ലോകമെമ്പാടും അംഗീകരിക്കപ്പെട്ടിട്ടുള്ള തത്ത്വത്തിനു ഇവിടെ യാതൊരു വിലയും ഇല്ല

ലോകമെമ്പാടും അംഗീകരിക്കപ്പെട്ടിട്ടുള്ള തത്ത്വത്തിനു ഇവിടെ യാതൊരു വിലയും ഇല്ല

വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് പതിവിനു വിരുദ്ധമായി വിദ്യാഭ്യാസ വകുപ്പ് മുന്നണിയെ നയിക്കുന്ന രാഷ്ട്രീയകക്ഷി ഏറ്റെടുക്കുന്നത്

കേരളത്തിലെ സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുടെ നിയമനങ്ങളുമായി ബന്ധപ്പെട്ട് സര്‍വ്വകലാശാലകളുടെ ചാന്‍സലറും സര്‍ക്കാരും ബന്ധപ്പെട്ട മറ്റുള്ളവരും ഉള്‍പ്പെട്ടിട്ടുള്ള കോടതി വ്യവഹാരങ്ങളും വിധികളും അവയെപ്പറ്റിയുണ്ടായിട്ടുള്ള വാദപ്രതിവാദങ്ങളും പോര്‍വിളികളും വിവാദങ്ങളും ഒക്കെയാണല്ലോ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാധ്യമങ്ങളില്‍ വാര്‍ത്തകളായും ചര്‍ച്ചകളായും നിറഞ്ഞുനില്‍ക്കുന്നത്. ചര്‍ച്ചകള്‍ക്കായി നിയമവിദഗ്ദ്ധരെ ഉള്‍പ്പെടുത്തി അവരുടെ അഭിപ്രായങ്ങളേക്കാള്‍ താന്‍ പറയുന്നതിനാണ് പ്രസക്തിയും നിയമസാധുതയും എന്ന് സ്ഥാപിക്കാന്‍ വെമ്പല്‍കൊള്ളുന്ന അവതാരകരുടെ താന്‍പോരിമയും ഈ കോലാഹലങ്ങള്‍ക്ക് ഒരുതരം പരിഹാസ്യത സമ്മാനിക്കുന്നുമുണ്ട്. ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടുതന്നെ ഇതേ മാധ്യമങ്ങള്‍ നമ്മുടെ സര്‍വ്വകലാശാലകളില്‍ പല വിഷയങ്ങളിലും നിലവിലുള്ള സീറ്റുകള്‍ നികത്തപ്പെടുന്നില്ല എന്നും അതിനു കാരണം ആ കോഴ്സുകളുടെ നിലവാരമില്ലായ്മയാണെന്നും അതുകൊണ്ടാണവര്‍ മറ്റിടങ്ങളിലേക്ക് കൂട്ടത്തോടെ ചേക്കേറുന്നതെന്നും പ്രചരിപ്പിക്കുന്നു. മറുവശത്ത്, അന്യസംസ്ഥാന സര്‍വ്വകലാശാലകളിലും കേന്ദ്ര സര്‍വ്വകലാശാലകളിലും വിദ്യാഭ്യാസം തേടിപ്പോകുന്ന മലയാളി വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വരുന്നുണ്ടെന്നു  ശതമാനക്കണക്കുള്‍പ്പെടെയുള്ള പട്ടികകള്‍ നിരത്തി സ്ഥാപിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്നു എന്ന വിരോധാഭാസവും നാം കാണുന്നുണ്ട്. വൈസ് ചാന്‍സലര്‍ നിയമനങ്ങളുടെ കാര്യത്തില്‍ നിയമിക്കപ്പെട്ടവരാരും യോഗ്യതയില്ലാത്തവരാണ് എന്ന ആക്ഷേപമുയര്‍ത്തിയല്ല അവരുടെ നിയമനങ്ങള്‍ റദ്ദാക്കിയിട്ടുള്ളത് എന്ന വസ്തുത പല മാധ്യമങ്ങളും തമസ്‌ക്കരിക്കുകയോ യോഗ്യതയുടെ പ്രസക്തി കുറച്ചുകാണിക്കുകയോ ആണ് ചെയ്തിട്ടുള്ളത് എന്ന കാര്യവും വിസ്മരിച്ചുകൂടാ. ഈ കാര്യങ്ങളുടെയൊക്കെ ന്യായാന്യായങ്ങളെ പരിശോധിക്കുവാനോ വിലയിരുത്തുവാനോ അല്ല ഇവിടെ ശ്രമിക്കുന്നത്. നമ്മുടെ ഉന്നത വിദ്യാഭ്യാസരംഗത്ത്  നിലനില്‍ക്കുന്ന ചില അടിസ്ഥാന പ്രശ്നങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുവാനാണ്  ശ്രമിക്കുന്നത്. 

'ഇടതു'പക്ഷം അധികാരത്തില്‍ എത്തിയിട്ടുള്ള സന്ദര്‍ഭങ്ങളിലാണ് ഭേദപ്പെട്ട യോഗ്യതയുള്ളവരെ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍മാരായി നിയമിക്കപ്പെട്ടിട്ടുള്ളത് എന്ന യാഥാര്‍ത്ഥ്യം വസ്തുനിഷ്ഠമായി കാര്യങ്ങള്‍ പരിശോധിക്കുന്നവര്‍ക്ക് നിഷേധിക്കാനാകുമെന്നു തോന്നുന്നില്ല. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് പതിവിനു വിരുദ്ധമായി വിദ്യാഭ്യാസ വകുപ്പ് മുന്നണിയെ നയിക്കുന്ന രാഷ്ട്രീയകക്ഷി ഏറ്റെടുക്കുന്നത്. അതിനുമുന്‍പെല്ലാം ഏതെങ്കിലും ഘടകകക്ഷിക്കായിരുന്നു ആ വകുപ്പിന്റെ ചുമതല നല്‍കിയിരുന്നത്. സ്‌കൂള്‍ അദ്ധ്യാപകനെ വി.സിയായി നിയമിക്കാന്‍ ശ്രമിച്ചത് വിവാദമായതും സര്‍വ്വകലാശാലകളിലെ അദ്ധ്യാപന പരിചയം ഇല്ലാത്ത, പ്രൊഫസര്‍ പദവി ഇല്ലാത്ത  കോളേജ് അദ്ധ്യാപകരെ വി.സിമാരാക്കിയതുമെല്ലാം ഏതു ഭരണകാലത്താണ് എന്നും നമുക്കറിയാം. അതില്‍ മാതൃഭാഷയോ ആംഗലഭാഷയോ തെറ്റ് കൂടാതെ എഴുതാന്‍ പോലും അറിയാത്ത ഒരാളുമുണ്ടായിരുന്നു എന്ന വസ്തുതയും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. അവരുടെ നിയമനങ്ങളെല്ലാം അതാതുകാലത്ത്  ഗവര്‍ണര്‍ പദവി വഹിച്ചിരുന്നവര്‍ (ഒരു മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ) നടത്തിയതായിരുന്നു.  ഉന്നത വിദ്യാഭ്യാസ മേഖല വിവിധ കാലഘട്ടങ്ങളില്‍ പല രീതികളിലും വേണ്ടത്ര ശ്രദ്ധ ലഭിക്കാതിരുന്ന ഒന്നായിരുന്നു എന്ന് സൂചിപ്പിക്കാനാണ് ഈ വസ്തുതകള്‍ ചൂണ്ടിക്കാണിച്ചത്. സര്‍വ്വകലാശാലകളുടെ അഫിലിയേഷനോടുകൂടി പ്രവര്‍ത്തിക്കുന്ന എയ്ഡഡ് മേഖലയിലേയും 'പരാശ്രയ' (എം.എന്‍. വിജയനോട് കടപ്പാട്) മേഖലയിലേയും കോളേജുകളും ഉള്‍പ്പെടുന്നതാണല്ലോ നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖല. ബിരുദതലം മുതല്‍ ഈ കോളേജുകളിലേക്ക് കടന്നുവരുന്ന വിദ്യാര്‍ത്ഥികളും അവരെ സംബോധന ചെയ്യുന്ന അദ്ധ്യാപകരും മറ്റുള്ള ഉദ്യോഗസ്ഥരും ആ മേഖലയില്‍ പങ്കാളികളാണല്ലോ.  (ടീച്ചര്‍ എഡ്യുക്കേഷന്‍, ബി.എഡ്,  നഴ്സ്,   പ്രൊഫഷണല്‍ കോളേജുകള്‍ എന്നിവയെ സംബന്ധിക്കുന്ന പ്രശ്നങ്ങള്‍ ഈ കുറിപ്പിന്റെ പരിഗണനയില്‍ വരുന്നില്ല).

പ്ലസ് ടു കഴിഞ്ഞു വരുന്നവരാണല്ലോ ബിരുദതലത്തില്‍ പ്രവേശനം തേടുന്നത്. സര്‍ക്കാര്‍ എയ്ഡഡ് മേഖലകളിലുള്ള ഇരുന്നൂറ്റി ഇരുപതോളം കോളേജുകളില്‍ പ്രവേശനം ലഭിക്കാത്തവരാണ്, വിശേഷിച്ചും മാനവിക, ഭാഷാസാഹിത്യ, സാമൂഹിക ശാസ്ത്ര വിഷയങ്ങളില്‍, മുന്നൂറ്റി അന്‍പതോളം പരാശ്രയ കോളേജുകളില്‍   പ്രവേശനം നേടുന്നതെന്നു പറയാം.  ഇതിനു പുറമെ സര്‍വ്വകലാശാലകള്‍ നടത്തുന്ന വിദൂര വിദ്യാഭ്യാസ കോഴ്സുകളില്‍ പ്രവേശനം തേടുന്നവരുമുണ്ട്. കൗതുകകരമായ വസ്തുത പലയിടങ്ങളിലും പരാശ്രയ കോഴ്സുകള്‍ നടത്തുന്നത് എയ്ഡഡ് കോളേജുകളുടെ ക്യാംപസുകളില്‍  ചട്ടങ്ങള്‍ക്കു വിരുദ്ധമായി  അതേ മാനേജ്മെന്റുകള്‍ തന്നെയാണ് എന്നുള്ളതാണ്. ചിലയിടങ്ങളിലെങ്കിലും എയ്ഡഡ് മേഖലയിലെ ചില അദ്ധ്യാപകരെങ്കിലും ചട്ടവിരുദ്ധമായിത്തന്നെ  അണ്‍എയ്ഡഡ് മേഖലയിലെ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നുമുണ്ട്. വിദ്യാര്‍ത്ഥികള്‍ ഇല്ലാത്തതിനാലോ അവരുടെ എണ്ണം കുറവായതിനാലോ അടച്ചുപൂട്ടേണ്ടിവ(രു)ന്ന പരാശ്രയ പ്രൊഫഷണല്‍ കോളേജുകളെക്കുറിച്ച് വാര്‍ത്തകള്‍ വന്നിട്ടുണ്ട്; വരുന്നുമുണ്ട്. ലാഭമില്ലാതെ വരുന്നതിനാലാണല്ലോ അടച്ചുപൂട്ടേണ്ടിവരുന്നത്? എന്നാല്‍ അങ്ങനെയുള്ള ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍ വിരളമാണ്. 

പരാശ്രയ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അദ്ധ്യാപക-അനദ്ധ്യാപകരുടെ  നിയമനത്തിന്റെ കാര്യത്തിലോ സേവനവേതന വ്യവസ്ഥകളുടെ കാര്യത്തിലോ സര്‍ക്കാരിനോ സര്‍വ്വകലാശാലകള്‍ക്കോ നിയന്ത്രണങ്ങളൊന്നുമില്ല. ആകെയുള്ളത് അണ്‍എയ്ഡഡ് കോളേജുകള്‍ക്ക്  അഫിലിയേഷന്‍ ലഭിക്കണമെങ്കില്‍ ഒരു നിശ്ചിത തുക സര്‍വ്വകലാശാലയില്‍ അടയ്ക്കണം എന്നത് മാത്രമാണ്. അതുപോലെതന്നെയാണ് ഈ കോളേജുകള്‍ക്ക് പുതിയ കോഴ്സുകള്‍ അനുവദിക്കുന്നതും. വളരെ പരിമിതമായ ലൈബ്രറി, ലബോറട്ടറി സൗകര്യങ്ങള്‍ ഉള്ള കോളേജുകള്‍ക്ക് ആ കോഴ്സുകള്‍ തുടങ്ങാന്‍ അനുവാദം ലഭിക്കുന്നത് എങ്ങനെയാണ് എന്ന് അന്വേഷിക്കുമ്പോള്‍ ഞെട്ടിക്കുന്ന പല വിവരങ്ങളും പുറത്തുവരും. ഭാഷാ, മാനവിക വിഷയങ്ങളുടെ കാര്യം പോകട്ടെ (അവ അപ്രധാനമാണെന്നല്ല ഇവിടെ സൂചിപ്പിക്കുന്നത്); ശാസ്ത്ര വിഷയങ്ങളില്‍ പരിമിതം എന്ന് വിശേഷിപ്പിക്കാവുന്ന സൗകര്യങ്ങള്‍ പോലുമില്ലാത്ത കോളേജുകള്‍ക്ക് ആ കോഴ്സുകള്‍ നടത്താന്‍ അനുവാദം നമ്മുടെ സര്‍വ്വകലാശാലകള്‍ പലപ്പോഴായി നല്‍കിയിട്ടുണ്ട്. അതിനും ഒരു നിശ്ചിത ഫീസ് അടച്ചാല്‍ മതിയാകും. സര്‍വ്വകലാശാല നിയമിക്കുന്ന വിഷയവിദഗ്ദ്ധനും സിന്‍ഡിക്കേറ്റംഗവും ഉള്‍പ്പെടുന്ന ഒരു ടീം കോളേജ് സന്ദര്‍ശിച്ച് 'പരിശോധന' നടത്തി പുതിയ കോഴ്സ് ആരംഭിക്കാന്‍ അവര്‍ക്കനുകൂലമായ ഒരു റിപ്പോര്‍ട്ട് സര്‍വ്വകലാശാലയ്ക്ക് സമര്‍പ്പിക്കുന്നു. നിശ്ചിത ഫീസ് അടയ്ക്കുന്നു. മതിയായ അദ്ധ്യാപകരില്ലാതെ കോഴ്സ് ആരംഭിക്കുന്നു. വിദ്യാര്‍ത്ഥികള്‍ ഭീമമായ ഫീസ് നല്‍കി പ്രവേശനം നേടുന്നു. പിന്നെ എന്ത് നടക്കുന്നു എന്നതിനു തൃപ്തികരമായ മറുപടി ആരില്‍നിന്നും ലഭിക്കുകയില്ല. ഇതുതന്നെയാണ് എയ്ഡഡ് മേഖലയില്‍ പുതിയ കോഴ്സുകള്‍ ആരംഭിക്കാന്‍ കോളേജുകള്‍ക്ക് അനുവാദം  നല്‍കുവാന്‍ അവലംബിക്കുന്ന പ്രക്രിയയും. 

എക്സ്പ്രസ് ഇല്ലസ്ട്രേഷൻ
എക്സ്പ്രസ് ഇല്ലസ്ട്രേഷൻ

നിയമം വി.സി നിയമനങ്ങള്‍ക്ക് മാത്രം മതിയോ?

ഇപ്പോഴും സര്‍ക്കാര്‍ കോളേജുകളില്‍ അദ്ധ്യാപകരുടെ നിരവധി തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട്. പ്രിന്‍സിപ്പല്‍മാര്‍ ഇല്ലാത്ത അറുപതിലധികം  കോളേജുകളുമുണ്ട് എന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. സര്‍വ്വകലാശാലാ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ വര്‍ഷങ്ങളായി പല ഒഴിവുകളും നികത്തിയിട്ടില്ല. വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭം നടത്തുമ്പോള്‍ അവരെ അനുനയിപ്പിക്കുവാന്‍ താല്‍ക്കാലികമായ ചില സംവിധാനങ്ങള്‍ ഉണ്ടാക്കുന്നു. കുറച്ചുനാള്‍ കഴിയുമ്പോള്‍ വീണ്ടും സംഗതികള്‍ പൂര്‍വ്വസ്ഥിതിയിലാകുന്നു. അടുത്തകാലം വരെ സര്‍വ്വകലാശാലകളുടെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ അതിഥി അദ്ധ്യാപകരെ നിയമിച്ചിരുന്നു. മഹാത്മാഗാന്ധി സര്‍വ്വകലാശാലയെങ്കിലും  ആ സംവിധാനം അവസാനിപ്പിച്ചു. പുതുതായി വന്നിരിക്കുന്നത് അതാത് ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ഗവേഷണം നടത്തുന്നവരെ നിശ്ചിത മണിക്കൂറുകള്‍ ബിരുദാനന്തര തലത്തിലുള്ള വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുവാന്‍ വിനിയോഗിക്കണമെന്ന വ്യവസ്ഥയാണ്. അപ്പോള്‍ സംഭവിക്കുക അവര്‍ക്ക് തങ്ങളുടെ  ഗവേഷണത്തില്‍ പൂര്‍ണ്ണമായി ശ്രദ്ധിക്കുവാന്‍ കഴിയാതിരിക്കുകയും പഠിപ്പിക്കാന്‍ വേണ്ട തയ്യാറെടുപ്പ് നടത്തുന്നതിലും വേണ്ട വിധം ശ്രദ്ധിക്കുവാന്‍ കഴിയുകയുമില്ല  എന്നതാണ്. (ഒരുപക്ഷേ, ഈ സംവിധാനം ഒരു നിയമനത്തെ സംബന്ധിച്ചുള്ള ഹൈക്കോടതി വിധിയെ മറികടക്കാന്‍ സഹായിച്ചെന്നു വരാം. ഗവേഷണകാലം അദ്ധ്യാപനകാലമായി പരിഗണിക്കാനാകില്ലെന്നാണല്ലോ വിധി. ഈ സംവിധാനം രണ്ടും ഒരുമിച്ചു നടത്താന്‍ സഹായിക്കും. ഈ വിധി വരുന്നതിനു മുന്‍പ് തുടങ്ങിയതാണ് ഈ സംവിധാനം എന്നോര്‍ക്കണം. അപാരമായ ദീര്‍ഘവീക്ഷണം എന്നും പറയാം!)  ഇതിനുള്ള പരിഹാരം ഒഴിഞ്ഞുകിടക്കുന്ന അദ്ധ്യാപക തസ്തികകള്‍ നികത്തുക എന്നതാണ്. ഇപ്പോഴുള്ള താല്‍ക്കാലിക സംവിധാനത്തിലും കോട്ടം സംഭവിക്കുന്നത് വിദ്യാര്‍ത്ഥി സമൂഹത്തിനാണ്.  പൊതുസമൂഹത്തിനും ഇപ്പോള്‍ വിദ്യാര്‍ത്ഥികളെയോര്‍ത്ത് മുതലകളായി കരയുന്നവര്‍ക്കും   ഈ വക കാര്യങ്ങളൊന്നും ഉന്നത വിദ്യാഭ്യാസ മേഖലയെ ഗൗരവമായി ബാധിക്കുന്ന പ്രശ്നങ്ങളായി തോന്നുന്നില്ല എന്നതുകൊണ്ടായിരിക്കണമല്ലോ അവര്‍ അവയെക്കുറിച്ച് ചര്‍ച്ച ചെയ്യാത്തത്! 

പരാശ്രയ മേഖലയില്‍ അദ്ധ്യാപക-അനദ്ധ്യാപക വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവരെ ഏതു മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് ഓരോരോ തസ്തികകളില്‍ നിയമിക്കുന്നത് എന്ന വളരെ പ്രസക്തമായ ചോദ്യം ഇപ്പോള്‍ വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തില്‍ മുറവിളി കൂട്ടുന്നവര്‍ നാളിതുവരെ ഉന്നയിക്കുന്നതായി കേട്ടിട്ടില്ല. കോടതികള്‍ ഉള്‍പ്പെടെ എല്ലാവരും വിദ്യാര്‍ത്ഥികളുടെ ഭാവിയെക്കുറിച്ചാണല്ലോ ആശങ്കപ്പെടുന്നത്. കോടതികളുള്‍പ്പെടെ പ്രകടിപ്പിക്കുന്ന ആ ആശങ്ക പൊതുസമൂഹത്തെ സുഖിപ്പിക്കാനും അവരുടെ കണ്ണില്‍ പൊടിയിടാനുമാണ്; പത്രക്കാര്‍ക്ക് വെണ്ടയ്ക്ക നിരത്താനും. ഉന്നത വിദ്യാഭ്യാസ മേഖലയിലെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ക്കു നേരെ കണ്ണടയ്ക്കുകയും അവയെ ഗൗരവമായി സംബോധന ചെയ്യാന്‍ മടിക്കുകയും ചെയ്യുന്ന ആശങ്കകള്‍ ദീര്‍ഘായുസ്സില്ലാതെ കടലാസുകളില്‍തന്നെ അവസാനിക്കുന്നവയാണ്.  ആത്മാര്‍ത്ഥതയുടെ കണികപോലും അതിലില്ല എന്നത് ഈ സമൂഹത്തിന്റെ അനുഭവമാണ്.  കാരണം, വൈസ് ചാന്‍സലര്‍മാര്‍ മാത്രം ചട്ടപ്പടി നിയമിക്കപ്പെട്ടാല്‍ അവസാനിക്കുന്നതല്ല നമ്മുടെ  ഉന്നത വിദ്യാഭ്യാസ മേഖലയിലെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ എന്നതാണ് വസ്തുത. വിദ്യാര്‍ത്ഥികളുടെ ഏതു കാതലായ പ്രശ്നത്തെക്കുറിച്ചാണിവര്‍ ഇപ്പോള്‍ ബേജാറാകുന്നത്? അതിന്റെ യുക്തിയെന്താണ്? ഏതെങ്കിലും കോഴ്സ് പാസ്സായവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടാന്‍ വൈകുന്നു എന്നതാണോ കാതലായ വിഷയം? അല്ല എന്നുതന്നെയാണ് അതിനുത്തരം.

ഉത്തരവാദപ്പെട്ടവരുടെ ശ്രദ്ധ പതിയേണ്ട അനേകം പ്രശ്നങ്ങള്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലുണ്ട്. ചിലതു മാത്രം സൂചിപ്പിക്കട്ടെ. പ്ലസ് ടു പാസ്സായി ഓരോ വിഷയങ്ങള്‍ തെരഞ്ഞെടുത്ത് ബിരുദപഠനത്തിനായെത്തുന്ന വിദ്യാര്‍ത്ഥികളുടെ  നിലവാരം പരിശോധിക്കുമ്പോള്‍ പലപ്പോഴും നമ്മെ അത്ഭുതപ്പെടുത്തുകയും അതിലേറെ നിരാശരാക്കുകയും ചെയ്യുന്ന സ്ഥിതിയാണുള്ളത്. പ്ലസ് ടു തലത്തില്‍ പരാജയപ്പെടുന്നവരുടെ എണ്ണം വളരെ കുറവാണ്. നല്ലതുതന്നെ! നൂറുമേനി വിളയിക്കുന്ന സ്‌കൂളുകളുടേയും 'എ പ്ലസ്' വാങ്ങിക്കുന്ന വിദ്യാര്‍ത്ഥികളുടേയും പേരുകളും ചിത്രങ്ങളും കൊണ്ട് പത്രത്താളുകള്‍ നിറയാറുള്ളത് നാം എത്രയോ വര്‍ഷമായി കാണുന്നു. ഇങ്ങനെ 'എ പ്ലസും' 'എ' യും വാങ്ങുന്ന കുട്ടികളുടെ നിലവാരത്തെക്കുറിച്ച് എത്രപേര്‍ ആശങ്കപ്പെട്ടിട്ടുണ്ട്? വഴിയോരങ്ങളില്‍ അവരുടെ ചിത്രങ്ങള്‍ വഹിക്കുന്ന ഫ്‌ലെക്സുകള്‍ ഇല്ലാത്ത എത്ര പ്രദേശങ്ങള്‍ കൊച്ചുകേരളത്തിലുണ്ട്? 'എ പ്ലസും' 'എ' യും  വാങ്ങുന്നവരെല്ലാം നിലവാരമില്ലാത്തവരാണ് എന്നല്ല സൂചിപ്പിക്കുന്നത് എന്ന കാര്യം  അടിവരയിട്ടു പറയട്ടെ. നിലവാരമുള്ളവര്‍ ഒരു ചെറിയ ശതമാനമേ വരൂ എന്നാണു സൂചിപ്പിക്കുന്നത്. കോവിഡ് മഹാമാരിക്കു മുന്‍പ് നമ്മുടെ പൊതുവിദ്യാഭ്യാസ വകുപ്പ് ഏഴാം ക്ലാസ്സ് പാസ്സായ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടത്തിയ ഒരു സര്‍വ്വേയില്‍ കണ്ടെത്തിയത് ഏകദേശം നാല്‍പ്പതു ശതമാനത്തിലേറെ കുട്ടികള്‍ മലയാള അക്ഷരങ്ങള്‍ തെറ്റുകൂടാതെ എഴുതാനറിയാത്തവരാണ് എന്ന ഞെട്ടിക്കുന്ന വിവരവും ഇതിനോട് കൂട്ടിവായിക്കാവുന്നതാണ്. 

ഇംഗ്ലീഷ് ഭാഷാ, സാഹിത്യ പഠനത്തിനായി കോളേജുകളിലെത്തുന്നവരില്‍ ഭൂരിഭാഗം കുട്ടികളുടേയും നിലവാരം മോശമാണെന്നു പറയാതെ നിര്‍വ്വാഹമില്ല. ബിരുദാനന്തര പഠനത്തിനു വരുന്നവരുടെ കാര്യത്തില്‍ നേരിയൊരു വ്യത്യാസം ഉണ്ടെന്നല്ലാതെ അത് ആശ്വാസകരമായ വ്യത്യാസമാണെന്നു പറഞ്ഞുകൂടാ.  ഇവിടെയും മുന്‍പ് സൂചിപ്പിച്ചതുപോലെ ഒരു ചെറിയ ശതമാനം മാത്രമാണ് നിലവാരമുള്ളവര്‍. ഈ രണ്ടു തലങ്ങളിലും ഇങ്ങനെ  സംഭവിക്കുന്നതിനു പിന്നിലുള്ള ഒരു പ്രധാന കാരണം  മൂല്യനിര്‍ണ്ണയത്തിലെ വൈകല്യങ്ങളാണ്. മാര്‍ക്ക് ഷീറ്റുകള്‍ നാം നോക്കുമ്പോള്‍ ഭൂരിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും അറുപതു ശതമാനത്തിലേറെ മാര്‍ക്ക് കിട്ടിയതായി കാണാം. എന്നാല്‍ മാര്‍ക്കിനനുസൃതമായ നിലവാരം ആ വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്നില്ല എന്നതാണ് വസ്തുത. ആരാണ്, എങ്ങനെയാണ്  മൂല്യനിര്‍ണ്ണയം നടത്തുന്നത് എന്നത് പ്രധാനമാണ്. ബിരുദ ബിരുദാനന്തര തലങ്ങളില്‍ പരീക്ഷാ ബോര്‍ഡുകളുണ്ട്. സീനിയറായ അദ്ധ്യാപകര്‍ ആ ബോര്‍ഡിനു കീഴിലുള്ള വിവിധ വിഷയങ്ങളുടെ ചുമതല വഹിക്കും. കൂടുതല്‍ പരിചയസമ്പത്തുള്ള ഓരോ  അദ്ധ്യാപകരുടേയും കീഴില്‍ മൂല്യനിര്‍ണ്ണയത്തിനു ക്ഷണിക്കപ്പെട്ട അദ്ധ്യാപകരുടെ അഞ്ചു പേര്‍ വീതമുള്ള  ടീമുകള്‍ സൃഷ്ടിക്കും. ഓരോ വിഷയങ്ങളുടേയും മൂല്യനിര്‍ണ്ണയത്തിനായി ഒരു ്മഹൗമശേീി രെവലാല തയ്യാറാക്കും. അതിന്റെ കോപ്പികള്‍ അദ്ധ്യാപകര്‍ക്കു നല്‍കും. അതനുസരിച്ചായിരിക്കും മൂല്യനിര്‍ണ്ണയം നടത്തുക. ഈ സമ്പ്രദായത്തിലെ ഏറ്റവും പ്രധാനമായ പ്രശ്നം ഒരു വിഷയം ക്ലാസ്സുകളില്‍ പഠിപ്പിക്കാത്ത, ആ വിഷയത്തിലെ പാഠഭാഗങ്ങള്‍ ഏതൊക്കെ, അവയുടെ ഉള്ളടക്കം എന്ത് എന്നൊന്നും അറിയാത്ത  ഏതദ്ധ്യാപകര്‍ക്കും  മൂല്യനിര്‍ണ്ണയം നടത്താമെന്നുള്ളതാണ്. ഒരു വിഷയത്തെക്കുറിച്ച് കാര്യമായ ധാരണയില്ലാത്ത ഒരാള്‍ ആ വിഷയത്തെ സംബന്ധിക്കുന്ന ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണ്ണയത്തിനായി 'പരിശോധിക്കുന്നു' എന്നര്‍ത്ഥം. വേറൊരു രീതിയില്‍ പറഞ്ഞാല്‍ ഉത്തരങ്ങളുടെ യഥാര്‍ത്ഥ 'മൂല്യം' എന്തെന്ന് നിര്‍ണ്ണയിക്കാന്‍ കഴിവില്ലാത്തവര്‍ അത് ചെയ്യുന്നു. ഇതിന്റെ ഒരു  സ്വാഭാവിക ഫലം  അര്‍ഹിക്കുന്നവര്‍ക്ക് വേണ്ടത്ര മാര്‍ക്ക് ലഭിക്കാതിരിക്കുകയും    അര്‍ഹിക്കാത്തവര്‍ക്ക് കൂടുതല്‍ മാര്‍ക്ക് ലഭിക്കുകയും ചെയ്യുന്നു എന്നതാണ്. പാഠഭാഗങ്ങളെക്കുറിച്ച് വേണ്ടത്ര വിവരമില്ലാത്തതിനാല്‍ മൂല്യനിര്‍ണ്ണയത്തിന്റെ മാനദണ്ഡങ്ങള്‍ എന്തായിരിക്കണമെന്നു നിശ്ചയിക്കാന്‍ പ്രാപ്തിയില്ലാതാകുന്നു.  അദ്ധ്യാപകരെ ഇക്കാര്യത്തില്‍ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല എന്ന് വാദിക്കുന്നവരുമുണ്ട്. അവര്‍ ചൂണ്ടിക്കാണിക്കുന്ന ഒരു വസ്തുത ഇതാണ്: എല്ലാ വര്‍ഷവും ഓരോ കോളേജുകളില്‍നിന്നും ഓരോ അദ്ധ്യാപകരും  പഠിപ്പിക്കുന്ന വിഷയങ്ങളെക്കുറിച്ചുള്ള വിശദമായ ലിസ്റ്റ് സര്‍വ്വകലാശാലകള്‍ക്കു സമര്‍പ്പിക്കുന്നതാണെന്നും അതിന്റെ അടിസ്ഥാനത്തിലല്ല തങ്ങള്‍ മൂല്യനിര്‍ണ്ണയത്തിനായി ക്ഷണിക്കപ്പെടുന്നതെന്നുമാണ്. മൂല്യനിര്‍ണ്ണയത്തിനു തയ്യാറായില്ലെങ്കില്‍ അച്ചടക്കനടപടി നേരിടേണ്ടിവരുമെന്ന ഭീഷണിയും സര്‍വ്വകലാശാലകള്‍ കോളേജുകളിലേക്കയക്കുന്ന തീട്ടൂരങ്ങളിലുണ്ടാകുന്നു. അപ്പോള്‍ മൂല്യനിര്‍ണ്ണയം വികലമാകുന്നതിനു കാരണക്കാര്‍ ആരാണ്? ഒരു വലിയ പരിധിവരെ  പരീക്ഷാവിഭാഗത്തിന്റെ ചുമതലയുള്ള സിന്‍ഡിക്കേറ്റ് അംഗങ്ങളും ഉദ്യോഗസ്ഥരും എന്ന് പറയേണ്ടിവരും. കോളേജുകളില്‍ നിന്നയയ്ക്കുന്ന ലിസ്റ്റ് പരിശോധിക്കുകയോ അതില്‍ പറയുന്ന വിവരങ്ങള്‍ ഗൗരവമായി പരിഗണിക്കാതേയോ ആണ്  അദ്ധ്യാപകരെല്ലാം മൂല്യനിര്‍ണ്ണയത്തിനായി എത്തണമെന്ന നിര്‍ദ്ദേശം സര്‍വ്വകലാശാലകള്‍ നല്‍കുന്നത്. 

മൂല്യനിര്‍ണയം എന്ന പൊതിത്തേങ്ങ

ഈ മൂല്യനിര്‍ണ്ണയ പ്രക്രിയയ്ക്ക് ക്ഷണിക്കപ്പടുന്നവരില്‍ പരാശ്രയ കോളേജദ്ധ്യാപകരുമുണ്ടാകും. സാമാന്യമായി പറഞ്ഞാല്‍ വേണ്ടത്ര വിദ്യാഭ്യാസയോഗ്യതയില്ലാത്തവരാണ് അവരില്‍ ഭൂരിഭാഗവും എന്ന് ആ മേഖലയിലെ പ്രവര്‍ത്തനങ്ങളെ അകലെ നിന്നെങ്കിലും നോക്കിയിട്ടുള്ളവര്‍ക്ക് പറയേണ്ടിവരും. അക്കൂട്ടത്തില്‍  ഉന്നത വിദ്യാഭ്യാസ മേഖലയിലെ പഠനമാധ്യമമായ ഇംഗ്ലീഷ് ഭാഷ തെറ്റുകൂടാതെ കൈകാര്യം ചെയ്യാനറിയാവുന്നവര്‍ ഒരു ന്യൂനപക്ഷം മാത്രമാണ് എന്ന വസ്തുതയും നിലനില്‍ക്കുന്നു. പല കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ ക്യാമ്പുകളിലും  അദ്ധ്യാപകരുടെ എണ്ണത്തില്‍ അവരാണ് കൂടുതല്‍ എന്നതിനാല്‍ സാമാന്യമായും മൂല്യനിര്‍ണ്ണയം നടത്തുന്നതില്‍ അധികം പേരും അവര്‍ തന്നെയാകും. അതിന്റെ മൂല്യം എന്തായിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഈ വിരോധാഭാസം ബിരുദതലത്തിലെ മൂല്യനിര്‍ണ്ണയത്തില്‍ മാത്രമല്ല,  ബിരുദാനന്തര ബിരുദതലത്തിലും ഇതുതന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അവിടെയാണെങ്കില്‍ ഒരദ്ധ്യാപകന് കേട്ടുകേള്‍വി പോലുമില്ലാത്ത വിഷയത്തെ സംബന്ധിക്കുന്ന ഉത്തരക്കടലാസുകള്‍ പരിശോധിച്ചു മൂല്യനിര്‍ണ്ണയം നടത്താനുള്ള 'സുവര്‍ണ്ണാവസരം' ഉത്തരവാദപ്പെട്ടവര്‍ ഒരുക്കുന്നു. തനിക്ക് ആ വിഷയത്തെ സംബന്ധിച്ച് വേണ്ടത്ര ധാരണയില്ല എന്നും നല്‍കപ്പെടുന്ന സ്‌കീമിനനുസരിച്ച് ആ കൃത്യം നിര്‍വ്വഹിക്കുക അസാദ്ധ്യമാണെന്നും പറയാനുള്ള ആര്‍ജ്ജവം ആരും കാണിക്കാറില്ല എന്നതും വസ്തുതയാണ്. ഇവിടെയും സര്‍വ്വകലാശാലയിലേക്ക് കോളേജുകളില്‍ നിന്നയയ്ക്കുന്ന മുകളില്‍ പറഞ്ഞ  ലിസ്റ്റ് പ്രകാരമൊന്നുമല്ല ക്ഷണമെത്തുന്നത്. ഇപ്പോള്‍ കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ പദ്ധതിയാണ്  നിലവിലുള്ളതെന്ന മേനിപറച്ചില്‍ മാത്രമേയുള്ളൂ. അതോടൊപ്പം തന്നെ കേന്ദ്രീകൃത ക്യാമ്പിന്റെ ചുമതലക്കാരനായ ഒരു സര്‍വ്വകലാശാലാ ഉദ്യോഗസ്ഥന്‍ അദ്ദേഹത്തിനു താല്പര്യമുള്ള, പെട്ടെന്ന് 'പണി' തീര്‍ത്തുകൊടുക്കുമെന്ന് അദ്ദേഹത്തിനുറപ്പുള്ള  തെരഞ്ഞെടുക്കപ്പെട്ട ചില അദ്ധ്യാപകര്‍ക്ക് ഉത്തരക്കടലാസുകളുടെ കെട്ടുകള്‍ നല്‍കുന്നു. അവര്‍ അത് അതിവേഗം 'മൂല്യനിര്‍ണ്ണയം' നടത്തി, ഏല്പിച്ച ചുമതല കൃത്യമായി നിര്‍വ്വഹിച്ചു എന്ന ആത്മസംതൃപ്തിയോടെയും അല്പം അഹങ്കാരത്തോടെയും പ്രസ്തുത ഉദ്യോഗസ്ഥനെ  തിരിച്ചേല്പിക്കുന്നു. ആ താല്പര്യ ലിസ്റ്റില്‍ ഉള്‍പ്പെടുന്ന ചിലര്‍ക്കു തന്നെ പുനര്‍മൂല്യനിര്‍ണ്ണയത്തിനുള്ള കെട്ടുകളും ലഭിക്കുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഇതിന്റെ പിന്നില്‍ ഒരു 'മാഫിയ'സംഘം പ്രവര്‍ത്തിക്കുന്നുണ്ട് എന്നു ചുരുക്കം. അതിന്റെ ദോഷഫലങ്ങള്‍ അനുഭവിക്കുന്നതാകട്ടെ, വിദ്യാര്‍ത്ഥികളും ആണെന്നുള്ള വസ്തുത ഇപ്പോള്‍ വൈസ് ചാന്‍സലര്‍മാരുടെ നിയമനങ്ങളില്‍ കണ്ണീര്‍പൊഴിക്കുന്നവര്‍ തിരിച്ചറിയേണ്ടതാണ്.  മാനവിക, ഭാഷാ, സാഹിത്യ, സാമൂഹികശാസ്ത്ര വിഭാഗങ്ങളിലുള്ള വിദ്യാര്‍ത്ഥികളെയാണ് ഈ പരിപാടി  കൂടുതല്‍ ദോഷകരമായി ബാധിക്കുന്നത് എന്നും സൂചിപ്പിക്കട്ടെ. 

മൂല്യനിര്‍ണ്ണയത്തെ സഹായിക്കാനായി തയ്യാറാക്കപ്പെടുന്ന സ്‌കീമിനെക്കുറിച്ചുകൂടി സൂചിപ്പിക്കേണ്ടതുണ്ട്. ബിരുദാനന്തര  തലത്തിലെ ഉത്തരക്കടലാസുകളുടെ കാര്യത്തില്‍ വിശേഷിച്ചും, തയ്യാറാക്കപ്പെടുന്ന ഒരു സ്‌കീമിനനുസരിച്ച് മൂല്യനിര്‍ണ്ണയം നടത്താവുന്ന തരത്തിലല്ല ചോദ്യങ്ങളുടെ ഘടന. ചോദ്യങ്ങള്‍ ആവശ്യപ്പെടും വിധം ഒരു ഖണ്ഡികയില്‍ എഴുതേണ്ട  ഉത്തരങ്ങള്‍ വിലയിരുത്തുന്നതിന് അത് മതിയാകും എന്ന് വാദത്തിനുവേണ്ടി പറയാം.  കുറച്ചുകൂടി ദീര്‍ഘമായ ഉത്തരങ്ങള്‍ ആവശ്യപ്പെടുന്ന ചോദ്യങ്ങളാകുമ്പോള്‍ (കൂടുതല്‍ weightage  നല്‍കപ്പെടുന്നത് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ചോദ്യങ്ങളാണ് എന്നതും ശ്രദ്ധിക്കേണ്ടതാണ്.) ഈ സ്‌കീമുകള്‍ മൂല്യനിര്‍ണ്ണയത്തെ വേണ്ടവിധം സഹായിക്കുമെന്ന് കരുതാനുള്ള മൗഢ്യം അദ്ധ്യാപര്‍ക്കുപോലും ഉണ്ടാകാനിടയില്ല; വിശേഷിച്ചും ആ വിഷയം പഠിപ്പിക്കാത്തവര്‍ക്കും അതുമായി യാതൊരു പരിചയമില്ലാത്തവര്‍ക്കും.  കാരണം മൂല്യനിര്‍ണ്ണയത്തിന് അത്യാവശ്യമായ വിശദാംശങ്ങള്‍  ഉള്‍ക്കൊള്ളുന്നവയാകില്ല ആ സ്‌കീമുകള്‍ എന്ന കാര്യം അവര്‍ക്കുമറിയാം. അത് അവര്‍ക്കിടയില്‍തന്നെ പലപ്പോഴും  സംസാരവിഷയമാകാറുമുണ്ട്.  തന്നെയുമല്ല, പലപ്പോഴും സ്‌കീമുകള്‍ തയ്യാറാക്കുന്നവര്‍ ആ വിഷയങ്ങളില്‍ പ്രാവീണ്യം നേടിയവരോ അവ പഠിപ്പിക്കുന്നവരോ അല്ല എന്ന വസ്തുത മൂല്യനിര്‍ണ്ണയ പ്രക്രിയയില്‍ ഏര്‍പ്പെട്ടിട്ടുള്ള അദ്ധ്യാപകര്‍ക്ക് നിഷേധിക്കാനാകുമെന്നു തോന്നുന്നില്ല.  ആ വിഷയവും പ്രസക്ത പാഠഭാഗങ്ങളും പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ക്കു മാത്രമേ 'ളമശൃ' എന്നു പറയാവുന്ന രീതിയിലെങ്കിലും അത് ചെയ്യാനാകൂ എന്നതാണ് യാഥാര്‍ത്ഥ്യം. (മുന്‍ കാലങ്ങളില്‍ ബിരുദാനന്തര തലത്തിലെ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണ്ണയത്തിന്  Double Valuation എന്നൊരു രീതിയാണ് അവലംബിച്ചിരുന്നത്. അതായാത് ഒരു ഉത്തരക്കടലാസ് രണ്ടു പേര്‍ വിലയിരുത്തിയിരുന്നു. ആദ്യം വിലയിരുത്തുന്ന ആള്‍ ഉത്തരക്കടലാസില്‍ മാര്‍ക്കുകള്‍ രേഖപ്പെടുത്തുകയോ മറ്റു തരത്തിലുള്ള അടയാളങ്ങള്‍ കുറിക്കുകയോ ചെയ്യാതെ തന്റെ ദൗത്യം നിര്‍വ്വഹിച്ച ശേഷം രണ്ടാമത്തെയാള്‍ക്ക് ഉത്തരക്കടലാസുകള്‍ കൈമാറുന്നു. മാര്‍ക്കുകള്‍ വേറെ രേഖപ്പെടുത്തിവെയ്ക്കുന്നു. രണ്ടാമത് വിലയിരുത്തുന്നയാളും ഇതുതന്നെ ചെയ്യുന്നു. ശരാശരി മാര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡ് ചെയ്യുന്നു. രണ്ടു പേരും നല്‍കുന്ന മാര്‍ക്കുകള്‍ തമ്മില്‍ ഒരു നിശ്ചിത ശതമാനത്തില്‍ കൂടുതല്‍ വ്യത്യാസമുണ്ടെങ്കില്‍ ഉത്തരക്കടലാസ് മൂന്നാമതൊരാള്‍ക്ക് അയക്കുന്നു.) കേന്ദ്രീകൃത മൂല്യനിര്‍ണ്ണയം ആരംഭിച്ചതു മുതല്‍ ഈ രീതി അവസാനിപ്പിച്ചു.  അതിന്റെ ദോഷം സഹിക്കേണ്ടിവരുന്നത് വിദ്യാര്‍ത്ഥികളും. വിദ്യാര്‍ത്ഥികളോ അവരുടെ രക്ഷിതാക്കളോ പൊതുസമൂഹമോ ഇതൊന്നും ഗൗരവമായി പരിഗണിക്കാറുമില്ല. വിദ്യാര്‍ത്ഥികള്‍ക്ക് ആകെക്കൂടി ചെയ്യാനാകുന്നത് പുനര്‍മൂല്യനിര്‍ണ്ണയത്തിന് സര്‍വ്വകലാശാലയില്‍ അപേക്ഷ സമര്‍പ്പിച്ച് അതിന്റെ ഫലം വരുന്നതും കാത്തിരിക്കുക എന്നതാണ്.  

മൂല്യനിര്‍ണ്ണയത്തെക്കുറിച്ച് വിദ്യാര്‍ത്ഥികളില്‍നിന്ന് പരാതി ഉണ്ടാകുന്നത് പുതിയ കാര്യമൊന്നുമല്ല. പരാതിക്കാരുടെ എണ്ണം ഓരോ പരീക്ഷാഫലം പുറത്തുവരുമ്പോഴും വര്‍ദ്ധിക്കുന്നതേയുള്ളൂ. പലപ്പോഴും സര്‍വ്വകലാശാലകള്‍ ഇത് ഒരു വരുമാനമാര്‍ഗ്ഗമായാണ് കരുതുന്നത് എന്നതാണ് സങ്കടകരം.  2016-ല്‍ കേരള ഹൈക്കോടതിയില്‍നിന്ന് മൂല്യനിര്‍ണ്ണയത്തെക്കുറിച്ച് സമാനമായ  രണ്ട് വിധികളുണ്ടായി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ എം.എ. ഇംഗ്ലീഷ്  കോഴ്സിന്റെ ഒന്നാം സെമസ്റ്ററിലെ 'Chaucer and the Roots of English'  എന്ന ശീര്‍ഷകത്തിലുള്ള വിഷയത്തിന്റെ പരീക്ഷയിലെ ഉത്തരക്കടലാസിന്റെ മൂല്യനിര്‍ണ്ണയത്തെക്കുറിച്ചാണ് കോടതിയില്‍ പരാതികള്‍ സമര്‍പ്പിക്കപ്പെട്ടത്. വിഷയത്തില്‍ അവഗാഹമുള്ള അദ്ധ്യാപകര്‍ മൂല്യനിര്‍ണ്ണയം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. ആ ആവശ്യം അംഗീകരിക്കുവാന്‍ കോടതിക്ക് ഒരു മടിയുമുണ്ടായിരുന്നില്ല എന്നു മാത്രമല്ല, ഫലം മുപ്പതു ദിവസത്തിനുള്ളില്‍ പരാതിക്കാരെ അറിയിക്കണമെന്നും കോടതി  വിധിച്ചു. പരാതിക്കാരില്‍ ഒരാള്‍ ആദ്യ മൂല്യനിര്‍ണ്ണയത്തില്‍ പരാജയപ്പെടുകയും രണ്ടാമത്തെയാള്‍ക്ക് സി ഗ്രേഡുമാണ് ലഭിച്ചത്. പുനര്‍മൂല്യനിര്‍ണ്ണയത്തില്‍ രണ്ടുപേര്‍ക്കും എ ഗ്രേഡ് ലഭിച്ചു.  (WP (C) No.691/2016, WP (C) 20156/2016 എന്നീ കേസുകളിലെ വിധിയാണ് ഇവിടെ പരാമര്‍ശിക്കുന്നത്.) ഇത് ഒറ്റപ്പെട്ട സംഭവമായി കരുതേണ്ടതില്ല. പുനര്‍മൂല്യനിര്‍ണ്ണയത്തിനായി സമര്‍പ്പിക്കപ്പെടുന്ന അപേക്ഷകളുടെ വര്‍ദ്ധിച്ചുവരുന്ന എണ്ണം മാത്രം പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. പക്ഷേ, ഒരു സമൂഹമായി ഒത്തൊരുമിച്ചുനിന്ന് ഈ അനീതിക്കെതിരെ കോടതിയെ സമീപിക്കാന്‍ അവര്‍ ഒരുങ്ങാറില്ല എന്നതാണ് വസ്തുത. ഈ കേസുകളുമായി ബന്ധപ്പെട്ട് ചില അന്വേഷണങ്ങള്‍ നടത്തുന്ന കൂട്ടത്തില്‍ ഇത്തരം കേസുകള്‍ എന്തുകൊണ്ട് കോടതികള്‍ പൊതുതാല്പര്യ ഹര്‍ജികളായി പരിഗണിക്കുന്നില്ല എന്ന ചോദ്യത്തിന് ചില നിയമവിദഗ്ദ്ധര്‍ സൂചിപ്പിച്ചത് കേസ് കൊടുക്കുന്ന വിദ്യാര്‍ത്ഥികളുടെ മാത്രം കാര്യമായേ കോടതികള്‍ അവയെ പരിഗണിക്കൂ എന്നും പൊതുതാല്പര്യ ഹര്‍ജിയായി പരിഗണിക്കപ്പെടണമെന്നുണ്ടെങ്കില്‍ വിവിധ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ ഇതേ പരാതികള്‍ ഉന്നയിക്കണമെന്നാണ്. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ പൊതുതാല്പര്യ ഹര്‍ജി എന്ന നിലയില്‍ മറ്റുള്ളവര്‍ക്കും ഇതില്‍ കക്ഷി ചേരാമെന്നുമാണ്. നിരന്തരമായ പരാതികളുണ്ടായാലും അധികൃതരെ സംബന്ധിച്ചിടത്തോളം അതൊന്നും വലിയ ഗൗരവമുള്ള കാര്യമല്ല. അവരെ സംബന്ധിച്ചിടത്തോളം കൂടുതല്‍ അപേക്ഷകള്‍ എന്നാല്‍ കൂടുതല്‍ പണം എന്നാണര്‍ത്ഥം. മൂല്യനിര്‍ണ്ണയത്തില്‍ ഗുരുതരമായ വീഴ്ചകള്‍ വരുത്തുന്ന അദ്ധ്യാപകര്‍ക്കെതിരായി നടപടികള്‍ സ്വീകരിക്കാന്‍ ആരും തയ്യാറാവാറില്ല എന്നത് അവരുടെ അശ്രദ്ധയും അലസമായ സമീപനവും ആവര്‍ത്തിക്കുവാനും കാരണമാകുന്നുണ്ട്.

മൂല്യനിര്‍ണ്ണയത്തിലെ കൊടിയ അനീതികള്‍ക്കൊപ്പം വായിക്കേണ്ട മറ്റൊരു കാര്യം കാലാകാലങ്ങളില്‍ നടക്കുന്ന സിലബസ് പരിഷ്‌കരണമാണ്. ബിരുദ ബിരുദാനന്തര കോഴ്സുകള്‍ക്കുള്ള ബോര്‍ഡ്‌സ് ഓഫ് സ്റ്റഡീസില്‍ അംഗങ്ങളാകുന്നത് എങ്ങനെയെന്നും ആരൊക്കെയെന്നും കേരളത്തിലെ കോളേജദ്ധ്യാപകര്‍ക്ക് നല്ലവണ്ണം അറിയാവുന്ന കാര്യമാണ്. അതിനായി പരിഗണിക്കപ്പെടുന്ന മാനദണ്ഡങ്ങളില്‍ യോഗ്യതയ്‌ക്കോ അതാത് വിഷയങ്ങളിലുമുള്ള പ്രാവീണ്യമോ വൈദഗ്ദ്ധ്യമോ ഒന്നും  ഉള്‍പ്പെടാറില്ല എന്നതും പരക്കെ അറിവുള്ളതാണ്. ഭരണത്തിലിരിക്കുന്ന കക്ഷികളോടുള്ള അടുപ്പമോ  അവരുടെ തണലില്‍ നില്‍ക്കുന്ന അദ്ധ്യാപക സംഘടനകളിലെ അംഗത്വമോ അതിന്റെ മൂപ്പിളമകളോ ആണ് മുഖ്യ യോഗ്യത. ഈ പോഷക സംഘടനയില്‍ അംഗങ്ങളായ അദ്ധ്യാപകരില്‍ പലര്‍ക്കും ഈ പറയുന്ന അക്കാദമിക് വൈദഗ്ദ്ധ്യവും പ്രാവീണ്യവുമൊക്കെ ഉണ്ടെങ്കിലും അവരില്‍ ഭൂരിപക്ഷവും ഈ സമിതികളിലേക്ക് നിയോഗിക്കപ്പെടാറില്ല. അതുകൊണ്ടുതന്നെ സിലബസുകള്‍ തയ്യാറാക്കുന്നത് അതാത് വിഷയങ്ങളില്‍ വൈദഗ്ദ്ധ്യം ഇല്ലാത്തവരും. (ഇത് പറയുന്നതുകൊണ്ട് ബിരുദ ബിരുദാനന്തര തലങ്ങളിലെ എല്ലാ ബോര്‍ഡംഗങ്ങളും അതാത് വിഷയങ്ങളില്‍ പരിജ്ഞാനമില്ലാത്തവരാണ് എന്നല്ല അര്‍ത്ഥമാക്കുന്നത്. അവരുടെ എണ്ണം ഓരോ ബോര്‍ഡിലും പരിമിതമാണ് എന്നാണ് പറയുന്നത്).  ഈ സിലബസുകളുടെ തന്നെ കൗതുകകരമായ ഒരു വസ്തുത പല വിഷയങ്ങളിലും സര്‍വ്വകലാശാലാ കാമ്പസിലെ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നടത്തുന്ന കോഴ്സുകള്‍ക്ക് ഒരു സെമസ്റ്ററില്‍ നാല് പേപ്പറുകളേ വിദ്യാര്‍ത്ഥികള്‍ പഠിക്കേണ്ടതുള്ളൂ എങ്കിലും സര്‍ക്കാര്‍,  എയ്ഡഡ് കോളേജുകളില്‍ അതേ വിഷയത്തിനുതന്നെ അഞ്ചു പേപ്പറുകള്‍ ഉണ്ടെന്നതാണ്. അതായത് പഠനഭാരം കൂടുതലുള്ളത് എയ്ഡഡ് കോളേജുകളിലേയും സര്‍ക്കാര്‍ കോളേജുകളിലേയും വിദ്യാര്‍ത്ഥികള്‍ക്കാണ് എന്നര്‍ത്ഥം. എന്നാല്‍ രണ്ടു കൂട്ടര്‍ക്കും പരീക്ഷകള്‍ പാസ്സായ ശേഷം സര്‍വ്വകലാശാല നല്‍കുന്നത് ഒരേ സര്‍ട്ടിഫിക്കറ്റും. പിന്നെ ഈ വിവേചനം എന്തുകൊണ്ടാണെന്ന് ആരും അന്വേഷിക്കുകയോ ഇതുവരെ ആരും വിശദമാക്കുകയോ ഉണ്ടായിട്ടില്ല. ഈ ലേഖകന്‍ അതേപ്പറ്റി ഒരു ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗത്തോട് അന്വേഷിച്ചപ്പോള്‍ കിട്ടിയ ഉത്തരം  വിചിത്രമായിരുന്നു. അത് സിന്‍ഡിക്കേറ്റ് തീരുമാനമാണ്; അത് മാറ്റാനാകില്ല എന്നാണ്. മറ്റൊരാള്‍ പറഞ്ഞത് ശാസ്ത്രവിഷയങ്ങളില്‍ അഞ്ചു പേപ്പറുകള്‍ ഉള്ളതിനാല്‍ മറ്റു പാഠ്യവിഷയങ്ങളിലും അങ്ങനെയായിരിക്കണം എന്നാണ്  സിന്‍ഡിക്കേറ്റിന്റെ തീരുമാനം എന്നുമാണ്. ശാസ്ത്രവിഷയങ്ങളേയും മാനവിക, സാഹിത്യ, സാമൂഹ്യശാസ്ത്ര വിഷയങ്ങളേയും ഒരു തുലാസില്‍ തൂക്കുന്നതും ഒരുപോലെ കാണുന്നതുമായ ബിരുദാനന്തരബിരുദ ബോര്‍ഡ് ഓഫ് സ്റ്റഡീസ്  അംഗത്തോട് എന്തു പറയാനാണ്! പാഠ്യവിഷയങ്ങള്‍ എല്ലാം ഒരുപോലെയാണെന്നും അവയ്ക്ക് ഒരേ ഘടനയുള്ള പാഠ്യപദ്ധതികള്‍ വേണമെന്നും ശഠിക്കുന്നത് ബാലിശമായ വാദമാണ്. ഓരോ വിഷയങ്ങള്‍ക്കും അതിന്റേതായ സവിശേഷതകളുണ്ടെന്നും അവയെ മറ്റൊരു വിഷയവുമായി കൂട്ടിക്കെട്ടാനോ സമീകരിക്കാനോ സാദ്ധ്യമല്ലെന്നും ശാസ്ത്രീയമായും സാങ്കേതികമായും ഇത്രയേറെ പുരോഗമിച്ച ഒരു കാലഘട്ടത്തില്‍ ആ പുരോഗമനങ്ങള്‍ക്കു വഴികാട്ടിയായി പ്രവര്‍ത്തിക്കുന്ന ഗവേഷണകേന്ദ്രങ്ങളുടെ ന്യൂക്ലിയസായി പ്രവര്‍ത്തിക്കേണ്ട സര്‍വ്വകലാശാലകളില്‍നിന്ന് ഇത്തരമൊരു സമീപനമുണ്ടാകുന്നതുതന്നെ ഖേദകരമാണ്. ശാസ്ത്രവിഷയങ്ങള്‍ തന്നെ പത്തുവര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായിരുന്നതില്‍നിന്ന് എത്രത്തോളം വളര്‍ന്നിട്ടുണ്ടെന്നും വൈവിദ്ധ്യങ്ങള്‍ കൈവരിച്ചിട്ടുണ്ടെന്നും തിരിച്ചറിയുന്ന ഒരു സമൂഹത്തോടാണ് പാഠ്യപദ്ധതികളില്‍ അവയ്‌ക്കെല്ലാത്തിനും ഒരുപോലെയുള്ള ഘടന ആവശ്യമാണെന്നു പറയുന്നത്. യുക്തിഹീനമാണ് ആ സമീപനമെന്ന് ഇനി  എന്നാണ് ബോര്‍ഡംഗങ്ങള്‍ തിരിച്ചറിയുക?

അര്‍ഹതയില്ലാത്ത അധ്യാപകര്‍

ഒരു സെമസ്റ്ററില്‍ തൊണ്ണൂറ് മണിക്കൂറുകള്‍ ക്ലാസ്സ്‌റൂം പഠനത്തിനായി വേണമെന്നാണ് സര്‍വ്വകലാശാലകള്‍ നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ അതിനായി  അറുപതു മണിക്കൂറുകള്‍പോലും പല കാരണങ്ങള്‍കൊണ്ടും ലഭിക്കാറില്ല എന്ന യാഥാര്‍ത്ഥ്യവും നിലനില്‍ക്കുന്നുണ്ട്. ക്ലാസ്സ് റൂം പഠനത്തിനായി നിഷ്‌ക്കര്‍ഷിക്കപ്പെട്ടിരിക്കുന്ന  90 മണിക്കൂറുകള്‍ തങ്ങള്‍ക്കു ലഭിച്ചിട്ടില്ല എന്നും അതുകൊണ്ട് പരീക്ഷകള്‍ മാറ്റിവെയ്ക്കണമെന്നും ആവശ്യപ്പെട്ട് ഒരു എന്‍ജിനീയറിംഗ് (?) കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയില്‍ പരാതി ബോധിപ്പിച്ചപ്പോള്‍ അത് അംഗീകരിക്കാനാവില്ല എന്നു പറഞ്ഞുകൊണ്ട് അവരുടെ ഹര്‍ജി തള്ളിക്കളയുകയാണുണ്ടായതെന്ന കാര്യം ഓര്‍മ്മവരുന്നു. ഇപ്പോള്‍ വിദ്യാര്‍ത്ഥികളുടെ ഭാവിയെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്ന നീതിപീഠത്തില്‍നിന്നുതന്നെയാണ് ഈയൊരു തീര്‍പ്പും ഉണ്ടായതെന്ന കാര്യം കൗതുകകരം തന്നെ.  തൊണ്ണൂറ് മണിക്കൂറിനായുള്ള സിലബസ്സ് അറുപതു മണിക്കൂറില്‍ പഠിപ്പിച്ചു തീര്‍ക്കേണ്ട ഭാരിച്ച 'കര്‍മ്മം' അദ്ധ്യാപകര്‍ എങ്ങനെയൊക്കെയോ നിര്‍വ്വഹിച്ച് വിദ്യാര്‍ത്ഥികളെ പരീക്ഷകള്‍ക്ക് ഒരുക്കുന്നു.  കടലാസ്സില്‍ കാണുമ്പോള്‍ സിലബസ് ഗംഭീരം എന്നേ ആരും പറയൂ. പക്ഷേ, ആ സിലബസ് പഠിച്ചു പാസ്സായിവരുന്ന ഭൂരിഭാഗം വിദ്യാര്‍ത്ഥികളുടെ കാര്യം ദയനീയമാണ് എന്നത് ദൗര്‍ഭാഗ്യകരവും.   

വൈസ് ചാന്‍സലര്‍മാരുടെ നിയമനങ്ങളെക്കുറിച്ചാണല്ലോ ഇപ്പോള്‍ വിവാദങ്ങളും, മാധ്യമ ചര്‍ച്ചകളും കോടതി വ്യവഹാരങ്ങളും മറ്റുമടങ്ങിയ പുകിലെല്ലാം നടക്കുന്നത്. വൈസ് ചാന്‍സലര്‍മാര്‍ ആരും  ക്ലാസ്സുകളില്‍ നിത്യേന പഠിപ്പിക്കുന്നവരല്ല. (അതുകൊണ്ട് അവരുടെ നിയമനങ്ങളെക്കുറിച്ച്   ചര്‍ച്ചകള്‍  വേണ്ടെന്നല്ല.) പതിനായിരക്കണക്കിന്  വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്ന നൂറുകണക്കിന് അദ്ധ്യാപകര്‍   കേരളത്തിലെ സര്‍ക്കാര്‍, എയ്ഡഡ്, പരാശ്രയ  കോളേജുകളില്‍ ഉണ്ട്. സര്‍ക്കാര്‍ കോളേജുകളിലേക്കുള്ള അദ്ധ്യാപക നിയമനങ്ങള്‍ പി.എസ്.സി വഴി നടക്കുന്നതിനാല്‍ അതേപ്പറ്റി പരാതികളൊന്നും കേള്‍ക്കുന്നില്ല. സ്വകാര്യ എയ്ഡഡ് കോളേജുകളിലെ അദ്ധ്യാപകര്‍ എങ്ങനെയാണ് നിയമിക്കപ്പെടുന്നതെന്ന് അറിയാത്തവരാണോ നമ്മുടെ മാധ്യമ പ്രവര്‍ത്തകരും സേവ് യൂണിവേഴ്സിറ്റി, സേവ് ഹയര്‍ എഡ്യുക്കേഷന്‍ തുടങ്ങിയ പേരുകളില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘങ്ങളും? അവരുടെ നിയമനങ്ങള്‍ക്കായുള്ള ചട്ടങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്നാണോ ഇക്കൂട്ടരൊക്കെ വിശ്വസിക്കുന്നത്? അദ്ധ്യാപകരാകാന്‍ വേണ്ടി അപേക്ഷ സമര്‍പ്പിച്ച് പല കാരണങ്ങള്‍കൊണ്ടും നിയമനം ലഭിക്കാതിരുന്ന എത്രയോ പേര്‍ മാധ്യമപ്രവര്‍ത്തകരായുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ ഉയര്‍ത്തി അവരാരും ചര്‍ച്ചകള്‍ നടത്തിയതായി അറിവില്ല. കോളേജുകളില്‍ ഉശൃലര േജമ്യാലി േഎന്ന സംവിധാനം നിലവില്‍ വന്നതുമുതല്‍ പ്രവര്‍ത്തിച്ചുവരുന്ന നിയമന സംവിധാനം ആരെ സഹായിക്കാനാണ്? നിയമനസമിതിയില്‍ സര്‍ക്കാര്‍ പ്രതിനിധിയും വിഷയവിദഗ്ദ്ധനുമുണ്ട്. അവര്‍ എന്താണ് ചെയ്യുന്നതെന്നറിയാത്തവരാണോ മാധ്യമങ്ങളും സേവ് ഫോറങ്ങളും? പൊതുഖജനാവില്‍ നിന്നാണല്ലോ ഈ അദ്ധ്യാപകരുടേയും ശമ്പളവും റിട്ടയര്‍ ചെയ്തശേഷം പെന്‍ഷനും നല്‍കുന്നത്. ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കാനാണ് സര്‍ക്കാര്‍ വരുമാനത്തിന്റെ ഏറിയ പങ്കും ചെലവഴിക്കുന്നതെന്ന പരാതികള്‍ വെണ്ടക്കയായി അവതരിപ്പിക്കുന്നവര്‍ വിദ്യാഭ്യാസരംഗത്തെ ഇതുപോലുള്ള കാതലായ പ്രശ്നങ്ങള്‍ കാണാതെ പോകുന്നത് എന്തുകൊണ്ടാണ്? വൈസ് ചാന്‍സലര്‍മാരുടെ നിയമനങ്ങള്‍ക്കു ചില ചട്ടങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ല എന്നതാണല്ലോ കോടതികളുടെ പ്രധാന കണ്ടെത്തല്‍! ഈ അദ്ധ്യാപകരുടെ നിയമനങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ യോഗ്യതയുള്ളവര്‍ പുറത്തുനില്‍ക്കുമ്പോള്‍ കൂടുതല്‍ കോഴ കൊടുക്കുന്നവര്‍ നിയമിക്കപ്പെടുന്നു എന്നതാണ് വാസ്തവം. രണ്ടു നിയമനങ്ങള്‍ നടത്തിയാല്‍ ചുരുങ്ങിയത് ഒരു കോടി രൂപയെങ്കിലും ഉണ്ടാക്കുന്ന സ്വകാര്യ കോളേജ് മാനേജ്‌മെന്റുകളാണ് കേരളത്തിലുള്ളത്. ഈ തുകയില്‍ ചെറിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടെന്നേയുള്ളൂ. കോഴ വാങ്ങാതെ നിയമനം നടത്തുന്ന മാനേജ്‌മെന്റുകള്‍ വിരലില്‍ എണ്ണാവുന്നവ മാത്രമാണ് എന്ന് ആര്‍ക്കാണ് അറിയാത്തത്? അങ്ങനെയുള്ളിടത്താകട്ടെ, ജാതിമത പരിഗണനകള്‍ക്കാണ്  മുന്‍തൂക്കം ലഭിക്കുക എന്ന വ്യത്യാസം മാത്രമേയുള്ളു. വിദ്യാര്‍ത്ഥികളുടെ ഭാവിയെക്കരുതി ആശങ്കപ്പെടുകയും കണ്ണീരൊഴുക്കുകയും ചെയ്യുന്നവര്‍ ഇതുപോലുള്ള നിയമനങ്ങളെക്കുറിച്ചാണ് യഥാര്‍ത്ഥത്തില്‍ വേവലാതിപ്പെടേണ്ടത്. കാരണം, അവരാണ് വിദ്യാര്‍ത്ഥിസമൂഹത്തെ നിത്യേന സംബോധന ചെയ്യുന്നതും അവരുടെ ഭാവിയെ രൂപപ്പെടുത്തുവാന്‍ സഹായിക്കുന്നതും. അടിസ്ഥാനപരമായ ഈ വസ്തുതയെ മറന്നുകൊണ്ടോ മറച്ചുവെച്ചുകൊണ്ടോ വൈസ് ചാന്‍സലര്‍മാരുടെ നിയമനങ്ങളെ കേന്ദ്രീകരിച്ചുകൊണ്ട് ഉന്നത വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങളെ ന്യൂനീകരിക്കുന്നത് അസംബന്ധവും യുക്തിരഹിതവുമാണ്. മുകളില്‍ സൂചിപ്പിച്ച പരാശ്രയ കോളേജുകളിലെ അദ്ധ്യാപക നിയമനങ്ങളും ഗൗരവമായി പരിശോധിക്കപ്പെടേണ്ടതാണ്. അവരും നമ്മുടെ ഉന്നത വിദ്യാഭ്യാസരംഗത്തിന്റെ ഭാഗം തന്നെയാണ്.  വി.സിമാരുടെ നിയമനത്തില്‍ പരാതിയുള്ളവര്‍ ഇപ്പോഴത്തെ യു.ജി.സി. ചെയര്‍മാനും സമിതി അംഗങ്ങളും എങ്ങനെ, എന്ത് താല്പര്യത്തിന്റെ അടിസ്ഥാനത്തിലാണ് നിയമിക്കപ്പെട്ടിട്ടുള്ളത് എന്ന് അറിയാത്തവരാണോ? ഏറ്റവും ഒടുവില്‍ നവംബര്‍ 26  ജനാധിപത്യ ദിനമായി  കോളേജുകളിലും സര്‍വ്വകലാശാലകളിലും ആചരിക്കണം എന്ന യു.ജി.സിയുടെ ഏറ്റവും ഒടുവിലത്തെ  ഒരുത്തരവിനെക്കുറിച്ചും അവര്‍ ആലോചിക്കേണ്ടതാണ്. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള പല സര്‍വ്വകലാശാലകളിലും അക്കാദമിക താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടിയാണോ അതിനുള്ള പ്രാപ്തിയും വൈദഗ്ദ്ധ്യവുമുള്ളവരെയുമാണോ നിയമിച്ചിട്ടുള്ളത് എന്നും കേരളത്തില്‍ ബഹളമുണ്ടാക്കുന്നവര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കാസര്‍കോടുള്ള കേന്ദ്ര സര്‍വ്വകലാശാലയിലെ വി.സി. നിയമനത്തെക്കുറിച്ചും ഇക്കൂട്ടര്‍ ഒന്നും ഉരിയാടിക്കേട്ടില്ല. ഇതൊക്കെ സമൂഹത്തില്‍ ഒട്ടേറ സംശയങ്ങള്‍ ജനിപ്പിക്കുന്ന കാര്യങ്ങളാണ്. 

ഏതു തലത്തിലുള്ള വിദ്യാഭ്യാസരംഗവും  നന്നായി പ്രവര്‍ത്തിക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്. സമൂഹത്തിന്റെ ഉന്നമനത്തിന് അത് അത്യന്താപേക്ഷിതവുമാണ്. നമ്മുടെ രാജ്യത്ത് ഏറ്റവും അവഗണിക്കപ്പെടുന്ന മേഖലയും അതുതന്നെയാണ് എന്നുള്ളതാണ് ഖേദകരം. വികസിച്ചുകൊണ്ടിരിക്കുന്ന ഏതൊരു സമൂഹത്തിനും അതിന്റെ വരുമാനത്തിന്റെ 6 ശതമാനം എങ്കിലും വിദ്യാഭ്യാസത്തിനുവേണ്ടി ചെലവാക്കണം എന്ന അലിഖിതമെങ്കിലും ലോകമെമ്പാടും അംഗീകരിക്കപ്പെട്ടിട്ടുള്ള തത്ത്വത്തിനു ഇവിടെ യാതൊരു വിലയും കല്പിക്കപ്പെടുന്നില്ല. വിദ്യാഭ്യാസത്തിനായി ചെലവാക്കപ്പെടുന്ന തുക നാളേയ്ക്കു വേണ്ടിയുള്ള സുരക്ഷിതമായ നിക്ഷേപമായാണ് കരുതേണ്ടത്. അത് ചെയ്യാതെ ചില സ്ഥാപിതമായ താല്പര്യങ്ങള്‍ക്കുവേണ്ടി ആ രംഗത്തു ചെയ്തുകൂട്ടുന്ന കാര്യങ്ങള്‍ക്ക് പൊതുസമൂഹത്തിന്റെ അംഗീകാരം ലഭിക്കുമെന്നു കരുതാനാകില്ല.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com