പ്രതിഷേധത്തിന്റേയും അക്രമത്തിന്റേയും ലക്ഷ്മണ രേഖയിലൂടെ 

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഷേധസമരങ്ങള്‍ അരങ്ങേറുന്ന നഗരം ഏതാണ്?ആധികാരിക പഠനങ്ങള്‍ ലഭ്യമല്ലെങ്കിലും തിരുവനന്തപുരത്തിന്റെ സ്ഥാനം മുകളില്‍ തന്നെയാകും; സംശയമില്ല
സെക്രട്ടേറിയറ്റ്
സെക്രട്ടേറിയറ്റ്

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഷേധസമരങ്ങള്‍ അരങ്ങേറുന്ന നഗരം ഏതാണ്?ആധികാരിക പഠനങ്ങള്‍ ലഭ്യമല്ലെങ്കിലും തിരുവനന്തപുരത്തിന്റെ സ്ഥാനം മുകളില്‍ തന്നെയാകും; സംശയമില്ല. ലോകത്തെവിടെയായാലും, പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശവും പൊതുസമാധാനം (public order) നിലനിര്‍ത്താനുള്ള പൊലീസിന്റെ ഉത്തരവാദിത്വവും തമ്മിലുള്ള ഏറ്റുമുട്ടല്‍ ജനാധിപത്യത്തിന്റെ നിതാന്തമായ വെല്ലുവിളിയാണ്. ഇന്ത്യയില്‍, പ്രതിഷേധിക്കാനുള്ള മൗലികാവകാശം പൗരനു നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19-ല്‍ തന്നെ രാജ്യസുരക്ഷ, പബ്ലിക്ക് ഓര്‍ഡര്‍ മുതലായവയ്ക്കുവേണ്ടി ആ അവകാശത്തിന്മേല്‍ ന്യായമായ നിയന്ത്രണം ഏര്‍പ്പെടുത്താനും വ്യവസ്ഥ ചെയ്യുന്നുണ്ട്. നിയമവാഴ്ചയാണല്ലോ ജനാധിപത്യത്തിന്റെ അടിത്തറ. ചുരുക്കത്തില്‍ പൗരന് പ്രതിഷേധിക്കാം; എന്നാല്‍, അത് പരിധിവിട്ട് അക്രമത്തിലേയ്ക്കും മറ്റും പോകാന്‍ പാടില്ല. തത്ത്വം ഇതാണ്. ഈ തത്ത്വത്തെപ്പറ്റി ഉപന്യസിക്കാനും ഗംഭീരമായി പ്രസംഗിച്ച് കയ്യടി നേടാനും വലിയ ബുദ്ധിമുട്ടില്ല; ശരാശരി ബുദ്ധിയും അല്പം അദ്ധ്വാനശീലവുമുള്ള ആര്‍ക്കും അത് കഴിയും; പഴയകാല തിരുവനന്തപുരം ഭാഷയില്‍ പറഞ്ഞാല്‍ 'ഏതു പൊലീസുകാരനും' സാധിക്കും. ഈ തത്ത്വം നിരന്തരം പരീക്ഷിക്കപ്പെടുന്നത് നമ്മുടെ തെരുവുകളിലാണ്; സെക്രട്ടേറിയേറ്റിന്റേയും നിയമസഭയുടേയും കളക്ടറേറ്റിന്റേയും ഒക്കെ മുന്നിലാണ്. അവിടെ ഈ തത്ത്വം സര്‍വ്വസമ്മതമായി പാലിക്കാന്‍ 'ഏതു പൊലീസുകാരനും' കഴിയില്ല. പ്രതിഷേധിക്കാനുള്ള പൗരന്റെ അവകാശവും ക്രമസമാധാന പാലനവും തമ്മിലുള്ള കൃത്യമായ സന്തുലനം കണ്ടെത്തുക ദുഷ്‌കരമാണ്. എവിടെയാണ് ആ ലക്ഷ്മണരേഖ? തിരുവനന്തപുരത്ത് ഡി.സി.പി ആയിരുന്നപ്പോള്‍ ഇത് എന്റെ മുന്നില്‍ ഏറ്റവും വലിയ പ്രശ്‌നമായി മാറി. അടുത്ത സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു. കേരളത്തിലെ 'നടപ്പ് രീതി'യനുസരിച്ച് പ്രതിപക്ഷസമരങ്ങളുടെ രൂക്ഷത അതിന്റെ പാരമ്യത്തിലെത്തുന്ന ഘട്ടമാണത്. വിദ്യാര്‍ത്ഥി - യുവജന സംഘടനകളാണല്ലോ അതിന്റെ മുന്‍പന്തിയില്‍. അവര്‍ക്കും കഴിവുതെളിയിക്കുന്നതിനുള്ള അവസരം കൂടിയാണത്. തലസ്ഥാന നഗരമാണ് ഇതിന്റെയെല്ലാം മുഖ്യവേദി.

പ്രതിഷേധസമരത്തിലും പൊലീസ് ഇടപെടലിലും നേരിട്ട് പങ്കാളിയായ ആദ്യ അനുഭവം തൃശൂര്‍ എന്‍ജിനീയറിംഗ് കോളേജില്‍ പഠിക്കുമ്പോഴാണ്. കോളേജിന്റെ യൂണിവേഴ്സിറ്റി അഫിലിയേഷന്‍ കാലിക്കട്ടില്‍നിന്ന് കൊച്ചിയിലേയ്ക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് അന്ന് വിദ്യാര്‍ത്ഥികളുടെ സമരമുണ്ടായിരുന്നു. അതിന്റെ ഭാഗമായി ഞങ്ങളൊരു കളക്ട്രേറ്റ് മാര്‍ച്ച് നടത്തി. ഞങ്ങള്‍ പ്രകടനമായി മുദ്രാവാക്യം വിളിച്ച് നേരെ അയ്യന്തോളിലുള്ള കളക്ട്രേറ്റിലേയ്ക്ക് പോയി. പ്രകടനം അവിടെയെത്തുമ്പോള്‍ കളക്ട്രേറ്റിന്റെ ഗേറ്റ് തുറന്നു കിടക്കുകയാണ്. പരിസരത്ത് ഗേറ്റിനു വെളിയില്‍ നേരത്തെ വന്ന സമരക്കാര്‍ കൂട്ടംകൂടി ഇരുപ്പുണ്ട്. ഞങ്ങള്‍ അതൊന്നും ഗൗനിക്കാതെ നേരെ ഗേറ്റ് കടന്നു. വെളിയിലിരുന്ന മറ്റ് സമരക്കാര്‍ കൗതുകത്തോടെ ഞങ്ങളെ നോക്കി; അരുതാത്തതെന്തോ കാണുന്ന ഭാവത്തില്‍. പെട്ടെന്ന് എവിടെനിന്നോ രണ്ടു പൊലീസുകാര്‍ പ്രകടനത്തിന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ''ഗേറ്റിനു പുറത്തു കടക്കണം'' എന്ന് അവര്‍ പറഞ്ഞു. ഞങ്ങള്‍ അനുസരിച്ചു. ഞങ്ങളുടെ പ്രവൃത്തി ഒരു തമാശയായേ പൊലീസുകാര്‍ എടുത്തുള്ളൂ. പരിചയമില്ലായ്മകൊണ്ടു മാത്രം സംഭവിച്ച 'ആചാരലംഘനം' ആയിരുന്നു അതെന്ന് എല്ലാപേര്‍ക്കും മനസ്സിലായി. പ്രതിഷേധസമരത്തിലും പൊലീസുകാരുമായി ചില അലിഖിത ധാരണകളൊക്കെ ഉണ്ടെന്ന പ്രായോഗിക വിജ്ഞാനം അന്ന് ലഭിച്ചു. അതേ കളക്ട്രേറ്റിന്റെ ഗേറ്റിലാണ് ഞാനാദ്യമായി ഒരു വലിയ പ്രതിഷേധസമരത്തില്‍ നിയമപാലകന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടത്. അന്ന് പ്രതിപക്ഷത്തായിരുന്ന കോണ്‍ഗ്രസ്സിന്റെ ഒരു കളക്ട്രേറ്റ് ഉപരോധത്തിന് കുന്നംകുളം എ.എസ്.പി ആയിരുന്ന എന്നെ ഒരു ഗേറ്റിന്റെ ചുമതലയ്ക്ക് നിയോഗിച്ചിരുന്നു. കുറെ സമരക്കാരൊക്കെ അവിടെ ഗേറ്റിനു പുറത്ത് ഒത്തുകൂടി സമാധാനപരമായി മുദ്രാവാക്യം വിളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവിചാരിതമായി ഒരു പാവം മനുഷ്യന്‍ തന്റെ സൈക്കിളും പിടിച്ചുകൊണ്ട് സമരക്കാരുടെ ഇടയിലേയ്ക്ക് കയറാന്‍ ശ്രമിച്ചു. സമരക്കാരില്‍ ചിലര്‍ സൈക്കിള്‍ തള്ളിയിടാനും അയാളെ കയ്യേറ്റത്തിനും മുതിര്‍ന്നു. ഒന്നും ആലോചിക്കാതെ ഞാന്‍ വേഗം സൈക്കിളുകാരനെ സാഹായിക്കാനായി സമരക്കാരുടെ ഇടയിലേയ്ക്ക് കടന്നു. സമരത്തിലുണ്ടായിരുന്ന മറ്റ് ചിലര്‍ കൂടി ഇടപെട്ട് പ്രശ്‌നം ഒഴിവാക്കി. അങ്ങനെ സൈക്കിളുകാരന്‍ കുഴപ്പമില്ലാതെ പോയെങ്കിലും പിന്നീട് സമരക്കാരിലെ തീവ്രവാദികളും മിതവാദികളും തമ്മില്‍ അതിന്മേല്‍ ചെറിയ വാക്കുതര്‍ക്കമായി. അവിടെയുണ്ടായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.കെ. ബാലകൃഷ്ണന്‍ ഇടപെട്ടാണ് തര്‍ക്കം തീര്‍ത്തത്. അതിനുശേഷം അദ്ദേഹം എന്നോട് ''ഞങ്ങളുടേത് പട്ടാളച്ചിട്ടയുള്ള പാര്‍ട്ടിയൊന്നുമല്ല'' എന്നും ''പലതരക്കാരുമുള്ള മഹാപ്രസ്ഥാനമാണ്'' എന്നുമൊക്കെ പറഞ്ഞു. ഞാനതൊക്കെ താല്പര്യപൂര്‍വ്വം കേട്ടു. എന്റെ പരിമിതമായ ലക്ഷ്യം അന്നത്തെ ഉപരോധം ക്രമസമാധാന പ്രശ്‌നങ്ങളില്ലാതെ അവസാനിക്കണം എന്നതുമാത്രമായിരുന്നു. അങ്ങനെ തന്നെ അത് അവസാനിക്കുകയും ചെയ്തു. ഒരുകാര്യം തുടക്കത്തില്‍ തന്നെ എനിക്കു മനസ്സിലായി. വളരെ പക്ഷപാതപരമായി പ്രവര്‍ത്തിച്ച് ഏതെങ്കിലും വിഭാഗത്തിന്റെ ശത്രുതയും വിരോധവും നേടിയ പൊലീസ് ഉദ്യോഗസ്ഥന്റെ സാന്നിധ്യം തന്നെ ചിലപ്പോള്‍ പ്രകോപനമാകാം. അത്തരം ചില പരിഗണനകളാലാണ് മറ്റൊരു ഉദ്യോഗസ്ഥനു പകരം എന്നെ നിയോഗിച്ചതെന്ന് പിന്നീട് എസ്.പി രമേഷ്ചന്ദ്രഭാനു സാര്‍ പറഞ്ഞു. 

കെകെ ബാലകൃഷ്ണൻ
കെകെ ബാലകൃഷ്ണൻ

സമരങ്ങള്‍ പലതരമുണ്ടല്ലോ. രാഷ്ട്രപിതാവ് തന്നെ ദക്ഷിണാഫ്രിക്കയില്‍ പരീക്ഷിച്ച് സ്വാതന്ത്ര്യസമരത്തില്‍ വിജയകരമായി പ്രയോഗിച്ച സമരമാതൃക ആയിരുന്നുവല്ലോ സത്യഗ്രഹം. സത്യവും അഹിംസയുമായിരുന്നു അതിന്റെ അടിസ്ഥാനമായി ഗാന്ധിജി കണ്ടത്. എന്നാല്‍, സത്യഗ്രഹസമരത്തിന്റെ സ്വാതന്ത്ര്യാനന്തര ജനിതകവ്യതിയാനങ്ങള്‍ മിക്കതും കപടവും ഹിംസാത്മകവുമാണ്. ഇത്തരം കുറെ സത്യഗ്രഹസമരങ്ങള്‍ തിരുവനന്തപുരത്തും നേരിടേണ്ടിവന്നു. ആലപ്പുഴയിലാണ് ആദ്യം കണ്ടത്. തീരദേശ ജനങ്ങളെ ബാധിക്കുന്ന ഒരു വിഷയവുമായി ബന്ധപ്പെട്ട് ഒരു സംഘടനയുടെ നേതാവ് നിരാഹാര സത്യഗ്രഹം തുടങ്ങി. സാധാരണയായി നാലഞ്ചു ദിവസമാകുമ്പോള്‍ പൊലീസ് ഇടപെടുകയാണ് പതിവ്. എന്നാല്‍ പൊലീസ് ബലമായി സത്യഗ്രഹം അവസാനിപ്പിക്കാന്‍ ശ്രമിച്ചാല്‍ ''അറബിക്കടലിനു തീ പിടിക്കും'' എന്നൊക്കെ ചില നേതാക്കള്‍ പ്രസംഗിച്ചു നടന്നു. അറബിക്കടലിനു ബുദ്ധിമുട്ടുണ്ടാക്കണ്ടെന്ന് ആദ്യം ഞങ്ങളും കരുതി. രണ്ടു ദിവസം കൂടി കഴിഞ്ഞപ്പോള്‍ സത്യഗ്രഹിയെ നേരില്‍ കണ്ട് പൊലീസ് ഇടപെടല്‍ വൈകുന്ന പശ്ചാത്തലം അറിയിക്കാന്‍ ഒരു ഉദ്യോഗസ്ഥനെ നിയോഗിച്ചു. അയാളെ കണ്ടയുടന്‍ സത്യഗ്രഹി പൊട്ടിത്തെറിച്ചു. ''നിങ്ങളെന്നെ കൊല്ലാനിട്ടിരിക്കുകയാണോ?'' സത്യഗ്രഹത്തിന്റെ ചുമതല പൊലീസിനാണെന്നു തോന്നിപ്പോകും, അതു കേട്ടാല്‍. അന്നുതന്നെ അദ്ദേഹത്തെ ആശുപത്രിയിലാക്കി സത്യഗ്രഹം പൊലീസ് പരിസമാപ്തിയിലെത്തിച്ചു . 

സമരങ്ങളോടുള്ള പൊലീസ് സമീപനം

ഇത്തരത്തില്‍ ക്രമസമാധാനപാലനത്തില്‍ ഏതാണ്ട് അഞ്ചുവര്‍ഷത്തെ അനുഭവം ലഭിച്ചശേഷമാണ് ഞാന്‍ തിരുവനന്തപുരം നഗരത്തിലെ ഈ ചുമതലയില്‍ എത്തുന്നത്. തുടക്കത്തില്‍ തന്നെ 'ഒരു ചെറിയകാര്യം' എന്നെ അത്ഭുതപ്പെടുത്തി. കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷന്റെ മുന്‍വശമാണ് സ്ഥലം. അന്നൊരു സെക്രട്ടറിയേറ്റ് മാര്‍ച്ചുണ്ടായിരുന്നു. ആ ഡ്യൂട്ടിക്കായി ധാരാളം പൊലീസുകാര്‍ അവിടെ ഒത്തുകൂടിയിരുന്നു. പൊലീസുകാരെല്ലാം നല്ല ചിട്ടയോടെ നിരനിരയായി അണിനിരന്നു. അവരെ അഭിമുഖീകരിച്ച് പൊലീസ് സ്റ്റേഷന്റെ പ്രവേശന കവാടത്തില്‍ നിന്നുകൊണ്ട് ഡ്യൂട്ടി സംബന്ധിച്ച കാര്യങ്ങള്‍ ഞാന്‍ വിശദീകരിച്ചു തുടങ്ങി. സമരത്തിന്റെ സ്വഭാവം, ആരെല്ലാമാണ് അതിലെ പങ്കാളികള്‍, എന്താണ് പൊലീസ് ക്രമീകരണം, എങ്ങനെ പൊലീസ് പ്രവര്‍ത്തിക്കണം, എന്തെല്ലാം നടപടികള്‍ ഒഴിവാക്കണം തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞുതുടങ്ങിയതേയുള്ളു. പൊലീസുകാര്‍ അത് കേട്ടുകൊണ്ട് നിന്നു. പക്ഷേ, അവരുടെ ഒരു പ്രവൃത്തി എനിക്ക് അസാധാരണമായി തോന്നി.

വി ശിവൻകുട്ടി
വി ശിവൻകുട്ടി

പൊലീസുകാര്‍ ഓരോരുത്തരും അവരുടെ യൂണിഫോമില്‍ ധരിച്ചിരുന്ന നമ്പര്‍പ്ലേറ്റ് ഊരി പോക്കറ്റില്‍ ഇടുകയാണ്. അവരെല്ലാം അത് വളരെ പരസ്യമായി തന്നെയാണ് ചെയ്തിരുന്നത്. നമ്പര്‍പ്ലേറ്റ് എന്നത് ഓരോ ഉദ്യോഗസ്ഥന്റേയും ഐഡന്റിറ്റിയാണ്. പരിശീലനകാലത്തോ അഞ്ചുവര്‍ഷ ക്കാലം ലോ ആന്റ് ഓര്‍ഡര്‍ ഡ്യൂട്ടി ചെയ്യുമ്പോഴോ ഇങ്ങനെ കണ്ടിട്ടില്ല. എന്തെങ്കിലും തെറ്റായ പ്രവൃത്തിയാണ് ചെയ്യുന്നതെന്ന ഭാവം ആ പൊലീസുകാര്‍ക്കുമില്ല. തിരുവനന്തപുരം സിറ്റിയിലെന്താണീ പുതിയ രീതി? എനിക്കും സംശയമായി. എന്റെ അജ്ഞതയാണോ? എന്തായാലും ഞാനാ പൊലീസുകാരോട് തന്നെ സൗമ്യമായി ചോദിച്ചു: ''നിങ്ങള്‍ എന്തിനാണ് നമ്പര്‍ പ്ലേറ്റ് മാറ്റുന്നത്?'' അവര്‍ മറുപടി പറയാതെ പരസ്പരം നോക്കി. ഇപ്പോള്‍ അത്ഭുതം അവര്‍ക്കായി. അവസാനം അതില്‍ ചിലര്‍ പറഞ്ഞു: ''സാര്‍, എപ്പോഴും അങ്ങനെയാണ്.'' ഇത്രയുമായപ്പോള്‍ എനിക്ക് സംഗതി പിടികിട്ടി. സിറ്റിയില്‍ ലോ ആന്റ് ഓര്‍ഡര്‍ ഡ്യൂട്ടിക്കിടയില്‍ ലാത്തിച്ചാര്‍ജ്, ടിയര്‍ഗ്യാസ് പ്രയോഗം പോലുള്ള പൊലീസ് നടപടി ഉണ്ടാകുമ്പോള്‍ ചില പൊലീസുകാരുടെ പേരും നമ്പരും എടുത്തുപറഞ്ഞ് മാധ്യമങ്ങളിലൂടെ ആക്ഷേപം ഉന്നയിക്കാറുണ്ട്. അതൊഴിവാക്കാന്‍ സ്വന്തം ഐഡന്റിറ്റി മറയ്ക്കുക എന്നതൊരു ശീലമായി മാറിയിരുന്നു. തെറ്റായ പ്രവൃത്തി ഏതെങ്കിലും അബദ്ധധാരണയില്‍ ചില ഉദ്യോഗസ്ഥര്‍ ചെയ്യുകയും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ കണ്ണടയ്ക്കുകയും ചെയ്യുമ്പോഴാണ് അതൊരു ശീലവും ഉപസംസ്‌ക്കാരവും ഒക്കെ ആയി മാറുന്നത്. പൊലീസുദ്യോഗസ്ഥന്‍ ഓരോ പ്രവൃത്തിയും തികഞ്ഞ ആത്മവിശ്വാസത്തോടെ നിര്‍വ്വഹിക്കേണ്ടതാണ് എന്നാണെന്റെ പക്ഷം. ഉദ്യോഗസ്ഥന്റെ പ്രവൃത്തി പൊതുമദ്ധ്യത്തില്‍ വന്നാല്‍ അത് അപമാനകരമാണെങ്കില്‍ അത്തരം പ്രവൃത്തികള്‍ ഒഴിവാക്കുകയാണ് വേണ്ടത്. ഇക്കാര്യം പൊലീസുകാരോട് ഒരു സ്റ്റഡി ക്ലാസ്സുപോലെ ഞാന്‍ വിശദീകരിച്ചു. പൊലീസുകാരന്‍ നിയമത്തിന്റെ ഉപകരണമാണെന്നും ഓരോ പ്രവൃത്തിയും നിയമാനുസരണം ആണെന്ന ബോദ്ധ്യത്തോടെയും ആത്മവിശ്വാസത്തോടെയും ചെയ്യേണ്ടതാണെന്നും വ്യക്തമാക്കി. ഉദാഹരണമായി, ക്രമസമാധാനപാലനത്തിന്റെ ഭാഗമായി ലാത്തിച്ചാര്‍ജ് നടത്തിയാല്‍ അത് ചുമതലയുള്ള ഉദ്യോഗസ്ഥന്റെ നിര്‍ദ്ദേശപ്രകാരമുള്ള നിയമപരമായ പ്രവൃത്തിയായിരിക്കണം. അതില്‍ മറച്ചു വെയ്ക്കാനൊന്നുമില്ല. 

കടകംപള്ളി സുരേന്ദ്രൻ
കടകംപള്ളി സുരേന്ദ്രൻ

തെറ്റായ ഈ മനോഭാവം മറ്റൊരു രീതിയിലും സിറ്റിയില്‍ പ്രതിഫലിച്ചിരുന്നു. അത് പൊലീസിന്റെ പ്രസ്സ് ഫോട്ടോഗ്രാഫര്‍മാരോടുള്ള സമീപനമായിരുന്നു. അക്കാലത്ത് 'ദേശാഭിമാനി' പത്രത്തിന്റെ ഫോട്ടോഗ്രാഫര്‍ രാജേന്ദ്രന് സെക്രട്ടറിയേറ്റ് പരിസരത്തെ ലാത്തിച്ചാര്‍ജിലെല്ലാം പൊലീസ് മര്‍ദ്ദനം ഏല്‍ക്കുന്നു എന്ന വാര്‍ത്ത ഞാനും കണ്ടിട്ടുള്ളതാണ്. പ്രസ്സ് ഫോട്ടോഗ്രാഫറെ തടസ്സം ചെയ്യുമ്പോള്‍ പൊലീസിന്റെ പ്രവൃത്തിയെക്കുറിച്ച് തെറ്റായ സന്ദേശം ജനങ്ങളിലെത്തും. നിയമാനുസരണം ബലപ്രയോഗം നടത്തുകയാണെങ്കില്‍ അതിന്റെ ചിത്രമെടുക്കുന്ന മാധ്യമപ്രവര്‍ത്തകനെ എന്തിന് തടയണം? മാധ്യമപ്രവര്‍ത്തകനും അയാളുടെ ധര്‍മ്മം നിര്‍വ്വഹിക്കുകയാണെന്നു കരുതണം. അതുകൊണ്ട്, സ്വന്തം ഐഡന്റിറ്റി മറച്ചുവെച്ച ഒരാളും ഡ്യൂട്ടിക്കുണ്ടാകരുത് എന്നു നിര്‍ദ്ദേശിച്ചു. 

അക്കാലത്ത് നിയമസഭാ മന്ദിരവും സെക്രട്ടറിയേറ്റ് കോമ്പൗണ്ടില്‍ തന്നെ ആയതിനാല്‍ ആ പരിസരം തന്നെയായിരുന്നു എല്ലാവിധ സമരങ്ങളുടെയും രംഗവേദി. അവിടെ സമരങ്ങളില്ലാത്ത ഒരു ദിവസം പോലും ഉണ്ടായിരുന്നില്ല. നിയമസഭാ സമ്മേളന കാലത്ത് അതിന്റെ തീവ്രത പിന്നെയും വര്‍ദ്ധിക്കും. അതുകൊണ്ട് തുടക്കത്തില്‍ തന്നെ അവിടുത്തെ ക്രമസമാധാനപാലനത്തിന്റെ സങ്കീര്‍ണ്ണതകള്‍ മനസ്സിലാക്കാന്‍ ശ്രമിച്ചു. തിരുവനന്തപുരത്ത് ക്രമസമാധാന ഡ്യൂട്ടിയില്‍ ഏറെ അറിയപ്പെട്ടിരുന്ന ശ്രീമുകുന്ദന്‍ ആയിരുന്നു തുടക്കത്തില്‍ കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷണര്‍. പരിചയസമ്പന്നനായിരുന്നു അദ്ദേഹം. ഒരു ദിവസം വൈകുന്നേരം ഞാന്‍ അദ്ദേഹത്തേയും കൂട്ടി സെക്രട്ടറിയേറ്റിന്റെ ചുറ്റും നടന്നു. പ്രക്ഷോഭങ്ങള്‍ അക്രമത്തിലേയ്ക്കും പൊലീസ് ബലപ്രയോഗത്തിലേയ്ക്കും ഒക്കെ നീങ്ങുമ്പോള്‍ പ്രധാന ഗേറ്റ് മുതല്‍ ഓരോ മേഖലകളിലും ഉണ്ടാകാറുള്ള പ്രശ്‌നങ്ങള്‍, പൊലീസ് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ഇവയെല്ലാം അദ്ദേഹത്തിന്റെ അനുഭവത്തില്‍നിന്നും ഞാന്‍ മനസ്സിലാക്കി. അങ്ങനെ ചുറ്റിത്തിരിഞ്ഞ് അവസാനം നിയമസഭാംഗങ്ങള്‍ അന്ന് കടന്നുപൊയ്‌ക്കൊണ്ടിരുന്ന ഗേറ്റിനടുത്തെത്തിയപ്പോള്‍ അതേക്കുറിച്ച് ശ്രീമുകുന്ദന്‍ വാചാലനായി; ''എത്രവലിയ ജനക്കൂട്ടം പങ്കെടുക്കുന്ന സമരമായാലും, സെക്രട്ടേറിയേറ്റ് വളയലായാലും ആ ഗേറ്റ് ഒരിക്കലും തടസ്സപ്പെടാന്‍ പാടില്ല. അതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടാല്‍ പൊലീസ് സംവിധാനം പരാജയപ്പെട്ടു എന്നാണര്‍ത്ഥം.'' അതോടുകൂടി ആ ഗേറ്റിനു വല്ലാത്തൊരു 'ദിവ്യത്വം' മനസ്സില്‍ രൂപപ്പെട്ടു. പെട്ടെന്നു തന്നെ അദ്ദേഹം സ്ഥലം മാറി എങ്കിലും പ്രായോഗികാനുഭവങ്ങളില്‍നിന്നുള്ള പാഠം വരും ദിനങ്ങളില്‍ എനിക്കു ഗുണകരമായി. 

സെക്രട്ടറിയേറ്റിന്റെ പരിസരത്തെ സമരങ്ങള്‍ അക്രമത്തിലേയ്ക്ക് പോകാന്‍ സാധ്യതയുണ്ടെങ്കില്‍ പൊലീസ് ക്രമീകരണത്തിനു സഹപ്രവര്‍ത്തകരോടൊപ്പം ഞാനും കൂടെയുണ്ടാകുമായിരുന്നു. കാരണം, തലസ്ഥാനത്തുണ്ടാകുന്ന പ്രശ്‌നങ്ങളുടെ പ്രത്യാഘാതങ്ങള്‍ സംസ്ഥാനത്തുടനീളം പ്രതിഫലിക്കും. നിയമസഭ നടക്കുന്ന അവസരത്തില്‍ സവിശേഷ ജാഗ്രത കൂടിയേ തീരൂ. അങ്ങനെ ഒരു ദിവസം ഞാന്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ഇരിക്കുകയായിരുന്നു. അന്നെനിക്ക് ചെറുതായി പനിയും ക്ഷീണവും തോന്നിയതുകൊണ്ട് കഴിയുന്നതും പുറത്തുപോകുന്നത് ഒഴിവാക്കണം എന്നാണ് കരുതിയിരുന്നത്. ഒന്നാം നിലയിലുള്ള കണ്‍ട്രോള്‍ റൂമിലിരുന്നാല്‍ സെക്രട്ടറിയേറ്റിന്റെ പരിസരവും എം.എല്‍.എമാരും മറ്റും കടന്നുപോകുന്ന ഗേറ്റും നേരിട്ടു കാണാം. സദാ സജീവമായ വയര്‍ലെസ്സില്‍ മറ്റെല്ലാം അറിയുകയും ചെയ്യാം. അങ്ങനെയിരിക്കുമ്പോള്‍ എം.എല്‍.എമാര്‍ കടന്നുപോകുന്ന ഗേറ്റില്‍ ചെറിയൊരു ബഹളം. അത് അസാധാരണമാണ്. പെട്ടെന്ന് സമീപത്തുനിന്നുമൊക്കെ കുറച്ചാളുകള്‍ അങ്ങോട്ട് നീങ്ങുന്നു. പൊലീസും കൂടുതലായി അങ്ങോട്ട് പോകുന്നതായി കണ്ടു. എന്തോ പ്രശ്നമാണെന്ന് മനസ്സിലായി. ഞാനും കണ്‍ട്രോള്‍റൂമില്‍ നിന്നിറങ്ങി അങ്ങോട്ടേയ്ക്ക് നടന്നു. അവിടെയെത്തുമ്പോള്‍ ഗേറ്റിനുള്ളിലും വെളിയിലുമായി അമ്പതോളം ആളുകള്‍ കൂടിയിട്ടുണ്ട്. അതവിടെ പതിവില്ലാത്തതാണ്. ഏതെങ്കിലും പ്രക്ഷോഭം നടക്കുമ്പോള്‍ പ്രക്ഷോഭകര്‍ ശ്രദ്ധയാകര്‍ഷിക്കാന്‍ വേണ്ടി ഇങ്ങോട്ടേയ്ക്ക് ഒന്നും രണ്ടുമായി നുഴഞ്ഞുകയറാനുള്ള സാദ്ധ്യത കണക്കിലെടുത്ത് പൊലീസ് വലിയ കരുതലെടുക്കേണ്ടതാണ്. എം.എല്‍.എമാരൊഴികെ എല്ലാപേരെയും സൂക്ഷ്മമായി പരിശോധിച്ച് ബോദ്ധ്യപ്പെട്ടേ അവിടെ അനുവദിക്കുകയുള്ളു; പ്രത്യേകിച്ച് നിയമസഭാ സമ്മേളനം നടക്കുന്ന അവസരത്തില്‍. ഞാനവിടെ എത്തുമ്പോള്‍ ഏതാനും വ്യക്തികള്‍ പൊലീസുമായി രൂക്ഷമായ വാക്കേറ്റം നടത്തുകയാണ്. സി.പി.എം നേതാവും എം.എല്‍.എയുമായ എം. വിജയകുമാര്‍ അവിടെയുണ്ടായിരുന്നു. അന്ന് സിറ്റിയിലെ മിക്ക പ്രതിപക്ഷ സമരങ്ങളിലും സജീവ സാന്നിദ്ധ്യമായിരുന്ന സി.പി.എമ്മിന്റെ യുവനേതാവ് വി. ശിവന്‍കുട്ടിയും എവിടെ നിന്നോ പാഞ്ഞെത്തി. അവരെല്ലാം വല്ലാതെ ക്ഷോഭിക്കുന്നുണ്ടായിരുന്നു. അതിനിടയില്‍ ചിലര്‍ ''എം.എല്‍.എയെ അറിയാത്ത എന്തു പൊലീസ്?'' എന്നും മറ്റുമൊക്കെ ബഹളം വച്ചു. അവിടെ എത്തിയവരെല്ലാം വൈകാരികമായി പൊട്ടിത്തെറിക്കുന്ന സ്ഥിതി ആയിരുന്നു. ഇതാണ് ഞാനവിടെ കണ്ടത്. അതിനിടയില്‍ എന്നോടൊപ്പമുണ്ടായിരുന്ന പൊലീസുകാരന്‍ സുരേഷ്, ''സാറെ സോമന്‍ സാറിനെ അങ്ങ് മാറാന്‍ പറ'' എന്നു പറഞ്ഞു. പുതുതായി വന്ന അസിസ്റ്റന്റ് കമ്മിഷണറായിരുന്നു വി.സി. സോമന്‍. ഞാന്‍ നോക്കുമ്പോള്‍ അദ്ദേഹം ശാന്തനായി എന്തോ പറയാന്‍ ശ്രമിക്കുകയായിരുന്നു. പക്ഷേ, എം.എല്‍.എയുടെ കൂടെയുള്ളവര്‍ ഒട്ടും വഴങ്ങുന്ന മാനസികാവസ്ഥയിലായിരുന്നില്ല. കൃത്യമായി എന്താണ് സംഭവിച്ചത് എന്നെനിക്ക് മനസ്സിലായില്ലെങ്കിലും രോഷം മുഴുവന്‍ സോമന്റെ നേരെ ആണെന്ന് വ്യക്തമായി. ഞാന്‍ മുന്നോട്ട് ചെന്നതോടെ അസിസ്റ്റന്റ് കമ്മിഷണര്‍ എന്റെ പിന്നിലായി. പൊലീസ് MLAയെ തടഞ്ഞുവെന്നും പിടിച്ച് തള്ളിയെന്നും മറ്റും എം.എല്‍.എയുടെ കൂടെ ഉണ്ടായിരുന്നവര്‍ പറഞ്ഞു. സംഭവം എന്തായാലും അത്രയും പ്രാധാന്യമുള്ള ആ സ്ഥലത്ത് സംഘര്‍ഷം പെട്ടെന്നു തീര്‍ക്കണം എന്നെനിക്കു തോന്നി. സോമനോട് ഓഫീസിലേയ്ക്ക് പൊയ്‌ക്കൊള്ളാന്‍ ഞാന്‍ പറഞ്ഞു. വികാരം തണുപ്പിക്കുന്നതിന് അതാണ് നല്ലതെന്ന് ഞങ്ങള്‍ക്കിരുവര്‍ക്കും അറിയാമായിരുന്നു. പിന്നെ വേഗത്തില്‍ അന്തരീക്ഷം തണുത്തു. വിഷയം നിയമസഭയില്‍ ഉന്നയിക്കാമെന്ന് അവിടെ എത്തിയ മറ്റ് എം.എല്‍.എമാരും പറഞ്ഞു. അവിടുത്തെ സീന്‍ അവസാനിച്ചു. തിരികെ ഞാന്‍ കണ്‍ട്രോള്‍ റൂമില്‍ എത്തുമ്പോഴേയ്ക്കും എന്താണ് സംഭവിച്ചതെന്ന വിവരങ്ങളടങ്ങിയ അസിസ്റ്റന്റ് കമ്മിഷണറുടെ റിപ്പോര്‍ട്ട് റെഡി. എം.എല്‍.എമാരൊഴികെയുള്ളവര്‍ക്ക് കര്‍ശന നിയന്ത്രണമുള്ള ആ ഗേറ്റില്‍ അപ്രതീക്ഷിതമായി നാലഞ്ചുപേരെ കണ്ടപ്പോള്‍ അവരെ തടഞ്ഞതും കൂട്ടത്തില്‍ ഉണ്ടായിരുന്ന എം.എല്‍.എയെ തിരിച്ചറിയാന്‍ കഴിയാത്തതുമൂലമുണ്ടായ സാഹചര്യവുമെല്ലാം കിറുകൃത്യം. പൊലീസ് നടപടികളെ വസ്തുനിഷ്ഠമായി രേഖയിലാക്കാനുള്ള ആ ഉദ്യോഗസ്ഥന്റെ സാമര്‍ത്ഥ്യം പ്രശംസനീയമായിരുന്നു. അടുത്ത ദിവസം ഈ വിഷയം നിയമസഭയില്‍ വന്നപ്പോള്‍ സര്‍ക്കാരിന്റെ മുഖ്യ പ്രതിരോധം പത്രത്തില്‍ വന്ന ഒരു ഫോട്ടോ ആയിരുന്നു. ബഹളത്തിനിടയില്‍ അക്ഷോഭ്യനായി നിന്നിരുന്ന അസിസ്റ്റന്റ് കമ്മിഷണറുടെ ചിത്രം മുഖ്യമന്ത്രി എ.കെ. ആന്റണി എടുത്തുകാട്ടി. ആ വിഷയം അതിനപ്പുറം മുന്നോട്ട് പോയില്ല. 

നഗരഹൃദയമായ സെക്രട്ടറിയറ്റും പരിസരവും സമരങ്ങളും പ്രകടനങ്ങളും കൊണ്ട് നിറയുമ്പോള്‍ അത് ജനങ്ങളുടെ സൈ്വരജീവിതത്തിനു വലിയ വിഘാതം സൃഷ്ടിക്കുന്നുവെന്നു് ചില കോണുകളില്‍നിന്ന് ഇടയ്ക്കിടെ ആക്ഷേപം ഉയരുന്നുണ്ടായിരുന്നു. അങ്ങനെയിരിക്കെ സെക്രട്ടറിയേറ്റിനു മുന്നിലെ റോഡിലൂടെയുള്ള ജാഥകള്‍ക്കു പുതിയ നിയന്ത്രണമേര്‍പ്പെടുത്തി സര്‍ക്കാര്‍ ഒരു ഉത്തരവ് പുറപ്പെടുവിച്ചു. പ്രതിപക്ഷം അതിനെ ശക്തിയായി എതിര്‍ത്ത് രംഗത്തു വന്നു. പ്രതിഷേധിക്കുവാനുള്ള പൗരാവകാശത്തിന്മേലുള്ള കടന്നാക്രമണം എന്ന നിലയിലായിരുന്നു വിമര്‍ശനം. പ്രസ്തുത ഉത്തരവ് കോടതിയും കയറി. അതിന്മേലുള്ള പ്രതിഷേധവും പൊലീസിനു പ്രശ്നം സൃഷ്ടിച്ചു. ഉത്തരവില്‍ പ്രതിഷേധിച്ച് ഇടതുപക്ഷം ഒരു വലിയ പ്രകടനം നഗരത്തില്‍ സംഘടിപ്പിച്ചു. യുവാക്കളും വിദ്യാര്‍ത്ഥികളും പങ്കെടുക്കുന്ന പ്രകടനമായിരുന്നു അത്. അന്നത്തെ വി.ജെ.റ്റി ഹാളിന്റെ പരിസരം മുതലായിരുന്നു ജാഥയ്ക്കു നിരോധനം. നിരോധനമില്ലാത്ത സ്ഥലത്തുനിന്നും തുടങ്ങി നിരോധനം ലംഘിച്ച് മുന്നോട്ട് പോകാനായിരുന്നു ജാഥക്കാരുടെ പരിപാടി. എന്നാല്‍, നിരോധനം തുടങ്ങുന്ന സ്ഥലത്തുവെച്ച് തടയാനായിരുന്നു പൊലീസിന്റെ തീരുമാനം. അങ്ങനെ ഒരു നിര്‍ദ്ദേശം എനിക്കും ലഭിച്ചിരുന്നു. സംഘാടനത്തിന്റെ നേതൃത്വമുണ്ടായിരുന്ന കടകംപള്ളി സുരേന്ദ്രന്‍ വി.ജെ.റ്റി ഹാളിന്റെ സമീപം റോഡില്‍വെച്ച് പ്രതിഷേധത്തെക്കുറിച്ച് എന്നോട് സംസാരിച്ചു. നിരോധിച്ചിട്ടുള്ള റോഡിലൂടെ മുന്നോട്ട് പോകണം എന്നായിരുന്നു സമരക്കാരുടെ ആവശ്യം. നിരോധനം തുടങ്ങുന്നിടത്തു വെച്ച് പൊലീസ് ജാഥ തടയും എന്നായിരുന്നു ഞാന്‍ പറഞ്ഞത്. എങ്കില്‍ അത് വലിയ ക്രമസമാധാന പ്രശ്നമാകും എന്ന് അദ്ദേഹം സൂചിപ്പിച്ചു. കുറേ സംഭാഷണത്തിനുശേഷം പ്രതീകാത്മകമായി അല്പം ദൂരം മാത്രം നിരോധനം ലംഘിക്കും, അന്‍പത് മീറ്ററിനപ്പുറം പോകില്ല എന്നദ്ദേഹം പറഞ്ഞു. എങ്കിലും ഞാനുറപ്പൊന്നും നല്‍കിയില്ല. ''തീരുമാനം പൂര്‍ണ്ണമായും എന്റെ കയ്യില്‍ ആകണമെന്നില്ലല്ലോ'', എന്നു ഞാന്‍ പറഞ്ഞപ്പോള്‍ ''അല്ല ഡി.സി.പി, ഈ തീരുമാനം എടുക്കുന്നവര്‍ക്കും കുറച്ച് ഉത്തരവാദിത്വം ഒക്കെ വേണ്ടേ?'' എന്നായിരുന്നു അല്പം അക്ഷമയോടെ അദ്ദേഹത്തിന്റെ പ്രതികരണം. അധികം കഴിയും മുന്‍പേ ജാഥ തുടങ്ങി. സാധാരണയിലും വലിയ പ്രകടനമായിരുന്നു അത്. അതില്‍ ധാരാളം സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ഉണ്ടെന്ന് വയര്‍ലെസ്സില്‍ വിവരം കിട്ടി. അത്തരമൊരു പരിപാടി സംഘര്‍ഷത്തിലേയ്ക്കും ബലപ്രയോഗത്തിലേയ്ക്കും പോയി നിയന്ത്രണം വിട്ടാല്‍ കൊച്ചുകുട്ടികള്‍ക്കൊക്കെ എന്താണ് സംഭവിക്കുക എന്നതായിരുന്നു മുഖ്യമായും എന്റെ മനസ്സില്‍. പ്രതീകാത്മക നിരോധനലംഘനം എന്ന ആവശ്യത്തിന് ഞാന്‍ വഴങ്ങി. ഇ.കെ. നായനാര്‍ ആയിരുന്നു സമരം ഉദ്ഘാടനം ചെയ്ത് സംസാരിച്ചത്. അദ്ദേഹം സ്വാതന്ത്ര്യസമരകാലത്ത് സൈമണ്‍ കമ്മിഷനെ ബഹിഷ്‌കരിച്ച് ജവഹര്‍ലാല്‍ നെഹ്‌റു നടത്തിയ പ്രതിഷേധസമരമൊക്കെ പരാമര്‍ശിച്ച് ആ പാരമ്പര്യത്തിന്റെ നിഷേധമാണ് സര്‍ക്കാര്‍ നടപടി എന്നു വിമര്‍ശിച്ചു. ഏതായാലും അന്നത്തെ സമരം സമാധാനമായി അവസാനിപ്പിക്കാന്‍ കഴിഞ്ഞതില്‍ ആശ്വാസം തോന്നി. 

എം വിജയകുമാർ
എം വിജയകുമാർ

പ്രകോപനപരമായ സമരങ്ങളില്‍പ്പോലും അതിന്റെ നേതാക്കളും സ്ഥലത്തു ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരും തമ്മില്‍ ആരോഗ്യകരമായ ബന്ധം ഉണ്ടെങ്കില്‍ കുറേ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ കഴിയും. ഒരു സമരം ന്യായമാണോ അല്ലയോ എന്നതില്‍ വ്യത്യസ്ത കാഴ്ചപ്പാടുകള്‍ സമൂഹത്തില്‍ ഉണ്ടാകാം. അതെന്തായാലും സമരങ്ങളോട് ഒരുതരം 'അടിച്ചൊതുക്കല്‍ നയം' എന്നതിനോട് എനിക്ക് യോജിപ്പുണ്ടായിരുന്നില്ല. പ്രതിഷേധസമരങ്ങളില്‍ പരമാവധി പൊലീസ് സംയമനം പാലിക്കണം; ഒഴിച്ചുകൂടാനാവാത്ത സാഹചര്യത്തില്‍ നിയമാനുസരണം ആവശ്യമായ ബലപ്രയോഗം മാത്രം. എന്നാല്‍, ബലപ്രയോഗത്തില്‍ ഹരം കണ്ടെത്തുന്ന മാനസികാവസ്ഥ ജനാധിപത്യത്തില്‍ പൊലീസ് ഉദ്യോഗസ്ഥനു ഭൂഷണമല്ല. 

സംയമനത്തോടെയുള്ള സമീപനത്തിന്റെ കൗതുകകരമായ ഒരു വശം കൂടി ചൂണ്ടിക്കാണിച്ചു കൊള്ളട്ടെ. അക്കാലത്ത് ലാ അക്കാദമിയില്‍ നിയമ വിദ്യാര്‍ത്ഥി ആയിരുന്ന എന്റെ ഭാര്യയോട് ചില സഹപാഠികള്‍ ഇതേപ്പറ്റി പറഞ്ഞു. അവരില്‍ ചിലര്‍ സജീവ രാഷ്ട്രീയത്തിലായിരുന്നു. ''ഈ ഡി.സി.പി ഇങ്ങനെ തല്ലാതെ പോയാല്‍ ഞങ്ങളുടെ രാഷ്ട്രീയ ഭാവി ഇല്ലാതാകും.'' കളിയായിട്ട് പറഞ്ഞതാകാം. അതെന്തായാലും 'രാഷ്ട്രീയ ഭാവി'ക്കുള്ള വക പിറകെ വരുന്നുണ്ടായിരുന്നു. 

(തുടരും) 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com