'നിങ്ങള്‍ കള്ളനെ പിടിക്കാന്‍ നോക്കൂ; അവരുടെ സദാചാരം നിങ്ങള്‍ നോക്കേണ്ട'

പത്തനംതിട്ട ജയിലില്‍ വെച്ചുണ്ടായി എന്ന് കരുതപ്പെടുന്ന ഒരു രചന ധാരാളം ആളുകളെ ആവേശം കൊള്ളിച്ചു; ത്രസിപ്പിച്ചു എന്നു വേണമെങ്കിലും പറയാം
'നിങ്ങള്‍ കള്ളനെ പിടിക്കാന്‍ നോക്കൂ; അവരുടെ സദാചാരം നിങ്ങള്‍ നോക്കേണ്ട'

സോളാര്‍ വാര്‍ത്തകള്‍ക്കു ഹരം പകര്‍ന്നത് ജയിലില്‍നിന്നുള്ള ഒരു കത്താണ്. ജയിലില്‍ വെച്ചുള്ള സൃഷ്ടികള്‍ പലതും എന്നും മനുഷ്യനെ ആവേശം കൊള്ളിക്കുന്നവയായിരുന്നു. മഹത്തായ സാഹിത്യസൃഷ്ടികള്‍ മുതല്‍ ഉജ്ജ്വലമായ ചിന്തകള്‍ വരെ ജയിലിനുള്ളില്‍ ജന്മംകൊണ്ടിട്ടുണ്ട്.  ഓസ്‌കാര്‍വൈല്‍ഡിന്റെ മനോഹരമായ കവിത മുതല്‍ നമുക്കെല്ലാം നിത്യപ്രചോദനമായ ബാലഗംഗാധരതിലകന്‍, ഭഗത്സിംഗ്, ജവഹര്‍ലാല്‍ നെഹ്‌റു തുടങ്ങിയ മഹാന്മാരുടെ ചിന്തകള്‍ വരെ മഷിപുരണ്ടത് ജയിലറകളിലാണല്ലോ.

നേര്‍വിപരീതമായ സൃഷ്ടികളും സംഭവിക്കുന്നുണ്ട്. സോളാര്‍ വിവാദങ്ങളില്‍ തട്ടിപ്പുകേസ് വാര്‍ത്തകള്‍ വിരസമായി തുടങ്ങിയപ്പോള്‍ പത്തനംതിട്ട ജയിലില്‍ വെച്ചുണ്ടായി എന്ന് കരുതപ്പെടുന്ന ഒരു രചന ധാരാളം ആളുകളെ ആവേശം കൊള്ളിച്ചു; ത്രസിപ്പിച്ചു എന്നു വേണമെങ്കിലും പറയാം. രാഷ്ട്രീയനേതാക്കള്‍ മുതല്‍ വിരമിച്ച ജഡ്ജിമാര്‍ വരെ ജയിലില്‍ നിന്നുള്ള കുറിപ്പുകള്‍ക്കു പിറകെ പോയി.  ആവേശപൂര്‍വ്വം, കത്തിന്റെ വഴി സഞ്ചരിച്ച് അത് ഇംഗ്ലീഷിലും മലയാളത്തിലും ആവര്‍ത്തിച്ച് എഴുതി വ്യാഖ്യാനിച്ച് എണ്ണൂറോളം പേജ് നിറച്ച സോളാര്‍ കമ്മിഷനോട് അതേപ്പറ്റി മിണ്ടരുതായിരുന്നു എന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടു കളഞ്ഞു. ഞാനേതായാലും മിണ്ടുന്നില്ല. 

കേസന്വേഷണകാലത്ത്, കത്തില്‍ ആവേശം കൊണ്ടവര്‍ പൊലീസിന്റെ ഉന്നതങ്ങളിലും ഉണ്ടായിരുന്നു. പൊലീസ് ഉദ്യോ ഗസ്ഥരില്‍, ഒരു 'സദാചാര പൊലീസ്' പണ്ടെ ഞാന്‍ കണ്ടിട്ടുണ്ട്. എസ്.പി ആയിരിക്കുമ്പോള്‍ ചില ഭവനഭേദന കേസുകള്‍ അവലോകനം ചെയ്യുന്ന അവസരത്തില്‍ ചില ഉദ്യോഗസ്ഥര്‍ പറഞ്ഞുകേട്ടിട്ടുണ്ട്; ''സാര്‍, അവിടുത്തെ ആ സ്ത്രീ അത്ര ശരിയല്ല.'' പുരുഷന്മാരെപ്പറ്റി അങ്ങനെ കേട്ടിട്ടില്ല; അവര്‍ സല്‍ഗുണ സമ്പന്നര്‍. ആ ഘട്ടത്തില്‍ എനിക്കു പറയേണ്ടിവന്നിട്ടുണ്ട്. ''നിങ്ങള്‍ കള്ളനെ പിടിക്കാന്‍ നോക്കൂ; അവരുടെ സദാചാരം നിങ്ങള്‍ നോക്കേണ്ട.'' കേസന്വേഷിക്കുന്ന പൊലീസ് ഉദ്യോസ്ഥനു വിപുലമായ അധികാരമുണ്ട്. വ്യക്തികളുടെ സ്വകാര്യതയിലേയ്ക്ക് കടന്നുചെല്ലുവാനുള്ള അവസരമുണ്ട്. അന്വേഷണം സാമ്പത്തിക കുറ്റമായാലും അഴിമതിക്കേസായാലും മറ്റെന്തായാലും ആ അവസരം ദുരുപയോഗം ചെയ്ത് സാക്ഷികളില്‍നിന്നോ പ്രതികളില്‍നിന്നോ കേസുമായി യാതൊരു ബന്ധവുമില്ലാത്ത, വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന കാര്യങ്ങള്‍ പറയിപ്പിച്ച് അത് ടേപ്പ് ചെയ്ത് വിലപ്പെട്ട നിധിപോലെ, സൂക്ഷിച്ചുകൊണ്ടുനടക്കുന്ന പ്രവണത ചില പൊലീസ് ഉദ്യോഗസ്ഥരില്‍ പണ്ടെ കണ്ടിട്ടുണ്ട്. മാനസിക വൈകൃതമോ ബ്ലാക്ക്‌മെയിലിംഗ് തന്ത്രമോ ആണത്. വര്‍ഷങ്ങള്‍ക്കു മുന്‍പ്, സോളാറിനും മുന്‍പ്, ക്രിമിനല്‍ കേസും സദാചാരവും കൂടിക്കുഴഞ്ഞ ഒരു കേസുണ്ടായപ്പോള്‍, ക്രിമിനല്‍ നിയമം ഉപേയോഗിച്ച് കൈകാര്യം ചെയ്യേണ്ട വിഷയങ്ങളും കുമ്പസാരക്കൂട്ടില്‍ പരിഹരിക്കേണ്ട വിഷയങ്ങളും വേര്‍തിരിച്ചു കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ വലിയ കുഴപ്പമാണ് എന്ന് ബഹുമാന്യനായ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കളിയായി പറഞ്ഞതോര്‍ക്കുന്നു. കളിയില്‍ കാര്യമുണ്ട്. 

പ്രതിപക്ഷത്തിന്റെ സോളാർ സമരം നേരിടാൻ തിരുവനന്തപുരത്ത് എത്തിയ കേന്ദ്ര സേന (ഫയൽ ചിത്രം)
പ്രതിപക്ഷത്തിന്റെ സോളാർ സമരം നേരിടാൻ തിരുവനന്തപുരത്ത് എത്തിയ കേന്ദ്ര സേന (ഫയൽ ചിത്രം)

സെക്രട്ടേറിയറ്റ് തടയല്‍ എന്ന ചരിത്രസമരം

ടീം സോളാര്‍ കമ്പനി രൂപീകരിച്ച് നടത്തിയിട്ടുള്ള സാമ്പത്തിക കുറ്റം അന്വേഷിക്കാനുള്ള ചുമതലയാണ് പ്രത്യേക അന്വേഷണസംഘത്തിനുണ്ടായിരുന്നത്. ഏതായാലും 'സദാചാര പൊലീസ്' റോള്‍ ഏറ്റെടുക്കില്ല എന്നതില്‍ ഞങ്ങള്‍ക്കു വ്യക്തതയുണ്ടായിരുന്നു. മറിച്ച് ചിന്തിച്ച ഒരു ഉയര്‍ന്ന, ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്‍ എന്നെ ഓഫീസില്‍ വിളിപ്പിച്ചു. ജയിലില്‍ നിന്നുള്ള കുറിപ്പുകള്‍ അദ്ദേഹത്തെ ബാധിച്ചിരുന്നുവെന്നു വ്യക്തം. സദാചാര വിഷയങ്ങളായിരുന്നുവല്ലോ കുറിപ്പെന്ന നിലയില്‍ വാര്‍ത്തയില്‍ നിറഞ്ഞുനിന്നത്. അതെല്ലാം ഉള്‍പ്പെടുത്തി പ്രതികളെ ഉപയോഗിച്ച് ഒരു വീഡിയോ രചന ആയിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. എന്റെ സുരക്ഷയ്ക്കും അത് നല്ലതാണത്രെ! അത് ഞാന്‍ നിരസിച്ചു. നിയമപരമായ കാരണങ്ങളും വ്യക്തമാക്കി. അച്ചടക്കം സമം അനുസരണ എന്ന സിദ്ധാന്തത്തില്‍ എനിക്ക് വിശ്വാസം കുറവാണ് എന്ന ധാരണയിലാകാം, അദ്ദേഹം എന്നെ കൂടുതല്‍ നിര്‍ബ്ബന്ധിച്ചില്ല. എങ്കിലും, ആ ശ്രമം പൂര്‍ണ്ണമായി അദ്ദേഹം ഉപേക്ഷിച്ചില്ല. ഞാന്‍ വഴങ്ങാതെ വന്നപ്പോള്‍, എന്റെ നിയന്ത്രണത്തിനു പുറത്തുള്ള ഒരു ഉദ്യോഗസ്ഥനിലൂടെ വീണ്ടും ശ്രമം നടത്തിയെങ്കിലും അതും വിജയിച്ചില്ല. 

സോളാര്‍ കേസുകളെക്കുറിച്ച് പൊതുമണ്ഡലത്തിലുയര്‍ന്ന രാഷ്ട്രീയ ചര്‍ച്ചകളിലുടനീളം ഉന്നതര്‍ പ്രതിയാകുമോ എന്നതിലായിരുന്നു ശ്രദ്ധ. ടീം സോളാര്‍ എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന തട്ടിപ്പ് കമ്പനിയില്‍, ഉപജീവനത്തിനായി ചെറിയ ജോലികള്‍ ചെയ്തിരുന്ന കുറെ തുച്ഛശമ്പളക്കാരുണ്ടായിരുന്നു. അവര്‍ 'ഉന്നത'രല്ല. ഉന്നതന്‍ ആയാലും അല്ലെങ്കിലും ഒരാളുടെ പേരില്‍ കുറ്റം ആരോപിക്കുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ അങ്ങേയറ്റം മനസ്സിരുത്തി എടുക്കേണ്ട തീരുമാനമാണത്. ദൗര്‍ഭാഗ്യവശാല്‍, സാമ്പത്തിക അഴിമതി ഇല്ലാത്ത ഉദ്യോഗസ്ഥര്‍ പോലും പ്രമാദമായ കേസുകളില്‍ പലപ്പോഴും ഈ ജാഗ്രത പുലര്‍ത്താറില്ല. മതിയായ ആലോചനയില്ലാതെ ഗൂഢാലോചനയെന്ന വല  വീശിയെറിഞ്ഞാല്‍ അതില്‍ നിരപരാധികളും പെട്ടുപോകും. ഉന്നതന്‍ ആയാലും അല്ലെങ്കിലും ഓരോ വ്യക്തിയുടേയും പ്രവൃത്തി വിലയിരുത്തി മാത്രം അയാള്‍ പ്രതിയാണോ അല്ലയോ എന്ന് തീരുമാനിക്കുന്ന സമീപനമാണ് ഞങ്ങള്‍ സ്വീകരിച്ചത്. 
ഒരുവശത്ത് കേസന്വേഷണവുമായി മുന്നോട്ടുപോകുമ്പോള്‍ മറുവശത്ത് ശക്തി പ്രാപിച്ചുകൊണ്ടിരുന്ന സോളാര്‍ സമരങ്ങളും ഞങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടിവന്നു. സോളാര്‍ സമരങ്ങള്‍ പലതും അക്രമോത്സുകമായിരുന്നു. മുഖ്യമന്ത്രി പോകുന്നിടങ്ങളില്‍ പ്രതിഷേധവും കരിങ്കൊടിയും വഴി തടയാനുള്ള ശ്രമവുമായപ്പോള്‍ ക്രമസമാധാന പാലനത്തിന് പൊലീസ് നന്നേ ബുദ്ധിമുട്ടി. സംഘര്‍ഷങ്ങള്‍ കുറേ ഒഴിവാക്കാന്‍ സഹായകമായത് മുഖ്യമന്ത്രിയുടെ നിലപാടായിരുന്നു. പൊലീസില്‍ നിന്നുള്ള വിവരങ്ങള്‍ കണക്കിലെടുത്ത് ചടങ്ങുകളും യാത്രയും ക്രമീകരിക്കുന്നതില്‍ പരമാവധി വിട്ടുവീഴ്ച അദ്ദേഹം കാണിച്ചു. എങ്കിലും പലേടത്തും പൊലീസും സമരക്കാരും തമ്മില്‍ ഉന്തും തള്ളും ലാത്തിച്ചാര്‍ജ്ജും ഒക്കെയുണ്ടായി. അപ്പോഴാണ് സമരം അടുത്ത പടിയിലേയ്ക്ക് കടന്ന് സെക്രട്ടേറിയേറ്റ് വളയല്‍ എന്ന് ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രഖ്യാപിച്ചത്. 

സെക്രട്ടേറിയേറ്റ് പരിസരത്ത് ചെറുതും വലുതുമായ എത്ര സമരങ്ങളില്‍ പൊലീസുകാര്‍ക്കൊപ്പം ഞാന്‍ നിന്നിട്ടുണ്ട്? പല സമരങ്ങളും പൊലീസിനു തലവേദന സൃഷ്ടിച്ചിട്ടുമുണ്ട്. ഉള്ളില്‍ തട്ടിയ സമരം ആദിവാസികളുടേതാണ്. സമരക്കാര്‍ എണ്ണത്തില്‍ കുറവായിരുന്നെങ്കിലും  ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി വല്ലാത്ത സഹനസന്നദ്ധതയോടെ അവര്‍ നിലയുറപ്പിച്ചപ്പോള്‍ പൊലീസും സര്‍ക്കാരും ബുദ്ധിമുട്ടി. സമരത്തിന്റെ വലിപ്പം, പങ്കെടുക്കുന്നവരുടെ എണ്ണമാണെങ്കില്‍ വലിയ സമരങ്ങള്‍ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളുടേതോ ജാതിമത സംഘടനകളുടേതോ ആണെന്നാണ് അനുഭവം. അതില്‍ ഏറ്റവും വലുതായിരുന്നു സെക്രട്ടേറിയേറ്റ് വളഞ്ഞ സോളാര്‍ സമരം. മുഖ്യമന്ത്രി രാജിവെയ്ക്കണം; ജുഡീഷ്യല്‍ അന്വേഷണം വേണം എന്നീ ആവശ്യവുമായി നടന്നുവന്ന സമരങ്ങളുടെ തുടര്‍ച്ചയായിരുന്നു സെക്രട്ടേറിയേറ്റ് വളയല്‍. സെക്രട്ടേറിയേറ്റ് വളയല്‍, അപൂര്‍വ്വമായെങ്കിലും മന്‍പും ഉണ്ടായിട്ടുണ്ട്. പക്ഷേ, അവയെല്ലാം കാലത്തു തുടങ്ങി സന്ധ്യയോടെ അവസാനിക്കുന്നതായിരുന്നു. ഇവിടെ അതായിരുന്നില്ല പ്രഖ്യാപനം. മുഖ്യമന്ത്രി രാജിവെച്ച് ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നതുവരെ വളയല്‍ തുടരും എന്നായിരുന്നു. രാഷ്ട്രീയം സാദ്ധ്യതയുടെ കലയാണല്ലോ. മുഖ്യമന്ത്രിയുടെ രാജി എങ്ങനെ സാദ്ധ്യമാകും? ഭരിക്കുന്ന കക്ഷികള്‍, ഏതായാലും അതിനു വഴങ്ങുമോ? എങ്ങനെയൊക്കെ ചിന്തിച്ചാലും രാജി എന്ന ആവശ്യത്തിന് സര്‍ക്കാര്‍ വഴങ്ങി സമരം അവസാനിപ്പിക്കുവാനുള്ള സാദ്ധ്യത കണ്ടില്ല. അപ്പോള്‍ പിന്നെ കേരളം അന്നുവരെ കണ്ടിട്ടില്ലാത്ത സംഘര്‍ഷ സാഹചര്യം സെക്രട്ടേറിയേറ്റ് പരിസരത്ത് നേരിടേണ്ട ചുമതലയാണ് പൊലീസിനു മുന്നില്‍ സംജാതമായത്. ഇതുപോലുള്ള സന്ദര്‍ഭങ്ങളില്‍ സര്‍ക്കാരും പൊലീസും തമ്മിലുള്ള ഏകോപനം വളരെ പ്രധാനമാണ്. സമാധാനപരമായി, കഴുയുന്നത്ര സംഘര്‍ഷരഹിതമായി മുന്നോട്ടുപോകണം എന്നതില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധകൃഷ്ണനും വ്യക്തതയുണ്ടായിരുന്നു. സമരനേതാക്കള്‍  സംസ്ഥാനമാസകലം സെക്രട്ടേറിയേറ്റ് വളയല്‍ സന്നാഹപ്രവര്‍ത്തനങ്ങളില്‍ മുഴുകിയപ്പോള്‍ തിരുവനന്തപുരത്ത് ഞങ്ങള്‍ ക്രമസമാധാനം ഉറപ്പാക്കാനുള്ള ആസൂത്രണത്തില്‍ ശ്രദ്ധിച്ചു. തുടക്കം മുതല്‍ ഒടുക്കംവരെ ആഭ്യന്തരവകുപ്പു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വപരമായ ഇടപെടലുകളും നിര്‍ദ്ദേശങ്ങളും ഉണ്ടായിരുന്നു. വലിയ പ്രശ്‌നം അഭിമുഖീകരിക്കുമ്പോള്‍ പൊലീസിനുള്ളില്‍ കൂട്ടായ ആലോചന പ്രധാനമാണ്. സമാധാനപാലനത്തിനുള്ള പല തന്ത്രങ്ങളും ജൂനിയര്‍ ഉദ്യോഗസ്ഥരില്‍നിന്നുപോലും ഉണ്ടായി. അതില്‍ നിര്‍ണ്ണായകമായ ഒരു ആശയമായിരുന്നു യൂണിവേഴ്സിറ്റി കോളേജിന് അവധി നല്‍കി, അവിടം താല്‍ക്കാലികമായി പൊലീസ് ക്യാമ്പായി വിനിയോഗിക്കുക എന്നത്. സെക്രട്ടേറിയേറ്റ് കേന്ദ്രീകരിച്ചുള്ള സംഘര്‍ഷഭരിതമായ സമരങ്ങളില്‍ യൂണിവേഴ്സിറ്റി കോളേജ് കേന്ദ്രീകരിച്ചുള്ള അക്രമം നേരിടുക പലപ്പോഴും പൊലീസിനു തലവേദന ആയിരുന്നു. മറ്റൊരു നിര്‍ണ്ണായക തീരുമാനമായിരുന്നു കേന്ദ്രസേനയുടെ സേവനം പ്രയോജനപ്പെടുത്തുക എന്നത്. കേന്ദ്രസേനയെ എങ്ങനെ വിനിയോഗിക്കും എന്നത് വലിയ ചര്‍ച്ചാവിഷയമായിരുന്നു. കേന്ദ്രസേനയെ തന്ത്രപ്രധാന ഇടങ്ങളില്‍ വിന്യസിക്കും എന്നൊക്കെ വാര്‍ത്തയും വിവാദവും ഉണ്ടായിരുന്നു. പലപ്പോഴും ഇത്തരം തെറ്റിദ്ധാരണകളാണ് അനാവശ്യമായി സംഘര്‍ഷം ഉണ്ടാക്കുന്നത്. സമരക്കാരുമായി നേരിട്ട് മുഖാമുഖം വരുന്ന ഇടങ്ങളില്‍ കേരളാ പൊലീസ് തന്നെയായിരിക്കും എന്നതില്‍ ഞങ്ങള്‍ക്ക് വ്യക്തതയുണ്ടായിരുന്നു. ഇക്കാര്യം ഞാന്‍ നേരിട്ട് മാധ്യമങ്ങളോട് പറയുകയും ചെയ്തു. അതുപോലെതന്നെ കേന്ദ്രസേനാംഗങ്ങള്‍ക്ക്, കേരളത്തിലെ സാഹചര്യം ഞാന്‍ വിശദീകരിച്ചുകൊടുത്തു. അവര്‍ മിക്കപ്പോഴും സംഘര്‍ഷം നിറഞ്ഞ കശ്മീരിലും മാവോയിസ്റ്റ് ആക്രമണം നേരിടേണ്ട ഛത്തീസ്ഗഡ്, ജാര്‍ഘണ്ഡ് പോലുള്ള സംസ്ഥാനങ്ങളിലും ഡ്യൂട്ടി ചെയ്യുന്നവരാണ്. സ്വന്തം ജീവനു ഭീഷണിയുള്ള അവിടങ്ങളിലെ അവസ്ഥയല്ല കേരളത്തിലേത് എന്ന് മനസ്സിലാക്കിക്കൊടുത്തു. മാവോയിസ്റ്റ് സ്വാധീനമുള്ള ഛത്തീസ്ഗഡിലും മറ്റും കാണുന്ന ചെങ്കൊടിയും കേരളത്തില്‍ കാണുന്ന ചെങ്കൊടിയും കാണാന്‍ ഒരുപോലെയാണങ്കിലും അവിടുത്തെ സുരക്ഷാഭീഷണി കേരളത്തിലില്ല എന്ന് പ്രത്യേകം ഓര്‍മ്മിപ്പിച്ചു. 

ഉമ്മൻ ചാണ്ടി
ഉമ്മൻ ചാണ്ടി

നഗരം കൈയടക്കി സമരക്കാര്‍

എന്റെ അനുഭവത്തില്‍, സമരത്തില്‍ വലിയ ജനപങ്കാളിത്തം ഉണ്ടാകുമ്പോള്‍, അതിനു നേതൃത്വം നല്‍കുന്നവര്‍ വലിയ പ്രകോപനത്തിനു ബോധപൂര്‍വ്വം മുതിരാറില്ല. പ്രകോപനം സംഘര്‍ഷത്തലേയ്ക്കും പൊലീസ് ബലപ്രയോഗത്തിലേയ്ക്കും നീങ്ങിയാല്‍, ജനക്കൂട്ടം വേഗം ഛിന്നഭിന്നമാകും. അതോടെ സമരത്തിന്റെ ജനകീയതയും ജനപങ്കാളിത്തവും പൊതുസമൂഹത്തില്‍ മതിയാംവണ്ണം ശ്രദ്ധിക്കപ്പെടാതെ പോകും. സമരത്തില്‍ ആളു കുറയുമ്പോഴാണ് സമരതന്ത്രം എന്ന നിലയില്‍ സംഘര്‍ഷം സൃഷ്ടിച്ച് പൊലീസ് നടപടി ക്ഷണിച്ചുവരുത്തുവാന്‍ ശ്രമിക്കുന്നത്.
 
എന്നാല്‍, കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ജനസഞ്ചയം, അനിശ്ചിത കാലത്തേയ്ക്ക് എന്ന നിലയില്‍ തലസ്ഥാന നഗരത്തില്‍ സെക്രട്ടേറിയേറ്റിന്റെ ചുറ്റും തമ്പടിക്കുമ്പോള്‍ പലേടത്തും അപ്രതീക്ഷിത പ്രശ്നങ്ങള്‍ ഉണ്ടാകാം. ഓരോ സ്ഥലത്തും ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ യഥാസമയം ഇടപെട്ട് അവിടെത്തന്നെ പരിഹരിക്കാന്‍ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കു കഴിയണം. അത് സാദ്ധ്യമാകണമെങ്കില്‍ പൊലീസ് സംവിധാനത്തിന്റെ ആസൂത്രണവും വിന്യാസവും പ്രധാനമാണ്. 

ആഗസ്റ്റ് 12-ന് രാവിലെ മുതലാണ് സെക്രട്ടേറിയേറ്റ് വളയല്‍ പദ്ധതിയിട്ടിരുന്നതെങ്കിലും തലേദിവസം മുതല്‍ തന്നെ സമരക്കാര്‍ എത്തിത്തുടങ്ങി. സെക്രട്ടേറിയേറ്റും പരിസരവും അഞ്ചു മേഖലകളായി തിരിച്ച് പരിചയസമ്പന്നരായ അഞ്ച് എസ്.പിമാര്‍ക്ക് ചുമതല നല്‍കി. സെക്രട്ടേറിയേറ്റ് സമരങ്ങളില്‍ കന്റോണ്‍മെന്റ് ഗേറ്റ് തുറന്നിടാന്‍ സമരക്കാര്‍ സഹകരിക്കാറുണ്ട്. പക്ഷേ, ഇപ്പോള്‍ കന്റോണ്‍മെന്റ് ഗേറ്റും ഉപരോധിക്കും എന്നായിരുന്നു അവസാന നിമിഷം വരെയും പ്രതിപക്ഷത്തിന്റെ പ്രഖ്യാപിത നിലപാട്. അങ്ങനെ സംഭവിച്ചാല്‍ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ സെക്രട്ടേറിയേറ്റിനു പുറത്താകും. ആ സാഹചര്യം പൊലീസ് സംവിധാനത്തിന്റെ സമ്പൂര്‍ണ്ണ പരാജയമായി വ്യാഖ്യാനിക്കപ്പെടും. 

അത് കണക്കിലെടുത്ത് കന്റോണ്‍മെന്റ് ഗേറ്റ് മുതല്‍ ക്ലിഫ്ഹൗസ് വരെയുള്ള റോഡ് പ്രത്യേക സുരക്ഷാപാത എന്ന നിലയില്‍ പൊലീസ് നിയന്ത്രണത്തിനുള്ളിലാക്കി. പതിനഞ്ചില്‍പ്പരം സ്ഥലങ്ങളില്‍ ബാരിക്കേഡ് സ്ഥാപിച്ച് പൊലീസിനെ നിയോഗിച്ച് ആ റോഡ് ഉപരോധിക്കുന്നതിനെ തടയാന്‍ സംവിധാനം ഒരുക്കി. സെക്രട്ടേറിയേറ്റ് വളയലിന്റെ തലേദിവസം ഞായറാഴ്ച തന്നെ ആ സുരക്ഷാപാതയുടെ നിയന്ത്രണം പൂര്‍ണ്ണമായും പൊലീസിന്റെ വരുതിയിലാക്കി. 

നഗരം സമരക്കാരെക്കൊണ്ട് നിറഞ്ഞപ്പോള്‍ തലേന്നു രാത്രി തന്നെ പലേടത്തുനിന്നും ചെറുതും വലുതുമായ തര്‍ക്കങ്ങളും പ്രശ്‌നങ്ങളും ഉണ്ടായി. അനുനയ രൂപത്തില്‍, തക്കസമയത്ത് പൊലീസ് ഇടപെട്ടാണ് പല പ്രശ്‌നങ്ങളും ലഘൂകരിക്കുകയോ പരിഹരിക്കുകയോ ചെയ്തത്. ആഭ്യന്തരവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കാര്യങ്ങള്‍ അപ്പപ്പോള്‍ മനസ്സിലാക്കുന്നുണ്ടായിരുന്നു. അര്‍ദ്ധരാത്രിയോടെ അദ്ദേഹം എന്നെ ഫോണ്‍ വിളിച്ചു. പ്രശ്‌നം അല്പം രൂക്ഷമായി നിലനിന്നിരുന്ന സെക്രട്ടേറിയേറ്റിനും തമ്പാനൂരിനും ഇടയിലുള്ള ഭാഗത്ത് നേരിട്ട് സന്ദര്‍ശിച്ചാലോ എന്നായിരുന്നു അദ്ദേഹത്തിന്റെ ആലോചന. അദ്ദേഹം അതീവ ഉല്‍ക്കണ്ഠയിലായിരുന്നു. അവിടെ സ്ഥിതി നിയന്ത്രിക്കാന്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ഞാന്‍ വിശദീകരിച്ചുകൊടുത്തു. മന്ത്രി നേരിട്ടു പോയാല്‍ തീരുന്ന പ്രശ്നമല്ലെന്നും അങ്ങനെ പോകുന്നത് അഭികാമ്യമല്ലെന്നും പറഞ്ഞപ്പോള്‍ അദ്ദേഹമത് ഉള്‍ക്കൊണ്ടു. പ്രശ്‌നങ്ങളില്ലാതെ ഒരു വിധത്തില്‍ ആ രാത്രി കടന്നുകിട്ടി. അടുത്ത ദിവസം പുലരും മുന്‍പേ ഞാന്‍ പൊലീസ് കണ്‍ട്രോള്‍ റൂമിലെത്തി. സെക്രട്ടേറിയേറ്റ് പരിസരം സമരക്കാരെക്കൊണ്ട് നിറഞ്ഞു. എങ്കിലും കന്റോണ്‍മെന്റ് ഗേറ്റ് വഴിയുള്ള സുരക്ഷിത പാത മാത്രം സമരക്കാരുടെ പിടിയില്‍ അകപ്പെട്ടില്ല. ആ വഴിയിലൂടെ മുഖ്യമന്ത്രിയും മന്ത്രിമാരും 7 മണിക്കു മുന്‍പേ സെക്രട്ടേറിയേറ്റിലെത്തി. സെക്രട്ടേറിയേറ്റിലെ പകുതിയിലേറെ ജീവനക്കാരും ക്രമേണ കന്റോണ്‍മെന്റ് ഗേറ്റ് വഴി ഉള്ളില്‍ കയറി. രാവിലെ 9 മണിക്ക് പ്രത്യേക മന്ത്രിസഭാ യോഗവും നടന്നു. അതിനുശേഷം മുഖ്യമന്ത്രി രാജ്ഭവനിലെത്തി ഗവര്‍ണറെ സന്ദര്‍ശിക്കുകയും ചെയ്തു. 

എങ്കിലും കാര്യങ്ങള്‍ സുഗമമായിരുന്നില്ല. കന്റോണ്‍മെന്റ് ഗേറ്റിലേയ്ക്കുള്ള വഴിയില്‍ ബേക്കറി ജംഗ്ഷനടുത്ത് രാവിലെ മുതല്‍ സമരക്കാര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടായിരുന്നു. സമരരംഗത്ത് സജീവമായിരുന്ന ജില്ലാ സംസ്ഥാനതല നേതാക്കള്‍ സമാധാനത്തിനുവേണ്ടി തന്നെയാണ് നിലകൊണ്ടത്. നിരന്തരം പ്രശ്‌നങ്ങളുണ്ടായ ബേക്കറി പരിസരത്ത് പലപ്പോഴും ഉന്നത നേതാക്കള്‍ നേരിട്ടെത്തി സമരക്കാരെ നിയന്ത്രിക്കാന്‍ ശ്രമിച്ചു. എന്നിട്ടും സംഘര്‍ഷം പൂര്‍ണ്ണമായും ശമിച്ചില്ല. ഇടയ്ക്കിടെ അതുവഴി പൊയ്‌ക്കൊണ്ടിരുന്ന വാഹനങ്ങള്‍ തടയാനും പൊലീസിനെ ആക്രമിക്കാനും സമരക്കാര്‍ മുതിര്‍ന്നു. വലിയ സമരാവേശത്തിനിടയിലും സെക്രട്ടേറിയേറ്റിന് ഉള്ളിലേയ്ക്കും പുറത്തേയ്ക്കും മന്ത്രിമാരും ജീവനക്കാരും കണ്‍മുന്നിലൂടെ പൊയ്‌ക്കൊണ്ടിരിക്കുമ്പോള്‍ പിന്നെ എന്ത് ഉപരോധം എന്ന് അവര്‍ കരുതിയിരിക്കണം. അവിടെ വലിയ അസ്വസ്ഥത നിലനിന്നു. രാവിലെ മന്ത്രിമാരും ജീവനക്കാരും സെക്രട്ടറിയേറ്റില്‍ എത്തിയശേഷം, അതുവഴിയുള്ള നീക്കം കഴിയുന്നത്ര പരിമിതപ്പെടുത്തി പ്രകോപനം ഒഴിവാക്കാനാണ് പൊലീസ് ശ്രമിച്ചത്. അക്കാര്യത്തില്‍ പൊതുവേ മന്ത്രിമാരെല്ലാം നന്നായി സഹകരിച്ചപ്പോള്‍ അപൂര്‍വ്വം ചില ഉദ്യോഗസ്ഥര്‍ അല്പം വാശിപിടിച്ചെങ്കിലും പൊലീസ് വഴങ്ങിയില്ല. സിറ്റി പൊലീസ് കമ്മിഷണര്‍ വിജയന്‍ പ്രശ്‌ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് സമാധാനം നിലനിര്‍ത്താന്‍ കഠിനാദ്ധ്വാനം ചെയ്യുന്നുണ്ടായിരുന്നു. 

പക്ഷേ, ബേക്കറി പരിസരത്തെ അശാന്തി നീറിപ്പുകഞ്ഞുതന്നെ നിന്നു. അതായിരുന്നു ഏറ്റവും വലിയ ഉല്‍ക്കണ്ഠ. വൈകുന്നേരമായപ്പോള്‍ അവിടെ കാര്യങ്ങള്‍ കൈവിട്ടുപോകുന്നതിന്റെ വക്കത്തെത്തി. സെക്രട്ടേറിയേറ്റ് ഗേറ്റില്‍ രാവിലെ ജോലിക്കെത്തിയവര്‍ തിരികെ പോകാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. സമരക്കാര്‍ പൊലീസിനു നേരെ തിരിഞ്ഞ്, ശാരീരികമായി നേരിടുന്ന അവസ്ഥയുണ്ടായി. കയ്യില്‍ കിട്ടിയതെല്ലാം എടുത്ത് എറിയാന്‍ തുടങ്ങി. പൊലീസ് വാഹനങ്ങളുടെ കാറ്റഴിച്ചുവിടാനും ശ്രമമുണ്ടായി. പൊലീസ് ബലപ്രയോഗം അവിടെ അനിവാര്യമാണെന്നു തോന്നി. സ്ഥലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ കണ്‍ട്രോള്‍ റൂമിലുണ്ടായിരുന്ന എന്നെ നിരന്തരം ബന്ധപ്പെട്ടു. മെയിന്‍ഗേറ്റ് ഉള്‍പ്പെടെ മറ്റിടങ്ങളിലെല്ലാം പൊതുവേ വലിയ പ്രശ്‌നങ്ങളില്ലായിരുന്നു. ഒരിടത്ത് ലാത്തിച്ചാര്‍ജ്ജ് തുടങ്ങിയാല്‍ അത് വേഗം മറ്റിടങ്ങളിലേയ്ക്കും വ്യാപിക്കാം. ക്രമാതീതമായ ജനക്കൂട്ടത്തിന്റെ പരക്കംപാച്ചിലില്‍ തിക്കും തിരക്കും മൂലം അപകടവും ജീവഹാനിയും സംഭവിക്കാം. ഇതെല്ലാം കണക്കിലെടുത്ത് കഴിയുന്നത്ര ബലപ്രയോഗം ഒഴിവാക്കി പരമാവധി സംയമനം എന്ന രീതിയിലാണ് പൊലീസ് മുന്നോട്ടുപോയത്. പക്ഷേ, പ്രകോപനം പരിധികടന്നിട്ടും പൊലീസ് നിഷ്‌ക്രിയമായി നിന്നാല്‍ പൊലീസ് പിന്തിരിഞ്ഞോടേണ്ട അവസ്ഥ വരും. അത് മറ്റൊരു രീതിയില്‍ കാര്യങ്ങള്‍ കൈവിടാന്‍ ഇടവരുത്തും. നിവൃത്തിയില്ലാത്ത ഘട്ടത്തില്‍ അവിടെയുണ്ടായിരുന്ന ജലപീരങ്കി പ്രയോഗിക്കാന്‍ ഞാന്‍ അനുമതി നല്‍കി. തീരുമാനം അന്തിമമായി എടുക്കേണ്ടത് സ്ഥലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ്. അദ്ദേഹം ജലപീരങ്കി പ്രയോഗിക്കാന്‍ അതിന്റെ ചുമതലക്കാരനോട് നിര്‍ദ്ദേശിച്ചു. അയാളത് പ്രവര്‍ത്തിപ്പിക്കുകയും ചെയ്തു. പക്ഷേ, വെള്ളം ചീറ്റിയില്ല. എന്തോ യന്ത്രത്തകരാറായിരുന്നിരിക്കണം. എന്നിട്ടും എങ്ങനെയെന്നറിയില്ല,  സംഘര്‍ഷത്തില്‍ അയവ് വന്നുതുടങ്ങി. ഒരുപക്ഷേ, പൊലീസ് കാര്യമായി എന്തോ ചെയ്യാന്‍ പോകുന്നുവെന്ന പ്രതീതി ഉണ്ടായിരിക്കാം. ജലപീരങ്കിക്കു യന്ത്രത്തകരാര്‍ വന്നില്ലായിരുന്നുവെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു? ഭാഗ്യം തുണച്ചു എന്നേ പറയാനാകൂ. പല വലിയ പ്രശ്‌നങ്ങളും ഉണ്ടാകുന്നതിലും ഇല്ലാതാകുന്നതിലും ഇത്തരം ചില അണിയറ സംഭവങ്ങള്‍കൂടിയുണ്ട്. 1968-ല്‍ തലശ്ശേരി പൊലീസ് സ്റ്റേഷന്‍ ആക്രമിക്കാന്‍ ചെന്ന നക്സലൈറ്റ് സായുധസംഘം പിന്തിരിഞ്ഞത് ഇരുട്ടില്‍ അവര്‍ കേട്ട കന്നുകാലികളുടെ കുളമ്പടി പൊലീസിന്റെ ബൂട്ടിന്റെ ശബ്ദം എന്ന് തെറ്റിദ്ധരിച്ചാണ് എന്നത് ഇന്ന് പലര്‍ക്കും അറിവുള്ളതാണ്. കൃത്യസമയത്ത് പരാജയപ്പെട്ട ജലപീരങ്കി ആയിരുന്നു ഒന്നാം ദിവസം സെക്രട്ടേറിയേറ്റ് വളയല്‍ സമരത്തിലെ യഥാര്‍ത്ഥ താരം. 

തിരുവഞ്ചൂർ
തിരുവഞ്ചൂർ

അന്നത്തെ സംഘര്‍ഷത്തിന്റെ പാരമ്യം അതായിരുന്നു. പക്ഷേ, സമരം തുടരുന്ന സാഹചര്യത്തില്‍ പ്രശ്‌നം വഷളകാനായിരുന്നു സാദ്ധ്യത. അക്ഷമരാകുന്ന സമരക്കാരും നിയന്ത്രണം വിടാനിടയുള്ള പൊലീസും തമ്മില്‍ മുഖാമുഖം നീളുന്തോറും എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിയിലേയ്ക്ക് പോകാം എന്ന വിചാരത്തോടെയാണ് രാത്രിയില്‍, കണ്‍ട്രോള്‍ റൂമില്‍ നിന്നിറങ്ങിയത്. ആദ്യം പൊലീസ് ആസ്ഥാനത്തു പോയി, ഡി.ജി.പി ബാലസുബ്രഹ്മണ്യത്തിനെ കണ്ട് എന്റെ ആശങ്ക അദ്ദേഹത്തെ അറിയിച്ചു. സമരനേതാക്കളെ പൊലീസിന്റെ ഈ വിലയിരുത്തല്‍ നേരിട്ട് അറിയിക്കണം എന്ന് ഞാനദ്ദേഹത്തോട് പറഞ്ഞു. അതിനുശേഷം നേരെ ക്ലിഫ് ഹൗസില്‍ പോയി, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ടു. നീണ്ടുപോകുന്ന ഓരോ നിമിഷവും അത്യന്തം അപകടകരമാണ് എന്ന് അദ്ദേഹത്തോട് പറഞ്ഞു. ''നമുക്ക് പരമാവധി ഒരു ദിവസം കൂടി പിടിച്ചുനില്‍ക്കണം,'' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പുറത്തിറങ്ങുമ്പോള്‍ വല്ലാത്ത നിസ്സഹായത തോന്നി. വീട്ടിലേയ്ക്ക് മടങ്ങുമ്പോള്‍ മനസ്സ് അസ്വസ്ഥമായിരുന്നു. ഔദ്യോഗിക ജീവിതത്തില്‍ വലിയ വെല്ലുവിളികള്‍ നേരിട്ട ആ ദിനങ്ങള്‍ വ്യക്തിപരമായും ഉല്‍ക്കണ്ഠാഭരിതം ആയിരുന്നു. അന്ന് അതിരാവില കണ്‍ട്രോള്‍ റൂമിലേയ്ക്ക് ഇറങ്ങുമ്പോള്‍ ഒന്ന് കറങ്ങി സാഹചര്യം വലിയിരുത്തി, തിരികെ എത്താമെന്ന് ഭാര്യയോട് പറഞ്ഞിരുന്നു. അവരുടെ ചെവിക്കു താഴെ ഉള്ളില്‍ സംശയകരമായ ഒരു തടിപ്പ് കണ്ടു. ഡോക്ടര്‍ വേഗം Needle Biopsy (കോശങ്ങള്‍ എടുത്തുള്ള പരിശോധന) നിര്‍ദ്ദേശിച്ചു. അക്കാര്യത്തിന് അന്ന് ആശുപത്രിയില്‍ ഞാനും കൂടെ വരാമെന്ന് പറഞ്ഞിരുന്നെങ്കിലും അതെനിക്കു കഴിഞ്ഞില്ല.

'Tomorrow is another day' എന്നത് അന്വര്‍ത്ഥമാക്കുന്ന സംഭവങ്ങളായിരുന്നു തൊട്ടടുത്ത പ്രഭാതം മുതല്‍. രാവിലെ യു.ഡി.എഫ് യോഗത്തിനുശേഷം മുഖ്യമന്ത്രി ക്ലിഫ്ഹൗസിലെ വാര്‍ത്താസമ്മേളനത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നു. അതിനു പിറകെ, ഉച്ചയോടെ പ്രതിപക്ഷ ഉപരോധം പിന്‍വലിച്ചുകൊണ്ടുള്ള അപ്രതീക്ഷിത പ്രഖ്യാപനം വന്നു. ഏതാണ്ട് അതേസമയം എന്റെ ഭാര്യയുടെ Needle Biopsy ഫലം വരുന്നു. അവിടെയും അപകടം തല്‍ക്കാലം നീങ്ങി; അഞ്ച് ദിവസം കഴിഞ്ഞ് ഒരു മേജര്‍ സര്‍ജറി വേണ്ടിവന്നെങ്കിലും. 

സോളാര്‍ സമരം പിന്നെയും തുടര്‍ന്നു. രണ്ടു മാസത്തിനു ശേഷം മുഖ്യമന്ത്രിക്കു കണ്ണൂരില്‍വെച്ച് കല്ലേറില്‍ പരിക്കേറ്റ സംഭവമുണ്ടായി. പൊലീസിന്റെ സംസ്ഥാനതല അത്ലറ്റിക് മീറ്റിന്റെ സമാപനത്തില്‍ പങ്കെടുക്കാന്‍ വരുമ്പോഴാണതുണ്ടായത്. ആ സമയം ഞാനും സ്റ്റേഡിയത്തിലുണ്ടായിരുന്നു. കല്ലേറുണ്ടായതും പരിക്കേറ്റതും ഞാനറിഞ്ഞത് അദ്ദേഹം ഡയസില്‍ കയറിയപ്പോഴാണ്. നെറ്റിയില്‍ ചെറിയ പരിക്കുണ്ടായിരുന്നു. പെട്ടെന്ന് ചടങ്ങ് പൂര്‍ത്തിയാക്കിയ ശേഷം തിരക്കില്‍ നിന്നൊഴിഞ്ഞ് അവിടെത്തന്നെ മീറ്റിനു വേണ്ടിയുണ്ടാക്കിയ പന്തലില്‍വെച്ച് ഡോക്ടര്‍ അദ്ദേഹത്തെ പരിശോധിച്ചു. മരുന്ന് പുരട്ടിയ പഞ്ഞി നെഞ്ചില്‍ വെയ്ക്കുമ്പോള്‍ അദ്ദേഹം വേദനകൊണ്ട് പുളയുന്നുണ്ടായിരുന്നു. സമീപത്തുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഹര്‍ത്താലെന്നും മറ്റും പറയുമ്പോള്‍ അവരെ വിളിച്ച് അതൊന്നും വേണ്ടെന്നും താന്‍ തന്നെ ഉടന്‍ പങ്കെടുക്കേണ്ട പൊതുയോഗത്തില്‍വെച്ച് സംഭവത്തെപ്പറ്റി പറയാമെന്നും അവരോട് പറഞ്ഞു. ഇതൊക്കെയായിരുന്നു സോളാറിന്റെ സമരവഴികള്‍. സോളാര്‍ നാടകത്തിന്റെ അന്ത്യരംഗം സോളാര്‍ കമ്മിഷന്റേതായിരുന്നു.

(തുടരും)

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com