അങ്ങനെ, ചരിത്രത്തില്‍ ആദ്യമായി തടവറയില്‍ 'ഷേക്‌സ്പിയര്‍' തിളങ്ങി

1994ല്‍ ദക്ഷിണാഫ്രിക്ക സ്വതന്ത്രമായപ്പോള്‍ ആദ്യത്തെ കറുത്തവര്‍ഗ്ഗക്കാരന്‍ പ്രസിഡന്റായ നെല്‍സണ്‍ മണ്ടേലയും സുഹൃത്തുക്കളുമാണ് അവരില്‍ സാഹിത്യാഭിരുചി സൃഷ്ടിച്ചത്
അങ്ങനെ, ചരിത്രത്തില്‍ ആദ്യമായി തടവറയില്‍ 'ഷേക്‌സ്പിയര്‍' തിളങ്ങി

ര്‍ദ്ധരാത്രി.

കുപ്രസിദ്ധമായ ജയിലിലെ നിശ്ശബ്ദത ഭയാനകമായിരുന്നു. കിരാതന്മാരായ ജയില്‍ വാര്‍ഡര്‍മാരുടെ മര്‍ദ്ദനമേറ്റ് അന്ത്യശ്വാസം വലിച്ച തടവുകാരുടെ ആത്മാക്കള്‍ അലഞ്ഞുതിരിയുന്നുണ്ടാകും. 

അതിനിടയിലാണ് ഒരു ഏകാന്ത തടവുകാരന്റെ മുറിയില്‍നിന്ന് അപശബ്ദങ്ങളുടെ മുഴക്കം കേട്ടത്. അസ്വസ്ഥനായ കാവല്‍ക്കാരന്‍ ആകാംക്ഷയോടെ കാതോര്‍ത്തു. ഒന്നും വ്യക്തമല്ല. രാത്രിയായതിനാല്‍ എല്ലാ ജയില്‍മുറികളും കൂരിരുട്ടിലാണ്. ഒരൊറ്റ തടവുകാരനും രാത്രി ശബ്ദിക്കരുതെന്നാണ് ജയില്‍ മേധാവിയുടെ ആജ്ഞ. അത് ലംഘിക്കുന്നവര്‍ക്ക് ശിക്ഷയുണ്ട്. ചാട്ടവാര്‍ പോലെ മേധാവിയുടെ കനത്ത ലാത്തി ശീല്‍ക്കാരം പുറപ്പെടുവിക്കും. വേതാള ചേഷ്ടയ്ക്കും അസഭ്യം വര്‍ഷിക്കുന്നതിലും ആരെയും വിറപ്പിക്കുന്ന മൂര്‍ പട്ടാളക്കാരനാണ് മേധാവി. 

ഭരണകൂടത്തിന് എതിരെ കലാപം സൃഷ്ടിച്ചതിനു ശിക്ഷിക്കപ്പെട്ട കറുത്തവര്‍ മാത്രമാണ് ഈ ജയിലില്‍ കിടക്കുന്നത്. കാവല്‍ക്കാരും വാര്‍ഡര്‍മാരും മേധാവിയുമെല്ലാം വെള്ളക്കാര്‍. ഏതാനും വെള്ളക്കാരും ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, അവര്‍ക്കെല്ലാം സുഖസൗകര്യങ്ങള്‍ നല്‍കിയിട്ടുള്ള വ്യത്യസ്തമായ ജയിലുണ്ട്.
 
കാവല്‍ക്കാരന്‍ ചുറ്റും നോക്കി. ജയില്‍ ഇടനാഴിയില്‍ മാത്രം നുറുങ്ങ്‌വെട്ടം. മേധാവി രാത്രിയില്‍ പലപ്പോഴും മിന്നല്‍ പരിശോധനയ്‌ക്കെത്തും. കാവല്‍ക്കാരന്‍ ഉറങ്ങുന്നുണ്ടോ? തടവുകാര്‍ ശബ്ദിക്കുന്നുണ്ടോ?
കറുത്ത വസ്ത്രം ധരിച്ച് ഇടനാഴിയില്‍ നടക്കുന്ന മേധാവി ഇരുട്ടില്‍ ലയിക്കും. ശബ്ദം ഒഴിവാക്കാന്‍ ബൂട്ട്‌സ് ഇടാതെ ക്യാന്‍വാസ് ഷൂസ് ധരിക്കും. പൂച്ചയെപ്പോലെ നിശ്ശബ്ദനായി നടത്തം. 

കാവല്‍ക്കാരന്‍ പരിഭ്രാന്തനായി. വീണ്ടും കാതോര്‍ത്തു. അപശബ്ദങ്ങള്‍ക്ക് ശക്തികൂടിയതായി തോന്നി. 
കയ്യിലെ ടോര്‍ച്ച് മുറിയിലേക്ക് അടിച്ചു. 

കീറിയ തുണി വിരിച്ച് നിലത്ത് സുഖനിദ്രയിലാണ്ട യുവതടവുകാരന്റെ മുഖം കാണാം. അദ്ദേഹമാണ് നെല്‍സണ്‍ മണ്ടേല.

കാവല്‍ക്കാരന്‍ അടക്കിയ സ്വരത്തില്‍ വിളിച്ചു: 

'മണ്ടേലാ, പ്ലീസ് ശബ്ദിക്കല്ലേ. ഇങ്ങോട്ടു നോക്കൂ. ജയില്‍ മേധാവിയായ ചെകുത്താന്‍ ഈ വഴി വന്നേക്കാം. താങ്കള്‍ക്ക് അറിയാമല്ലോ.' കാവല്‍ക്കാരന്‍ ഇടനാഴിയിലേക്ക് നോക്കി. മേധാവിയുടെ നിഴലുണ്ടോ? രാത്രി മൂക്കറ്റം മദ്യപിച്ചാണ് എത്തുക. ഉത്തരവാദിത്വത്തോടെ ഡ്യൂട്ടിക്കു നില്‍ക്കുന്ന കാവല്‍ക്കാരെപ്പോലും അസഭ്യം വിളിക്കുക ശീലമാക്കിയ ക്രൂരന്‍. 

കറുത്ത തടവുകാരെ വേണ്ടുവോളം മര്‍ദ്ദിച്ച് ഇരുണ്ട ആഹ്ലാദം അനുഭവിക്കുന്ന വെള്ളക്കാരായ വാര്‍ഡര്‍മാരുടെ അധോലോകമാണ് ജയില്‍. ഭരണകൂട ഭീകരതയുടെ പ്രതീകം. 

ആയിരത്തോളം തടവുകാര്‍ ജയിലിലുണ്ട്. പല കാലയളവില്‍ ശിക്ഷ അനുഭവിക്കുന്നവര്‍. ഭക്ഷണം പേരിനു മാത്രം നല്‍കും. കുടിക്കാന്‍ കടലിലെ ഉപ്പുവെള്ളം. രാവിലെ മുതല്‍ കഠിനജോലി  പാറപൊട്ടിക്കല്‍. കറുത്തവരെയെല്ലാം മര്‍ദ്ദിച്ച് അവശരാക്കാനാണ് മുകളില്‍നിന്നുള്ള നിര്‍ദ്ദേശം. ഉന്നതാധികൃതര്‍ പറയും: 'ജയിലല്ലേ! അവിടെ നടക്കുന്നതൊന്നും പുറംലോകം അറിയില്ലല്ലോ? മര്‍ദ്ദകരായ വാര്‍ഡര്‍മാരെ അത് പ്രോത്സാഹിപ്പിച്ചു. കറുത്തവരെ രാജ്യദ്രോഹികളാക്കി മുദ്രകുത്തി. പലപ്പോഴും ദേഹോപദ്രവം ഏല്പിച്ചു. പട്ടിണിക്കിടും. 

കാവല്‍ക്കാരന്‍ വീണ്ടും കാതോര്‍ത്തു. ചുറ്റും നോക്കി. !നെഞ്ചിടിപ്പ് കൂടി. ചെകുത്താന്‍ മേധാവി പൂച്ചയെപ്പോലെ നടന്നുവരുന്നുണ്ടോ? ഇടനാഴിയിലെ നുറുങ്ങുവെട്ടത്തില്‍ ഒന്നും വ്യക്തമല്ല. 'ഒരുത്തനെ തന്നെ നിനച്ചിരുന്നാല്‍ വരുന്നതെല്ലാം അവനെന്നു തോന്നും.' കാവല്‍ക്കാരന്റെ പരിഭ്രാന്തി കൂടി. 

നെല്‍സണ്‍ മണ്ടേല
നെല്‍സണ്‍ മണ്ടേല

പെട്ടെന്ന് മണ്ടേല എഴുന്നേറ്റു. മുറിയുടെ വാതിലിന്റെ ഇരുമ്പഴിയില്‍ പിടിച്ചുനിന്നുകൊണ്ട് കാവല്‍ക്കാരനോട് ചോദിച്ചു: 'എന്തുപറ്റി? ഇരുട്ടില്‍ വെളിച്ചം നല്‍കിയ ടോര്‍ച്ചിന് സ്തുതി.'

'താങ്കള്‍ എന്താണ് ഉറക്കെ പറയുന്നത്? എനിക്കൊന്നും മനസ്സിലാകുന്നില്ല. ആ ചെകുത്താന്‍ കേട്ടാലോ?' കാവല്‍ക്കാരന്‍ ചോദിച്ചു. 

മണ്ടേല പറഞ്ഞു: 'വാര്‍ഡന്‍മാരും മേധാവിയും എത്രയോ തവണ ഞങ്ങളെ മര്‍ദ്ദിച്ചിരിക്കുന്നു? എല്ലാം നേരിടാന്‍ ഇനിയും കരുത്തുണ്ട്.' 

'പ്ലീസ് താങ്കള്‍ ശബ്ദിക്കാതെ ഉറങ്ങൂ. രാത്രിയുടെ ഭയാനകമായ നിശ്ശബ്ദതയില്‍ അവ മുഴങ്ങുന്നു.' കാവല്‍ക്കാരന്‍ നിസ്സഹായനായി പറഞ്ഞു: 'താങ്കളെ ശബ്ദിക്കാന്‍ അനുവദിച്ചതിന് എനിക്കും ശിക്ഷ കിട്ടും.' മണ്ടേല പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: 'അപശബ്ദങ്ങള്‍ അല്ല, അവ ഷേക്‌സ്പിയര്‍ നാടകങ്ങളിലെ ആത്മഗതങ്ങളാണ്. ഞാന്‍ വികാരാവേശത്തില്‍ ശബ്ദിച്ചുവെന്നുമാത്രം. ആത്മഗതങ്ങള്‍ക്കു വലിയ സാഹിത്യമൂല്യങ്ങള്‍ ഉണ്ട്. അനശ്വരനായ ഷേക്‌സ്പിയറാണ് സ്രഷ്ടാവ്. പല ആത്മഗതങ്ങളും ഞാന്‍ ഹൃദിസ്ഥമാക്കി.'

കാവല്‍ക്കാരന്‍ അസ്വസ്ഥനായി. 

'പ്ലീസ് മണ്ടേലാ, ഉറങ്ങൂ.'

മൂന്ന് വര്‍ഷമായി യുവാവായ വാര്‍ഡന്‍ മണ്ടേലയുടെ മുറിക്കു മുന്നില്‍ രാത്രി കാവല്‍ നില്‍ക്കുന്നു. അതിസുരക്ഷയാണ് മുറിക്കുള്ളത്. ഇരുവരും സൗഹൃദം പുലര്‍ത്തുന്നവരായിരുന്നു. 

കാവല്‍ക്കാരന്‍ പറഞ്ഞു: 'താങ്കളുടെ ശബ്ദം നാടകീയമായിരുന്നു. ഈ മുറിയില്‍നിന്നും ആദ്യമായിട്ടാണ് അങ്ങനെയുള്ള അപശബ്ദങ്ങള്‍ കേട്ടത്.'

മണ്ടേല: 'ഞാനും മറ്റ് ചിലരും ഇപ്പോള്‍ ഷേക്‌സ്പിയര്‍ നാടകങ്ങള്‍ വായിക്കുന്നു. ആത്മഗതങ്ങള്‍ എന്താണെന്ന് താങ്കള്‍ക്ക് പറഞ്ഞുതരാം.'

കാവല്‍ക്കാരന്‍ മനസ്സിന്റെ വേദന നിയന്ത്രിച്ചുകൊണ്ട് പറഞ്ഞു: 'നമുക്ക് ഈ അര്‍ദ്ധരാത്രി 'ഷേക്‌സ്പിയറേയും ആത്മഗതങ്ങളേയും വിടാം. നേരം വെളുക്കട്ടെ.'

ഗുഡ്‌നൈറ്റ് എന്ന് പറഞ്ഞുകൊണ്ട് കാവല്‍ക്കാരന്‍ മെല്ലെ നടന്നു. അപ്പോഴും ഇടനാഴിയിലേക്ക് സൂക്ഷിച്ചു നോക്കി  ചെകുത്താന്‍ വരുന്നുണ്ടോ?

ചിലപ്പോള്‍ ജയില്‍ മേധാവി മദ്യലഹരിയില്‍ തന്റെ മുറിയിലിരുന്ന് പാട്ടുപാടും. തടവുകാര്‍ അദ്ദേഹത്തെ പാടുന്ന പിശാച് എന്നും വിളിക്കും.

കാവല്‍ക്കാരന് സ്വന്തം നെഞ്ചിടിപ്പ് കേള്‍ക്കാമായിരുന്നു.

കുറച്ചു നടന്നപ്പോള്‍ ആശ്വാസം. ചെകുത്താനെ കണ്ടില്ല. മദ്യത്തിന്റേയോ ചുരുട്ടിന്റേയോ ഗന്ധമില്ല. പാടുന്ന പിശാച് ഉറങ്ങിയോ? ചിലപ്പോള്‍ മിന്നല്‍പോലെ കറുത്തരൂപം മുന്നില്‍ നിന്നേക്കാം. പിശാചിന്റെ ഇന്ദ്രജാലം ആരെയും ഭയപ്പെടുത്തും. 

കാവല്‍ക്കാരന്‍ നടന്നുനീങ്ങിയപ്പോള്‍ മനസ്സ് നിറയെ ആത്മഗതങ്ങളുമായി മണ്ടേല കിടന്നു. 

റോബൻ ഐലന്റിലെ ജയിലിൽ മണ്ടേലയെ ദീർഘനാൾ പാർപ്പിച്ച തടവുമുറി
റോബൻ ഐലന്റിലെ ജയിലിൽ മണ്ടേലയെ ദീർഘനാൾ പാർപ്പിച്ച തടവുമുറി

വര്‍ഷം 1975

1964 മുതല്‍ കുപ്രസിദ്ധമായ റോബന്‍ ദ്വീപ് ജയിലിലാണ് നെല്‍സണ്‍ മണ്ടേല. അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഗര്‍ജ്ജിക്കുന്ന തിരമാലകള്‍ വാരിപ്പുണരുന്ന കൊച്ചു ദ്വീപിലാണ് പ്രേതകഥകളെ ഓര്‍മ്മിപ്പിക്കുന്ന കുപ്രസിദ്ധ ജയില്‍. കൂറ്റന്‍ കരിങ്കല്‍ കെട്ടിടം. ചുറ്റും നിബിഡവനങ്ങളും കരിമ്പാറക്കൂട്ടങ്ങളും. കേപ്പ്ടൗണ്‍ നഗരത്തില്‍നിന്നും നാല് മൈല്‍ അകലെയാണ് ദ്വീപ്.

ജന്മനാടായ ദക്ഷിണാഫ്രിക്കയെ ബ്രിട്ടീഷ് കോളനിവാഴ്ചയില്‍നിന്നും മോചിപ്പിക്കാന്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന രാഷ്ട്രീയപ്പാര്‍ട്ടിയുടെ മുന്‍നിര നേതാവായിരുന്നു മണ്ടേല. കരിനിയമങ്ങള്‍ ഉപയോഗിച്ചാണ് മണ്ടേലയേയും മറ്റ് നേതാക്കളേയും പ്രവര്‍ത്തകരേയും പിടികൂടി വിചാരണ ചെയ്ത് ശിക്ഷിച്ചിരിക്കുന്നത്. വര്‍ണ്ണവിവേചനം അവസാനിപ്പിച്ച് ജനാധിപത്യവും പൗരാവകാശങ്ങളും സ്ഥാപിച്ചുകിട്ടാനാണ് അവര്‍ പ്രക്ഷോഭം നടത്തിയിരുന്നത്. ദക്ഷിണാഫ്രിക്കയുടെ സ്വാതന്ത്ര്യത്തിനായി നടത്തിവരുന്ന പോരാട്ടം. 

ആദ്യകാലങ്ങളില്‍ മണ്ടേല ഉള്‍പ്പെടെയുള്ളവര്‍ക്ക് കൊടിയ മര്‍ദ്ദനം സഹിക്കേണ്ടിവന്നു. കറുത്ത തടവുകാരെ മൃഗീയമായി നേരിടാന്‍ പ്രത്യേകമായി വാര്‍ഡര്‍മാരെ ഭരണകൂടം നിയോഗിച്ചു. 1964 മുതല്‍ പത്ത് വര്‍ഷക്കാലം തടവുകാര്‍ പലപ്പോഴായി മര്‍ദ്ദനം സഹിച്ചു. പരുഷമായ പെരുമാറ്റവും. 1974 കാലത്ത് അഭ്യസ്തവിദ്യരായ യുവാക്കള്‍ വാര്‍ഡര്‍മാരായി എത്തിയതോടെ ജയില്‍ അന്തരീക്ഷം മെച്ചപ്പെട്ടു. യുവാക്കള്‍ പലരും മനുഷ്യസ്‌നേഹികളായിരുന്നു. കറുത്ത തടവുകാരെ മനുഷ്യരായി കണക്കാക്കി. അതായിരുന്നു വലിയ മാറ്റം. മര്‍ദ്ദനവും ക്രൂരമായ പെരുമാറ്റവും നിലച്ചു. പക്ഷേ, അപ്പോഴും ജയില്‍ മേധാവി കിരാതനായിരുന്നു. 

ക്രിസ്മസ്  പുതുവത്സരങ്ങളിലും രാജ്ഞിയുടെ ജന്മദിനത്തിലും മാത്രമാണ് ജയിലില്‍ പരിമിതമായ രീതിയിലെങ്കിലും ശബ്ദിക്കാന്‍ അനുമതി നല്‍കിയിരുന്നത്. അന്നു മാത്രം പാട്ടും മേളവുമാകാം. 
മനുഷ്യസ്‌നേഹികളായ ചില ജയില്‍ മേധാവികള്‍ പാട്ടിലും മേളത്തിലും പങ്കുചേര്‍ന്നു. പക്ഷേ, ഇപ്പോഴത്തെ മേധാവി കേണല്‍ ബേഡന്‍ ഹോഫ് സാക്ഷാല്‍ ചെകുത്താന്‍. ബ്രിട്ടീഷ് ഭരണത്തെ വെല്ലുവിളിച്ച കറുത്തവരെ ആളിക്കത്തുന്ന പകയോടെ വീക്ഷിച്ച ഉന്നതരായ ചില ഉദ്യോഗസ്ഥരാണ് ഈ മേധാവിയെ തിരഞ്ഞു കണ്ടെത്തിയത്. കറുത്തവരെ അടിച്ചമര്‍ത്തുക എന്നതായിരുന്നു ലക്ഷ്യം. 

ജയിലില്‍ പുസ്തകങ്ങള്‍ വായിക്കാന്‍ തടവുകാരെ അനുവദിച്ചിരുന്നില്ല. എന്നാല്‍ ബൈബിള്‍ വായിക്കാം. പിന്നീട് പുസ്തകങ്ങളുടെ കാര്യത്തില്‍ അയവ് വരുത്തി ചര്‍ച്ചിലിന്റെ പ്രസംഗങ്ങള്‍ ഉള്‍പ്പെട്ട പുസ്തകവും ടോള്‍സ്‌റ്റോയി, എച്ച്.ജി. വെല്‍സ് എന്നിവയും ജയിലില്‍ അനുവദിച്ചു. ഹിറ്റ്‌ലര്‍, മാവോ, മുസോളിനി, മാര്‍ക്‌സ് എന്നിവരുടെ പുസ്തകങ്ങള്‍ പൂര്‍ണ്ണമായും വിലക്കി. ചാള്‍ട്ടണ്‍ ഹെസ്റ്റണ്‍ അഭിനയിച്ച 'പത്ത് കല്‍പ്പനകള്‍' 16 എം.എം. ചിത്രത്തില്‍ പ്രദര്‍ശിപ്പിച്ചു. 

1975 ദീപാവലി ദിവസം ജയിലില്‍ അവിസ്മരണീയമായിരുന്നു. ഇന്ത്യന്‍ വംശജരായ നിരവധി പേര്‍ ദക്ഷിണാഫ്രിക്കയില്‍ ഉള്ളതിനാല്‍ ദീപാവലിയും ഹോളിയും വലിയ ആഘോഷങ്ങള്‍ ആയിരുന്നു. ഇന്ത്യന്‍ വംശജനായ സോണി വെങ്കടരത്‌നം അന്ന് ബൈബിള്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഒരു വലിയ ഗ്രന്ഥം ജയിലിലേക്ക് കടത്തി. ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍കൊണ്ട് പുസ്തകം പൊതിഞ്ഞു. തന്റെ ബന്ധുക്കള്‍ കൊടുത്തയച്ച മധുരപലഹാരങ്ങള്‍ അദ്ദേഹം വാര്‍ഡര്‍മാര്‍ക്ക് വിതരണം ചെയ്തു. അവര്‍ മധുരം രുചിച്ചു. 

പുസ്തകം ബൈബിള്‍ അല്ല. ഷേക്‌സ്പിയറുടെ സമ്പൂര്‍ണ്ണ കൃതികളായിരുന്നു. അതിന് ഷേക്‌സ്പിയര്‍ ബൈബിള്‍ എന്ന് പേരിട്ടിരുന്നു. സോണിയുടെ കയ്യില്‍ വലിയൊരു പൊതിക്കെട്ട് കണ്ടപ്പോള്‍ ഒരു വാര്‍ഡന്‍ ചോദിച്ചു: 'ഇതെന്താണ് വലിയ പൊതി?' അദ്ദേഹം മറുപടി നല്‍കി. 

'ഷേക്‌സ്പിയര്‍ ബൈബിള്‍' പുസ്തകം നെഞ്ചോടു ചേര്‍ത്തുവെച്ച് അദ്ദേഹം ഭക്തിസാന്ദ്രമായ മുഖഭാവത്തോടെ കണ്ണുകള്‍ അടച്ചുനിന്നു. 

ബൈബിള്‍ എന്നു കേട്ടപ്പോള്‍ വാര്‍ഡനും കണ്ണുകള്‍ അടച്ച് കുരിശ് വരച്ചു. മുഖത്ത് ദൈവഭക്തി. അങ്ങനെ ഷേക്‌സ്പിയര്‍ ബൈബിള്‍ നാടകീയമായി മുറിക്കുള്ളില്‍ പ്രവേശിച്ചു. 

സാഹിത്യപ്രേമിയായ സോണി കുറച്ചുകാലം ഡര്‍ബന്‍ യൂണിവേഴ്‌സിറ്റിയില്‍ അദ്ധ്യാപകനായിരുന്നു. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന് കറുത്തവരുടെ മോചനത്തിനും ജനാധിപത്യത്തിനും വേണ്ടി പോരാടിയപ്പോള്‍ കോളനി ഭരണകൂടം അദ്ദേഹത്തെ കേസില്‍ പ്രതിയാക്കി. കോടതി ആറ് വര്‍ഷം ശിക്ഷിച്ചു. അങ്ങനെ റോബന്‍ ദ്വീപ് ജയിലില്‍ എത്തി. സോണിയുടെ ബന്ധുക്കളാണ് പുസ്തകം ജയിലിലേക്ക് കൊടുത്തുവിട്ടത്. യുവാക്കളായ ചില വാര്‍ഡര്‍മാര്‍ അത് എത്തിക്കാന്‍ സഹായിച്ചിരുന്നു. (ജയില്‍ മോചിതനായശേഷം അദ്ദേഹം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു. 2019ല്‍ അന്തരിച്ചു.)

വൈകിട്ട് മണ്ടേലയെ കണ്ടപ്പോള്‍ സോണി പുസ്തകത്തെക്കുറിച്ച് പറഞ്ഞു. ആദ്യം അഹമ്മദ് കത്രാടക്ക് പുസ്തകം നല്‍കാന്‍ സോണിയോട് മണ്ടേല നിര്‍ദ്ദേശിച്ചു. ഇന്ത്യന്‍ വംശജനായ കത്രാട ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ മുന്‍നിര നേതാവും മണ്ടേലയുടെ സ്‌നേഹസമ്പന്നനായ സുഹൃത്തുമായിരുന്നു. ജൊഹന്നസ്ബര്‍ഗില്‍ താമസിച്ചിരുന്ന അദ്ദേഹം ബോറ മുസ്‌ലിം വിഭാഗത്തില്‍പ്പെട്ട വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് ബിസിനസ്സുകാരനും മതപണ്ഡിതനുമായിരുന്നു. 

1962ല്‍ അദ്ദേഹത്തേയും മണ്ടേലയേയും അറസ്റ്റ് ചെയ്തിരുന്നു. 1964ല്‍ ശിക്ഷിക്കപ്പെട്ടപ്പോള്‍ റോബന്‍ ദ്വീപ് ജയിലിലേക്ക് മാറ്റി. 26 വര്‍ഷം ജയിലില്‍ കഴിഞ്ഞു. 

കത്രാട നല്ല വായനക്കാരനായിരുന്നു. ഡിക്കന്‍സും ഡോസ്‌റ്റോയ്‌വ്‌സ്‌കിയും വില്‍ഡുറന്റും ടെന്നിസണും മറ്റും കത്രാടയുടെ വീട്ടിലിരുന്നാണ് മണ്ടേല വായിച്ചിട്ടുള്ളത്. കോളേജില്‍ ഡിഗ്രിക്കു പഠിച്ചപ്പോള്‍ ഇരുവരും ഷേക്‌സ്പിയറുടെ നാടകങ്ങള്‍ വായിച്ചു. ജൊഹന്നസ്ബര്‍ഗില്‍ 1950ല്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്ത ഘട്ടത്തിലാണ് മണ്ടേല ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുമായി കൂടുതല്‍ ബന്ധപ്പെട്ടത്. യുവജനവിഭാഗം സെക്രട്ടറിയായി. പിന്നീട് ദക്ഷിണാഫ്രിക്കയുടെ സ്വാതന്ത്ര്യത്തിനായി പാര്‍ട്ടി നടത്തിയ പ്രക്ഷോഭങ്ങളിലെല്ലാം മണ്ടേലയുടെ ഉശിരന്‍ പ്രസംഗങ്ങള്‍ ജനങ്ങളെ ആകര്‍ഷിച്ചു. 1960ല്‍ പാര്‍ട്ടി നിരോധിക്കപ്പെട്ട അവസരത്തില്‍ മറ്റുള്ളവരോടൊപ്പം ഒളിവില്‍ പ്രവര്‍ത്തിച്ചു. 1964ല്‍ 20 വര്‍ഷം ശിക്ഷിക്കപ്പെട്ടപ്പോള്‍ മണ്ടേലയും റോബന്‍ ദ്വീപ് ജയിലിലെത്തി. 27 വര്‍ഷങ്ങള്‍ ജയിലില്‍ കഴിഞ്ഞു. മനസ്സിന്റെ കരുത്തുകൊണ്ട് അഗ്‌നിപരീക്ഷയെയാണ് അതിജീവിച്ചത്. 

ഷേക്‌സ്പിയര്‍ ബൈബിള്‍ മണ്ടേല ഉള്‍പ്പെടെ 33 പേര്‍ 1975 മുതല്‍ 1978 വരെയുള്ള കാലയളവില്‍ വായിച്ചു. രഹസ്യമായിട്ടാണ് അത് സൂക്ഷിച്ചത്. ജയില്‍ അന്തരീക്ഷം അല്പം ഉദാരമായതിനാല്‍ വാര്‍ഡര്‍മാര്‍ ഇടപെട്ടില്ല. കിരാതനായ മേധാവി അറിഞ്ഞതുമില്ല. യുവാക്കളായ വാര്‍ഡര്‍മാര്‍ക്ക് മണ്ടേലയുടെ പെരുമാറ്റവും സംസാരരീതിയും ഇഷ്ടപ്പെട്ടിരുന്നു. അവര്‍ അദ്ദേഹത്തെ ബഹുമാനിച്ചു. ജയില്‍ സന്ദര്‍ശിച്ചിരുന്ന പാര്‍ലമെന്റ് അംഗങ്ങളുടെ സമിതിയും റെഡ്‌ക്രോസ് പ്രവര്‍ത്തകരും നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജയില്‍ അന്തരീക്ഷം മാറിയത്. ഈ ഘട്ടത്തില്‍ കിരാതനായ ജയില്‍ മേധാവിയും നിലംപതിച്ചു. ജയില്‍ ക്ഷേമം അന്വേഷിക്കാനെത്തിയ ജഡ്ജിമാരോട് മണ്ടേല നേരിട്ട് പരാതി പറഞ്ഞതിനാല്‍ മൃഗത്തെപ്പോലെ പെരുമാറിയിരുന്ന മേധാവിയെ സ്ഥലംമാറ്റുകയും ചെയ്തു. തല കുനിച്ച് മേധാവി പടിയിറങ്ങി. പക്ഷേ, മണ്ടേലയോട് യാത്ര പറയാന്‍ മറന്നില്ല. നിശ്ശബ്ദനായി അദ്ദേഹത്തെ നോക്കി തിരിച്ചുപോയി. അതോടെ ജയിലിലെ കിരാതയുഗം അവസാനിച്ചു. 

ആയിരത്തോളം തടവുകാര്‍ ജയിലില്‍ ഉണ്ടായിരുന്നു. അതില്‍ ബഹുഭൂരിപക്ഷവും വിദ്യാഭ്യാസം ഇല്ലാത്തവരായിരുന്നു. മണ്ടേല ഉള്‍പ്പെടെ ഏതാണ്ട് 50 പേര്‍ മാത്രമായിരുന്നു അഭ്യസ്തവിദ്യര്‍. അവര്‍ പലരും കോളേജില്‍ പഠിച്ചവരായിരുന്നു. ഷേക്‌സ്പിയര്‍ നാടകങ്ങള്‍ വായിച്ചിരുന്നു. വായിക്കാന്‍ മറ്റൊരു പുസ്തകവും കിട്ടാതെ വന്നപ്പോള്‍ ഷേക്‌സ്പിയര്‍ നാടകങ്ങളും കവിതകളും തടവുകാര്‍ പലപ്പോഴായി വായിച്ച് ആസ്വദിച്ചു. സമയം കിട്ടിയപ്പോള്‍ അതെക്കുറിച്ച് ചര്‍ച്ചകളും നടത്തി. നിരക്ഷരരായ തടവുകാരും ഷേക്‌സ്പിയര്‍ നാടകങ്ങളുടെ മഹത്വം മനസ്സിലാക്കി. സമയം കിട്ടിയപ്പോള്‍ മണ്ടേലയും കത്രാടയും സോണിയും നാടകങ്ങള്‍ പലര്‍ക്കും വിശദീകരിച്ചുകൊടുത്തു. ഇത് ലോകശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു. അങ്ങനെ ചരിത്രത്തില്‍ ആദ്യമായി തടവറയില്‍ ഷേക്‌സ്പിയര്‍ തിളങ്ങി. 

സോണി വെങ്കടരത്നം
സോണി വെങ്കടരത്നം

മണ്ടേലയോടൊപ്പം മലയാളി തടവുകാരനും നാടകം ആസ്വദിച്ചു

കോളേജ് വിദ്യാര്‍ത്ഥി ജീവിതത്തിന് ഏതാണ്ട് 20 വര്‍ഷങ്ങള്‍ക്കു ശേഷം ഷേക്‌സ്പിയര്‍ നാടകങ്ങള്‍ മണ്ടേല ജയിലില്‍ കിടന്ന് വായിച്ച് ആസ്വദിച്ചു. 

ജൂലിയസ് സീസറാണ് തന്റെ ഹൃദയത്തെ ആഴത്തില്‍ സ്വാധീനിച്ചതെന്ന് മണ്ടേല സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ആത്മകഥയായ 'ലോങ് വാക്ക് ടു ഫ്രീഡത്തില്‍' ജയിലിലെ ഷേക്‌സ്പിയര്‍ അനുഭവങ്ങള്‍ ഹൃദ്യമായി വിവരിച്ചു. 

1977ലാണ് ഷേക്‌സ്പിയര്‍ സമ്പൂര്‍ണ്ണ കൃതികള്‍ അദ്ദേഹത്തിന് വായിക്കാന്‍ കിട്ടിയത്. വായിച്ച 33 പേരും അതില്‍ ഒപ്പിട്ടു. 1993ല്‍ ലണ്ടനില്‍ നടന്ന ഒരു അന്താരാഷ്ട്ര പുസ്തകമേളയില്‍ സമ്പൂര്‍ണ്ണ കൃതികള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 

ഭീരുക്കള്‍ പല തവണ മരിക്കുന്നു. എന്നാല്‍, ധീരന്മാര്‍ ഒരിക്കല്‍ മാത്രമേ മൃത്യുവിന്റെ രുചി അറിയുന്നുള്ളൂ എന്ന 'ജൂലിയസ് സീസറി'ലെ ഒരു ഭാഗം മണ്ടേലയെ ഭ്രമിപ്പിച്ചു. അദ്ദേഹം പറഞ്ഞു: കുണിഝ ജയിലില്‍ മര്‍ദ്ദനമേറ്റ് ഞാന്‍ മരിക്കേണ്ടതായിരുന്നു. പക്ഷേ, ഞാന്‍ ഭീരുവായിരുന്നില്ല. അതിനാല്‍ മരിച്ചില്ല.'

27 വര്‍ഷത്തെ തടവിനുശേഷം 1990ല്‍ മോചിപ്പിക്കപ്പെട്ടപ്പോള്‍ അദ്ദേഹം ഫിനിക്‌സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേറ്റു. 1994ല്‍ ആദ്യമായി ദക്ഷിണാഫ്രിക്കയില്‍ ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ അദ്ദേഹം ജയിച്ച് ആ രാജ്യത്ത് കറുത്തവര്‍ഗ്ഗക്കാരനായ ആദ്യത്തെ പ്രസിഡന്റായി സ്ഥാനമേറ്റ് ചരിത്രം സൃഷ്ടിച്ചു. ഗാന്ധിജിയേയും നെഹ്‌റുവിനേയും ആദരിച്ച നേതാവായിരുന്നു മണ്ടേല. അദ്ദേഹത്തെ യുഗപുരുഷനായി ലോകമെങ്ങും വാഴ്ത്തുന്നു. 1994ല്‍ വര്‍ണ്ണവിവേചനം അവസാനിപ്പിച്ചുകൊണ്ട് ദക്ഷിണാഫ്രിക്കയില്‍ ബ്രിട്ടന്റെ കോളനി വാഴ്ചയ്ക്ക് അന്ത്യം കുറിക്കുകയും ചെയ്തു. 

മണ്ടേലയോടൊപ്പം മലയാളിയായ ബില്ലി നായരും തടവുകാരനായി ജയിലില്‍ ഉണ്ടായിരുന്നു. 1929ല്‍ അദ്ദേഹം ഡര്‍ബനില്‍ ജനിച്ചു. അച്ഛന്‍ കൃഷ്ണന്‍ നായര്‍ 1920ല്‍ ജോലി തേടി ദക്ഷിണാഫ്രിക്കയില്‍ എത്തിയതായിരുന്നു. പാലക്കാട് കുണ്ടളശേരി സ്വദേശി. ട്രേഡ് യൂണിയന്‍ രംഗത്ത് സമര്‍ത്ഥനായ സംഘാടകനായിരുന്ന ബില്ലി നായര്‍ 20 വര്‍ഷം ശിക്ഷ അനുഭവിച്ചു. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന് അദ്ദേഹം മണ്ടേലയോടൊപ്പമാണ് പ്രവര്‍ത്തിച്ചിരുന്നത്. 1994ലും '99ലും ബില്ലി നായര്‍ പാര്‍ലമെന്റ് അംഗമായി. സ്‌കൂള്‍ വിദ്യാഭ്യാസം നേടിയിരുന്ന ബില്ലി നായര്‍ ജയിലില്‍ കിടന്ന് പഠിച്ച് ബി.എയും ബി.കോമും ജയിച്ചു. തെരുവില്‍ നടന്ന പ്രക്ഷോഭങ്ങളില്‍ ബില്ലി നായരുടെ പ്രസംഗങ്ങള്‍ പാര്‍ട്ടിപ്രവര്‍ത്തകരെ ആകര്‍ഷിച്ചിരുന്നു. 

'ബില്ലി നായര്‍ക്ക് ഇഷ്ടപ്പെട്ട നാടകം ടെമ്പസ്റ്റ് (Tempest) ആയിരുന്നു. കഥാപാത്രമായ പ്രോസ്പരോയുടെ സംഭാഷണങ്ങള്‍ അദ്ദേഹം ഹൃദിസ്ഥമാക്കി. 'ഒഥല്ലോയും' 'മാക്ബത്തും' വായിച്ചിരുന്നു. പക്ഷേ, എന്തുകൊണ്ടോ ടെമ്പസ്റ്റാണ് മനസ്സില്‍ പതിഞ്ഞത്. 'ടെമ്പസ്റ്റ് എന്ന് കേട്ടാല്‍ രാഷ്ട്രീയ ജീവിതത്തില്‍ താന്‍ തരണം ചെയ്ത കൊടുങ്കാറ്റിനെയാണ് എന്നും ഓര്‍മ്മിക്കുന്നത്. കൊടുങ്കാറ്റ് ജയിലിലും അനുഭവിച്ചു. ആദ്യകാലങ്ങളില്‍ വാര്‍ഡര്‍മാരുടെ മൃഗീയ പെരുമാറ്റം ധീരമായി നേരിടേണ്ടിവന്നു. ഭീരുവായിരുന്നില്ല. അതിനാല്‍ ആ അഗ്‌നിപരീക്ഷയും നേരിട്ടു'  ബില്ലി നായര്‍ പറഞ്ഞു. 

മണ്ടേലയോടൊപ്പം മറ്റൊരു ചരിത്രപുരുഷന്‍കൂടി ജയിലില്‍ ഉണ്ടായിരുന്നു. അദ്ദേഹമാണ് മാക് മഹാരാജ്. 1994ല്‍ അദ്ദേഹം മണ്ടേല ക്യാബിനറ്റില്‍ മന്ത്രിയായിരുന്നു. ഇന്ത്യന്‍ വംശജനായ അദ്ദേഹം മണ്ടേലയുടെ ആത്മസുഹൃത്തും പാര്‍ട്ടിയിലെ ബുദ്ധികേന്ദ്രവുമായിരുന്നു. 12 വര്‍ഷം ശിക്ഷ അനുഭവിച്ചു. ഇപ്പോള്‍ 84കാരനായ അദ്ദേഹം ജൊഹന്നസ് ബര്‍ഗില്‍ താമസിക്കുന്നു. സാമ്പത്തിക വിദഗ്ദ്ധന്‍ കൂടിയായ അദ്ദേഹം ഗ്രന്ഥകാരനും പ്രഭാഷകനുമാണ്. 

മാത്യുഹാൻ
മാത്യുഹാൻ

'കിങ് റിച്ചാര്‍ഡ് സെക്കന്റ്' ആയിരുന്നു അദ്ദേഹം വായിച്ച് ആസ്വദിച്ച് പ്രശംസിച്ച നാടകം. അഹമ്മദ് കത്രാട പലതവണ വായിച്ചത് 'ഹെന്‍ട്രി അഞ്ചാമന്‍' നാടകമായിരുന്നു. മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് തബോ എംബക്കിയുടെ പിതാവും പാര്‍ട്ടിയുടെ പോരാളിയുമായിരുന്ന ഗൊവന്‍ എംബക്കി 'ട്വല്‍ത്ത് നൈറ്റ്' ആസ്വദിച്ചു. അദ്ദേഹം മണ്ടേലയോട് പറയുമായിരുന്നു, ജൂലിയസ് സീസര്‍ പോലെ മഹത്തായ കൃതിയാണ് 'ട്വല്‍ത്ത് നൈറ്റും'. ഇരുവരും പല ദിവസം ഈ നാടകങ്ങളിലെ ഓരോ പേജും വായിച്ച് സംഭാഷണങ്ങളില്‍ മുഴുകി. അങ്ങനെ ജയിലില്‍ ഷേക്‌സ്പിയര്‍ സംഭാഷണങ്ങള്‍ പലപ്പോഴും നിറഞ്ഞുനിന്നു. ചില ഞായറാഴ്ചകളില്‍ സംഭാഷണങ്ങള്‍ പൊടിപൊടിച്ചു. സാഹിത്യം എന്തെന്ന് അറിയാത്ത സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും അതില്‍ അതീവ താല്പര്യമെടുത്തു. എഴുത്തുകാരനായ എഡ്ഡിഡാനിയല്‍സ് 'മാക്ബത്തും' മണ്ടേലയ്ക്ക് ഗുരുതുല്യനായിരുന്ന വാള്‍ട്ടര്‍ സുസുലു 'മര്‍ച്ചന്റ് ഓഫ് വെനീസും' ആസ്വദിച്ചു. 'ഹാംലറ്റും' തടവുകാര്‍ വായിച്ച് ചര്‍ച്ച ചെയ്തു. 

അങ്ങനെ മൂന്ന് വര്‍ഷം ഞങ്ങള്‍ ഷേക്‌സ്പിയര്‍ സംഭാഷണങ്ങളില്‍ മുഴുകി. പലതും മറക്കാനും പുതിയ ചക്രവാളങ്ങള്‍ തേടാനും മനസ്സിലാക്കാനും അനശ്വരനായ ഷേക്‌സ്പിയര്‍ പ്രചോദനമായെന്ന് മണ്ടേല പറഞ്ഞിട്ടുണ്ട്. 

1990ല്‍ ജയില്‍ മോചിതനായ മണ്ടേല ലണ്ടന്‍ സന്ദര്‍ശനം നടത്തി. ലണ്ടന്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. വലിയൊരു സ്വീകരണവും നല്‍കി. ജയിലില്‍ കിടന്ന് പഠിച്ച് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയുടെ നിയമബിരുദവും മണ്ടേല 1978ല്‍ നേടിയിരുന്നു. 

അദ്ദേഹം വിദ്യാര്‍ത്ഥികളോട് പറഞ്ഞു: 'ജയില്‍ശിക്ഷ ദുരന്തമാണ്. ശിക്ഷ അന്യായമായിരുന്നു. ഞങ്ങളുടെ ജന്മനാടിന് സ്വാതന്ത്ര്യം നേടിയെടുക്കാനാണ് ബ്രിട്ടീഷ് കോളനിവാഴ്ചയ്ക്ക് എതിരെ ഞങ്ങള്‍ പോരാടിയത്. അതെങ്ങനെ ഗൂഢാലോചനയും കുറ്റകൃത്യവുമാകും? ജയിലില്‍ കിടക്കുമ്പോള്‍ സാഹിത്യം ആസ്വദിക്കാനുള്ള മാനസികാവസ്ഥ ആര്‍ക്കെങ്കിലും ഉണ്ടാകുമോ? അങ്ങനെ ഉണ്ടായാല്‍ അതെന്താണ് തെളിയിക്കുന്നത്. അവര്‍ക്കെല്ലാം മനസ്സിനു കരുത്തുള്ളവരാണ്. കരുത്തവര്‍ തീയില്‍ മുളച്ചവരാണ്. അവര്‍ വെയിലേറ്റ് വാടില്ല.' മണ്ടേലയുടെ വാക്കുകളെ നീണ്ട കരഘോഷത്തോടെ വിദ്യാര്‍ത്ഥികള്‍ സ്വീകരിച്ചു. ലണ്ടനിലെ യാഥാസ്ഥിതിക നേതാക്കള്‍ പോലും ആ വാക്കുകള്‍ ആസ്വദിച്ചു. 

'സാധാരണക്കാരായ തടവുകാരില്‍ പോലും ഷേക്‌സ്പിയര്‍ നാടകങ്ങളിലെ സംഭാഷണങ്ങള്‍ വൈകാരിക അനുഭൂതി സൃഷ്ടിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. പലതും ആകാംക്ഷയോടെ അത് ശ്രദ്ധിച്ചു മനസ്സിലാക്കി.'

വിദ്യാര്‍ത്ഥികളോട് മണ്ടേല തുടര്‍ന്നു പറഞ്ഞു: 'ഇംഗ്ലീഷ് കവിതകളും കൂടി വായിക്കണം. ഷെല്ലിയും കീറ്റ്‌സും വോഡ്‌സ്‌വര്‍ത്തും ബൈറനും ടെനിസണും മറ്റും. സാഹിത്യ ആസ്വാദനം മനസ്സിന് കൂടുതല്‍ കാഴ്ചപ്പാടുകള്‍ നല്‍കും.'

1964ലേക്ക് കൂടി അദ്ദേഹം വിദ്യാര്‍ത്ഥികളുടെ ശ്രദ്ധ ക്ഷണിച്ചു. അന്ന് ഷേക്‌സ്പിയറുടെ 400ാം ജന്മവാര്‍ഷികമായിരുന്നു. ലോകമെങ്ങും ആഘോഷങ്ങള്‍ നടന്നു. 'പക്ഷേ, ഞങ്ങളെല്ലാം അന്ന് ജയിലിലായിരുന്നു.'

ദക്ഷിണാഫ്രിക്ക ബ്രിട്ടീഷ് കോളനിയായിരുന്നതിനാല്‍ സ്‌കൂള്‍ കോളേജ് തലത്തില്‍ ഇംഗ്ലീഷ് പഠിപ്പിച്ചിരുന്നു. ആഫ്രിക്കയിലെ സ്വാഹിലി ഭാഷയിലേക്ക് ഷേക്‌സ്പിയര്‍ നാടകങ്ങളായ 'ജൂലിയസ് സീസറും' 'മര്‍ച്ചന്റ് ഓഫ് വെനീസും' പരിഭാഷപ്പെടുത്തിയിരുന്നു. ടാന്‍സാനിയയില്‍ പ്രസിഡന്റും പ്രധാനമന്ത്രിയുമായിരുന്ന ജൂലിയസ് ന്യരേരയാണ് പരിഭാഷകന്‍. ബ്രിട്ടനിലെ തസിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ പഠിച്ച അപൂര്‍വ്വം ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികളില്‍ ഒരാളായിരുന്നു അദ്ദേഹം. കെമിസ്ട്രിയും ഫിസിക്‌സും ഇംഗ്ലീഷ് സാഹിത്യവും അദ്ദേഹം പഠിച്ചു. 1952ല്‍ പഠനം കഴിഞ്ഞ് ടാന്‍സാനിയയില്‍ തിരിച്ച് എത്തിയശേഷമാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. തിരക്കിട്ട രാഷ്ട്രീയ പ്രവര്‍ത്തനത്തിലും അദ്ദേഹം ഷേക്‌സ്പിയര്‍ പരിഭാഷയ്ക്ക് സമയം കണ്ടെത്തി. പ്രസ്തുത പരിഭാഷകളുടെ നിരവധി പതിപ്പുകള്‍ പ്രത്യക്ഷപ്പെട്ടു. അതിനു ശേഷമാണ് മറ്റ് നാടകങ്ങള്‍ ആഫ്രിക്കന്‍ യൂണിവേഴ്‌സിറ്റികളിലെ ഇംഗ്ലീഷ് അദ്ധ്യാപകന്‍ പരിഭാഷപ്പെടുത്തിയത്. ഇന്ന് മിക്ക യൂണിവേഴ്‌സിറ്റിയിലും ഇംഗ്ലീഷ് എം.എ കോഴ്‌സുകളും ഷേക്‌സ്പിയര്‍ പഠനസൗകര്യങ്ങളുമുണ്ട്. ഗാന്ധിയന്‍ ദര്‍ശനങ്ങളില്‍ അടിയുറച്ച് വിശ്വസിച്ച ജൂലിയസ് ന്യരേര ഇന്ത്യയുടെ ഉത്തമ സുഹൃത്തായിരുന്നു. അന്തര്‍ദ്ദേശീയ ധാരണയ്ക്കുള്ള നെഹ്‌റു പുരസ്‌കാരം അദ്ദേഹം നേടി. ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ സബര്‍മതി ആശ്രമത്തില്‍ താമസിച്ചു. 

ബ്രിട്ടീഷ് സാഹിത്യകാരനും നാടകകൃത്തുമായ മാത്യുഹാന്‍ ഷേക്‌സ്പിയര്‍ ബൈബിളില്‍ ആകൃഷ്ടനായി. 'റോബന്‍ ദ്വീപ് ബൈബിള്‍' എന്ന പേരില്‍ ഒരു നാടകം രചിച്ചു. അതിലെ നടന്മാര്‍ മണ്ടേല ഉള്‍പ്പെടെയുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അമേരിക്കയിലും ബ്രിട്ടണിലും ആഫ്രിക്കയിലും ഈ നാടകം പലതവണ പ്രദര്‍ശിപ്പിച്ചു. രചനയ്ക്ക് മുന്‍പ് മണ്ടേലയെ കാണാന്‍ ആഗ്രഹിച്ചുവെങ്കിലും അദ്ദേഹത്തിന്റെ തിരക്കിട്ട യാത്രാപരിപാടികള്‍ക്കിടയില്‍ അതിനു സമയം കിട്ടിയില്ലെന്ന് ഈ ലേഖകന്‍ ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു. എന്നാല്‍, ജയിലില്‍ കഴിഞ്ഞ അഹമ്മദ് കത്രാട ഉള്‍പ്പെടെ എട്ടുപേരെ നേരില്‍ കണ്ട് കൂടിക്കാഴ്ച നടത്തിയ ശേഷമാണ് നാടകം രചിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സോണി വെങ്കടരത്‌നവും അഹമ്മദ് കത്രാടയും തങ്ങളുടെ അനുഭവങ്ങള്‍ വിശദമായി പറഞ്ഞുതന്നതിന്റെ അടിസ്ഥാനത്തിലാണ് നാടകത്തിന്റെ രചന. 

ജയില്‍ശിക്ഷ ദുരന്തമാകവെ, നാടകം ആസ്വദിക്കാന്‍ തടവുകാര്‍ക്ക് എങ്ങനെ കഴിഞ്ഞുവെന്ന് അദ്ദേഹത്തോട് ചോദിച്ചു: 'തടവുകാര്‍ ധീരരായിരുന്നു. മനസ്സിന്റെ കരുത്താണ് അവരുടെ കനത്ത മുതല്‍ക്കൂട്ട്. അതുകൊണ്ട് നാടകം ആസ്വദിച്ചു. മാത്രമല്ല, അവരെല്ലാം മണ്ടേലയുടെ വ്യക്തിപ്രഭാവത്തില്‍ ആഴത്തില്‍ സ്വാധീനിക്കപ്പെട്ടവരായിരുന്നു. ജയിലില്‍ കഴിയുമ്പോള്‍ത്തന്നെ മണ്ടേല ഒരു ആഗോളപ്രതിഭാസമായി വളര്‍ന്നുകഴിഞ്ഞിരുന്നു' മാത്യു ഹാന്‍ പറഞ്ഞു. 

ജയില്‍ അങ്കണത്തില്‍ ചമയങ്ങള്‍ ഇല്ലാതെ ഗ്രീക്ക് നാടകം

1978 ക്രിസ്മസ് കാലത്ത് ജയില്‍ അങ്കണത്തില്‍ ഒരു നാടകം അവതരിപ്പിച്ചു. വിശ്വപ്രസിദ്ധനായ നാടകകൃത്ത് സോഫോക്ലിസിന്റെ 'ആന്റിഗണി' എന്ന നാടകമായിരുന്നു. ചമയങ്ങള്‍ ഒന്നുമില്ലാതെ ജയില്‍ അങ്കണത്തിലായിരുന്നു നാടകം. അതെക്കുറിച്ച് തന്റെ ആത്മകഥയില്‍ മണ്ടേല വിവരിക്കുന്നുണ്ട്. ജയിലില്‍വച്ചാണ് ആത്മകഥ അതീവ രഹസ്യമായി എഴുതിയത്. 1976ല്‍ മോചിതനായപ്പോള്‍ മാക് മഹാരാജ് കയ്യെഴുത്ത് പ്രതിയുടെ പ്രധാന ഭാഗങ്ങള്‍ പുറത്തേക്ക് കടത്തി. മണ്ടേല 1994ല്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ആയിരുന്നപ്പോഴാണ് ആത്മകഥ പ്രസിദ്ധീകരിച്ചത്. ലോകത്തിലെ 80 ഓളം ഭാഷകളില്‍ പരിഭാഷപ്പെടുത്തിയ ഈ ആത്മകഥയുടെ ഇംഗ്ലീഷ് പതിപ്പ് ഇന്നും വിറ്റഴിയുന്നു. അമേരിക്കയിലും ബ്രിട്ടനിലുമാണ് ഏറ്റവും കൂടുതല്‍ കോപ്പികള്‍ ചെലവായത്. 

ഗ്രീസിലെ തീബ്‌സിലെ രാജാവ് ക്രിയോണിന്റെ വേഷമിട്ടാണ് ജയില്‍ അങ്കണത്തില്‍ മണ്ടേല വേദിയില്‍ എത്തിയത്. ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അതിനെ വൃദ്ധനായ രാജാവ് നിര്‍ഭയമായി നേരിട്ടു. ക്രിയോണ്‍ രാജാവ് ജനക്ഷേമത്തിന് പ്രാമുഖ്യം നല്‍കി. ശത്രുക്കളെ നിര്‍ദ്ദാക്ഷിണ്യം നേരിട്ടിരുന്നു. നാടകം അവതരിപ്പിക്കാന്‍ ഒരാഴ്ചത്തെ റിഹേഴ്‌സല്‍ വേണ്ടിവന്നു. സംഭാഷണങ്ങള്‍ പലതവണ ആവര്‍ത്തിച്ച് ഹൃദിസ്ഥമാക്കി. അവതരണത്തില്‍ പോരായ്മ ഉണ്ടായിരുന്നുവെങ്കിലും കാണികള്‍ക്ക് ജയില്‍ അങ്കണത്തില്‍ അത് അവിസ്മരണീയ അനുഭവമായിരുന്നു. മറ്റു ചില ചെറുനാടകങ്ങള്‍ കൂടി ജയില്‍ അങ്കണത്തില്‍ അരങ്ങേറി. 

ഫോര്‍ട്ട് ഹെയര്‍ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ മണ്ടേല ഒരു നാടകത്തില്‍ അഭിനയിച്ചിരുന്നു. അന്ന് ജോണ്‍ വില്‍ക്ക്‌സ് ബൂത്തിന്റെ വേഷമിട്ടു. എബ്രഹാം ലിങ്കന്റെ കൊലപാതകിയായിരുന്നു ബൂത്ത്. വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ വായനയില്‍ കൂടുതല്‍ താല്പര്യമെടുത്തു. രാഷ്ട്രീയ പ്രവര്‍ത്തകനായപ്പോഴും വായനയില്‍ ശ്രദ്ധിച്ചു. 1960 മുതല്‍ ഒളിവില്‍ കഴിയേണ്ടിവന്നപ്പോഴും വായന പൂര്‍ണ്ണമായും നിലച്ചു. 1964ല്‍ തടവുകാരനായി എത്തി നീണ്ട പത്ത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് പത്രങ്ങള്‍ വായിക്കാന്‍ കിട്ടിയത്. അതും സെന്‍സര്‍ ചെയ്ത പത്രങ്ങള്‍.

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com