ആം ആദ്മി പാര്‍ട്ടിയുടെ 'ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റര്‍മാരില്‍' ആര്‍.എസ്.എസ്സുമുണ്ടായിരുന്നു

കേജ്രിവാള്‍ വെറുമൊരു രാഷ്ട്രീയക്കാരനോ എന്‍.ജി.ഒ നടത്തിപ്പുകാരനോ അല്ല. ആം ആദ്മി പാര്‍ട്ടി വെറുമൊരു രാഷ്ട്രീയപ്പാര്‍ട്ടിയുമല്ല
ആം ആദ്മി പാര്‍ട്ടിയുടെ 'ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റര്‍മാരില്‍' ആര്‍.എസ്.എസ്സുമുണ്ടായിരുന്നു
Published on
Updated on

ഴുത്തുകാരനും വ്യവസായിയും രാഷ്ട്രീയ നിരീക്ഷകനും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ സതീര്‍ത്ഥ്യനും മലയാളിയുമായ, 2016-ല്‍ അന്തരിച്ച പ്രാണ്‍ കുറുപ്പ് എഴുതിയ ഒരു പുസ്തകമുണ്ട്. 'അരവിന്ദ് കേജ്രിവാള്‍ & ദി ആം ആദ്മി പാര്‍ട്ടി: ആന്‍ ഇന്‍സൈഡ് ലുക്ക്' എന്നാണ് ആ പുസ്തകത്തിന്റെ പേര്. അതില്‍ ആം ആദ്മി പാര്‍ട്ടിയെ അദ്ദേഹം ഉപമിക്കുന്നത് ഒരു സ്റ്റാര്‍ട്ട് അപ്പ് കമ്പനിയോടാണ്. തീര്‍ത്തും കൗതുകകരമായ ഒരു 'അനലോജി.' ഈ ഉപമ എത്രത്തോളം ശരിയാണെന്നു കരുതുന്നവരോട് ചരിത്രം പറഞ്ഞുവേണം സംസാരിച്ചു തുടങ്ങാന്‍.

അരവിന്ദ് കേജ്രിവാളിനാലും മറ്റും സ്ഥാപിതമായ ആ സ്റ്റാര്‍ട്ട് അപ്പ് കമ്പനി 2020-ല്‍ മൂന്നാമത്തെ തവണയും ഡല്‍ഹിയില്‍ അധികാരത്തിലെത്തി. 2017-ല്‍, ഗോവയിലും പഞ്ചാബിലും നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഒരു കൈ നോക്കിയെങ്കിലും ഫലമുണ്ടായില്ല. എന്നാല്‍, അഞ്ചു കൊല്ലം പിന്നിട്ടപ്പോള്‍ പഞ്ചാബില്‍ അതു വലിയ കുതിപ്പുണ്ടാക്കി ഭരണത്തിലെത്തി. അതായത് പ്രാണ്‍ കുറുപ്പിന്റെ 'സ്റ്റാര്‍ട്ട് അപ്പ് കമ്പനി' വളര്‍ച്ചയുടെ പടവുകള്‍ കയറുകയാണ് എന്നര്‍ത്ഥം. 

കേജ്രിവാള്‍ വെറുമൊരു രാഷ്ട്രീയക്കാരനോ എന്‍.ജി.ഒ നടത്തിപ്പുകാരനോ അല്ല. ആം ആദ്മി പാര്‍ട്ടി വെറുമൊരു രാഷ്ട്രീയപ്പാര്‍ട്ടിയുമല്ല. ഇടതും വലതുമല്ലാത്ത ഒരു പാര്‍ട്ടിയെന്നോ സെന്‍ട്രിസ്റ്റ് നിലപാടുകളുള്ള പാര്‍ട്ടിയെന്നോ പലപ്പോഴും ഈ കക്ഷി വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, അരവിന്ദ് കേജ്രിവാള്‍ സഹസ്ഥാപകനായ ഒരു സ്റ്റാര്‍ട്ട് അപ്പാണ് ആം ആദ്മി പാര്‍ട്ടി എന്ന സങ്കല്പമാണ് പ്രാണ്‍ കുറുപ്പ് മുന്നോട്ടുവെച്ചത്. ഡല്‍ഹിയിലും പഞ്ചാബിലും ഗോവയിലുമൊക്കെ അതു പലപ്പോഴായി എതിരിട്ട പാര്‍ട്ടികളുടെ പ്രായം കണക്കാക്കുമ്പോള്‍, തീര്‍ത്തും തുടക്കക്കാരാണ് ആം ആദ്മി പാര്‍ട്ടി എന്നുതന്നെ പറയണം. 

2012-ല്‍ 'ക്രൗഡ് സോഴ്സ് ഫണ്ടിംഗ്' നടത്തിയാണ് ഈ 'സ്റ്റാര്‍ട്ട് അപ്പ്' സ്ഥാപിതമാകുന്നത്. കേജ്രിവാള്‍ മുന്നോട്ടുവെച്ച അടിസ്ഥാനപരമായ ഒരു ആശയം-സുതാര്യവും അഴിമതിരഹിതവും പൊതുജനക്ഷേമത്തെ മുന്‍നിര്‍ത്തുന്നതുമായ ഒരു ഭരണസംവിധാനം എന്ന ആശയം- പ്രാവര്‍ത്തികമാക്കുന്നതിനു സാമ്പത്തികമായും ആശയപരമായും നിരവധി വ്യക്തികളും കോര്‍പ്പറേറ്റ് എക്‌സിക്യൂട്ടീവുകളും പ്രസ്ഥാനങ്ങളും അതിനു തുടക്കത്തില്‍ത്തന്നെ ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റേഴ്‌സ് (Angel investors) ആയി ഉണ്ടായിട്ടുണ്ട് എന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍ ഈ സ്റ്റാര്‍ട്ട് അപ്പ് സങ്കല്പത്തിനു സാംഗത്യമുണ്ടെന്ന് ആര്‍ക്കും ഉറപ്പിക്കാനാകും. 

ഭ​ഗവന്ത് മാൻ
ഭ​ഗവന്ത് മാൻ

ശക്തമായ മധ്യവര്‍ഗ്ഗ രാഷ്ട്രീയമുള്ള ഇടമാണ് ദില്ലി. മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസ് ആധിപത്യം കൊടികുത്തിവാണ കാലത്ത് ഹിന്ദുത്വരാഷ്ട്രീയത്തോടൊപ്പം തന്നെ, അഭ്യസ്തവിദ്യരായ ഈ വിഭാഗത്തിന്റെ പ്രതികരണത്വരയേയും സംശുദ്ധമായ പൊതുമണ്ഡലത്തേയും സുതാര്യതയേയും കുറിച്ചുള്ള മദ്ധ്യവര്‍ഗ്ഗ സ്വപ്നങ്ങളേയും ബി.ജെ.പി മുതലെടുത്തിട്ടുണ്ട്. തുടര്‍ന്നു പില്‍ക്കാലത്ത് അധികാരലബ്ധിക്ക് അത് ബി.ജെ.പിക്ക് വഴിയൊരുക്കിയിട്ടുമുണ്ട്. എന്നാല്‍, കുറച്ചുകൂടി ഹിന്ദുത്വ തീവ്രതയുള്ള മറ്റൊരു കോണ്‍ഗ്രസ്സാണ് അത് എന്ന തോന്നലാണ് ആ പാര്‍ട്ടിയുടെ ഭരണം അന്നാട്ടുകാരില്‍ ഉണ്ടാക്കിയത്. തുടര്‍ന്നാണ് ആം ആദ്മി പാര്‍ട്ടി രംഗപ്രവേശം ചെയ്യുന്നത്. 2015-ല്‍ മുന്‍ ബി.ജെ.പി നേതാവ് അരുണ്‍ ഷൂരി കോണ്‍ഗ്രസ് + പശു എന്നതാണ് ബി.ജെ.പി എന്നും പറയും മുന്‍പേ ദില്ലി നിവാസികള്‍ ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞിരുന്നുവെന്ന് അര്‍ത്ഥം. ഒരു കാലത്തും അവര്‍ക്ക് പശുരാഷ്ട്രീയം വര്‍ജ്ജ്യമായിരുന്നില്ലെന്നും കോണ്‍ഗ്രസ് പ്രതിനിധാനം ചെയ്യുന്നുവെന്ന് അവര്‍ കരുതിയ സ്വജനപക്ഷപാതവും അഴിമതിയും കെടുകാര്യസ്ഥതയുമൊക്കെയാണ് അവര്‍ വര്‍ജ്ജിക്കേണ്ടവയായി കരുതിയത്. 

2013-ല്‍ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി രണ്ടാം സ്ഥാനത്തെത്തി. സ്റ്റാര്‍ട്ട് അപ്പ് അനലോജിക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ അതിന്റെ ബീറ്റാ വെര്‍ഷന്‍ ലോഞ്ച് ആണ് അന്നു നടന്നത്. അനവസരത്തില്‍ ഉല്‍ക്കര്‍ഷേച്ഛ പ്രകടിപ്പിക്കുന്ന സ്റ്റാര്‍ട്ട് അപ്പുകളുടെ സ്ഥിരം പതിവ് ആം ആദ്മി പാര്‍ട്ടിയും അനുവര്‍ത്തിച്ചെന്നും അതിന്റെ ഫലമായാണ് 2014-ലെ പൊതുതെരഞ്ഞെടുപ്പില്‍ 434 സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയ പാര്‍ട്ടിക്ക് 414 സീറ്റുകളില്‍ കെട്ടിവെച്ച കാശ് നഷ്ടമായതെന്നും ഒരു സ്റ്റാര്‍ട്ട് അപ്പിനോടു പാര്‍ട്ടിയെ ഉപമിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, പിന്നീട് സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് മറ്റൊരു സവിശേഷതയുണ്ട്. നിരന്തരം പരാജയപ്പെട്ടാലും പൂര്‍വ്വസ്ഥിതിയിലേക്ക് തിരിച്ചുവരാനുള്ള പ്രവണതയും നിലവിലുള്ള അവസ്ഥയെ മറികടന്ന് മുന്നോട്ടുപോകാനുള്ള കഴിവും അവ പ്രകടിപ്പിക്കുന്നുണ്ട്. പ്രബലരായ എതിരാളികളെ അവരുടെ പ്രവര്‍ത്തനപഥവും രീതികളും മാറ്റാന്‍ പ്രേരിപ്പിക്കുന്ന രീതിയില്‍ സ്വന്തം വഴികളെ പുനര്‍നിര്‍വ്വചിക്കാന്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കു കഴിയാറുണ്ട്. ചിലപ്പോഴൊക്കെ വമ്പന്മാരുടെ മേഖലകളിലേക്ക് ഇടിച്ചുകയറാനും അവയ്ക്കു സാധിക്കുന്നുണ്ട്. വ്യക്തിപരമായ സമ്പാദ്യത്തില്‍നിന്നോ സുഹൃത്തുക്കളില്‍നിന്നും മറ്റും കടം വാങ്ങിയോ മറ്റും മൂലധനം കണ്ടെത്തി സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങി നല്ല സാമ്പത്തികശേഷിയുള്ള എതിരാളികള്‍ക്കെതിരെ പോരാടുന്നവര്‍ തങ്ങളുടെ ഉല്പന്നങ്ങള്‍ക്കു ചുറ്റും ഐ.പി മോട്ടുകള്‍ നിര്‍മ്മിക്കുന്നതിലാണ് തങ്ങളുടെ ഭാവിയിരിക്കുന്നത് എന്നു തിരിച്ചറിഞ്ഞിരിക്കും. കൂടുതല്‍ ഉയരാന്‍ ശ്രമിക്കുന്നതിനു മുന്‍പേ അവര്‍ പ്രവര്‍ത്തിക്കുന്ന ഇടത്ത് ഉറച്ചുനില്‍ക്കാനാണ് ശ്രമിക്കുക. മറ്റേതെങ്കിലുമൊരു വിപണിയിലേക്കു പ്രവേശിക്കാന്‍ തുനിയും മുന്‍പേ തങ്ങള്‍ ഇപ്പോള്‍ ഇടപെടുന്ന വിപണിയില്‍ ആധിപത്യം സ്ഥാപിക്കുകയാണ് വേണ്ടത് എന്നും അവര്‍ക്കറിയാം. ഡല്‍ഹി എന്ന സംസ്ഥാനത്തെ വിപണിയായി സങ്കല്പിച്ചാല്‍ ആ പ്രദേശത്ത് കാര്യമായ സ്വാധീനം ഉണ്ടാക്കിയ ശേഷമാണ് മറ്റു സംസ്ഥാനങ്ങളിലേയ്ക്ക് തങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ ആം ആദ്മി പാര്‍ട്ടി മുതിരുന്നത് എന്നത് ഈ അനലോജിയുടെ പശ്ചാത്തലത്തില്‍ ശ്രദ്ധേയമാകുന്നുണ്ട്. 

ആം ആദ്മിയും ഹിന്ദുത്വരാഷ്ട്രീയവും 

ആം ആദ്മി പാര്‍ട്ടിയുടെ 'ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റര്‍മാരില്‍' ആര്‍.എസ്.എസ്സുമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തിയത് ആദ്യകാലത്ത് അരവിന്ദ് കേജ്രിവാളിനൊപ്പം പ്രവര്‍ത്തിക്കുകയും അഴിമതി വിരുദ്ധ പ്രസ്ഥാനത്തിന്റെ മുന്‍നിര പോരാളികളില്‍ ഒരാളായിരിക്കുകയും ചെയ്ത പ്രശാന്ത് ഭൂഷണാണ്. ആം ആദ്മി പാര്‍ട്ടി ബീജാവാപം ചെയ്ത അണ്ണാ ഹസാരേയുടെ പ്രസ്ഥാനത്തെ താങ്ങിനിര്‍ത്തുന്നത് ആര്‍.എസ്.എസ് ആണെന്ന് കേജ്രിവാളിന് അറിവുണ്ടായിരുന്നുവെന്നും അദ്ദേഹം അതേക്കുറിച്ച് നിശ്ശബ്ദത പാലിക്കുകയായിരുന്നുവെന്നും പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചിരുന്നു. അണ്ണാ ഹസാരേയുടെ സാന്നിദ്ധ്യത്തേയും ആര്‍.എസ്.എസ് പിന്തുണയേയും ഉപയോഗപ്പെടുത്തിയാണ് കോണ്‍ഗ്രസ് വിരുദ്ധ രാഷ്ട്രീയവുമായി കേജ്രിവാള്‍ മുന്നോട്ടു പോയതെന്ന് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദും ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതേ ആരോപണം ഇത്തവണ പഞ്ചാബിലും ഗോവയിലും മറ്റും തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന സന്ദര്‍ഭത്തില്‍ പ്രിയങ്കാ വാദ്ര ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ആവര്‍ത്തിച്ചിരുന്നതായും കാണാം. 

കേന്ദ്രഭരണം ഉപയോഗിച്ച് ഹിന്ദുരാഷ്ട്രമെന്ന സങ്കല്പം യാഥാര്‍ത്ഥ്യമാകുന്നതു കൂടി ലക്ഷ്യമിട്ട് ബി.ജെ.പി ഗവണ്‍മെന്റ് നിയമനിര്‍മ്മാണങ്ങള്‍ക്കും ഭേദഗതികള്‍ക്കും തുനിഞ്ഞപ്പോഴും, കാര്‍ഷിക നിയമഭേദഗതിപോലുള്ള നീക്കങ്ങള്‍ക്കു മുതിര്‍ന്നപ്പോഴും സന്ദിഗ്ദ്ധതകളിലായിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ നിലപാടുകള്‍ ഊന്നിയത്. ഇത്തരം സമരങ്ങളുടെ ക്രെഡിറ്റ് കോണ്‍ഗ്രസ് അവകാശപ്പെടാതിരിക്കാനുള്ള നീക്കങ്ങളിലും നിലപാടുകളിലുമായിരുന്നു ആ പാര്‍ട്ടിയുടെ നേതാക്കള്‍. ദില്ലിയില്‍ സമരത്തിനെത്തുന്ന കര്‍ഷകരെ 'ബി.ജെ.പി ഗുണ്ടകളു'ടെ ആക്രമണത്തില്‍നിന്നും തടയുന്നതിനായി പൊലീസിനെ വിന്യസിക്കണമെന്ന് അന്ന് പഞ്ചാബ് ഭരിച്ചിരുന്ന കോണ്‍ഗ്രസ് ഗവണ്‍മെന്റിനോട് ദില്ലിയിലെ ആം ആദ്മി വക്താവ് ആവശ്യപ്പെട്ടത് ഒരു ഉദാഹരണം. ഒരു സംസ്ഥാനത്തെ പൊലീസിന് മറ്റൊരു സംസ്ഥാനത്ത് അനുമതി കൂടാതെ പ്രവേശിക്കുന്നത് അസാധ്യമായിരിക്കെ ഇതെങ്ങനെ ക്രമസമാധാനം കേന്ദ്ര ചുമതലയിലുള്ള ഒരു പ്രദേശത്ത് സാധ്യമാകുമെന്നാണ് കോണ്‍ഗ്രസ് നേതാവ് സുനില്‍ ഝക്കര്‍ അന്നു ചോദിച്ചത്. ആം ആദ്മി ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലുള്ള ഹോം ഗാര്‍ഡുകളെ ഇതിനു വിനിയോഗിച്ചുകൂടെ എന്നും അദ്ദേഹം ചോദിച്ചിരുന്നു. 

പൗരത്വനിയമ ഭേദഗതിക്കെതിരെ ദില്ലിയില്‍ പ്രതിഷേധം കനത്ത സമയത്തും കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന 370-ാംം വകുപ്പ് ഭേദഗതി ചെയ്തപ്പോഴും മധ്യവര്‍ഗ്ഗ ഗ്യാലറിക്കു വേണ്ടി കളിക്കാനാണ് ആം ആദ്മി നേതാക്കള്‍ മുതിര്‍ന്നത് എന്നത് വസ്തുതയാണ്. എന്നിരുന്നാലും കോണ്‍ഗ്രസ്സിനെ വിശ്വസിക്കുന്നതിനേക്കാള്‍ ആം ആദ്മി പാര്‍ട്ടിയെ വിശ്വസിക്കാമെന്നാണ് ബി.ജെ.പി വിരുദ്ധ വോട്ടര്‍മാര്‍ കരുതുന്നത് എന്നതിനു ആ നിയമഭേദഗതിക്കു പിറകേ ഉണ്ടായ തെരഞ്ഞെടുപ്പുകള്‍ ഉദാഹരണം. ഷഹീന്‍ ബാഗ് സമരത്തിന്റെ കാര്യത്തില്‍ സന്ദിഗ്ദ്ധ നിലപാടാണ് ആം ആദ്മി പാര്‍ട്ടി എടുത്തത് എന്നിരിക്കലും പൗരത്വനിയമത്തെ എതിര്‍ത്തവര്‍ ഒന്നടങ്കം ആം ആദ്മിയെ പിന്തുണക്കുകയാണ് ഉണ്ടായത് എന്ന് സല്‍മാന്‍ ഖുര്‍ഷിദ് തന്നെ പരിതപിച്ചു കേള്‍ക്കുകയും ചെയ്തു. 

പ്രിയങ്ക ​ഗാന്ധി
പ്രിയങ്ക ​ഗാന്ധി

2011-ല്‍, അക്കാലത്ത് രാജ്യം ഭരിച്ചിരുന്ന രണ്ടാം യു.പി.എ ഗവണ്‍മെന്റ് അഴിമതിയില്‍ മുങ്ങിക്കുളിച്ചു നിന്ന ഘട്ടത്തിലാണ് ഒരു സിവില്‍ സൊസൈറ്റി പ്രസ്ഥാനം എന്ന നിലയില്‍ അണ്ണാ ഹസാരേയുടെ അഴിമതിവിരുദ്ധ സമരങ്ങള്‍ അരങ്ങേറുന്നത്. അറബ് രാജ്യങ്ങളിലെ ഏകാധിപത്യ വാഴ്ചകള്‍ക്കും അഴിമതിക്കുമൊക്കെ എതിരെ നടന്ന അറബ് വസന്തം എന്നറിയപ്പെട്ട, ടുണീഷ്യയില്‍ ആരംഭിച്ച സമരങ്ങള്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയ ഒരു കാലമായിരുന്നു അത്. ഇന്റര്‍നെറ്റും ഇതര വാര്‍ത്താവിനിമയ ഉപാധികളും ഇന്ത്യയില്‍ ശക്തമായിക്കൊണ്ടിരുന്ന ഇക്കാലത്ത് ഇന്ത്യക്കാരേയും ഈ വാര്‍ത്തകള്‍ സ്വാധീനിച്ചിട്ടുണ്ട് എന്നതില്‍ തര്‍ക്കമില്ല. അക്കാലത്ത് രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ തന്നെ അണ്ണാ ഹസാരേയുടെ പ്രസ്ഥാനത്തിനു ലഭിച്ച പിന്തുണ അതാണ് സൂചിപ്പിക്കുന്നത്. എന്നാല്‍, അറബ് ലോകത്തില്‍നിന്നും വ്യത്യസ്തമായി നിരവധി ജനാധിപത്യ പരീക്ഷണങ്ങള്‍ക്കു വിധേയമായിട്ടുള്ള ഇന്ത്യയില്‍ നേരത്തേതന്നെ അഴിമതി തടയുന്നതിനും സുതാര്യത ഉറപ്പുവരുത്തുന്നതിനും ജനാധിപത്യ വികേന്ദ്രീകരണത്തിനും ഉതകുന്ന ഉപാധികള്‍ ഭരണസംവിധാനത്തില്‍ ഉള്‍ച്ചേര്‍ന്നിരുന്നു. ഇവയെ ശക്തിപ്പെടുത്തേണ്ടതും കാലാനുസൃതമായും ശാസ്ത്രീയമായും പരിഷ്‌കരിക്കുകയും നിയമനത്തിനു കൂടുതല്‍ മൂര്‍ച്ച നല്‍കുകയും വേണം എന്ന ആവശ്യത്തോട് കാലാകാലങ്ങളായി ഭരണാധികാരികള്‍ മുഖം തിരിച്ചു നിന്നതായിരുന്നു പ്രശ്‌നം. മാറ്റത്തിനുവേണ്ടിയുള്ള സിവില്‍ സൊസൈറ്റിയുടെ അദമ്യമായ ആഗ്രഹത്തില്‍നിന്നാണ് ആം ആദ്മി പാര്‍ട്ടി ഉടലെടുക്കുന്നതും അന്നത്തെ കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും അഴിമതിയും നിറഞ്ഞ കേന്ദ്രഭരണത്തിനെതിരെ രാജ്യം ഉടനീളം ഉണ്ടായ വികാരത്തെ തെരഞ്ഞെടുപ്പില്‍ ഹിന്ദുത്വ ശക്തികള്‍ മുതലെടുക്കുന്നതും. 

ഇപ്പോള്‍ രാജ്യത്ത് പ്രബലമായിരിക്കുന്ന ഹിന്ദുത്വരാഷ്ട്രീയത്തിനെതിരെയല്ല കോണ്‍ഗ്രസ് പാര്‍ട്ടിയെപ്പോലെ ആം ആദ്മി പാര്‍ട്ടിയും സംസാരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഹിന്ദുത്വത്തിലധിഷ്ഠിതമായ തീവ്ര ദേശീയരാഷ്ട്രീയത്തെ നേരിട്ട് എതിര്‍ക്കാന്‍ മുതിരുകയോ അതിനെതിരെ ഉറക്കെ സംസാരിക്കുകയോ ആം ആദ്മി പാര്‍ട്ടി നേതൃത്വം ചെയ്യുന്നില്ല. അതേസമയം തന്റെ ഹനുമല്‍ഭക്തി തുറന്നു പ്രകടിപ്പിക്കുകയാണ് ആം ആദ്മി നേതാവ് ചെയ്തത്. അതേസമയം കോണ്‍ഗ്രസ്സില്‍നിന്ന് ആ പാര്‍ട്ടിയെ വ്യത്യസ്തമാക്കുന്നത് ഒരു മുനിസിപ്പല്‍ ഭരണകൂടത്തിന്റെ സ്വഭാവം മാത്രമുള്ള ഒരേ ഒരു സംസ്ഥാനത്തേ ഭരിക്കുന്നുള്ളൂവെങ്കിലും അവിടെ കൈക്കൊള്ളുന്ന ജനക്ഷേമപരമായ ഭരണനടപടികളാണ്. കൂടുതല്‍ ശക്തമായ കോണ്‍ഗ്രസ് വിരുദ്ധ വികാരമുള്ള പഞ്ചാബിലെ മുഖ്യജനവിഭാഗത്തിന് ഡല്‍ഹിയുമായി വലിയ ബന്ധമുണ്ട്. 

ആം ആദ്മി പാര്‍ട്ടിയുടെ പഞ്ചാബിലെ വന്‍വിജയമാണ് ഇപ്പോള്‍ ആ പാര്‍ട്ടിയെ ദേശീയ രാഷ്ട്രീയത്തിലെ കേന്ദ്രസ്ഥാനത്തേക്കു കൊണ്ടുവന്നിരിക്കുന്നത്. 2024-ല്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിനു മുന്‍പായി പ്രതിപക്ഷമുഖമായി ഉയര്‍ന്നുവരാന്‍ മമതാ ബാനര്‍ജി ഉള്‍പ്പെടെയുള്ള വിവിധ പ്രാദേശിക പാര്‍ട്ടി നേതാക്കള്‍ തീവ്രപരിശ്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു ഘട്ടത്തിലാണ് ആം ആദ്മി പാര്‍ട്ടിയുടെ പഞ്ചാബിലെ ഈ മുന്നേറ്റം. ചുരുങ്ങിയത് ഹിന്ദി ഹൃദയഭൂമിയിലെങ്കിലും ബി.ജെ.പിയെ എതിര്‍ക്കാന്‍ കെല്പില്ലാത്ത കോണ്‍ഗ്രസ്സിനു ബദലായി ആം ആദ്മി പാര്‍ട്ടിയെ കാണാന്‍ വോട്ടര്‍മാരെ ഇപ്പോള്‍ ആ പാര്‍ട്ടിക്കു കിട്ടിയ പ്രാമുഖ്യം പ്രേരിപ്പിച്ചേക്കും. 

2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലാണ് ആം ആദ്മി പാര്‍ട്ടി പഞ്ചാബില്‍ അവരുടെ സാന്നിദ്ധ്യം ശക്തമാണെന്ന വസ്തുത ലോകത്തെ അറിയിക്കുന്നത്. ആ തെരഞ്ഞെടുപ്പില്‍ 24.4 ശതമാനം വോട്ട് വിഹിതത്തോടെ നാല് സീറ്റാണ് പഞ്ചാബില്‍ പാര്‍ട്ടി നേടിയത്. 2015-ല്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസ്സിനേയും ബി.ജെ.പിയേയും തൂത്തെറിഞ്ഞ് ആം ആദ്മി പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തിയതിനു ശേഷം 2017-ല്‍ പഞ്ചാബില്‍ ആ വിജയം ആവര്‍ത്തിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി നേതൃത്വം കരുതിയിരുന്നു. എന്നാല്‍, ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ നേതൃത്വത്തില്‍ 77 സീറ്റ് നേടിയ കോണ്‍ഗ്രസ്സിനു പിറകേ 20 സീറ്റുമായി രണ്ടാംസ്ഥാനത്തെത്താനേ പാര്‍ട്ടിക്ക് കഴിഞ്ഞുള്ളൂ. എന്നിരുന്നാലും അത് രാഷ്ട്രീയമായ വളര്‍ച്ചയെത്തന്നെയാണ് കാണിച്ചത്. ആം ആദ്മി പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയാകുകയെന്നത് ഒട്ടും മോശമല്ലാത്ത കാര്യമായിരുന്നു.  അകാലിദളിന്റേയും കോണ്‍ഗ്രസ്സിന്റേയും മാറിമാറി വന്ന ഗവണ്‍മെന്റുകളാണ് 70 വര്‍ഷം പഞ്ചാബ് എന്ന സംസ്ഥാനം ഭരിച്ചത്. ഒരു മാറ്റത്തിനുവേണ്ടി ജനം ആഗ്രഹിച്ചുവെന്നതിന്റെ സന്ദേശമാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി ഉണ്ടാക്കിയ കുതിപ്പ് കാണിക്കുന്നത്. ''ഇത്തവണ നിങ്ങള്‍ വഞ്ചിതരാകില്ല, ഭഗവന്ത്മാനും കേജ്രിവാളിനും ഒരവസരം നല്‍കൂവെന്നായിരുന്നു'' ആം ആദ്മിയുടെ മുദ്രാവാക്യം. ആ മുദ്രാവാക്യം ജനം ഏറ്റെടുക്കുകയും ചെയ്തു.

അരവിന്ദ് കേജ്രിവാള്‍, ഭഗവന്ത്‌സിംഗ് മാന്‍ എന്നിവരുടെ വ്യക്തിപരമായ പ്രതിച്ഛായ മുതലെടുക്കുന്നതിലും ആം ആദ്മി പാര്‍ട്ടി ആ സംസ്ഥാനത്ത് വിജയിച്ചു. ഡല്‍ഹിയിലെ ഭരണത്തെ മാതൃകാഭരണമായി സംസ്ഥാനത്തെ ജനങ്ങള്‍ക്കു മുന്‍പാകെ അവര്‍ അവതരിപ്പിച്ചു. ഡല്‍ഹിയിലേതുപോലെ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം, ആരോഗ്യം, വൈദ്യുതി, വെള്ളം എന്നിവ കുറഞ്ഞ നിരക്കില്‍ പഞ്ചാബിലെ ജനങ്ങള്‍ക്കും ലഭ്യമാക്കുമെന്ന് കേജ്രിവാള്‍ ഉറപ്പുനല്‍കിയിരുന്നു. ജലസേചനത്തിനും മറ്റും വൈദ്യുതിയെ ആശ്രയിക്കുന്ന, ഉയര്‍ന്ന വൈദ്യുതി നിരക്കിന്റേയും വിദ്യാഭ്യാസത്തിന്റേയും ആരോഗ്യത്തിന്റേയും രംഗങ്ങളിലുണ്ടായ സ്വകാര്യവല്‍ക്കരണത്തിന്റേ കെടുതികള്‍ അനുഭവിക്കുന്ന സംസ്ഥാനമാണ് പഞ്ചാബ്. 

ഹിന്ദുരാഷ്ട്രീയത്തെ തള്ളിപ്പറയാതെ ക്ഷേമപദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കി ജനങ്ങളെ അഭിമുഖീകരിക്കുകയെന്ന തന്ത്രമാണ് ആം ആദ്മി പാര്‍ട്ടിയും കേജ്രിവാളും നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പയറ്റിയത്. കോണ്‍ഗ്രസ് വിരുദ്ധരും അതേസമയം ബി.ജെ.പിയുടെ ഹിന്ദുതീവ്രവാദത്തോട് യോജിക്കാത്തവരുമായ വലിയൊരു ജനവിഭാഗത്തിനു സ്വീകാര്യമായി അത് എന്നതാണ് ആം ആദ്മിയുടെ മുന്നേറ്റം കാണിക്കുന്നത്. ഇതേ തന്ത്രം പയറ്റിയിട്ടും കോണ്‍ഗ്രസ്സിനു വിജയിക്കാന്‍ കഴിയാത്തത് അതിന്റെ സംഘടനാപരമായ ദൗര്‍ബ്ബല്യം കൊണ്ടുമാത്രമല്ല, കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി ജനക്ഷേമകാര്യത്തില്‍ നടത്തിയത് അധരസേവയാണ് എന്നു ജനം സംശയിക്കുന്നതുകൊണ്ടാണ് എന്നും പറയേണ്ടതുണ്ട്.

വായിക്കാം ഈ ലേഖനം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com