'ഇന്ദിരയും രാജീവും മോദിയും വിചാരണ ചെയ്യപ്പെട്ടിരുന്നെങ്കില്‍, സ്വേച്ഛാധിപത്യ പ്രവണതകളെ ചോദ്യം ചെയ്യാന്‍ കഴിയുമായിരുന്നു'

വലിയ സംഘടനകളായ കേരള പുലയര്‍ മഹാസഭയോ ഇന്ത്യന്‍ ദളിത് ഫെഡറേഷനോ എനിക്കു സ്വീകാര്യമായിരുന്നില്ല
'ഇന്ദിരയും രാജീവും മോദിയും വിചാരണ ചെയ്യപ്പെട്ടിരുന്നെങ്കില്‍, സ്വേച്ഛാധിപത്യ പ്രവണതകളെ ചോദ്യം ചെയ്യാന്‍ കഴിയുമായിരുന്നു'

ജീവിതത്തിലുടനീളം ഒരു സന്ദേഹിയായിരിക്കുകയും പ്രവര്‍ത്തിച്ച പ്രസ്ഥാനങ്ങളിലെല്ലാം, സി.പി.എം മുതല്‍ ദളിത് മൂവ്‌മെന്റില്‍ വരെ, വിയോജിപ്പിന്റെ ശക്തമായ സ്വരം മുഴക്കുകയും അതിനാല്‍ തന്നെ മാറ്റിനിര്‍ത്തപ്പെടുകയും ഇറങ്ങിപ്പോരുകയുമൊക്കെ ചെയ്ത ഒരു കലാപകാരിയെയാണ് ആത്മകഥയായ 'ദലിതനി'ല്‍ കാണുന്നത്. വ്യക്തിയും പ്രസ്ഥാനവും തമ്മിലുള്ള വിമര്‍ശനാത്മക ബന്ധം പ്രസ്ഥാനങ്ങളിലെല്ലാം അസാദ്ധ്യമായിരിക്കുന്നുവെന്നാണോ ജീവിതാനുഭവങ്ങളില്‍നിന്നു പറയാനാകുന്നത്? 

ആത്മകഥയായ 'ദലിത'ന്റെ തുടക്കത്തില്‍ ഞാനെഴുതിയത്, കമ്യൂണിസത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ട നാളുകളിലാണൊരു സന്ദേഹിയായതെന്നാണ്. അതൊരു കലാപകാരിയുടേയോ ധിക്കാരിയുടേയോ ജീവിതത്തിന്റെ തിരഞ്ഞെടുപ്പായിരുന്നില്ല; മറിച്ചൊരു പ്രത്യയശാസ്ത്ര മനുഷ്യനായുള്ള മാറ്റത്തിനു വേണ്ടിയായിരുന്നു. കീഴാള സമുദായത്തിലെ ഒരംഗമായിരുന്നെങ്കിലും ഞാന്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നില്ല. എങ്കിലും കമ്യൂണിസവുമായുള്ള ബന്ധവിച്ഛേദനത്തെ തുടര്‍ന്ന്, ചുരുങ്ങിയ കാലം ആദിവാസി സംഘടനാ പ്രവര്‍ത്തകനായിരുന്നപ്പോള്‍, എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്, വ്യവസ്ഥാപിതവും സാമ്പ്രദായികവുമായ പ്രത്യയശാസ്ത്ര വ്യവഹാരങ്ങളില്‍ ആദിവാസികള്‍ക്കിടമില്ലെന്നാണ്. എന്റെ വായനാനുഭവവും ഈ നിഗമനത്തിന് അടിവരയിടുന്നുണ്ട്. ഇത്തരമൊരവസ്ഥയിലാണ്, സ്ഥൂല ലോകത്തില്‍നിന്നന്യമായ സൂക്ഷ്മലോകത്തെക്കുറിച്ചുള്ള അന്വേഷണം നടത്തുന്നത്. അതായത്, ചരിത്രത്തിലിടം കിട്ടാത്തവരും സാമൂഹ്യശാസ്ത്രത്തിലും രാഷ്ട്രീയ പരികല്പനകളിലും ഇടമില്ലാത്തവരെയാണ് എന്റെ പ്രത്യയശാസ്ത്ര മണ്ഡലം ഉള്‍ക്കൊണ്ടത്. ഈ വീണ്ടെടുപ്പിന്നാധാരമായത് ഉദാരമായ മാനുഷികതയും സഹാനുഭൂതിയുമായിരുന്നില്ല, പ്രതിനിധാനവും കര്‍ത്തൃത്വവുമായിരുന്നു. ഇതോടെയാണ് സംഘടനാ പ്രവര്‍ത്തനം അനിവാര്യമായത്.

എന്നാല്‍, വലിയ സംഘടനകളായ കേരള പുലയര്‍ മഹാസഭയോ ഇന്ത്യന്‍ ദളിത് ഫെഡറേഷനോ എനിക്കു സ്വീകാര്യമായിരുന്നില്ല. അതേസമയം, ഒരു ചെറുകൂട്ടായ്മയായ സീഡിയനെ തിരഞ്ഞെടുക്കുന്നത് ആ സംഘടനയുടെ നേതൃത്വത്തിന്റെ മാര്‍ക്‌സിസ്റ്റ് ആഭിമുഖ്യം കൊണ്ടും ജാതി സംഘടനകളോടും പ്രത്യയശാസ്ത്രാടിത്തറയില്ലാത്ത സംഘടനകളോടും പുലയര്‍ നടത്തിയ നിഷേധാത്മക സമീപനവും കൊണ്ടുമാണ്. മുന്‍ചൊന്ന സംഘടനയിലെ എന്റെ ഈ സ്ഥാനം, ഡോ. കെ.കെ. മന്മഥന്‍, കെ.കെ.എസ്. ദാസ് എന്നിവര്‍ക്കൊപ്പം മൂന്നംഗ കേന്ദ്ര കമ്മിറ്റി അംഗമായിട്ടായിരുന്നു, സീഡിയന്‍ വാരികയുടെ പത്രാധിപരുമായിട്ടായിരുന്നു. പരിമിതമായ അംഗസംഖ്യയുള്ള ആ സംഘടനാരൂപത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ്ബ്യൂറോയ്ക്ക് തുല്യമായാണ് കണക്കാക്കിയത്. എന്റെ ഈ സംഘടനാ നേതൃത്വം ഒരുകൂട്ടം പ്രവര്‍ത്തകരുടെ അവബോധ നവീകരണത്തിനും വാമൊഴി-വരമൊഴിയറിവുകളെ ഇഴപിരിച്ചെടുത്തുകൊണ്ടു ഒരാശയലോകം സൃഷ്ടിക്കാനുമാണ് സഹായകമായത്. ഇക്കാര്യത്തില്‍ എനിക്ക് മാര്‍ഗ്ഗദര്‍ശിയായത് സഹോദരന്‍ അയ്യപ്പനായിരുന്നു. വാസ്തവത്തില്‍, അയ്യപ്പനിലൂടെയാണ് ഞാന്‍ ബാബാ സാഹേബ് അംബേദ്കറില്‍ എത്തിയത്. പിന്നീട്, സി.പി.ഐ.-എം.എല്‍ മുതല്‍ ദളിത് മൂവ്മെന്റുകളില്‍ വരെ വിയോജിപ്പുകളും മാറ്റി നിര്‍ത്തലുകളുണ്ടായിട്ടും ആശയപരമായ വ്യതിയാനം പുലര്‍ത്തിയിട്ടില്ല. ഇതിനര്‍ത്ഥം പ്രസ്ഥാനങ്ങളുമായുള്ള വിമര്‍ശനാത്മകമായ ബന്ധത്തെക്കുറിച്ച് 'കലാപവും സംസ്‌കാരവും' എന്ന ആദ്യത്തെ പുസ്തകത്തിലെ കെ. ദാമോദരന്‍- ഒരു വിയോജനക്കുറിപ്പ്, ചാരുമജുംദാര്‍ സ്മരണ എന്നീ ലേഖനങ്ങളില്‍ വിശദമാക്കിയിട്ടുണ്ട്. 'ചാരുമജുംദാര്‍ സ്മരണ' എന്ന ലേഖനത്തില്‍ സ്വന്തം നെഞ്ചിലെരിഞ്ഞ തീപ്പന്തം ഇന്ത്യന്‍ ഗ്രാമങ്ങളിലേക്ക് വലിച്ചെറിഞ്ഞ പ്രസ്ഥാന മനുഷ്യനായാണ് ഞാന്‍ ചാരുമജുംദാറിനെ അടയാളപ്പെടുത്തിയിരിക്കുന്നത്. ചുരുക്കത്തില്‍ എന്റെ സീഡിയന്‍ അനുഭവങ്ങള്‍ 'ദലിത'നിലുള്ളതിനാല്‍ വിവരിക്കുന്നില്ല.

കെകെഎസ് ദാസ്
കെകെഎസ് ദാസ്

അവസാനമായി ഞാന്‍ ചാരിനിന്ന സംഘടന സണ്ണി എം. കപിക്കാട് ചെയര്‍മാനായിരുന്ന ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനമാണ്. സംഘടന രൂപീകരണയോഗത്തില്‍ ക്ഷണിതാവായെത്തിയ ഞാന്‍ പ്രായത്തേയും അനാരോഗ്യത്തേയും കണക്കിലെടുത്ത് പൊതുപ്രവര്‍ത്തനത്തില്‍നിന്നും ഒഴിഞ്ഞുനില്‍ക്കാനുള്ള താല്പര്യം പ്രകടിപ്പിച്ചു. എന്നാല്‍, എല്ലാവരുടേയും നിര്‍ബ്ബന്ധത്തിനു വഴങ്ങി ഒരു കമ്മിറ്റിയംഗമായിരിക്കാമെന്ന് സമ്മതിച്ചു. ആ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യുന്നതിനായി മുന്നോട്ടുവെച്ച നിര്‍ദ്ദേശം, ദേശീയപ്രസ്ഥാനം മുതല്‍ സി.പി.ഐ.-എം.എല്‍ വരെയുള്ള രാഷ്ട്രീയ പ്രസ്ഥാനത്തിനു അടിസ്ഥാനമായ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാവുന്നതരത്തില്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനാധാരമായിരിക്കേണ്ടത് കോണ്‍ഗ്രസ്സു മുതല്‍ സി.പി.ഐ.-എം.എല്‍ വരെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളുടേയും ബദല്‍ധാരകളുടേയും സാമൂഹ്യനിര്‍മ്മിതിയുടെ ചരിത്രാനുഭവങ്ങളും ബുദ്ധന്‍ മുതല്‍ ഫൂലെ, അംബേദ്കര്‍, സഹോദരന്‍ അയ്യപ്പന്‍ എന്നിവരുടെ പാഠവല്‍ക്കരണങ്ങളും കൊസാംബി മുതലുള്ളവരുടെ ചരിത്രരചനകളും ആയിരിക്കണമെന്നായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സണ്ണി എം. കപിക്കാട് തയ്യാറാക്കിയ കുറിപ്പുകള്‍ പലവട്ടം ചര്‍ച്ച ചെയ്താണ് ഒരു കരട് നയപ്രഖ്യാപനം പ്രസിദ്ധീകരിച്ചത്. അതേസമയം, ഞാന്‍ ചൂണ്ടിക്കാണിച്ച പ്രശ്‌നം ഒരു സാമ്പത്തിക നയത്തിന്റെ അഭാവമായിരുന്നു. ഈ ദിശയിലൊരു ചര്‍ച്ചയ്ക്ക് തുടക്കം കുറിക്കുന്നതിന് മുന്‍പാണ് കെ-റെയില്‍ അതിവേഗ തീവണ്ടിപ്പാതാ വിരുദ്ധ പ്രക്ഷോഭം ഉയര്‍ന്നുവരുന്നത്. ലോക്ഡൗണ്‍ കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസ്താവനകളില്‍നിന്നും വ്യക്തമാകുന്നത്. കെ-റെയില്‍ സി.പി.എമ്മിന്റേയും സര്‍ക്കാരിന്റേയും പുത്തന്‍ സാമ്പത്തിക കാഴ്ചപ്പാടിന്റെ ഭാഗമാണ് എന്ന് ഞാന്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയാതെയാണ് കോണ്‍ഗ്രസ്സിന്റേയും ബി.ജെ.പിയുടേയും സമരങ്ങള്‍ നടന്നത്. ഇക്കാര്യങ്ങള്‍ വിശദമായി പഠിപ്പിച്ചും ചര്‍ച്ച ചെയ്തും യാഥാര്‍ത്ഥ്യബോധമുള്ള ഒരു സമീപനമാണ് സ്വീകരിക്കേണ്ടത്. ജനനിര്‍ദ്ദേശം തള്ളിക്കളഞ്ഞ് പ്രക്ഷോഭത്തിന്റെ ഭാഗമായതോടെ സംഘടനയ്ക്ക് അനഭിമതനായിത്തീര്‍ന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് മൂലധനത്തിന്റെ ജനാധിപത്യവല്‍ക്കരണവും കെ-റെയിലും എന്ന പേരിലൊരു പഠനം നടത്താന്‍ നിര്‍ബ്ബന്ധിതനായത്.

മുകളില്‍ പറഞ്ഞതിനു സമാനമായൊരു അനുഭവമുണ്ട്. അതിങ്ങനെയാണ്: കേരളത്തിന്റെ പൊതുബോധം ദരിദ്രരും കോളനിവാസികളുമായ ദളിതരോട് ഉദാരതയും സഹാനുഭൂതിയും പ്രകടിപ്പിക്കുമ്പോള്‍ അവരില്‍ വിദ്യാസമ്പന്നരും സാമാന്യം മെച്ചപ്പെട്ട സാമ്പത്തിക ശേഷിയുള്ളവരും ശത്രുക്കളായാണ് കരുതുന്നത്. ഇക്കാര്യം തെളിയിക്കുന്ന സംഭവം നടക്കുന്നത് എറണാകുളം ജില്ലയിലെ കുന്നത്തുനാട്ടിലാണ്. അവിടെ, ട്വന്റി-ട്വന്റി അനുഭാവിയായ ദീപു എന്നൊരു ദളിത് യുവാവിനെ ഒരു സംഘം സി.പി.ഐ.എം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തി. സംസ്ഥാനത്ത് നടന്നിട്ടുള്ള രാഷ്ട്രീയ കൊലപാതകങ്ങളില്‍ നേതൃത്വങ്ങളുടെ ഭാഗത്തുനിന്നുള്ള ഗൂഢാലോചന ആരോപിക്കാറുണ്ടെങ്കിലും നാളിതുവരെ ഈ കൊലപാതകത്തില്‍ ഒരു രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്നു തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. വസ്തുതകള്‍ ഇപ്രകാരമാണെങ്കിലും കുന്നത്തുനാട് എം.എല്‍.എ പി.വി. ശ്രീനിജനെ അറസ്റ്റു ചെയ്യണമെന്ന ആവശ്യമുന്നയിക്കാനാണ് ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം മുതിര്‍ന്നത്. കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ എം.എല്‍എയുടെ ഇടപെടല്‍ തെളിയിക്കുന്ന യുക്തിഭദ്രമായ തെളിവുകള്‍ ചൂണ്ടിക്കാണിക്കാന്‍ മുതിരാതെ, സവര്‍ണ്ണബോധവും സി.പി.ഐ.എം വിരോധവും കൊണ്ട് തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ സഹായിക്കലായിരുന്നു സംഘടനയുടെ ലക്ഷ്യമെന്ന് പകല്‍ പോലെ വ്യക്തമായിരുന്നു. ഇക്കാര്യത്തില്‍ എന്റെ ഭിന്നാഭിപ്രായം സണ്ണി എം. കപിക്കാടിനോട് ഞാന്‍ തുറന്നു പറഞ്ഞിട്ടുണ്ട്. കൊലപാതകം നടത്തിയ പാര്‍ട്ടി പ്രവര്‍ത്തകരെ ന്യായീകരിച്ച എം.എല്‍.എയുടെ പ്രസ്താവനകളെ എതിര്‍ക്കുന്നത് അല്ലാതെ, അദ്ദേഹത്തിന്റെ മേല്‍ കൊലക്കുറ്റം ആരോപിക്കുന്നതിനെ അംഗീകരിക്കാന്‍ കഴിയില്ല എന്നും. ഇതോടെയാണ് അവരെന്നെ പൂര്‍ണ്ണമായും ഒഴിവാക്കിയത്.

കെകെ മന്മദൻ
കെകെ മന്മദൻ

അടിയന്തരാവസ്ഥക്കാലത്ത് രാജ്യത്തുടനീളം നിലനിന്ന ഫാസിസ്റ്റ് വാഴ്ചയ്‌ക്കെതിരെ ഒരു പോസ്റ്റര്‍ പോലും നക്‌സലൈറ്റ് പ്രസ്ഥാനക്കാര്‍ പതിച്ചിട്ടില്ലെന്നും അവര്‍ അവരുടെ പാര്‍ട്ടി പരിപാടി നടപ്പാക്കാന്‍ ശ്രമിക്കുകയാണ് ചെയ്തതെന്നും വാദിച്ചുകേട്ടിട്ടുണ്ട്. നക്‌സലൈറ്റുകള്‍ മാത്രമല്ല, ഇടതുപക്ഷ-സോഷ്യലിസ്റ്റുകള്‍ പോലും അടിയന്തരാവസ്ഥയെ ചെറുക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് ആത്മകഥയായ 'ദലിതനി'ല്‍ എഴുതിയിട്ടുണ്ട്. അടിയന്തരാവസ്ഥ പിന്‍വലിച്ച ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കെ. കരുണാകരനും കോണ്‍ഗ്രസ്സും വമ്പിച്ച ജയം നേടിയ കാര്യമാണ് ഈ വാദത്തെ ബലപ്പെടുത്താനായി ചൂണ്ടിക്കാണിച്ചിട്ടുള്ളത്. Ein Volk, ein Reich, ein Fuhrer (ഒരൊറ്റ ജനത, ഒരൊറ്റ രാജ്യം, ഒരൊറ്റ നേതാവ്) എന്ന നാസി മുദ്രാവാക്യത്തിനു ഇന്ത്യന്‍ പതിപ്പുണ്ടെന്ന (ആര്‍.എസ്.എസ്) അംബേദ്കറുടെ നിരീക്ഷണത്തെ അനുസ്മരിപ്പിക്കുംവിധമൊരു സമഗ്രാധികാര സങ്കല്പത്തിന്റെ തേര്‍വാഴ്ചയായിരുന്നു അടിയന്തരാവസ്ഥക്കാലത്ത് കണ്ടത്. അടിയന്തരാവസ്ഥക്കാലത്തെ രാഷ്ട്രീയവും നേതാവിനോടുള്ള കൂറും വംശീയരാഷ്ട്രീയത്തിന്റെ പ്രകടമായ അകമ്പടിയോടെ പൂര്‍വ്വാധികം ശക്തിയായി തിരിച്ചുവന്നിരിക്കുന്ന ഇന്നത്തെ കാലത്ത് പഴയപോലെ അതിനെ ചെറുക്കുന്നതില്‍ ഇടതുപക്ഷവും സോഷ്യലിസ്റ്റുകളും പരാജയപ്പെടുകയാണോ? ഹിന്ദുത്വദേശീയതയെ ചെറുത്തുതോല്‍പ്പിക്കുന്നതില്‍ ദളിത് പ്രസ്ഥാനങ്ങള്‍ അവരുടെ പങ്ക് ശരിയായി നിര്‍വ്വഹിക്കുന്നു എന്ന് കരുതുന്നുണ്ടോ? 

അടിയന്തരാവസ്ഥയെക്കുറിച്ച് വിപുലമായ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെ നക്‌സലൈറ്റുകള്‍ അവകാശപ്പെട്ടത് അടിയന്തരാവസ്ഥയെ ചെറുത്തുതോല്‍പ്പിക്കാന്‍ കഴിഞ്ഞത് തങ്ങളുടെ മഹാത്യാഗങ്ങളാലും രാഷ്ട്രീയ നിലപാടുകളും കൊണ്ടാണെന്നാണ്. ഈ അവകാശവാദം സ്ഥാപനവല്‍ക്കരിച്ചുകൊണ്ടിരിക്കെ 'നക്‌സലൈറ്റുകള്‍ അടിയന്തരാവസ്ഥയെ എതിര്‍ത്തില്ല' എന്ന തലക്കെട്ടില്‍ ഒരു ലേഖനം ഞാന്‍ പച്ചക്കുതിര മാസികയില്‍ എഴുതുകയുണ്ടായി.

നക്‌സലൈറ്റുകളുടേത് കേവലം മേനിപറച്ചില്‍ മാത്രമാണെന്നാണ് ഞാന്‍ അഭിപ്രായപ്പെട്ടത്. മാര്‍ക്‌സിസം സമൂര്‍ത്ത സാഹചര്യങ്ങളുടെ സമൂര്‍ത്ത വിശകലനമാണ്. അത്തരമൊരു വിശകലനം ഉണ്ടായില്ല. ഇതാണ് ഇങ്ങനെ പറഞ്ഞതിനു കാരണം. മുന്‍പൊരിക്കലുമില്ലാതിരുന്നവിധം ജനാധിപത്യ-പൗരാവകാശ ലംഘനങ്ങളും നാസികളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള പീഡനങ്ങളും കൊലപാതകങ്ങളുമാണ് അക്കാലത്ത് നടന്നത്. അക്കാലത്ത് എന്നെ സമീപിച്ച ചില സഖാക്കളോട് പാര്‍ട്ടി അടിയന്തരാവസ്ഥയെ ഏറ്റവും പെട്ടെന്ന് ശ്രദ്ധ ചെലുത്തേണ്ട പ്രശ്‌നമായി കണ്ട് നിലപാടെടുക്കണമെന്ന് ഞാന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇത്തരം കാര്യങ്ങള്‍ കണക്കിലെടുക്കാതെ നക്‌സലൈറ്റുകള്‍ പാര്‍ട്ടി പരിപാടിയും ഉന്മൂലന സമരവും പൊലീസ് സ്റ്റേഷനാക്രമണങ്ങളും നടത്താന്‍ ശ്രമിക്കുകയാണ് ഉണ്ടായത്. ഇതേത്തുടര്‍ന്ന് സംസ്ഥാനത്തുടനീളം നടന്ന പൊലീസ് അക്രമങ്ങളെ വ്യക്തിഗത ധീരതകൊണ്ട് നക്‌സല്‍ പ്രസ്ഥാനക്കാര്‍ക്ക് നേരിടേണ്ടിവന്നു. മറിച്ച് ഭരണകൂട ഭീകരത ജനങ്ങള്‍ക്കു മുന്‍പില്‍ തുറന്നു കാണിച്ചു പ്രതിരോധം സൃഷ്ടിക്കാന്‍ തയ്യാറാകുകയായിരുന്നു അവര്‍ ചെയ്യേണ്ടിയിരുന്നത്.

സണ്ണി എം കപിക്കാട്
സണ്ണി എം കപിക്കാട്

നക്‌സലൈറ്റുകള്‍ മാത്രമല്ല, ഇടതുപക്ഷവും സോഷ്യലിസ്റ്റുകളും അടിയന്തരാവസ്ഥയെ പ്രതിരോധിച്ചില്ല. ഇതിനു കാരണം, ഈ സംഘടനകള്‍ക്ക് കോണ്‍ഗ്രസ്സില്‍നിന്നും വ്യതിരിക്തമായൊരു നയമില്ലാതിരുന്നതാണ്. വര്‍ഗ്ഗങ്ങള്‍ തമ്മിലുള്ള വൈരുദ്ധ്യമല്ല, വര്‍ഗ്ഗങ്ങള്‍ക്കുള്ളിലെ വൈരുദ്ധ്യമാണുണ്ടായിരുന്നത്. ഇത്തരമൊരു പശ്ചാത്തലത്തില്‍ പിണറായി വിജയനെപ്പോലെ അപൂര്‍വ്വം ചിലര്‍ക്ക് പൊലീസ് മര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നപ്പോള്‍, കക്ഷിഭേദമെന്യേ ബഹുഭൂരിപക്ഷം നേതാക്കള്‍ക്കും ജയില്‍ സുഖവാസകേന്ദ്രമായി മാറുകയായിരുന്നു. ഇതോടെ, നേതൃത്വത്തിന്റെ അഭാവത്തില്‍ സ്വയം പ്രവര്‍ത്തനശേഷിയില്ലാത്ത അണികള്‍, അടിയന്തരാവസ്ഥ മുന്നോട്ടുവെച്ച തരത്തിലുള്ള അച്ചടക്കം പാലിച്ചുകൊണ്ട് സംഘടനാ പ്രവര്‍ത്തനങ്ങളില്‍നിന്നും പിന്‍വാങ്ങി. ആ കെട്ടകാലത്ത് മാധ്യമങ്ങളും ഇരുളിലായിരുന്നു. ഇപ്രകാരം രൂപപ്പെട്ട അനുകൂല സാഹചര്യത്തില്‍ കോണ്‍ഗ്രസ്സുകാരും സര്‍ക്കാരുകളും സമയനിഷ്ഠ പാലിച്ചോടുന്ന തീവണ്ടികളേയും നിശ്ശബ്ദരായിരുന്നു ജോലി ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാരേയും ചൂണ്ടിക്കാട്ടി അടിയന്തരാവസ്ഥയെ മഹത്വവല്‍ക്കരിക്കുകയായിരുന്നു. ഇതിന്റെയൊക്കെ ഫലമായിട്ടാണ് കേരളത്തില്‍ കെ. കരുണാകരന്‍ തെരഞ്ഞെടുപ്പില്‍ അവിശ്വസനീയമായ വിജയം കൊയ്‌തെടുത്തത്.

അടിയന്തരാവസ്ഥക്കാലത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റായിരുന്ന ഡി.കെ. ബറുവ ഉയര്‍ത്തിയ മുദ്രാവാക്യം 'ഇന്ത്യയാണ് ഇന്ദിര, ഇന്ദിരയാണ് ഇന്ത്യ' എന്നായിരുന്നു. ദുര്‍ഭരണത്തിന്റേയും അടിച്ചമര്‍ത്തലിന്റേയും കാളരാത്രികള്‍ക്കുശേഷം രൂപപ്പെട്ട മുന്നണി ഗവണ്‍മെന്റ്, രാഷ്ട്രീയാസ്ഥിരതയുടെ മകുടോദാഹരണമായി മാറിയപ്പോള്‍, സാമ്പത്തിക-സാമൂഹ്യ കുഴപ്പങ്ങളെ പ്രയോജനപ്പെടുത്തി ഭരണത്തിലെത്തിയ ഇന്ദിരാഗാന്ധിയുടെ കോണ്‍ഗ്രസ്സ് നാളിതുവരെ അംഗീകരിച്ചിരുന്ന ദേശീയതാ സങ്കല്പമായ നാനാത്വത്തില്‍ ഏകത്വം എന്ന മുദ്രാവാക്യം കൈവെടിഞ്ഞ് ഹിന്ദുത്വാനുകൂലമായ 'ഒരൊറ്റ ഇന്ത്യ, ഒരൊറ്റ ജനത'യെന്ന ദേശീയതാ സങ്കല്പം സ്വീകരിക്കുന്നത് ഈ കാലത്താണ്. അതേസമയം, രാഷ്ട്രീയമായി ദുര്‍ബ്ബലമായിരുന്ന സംഘപരിവാര്‍-മുഖ്യമായും ആര്‍.എസ്.എസ്- വേദോപനിഷത്തുകളേയും പുരാണാദികളേയും ഉപയോഗപ്പെടുത്തിയും ഏകാത്മവാദത്തെ രാഷ്ട്രീയവല്‍ക്കരിച്ചും മുസ്ലിങ്ങളെ അപരവല്‍ക്കരിക്കുന്ന തീവ്രഹിന്ദുത്വം അടിത്തറയായുള്ള 'അഖണ്ഡഭാരതം' എന്ന ദേശീയതാസങ്കല്പം മുന്നോട്ടുവെച്ചുമാണ് കോണ്‍ഗ്രസ്സിന്റെ പ്രതിയോഗിയായി മാറിയത്.

കെകെ കൊച്ച്/ ഫോട്ടോ: സജി ജെയിംസ്
കെകെ കൊച്ച്/ ഫോട്ടോ: സജി ജെയിംസ്

അടിയന്തരാവസ്ഥയെപ്പോലൊരു സമഗ്രാധിപത്യം ഇപ്പോള്‍ നിലനില്‍ക്കുന്നില്ല. മറിച്ച്, ഫാസിസത്തിന്റെ മുഖമുദ്രയായ വെറുപ്പിന്റെ രാഷ്ട്രീയവും ദളിത്-ന്യൂനപക്ഷ മുസ്ലിം വിഭാഗങ്ങള്‍ക്കെതിരായ ആള്‍ക്കൂട്ടക്കൊലകളും ഇത്തരം ക്രൂരകൃത്യങ്ങളില്‍ പങ്കെടുക്കുന്നവരെ വീരപുരുഷന്മാരായി വാഴ്ത്തുന്നതുമാണ് നാം കാണുന്നത്. ഈ രാഷ്ട്രീയത്തെ ഔദ്യോഗികവല്‍ക്കരിക്കുന്നതിനും സ്ഥാപനവല്‍ക്കരിക്കുന്നതിനുമായി, രാജ്യത്തിന്റെ വൈവിദ്ധ്യവും സമരപാരമ്പര്യവുമുള്‍ക്കൊള്ളുന്ന ഭരണഘടനയെ ദുര്‍ബ്ബലമാക്കുകയും ശിഥിലീകരിക്കുകയുമാണ് കേന്ദ്രം ഇപ്പോള്‍ ചെയ്യുന്നത്. ഇതിന് അടിത്തറ സൃഷ്ടിക്കുന്നതിനായി വിവിധ ജനവിഭാഗങ്ങളുടെ ഭരണഘടനാവകാശങ്ങളെ പടിപടിയായി ഭേദഗതി ചെയ്യുകയോ റദ്ദാക്കുകയോ ആണ് അവര്‍ ചെയ്യുന്നത്. ദേശീയ സ്വാതന്ത്ര്യസമരകാലത്തെ പ്രക്ഷോഭങ്ങളില്‍നിന്ന് രൂപപ്പെട്ട സംവരണത്തെ സാമ്പത്തിക സംവരണമായി മാറ്റിയെഴുതുക, സംസ്ഥാനങ്ങളിലെ ഭാഷകളുടെമേല്‍ ഹിന്ദി അടിച്ചേല്പിച്ച് ഏകഭാഷാ സമൂഹം സൃഷ്ടിക്കുക, ഏകീകൃത സിവില്‍കോഡിനുവേണ്ടിയുള്ള പ്രചരണം ശക്തമാക്കുക. കശ്മീരിന്റെ സ്വയം ഭരണാവകാശം റദ്ദാക്കുന്ന 307 വകുപ്പിന്റെ നടപ്പാക്കല്‍ എന്നിങ്ങനെ രാഷ്ട്രശരീരത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട വിവിധ ജനങ്ങളുമായുള്ള കരാറുകളും ഉടമ്പടികളും ലംഘിച്ചും നിയമവ്യവസ്ഥകളും റദ്ദാക്കുന്ന ഉത്തരവുകളിലൂടെയോ കല്പനകളിലൂടേയോ ആണ് ബി.ജെ.പി സര്‍ക്കാര്‍ ഫാസിസത്തിലേയ്ക്ക് നടന്നടുക്കുന്നത്. ഈ പരിവര്‍ത്തനത്തെ പ്രതിരോധിക്കാന്‍ കഴിയാത്ത സ്ഥിതി സംജാതമാക്കിയതില്‍ മൂന്ന് ദേശീയ സന്ദര്‍ഭങ്ങള്‍ക്കു വലുതായ പങ്കുണ്ട്. ഭരണകൂടാതിക്രമങ്ങളുടേതായ അടിയന്തരാവസ്ഥാ കാലമാണ് ഒന്നാമത്തേത്. ന്യൂനപക്ഷമായ സിഖ് മതസ്ഥരെ കൂട്ടക്കൊല ചെയ്ത ഡല്‍ഹിയിലെ വംശീയാതിക്രമങ്ങളാണ് രണ്ടാമത്തേത്. മൂന്നാമത്തേത് ഗുജറാത്തിലെ മുസ്ലിംവിരുദ്ധ കൂട്ടക്കൊലകളും. ഈ കൊടുംപാതകങ്ങള്‍ക്കുത്തരവാദികളായ ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും നരേന്ദ്ര മോദിയും നാസികള്‍ക്കെതിരായ ന്യൂറംബര്‍ഗ് മാതൃകയില്‍ വിചാരണ ചെയ്യപ്പെട്ടിരുന്നെങ്കില്‍, ഭരണഘടനയേയും നിയമവ്യവസ്ഥകളേയും നിഷേധിച്ചുള്ള സ്വേച്ഛാധിപത്യ പ്രവണതകളെ ചോദ്യം ചെയ്യാന്‍ കഴിയുമായിരുന്നു. ഹിന്ദു ദേശീയത സാമൂഹ്യപ്രശ്‌നമല്ല, മറിച്ച് രാഷ്ട്രീയ പ്രശ്‌നമാണ്. അതുകൊണ്ടുതന്നെ ദളിത് പ്രസ്ഥാനങ്ങള്‍ക്കു സ്വീകാര്യമായൊരു രാഷ്ട്രീയ മുന്നേറ്റത്തില്‍ പങ്കെടുത്തുകൊണ്ടു മാത്രമാണ്, കടമകള്‍ നിര്‍വ്വഹിക്കാന്‍ കഴിയുകയുള്ളൂ. കൊളോണിയല്‍ കാലഘട്ടത്തിലെ ആദിവാസി സമരങ്ങളും ദളിത് മുന്നേറ്റങ്ങളും ഇക്കാര്യം അടിവരയിട്ടുറപ്പിക്കുന്നുണ്ട്.

Caption
Caption

മൂലധന മേധാവിത്വത്തോടൊപ്പം വംശീയാധിപത്യവും പ്രയോഗവല്‍ക്കരിച്ചുകൊണ്ടാണ് ഫാസിസം രംഗപ്രവേശം ചെയ്യുന്നതെന്ന് സമര്‍ത്ഥിക്കുന്ന പോള്‍ എം.സ്വീസിയുടെ പുസ്തകത്തെക്കുറിച്ചും അതിന്റെ ഒരു ഭാഗം മലയാളത്തില്‍ 'സാമ്രാജ്യത്വത്തിന്റേയും ഫാസിസത്തിന്റേയും സാമ്പത്തികശാസ്ത്രം' എന്ന പേരില്‍ പ്രസിദ്ധീകരിച്ചതിനെക്കുറിച്ചും ആ പുസ്തകത്തിന്റെ പ്രസക്തിയെക്കുറിച്ചും ആത്മകഥയായ 'ദലിതനി'ല്‍ പരാമര്‍ശിക്കുന്നുണ്ട്. ഇന്ത്യയൊട്ടാകെ ദളിത് പ്രസ്ഥാനങ്ങള്‍ ചെറുത്തുതോല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ബ്രാഹ്മണിസത്തിന്റെ ആധുനിക ദേശരാഷ്ട്ര പദ്ധതിയല്ലേ യഥാര്‍ത്ഥത്തില്‍ ഹിന്ദുത്വദേശീയവാദികള്‍ മുന്നോട്ടുവെയ്ക്കുന്ന ഹിന്ദുരാഷ്ട്രം? ഇതിനെതിരെയുള്ള ചെറുത്തുനില്‍പ്പില്‍ ദളിത്-ന്യൂനപക്ഷ-കമ്യൂണിസ്റ്റ് ഐക്യം എന്ന പഴയ മുദ്രാവാക്യത്തിനു ഇപ്പോള്‍ പ്രസക്തിയുണ്ടോ?
 
പുസ്തക പ്രസാധനത്തെ രാഷ്ട്രീയ സമരത്തിന്റെ ഭാഗമായി കണക്കാക്കിയതിനാലാണ് പോള്‍ എം. സ്വീസിയുടെ പുസ്തകം പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞത്. ആ പുസ്തകത്തിന്റെ ഉള്ളടക്കത്തിന് ദളിത് രാഷ്ട്രീയവുമായി രക്തബന്ധമുണ്ട്. കാരണം സാമ്രാജ്യത്വത്തെ മുതലാളിത്തത്തിന്റെ പരമോന്നത ഘട്ടമായി വിലയിരുത്തിയത് ലെനിനാണ്. ഈ നിഗമനത്തെ വ്യാഖ്യാനിച്ച കമ്യൂണിസ്റ്റുകാര്‍ സാമ്രാജ്യത്വത്തെ കേവലം സാമ്പത്തിക വ്യവസ്ഥയായിട്ടാണ് കണക്കാക്കിയത്. തന്മൂലം, ഫാസിസത്തെ നേരിടാന്‍ വര്‍ഗ്ഗങ്ങളുടേയും അതിന്റെ മുന്നണിയായ പാര്‍ട്ടികളുടേയും ഐക്യമാണ് അവര്‍ വിഭാവനം ചെയ്തത്. അതേസമയം, സാമ്രാജ്യത്വവുമായി ഐക്യപ്പെട്ട വംശീയതയായി നാസിസത്തേയും ഫാസിസത്തേയും കണ്ടുകൊണ്ടല്ല അവരതിനെ എതിര്‍ത്തതും എതിര്‍പോരുന്നതും. 1960-കളില്‍ ഇന്ത്യയില്‍ കാര്‍ഷിക വിപ്ലവത്തെ ഭൂവുടമകള്‍ക്കും ജന്മിത്വത്തിനുമെതിരായ സാമ്പത്തിക സമരമായാണ് മാര്‍ക്‌സിസ്റ്റുകള്‍ കണ്ടത്. ഈ കാഴ്ചപ്പാടിനെ വിമര്‍ശനപരമായി പരിശോധിച്ചും അംഗീകരിച്ചുമാണ് ബ്രാഹ്മണിസത്തെ വംശീയതയായി ദളിത് രാഷ്ട്രീയം കണ്ടെത്തുന്നത്. എന്നാല്‍, ഈ ദളിത് രാഷ്ട്രീയത്തെ സ്വത്വപ്രകാശനമായി മുദ്രകുത്തുന്ന നിലപാടാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കുള്ളത്.

ഇപ്പോള്‍ കേരളം ഭരിക്കുന്ന മുന്നണി മുന്നോട്ടുവെയ്ക്കുന്ന സാമ്പത്തിക-വികസന നയം പൂര്‍ണ്ണാര്‍ത്ഥത്തില്‍ യൂണിയന്‍ ഗവണ്‍മെന്റിന്റെ ഈ രംഗങ്ങളിലെ നയങ്ങള്‍ക്കും പരിപാടികള്‍ക്കും ഒരു ബദല്‍ മുന്നോട്ടുവെയ്ക്കുന്നുണ്ടോ? ഈ രംഗത്തെ നവലിബറല്‍ നയങ്ങളെ ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്ന ഒരു ഫാഷിസ്റ്റ് ഇക്കോണമിയുടെ ചട്ടക്കൂടിനുള്ളില്‍നിന്നുകൊണ്ടുള്ള ഒന്നല്ലേ സില്‍വര്‍ലൈന്‍ എന്ന കെ-റയില്‍ പദ്ധതിയടക്കമുള്ളവ? ഇത് ദളിതര്‍ അടക്കമുള്ള ദരിദ്രജനതയ്ക്ക് എങ്ങനെയാണ് പ്രയോജനപ്പെടുത്താന്‍ കഴിയുക?

1950-കള്‍ മുതല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയും പാര്‍ട്ടിയുടെ സമുന്നത നേതാക്കളായിരുന്ന ഇ.എം.എസ്സും എ.കെ. ഗോപാലനും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ലക്ഷ്യം സോഷ്യലിസ്റ്റ് സമൂഹ സൃഷ്ടി ആണെങ്കിലും, ഇക്കാലത്ത് ഭരണഘടനയ്ക്കും നിയമവ്യവസ്ഥയ്ക്കും കേന്ദ്ര ഗവണ്‍മെന്റിന്റെ നയങ്ങള്‍ക്കും വിധേയമായുള്ള ഭരണനടപടികള്‍ മാത്രമാണ് സ്വീകരിക്കുകയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം സി.പി.എമ്മും സി.പി.ഐയും പലവട്ടം ആവര്‍ത്തിച്ചിട്ടുള്ളതുമാണ്. നിലവിലുള്ള ചട്ടക്കൂടിനു പുറത്തുള്ള നയങ്ങളേയും പരിപാടികളേയും തിരുത്താനും റദ്ദാക്കാനും സുപ്രിംകോടതിവരെയുള്ള നിരവധി സംവിധാനങ്ങളുമുണ്ട്. 'കൃഷിഭൂമി കര്‍ഷകനെന്ന' ദേശീയ നയത്തിനും പ്ലാനിംഗ് കമ്മിഷന്റെ നിര്‍ദ്ദേശമായ ഭക്ഷ്യോല്പാദനം വികസിപ്പിക്കുക, വ്യവസായ വികസനത്തിന് ആവശ്യമായ മൂലധന സമാഹരണം നടത്തുക എന്നീ ലക്ഷ്യങ്ങളോടെയും 1957-ലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അവതരിപ്പിച്ച ഭൂപരിഷ്‌കരണ ബില്ലിലെ നിരവധി വകുപ്പുകളാണ് സുപ്രിം കോടതി റദ്ദാക്കിയത്. ഭരണഘടനയുടെ 356-ാം വകുപ്പനുസരിച്ച് കേന്ദ്ര ഗവണ്‍മെന്റ് പിരിച്ചുവിട്ട നിരവധി സംസ്ഥാന ഗവണ്‍മെന്റുകളെ സുപ്രീം കോടതി പുനസ്ഥാപിച്ചു. എന്തിനേറെ, കേരളത്തില്‍ ലോകായുക്തയുടെ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ഒരു മന്ത്രിക്ക് രാജിവെയ്ക്കേണ്ടിവരികപോലും ചെയ്തില്ലേ? ഇത്തരം നേര്‍ക്കാഴ്ചകള്‍ നിലനില്‍ക്കേ, ഇടതുപക്ഷ ഗവണ്‍മെന്റ് സോഷ്യലിസ്റ്റ് ബദല്‍ മുന്നോട്ടു വയ്ക്കണമെന്ന വാദം ശുദ്ധ അസംബന്ധമായാണ് തിരിച്ചറിയേണ്ടത്. അതിവേഗ കെ-റെയില്‍ പദ്ധതിയും ഇതിനപവാദമല്ല. ആ പദ്ധതി ദേശീയ വ്യവസായ നയത്തിന്റെ ഭാഗമാണ്. അതായത്, 1920-കളിലെ സാമ്പത്തിക ദേശീയ വാദം, സ്വദേശിയും വിദേശിയുമായ മൂലധനത്തെ സ്വാഗതം ചെയ്ത നെഹ്രു അദ്ധ്യക്ഷനായ 1928-ലെ യോഗം, 1944-ലെ ബോംബെ പ്ലാന്‍, ഇതിന്റെ തുടര്‍ച്ചയായ 1989-ല്‍ ഡോ. മന്‍മോഹന്‍ സിംഗ് അവതരിപ്പിച്ച പുത്തന്‍ വ്യവസായ നയം എന്നിവയുടെ തുടര്‍ച്ചയായുള്ള സാമ്പത്തിക നയം തന്നെയാണ് സില്‍വര്‍ലൈന്‍ പദ്ധതിക്കുള്ളത്. ഇക്കാര്യങ്ങളില്‍ കൂടുതല്‍ അന്വേഷണത്തിന് സഹായകമായ 'മൂലധനത്തിന്റെ ജനാധിപത്യവും കെ-റെയിലും' എന്ന പുസ്തകത്തില്‍ ഇക്കാര്യങ്ങള്‍ കൂടുതല്‍ പ്രതിപാദിക്കുന്നതുകൊണ്ട് വിശദീകരണത്തിനു ഇപ്പോള്‍ മുതിരുന്നില്ല. 

രാജീവ് ​ഗാന്ധി
രാജീവ് ​ഗാന്ധി

നവലിബറല്‍ സാമ്പത്തിക നയങ്ങളെ എതിര്‍ക്കുകയല്ല വേണ്ടതെന്നും മറിച്ച് അതു നല്‍കുന്ന അവസരങ്ങളെ ദളിതരും പിന്നാക്ക സമുദായങ്ങളും ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്നും ദളിത് ചിന്തകര്‍ക്കിടയില്‍ പക്ഷാന്തരമുണ്ട്. ഈ നിലപാട് പ്രായോഗികമാണോ? 

സൈദ്ധാന്തിക പരികല്പനകളേക്കാള്‍ അനുഭവവാദപരമായ അന്വേഷണമാണ് പ്രസക്തമായിട്ടുള്ളത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏറ്റവും പ്രചാരം കിട്ടിയ മുദ്രാവാക്യം, 'നഷ്ടപ്പെടുവാന്‍ വിലങ്ങുകള്‍ മാത്രം നേടാനുള്ളത് പുതിയൊരു ലോകം' എന്നതായിരുന്നു. മുഴുവന്‍ പീഡിതവര്‍ഗ്ഗങ്ങള്‍ക്കും ബാധകമായ ഈ മുദ്രാവാക്യം ഏറ്റുവിളിക്കാനും ജീവിതാവസ്ഥയുമായി കണ്ണിചേര്‍ക്കാനും ആത്മാര്‍ത്ഥമായി ശ്രമിച്ചത് ദളിതരാണ്. ഇതിന്റെയടിസ്ഥാനത്തിലവര്‍ സ്വകാര്യ സ്വത്തുടമസ്ഥതയും മെച്ചപ്പെട്ടതും പരിഷ്‌കൃതവുമായ ജീവിതം ആസന്നഭാവിയില്‍ ഉണ്ടാകുമെന്ന് കരുതിയതിനാല്‍ ദരിദ്ര കോളനിവാസികളും മുന്‍ചൊന്നവ വേണ്ടെന്നു വെച്ചു. അതേസമയം, ഇതര സമുദായങ്ങളിലെ വ്യക്തികളും മത; സാമുദായിക സംഘടനകളും പൊതു മുതലിനെ സ്വകാര്യ സ്വത്താക്കി നേട്ടം കൊയ്തതിനെ തടയാന്‍, മുദ്രാവാക്യം മുന്നോട്ടുവെച്ചവര്‍ക്ക് കഴിഞ്ഞില്ല. ഈയനുഭവങ്ങളെ മുന്‍നിറുത്തിയാണ്, നവലിബറല്‍ സാമ്പത്തിക നയങ്ങളുടെ ദോഷങ്ങളെ ചെറുക്കുന്നതോടൊപ്പം ഗുണഫലങ്ങള്‍ സ്വീകരിക്കണമെന്ന അഭിപ്രായം നിലനില്‍ക്കുന്നത്. അതുകൊണ്ടാണ്, ദളിതരിലൊരു ചെറിയ വിഭാഗം സംരംഭകരും പുതിയ ശാസ്ത്ര-സാങ്കേതിക ജ്ഞാനമുള്‍ക്കൊള്ളുന്നവരും പരിമിതമായി വിദേശ ജോലികള്‍ സ്വീകരിക്കുന്നവരും കൈവിരലിലെണ്ണാവുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുന്നവരുമായത്.

സമ്പദ്‌വ്യവസ്ഥയിലെ നയംമാറ്റങ്ങളുടേയും ഘടനാപരമായ പരിഷ്‌കാരങ്ങളുടേയും ഫലമായി പൊതുമേഖല തകരുകയും തൊഴില്‍ദാതാക്കള്‍ എന്ന നിലയില്‍ പിറകോട്ടു പോകുകയും ചെയ്തിരിക്കുന്നു. തൊഴില്‍രംഗത്തെ നമ്മുടെ സംവരണ ചര്‍ച്ചകളൊക്കെ സ്വകാര്യമേഖലയ്ക്ക് ബാധകമല്ലാത്ത അവസ്ഥയാണ് ഇന്നുള്ളത്. ഈ പശ്ചാത്തലത്തില്‍ സംവരണം എന്ന സാമൂഹ്യനീതിയുടെ തത്ത്വം ഏതു രീതിയിലാണ് പ്രയോഗവല്‍ക്കരിക്കേണ്ടത്? 

പ്രഥമ കമ്യൂണിസ്റ്റ് ഗവണ്‍മെന്റിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരി അവതരിപ്പിച്ച വിദ്യാഭ്യാസ ബില്ലിന്റെ ലക്ഷ്യം, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാമ്പത്തിക സുസ്ഥിരതയും അദ്ധ്യാപകര്‍ക്ക് സര്‍ക്കാര്‍ നേരിട്ട് ശമ്പളം നല്‍കുകയുമായിരുന്നു. ബില്ലിലെ 11-ാം വകുപ്പ്, സര്‍ക്കാരില്‍നിന്നും ശമ്പളം ലഭിക്കുന്ന അദ്ധ്യാപകരെ പബ്ലിക് സര്‍വ്വീസ് കമ്മിഷന്‍ വഴി നിയമിക്കണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. രാഷ്ട്രീയ പ്രസ്ഥാനങ്ങളാലും സാമൂഹ്യവകുപ്പിനെ വീണ്ടെടുത്ത്, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പിന്നീട് സ്വകാര്യ-പൊതുമേഖലാ-സഹകരണ സ്ഥാപനങ്ങളില്‍ സംവരണം നടപ്പിലാക്കുകയെന്ന ആവശ്യം മുന്നോട്ടു വെച്ചത്, 1980-കളുടെ തുടക്കം മുതല്‍ ദളിത് സംഘടനകളാണ്. ഇപ്രകാരമൊരു വാദത്തിനാധാരമായിരിക്കുന്നത്, സ്വകാര്യ സ്ഥാപനങ്ങള്‍ നിലനില്‍ക്കുന്നത്, ധനകാര്യ സ്ഥാപന ബാങ്കുകളുടെ വായ്പാ മൂലധനം, സര്‍ക്കാര്‍ സൗജന്യമായോ ചുരുങ്ങിയ വിലയ്ക്കോ നല്‍കുന്ന ഭൂമി, വെള്ളം, വൈദ്യുതി എന്നിവയുടെ സഹായത്താലാണ്. എന്നാല്‍, ആഗോളവല്‍ക്കരണ-ഉദാരവല്‍ക്കരണങ്ങള്‍ നടപ്പാക്കപ്പെട്ടതോടെ പൊതുമേഖലകള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയും സ്വകാര്യ മേഖല അനിഷേധ്യമായ പ്രാധാന്യം കൈവരിച്ചു കൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് സാമൂഹ്യനീതിയെന്ന നിലയില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ സംവരണം പ്രസക്തമാകുന്നത്. ഈയാവശ്യത്തിന്റെ ദേശീയ പ്രാധാന്യത്തെ അംഗീകരിച്ചുകൊണ്ട് ഇടതുപക്ഷത്തിന്റെ പിന്തുണയുണ്ടായിരുന്ന യു.പി.എയുടെ കോമണ്‍ മിനിമം പ്രോഗ്രാമില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ സംവരണം വാഗ്ദാനം ചെയ്തത്. എങ്കിലും ആ ഗവണ്‍മെന്റിന്റെ ഭരണകാലത്ത് തന്നെ മുന്‍ചൊന്നയാവശ്യം ഏട്ടിലെ പശുവായി മാറുകയായിരുന്നു. 

നരേന്ദ്ര മോദി
നരേന്ദ്ര മോദി

ആത്മകഥയിലേക്കുതന്നെ വരാം. ദളിതനില്‍ ജാതിവിരുദ്ധ മതേതരവേദിയെക്കുറിച്ചും വൈക്കം സത്യഗ്രഹത്തെ ആസ്പദമാക്കി നടത്തിയ അന്വേഷണങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന സന്ദര്‍ഭത്തില്‍ വൈക്കം സത്യഗ്രഹത്തിനു തുടക്കം കുറിച്ച മൂന്നു സത്യഗ്രഹികളില്‍ ഒരാളായ കുഞ്ഞപ്പി എന്ന ദളിതനെക്കുറിച്ച് ചരിത്രത്തില്‍ കാര്യമായിട്ടെവിടെയും കാണുന്നില്ല എന്നു പരിതപിക്കുന്നുണ്ട്. ''കാണുന്നില്ലൊരക്ഷരവും എന്റെ വംശത്തെപ്പറ്റി/ കാണുന്നുണ്ടനേക വംശത്തിന്‍ ചരിത്രങ്ങള്‍'' എന്ന് പൊയ്കയില്‍ യോഹന്നാന്‍ കുറിച്ചതുപോലെ നമ്മുടെ സാമൂഹിക നവോത്ഥാന ശ്രമങ്ങളിലും മറ്റും ദളിതരുടെ പങ്ക് എഴുതപ്പെട്ട ചരിത്രത്തില്‍ വിസ്മരിക്കപ്പെടുന്നില്ലേ? 

ചരിത്രപ്രസിദ്ധമായ വൈക്കം സത്യാഗ്രഹത്തില്‍ ആദ്യമായി പങ്കെടുക്കുന്നത് ഗോവിന്ദ പണിക്കരെന്ന നായരും ബാഹുലേയന്‍ എന്ന ഈഴവനും കുഞ്ഞപ്പിയെന്ന ദളിതനുമാണ്. ഇവരില്‍ കുഞ്ഞപ്പിയെന്ന നവോത്ഥാന നായകന്റെ ജീവിതവും അനുഭവങ്ങളും വീണ്ടെടുക്കാന്‍ കഴിയാത്തത് ദളിത് ഗവേഷണത്തിന്റെ പരിമിതിയായാണ് തിരിച്ചറിയേണ്ടത്.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com