'പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ടതില്‍ ഒരു പരിഭവവും സംസാരത്തില്‍ പ്രകടിപ്പിക്കാന്‍ ബര്‍ലിന്‍ തയ്യാറായിരുന്നില്ല'

ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ പഴയകാല സ്മരണകള്‍ ഒന്നൊഴിയാതെ അയവിറക്കാന്‍ കഴിയുന്ന വ്യക്തിത്വമായിരുന്നു ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടേത്
'പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ടതില്‍ ഒരു പരിഭവവും സംസാരത്തില്‍ പ്രകടിപ്പിക്കാന്‍ ബര്‍ലിന്‍ തയ്യാറായിരുന്നില്ല'

'ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം' എന്നത് ടി.വി. ചന്ദ്രന്‍ സംവിധാനം ചെയ്ത ഒരു സിനിമയുടെ പേര് മാത്രമല്ല. കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ ഊടുംപാവും നെയ്തുകൊണ്ടേയിരിക്കുന്നവര്‍ ചരിത്രത്തില്‍ നാം പിന്നിട്ട നാളിന്റെ മിടിപ്പ് ഏതര്‍ത്ഥത്തിലും ഹൃദിസ്ഥമാക്കിത്തന്നെയാണ് ദിനരാത്രങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നത്. തറിയുടേയും തിരയുടേയും ശബ്ദഘോഷത്തിനിടയിലാണ് കണ്ണൂരിലെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ മുളപൊട്ടി വളര്‍ന്നുവന്നത്. 

നെയ്ത്ത് തൊഴിലാളി കേന്ദ്രമായ കണ്ണൂര്‍ ജില്ലയിലെ നാറാത്ത് കോളാങ്കട അനന്തന്‍ നായരുടേയും ശ്രീദേവിയമ്മയുടേയും മകനായി 1926 നവംബര്‍ 26ന് കുഞ്ഞനന്തന്‍ പിറന്നുവീഴുമ്പോള്‍, അത് ഇന്ത്യന്‍ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ കുതിപ്പിനും കിതപ്പിനും ഒപ്പം ചരിത്രഗാഥകള്‍ ഏറ്റുപറയാനാവുന്ന മഹത് വ്യക്തിത്വ പരിഗണനയില്‍പ്പെടുന്ന ആളാവുമെന്ന് കരുതാനേ ഇടയില്ല. പക്ഷേ, ഇ.കെ. നായനാര്‍ പ്രസിഡന്റായ ബാലസംഘത്തിന്റെ സെക്രട്ടറിയായി പന്ത്രണ്ടാമത്തെ വയസ്സില്‍ ചുമതല ഏല്‍ക്കാനിടയായ കുഞ്ഞനന്തന്‍ നായരില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിനായുള്ള സുദീര്‍ഘകാലം നീണ്ടുകിടക്കുന്നുണ്ടായിരുന്നു. ഇ.എം.എസ്, പി. കൃഷ്ണപിള്ള, എ.കെ.ജി തുടങ്ങിയവരോടൊപ്പം ബാല്യദശ പിന്നിടും മുന്‍പുതന്നെ കര്‍മ്മനിരതനാവാന്‍ കഴിഞ്ഞതും ഇംഗ്ലീഷ് ഭാഷയിലുള്ള അതുല്യമായ കഴിവും ദേശീയ, സാര്‍വ്വദേശീയ രംഗങ്ങളിലേക്ക് കുഞ്ഞനന്തന്‍ നായരുടെ പ്രവര്‍ത്തനമേഖല വിപുലമാക്കുന്നതിന് ഇടയായിട്ടുണ്ട്. 

തൊണ്ണൂറ്റി ഏഴാമത്തെ വയസ്സില്‍ ലോകത്തോട് വിടപറയുമ്പോള്‍ അതിനടുത്ത ഏതാനും ദിവസങ്ങള്‍ക്കു മുന്‍പുവരെയും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ പഴയകാല സ്മരണകള്‍ ഒന്നൊഴിയാതെ അയവിറക്കാന്‍ കഴിയുന്ന വ്യക്തിത്വമായിരുന്നു ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടേത്. 1943 മെയ് 25 മുതല്‍ ജൂണ്‍ ഒന്നുവരെ ബോംബെയിലെ കാങ്കാര്‍ മൈതാനിയില്‍ നടന്ന ആദ്യ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പതിനെട്ടുകാരനായ കുഞ്ഞനന്തന്‍ നായര്‍ക്ക് പങ്കെടുക്കാന്‍ അവസരം ഉണ്ടായിരുന്നു. ഈ സമ്മേളനത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയും ആയിരുന്നു ബര്‍ലിന്‍. കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.ഐ(എം) നോടൊപ്പം അണിനിരന്ന ബര്‍ലിന്‍, ബ്ലിറ്റ്‌സ് വാരികയുടെ യൂറോപ്യന്‍ ലേഖകനായും പ്രവര്‍ത്തിക്കുകയുണ്ടായി. ബര്‍ലിന്‍ കേന്ദ്രീകരിച്ചുള്ള ഈ പ്രവര്‍ത്തനത്തോടെയാണ് അദ്ദേഹത്തിന്റെ പേരിനൊപ്പം 'ബര്‍ലിന്‍' എന്നു ചേര്‍ത്തുവെയ്ക്കാനിടയായത്. ന്യൂ ഏജ്, ദേശാഭിമാനി, ജനയുഗം, നവയുഗം തുടങ്ങിയ പത്രങ്ങളില്‍ തുടര്‍ച്ചയായി എഴുതാനും അദ്ദേഹം തയ്യാറായിരുന്നു.

അടുത്ത് പ്രസിദ്ധീകരിക്കാനിരിക്കുന്ന 'സുഹാസിനിസര്‍ഗ്ഗാത്മക രാഷ്ട്രീയം' എന്ന പുസ്തകത്തിന്റെ തയ്യാറെടുപ്പ് സംബന്ധിച്ച കാര്യങ്ങള്‍ സവിസ്തരം ചര്‍ച്ച ചെയ്യാനാണ് കഴിഞ്ഞ ആറ് മാസത്തിനിടയില്‍ മൂന്ന് തവണ വീട്ടില്‍ ചെന്ന് അദ്ദേഹത്തെ കണ്ടത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ വനിതാമെമ്പര്‍ ആയിരുന്ന സുഹാസിനിയുമായും ഭര്‍ത്താവ് എ.സി.എന്‍. നമ്പ്യാരുമായും അടുത്ത സൗഹൃദം ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ക്ക് ഉണ്ടായിരുന്നു. കുട്ടിക്കാലത്തെ രാഷ്ട്രീയ പ്രവര്‍ത്തനം തൊണ്ണൂറ് പിന്നിട്ട ഒരാള്‍ക്ക് എങ്ങനെ ഓര്‍ത്തെടുക്കാന്‍ സാധിക്കും എന്ന ആശങ്ക സ്വാഭാവികമാണ്. എന്നാല്‍, ഈ ആശങ്കകളെ പൂര്‍ണ്ണമായും അസ്ഥാനത്താക്കുക മാത്രമല്ല, കുട്ടിക്കാലം മുതലുള്ള കണ്ടും കേട്ടും വളര്‍ന്ന കമ്യൂണിസ്റ്റ് രാഷ്ട്രീയത്തെ നാള്‍വഴി തെറ്റാതെ തൊണ്ണൂറ്റി അഞ്ചിലെത്തിയ ഒരാള്‍ക്ക് എങ്ങനെ പറഞ്ഞുതരാനാവും എന്ന ആശങ്ക തന്നെയാണ് അസ്ഥാനത്തായത്. 

ബോംബെയില്‍ നടന്ന ഒന്നാം കോണ്‍ഗ്രസ്സില്‍ കൃഷ്ണപിള്ളയുടെ സഹായത്തോടെ പങ്കെടുത്തതും അതില്‍ ഇ.എം.എസും കൃഷ്ണപിള്ളയും പി. നാരായണന്‍ നമ്പ്യാരും സി. ഉണ്ണിരാജയും പി.കെ. ബാലനും കെ.കെ. വാര്യരും പങ്കെടുക്കണമെന്ന് തീരുമാനിച്ചതും ബര്‍ലിന്‍ ഇന്നലെയെന്നപോലെ ഓര്‍ത്തെടുത്തിരുന്നു. ഒന്നാം കോണ്‍ഗ്രസ്സില്‍ കെ.കെ. വാര്യര്‍ക്ക് വരാന്‍ സാധിക്കാതെ വന്നതിനാല്‍ സി. അച്ച്യുതമേനോന് അവസരം കിട്ടിയതും ബര്‍ലിന്‍ സൂചിപ്പിക്കുകയുണ്ടായി. ഇരുന്നൂറ്റി മുപ്പതോളം പേര്‍ ആ സന്ദര്‍ഭത്തില്‍ ജയിലിലായിരുന്നു എന്നും ഇക്കൂട്ടത്തില്‍ കെ.പി. ഗോപാലനും കെ. ദാമോദരനും ഉള്‍പ്പെടുന്നു എന്നും ബര്‍ലിന്‍ ഓര്‍ത്തു. 

ബര്‍ലിന്‍ നടത്തിയ ഇടപെടലുകള്‍

1924ല്‍ ആയിരുന്നു ലെനിന്‍ മരണപ്പെടുന്നത്. സ്റ്റാലിനും ട്രോട്‌സ്‌കിയും തുല്യ അംഗീകാരം ഉള്ളവരായിരുന്നു എന്ന ലെനിന്റെ അഭിപ്രായവും ബര്‍ലിന്‍ സൂചിപ്പിച്ചു. ഈ സമയത്ത് ട്രോട്‌സ്‌കിയെ വധിക്കുമെന്ന് കരുതി അദ്ദേഹം മെക്‌സിക്കോവിലേക്ക് പോവുകയുണ്ടായി എന്നു ബര്‍ലിന്‍ കൂട്ടിച്ചേര്‍ത്തു. അവിടെ നാലാം ഇന്റര്‍നാഷണല്‍ രൂപീകരിച്ചു. അവിടെനിന്നും ചില രേഖകളൊക്കെ തയ്യാറാക്കാന്‍ വേണ്ടി സ്റ്റാലിന്‍ അയച്ച ഒരു ഏജന്റ്, തന്റെ പാന്റിനുള്ളില്‍ കരുതിയ കൈമഴുകൊണ്ട് ഒറ്റവെട്ടിന് ട്രോട്‌സ്‌കിയെ വകവരുത്തുകയായിരുന്നു. 

സുഹാസിനിയുടെ സഹോദരനായ ഹരീന്ദ്രനാഥ് കല്യാണം കഴിച്ചിരുന്ന കമലാദേവിയെ മംഗലാപുരത്ത് ചെന്ന് ഇ.എം.എസ്സിനൊപ്പം ചെന്നു കണ്ട ഓര്‍മ്മയും ബര്‍ലിന്‍ പങ്കുവെച്ചു. ഏറെ മിടുക്കിയായ പ്രതിഭാശാലിയായിരുന്നു കമലാദേവി ചതോപാധ്യായ. അന്നാണ് മംഗലാപുരത്ത് ഇ.എം.എസ് മലയാളത്തില്‍ പ്രസംഗിച്ചത്. 

എ.സി.എന്‍ നമ്പ്യാരെ കുറിച്ച് വാപ്പാല ബാലചന്ദ്രന്‍ എഴുതിയ പുസ്തകത്തില്‍ മാധ്യമ പ്രവര്‍ത്തനരംഗത്തും രാഷ്ട്രീയരംഗത്തും ബര്‍ലിന്‍ നടത്തിയ ഇടപെടലുകളെ സ്മരിക്കുന്നുണ്ട് (A Life In Shadow : The Secret Story of ACN Nambiar). പിന്നിട്ട ഒരുകാലത്തിന്റെ ചരിത്രം പുതുതലമുറയ്ക്ക് പകര്‍ന്നുനല്‍കുക എന്നത് ഏറ്റവും പ്രധാനപ്പെട്ടതാണ്. ഇത് എണ്‍പത്തിയഞ്ചുവര്‍ഷം മുന്‍പ് തുടങ്ങിയുള്ള തന്റെ ജീവിതത്തിനൊപ്പം അനുഭവിച്ച കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ ലോകചരിത്രം ഒന്നൊഴിയാതെ ഓര്‍ത്തെടുത്തു പറയാന്‍ കഴിയുന്ന ആളുകളെ അധികം കണ്ടെത്താനാവില്ല. സി.പി.ഐ.(എം)ന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സന്ദര്‍ഭത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം പാര്‍ട്ടിയില്‍നിന്നും പുറത്താക്കപ്പെട്ടതില്‍ ഒരു പരിഭവവും സംസാരത്തില്‍ പ്രകടിപ്പിക്കാന്‍ ബര്‍ലിന്‍ തയ്യാറായിരുന്നില്ല. പിന്നീട് പാര്‍ട്ടി അംഗത്വത്തിലേക്ക് തിരികെ എത്തുവാന്‍ ബര്‍ലിനു സാധിച്ചിരുന്നു.

കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ഒന്നാകെ വേട്ടയാടിക്കൊണ്ടിരിക്കുമ്പോള്‍ ദേശീയ നേതാക്കന്മാര്‍ക്ക് സുരക്ഷിതമായ ഒളിവിടം ഒരുക്കുന്നതിനും അവിടെ എത്തിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ മലബാറില്‍ ബര്‍ലിന്‍ ആയിരുന്നു നിര്‍വ്വഹിച്ചത്. ഇങ്ങനെ ഒരുപാട് പേര്‍ ഒളിവില്‍ കഴിയുന്ന കമ്യൂണിസ്റ്റുകാരുടെ സഹായികളായി പ്രവര്‍ത്തിക്കാനുണ്ടായിരുന്നു. ഈ സന്ദര്‍ഭങ്ങളില്‍ ഒളിവില്‍ കഴിയുന്ന നേതാക്കന്മാര്‍ കൃത്രിമമായ പേരിലാണ് പലപ്പോഴും പരിസരങ്ങളില്‍ അറിയപ്പെട്ടിരുന്നത്. രാജേശ്വര റാവു റാം എന്ന പേരിലും ഇ.എം.എസ് ദിവാകരന്‍ എന്ന പേരിലും സുഹാസിനി ചതോപാധ്യായ മുസ്‌ലിം പേരിലും ആയിരുന്നു അറിയപ്പെട്ടിരുന്നത് എന്ന് ബര്‍ലിന്‍ സൂചിപ്പിക്കുകയുണ്ടായി. മഹാനായ ലെനിന്റെ പേര് ഒളിവിലെ പേരായിരുന്നു ലെനിന്‍ എന്നത്. ഉല്ല്യാനോവ് എന്നതായിരുന്നു യഥാര്‍ത്ഥ പേര് എന്ന് ബര്‍ലിന്‍ ഓര്‍ത്തുപറഞ്ഞു.

സരോജിനി നായിഡുവിന്റെ ഇളയ സഹോദരിയായ സുഹാസിനിയെ വിവാഹം ചെയ്തിരുന്ന എ.സി.എന്‍ നമ്പ്യാര്‍ തലശ്ശേരിക്കടുത്ത് പൊന്ന്യത്ത് വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരുടെ മകനായിരുന്നു. ഹ്രസ്വകാലത്തെ വൈവാഹിക ജീവിതശേഷം വേര്‍പിരിഞ്ഞ സുഹാസിനി മുംബൈയിലെ ആര്‍.എം. ജംബേക്കറെ വിവാഹം കഴിച്ച വിവരങ്ങളൊക്കെ ഇന്നലെ അനുഭവിച്ചറിഞ്ഞ ഏതോ കാര്യം പോലെയാണ് ബര്‍ലിന്‍ ഓര്‍ത്തെടുത്തത്. 

പിന്നിട്ട നാളിന്റെ ചരിത്രം, വിശേഷിച്ച് സ്വാതന്ത്ര്യസമരകാലത്തെ കമ്യൂണിസ്റ്റ് ആഭിമുഖ്യമുള്ളവര്‍ വഹിച്ച പങ്ക് പാടെ നിരാകരിച്ചുകൊണ്ടിരിക്കുന്ന കാലത്ത് ബര്‍ലിന്‍ എണ്ണിയെണ്ണി പറഞ്ഞുകൊണ്ടിരുന്ന ചരിത്രം സ്വാതന്ത്ര്യസമരത്തിലും തുടര്‍ന്നും രാജ്യത്തിനായി കമ്യൂണിസ്റ്റുകാര്‍ വഹിച്ച പങ്ക് തന്നെയാണ്. ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുത്തവരില്‍ ജീവിച്ചിരിക്കുന്ന ഏക വ്യക്തി ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ് നടന്ന കണ്ണൂരില്‍നിന്നും പന്ത്രണ്ട് മൈലുകള്‍ക്ക് അകലെ മാത്രമായി പിന്നിട്ട സകല പാര്‍ട്ടി കോണ്‍ഗ്രസ്സുകളുടേയും ഓര്‍മ്മ അയവിറക്കിയാണ് കഴിഞ്ഞുപോന്നത്. കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസ് സമയത്ത് സന്ദര്‍ശിച്ചപ്പോഴും ഒന്നാം കോണ്‍ഗ്രസ്സിന്റെ ചൂടും ചൂരും കെടാതെ മുഖത്ത് നിഴലിക്കുന്നുണ്ടായിരുന്നു.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com