'ഞങ്ങളുടെ ഹൃദയത്തില്‍ ആ ഓര്‍മ്മകള്‍ക്ക് മഹത്തായ ഒരു സ്ഥാനമുണ്ട്'- വിയറ്റ്‌നാം സ്‌കെച്ചുകള്‍ 

കാലത്ത് എട്ടുമണിക്കു തന്നെ ഗൂചി യാത്രയ്ക്ക് റെഡിയായി എല്ലാവരും ഹോട്ടല്‍ ലോബിയില്‍ എത്തി. ചാ ബുയി ഷാംഗ് - സുപ്രഭാതം എന്നു പറഞ്ഞുകൊണ്ട് ഞങ്ങളുടെ ഗൈഡ് ഫോങ്ങ് രംഗപ്രവേശം ചെയ്തു
'ഞങ്ങളുടെ ഹൃദയത്തില്‍ ആ ഓര്‍മ്മകള്‍ക്ക് മഹത്തായ ഒരു സ്ഥാനമുണ്ട്'- വിയറ്റ്‌നാം സ്‌കെച്ചുകള്‍ 

ഹാനോയിലൂടെയുള്ള സഞ്ചാരത്തിന്റെ അവസാന ദിനം. നഗരത്തിലെ 'ലിറ്റില്‍ ഇന്ത്യ' റസ്റ്റോറന്റില്‍നിന്നു ചോറും മീന്‍കറിയും ഉള്‍പ്പെടുന്ന ഉച്ചഭക്ഷണം. ഒരു മലേഷ്യന്‍ വനിത നടത്തുന്ന ഈ ഹോട്ടലിലെ ഷെഫ് ബംഗാളില്‍നിന്നാണ്. ഹോചിമിന്‍ സിറ്റിയിലേക്ക് 5.55-നു പുറപ്പെടുന്ന വിമാനം പിടിക്കാന്‍ മൂന്നുമണിക്കുതന്നെ ഞങ്ങള്‍ ഹാനോയ് എയര്‍പോര്‍ട്ടിലെത്തി. രാത്രി 8.30-നു മുന്‍പ് സെയ്ഗണ്‍ എന്നറിയപ്പെട്ടിരുന്ന, തെക്കന്‍ വിയറ്റ്നാമിലെ പ്രധാന നഗരമായ ഹോചിമിന്‍ സിറ്റിയിലെ ലെക്‌സിംഗ്റ്റന്‍ ഹോട്ടലില്‍ കുടിയേറി. നേരെ എതിര്‍വശത്തു കണ്ട മലേഷ്യന്‍ റസ്റ്റോറന്റില്‍നിന്നു റൊട്ടിയും ബീഫും കഴിച്ച് ഹോട്ടല്‍ ലോബിയിലെത്തി. അടുത്ത പ്രഭാതത്തിലെ ഗൂചി യാത്രയ്ക്കുള്ള ആലോചനകള്‍ പൂര്‍ത്തിയാക്കി കിടപ്പറപൂകി.

കാലത്ത് എട്ടുമണിക്കു തന്നെ ഗൂചി യാത്രയ്ക്ക് റെഡിയായി എല്ലാവരും ഹോട്ടല്‍ ലോബിയില്‍ എത്തി. ചാ ബുയി ഷാംഗ് - സുപ്രഭാതം എന്നു പറഞ്ഞുകൊണ്ട് ഞങ്ങളുടെ ഗൈഡ് ഫോങ്ങ് രംഗപ്രവേശം ചെയ്തു.
 
ഹോചിമിന്‍ സിറ്റിയില്‍നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള ഗൂചി പട്ടണത്തിലെത്താന്‍ രണ്ടു മണിക്കൂര്‍ വേണം. ഒരു കോച്ചിലാണ് നമ്മുടെ സംഘത്തിന്റെ യാത്ര. ഫോങ്ങ് വിവരങ്ങള്‍ ഒന്നൊന്നായി കൈമാറി.
വൃക്ഷനിബിഡമായ ഒരു പ്രദേശമാണ് സെയ്ഗണ്‍. 100 വര്‍ഷം നീണ്ട ഫ്രെഞ്ച് ഭരണകാലത്തെ ശേഷിപ്പുകളാണ് ഈ മരങ്ങളിലേറെയും. ഇക്കൂട്ടത്തില്‍ കപ്പല്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന സാല്‍ എന്നുകൂടി വിളിപ്പേരുള്ള ഷോരിയ റോബസ്റ്റ (Shorea Robusta) മരങ്ങളുമുണ്ട്. ഡിപ്തെറോകാര്പസ് (Dipterocarpus) കുടുംബത്തില്‍പ്പെട്ടവയാണ് സാല്‍ മരങ്ങള്‍.

ഒരു ടൗണ്‍ഷിപ്പും 20 കമ്യൂണുകളുമുള്ള ഒരു ചെറിയ ഗ്രാമീണ ജില്ലയാണ് ഗൂചി. അവിടെയാകെ വ്യാപിച്ചുകിടക്കുന്ന ഭൂഗര്‍ഭ അറകളാണ് ഗൂചി ടണലുകള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ഫ്രെഞ്ച് അധിനിവേശത്തിനെതിരായ ഗറില്ലാ പോരാട്ടത്തിനായാണ് 1940-കളില്‍ ഇവയുടെ നിര്‍മ്മാണം തുടങ്ങുന്നത്. പിന്നീട് ദക്ഷിണ വിയറ്റ്നാമിനൊപ്പം ചേര്‍ന്ന് അമേരിക്ക വടക്കന്‍ വിയറ്റ്നാമിനെ ആക്രമിച്ചപ്പോള്‍ 1954-നും 1965-നുമിടയില്‍ പഴയ ടണലുകളുടെ കേടുപാടുകള്‍ തീര്‍ത്ത് നീളവും വ്യാപ്തിയും വര്‍ദ്ധിപ്പിച്ചു. വളവും തിരിവുമുള്ള, ഗ്രാമങ്ങള്‍ക്കടിയിലൂടെയും ജലാശയങ്ങള്‍ക്കരികിലൂടെയും അവ കടന്നുപോകുന്നു. ഏതാണ്ട് 250 കിലോമീറ്ററോളം നീളവും മൂന്നു നിലകളുടെ ആഴവുമുണ്ട്, ഇവയ്ക്ക്. രാജ്യത്തിന്റെു തെക്കന്‍ അതിര്‍ത്തിയിലുള്ള ഗ്രാമങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നവയാണ് ഈ അറകള്‍. ഭൂനിരപ്പില്‍നിന്ന് മൂന്ന് മീറ്റര്‍ ആഴത്തിലാണ് മുകള്‍നില. മദ്ധ്യനില ആറ് മീറ്ററും താഴത്തെ നില 12 മീറ്ററും ആഴത്തിലാണ്. അമേരിക്കയെപ്പോലെ സര്‍വ്വസന്നാഹവുമായി വരുന്ന ശത്രുക്കള്‍, അത്യാധുനികമായ മിലിറ്ററി, ഹെലികോപ്റ്റര്‍, ബോംബര്‍ വിമാനങ്ങള്‍ എന്നിവയെല്ലാം ഉപയോഗിച്ച് നടത്തുന്ന ആക്രമണങ്ങളെ ഗ്രാമീണ കര്‍ഷകരായ വിയറ്റ്നാമീസ് ജനത നേരിട്ടത് ഈ ഭൂഗര്‍ഭ പോരാട്ട ഭൂമികയിലിരുന്നാണ്. 

വിയറ്റ്നാം യുദ്ധകാലത്തെ ചിത്രം/ ഫോട്ടോ: എഎഫ്പി
വിയറ്റ്നാം യുദ്ധകാലത്തെ ചിത്രം/ ഫോട്ടോ: എഎഫ്പി

വിയറ്റ്നാം ജനതയുടെ ഈ അണ്ടര്‍ഗ്രൗണ്ട് പോരാട്ടങ്ങള്‍ അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും ചരിത്രത്തില്‍ മുന്‍പില്ലാത്തവിധം നാശനഷ്ടങ്ങളുണ്ടാക്കി. ഗറില്ലാപോരാളികള്‍ക്കുള്ള താമസം, ചികിത്സയ്ക്കുള്ള പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍, ഭക്ഷ്യ-ആയുധ ശേഖരം എന്നിവയെല്ലാം ഇവിടെയുണ്ടായിരുന്നു. പകല്‍ വിവിധ ജോലികളില്‍ ഏര്‍പ്പെടുക, വിശ്രമിക്കുക; രാത്രി ഭക്ഷണം ശേഖരിക്കുക, അപ്രതീക്ഷിത നീക്കത്തിലൂടെ ശത്രുവിന്റെ താവളങ്ങള്‍ ആക്രമിക്കുക - ഇതായിരുന്നു തന്ത്രം. യു.എസ് പട്ടാളക്കാര്‍ക്ക് എളുപ്പത്തില്‍ തിരിച്ചറിയാന്‍ പറ്റാത്ത രീതിയിലാണ് ടണലുകളുടെ കവാടങ്ങള്‍ നിര്‍മ്മിച്ചിരുന്നത്. കരിയിലകള്‍ മൂടിയ, ഒരാള്‍ക്ക് കഷ്ടിച്ച് ഊഴ്ന്നിറങ്ങാന്‍ പാകത്തിലുള്ള, പ്രവേശന കവാടങ്ങള്‍ ശത്രുസൈന്യത്തെ വട്ടം ചുറ്റിച്ചു. പുല്‍ത്തകിടിപോലെ തോന്നിക്കുന്ന സ്ഥലത്ത് ചവിട്ടിയാല്‍ കഥ കഴിഞ്ഞു. വീഴുന്നവര്‍ രണ്ടാളുടെ ആഴത്തില്‍ കുത്തിനിര്‍ത്തിയ കൂര്‍ത്ത കമ്പികളില്‍ ചെന്നാവും പതിക്കുക! ഇത്തരത്തില്‍ ശത്രുവിനെ കബളിപ്പിക്കുന്ന കമാഫ്ലാഷ് രീതികള്‍ പലതും ഗൂചി മേഖലയില്‍ ഞങ്ങള്‍ കണ്ടു.

പത്തുമണിയോടെ ഗൂചിയിലെ പഴയ പോരാട്ട ഭൂമികയിലെത്തി. യുദ്ധത്തില്‍ വിയറ്റ്‌നാം പോരാളികള്‍ വെടിവെച്ചു വീഴ്ത്തിയ അമേരിക്കന്‍ വിമാനങ്ങളും ഹെലികോപ്റ്ററുകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്, ഒരു ഭാഗത്ത്. അവര്‍ പിടിച്ചെടുത്ത ടാങ്കുകളുമുണ്ട് കൂട്ടത്തില്‍. കാട്ടിനകത്ത്, അവിടവിടെയായി കുറെ ഓലമേഞ്ഞ ഷെഡുകള്‍. അവയില്‍ ആയുധമേന്തിയ പട്ടാള വേഷത്തിലുള്ളവരുടെ ഡമ്മികള്‍. 

ഭൂമിക്കടിയില്‍ ഇടുങ്ങിയ തുരങ്കങ്ങളാണ് നിറയെ. ഒരിടത്തു നിലയുറപ്പിച്ചശേഷം ഫോംഗ് ഞങ്ങളെ അരികിലേക്കു വിളിച്ചു. നിലത്തു മൂടിക്കിടന്ന കരിയിലകള്‍ അദ്ദേഹം തൂത്തുമാറ്റി. അവിടെ ചതുരാകൃതിയിലുള്ള ചെറുകവാടം കാണാനായി. ഒന്നര ചതുരശ്രയടിയോളം വിസ്തീര്‍ണ്ണമുള്ള ഇരുമ്പു പലക മാറ്റിയപ്പോള്‍ ഇരുള്‍മൂടിയ ഭൂഗര്‍ഭക്കുഴല്‍ പാത പ്രത്യക്ഷപ്പെട്ടു. മെലിഞ്ഞ ശരീരമുള്ളവര്‍ക്കു മാത്രം പ്രവേശിക്കാന്‍ കഴിയുന്ന ഒരു തുരങ്കം. ആ കുഴല്‍പ്പാതയിലൂടെ ഭൂമിക്കടിയിലെ പഴയ പോരാട്ട ഭൂമികയിലേക്ക് ഇറങ്ങാന്‍ ഞങ്ങളോരോരുത്തരേയും ഫോംഗ് ക്ഷണിക്കുകയാണ്. തന്റെ പൂര്‍വ്വികര്‍ നടത്തിയ വീറുറ്റ ചെറുത്തുനില്‍പ്പിന്റെ വര്‍ത്തമാനങ്ങള്‍ വെറും കഥകള്‍ മാത്രമല്ലെന്ന് സന്ദര്‍ശകര്‍ മുഴുവന്‍ അറിയണമെന്ന് ആ ചെറുപ്പക്കാരനു നിര്‍ബ്ബന്ധമുള്ളതുപോലെ തോന്നി. നിലത്തിരുന്ന്, ആദ്യം കാലുകള്‍ തുരങ്കത്തിലേക്ക് തൂക്കിയിട്ടു. പിന്നെ, രണ്ടു കൈകളും നിലത്തുകുത്തി മെല്ലെ ആ തുരങ്കത്തിലേക്ക് ഇറങ്ങി. നിവര്‍ന്നു നില്‍ക്കാനാവില്ല, തീരെ ഉയരംകുറഞ്ഞ ആളാണെങ്കില്‍പ്പോലും. ആറടി ഉയരമുള്ള എന്റെ കാര്യം പിന്നെ പറയാനുമില്ലല്ലോ. അല്പം മുന്നോട്ടു നീങ്ങിയതോടെ ഇറങ്ങിപ്പുറപ്പെട്ട കവാടത്തില്‍നിന്നുള്ള വെളിച്ചം മാഞ്ഞു. നിബിഡാന്ധകാരം. ഇടുങ്ങിയ ചുവരില്‍ കൈകള്‍ ചേര്‍ത്ത്, ശരീരം നല്ലപോലെ കുനിച്ച്, തപ്പിത്തടഞ്ഞ് നടന്നുതുടങ്ങി. തിരിച്ചു നടക്കാനാവില്ല. കാരണം എന്നെപ്പോലെ കുതൂഹലം പൂണ്ട് തുരങ്കത്തിനുള്ളിലേക്ക് ഇറങ്ങിത്തിരിച്ച സഞ്ചാരികള്‍ വേറെയും വരുന്നുണ്ട്, പിറകേ. പത്തിരുപതു മീറ്റര്‍ പിന്നിട്ടപ്പോള്‍ നേര്‍ത്തവെളിച്ചം കണ്ടുതുടങ്ങിയപ്പോള്‍ സമാശ്വാസമായി. ഭൗമാന്തര്‍ഭാഗത്തുനിന്നും ഭൂതലത്തിലേക്കു നടന്നുകയറാനുള്ള മറ്റൊരു കവാടം മുന്നിലുണ്ട്. ആദ്യം രണ്ടു കൈകളും പിന്നെ തലയും പുറത്തേക്കിട്ട്, കൈമുട്ടുകളിലൂന്നിനിന്നു വീണ്ടും വെളിച്ചത്തിലേക്ക്. 

കൊല്ലപ്പെട്ട കുട്ടിയുടെ മൃതദേഹവുമായി അച്ഛൻ. കംബോഡിയൻ അതിർത്തിയിൽ ​ഗറില്ലാ പോരാളികളും പട്ടാളവും തമ്മിലുള്ള ഏറ്റുമുട്ടലിലാണ് കുട്ടി കൊല്ലപ്പെട്ടത്. ഈ ചിത്രമെടുത്ത ഹോസ്റ്റ് ഫാസിന് പുലിറ്റ്സർ പുരസ്കാരം ലഭിച്ചിരുന്നു
കൊല്ലപ്പെട്ട കുട്ടിയുടെ മൃതദേഹവുമായി അച്ഛൻ. കംബോഡിയൻ അതിർത്തിയിൽ ​ഗറില്ലാ പോരാളികളും പട്ടാളവും തമ്മിലുള്ള ഏറ്റുമുട്ടലിലാണ് കുട്ടി കൊല്ലപ്പെട്ടത്. ഈ ചിത്രമെടുത്ത ഹോസ്റ്റ് ഫാസിന് പുലിറ്റ്സർ പുരസ്കാരം ലഭിച്ചിരുന്നു

പല പടവുകളിറങ്ങി ചെന്നെത്താവുന്ന നിലവറകളും ധാരാളമായി കണ്ടു. പോരാട്ടത്തിനിടയില്‍ പരുക്കേല്‍ക്കുന്നവര്‍ക്കു വന്ന ഫസ്റ്റ്എയ്ഡും അടിയന്തര ചികിത്സയും നല്‍കാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളവയാണ് ഈ ബങ്കറുകള്‍. മുറിവേറ്റ ഒളിപ്പോരാളികളെ പരിചരിക്കുന്നവരുടേയും നീളമുള്ള മുളയില്‍ കെട്ടിയ തുണിത്തൊട്ടിലില്‍ അവരെ കിടത്തി ചുമന്നുപോകുന്ന സന്നദ്ധ സേവകരുടേയും കൃത്രിമരൂപങ്ങള്‍ നമുക്കവിടെ കാണാം. അടുക്കളയായും ഭക്ഷണശാലയായും ആയുധ നിര്‍മ്മാണശാലയായും പ്രവര്‍ത്തിക്കുന്ന നിലവറകളും അവിടെയുണ്ട്.

പുല്ലുവിരിച്ചതെന്നു തോന്നിപ്പിക്കുന്ന ഒരിടത്തേക്കാണ് ഇനി നാമെത്തുന്നത്. യുദ്ധകാലത്ത്, ശത്രുവിനെ കബളിപ്പിക്കാനായി വിയറ്റ്‌നാം ഗറില്ലകള്‍ തയ്യാറാക്കിയ മറ്റൊരു കമാഫ്‌ലാഷ് സംവിധാനം. തന്റെ കയ്യിലിരിക്കുന്ന ഒരു മുളവടികൊണ്ട് ഫോംഗ് പുല്‍പ്പരപ്പിനു മുകളില്‍ ഒന്നു കുത്തി. അപ്പോള്‍ കണ്ട കാഴ്ച ഏവരേയും വിസ്മയിപ്പിച്ചു. ദീര്‍ഘചതുരാകൃതിയിലുള്ള ഒരു സ്ലാബിന്റെു ഒരറ്റം ചരിഞ്ഞു താഴേയ്ക്കു നീങ്ങി. ഏതാണ്ട് അഞ്ചടിയോളം ആഴമുള്ള ആ കിടങ്ങില്‍ മുകളറ്റം കൂര്‍പ്പിച്ച ഇരുമ്പുകമ്പികള്‍ കുത്തിനിര്‍ത്തിയിരിക്കുന്നതു കാണാം. ഇതൊരു പുല്‍മൈതാനമാണെന്നു കരുതി മുകള്‍പ്പരപ്പില്‍ നടന്നെത്തുന്ന ശത്രുസൈനികര്‍, ക്ഷിപ്ര വേഗത്തില്‍ വന്നുപതിക്കുന്നത്, തങ്ങള്‍ക്കായി ഒരുക്കിയ ശരശയ്യയിലായിരിക്കും. 

ശത്രുവിനെതിരെ സമാനതകളില്ലാത്ത വിജയം നേടാന്‍ ഭൂഗര്‍ഭ ഗറില്ലാതന്ത്രത്തിലൂടെ വിയറ്റ്‌നാം ജനതയ്ക്ക് സാധിച്ചെങ്കിലും ടണലുകളിലെ ജീവിതം അതീവ ദുസ്സഹമായിരുന്നു. കരയിലൂടെയുള്ള അമേരിക്കന്‍ പട്ടാളനീക്കത്തിന്റേയും ബോംബിംഗിന്റേയും സമയത്ത് ദിവസങ്ങളും ആഴ്ചകളും അവര്‍ക്ക് ടണലില്‍ത്തന്നെ കഴിച്ചുകൂട്ടേണ്ടിവരും. മലേറിയയടക്കം വിവിധ രോഗങ്ങള്‍ ബാധിച്ചു മരിച്ചവരുടെ എണ്ണം യുദ്ധത്തില്‍ മുറിവേറ്റു മരിച്ചവരുടെ സംഖ്യയ്ക്ക് ഏതാണ്ട് അടുത്തുവരും. പാമ്പുകളും തേളുകളും ഉറുമ്പുകളുമടക്കം പലതരം വിഷജീവികളേയും അവര്‍ക്കു നേരിടേണ്ടിവന്നു.

1965-ല്‍ അമേരിക്ക ഗൂചിയില്‍ സ്ഥാപിച്ച ബേസ്‌ക്യാമ്പ് ഈ ടണലുകളുടെ പരിസരത്തു തന്നെയായിരുന്നു. രാത്രികാലങ്ങളില്‍ തങ്ങള്‍ ആക്രമിക്കപ്പെടുന്നത് എവിടെനിന്നാണെന്നു കണ്ടെത്താന്‍ അമേരിക്കയ്ക്ക് മാസങ്ങള്‍ വേണ്ടിവന്നുവത്രെ! കാടുകളും നെല്‍പ്പാടങ്ങളും നശിപ്പിച്ചും ഭക്ഷണവിതരണം തടഞ്ഞും അരിച്ചുപെറുക്കി ഗ്രാമങ്ങള്‍ ഒന്നൊന്നായി ഒഴിപ്പിച്ചും സഖ്യപട്ടാളം ഗൂചിയെ വരിഞ്ഞുമുറുക്കി. കൂടാതെ മാരകമായ രാസവസ്തുക്കളടങ്ങിയ 'ഓറഞ്ച് ഏജന്റ്' സ്പ്രേ ചെയ്തും ശരീരത്തിലെ തൊലിയില്‍ ഒട്ടിപ്പിടിച്ച് കടുത്ത പൊള്ളലേല്പിക്കുന്ന നാപാം ബോംബുകള്‍ വര്‍ഷിച്ചും അവര്‍ ഭീകരതാണ്ഡവമാടി. ഒന്നും ഫലിക്കാതെ വന്നപ്പോള്‍ ഓസ്ട്രേലിയന്‍ വിദഗ്ദ്ധസംഘത്തിന്റെ തിരച്ചിലില്‍ കണ്ടെത്തിയ ടണലുകളിലേക്ക് പ്രത്യേക പരിശീലനം ലഭിച്ച പട്ടാളക്കാരെ അമേരിക്ക ഇറക്കിവിട്ടു. എന്നാല്‍, ഈ 'ഭൂഗര്‍ഭ എലികള്‍'ക്ക് (Tunnel Rats) വന്‍ തിരിച്ചടി നേരിട്ടു. തുടര്‍ന്ന്, ജര്‍മന്‍ നായ്ക്കളുടെ ഊഴമായിരുന്നു. പിടിച്ചെടുത്ത ശത്രുസേനയുടെ യൂണിഫോറമണിഞ്ഞും അമേരിക്കന്‍ സോപ്പ് ഉപയോഗിച്ചും ഗറില്ലാ പോരാളികള്‍ നായ്ക്കളെ കബളിപ്പിച്ചു. കെണിയില്‍ കുരുങ്ങി ഒട്ടേറെ നായ്ക്കള്‍ ചത്തൊടുങ്ങി. എല്ലാ അടവുകളും പിഴച്ചപ്പോള്‍ അവര്‍ കാര്‍പ്പറ്റ് ബോംബിംഗ് തുടങ്ങി. ഹരിതാഭമായ കാടുകളും കൃഷിയിടങ്ങളും മരുപ്പറമ്പായി മാറി. വസൂരിക്കലകളാല്‍ മൂടിയ ഒരു ചന്ദ്രബിംബം പോലെയായി ഗൂചി പ്രദേശമാകെ. 

ഹോചിമിൻ സിറ്റിയിലെ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന  യുഎസ് സൈനിക വാഹനങ്ങൾ
ഹോചിമിൻ സിറ്റിയിലെ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന  യുഎസ് സൈനിക വാഹനങ്ങൾ

വിയറ്റ്നാം യുദ്ധവും സൈക്കിളുകളും 

വിയറ്റ്നാം യുദ്ധകാലത്ത് അമേരിക്കന്‍ സെനറ്റിന്റെ വിദേശബന്ധ സമിതിയില്‍ സെനറ്റര്‍ ഫുള്‍ബ്രൈറ്റ് ഉന്നയിച്ച ചോദ്യം രസാവഹമായിരുന്നു. പാലങ്ങള്‍ ബോംബിട്ടു തകര്‍ക്കുന്നതിനു പകരം വിയറ്റ്നാംകാരുടെ സൈക്കിളുകളെല്ലാം ബോംബിട്ടു നശിപ്പിച്ചാല്‍ പോരെ എന്നതായിരുന്നു കേട്ടുനിന്നവരില്‍ ചിരി പടര്‍ത്തിയ ആ പ്രസ്താവന. വിയറ്റ്നാം യുദ്ധരംഗത്ത് സൈക്കിളുകള്‍ക്ക് അത്രയേറെ പ്രധാന്യമുണ്ടായിരുന്നു.

അമേരിക്കന്‍ പട്ടാളം പട്രോളിംഗ് നടത്തുന്ന മേഖലകളിലേക്ക് വനാന്തരങ്ങളിലൂടെ പാതകള്‍ വെട്ടിത്തുറന്ന്, പടക്കോപ്പുകളും വെടിമരുന്നുകളും ഭക്ഷണസാമഗ്രികളും മരുന്നുകളുമെല്ലാം യുദ്ധമുന്നണിയിലുള്ള പോരാളികള്‍ക്ക് എത്തിക്കാനായി പതിനായിരക്കണക്കിന് സന്നദ്ധഭടന്മാര്‍ നിയോഗിക്കപ്പെട്ടിരുന്നു. 1000 മൈലുകള്‍ താണ്ടി, 900 പൗണ്ടു ഭാരം വരെ വഹിക്കാന്‍ പാകത്തില്‍ സൈക്കിളുകള്‍ക്ക് രൂപമാറ്റം വരുത്തിയാണ് അവര്‍ ഇപ്പറഞ്ഞ സാധനങ്ങള്‍ കടത്തിയിരുന്നത്. സൈക്കിള്‍ ആയിരുന്നു വിയറ്റ്നാംകാരുടെ രഹസ്യ ആയുധം. അതുകൊണ്ടുതന്നെയാണ് സൈക്കിളുകള്‍ ബോംബിട്ടു നശിപ്പിക്കുന്നതിനെക്കുറിച്ച് സെനറ്റര്‍ ഫുള്‍ബ്രൈറ്റ് സംസാരിച്ചത്.

​ഗറില്ലാ പോരാളികളുടെ ഡമ്മി രൂപങ്ങൾ
​ഗറില്ലാ പോരാളികളുടെ ഡമ്മി രൂപങ്ങൾ

അമേരിക്കന്‍ സങ്കേതങ്ങള്‍ കണ്ടത്താന്‍ ചുമതലയുള്ള പരിശോധനാസംഘം നിരവധി മാസങ്ങള്‍ നീണ്ടുനിന്ന ഭൂതല സര്‍വ്വേകളിലൂടെ കണ്ടെത്തി നിര്‍മ്മിച്ച ഈ പാതകള്‍ ഹോചിമിന്‍ ചവിട്ടടിപ്പാതകള്‍/നടത്താര (Ho Chi Minh Trail) എന്നാണ് പിന്നീട് അറിയപ്പെട്ടത്. അത് ഏകദിശയിലുളള ഒരു നടത്താരയായിരുന്നില്ല. സങ്കീര്‍ണ്ണമായ പല പാതകള്‍ ചേര്‍ന്ന ഒന്നായിരുന്നു. സൈക്കിളുകള്‍ക്കു പുറമെ ട്രക്കുകള്‍ക്കും ജീപ്പുകള്‍ക്കും അവയിലൂടെ കടന്നുപോകാന്‍ കഴിയുമായിരുന്നു. ട്രൂവോങ് സോണ്‍ പര്‍വ്വതനിരകളില്‍നിന്നു താഴേയ്ക്ക് നീളുന്ന പാത. ലാവോസിലും വിയറ്റ്നാമിലും വടക്കുകിഴക്കന്‍ കംബോഡിയയുടെ ഒരു ചെറിയ പ്രദേശത്തും വ്യാപിച്ചുകിടക്കുന്നതാണ് ഈ മലനിരകള്‍. 

B-52 വിമാനങ്ങള്‍ ബോംബുകള്‍ വര്‍ഷിച്ച് വഴികള്‍ നശിപ്പിക്കുമ്പോള്‍ത്തന്നെ മറ്റു ഭാഗങ്ങളില്‍ പുതുവഴികള്‍ വെട്ടിത്തുറന്നു പോരാളികള്‍ മുന്നേറി; ഇടതൂര്‍ന്ന വനങ്ങളിലൂടെ, പച്ചിലകളുടെ മറവില്‍, യുദ്ധവിമാനങ്ങളുടെ റഡാര്‍ കണ്ണുകള്‍ക്കു കാണാന്‍ പറ്റാത്തവിധം. മൈലുകള്‍ പലതു പിന്നിട്ട്, വടക്കന്‍ വിയറ്റ്‌നാമിലെ ഹാനോയില്‍നിന്ന് തെക്കന്‍ വിയറ്റ്‌നാമിലെ സൈഗോണ്‍ വരെ ഇപ്രകാരം സാധനങ്ങള്‍ എത്തിച്ചിരുന്നു, ഇരുട്ടിന്റെ മറവില്‍.  ഹാനോയിലെ ഒരു ഗൈഡ്, ഒളിപ്പോരാളിയായിരുന്ന ഓങ് ഫുങ് മിന്റ് ജീവിതകഥ പറഞ്ഞുതന്നു. 1957-ല്‍ 17 വയസ്സുള്ളപ്പോഴാണ് ഓങ് വിമോചന മുന്നണിയില്‍ ചേരുന്നത്. സൈക്കിളുകള്‍ക്ക് പോകാന്‍ പറ്റുന്ന വഴികള്‍ കണ്ടെത്തുകയായിരുന്നു അവരുടെ ജോലി. അഞ്ചു സോദരങ്ങളും സ്വാതന്ത്ര്യമെന്ന ലക്ഷ്യവുമായി അവര്‍ക്കൊപ്പം ഗറില്ലാ സംഘത്തിലുണ്ടായിരുന്നു. അവര്‍ അഞ്ചുപേരും ബോംബിംഗില്‍ കൊല്ലപ്പെട്ടു. കൂട്ടുകാരില്‍ പകുതിപ്പേരും യുദ്ധമുന്നണിയില്‍ പിടഞ്ഞുവീണു മരിച്ചു. പീരങ്കിപ്പടയുടെ വെടിയേറ്റ് കൈ പൊട്ടിത്തെറിച്ചപ്പോള്‍ വൈദ്യസഹായം എത്തിക്കാന്‍ ആ കാട്ടില്‍ ആരും ഉണ്ടായിരുന്നില്ല. അവര്‍ സ്വയം ബാന്‍ഡേജിട്ടു. ഓങ് മാത്രമല്ല, നാടിന്റെ ആ വിമോചനപ്പോരാട്ടത്തില്‍ പങ്കാളികളായ എല്ലാവരും കഠിനമായ ദുരിതങ്ങളും ദുരന്തങ്ങളും നേരിട്ടിട്ടുണ്ട്. നാടിന്റെ പരമമായ സ്വാതന്ത്ര്യാഭിമാനം സംരക്ഷിക്കാനുള്ള വഴിയിലെ വേദനകള്‍ അവര്‍ ഒട്ടും കാര്യമാക്കിയിരുന്നില്ല. വിയറ്റ്നാംകാരുടെ ഈ ദൃഢനിശ്ചയമാണ് വന്‍ശക്തിയായ അമേരിക്കയ്‌ക്കെതിരെ വലിയ വിജയം നേടാന്‍ അവരെ സഹായിച്ചത് എന്നതില്‍ സംശയമില്ല. യുദ്ധത്തില്‍ വിയറ്റ്നാം കൈവരിച്ച അമ്പരപ്പിക്കുന്ന ഈ നേട്ടം ലോകത്തിലെ മിലിറ്ററി സ്‌കൂളുകളില്‍ ഇന്നും പഠനത്തിനു വിധേയമാക്കുന്നുണ്ട്. നാട്ടുകാരും പട്ടാളക്കാരുമടക്കം മൂന്ന് മില്ല്യണ്‍ വിയറ്റ്നാംകാര്‍ കൊല്ലപ്പെട്ടു. അതില്‍ രണ്ട് മില്ല്യണ്‍ പേരും സാധാരണ മനുഷ്യരായിരുന്നു. 58000 അമേരിക്കന്‍ സൈനികരും. മൂന്നു ലക്ഷം പേരെ കാണാതായി. എട്ടു മില്ല്യന്‍ ബോംബുകളാണ് വിയറ്റ്‌നാമില്‍ വര്‍ഷിക്കപ്പെട്ടത്. 18.5 മില്ല്യണ്‍ ടണ്‍ ഏജന്റ് ഓറഞ്ച് വിതറി 31 ലക്ഷം ഹെക്ടര്‍ കൃഷിഭൂമി നശിപ്പിച്ചു. നാലു ലക്ഷം പേരെ അംഗവിഹീനരാക്കി. അഞ്ചു ലക്ഷം കുഞ്ഞുങ്ങള്‍ പിറന്നുവീണതുതന്നെ അംഗപരിമിതരായിട്ടായിരുന്നു. നാം ഇന്നു കാണുന്ന കുട്ടികളില്‍പ്പോലും കാഴ്ചയ്ക്കും കേള്‍വിക്കും സംസാരത്തിനും പരിമിതിയുള്ളവരുണ്ട്; കയ്യിലും കാലിലും അധിക വിരലുള്ളവരുണ്ട്; മാനസിക വെല്ലുവിളി നേരിടുന്നവരുണ്ട്. 

ദാവീദും ഗോലിയാത്തും തമ്മിലുള്ള പോരാട്ടം പോലെയായിരുന്നു, പാവപ്പെട്ട കൃഷീവലരായ വിയറ്റ്‌നാംകാരും സര്‍വ്വസന്നാഹങ്ങളുമുള്ള, ലോക വന്‍ശക്തിയായ അമേരിക്കയും തമ്മിലുള്ള ഏറ്റുമുട്ടല്‍. പാശ്ചാത്യ മാധ്യമങ്ങളിലൂടെ മാത്രമാണ് യുദ്ധവാര്‍ത്തകള്‍ പുറത്തുവന്നിരുന്നത്. വിയറ്റ്‌നാമിന്റെ ഭാഗം പറയാന്‍ ആരുമില്ലായിരുന്നു. ഇന്ന് ആ ജനങ്ങള്‍ അനുഭവിച്ചതെല്ലാം നേരില്‍ കാണാനും കേള്‍ക്കാനും അറിയാനും അവസരം കിട്ടിയാല്‍ ആരും ഞെട്ടി വിറങ്ങലിച്ചു പോകും. നാടിന്റെ സ്വാതന്ത്ര്യത്തിനായി, ചൈനക്കാരും ജപ്പാന്‍കാരും ഫ്രെഞ്ചുകാരും അമേരിക്കക്കാരുമടക്കമുള്ള വിദേശ കടന്നുകയറ്റക്കാര്‍ക്കെതിരെ ഒരായിരം വര്‍ഷക്കാലം ക്ഷമാപൂര്‍വ്വം പൊരുതി മുന്നേറിയ വിയറ്റ്‌നാം ജനത പൊതുവെ മിതഭാഷികളാണ്. അവരുടെമേല്‍ വന്നുപതിച്ച ദുരിതത്തീമഴയെപ്പറ്റി പറഞ്ഞുകൊണ്ടേയിരുന്നില്ല. 

മിലിട്ടറി വർക്ക്ഷോപ്പ്
മിലിട്ടറി വർക്ക്ഷോപ്പ്

''ഞങ്ങള്‍ എല്ലാം മറന്നുവെന്നു പറയുന്നില്ല. പഴയകാലം ഓര്‍ക്കാതിരിക്കാന്‍ പരിശ്രമിക്കുന്നു. എന്നാല്‍, ഞങ്ങളുടെ ഹൃദയത്തില്‍ ആ ഓര്‍മ്മകള്‍ക്ക് മഹത്തായ ഒരു സ്ഥാനമുണ്ട്.'' ദക്ഷിണ വിയറ്റ്‌നാമിലെ മൈ ലായില്‍, അമേരിക്കന്‍ പട്ടാളം നടത്തിയ കൂട്ടക്കുരുതിയുടെ സമയത്ത് പതിന്നാലുകാരിയായിരുന്ന ഒരു വനിതയുടെ വാക്കുകളാണ് ഇത്. 1968 മാര്‍ച്ച് 16-നാണ്, നിരായുധരായ സ്ത്രീകളും കുഞ്ഞുങ്ങളും വയോജനങ്ങളുമടങ്ങുന്ന, അഞ്ഞൂറോളം വരുന്ന ഗ്രാമവാസികളെ ആയുധമേന്തിയ യു.എസ് ഭടന്മാര്‍ വിവേചനമില്ലാതെ കൊന്നൊടുക്കിയത്.  20 വര്‍ഷം നീണ്ടുനിന്ന യുദ്ധാനന്തരം വിയറ്റ്നാമിനു പുതിയ പോരാട്ടങ്ങള്‍ തുടങ്ങേണ്ടതുണ്ടായിരുന്നു. രാസപ്രയോഗം കാരണം ആയിരക്കണക്കിനാളുകള്‍ മാറാരോഗത്തിന് അടിമകളായി. ഭൂമിയും ജലവും വായുവും നശിച്ചു. കൃഷിയിലൂടെയുള്ള വിളവ് ഗണ്യമായി കുറഞ്ഞു. യുദ്ധവിജയത്തിനുശേഷമുള്ള 45 വര്‍ഷത്തെ കഠിനാദ്ധാനത്തിലൂടെ അവര്‍ എല്ലാ മേഖലകളിലും സമഗ്രമായ മുന്നേറ്റമാണ് കാഴ്ചവെച്ചത്. ജീവിത ഗുണനിലവാരത്തില്‍ വന്‍ വളര്‍ച്ചയുണ്ടായി. 45 മില്ല്യണ്‍ ആളുകളെ പട്ടിണിയില്‍നിന്ന് ഉയര്‍ത്തിക്കൊണ്ടുവന്നു. വിയറ്റ്നാമിലെ വളര്‍ച്ചാനിരക്ക് 7.1 ശതമാനം ആണ്.

ഈ ലേഖനം കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com