'നീല വിഹായസ്സിനു കീഴെ പല വര്‍ണ്ണങ്ങളില്‍ പരന്നുകിടക്കുന്ന നൂബ്ര താഴ്‌വര, അതിന്റെ വശ്യ സൗന്ദര്യം'

ഹുണ്ടറില്‍ മണല്‍കൊണ്ട് ചതുരംഗം കളിക്കുന്നത് കാറ്റാണ്. അത് മണല്‍ക്കുന്നുകളെ നിരന്തരം സ്ഥാനം മാറ്റിക്കൊണ്ടിരിക്കും. ചിലപ്പോള്‍ വഴിയാകെ മൂടി പരന്നൊഴുകും 
'നീല വിഹായസ്സിനു കീഴെ പല വര്‍ണ്ണങ്ങളില്‍ പരന്നുകിടക്കുന്ന നൂബ്ര താഴ്‌വര, അതിന്റെ വശ്യ സൗന്ദര്യം'

ഡിസ്‌ക്കിറ്റില്‍നിന്നു പിന്നെയും മുന്നോട്ടു പോകുമ്പോള്‍ മണല്‍ക്കൂനകളുടെ ഒരു ചെസ്‌ബോര്‍ഡ് കാണാം. അതാണ് പ്രശസ്തമായ ഹുണ്ടര്‍ എന്ന ലഡാക്കി ഗ്രാമം. നൂബ്ര രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു പണ്ടുകാലത്ത് ഹുണ്ടര്‍. രാജകൊട്ടാരത്തിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും ഇവിടെയുണ്ട്. താഴെ നദിക്കരയില്‍ കൂറ്റനൊരു പാറയില്‍ കൊത്തിയെടുത്തിരിക്കുന്ന ബുദ്ധന്റെ വലിയ രണ്ടു ശില്പങ്ങള്‍ ഉള്ളതായി നാട്ടുകാരില്‍ ഒരാള്‍ പറഞ്ഞു. ഞങ്ങള്‍ക്ക് പക്ഷേ, അത് സന്ദര്‍ശിക്കാനുള്ള സമയം കിട്ടിയില്ല. ഹുണ്ടര്‍ ഇന്നിപ്പോള്‍ പ്രശസ്തമായിരിക്കുന്നത് ബാക്ട്രിയന്‍ ഒട്ടകങ്ങളുടേയും മണല്‍ക്കൂനകളുടേയും പേരിലാണ്. ഹിമാലയ മലനിരകള്‍ മണ്‍സൂണ്‍ മേഘങ്ങളെ തടയുന്നതുകൊണ്ട് ലഡാക് ആകെ മഴനിഴല്‍ പ്രദേശമാണ്. വേനലില്‍ ചുട്ടുപൊള്ളുകയും മഞ്ഞുകാലത്ത് തണുത്തുറയുകയും ചെയ്യുന്ന ഭൂപ്രകൃതി. പകല്‍ നിര്‍ദ്ദാക്ഷിണ്യം എരിഞ്ഞു കത്തുന്ന വെയില്‍, രാത്രി അസ്ഥിയുറയുന്ന തണുപ്പ്. 

ഹുണ്ടറില്‍ മണല്‍കൊണ്ട് ചതുരംഗം കളിക്കുന്നത് കാറ്റാണ്. അത് മണല്‍ക്കുന്നുകളെ നിരന്തരം സ്ഥാനം മാറ്റിക്കൊണ്ടിരിക്കും. ചിലപ്പോള്‍ വഴിയാകെ മൂടി പരന്നൊഴുകും. മറ്റു ചിലപ്പോള്‍ വേലിയിറക്കത്തിലെ കടല്‍പോലെ പിന്‍വാങ്ങി നില്‍ക്കും.  ഹുണ്ടറിലെ ഇരട്ട പൂഞ്ഞികളുള്ള ഒട്ടകങ്ങള്‍ പട്ടുപാതയിലെ സാര്‍ത്ഥവാഹക സംഘങ്ങളുടെ സന്തതസഹചാരികളായിരുന്നു. മധ്യേഷ്യയിലെ മലനിരകള്‍ക്കിടയിലുള്ള പുല്‍മേടുകളില്‍ കാണപ്പെടുന്നവയാണ് ബാക്ട്രിയന്‍ ഒട്ടകങ്ങള്‍. ഇവയുടെ ഇന്ന് കാണപ്പെടുന്ന അംഗങ്ങളില്‍ ഭൂരിപക്ഷവും മനുഷ്യര്‍ മെരുക്കിയവയാണ്. വന്യജീവി എന്ന നിലയില്‍ അവയെ കണ്ടെത്തുക അത്ര എളുപ്പമല്ല.

തുര്‍തുക്കിലേക്കു പോകുമ്പോള്‍ ഇറങ്ങാന്‍ പറ്റിയില്ലെങ്കിലും മടക്കയാത്രയില്‍ ഹുണ്ടറില്‍ ഒരു ദിവസം തങ്ങിയിട്ടാണ് ഞങ്ങള്‍ പാംഗോങിലേക്ക് പോയത്. പ്രധാന നിരത്തില്‍നിന്നും ഇടതുവശത്ത് മണല്‍ക്കുന്നുകളുടെ പിന്നിലായിട്ടാണ് ഹുണ്ടര്‍ ഗ്രാമം. അവിടെ എത്തുമ്പോള്‍ സമയം ഉച്ചകഴിഞ്ഞിരുന്നു. ഗ്രമത്തിലെ ഒരു ടൂറിസ്റ്റ് ലോഡ്ജില്‍ മുറിയെടുത്ത് സാധങ്ങളൊക്കെ വെച്ചിട്ട് ഞങ്ങള്‍ കുറച്ചുനേരം വിശ്രമിച്ചു. വെയില്‍ ചാഞ്ഞുതുടങ്ങിയപ്പോള്‍ പതിയെ ഹിമാലയത്തിലെ ഈ തണുത്ത മരുഭൂമി അനുഭവിക്കാനായി ഞങ്ങള്‍ ഇറങ്ങിനടന്നു. താമസയിടത്തില്‍നിന്നും അധികമകലെയല്ലാതെ ചരല്‍ക്കുന്നുകള്‍ തുടങ്ങുന്നു. ഇരട്ടപ്പൂഞ്ഞികളുള്ള ഒട്ടകങ്ങളും അവയുടെ നോട്ടക്കാരും അവിടവിടെയായി നില്‍പ്പുണ്ട്. ഞങ്ങള്‍ ആളുകളൊഴിഞ്ഞ ഒരു മണല്‍ക്കുന്നിന്റെ മുകളിലേക്കു പോയി.

കുറെ നടന്നു മുകളിലെത്തിയപ്പോള്‍ ആ കുന്നിന്റെ വക്കില്‍ ഞങ്ങളിരുന്നു. ഓരോ തവണ വന്നു പോവുമ്പോഴും കാറ്റ് മണലില്‍ വിവിധങ്ങളായ പാറ്റേണുകള്‍ വരച്ചുമായ്ക്കുന്നു. തിരമാലകള്‍, ചെറുചുഴികള്‍, ജലമൊഴുകിയ ചാലുകള്‍, വിടര്‍ത്തിവെച്ചിരിക്കുന്ന കുട്ടിക്കുടകള്‍ അങ്ങനെയങ്ങനെ നിരവധി പാറ്റേണുകള്‍. ചിലയിടങ്ങളില്‍ ഹുണ്ടറിലെ മരുഭൂമി അവളുടെ വയര്‍പോലെ മിനുസമാര്‍ന്നിരിക്കുന്നു. നമ്മളറിയാതെ കുട്ടികളായിപ്പോവുന്ന ചില ദിവസങ്ങളുണ്ടല്ലോ, അത്തരമൊരു ദിവസമായിരുന്നു ഹുണ്ടറില്‍ ഞങ്ങളുടേത്. പണ്ട് മണ്ണുവാരിക്കളിച്ചതിന്റെ ഓര്‍മ്മയില്‍, നിലത്തുകിടന്നുരുണ്ടതിന്റെ ഓര്‍മ്മയില്‍, പൊടിവാരിയെറിഞ്ഞ് ആഘോഷിച്ചതിന്റെ ഓര്‍മ്മയില്‍ ആ മണല്‍ക്കാട്ടില്‍ ഞങ്ങള്‍ കുട്ടികളായി. കുന്നിന്റെ മുകളില്‍നിന്നും താഴേയ്ക്കുരുളുമ്പോള്‍ ഭാരമില്ലാത്തവരെപ്പോലെയാവുന്നു. തിരിച്ചോടിക്കയറുമ്പോള്‍ പിന്നില്‍നിന്നും വലിച്ചിടുന്ന പൊടിമണല്‍. വിട്ടുകൊടുക്കാന്‍ ആര്‍ക്കാണ് ഇഷ്ടം! എത്ര പുതഞ്ഞു പോയിട്ടും വലിച്ചുവെച്ചു വലിച്ചുവെച്ചു മുകളിലെത്തുമ്പോള്‍ ജയത്തിന്റെ നിര്‍വൃതിയില്‍ രോമാഞ്ചം വരുന്നു. സന്ധ്യ വന്നു പൊതിഞ്ഞപ്പോഴും ഞങ്ങള്‍ അവിടെത്തന്നെ ചെലവഴിച്ചു. പാട്ടും പറച്ചിലുമൊക്കെയായി. ഒടുവില്‍ ഇരുട്ട് വീണപ്പോഴാണ് ഞങ്ങള്‍ തിരിച്ചു ലോഡ്ജിലേക്ക് പോയത്.

ബോഗ്ദാങിലെ ഗ്രാമീണര്‍/ ചിത്രങ്ങള്‍ : സോജന്‍ മൂന്നാര്‍
ബോഗ്ദാങിലെ ഗ്രാമീണര്‍/ ചിത്രങ്ങള്‍ : സോജന്‍ മൂന്നാര്‍

ഹിന്ദുക്കുഷിനു വടക്കും ഓക്‌സസ് നദിക്ക് തെക്കും പാമീര്‍ മലനിരകള്‍ക്ക് പടിഞ്ഞാറുമായി സ്ഥിതിചെയ്തിരുന്ന പ്രദേശമാണ് പഴയ ബാക്ട്രിയ. ഇന്നത്തെ അഫ്ഗാനിസ്ഥാനും ടാജിക്കിസ്താനും ഉസ്‌ബെകിസ്താനും ഉള്‍പ്പെടെ പല പ്രദേശങ്ങളും പ്രാചീന ബാക്ട്രിയയുടെ ഭാഗമായിരുന്നു. ലോകത്തിലെ ഏറ്റവും പഴക്കമുള്ള മതങ്ങളില്‍ ഒന്നായ സൊരാസ്ട്രിയനിസത്തിന്റെ ഒരു പ്രധാന കേന്ദ്രമായിരുന്നു ബാക്ട്രിയ. 

ഒട്ടകങ്ങളുടെ പുറത്തുകയറി ഹുണ്ടര്‍ മരുഭൂമിയിലൂടെ സഞ്ചാരികള്‍ തലങ്ങും വിലങ്ങും പോകുന്നത് ഞങ്ങള്‍ കണ്ടു. ലഡാക്കി ടൂറിസത്തിന്റെ ഒരു മുഖ്യ ആകര്‍ഷണമാണ് ഈ ഒട്ടകസവാരി. ഞങ്ങള്‍ ഒട്ടകപ്പുറത്തു കയറിയില്ലെങ്കിലും ഞാന്‍ ഫ്രീഡ്രിക് നീച്ചേയുടെ ദസ് സ്‌പോക് സരതുസ്ട്ര എന്ന പുസ്തകത്തെയോര്‍ത്തു. സൊരാസ്ട്രിയനിസത്തിന്റെ പിതാവാണ് സരതുസ്ത്ര. 'എനിക്കൊരു പാട്ടു പാടാനാവും, ഞാനത് പാടുകയും ചെയ്യും, ശൂന്യമായൊരു വീട്ടില്‍ തനിച്ചാണെങ്കിലും, എന്റെ തന്നെ കാതുകളിലേക്കാണ് ഞാന്‍ പാടേണ്ടതെങ്കിലും' എന്ന് നീച്ചേ എഴുതിയത് ഈ പുസ്തകത്തിലാണ്. നാസികളാല്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ അപകടകരമായി ജീവിക്കൂ എന്ന ആഹ്വാനം നിരവധി മാനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. 'നിങ്ങളുടെ നഗരങ്ങള്‍ വെസൂവിയസിനു ചാരെ പണിയൂ. നിങ്ങളുടെ യാനങ്ങളെ ഇതുവരെ പര്യവേക്ഷണങ്ങള്‍ നടത്താത്ത സാഗരങ്ങളിലേക്ക് തുഴയൂ. യുദ്ധസമാനമായ അവസ്ഥയില്‍ ജീവിക്കൂ' എന്നാണ് സരതുസ്ത്ര തന്റെ അനുയായികളോട് പറയുന്നത്. 

പത്തൊന്‍പതാം നൂറ്റാണ്ടിലെ മഹത്തായ കൃതികളിലൊന്നായിട്ടും നീച്ചേയ്ക്ക് പക്ഷേ, തന്റെ പുസ്തകം വേണ്ടവണ്ണം വില്‍ക്കുവാന്‍ കഴിഞ്ഞില്ല. ആകെ നാല്‍പ്പത് കോപ്പികളാണ് വിറ്റഴിഞ്ഞത്. അതില്‍ത്തന്നെ ഏഴെണ്ണം വെറുതെ കൊടുത്തതാണ്. ഒരാള്‍ മാത്രമാണ് പുസ്തകം കിട്ടിയ കാര്യം സമ്മതിച്ചത്. പക്ഷേ, ആരും പുസ്തകത്തെ പുകഴ്ത്തിയില്ല. 'ഒരു മനുഷ്യനും ഇത്രമേല്‍ ഏകനായി പോയിട്ടില്ല' എന്നാണ് വില്‍ ഡ്യൂറന്റ് നീച്ചേയെക്കുറിച്ച് എഴുതുന്നത്. 

നീണ്ടുകിടക്കുന്ന വഴിയില്‍ ഞങ്ങള്‍ അങ്ങനെ വണ്ടി ഓടിച്ചുപോകുമ്പോള്‍ മുന്നില്‍ ഒരു കൂട്ടം ബൈക്കുകളില്‍ ഒരേപോലെ വേഷമൊക്കെ ധരിച്ച കുറേപ്പേര്‍. അവര്‍ ഏതോ റൈഡേഴ്‌സ് ക്ലബ്ബിലെ അംഗങ്ങളാണെന്നു തോന്നുന്നു. അവരുടെ ബൈക്കുകള്‍ക്കു പിന്നില്‍ എന്നാല്‍ കൂട്ടത്തില്‍ സഞ്ചരിക്കുന്ന ഒരാളെപ്പോലെ ഒരു ബൈക്ക് പോകുന്നു.

മിംഗലങ്ങളോടൊപ്പം നീന്തുന്ന ചെറുമീനിനെപ്പോലെയൊരാള്‍. ക്ലബ്ബിലെ അംഗങ്ങളുടെ ട്രാവല്‍ ഗിയറുകളൊന്നും ആ സഞ്ചാരിക്കില്ല. അവരുടേതുപോലെ വിലപിടിച്ച ബൈക്കുമല്ല അയാളുടേത്. വെറുമൊരു പാവം യമഹ. ഞങ്ങള്‍ വണ്ടിക്ക് വേഗത കൂട്ടി അയാളുടെ അടുത്തേയ്ക്ക് ചെന്നു. നോക്കുമ്പോള്‍ പാലക്കാട് റെജിസ്‌ട്രേഷനിലുള്ള വണ്ടിയാണ്! കൊള്ളാമല്ലോ. ഞങ്ങള്‍ ബൈക്ക് അയാളുടെ ബൈക്കിനൊപ്പം ഓടിച്ചു.

'ചേട്ടാ, ചേട്ടന്‍ മലയാളിയാണോ?'

'അതെ, നിങ്ങള്‍ എവിടുന്നാ?'

'ഞങ്ങള്‍ എറണാകുളത്തുനിന്നാ. ചേട്ടനോ?'

'ഞാന്‍ പാലക്കാട്.'

'എങ്ങോട്ടാ?'

'ഇവിടെ വരെ ഉള്ളൂ. ചേട്ടന്മാരോ?'

'ഞങ്ങള്‍ തുര്‍തുക്കിലേക്കാ. മുന്നില്‍ പോകുന്നവരൊക്കെ കൂട്ടുകാരാണോ?'

'ആ അങ്ങനെയും പറയാം. ലേയില്‍വെച്ച് പരിചയപ്പെട്ടതാ. എല്ലാവരും നോര്‍ത്ത് ഇന്ത്യക്കാരാണ്. അവര് നാളെ തുര്‍തുക്കിലേക്ക് വരുന്നുണ്ട്.'

'അപ്പോള്‍ ചേട്ടനോ?'

'എനിക്ക് നാളെ ഇവിടെ വേറെ എങ്ങോട്ടെങ്കിലുമൊക്കെ പോകണം. ചിലപ്പോള്‍ തിരിച്ചു പോകും.'

'സുമൂറും പനാമിക്കും പോയോ?'

'ഇല്ല.'

'എന്നാല്‍ അവിടെ കൂടി പോയിട്ട് പോകൂ. നല്ല സ്ഥലങ്ങളാണ്.'

'നിങ്ങള്‍ അവിടെ പോയിട്ട് വരുവാണോ?'

'അതെ.'

'ഇന്ന് ഇവിടെ തങ്ങുന്നുണ്ടോ?'

'ഏയ് ഇല്ല. ഞങ്ങള്‍ ചെല്ലുമെന്നു അവിടെ ഒരാളോട് വിളിച്ചു പറഞ്ഞിരുന്നു. ഏതായാലും പോകണം. എന്നാല്‍ ശരി ചേട്ടാ. പരിചയപ്പെട്ടതില്‍ സന്തോഷം.'

'എനിക്കും.'

ഞങ്ങള്‍ അയാളെ പിന്നിലാക്കി വണ്ടി ഓടിച്ചുപോയി. അപ്പോഴാണ് അക്കാര്യം ചോദിച്ചില്ലല്ലോ എന്നോര്‍ത്തത്. വീണ്ടും വേഗത കുറച്ച് ഞങ്ങള്‍ അയാളോടൊപ്പമെത്തി.

'അല്ല ചേട്ടാ ഈ വണ്ടി എങ്ങനെ ഇവിടെ എത്തിച്ചു?'

'ഡല്‍ഹി വരെ പാര്‍സല്‍ അയച്ചു. പിന്നെ ഇങ്ങോട്ട് ഓടിച്ചുപോന്നു.'

തുര്‍തുക്കിലെ പാലം
തുര്‍തുക്കിലെ പാലം

ചിലര്‍ അങ്ങനെയാണ്. ഇരിക്കപ്പൊറുതിയില്ലാതെ വരുമ്പോഴാണ് അവര്‍ യാത്ര പോകുന്നത്. ഇതാ ഞങ്ങളോടൊപ്പം ഈ തണുത്ത മരുഭൂമിയില്‍ അങ്ങനെയൊരാള്‍. അയാളുടെ കൂട്ടുകാര്‍ വലത്തേക്ക് തിരിഞ്ഞ് ഗ്രാമത്തിലേക്ക് പോയി, അവര്‍ക്കു പിന്നിലായി പാലക്കാട് ഹുണ്ടറിലേക്കു തിരിഞ്ഞുപോകുന്നത് ഞങ്ങള്‍ കണ്ടു.

തണുപ്പും ചൂടും പരസ്പരം പടവെട്ടി പര്‍വ്വതപാര്‍ശ്വങ്ങളെ ലോലമാക്കിയിരിക്കുന്ന ഭൂപ്രദേശമാണ് ലഡാക്കിലെ മറ്റു സ്ഥലങ്ങള്‍ പോലെ ഹുണ്ടറും. ഏതു നിമിഷവും ഞെട്ടറ്റു വീണേക്കാവുന്ന കൂറ്റന്‍ പാറകള്‍. ഇവിടെ ഓരോ സഞ്ചാരിയും അപകടകരമായി തന്നെയാണ് ജീവിക്കുന്നത്. ഹുണ്ടറിലെ മരുഭൂമിയും ഇരട്ട പൂഞ്ഞികളുള്ള ഒട്ടകങ്ങളേയും പിന്നിട്ടു വഴി അനന്തതയിലേക്ക് നീണ്ടുകിടന്നു. ഈ പ്രദേശത്ത് സൂര്യന്‍ വളരെ വൈകിയേ അസ്തമിക്കൂ. രാത്രി ഏഴര മണിയായിട്ടും അതിശയിപ്പിക്കുംവിധം വെളിച്ചമുണ്ടായിരുന്നു. നീലവിഹായസ്സിനു കീഴെ പല വര്‍ണ്ണങ്ങളില്‍ പരന്നുകിടക്കുന്ന നൂബ്ര താഴ്‌വരയുടെ ക്യാന്‍വാസ് അതിന്റെ വശ്യസൗന്ദര്യംകൊണ്ട് പലപ്പോഴും ഞങ്ങളെ ബൈക്ക് നിര്‍ത്താന്‍ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. വഴിയില്‍ നിരവധി ചുകര്‍ പക്ഷികളെ ഞങ്ങള്‍ കണ്ടു. മനോഹരങ്ങളായ അവയുടെ കുറച്ചു ചിത്രങ്ങള്‍ ഞാന്‍ പകര്‍ത്തുകയും ചെയ്തു.

പെട്ടെന്നാണ് എല്ലാം മാറിമറിഞ്ഞത്. ഇരുട്ട് എവിടെനിന്നെന്നറിയാതെ ഞങ്ങളിലേക്ക് ഇറങ്ങിവന്നു! അന്തരീക്ഷം തണുപ്പില്‍നിന്നും വിറങ്ങലിക്കുന്ന അവസ്ഥയിലേക്ക് മാറി. അകലേയ്ക്കു നീളുന്ന ആ വഴിയില്‍ ഞങ്ങള്‍ ഒറ്റയ്ക്കായിരുന്നു. ആകെ കാണാന്‍ കഴിയുന്നത് കിഴുക്കാംതൂക്കായ പാറക്കൂട്ടങ്ങള്‍ മാത്രം. പതിയെ പതിയെ ഇരുട്ട് അവയേയും ഞങ്ങളുടെ കണ്ണുകളില്‍നിന്നും മറച്ചുപിടിച്ചു. ബൈക്കിന്റെ വെളിച്ചക്കുഴലുകള്‍ക്കു മുന്നില്‍ തെളിച്ചിടാന്‍ കഴിയുന്നത് വളരെ കുറച്ച് ദൂരം മാത്രമാണ്. അത്രയും ഉയരത്തില്‍നിന്നും താഴേയ്ക്കു പതിക്കുന്ന ഒരു മണിക്കല്ല് പോലും ജീവന്‍ അപഹരിക്കും. അപ്പോഴാണ് ഒരു കാറിനോളം വലുപ്പമുള്ള പാറകള്‍ ഞങ്ങളുടെ തലയ്ക്കു മുകളില്‍ അപകടകരമാംവിധം തൂങ്ങിനില്‍ക്കുന്നത്!

ഭീതിപുതച്ച രാത്രി

ഹുണ്ടറില്‍നിന്നും രണ്ടുമണിക്കൂറോളം യാത്രയുണ്ട് തുര്‍തുക്കിലേക്ക്. ഏകദേശം 83 കിലോമീറ്റര്‍ ദൂരം. 'നിങ്ങള്‍ എവിടെയാണ്?' 'എന്തെങ്കിലും അപകടം പറ്റിയോ?' 'സുരക്ഷിതരല്ലേ?' അലിയുടെ വിളികള്‍ ഞങ്ങളുടെ ഭീതി വര്‍ദ്ധിപ്പിച്ചുകൊണ്ടിരുന്നു. അയാളുടെ ശബ്ദത്തിലും ദുരന്തഭീതി നിഴല്‍വീഴ്ത്തിയിരിക്കുന്നത് ഞങ്ങള്‍ക്കു മനസ്സിലായി. പേടികൊണ്ട് ഉറഞ്ഞു പോയിരുന്നെങ്കിലും ഞങ്ങള്‍ തുര്‍തുക്കിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്ന് അലിയോട് ഒരുവിധം പറഞ്ഞൊപ്പിച്ചു. പോകും വഴിക്ക് പ്രതാപ് പൂര്‍ കഴിഞ്ഞാണ് തോയിസ് എയര്‍ഫീല്‍ഡ്. തോയിസ് എന്നത് ഒരു സ്ഥലനാമം അല്ല 'Transit Halt Of Indian Soldiers Enroute' എന്നതിന്റെ ചുരുക്കെഴുത്താണ്. സിയാച്ചിനിലേക്കുള്ള ഇന്ത്യന്‍ പട്ടാളത്തിന്റെ ട്രാന്‍സിറ്റ് പോയിന്റാണിത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിന്‍ 18875 അടി ഉയരത്തില്‍ വര്‍ഷം മുഴുവനും മഞ്ഞുമൂടി കിടക്കുന്ന ഒരു മഞ്ഞുമലയാണ്.

പക്ഷേ, സിയാച്ചിന്‍ എന്ന പേരിന്റെ അര്‍ത്ഥം 'കാട്ടുപനിനീര്‍പ്പൂക്കളുടെ ഇടം' എന്നാണ്! എങ്ങനെയാവാം ആ പേര് വന്നത്? നൂബ്ര വാലിയുടെ ടിബറ്റന്‍ നാമം 'ധുമ്ര' എന്നാണ്. ഈ പേരിന്റെ അര്‍ത്ഥമാകട്ടെ, 'പൂക്കളുടെ താഴ്‌വര' എന്നും. നൂബ്രയുടെ അതിരിലുള്ള മഞ്ഞുമലയായതിനാലാവാം ഈ പേര് വന്നത്. 

തുര്‍തുക്കിലെ ബാലന്‍
തുര്‍തുക്കിലെ ബാലന്‍

ആയിരത്തിത്തൊള്ളായിരത്തി എണ്‍പത്തിനാലില്‍ ഓപ്പറേഷന്‍ മേഘദൂതിലൂടെ ഇന്ത്യ സ്വന്തമാക്കിയ പ്രദേശമാണ് സിയാച്ചിന്‍. അന്നുതൊട്ടിന്നുവരെ അവിടെ ഇന്ത്യയുടേയും പാകിസ്താന്റേയും സൈനിക സാന്നിധ്യമുണ്ട്. 2014ല്‍ മഞ്ഞിടിച്ചിലില്‍ നൂറിലധികം പാകിസ്താനി പട്ടാളക്കാര്‍ക്ക് സിയാച്ചിനില്‍ ജീവന്‍ നഷ്ടപ്പെട്ടിരുന്നു. 

തോയിസ് കഴിഞ്ഞാല്‍ പിന്നെയുള്ള ഗ്രാമം സ്‌കുരു ആണ്. ഷയോക്ക് നദിയുടെ ഇടത്തെ കരയിലുള്ള അവസാനത്തെ ബുദ്ധിസ്റ്റ് ഗ്രാമമാണിത്. വളരെ കുറച്ചാളുകള്‍ മാത്രമാണ് ഇവിടെയും താമസം. ഗ്രാമത്തില്‍ എത്തുന്നതിനു മുന്നേ വഴിയുടെ വലതുവശത്തായി കൃഷിയിടങ്ങളുടെ നടുവില്‍ ഒരു വലിയ പാറയില്‍ ബുദ്ധരൂപങ്ങള്‍ കൊത്തിവച്ചിട്ടുണ്ട്. അലി അവസാനമായി വിളിക്കുമ്പോള്‍ ഞങ്ങള്‍ സ്‌കുരുവില്‍ എത്തിയതേ ഉണ്ടായിരുന്നുള്ളൂ. അവിടെനിന്നും ഇരുവശവും പൂര്‍ണ്ണമായും വിജനമായ വഴിയാണ്. ഇരുട്ടിന് ഇരുട്ടിനേക്കാള്‍ കട്ടി! എതിരെ ഒരു വണ്ടി വന്നിരുന്നെങ്കിലെന്ന് ഞങ്ങള്‍ വല്ലാതെ ആഗ്രഹിച്ചുപോയി. ഒരു മണിക്കൂറോളം നിര്‍ത്താതെ വണ്ടി ഓടിച്ചുകഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്കു മുന്നില്‍ ഒരു ചെറിയ ഗ്രാമം തെളിഞ്ഞുവന്നു. ബോഗ്ദാങ്. 

1971വരെ ഇന്ത്യയിലെ അവസാനത്തെ ഗ്രാമമായിരുന്നു ബോഗ്ദാങ്. 1947ലെ ആദ്യ കശ്മീര്‍ യുദ്ധത്തില്‍ ഇന്ത്യന്‍ സൈന്യത്തെ പാക് സൈന്യം ഇവിടെവെച്ചു തടഞ്ഞു. ബൊഗ്ദാങ്ങിനടുത്തുള്ള ചാലുങ്ക ആയിരുന്നു അന്നത്തെ പാകിസ്താനിലെ അവസാനത്തെ ഗ്രാമം. കഴിഞ്ഞ തവണ വന്നപ്പോള്‍ സോജന്‍ ബ്ലോഗ്ദാങ്ങില്‍ മുഹമ്മദ് ഇസ്സാക് എന്ന ഒരു സ്‌കൂള്‍ അദ്ധ്യാപകനെ പരിചയപ്പെട്ടിരുന്നു. ദൂരദേശങ്ങളില്‍ വിഷമസന്ധികളില്‍ ഒരു പരിചയം, ഒരുപക്ഷേ, അതാവും ആകെയുള്ള പിടിവള്ളി. ഞങ്ങള്‍ അദ്ദേഹത്തെ അന്വേഷിച്ചു. പക്ഷേ, ഇസ്സാക്ക് അതിന്റ തലേന്ന് ശ്രീനഗറിലേക്ക് പോയിരുന്നു!

ബോഗ്ദാങ്ങില്‍നിന്നും തുര്‍തുക്കിലേക്ക് എത്ര ദൂരമുണ്ട്? രാത്രി അങ്ങോട്ടു പോകുന്നത് സുരക്ഷിതമാണോ? മുന്നത്തെ തവണ പകലാണ് സോജന്‍ ഈ വഴിയെല്ലാം വണ്ടിയോടിച്ചത്. രാത്രിയും തണുപ്പും അതിനുമേല്‍ ആകാംക്ഷയും ചേര്‍ന്ന് അയാളുടെ ഓര്‍മ്മയേയും നേര്‍പ്പിച്ചിരിക്കുന്നു. ഗ്രാമം ഉറക്കത്തിലേക്ക് വീണു തുടങ്ങിയിരുന്നു. ഗ്രാമത്തില്‍ തുറന്നിരുന്ന ഏക കടയില്‍നിന്നാണ് ഞങ്ങള്‍ ഇസ്സാക്കിനെക്കുറിച്ച് അറിഞ്ഞത്. അതും പാതി ഷട്ടര്‍ ഇട്ട നിലയിലായിരുന്നു. ആ കടയിലെ പയ്യന് പലതവണ പറഞ്ഞിട്ടാണ് കാര്യം മനസ്സിലായത്.

യഥാര്‍ത്ഥത്തില്‍ ബോഗ്ദാങ്ങില്‍നിന്നും ഏകദേശം അരമണിക്കൂര്‍ യാത്രയേയുള്ളൂ തുര്‍തുക്കിലേക്ക്. അത് പക്ഷേ, ഞങ്ങള്‍ക്ക് അറിയുന്നുണ്ടായിരുന്നില്ല. ഒന്ന് നോക്കാമെന്നു വെച്ചാല്‍ ഇന്റര്‍നെറ്റിന് മൊബൈലില്‍ റേഞ്ചും ഇല്ല. ഇനി അറിഞ്ഞിരുന്നെങ്കില്‍ തന്നെ ഞങ്ങള്‍ ഇപ്പോള്‍ നേരിടുന്ന പ്രശ്‌നം സമയത്തിന്റേതല്ല. ഇരുട്ടിന്റേതാണ്, തണുപ്പിന്റേതാണ്, വിജനതയുടേതാണ്, ഭീതിയുടേതാണ്. സ്‌കുരുവില്‍നിന്നും കിലോമീറ്ററുകളോളം നീണ്ട യാത്രയില്‍ കൊടുമുടികള്‍ക്കുമേല്‍ മുനിഞ്ഞുകത്തുന്ന ചന്ദ്രന്‍ മാത്രമായിരുന്നു ഞങ്ങളുടെ കൂട്ട്. ഇനിയും അങ്ങനെ തന്നെ ആയിരിക്കും. ഇതിനിടയില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും അപകടം പിണഞ്ഞാല്‍? ഞങ്ങള്‍ അലിയെ വിളിച്ചു. അയാള്‍ പക്ഷേ, ഫോണ്‍ എടുക്കുന്നില്ല. കുറെ തവണ ശ്രമിച്ചിട്ടും അയാള്‍ ഫോണ്‍ എടുക്കാതെയായപ്പോള്‍ ആ ശ്രമം ഉപേക്ഷിച്ചു ഞങ്ങള്‍ കട വരാന്തയില്‍ കുന്തിച്ചിരുന്നു.

ഇപ്പോള്‍ ഒരു തീരുമാനത്തില്‍ എത്തേണ്ടതുണ്ട്. മുന്നോട്ടു പോകണോ അതോ അവിടെ എവിടെയെങ്കിലും രാത്രി ചെലവഴിച്ച് പിറ്റേന്ന് പുലര്‍ച്ചെ യാത്ര തുടരണോ? പക്ഷേ, രാത്രി കഴിച്ചുകൂട്ടാന്‍ അവിടെ സത്രങ്ങള്‍ വല്ലതും ലഭ്യമാണോ? ഒന്നുമറിയില്ല. ആരോടെങ്കിലും ചോദിക്കാമെന്നുവെച്ചാല്‍ വഴിയിലെങ്ങും ആരുമില്ല. ഞങ്ങള്‍ സോജനോട് ചോദിച്ചു: 

'എഡോ തനിക്ക് എന്തെങ്കിലും ഓര്‍മ്മകിട്ടുന്നുണ്ടോ? ഇനിയുള്ള വഴി എങ്ങനെയുള്ളതാണ്?'

'കൃത്യമായി ഞാന്‍ ഓര്‍ക്കുന്നില്ല. അന്ന് പക്ഷേ, പലയിടത്തും പൊട്ടിപ്പൊളിഞ്ഞു കിടക്കുകയായിരുന്നു. അത് ഇനിയുള്ള വഴിയായിരുന്നോ എന്നും വലിയ നിശ്ചയമില്ല.'

'ഇപ്പോളങ്ങനെ ആവാന്‍ വഴിയില്ല. നമ്മള്‍ വന്ന വഴിയെല്ലാം നല്ല വഴിയായിരുന്നില്ലേ?'

'അത് ശരിയാണ്. എങ്കില്‍ പിന്നെ അങ്ങ് പോകാം. വരുന്നത് വരട്ടെ.'

ഒടുവില്‍ ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട് തുര്‍തുക്കിലേക്ക് തണുപ്പിനോടൊപ്പം സഞ്ചരിക്കാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു. കൊടുമുടികളുടെ വിജനതയില്‍, രാത്രിയുടെ നിശ്ശബ്ദതയില്‍ ഞങ്ങളുടെ ബൈക്കുകളുടെ ശബ്ദം ഇടിമുഴക്കം പോലെ പ്രതിധ്വനിച്ചുകൊണ്ടിരുന്നു. 

തുര്‍തുക്കിലെ ഗലി
തുര്‍തുക്കിലെ ഗലി

പിന്നീടുള്ള അരമണിക്കൂര്‍ മറക്കാനാവാത്ത ഒരു അനുഭവമാണ്. ഒരാള്‍ക്ക് തന്റെ ജീവിതത്തില്‍ നടത്താവുന്ന ഏറ്റവും നല്ല യാത്രകളില്‍ ഒന്നായിരുന്നു അത്. തീര്‍ച്ചയായും ഭീതിജനകവും. എല്ലായിടവും ഇരുട്ട്. ഷയോക്ക് ആ ഇരുട്ടിലെവിടെയോ പോയി ഒളിച്ചിരിക്കുന്നു. മലമുടികളില്‍നിന്നും തണുപ്പിന്റെ നീളന്‍കയ്യുകള്‍ പ്രകൃതിയെ പൊതിഞ്ഞുപിടിക്കുന്നു. താഴ്‌വരയുടെ നീലഞരമ്പായ വഴിയില്‍ ഞങ്ങള്‍ തനിച്ച്. രാത്രിയുടെ ശീതക്കാറ്റ് ശരീരത്തിന്റെ ഓരോ ഇഞ്ചും നക്കിയെടുക്കുന്നു. ബൈക്കിന്റെ കോടമഞ്ഞില്‍ ചിതറിപ്പറക്കുന്ന വെട്ടം മുന്നില്‍ വളരെ കുറച്ചു ദൂരം മാത്രം വെളിവാക്കുന്നു. അത് പക്ഷേ, ചുറ്റുമുള്ള ഇരുട്ടിന്റെ കനം കൂട്ടുകയാണ്. ഞങ്ങള്‍ക്കിടയില്‍ നിശ്ശബ്ദത കുടിയേറിക്കഴിഞ്ഞിരിക്കുന്നു. വഴിയില്‍ വളവുകളില്‍ വാനമേഘങ്ങളില്‍, എല്ലായിടവും ഭീതി പൊരുന്ന ഇരിക്കുന്നതുപോലെ.

ഞാന്‍ ഗാബോയെ വീണ്ടും ഓര്‍ത്തു. മാന്ത്രികതയുടെ ഭൂഖണ്ഡത്തില്‍ പാര്‍പ്പുറപ്പിച്ച എഴുത്തുകാരന്‍. എഴുതാനിരുന്നപ്പോഴൊക്കെയും ഭൂതങ്ങള്‍ കൂട്ടിരുന്നവന്‍. ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്വേസ് എന്നത് ഒരു പേരല്ല. അതൊരു ഭൂപ്രദേശമാണ്. വായിക്കാന്‍ നിങ്ങള്‍ അയാളുടെ ഒരു പുസ്തകം കയ്യിലെടുത്താല്‍, സൂക്ഷിക്കുക, പിന്നെ ആ ഭൂമികയില്‍നിന്നും ഒരു മടക്കം സാധ്യമല്ല. ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ ജീവിച്ചിരുന്നവന്‍. കേണല്‍ ഔരീലിയാനോ ബുവെന്തിയ ഫയറിംഗ് സ്‌ക്വഡിനു മുന്നില്‍ നില്‍ക്കുകയാണ്. മാക്കൊണ്ട 'ചരിത്രാതീത കാലത്തെ മുട്ടകള്‍ പോലെ തോന്നിച്ച വെളുത്ത ഭീമകാരങ്ങളായ ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ ഒരു നദിയുടെ കരയില്‍ നിര്‍മ്മിച്ച ഇരുപത് ചുടുകട്ട വീടുകള്‍ മാത്രമുണ്ടായിരുന്ന ഗ്രാമമായിരുന്ന കാലം.' ഷയോക്കാണ് ആ നദിയെന്നും ഞങ്ങള്‍ മാക്കൊണ്ടയില്‍ ആണെന്നും എനിക്കു തോന്നി. 

ഇരുളില്‍ നിന്നെപ്പോഴോ നദിയുടെ ഇരമ്പം കേട്ടുവോ? വഴിയരികില്‍ തന്റെ തലയും കയ്യില്‍ പിടിച്ചുകൊണ്ട് ഒരാള്‍ ഞങ്ങളെ കാത്തിരുന്നേക്കാം. അല്ലെങ്കില്‍ അമ്മയെ കാണാനായി മകന്റെ രക്തം വഴികളെല്ലാം കടന്നു സഞ്ചരിക്കുന്നതായി കണ്ടേക്കാം. അതുമല്ലെങ്കില്‍ ശവകുടീരത്തിനുള്ളില്‍ അവസാനമില്ലാതെ ഒരു പെണ്‍കുട്ടിയുടെ മുടി വളര്‍ന്നുകൊണ്ടിരിക്കാം. മഞ്ഞ ചിത്രശലഭങ്ങള്‍ ചുറ്റിനും പറക്കുന്ന ഒരാള്‍ ചിലപ്പോള്‍ ഏതെങ്കിലും വളവില്‍ ഞങ്ങളെ കാത്തുനിന്നുവെന്നും വരാം. അന്‍പത്തിമൂന്നു വര്‍ഷവും ഏഴു മാസവും പതിനൊന്നു ദിവസവുമായി കാത്തുവെച്ചിരുന്ന പ്രണയത്തിന്റെ ഉറച്ച മറുപടി മഞ്ഞുവീണ നദിയില്‍നിന്നും കേള്‍ക്കുന്നില്ലേ?  പരവതാനിപോലെ ഞങ്ങളെ മൂടുന്ന ഇരുട്ടില്‍ ദൂരെ നാട്ടുവെളിച്ചം മുനിഞ്ഞുകത്തുന്നത് കാണുന്നതു വരെ ഞാന്‍ മാര്‍ക്വേസിനൊപ്പം മാക്കൊണ്ടയില്‍ തന്നെ ആയിരുന്നു.

ഞങ്ങള്‍ തുര്‍തുക്കില്‍ എത്തിയപ്പോള്‍ നേരം ഒരുപാട് വൈകിയിരുന്നു. ഇരുട്ടില്‍നിന്നും പൊടുന്നനെ തെളിഞ്ഞുവന്ന തണുപ്പു പുതച്ച ആ നാട്ടുവെളിച്ചങ്ങളുടെ കാഴ്ച നല്‍കിയ ഹര്‍ഷോന്മാദം പറഞ്ഞറിയിക്കാനാവുന്നതല്ല. ഒറ്റപ്പെടലിന്റെ അറ്റത്ത് പരിചയത്തിന്റെ പതാക പാറുന്നതുപോലെ. പക്ഷേ, ആ സന്തോഷമെല്ലാം അലി ഫോണ്‍ എടുക്കാതെയായപ്പോള്‍ പൊലിഞ്ഞുപോയി! പാത വിജനമായിരുന്നു. ഒരുപക്ഷേ, തുര്‍തുക്കിലേക്ക് അത്രയും വൈകി എത്തുന്ന ആദ്യത്തെ യാത്രികര്‍ ഞങ്ങള്‍ ആയിരുന്നിരിക്കാം. ഉദ്വേഗം സഹിക്കവയ്യാതെ സോജന്‍ അലിയെത്തേടി പോകാന്‍ തീരുമാനിച്ചു. പക്ഷേ, എങ്ങോട്ട്? ആര്‍ക്കറിയാം! അയാള്‍ ഇരുട്ടില്‍ മറഞ്ഞു. അയാളുടെ ഓര്‍മ്മശക്തിയെ വിശ്വസിക്കുക അല്ലാതെ വേറെ വഴിയൊന്നും ഇല്ലാത്തതുകൊണ്ട് ഞങ്ങള്‍ മൂന്നു പേരും സോജന്റെ മടങ്ങിവരവും നോക്കി ഇരിപ്പായി.

ഏകദേശം അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ നദിയുടെ അങ്ങേക്കരയില്‍നിന്നും കുന്നിറങ്ങി ഒരു മൊബൈല്‍ വെട്ടം ഞങ്ങളുടെ നേര്‍ക്ക് വരുന്നത് കണ്ടു. അത് സോജന്‍ ആയിരുന്നു. സോജന്‍ അലിയുടെ വീട് കണ്ടെത്തിയിരിക്കുന്നു. പക്ഷേ, അയാള്‍ അവിടെ ഇല്ല. റംസാന്‍ നോമ്പ് വീട്ടുന്നതിനായി പള്ളിയിലേക്ക് പോയതാണ്. ഇതുവരെ തിരിച്ചുവന്നിട്ടില്ല. ഫോണ്‍ കൂടെ കൊണ്ടുപോകാന്‍ മറന്നു. ബാഗുകളും എടുത്ത് ഞങ്ങള്‍ സോജന്റെ പിന്നാലെ നടന്നു. അലിയുടെ ഭാര്യയാണ് ഗസ്റ്റ് ഹൗസിന്റെ വാതിലുകള്‍ ഞങ്ങള്‍ക്ക് തുറന്നു തന്നത്. ഷൂ ഊരി മാറ്റി, ബാഗുകള്‍ മുറിയുടെ മൂലക്ക് തള്ളി ഞങ്ങള്‍ അലി വരുന്നതും കാത്തിരിപ്പായി.  അല്പനേരം കഴിഞ്ഞപ്പോള്‍ അലി വന്നു. ഫോണ്‍ എടുക്കാന്‍ മറന്നതിനു പലതവണ മാപ്പു പറഞ്ഞിട്ട് അയാള്‍ വേഗം അടുക്കളയില്‍ പോയി അത്താഴവുമായി തിരിച്ചുവന്നു. ഒരു പകല്‍ മുഴുവനായുമുള്ള വിശപ്പാണ്. തീരമണയുമ്പോള്‍ അതുവരെയുണ്ടായിരുന്ന ആശങ്കകള്‍ വിശപ്പായി പരിണമിക്കുന്ന നിമിഷമാണത്. ചോറും തൈരും ചീര മെഴുക്കുവരട്ടിയും വലിയ കോപ്പകളില്‍ ഞങ്ങള്‍ക്കു മുന്നില്‍ നിരന്നു. എന്ത് മാത്രം കഴിച്ചു എന്ന് ഞങ്ങള്‍ക്കുപോലും അറിയില്ല! 

ഊണ് കഴിഞ്ഞ് ഞങ്ങള്‍ ബാഗുകള്‍ തുറന്ന് ഉടുപ്പുകള്‍ മാറ്റി. വീടിന്റെ മുകള്‍നിലയില്‍ പണികഴിപ്പിച്ച ഒരു അതിഥിമന്ദിരമാണത്. ഒരു സന്ദര്‍ശന മുറിയും അടുത്തായി മറ്റൊരു വലിയ ഹാളും. ഹാളില്‍ സാമാന്യം വലിയ ഒരു കട്ടില്‍. അതില്‍ കട്ടിയുള്ള കമ്പളങ്ങള്‍ വിരിച്ചിരിക്കുന്ന കിടക്ക. മുറിയുടെ ഒരു വശത്ത് വലിയ ഒരു ജനാല. അതിലൂടെ വെളിയില്‍ ആകാശം കാണാം. ഇപ്പോള്‍ അതിശയമെന്നോണം ആകാശം തെളിഞ്ഞിരിക്കുന്നു. തുര്‍തുക്കിനുമേല്‍ ഉയര്‍ന്നു നില്‍ക്കുന്ന കാരക്കോറം കൊടുമുടികള്‍ക്കു മുകളില്‍ ചന്ദ്രന്‍ തെളിഞ്ഞു കത്തുന്നു. നിലാവ് ഗ്രാമത്തിലാകെ അതിന്റെ ഷിഫോണ്‍ വിരിച്ചിട്ടിരിക്കുന്നതും നോക്കി കുറേനേരം കൂടി ഉണര്‍ന്നിരുന്നിട്ടു ഞങ്ങള്‍ ഉറങ്ങാന്‍ പോയി.

മുഹമ്മദ് അലിയോടൊപ്പം യാത്രാ സംഘം
മുഹമ്മദ് അലിയോടൊപ്പം യാത്രാ സംഘം

കൃഷിക്കാരനായ രാജാവ്

സൂര്യന്‍ വലിയൊരു കൊടുമുടിയുടെ പിന്നില്‍നിന്നും വെയിലിന്റെ വിശറി വീശുന്നത് കണ്ടുകൊണ്ടാണ് പിറ്റേന്ന് രാവിലെ ഞങ്ങള്‍ ഉണര്‍ന്നത്. ചോര്‍ബത് താഴ്‌വരയിലെ ഏറ്റവും വലിയ ഗ്രാമമാണ് തുര്‍തുക്ക്. മൂവായിരത്തിലധികമാളുകള്‍ ഇവിടെ താമസമുണ്ട്. പച്ചയും മഞ്ഞയും നിറത്തില്‍ നിറയെ വയലുകളും ആപ്പിള്‍, ആപ്രിക്കോട്ട്, വാല്‍നട്ട് മരങ്ങളും തിങ്ങിനിറഞ്ഞ ഒരു പറുദീസാ. ഗ്രാമത്തോട് ചേര്‍ന്ന് വെള്ളിയരഞ്ഞാണം പോലെ ഷയോക്ക് ഒഴുകുന്നു. ചുറ്റുമുള്ള പര്‍വ്വതശിഖരങ്ങളില്‍ മഞ്ഞിന്റെ അപ്പൂപ്പന്‍ താടികള്‍ വീണുകിടക്കുന്നു. പേരറിയാവുന്നതും അല്ലാത്തതുമായ അനേകം പക്ഷികള്‍ മഞ്ഞുകണങ്ങള്‍ മുത്തു ചാര്‍ത്തിയ മരച്ചില്ലകളില്‍ ഇരുന്നു പാട്ടു പാടുന്നു. വഴിയേറെ സഞ്ചരിച്ച് രാത്രി വൈകിയാണെങ്കിലും ഇവിടെ എത്തിയത് ഇങ്ങനെ ഒരു പ്രഭാതത്തിലേക്ക് ഉണരാനായിരുന്നല്ലോ എന്നോര്‍ത്തപ്പോള്‍ സന്തോഷം തോന്നി. സിരകളിലൂടെ യാത്രയുടെ ഹരം പടരുന്നു. പണ്ട് ബാള്‍ട്ടിക് മേഖലയുടെ തലസ്ഥാനമായിരുന്നു തുര്‍തുക്ക്. ഇന്ത്യയുടെ കൈവശമുള്ള അഞ്ച് ബാള്‍ട്ടി ഗ്രാമങ്ങളില്‍ ഒന്നാണിത്.

രാവിലെ ബക്വീറ്റ് അടയും യാക്കിന്റെ തൈര് കൊണ്ടുണ്ടാക്കിയ ചട്ണിയും കഴിച്ച് ഞങ്ങള്‍ തുര്‍തുക്കിലെ ഏറ്റവും പഴക്കമുള്ള പള്ളി കാണാന്‍വേണ്ടി പോയി. എന്നാണു നിര്‍മ്മിച്ചതെന്ന് ആര്‍ക്കും തിട്ടമില്ലാത്ത ഈ പള്ളി 1690ല്‍ പുതുക്കിപ്പണിതതായി പറയപ്പെടുന്നു. ഇന്ന് പള്ളിയുടെ തടികൊണ്ടുള്ള മിനാരം മാത്രമാണ് അവശേഷിക്കുന്നത്. ലഡാക്കില്‍നിന്നും തിരിച്ചെത്തിയതിനു ശേഷം തുര്‍തുക്കിനെക്കുറിച്ചുള്ള എഴുത്തുകള്‍ പരതുന്നതിനിടയില്‍ ഈ മിനാരം ഗ്രാമവാസികളില്‍ ചിലര്‍ ആത്മഹത്യക്കായി തിരഞ്ഞെടുത്തെന്നും അതിനാല്‍ അത് എന്നത്തേക്കുമായി അധികാരികള്‍ അടച്ചുകളഞ്ഞുവെന്നും എഴുതിക്കണ്ടു. ഞങ്ങള്‍ ചെന്നപ്പോള്‍ പള്ളിയുടെ ചുറ്റുവട്ടത്ത് ആരും ഉണ്ടായിരുന്നില്ല. അതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയാന്‍ സാധിച്ചിരുന്നില്ല. വായിച്ചറിഞ്ഞത് സത്യമാണോ എന്നെനിക്ക് ഉറപ്പില്ല എന്നാലും അന്ന് ഞങ്ങള്‍ ചെന്നപ്പോഴും ആ മിനാരത്തിന്റെ വാതിലുകള്‍ താഴിട്ടടച്ചിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടിരുന്നു. 
പുതുക്കിപ്പണിത പള്ളിയില്‍ ഇപ്പോഴും പതിനേഴാം നൂറ്റാണ്ടിലെ മരപ്പണികളും മേലാപ്പും നമുക്ക് കാണാം. ഇതില്‍ കാണുന്ന സ്വസ്തിക ചിഹ്നം ബോണ്‍ മതത്തിന്റെ സ്വാധീനത്താല്‍ വരയപ്പെട്ടതാകാനാണ് സാധ്യത. ഇടത്തോട്ടു വരയ്ക്കുന്ന സ്വസ്തിക ബോണ്‍ മതത്തിന്റെ ഒരു വിശുദ്ധചിഹ്നമാണ്. ബുദ്ധമതത്തിന്റെ സ്വാധീനവും ഈ ചുമര്‍ചിത്രങ്ങളില്‍ പ്രകടമാണ്. അധികമൊന്നുമില്ലാത്ത ആ പള്ളിമുറ്റത്തുനിന്നും മുകളിലേയ്ക്കു നോക്കുമ്പോള്‍ നിരവധി തലമുറകളുടെ പ്രാര്‍ത്ഥനകള്‍ ഉറകൂടിയ ഒരു ദീര്‍ഘനിശ്വാസത്തിലെന്നവണ്ണം തുര്‍തുക്കിലെ പള്ളിമിനാരം കയ്യുയര്‍ത്തി തക്ബീറാത് ചെയ്യുന്നതുപോലെ ഞങ്ങള്‍ക്കു തോന്നി.

പള്ളിയോട് ചേര്‍ന്നാണ് തുര്‍തുക്കിലെ രാജാവ് യാബ്‌ഗോ മുഹമ്മദ് ഖാന്‍ കാച്ചോയുടെ കൊട്ടാരം. ഗ്രാമത്തിലെ ഇടുങ്ങിയ ഗലികളിലൂടെ നടന്നുവേണം ഈ കൊട്ടാരത്തിലെത്താന്‍. ഇരുപുറവും വീടുകള്‍ അല്ലെങ്കില്‍ തൊഴുത്തുകള്‍ മുട്ടിയുരുമ്മി നില്‍ക്കുന്ന നടപ്പാതയുടെ ഓരം ചേര്‍ന്ന് കണ്ണീര്‍പോലത്തെ ജലമൊഴുകുന്ന ചാല്. ചുമരുകള്‍ ഇല്ലാത്ത ഇടങ്ങളില്‍ ആപ്രിക്കോട്ട് മരങ്ങളുടെ തണല്‍ വീണുകിടക്കുന്നു. ചെറിമരത്തിന്റെ പൂവുകള്‍ വഴിയില്‍ പലയിടങ്ങളിലും ചിതറിക്കിടക്കുന്നു. 'വസന്തം ചെറിമരങ്ങളോട് ചെയ്യുന്നത് എനിക്ക് നിന്നോട് ചെയ്യണം' നെരൂദയും എന്നോടൊപ്പം തുര്‍തുക്കിലെ ഇടവഴികളിലൂടെ നടക്കുന്നുണ്ട്. നടന്നുപോകുമ്പോള്‍ വശങ്ങളിലെ വീടുകളില്‍നിന്ന് കുട്ടികളും സ്ത്രീകളും ഞങ്ങളെ കൗതുകത്തോടെ നോക്കുന്നു. അവര്‍ക്ക് ചിരിയിലൂടെ സ്‌നേഹം പകുത്തുനല്‍കി, സലാം പറഞ്ഞു ഞങ്ങള്‍ മുന്നോട്ടു നടന്നു. തണുപ്പ് ചുളിവ് വരുത്തിയിട്ടുണ്ടെങ്കിലും ഇവിടുത്തുകാരുടേത് ലേയിലെ മനുഷ്യരെപ്പോലെ മംഗോളിയന്‍ മുഖമല്ല. ശ്രീനഗറിലോ കാര്‍ഗിലിലോ കാണുന്ന തരം മനുഷ്യരാണ് ഇവിടങ്ങളിലുള്ളത്. അവരെ കണ്ടാല്‍ ഇറാനികളെപോലെ തോന്നിക്കും. 

വഴിയുടെ വശങ്ങള്‍ ചിലയിടങ്ങളില്‍ ഉരുളന്‍കല്ലുകള്‍ വെറുതെ പെറുക്കിവെച്ചുണ്ടാക്കിയ പോലെയാണ്. നടപ്പാത സിമന്റിട്ട് ഉറപ്പിച്ചിട്ടുണ്ട്. വടിവൊത്തു വെട്ടിയെടുത്തിരിക്കുന്ന ചതുരക്കല്ലുകള്‍ കൊണ്ടാണ് എല്ലാ കെട്ടിടങ്ങളും നിര്‍മ്മിച്ചിരിക്കുന്നത്. വീടുകളെ തമ്മിലും വഴിയും പുരയിടങ്ങളും തമ്മിലും വേര്‍തിരിക്കുന്ന മതിലുകള്‍ എല്ലാം മറുവശം കാണാന്‍ കഴിയാത്തവണ്ണം പൊക്കമുള്ള വലിയ കയ്യാലകളാണ്. 
കൊട്ടാരത്തിന്റെ വാതില്‍പ്പടിയില്‍ ഒരു വലിയ പരുന്തിന്റെ രൂപം ഉണ്ടാക്കിവെച്ചിട്ടുണ്ട്. തടികൊണ്ടുള്ള വാതിലാണ്. കല്ലുകള്‍ അടുക്കിയുണ്ടാക്കിയിരിക്കുന്ന ഭിത്തിയിലാണ് അത് പിടിപ്പിച്ചിരിക്കുന്നത്. ഞങ്ങള്‍ അതിലൂടെ കടന്ന് കൊട്ടാരവളപ്പിലെത്തി. രണ്ടു നിലകളുള്ള പഴയൊരു തറവാട്‌പോലെ തോന്നിക്കുന്ന കൊട്ടാരത്തിന്റെ താഴത്തെ നിലയില്‍ ഒരു അടുക്കളയും കുറച്ചു മുറികളുമുണ്ട്. മരത്തൂണുകളിലാണ് എല്ലാം പണികഴിപ്പിച്ചിരിക്കുന്നത്. പഴകിയതും കരിപിടിച്ചതുമായ ഒരു അകത്തളം. അവിടെ ഒരു കൊച്ച് ആണ്‍കുട്ടി ഞങ്ങളെ കണ്ടപ്പോള്‍ നാണംകുണുങ്ങി തൂണുകള്‍ക്കു പിന്നില്‍ മറഞ്ഞുനിന്നു. മുകളിലത്തെ നിലയില്‍ വേറെയും മുറികളുണ്ട്. ഈ സമയം വീട്ടിലിടുന്ന കുപ്പായങ്ങള്‍പോലെ സാധാരണ വസ്ത്രങ്ങള്‍ അണിഞ്ഞ പ്രായമായൊരാള്‍ പടികളിറങ്ങി ഞങ്ങള്‍ക്കരികിലേക്കു വന്നു. നല്ല ഉറച്ച ശരീരം. ബലിഷ്ടങ്ങളായ കയ്യുകള്‍. ഉയര്‍ന്ന പുരികങ്ങള്‍. നീണ്ട മൂക്ക്. തലയില്‍ ബാള്‍ട്ടി തൊപ്പി. മീശയില്ലാത്ത മുഖത്ത് വെളുത്ത താടി. കൈകളില്‍ അറ്റം വളഞ്ഞ ഒരു അധികാരദണ്ഡ്. 

'ഞാന്‍ മുഹമ്മദ് ഖാന്‍ കച്ചോ. തുര്‍തുക്കിലെ രാജാവ്. എന്റെ കൊട്ടാരത്തിലേക്കു സ്വാഗതം.'  

മുഹമ്മദ് കച്ചോയുടെ പഴയ ചിത്രം
മുഹമ്മദ് കച്ചോയുടെ പഴയ ചിത്രം

ഞങ്ങള്‍ വിനയത്തോടെ സഞ്ചാരികളാണെന്നും കേരളത്തില്‍നിന്നു വരുന്നെന്നും കൊട്ടാരം ചുറ്റിക്കാണാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞു. ഖാന്‍ അപ്പോള്‍ ഞങ്ങളെ മുകളിലത്തെ നിലയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ സാമാന്യം വലിയൊരു ഹാളില്‍ ഭിത്തിയില്‍ വരച്ചുവെച്ചിരിക്കുന്ന യാഗ്‌ബോ രാജവംശത്തിന്റെ ചരിത്രവഴികള്‍ അയാള്‍ ഞങ്ങള്‍ക്കു കാണിച്ചുതന്നു. മുഹമ്മദ് ഖാന്‍ കാച്ചോ ഇന്ത്യാപാക് നിയന്ത്രണരേഖയ്ക്കപ്പുറത്തുള്ള ഗില്‍ഗിത് ബാള്‍ട്ടിസ്താനിലെ ചോര്‍ബത്ഖാപുലുവിലുള്ള യാബ്‌ഗോ രാജവംശത്തിലെ അംഗമാണ്. തുര്‍തുക്ക് ഉള്‍പ്പെടുന്ന ബാള്‍ട്ടിസ്താനിലെ ചോര്‍ബത്ഖാപുലു മേഖല 1000 വര്‍ഷം ഭരിച്ചവരാണ് ഈ രാജവംശം. അദ്ദേഹത്തിന്റെ പൂര്‍വ്വികര്‍ പടിഞ്ഞാറന്‍ തുര്‍ക്കിസ്ഥാന്‍ അല്ലെങ്കില്‍ ഇന്നത്തെ മധ്യ ഏഷ്യയില്‍ ഉള്ള ഗാസ് ഗോത്രത്തില്‍പ്പെട്ടവരാണ്. ഈ ഗോത്രത്തിലെ സുല്‍ത്താന്‍ ബെഗ് മാന്തല്‍ പ്രശസ്തനായ ഒരു യോദ്ധാവായിരുന്നു. ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യയിലുള്‍പ്പെടുന്ന യാര്‍ഖണ്ഡില്‍നിന്നും എ.ഡി. 800ല്‍ പാകിസ്താനിലുള്ള സോള്‍തോറോ മലമടക്കുകളിലൂടെയാണ് അദ്ദേഹം ഖാപുലു കീഴടക്കാനായി എത്തിയത്.

ഈ രാജവംശത്തിലെ ഇരുപത്തിയാറാമത്തെ രാജാവായ മുഖീം ഖാന്‍ ഇസ്‌ലാം മതം സ്വീകരിച്ചതോടെയാണ് യാബ്‌ഗോ രാജവംശം മുസ്‌ലിങ്ങളാകുന്നത്. മുപ്പത്തിരണ്ടാമത്തെ രാജാവായ യാബ്‌കോ സികിയെം തന്റെ മൂന്ന് മക്കള്‍ക്കായി രാജ്യം വിഭജിച്ചു കൊടുക്കുംവരെ ഈ സാമ്രാജ്യം ഏതെങ്കിലും ഒരു ഭരണാധികാരിയുടെ കീഴിലായിരുന്നു. വിഭജിക്കപ്പെട്ട ഈ മൂന്നു പ്രവിശ്യകളും ഇന്ന് പാകിസ്താനിലാണ്. ഇതില്‍പ്പെട്ട നാല് പ്രധാന ഗ്രാമങ്ങളാണ് 1971ല്‍ ഇന്ത്യ പിടിച്ചെടുത്ത തുര്‍തുക്ക്, ചാലുങ്ക, ട്യാക്ഷി, ഥാങ് എന്നിവ.

1834ല്‍ കശ്മീരിലെ ദോഗ്ര സാമ്രാജ്യം കീഴടക്കുന്നതുവരെ യാബ്‌ഗോ രാജവംശമായിരുന്നു ബാള്‍ട്ടിസ്താന്റെ ഭരണകര്‍ത്താക്കള്‍. നാശോന്മുഖമായ ഈ കൊട്ടാരം ഒരിക്കല്‍ പാകിസ്താന്‍ പട്ടാളം അവരുടെ ബങ്കറായി ഉപയോഗിച്ചിരുന്നു. വാതില്‍പ്പടി അലങ്കരിച്ചിരുന്ന രത്‌നങ്ങളുള്‍പ്പെടെ കൊട്ടാരത്തിലെ വിലപിടിപ്പുള്ള വസ്തുക്കളെല്ലാം അവര്‍ കവര്‍ന്നുകൊണ്ടു പോയി എന്ന് ഖാന്‍ ഞങ്ങളോട് പറഞ്ഞു. ഒരിക്കല്‍ അതിസമ്പന്നരായിരുന്ന യാബ്‌കോ രാജകുടുംബത്തിലെ ഏറ്റവും ഒടുവിലത്തെ കണ്ണിയായ മുഹമ്മദ് ഖാന്‍ എന്ന തുര്‍തുക്കിലെ രാജാവ് ഇന്നിപ്പോള്‍ വിചിത്രമായൊരു വിധിയാലെന്നവണ്ണം ഒരു കൃഷിക്കാരന്റെ ജീവിതമാണ് നയിക്കുന്നത്! 

ഖാന്റെ പൊട്ടിപ്പൊളിഞ്ഞ കൊട്ടാരം ഒരു മ്യൂസിയം കൂടിയാണ്. പഴയകാലത്തെ നാണയങ്ങളും ആയുധങ്ങളും രാജകുടുംബം ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളുമൊക്കെ അവിടെ ഖാന്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. മുറിക്കുള്ളില്‍ സോനം നോര്‍ബുവിന്റെ ഒരു ചിത്രവുമുണ്ട്. പലതരം വാളുകളും അമ്പുകളും വില്ലുകളും കുടമണിപോലെ എന്തോ ഒന്നും അങ്ങനെ പലതും അയാള്‍ ഞങ്ങള്‍ക്കു കാട്ടിത്തന്നു ഖാന് ഇരിക്കുന്നതിനായി നീലനിറത്തിലുള്ള വലിയൊരു സോഫ ആ മുറിയിലുണ്ട്. നിലത്ത് കാര്‍പ്പറ്റ് വിരിച്ചിരിക്കുന്നു. തൂണുകളില്‍ ചുറ്റിവരിഞ്ഞു കയറുന്ന മുന്തിരിവള്ളികള്‍. അപ്പോള്‍ ഖാന്‍ മ്യൂസിയത്തിലെ പുരാവസ്തുക്കള്‍ക്കിടയില്‍നിന്നും ഗ്രാമസഭ നല്‍കിയ ഒരു സര്‍ട്ടിഫിക്കറ്റ് ഞങ്ങളെ കാണിച്ചുതന്നു. അത് സീസണില്‍ ഏറ്റവും അധികം ആപ്രിക്കോട്ട് വിളവെടുത്തതിനുള്ള സാക്ഷ്യപത്രമായിരുന്നു! 

ആപ്രിക്കോട്ട് കര്‍ഷകനായ ഒരു സുല്‍ത്താന്‍! ഞങ്ങള്‍ പരസ്പരം നോക്കി. ഖാന്റെ മുഖത്ത് യാതൊരു ഭാവവ്യത്യാസവുമില്ല. കര്‍ഷകനായിരിക്കുന്നതില്‍ അയാള്‍ അഭിമാനിക്കുന്നുവെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. അല്ലെങ്കില്‍ തന്നെ അതില്‍ എന്താണിത്ര അതിശയിക്കാന്‍? ഒരു രാജാവിന് എന്തുകൊണ്ട് കര്‍ഷകന്‍ ആയിക്കൂടാ? രാജാക്കന്മാര്‍ അവരവരുടെ ആവശ്യത്തിനുള്ളതെങ്കിലും നട്ടുവളര്‍ത്തണം. പൊതുഖജനാവില്‍നിന്നും കോടികള്‍ 'സഹായധനം' (!) സ്വീകരിക്കുന്ന നമ്മുടെ രാജാക്കന്മാര്‍ മുഹമ്മദ് ഖാന്‍ കാച്ചോയെ കണ്ടു പഠിക്കണം. പക്ഷേ, അദ്ദേഹത്തിന്റെ കൊട്ടാരം കൂടുതല്‍ പരിപാലനം ആവശ്യപ്പെടുന്നുണ്ട് എന്ന് ഞങ്ങള്‍ക്കു തോന്നി. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ പതിനേഴാം നൂറ്റാണ്ടിലെ ഈ സ്മാരകം നവീകരിച്ച് പരിപാലിക്കേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു.

ഞങ്ങള്‍ കൊട്ടാരത്തില്‍ നിന്നിറങ്ങി ഗ്രാമത്തിലെ കൃഷിയിടങ്ങളിലേക്ക് പോയി. ബക്ക്വീട്ടും കോളിഫ്‌ലവറും ചീരയും കാരറ്റും അങ്ങനെ പലതരം കൃഷികള്‍. എല്ലാത്തിനും മീതെ ആപ്രിക്കോട്ട് മരങ്ങള്‍ കുടപിടിക്കുന്നു. തുര്‍തുക്കിലെ ആപ്രിക്കോട്ട് പ്രശസ്തമാണ്. ഇവിടുത്തുകാരുടെ ഏറ്റവും വലിയ വരുമാനമാര്‍ഗ്ഗവും ആപ്രിക്കോട്ട് കൃഷിയാണ്. വയലുകള്‍ക്കരികില്‍ ആപ്പിള്‍മരങ്ങളും ചെറിമരങ്ങളുമുണ്ട്. പല നിറത്തില്‍ വിരിഞ്ഞ പൂവുകള്‍. വഴിയിലൊരിടത്ത് തണുപ്പൊഴുകി പൊഴിയുന്ന ഒരു ചെറിയ വെള്ളച്ചാട്ടം. നടന്നു നടന്ന് ഞങ്ങള്‍ ഗ്രാമത്തിലെ ഏറ്റവും ഉയര്‍ന്ന മലമുകളില്‍ എത്തി. അവിടെ നിന്നാല്‍ തുര്‍തുക്ക് മുഴുവനായും കാണാം. അങ്ങ് ദൂരെ മലയുടെ ചുവട്ടിലൂടെ ഇഴഞ്ഞുപോകുന്ന ഷയോക്ക്. നദിയുടെ ഇടതു കരയില്‍ നിറയെ പാടങ്ങള്‍. പച്ചയും മഞ്ഞയും നിറത്തില്‍ ചതുരംഗപ്പലകപോലെ ഗ്രാമം. അങ്ങനെ നോക്കിയിരിക്കുമ്പോള്‍ മലനിരകളുടെ പുറകില്‍നിന്നും സന്ധ്യ വന്നു. ആദ്യം സ്വര്‍ണ്ണമായി പിന്നെ ചുമപ്പായി ഒടുവില്‍ തീപോലെ അത് പുഴയില്‍ ഇറങ്ങിക്കിടന്നു. ചന്ദ്രനോടൊപ്പം ആകാശത്ത് ധ്രുവതാരകം തെളിഞ്ഞു. ഇരുട്ടിറങ്ങി വരുന്നത് നോക്കിയിരിക്കെ ഞങ്ങള്‍ക്ക് അരികിലേക്ക് ഡി. വിനയചന്ദ്രന്‍ കുന്നു കയറിവന്നു. 

'പ്രിയേ നീ ഘനവിരഹ ഹേമന്തരജനീ
നിലാവിന്റെ പിന്‍പറ്റിനില്‍ക്കുമൊരു
വിരഹനിശ്വാസം
ഹിമാനിയില്‍ കിളിയൊച്ച കേണമരു
മപ്പോള്‍ ധരിത്രിയൊരു
നിഴലിനാല്‍ മിഴിപാതിമൂടും
കടലിലൊരു തോണിയാളില്ലാതെയലയുന്നു
കടവിലൊരു ചിമ്മിനിവിളക്കാരുമില്ലവിടെ
വിടരുന്നതിന്‍ മുമ്പുകൊഴിയും നിശാഗന്ധി
വിജനത്തില്‍ പാതിവിടരാറായ പൂക്കൈത

ഇരവിന്റെ തടവുകാര്‍ പോകുന്ന കാല്പാടു
പകുതിയും മഞ്ഞിന്റെ മഷി വീണുമായുന്നു
പുഴയുടെ കിഴക്കങ്ങു ദൂരെയൊരു നക്ഷത്രമി
രവിനൊടുമൊഴിയുന്നു 'പേടിയുണ്ടോ സഖീ'
ഇതുവഴി, നിലാവേങ്ങിമറയുന്നോരീ വഴി
വിരഹിയുടെ ഗാനം, ശിശുക്കളില്‍, പൂക്കളില്‍,
ഗഗനത്തില്‍, നീലക്കയത്തിലും തേങ്ങുന്നു
പ്രണയം വിലാപം 
ഹിമാര്‍ദ്രയാം ഭൂമിയില്‍ 
തെളിയുന്നു, തെളിയുന്നു നേര്‍ത്തതാം രേഖകള്‍
കരയാതെ കരയാതെ 
ഹേമന്തമേ.'

മുറിവേറ്റ ഗ്രാമങ്ങള്‍

പിറ്റേന്നു രാവിലെ തുര്‍തുക്കില്‍നിന്നും ഞങ്ങള്‍ ഇന്ത്യയിലെ അവസാനത്തെ ഗ്രാമമായ ഥാങിലേക്കാണു പോയത്. 1971ല്‍ ഇന്ത്യ പിടിച്ചെടുക്കും വരെ പാകിസ്താന്റെ ഭാഗമായിരുന്നു ഥാങ്. പതിനാറോളം കുടുംബങ്ങള്‍ ഇപ്പോള്‍ അവിടെ താമസമുണ്ട്. പക്ഷേ, ഗ്രാമത്തിനു രണ്ട് കിലോമീറ്ററുകള്‍ക്കിപ്പുറം പട്ടാളത്തിന്റ ചെക്ക്‌പോസ്റ്റ് വരെ മാത്രമേ യാത്രികര്‍ക്ക് പ്രവേശനമുള്ളൂ. ഇന്തോടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് അവിടെയൊരു ബങ്കര്‍ നിര്‍മ്മിച്ചിട്ടുണ്ട്. മലമുകളില്‍ മൂന്നു ചുറ്റിലും പാകിസ്താന്‍ ബങ്കറുകള്‍ അവിടെ നിന്നാല്‍ നമുക്ക് കാണാം. നിരവധി ജീവിതങ്ങളെ കീറി മുറിച്ച് കടന്നുപോകുന്ന, ഇന്നും തര്‍ക്കവിഷയമായ, വിവാദ അതിര്‍ത്തിരേഖ (എല്‍.ഒ.സി) ഥാങിലൂടെയാണ് കടന്നുപോകുന്നത്. ആ ഇരുമ്പുവേലിക്കിരുപുറവും നടുവേ പിളര്‍ന്ന ഒരു അപ്പക്കഷണം പോലെ ഥാങ് ഞങ്ങള്‍ക്കു മുന്നില്‍ കിടന്നു.
 
ഇന്ത്യയുടെ കൈവശമുള്ള ഗ്രാമത്തിന്റെ ഇടതുവശത്ത് താഴെ നദി ഇടത്തേക്ക് തിരിയും. അതിനപ്പുറം ഒരു നേര്‍ത്ത വരപോലെ എല്‍.ഒ.സി കാണാം. അതിനുമപ്പുറം എന്താണെന്നു കാണാന്‍ വയ്യ. അവിടെയും ഒരു ഗ്രാമമുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഒരുപക്ഷേ, അതാവും ഥാങിന്റെ മറുപാതി. യുദ്ധാനന്തരം മാറ്റി വരക്കപ്പെട്ട അതിര്‍ത്തിരേഖ ഇവിടുത്തെ മനുഷ്യരെ നിര്‍ദ്ദാക്ഷിണ്യം പകുത്തുമാറ്റി. അതിര്‍ത്തിക്കപ്പുറത്തുള്ള ഗ്രാമത്തില്‍നിന്നും ഉപ്പയ്ക്കും ഉമ്മയ്ക്കും ബൈനോക്കുലറിലൂടെ നോക്കി കാണാനായി ഥാങിലെ കുട്ടികള്‍ ചുമന്ന വസ്ത്രങ്ങള്‍ ധരിച്ച് മുറ്റത്തിറങ്ങിയിരുന്നു കളിക്കുമായിരുന്നത്രെ! 

വിഭജനത്തിന്റെ ആദ്യനാളുകളില്‍ ബന്ധുക്കളെ ഒരുനോക്കു കാണാനായി വെള്ളക്കൊടിയും പിടിച്ച് അതിര്‍ത്തിയിലേക്കു ചെന്ന ഗ്രാമവാസികള്‍ വര്‍ഷങ്ങളോളമാണ് പാകിസ്താനില്‍ ജയിലില്‍ കഴിയേണ്ടിവന്നത്! നാല്‍പ്പതോളമാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ അനുവദിച്ചുകിട്ടിയ വിസയുമായി ഡല്‍ഹി വഴി ഇസ്‌ലാമാബാദിലെത്തി അവിടെനിന്നും തങ്ങളുടെ ഗ്രാമത്തിന്റെ രണ്ടര കിലോമീറ്റര്‍ അകലെ അതിര്‍ത്തിക്ക് അപ്പുറം വന്ന് അമ്മയേയും കണ്ട് ഒന്നും പറയാതെ മടങ്ങിപ്പോകേണ്ടിവന്നവര്‍ ഇവിടെയുണ്ട്! ഇന്നും അതിര്‍ത്തിക്കപ്പുറത്തുള്ള ഗ്രാമത്തിലേക്ക് ദൂരദര്‍ശിനിയിലൂടെ നോക്കിയിരിക്കുന്നവരെ നിങ്ങള്‍ക്ക് അവിടെ കാണാം. യുദ്ധം എന്ന് കേള്‍ക്കുമ്പോള്‍ ആവേശം കൊള്ളുന്ന മലയാളികള്‍ ഒന്ന് ഇവിടെവരെ വരണം. മുഖത്തെ പുഞ്ചിരിയുടെ പിന്നില്‍ കണ്ണീരിന്റെ കൊടുമുടികള്‍ ഒളിപ്പിക്കുന്ന ഇവിടുത്തെ മനുഷ്യരെ ഒന്നു നേരിട്ട് കാണണം. എന്നിട്ടും അതിര്‍ത്തിയില്‍നിന്നും കിലോമീറ്ററുകള്‍ അകലെ സുഖമായി കഴിയുന്ന നമ്മള്‍ ക്രൂരമായി വിഭജിക്കപ്പെട്ട ഒരു ജനതയുടെ ദുരന്തങ്ങളെ അറിവില്ലായ്മയില്‍ നിന്നുരുവം കൊള്ളുന്ന അഹങ്കാരംകൊണ്ട് പുച്ഛിക്കുന്നുവെങ്കില്‍! 

ഥാങില്‍ ഒരു ചായക്കടയുണ്ട്. അവിടെനിന്നും ഒരു ചായ കുടിച്ചത് ഉത്തരാഖണ്ഡിലെ ബദ്രിനാഥിലുള്ള മനായില്‍നിന്നും 2009ല്‍ ചായ കുടിച്ചതിന്റെ ഓര്‍മ്മകളിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി. മനായും ഇന്ത്യയിലെ മറ്റൊരു അതിര്‍ത്തി ഗ്രാമമാണ്. പക്ഷേ, ഥാങും മനായും തമ്മില്‍ യാതൊരു താരതമ്യവും സാധ്യമല്ല. മനായില്‍നിന്നും കിലോമീറ്ററുകള്‍ അകലെയാണ് ഇന്തോടിബറ്റന്‍ അതിര്‍ത്തി. മാത്രമല്ല, മനാ ശാന്തമായ ഒരു ഗ്രാമമാണ്. ഥാങ് അങ്ങനെയല്ല. ഇവിടുത്തെ മനുഷ്യര്‍ ഏതു നിമിഷവും അവര്‍ക്കുമേല്‍ വന്നു പതിച്ചേക്കാവുന്ന പട്ടാള ഷെല്ലുകള്‍ ഭയന്നാണ് കഴിയുന്നത്. 

പക്ഷേ, കുട്ടികള്‍ എല്ലായിടവും ഒരുപോലെയാണ്. അവര്‍ക്ക് അതിര്‍ത്തികള്‍ ഒരു പ്രശ്‌നമേ അല്ല. അല്ലെങ്കില്‍ വേര്‍തിരിവുകള്‍ക്കപ്പുറത്തേയ്ക്ക് നോക്കാന്‍ അവര്‍ക്ക് കഴിവുണ്ട്. തിരിച്ചുവരും വഴി ഒരുകൂട്ടം പെണ്‍കുട്ടികള്‍ ചിരിച്ചും ഉല്ലസിച്ചും ഗ്രാമത്തെ ലക്ഷ്യമാക്കി ഓടിപ്പോകുന്നത് ഞങ്ങള്‍ കണ്ടു. അവരുടെ കൗതുകം നിറഞ്ഞ കണ്ണുകളില്‍ മനുഷ്യനിര്‍മ്മിത അതിര്‍ത്തികളുടെ ഉപയോഗശൂന്യത പ്രതിഫലിക്കുന്നുണ്ടായിരുന്നു. അവരുടെ ആവേശം രണ്ടു രാജ്യങ്ങള്‍ തമ്മില്‍ വെച്ചു പുലര്‍ത്തുന്ന ശത്രുതയെ പരാജയപ്പെടുത്തി. പക്ഷേ, അപ്പോഴും അങ്ങകലെ നേര്‍ത്ത ഒരു നിഴലുപോലെ ആ മുള്ളുകമ്പികള്‍ കാണാമായിരുന്നു. ഷയോക്കാവട്ടെ, വേലികള്‍ കെട്ടിത്തിരിച്ച മനുഷ്യജീവിതങ്ങളെ നോക്കി ഊറിച്ചിരിച്ചുകൊണ്ട് ഒഴുകിക്കൊണ്ടേയിരുന്നു. എത്ര നിഷ്പ്രയാസമാണ് താനീ വേര്‍തിരുവുകളെ എല്ലാം മറികടക്കുന്നതെന്ന് നമ്മളെ കളിയാക്കുന്നതു പോലെ! മനുഷ്യര്‍ക്ക് എന്നാണ് നദികളാവാന്‍ കഴിയുന്നത്.

തുര്‍തുക്ക്‌/ ചിത്രങ്ങള്‍: സോജന്‍ മൂന്നാര്‍
തുര്‍തുക്ക്‌/ ചിത്രങ്ങള്‍: സോജന്‍ മൂന്നാര്‍

ഥാങില്‍നിന്നും തിരിച്ചു വരും വഴി ഞങ്ങള്‍ ടാക്ഷി ഗ്രാമത്തില്‍ വണ്ടി നിര്‍ത്തി. ടാക്ഷിയും ഇന്ത്യ പിടിച്ചെടുത്ത ഗ്രാമങ്ങളിലൊന്നാണ്. ഇവിടെയുമുണ്ട് വെട്ടിമുറിക്കപ്പെട്ട നിരവധി കുടുംബങ്ങള്‍. ടാക്ഷിക്ക് അതിമനോഹരമായ ഒരു മുകള്‍ ഭാഗം കൂടിയുണ്ട്. റോഡില്‍നിന്നും പണിതീരാത്ത മണ്‍വഴിയിലൂടെ മലകയറി മുകളിലോട്ടു പോകണം. കൂറ്റന്‍ പാറകള്‍ ഇടിഞ്ഞു വീഴാനെന്നവണ്ണം ഇടതുവശം ചേര്‍ന്നിരിപ്പുണ്ട്. മഞ്ഞും വെയിലും ചേര്‍ന്ന് മണ്ണിനു യാതൊരു ഉറപ്പും ഇല്ലാതാക്കിയിരിക്കുന്നു. ഏതു സമയവും ഒരു മലയൊന്നാകെ ഇടിഞ്ഞിരിക്കാം. ഞങ്ങള്‍ ബൈക്ക് ഓടിച്ച് പാതിവഴി കയറി. അവിടെവരെ മാത്രമേ വണ്ടി പോകൂ. ബാക്കി നടന്നു കയറണം. സിമന്റുനടകള്‍ കയറി മുകളിലെത്തിയപ്പോള്‍ അത്ഭുതപ്പെട്ടുപോയി. അതിമനോഹരമായ ഒരു ഹിമാലയന്‍ ടേബിള്‍ടോപ്പ് ഗ്രാമമാണ് ടാക്ഷി. നിറയെ വയലുകള്‍. വയല്‍വരമ്പുകളില്‍ ചെറിയും ആപ്പിളും വാല്‍നട്ടും ആപ്രിക്കോട്ടും. ഗ്രാമത്തെ ചുറ്റി കിഴക്കു വശത്തേയ്‌ക്കൊഴുകിപ്പോകുന്ന കോണ്‍ക്രീറ്റ് വഴിയുടെ ഇരുവശവും ഇതേ മരങ്ങള്‍ തന്നെ. വഴിയുടെ ഓരംപറ്റി ഒരു ജലധാര. അതിലൂടെ വെള്ളമല്ല, കുളിരാണൊഴുകുന്നത്.

ഗ്രാമത്തില്‍ ഒരു കൂട്ടം സ്‌കൂള്‍ കുട്ടികളാണ് ഞങ്ങളെ എതിരേറ്റത്. അവര്‍ തങ്ങളുടെ അദ്ധ്യാപകനോടൊപ്പം വയലില്‍ പോയി തിരിച്ചുവരുന്ന വഴിയാണ്. അന്ന് അവരുടെ കൃഷിപാഠ ദിനമായിരുന്നു. എന്റെ കയ്യിലെ ക്യാമറ ലെന്‍സ് കണ്ടപ്പോള്‍ എല്ലാവര്‍ക്കും അതിലൂടെ നോക്കണം. ഇതിലൂടെ നോക്കിയാല്‍ ആ മല അടുത്തു കാണാനാവുമോ? ഈ മലയോ? ദാ ആ മരം? എന്റെ വീട് കാണാമോ സാര്‍? ചോദ്യങ്ങളുടെ പെരുമഴയില്‍ നനഞ്ഞ് ഞാന്‍ അവര്‍ക്ക് ക്യാമറ കാണിച്ചുകൊടുത്തു. അതിലൊരു പെണ്‍കുട്ടി മാത്രം കൂട്ടത്തില്‍ നിന്നൊഴിഞ്ഞ് ക്യാമറയിലൂടെ നോക്കാന്‍ മടിച്ചുമാറി നില്‍ക്കുന്നത് അപ്പോഴാണെന്റെ ശ്രദ്ധയില്‍ പെട്ടത്. അവളെ ബാക്കിയുള്ളവര്‍ കളിയാക്കി ചിരിക്കുന്നുണ്ടായിരുന്നു. എനിക്ക് സങ്കടം വന്നു. ഞാന്‍ അവളേയും ക്യാമറ കാണിച്ചുകൊടുത്തു. ഒരുപക്ഷേ, അവള്‍ നാളെ ഈ ഗ്രാമങ്ങളെ എഴുതുന്ന സാഹിത്യകാരി ആയേക്കാം. എവിടെയും ഒറ്റപ്പെട്ടവരുടേയും ഒഴിവാക്കപ്പെടുന്നവരുടേയും അവസാന കൂട്ട് വാക്കുകള്‍ മാത്രമാണല്ലോ.

(തുടരും)

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com