ആ നിയമനങ്ങള്‍; അനീതിയുടെ ആനുകൂല്യങ്ങള്‍

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സാമൂഹ്യനീതിയുടേയും തുല്യ അവസരങ്ങളുടേയും നിഷേധത്തിന്റെ മേഖല കൂടിയാണ്
ഒപി രവീന്ദ്രൻ/ ഫോട്ടോ: ടിപി സൂരജ്/ എക്സ്പ്രസ്
ഒപി രവീന്ദ്രൻ/ ഫോട്ടോ: ടിപി സൂരജ്/ എക്സ്പ്രസ്

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സാമൂഹ്യനീതിയുടേയും തുല്യ അവസരങ്ങളുടേയും നിഷേധത്തിന്റെ മേഖല കൂടിയാണ്.  ഉന്നതവിദ്യാഭ്യാസ രംഗത്തെ അദ്ധ്യാപക നിയമനം പോലുള്ള കാര്യങ്ങള്‍ ആധുനിക കാലത്തെ സാമൂഹ്യബോധത്തിനു നിരക്കാത്തതോ മനസ്സിലാക്കാനാകാത്തതോ ആണ്. ഉന്നത വിദ്യാഭ്യാസരംഗത്ത് മാത്രമല്ല, സ്‌കൂള്‍ മേഖലയിലും സാമൂഹ്യശ്രേണിയിലെ താഴെത്തട്ടില്‍ നില്‍ക്കുന്നവര്‍ക്കും അരികുവല്‍ക്കരിക്കപ്പെട്ടവര്‍ക്കും അദ്ധ്യാപക നിയമനത്തില്‍ ലഭിക്കുന്ന പ്രാതിനിധ്യത്തിന്റെ കണക്കുകള്‍ പ്രബുദ്ധ മലയാളിയെ ലജ്ജിപ്പിക്കുന്നതാണ്. മലയാളിയുടെ പൊതുവിദ്യാഭ്യാസത്തിലെ 'പൊതു' എന്നത് നിരവധി സമുദായങ്ങളെ പുറന്തള്ളിയതിനു ശേഷമുള്ളവരുടെ സമൂഹമാണ്. ഇവയ്‌ക്കെതിരെ ശബ്ദിക്കുമെന്ന് കരുതുന്ന സാംസ്‌കാരിക നായകരും രാഷ്ട്രീയ നേതാക്കളുമെല്ലാം ഏതെങ്കിലും രീതിയില്‍ ഈ അനീതിയുടെ ആനുകൂല്യം പറ്റുകയോ ഭാഗമാകുകയോ ചെയ്യുന്നവരാണ്. അതു സ്വാഭാവികമോ സാധാരണയോ ആയ കാര്യമായാണ് അവര്‍ അവതരിപ്പിക്കുന്നത്. പുറത്താക്കുക എന്നത് സംഘടിതമായി നടത്തുകയും അതിനെ സ്വാഭാവികവല്‍ക്കരിക്കുകയുമാണ് ഇവിടെ ചെയ്യുന്നത്. വിദ്യാഭ്യാസ മേഖലയിലെ സാമൂഹ്യനീതി നിഷേധം നമ്മുടെ രാഷ്ട്രീയ മണ്ഡലത്തിനു പുറത്തുനില്‍ക്കുന്ന വിഷയമാണ്.  സര്‍വ്വകലാശാലകള്‍ ഇപ്പോഴും സാമൂഹ്യമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് അസ്പൃശ്യമായ ഇടങ്ങളാണ്. കോഴയും സ്വാധീനവും അദ്ധ്യാപക നിയമനങ്ങളുടെ മാനദണ്ഡമാകുന്നതും ചോദ്യം ചെയ്യപ്പെടുന്നില്ല. സര്‍വ്വകലാശാലാ അദ്ധ്യാപക നിയമനവിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സംവരണ-വിദ്യാഭ്യാസ അവകാശ പ്രവര്‍ത്തകനായ ഒ.പി. രവീന്ദ്രന്‍ സംസാരിക്കുന്നു. വര്‍ഷങ്ങളായി എയ്ഡഡ് വിദ്യാഭ്യാസ മേഖലകളില്‍ നടക്കുന്ന അനീതിക്കെതിരെ പോരാടുന്ന അദ്ദേഹം കേരളത്തിലെ സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമന ക്രമക്കേടും സാമുദായിക പ്രാതിനിധ്യവും വെളിപ്പെടുത്തുന്ന 'പൊതുവിദ്യാഭ്യാസ രംഗത്തെ സ്വകാര്യകോളനികള്‍' എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ്. 

കേരളത്തിലെ എയ്ഡഡ് കോളേജുകളിലെ അദ്ധ്യാപകരുടെ നിയമനവും സാമുദായിക പ്രാതിനിധ്യവും എങ്ങനെയാണ്? 

കേരളത്തില്‍ ഏതാണ്ട് 78 ശതമാനത്തോളം എയ്ഡഡ് കോളേജുകളാണ്. ആകെ 232 കോളേജുകളാണുള്ളത്. ഇതില്‍ 52 എണ്ണം മാത്രമാണ് സര്‍ക്കാര്‍ കോളേജുകള്‍. ബാക്കി 180 എണ്ണവും എയ്ഡഡ് കോളേജുകളാണ്. ആ അര്‍ത്ഥത്തില്‍ കോളേജ് അദ്ധ്യാപകരുടെ എണ്ണം നോക്കുമ്പോഴും എയ്ഡഡ് കോളേജുകളിലായിരിക്കും കൂടുതല്‍. സര്‍ക്കാര്‍ കോളേജ് അദ്ധ്യാപകരില്‍ എല്ലാ ജനവിഭാഗങ്ങള്‍ക്കും ഭരണഘടനാനുസൃത പ്രാതിനിധ്യം ലഭിക്കുമ്പോള്‍ എയ്ഡഡ് കോളേജുകളില്‍ അതത് മാനേജ്‌മെന്റ് സമുദായങ്ങള്‍ മാത്രമാണ് ജീവനക്കാരായി നിയമിക്കപ്പെടുന്നത്. 

2014-'15 കാലത്തെ കണക്കനുസരിച്ച് 180 കോളേജുകളിലായി 8233 അദ്ധ്യാപകരടക്കം 11,958 ജീവനക്കാരുണ്ട്. സംവരണം നിലവിലില്ലാത്തതിനാല്‍ ഇതില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ പ്രാതിനിധ്യം അരശതമാനത്തില്‍ താഴെയാണ്. 65 പേര്‍ മാത്രമാണ് ഈ വിഭാഗത്തില്‍ നിന്നുള്ളത്. മൂന്ന് എയ്ഡഡ് എന്‍ജിനീയറിംഗ് കോളേജുകളിലായി അദ്ധ്യാപകരും അനധ്യാപകരുമായി 829 പേര്‍ ജോലി ചെയ്യുമ്പോള്‍ രണ്ട് പേര്‍ മാത്രമാണ് എസ്.സി.-എസ്.ടി. വിഭാഗത്തിലുള്ളത്. ക്രിസ്ത്യന്‍, മുസ്ലിം, നായര്‍, ഈഴവ എന്നീ നാലു പ്രബല സമുദായത്തിന്റെ കീഴിലാണ് 88.33 ശതമാനം എയ്ഡഡ് കോളേജുകളും. 

എയ്ഡഡ് കോളേജ് അദ്ധ്യാപകരുടെ ശമ്പളം സര്‍ക്കാര്‍ കോളേജ് അദ്ധ്യാപകരുടെ ശമ്പളത്തിനു തുല്യമാണ്. അവരുടെ സര്‍വ്വീസ് റൂള്‍സും എല്ലാം തുല്യമാണ്. പക്ഷേ, എയ്ഡഡ് മേഖലയിലെ അദ്ധ്യാപകരെ പരിശോധിച്ചു കഴിഞ്ഞാല്‍ ചില പ്രത്യേക വിഭാഗങ്ങളെ അതില്‍നിന്നും ഒഴിവാക്കുന്നതായി കാണാന്‍ പറ്റും. അതേസമയം സാമൂഹ്യ പിന്നാക്കാവസ്ഥയുള്ള വിഭാഗങ്ങളെ സര്‍ക്കാര്‍ കോളേജുകളില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഒരേ സര്‍വ്വീസ്, ഒരേ ശമ്പളം, ഒരേ യോഗ്യത എല്ലാമുള്ള എയ്ഡഡ് കോളേജുകളെ സംബന്ധിച്ചിടത്തോളം അവിടെ ആദിവാസി-പട്ടികജാതി-അതിപിന്നാക്ക സമുദായങ്ങളുടെ പ്രാതിനിധ്യമില്ല. അദ്ധ്യാപകരെ തിരഞ്ഞെടുക്കുന്ന രീതിയില്‍ സാമൂഹികനീതി പ്രതിഫലിക്കുന്ന നിയമന സംവിധാനമല്ല അവിടെയുള്ളത്. അവിടെ നിയമിക്കാനുള്ള അവകാശം സര്‍ക്കാര്‍ ഏജന്‍സിക്കല്ല. അദ്ധ്യാപകരെ നിയമിക്കുന്നത് മാനേജ്‌മെന്റുകളാണ്. അദ്ധ്യാപകരെ തെരഞ്ഞെടുക്കുന്ന കമ്മിറ്റിയെക്കുറിച്ച് സര്‍ക്കാര്‍ നിര്‍ദ്ദേശം വെച്ചിട്ടുണ്ടെങ്കിലും മാനേജ്‌മെന്റുകളുടെ താല്പര്യം സംരക്ഷിക്കുന്ന, അവര്‍ക്ക് ഇഷ്ടമുള്ളയാളുകളെത്തന്നെ സെലക്ഷന്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ കഴിയും. അതുകൊണ്ടാണ് കൂടുതല്‍ യോഗ്യതയുള്ള ആളുകള്‍ക്കൊന്നും നിയമനം കിട്ടാത്ത സ്ഥിതിവിശേഷം വരുന്നത്. അവിടെ മെറിറ്റ് നോക്കേണ്ടതില്ല. മാനേജ്‌മെന്റിനു താല്പര്യമുള്ളവരേയും ഏറ്റവും കൂടുതല്‍ പണം നല്‍കാന്‍ തയ്യാറുള്ളവരേയും നിയമിക്കാനുള്ള ഒരു അവസരം മാനേജ്‌മെന്റിനുണ്ട്. ഇതിനെ മോണിറ്റര്‍ ചെയ്യാനോ ഈ നിയമനരീതിയെ ഏതെങ്കിലും മാനദണ്ഡം ഉപയോഗിച്ച് പരിശോധിക്കാനോ സംവിധാനങ്ങളില്ല.

യഥാര്‍ത്ഥത്തില്‍ കോളേജ് അദ്ധ്യാപകരുടെ നിയമനവുമായി ബന്ധപ്പെട്ട് ഇങ്ങനെയൊരു സ്ഥിതിവിശേഷം ഉണ്ടാകുന്നത് 1972-ല്‍ അച്യുതമേനോന്‍ സര്‍ക്കാറിന്റെ കാലത്ത് കൊണ്ടുവന്ന ഡയറക്ട് പേയ്മെന്റ് എഗ്രിമെന്റ് പ്രകാരമാണ്. മാനേജ്‌മെന്റുകളും സര്‍ക്കാരും തമ്മിലുണ്ടാക്കിയ ഈ കരാറിലാണ് നിയമനം മാനേജ്‌മെന്റുകള്‍ക്ക് വിട്ടുകൊടുക്കുകയും ശമ്പളം അദ്ധ്യാപകര്‍ക്ക് നേരിട്ട് സര്‍ക്കാര്‍ കൊടുക്കുന്ന രീതിയുമൊക്കെ വന്നത്. നിയമനങ്ങള്‍ പി. എസ്.സിക്കു വിടണം എന്നായിരുന്നു നേരത്തെ വിദ്യാഭ്യാസ ബില്ലിലൊക്കെ ഉണ്ടായിരുന്നത്. എന്നാല്‍, കരാറില്‍ സംവരണവുമായി ബന്ധപ്പെട്ട് വളരെ വിചിത്രമായ കാര്യമാണ് സര്‍ക്കാര്‍ മുന്നോട്ട് വെച്ചത്. 50 ശതമാനം നിയമനങ്ങള്‍ മാനേജ്‌മെന്റ് സമുദായങ്ങള്‍ക്കു സംവരണം ചെയ്തു. സാമൂഹ്യനീതി പ്രതിഫലിക്കുന്ന തരത്തില്‍ ഭരണഘടന വ്യവസ്ഥചെയ്യുന്ന ഒരു സംവരണം അവിടെ നടപ്പാക്കിയില്ല. ബാക്കി 50 ശതമാനം ഓപ്പണ്‍ ക്വാട്ട എന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. ഈ ഓപ്പണ്‍ ക്വാട്ടയില്‍ത്തന്നെ മാനേജ്‌മെന്റ് സമുദായത്തിലുള്ളവരെത്തന്നെ നിയമിക്കുന്ന സംവിധാനം കേരളത്തില്‍ പ്രബലമാണ്. അതുകൊണ്ടാണ് കേരളത്തിലെ പല എന്‍.എസ്.എസ്, ക്രിസ്ത്യന്‍, മുസ്ലിം മാനേജ്‌മെന്റ് കോളേജുകളിലും അവരുടെ സമുദായങ്ങള്‍ തന്നെ കൂടുതല്‍ വരുന്നത്. നൂറു ശതമാനവും അവരുടെ സമുദായം തന്നെ വരുന്ന കോളേജുകളും ഉണ്ട്. എന്‍.എസ്.എസ് ട്രെയിനിംഗ് കോളേജ് പന്തളം, എന്‍.എസ്.എസ് ട്രെയിനിംഗ് കോളേജ് ചങ്ങനാശ്ശേരി, എന്‍.കെ.എ കോളേജ് കടവത്തൂര്‍, ബി.സി.എം കോളേജ് കോട്ടയം തുടങ്ങി 100 ശതമാനം സ്വസമുദായ സംവരണം നടപ്പാക്കിയ കോളേജുകളുണ്ട്. ഇനി ദേവസ്വം ബോര്‍ഡിന്റെ കോളേജുകള്‍ നോക്കിയാലും സര്‍ക്കാറിന്റെ മേല്‍നോട്ടത്തിലുള്ള ഭരണസമിതിയാണ് നിയമനം നടത്തുന്നതെങ്കിലും സംവരണം പാലിക്കപ്പെടാറില്ല. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നാല് കോളേജുകളിലെ അദ്ധ്യാപകരില്‍ 78.56 ശതമാനം മുന്നോക്കക്കാരാണ്. പട്ടികജാതി- പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവരോ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരോ ഇവിടെയില്ല. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള കേരളവര്‍മ്മ കോളേജില്‍ 2018-ലെ കണക്കുപ്രകാരം 89 അദ്ധ്യാപകരില്‍ ഒരാള്‍പോലും പട്ടികജാതി-വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടയാളില്ല. ഓപ്പണ്‍ മെറിറ്റ് എന്നു പറയുന്നത് മറ്റു സമുദായങ്ങളെ ഉള്‍ക്കൊള്ളുന്ന രീതിയിലുള്ള ഒരു വ്യവസ്ഥയായി മാറിയില്ല. 

ഒപി രവീന്ദ്രൻ/ ഫോട്ടോ: ടിപി സൂരജ്/ എക്സ്പ്രസ്
ഒപി രവീന്ദ്രൻ/ ഫോട്ടോ: ടിപി സൂരജ്/ എക്സ്പ്രസ്

സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്ന സ്ഥാപനങ്ങളില്‍ സംവരണം ഉറപ്പാക്കണമെന്ന് യു.ജി.സി. ആക്ട് നിലവിലുള്ളപ്പോള്‍ സര്‍ക്കാറും മാനേജ്‌മെന്റും ഉണ്ടാക്കിയ കരാര്‍ നിലനില്‍ക്കുന്നതാണോ?  

കേരളത്തില്‍ ഇതിനെ ആരും ചോദ്യം ചെയ്തിരുന്നില്ല. 2010-ലാണ് ഈ വിഷയം കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്. യു.ജി.സി നിയമപ്രകാരം സംവരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കോളേജ് അദ്ധ്യാപക നിയമനത്തിന് അര്‍ഹരായ പത്ത് ആദിവാസി-ദളിത് ഉദ്യോഗാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചു. യു.ജി.സിയുടെ ഗൈഡ്ലൈന്‍ വച്ചായിരുന്നു പ്രധാനപ്പെട്ട വാദം. എയ്ഡഡ് സ്ഥാപനങ്ങളില്‍ സംവരണം നടപ്പാക്കണം എന്ന് യു.ജി.സിയുടെ വാദം യു.ജി.സി പ്രതിനിധിയും കോടതിയില്‍ വ്യക്തമാക്കി. അഞ്ചുവര്‍ഷത്തിനുശേഷം 2015-ല്‍ അനുകൂലവിധി വന്നു. എയ്ഡഡ് സ്ഥാപനങ്ങളില്‍ ഭരണഘടനാനുസൃത സംവരണം ബാധകമാക്കണമെന്നായിരുന്നു ജസ്റ്റിസ് എ.എം. ഷെഫീഖിന്റെ വിധി. നിര്‍ഭാഗ്യവശാല്‍ ആ വിധിക്കെതിരെ എന്‍.എസ്.എസ്സും എസ്.എന്‍. ട്രസ്റ്റും അപ്പീലിനു പോയി. വാദങ്ങള്‍ക്കൊടുവില്‍ 2017-ല്‍ സിംഗിള്‍ ബെഞ്ചിന്റെ വിധി തള്ളിക്കൊണ്ടായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ വിധി വന്നത്. എന്‍.എസ്.എസ്സും എസ്.എന്‍. ട്രസ്റ്റും ഉന്നയിച്ച പ്രധാനപ്പെട്ട വാദം എയ്ഡഡ് സ്ഥാപനങ്ങള്‍ സ്വകാര്യ മാനേജ്‌മെന്റ് നടത്തുന്നതാണെന്നും അതുകൊണ്ടുതന്നെ സര്‍ക്കാറിന്റെ സംവരണ വ്യവസ്ഥകള്‍ നടപ്പാക്കേണ്ടതില്ല എന്നുമായിരുന്നു. ആ വാദം ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചു. കേസ് സുപ്രീം കോടതിയിലാണിപ്പോള്‍. അപ്പോള്‍ യു.ജി.സിയുടെ നിര്‍ദ്ദേശം ഉണ്ടെങ്കിലും അത് നടപ്പാക്കേണ്ട എന്ന് കോടതി പോലും പറയുകയാണ്.
 
അതേസമയം 2020-ല്‍ പശ്ചിമ ബംഗാളില്‍ സുപ്രധാനമായ ഒരു വിധി വന്നു. പശ്ചിമ ബംഗാളിലെ എയ്ഡഡ് മദ്രസകളില്‍ നിയമനം നടത്തുന്നതിന് 2008-ല്‍ സര്‍ക്കാര്‍ 'പശ്ചിമ ബംഗാള്‍ മദ്രസ സര്‍വ്വീസ് കമ്മിഷന്‍' രൂപീകരിച്ചിരുന്നു. ഇതിനെതിരെ റഹ്മാനിയ ഹൈ മദ്രസ എന്ന സ്ഥാപനം കോടതിയെ സമീപിച്ചു. സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും മാനേജ്‌മെന്റുകളുടെ വാദം അംഗീകരിച്ചു. കേസ് സുപ്രീംകോടതിയിലെത്തി. ശമ്പളവും പെന്‍ഷനും സര്‍ക്കാര്‍ കൊടുക്കുന്നതിനാല്‍ നിയമനം സര്‍ക്കാറിനു നടത്താം എന്നായിരുന്നു സുപ്രീംകോടതി വിധി. അങ്ങനെയൊരു സുപ്രീംകോടതി വിധിയും ഇപ്പോള്‍ നിലവിലുണ്ട്. മാത്രമല്ല, വിദ്യാഭ്യാസ ബില്ലുമായി ബന്ധപ്പെട്ട് 1958-ല്‍ സുപ്രീംകോടതിയുടെ ഏഴംഗ ബെഞ്ചിന്റെ ഒരു വിധിയുണ്ട്. ആ വിധിയിലും എയ്ഡഡ് നിയമനങ്ങള്‍ പി.എസ്.സിക്കു വിടണം എന്നുള്ളതായിരുന്നു. കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിലെപ്പോഴും മാനേജ്‌മെന്റുകളുടെ അദൃശ്യമായ പ്രാതിനിധ്യമുള്ളതുകൊണ്ട് അവരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ നടക്കുന്നത്. അതുകൊണ്ടുതന്നെ കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ മേഖലയില്‍ സാമൂഹ്യനീതി നടപ്പാക്കണം എന്ന വാദത്തെ നിരന്തരമായി മാറ്റിവെച്ചുകൊണ്ടിരിക്കുകയാണ്.

സംവരണത്തിനെതിരെയുള്ള  അപ്പീലില്‍ എസ്.എന്‍. ട്രസ്റ്റ് കക്ഷി ചേര്‍ന്നതില്‍ വൈരുദ്ധ്യമില്ലേ? 

വെള്ളാപ്പള്ളിയൊക്കെ ഒരു ഘട്ടത്തില്‍ നിയമനങ്ങള്‍ പി.എസ്.സിക്കു വിടണം എന്നുതന്നെയായിരുന്നു പറഞ്ഞിരുന്നത്. എയ്ഡഡ് നിയമനങ്ങള്‍ പി.എസ്.സിക്കു വിടണമെന്നും ഞങ്ങള്‍ തയ്യാറാണ് എന്നും അദ്ദേഹം പറയാറുണ്ട്. പക്ഷേ, സംവരണം നടപ്പാക്കുന്ന കാര്യത്തില്‍ അവര്‍ പ്രതികൂലമായ നിലപാട് സ്വീകരിച്ചു. അതിലെ പ്രധാനപ്പെട്ട കാര്യം ന്യൂനപക്ഷ സ്ഥാപനങ്ങള്‍ ഒഴികെ എന്ന് ആ വിധിയില്‍ വ്യക്തമാക്കുന്നുണ്ട്. 2015-ലെ സിംഗിള്‍ ബെഞ്ചിന്റെ വിധിയില്‍ തന്നെ ന്യൂനപക്ഷ സ്ഥാപനങ്ങളെ ഒഴിവാക്കിയിരുന്നു. അത്തരം സ്ഥാപനങ്ങള്‍ ഒഴികെയുള്ളവയിലാണ് സംവരണം നടപ്പിലാക്കണം എന്നു പറഞ്ഞത്. പക്ഷേ, ഇവിടെ ഏറ്റവും കൂടുതല്‍ സ്ഥാപനങ്ങളുള്ളത് ന്യൂനപക്ഷങ്ങളുടെ കയ്യിലാണ്. 2015-ലെ കണക്കുപ്രകാരം 180 കോളേജുകളില്‍ 86 എണ്ണം (47.77 ശതമാനം) ക്രിസ്ത്യന്‍ മാനേജ്‌മെന്റിന്റേയും 35 കോളേജുകള്‍ (19.44 ശതമാനം) മുസ്ലിം മാനേജ്‌മെന്റിന്റേയും 18 എണ്ണം (10 ശതമാനം) എന്‍.എസ്.എസ്സിന്റേയും 20 എണ്ണം (11.11 ശതമാനം) എസ്.എന്‍. ട്രസ്റ്റിന്റേയും കീഴിലാണ്. അങ്ങനെ നോക്കുമ്പോള്‍ ഭൂരിപക്ഷം എയ്ഡഡ് കോളേജുകളിലും സംവരണം നടപ്പാക്കേണ്ടതില്ല. ഇവരുടെ സ്ഥാപനങ്ങളില്‍ മാത്രമാകും സംവരണ വ്യവസ്ഥപ്രകാരം പട്ടികജാതി-വര്‍ഗ്ഗ വിഭാഗങ്ങള്‍ പ്രവേശിക്കുക എന്നതാണ് അവര്‍ മുന്നില്‍ കാണുന്നത്. എല്ലാ സ്ഥാപനങ്ങളിലും സംവരണം നടപ്പാക്കുകയാണെങ്കില്‍ അവരുടെ സമുദായത്തില്‍പ്പെട്ടവര്‍ക്കും മറ്റു കോളേജുകളില്‍ പ്രവേശിക്കാന്‍ കഴിയുമല്ലോ. അതിവിടെയില്ല. ഈ ഒരു കാര്യം ആയിരിക്കണം അവരെ സംവരണത്തിനെതിരെ തിരിയാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാകുക. എന്തായാലും സംവരണീയരായ വിഭാഗങ്ങള്‍ തന്നെയാണ് സംവരണത്തിന് അര്‍ഹമായ വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കെതിരെ നില്‍ക്കുന്നത്. 

ശമ്പളവും പെന്‍ഷനും മാത്രം നല്‍കുന്ന ഏജന്‍സിയായി എയ്ഡഡ് കോളേജുകള്‍ക്കു മുന്നില്‍ ജനകീയ സര്‍ക്കാറുകള്‍ മാറുന്നത് എന്തുകൊണ്ടാണ്? 

ഒന്നാമത് ഈ വിഷയത്തിലൊക്കെ സര്‍ക്കാറുകള്‍ വലിയ സമ്മര്‍ദ്ദത്തിലാണ്. പ്രത്യേകിച്ച് എന്‍.എസ്.എസ്, ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളാണ് ഏറ്റവും കൂടുതല്‍ സ്ഥാപനങ്ങളും അധികാരവും കയ്യാളുന്നത് യഥാര്‍ത്ഥത്തില്‍. 1957-ലെ വിദ്യാഭ്യാസ ബില്ലിനെതിരെ സമരരംഗത്ത് വന്നതും എന്‍.എസ്.എസ്സും ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളുമാണ്. 

അവരാണ് സംഘടിതമായി കേരളത്തില്‍ വലിയ സമരം നടത്തുകയും വിദ്യാഭ്യാസ ബില്ലിലെ സെക്ഷന്‍ 11-നെതിരെ വിമോചനസമരം നടത്തി അന്നത്തെ ഇ.എം.എസ്. സര്‍ക്കാറിനെത്തന്നെ താഴെയിട്ടതും. ഇതിന്റെ പ്രശ്‌നം കിടക്കുന്നത് എങ്ങനെ ഇത്രയേറെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ സമുദായത്തിന്റെ കയ്യില്‍ വന്നു എന്നുള്ളതാണ്. ആ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഇവരെ വലിയ സമ്പന്നരും ശക്തിയുമുള്ള വിഭാഗങ്ങളാക്കി മാറ്റി. എന്‍.എസ്.എസ്സിന്റെ വാര്‍ഷിക ബജറ്റ് എടുക്കയാണെങ്കില്‍ 2018-ല്‍ 105.93 കോടി രൂപയായിരുന്നു. അടുത്ത വര്‍ഷമാകുമ്പോഴേക്കും 122.5 കോടിയിലേക്ക് വരുന്നു. എസ്.എന്‍. ട്രസ്റ്റിന്റേത് 2018-'19ല്‍ 113.76 കോടിയും 2019-'20ല്‍ 132.42 കോടി രൂപയുമാണ്. അതുപോലെ എം.ഇ.എസ്സിന്റെ 2017-'18ലെ വാര്‍ഷിക ബജറ്റ് തുക 468 കോടി രൂപയാണ്. അപ്പോള്‍ ഓരോ വര്‍ഷവും പതിനഞ്ചോ ഇരുപതോ കോടി രൂപയുടെ അധിക വളര്‍ച്ചയാണ് ഇവര്‍ക്ക് ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ കിട്ടുന്നത്. വിദ്യാഭ്യാസം എന്നു പറയുന്നത് വലിയ സമ്പത്ത് ഉണ്ടാക്കുന്ന ഒരു മേഖലയാണ്. വ്യവസായംപോലെ തന്നെ വിദ്യാഭ്യാസത്തിലൂടെയാണ് ഇവര്‍ വലിയ സമ്പത്ത് ആര്‍ജ്ജിച്ചത്. 

എന്‍.എസ്.എസ് 10 പേര്‍ക്ക് ജോലി കൊടുക്കുക എന്നുപറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം പത്തോ ഇരുപതോ കുടുംബങ്ങളെ എന്‍.എസ്.എസ്സിനോട് അടുപ്പിക്കുക എന്നതാണ്. അപ്പോള്‍ സാമുദായികമായും അവര്‍ വലിയ ശക്തിയായി തീരുകയാണ്. ലക്ഷങ്ങള്‍ വാങ്ങിയാണ് നിയമനം നടത്തുന്നത്. എന്നാല്‍പ്പോലും അത്രയും കൊടുക്കാന്‍ ശേഷിയുള്ളവര്‍ ആ സമുദായത്തിലുണ്ട്. അവരുടെ പിന്‍ബലവും അവരുടെ സമ്പത്തും ഇതിനകത്തേയ്ക്കു വന്നുചേരുന്നു. അത് അവരെ മറ്റ് സ്ഥാപനങ്ങള്‍ തുടങ്ങാനും പ്രേരിപ്പിക്കുന്നു. 2000-നുശേഷമാണ് കേരളത്തില്‍ ഇത്രയധികം സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വന്നത്. ഇത് പുതിയ ഏതെങ്കിലും ഏജന്‍സി വന്ന് മുതല്‍ മുടക്ക് നടത്തിയതല്ല. ഇവര്‍ തന്നെ തുടങ്ങിയതാണ്. പ്രത്യേകിച്ച് മെഡിക്കല്‍ എന്‍ജിനീയറിംഗ് മേഖലയിലൊക്കെ ക്യാപിറ്റേഷന്‍ ഫീസടക്കം കോടിക്കണക്കിനു രൂപ അവര്‍ക്കു സംഘടിപ്പിച്ചെടുക്കാന്‍ കഴിയുന്നു. ആദ്യകാലത്ത് വിദ്യാലയങ്ങള്‍ തുടങ്ങാനൊന്നും ആളുകള്‍ രംഗത്തു വന്നിരുന്നില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുമ്പോള്‍ സര്‍ക്കാര്‍ സൗജന്യമായി സ്ഥലം തരാമെന്നും ജീവനക്കാര്‍ക്കു ശമ്പളം കൊടുക്കാം എന്നും പ്രഖ്യാപിക്കുന്നതോടെയാണ് ഈ സമുദായങ്ങളൊക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നത്. പക്ഷേ, പിന്നീട് അവര്‍ സംഘടിതശക്തിയായി തീരുകയും വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടാക്കുന്ന പരിഷ്‌കരണങ്ങളെ മുഴുവന്‍ തടയിടുകയും ചെയ്യുന്ന രീതിയില്‍ സംഘടിതരായി തീരുകയും ചെയ്യുകയാണ്. ഇവരുടെ സമ്പത്തും അധികാരവും ആള്‍ബലവും തന്നെയാണ് ഇവരെ സര്‍ക്കാറിനു മുന്നില്‍ സംഘടിതശക്തിയായി നിര്‍ത്തുന്നത്. അതുകൊണ്ടുതന്നെയാണ് സാമൂഹികനീതിയൊന്നും ഇത്തരം സ്ഥാപനങ്ങളില്‍ നടപ്പാക്കാന്‍ കഴിയാത്തവിധം സര്‍ക്കാറുകള്‍ പിന്നോട്ടടിക്കുന്നത്. 

എയ്ഡഡ് സ്ഥാപനങ്ങളെ മാറ്റിനിര്‍ത്തിയാല്‍, നീതിപൂര്‍വ്വമായ സംവിധാനമാണോ സര്‍ക്കാര്‍ നിയന്ത്രിക്കുന്ന അക്കാദമിക സ്ഥാപനങ്ങളിലെ നിയമനങ്ങള്‍? 

സര്‍വ്വകലാശാലകളിലൊക്കെ നിയമനങ്ങള്‍ നീതിപൂര്‍വ്വമാണ് എന്നാണ് പൊതുസമൂഹത്തിന്റെ ധാരണ. യഥാര്‍ത്ഥത്തില്‍ നേരത്തെ തൊട്ട് അങ്ങനെ ആയിരുന്നില്ല. സ്വയംഭരണ സ്ഥാപനങ്ങള്‍ ആയതുകൊണ്ടുതന്നെ സിന്‍ഡിക്കേറ്റിനും അനുബന്ധമായ ഭരണ സംവിധാനങ്ങള്‍ക്കും ചില പ്രത്യേക താല്പര്യങ്ങളുള്ളവരെ നിയമിക്കാന്‍ കഴിയുന്ന ഒരു മേഖലയാണത്. കാലടി സര്‍വ്വകലാശാലയില്‍ ഇപ്പോള്‍ വിവാദങ്ങള്‍ ഉണ്ടായതിന്റെ പശ്ചാത്തലം വിഷയവിദഗ്ദ്ധരായ മൂന്നുപേരും ഒരു നിയമനത്തിലെ അനീതിയെ ചൂണ്ടിക്കാണിച്ചു എന്നതുകൊണ്ടാണ്. അവരതില്‍ ഉറച്ചുനില്‍ക്കുകയും പൊതുസമൂഹത്തില്‍ പറയുകയും പരാതി നല്‍കുകയും ചെയ്തതുകൊണ്ടാണ് ഈ വിഷയം പുറത്തുവരുന്നത്. സര്‍വ്വകലാശാലകള്‍ ഉള്ള കാലം മുതലേ അദ്ധ്യാപക നിയമനങ്ങള്‍ മാത്രമല്ല, അനദ്ധ്യാപക നിയമനങ്ങളിലും ഇതു തന്നെയാണ് സംഭവിക്കുന്നത്. അവിടെയുള്ള തൂപ്പുജോലിയടക്കമുള്ള പോസ്റ്റുകളിലേക്ക് ഇടതും വലതും മുന്നണികളിലെ പാര്‍ട്ടികള്‍ക്ക് അവരുടേതായ വിഹിതം കൊടുത്തുകൊണ്ടാണ് നിയമനം നടത്തിവന്നത്. അത് ഒരു പുതിയ കാര്യമല്ല. നേരത്തെ തൊട്ട് അങ്ങനെതന്നെയാണ്. 

സര്‍വ്വകലാശാലാ നിയമനം പി.എസ്.സിക്കു വിടണം എന്നു കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ നിലപാട് എടുത്തിരുന്നു. അതിന്റെ ഭാഗമായി അദ്ധ്യാപകതേര തസ്തികകള്‍ പി.എസ്.സിക്കു വിടുകയും ചെയ്തു. എന്നിട്ടും അതിനിടയില്‍ കുറേ നിയമനങ്ങള്‍ യൂണിവേഴ്സിറ്റികളില്‍ നടപ്പാക്കി എന്നതൊരു വസ്തുതയാണ്. പി.എസ്.സിക്കു വിടേണ്ടതാണ് എന്ന ഒരു തീരുമാനത്തിലേക്ക് എത്തുന്നതിന്റെ കാര്യം തന്നെ ഇവിടെ അനീതിപൂര്‍വ്വമായ നിയമനമാണ് നടന്നുവന്നത്, അവിടെ കുറച്ചുകൂടി നീതി പുലര്‍ത്തണം, സുതാര്യത വേണം എന്നുള്ളതുകൊണ്ടാണ്. എന്നാല്‍, ഈ സര്‍ക്കാരും അദ്ധ്യാപക നിയമനം പി.എസ്.സിക്കു വിടാതെ മാറ്റിവെച്ചു. പരമാവധി അവരുടെ സംഘടനാ പ്രതിനിധികളെ അദ്ധ്യാപകരാക്കി കൊണ്ടുവരാന്‍ വേണ്ടിയാണ് എന്നത് വ്യക്തമാണ്. സര്‍വ്വകലാശാലാ അദ്ധ്യാപക തസ്തിക മാത്രമല്ല, പി.എസ്.സിക്കു വിടാത്ത ഒരുപാട് പോസ്റ്റുകള്‍ വേറെയുമുണ്ട്. 

കണക്കെടുത്താല്‍ 5,11,487 സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് 2016-ല്‍ ഉള്ളത്. അതില്‍ ഏതാണ്ട് രണ്ട് ലക്ഷം പേരെ മാത്രമേ പി.എസ്.സി വഴി നിയമിക്കുന്നുള്ളൂ. ബാക്കിയുള്ളതില്‍ രണ്ടു ലക്ഷത്തോളം എയ്ഡഡ് മാനേജ്‌മെന്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരാണ്. മൊത്തം ജീവനക്കാരുടെ 39 ശതമാനം വരും ഇത്. ഇത്രയും ജീവനക്കാരില്‍ പട്ടികജാതി-വര്‍ഗ്ഗക്കാര്‍ ഒരു ശതമാനത്തില്‍ താഴെയാണുള്ളത്. ബാക്കിയുള്ള ഒരു ലക്ഷത്തോളം നിയമനങ്ങള്‍ പി.എസ്.സിക്കു വിടാത്ത നിയമനങ്ങളാണ്. അതായത് ബോര്‍ഡുകള്‍, അക്കാദമികള്‍, സര്‍ക്കാര്‍ കമ്പനികള്‍, സൊസൈറ്റികള്‍, ഇന്‍സ്റ്റിറ്റിയൂട്ടുകള്‍, കോര്‍പ്പറേഷനുകള്‍, സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങിയവ. അവിടെ ഒന്നും പി.എസ്.സി വഴി അല്ല നിയമനം നടത്തുന്നത്. അവിടെയൊന്നും നടത്തുന്ന നിയമനങ്ങളില്‍ സംവരണം പാലിക്കാറുമില്ല. അപ്പോള്‍ പി.എസ്.സി നിയമിക്കുന്ന രണ്ടു ലക്ഷത്തോളം പേരില്‍ മാത്രമേ സാമൂഹ്യനീതി നടപ്പാവുന്നുള്ളൂ എന്നതാണ് കാര്യം. ഭൂരിപക്ഷം നിയമനങ്ങളും ഈ പറഞ്ഞപോലെ സാമൂഹ്യനീതി നടപ്പാക്കാത്തതാണ്. അതിലൊന്നാണ് കേരളത്തിലെ സര്‍വ്വകലാശാലകളും.

സംവരണം നടപ്പാകുന്നയിടങ്ങളിലും റൊട്ടേഷന്‍ സംവിധാനത്തിലെ അപാകം പല വിഭാഗങ്ങളേയും ബാധിക്കുന്നില്ലേ? 

തീര്‍ച്ചയായും. ഉദാഹരണത്തിന് കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസില്‍ മൂന്ന് കേഡറുകളിലേക്കായി 30 പേരെയാണ് എടുക്കുന്നത്. ആദ്യത്തെ മുപ്പതില്‍ റൊട്ടേഷന്‍ വെച്ച് നോക്കിയാല്‍ ഒരു പട്ടികവര്‍ഗ്ഗക്കാരനും വരില്ല. കാരണം പട്ടികവര്‍ഗ്ഗത്തിന്റെ പി.എസ്.സി റൊട്ടേഷന്‍ 44 ആണ്. അതുകഴിഞ്ഞാല്‍ 88. അപ്പോള്‍ 30 പേരെ നിയമിക്കുമ്പോള്‍ 44-കാരന്‍ ഇതില്‍ വരില്ലല്ലോ. അതേസമയം മൂന്നു സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നോക്കക്കാരന്‍ (ഇ.ഡബ്ല്യു.എസ്.) ഇതില്‍ വരും. 9, 19, 29 എന്നതാണ് അവരുടെ റൊട്ടേഷന്‍. റൊട്ടേഷന്റെ ചാര്‍ട്ട് നോക്കിയാല്‍ പല വിഭാഗങ്ങളും അതില്‍ വരില്ല. നാടാര്‍, ധീവര, പരിവര്‍ത്തിത ക്രിസ്ത്യന്‍ എന്നിവരൊന്നും വരില്ല. അവരൊക്കെ 30-നു മുകളിലാണ്. 

പട്ടികവര്‍ഗ്ഗത്തിന് രണ്ട് ശതമാനമാണ് സംവരണമുള്ളത്. പട്ടികജാതിക്ക് എട്ടും. പട്ടികവര്‍ഗ്ഗക്കാര്‍ മിക്ക നിയമനങ്ങളിലും ഉണ്ടാവില്ല. എന്നുവെച്ചാല്‍ 44 അല്ലേ അവരുടെ റൊട്ടേഷന്‍. പത്തോ ഇരുപതോ മുപ്പതോ പോസ്റ്റാണ് വിളിക്കുന്നതെങ്കില്‍ ഒരിക്കലും ഈ സമുദായം അതില്‍ വരില്ല. നമുക്കു തോന്നുക രണ്ട് പട്ടികവര്‍ഗ്ഗക്കാരന്‍ കയറും എന്നാണ്. എന്നാല്‍, അങ്ങനെ കയറുന്നില്ല. ഏറ്റവും ദുര്‍ബ്ബലമായ ഒരു വിഭാഗമാണല്ലോ. അവരെ അഞ്ചിന്റെ താഴെ കൊണ്ടുവരികയാണെങ്കില്‍ ആദ്യ പത്ത് നിയമനങ്ങളില്‍ത്തന്നെ ഒരാള്‍ കയറിയിരിക്കും. അങ്ങനെയൊരു പരിഗണന നല്‍കേണ്ടതാണ്.

എംഎ ബേബി
എംഎ ബേബി

എയ്ഡഡ് മേഖലയിലെ നിയമനങ്ങളെ സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍വെച്ച അനന്തമൂര്‍ത്തി കമ്മിഷനടക്കമുള്ള റിപ്പോര്‍ട്ടുകളുടെ അവസ്ഥയെന്തായിരുന്നു? 

പരിഷ്‌കരണ കമ്മിഷനുകളില്‍ പ്രധാനപ്പെട്ടതായിരുന്നു പ്രൊഫ. യു.ആര്‍. അനന്തമൂര്‍ത്തി കമ്മിഷന്‍. ഒരുപാട് നിര്‍ദ്ദേശങ്ങള്‍ കൊണ്ടുവന്നിരുന്നു. യു.ഡി.എഫിന്റെ കാലത്താണ് തുടങ്ങിയത്. എം.എ. ബേബി വിദ്യാഭ്യാസമന്ത്രിയായ കാലത്ത് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നിയമന രീതിയെക്കുറിച്ച് അതില്‍ പറയുന്നുണ്ട്. യോഗ്യതയ്ക്ക് അനുസരിച്ച് മത്സരപ്പരീക്ഷ നടക്കുന്നില്ല, നടക്കുന്നത് ഇന്റര്‍വ്യൂ മാത്രമാണെന്നും അതില്‍ പറയുന്നു. നിയമനരീതി മെച്ചപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ അതിലുണ്ടായിരുന്നു. നിയമനം പി.എസ്.സി പോലുള്ള ഒരു എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കു വിടണം എന്നതായിരുന്നു നിര്‍ദ്ദേശം. അതു പക്ഷേ, സര്‍ക്കാര്‍ അംഗീകരിച്ചില്ല. തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ സര്‍ക്കാറിന്റെ പ്രാതിനിധ്യം കൂട്ടണം എന്നും പറയുന്നുണ്ട്. അത് ഒരു ഓര്‍ഡറായി ഇറക്കിയെങ്കിലും അതിനെതിരെ വലിയ സമരങ്ങള്‍ വന്നു. ക്രിസ്ത്യന്‍-മുസ്ലിം മാനേജ്‌മെന്റുകളെല്ലാം വലിയ സമരങ്ങള്‍ നടത്തി. വളരെ പെട്ടെന്നുതന്നെ രണ്ടോ മൂന്നോ ദിവസം കൊണ്ട് ആ ഓര്‍ഡര്‍ പിന്‍വലിക്കേണ്ടിവന്നു. തെരഞ്ഞെടുപ്പു സമിതിയില്‍ സര്‍ക്കാര്‍ പ്രതിനിധികളുടെ എണ്ണം കൂട്ടുക എന്നുപറഞ്ഞാല്‍ മാനേജ്‌മെന്റുകള്‍ക്ക് അവര്‍ക്കു താല്പര്യമുള്ളവരെ നിയമിക്കാന്‍ കഴിയാത്ത സാഹചര്യം വരും എന്നവര്‍ തിരിച്ചറിഞ്ഞു. അങ്ങനെയാണ് അത് ഒഴിവായത്. ചുരുക്കിപ്പറഞ്ഞാല്‍ അനന്തമൂര്‍ത്തി കമ്മിഷനിലെ നിയമനവുമായി ബന്ധപ്പെട്ടുണ്ടായ സുപ്രധാനമായ നിര്‍ദ്ദേശങ്ങളൊന്നും പരിഗണിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി വി.സിയായിരുന്ന പ്രൊഫ. തരീന്‍ അധ്യക്ഷനായ കമ്മിറ്റി വന്നു. അവരും നിയമനങ്ങളില്‍ സംവരണം പാലിക്കേണ്ടതാണ് എന്ന റിപ്പോര്‍ട്ടാണ് കൊടുത്തത്. അതും അംഗീകരിച്ചില്ല.

നിയമനങ്ങളില്‍ സംവരണം പാലിക്കണമെന്നും പി.എസ്.സിക്കു വിടണമെന്നും നിര്‍ദ്ദേശിച്ച സി.പി. നായര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടും നടപ്പാക്കിയില്ല. കുറച്ചുമാസം മുന്‍പ് സി.പി. നായര്‍ കമ്മിറ്റിയെപ്പറ്റി നിയമസഭയില്‍ ഒരു ചോദ്യം വന്നിരുന്നു. കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം നിയമനം പി.എസ്.സിക്കു വിടേണ്ടതാണല്ലോ എന്നൊരു ചോദ്യം. അതിനു വിദ്യാഭ്യാസ മന്ത്രിയായ രവീന്ദ്രനാഥ് പറഞ്ഞ മറുപടി പി.എസ്.സിക്കു വിടണം എന്നല്ല, സര്‍ക്കാര്‍ സമിതിയെ ഏല്പിക്കണം എന്നാണ് റിപ്പോര്‍ട്ടിലുള്ളത് എന്നാണ്. അങ്ങനെയായാലും നിയമനം സര്‍ക്കാര്‍ സമിതി നടത്തണം എന്നുതന്നെയാണ്. പക്ഷേ, ഈ റിപ്പോര്‍ട്ടുകളൊന്നും നടപ്പായില്ല. ഇവിടെ പ്രശ്‌നങ്ങളുണ്ട് എന്ന് എല്ലാവരും സമ്മതിക്കുന്നുണ്ട്. പക്ഷേ, നടപ്പാക്കാനുള്ള ഇച്ഛാശക്തി സര്‍ക്കാറുകള്‍ക്കില്ല. അതില്‍ ഇവര്‍ മാനേജ്‌മെന്റുകളെ ഭയപ്പെടുന്നു.

2017-ല്‍ യുവജനകാര്യ-യുവജനക്ഷേമ സമിതി റിപ്പോര്‍ട്ട് വന്നു. 2019-ല്‍ അത് നിയമസഭയില്‍ സമര്‍പ്പിച്ചു. രണ്ട് മുന്നണികളിലേയും ഒന്‍പത് എം.എല്‍.എമാരായിരുന്നു അതില്‍ അംഗങ്ങള്‍. ടി.വി. രാജേഷ് എം.എല്‍.എയാണ് അതിന്റെ അധ്യക്ഷന്‍. എയ്ഡഡ് വിദ്യാഭ്യാസ മേഖലകളിലെ പട്ടികജാതി-വര്‍ഗ്ഗ പ്രാതിനിധ്യത്തെക്കുറിച്ചു പഠിക്കാനാണ് ആ കമ്മിറ്റിയെ നിയമിച്ചത്. ആ സമിതി കണ്ടെത്തിയത്, കേരളത്തിലെ 7140 എയ്ഡഡ് സ്‌കൂളുകളിലായി 97,524 അദ്ധ്യാപകരുണ്ട്. അതില്‍ പട്ടികജാതിക്കാര്‍ 378-ഉം പട്ടികവര്‍ഗ്ഗക്കാര്‍ 78-ഉം ആണെന്നാണ്. അരശതമാനംപോലും ഇല്ല. എയ്ഡഡ് മേഖലയില്‍ ഇവരുടെ പ്രാതിനിധ്യം ഉയര്‍ത്തണം, സംവരണം നടപ്പാക്കണം, നിയമനങ്ങള്‍ പി.എസ്.സിക്കു വിടണം എന്നതൊക്കെയായിരുന്നു കമ്മിറ്റിയുടെ ശുപാര്‍ശകള്‍. അതും നടപ്പായില്ല. അപ്പോള്‍ ഇത് സര്‍ക്കാരിനോ അതിന്റെ പ്രതിനിധികള്‍ക്കോ അറിയാത്തതുകൊണ്ടല്ല. അവര്‍ക്ക് മാനേജ്‌മെന്റുകളെ പേടിയാണ്. 

എയ്ഡഡ് കോളേജില്‍ ഒരു അദ്ധ്യാപക പോസ്റ്റിന്റെ ഇപ്പോഴത്തെ വിലയെത്രയാണ്? 

ഏറ്റവുമടുത്ത് അറിയാന്‍ കഴിഞ്ഞത് 50 ലക്ഷം രൂപയാണ് എന്നാണ്. എന്‍.എസ്.എസ്സിന്റെ കോളേജില്‍ ഈ തുകയാണ് ചോദിച്ചത് എന്നാണറിയുന്നത്. കഴിഞ്ഞതവണത്തെ നിയമനം 45 ലക്ഷം വരെയായിരുന്നു. 50 ലക്ഷം കൊടുത്ത് അദ്ധ്യാപകനാവുന്ന ഒരാളെ സംബന്ധിച്ച് പണമല്ല അവരുടെ പ്രശ്‌നം. ഈ പണം ബാങ്കിലിട്ടാല്‍പ്പോലും ജീവിക്കാം. പക്ഷേ, അവരെ സംബന്ധിച്ചിടത്തോളം സാമൂഹ്യമായ വിസിബിലിറ്റിയാണ് അവര്‍ക്കു വേണ്ടത്. സാമൂഹ്യമായ അംഗീകാരം, സോഷ്യല്‍ സ്റ്റാറ്റസ്, അതൊക്കെയാണ് അവര്‍ നോക്കുന്നത്. ഈ പൈസ ബാങ്കിലിട്ടാല്‍ അതു കിട്ടില്ലല്ലോ. 

ഈ സമുദായത്തില്‍പ്പെട്ടവരെ സംബന്ധിച്ചിടത്തോളം എം.എ. കഴിഞ്ഞ് നെറ്റ് എഴുതുന്നത് ഇത്തരം സ്ഥാപനങ്ങളില്‍ ഒരു പോസ്റ്റ് ഉറപ്പിച്ചിട്ടായിരിക്കും. അത്രയേറെ എളുപ്പമാണ്. അതുകൊണ്ടുതന്നെ സര്‍ക്കാറിന്റെ പി.എസ്.സി എഴുതുകയോ ഒന്നും വേണ്ട. സാധാരണഗതിയില്‍ എം.എ., എം.ഫില്‍, നെറ്റ്, പി.എച്ച്.ഡി. എല്ലാം കിട്ടിയ ശേഷം സര്‍ക്കാര്‍ കോളേജിലേക്ക് കടന്നുവരുന്ന ഒരു അദ്ധ്യാപകനെ സംബന്ധിച്ചിടത്തോളം അദ്ദേഹം മൂന്നോ നാലോ വര്‍ഷമെങ്കിലും ഇതൊക്കെ കഴിഞ്ഞ് പി.എസ്.സിക്കു പഠിച്ചിട്ടുണ്ടാകണം. അങ്ങനെ നോക്കുമ്പോള്‍ 35-നും 40 വയസ്സിനും ഇടയിലെത്തുമ്പോഴാണ് ഒരാള്‍ സര്‍ക്കാര്‍ കോളേജില്‍ അദ്ധ്യാപകനായി എത്തുന്നത്. പക്ഷേ, മറ്റു സമുദായങ്ങളെ സംബന്ധിച്ച് 24-25 വയസ്സാവുമ്പോഴേക്കും അവര്‍ അവരുടെ സമുദായത്തിന്റെ കോളേജുകളില്‍ ജോലിയില്‍ കയറും. സര്‍ക്കാര്‍ കോളേജില്‍ ഒരാള്‍ കയറുമ്പോഴേക്കും മറ്റവര്‍ക്ക് പത്തോ അധിലധികമോ വര്‍ഷം എക്‌സ്പീരിയന്‍സ് ആയിട്ടുണ്ടാകും. ഈ സര്‍വ്വീസ് വെച്ചാണ് പിന്നീട് സര്‍വ്വകലാശാലകളില്‍ പ്രൊഫസര്‍ പോസ്റ്റിലേക്കൊക്കെ ഇവര്‍ അപേക്ഷിക്കുക. അതിലും ഈ അദ്ധ്യാപന പരിചയം വെച്ച് അവരായിരിക്കും മുന്‍പില്‍ വരിക. പി.എസ്.സി എഴുതി റാങ്ക് ലിസ്റ്റില്‍ വന്നു നിയമനം കിട്ടിയ ആള്‍ ഇവരേക്കാള്‍ യോഗ്യതയുള്ളയാളായിരിക്കും. പക്ഷേ, ഇവരെ തള്ളിമാറ്റിയാണ് അവര്‍ സര്‍വ്വകലാശാലകളില്‍ കയറുന്നത്. ഇതില്‍പ്പെട്ടവര്‍ തന്നെയാണ് സര്‍വ്വകലാശാലകളിലെ ഉയര്‍ന്ന പദവികളിലേക്കും സ്വാഭാവികമായി എത്തുക. വലിയ പദവികളിലേക്കൊക്കെ ഇവര്‍ക്ക് പെട്ടെന്നു കടന്നുവരാന്‍ പറ്റും.

ഡോ. ആസാദ്
ഡോ. ആസാദ്

ഇത്തരം സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന സാംസ്‌കാരിക-സാഹിത്യ പ്രവര്‍ത്തകര്‍ നമുക്കിടയിലുണ്ട്. അത് നമ്മുടെ സാംസ്‌കാരിക മണ്ഡലത്തിലുണ്ടാക്കുന്ന സ്വാധീനം എങ്ങനെയാണ്? 

എയ്ഡഡ് കോളേജുകളില്‍ സംവരണമില്ലെന്നു പറഞ്ഞാല്‍ത്തന്നെ പലരും നെറ്റിചുളിക്കും. ഉണ്ടെന്നാണ് പലരുടേയും ധാരണ. കവി സച്ചിദാനന്ദന്‍ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജില്‍ അദ്ധ്യാപകനായിരുന്നു. അടുത്തകാലത്ത് ഒരു ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞത് എയ്ഡഡ് കോളേജുകളില്‍ സംവരണമില്ല എന്നത് അദ്ദേഹത്തിന് അറിയില്ലായിരുന്നു എന്നാണ്. പ്രധാനപ്പെട്ട ഒരു കാര്യം വിദ്യാഭ്യാസ ബില്ലിനു ചുക്കാന്‍ പിടിച്ചത് ജോസഫ് മുണ്ടശ്ശേരി ആയിരുന്നു. മുണ്ടശ്ശേരി തൃശൂര്‍ സെന്റ് തോമസ് കോളേജിലെ അദ്ധ്യാപകനായിരുന്നു. ആ കോളേജില്‍ ഇദ്ദേഹത്തിനെതിരെ നടപടിയെടുക്കുകയും അദ്ദേഹത്തെ അവിടെനിന്നു പുറത്താക്കുകയും ചെയ്തിരുന്നു. 

ഒരു എയ്ഡഡ് കോളേജ് മാനേജ്‌മെന്റ് ഒരു അദ്ധ്യാപകനോട് എങ്ങനെ പെരുമാറും എന്നത് അദ്ദേഹത്തിനു കൃത്യമായി അറിയും. ആ പ്രയാസങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനു കൂടിയാണ് മുണ്ടശ്ശേരി മുന്‍കൈ എടുത്ത് വിദ്യാഭ്യാസ ബില്ല് നടപ്പാക്കിയത്. എന്നാല്‍, അവിടത്തെ ഒരു അദ്ധ്യാപകനാണ് ഇപ്പോള്‍ വിദ്യാഭ്യാസമന്ത്രിയായ രവീന്ദ്രനാഥ്. അദ്ദേഹം മന്ത്രിയായ ശേഷം ചെയ്തത് ഈ കോളേജിനു പാട്ടക്കാലാവധി കഴിഞ്ഞ 28 സെന്റ് സ്ഥലം വെറുതെ കൊടുക്കുകയായിരുന്നു. പാട്ടം ഒഴിവാക്കി അവരുടെ ഭൂമിയായി കൈമാറുകയായിരുന്നു. ഉന്നതവിദ്യാഭ്യാസ മന്ത്രിയായ കെ.ടി. ജലീലും എയ്ഡഡ് കോളേജ് അദ്ധ്യാപകനായിരുന്നു. യഥാര്‍ത്ഥത്തില്‍ എയ്ഡഡ് മേഖലയെ പരിഷ്‌കരിക്കാനാണ് മുണ്ടശ്ശേരി മുന്നോട്ട് വന്നതെങ്കില്‍ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ എയ്ഡഡ് മാനേജ്‌മെന്റുകളുടെ പ്രതിനിധികളാണ് പിന്നീട് വിദ്യാഭ്യാസമന്ത്രിമാരായി വരുന്നത്. 

എയ്ഡഡ് മാനേജ്‌മെന്റുകള്‍ക്ക് അനുകൂലമായ തീരുമാനമെടുക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. അവര്‍ക്ക് അത്തരം താല്പര്യങ്ങളും ബാധ്യതകളുമുണ്ട്. 

ഇതുപോലെതന്നെയാണ് സാമൂഹ്യമേഖലകളില്‍ നില്‍ക്കുന്ന പലയാളുകളും. അവരൊന്നും ജോലിചെയ്യുന്ന കാലത്ത് ആ മേഖലയിലെ അനീതിയെക്കുറിച്ച് ഒരിക്കലും ശബ്ദിക്കാത്തവരാണ്. ഡോ. ആസാദിനെപ്പോലെയുള്ളവര്‍ അതില്‍നിന്നു വന്നതിനുശേഷം സംസാരിക്കുന്നുണ്ടാവാം. ആ മേഖലയുടെ എല്ലാ ആനുകൂല്യങ്ങളും സാമൂഹ്യമായ സുരക്ഷിതത്വവും കൈപ്പറ്റിയശേഷം സംസാരിക്കുന്നുണ്ടാകും. അതുപോലെ കെ.ഇ.എന്‍. കുഞ്ഞഹമ്മദ് ഫറൂഖ് കോളേജിലെ അദ്ധ്യാപകനായിരുന്നു. അദ്ദേഹം എയ്ഡഡ് മേഖലയെക്കുറിച്ച് എന്തെങ്കിലും പറഞ്ഞതായി ഇപ്പോഴും ഞാന്‍ കേട്ടിട്ടില്ല. അതൊന്നും ഒരു വിഷയമല്ല പലര്‍ക്കും. കേരളത്തെ സംബന്ധിച്ചിടത്തോളം 68 വര്‍ഷത്തോളമായി തുടരുന്ന ഒരു അനീതിയാണിത്. അതില്‍ വലിയ പ്രക്ഷോഭങ്ങളിലേക്കൊന്നും ആരും കടന്നുവന്നിട്ടില്ല. സാമൂഹ്യരംഗത്തോ രാഷ്ട്രീയരംഗത്തോ പ്രവര്‍ത്തിക്കുന്നവരൊന്നും.

എയ്ഡഡ് മേഖലയിലുള്ളവരെ സംബന്ധിച്ച് ഇത്തരം കാര്യങ്ങള്‍ പറയാന്‍ എന്തു ധാര്‍മ്മികതയാണുള്ളത് എന്നതൊരു പ്രശ്‌നമാണ്. കേരളത്തില്‍ ഇത്രയും കാലം നീണ്ടുനിന്ന ഒരു അനീതിയാണ്. പക്ഷേ, പൊതുസമൂഹത്തെപ്പോലെ ഇവര്‍ക്കും അതൊരു പ്രധാനപ്പെട്ട കാര്യമേ ആയില്ല. ഈ വിഷയം എങ്ങനെയാണ് വന്നതെന്നുവെച്ചാല്‍ 2000-നൊക്കെ ശേഷം സര്‍വ്വകലാശാലകളില്‍ പട്ടികജാതി-വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ കൂടുതലായി വന്നതുകൊണ്ടാണ്. അവര്‍ ഗവേഷണ രംഗത്തേയ്ക്കു വരുന്നു. അങ്ങനെ യോഗ്യതയുള്ള ഒരു വിഭാഗം ദളിത്-ആദിവാസി സമൂഹത്തില്‍നിന്ന് ഉയര്‍ന്നുവന്നു. അപ്പോഴാണ് യഥാര്‍ത്ഥത്തില്‍ എയ്ഡഡ് വിദ്യാഭ്യാസ മേഖലയുടെ പ്രശ്‌നങ്ങള്‍ മനസ്സിലാവുന്നത്. ആ വിഭാഗമാണ് ഈ വിഷയം കേരളത്തിന്റെ പൊതുസമൂഹത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവന്നത്. 

അവരാണ് ആദ്യമായി എയ്ഡഡ് കോളേജുകളില്‍ സംവരണം വേണമെന്ന യു.ജി.സി ചട്ടം നടപ്പാക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ പോയത്. അവരിലാണ് യഥാര്‍ത്ഥത്തില്‍ ഇതുപോലുള്ള അനീതിക്കെതിരെ കേരളം പ്രതീക്ഷയര്‍പ്പിക്കുന്നത്. അത് ഈ പറയുന്ന പണ്ഡിതന്മാരോ സാമൂഹ്യപ്രതിബദ്ധതയുള്ളവരെന്നു പറയുന്ന മനുഷ്യരോ അല്ല ചെയ്തത്. മറിച്ച് തൊഴില്‍ എന്ന സാധ്യത നഷ്ടപ്പെട്ട ഒരു ജനവിഭാഗം അതു തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്യുന്നിടത്താണ് ഈ വിഷയം ഉയര്‍ന്നുവന്നത്. 

ജോസഫ് മുണ്ടശ്ശേരി
ജോസഫ് മുണ്ടശ്ശേരി

പ്രതിഷേധങ്ങള്‍ ദളിത് വിഭാഗങ്ങളില്‍ മാത്രമായി ഒതുങ്ങിപ്പോകുന്നില്ലേ. സംഘടനകളോ രാഷ്ട്രീയപ്പാര്‍ട്ടികളോ ഏറ്റെടുക്കാന്‍ മടിക്കുന്നു? 

ഒന്നാമത്തെ കാര്യം ഇത് പൊതുസമൂഹത്തിനെ ബാധിക്കുന്നതല്ല. എന്നുവെച്ചാല്‍ ഈ പറയുന്ന മുഖ്യധാരാ സമുദായങ്ങളൊക്കെ അതിന്റെ ഗുണഭോക്താക്കളാണ്. അതില്‍ എന്തെങ്കിലും വിള്ളല്‍ വരുന്നത് അവരാഗ്രഹിക്കുന്നില്ല. സംവരണം നടപ്പാക്കുക എന്നു പറയുമ്പോള്‍ അവര്‍ അനര്‍ഹമായി കയ്യടക്കിവെച്ചിരിക്കുന്ന അവസരങ്ങള്‍ കുറയും. ഇതാണ് അവരുടെ ഭീതി. സാധാരണഗതിയില്‍ ഒരു സാമൂഹ്യവിഷയം ഉയര്‍ന്നുവരുന്നത് സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളിലുള്ള ആളുകളിലൂടെയും പാര്‍ട്ടികളിലൂടെയുമാണല്ലോ. എന്നാല്‍, ഈ വിഷയം ഏറ്റെടുക്കാന്‍ അവര്‍ തയ്യാറല്ല. അതിനര്‍ത്ഥം ഇവരൊക്കെ ഈ മാനേജ്‌മെന്റ് സമുദായങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നവരാണ്. 10 ശതമാനം വരുന്ന പട്ടികജാതി-വര്‍ഗ്ഗ വിഭാഗങ്ങളുടെ വികാസമോ വിദ്യാഭ്യാസമോ തൊഴിലോ അവരുടെ വിഷയമല്ല. അതാണ് പ്രധാനപ്പെട്ട കാര്യം. എന്നാല്‍, എയ്ഡഡ് നിയമനം പി.എസ്.സിക്കു വിടുക എന്ന നിര്‍ദ്ദേശം മുന്നോക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി ലക്ഷങ്ങള്‍ കൊടുക്കാന്‍ കഴിയാത്ത യോഗ്യരായ ആളുകള്‍ക്കും ഗുണപ്രദമായ കാര്യമാണ്. ഈ വിഷയങ്ങളൊന്നും മുന്നോട്ടു കൊണ്ടുവരാന്‍ മുഖ്യധാര പാര്‍ട്ടികളോ മാധ്യമങ്ങളോ ഒന്നും തയ്യാറല്ല. സമുദായ താല്പര്യങ്ങളോട് ഇടഞ്ഞുനില്‍ക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും ഭയമാണ്. മാധ്യമങ്ങളൊന്നും ഇത്തരം കാര്യങ്ങളെ തീരെ പിന്തുണയ്ക്കാറില്ല. ഇപ്പോള്‍ പി.എസ്.സി നിയമനങ്ങളുമായി ബന്ധപ്പെട്ട് വലിയ സമരങ്ങള്‍ നടക്കുന്നുണ്ട്. പക്ഷേ, ആ ഒരു സമൂഹം പോലും എയ്ഡഡ് നിയമനങ്ങള്‍ പി.എസ്.സിക്കു വിടണം എന്നൊരു പ്രക്ഷോഭത്തില്‍ ഉണ്ടാകില്ല. അതിന് ഇത്രയൊന്നും മീഡിയ കവറേജും കിട്ടില്ല. 


നിയമനങ്ങളിലെ കോഴയും രാഷ്ട്രീയ സ്വാധീനവുമെല്ലാം നോര്‍മലൈസ് ചെയ്യപ്പെടുന്നില്ലേ? 

അഴിമതി എന്നതൊക്കെ അംഗീകരിക്കപ്പെട്ട ഒരു സംഗതിയായി മാറി. അതു സാധാരണക്കാര്‍ മാത്രമല്ല. സര്‍ക്കാറും അങ്ങനെയാണ്. 1000 പോസ്റ്റ് ഇടുമ്പോള്‍ തന്നെ ഇത്ര പൈസ മാനേജ്‌മെന്റുകള്‍ വാങ്ങും എന്ന് സര്‍ക്കാറിന് അറിയാം. അതനുസരിച്ച് അതിന്റെ വിഹിതം സര്‍ക്കാരോ സര്‍ക്കാറിന്റെ ഏജന്‍സിയോ പാര്‍ട്ടിയോ പറ്റും. അങ്ങനെയാണ് അത് നോര്‍മലൈസ് ചെയ്യുന്നത്. ഇതില്‍ ഏതെങ്കിലും ഒരാള്‍ മാത്രമല്ല കറപ്റ്റഡ് ആയിട്ടുള്ളത്. ആ സര്‍ക്കാറും പാര്‍ട്ടിയും മാനേജ്‌മെന്റുമടക്കം ആ സംവിധാനം മുഴുവന്‍ കറപ്റ്റഡ് ആവുമ്പോള്‍ അത് സ്വാഭാവികമായ കാര്യമായല്ലോ. ആരും അതില്‍നിന്നു മാറിനില്‍ക്കുന്നില്ലല്ലോ. അതില്‍ പ്രവേശനം കിട്ടാത്ത മനുഷ്യര്‍ മാത്രമാണ് അതിനെ ചോദ്യം ചെയ്യുന്നുള്ളൂ. ബാക്കി എല്ലാവരും ഇതിന്റെ ഭാഗമാണ്. ഏകദേശം ഒന്നരലക്ഷത്തോളം പേര്‍ ഈ എയ്ഡഡ് മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. അപ്പോള്‍ ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അത്രയും മനുഷ്യര്‍ കറപ്റ്റഡ് ആണല്ലോ. വലിയൊരു ജനസമൂഹം അല്ലേ അത്.

കെഇഎൻ
കെഇഎൻ

പൊതുവിദ്യാഭ്യാസം എന്നു പറയുമ്പോഴും ഈ 'പൊതു' എല്ലാവരേയും ഉള്‍ക്കൊള്ളുന്നില്ല എന്നല്ലേ? 

കേരളത്തിലെ പൊതുവിദ്യാഭ്യാസം 'പൊതു'വാക്കിയ ഒരാള്‍ അയ്യന്‍കാളി ആണെന്നു പറയാം. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഈഴവര്‍ക്കു വരെ പ്രവേശിക്കാന്‍ കഴിയില്ലായിരുന്നു പണ്ട്. ഒരോ കാലഘട്ടത്തിലും ഉണ്ടായ നവോത്ഥാന നായകരുടെ ഇടപെടല്‍ കാരണമാണ് ഓരോ സമുദായത്തിനും വിദ്യാഭ്യാസത്തിലേക്കു വരാന്‍ പറ്റിയത്. സര്‍ക്കാര്‍ വിദ്യാലയങ്ങളിലൊന്നും പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കു പ്രവേശിക്കാന്‍ പറ്റില്ലായിരുന്നല്ലോ. അതിനെതിരെയാണ് അയ്യന്‍കാളി ഒരു വര്‍ഷം നീണ്ടുനിന്ന വലിയ സമരം നടത്തിയത്. 1904-ല്‍ ദളിത് വിദ്യാര്‍ത്ഥികള്‍ക്കു പ്രവേശനം അനുവദിച്ച് ഉത്തരവിറക്കിയെങ്കിലും അതു നടപ്പാക്കിയിരുന്നില്ല. പിന്നീട് ഈ സമരത്തിനുശേഷമാണ് പ്രവേശനം കൊടുക്കുന്നത്. അതുവരെ ചില സമുദായങ്ങള്‍ക്കു മാത്രമായിരുന്നു പ്രവേശനം. സര്‍ക്കാര്‍ വിദ്യാലയമാണെങ്കിലും സ്വകാര്യ വിദ്യാലയം എന്നുതന്നെ പറയേണ്ടിവരും. അയ്യന്‍കാളി ഇടപെട്ട് അത് എല്ലാവര്‍ക്കും പ്രവേശിക്കാവുന്ന ഒരു സ്ഥലമാക്കി. എല്ലാവര്‍ക്കും ബാധകമാകുന്നതാണ് പൊതു എന്നു പറയുന്നത്. അപ്പോള്‍ ഇങ്ങനെയൊരു സിസ്റ്റത്തെ പൊതുവാക്കിയത് അയ്യന്‍കാളിയാണ്. പിന്നീട് മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍ വരുന്നതോടെ 'പൊതു' എന്നത് പതുക്കെ പതുക്കെ സ്വകാര്യമായി എന്നുള്ളതാണ്. കണക്കുവെച്ചു നോക്കുമ്പോള്‍ പൊതുവിദ്യാലയം എന്ന പേരിലുള്ള സ്ഥാപനങ്ങളില്‍ 70 ശതമാനവും സ്വകാര്യ വ്യക്തികള്‍ നടത്തുന്നതാണ്. അപ്പോള്‍ 'പൊതു'വാക്കാന്‍ ശ്രമിച്ചതിനെ മറികടന്നു വീണ്ടും അതു സ്വകാര്യവ്യക്തികളുടെ മൂലധനശക്തിയായാണ് കേരളത്തില്‍ പൊതുവിദ്യാഭ്യാസം നില്‍ക്കുന്നത്. 

ഇപ്പോള്‍ സര്‍ക്കാര്‍ ചെയ്യുന്നത് പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കുകയാണ്. ആഗോളതലത്തിലേക്ക് ഉയര്‍ത്താന്‍ പൊതുവിദ്യാഭ്യാസ യജ്ഞം എന്നൊക്കെയുള്ള പേരില്‍. അപ്പോഴും ചെയ്യുന്നത് അയ്യന്‍കാളി വിഭാവനം ചെയ്യുന്നതുപോലുള്ളതല്ല, മറിച്ചു ചിലരെ ഒഴിവാക്കിക്കൊണ്ടുള്ള പൊതുവിദ്യാഭ്യാസ ചര്‍ച്ചയാണ് നടക്കുന്നത്. 2017-ല്‍ പൊതുവിദ്യാഭ്യാസത്തെ വികസിപ്പിക്കാന്‍ 7000 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്. അതിന്റെ 70 ശതമാനവും ഈ സ്വകാര്യ സ്ഥാപനങ്ങളിലേക്കാണ് പോകുക. ആ സ്വകാര്യമേഖലകളില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കു തൊഴില്‍ കിട്ടുന്നുമില്ല. എന്നുവെച്ചാല്‍ അതു സ്വകാര്യമാണ് എന്നാണര്‍ത്ഥം. 

ശമ്പളമായും പെന്‍ഷനായും ഗ്രാന്റായും പ്രത്യേക ഫണ്ടായും കോടിക്കണക്കിനു രൂപയാണ് സര്‍ക്കാര്‍ എയ്ഡഡ് മേഖലയില്‍ ചെലവഴിക്കുന്നത്. ശമ്പളം, പെന്‍ഷന്‍, മറ്റ് അലവന്‍സുകളടക്കം പതിനെട്ടായിരത്തിലധികം (18,4333,93,64000 രൂപ) കോടി രൂപയാണ് 2019-'20 വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത്രയും പണം പൊതുഖജനാവില്‍നിന്നും എയ്ഡഡ് മേഖലയ്ക്കുവേണ്ടി ചെലവഴിക്കുമ്പോള്‍ ആദിവാസി-ദളിത്-അതിപിന്നാക്ക വിഭാഗങ്ങള്‍ക്ക് ഇതിന്റെ ഒരു ശതമാനം പോലും ലഭിക്കുന്നില്ല. ഇത്രയും തുക കേരളത്തിലെ നാല് സാമുദായിക മാനേജ്മെന്റുകളാണ് പങ്കിട്ടെടുക്കുന്നത്. എയ്ഡഡ് മേഖലയില്‍ സര്‍ക്കാര്‍ ചെലവഴിക്കുന്ന പൊതുവിഭവത്തില്‍ ഭരണഘടനാനുസൃതമായ പങ്ക് ഉറപ്പിച്ചുകൊണ്ടുള്ള വിതരണമാണ് നടപ്പാക്കേണ്ടത്. എങ്കില്‍ മാത്രമേ സാമൂഹ്യനീതി അല്പമെങ്കിലും ഈ മേഖലയില്‍ നടപ്പാക്കാന്‍ കഴിയൂ. പൊതുവിദ്യാഭ്യാസം എന്നു പറഞ്ഞു വീണ്ടും വീണ്ടും ഇതിലേക്ക് മൂലധനമിറക്കുമ്പോള്‍ അതിന്റെ ഗുണഭോക്താക്കളായി ഈ പറയുന്ന വിഭാഗങ്ങള്‍ മാത്രമാണ് വരുന്നത്. ആദിവാസികളും ദളിതരും ഈ പൊതുവിടത്തില്‍നിന്നും മാറ്റപ്പെടുന്നുണ്ട്. അത്തരം ഒരു ചര്‍ച്ച പൊതുസമൂഹത്തിലേക്കു വരുന്നില്ല. പൊതുവിദ്യാഭ്യാസ യജ്ഞം നടത്തുമ്പോഴും ഈ ഒഴിവാക്കലിന്റെ കാര്യം മൂടിവെയ്ക്കുന്നു എന്നതാണ് പ്രധാനപ്പെട്ട കാര്യം. 

****
ഇങ്ങനെയൊരു സിസ്റ്റത്തെ പൊതുവാക്കിയത് അയ്യന്‍കാളിയാണ്. പിന്നീട് മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍ വരുന്നതോടെ 'പൊതു' എന്നത് പതുക്കെ പതുക്കെ സ്വകാര്യമായി എന്നുള്ളതാണ്. കണക്കുവെച്ചുനോക്കുമ്പോള്‍ പൊതുവിദ്യാലയം എന്ന പേരിലുള്ള സ്ഥാപനങ്ങളില്‍ 70 ശതമാനവും സ്വകാര്യ വ്യക്തികള്‍ നടത്തുന്നതാണ്. അപ്പോള്‍ 'പൊതു'വാക്കാന്‍ ശ്രമിച്ചതിനെ മറികടന്നു വീണ്ടും അതു സ്വകാര്യ വ്യക്തികളുടെ മൂലധനശക്തിയായാണ് കേരളത്തില്‍ പൊതുവിദ്യാഭ്യാസം നില്‍ക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com