടായാല്‍ ഉപയോഗിക്കേണ്ട ലൈഫ്ബോയ് പോലുള്ള സുരക്ഷാസാമഗ്രികള്‍ ഒന്നും ബോട്ടിലുണ്ടാവില്ല. ബോട്ട് മുങ്ങുമെന്ന് ഭയന്ന് യാത്രക്കാര്‍ വലിയ വെപ്രാളത്തിലായി. പലരും അലമുറയിടാന്‍ തുടങ്ങി. കുറേ അകലെ ഒരു വള്ളത്തില്‍  ഉണ്ടായിരുന്ന രണ്ടുപേര്‍ ഇതുകണ്ടു. അവര്‍ ഭാര്യാഭര്‍ത്താക്കന്മാരായിരുന്നു. പുല്ല് കയറ്റുന്ന ജോലിയിലോ  മറ്റോ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു അവര്‍.  

അപകടസാദ്ധ്യത മനസ്സിലാക്കിയ അവര്‍ വേഗം, തങ്ങള്‍ തുഴഞ്ഞിരുന്ന ചെറുവള്ളം ബോട്ടിനടുത്തേയ്ക്ക് കൊണ്ടുപോയി. അവരിരുവരും വലിയ മനസ്സാന്നിദ്ധ്യം കാണിച്ചു. ഇത്തരം സന്ദര്‍ഭങ്ങളില്‍ രക്ഷാപ്രവര്‍ത്തനം അത്ര എളുപ്പമല്ല. മുങ്ങാന്‍ സാദ്ധ്യത ഉണ്ടായിരുന്ന  ബോട്ടില്‍നിന്നും കുറേശ്ശെയായി യാത്രക്കാരെ വള്ളത്തില്‍ കയറ്റി; കരയിലേയ്ക്ക് തുഴഞ്ഞു. അങ്ങനെ പല പ്രാവശ്യമായി മുഴുവന്‍ യാത്രക്കാരേയും സുരക്ഷിതരായി കരയ്‌ക്കെത്തിക്കാന്‍ ആ ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് കഴിഞ്ഞു. മൊബൈല്‍ ഫോണ്‍ പോലുള്ള സൗകര്യമില്ലാതിരുന്ന അക്കാലത്ത് അവര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ പ്രാധാന്യം വളരെ വലുതായിരുന്നു. കാരണം, അപകടത്തില്‍പ്പെട്ട ബോട്ടില്‍നിന്നും മറ്റേതെങ്കിലും വിധത്തില്‍ പുറത്ത് വിവരം നല്‍കി സഹായം തേടാനുള്ള സാദ്ധ്യത ഇല്ലായിരുന്നുവെന്നുതന്നെ പറയാം. അതുകൊണ്ടുതന്നെ സമയോചിതമായി ഇടപെട്ട്, സമര്‍ത്ഥമായി  പ്രവര്‍ത്തിച്ച് വലിയൊരു അപകടത്തില്‍നിന്നും മുഴുവന്‍ ആളുകളേയും സുരക്ഷിതരാക്കി കരയ്‌ക്കെത്തിച്ച ആ ദമ്പതികളെ എല്ലാപേരും അഭിനന്ദിച്ചു. സംഭവം വലിയ വാര്‍ത്തയായി.  പത്രങ്ങള്‍, പ്രാദേശിക പേജിലാണെങ്കിലും പ്രാധാന്യത്തോടെ അത് പ്രസിദ്ധീകരിച്ചു.
 
അക്കാര്യമാണ് എന്റെ മുന്നിലിരുന്ന ചെറുപ്പക്കാരന്‍ സൂചിപ്പിച്ചത്. അയാളുടെ കൂടെ ഏതാണ്ട് സമപ്രായക്കാരനായ മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നു. അവര്‍ അവിടുത്തെ യുവാക്കള്‍ ചേര്‍ന്ന് രൂപീകരിച്ച ഒരു പൗരസമിതി ഭാരവാഹികളാണെന്നാണ് എന്നോട് പറഞ്ഞത്. വലിയ രക്ഷാപ്രവര്‍ത്തനം നടത്തിയ ആ വ്യക്തികളെ ആദരിക്കാന്‍ പൗരസമിതി തീരുമാനിച്ചിരിക്കുകയാണത്രെ. സംഭവത്തിനുശേഷം ഒരാഴ്ചയിലധികം കഴിഞ്ഞായിരുന്നു ഈ സന്ദര്‍ശനം. അവരെ ആദരിക്കാനും അഭിനന്ദിക്കാനും ആരും അതുവരെ മുന്നോട്ടുവരാത്തതില്‍ ആ യുവാക്കള്‍ ധാര്‍മ്മികരോഷം പ്രകടിപ്പിക്കുകയും ചെയ്തു. അവരോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാതെ ഞാനതെല്ലാം കേട്ടു. പക്ഷേ, ഇതൊക്കെ എന്നോടെന്തിനു പറയുന്നു എന്നുമാത്രം  മനസ്സിലായില്ല. അവസാനം കാര്യം പറഞ്ഞു. ആ പൗരസമിതിയുടെ സ്വീകരണച്ചടങ്ങ് ജില്ലാ പൊലീസ് സൂപ്രണ്ട് തന്നെ ഉദ്ഘാടനം ചെയ്യണം എന്നാണവരുടെ ആവശ്യം. എന്തുകൊണ്ടോ എനിക്കതില്‍ പങ്കെടുക്കാന്‍ വലിയ താല്പര്യം തോന്നിയില്ല. അതുകൊണ്ട് എന്നെ ഒഴിവാക്കണമെന്ന്  തികഞ്ഞ മര്യാദയോടെ അറിയിച്ചു. അവര്‍ പിന്നെയും നിര്‍ബ്ബന്ധിച്ചു. കൂട്ടത്തില്‍ ചടങ്ങിന്റെ മഹത്വം, വലിപ്പം, പ്രാധാന്യം മുതലായ കാര്യങ്ങളില്‍ പിന്നെയും അവര്‍ വാചാലരായി. മാതൃകാപരമായി രക്ഷാപ്രവര്‍ത്തനം നടത്തിയ ആ ദമ്പതികള്‍ക്ക് ഒരു പവനില്‍ കുറയാത്ത സ്വര്‍ണ്ണനാണയം ഉപഹാരമായി നല്‍കുന്നുണ്ടെന്നും അത് എന്റെ കൈകൊണ്ട് തന്നെ നിര്‍വ്വഹിക്കണമെന്നാണ് ആഗ്രഹമെന്നും പറഞ്ഞു. അതൊക്കെ വളരെ നല്ലതാണെങ്കിലും എന്നെ ഒഴിവാക്കണമെന്ന നിലപാടില്‍ ഉറച്ചുനിന്നു. അപ്പോള്‍ അവര്‍ ഒരു പുതിയ നിര്‍ദ്ദേശം മുന്നോട്ടുവെച്ചു. ''അല്ല, സാറിന് സൗകര്യപ്പെടുമെങ്കില്‍ മാത്രം ചടങ്ങില്‍ വന്നാല്‍ മതി. നോട്ടീസില്‍ സാറിന്റെ പേര് വച്ചേക്കാം.'' ''അങ്ങനെ പേര് വയ്ക്കണ്ട'' - ഞാന്‍ സംശയാതീതം വ്യക്തമാക്കി. ചടങ്ങിന് എല്ലാ ആശംസകളും നേര്‍ന്ന് ഒരുവിധം അവരെ പറഞ്ഞുവിട്ടു. വലിയ ആലോചനയൊന്നുമില്ലാതെ, ഏതാണ്ടൊരുള്‍പ്രേരണ പോലെയാണ്  ഞാനാ ക്ഷണം ഒഴിവാക്കിയത്. 

ആദരിക്കല്‍ തട്ടിപ്പാകുമ്പോള്‍

ഏതാനും ദിവസം കഴിഞ്ഞ് ആ പൗരസമിതി ഭാരവാഹികള്‍ വീണ്ടും വന്നു. അവരോടൊപ്പം രക്ഷാപ്രവര്‍ത്തനം നടത്തിയതിന് ആദരിക്കപ്പെടുന്ന ഭാര്യാഭര്‍ത്താക്കന്മാരും ഉണ്ടായിരുന്നു. ഞാനവരോട് നേരിട്ട് സംഭവം ചോദിച്ച്  മനസ്സിലാക്കി. അവരുടെ മാതൃകാപരമായ പ്രവര്‍ത്തനത്തെ ആത്മാര്‍ത്ഥമായി അഭിനന്ദിച്ചു. ജീവിതകാലം മുഴുവന്‍ ചാരിതാര്‍ത്ഥ്യം നല്‍കുന്ന വളരെ നല്ല കാര്യമാണ് ചെയ്തതെന്നും പറഞ്ഞു. അവര്‍ വളരെ പാവപ്പെട്ട മനുഷ്യരായിരുന്നു.  ഇരുവരും അദ്ധ്വാനശീലമുള്ളവരും. പൗരസ്വീകരണമെന്ന പരിപാടി അവരെ ശരിക്കും സന്തോഷിപ്പിക്കുന്നുണ്ടെന്നെനിക്കു തോന്നി. പൗരസമിതി ഭാരവാഹികള്‍ ചടങ്ങിന്റെ നോട്ടീസ് എനിക്ക് തന്നു. എന്റെ പേരതിലില്ലായിരുന്നു. സ്വര്‍ണ്ണനാണയം ഉപഹാരമായി നല്‍കുന്ന കാര്യവും നോട്ടീസിലുണ്ടായിരുന്നു. വലിയ സന്തോഷത്തോടെയാണ് അവരെല്ലാം മടങ്ങിയത്. ആ കാര്യം അങ്ങനെ ശുഭകരമായി അവസാനിച്ചുവെന്ന് ഞാന്‍ കരുതി. 

പക്ഷേ, അത് തെറ്റായിരുന്നു. ഏതാണ്ട് മൂന്നാഴ്ച കഴിഞ്ഞിരിക്കണം ആ സ്ത്രീ, രക്ഷാ  പ്രവര്‍ത്തനത്തിലെ നായിക വീണ്ടും ഓഫീസില്‍ വന്നു. മാതൃകാ രക്ഷാപ്രവര്‍ത്തനത്തിന്റേയും പൗരസ്വീകരണത്തിന്റേയും സ്വര്‍ണ്ണപ്പതക്കം ഉപഹാരമായി കിട്ടിയതിന്റേയും സന്തോഷമോ സംതൃപ്തിയോ ഒന്നും ആ മുഖത്ത് കണ്ടില്ല. നേര്‍വിപരീത ഭാവമായിരുന്നു അവരുടേതെന്നാണ് തോന്നിയത്. ''പൗരസ്വീകരണമെല്ലാം ഭംഗിയായി നടന്നില്ലേ?'' -ഞാന്‍ ചോദിച്ചു. ''നോട്ടീസില്‍ പറഞ്ഞിരുന്നവരൊന്നും വന്നില്ല സാര്‍'' -അവരല്പം നിരാശയോടെ പറഞ്ഞു. വെറുതേ എന്റെ പേര് വെച്ചോട്ടെ എന്ന് ചോദിച്ച കാര്യം ഞാനോര്‍ത്തു. അവരുടെ പ്രവൃത്തിയുടെ മഹത്വം വളരെ വലുതാണെന്നും സ്വീകരണത്തിലും ഉപഹാരത്തിലുമൊന്നും ഒരു കാര്യവുമില്ലെന്നുമൊക്കെ ഞാന്‍ അവരെ ആശ്വസിപ്പിച്ചു. ''അതല്ലാ സാര്‍, പ്രശ്‌നം'' -ആ സ്ത്രീ  പറഞ്ഞു. പൗരസ്വീകരണം, സ്വര്‍ണ്ണപ്പതക്കം എന്നൊക്കെ പറഞ്ഞ് പ്രലോഭനത്തിന്റെ കൊടുമുടി കയറ്റിയ ആ പാവങ്ങളെ പൗരസമിതി ഭാരവാഹികള്‍ കബളിപ്പിക്കുകയായിരുന്നു.

സ്വീകരണച്ചടങ്ങിന്റെ രണ്ടു ദിവസം മുന്‍പ് അതിന്റെ മുഖ്യസംഘാടകന്‍ അവരെ സമീപിച്ച് ഒരു ബുദ്ധിമുട്ട് പറഞ്ഞു. ധാരാളം ആളുകള്‍ പൗരസമിതിക്ക് വലിയ സംഭാവനകളൊക്കെ നല്‍കാന്‍ മുന്നോട്ട് വന്നിട്ടുണ്ടെങ്കിലും മുഴുവന്‍ തുകയും പിരിഞ്ഞുകിട്ടിയിട്ടില്ലത്രെ. അത് പൂര്‍ത്തിയാകാന്‍ രണ്ടുമൂന്ന് ദിവസം കൂടി എടുക്കും. അതുകൊണ്ട് പെട്ടെന്നുള്ള സംഘാടന ചെലവുകള്‍ക്ക് അല്പം ബുദ്ധിമുട്ടുണ്ടത്രെ. സ്വര്‍ണ്ണപ്പതക്കവും മറ്റും വാങ്ങണമല്ലൊ. ശുദ്ധഗതിക്കാരായ ആ സാധുക്കളെ ഇങ്ങനെയൊക്കെ പറഞ്ഞ് ധരിപ്പിച്ചു. എന്നിട്ട് പരിഹാരമായി, തല്‍ക്കാലത്തേയ്ക്ക് അവരുടെ കൈവശമുണ്ടായിരുന്ന മൂന്ന് പവന്റെ മാല പണയം വെയ്ക്കാന്‍ ചോദിച്ചു. ചടങ്ങു കഴിഞ്ഞാലുടന്‍ തിരിച്ചെടുത്ത് കൊടുക്കാമെന്നും ഉറപ്പു നല്‍കി. അങ്ങനെ പൗരസമിതി ആ പാവങ്ങളുടെ ആജീവനാന്ത സമ്പാദ്യം കൈയ്ക്കലാക്കി. എന്നിട്ട് ഉപഹാരം എന്ന് പറഞ്ഞ സ്വര്‍ണ്ണപ്പതക്കം നല്‍കിയതുമില്ല. അവസാനം സ്വീകരണച്ചടങ്ങിനു ശേഷം അവരുടെ മാലയുടെ കാര്യം ചോദിച്ചപ്പോള്‍ ഒരോരോ ഒഴിവുകഴിവുകള്‍ പറയുന്നതല്ലാതെ, അത് തിരികെ നല്‍കുന്നതിന്റെ യാതൊരു ലക്ഷണവുമില്ല. അവര്‍ക്ക് സ്വര്‍ണ്ണപ്പതക്കവും ഉപഹാരവും ഒന്നും വേണ്ട; സ്വന്തം മാല തിരികെ കിട്ടണം. അത്രമാത്രം. അതിനാണവരെന്നെ കാണാന്‍ വന്നത്. എനിക്ക് വല്ലാത്ത ദേഷ്യം വന്നു. എന്നു പറഞ്ഞാല്‍ പോര, ഇത്രയും ദേഷ്യം തോന്നിയ  അവസരം അതുവരെ ഉണ്ടായിട്ടില്ല. തട്ടിപ്പുകള്‍  മുന്‍പും കണ്ടിട്ടുണ്ടായിരുന്നു. പക്ഷേ, ഇവിടെ അതിന്റെ സ്വഭാവം വ്യത്യസ്തമാണ്.  ശുദ്ധഗതിക്കാരായ രണ്ടു പാവപ്പെട്ട മനുഷ്യരെ, അതും അത്രയ്ക്ക് വലിയ രക്ഷാപ്രവര്‍ത്തനം നടത്തിയവരെ പ്രലോഭിപ്പിച്ച് അവരുടെ ജീവിതത്തിലെ ആകെ സമ്പാദ്യം തട്ടിയെടുത്തിരിക്കുന്നു. എന്നെയും അതില്‍ കരുവാക്കാന്‍ അവര്‍ ശ്രമിച്ചിട്ടുണ്ട്. ഭാഗ്യംകൊണ്ടുമാത്രം പേര് നോട്ടീസില്‍ വെയ്ക്കുന്നത് ഒഴിവാക്കിയെന്നേ ഉള്ളു. ഞാനവരെ സമാധാനിപ്പിച്ച്, ഒരാഴ്ചയ്ക്കുള്ളില്‍ പ്രശ്‌നം പരിഹരിക്കാമെന്നുറപ്പും നല്‍കി പറഞ്ഞയച്ചു. ഉടന്‍, നോര്‍ത്ത് എസ്.ഐ വര്‍ഗ്ഗീസിനെ വിളിച്ച് കാര്യം പറഞ്ഞു. ഒന്നുകില്‍ രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ആ പാവങ്ങളുടെ മാല തിരികെ കൊടുക്കട്ടെ, അല്ലെങ്കില്‍ തട്ടിപ്പിന് ക്രിമിനല്‍ കേസെടുത്ത് പൗരസമിതിയെ അകത്താക്കുക. എതാനും ദിവസം കഴിഞ്ഞ് ആ സ്ത്രീ വീണ്ടും വന്നു. സ്വര്‍ണ്ണപ്പതക്കം കിട്ടിയ സന്തോഷമായിരുന്നു മുഖത്ത്, സ്വന്തം മാല തിരികെ കിട്ടിയപ്പോള്‍. 

അംഗീകാരം, പ്രശസ്തി എന്നിവയുടെ പ്രലോഭനം പൊതുവേ വളരെ വലുതാണെന്നു തോന്നുന്നു. ധാരാളം മനുഷ്യരില്‍ ഒരു 'പ്രാഞ്ചിയേട്ടന്‍' ഒളിഞ്ഞുകിടക്കുന്നുണ്ടോ? അര്‍ഹിക്കുന്നിടത്തും അല്ലാത്തിടത്തും അംഗീകാരത്തിനുള്ള നെട്ടോട്ടവും പാരിതോഷികങ്ങള്‍ക്ക് അമിതപ്രാധാന്യം നല്‍കുന്ന രീതിയും ചില പൊലീസുദ്യോഗസ്ഥരില്‍പ്പോലും കണ്ടിട്ടുണ്ട്. സര്‍വ്വീസിന്റെ തുടക്കത്തില്‍ കൗതുകമുണര്‍ത്തിയ ഒരനുഭവമുണ്ടായത് ശബരിമലയില്‍വെച്ചാണ്. എ.എസ്.പി ആയിരിക്കെ,  ആദ്യമായി ശബരിമല ഡ്യൂട്ടിക്ക് പോയതായിരുന്നു. വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ് പൊലീസില്‍നിന്ന് വിരമിച്ച ഗോപാലന്‍ നായര്‍ എന്നു പേരുള്ള ഒരു ഇന്‍സ്പെക്ടറെ അവിടെ  കണ്ടു. അദ്ദേഹം വിരമിച്ചിട്ട് ഏതാണ്ട് കാല്‍നൂറ്റാണ്ടായിരുന്നു. ഞാന്‍ കാണുമ്പോള്‍ അദ്ദേഹം കറകളഞ്ഞ അയ്യപ്പഭക്തനായിരുന്നു. ഓരോ മണ്ഡലകാലത്തും ദീര്‍ഘനാള്‍ അവിടെ താമസിച്ച് ഭക്തിപൂര്‍വ്വം അയ്യപ്പദര്‍ശനം നടത്തുന്നതില്‍ വലിയ സായൂജ്യം കണ്ടെത്തിയിരുന്നു. എന്നെക്കാള്‍ വളരെ മുതിര്‍ന്ന മനുഷ്യന്‍ എന്ന നിലയിലും പൊലീസ് സേനയില്‍നിന്നും വിരമിച്ച വ്യക്തിയെന്ന നിലയിലും എല്ലാം ഞാനദ്ദേഹത്തിന്റെ വാക്കുകള്‍ ബഹുമാനത്തോടെയാണ് ശ്രവിച്ചത്. പൊലീസ് സേവനത്തെക്കുറിച്ച് അദ്ദേഹം അഭിമാനപൂര്‍വ്വം പറഞ്ഞത് ''സാര്‍ എനിക്ക് 36 GSE (Good Service Etnry, സദ്‌സേവന പത്രം) കിട്ടിയിട്ടുണ്ട്'' എന്നാണ്. '36 GSE' എന്നു പറയുമ്പോള്‍ ആ കണ്ണിലെ തിളക്കം ആര്‍ക്കും  കാണാതിരിക്കാനാവില്ല. ആ പ്രായത്തിലും ആത്മീയ ചിന്തകളുണരുന്ന ക്ഷേത്രസന്നിധിയിലും '36 GSE'-യുടെ കാര്യം  മനസ്സിന്റെ ഉപരിതലത്തില്‍ തന്നെയുണ്ടായിരുന്നു. ഒരുപക്ഷേ, ഓരോ അംഗീകാരത്തിനു പിന്നിലും വലിയ സമര്‍പ്പണവും ആത്മത്യാഗവും ഉണ്ടായിരുന്നിരിക്കാം, അറിയില്ല.  പക്ഷേ, ഒന്നുറപ്പാണ്. എന്റെ വിശ്വാസത്തിനപ്പുറമുള്ള പരലോകത്ത്, ദൈവം ഗോപാലന്‍ നായരോട് ഭൂമിയിലെ ജീവിതത്തിന്റെ കണക്കെടുപ്പ് നടത്തിയാല്‍, അദ്ദേഹം പറയും ''ദൈവമേ, പൊലീസില്‍ ഞാന്‍ 36 GSE നേടിയിട്ടുണ്ട്.'' അഭിമാനത്തോടെ ശബരിമലയില്‍ കേട്ട ഈ GSE പിന്നീട് പലപ്പോഴും എനിക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ ഭരണവിഭാഗം ഡി.ഐ.ജി ആയിരിക്കുമ്പോള്‍ തിരുവനന്തപുരം നഗരത്തിലെ പ്രമാദമായ ഒരു ഗുണ്ടാ ആക്രമണക്കേസില്‍ വിധി വന്നു. നഗരമധ്യത്തില്‍ പൊലീസ് അകമ്പടിയില്‍ കൊണ്ടുപോകുകയായിരുന്ന കുറ്റവാളിയെ എതിര്‍സംഘം ബോംബെറിഞ്ഞു കൊലപ്പെടുത്തിയ സംഭവമായിരുന്നു അത്. അക്കാലത്ത് വലിയ ജനശ്രദ്ധ ആകര്‍ഷിച്ച ആ കേസില്‍ കോടതി പ്രതികളെ ശിക്ഷിച്ചു. പൊതുവേ പൊലീസിന് അഭിമാനകരമായ നേട്ടമായിരുന്നു ആ കേസിന്റെ അന്വേഷണവും വിചാരണയും. കേസ് ഇത്തരത്തില്‍ പരിണമിച്ചപ്പോള്‍ സ്വാഭാവികമായും ആ ഉജ്ജ്വല നേട്ടത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച പൊലീസുദ്യോഗസ്ഥര്‍ക്ക് GSE പോലുള്ള അംഗീകാരം നല്‍കുന്ന കാര്യം പരിഗണനയില്‍ വന്നു. അവകാശവാദവുമായി പലരും എന്നെയും മറ്റു പലരേയും വന്നു കണ്ടു. ഇത്തരം കാര്യങ്ങളില്‍ തീരുമാനം വളരെ സൂക്ഷ്മതയോടെ എടുക്കേണ്ടതാണ്. അര്‍ഹതയുള്ളവര്‍ പിന്‍തള്ളപ്പെടാനുള്ള എല്ലാ സാധ്യതയുമുണ്ട്. യാതൊരു അര്‍ഹതയുമില്ലാത്തവര്‍ക്ക് പുരസ്‌കാരം നല്‍കുകയും അര്‍ഹതയുള്ളവര്‍ ഒഴിവാക്കപ്പെടുകയും ചെയ്താല്‍ അതു വലിയ അനീതിയാകും. എന്നാല്‍ വളരെ ഉദാരമായി, അര്‍ഹിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും എല്ലാം  നല്‍കിയാല്‍ അത് വിലയില്ലാത്തതാകും. ഇങ്ങനെ കുറെ തത്ത്വവിചാരം  നടത്തേണ്ടത് അത്യാവശ്യമായി തീര്‍ന്നു. അവസാനം ഉത്തരം  കണ്ടെത്തി. ഈ കേസ് മറിച്ചൊരവസ്ഥയില്‍ പരിണമിച്ചിരുന്നെങ്കിലോ. അതായത് പ്രതികളെ വെറുതെ വിടുകയും കോടതി കേസന്വേഷണത്തെ വിമര്‍ശിക്കുകയും ചെയ്തിരുന്നെങ്കില്‍ ആര്‍ക്കെതിരെയാണ് നടപടി സ്വീകരിക്കുക? ഞാനാണതിന് ഉത്തരവാദി എന്നും പറഞ്ഞ് ആരും മുന്നോട്ട് വരില്ലല്ലോ. പരാജയത്തിന്റെ അനാഥത്വം പ്രസിദ്ധമാണല്ലോ. പരാജയപ്പെട്ടിരുന്നെങ്കില്‍ ആരെയാണോ ശിക്ഷിക്കേണ്ടിയിരുന്നത്, അവര്‍ തന്നെയാണ് വിജയത്തില്‍ അംഗീകരിക്കപ്പെടേണ്ടവര്‍. അങ്ങനെ തീരുമാനിച്ചപ്പോള്‍ അതിലാര്‍ക്കും പരാതിയുണ്ടായില്ല. ആ അംഗീകാരം ലഭിച്ച മോഹനന്‍, ഭദ്രകുമാര്‍  എന്നീ ഹെഡ് കോണ്‍സ്റ്റബിള്‍മാര്‍ തലസ്ഥാനത്ത് പിന്നീടും കുറ്റാന്വേഷണത്തില്‍  ഉജ്ജ്വല സംഭാവന നല്‍കി. അര്‍ഹത അംഗീകരിക്കപ്പെടുമ്പോള്‍ അത് കൂടുതല്‍ അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കാന്‍ എല്ലാവര്‍ക്കും  പ്രചോദനമായിത്തീരും. 

പൊലീസ് സംവിധാനത്തിനുള്ളില്‍ മികച്ച  പ്രവര്‍ത്തനത്തിനു നല്‍കുന്ന പാരിതോഷികങ്ങളുടെ കാര്യത്തില്‍ എല്ലായ്‌പ്പോഴും ഇത്ര സൂക്ഷ്മമായ ശ്രദ്ധ ഉണ്ടായെന്നു വരില്ല. ഉയര്‍ന്ന ഉദ്യോഗസ്ഥരുടേയോ പൊതുസമൂഹത്തിന്റേയോ ഒന്നും വലിയ ശ്രദ്ധ ഇല്ലാത്ത വിഷയങ്ങളില്‍ ഇത് സംഭവിക്കാം. സംഭവിക്കുന്നുമുണ്ട്. അങ്ങനെ ആകുമ്പോള്‍  'കരയുന്ന കുഞ്ഞിനേ  പാലുള്ളു' എന്ന അവസ്ഥയാകും. അങ്ങനെ 'കരഞ്ഞ് കരഞ്ഞ്' ഒരുപാട് പാരിതോഷികങ്ങള്‍ വാരിക്കൂട്ടിയിട്ടുള്ള 'കുഞ്ഞുങ്ങ'ളുമുണ്ട്; അതിനൊന്നും പോകാതെ അന്തസ്സോടെ മുന്നോട്ടുപോകുന്നവരുമുണ്ട്. ഇക്കാര്യം പലപ്പോഴും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുന്നത് മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍, പ്രസിഡന്റിന്റെ പൊലീസ് മെഡല്‍ മുതലായ ഉയര്‍ന്ന വിഭാഗത്തിലുള്ള മെഡലുകളുടെ കാര്യം പരിഗണിക്കുമ്പോഴാണ്. ദീര്‍ഘമായി വളരെ സത്യസന്ധതയോടേയും പ്രൊഫഷണല്‍ മികവോടേയും പ്രവര്‍ത്തിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ കാര്യം പരിഗണിക്കാന്‍ ചിലപ്പോള്‍ ബുദ്ധിമുട്ടാകും. കാരണം, അവരില്‍ പലര്‍ക്കും വകുപ്പിനുള്ളില്‍നിന്നുതന്നെ കിട്ടേണ്ട പാരിതോഷികങ്ങള്‍ കിട്ടിയിട്ടുണ്ടാകില്ല. അതെല്ലാം നേരത്തെ പറഞ്ഞപോലുള്ള 'കുഞ്ഞുങ്ങള്‍' കൊണ്ടുപോയിക്കാണും. എങ്കിലും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തിയാല്‍ അര്‍ഹരായവരും എന്നാല്‍ ആരുടേയും പിറകേ പോകാത്തവരുമായ ഉദ്യോഗസ്ഥരുടെ താല്പര്യം കുറേയേറെ  സംരക്ഷിക്കാനാകും.   തിരുവനന്തപുരത്ത് ഞാന്‍ ഡി.ഐ.ജി ആയി ജോലിനോക്കുന്ന അവസരത്തില്‍ അന്നത്തെ സംസ്ഥാന ഡി.ജി.പി കെ.ജെ. ജോസഫ്  ഫോണില്‍  വിളിച്ച്  രണ്ട്  ഡി.വൈ.എസ്.പിമാരുടെ പേര് പറഞ്ഞു. ഒരു മണിലാലും മറ്റൊരു ഉദ്യോഗസ്ഥനും. പ്രസിഡന്റിന്റെ മെഡലിന് ശുപാര്‍ശ ചെയ്യാന്‍ ഈ രണ്ടു പേരില്‍ ആരാണ് കൂടുതല്‍ യോഗ്യന്‍ എന്നദ്ദേഹം എന്നോട് അഭിപ്രായം ആരാഞ്ഞു. മെഡലിന് അര്‍ഹരായവരെ ശുപാര്‍ശ ചെയ്യാനുള്ള കമ്മിറ്റി പൊലീസ് ആസ്ഥാനത്തുവെച്ച് നടന്നപ്പോള്‍ ആരെ തെരഞ്ഞെടുക്കണം എന്നതില്‍ ബുദ്ധിമുട്ടുവന്നു. പരിഗണിച്ച രണ്ടുദ്യോഗസ്ഥരും മികവ് തെളിയിച്ചിട്ടുള്ളവരായിരുന്നു. ഞാന്‍ ഡി.ജി.പിയോട് രണ്ടു പേരെയും ശുപാര്‍ശ ചെയ്യണമെന്ന് ആദ്യം പറഞ്ഞു. ഒരാളിന്റെ പേര് കൂടിയേ ഉള്‍പ്പെടുത്താന്‍ കഴിയൂ എന്നദ്ദേഹം അറിയിച്ചപ്പോള്‍, എങ്കില്‍ മണിലാല്‍ എന്നു ഞാന്‍ പറഞ്ഞു. രണ്ടുദ്യോഗസ്ഥരില്‍നിന്നും കൃത്യമായ സെലക്ഷന്‍ നടത്തണം എന്ന നിര്‍ബ്ബന്ധബുദ്ധി ജോസഫ് സാറിനുണ്ടായിരുന്നു. രണ്ടുപേരും എന്നോടൊപ്പം ജോലി ചെയ്തിട്ടുണ്ടെന്നു അദ്ദേഹം മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് എന്നോട് കൂടി  അന്വേഷിച്ചത്. മണിലാലിന് പ്രസിഡന്റിന്റെ മെഡല്‍ ലഭിക്കുകയും ചെയ്തു. കുറ്റാന്വേഷണത്തില്‍ അസാമാന്യ മികവ് പ്രകടിപ്പിച്ചിരുന്ന മണിലാലിന്റെ സേവനം, റിട്ടയര്‍മെന്റിനു ശേഷം കുറേ വര്‍ഷം സി.ബി.ഐ പ്രയോജനപ്പെടുത്തിയിരുന്നു.

എല്ലായ്‌പ്പോഴും മെഡല്‍ നിര്‍ണ്ണയത്തില്‍ ഇതുപോലുള്ള ജാഗ്രത പുലര്‍ത്തിയിട്ടുണ്ടെന്ന് പറയാനാവില്ല. അര്‍ഹരായ പലര്‍ക്കും മെഡല്‍ കിട്ടാതെ പോകുന്നുണ്ട്. തികച്ചും അനര്‍ഹരായ ചില വ്യക്തികള്‍ക്കെങ്കിലും അത് കിട്ടുന്നുമുണ്ട്. അത് പറയുമ്പോള്‍ ഞാനോര്‍ക്കുന്നത് യശ:ശരീരനായ മുന്‍ ഡി.ജി.പി കൃഷ്ണന്‍നായര്‍ സാര്‍ സരസമായി പറഞ്ഞ ഒരു കാര്യമാണ്. ഞാനന്ന് വിജിലന്‍സ് എസ്.പി; അദ്ദേഹം അവിടെ ഡയറക്ടര്‍. അദ്ദേഹം പറഞ്ഞു കുറച്ച് കാലം മുന്‍പ് സര്‍വ്വീസില്‍നിന്നും വിരമിച്ച ഒരുദ്യോഗസ്ഥന്റെ   വീട്ടില്‍ മോഷണം നടന്നു. അദ്ദേഹത്തിന് പ്രസിഡന്റിന്റെ മെഡല്‍ ലഭിച്ചിട്ടുണ്ടായിരുന്നു. ആ മെഡലും മോഷ്ടാവ് എടുത്തുകൊണ്ടുപോയി. അതറിഞ്ഞപ്പോള്‍ ഈ ഉദ്യോഗസ്ഥന്റെ 'സേവനമികവിനെ'ക്കുറിച്ചറിയാവുന്ന ഒരു പഴയ സഹപ്രവര്‍ത്തകന്‍ അഭിപ്രായപ്പെട്ടുവത്രെ: ''ഇപ്പോള്‍ ആ പൊലീസ് മെഡല്‍ കുറേക്കൂടി അര്‍ഹമായ കൈകളിലെത്തി,'' പാവം മെഡല്‍.

ആലപ്പുഴയിലെ തട്ടിപ്പില്‍നിന്നാണല്ലോ നമ്മള്‍  മെഡല്‍ വിശേഷങ്ങള്‍ ആരംഭിച്ചത്. പൊലീസിന്റെ  മെഡലുകള്‍ കാലക്രമേണ അന്താരാഷ്ട്ര നിലവാരം വരെ എത്തിയിട്ടുണ്ട്. ഏതെങ്കിലും തട്ടിക്കൂട്ട് പ്രസ്ഥാനത്തിന്റെയൊക്കെ പേര് പറഞ്ഞ് അന്താരാഷ്ട്ര അംഗീകാരമെന്ന വ്യാജേനയാണ് ഇത് അരങ്ങേറുന്നത്. ആലപ്പുഴ പൗരസമിതിയുടെ അന്താരാഷ്ട്ര പതിപ്പുകളുമുണ്ട്. അവര്‍ ചില അപേക്ഷ ക്ഷണിക്കലും അനുബന്ധ പരിപാടികളുമൊക്കെ നടത്തി പ്രഖ്യാപിക്കും, 'കൂമന്‍കാവ്' പൊലീസ് സ്റ്റേഷന്‍ ആണ് ഏഷ്യയിലെ ഒന്നാമന്‍. 'കൂമന്‍കാവി'ലെ 'പ്രജ'യുണ്ടോ അറിയുന്നു അയാളിപ്പോള്‍ അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ന്നുവെന്ന്. അതിന്റെ മുഖ്യ ആകര്‍ഷണമെന്നത് തല്പരകക്ഷിയായ പൊലീസുദ്യോഗസ്ഥന് ഒരു സൗജന്യ വിദേശയാത്ര. ഒരു തരം കൊളോണിയ വിധേയത്വ മാനസികാവസ്ഥ ഇതിന്റെ പിന്നിലുണ്ടെന്നു വേണം കരുതാന്‍. നമ്മള്‍, നാട്ടിലൊരു സംഘടനയുണ്ടാക്കി  അമേരിക്കയിലെ മികച്ച പോലീസെന്ന് പറഞ്ഞൊരു അവാര്‍ഡ് വച്ചാല്‍ ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ മേധാവി അവാര്‍ഡ് വാങ്ങാന്‍ തമ്പാനൂര്‍ വരുന്ന കാര്യം ചിന്തിച്ചുനോക്കാമോ? 

പൊലീസിലെ സര്‍വ്വമാന മെഡലുകളും ലഭിച്ചിട്ടുള്ളവര്‍ക്കും ഒന്നും ലഭിച്ചിട്ടില്ലാത്തവര്‍ക്കും ഒരു പോലെ പ്രസക്തമാണ് ഇക്കാര്യത്തില്‍ കെ.എഫ്. റസ്റ്റംജി എന്ന മഹാനായ പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞിട്ടുള്ളത്. പദ്മവിഭൂഷന്‍ ജേതാവ് എന്നതിനപ്പുറം വര്‍ഷങ്ങളോളം വിചാരണപോലുമില്ലാതെ ജയിലുകളില്‍ നരകയാതന അനുഭവിച്ചിരുന്ന ആയിരക്കണക്കിനു തടവുകാരുടെ മോചനത്തിന് ആധാരമായ പൊതുതാല്പര്യഹര്‍ജിക്ക് അദ്ദേഹം കാരണക്കാരനായി. റസ്റ്റംജിയുടെ വാക്കുകളില്‍ ''പൊലീസുദ്യോഗസ്ഥന് സ്രഷ്ടാവുമായൊരു കൂടിക്കാഴ്ചയുണ്ടെങ്കില്‍ അയാള്‍ വിലയിരുത്തപ്പെടുന്നത് സേവനകാലത്ത് നേടിയ മെഡലുകളുടേയോ ബഹുമതികളുടേയോ തിളക്കവും എണ്ണവും ഒന്നും  നോക്കിയായിരിക്കില്ല. മറിച്ച് പൊലീസുദ്യോഗസ്ഥനായി പ്രവര്‍ത്തിക്കുന്നതിനിടയില്‍ നീതിക്കുവേണ്ടി  പോരാടിയപ്പോള്‍  പല മുറിവുകളും ഏറ്റിരിക്കാം, പല അവഹേളനങ്ങളും സഹിച്ചിരിക്കാം. ശരീരത്തിലും മനസ്സിലും അതെല്ലാം  അവശേഷിപ്പിച്ചിട്ടുള്ള  പാടുകളായിരിക്കും അവിടെ ഏറ്റവും വിലമതിക്കുന്നത്.''

അവാര്‍ഡിന്റേയും സ്വീകരണത്തിന്റേയും പേരില്‍ ധാരാളം തട്ടിപ്പുകള്‍ നമ്മുടെ നാട്ടില്‍ അരങ്ങേറുന്നുണ്ട്. ഇ.വി. കൃഷ്ണപിള്ളയുടെ പേരില്‍ ഹാസ്യസാഹിത്യപുരസ്‌കാരം എന്നു പറഞ്ഞ് 'ഒരു ചീഫ് സെക്രട്ടറിയെ കബളിപ്പിച്ച' കഥ 'എന്‍ദരോ മഹാനുഭാവുലു' എന്ന ബൃഹത്തായ സേവന ചരിത്രഗ്രന്ഥത്തില്‍ സി.പി. നായര്‍ സര്‍ തന്നെ സരസമായി രേഖപ്പെടുത്തിയിട്ടുണ്ട്. ആലപ്പുഴയിലെ ദമ്പതികളേ, നിങ്ങള്‍ ഒറ്റയ്ക്കല്ല.

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com