സ്വാതന്ത്ര്യ സമരത്തിനു ദിശാബോധം നല്‍കിയ ഋഷിവര്യന്‍

ബറോഡാ കോളേജില്‍ വൈസ് പ്രിന്‍സിപ്പലായിരിക്കെയാണ് അരബിന്ദോ സംസ്‌കൃതവും ഭാരതീയ ദര്‍ശനവും സാഹിത്യവുമെല്ലാം പഠിക്കുന്നത്
സ്വാതന്ത്ര്യ സമരത്തിനു ദിശാബോധം നല്‍കിയ ഋഷിവര്യന്‍

ഭാരതത്തിന്റെ 75-ാം സ്വാതന്ത്ര്യദിനമാണല്ലോ ഈ വര്‍ഷം വരുന്നത്. ഭാരതീയതയുടെ ഉള്‍ക്കാമ്പായ ആദ്ധ്യാത്മിക ചിന്തയെ ഭാരതത്തിന്റെ നവീനമായ രാഷ്ട്രീയ വീക്ഷണങ്ങളോടു സംയോജിപ്പിക്കുകയും സ്വാതന്ത്ര്യസമരത്തിനു ദിശാബോധം നല്‍കുകയും ചെയ്ത ഒരു ഋഷിവര്യന്റെ ജയന്തി കൂടിയാണ് ആ സുദിനം. ഈ വര്‍ഷം ആഗസ്ത് 15-ന് മഹര്‍ഷി അരബിന്ദോ ജനിച്ചിട്ട് 150 വര്‍ഷങ്ങള്‍ തികയുകയാണ്. മഹര്‍ഷി അരബിന്ദോയ്ക്കു തുല്യം ധിഷണാശാലിയും ബഹുമുഖ പ്രതിഭയുമായിരുന്ന വേറൊരാള്‍ ഭാരതത്തിന്റെ സ്വാതന്ത്ര്യസമര നേതാക്കള്‍ക്കിടയിലുണ്ടായിരുന്നോ എന്നു സംശയമാണ്. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന സന്ന്യാസി എന്നതിനു പുറമേ അതിപ്രഗത്ഭനായ ദാര്‍ശനികനും യോഗിവര്യനും ചരിത്രകാരനും കലാവിമര്‍ശകനും സംസ്‌കൃത പണ്ഡിതനും ദേശീയവാദിയുമായിരുന്നു അദ്ദേഹം. 1872-ല്‍ കല്‍ക്കത്തയിലെ സമ്പന്ന കുടുംബങ്ങളിലൊന്നില്‍ ഒരു ഭിഷഗ്വരന്റെ മകനായി ജനിച്ച്, ഇംഗ്ലണ്ടില്‍ പഠനം പൂര്‍ത്തിയാക്കി, പല ഭാഷകള്‍ സ്വായത്തമാക്കിയ അരബിന്ദോ, സിവില്‍ സര്‍വ്വീസ് പരീക്ഷ ഭാഗികമായി ജയിച്ചെങ്കിലും അവസാന പരീക്ഷയ്ക്കു ഹാജരാവാതെ ഭാരതത്തില്‍ തിരിച്ചെത്തുകയും ബറോഡാ മഹാരാജാവിനു കീഴില്‍ ഉദ്യോഗത്തില്‍ പ്രവേശിക്കുകയുമായിരുന്നു ഉണ്ടായത്.

ബറോഡാ കോളേജില്‍ വൈസ് പ്രിന്‍സിപ്പലായിരിക്കെയാണ് അരബിന്ദോ സംസ്‌കൃതവും ഭാരതീയ ദര്‍ശനവും സാഹിത്യവുമെല്ലാം പഠിക്കുന്നത്. യോഗവിദ്യയും ധ്യാനസമ്പ്രദായങ്ങളും അഭ്യസിച്ച അദ്ദേഹം ഇക്കാലത്തു തന്നെയാണ് രാഷ്ട്രീയ പ്രവര്‍ത്തനവുമാരംഭിച്ചത്. ഉദ്യോഗത്തിലിരുന്നുകൊണ്ട് അരബിന്ദോ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായി പങ്കുകൊണ്ടു. ബാലഗംഗാധര തിലകനേയും ബിപിന്‍ ചന്ദ്രപാലിനേയും പോലുള്ള നേതാക്കളുമായി ബന്ധം സ്ഥാപിച്ച അദ്ദേഹം ആദ്യകാലത്തുതന്നെ തീവ്രമായ സമരമുറകളിലാണ് ആകൃഷ്ടനായത്. 

ഇക്കാലത്താണ് ബിപിന്‍ ചന്ദ്ര പാലിനോടൊത്ത് 'ബന്ദേ മാതരം' എന്ന പത്രം അരബിന്ദോ ആരംഭിക്കുന്നത്. ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ 'വന്ദേ മാതരം' എന്ന കവിത അതിനു മുന്‍പുതന്നെ ടാഗോറുള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ പാടുകയും സ്വാതന്ത്ര്യസമര മുന്നേറ്റങ്ങളില്‍ ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, ഭാരതമൊട്ടാകെ ആ ഗാനത്തെ പ്രചരിപ്പിക്കുന്നതിനു ചാലകശക്തിയായി നിന്നത് 'ബന്ദേ മാതരം' എന്ന പേരില്‍ വന്ന പത്രം തന്നെയായിരിക്കണം. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഭാരതത്തിലെ വിദ്യാസമ്പന്നര്‍ക്കിടയിലും ഉപരിവര്‍ഗ്ഗത്തിനിടയിലും ബന്ദേ മാതരം വലിയ പ്രചാരം നേടി. ദേശീയതാബോധം ഊട്ടിയുറപ്പിക്കുന്നതിലും ഭാരതീയതയുടെ ജ്വാല തീക്ഷ്ണമാക്കുന്നതിലും ബന്ദേ മാതരം ചെയ്തതു നിസ്തുലമായ സേവനമാണ്. ഇതുവരെ ഇന്ത്യന്‍ മാദ്ധ്യമരംഗത്തു കണ്ടിട്ടില്ലാത്ത വിധത്തില്‍ മൂര്‍ച്ചയുള്ളതാണ് ബന്ദേ മാതരത്തിന്റെ ശൈലിയെന്നും തീവ്ര ദേശീയതാബോധം വളര്‍ത്തുന്ന പത്രമാണതെന്നും ബ്രിട്ടനിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ വിലയിരുത്തി. സ്വദേശി പ്രസ്ഥാനത്തിനും നിസ്സഹകരണ പ്രസ്ഥാനത്തിനുമെല്ലാം വലിയ പ്രചരണവും ഭാരതീയര്‍ക്കിടയില്‍ അടിത്തറയുമുണ്ടാക്കിയത് ബന്ദേ മാതരമാണ്. അക്കാലത്ത് ഭാരതത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന മറ്റു പത്രങ്ങളുടെ ശൈലിയും ബന്ദേ മാതരം തിരുത്തി. മിക്കവാറും പത്രങ്ങള്‍ക്കെല്ലാം ദേശീയതാബോധം തങ്ങളുടെ ശൈലിയില്‍ ഉള്‍ച്ചേര്‍ക്കേണ്ടതായിത്തീര്‍ന്നു.

സുധീർ ഘോഷ്
സുധീർ ഘോഷ്

ബന്ദേ മാതരത്തിനെതിരെ ബ്രിട്ടീഷ് ഭരണകൂടം കേസെടുക്കുന്നതിലൂടെയാണ് അരബിന്ദോയുടെ പേര് ആദ്യമായി ദേശീയതലത്തിലും അന്താരാഷ്ട്രതലത്തിലും വലിയ തോതില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇതോടെ അരബിന്ദോയെ അറസ്റ്റ് ചെയ്യുക എന്നത് ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ലക്ഷ്യമായിത്തീര്‍ന്നു. പത്രത്തിനെതിരെയുള്ള നീക്കങ്ങള്‍ വിജയം കണ്ടില്ലെങ്കിലും അതു പത്രത്തെ സാമ്പത്തികമായി തളര്‍ത്തി.

കോണ്‍ഗ്രസ്സില്‍ അന്നുണ്ടായിരുന്ന വിപ്ലവചിന്താഗതി പുലര്‍ത്തുന്നവരോടൊത്ത് രഹസ്യമായ ചില കൂട്ടായ്മകളുണ്ടാക്കിയ അരബിന്ദോയെ ബ്രിട്ടീഷ് ഭരണകൂടം 1908-ല്‍ അറസ്റ്റ് ചെയ്തു. മജിസ്ട്രേട്ടിനെ വധിക്കാന്‍ പദ്ധതിയിട്ടുവെന്ന കേസിലായിരുന്നു അറസ്റ്റ്. ഈ അറസ്റ്റ് പത്രത്തിന്റെ സാമ്പത്തികാവസ്ഥ കൂടുതല്‍ മോശമാക്കി. ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ ആധാരശിലകളിലൊന്നായിത്തീര്‍ന്ന പത്രം ഒടുവില്‍ അടച്ചുപൂട്ടേണ്ടിവന്നു. 

പശ്ചിമബംഗാളില്‍, അലിപൂരിലെ തടവറയ്ക്കുള്ളില്‍ കഴിയവേയാണ്, അരബിന്ദോയുടെ ആദ്ധ്യാത്മിക ജീവിതത്തില്‍ വലിയൊരു മാറ്റമുണ്ടാവുന്നത്. തടവറയിലല്ല, വാസുദേവനിലാണ് താന്‍ എന്നു തിരിച്ചറിഞ്ഞ നിമിഷമായിരുന്നു ഈ വഴിത്തിരിവ് എന്ന് അരബിന്ദോ പിന്നീടു പറഞ്ഞു. കുറ്റവാളികളായ തടവുകാരില്‍ - കൊള്ളക്കാരിലും കൊലപാതകികളിലും വരെ - വാസുദേവ ചൈതന്യം കുടികൊള്ളുന്നുവെന്നും ജയില്‍വളപ്പിലെ മരങ്ങളില്‍ മുതല്‍ ചുമരുകളില്‍ വരെ ഈശ്വരചൈതന്യം നിരന്തരം തുടിച്ചുകൊണ്ടിരിക്കുന്നുവെന്നും അദ്ദേഹമറിയുകയും അനുഭവിക്കുകയും ചെയ്തു. ഈ തിരിച്ചറിവ് വൈയക്തികവും ആദ്ധ്യാത്മികവുമായിരുന്നപ്പോഴും അതിനു സമഷ്ടിപരവും രാഷ്ട്രീയവുമായ മാനങ്ങളുണ്ടായിരുന്നു. അവിടെവെച്ചുണ്ടായ തിരിച്ചറിവുകളെക്കുറിച്ചു പരാമര്‍ശിക്കവേ മഹര്‍ഷി പിന്നീടൊരിക്കല്‍ പറഞ്ഞു:

''എന്താണ് ഹിന്ദുമതത്തിന്റെ അര്‍ത്ഥമെന്നു ഞാന്‍ തിരിച്ചറിഞ്ഞു. ഹിന്ദുമതത്തെ സംബന്ധിച്ചും സനാതന ധര്‍മ്മത്തെക്കുറിച്ചും നാം ഒരുപാടു സംസാരിക്കാറുണ്ടെങ്കിലും എന്താണ് ആ മതമെന്നത് മിക്കവാറും പേര്‍ക്ക് അറിയില്ല. മറ്റു മതങ്ങള്‍ കൂടുതലും വിശ്വാസത്തിന്റേയും വിശ്വാസ പ്രഖ്യാപനത്തിന്റേയും മതങ്ങളാണെങ്കില്‍ സനാതന ധര്‍മ്മമെന്നതു ജീവന്‍ തന്നെയാണ്. വിശ്വസിക്കേണ്ട മതമല്ല, ജീവിക്കേണ്ട മതമാണത്. ഭാരതമാകുന്ന ഉപദ്വീപിന്റെ ഏകാകിതയില്‍, മനുഷ്യരാശിയുടെ തന്നെ മോക്ഷത്തിനുവേണ്ടി പരിപോഷിപ്പിക്കപ്പെട്ട ധര്‍മ്മമാണത്. ഈ മതത്തെ നല്‍കാന്‍ വേണ്ടിയാണ് ഭാരതം ഉണരുന്നത്. മറ്റു രാഷ്ട്രങ്ങളെപ്പോലെ സ്വാര്‍ത്ഥലാഭത്തിനായോ ശക്തി പ്രാപിച്ചതിനുശേഷം ദുര്‍ബ്ബലരെ ചവിട്ടിയരയ്ക്കാന്‍ വേണ്ടിയോ അല്ല ഭാരതം കരുത്താര്‍ജ്ജിക്കുന്നത്. തന്നില്‍ നിക്ഷിപ്തമായ നിതാന്തദീപ്തിയെ ലോകത്തിനു മേല്‍ പൊഴിക്കാനാണ് ഭാരതം ഉദിക്കുന്നത്. ഭാരതം എക്കാലത്തും നിലനിന്നിട്ടുള്ളത് ഭാരതത്തിനു വേണ്ടിയല്ല, മനുഷ്യരാശിക്കു വേണ്ടിയാണ്. ഭാരതം ഇനി മഹിമയാര്‍ജ്ജിക്കാനിരിക്കുന്നതും ഭാരതത്തിനു വേണ്ടിയല്ല, മനുഷ്യരാശിക്കുവേണ്ടിയാണ്.'' 

ഹൈന്ദവധര്‍മ്മത്തെ രാഷ്ട്രനിര്‍മ്മാണവുമായും രാഷ്ട്രീയവുമായും ഇഴചേര്‍ത്തു വെച്ചുകൊണ്ട് ഭാരതത്തിന്റേയും സനാതന ധര്‍മ്മത്തിന്റേയും ദീപ്തി മനുഷ്യന്റെ വിമോചനത്തിനു സഹായകമാവുന്നതിനെക്കുറിച്ച് ആദ്യമായി സംസാരിച്ചത് അരബിന്ദോ തന്നെയായിരിക്കണം.
കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞ്, ഭാരതത്തിലെ മതബോധത്തെ ക്രിയാത്മകമായി ഉപയോഗിച്ചുകൊണ്ടാണ് മഹാത്മാഗാന്ധി നമ്മുടെ സ്വാതന്ത്ര്യസമരത്തെ നയിക്കുന്നതും സ്വാതന്ത്ര്യസമരത്തിന്റെ മുഖമായി മാറുന്നതും. 

രാഷ്ട്രീയമായ സ്വാശ്രയത്വത്തെ, സ്വാതന്ത്ര്യത്തെ മഹാത്മാഗാന്ധി നിര്‍വ്വചിച്ചത് 'രാമരാജ്യം' എന്ന സങ്കല്പത്തിലൂടെയായിരുന്നു എന്നതു പ്രസിദ്ധമാണല്ലോ. അതു 'ദൈവരാജ്യം' എന്ന ക്രൈസ്തവ സങ്കല്പത്തിനു തുല്യമായിരിക്കുമെന്നും ഗാന്ധിജി എഴുതുന്നുണ്ട്. നമ്മള്‍ മതാത്മകതയിലേക്കു തിരിച്ചുനടക്കുകയാണ് വേണ്ടതെന്നും ആധുനികതയുടെ രാക്ഷസീയമായ ഭാരത്തെ ഒരു സംസ്‌കാരമെന്ന നിലയ്ക്കു ചെറുക്കാന്‍ ഭാരതീയര്‍ മതാത്മകമായ ധാര്‍മ്മികതയെ സ്വീകരിക്കുകയാണ് വേണ്ടതെന്നും ഗാന്ധിജി കരുതി.

ഭാരതത്തിന്റെ സ്വാതന്ത്ര്യസമര മുന്നേറ്റത്തില്‍ മഹാത്മാഗാന്ധിക്കു മുന്‍പും വളരെ പ്രത്യക്ഷമായിത്തന്നെ ഹൈന്ദവബോധത്തിന്റെ പ്രകാശരേണുക്കള്‍ കാണാം. പക്ഷേ, പ്രാദേശികമായ പ്രകാശനങ്ങള്‍ക്കപ്പുറം അതിനു സൈദ്ധാന്തികമായ ദൃഢത കൈവരുന്നത്, ഹിന്ദുമതപദ്ധതിയുടെ അഗാധതയെ രാഷ്ട്രീയമായി വ്യാഖ്യാനിച്ചുകൊണ്ട് അങ്ങനെയുള്ള ഹൈന്ദവബോധത്തിനു സൈദ്ധാന്തികമായ ദൃഢത വരുത്തുന്നത്, അരബിന്ദോ മഹര്‍ഷിയാണ്. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അരബിന്ദോ മഹര്‍ഷി പാകപ്പെടുത്തിയ മണ്ണിനെയാണ് മഹാത്മാഗാന്ധി ഉപയോഗപ്പെടുത്തുന്നത്.

മഹാത്മാഗാന്ധിയുടെ ശിഷ്യനും ഇംഗ്ലണ്ടില്‍, കേംബ്രിജ് സര്‍വ്വകലാശാലയില്‍ പഠിച്ച് ബ്രിട്ടീഷ് ഭരണകൂടത്തോടും രാഷ്ട്രീയ പ്രവര്‍ത്തകരോടും അടുപ്പം സമ്പാദിക്കുകയും ചെയ്തയാളായിരുന്നു ബംഗാളിയായിരുന്ന സുധീര്‍ ഘോഷ്. വിവരശേഖരണത്തിനും ബ്രിട്ടീഷ് ഭരണകൂടവുമായി ഗാന്ധിജി നടത്തിയ പല കൂടിയാലോചനകള്‍ക്കും ഗാന്ധിജി ഘോഷിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. സ്വാതന്ത്ര്യലബ്ധിക്കു ശേഷം വളരെക്കഴിഞ്ഞ് ഘോഷ് തന്റെ അനുഭവങ്ങള്‍ എഴുതുകയും ചെയ്തിട്ടുണ്ട്.

മഹർഷി അരബിന്ദോ
മഹർഷി അരബിന്ദോ

ഘോഷ് മഹാത്മാഗാന്ധിയെ വിലയിരുത്തുന്നത് ശ്രീബുദ്ധനു ശേഷം ഭാരതത്തില്‍ ജനിച്ചു ജീവിച്ച ആത്മീയ ഗുരുവായിട്ടാണ്. കൗതുകകരമായ കാര്യം, അങ്ങനെയെഴുതുമ്പോഴേക്ക് അരബിന്ദോ മഹര്‍ഷിയുടെ അനുയായിയായി ഘോഷ് മാറിയിരുന്നു എന്നതാണ്. ഗാന്ധിജിയില്‍നിന്ന് അരബിന്ദോ മഹര്‍ഷിയിലേക്ക് എത്തിച്ചേരുക എന്നതു സ്വാഭാവികമായ പരിണാമമായാണ് ഘോഷ് കരുതിയത്. ഭാരതത്തിന്റെ ആന്തരികവും ആത്മീയവുമായ ശ്രേഷ്ഠതയെ ബാഹ്യജീവിതത്തില്‍ പ്രകാശിപ്പിക്കാനുള്ള നിരന്തരമായ സമരം, അതിന്റെ യുക്തിപരമായ സമാപനത്തിലെത്തിച്ചേരുന്നത് അരബിന്ദോയിലാണെന്നാണ് ഘോഷിന്റെ നിരീക്ഷണം. 

ദക്ഷിണാഫ്രിക്കയില്‍നിന്നു ഗാന്ധിജി വന്നിറങ്ങുന്നത് അരബിന്ദോ ഒരുക്കിയ മണ്ണിലേക്കാണ് എന്നു പറഞ്ഞല്ലോ. അതോടൊപ്പം മറ്റൊന്നുകൂടി അടിവരയിട്ടു പറയേണ്ടതുണ്ട്. തങ്ങളുടെ രാഷ്ട്രീയ വീക്ഷണങ്ങളിലും പ്രത്യയശാസ്ത്രത്തിലും ഹൈന്ദവതയെ പിന്‍പറ്റി എന്നതു മാറ്റിനിര്‍ത്തിയാല്‍ ഇവരിരുവരും പിന്‍പറ്റിയ ദര്‍ശനങ്ങള്‍ അങ്ങേയറ്റം വ്യത്യസ്തമായിരുന്നു എന്നതാണ് സത്യം. (ഒരു ധ്രുവത്തില്‍നിന്ന് ഇനിയൊരു ധ്രുവത്തിലേക്ക് എന്നതുപോലെ വ്യത്യസ്തമാണ് ഇവരിരുവരുടേയും ഹിന്ദുദര്‍ശന വ്യാഖ്യാനം എന്നതാണ് ഗാന്ധിജിയില്‍നിന്ന് അരബിന്ദോയിലേക്കുള്ള സുധീര്‍ ഘോഷിന്റെ യാത്രയെ പ്രസക്തമാക്കുന്നത്).

കല്‍ക്കത്താ ജയിലില്‍നിന്നു പുറത്തെത്തിയ അരബിന്ദോ പോണ്ടിച്ചേരിയില്‍ സ്വകാര്യമായ തപസ്സിലും മനനത്തിലും യോഗചര്യകളിലുമേര്‍പ്പെട്ടു. 1950-ല്‍ സമാധിസ്ഥനാവുന്നതുവരെയും മഹര്‍ഷി പോണ്ടിച്ചേരിയിലായിരുന്നു കഴിഞ്ഞത്. 

ഒരു യോഗിയുടെ സഹജമായ അന്തര്‍മുഖത്വം സമാധിസ്ഥനാവുന്നതുവരെയും മഹര്‍ഷിക്കുണ്ടായിരുന്നു. സദാ ഗൗരവമാര്‍ന്ന മുഖം, പ്രസിദ്ധനായ ഒരു ഇംഗ്ലീഷ് പത്രപ്രവര്‍ത്തകനെക്കൊണ്ട് ''ഭാരതത്തിലെ ഏറ്റവും അപകടകാരിയായ മനുഷ്യനാണ് പുഞ്ചിരിക്കാത്ത മുഖമുള്ള അരബിന്ദോ'' എന്നു പറയിച്ചിട്ടുണ്ടത്രേ! ഈ അന്തര്‍മുഖത്വത്തിനു പിന്നില്‍ ജ്വലിച്ചുനില്‍ക്കുന്ന ചേതനയെ ലോകത്തിനു മനസ്സിലാക്കാന്‍ പ്രയാസമാണ്. അതുകൊണ്ടു മഹര്‍ഷിയുടെ ഏതു ജീവചരിത്രവും അപൂര്‍ണ്ണമായിരിക്കുകയും ചെയ്യും. ഇക്കാര്യം മഹര്‍ഷി തന്നെ തിരിച്ചറിയുകയും തുറന്നെഴുതുകയും ചെയ്തിട്ടുണ്ട്. മനുഷ്യര്‍ക്കു കാണാവുന്ന പ്രതലത്തിലല്ല തന്റെ ജീവിതം എന്നത് മഹര്‍ഷി പലപ്പോഴായി ആവര്‍ത്തിച്ചിട്ടുള്ള പ്രസ്താവനയാണ്.

ആശ്രമത്തില്‍, ഏകാന്തവും സ്വച്ഛവും അന്തര്‍മുഖത്വമാര്‍ന്നതുമായ ജീവിതം നയിച്ചുവരുമ്പോഴും മഹര്‍ഷി ആഗോള രാഷ്ട്രീയത്തേയും ഭാരതത്തിന്റെ രാഷ്ട്രീയ ഗതിവിഗതികളേയും അതിസൂക്ഷ്മമായി പഠിച്ചു; പ്രവചനാത്മകമായ നിരീക്ഷണങ്ങളും സന്ദേശങ്ങളും എഴുതി. ഗാന്ധിജിയുള്‍പ്പെടെയുള്ള നേതാക്കളെ തന്റെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിച്ചുകൊണ്ട് സ്വാതന്ത്ര്യ സമര മുന്നേറ്റത്തില്‍ തന്റേതായ രീതിയില്‍ ഇടപെടലുകള്‍ നടത്തി. ഭാരതം സ്വതന്ത്രമായ 1947 ആഗസ്റ്റില്‍ മഹര്‍ഷി എഴുതിയത് ഇതൊരു പുതിയ കാലഘട്ടത്തിന്റെ തുടക്കമാണെന്നാണ്. തന്റെ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ മഹര്‍ഷി വരാനിരിക്കുന്ന കാലത്തേയും സ്വതന്ത്രഭാരതത്തിന്റെ ഭാവിയേയും സംബന്ധിച്ച് തനിക്കുള്ള വീക്ഷണങ്ങള്‍ - സ്വപ്നങ്ങള്‍ - പങ്കുവെച്ചു. പ്രധാനമായും അഞ്ചു സ്വപ്നങ്ങളായിരുന്നു മഹര്‍ഷിയുടെ സന്ദേശത്തിലുണ്ടായിരുന്നത്.

ഇവയില്‍ ആദ്യത്തേത് സ്വതന്ത്രവും ഏകീകൃതവുമായ ഭാരതത്തെ സൃഷ്ടിക്കാനുതകുന്ന ഒരു വിപ്ലവ മുന്നേറ്റമായിരുന്നു. സ്വതന്ത്രമായപ്പോഴും ഭാരതം ഏകീകൃതമായിരുന്നില്ലല്ലോ. എന്നാല്‍, പാകിസ്താന്‍/ഇന്ത്യാവിഭജനം താല്‍ക്കാലികമാണെന്നും യുദ്ധമില്ലാതെ തന്നെ വിഭജനം പുനഃപരിശോധിക്കപ്പെടുമെന്നും ഹിന്ദു-മുസ്ലിം മൈത്രിയോടെ ഭാരതം ശക്തമായിത്തീരുമെന്നതു തന്റെ സ്വപ്നമാണെന്നും മഹര്‍ഷി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ എഴുതി. മഹര്‍ഷിയുടെ രണ്ടാമത്തെ സ്വപ്നം ഏഷ്യന്‍ ജനതയുടെ പുനരുത്ഥാനവും വിമോചനവുമായിരുന്നു. ഇത് ഏറെക്കുറെ പൂര്‍ത്തീകരിക്കപ്പെട്ടതായിട്ടാണ് മഹര്‍ഷി തന്നെ വിലയിരുത്തുന്നത്. ഭാരതത്തിന് ഇതിലേക്ക് ഒരുപാട് ഊര്‍ജ്ജം സംഭാവന ചെയ്യാനാവുമെന്നും അദ്ദേഹം കരുതി.

ജോൺ എഫ് കെന്നഡി
ജോൺ എഫ് കെന്നഡി

സത്യസന്ധവും പ്രകാശവത്തും ശ്രേഷ്ഠവുമായ രീതിയില്‍ മനുഷ്യജീവിതത്തെ ഉയര്‍ത്താന്‍ മാനവരാശിയെ മുഴുവന്‍ പ്രാപ്തമാക്കുന്ന മട്ടില്‍ ഒരു അന്താരാഷ്ട്രക്കൂട്ടായ്മയും മഹര്‍ഷി സ്വപ്നം കണ്ടു. ഇങ്ങനെയൊരു കൂട്ടായ്മ ഉരുവം കൊള്ളുന്ന കാലമാവുമ്പോഴേക്ക് ദേശീയത അതിന്റെ ധര്‍മ്മം നിര്‍വ്വഹിക്കുകയും സമരോത്സുകമായ അതിന്റെ സ്വഭാവം മാറുകയും ചെയ്യുമെന്നാണ് അദ്ദേഹം കരുതിയത്. ഒരു പുതിയ ഏകത്വം മനുഷ്യരാശിയില്‍ വന്നുചേരുമെന്നും ഈ വിചാരത്തിലേക്കും ധര്‍മ്മത്തിലേക്കും ലോകത്തിനെ കൈപിടിച്ചു നടത്തേണ്ടത് ഭാരതമാണെന്നും അദ്ദേഹം കരുതി. ഭാരതത്തിന്റെ ആദ്ധ്യാത്മികത ലോകത്തിനു മുഴുവന്‍ വെളിച്ചം പകരുന്ന കാലമായിരുന്നു മഹര്‍ഷിയുടെ മറ്റൊരു സ്വപ്നം. പാശ്ചാത്യലോകം ഭാരതത്തിന്റെ ആദ്ധ്യാത്മിക പാരമ്പര്യത്തെ ശ്രദ്ധയോടെ മനസ്സിലാക്കിത്തുടങ്ങുന്ന കാലത്തായിരുന്നു മഹര്‍ഷി ഇതെഴുതിയത്. ഈ ശ്രദ്ധ വളരുമെന്നും ഭാരതത്തിന്റെ ആദ്ധ്യാത്മിക പാരമ്പര്യം ലോകം മുഴുവനും പകര്‍ത്തുമെന്നും അദ്ദേഹം കരുതി.

മനുഷ്യരാശിയുടെ ബോധം ഉന്നതമായ തലങ്ങളിലേക്കു പരിണമിച്ചെത്തുന്നതിനെ കുറിച്ചായിരുന്നു മഹര്‍ഷിയുടെ അവസാനത്തെ സ്വപ്നം. പൂര്‍ണ്ണവും കളങ്കമറ്റതുമായ ഒരു മനുഷ്യനും സമൂഹവും ഈ ബോധത്തിന്റെ പൂര്‍ത്തിയില്‍ ഉണ്ടായിത്തീരുമെന്നായിരുന്നു മഹര്‍ഷിയുടെ നിരീക്ഷണം. ഇവിടെയും പ്രാഥമികവും പ്രധാനവുമായ സംഭാവനകള്‍ ഭാരതത്തില്‍ നിന്നായിരിക്കുമെന്നാണ് അദ്ദേഹം കരുതിയിരുന്നത്. മനുഷ്യബോധത്തിന്റെ പരിണാമം അദ്ദേഹത്തിന്റെ സുപ്രധാനമായ ആശയങ്ങളിലൊന്നാണ്. ഇന്നത്തെ മനുഷ്യന്‍ അപൂര്‍ണ്ണനാണെന്നും ഇനിയും നമ്മുടെ ബോധം പരിണമിച്ച് സമൂഹത്തേയും വ്യക്തിയേയും പൂര്‍ണ്ണമാക്കിത്തീര്‍ക്കുമെന്നും മനുഷ്യരാശി അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുടെ മൂലകാരണം ബോധത്തിന്റെ പരിണാമത്തോടെ ഇല്ലാതാവുമെന്നും അദ്ദേഹം കരുതി. അരബിന്ദോയുടെ ദര്‍ശനങ്ങളെ പഠിക്കുന്നവര്‍ ആ ദര്‍ശനപദ്ധതിയുടെ കാമ്പായിക്കാണുന്ന വീക്ഷണങ്ങളിലൊന്നാണിത്. 

ഭാരതത്തിന്റേയും ലോകത്തിന്റേയും ഭാവിയെക്കുറിച്ച്, കമ്യൂണിസ്റ്റ് ചൈനയുടെ സാമ്രാജ്യത്വ താല്പര്യങ്ങളെക്കുറിച്ച്, ഭാരതത്തിന്റെ ശക്തിയേയും ദൗര്‍ബ്ബല്യത്തേയും കുറിച്ച്, ഇങ്ങനെ അനവധി വിഷയങ്ങളില്‍ അരബിന്ദോ മഹര്‍ഷി നടത്തിയിട്ടുള്ള നിരീക്ഷണങ്ങള്‍ക്ക്, ഇന്നു പിന്തിരിഞ്ഞു നോക്കുമ്പോള്‍ പ്രവചന സ്വഭാവമുണ്ടായിരുന്നുവെന്നതു കാണാം. ചൈനയുടെ കടന്നാക്രമണങ്ങളെക്കുറിച്ചും അയല്‍ രാജ്യങ്ങള്‍ക്കു ശല്യമാവുന്ന വിധത്തില്‍ അവര്‍ ഭാവിയില്‍ നടത്തിയേക്കാവുന്ന അതിര്‍ത്തിയിലെ നീക്കങ്ങളെക്കുറിച്ചും വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ അരബിന്ദോ കൃത്യമായി നിരീക്ഷിച്ചിരുന്നു. നിസ്സംഗനായ സന്ന്യാസിയായി ദക്ഷിണ ഭാരതത്തിലെ ആശ്രമത്തിലിരുന്നുകൊണ്ട് ലോകരാഷ്ട്രീയത്തെ നിരീക്ഷിക്കുകയും ആ നിരീക്ഷണങ്ങളുടെ മാത്രം പുറത്ത് കൃത്യവും സുവ്യക്തവുമായി ലോകരാഷ്ട്രങ്ങളുടെ ഭാവി നിലപാടുകളും ഗതിവിഗതികളും പ്രവചിക്കുകയും ചെയ്ത മഹര്‍ഷിയായിരുന്നു അരബിന്ദോ.

മാവോ
മാവോ

ഗാന്ധിജിയുടെ ശിഷ്യനായിരുന്ന സുധീര്‍ ഘോഷ്, പിന്നീട് പാര്‍ലമെന്റ് അംഗമാവുകയും ജവഹര്‍ലാല്‍ നെഹ്റുവിനു കീഴില്‍ ഭാരതത്തിന്റെ വൈദേശിക നയങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ സുപ്രധാന പങ്കു വഹിക്കുകയും ചെയ്തിരുന്നു. 1963-ല്‍ ഘോഷ് അമേരിക്ക സന്ദര്‍ശിക്കുകയും അവിടെയുള്ള സെനറ്റര്‍മാരുമായും പിന്നീട് അന്നത്തെ പ്രസിഡന്റായിരുന്ന ജോണ്‍ എഫ്. കെന്നഡിയുമായും ദീര്‍ഘമായ സംഭാഷണത്തിലേര്‍പ്പെടുകയും ചെയ്തിരുന്നു. ചൈനയെക്കുറിച്ച് അരബിന്ദോ മഹര്‍ഷി നടത്തിയ നിരീക്ഷണങ്ങള്‍ സംഭാഷണത്തിനിടെ കെന്നഡിയെ ഘോഷ് ധരിപ്പിച്ചു. കമ്യൂണിസ്റ്റ് സഖ്യത്തോട് ഭാരതം ചേര്‍ന്നുനില്‍ക്കാന്‍ വേണ്ടിയാണ് ടിബറ്റന്‍ പ്രദേശത്തോട് മാവോ താല്പര്യം കാണിക്കുന്നതെന്നും ഈ ആവശ്യത്തിനു കീഴ്പെടുന്നത് ഭാരതത്തിനു നല്ലതായിരിക്കില്ലെന്നും ഒരു ദശകം മുന്‍പുതന്നെ മഹര്‍ഷി അഭിപ്രായപ്പെട്ടിരുന്നു. അമേരിക്കയുമായി സഖ്യത്തിലേര്‍പ്പെടുകയും ചൈനയുടെ പദ്ധതിയെ തുറന്നെതിര്‍ക്കുകയും വേണമെന്നായിരുന്നു മഹര്‍ഷി അഭിപ്രായപ്പെട്ടത്. ധ്യാനവും യോഗയും ചിന്തയുമായി ആശ്രമത്തിനുള്ളില്‍ ഒതുങ്ങിക്കഴിഞ്ഞിരുന്ന ഒരു ഭാരതീയന്‍ ചൈനയുടെ പദ്ധതികളെ കൃത്യതയോടെ ഒരു ദശകത്തിനു മുന്‍പ് മുന്‍കൂട്ടി കണ്ടുവെന്നത് കെന്നഡിയെ അത്യധികം അതിശയിപ്പിച്ചുവെന്നാണ് ഘോഷ് എഴുതുന്നത്.

ഗാന്ധിജിയുടെ ഹിന്ദുമത വ്യാഖ്യാനം മഹര്‍ഷിയുടേതില്‍നിന്നു വ്യത്യസ്തമാണെന്നു പറഞ്ഞിരുന്നല്ലോ. ഇക്കാര്യം പ്രകടമാവുന്നത് മഹര്‍ഷിയുടെ ദീര്‍ഘദര്‍ശിത്വത്തെ അടുത്തറിയുമ്പോഴാണ്. രാഷ്ട്രീയത്തില്‍ കാല്പനികമായ ഭാവനകളെ പുറത്തു നിര്‍ത്തിക്കൊണ്ടും പ്രായോഗികതയ്ക്കു പ്രാധാന്യം കൊടുത്തുകൊണ്ടുമാണ് ഹൈന്ദവദര്‍ശനത്തെ മഹര്‍ഷി വ്യാഖ്യാനിച്ചത്. ഗാന്ധിജിയാവട്ടെ, രാഷ്ട്രീയമായി, ഭാവനാത്മകമായും കാല്പനികമായുമാണ് ഹൈന്ദവദര്‍ശനത്തെ വ്യാഖ്യാനിച്ചത്.

ജനങ്ങളെ സമരോന്മുഖരാക്കുന്ന മട്ടിലായിരുന്നു മഹര്‍ഷി മതബോധത്തെ രാഷ്ട്രീയമായി വ്യാഖ്യാനിച്ചത്. സ്വാതന്ത്ര്യസമരത്തെ നയിക്കുന്നതു നേതാക്കളല്ലെന്നും ഈശ്വരന്‍ തന്നെയാണെന്നും മഹര്‍ഷി പറഞ്ഞിരുന്നു. ഈശ്വരനിശ്ചിതമാണ് നേതാക്കളുടെ കാരാഗൃഹവാസം. 1909-ല്‍, ബംഗാളിലെ ഝാലോകടിയില്‍ വെച്ചു നടത്തിയ ഒരു പ്രഭാഷണത്തിനിടെ മഹര്‍ഷി പറഞ്ഞു: 

''കൃഷ്ണകുമാര്‍ മിത്രയെ നമുക്കിടയില്‍നിന്നു കൊണ്ടുപോയതും അദ്ദേഹം തടവറയില്‍ കിടക്കുന്നതും വെറുതെയാവില്ല. മഹാരാഷ്ട്ര മുഴുവനായും മാണ്ഡലൈയില്‍ തിലകിനുവേണ്ടി തപിക്കുന്നതും വെറുതെയാവില്ല. ഈശ്വരനാണ്, മറ്റാരുമല്ല അവരെ കൊണ്ടുപോയത്; ഈശ്വരന്‍ ജ്ഞാനിയാണെന്നതിനാല്‍ അവന്റെ വഴികള്‍ നമ്മുടേതില്‍നിന്നു വ്യത്യസ്തമാണ്. നമുക്കെന്താണാവശ്യമെന്ന് നമ്മെക്കാള്‍ നന്നായി ഈശ്വരനറിയാം. ബാരിസാലില്‍നിന്ന് അവന്‍ അശ്വിനി കുമാര്‍ ദത്തിനെ കൊണ്ടുപോയി. അതുകൊണ്ടു പ്രക്ഷോഭം ഇല്ലാതായോ? സ്വദേശി പ്രസ്ഥാനം മരിച്ചുപോയോ? ഈ രാജ്യത്തിന്റെ ഭരണകര്‍ത്താക്കള്‍, അവരുടെ ദരിദ്രമായ ജ്ഞാനം കാരണം, കരുതുന്നത് ചിലരുടെ ശിരച്ഛേദനത്തിലൂടെ പ്രക്ഷോഭത്തെ ഇല്ലാതാക്കാമെന്നാണ്. അവര്‍ക്കറിയാത്ത വസ്തുത, അശ്വിനികുമാര്‍ ദത്ത് മഹാത്മാവാണെങ്കിലും അദ്ദേഹമല്ല ഈ പ്രക്ഷോഭത്തിന്റെ നേതാവ് എന്നതാണ്. (ബാലഗംഗാധര) തിലക് മഹാത്മാവാണെങ്കിലും അദ്ദേഹവുമല്ല നേതാവ് - ഈശ്വരനാണ് നമ്മുടെ നേതാവ്.''

മഹര്‍ഷിയെ സംബന്ധിച്ച് അഹിംസ പ്രധാനമായിരുന്നുവെങ്കിലും ആവശ്യമെങ്കില്‍ ഒരു രാജ്യം സ്വാതന്ത്ര്യം നേടുന്നതിനായി സായുധസമരത്തിലേര്‍പ്പെടുന്നതില്‍ അപാകതയൊന്നും അദ്ദേഹത്തിനു തോന്നിയിരുന്നില്ല. ഭഗവദ്ഗീതയെ സംബന്ധിച്ചും ധര്‍മ്മയുദ്ധത്തെ സംബന്ധിച്ചും മഹര്‍ഷി എഴുതുമ്പോള്‍ ഇക്കാര്യം വ്യക്തമാവുന്നുണ്ട്. ഈ പ്രകാരങ്ങളില്‍ നോക്കുമ്പോള്‍ ഗാന്ധിജിയുടെ വിരുദ്ധ ധ്രുവത്തിലായിരുന്നു മഹര്‍ഷി. അപ്പോഴും ഗാന്ധിജിയെക്കുറിച്ച് മഹര്‍ഷിക്ക് ഏറെ മതിപ്പുണ്ടായിരുന്നു. ഗുജറാത്തില്‍നിന്നു വരുന്ന നേതാക്കളെക്കുറിച്ച് മഹര്‍ഷി എഴുതി: ''ഗുജറാത്ത് രജപുത്ര പരമ്പരയില്‍പ്പെടുന്നതാണ്. ഘസ്നിയിലെ മഹ്മൂദുമായി യുദ്ധം ചെയ്ത രാജാക്കന്മാരാണ് രജപുത്രന്മാര്‍. ഗുജറാത്തിലെ ജനങ്ങള്‍ രാഷ്ട്രനിര്‍മ്മാണത്തിന് അമൂല്യവും അനുപേക്ഷണീയവുമായ ശക്തിയാണ്.'' ഗാന്ധിജിയെക്കുറിച്ചു മാത്രമല്ല, പിന്നീടു ഭാരതം കണ്ട പല നേതാക്കളെക്കുറിച്ചും ഈ നിരീക്ഷണം കൃത്യമാണ്.

മഹര്‍ഷിയുടെ നിരീക്ഷണങ്ങള്‍ക്കും ഉള്‍ക്കാഴ്ചകള്‍ക്കും അതിശയിപ്പിക്കുന്ന വിധത്തില്‍ പ്രവചനാത്മകതയുണ്ടായിരുന്നു എന്നത് ആ പദ്ധതിയുടെ ഗരിമയെത്തന്നെയാണു കാണിക്കുന്നത്. ഇന്നും ആ നിരീക്ഷണങ്ങളും സ്വപ്നങ്ങളും പ്രസക്തമാണ്. ആറോ ഏഴോ ദശകങ്ങള്‍ക്കപ്പുറത്തേക്ക് പ്രവചനാത്മകമായ നിരീക്ഷണങ്ങള്‍ നടത്താന്‍ മഹര്‍ഷിക്കു കഴിഞ്ഞുവെങ്കില്‍ അങ്ങനെയുള്ള നിരീക്ഷണങ്ങള്‍ക്ക് അദ്ദേഹത്തെ പ്രാപ്തമാക്കിയ ദര്‍ശനപദ്ധതി, അഥവാ അങ്ങനെയൊരു വ്യാഖ്യാനം, എക്കാലത്തും പ്രസക്തമായിരിക്കുക തന്നെ ചെയ്യും.

മിറാ അൽഫാസ
മിറാ അൽഫാസ

1950-ലാണ് മഹര്‍ഷി ദിവംഗതനാവുന്നത്. ദേഹം വെടിയുന്നതിനു മുന്‍പുതന്നെ മഹര്‍ഷിയുടെ അനുയായി, ശ്രീമാതാ എന്നും മദര്‍ എന്നും അറിയപ്പെട്ടിരുന്ന മിറാ അല്‍ഫാസ, അരവിന്ദ ദര്‍ശനത്തിന്റെ കാമ്പ് മനസ്സിലാക്കുകയും മഹര്‍ഷിയോടു താദാത്മ്യം പ്രാപിക്കുകയും ചെയ്തിരുന്നു. പാരീസിലെ ഒരു ജൂതകുടുംബത്തില്‍ ജനിച്ചുവളര്‍ന്ന അവര്‍, ഭാരതത്തിലെത്തി മഹര്‍ഷിയെ കണ്ടതിനുശേഷം ഭാരതീയതയെ സര്‍വ്വാത്മനാ സ്വീകരിക്കുകയായിരുന്നു. ഭാരതത്തിന്റെ ചരിത്രത്തേയും ആത്മാവിനേയും അഗാധമായി മനസ്സിലാക്കിയ അവര്‍, സംസ്‌കൃതം ഭാരതത്തിന്റെ രാഷ്ട്രഭാഷയായിരിക്കേണ്ടതാണെന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ തുറന്നെഴുതിയിരുന്നു. മഹര്‍ഷിയുടെ അന്തര്‍മുഖത്വത്തിനു മറുവശമായിരുന്നു മദറിന്റേത്. അവര്‍ മഹര്‍ഷിയുടെ വക്താവായി, മഹര്‍ഷിയെ ബാഹ്യലോകവുമായി കൂടുതല്‍ അടുപ്പിച്ചു. മഹര്‍ഷിയുടെ സമാധിക്കുശേഷം ആശ്രമത്തേയും മഹര്‍ഷിയുടെ ദര്‍ശനത്തേയും കാത്തു; അതു മറ്റൊരു മതപദ്ധതിയായി ചുരുങ്ങി വീണുപോവാതിരിക്കാന്‍ ശ്രദ്ധിച്ചു. മഹര്‍ഷിയുടെ സമാധിക്കു ശേഷം ആ കര്‍മ്മപദ്ധതിയുടെ ഊര്‍ജ്ജം നിലനിന്നത് മദറിലൂടെയായിരുന്നു.

മഹര്‍ഷിയുടെ ദര്‍ശനങ്ങളും ആദ്ധ്യാത്മിക കൃതികളും ആശ്രമവും ഇന്നും സജീവമാണെന്നതു നമുക്കറിയുന്ന വസ്തുതയാണ്. വിദേശികളും ഭാരതീയരും മഹര്‍ഷിയുടെ അഗാധമായ ചേതസ്സിനെ അറിയാനും ആദ്ധ്യാത്മികാനുഭവങ്ങള്‍ക്കായും അവിടെയെത്തുന്നു. അദ്ദേഹത്തിന്റെ ഗംഭീരവും സുന്ദരവുമായ കവിതകള്‍, ആദ്ധ്യാത്മിക കൃതികള്‍, ഇതെല്ലാമാസ്വദിക്കുന്നു. ഭാരതത്തിലെ ശ്രേഷ്ഠമായ ഋഷിപരമ്പരയുടെ ഇങ്ങേയറ്റത്തെ കണ്ണികളിലൊന്നാണ് മഹര്‍ഷി അരബിന്ദോ. ഭാരതം നിലനില്‍ക്കുന്നിടത്തോളം കാലം ആ ആദ്ധ്യാത്മികപ്രഭയും നിലനില്‍ക്കും. എന്നാല്‍, മഹര്‍ഷിയുടെ രാഷ്ട്രീയദര്‍ശനങ്ങള്‍ സജീവമാക്കി നിലനിര്‍ത്തേണ്ടത് ഭാരതീയരെല്ലാം ചേര്‍ന്നാണ്. ദേശീയത അതിന്റെ സമരോത്സുകമായ ഭാവം കൈവെടിയുമെന്നും ലോകം ഏകത്വത്തിലേക്ക് ചെന്നെത്തുകയും ചെയ്യുമെന്നായിരുന്നല്ലോ മഹര്‍ഷിയുടെ സ്വപ്നങ്ങളിലൊന്ന്. ആദ്ധ്യാത്മികമായ തലത്തില്‍നിന്നു വേറിട്ട്, രാഷ്ട്രീയമായ കാമ്പാണ് ആ സ്വപ്നത്തിനുള്ളത്. അതു യാഥാര്‍ത്ഥ്യമാവുന്ന കാലം വരെയും മഹര്‍ഷിയുടെ രാഷ്ട്രീയദര്‍ശനങ്ങളും നിരീക്ഷണങ്ങളും ഉള്‍ക്കാഴ്ചയും നമ്മള്‍ നിരന്തരം നമ്മെത്തന്നെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കണം.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com