അപ്രതീക്ഷിതമായി ചില പുതിയ സംഭവ വികാസങ്ങളുണ്ടായി, ജയിലില്‍ നിന്നുള്ള ഒരു പ്രതിയുടെ കത്ത് ആയിരുന്നു അതിന്റെ കേന്ദ്രബിന്ദു

അപ്രതീക്ഷിതമായ ഒരു കോണില്‍ നിന്നാണ് അതുണ്ടായത്
അപ്രതീക്ഷിതമായി ചില പുതിയ സംഭവ വികാസങ്ങളുണ്ടായി, ജയിലില്‍ നിന്നുള്ള ഒരു പ്രതിയുടെ കത്ത് ആയിരുന്നു അതിന്റെ കേന്ദ്രബിന്ദു

ട്ടിപ്പുകേസുകളില്‍ നടപടി ആവശ്യപ്പെട്ട് പൊലീസിനെ സമീപിക്കുന്നവരുടെ മുഖ്യലക്ഷ്യം തങ്ങളുടെ പണം തിരികെ നേടുക എന്നതാണ്. സോളാര്‍ പരാതിക്കാരും അതാണ് പ്രതീക്ഷിച്ചത്. പണം തിരികെ വാങ്ങി നല്‍കാന്‍ ക്രിമിനല്‍ നിയമം പൊലീസിനേയോ കോടതിയേയോ അധികാരപ്പെടുത്തുന്നില്ല. വ്യാജ പേരുകളുപയോഗിച്ച്, വ്യാജ രേഖകളുണ്ടാക്കി, ആളും തരവും നോക്കി, അസാദ്ധ്യമായ വാഗ്ദാനങ്ങള്‍ നല്‍കി തട്ടിയെടുത്ത പണം ആര്‍ഭാടമായി ചെലവിട്ടതിന്റെ വിശദാംശങ്ങള്‍ കേസന്വേഷണത്തില്‍ പുറത്തുവന്നു. മുപ്പതില്‍പരം കേസുകളിലായി, ഏകദേശം ആറുകോടി രൂപയാണ് പരാതിക്കാര്‍ക്കു നഷ്ടപ്പെട്ടത്. തട്ടിപ്പുകാര്‍ക്ക് പണം വന്ന വഴികളും പണം പോയ വഴികളും കണ്ടെത്താന്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പതിനായിരം കോടി രൂപയുടെ അഴിമതി എന്നൊക്കെ പലരും പ്രസംഗിച്ചു നടന്നുവെങ്കിലും പൊതുഖജനാവില്‍നിന്ന് പത്തുരൂപ പോലും തട്ടിപ്പുകാര്‍ക്ക് കിട്ടിയിരുന്നില്ലെന്നു വ്യക്തമായി. ഇരുപതില്‍പരം ബാങ്ക് അക്കൗണ്ടുകള്‍ കണ്ടെത്തി അതെല്ലാം തുടക്കത്തില്‍ തന്നെ മരവിപ്പിച്ചു. അക്കൗണ്ടുകളെല്ലാം ഏതാണ്ട് കാലിയായിരുന്നു. ചെലവിട്ട പണവും അതു പോയ വഴികളും ഏകദേശം പൂര്‍ണ്ണമായും കണ്ടെത്തിക്കഴിഞ്ഞിരുന്നു. പണം തിരികെ കിട്ടില്ല എന്ന് ഏതാണ്ട് വ്യക്തമായിരുന്നു. 

കേസില്‍ പണം നഷ്ടപ്പെട്ട മനുഷ്യരുടെ താല്പര്യങ്ങള്‍ക്കപ്പുറം സോളാര്‍ കേസുകള്‍ രാഷ്ട്രീയ പോരാട്ട വേദിയായി മാറി. ഹൈക്കോടതിയും സുപ്രീംകോടതിയും ആ പോരാട്ടത്തിന്റെ വേദിയായപ്പോള്‍ ഞങ്ങള്‍ക്ക് നിരന്തരം അവിടെ വിവരങ്ങള്‍ നല്‍കേണ്ടിവന്നു. അന്വേഷണഘട്ടത്തില്‍, ഇത്രയേറെ നിയമപോരാട്ടങ്ങളെ അഭിമുഖീകരിക്കേണ്ടിവന്ന കേസുകള്‍ രാജ്യത്തുതന്നെ അപൂര്‍വ്വമായിരിക്കും. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ കേസുകള്‍ ഫയല്‍ ചെയ്തു. സ്വതന്ത്ര സ്ഥാപനമെന്ന നിലയില്‍ ജുഡീഷ്യറിയില്‍ നിന്നുള്ള വിലയിരുത്തലിന്റെ വെളിച്ചത്തില്‍ വരുന്ന നിര്‍ദ്ദേശങ്ങള്‍ ഗൗരവമായിട്ടെടുക്കണം എന്നായിരുന്നു എന്റെ നിലപാട്, എല്ലാ കാലത്തും. ഒരിക്കല്‍ മാത്രം ഹൈക്കോടതിയില്‍ ഞങ്ങള്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ച സങ്കീര്‍ണ്ണ സാഹചര്യമുണ്ടായി. അതാകട്ടെ, മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് പരാമര്‍ശം ഉണ്ടായ സോളാറിലെ പ്രധാന കേസിലും. 

അപ്രതീക്ഷിതമായ ഒരു കോണില്‍ നിന്നാണ് അതുണ്ടായത്. ഹൈക്കോടതിയിലെ കേസിന്റെ തുടക്കം എ.ഡി.ജി.പി സൗത്ത് സോണ്‍ ഓഫീസില്‍ എനിക്കു ലഭിച്ച ഒരു പരാതിയില്‍ നിന്നായിരുന്നു. സോളാര്‍ കേസന്വേഷണവുമായി ബന്ധപ്പെട്ട് പരാതിയുമായി വന്ന ആ പൊതുപ്രവര്‍ത്തകനെ തൃശൂരില്‍ ജോലി ചെയ്യവേ എനിക്കു നന്നായി പരിചയമുണ്ടായിരുന്നു. വ്യാജമദ്യ മാഫിയ, അനധികൃത മണല്‍വാരല്‍ മൂലമുള്ള പരിസ്ഥിതി പ്രശ്‌നങ്ങള്‍ അങ്ങനെ ചില മേഖലകളില്‍ അക്കാലത്ത് നല്ല ഇടപെടലുകള്‍ അദ്ദേഹം നടത്തിയിരുന്നു. സോളാര്‍ പരാതിയുമായി കണ്ടപ്പോള്‍ അതൊരു പുതിയ മേഖലയണല്ലോ എന്നു തോന്നി. ഒരു ഉയര്‍ന്ന രാഷ്ട്രീയ നേതാവിന്റെ താല്പര്യം കൂടി അതിലുണ്ടെന്നു സംഭാഷണത്തിനിടയില്‍ അദ്ദേഹം സൂചിപ്പിച്ചു. ഹൈക്കോടതിയെ സമീപിക്കുന്ന കാര്യവും അദ്ദേഹം പറഞ്ഞു. അതിന്റെ മുന്നോടിയായിരുന്നു പരാതി. 

സി.സി ടിവി എന്ന സമരായുധം

സെക്രട്ടേറിയേറ്റ് ഗേറ്റ് മുതല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വരെ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി ക്യാമറകളുടെ റെക്കോര്‍ഡ് ചെയ്ത വിവരം ബന്ധപ്പെട്ട കംപ്യൂട്ടറുകളില്‍നിന്നു കണ്ടെത്തണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. അന്ന് അക്കാര്യം വലിയ ചര്‍ച്ചാവിഷയമായിരുന്നു. കംപ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്‌ക്കില്‍നിന്നും നീക്കം ചെയ്ത (delete) വിവരങ്ങള്‍ തിരികെ കണ്ടെത്താന്‍ സാങ്കേതികമായി സാധ്യമാണെങ്കിലും ഒരേ ഡിസ്‌ക്കില്‍ അതിന്റെ കപ്പാസിറ്റിക്കപ്പുറം വീണ്ടും വീണ്ടും പുതിയ വിവരങ്ങള്‍ രേഖപ്പെടുത്തമ്പോള്‍ ആദ്യം രേഖപ്പെടുത്തിയവ നഷ്ടമാകാം. അത് തിരികെ കണ്ടെത്തുക ബുദ്ധിമുട്ടാണ് എന്നായിരുന്നു കംപ്യൂട്ടര്‍ ഫോറെന്‍സിക് വിദഗ്ദ്ധരുടെ അഭിപ്രായം. സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചാല്‍ സോളാര്‍ പ്രതിയും പത്തനംതിട്ടയില്‍ തട്ടിപ്പിനു വിധേയനായ പരാതിക്കാരനും ഒരുമിച്ച് മുഖ്യമന്ത്രിയെ കണ്ടോ എന്നറിയാം എന്നായിരുന്നു വാദം. സോളാര്‍ വാര്‍ത്തകളിലും മുഖ്യ ആകര്‍ഷണം ദൃശ്യങ്ങളായിരുന്നുവല്ലോ. അധികം വൈകാതെ ആ പൊതുപ്രവര്‍ത്തകന്‍ പരാതിയില്‍ ഉന്നയിച്ച ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയില്‍ നല്‍കിയ കേസില്‍ പൊലീസ് ഉദ്യോഗസ്ഥരെ കൂടാതെ പത്തനംതിട്ടക്കാരനായ, സോളാര്‍ക്കേസിലെ പരാതിക്കാരനേയും കക്ഷിചേര്‍ത്തിരുന്നു. 

കേസന്വേഷണത്തില്‍ പരാതിക്കാരന്റെ മൊഴി നിര്‍ണ്ണായകമായിരുന്നതിനാല്‍ അത് മജിസ്ട്രേറ്റിനു മുന്‍പാകെ രേഖപ്പെടുത്തുന്നതായിരിക്കും ഉചിതം എന്ന് ഞങ്ങള്‍ കരുതി. അതിനുള്ള മുന്‍കൈ എടുത്തതും അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നെയായിരുന്നു. രഹസ്യമൊഴി മജിസ്ട്രേറ്റിനു നല്‍കിയ ശേഷം അതിന്റെ പകര്‍പ്പ് പൊലീസിനു ലഭിക്കും മുന്‍പേ പരാതിക്കാരന്‍ പലതും മാധ്യമങ്ങളുമായി പങ്കിട്ടു. അത് അപ്രതീക്ഷിതവും അസാധാരണവും ആയിരുന്നു. ആ നടപടി സോളാര്‍ വിവാദം വീണ്ടും കത്തിക്കയറുന്നതിനിടയാക്കി. കോടതിയില്‍ പരാതിക്കാരന്‍ നല്‍കിയ രഹസ്യമൊഴിയില്‍ പൊലീസിനോട് ആദ്യം പറയാത്ത പലതും പറഞ്ഞിരുന്നു. അതില്‍ നിര്‍ണ്ണായകം മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ചില പരാമര്‍ശങ്ങള്‍ ആയിരുന്നു. പൊലീസിനോടതൊന്നും താന്‍ പറഞ്ഞിട്ടില്ല എന്ന് അദ്ദേഹം തന്നെ കോടതിയില്‍ സമ്മതിച്ചു. പരാതിക്കും കേസിനുമപ്പുറം പല താല്പര്യങ്ങളും പിന്നണിയില്‍ സജീവമായിരുന്നിരിക്കണം. 

ഈ സാഹചര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഒരു ചോദ്യാവലി തയ്യാറാക്കി പ്രസക്തമായ ചില ചോദ്യങ്ങള്‍ക്കു വീണ്ടും ഉത്തരം തേടി. വിഷയം ഹൈക്കോടതിയില്‍ വന്നപ്പോള്‍ പരാതിക്കാരന്‍ അക്കാര്യം പരസ്യമായി നിഷേധിച്ചു. രഹസ്യമൊഴി നല്‍കിയ ശേഷം, അന്വേഷണ ഉദ്യോഗസ്ഥന്‍ താനുമായി സംസാരിച്ചുവെങ്കിലും മൊഴിയൊന്നും രേഖപ്പെടുത്തിയില്ല എന്നായി പരാതിക്കാരന്റെ നിലപാട്. നേരത്തെ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെക്കുറിച്ച് ഏറെ മതിപ്പോടെ സംസാരിച്ച പരാതിക്കാരന്റെ നിലപാട് മാറ്റം ഞങ്ങളെ അത്ഭുതപ്പെടുത്തി. ഈ ഘട്ടത്തില്‍ അന്വേഷണസംഘം മുഖ്യമന്ത്രിയെ വെള്ളപൂശാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. കേസിലെ പരാതിക്കാരന്‍ ഇങ്ങനെ പറയുമ്പോള്‍ വിമര്‍ശിക്കുന്നവരെ എങ്ങനെ കുറ്റപ്പെടുത്താനാകും? ആ സാഹചര്യം ഞങ്ങള്‍ ഗൗരവമായി കണ്ടു. ഹൈക്കോടതി സൂക്ഷ്മമായി പരിഗണിക്കുന്ന ഒരു കേസില്‍ വസ്തുതകള്‍ കോടതിയെ ബോദ്ധ്യപ്പെടുത്തണം. പൊതുസമൂഹത്തില്‍ അനാവശ്യ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ അനുവദിക്കാനും പാടില്ലല്ലോ. എല്ലാം കണക്കിലെടുത്ത്, പൊലീസ് രേഖപ്പെടുത്തിയ മൊഴി നിങ്ങളുടേതല്ലെങ്കില്‍ അക്കാര്യത്തിനു നുണ പരിശോധനയ്ക്കും നാര്‍ക്കോ അനാലിസിസിനും വിധേയനാകാന്‍ തയ്യാറുണ്ടോ എന്ന് പരാതിക്കാരന് നോട്ടീസ് നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് ഞാന്‍ നിര്‍ദ്ദേശം നല്‍കി. സാധാരണയായി കേസിലെ പരാതിക്കാരെ നുണ പരിശോധന നടത്താറില്ല. തൃശൂരില്‍ എസ്.പി ആയിരിക്കേ ഒരു പരാതിക്കാരനെ ഹിപ്നോട്ടിസത്തിനു കൊണ്ടുപോയ അനുഭവം എനിക്കുണ്ട്. ഇവിടെയും സാഹചര്യം അസാധാരണമായിരുന്നു. പരാതിക്കാരന്റെ മൊഴി ഈ കേസില്‍ പ്രധാനമായിരുന്നു. വ്യത്യസ്ത മൊഴികളില്‍നിന്നും സത്യം കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥനു ലഭ്യമായ ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുന്നതില്‍ തെറ്റില്ല എന്നായിരുന്നു എന്റെ യുക്തി. ഇവിടെ ഏറ്റവും അനുകൂലമായി ഞാന്‍ കണ്ടത്, താന്‍ നുണപരിശോധനയ്ക്ക് തയ്യാറെന്നു പരാതിക്കാരന്‍ പരസ്യമായി നേരത്തേ മാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നുവെന്നതാണ്. അക്കാര്യം ഹൈക്കോടതിയില്‍ പൊതുപ്രവര്‍ത്തകന്‍ നല്‍കിയ സ്റ്റേറ്റ്‌മെന്റില്‍ എടുത്തുപറയുകയും ചെയ്തിരുന്നു. ഇങ്ങനെ ചില പരിഗണനകളിലാണ് കേസിലെ പരാതിക്കാരനു നുണ പരിശോധനയ്ക്കു് സമ്മതമാണോ എന്ന് നോട്ടീസ് നല്‍കിയത്.

ഈ നടപടിക്കെതിരെ ചില നിയമവിദഗ്ദ്ധര്‍ ചാനലുകളിലും പൊലീസിലെ വിദഗ്ദ്ധര്‍ സ്വകാര്യമായും വലിയ ആക്ഷേപം ഉന്നയിച്ചു. പല വിദഗ്ദ്ധരും കോടതി വിധിയൊക്കെ ഉദ്ധരിച്ചായിരുന്നു ആക്ഷേപം. പരാതിക്കാരനു നുണ പരിശോധനയ്ക്ക് പൊലീസ് നോട്ടീസ് നല്‍കിയതോടെ ഞാന്‍ മഹാകുഴപ്പത്തിലാകുമെന്നും കോടതിയില്‍നിന്നും വലിയ തിരിച്ചടി എനിക്ക് ഉണ്ടാകും എന്നുമൊക്കെ ആയിരുന്നു വിദഗ്ദ്ധരുടെ ഭവിഷ്യവാണി. അത് എന്തായാലും എന്തു ടെസ്റ്റിനും തയ്യാര്‍ എന്ന് പണ്ട് പറഞ്ഞ പരാതിക്കാരന്‍ നോട്ടീസ് ലഭിച്ചപ്പോള്‍ അതില്‍നിന്നും പിന്മാറി. പക്ഷേ, ഹൈക്കോടതി പരാതിക്കാരനോട് വസ്തുതകള്‍ സംശയത്തിനിടയില്ലാതെ വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടു. കോടതി നിര്‍ദ്ദേശപ്രകാരം ആദ്യം സ്റ്റേറ്റ്മെന്റും പിന്നീട് അഫിഡവിറ്റും പരാതിക്കാരന്‍ ഫയല്‍ ചെയ്തു. ഞങ്ങള്‍ കേസ് ഡയറിയും പരിശോധനയ്ക്ക് സമര്‍പ്പിച്ചു. എല്ലാ വസ്തുതകളും സമഗ്രമായും സൂക്ഷ്മമായും പരിശോധിച്ച കോടതി വിശദമായ അന്തിമ ഉത്തരവിലൂടെ അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളും തള്ളി. ഒരുപടികൂടി കടന്ന് കേസന്വേഷണം ന്യായമായും ശരിയായുമാണ് മുന്നോട്ടുപോകുന്നതെന്ന് കോടതി ഉത്തരവില്‍ എടുത്തുപറയുകയും ചെയ്തു. ഈ കേസ് ഹൈക്കോടതി പരിഗണിക്കുന്ന വേളയില്‍ വാദപ്രതിവാദങ്ങളും കക്ഷികളുടെ മാധ്യമ പ്രസ്താവനകളും എല്ലാം കൂടി ഞങ്ങള്‍ക്കു വലിയ തലവേദന സൃഷ്ടിച്ചെങ്കിലും കോടതിയുടെ അന്തിമ ഉത്തരവ് ചാരിതാര്‍ത്ഥ്യം നല്‍കുന്നതായിരുന്നു. സോളാര്‍ കേസുകള്‍ മുന്‍നിര്‍ത്തിയുള്ള നിയമയുദ്ധത്തില്‍ അതൊരു നിര്‍ണ്ണായക വിജയം ആയിരുന്നു. സാന്ദര്‍ഭികമായി പറയട്ടെ, രാജ്യത്ത് തന്നെ പരാതിക്കാരനു നുണപരിശോധനയ്ക്ക് നോട്ടീസ് നല്‍കേണ്ടിവന്ന ആദ്യ കേസാകം സോളാര്‍. പില്‍ക്കാലത്ത് സി.ബി.ഐ തന്നെ പല കേസുകളിലും ഈ വഴി തേടിയിട്ടുണ്ട്. 

കേസന്വേഷണത്തെ ചോദ്യം ചെയ്ത് പിന്നെയും ഹൈക്കോടതിയില്‍ പെറ്റീഷനുകള്‍ വന്നു. പല കേസുകളിലും കോടതി, കേസ് ഡയറികള്‍ പരിശോധിക്കുന്നുണ്ടായിരുന്നു. ഒരിക്കല്‍പോലും അന്വേഷണത്തിനെതിരായി ഒരുത്തരവും കോടതികളില്‍നിന്നുമുണ്ടായില്ല. അഡ്വക്കേറ്റ് ജനറലായിരുന്ന കെ.പി. ദണ്ഡപാണിയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രൊസിക്യൂഷന്‍ ആസഫലിയും കേസുകള്‍ പഠിച്ച് ഹൈക്കോടതിയില്‍ വസ്തുതകള്‍ കൃത്യമായി അവതരിപ്പിക്കുന്നതില്‍ ഏറെ സഹായിച്ചു.  സോളാറിന്റെ സമ്മര്‍ദ്ദങ്ങളില്‍നിന്ന് ഏതാനും ദിവസത്തേയ്ക്ക് മോചനം കിട്ടിയത് അവധിക്കാല യാത്രാനുകൂല്യം എടുത്ത് രാജസ്ഥാന്‍ സന്ദര്‍ശിച്ചപ്പോഴാണ്. യാത്രാമദ്ധ്യേ ഡല്‍ഹിയിലെ സരോജിനി മാര്‍ക്കറ്റില്‍വെച്ച് ചില മലയാളികള്‍, കൗതുകത്തോടെ എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. സോളാര്‍ വാര്‍ത്തകളിലൂടെ ചാനലുകളില്‍ ഞാനും കൂടുതലായി അക്കാലത്ത് പ്രത്യക്ഷപ്പെട്ടുവല്ലോ. 'ഇതാണ് സോളാര്‍ ഇഫക്ട്', ഞാന്‍ ഒപ്പമുണ്ടായിരുന്ന ഭാര്യയോട് പറഞ്ഞു. മടങ്ങിയെത്തിയ ഉടന്‍ പൊലീസ് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ എന്ന നിലയില്‍ ഞാന്‍ ശബരിമലയില്‍ പോയിരുന്നു. അവിടെ വച്ച് ഒരു പത്രപ്രവര്‍ത്തന്‍, ''സാറെ, ആ പത്തനംതിട്ട ടെക്സ്‌റ്റൈയില്‍സിലെ കേസ് എന്തായി? അറസ്റ്റ് ഉടന്‍ നടക്കുമോ?'' എന്ന് ചോദിച്ചു. ഏത് കേസ്, ഏത് ടെക്സ്‌റ്റൈയില്‍സ് എന്നൊന്നും എനിക്കറിയില്ലായിരുന്നു. അങ്ങനെ ഒരു കേസിനെപ്പറ്റി ഔദ്യോഗികതലത്തില്‍ ആരും ഒന്നും പറഞ്ഞിരുന്നില്ല. പത്രങ്ങളിലും ചാനലുകളിലും ഒന്നും കണ്ടതുമില്ല. സോളാറിന്റെ ബഹളത്തില്‍ ഞാന്‍ ശ്രദ്ധിക്കാതെ പോയതാണോ എന്നു സംശയിച്ചു. ഞാന്‍ ഇരുട്ടിലാണെന്നു കണ്ടപ്പോള്‍ ചോദ്യം ചോദിച്ച പത്രപ്രവര്‍ത്തകന്‍ പിന്മാറി. എങ്കിലും, ആകെപ്പാടെ ഒരസാധാരണത്വം എനിക്കു തോന്നി.

കാടുകാണാതെ മരം കാണുന്നവര്‍

കാര്യങ്ങള്‍ വ്യക്തമാകാന്‍ ഒരു കുറ്റകൃത്യം സങ്കല്പിക്കുക. കേരളത്തില്‍ ഒരു ജില്ലാ ആസ്ഥാനത്ത് പ്രസിദ്ധമായൊരു വ്യാപാരസ്ഥാപനത്തില്‍ അവിടുത്തെ ഒരു ജീവനക്കാരനെ സ്ഥാപനമുതലാളി ഉള്‍പ്പെടെയുള്ളവര്‍ തല്ലിക്കൊല്ലുന്നു. ആ കൊലപാതകത്തില്‍ മുതലാളിക്കു പകരം കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ മുതലാളിയുടെ ഡ്രൈവര്‍ മുന്നോട്ടുവരുന്നു. കേസന്വേഷിക്കുന്ന പൊലീസ് അതിനു കൂട്ടുനില്‍ക്കുന്നു. മുതലാളിമാര്‍ മനുഷ്യത്വമില്ലാത്ത ചൂഷകരാണെന്നും അഴിമതിക്കാരായ പൊലീസ് അവര്‍ക്കു കൂട്ടുനില്‍ക്കുമെന്നും എല്ലാം ഏത് മലയാളിയും പണ്ടേ ധാരാളം കേട്ടിട്ടുള്ളതാണ്. പക്ഷേ, മുതലാളിയെ കൊലപാതക കുറ്റത്തില്‍നിന്ന് രക്ഷിക്കാന്‍ തൊഴിലാളിയെ പ്രതിയാക്കുന്ന ഏര്‍പ്പാടിനു നമ്മുടെ ഭരണപ്രതിപക്ഷ രാഷ്ട്രീയപ്പാര്‍ട്ടികള്‍ കൂട്ടുനില്‍ക്കുമോ? സമൂഹത്തില്‍ തിന്മകള്‍ക്കെതിരെ, പ്രത്യേകിച്ച് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരെ നിരന്തരം ശബ്ദിക്കുന്ന വാര്‍ത്താചാനലുകളുള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ഇങ്ങനെയൊരു സംഭവത്തില്‍ നിശ്ശബ്ദത പാലിക്കുമോ?     കേരളത്തില്‍ ഇതൊന്നും നടക്കില്ല എന്നു പറയാനാണ് എനിക്ക് ആഗ്രഹം. പക്ഷേ, സത്യം അതല്ല എന്നു കാണിക്കുന്ന സംഭവം പത്തനംതിട്ടയിലുണ്ടായി, ഞാന്‍ രാജസ്ഥാനില്‍ പോയ സമയത്ത്. എന്റെ ശ്രദ്ധയില്‍ വന്നത് ശബരിമലയില്‍വെച്ച് ആകസ്മികമായി പത്രപ്രവര്‍ത്തകന്‍ ഉന്നയിച്ച ചോദ്യത്തെ തുടര്‍ന്നാണ്.

പത്രപ്രവര്‍ത്തകന്‍ സൂചിപ്പിച്ചത് കൊലക്കേസ് തന്നെയായിരുന്നു. കേസിന്റെ വസ്തുതകള്‍ കണ്ടെത്താന്‍ ഒട്ടും ബുദ്ധിമുട്ടേണ്ടിവന്നില്ല. കാരണം വസ്തുതകള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ നാട്ടില്‍ പലര്‍ക്കും അറിയാമായിരുന്നു. കൊലചെയ്യപ്പെട്ടത് വസ്ത്രവ്യാപാര സ്ഥാപനത്തില്‍ ക്യാഷിന്റെ ചുമതലയുണ്ടായിരുന്ന ജീവനക്കാരന്‍. വില്‍പ്പനയിലൂടെ ലഭിച്ച മുഴുവന്‍ തുകയും അടയ്ക്കുന്നതില്‍ വീഴ്ചവരുത്തിയോ എന്ന സംശയമാണ് മര്‍ദ്ദനത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചത്. പ്രതിസ്ഥാനത്ത് മുതലാളിയുള്‍പ്പെടെയുള്ളവര്‍. പക്ഷേ, മുതലാളി എങ്ങനെ ജയിലില്‍ പോകും? പിന്നണിയില്‍ രക്ഷാപ്രവര്‍ത്തനം വേഗത്തില്‍ മുന്നേറി. ഞങ്ങള്‍ ഇരക്കൊപ്പമാണ് എന്ന് ഉച്ചത്തില്‍ വിളിച്ചുപറയാറുള്ള മാധ്യമങ്ങളെല്ലാം ഇവിടെ പ്രതിക്കൊപ്പം ആയിരുന്നു. മാധ്യമങ്ങള്‍ നിശ്ശബ്ദത പാലിച്ചപ്പോള്‍ സര്‍വ്വകക്ഷി രാഷ്ട്രീയ പിന്തുണ ഉറപ്പാക്കാനും എളുപ്പമായിരുന്നു. ഇരയ്ക്കുവേണ്ടി ഒരു ശബ്ദവും ഉയര്‍ന്നില്ല, അയാളുടെ ഉറ്റബന്ധുക്കളുടേതൊഴികെ. ആ ശബ്ദമാകട്ടെ, അപൂര്‍വ്വം ചില സാമൂഹ്യമാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നെങ്കിലും കാര്യമായ ശ്രദ്ധ ലഭിച്ചില്ല. ജനാധിപത്യസമൂഹത്തിലെ എല്ലാ ശക്തികേന്ദ്രങ്ങളും ഒരുമയോടെ പ്രതിയുടെ പിന്നില്‍ അണിനിരന്നപ്പോള്‍ പൊലീസ് അന്വേഷണവും ആദ്യം ആ വഴിക്കു നീങ്ങി. മുതലാളിയുടെ രക്ഷയ്ക്ക് അയാളുടെ ഡ്രൈവര്‍ പ്രതിസ്ഥാനത്തേയ്ക്ക് രംഗപ്രവേശം ചെയ്ത് പൊലീസില്‍ ഹാജരായി. അന്വേഷണ ഉദ്യോഗസ്ഥന്‍ ഏറെ ബുദ്ധിമുട്ടി പ്രവര്‍ത്തിച്ചത് കുറ്റം തെളിയിക്കാനല്ല, യഥാര്‍ത്ഥ കുറ്റവാളിക്കു പകരം ഡ്രൈവറെ പ്രതിഷ്ഠിക്കുവാനുള്ള വഴിതേടിയാണ്. ആ ഘട്ടത്തിലാണ് ശബരിമലയില്‍ വച്ച് ആകസ്മികമായി സംഭവം എന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇക്കാര്യങ്ങള്‍ വെളിവായപ്പോള്‍ അന്വേഷിച്ചുകൊണ്ടിരുന്ന സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ മാറ്റി ഡി.വൈ.എസ്.പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെ അന്വേഷണ ചുമതല ഏല്പിച്ചു. തെറ്റായ വഴിയെ യഥാര്‍ത്ഥ കുറ്റവാളിയെ രക്ഷിക്കാന്‍ ബഹുദൂരം മുന്നേറിയ നിയമത്തെ വേഗം ശരിയായ വഴിയില്‍ കൊണ്ടുവരാന്‍ ആ ഉദ്യോഗസ്ഥനു കഴിഞ്ഞു. നിരപരാധികളെ കുറ്റക്കാരാക്കി രക്ഷപ്പെടാനുള്ള സമ്മര്‍ദ്ദം പുതിയ അന്വേഷണസംഘത്തിനു മുന്നില്‍ വിജയിച്ചില്ല. രാഷ്ട്രീയ മാധ്യമ കവചം ഉണ്ടായിട്ടും വൈകാതെ മുതലാളി അറസ്റ്റിലായി. ജില്ലാ എസ്.പി വിമലാദിത്യയും അക്കാര്യത്തില്‍ ശരിയായ നിലപാട് സ്വീകരിച്ചു. ആദ്യം അന്വേഷിച്ച സര്‍ക്കിളിനും മേല്‍നോട്ടം വഹിച്ച ഡി.വൈ.എസ്.പിക്കും എതിരെ അച്ചടക്കനടപടി സ്വീകരിച്ചു. സോളാര്‍ കത്തിക്കയറിയ അതേ കാലത്തുതന്നെയാണ് ഈ കൊലപാതകം നടന്നത്. എന്തുകൊണ്ട് ഈ കൊലപാതകക്കേസ് അനാഥമായി? സോളാറിലെ വീര്യം എന്തുകൊണ്ട് മാധ്യമങ്ങള്‍ക്കും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും ഇവിടെ ചോര്‍ന്നുപോയി? 

സോളാറില്‍, പൊതുമണ്ഡലത്തിലെ ശ്രദ്ധ മുഴുവന്‍ മുഖ്യപ്രതികളുടെ ഉന്നതബന്ധങ്ങളില്‍ ആയിരുന്നുവല്ലോ. ടീം സോളാര്‍ എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന തട്ടിപ്പ് പ്രസ്ഥാനത്തില്‍ ചെറിയ ജോലികള്‍ ചെയ്തിരുന്ന കുറെ തുച്ഛശമ്പളക്കാരുണ്ടായിരുന്നു. ഡ്രൈവര്‍, പ്യൂണ്‍, ക്ലാര്‍ക്ക് തുടങ്ങിയ ചില്ലറ ജോലികള്‍ ഉപജീവനത്തിനു ചെയ്യുന്നവരാണ് അധികവും. മതിയായ ആലോചന കൂടാതെ, ഗൂഢാലോചനയെന്ന വലയില്‍ അത്തരം ജീവനക്കാരേയും പ്രതിസ്ഥാനത്ത് പിടിച്ചിടുന്ന രീതി പലപ്പോഴും കണ്ടിട്ടുണ്ട്. തട്ടിപ്പാണെന്ന അറിവോടെ കുറ്റകരമായ പ്രവൃത്തികള്‍ ചെയ്തവരെ മാത്രം പ്രതിചേര്‍ക്കുക എന്ന പൊതു സമീപനമാണ് ഞങ്ങള്‍ സ്വീകരിച്ചത്. 

സോളാര്‍ വാര്‍ത്തകള്‍ അന്തരീക്ഷത്തില്‍ നിറഞ്ഞുനില്‍ക്കുന്നതിനിടയില്‍ ഒരു ദിവസം സംസ്ഥാന പൊലീസ് മേധാവി ബാലസുബ്രഹ്മണ്യം എന്നോട് കേരളാ ഗവര്‍ണര്‍ നിഖില്‍ കുമാറിനെ സന്ദര്‍ശിച്ച് കേസുകളെക്കുറിച്ച് അദ്ദേഹത്തെ ധരിപ്പിക്കണമെന്ന് പറഞ്ഞു. അതിന്റെ ഔചിത്യത്തെക്കുറിച്ച് എനിക്ക് കാര്യമായ സംശയമുണ്ടായിരുന്നു. സര്‍ക്കാരില്‍നിന്ന് അറിയേണ്ട ഭരണപരമായ കാര്യങ്ങള്‍ ഗവര്‍ണറെ ധരിപ്പിക്കാന്‍ ചില വ്യവസ്ഥാപിത സംവിധാനങ്ങളുണ്ട്. സര്‍വ്വീസിന്റെ തുടക്കത്തില്‍ ഗവര്‍ണറുടെ എ.ഡി.സി ആയി ജോലി ചെയ്തിരുന്നതുകൊണ്ട്, അക്കാര്യങ്ങളെക്കുറിച്ച് എനിക്ക് ധാരണയുണ്ടായിരുന്നു. ഗവര്‍ണറെ കാണുകയാണെങ്കില്‍ അത് മുഖ്യമന്ത്രിയുടെ അറിവോടും അംഗീകാരത്തോടും കൂടി മാത്രമേ പാടുള്ളു. നിഖില്‍ കുമാര്‍ മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ആയിരുന്നു. ഡി.ജി.പി നിര്‍ബ്ബന്ധിച്ചപ്പോള്‍, ഞാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് കാര്യം പറഞ്ഞു. കേട്ട ഉടന്‍ അദ്ദേഹത്തിന്റെ മറുപടി വന്നു: ''ഹേമചന്ദ്രന്‍ പോയി കണ്ടുകൊള്ളു, ആവശ്യപ്പെടുന്ന വിവരങ്ങളെല്ലാം പറഞ്ഞോളു.'' അങ്ങനെ ഞാനുടനെ ഗവര്‍ണറെ സന്ദര്‍ശിച്ചു. പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച സാഹചര്യവും അതിന്റെ പ്രവര്‍ത്തനങ്ങളും കണ്ടെത്തലുകളും സംക്ഷിപ്തമായി ഗവര്‍ണറെ ധരിപ്പിച്ചു. ഞങ്ങള്‍ അന്വേഷിച്ച തട്ടിപ്പുകേസുകളുടെ സ്വഭാവവും വസ്തുതകളും വിശദീകരിച്ചുകൊടുത്തു. മാധ്യമങ്ങളില്‍ അലയടിച്ചിരുന്ന അനുബന്ധ കഥകളിലേയ്‌ക്കൊന്നും ഗവര്‍ണര്‍ കടന്നില്ല. 

അക്കാലത്ത് ഗവര്‍ണര്‍ നിഖില്‍ കുമാര്‍ കേരളത്തിലെ സീനിയര്‍ ഐ.പി.എസ് ഉദ്യോഗസ്ഥരെ ഇടയ്ക്ക് രാജ്ഭവനില്‍വെച്ച് ഒരുമിച്ച് കാണാറുണ്ടായിരുന്നു. ദേശീയ തലത്തില്‍ പൊലീസ് പരിഷ്‌കരണവുമായും മറ്റും ബന്ധപ്പെട്ട കാര്യങ്ങളിന്മേല്‍ ആശയവിനിമയം നടത്താനാണ് ആ സന്ദര്‍ഭം ഉപയോഗിച്ചിരുന്നത്. ഡല്‍ഹി പൊലീസിലെ സ്വന്തം അനുഭവങ്ങളും അദ്ദേഹം പറയും. സന്ദര്‍ശനത്തിന്റെ തുടക്കത്തില്‍ അദ്ദേഹം ഓരോരുത്തരുടേയും അടുത്തെത്തി ഹസ്തദാനം ചെയ്യും. അത്തരം ഒരവസരത്തില്‍ എന്റെ കൈപിടിച്ച് കുലുക്കിയ ശേഷം ഒരു തരം കുസൃതി ചിരിയോടെ, 'So, the hero' എന്ന് കമന്റ് ചെയ്തു. മുഖത്തെ ചിരി പ്രശംസയാണോ പരിഹാസമാണോ എന്നെനിക്കു പിടികിട്ടിയില്ല. അദ്ദേഹത്തിന്റെ പരാമര്‍ശം സോളാര്‍ക്കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ മുന്‍ജീവനക്കാരന്റെ അറസ്റ്റ് ആണെന്നു മാത്രം മനസ്സിലായി. അതൊന്നും ഉത്തരേന്ത്യയില്‍ ഒരിക്കലും സംഭവിക്കില്ല എന്ന് അദ്ദേഹം സൂചിപ്പിച്ചു.

സോളാര്‍ തട്ടിപ്പുകേസുകളുടെ അന്വേഷണം വേഗം പരിസമാപ്തിയിലേക്ക് നീങ്ങുകയായിരുന്നു. ഓരോ ഇരയും കബളിപ്പിക്കപ്പെട്ട വഴി, അതില്‍ പങ്കാളികളായവര്‍, പണം വന്ന വഴികള്‍. പണം പോയ വഴികള്‍, അതിനായി നിര്‍മ്മിച്ച വ്യാജരേഖകള്‍ തുടങ്ങിയവയെല്ലാം, കേസന്വേഷണം തുടങ്ങി ഏതാണ്ട് മൂന്ന് മാസത്തിനുള്ളില്‍ കണ്ടെത്തി. കേസുകളുടെ ചാര്‍ജ്ഷീറ്റുകള്‍ ഓന്നൊന്നായി കോടതിയില്‍ സമര്‍പ്പിച്ചു തുടങ്ങി. ആ ഘട്ടത്തിലും പ്രതികള്‍ ജയിലില്‍ തന്നെയായിരുന്നു. അതിനു കാരണമായത് അന്വേഷണസംഘത്തിന്റെ നിലപാട് കൂടിയായിരുന്നു. തട്ടിപ്പു കേസുകളില്‍ എല്ലാം ഒരുമിച്ച് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. ഓരോ കേസിലേയും അറസ്റ്റും പൊലീസ് കസ്റ്റഡിയും കഴിയുമ്പോള്‍ അടുത്ത കേസില്‍ അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയില്‍ വാങ്ങുന്ന രീതിയാണ് സ്വീകരിച്ചത്. ഒപ്പം ജാമ്യാപേക്ഷകളെ കാര്യക്ഷമമായി കോടതികളില്‍ നേരിടുകയും ചെയ്തു. തുടക്കത്തില്‍ത്തന്നെ ഒരു കാര്യം പ്രതികളോട് ഞങ്ങള്‍ പറഞ്ഞിരുന്നു. ''കസ്റ്റഡിയില്‍ അന്തസ്സില്ലാത്തതോ വഴിവിട്ടതോ ആയ ഒരു പ്രവൃത്തിയും പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ല. പക്ഷേ, നിയമനടപടികള്‍ കര്‍ശനമായി, ഒരു വിട്ടുവീഴ്ചയുമില്ലാതെ നിങ്ങള്‍ക്കെതിരെ സ്വീകരിക്കും.'' അങ്ങനെ പ്രതികളുടെ ജയില്‍വാസം നീണ്ടുപോയതുകൊണ്ടാകാം, അപ്രതീക്ഷിതമായി ചില പുതിയ സംഭവവികാസങ്ങളുണ്ടായി. ജയിലില്‍നിന്നുള്ള ഒരു പ്രതിയുടെ കത്ത് ആയിരുന്നു അതിന്റെ കേന്ദ്രബിന്ദു.

(തുടരും)

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com