തെറ്റായ തീരുമാനമാണോ ആ കൗമാരക്കാരിയെ ജയിലിലാക്കിയത്?

പൊലീസുദ്യോഗസ്ഥര്‍ക്ക് നിങ്ങളോടോ മകളോടോ പ്രത്യേകിച്ച് വിരോധം എന്തെങ്കിലുമുണ്ടോ, വെറുതെ കേസെടുക്കാന്‍ എന്ന് ഞാന്‍ പരാതിക്കാരനോട് ചോദിച്ചു
എ. ഹേമചന്ദ്രന്‍
എ. ഹേമചന്ദ്രന്‍

ല്പം തത്ത്വവിചാരത്തോടെ തുടങ്ങാം. ഒരു വസ്തുവിനെ  വ്യത്യസ്ത ശക്തികള്‍ പല ദിശകളിലേക്ക് വലിക്കുന്നുവെന്ന് കരുതുക. വസ്തു ചലിക്കുമോ? എങ്കില്‍ ഏതു ദിശയില്‍? എവിടെ വരെ പോകും? ശക്തികളുടെ തീവ്രതയും ദിശയും കൃത്യമായറിയാമെങ്കില്‍ ഉത്തരം കണ്ടെത്താന്‍ എളുപ്പമാണ്. ഊര്‍ജ്ജതന്ത്രത്തിന്റെ (Physics) അടിസ്ഥാന തത്ത്വങ്ങള്‍ പ്രയോഗിച്ചാല്‍ മാത്രം മതി. പൊലീസുദ്യോഗസ്ഥന്റെ പ്രവര്‍ത്തനത്തിലും അയാളെ കുറേയേറെ ശക്തികള്‍ സ്വാധീനിക്കുന്നുണ്ട്. ദൃശ്യവും അദൃശ്യവുമായ ശക്തികളുണ്ട്. പല ശക്തികളും പ്രബലമാണെങ്കിലും ചിലപ്പോള്‍ അദൃശ്യമായിരിക്കാം, ഭൂമിയുടെ ഗുരുത്വാകര്‍ഷണം പോലെ. ഇങ്ങനെയുള്ള സങ്കീര്‍ണ്ണമായ ശാക്തികബലതന്ത്രത്തില്‍ നിയമവും നീതിയും മുന്‍നിര്‍ത്തി ശരിയായ തീരുമാനമെടുക്കുക പലപ്പോഴും ദുഷ്‌കരമാണ്. ചിലപ്പോള്‍ തീരുമാനം തെറ്റാം. തെറ്റായ തീരുമാനമാണോ ആ കൗമാരക്കാരിയെ ജയിലിലാക്കിയത്? നമുക്കതിലേയ്ക്ക് കടക്കാം.   
  
ആലപ്പുഴ എസ്.പി ഓഫീസില്‍വെച്ച് നേരിട്ട് ലഭിച്ച ഒരു പരാതിയിലൂടെയാണ് വിഷയം എന്റെ ശ്രദ്ധയില്‍ വരുന്നത്. പരാതിക്കാര്‍ രണ്ടു പേരുണ്ടായിരുന്നു. മാവേലിക്കരയ്ക്കടുത്തുള്ളവരായിരുന്നു അവര്‍. ഒരാള്‍ സ്ഥലത്തെ  വ്യാപാരിസംഘടനയുടെ നേതാവ് എന്ന നിലയിലും സമീപകാലത്തു മാത്രം നിലവില്‍ വന്ന ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ  ഭാരവാഹി എന്ന നിലയിലും സ്വയം പരിചയപ്പെടുത്തി. പാര്‍ട്ടി ഭാരവാഹി എന്ന നിലയിലാണ് ഇപ്പോള്‍ വന്നിരിക്കുന്നതെന്നും എടുത്തുപറഞ്ഞു. അതിന്റെ പ്രസക്തി എനിക്കു മനസ്സിലായില്ല. ''ഇദ്ദേഹമാണ് പരാതിക്കാരന്‍.'' 'ഭാരവാഹി' കൂടെയുള്ള ആളെ പരിചയപ്പെടുത്തി. എന്താണ് പരാതി? ഞാനയാളോട് ചോദിച്ചു. ''സാര്‍, എന്റെ മകള്‍'', അത്രയും പറഞ്ഞ് ആ മനുഷ്യന്റെ വാക്കുകള്‍ മുറിഞ്ഞു. കടുത്ത ദുഃഖം ആ മുഖത്ത് പ്രകടമായിരുന്നു. അദ്ദേഹത്തിന് തുടരാനായില്ല. ''പുള്ളിക്കാരന്റെ മകള്‍ ജയിലിലാണ് സര്‍'', 'ഭാരവാഹി' പറഞ്ഞു. ''എന്താണ് കേസ്?'' ഞാന്‍ ചോദിച്ചു. ''അയല്‍പക്കത്തുള്ള ഒരു സ്ത്രീ പരാതി കൊടുത്തു. അവരുടെ മാല മോഷണം പോയെന്ന്, 3 പവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാല.'' ''അല്ല, തെളിവൊക്കെ കിട്ടിയിട്ടായിരിക്കില്ലേ പൊലീസ് അറസ്റ്റ് ചെയ്തത്?'' ഞാന്‍ ചോദിച്ചു. ''ഇല്ല സാര്‍, എന്റ മോള് അങ്ങനെ ചെയ്യില്ല സാര്‍, വീട്ടിലെ കഷ്ടപ്പാട്‌കൊണ്ട് ജോലിക്ക് പോയതാണ് സാര്‍,'' പരാതിക്കാരന്‍ അത്രയും പറഞ്ഞ് പിന്നെയും നിശ്ശബ്ദനായി. 

ഭാരവാഹി പിന്നെയും എന്തോ പറയാന്‍ തുടങ്ങി. ഞാനത് അധികം പ്രോത്സാഹിപ്പിക്കാതെ അവര്‍ എഴുതി തയ്യാറാക്കി കൊണ്ടുവന്ന പരാതി വാങ്ങി സൂക്ഷ്മമായി വായിച്ചു. പരാതിക്കാരന്റെ 16 വയസ്സുകാരിയായിരുന്ന മകള്‍ അയല്‍പക്കത്തെ ഒരു വീട്ടില്‍ ചില വീട്ടുജോലികള്‍ ചെയ്യാന്‍ പോകുമായിരുന്നു. കുടുംബത്തിന്റെ സാമ്പത്തിക പരാധീനതകൊണ്ടാണ് കുട്ടിയെ ജോലിക്കയച്ചിരുന്നത്. ഇടയ്ക്കിടെ മാത്രമേ പോകാറുണ്ടായിരുന്നുള്ളു. പൊതുവേ ആ വീട്ടുകാരുടേത് നല്ല സമീപനമായിരുന്നു. എന്നാല്‍, അപ്രതീക്ഷിതമായി സ്ഥിതി മാറി. ആ വീട്ടിലെ ഗൃഹനാഥയുടെ ഒരു സ്വര്‍ണ്ണമാല കാണാതായി. മാല പരാതിക്കാരന്റെ മകള്‍ എടുത്തതാണെന്ന് ആരോപിച്ച് അവര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തു. തുടര്‍ന്ന് പൊലീസ് കേസെടുത്ത് തന്റെ മകളെ അറസ്റ്റ് ചെയ്ത് ജയിലിലാക്കി. കേസിനെക്കുറിച്ച് ചില കാര്യങ്ങള്‍ ചോദിച്ചറിയാന്‍ പൊലീസ് ആവശ്യപ്പെട്ട പ്രകാരം മകളെ സ്റ്റേഷനില്‍ ഹാജരാക്കിയതാണ്. മൊഴിയെടുത്ത ശേഷം  മകളെ വിട്ടയക്കാമെന്നൊക്കെ പറഞ്ഞെങ്കിലും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി ജയിലില്‍ അയയ്ക്കുകയാണുണ്ടായത്. തന്റെ മകള്‍ പൂര്‍ണ്ണമായും നിരപരാധിയാണെന്നും ഇതിനു മുന്‍പും യാതൊരു തരത്തിലുള്ള കുറ്റകൃത്യങ്ങളിലോ തെറ്റായ പ്രവൃത്തികളിലോ ഉള്‍പ്പെട്ടിട്ടില്ലായെന്നും പരാതിയില്‍  ഉറപ്പിച്ചു പ്രസ്താവിച്ചിരുന്നു.

പൊലീസുദ്യോഗസ്ഥര്‍ക്ക് നിങ്ങളോടോ മകളോടോ പ്രത്യേകിച്ച് വിരോധം എന്തെങ്കിലുമുണ്ടോ, വെറുതെ കേസെടുക്കാന്‍ എന്ന് ഞാന്‍ പരാതിക്കാരനോട് ചോദിച്ചു. ''വിരോധമൊന്നുമില്ല, സര്‍; ആ വീട്ടുകാരി  സംശയം പറഞ്ഞതാണ് കുഴപ്പമായത്.'' അപ്പോഴേക്കും അയാള്‍ കുറച്ച് സമനില വീണ്ടെടുത്തിരുന്നു. വീട്ടുകാരിക്കു മകളോട് പ്രത്യേകിച്ച് വിരോധമെന്തെങ്കിലുമുണ്ടോ എന്ന് വീണ്ടും ചോദിച്ചു. ''അങ്ങനെ വിരോധമൊന്നുമുണ്ടെന്ന് തോന്നുന്നില്ല സാര്‍; പക്ഷേ, അവര്‍ പൊലീസിനോട് സംശയം പറഞ്ഞു, അതാണ് കുഴപ്പമായത് സാര്‍.''

ഇങ്ങനെയൊരു കേസില്‍ പരിപൂര്‍ണ്ണ ബോദ്ധ്യമില്ലാതെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്യുമോ? അതും ഒരു കൊച്ചുപെണ്‍കുട്ടിയെ. എനിക്കങ്ങനെ വിശ്വസിക്കാനായില്ല. മകള്‍ നിരപരാധിയാണെന്ന് അച്ഛന്‍ കരുതുന്നത് സ്വാഭാവികമാണല്ലോ. പൊലീസ് ഒരാളെ അറസ്റ്റ് ചെയ്യുമ്പോള്‍ അതിനെ പലരീതിയില്‍ ചോദ്യം ചെയ്തുകൊണ്ടുള്ള പരാതികള്‍ അപൂര്‍വമല്ല. അവ വസ്തുനിഷ്ഠമോ സത്യസന്ധമോ ആയിരിക്കണമെന്നില്ല. അങ്ങനെ പല  അനുഭവങ്ങളുമുണ്ട്. എന്നാല്‍, ഇവിടെ പരാതിക്കാരനെ വിശദമായി കേട്ടുകഴിഞ്ഞപ്പോള്‍ ഗൗരവമായി പരിഗണിക്കേണ്ട മാനുഷികപ്രശ്നമാണെന്ന  തോന്നല്‍ മനസ്സിലുണ്ടായി. എങ്ങാനും ആ കുട്ടി നിരപരാധിയാണെങ്കില്‍?

പരാതിയിന്മേല്‍ വിശദമായ അന്വേഷണം തികച്ചും സ്വതന്ത്രമായി ഉയര്‍ന്ന ഉദ്യോഗസ്ഥനെക്കൊണ്ട് നടത്താമെന്ന് അവര്‍ക്ക് ഉറപ്പു നല്‍കി. പെട്ടെന്നുള്ള അവരുടെ ആവശ്യം മകളുടെ ജാമ്യം ആയിരുന്നു. കാരണം, അവളപ്പോഴും ജയിലിലായിരുന്നു. ജാമ്യം കോടതിയാണല്ലോ തീരുമാനിക്കേണ്ടത്. അതില്‍ പൊലീസിനു വലുതായൊന്നും ചെയ്യാനില്ലെന്നും നിങ്ങള്‍ കോടതിയില്‍ അപേക്ഷ നല്‍കൂ എന്നും നിര്‍ദ്ദേശിച്ചു. അങ്ങനെ അവരെ തല്‍ക്കാലം പറഞ്ഞുവിട്ടു. 

അല്പം തിരക്കൊഴിഞ്ഞ ശേഷം ഞാന്‍ പരാതിക്കാര്യത്തെക്കുറിച്ച് മനസ്സിലാക്കാന്‍ ബന്ധപ്പെട്ട എസ്.ഐയെ ഫോണില്‍ വിളിച്ചു. നേരിട്ട് നിയമനം ലഭിച്ച് പത്ത് വര്‍ഷത്തോളം പ്രവര്‍ത്തന പരിചയമുള്ള ഉദ്യോഗസ്ഥനായിരുന്നു എസ്.ഐ. അദ്ദേഹവുമായുള്ള സംഭാഷണത്തില്‍ ഒരു കാര്യം ഏതാണ്ട് വ്യക്തമായിരുന്നു. എസ്.ഐ കൂടുതല്‍ ഊന്നല്‍ നല്‍കിയത് ആഭരണം നഷ്ടപ്പെട്ട വീട്ടമ്മയുടെ മൊഴിക്കായിരുന്നു. ''ആ സ്ത്രീ ഒരേ നില്‍പ്പില്‍ത്തന്നെ നിന്നു. ഈ  പെണ്‍കുട്ടി തന്നെയാണ് ആഭരണം മോഷ്ടിച്ചതെന്നും മറ്റാര്‍ക്കും അതിനുള്ള സാഹചര്യമില്ലെന്നും,''  അതുകൊണ്ട് പൊലീസിന് ആ പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്യേണ്ടിവന്നു എന്നും എസ്.ഐ പറഞ്ഞു. ഒട്ടും ഉറപ്പില്ലാത്ത വാക്കുകള്‍ എന്നെനിക്കു തോന്നി. എന്നിട്ട് സ്വര്‍ണ്ണമാല കണ്ടെടുക്കാനായോ എന്ന് ചോദിച്ചപ്പോള്‍ അതിനു കഴിഞ്ഞിട്ടില്ലെന്നും മനസ്സിലായി. സാധാരണയായി മോഷണക്കേസുകളില്‍ പൊലീസ് അറസ്റ്റ് ചെയ്യുന്നവര്‍ മുന്‍ശിക്ഷക്കാരോ അറിയപ്പെടുന്ന കുറ്റവാളികളോ ഒക്കെ ആയിരിക്കാം. എന്നാലിവിടെ കൗമാരപ്രായക്കാരിയായ ഒരു പെണ്‍കുട്ടിയാണ് ജയിലില്‍. മനസ്സില്‍ സംശയം ബലപ്പെട്ടു. കൂടുതലൊന്നും പറയാതെ  ഫയലുമായി ഓഫീസില്‍ വരാന്‍ നിര്‍ദ്ദേശിച്ചു.

പെണ്‍കുട്ടിയുടെ നിരാഹാരസമരം

ഭരണവിഭാഗം ഡി.വൈ.എസ്.പി എബ്രഹാം ചെറിയാന്‍ മുറിയില്‍ വന്നപ്പോള്‍ ഈ കേസിന്റെ കാര്യം അദ്ദേഹവുമായി സംസാരിച്ചു. ഇത്തരം വിഷയങ്ങളില്‍ പ്രായോഗികമായി അനുഭവ സമ്പത്തുള്ള ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. ഒരു സാക്ഷിയുടെ മൊഴി മാത്രം അടിസ്ഥാനമാക്കിയുള്ള അറസ്റ്റ്   ശരിയായിക്കൊള്ളണമെന്നില്ല എന്നതായിരുന്നു അദ്ദേഹത്തിന്റേയും കാഴ്ചപ്പാട്. മാത്രവുമല്ല, ഈ കേസില്‍ മോഷ്ടിക്കപ്പെട്ടു എന്നു കരുതപ്പെടുന്ന മാല കണ്ടെത്താന്‍ കഴിഞ്ഞിട്ടുമില്ല.

വൈകുന്നേരം കേസ് ഡയറിയുമായി  എസ്.ഐ എത്തി. ഫയല്‍ പരിശോധിച്ചു. പരാതിക്കാരിയായ വീട്ടമ്മ തന്റെ നഷ്ടപ്പെട്ട മാല, ചില സന്ദര്‍ഭങ്ങളില്‍ സൂക്ഷിച്ചിരുന്നത് പൂജാ മുറിയില്‍ ഒരു ചിത്രത്തിന്റെ പിന്നിലായിരുന്നു. അത് വീട്ടുജോലിക്കാരിക്കറിയാം. മറ്റാര്‍ക്കും അത് അറിയില്ലത്രേ. അതുകൊണ്ട് മോഷ്ടിച്ചത് ആ കുട്ടിയാണെന്നുറപ്പാണ് എന്നായിരുന്നു പരാതിക്കാരിയുടെ മൊഴി. അതായിരുന്നു ജോലിക്കാരിയെ  സംശയിക്കാനിടയായ  സാഹചര്യം. അതിനപ്പുറം കുറ്റകൃത്യം തെളിയിക്കുന്നതിനു വ്യക്തമായ തെളിവിന്റെ അഭാവം മുഴച്ചുനിന്നു.

വ്യക്തിപരമായ ഒരനുഭവം ഞാനോര്‍ത്തു. അതുണ്ടായത് ഐ.പി.എസില്‍ ചേരും മുന്‍പ് വിശാഖപട്ടണത്തുവെച്ചാണ്. ഹിന്ദുസ്ഥാന്‍ പെട്രോളിയത്തില്‍ ജോലിചെയ്തിരുന്ന ഞങ്ങള്‍ മൂന്നു പേര്‍ ഒരുമിച്ച് താമസിക്കുകയായിരുന്നു. ആഹാരം പാകം ചെയ്യാനും വീട് വൃത്തിയാക്കാനും വൈകുന്നേരങ്ങളില്‍ ഒരു സ്ത്രീ വരും; ആന്ധ്രാക്കാരിയായ ഒരു ലക്ഷ്മി. അങ്ങനെയിരിക്കേ ഒരു ദിവസം എന്റെ അലമാരയില്‍വെച്ചിരുന്ന കുറച്ചു രൂപ കാണുന്നില്ല. അലമാരയില്‍  പണം വെച്ച സ്ഥലം എനിക്ക് 'കൃത്യ'മാണ്. മറ്റൊരിടത്തും തെരഞ്ഞില്ല. അത്രയ്ക്കാണ് ബോദ്ധ്യം. ഞാനുറപ്പിച്ചു; ജോലിക്കാരി  എടുത്തതാണ്. ഭാഗ്യത്തിന് 'മോഷണക്കാര്യം' ഉടന്‍ ആരോടും പറഞ്ഞില്ല. ഒരു ദിവസം കഴിഞ്ഞ് മറ്റെന്തോ നോക്കുമ്പോള്‍ അതാ പ്രത്യക്ഷപ്പെടുന്നു 'മോഷണം' പോയ പണം അലമാരയില്‍, മറ്റൊരിടത്തുനിന്ന്. അപ്പോള്‍ പിന്നെ എന്റെ 'ബോദ്ധ്യം?' അത് ഞാന്‍ തിരുത്തി, മനസ്സില്ലാമനസ്സോടെ. വീട്ടുജോലിക്കാരുടെമേല്‍ കുറ്റമാരോപിക്കാന്‍ നമുക്ക് രണ്ടാമതൊരു ചിന്ത വേണ്ട.   
      
പരാതിക്കാരി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍  ജോലിക്കാരിയെ പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്‌തെങ്കിലും ആ കുട്ടി പൂര്‍ണ്ണമായും നിഷേധിച്ചു. പൊലീസ് അവളുടെ വീടും പരിശോധിച്ചു. പക്ഷേ,  ഒന്നും കണ്ടുകിട്ടിയില്ല. അവസാനം എസ്.ഐയുടെ മുന്നില്‍ രണ്ടു വഴിയേ ഉള്ളു എന്നയാള്‍ കരുതി. ഒന്നുകില്‍ പരാതിക്കാരിയുടെ മൊഴിമാത്രം വിശ്വസിച്ച് പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്യുക. അല്ലെങ്കില്‍ അതവിശ്വസിച്ച് കുറ്റാരോപിതയെ മോചിപ്പിക്കുക. അപ്രകാരം മോചിപ്പിച്ചാല്‍ പരാതിക്കാരി തനിക്കെതിരെ തിരിഞ്ഞേക്കുമെന്നും എസ്.ഐ സംശയിച്ചുവെന്നു തോന്നുന്നു. സംശയിക്കുന്ന വ്യക്തിയുടെ അറസ്റ്റ് രേഖപ്പെടുത്തിയില്ലെങ്കില്‍ പൊലീസ് കുറ്റവാളിക്ക് കൂട്ടുനില്‍ക്കുന്നുവെന്ന ആരോപണവും ഉണ്ടാകാം. പരാതിക്കാര്‍ ശക്തരായിരുന്നു. രാഷ്ട്രീയ പിന്തുണയും അവര്‍ക്കായിരുന്നു. ഇതെല്ലാം കൂടി കണക്കിലെടുത്തപ്പോള്‍ എസ്.ഐ കണ്ടെത്തിയ വഴിയാണ് അറസ്റ്റ് രേഖപ്പെടുത്തുക എന്ന മാര്‍ഗ്ഗം.

തുടക്കത്തില്‍ സൂചിപ്പിച്ചപോലെ വ്യത്യസ്ത ശക്തികളെ തുലനം ചെയ്തപ്പോള്‍ സുരക്ഷിതമായ തീരുമാനം. കേസിലെ പരാതിക്കാരിക്കു സംതൃപ്തി; അവരെ തുണച്ചവര്‍ക്കും. അപ്പോള്‍ പിന്നെ പെണ്‍കുട്ടി  നിരപരാധിയാണെങ്കിലോ? അങ്ങനെ വല്ല മനസ്സാക്ഷിക്കുത്തും തോന്നിയാലോ? മനസ്സാക്ഷിക്കും സമാധാനമുണ്ട്. അതിനാണല്ലോ കോടതി. കോടതി അവരെ വെറുതെ വിട്ടുകൊള്ളട്ടെ. അവിടെ അവര്‍ നിരപരാധിത്വം തെളിയിച്ചുകൊള്ളട്ടെ. ഇങ്ങനെ ചിന്തിച്ചാല്‍ 'കുത്ത്' അവസാനിപ്പിച്ച് മനസ്സാക്ഷി അതിന്റെ വഴിക്കു പൊയ്‌ക്കൊള്ളും! സര്‍വ്വീസിന്റെ തുടക്കത്തില്‍ മാത്രമേ എസ്.ഐ ആയാലും ഐ.പി.എസ് ആയാലും സാധാരണയായി  ഇത്തരം 'അനാവശ്യ ധാര്‍മ്മിക സമസ്യകള്‍' ഉണ്ടാകാറുള്ളു. പരിചയസമ്പന്നരാകുമ്പോള്‍ മനസ്സും മനസ്സാക്ഷിയും എല്ലാം ഐക്യപ്പെട്ട് അധികാരഘടനയുടെ അഭിലാഷം അറിഞ്ഞ് ആ ദിശയില്‍ ചലിച്ചുകൊള്ളും. അധികാരത്തിന്റെ ഏണിപ്പടികള്‍ കയറുമ്പോള്‍ സംഭവിക്കാവുന്ന ഈ ഐക്യപ്പെടലാണോ ജീവിതത്തിന്റെ ഉയര്‍ച്ച?  ''ചെറിയ ചില്ലറ നുണകള്‍ ചേര്‍ന്ന് ചേര്‍ന്ന് ഞാനൊരു വലിയ നുണയാവുന്നതുപോലെ,'' എന്ന് എഴുത്തുകാരി അഷിതയുടെ ഒരു കഥാപാത്രം നിരീക്ഷിക്കുന്നതെത്ര ശരി! 
 
മാലമോഷണ കുറ്റത്തിനു സംശയത്തിന്റെ പേരില്‍ കൗമാരക്കാരിയെ അറസ്റ്റ്‌ചെയ്ത എസ്.ഐയുടേത് ഒറ്റപ്പെട്ട ഒരു ചിന്താഗതി ആയിരുന്നില്ല. ഈ സംഭവത്തിനു കുറച്ചുമുന്‍പ് സംസ്ഥാന ക്രൈംബ്രാഞ്ചിലെ ഒരു ഡി.വൈ.എസ്.പി മറ്റൊരു കാര്യവുമായി ബന്ധപ്പെട്ട് എന്നെ സന്ദര്‍ശിക്കാനിടയായി. അദ്ദേഹം സത്യസന്ധനായ പ്രാപ്തനായ ഒരു ഉദ്യോഗസ്ഥനായിരുന്നു. സംഭാഷണത്തിനിടയില്‍ അക്കാലത്ത് അല്പം ശ്രദ്ധയാകര്‍ഷിച്ചിരുന്ന ഒരു കൊലപാതക കേസിന്റെ കാര്യം ചര്‍ച്ച ചെയ്തു. സംശയത്തിന്റെ നിഴലിലുണ്ടായിരുന്ന ഒരു വ്യക്തിയുടെ കാര്യം പരാമര്‍ശിക്കപ്പെട്ടു. തെളിവൊക്കെ കുറവാണെങ്കിലും കേസ് ചാര്‍ജ് ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. ''ശിക്ഷിക്കയൊന്നുമില്ല, തെളിവ് പോര. കോടതി വെറുതെ വിടുമെന്നുറപ്പാണ്.'' സാധാരണയായി ഇത്തരം സന്ദര്‍ഭങ്ങളില്‍ അഭിപ്രായപ്രകടനം ഒഴിവാക്കുകയാണെന്റെ പതിവ്. പക്ഷേ, അതിന് വിപരീതമായി പറഞ്ഞു: ''നമ്മളൊരു കേസ് ചാര്‍ജ് ചെയ്യുമ്പോള്‍ അതിനു നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ പ്രതിക്കു ലഭിക്കും എന്ന് കരുതണം. ഇതൊരു കൊലക്കേസാണ്. ഈ പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചാലും അയാള്‍ അത് അര്‍ഹിക്കുന്നതാണ് എന്ന ബോദ്ധ്യം നമുക്ക് വേണം. അല്ലാതെ കോടതി വെറുതെവിടും എന്ന് കരുതി ചാര്‍ജ് ചെയ്യുന്നത് തെറ്റാണ്.''

നമുക്ക് വീണ്ടും ജയിലില്‍ കിടക്കുകയായിരുന്ന ആ പെണ്‍കുട്ടിയിലേയ്ക്ക് തിരിച്ചുവരാം. അന്വേഷണ ഉദ്യോഗസ്ഥനായ എസ്.ഐ പറഞ്ഞ കാര്യങ്ങളും സി.ഡി ഫയലിലെ വിവരങ്ങളും എല്ലാം പരിഗണിച്ചശേഷം ഞാന്‍ പറഞ്ഞു: ''ഈ വസ്തുതകളെല്ലാം തെളിവായി അംഗീകരിച്ചാല്‍ പോലും ഈ കുട്ടിയാണ് കുറ്റം ചെയ്തതെന്ന് സംശയാതീതമാംവണ്ണം തെളിയുന്നില്ല. കൂടുതല്‍ അന്വേഷണം ആവശ്യമായ സംശയകരമായ ഒരു സാഹചര്യം ഉണ്ട് എന്നു മാത്രമേ നമുക്ക് പറയാനാകൂ.'' കാര്യങ്ങള്‍ സ്വതന്ത്രമായി വിലയിരുത്തി വസ്തുതകള്‍ എസ്.ഐയെ ബോദ്ധ്യപ്പെടുത്താനാണ് ഞാന്‍ ശ്രമിച്ചത്. അടുത്ത നടപടിയായി ഇക്കാര്യങ്ങളെല്ലാം ബന്ധപ്പെട്ട അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടറുമായി സംസാരിക്കാനും കോടതിയില്‍ പെണ്‍കുട്ടിയുടെ ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ അന്വേഷണത്തില്‍ ബോദ്ധ്യപ്പെട്ട വസ്തുതകളില്‍ മാത്രം ഉറച്ചുനില്‍ക്കുക എന്ന നിലപാട് സ്വീകരിക്കാനും നിര്‍ദ്ദേശിച്ചു. എന്തു വിലകൊടുത്തും ഈ പ്രതിയെ പരമാവധി ജയിലില്‍ കിടത്തിയേ മതിയാകൂ എന്ന വാശി പാടില്ലെന്നും വ്യക്തമാക്കി. തൊട്ടടുത്ത ദിവസം ആ കുട്ടിക്ക്  ജാമ്യം കിട്ടി. അത് ആശ്വാസമായി. കേസന്വേഷണം മുന്‍വിധി ഇല്ലാതെ നടത്താന്‍ നീതിബോധമുള്ള ഒരു സീനിയര്‍ ഉദ്യോഗസ്ഥനെ ഏല്പിക്കാമെന്നു മനസ്സില്‍ കരുതി. 

അപ്പോഴാണ് അപ്രതീക്ഷിതമായ മറ്റൊരു സംഭവവികാസമുണ്ടായത്. ജാമ്യത്തില്‍ ഇറങ്ങിയ പെണ്‍കുട്ടി അനിശ്ചിതകാല നിരാഹാര സത്യഗ്രഹം ആരംഭിച്ചു. ഈ വിഷയത്തില്‍ ആദ്യമേ ഇടപെട്ട, വലിയ ജനസ്വാധീനമില്ലാതിരുന്നതും പുതുതായി രൂപംകൊണ്ടതുമായ രാഷ്ട്രീയ പാര്‍ട്ടിയായിരുന്നു അതിന്റെ പിന്നില്‍. തങ്ങളുടെ രംഗപ്രവേശം  അറിയിക്കാനും പാര്‍ട്ടി വളര്‍ത്താനുമുള്ള നല്ല ഒരവസരമായി അവര്‍ അത് കണ്ടുവെന്നു തോന്നുന്നു. പ്രധാന രാഷ്ട്രീയ പാര്‍ട്ടികളൊന്നും പ്രത്യക്ഷത്തില്‍ രംഗത്തു വന്നില്ല. എന്തുകൊണ്ടോ അവരാരും ഈ വിഷയത്തില്‍ വലിയ താല്പര്യമെടുത്തില്ല. ഈ സംഭവം മാധ്യമങ്ങളില്‍  വാര്‍ത്തയായെങ്കിലും വലിയ പ്രാധാന്യം കിട്ടിയില്ല. അങ്ങനെ നോക്കിയാല്‍ ഈ ഒറ്റയാള്‍ സമരം പൊലീസിനൊരു തലവേദനയൊന്നുമാകില്ലെന്ന് ഉറപ്പായിരുന്നു. വിഷയം വലിയൊരു ജനകീയ പ്രശ്‌നമാക്കി വളര്‍ത്തിയെടുക്കാനുള്ള പ്രാപ്തിയൊന്നും സമരത്തിനു പ്രേരണയും പിന്തുണയും നല്‍കിയ പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വത്തിനുണ്ടായിരുന്നില്ല.

സമരത്തിന്റെ പരിസമാപ്തിയും ന്യായവാദങ്ങളും

നിരാഹാര സമരം ആരംഭിച്ച ദിവസം നേതാക്കളെല്ലാവരും കൂടി എന്നെ വന്നു കണ്ടു. അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ നിരാഹാരം നടത്തുമെന്നവര്‍ പറഞ്ഞു. മോഷണക്കേസില്‍നിന്നും ഒഴിവാക്കണമെന്നും അന്യായമായി പ്രതിചേര്‍ത്ത  പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമായിരുന്നു ആവശ്യം. ആ വിഷയത്തില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമായി അവരോട് പറഞ്ഞു. കേസിന്റെ അന്വേഷണം പ്രാപ്തനായ ഒരു ഡി.വൈ.എസ്.പിയെ ഏല്പിച്ച് ഉത്തരവിറക്കി കഴിഞ്ഞുവെന്നും അന്വേഷണത്തില്‍ അവരുന്നയിച്ച എല്ലാ ആരോപണങ്ങളും സുക്ഷ്മമായി പരിശോധിക്കുമെന്നും ഞാന്‍ വിശദീകരിച്ചു. എന്നാല്‍, ഇക്കാര്യം ഒന്നോ രണ്ടോ ദിവസംകൊണ്ട് പൂര്‍ത്തിയാക്കാനാവില്ല. ചിലപ്പോള്‍ ആഴ്ചകളോ മാസങ്ങളോ എടുത്തുവെന്നു വരാം, ഞാന്‍ വ്യക്തമാക്കി. അതുകൊണ്ട് നിരാഹാരസമരം ഈ വിഷയത്തില്‍, ഇപ്പോള്‍ ഉചിതമാണോ എന്ന് സ്വയം പരിശോധിക്കണമെന്ന് അവരോട് പറഞ്ഞു. അതോടൊപ്പം, ജനാധിപത്യ മാര്‍ഗ്ഗത്തിലൂടെയുള്ള ഏത് സമരത്തോടും എനിക്കു ബഹുമാനമേ ഉള്ളുവെന്നും അതിനുള്ള ഭരണഘടനാപരമായ അവകാശത്തെ പൂര്‍ണ്ണ മനസ്സോടെ അംഗീകരിക്കുന്നുവെന്നും വ്യക്തമാക്കി. പക്ഷേ, അവര്‍ സത്യഗ്രഹത്തില്‍ ഉറച്ചുനിന്നു, 'പാറപോലെ.'

പെണ്‍കുട്ടിയുടെ നിരാഹാര സമരം ഒരുതരത്തിലുമുള്ള ക്രമസമാധാന പ്രശ്‌നമോ മറ്റെന്തെങ്കിലും ബുദ്ധിമുട്ടോ പൊലീസിനു സൃഷ്ടിച്ചില്ല. സമരത്തിനു പ്രേരണയും പിന്തുണയും നല്‍കിയ രാഷ്ട്രീയ നേതാക്കളോട് സമരം ചെയ്യാനുള്ള ഭരണഘടനാപരമായ സ്വാതന്ത്ര്യത്തെക്കുറിച്ചൊക്കെ പറഞ്ഞുവെങ്കിലും ആ വിഷയം അങ്ങനെ നിസ്സാരമായി നിസ്സംഗതയോടെ അവഗണിക്കാന്‍ എനിക്കായില്ല. എങ്ങനെയെന്നറിയില്ല, ചില ചിന്തകള്‍ മനസ്സില്‍ തോന്നിത്തുടങ്ങി. ഈ മനസ്സ് ഒരു പ്രശ്നമാണ്, ചിലപ്പോള്‍. ഇവിടെ നിരാഹാരം ഇരിക്കുന്നത്  രാഷ്ട്രീയ നേതാവൊന്നുമല്ല, പ്രായപൂര്‍ത്തിയായ പൗരന്‍ പോലുമല്ല. രാഷ്ട്രീയക്കാര്‍ക്ക് ഇടയ്ക്കിടെ വന്ന് ''മരണം വരെയും സമരം ചെയ്യും,'' ''വിജയം കണ്ടേ സമരം തീരൂ'', തുടങ്ങി ചില മുദ്രാവാക്യങ്ങള്‍ മുഴക്കുക, തീപ്പൊരി പ്രസംഗം നടത്തുക തുടങ്ങിയ പരിപാടികളേ ഉള്ളൂ. പട്ടിണി കിടന്ന് നരകിക്കുന്നത് കൗമാരക്കാരിയായ ഒരു പാവം പെണ്‍കുട്ടിയാണ്. സത്യഗ്രഹത്തിന് അടിസ്ഥാനമാകട്ടെ, ഒരു പൊലീസ് നടപടിയും. ആ നടപടിയുടെ ശരിതെറ്റുകള്‍ കണ്ടെത്താന്‍  സമയമെടുക്കും. അത് ഡിസംബര്‍ മാസമായിരുന്നു. ഡിസംബറിലെ തണുപ്പില്‍ പട്ടിണിയായി ആ കുട്ടി റോഡരുകിലെ കടത്തിണ്ണയില്‍ കഴിയുന്നത് ക്രൂരതയാണ്. ഇത് അവസാനിപ്പിക്കണം, വളരെ പെട്ടെന്ന്. ഇങ്ങനെ പോയി മനസ്സ്.

അപ്പോള്‍ തന്നെ രണ്ടു ദിവസം കഴിഞ്ഞിരുന്നു. സമരത്തിന്റെ പിന്നണി നേതാക്കളെ വിളിച്ച് ഉടന്‍ കാര്യം പറയാം എന്നു കരുതി. ഭാഗ്യവശാല്‍ വിളിക്കും മുന്‍പ് അവര്‍ തന്നെ വീണ്ടും എന്നെ കാണാന്‍ വന്നു. ഇത്തവണ വന്നത് നിരാഹാരം തുടര്‍ന്നുകൊണ്ട് സമരപരിപാടികള്‍ വിപുലമാക്കുന്ന കാര്യം പൊലീസിനെ അറിയിക്കാനായിരുന്നു. ഹര്‍ത്താല്‍, റോഡ് തടയല്‍ തുടങ്ങിയ പലതും അവരുടെ അജണ്ടയിലുണ്ടായിരുന്നു. അവര്‍ നല്ല ഉത്സാഹത്തിലായിരുന്നു. എല്ലാം കേട്ടുകഴിഞ്ഞ് ഞാന്‍ പറഞ്ഞു: ''നിങ്ങളെന്തു വേണമെങ്കിലും ആയിക്കൊള്ളു. പക്ഷേ, പെണ്‍കുട്ടിയുടെ നിരാഹാരം ഉടന്‍ അവസാനിപ്പിക്കണം.'' എന്റെ പ്രതികരണം തീരെ പ്രതീക്ഷിക്കാത്തതായിരുന്നു. സത്യഗ്രഹം തുടരുന്നതിന് അവര്‍ പല ന്യായവാദങ്ങളും ഉന്നയിച്ചു. ചുരുങ്ങിയ വാക്കുകളില്‍ ഞാന്‍ പറഞ്ഞു: ''നിങ്ങളാരെങ്കിലുമായിരുന്നു നിരാഹാരം കിടന്നതെങ്കില്‍ പൊലീസ് തിരിഞ്ഞുനോക്കില്ലായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത, സത്യഗ്രഹസമരത്തിന്റെ എട്ടുംപൊട്ടുമറിയാത്ത ഈ പെണ്‍കുട്ടിയെ അങ്ങനെ പട്ടിണിക്കിട്ട് നിങ്ങള്‍ക്കു സമരം നടത്താന്‍ പറ്റില്ല. അതും ഡിസംബറിലെ ഈ തണുപ്പില്‍. ഇന്നുതന്നെ അവസാനിപ്പിക്കണം.'' അവര്‍ പിന്നെയും തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ ശ്രമിച്ചു. അനുനയരൂപത്തില്‍, കുട്ടിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാകുകയാണെങ്കില്‍ അപ്പോള്‍  നിരാഹാരസമരം അവസാനിപ്പിക്കാമെന്ന് പറഞ്ഞു. ഒടുവില്‍ രണ്ടു മൂന്നു ദിവസം എന്ന് വിലപേശി. അവസാനം ഒരു ദിവസം കൂടിയെങ്കിലും അനുവദിക്കണമെന്നായി. ''അത്രയ്ക്ക് നിര്‍ബ്ബന്ധമാണെങ്കില്‍ നിങ്ങളാരെങ്കിലും നിരാഹാരം കിടക്കണം'', വാക്കുകളുടെ മൃദുഭാവം ഞാന്‍ വെടിഞ്ഞു. അവസാനം അവരും യോജിച്ചു, ഒരു വ്യവസ്ഥയിന്മേല്‍. കേസന്വേഷണം വേഗം പൂര്‍ത്തിയാക്കി കുട്ടിയെ ഒഴിവാക്കണം. ആര്‍ക്കും ബോധ്യമാകുന്ന തെളിവുണ്ടെങ്കില്‍ മാത്രം നടപടി, അല്ലെങ്കില്‍ ഒഴിവാക്കും, ഞാനുറപ്പ് നല്‍കി. നിരാഹാരസമരം അന്നുതന്നെ അവസാനിച്ചു. 

പിന്നെ അത് അന്വേഷിച്ച് ആരും വന്നില്ല. എങ്കിലും ആ കുട്ടിക്കു പിന്നെ  കോടതി കയറേണ്ടി വന്നില്ല. കുറേ കാലം കഴിഞ്ഞ് എനിക്കൊരു പോസ്റ്റ്കാര്‍ഡ് കിട്ടി. ''സാര്‍, ഈ സഹായം ഈ ജന്മം മറക്കില്ല'', എന്നു മാത്രം അതിലെഴുതിയിരുന്നു. ഒരുപാട് കാലം ആ കാര്‍ഡ് ഞാന്‍ സൂക്ഷിച്ചുവെച്ചു. പിന്നെ അത് നഷ്ടമായി. ഇല്ല, അതെന്റെ മനസ്സില്‍ സൂക്ഷിച്ചിട്ടുണ്ട്, ഇപ്പോഴും.

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com