അഞ്ചരമണിക്ക്, പുതപ്പല്ല മുണ്ട് തന്നെയാണ് ഉടുത്തതെന്ന് ലൈറ്റിട്ട് ഉറപ്പ് വരുത്തി ഞാനെണീക്കുന്നു. പത്രക്കാരന്റെ ബൈക്കിന്റെ ശബ്ദമാണ് എന്റെ അലാറം. ഏത് കയ്യാണയാളെ വൈന്റ് ചെയ്തതെന്നോ എന്നാണ് ഈ അലാറം സെറ്റ് ചെയ്തതെന്നോ അറിയില്ല. പങ്ച്വാലിറ്റിയുടെ അച്ഛനാണയാള്‍, എന്റേയല്ല എന്ന് അയാള്‍ക്ക് കൊവിഡ് വന്നപ്പോള്‍ ഒരു ദിവസം എട്ടിനും അടുത്ത ദിവസം ഒന്‍പതിനും വന്ന അയാളുടെ മകന്‍ എന്നോട് പറഞ്ഞു. നിങ്ങക്കെപ്പം എണീറ്റാലെന്താ ഞാനില്ലേ ഇവിടെ നരകിക്കാന്‍ എന്ന് ഭാര്യയും കിട്ടിയ സന്ദര്‍ഭമുപയോഗിച്ചു. അലസതയും ഉത്തരവാദിത്വമില്ലായ്മയും വ്യക്തിപരമായി തന്നോടുള്ള അവഗണനയും ആണ് എന്റെയീ മതിവരാത്ത ഉറക്കം എന്ന് ആ ദിവസങ്ങളില്‍ അവള്‍ കണ്ടു പിടിച്ചു. പക്ഷികളേയോ ശലഭങ്ങളേയോ പോലെ അപ്പപ്പോഴാണ് അവളും.
പത്രത്തില്‍ ഞാനാദ്യം നോക്കുക സ്‌പോര്‍ട്‌സ് പേജാണ്. ഹിന്ദുവിലെ സ്‌പോര്‍ട്‌സ് പേജാണ് വിശദമായി വായിക്കുക. അവര്‍ക്ക് കളിയെഴുതാനറിയുന്ന ലേഖകരുണ്ട്. വിരാട് കോഹ്‌ലി ആണെന്റെ ഹീറോ. അയാളിപ്പോള്‍ ഒരു ഫോര്‍മാറ്റിലും നായകനല്ലെങ്കിലും ഗ്രൗണ്ടിലയാളുണ്ടെങ്കില്‍ അയാള്‍ തന്നെയാവും എല്ലാ ഫോര്‍മാറ്റിലേയും നായകന്‍. ക്രിക്കറ്റിന്റെ നാനാവതാരങ്ങളില്‍ മാത്രമല്ല, ഹോക്കിയിലും വോളിബോളിലും കബഡിയിലും ബാസ്‌കറ്റു ബോളിലും എല്ലാം അയാളെ നോണ്‍ പ്ലേയിങ് ക്യാപ്റ്റനായി നിശ്ചയിക്കണമെന്നും എനിക്കും അനുഷ്‌ക്കക്കുമുണ്ട്. ഇത്ര ഊര്‍ജ്ജസ്വലനായ മറ്റൊരാളെ എനിക്കറിയില്ല. അയാള്‍ തിളങ്ങിയ ദിവസങ്ങളില്‍ ഞാനെഴുതിയതൊക്കെ പരിശോധിച്ചാല്‍ അയാള്‍ എന്നില്‍ ചെലുത്തിയ പ്രഭാവം മനസ്സിലാവും. സച്ചിന്‍ സെഞ്ച്വറിയടിച്ച ദിവസങ്ങള്‍, നിസ്സാര റണ്ണുകളില്‍ പുറത്തായ ദിവസങ്ങള്‍ ഒക്കെ എന്റെ മുന്‍കാലത്തെ പ്രസംഗങ്ങളുടെ ഗ്രാഫില്‍ ഉയര്‍ച്ചതാഴ്ചകളുടെ രൂപത്തില്‍ അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇന്ന് നല്ല ഫോമിലാണല്ലോ എന്നു പറയുന്നതിലെ ഫോം തന്നെയാണ് ഏതോ വിതാനത്തില്‍ കവിതയിലെ ഫോമും. പ്രചോദിതനായി ബാറ്റേന്തിനില്‍ക്കുന്ന സച്ചിനെപ്പോലെയാവണം, എഴുതുന്ന, പ്രസംഗിക്കുന്ന, ക്ലാസ്സെടുക്കുന്ന ഞാന്‍ എന്ന് സച്ചിന്‍ വിരമിക്കുന്നതുവരെ ഞാന്‍ ആഗ്രഹിച്ചു. ബാറ്റിലെ നാലേകാലിഞ്ചിന്റെ വിസ്തൃതി നാഷണല്‍ ഹൈവേയുടെ വീതിയാര്‍ജ്ജിക്കും പ്രചോദിത ദിവസങ്ങളില്‍. ഒഴിവാക്കപ്പെടുന്ന പന്തുകള്‍പോലും നൊടിനേരത്തിനകം അപഗ്രഥിക്കപ്പെട്ടാണ്, സച്ചിന്റെ കയ്യൊപ്പ് വാങ്ങിയിട്ടാണ് പിന്‍വാങ്ങിയത്. ഇന്‍വോള്‍വ്‌മെന്റില്‍, ഏകാഗ്രതയില്‍, ക്ഷമയില്‍, ഭാവനയില്‍, ജാഗ്രതയില്‍ ഒക്കെ എനിക്ക് മികച്ച കളിക്കാര്‍ പ്രചോദനം. കളിക്കാരും അവരുടെ ബന്ധുക്കളും മരിച്ചാല്‍ മരണവിവരം സ്‌പോര്‍ട്‌സ് പേജിലാണ് വരിക എന്നത് ജീവിതം ഒരു ഗെയിമാണ് എന്ന് കരുതുന്ന എന്നെ കോരിത്തരിപ്പിച്ചിട്ടുണ്ട്.
പത്രത്തലക്കെട്ടുകള്‍ മറിച്ചുനോക്കിയതേ ഉള്ളൂ, പ്രഭാതത്തിലാദ്യം ശ്രദ്ധാപൂര്‍വ്വം വായിക്കുക ജോണ്‍ മിന്‍ ഫോഡിന്റെ തായോ തെ ചിങ്ങ് ആണ്. ലാ ഓട്‌സ് സെയുടെ കൃതിയുടെ കിട്ടാവുന്നതിലേറ്റവും മികച്ച പരിഭാഷയും വ്യാഖ്യാനങ്ങളുമുണ്ടിതില്‍. തത്ത ചീട്ടെടുക്കുമ്പോലെ ഏതെങ്കിലുമൊരു പേജെടുത്ത്, അതേതദ്ധ്യായത്തിലേയോ ആ അദ്ധ്യായം തുടക്കം മുതല്‍ വായിക്കും.
A ruler
Nourished by the Tao
Never takes up arms
Does no violence
He accomplishes
Without boasting
Without bragging
Without pide.
തുടര്‍ന്നതിന്റെ കീഴെയുള്ള വ്യാഖ്യാനങ്ങളിലൊന്നില്‍ വായിച്ചു.
Ultimate excellence lies not in winning every battle but in defeating the enemy
without ever fighting.
ഗാന്ധി ലാ ഓട്‌സ് സെയെ വായിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല. പ്രതിസന്ധികളില്‍നിന്നു കരകയറാന്‍ ഗീതയെക്കാള്‍ തുണച്ചേനെ തായോ തേചിങ്. നമ്മെ മനസ്സിലാക്കിയ ഒരു കൃതിയോളം തുണയ്ക്കില്ലല്ലോ നാം വ്യാഖ്യാനിച്ചനുകൂലമാക്കിയ ഒരു കൃതി. ഇത് ഒരിക്കല്‍ പിറക്കാനിടയുള്ള ഗാന്ധിക്കായി മുന്‍കൂറായി എഴുതപ്പെട്ട കൃതി. വഴിയാണ് വഴിയെന്നറിയുന്നൊരാള്‍ക്കുള്ള വഴി.
ഇനി രണ്ടോ മൂന്നോ കവിതകള്‍ വായിക്കാം. പ്രഭാതത്തെ കവിതകളാക്കി വിവര്‍ത്തനം ചെയ്ത ശേഷം നടക്കാനിറങ്ങാം. കവിതയാണ് വായിക്കേണ്ടതെങ്കില്‍ ഈ പ്രഭാതമുണ്ട്, ഗദ്യമാണ് വായിക്കേണ്ടതെങ്കില്‍ ദിനപത്രവുമുണ്ട് എന്ന് അപ്പോളിനയറെ ഓര്‍ത്ത് ഞാന്‍ ഗദ്യത്തെ ഉപേക്ഷിച്ചു. ഇന്ന് ഫെര്‍ണാണ്ടോ പെസ്സോവയുടെ കളക്റ്റഡ് പോയംസും ദി എക്കോ ആന്തോളജി ഓഫ് ഇന്റര്‍നാഷണല്‍ പോയട്രിയും മാധവന്‍ അയ്യപ്പത്തിന്റെ കവിതകളും ആണ് മേശപ്പുറത്തുള്ളത്. ആദ്യം മറിച്ചിട്ട, ഓസിപ്പ് മാന്ററല്‍സ്റ്റാമിന്റെ മൂന്നു വരിയില്‍ കണ്ണുമാത്രമല്ല ജീവിതവുമുടക്കി.
'O lord, help me to live through this night
I am in terror for my life, your slave:
To live in Petersburg is to sleep in a grave'
ചിലര്‍ക്കെങ്കിലും അവരെവിടെയോ അവിടം പീറ്റേഴ്‌സ്ബര്‍ഗാണ്. പീറ്റേഴ്‌സ്ബര്‍ഗിനെ ശവ പറമ്പാക്കിയവര്‍ ഇവിടെയുമില്ലേ?
എന്റെ പ്രിയ കവിയാണ് അയ്യപ്പത്ത്. 'വയ്യെനിക്കര്‍ജ്ജുനനല്ല ഞാന്‍, ശുഷ്‌ക്കമീ/ക്കയ്യിലുറക്കില്ലൊടിഞ്ഞ ഗാണ്ഡീവവും/മേശമേല്‍ ഹാ, വെറും ചിപ്പിതന്‍ തോടാണ/താശിച്ചു ഞാന്‍ ദേവദത്തമായ് മാറ്റുവാന്‍/ഞാന്‍ മുഴക്കുന്നൊരി ശംഖനാദം കേട്ടു/ വാനവര്‍ പോലുമുണരുമെന്നോര്‍ത്തു ഞാന്‍/എന്തു ഭോഷത്ത, മെന്‍ ചൂളം വിളി കേട്ട /തന്തിക്കു ചോക്കും തഴമ്പാര്‍ന്ന ചുണ്ടുകള്‍.' അയ്യപ്പത്ത് ജീവിച്ചിരുന്നപ്പോള്‍ത്തന്നെ അദ്ദേഹത്തെപ്പറ്റി എഴുതേണ്ടതായിരുന്നു.
കവികളില്‍ വളരെക്കുറച്ച് പേരെ കവിതകളെഴുതിയിട്ടുള്ളു. ചെയ്യേണ്ടിയിരുന്നതിന്റെ ലിസ്റ്റില്‍ ആദ്യത്തേതായി അതുണ്ട്. നടക്കാനിറങ്ങേണ്ട സമയം ആയിത്തുടങ്ങി.
ഞാനൊരൊന്നൊന്നര മണിക്കൂര്‍ നടക്കും. ഒരൊന്നൊന്നര നടത്തമാണിത്. പൂര്‍ത്തിയാകാത്ത ലേഖനങ്ങള്‍ അതുവരെ സങ്കല്പിച്ചിട്ടില്ലാത്ത രൂപത്തിലെത്തും. അവ്യക്തമായിരുന്നവ വ്യക്തമാവും. കാവ്യ ബീജങ്ങളോ മുഴുവന്‍ കവിത തന്നേയോ ആകാശത്തില്‍നിന്നു നെറുന്തലയിലേക്ക് പൊട്ടിവീഴും. വഴിയില്‍ക്കണ്ട, മുഖമൊന്നുയര്‍ത്താന്‍ നേരമില്ലാതെ അത്യാര്‍ത്തിയോടെ പുല്ല് തിന്നുകൊണ്ടിരുന്ന അയച്ച് കെട്ടിയ അറവ് മാട് എന്നോട് കവിതയില്‍ പ്രതികരിക്കും. ഞാനോര്‍ക്കും, നാളെ ഞാന്‍ വരുമ്പോള്‍ അതിവിടെ ഉണ്ടാവില്ല, അതെവിടെയും ഉണ്ടാവില്ല. ഞാനോര്‍ക്കും, ആസന്നമരണയാണെങ്കിലും എന്തൊരുന്മാദത്തോടെയാണത് തിന്നുന്നത്. ഒരു ദുശ്ശങ്കയുമില്ല. തന്റെ വരുതിയിലല്ലാത്ത ഒന്നിനെക്കുറിച്ചും അതിനൊരു വേവലാതിയുമില്ല. ഞാനോര്‍ക്കും, അങ്ങനെ മതിയായിരുന്നില്ലേ, മനുഷ്യനും? ആദാം എന്തിനാണ് ജ്ഞാനത്തിന്റെ കനി ഭുജിച്ചത്. മരിക്കുമ്പോള്‍ മരിച്ചാല്‍ മതിയായിരുന്നില്ലേ. അസൂയ എന്ന കവിതയിലേക്കുള്ള വഴിയായി അവിചാരിതമായി അന്ന് ഞാന്‍ നടന്ന വഴി. മദ്ധ്യേയിങ്ങനെ എന്ന കവിത വഴിയില്‍നിന്നു കിട്ടി. മദ്ധ്യേയിങ്ങനെ കിട്ടിക്കൊണ്ടിരിക്കുന്നവയാല്‍, പുറപ്പെട്ട ഞാനല്ല മിക്കപ്പോഴും തിരിച്ചെത്തിയത്. കിട്ടിക്കൊണ്ടിരിക്കുന്നവയിലേക്കുള്ള യാത്ര എന്നെ ആനന്ദിപ്പിച്ചു.
'വ്യായാമം എനിക്കെന്നും പരിഹാസ വിഷയമായിരുന്നു. നിഷ്ഫലമായ അദ്ധ്വാനത്തെ വൃഥാവ്യായാമം എന്നു വിശേഷിപ്പിച്ച പാരമ്പര്യം എന്നിലിരുന്ന് ചിരിച്ചതാവാം. നടക്കുന്നത് എവിടേയും എത്താനല്ല, കുമ്പിടുന്നത് ഒന്നും എടുക്കാനല്ല, പിന്നിടുന്നത് ഇഷ്ടമില്ലാത്തതിനേയല്ല, ഓടുന്നത് ഏതെങ്കിലുമത്യാഹിതത്തില്‍നിന്നല്ല. ഇല്ലാത്ത അമ്മിയില്‍ അരയ്ക്കുന്നു, ഇല്ലാത്ത ഇണയോടൊപ്പം രമിക്കുന്നു, ടെറസ്സില്‍ ഏകാകിയായിനിന്ന് ട്രാഫിക് നിയന്ത്രിക്കുന്നു.' അദ്ധ്വാനം ഫലങ്ങളുണ്ടാക്കുന്നതിനൊപ്പം അദ്ധ്വാനിക്കുന്ന ശരീരത്തേ അരോഗദൃഢവുമാക്കുന്നു എന്നതിനര്‍ത്ഥം പ്രകൃതി അദ്ധ്വാനത്തെ അഭിനന്ദിക്കുന്നു എന്നുമാണ്. മുതലാളിയുടെ ജനലിലൂടെ തൊഴിലാളിയെ കാമിക്കുന്ന കൊച്ചമ്മയെക്കണ്ട് എന്തുണ്ടായിട്ടെന്താ എന്നു പിറുപിറുക്കുന്ന മനസ്സിന്റെ അന്തര്‍ഗതം അയാള്‍ക്കുള്ളതൊക്കെ മോഹിക്കുന്ന തനിക്കുള്ളതിലെല്ലാം വിരസത വെക്കുന്ന മനസ്സിനെ കേള്‍പ്പിക്കേണ്ടതാണ്.
അദ്ധ്വാനത്തെ അര്‍ത്ഥത്തില്‍നിന്നു മോചിപ്പിച്ച വ്യായാമത്തെ നടത്തം തുടങ്ങിയതോടെ ഞാന്‍ അര്‍ത്ഥത്തിലേക്ക് പുനരാനയിച്ചു. ഇപ്പോള്‍ തോറോയും നീറ്റ് ഷേയും ഞാന്‍ നടക്കുമ്പോള്‍ കൂടെ നടക്കുന്നു.
(Allt ruly great thoughts are Conceived while walking- Frederick Netizhe).
പ്രാതലായിക്കഴിഞ്ഞെന്ന് പ്രിയതമ. ആയോ ആയോ എന്ന ചോദ്യമാണ് ഞാന്‍ നടന്നു തീര്‍ത്തതെന്ന് അവള്‍ കരുതുന്നു. പുതിയ ദിവസം കൊണ്ടുവന്നതൊക്കെ, അതേ ദോശയാണിന്നുമെങ്കിലും അതിനെ കൂടുതല്‍ സ്വാദുള്ളതാക്കിയിരിക്കുന്നു. വായനാമുറിയിലെത്തി എഴുതണോ വായിക്കണോ എന്ന്, ടു ബീ ഓര്‍ നോട്ട് ടു ബീ എന്ന് ആന്ദോലനം ചെയ്യുമ്പോള്‍ താഴെ നിന്നെന്റെ പ്രിയ ചങ്ങാതി, നിധാന്‍ ചന്ദ്ര, രണ്ടു വയസ്സ്, അച്ചച്ചാ എന്നു കേള്‍ക്കുന്നത് വരെ തുടരുന്ന, ആ വിളി ആരംഭിക്കുന്നു. വിളികേട്ടാലുള്ള ത്രില്ല് ഞാന്‍ വിളി കേട്ടപ്പോള്‍ ഇന്നോളമാരും അനുഭവിച്ചിട്ടില്ലാത്തത്ര തീവ്രം. മകനല്ല, പേരക്കുട്ടിയാണുണ്ടായിരുന്നതെങ്കില്‍ ആ രാത്രി, കാവല്‍ക്കാരുറങ്ങിയാലും സിദ്ധാര്‍ത്ഥന് വീടുവിട്ടിറങ്ങാനാവുമായിരുന്നില്ല. കട്ടിലില്‍നിന്നു താഴെ വീണോ, അച്ഛനുമമ്മയുമുറങ്ങുമ്പോള്‍ വാതില്‍ തുറന്ന് കോണിപ്പടിയിറങ്ങുമ്പോള്‍ വീണ ശബ്ദമാണോ കേട്ടത് എന്നെല്ലാമുള്ള ഉല്‍ക്കണ്ഠകളൊഴിഞ്ഞ രാത്രികളെനിക്കപൂര്‍വ്വമായി. അവന്‍ വന്ന ദിവസം എനിക്കോര്‍മ്മവരികയാണ്. യാത്രാക്ലേശത്തിന്റേയാവാം ദേഹമാകെ ചുകന്നിരിക്കുന്നു.
ആശുപത്രിയിലെ നഴ്‌സ് എടുക്കാനായി എന്റെ നേര്‍ക്കു നീട്ടുകയാണ്. ദേഹമുറച്ചിട്ടില്ലാത്ത കുഞ്ഞുങ്ങളെ എടുക്കാന്‍ എനിക്കു പേടിയാണ്. എന്തു കയ്യിലെടുത്താലും താഴെവീണ് പൊട്ടുന്ന സ്വഭാവമാണെന്റേത്. ഞാനുടച്ച കുപ്പിഗ്ലാസ്സുകള്‍കൊണ്ട് ഒരു ഹോള്‍ സെയ്ല്‍ കട തുടങ്ങാം. ഒളപ്പമണ്ണയുടെ കിറുക്കന്‍ എന്ന കവിതയോര്‍ത്തു ഞാന്‍. കവിതയിലെ അച്ഛനു കയ്യില്‍നിന്നു വീണുടഞ്ഞ കുഞ്ഞിനെ ഓര്‍ത്ത് കിറുക്കാവുകയാണ്. ഇപ്പോളയാള്‍ ദിവസവും പുതിയ പുതിയ സ്ഥലത്താണ്. എവിടെ ഉറച്ചിരിക്കും കയ്യില്‍നിന്നു വീണുടഞ്ഞ കുഞ്ഞുള്ള അച്ഛന്‍. നഴ്‌സ് ചിരിയോടെ പിന്തിരിഞ്ഞു പോവുകയാണ്.
മനുഷ്യന്‍ വളരുന്നതെങ്ങനെയാണ് എന്നു നിരീക്ഷിക്കാന്‍ ദൈവം തന്നൊരവസരമായും ഞാന്‍ ചങ്ങാതിയെ കൂട്ടുന്നുണ്ട്. ഒന്നോ ഒന്നരയോ മാസമായപ്പോളാണ്, മുടി പിടിച്ച് വലിച്ച് വേദന കൊണ്ട് നിലവിളിക്കുന്ന സന്ദര്‍ഭമുണ്ടായി. പിടി ഒന്നയച്ചാല്‍ മതി വേദനിക്കില്ല, എന്നു പറയാമായിരുന്നു അവന് എന്റെ ഭാഷയറിയാമായിരുന്നെങ്കില്‍. അവന്‍ ഭാഷകള്‍ക്കൊക്കെ മുന്‍പാണല്ലോ. പക്ഷേ, വൈകാതെ തന്നെ അവന്‍ വേദനയെ നിയന്ത്രണത്തിലാക്കി. അയച്ചും വലിച്ചും അവന്‍ മുടിയില്‍ കളിച്ചുകൊണ്ടിരുന്നു. പഠിക്കാനാവുന്നത് പഠിപ്പിക്കാനാവുകയില്ല എന്ന കവിവചനത്തിന്റെ പൊരുള്‍ ഞാനീ കുഞ്ഞുമനുഷ്യനില്‍നിന്നു പഠിച്ചു. അവന്റെ ദൈവം സ്വന്തം ഉത്തരവാദിത്വത്തിലാണ് അവന്‍ വളരുന്നതെന്ന് അവനെ തെറ്റിദ്ധരിപ്പിച്ചു കാണണം. ഒരക്ഷരം പറഞ്ഞാല്‍ കേള്‍ക്കില്ല, മുഖത്തു നോക്കി മയക്കുന്ന ചിരി ചിരിച്ചുകൊണ്ട് അരുതാത്തത് ചെയ്തു കൊണ്ടിരിക്കും. കാല്‍മുട്ടിലെ തൊലിക്ക് ഉറയ്ക്കാന്‍ ഒറ്റ ദിവസത്തെ ഇടപോലും കൊടുത്തിട്ടില്ല. അതാ കരച്ചില്‍, വീണ് മുട്ട് പൊട്ടിയതാണ്. ഇന്നു വന്നിരിക്കുന്നത് ഒരു കോലുമായിട്ടാണ്. അമ്പലത്തില്‍ ചെണ്ടമേളം കണ്ടതിന്റേയാണ്. മരബെഞ്ചിലും ചുമരിലും അതും കഴിഞ്ഞ് എന്റെ മുഖത്ത് നോക്കി ചിരിച്ച് ചിരിച്ച് ജാലകച്ചില്ലിലും ശക്തി കൂട്ടിക്കൊണ്ട് കൊട്ടുകയാണ്.
അവന്റെ ശബ്ദ കോശത്തില്‍ നാലഞ്ച് വാക്കുകളേയുള്ളു. അതുതന്നെ കുറച്ചുകൊണ്ടുവരാനുള്ള കഠിന ശ്രമത്തിലാണിപ്പോള്‍. അമ്മയെന്നു പറയുമായിരുന്നു, അച്ഛന്‍ തുഷാരയെ തു എന്നു വിളിച്ചു കേട്ടതോടെ ടൂ, ടൂ എന്നായി വിളി. അയല്‍പക്കത്തെ പ്രദീവന്‍ എന്ന ഉറ്റ തോഴനെ അ എന്നാണ് വിളിക്കുക. എന്തിന്റെ ആദ്യക്ഷരമാണെന്നു പിടിയില്ല. വെള്ളത്തിന് ഉ എന്നാണ് പറയുക, വാത്സല്യത്തിന്റെ നിഘണ്ടുവില്‍ വെള്ളം ഉമ്പമാണല്ലോ. നാട്ടുകാരോടൊക്കെ ലോഗ്യത്തിലാണ്. ബൈക്കില്‍ പോകുന്നവരെ മാമാ എന്നലറി വിളിച്ചു തിരിഞ്ഞുനോക്കിച്ച് പറക്കുന്ന ഉമ്മ കൊടുക്കും. അച്ഛാനെവിടെ പോയി എന്നു ചോദിച്ചാല്‍ ബൈക്കിന്റെ ഹാന്റിലിന്റെ മുദ്ര കാണിക്കും. ഇമോജികള്‍ ഉണ്ടാക്കിയത് രണ്ടു വയസ്സുള്ള ഏതോ പ്രതിഭാശാലിയാണെന്ന് ഇച്ചങ്ങാതിയാണെന്നെ ധരിപ്പിച്ചത്. മുന്‍പ് പറഞ്ഞ 'അ'യ്‌ക്കൊപ്പം റെയില്‍വേ ഗേയ്റ്റില്‍ പോയി തീവണ്ടി കാത്തുനില്‍ക്കും. ഗെയ്റ്റ് അടഞ്ഞാലല്ലേ വണ്ടി വരൂ, ഗെയ്റ്റ് അടക്കാനായി ഗെയ്റ്റ്മാനോട് ഒച്ചയിടും.
ഗെയ്റ്റ് അടഞ്ഞാല്‍ വണ്ടിക്ക് വരാതിരിക്കാനാവില്ലല്ലോ. പെണ്‍കുട്ടികളൊക്കെ ഏച്ചികളാണ്, പക്ഷേ, എപ്പോഴുമല്ല. പിഷാരികാവമ്പലത്തിലെ കാര്‍ത്തികോത്സവത്തോടനുബന്ധിച്ച് ഒരു പെണ്‍കുട്ടിയുടെ വീണ വായനക്കച്ചേരി നടന്നു. നേരെ മുന്നില്‍ച്ചെന്നു നിന്ന് ചങ്ങാതി അമ്മമ്മേ എന്നു വിളിച്ചു. ഈ ക്രൂരമായ വിമര്‍ശനത്തില്‍ അല്ലെങ്കില്‍ അംഗീകാരത്തില്‍ ആ പെണ്‍കുട്ടി തളര്‍ന്നുപോയി, സ്വരസ്ഥാനങ്ങളൊക്കെ പിഴച്ചു.
ഉച്ചയൂണിന്റെ നേരമായി. ഇനി ഒരു ചെറിയ കിടത്തം. രുദാലിയിലെ ഭൂപനും ലതാ മങ്കേഷ്‌കറും പാടിയ പാട്ട് കേട്ട്, സങ്കടത്തില്‍ ആണിന്നുറങ്ങിയത്. ഉണര്‍ന്നപാടെ അടുക്കളയില്‍ച്ചെന്നു. ഞാനാണ് വൈകുന്നേരത്തെ ചായയുണ്ടാക്കുക. ഒരടുപ്പില്‍ പാലും മറ്റേതില്‍ ചായക്കുള്ള വെള്ളവും വെയ്ക്കും. പ്രണയത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ പാല് കാച്ചരുതെന്ന് ഞാനെഴുതിയിട്ടുണ്ട്. എപ്പോഴാണ് ചിന്തയിലേക്ക് വീഴുക എന്നുറപ്പില്ലാത്തവരും പാല് കാച്ചരുത്. ചായയുണ്ടാക്കല്‍ പോലെ ക്ലേശമുള്ള പണിയില്ല. തിളച്ച് തൂവിയ പാല്‍ ഗ്യാസ് സ്റ്റൗവില്‍നിന്നു വൃത്തിയായി തുടച്ചെടുക്കല്‍ എളുപ്പമല്ല.
ചില ദിവസങ്ങളില്‍ ഇനിയുള്ള സമയം ഞാന്‍ പാറപ്പള്ളി കടപ്പുറത്താണ്. ഇ റീഡറുമായിപ്പോകും. ഇന്നിതെഴുതിത്തീര്‍ക്കണ്ടേ, പോയില്ല. അപ്പോള്‍ വിളി. ചാനല്‍ ചര്‍ച്ചക്കാണ്. വിളിക്കുന്നത് ചാനലിന്റെ പത്രത്തിലെ സബ് എഡിറ്ററാണ്. ഞാന്‍ പോവാറില്ല. അതുകൊണ്ടാണ് ഞാന്‍ തന്നെ വിളിച്ചത്. ഞാന്‍ ക്ഷിപ്രബുദ്ധിയല്ല, പറഞ്ഞത് പറഞ്ഞ അര്‍ത്ഥത്തില്‍ മനസ്സിലാക്കാതെ എതിര്‍ത്തു പറഞ്ഞാല്‍ കോപവും മറ്റും വന്നുകൂടായ്കയുമില്ല. ഓക്കെ, അയാള്‍ പിന്തിരിഞ്ഞു.
രാത്രി ഞാന്‍ വായിക്കുക ചെറുകഥയാണ്. ഹരീഷ്, എന്‍.എസ്. മാധവന്‍, സക്കറിയ, മേതില്‍, ശിഹാബുദീന്‍ പൊയ്ത്തുംകടവ്, ആര്‍. ഉണ്ണി, പി.എഫ്. മാത്യൂസ്, എന്‍. പ്രഭാകരന്‍, സുഭാഷ്ചന്ദ്രന്‍, വിനോയ് തോമസ്, അങ്ങനെ ആരുടെയെങ്കിലും കഥകള്‍. ഇന്നലെ ഹരീഷിന്റെ 'നിര്യാതരായിരുന്നു.' എന്റമ്മേ എന്തൊരു കഥ!
ഈ ലേഖനം കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക