'ലേഡി ചാറ്റര്‍ലിയുടെ കാമുകന്‍' കാരണം അവര്‍ അപ്പന് ജോലി നിഷേധിച്ചു!

ആ കാലത്ത് തന്റെ ഉള്ളില്‍ മറഞ്ഞുകിടന്നിരുന്ന ധീരനും സാഹസികനും സ്വതന്ത്ര്യദാഹിയുമായ വിമര്‍ശകനെ അദ്ദേഹം തിരിച്ചറിഞ്ഞുതുടങ്ങിയിരുന്നു
'ലേഡി ചാറ്റര്‍ലിയുടെ കാമുകന്‍' കാരണം അവര്‍ അപ്പന് ജോലി നിഷേധിച്ചു!

കെ.പി. അപ്പന്റെ വിമര്‍ശനമനസ്സും ധൈഷണിക ചിന്തയും ഉണര്‍ന്നു പ്രവര്‍ത്തിച്ചു തുടങ്ങിയത് മഹാരാജാസില്‍ പഠിച്ച കാലത്താണ്.  അദ്ദേഹം സാഹിത്യ സംബന്ധിയായ പലതിനെപ്പറ്റിയും എഴുതുന്നതിനെക്കുറിച്ച് ഗാഢമായി ആലോചിച്ചു. ഗുരുവായ സാനുമാഷുമായി ചര്‍ച്ച ചെയ്യുകയും ചെയ്തു. ആ കാലത്ത് തന്റെ ഉള്ളില്‍ മറഞ്ഞുകിടന്നിരുന്ന ധീരനും സാഹസികനും സ്വതന്ത്ര്യദാഹിയുമായ വിമര്‍ശകനെ അദ്ദേഹം തിരിച്ചറിഞ്ഞുതുടങ്ങിയിരുന്നു. താന്‍ ഏറ്റവും ഇഷ്ടപ്പെട്ട തോമസ് ഹാര്‍ഡിയുടെ 'ടെസ്സി'നെക്കുറിച്ച് പുതുമയുള്ള ഒരു ലേഖനം എഴുതി. അത് 1961-62 വര്‍ഷത്തെ മഹാരാജാസ് കോളേജ് മാഗസിനില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ ലേഖനത്തെക്കുറിച്ച് അപ്പന്‍ പലപ്പോഴും സംസാരിച്ചിട്ടുണ്ട്. അവസാന കാലത്ത് രോഗം മൂര്‍ച്ഛിച്ചു എന്നറിഞ്ഞപ്പോഴും ഈ ലേഖനത്തിലെ ചില പരാമര്‍ശങ്ങളെപ്പറ്റി പറയുന്നുണ്ട്. അദ്ദേഹത്തിന്റെ സ്വകാര്യജീവിതത്തിലും സാഹിത്യജീവിതത്തിലും ഈ ലേഖനത്തിനു വലിയ പ്രാധാന്യമുണ്ട്. ആ ലേഖനം പൂര്‍ണ്ണമായി താഴെ ചേര്‍ക്കുന്നു.

ഹാര്‍ഡിയുടെ ടെസ്സിന് ഒരു കത്ത്

കെ.പി. അപ്പന്‍ എം.എ (പ്രിവിയസ്)
പ്രിയപ്പെട്ട ടെസ്,

ഇതാ നിനക്കൊരു കത്തെഴുതുകയാണ്. ഇങ്ങനെയൊരു കത്തെഴുതുവാന്‍ എന്നെ പ്രേരിപ്പിച്ച ചേതോവികാരമെന്തെന്ന് നീ അത്ഭുതപ്പെടുന്നുണ്ടാകും. അങ്ങനെയൊരു സംശയത്തിനു വകയുണ്ട് താനും. വിശ്വസാഹിത്യത്തിലെ മേലെക്കിട സാഹിത്യകാരന്മാരുടെ പുകള്‍പെറ്റ കൃതികളിലെ എല്ലാ സുന്ദരിമാരേയും എനിക്കു പരിചയമാണ്. നടാഷ, അന്ന, ഇസബെല്ല, മാഡ് ലൈന്‍, നാനാ, അക്‌സീനിയ ഇങ്ങനെ പോകുന്നു അവരുടെ പേരുകള്‍. പക്ഷേ, നിന്നെ മാത്രം ഞാന്‍ സ്‌നേഹിക്കുന്നു. കാരണം, നീ എപ്പോഴും എന്റെ ആത്മാവിന്റെ ആരാമത്തില്‍ വന്നു തേങ്ങിക്കരയാറുണ്ട്.

നീ ഒരു സുന്ദരിയായിരുന്നുവെന്ന് ഹാര്‍ഡി പറയുന്നു. നിന്റെ കഥയില്‍ നിതാന്ത സ്‌നേഹത്തിന്റെ നിര്‍ഝരി ഞാന്‍ കാണുന്നു. മഹത്തായ മനുഷ്യത്വത്തിന്റെ ശബ്ദം ഞാന്‍ കേള്‍ക്കുന്നു. അതുകൊണ്ടു മാത്രമല്ല ഞാന്‍ നിന്നെ സ്‌നേഹിക്കുന്നത്. അവയ്ക്കുവേണ്ടി ഇക്കണ്ട മൈലുകളെല്ലാം പിന്നിട്ട് ഇംഗ്ലണ്ടിലേക്കു വരേണ്ട ആവശ്യമില്ല. ഇവിടെ എന്റെ നാട്ടില്‍ ഓടയില്‍ നിന്നും സ്‌നേഹത്തെ ഉയര്‍ത്തിക്കാണിച്ച സാഹിത്യകാരനുണ്ട്. വെടിയേറ്റ് പിടഞ്ഞുമരിച്ച ഒരു മാതാവിന്റെ ജീവനെയോര്‍ത്ത് വിതുമ്പിക്കരഞ്ഞുപോയ മഹാകവിയുണ്ട്. നിന്റെ ചിത്രമാണ് എന്നെ ആകര്‍ഷിച്ചത്. ശോകം ഘനീഭവിച്ചുണ്ടായ നിന്റെ ചിത്രം.

ഹാര്‍ഡിക്കല്ലാതെ, മറ്റാര്‍ക്കും ഇങ്ങനെ നിന്നെ വരച്ചെടുക്കാന്‍ കഴിയുമായിരുന്നില്ല. അതോടൊപ്പം നിനക്കല്ലാതെ വേറെ ആര്‍ക്കെങ്കിലും ഹാര്‍ഡിയെ ഇത്രമാത്രം അനശ്വരനാക്കുവാന്‍ കഴിയുമായിരുന്നോ എന്നു ഞാന്‍ ചിന്തിച്ചുപോകുന്നു. എന്റെ ആത്മാവിനോട് ഇത്രമാത്രം അടുത്തുനില്‍ക്കുന്ന ഒരു കഥാപാത്രം വേറെയില്ല. നീ ചിരിക്കുമ്പോള്‍ ഞാനും ചിരിക്കുന്നു. നിന്റെ മിഴികളില്‍ നനവ് പരക്കുമ്പോള്‍ ഞാനും കരഞ്ഞുപോകുന്നു. പക്ഷേ, ടെസ്സെ, നിന്റെ ചുണ്ടുകളില്‍ പുഞ്ചിരി വിരിയുന്നതെന്താണ്? ഓ, ഈ കാാലറശമലേ ുവ്യശെരമഹ മരശേീി ചിരിയും കരച്ചിലുമൊക്കെ രണ്ടാംതരം സഹൃദയത്വത്തിന്റെ ലക്ഷണമാണല്ലെ? പക്ഷേ, ഇവിടെ ഞാന്‍ നിസ്സഹായനായി പോകുന്നുവെന്ന് പറയുമ്പോള്‍ നീ പുരികം ചുളിക്കരുത്.

ഈ കത്തെഴുതുമ്പോള്‍ എന്റെ ഹൃദയത്തില്‍ നിന്റെ ഹൃദയം തെളിഞ്ഞുനില്‍ക്കുന്നുണ്ട്. ഹാര്‍ഡി വിവരിച്ചു തന്ന നിന്റെ മുഖം ഞാനോര്‍ക്കുന്നു. നിന്റെ പുരികക്കൊടികള്‍, നനഞ്ഞ കണ്ണുകള്‍, വിഷാദം തുളുമ്പുന്ന അധരങ്ങള്‍, നിന്റെ കവിള്‍ത്തടങ്ങള്‍, എന്റെ പെങ്ങളെ..., തകര്‍ച്ചയുടെ വക്കിലൂടെ നീങ്ങുന്ന ഒരു കുടുംബത്തിലെ അംഗമായിരുന്നു നീ. അങ്ങനെയിരിക്കുമ്പോഴാണ് അലക് എന്ന ഒരു തരുണന്റെ വീട്ടില്‍ നിനക്കൊരു ജോലി കിട്ടിയത്. നിനക്കവിടെ പോകാന്‍ തീരെ ഇഷ്ടമില്ലായിരുന്നു. ആ വീടിന്റെ പരിസരം പോലും പിടിച്ചില്ല. പ്രത്യേകിച്ച് അവിടെ ചൂളം കുത്തിക്കൊണ്ട് ഡാവില്‍ നിന്നെ ചുറ്റിപ്പറ്റി നടക്കുന്ന അലക്കിനെ. സുന്ദരനായിരുന്നു അലക്. എന്നിട്ടും നിനക്കെന്തേ അയാളെ സ്‌നേഹിക്കുവാന്‍ കഴിയാത്തത്?

അവസാനം ആ ശപിക്കപ്പെട്ട ദിവസം വന്നു. നീ വീട്ടിലെ വേലക്കാരുമായി ഗ്രാമീണ നൃത്തം കാണാന്‍ പോയി. തിരിച്ചു വരുമ്പോള്‍ നീ തനിച്ചായി. സന്ധ്യ കഴിഞ്ഞിരുന്നു. ഇടയ്ക്കുവെച്ച് അലക് നിന്നെ കണ്ടു. അയാള്‍ നിന്റെ കൂടെ കൂടി. രാവായിരുന്നു. നിലാവായിരുന്നു. കാടായിരുന്നു. എന്നിട്ട്, എന്നിട്ട്... 
ടെസ്സേ ഞാനിത് എടുത്തുപറഞ്ഞതില്‍ ക്ഷമിക്കണം. നിനക്ക് വേദന തോന്നുന്നുണ്ടാവും. നിന്റെ മിഴികളില്‍ നനവ് പരക്കുന്നത് ഞാന്‍ കാണുന്നു. എന്റെ മിഴികള്‍ നിറയുന്നുവോ?

നീ മാതാവായി. പക്ഷേ, കുഞ്ഞ് പെട്ടെന്ന് മരിച്ചു. ജീവിതമാകെ ഇരുള്‍മൂടിയതായി നിനക്ക് തോന്നിയിരിക്കണം. അപ്പോഴാണ് ഒരു പാല്‍ക്കമ്പനിയില്‍ നിനക്ക് ജോലി കിട്ടിയത്. അവിടെ വച്ചാണ് ഇരുള്‍മൂടിയ നിന്റെ ജീവിതത്തില്‍ ആശയുടെ നിലാത്തിരിയുമായി ഏയ്ഞ്ചല്‍ കടന്നുവന്നത്.

വെളുത്ത് മെലിഞ്ഞ ചെറുപ്പക്കാരനാണ് ഏയ്ഞ്ചല്‍. ഓമനത്വം തുളുമ്പുന്ന ഒരു മുഖത്തിന്റെ ഉടമസ്ഥനും. ഏയ്ഞ്ചലിനോട് നിനക്ക് അല്പം മമത തോന്നി. ഏയ്ഞ്ചലിനു നിന്നോടും. അത് കൂട്ടുകാരികളറിഞ്ഞപ്പോള്‍ എത്രയെത്ര ശരങ്ങളാണ് നിന്റെ മേല്‍ വന്നു പതിച്ചത്. അപ്പോള്‍ നിന്റെ കരളിന്റെ കാമ്പില്‍ മധുരമായ വേദനയുടെ വൈന്‍ നിറഞ്ഞുനില്‍ക്കുമായിരുന്നോ?

ഏപ്രില്‍ മാസത്തെ സുന്ദരമായൊരു പുലര്‍വേള! ഉറക്കം ആശ്ലേഷിച്ചുമ്മവെയ്ക്കുന്ന മിഴികളുമായി നീയിരുന്ന് പശുവിനെ കറക്കുകയായിരുന്നു, തെല്ലകലെ മാറിനിന്ന് ഏയ്ഞ്ചല്‍ നിന്നെത്തന്നെ നോക്കിനിന്നു. അപ്പോള്‍ ഓടിവന്ന് നിന്നെ കോരിയെടുത്ത് ഉമ്മവയ്ക്കുവാന്‍ ഏയ്ഞ്ചലിനു തോന്നിയത്രേ! നീയതറിഞ്ഞില്ല. നിനക്കു നാണം വരുന്നുവോ?

അവസാനം ഏയ്ഞ്ചല്‍ വന്ന് നിന്നെ വിവാഹം കഴിക്കാന്‍ നിശ്ചയിച്ചു. അതു കേട്ടപ്പോള്‍ നീ വിതുമ്പിപ്പോയി ഇല്ലേ? ആദ്യം നീയൊന്ന് എതിര്‍ത്തു നോക്കി. പക്ഷേ, ഏയ്ഞ്ചല്‍ സമ്മതിച്ചില്ല. അറിഞ്ഞിരുന്നുകൊണ്ട് ഒരു ചെറുപ്പക്കാരനെ ചതിക്കുവാന്‍ നീ ഇഷ്ടപ്പെട്ടില്ല. പക്ഷേ, നിന്റെ അമ്മയുടെ ഉപദേശപ്രകാരം നീ വഴങ്ങി. വിവാഹം നിശ്ചയിക്കപ്പെട്ടു. എന്നാലും മഞ്ഞുമൂടിയ ഒരു അഗ്‌നിപര്‍വ്വതം പോലെ നീ ഉരുകുകയായിരുന്നു. വിവാഹത്തിന്റെ തലേദിവസം നീ ഒരു കത്തെഴുതി ഏയ്ഞ്ചലിന്റെ മുറിയില്‍ കൊണ്ടിട്ടു. എന്നാല്‍, കഥ പറയുന്ന ആ കത്ത് കാര്‍പ്പറ്റിന്റെ അടിയില്‍ വീണുപോയതു കാരണം ഏയ്ഞ്ചല്‍ കണ്ടില്ല.

വിവാഹം നടന്നു. അതിനു പിറകേ വരുന്ന തേനഞ്ചുന്ന നാളുകള്‍ വന്നു. ഒരു ദിവസം അത്താഴം കഴിഞ്ഞ് നിങ്ങള്‍ രണ്ടു പേരും കൂടി കൈ കഴുകുമ്പോള്‍ നിഷ്‌കളങ്കനായ ഏയ്ഞ്ചല്‍ ചോദിച്ചു:

'എന്റെ കയ്യേതാ? ടെസ്സിന്റെ കയ്യേതാ? പറയാമോ?' നീ ചിരിച്ചു. എന്നിട്ട് പറഞ്ഞു: 'എല്ലാം ഏയ്ഞ്ചലിന്റെ കൈകള്‍ തന്നെ' ആ വാക്കുകള്‍ ഞാനിപ്പോഴും ഓര്‍ക്കുന്നു. ചെറിയ ചെറിയ രണ്ട് മൂന്ന് വാക്കുകളില്‍ സ്‌നേഹത്തിന്റെ പ്രപഞ്ചം ഒതുക്കിനിര്‍ത്തുവാനുള്ള കഴിവ് എന്റെ പെങ്ങളെ, നീ എവിടെനിന്ന് നേടിയെടുത്തു?

അന്നു രാത്രി ഏയ്ഞ്ചല്‍ കഴിഞ്ഞുപോയ തന്റെ ജീവിതത്തിലെ ഒരു തെറ്റ് ഏറ്റുപറഞ്ഞു. അപ്പോള്‍ നീ ആ മഹാരഹസ്യവും വെളിവാക്കി. നിന്റെ ജീവിതത്തെ പിടിച്ചുലച്ചുകഴിഞ്ഞത് പറഞ്ഞത് നിന്റെ സത്യസന്ധതയാണ്.

ജീവിതം അപകടകരമാകുമ്പോള്‍ അപകടകാരിയായിത്തന്നെ ജീവിക്കേണ്ടിവരുമെന്ന് ആരോ പറഞ്ഞിട്ടുണ്ട്. ആരാണത്? കീറ്റ്‌സ്, ബൈറന്‍, ആന്ദ്രേ ജീദ്? അലന്‍ പേറ്റണ്‍? അതോ ഷോളൊക്കോവോ? 

നിന്റെ കഥ ഏയ്ഞ്ചലിനെ വല്ലാതെ ഉലച്ചുകളഞ്ഞു. അല്പകാലം ബ്രസീലില്‍ പോയി താമസിക്കുവാന്‍ ഏയ്ഞ്ചല്‍ തീരുമാനിച്ചു. അതോടുകൂടി നീ നിരാലംബയായി. പിന്നെ പണിയെടുത്തു ജീവിച്ചു. എന്നിട്ടും ചെറിയ ബ്ലാസോ പൂക്കളെ നാണിപ്പിക്കുന്ന നിന്റെ മുഖകാന്തി എന്തെല്ലാം വിനകളാണ് വരുത്തിവച്ചത്? അതുകൊണ്ട് കറുത്ത് മനോഹരമായ പുരികക്കൊടികള്‍ കൂടി നീ വടിച്ചുകളയേണ്ടതായി വന്നു. അക്കാര്യത്തില്‍ ചരിത്രം സൃഷ്ടിച്ച ഒരു പെണ്ണാണ് നീ.

മാസങ്ങള്‍ കഴിഞ്ഞു. ഒരു ദിവസം ആകസ്മികമായി അലക് നിന്നെ കണ്ടു. അങ്ങനെ അയാളുമായി രണ്ട് മൂന്ന് ദിവസം താമസിക്കേണ്ടതായി വന്നു. അപ്പോഴേയ്ക്കും പശ്ചാത്താപ വിവശനായി ഏയ്ഞ്ചല്‍ മടങ്ങിവന്നു. എല്ലാം മറന്ന് മന്ദഹാസവികസിതവദനയായി നീ അയാളെ സ്വീകരിച്ചു. എന്നിട്ട് പറഞ്ഞു:

'ഞാനയാളെ കൊന്നു. അലകിനെ' ഞെട്ടിപ്പോയി ഏയ്ഞ്ചല്‍ (കൂടെ ഞാനും). 'കാരുണ്യത്തിന്റെ ലാഞ്ഛന പോലുമില്ലാതെ അയാളെ കൊല്ലുവാനുള്ള ചങ്കൂറ്റം നിനക്ക് എവിടെ നിന്നും കിട്ടി? ഒരു മനുഷ്യനെ കൊല്ലുന്നതിനെ സാധൂകരിക്കുവാന്‍ എനിക്കു വയ്യ, ഒരുപക്ഷേ, നിന്റെ ചുറ്റുപാടില്‍ അതാവശ്യമായിരിക്കാം... എന്നാലും...'

രണ്ടു പേരും കൂടി കൈ പിടിച്ചോടി. എന്നിട്ട് അങ്ങ് ദൂരെ ആള്‍ത്താമസമില്ലാത്ത ഒരു വീട്ടില്‍ പോയി കിടന്നു. ഏയ്ഞ്ചലിനെ കെട്ടിപ്പിടിച്ച് മുഖം മുഖത്തോട് ചേര്‍ത്തുവച്ച് കിടന്നുറങ്ങുമ്പോള്‍ ഏയ്ഞ്ചലിന്റെ കവിള്‍ത്തടത്തില്‍ നിന്റെ ചുണ്ടുകള്‍ റോസാപ്പൂവ് പോലെ ചുവന്നിരുന്നു എന്ന് ഹാര്‍ഡി പറയുന്നുണ്ട്.

അവസാനം നീ പിടിക്കപ്പെട്ടു. നിന്റെ അനുജത്തി ലാസാലുവിനെ ഏയ്ഞ്ചല്‍ കൂട്ടുകാരിയായി സ്വീകരിക്കണമെന്ന് നീ അപേക്ഷിക്കുന്ന രംഗം എന്തെന്ത് ഭാവഭേദങ്ങളാണ് എന്റെ അകതാരില്‍ നിറച്ചതെന്നോ? അങ്ങനെ അവസാനം മരണത്തിന്റെ മണിയറയിലേക്കു നീ പ്രവേശിപ്പിച്ചത് നിര്‍ദ്ദയമായി ഹാര്‍ഡി വിവരിച്ചപ്പോള്‍ എന്റെ ഹൃദയം തേങ്ങിപ്പോയി.

ടെസ്സേ, ഇന്നും നീ എന്റെ ആത്മാവിന്റെ ആരാമത്തില്‍ വന്നിരുന്ന് തേങ്ങിക്കരയുന്നു. നന്മ നിറഞ്ഞ പെങ്ങളെ, നിന്നെക്കുറിച്ച് ഞാനെത്ര വേദനിക്കുന്നു. നിനക്കു ശാന്തി വരണേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് നിര്‍ത്തട്ടെ.

തോമസ് ഹാർഡി
തോമസ് ഹാർഡി

കെ.പി. അപ്പന്‍ പഠിക്കുന്ന കാലത്ത് എഴുതിയ ഈ 'നിരൂപണം' ഇന്ന് വായിക്കുമ്പോള്‍ വായനക്കാര്‍ക്ക് ചിരിവരും. നോവലിലെ നായികയെ പെങ്ങള്‍ എന്ന് സംബോധന ചെയ്തുകൊണ്ടുള്ള വികാരാവിഷ്‌കാരത്തിന് സാഹിത്യവിമര്‍ശനവുമായി യാതൊരു ബന്ധവുമില്ലെന്ന് ഒരാള്‍ക്ക് തോന്നാം. നീ ഇന്നും എന്റെ ആത്മാവിന്റെ ആരാമത്തില്‍ വന്നിരുന്ന് തേങ്ങിക്കരയുന്നുവെന്ന് 'പെങ്ങളാ'യ നായികയോട് പറയുമ്പോള്‍ വായനക്കാര്‍ ചിരിച്ചുപോകും. കുറഞ്ഞ തരം അഭിരുചിയുടെ കുറഞ്ഞ തരം ആസ്വാദനമെന്ന് കുറ്റപ്പെടുത്തുകയും ചെയ്യാം. അപക്വ രചനയെന്നു ആക്ഷേപിക്കുകയും ചെയ്യാം. എന്നാല്‍, ശ്രദ്ധിച്ചു വായിക്കുമ്പോള്‍ 'അപ്പന്‍ സ്പര്‍ശം' കത്തിന്റെ രൂപത്തില്‍ രചിക്കപ്പെട്ട ഈ ആസ്വാദനക്കുറിപ്പില്‍ എവിടെയൊക്കെയോ ഉണ്ടെന്ന് തോന്നുകതന്നെ ചെയ്യും.

എറണാകുളം മഹാരാജാസില്‍ പഠിക്കുമ്പോള്‍ എഴുതിയ വ്യത്യസ്തവും വിചിത്രവും കൗതുകകരവുമായ ഈ ചെറു നിരൂപണ ലേഖനം പൂര്‍ണ്ണമായും ഉദ്ധരിച്ചത് കെ.പി. അപ്പനെഴുതിയ ആദ്യ ലേഖനമായതുകൊണ്ടു മാത്രമല്ല. അക്കാലത്തെ അപ്പന്റെ മനസ്സും ചിന്താരീതിയും സാഹിത്യാഭിരുചിയുമെല്ലാം ഈ ലേഖനത്തില്‍ തെളിഞ്ഞുവരുന്നു എന്നതുകൊണ്ടു കൂടിയാണ്. അപ്പന്റെ പില്‍ക്കാല വിമര്‍ശനത്തിന്റെ സ്വഭാവങ്ങളൊന്നും പ്രത്യക്ഷമായി ഇതില്‍ കാണുന്നില്ല. എന്നാല്‍ സൂക്ഷ്മമായി നോക്കുമ്പോള്‍ അപ്പന്‍ നിരൂപണത്തിന്റെ പ്രാഗ്‌രൂപം ഇതില്‍ കാണാം. മനുഷ്യദുരന്ത(Humant ragedy)മാണ് അപ്പന്‍ വിമര്‍ശനത്തിന്റെ പ്രധാന പ്രമേയം. ജീവിതദുരന്തം ചിത്രീകരിക്കുന്ന രചനകളോടാണ് അപ്പന്റെ മനസ്സ് പ്രതികരിക്കുന്നത്. ഹാര്‍ഡിയുടെ വിഷാദദര്‍ശനത്തില്‍ അദ്ദേഹത്തിന് താല്പര്യമുണ്ടായത് മനുഷ്യജീവിതത്തിന്റെ അടിസ്ഥാന സ്വഭാവം അതിന്റെ ദുരന്തമാണെന്ന കാഴ്ചപ്പാട് ഉള്ളില്‍  കിടന്നതുകൊണ്ടാണ്. ഈ നോവല്‍ കെ.പി. അപ്പന്‍ എന്ന വ്യക്തിയെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചു. 'ദൈവം ടെസ്സിനെ കൊണ്ടുള്ള വിനോദം അവസാനിപ്പിച്ചു' എന്ന നോവലിലെ അവസാന വാക്യം ജീവിതത്തിന്റെ അവസാനത്തില്‍ തനിക്ക്  മാരകമായ രോഗം പിടിപെട്ടെന്ന് അറിഞ്ഞപ്പോള്‍ അപ്പന്‍ അടുത്തുണ്ടായിരുന്ന ശിഷ്യനോട് പറയുന്നുണ്ട്. വിധി ടെസ് എന്ന പെണ്ണിന്റെ മേല്‍ നടത്തിയ അത്യന്തം ക്രൂരമായ ആക്രമണങ്ങള്‍ അപ്പന്റെ മനസ്സിനെ ആഴത്തില്‍ ഉലച്ചിട്ടുണ്ട്. വിധിയുടെ ഘോരസ്വഭാവത്തെക്കുറിച്ചും മനുഷ്യന്റെ ദുരന്തവിധിയെക്കുറിച്ചും മനുഷ്യന്റെ നിസ്സഹായതയെക്കുറിച്ചും ഓര്‍ത്ത് ആകുലപ്പെടുന്ന അപ്പന്റെ മനസ്സ് ആദ്യമെഴുതിയ ഈ നിരൂപണത്തിലും ദൃശ്യമാണ്.

ഒരു സാഹിത്യനിരൂപണ ലേഖനമെഴുതാമെന്നു ആലോചിച്ചുറപ്പിച്ചു എഴുതിയതാകാനിടയില്ല ഈ ലേഖനം. തന്നെ വളരെ നാളായി വൈകാരികമായും വൈചാരികമായും നിരന്തരം അലട്ടിയ ഒരു വായനാനുഭവം നല്‍കിയ അസ്വസ്ഥതകള്‍ എഴുത്തിലൂടെ കുടഞ്ഞുകളഞ്ഞ് സ്വതന്ത്രനാകാനുള്ള ശ്രമമാകും അദ്ദേഹം നടത്തിയത്. എഴുതാന്‍ വേണ്ടി എഴുതിയതല്ല, എഴുതിപ്പോവുകയായിരുന്നു. നോവല്‍ തന്നെ വൈകാരികമായി പീഡിപ്പിച്ചുവെന്ന് ലേഖനത്തിലെ ഓരോ വാക്കും വിളിച്ചുപറയുന്നുണ്ട്.  ആദ്യം നാം ശ്രദ്ധിക്കുന്നത് ഇതിന്റെ രൂപമാണ്. തോമസ് ഹാര്‍ഡി ഒരുകാലത്ത് അദ്ദേഹത്തിന്റ പ്രിയപ്പെട്ട എഴുത്തുകാരനായിരുന്നുവെന്ന് വെളിപ്പെടുത്തിക്കഴിഞ്ഞു. ഹാര്‍ഡിയുടെ നോവലിലെ നായികയായ ദുരന്തകഥാപാത്രത്തിന് എഴുതുന്ന കത്തിന്റെ രൂപത്തിലാണ് ഈ നിരൂപണം എഴുതപ്പെട്ടിരിക്കുന്നത്. മലയാളത്തില്‍ ഇങ്ങനെയൊരു രീതി  ഒട്ടുമുണ്ടായിരുന്നില്ല, അന്നും ഇന്നും. പിന്നീട് ഒരിക്കല്‍ മാത്രം കത്തിന്റെ രൂപത്തില്‍ ഒരു നിരൂപണം എഴുതി ('ഉറൂബിന് ഒരു തുറന്ന കത്ത്, ഖേദപൂര്‍വ്വം!'). താനൊരു നിരൂപണ ലേഖനമെഴുതുകയാണെന്ന ഭാവത്തിലല്ല ഇതെഴുതിയിരിക്കുന്നത്. അന്നത്തെ നിരൂപണകലയുമായും നിരൂപകരുടെ ഭാഷയുമായും ശൈലിയുമായും നല്ല ബന്ധം സാഹിത്യ വിദ്യാര്‍ത്ഥിയായ അദ്ദേഹത്തിനുണ്ടായിരുന്നു എന്ന കാര്യം വ്യക്തമാണ്. എന്നിട്ടും നിരൂപണത്തിന്റെ ഭാഷ ഉപയോഗിക്കാത്തതുതന്നെ മാറി ചിന്തിക്കുന്നതിന്റേയും സ്വന്തം നിലയില്‍ എഴുതണമെന്ന നിര്‍ബ്ബന്ധത്തിന്റേയും സൂചനയാണ്.

എംപി നാരായണപിള്ള 
എംപി നാരായണപിള്ള 

ഇത് സാഹിത്യനിരൂപണമല്ല എന്നു വാദിക്കാം. എന്നാല്‍ നിരൂപണത്തിന് ആവശ്യമായ ആസ്വാദനം ഇവിടെയുണ്ട് എന്ന കാര്യം കാണണം. അപ്പനെ സംബന്ധിച്ചിടത്തോളം നിരൂപണമെന്നാല്‍ കൃതിയെ സംബന്ധിച്ച കുറെ വിവരങ്ങളുടെ ആവിഷ്‌കാരമല്ല. കൃതി എന്ന് ഉണ്ടായി? ആര് എഴുതി? സാഹചര്യമെന്ത്? എന്നിങ്ങനെയുള്ള വിവരങ്ങള്‍ ശേഖരിച്ചുവയ്ക്കല്‍ അല്ല. കൃതി മനസ്സിലേക്ക് ഏറ്റുവാങ്ങി അത് സൃഷ്ടിച്ച വൈകാരികവും ബുദ്ധിപരവുമായ അനുഭൂതികള്‍ പ്രകാശിപ്പിക്കുക എന്നതാണ് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വിമര്‍ശനം. ടെസ്സിന് എഴുതിയ കത്തിന്റെ രൂപത്തിലുള്ള ഈ നിരൂപണത്തില്‍ തീര്‍ച്ചയായും അതുണ്ട്. പക്ഷേ, അതിനു നാട്ടുനടപ്പ് അനുസരിച്ചുള്ള നിരൂപണ സമ്പ്രദായം അദ്ദേഹം സ്വീകരിച്ചിട്ടില്ല. വിമര്‍ശനത്തിന്റെ ധര്‍മ്മമായ നിശിതമായ വിലയിരുത്തല്‍ വേണ്ടതുപോലെ നടത്തിയിട്ടുമില്ല. എങ്കിലും കൃതി സമ്മാനിച്ച അനുഭൂതികളും കൃതി നല്‍കുന്ന സന്ദേശം ജീവിതത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകളും ചെറു രൂപത്തിലെങ്കിലും അതില്‍ ഉണ്ട്. മറ്റുള്ളവരില്‍നിന്നും മാറിനിന്ന് ചിന്തിക്കുവാനുള്ള വാസന ഈ നിരൂപണത്തിലും അപ്പന്‍ പ്രകടിപ്പിക്കുന്നുണ്ട്. സാഹിത്യവിമര്‍ശനത്തില്‍ പുതിയൊരു ഭാഷയും ചിന്താരീതിയും സൃഷ്ടിച്ചയാളാണ് അപ്പന്‍. ഈ ലേഖനത്തിലും അതിന്റെ സൂചനകളുണ്ട്. 'കരളിന്റെ കാമ്പില്‍ മധുരമായ വേദനയുടെ വൈന്‍' എന്ന് അപ്പന്‍ എഴുതുന്നുണ്ട്. നായികയുടെ ഉള്ളില്‍ നാമ്പിട്ട അനുരാഗത്തിന്റെ മധുര വേദനയും ലഹരിയും വെളിപ്പെടുത്തുവാന്‍ വേണ്ടിയാണ് അങ്ങനെയൊരു പുതുമയുള്ള ചിത്രം വരച്ചിട്ടത്. പില്‍ക്കാലത്ത് അപ്പന്റെ വിമര്‍ശന ലോകത്ത് സര്‍ഗ്ഗസൃഷ്ടിയിലെന്നപോലെ ബിംബങ്ങളും രൂപകങ്ങളും വൈരുദ്ധ്യങ്ങള്‍ ധ്വനിപ്പിക്കുന്ന ചിഹ്നങ്ങളും ധാരാളമായി വന്നു നിറയുന്നുണ്ട്. അദ്ദേഹത്തിന്റ വിമര്‍ശന കലയുടെ തന്നെ പ്രധാന സ്വഭാവം അതാണ്. അതിന്റെ തുടക്കം കുറിക്കുന്നത് ഇവിടെ കാണാം.

ഈ 'കത്ത്' എഴുതുമ്പോഴും തന്റെ രംഗം സാഹിത്യവിമര്‍ശനമാണെന്ന് അപ്പന്‍ തീരുമാനിച്ചുറപ്പിട്ടില്ലെന്നു തോന്നുന്നു. കാരണം അതിനു ശേഷവും അദ്ദേഹം കഥകളെഴുതിയിട്ടുണ്ട്. എങ്കിലും മഹാരാജാസില്‍ വച്ച് പഠിച്ച സാഹിത്യ തത്ത്വചിന്തയും വായിച്ച സാഹിത്യകൃതികളും അവിടെനിന്നും ലഭിച്ച ബുദ്ധിപരമായ അവബോധവും സമകാലിക സാഹിത്യത്തെ അവഗണിക്കുന്ന അന്നത്തെ മലയാള നിരൂപണത്തിന്റെ സ്വഭാവങ്ങളും അപ്പനെ വിമര്‍ശന കലയിലേക്ക് ബലമായി അടുപ്പിക്കുന്നുണ്ടായിരുന്നു എന്ന് വിചാരിക്കാം. വിമര്‍ശന കലയുടെ അന്തസ്സും രാജകീയ പ്രൗഢിയും അതു നല്‍കുന്ന സ്വാതന്ത്ര്യത്തിന്റെ പ്രകാശവും അപ്പനെ ആകര്‍ഷിച്ചുകാണും എന്ന കാര്യത്തില്‍ സംശയമില്ല. എം.എ പഠനം പൂര്‍ത്തിയാക്കി ആലപ്പുഴയിലെ വീട്ടിലേക്ക് മടങ്ങിയ അപ്പന്‍ വേറൊരു കെ.പി. അപ്പനായിരുന്നു.

കുറ്റിപ്പുഴ കൃഷ്ണപിള്ള
കുറ്റിപ്പുഴ കൃഷ്ണപിള്ള

അദ്ധ്യാപന ജീവിതം ആരംഭിക്കുന്നു

എം.എയുടെ റിസള്‍ട്ട് വന്നു. സെക്കന്റ് ക്ലാസ്സില്‍ വിജയിച്ചു. എങ്ങനെയോ തനിക്ക് സെക്കന്റ് ക്ലാസ്സു കിട്ടിയെന്ന് പിന്നീട് നര്‍മ്മഭാവത്തില്‍ അപ്പന്‍ എഴുതിയിട്ടുണ്ട്. ഇനിയങ്ങോട്ട് അപ്പന്‍ അദ്ധ്യാപകന്‍ കൂടിയാണ്. നാല് പതിറ്റാണ്ടിലധികം കാലം നീണ്ടുനിന്ന അദ്ധ്യാപന ജീവിതം 1963 ജൂണ്‍ മാസത്തില്‍ ആരംഭിച്ചു. സാധാരണ അദ്ധ്യാപകനായിരുന്നില്ല അദ്ദേഹം. കുട്ടികളെ പ്രചോദിപ്പിക്കുകയും ചിലപ്പോള്‍ ബുദ്ധിപരമായി പ്രകോപിപ്പിക്കുകയും അവരെ അവരുടെ വഴിക്കു പറഞ്ഞുവിടുകയും ചെയ്യുന്ന അദ്ധ്യാപകനായിരുന്നു കെ.പി. അപ്പന്‍. അദ്ധ്യാപനത്തെ സര്‍ഗ്ഗാത്മകമാക്കി മാറ്റിയ ആളായിരുന്നു അദ്ദേഹം. ആദ്യം ജോലി കിട്ടിയത് ഒരു സ്‌കൂളിലാണ്. പെരുമ്പാവൂരിനടുത്ത് വളയന്‍ചിറങ്ങരയിലെ എന്‍.എസ്.എസ് ഹൈസ്‌കൂളില്‍ അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. ആലുവ യു.സി. കോളേജില്‍ ജോലിയില്‍ പ്രവേശിക്കുന്നതിനു മുന്‍പാണത്.

സ്‌കൂളിനടുത്ത് ഒരു ഇരുനില കെട്ടിടത്തിലെ ഒരു മുറിയിലായിരുന്നു താമസം. അവിടെ താമസിക്കുമ്പോള്‍ മുത്തശ്ശിയെ ഓര്‍മ്മവന്നു. ജോലി കിട്ടുമ്പോള്‍ എവിടെയെങ്കിലും പോയി ഒറ്റയ്ക്ക് കഴിയണമെന്നും അപ്പോള്‍ അവനവന്‍ കരുത്ത് താനേ വരുമെന്നും പണ്ട് മുത്തശ്ശി പറഞ്ഞത് അപ്പനോര്‍ത്തു. എപ്പോഴും വീട്ടിലിരിക്കുന്ന, ഏകാന്തതയില്‍ കഴിയുന്ന അപ്പന് അവനവന്‍ കരുത്തില്ല എന്നായിരുന്നു മുത്തശ്ശിയുടെ സങ്കടം. അവനവന്‍ കരുത്ത് നേടിയെടുക്കണമെന്ന് അപ്പനും ആഗ്രഹിച്ചു. അപ്പോള്‍ അപ്പന് ഇരുപത്തിയാറ് വയസ്സു കഴിഞ്ഞിരുന്നു. അപരിചിത സ്ഥലത്ത് ഒറ്റയ്ക്ക് ഒരു മുറിയിലുള്ള താമസം അപ്പനെ പേടിപ്പെടുത്തി. താമസിക്കുന്ന കെട്ടിടം ദുഃഖഭാരത്തോടെ ചരിഞ്ഞുനില്‍ക്കുന്നു. രാത്രിയായപ്പോള്‍ ഭീതി വര്‍ദ്ധിച്ചു. അപ്പന്‍ എഴുതി:

'ഭയങ്കരമായ മഴക്കാലം വന്നുകഴിഞ്ഞിരുന്നു. മഴയും കാറ്റും പേടിപ്പിക്കുന്ന സീല്‍ക്കാരം പോലെ വീശിയടിച്ചുകൊണ്ടിരുന്നു. രാത്രിയില്‍ ആ പ്രദേശത്ത് ആരും ഉണ്ടാവുകയില്ല. കട പൂട്ടിയിട്ട് ഉടമസ്ഥന്‍ ഉണ്ണിത്താന്‍ എട്ടു മണിക്ക് സ്ഥലം വിടുന്നു. ആ വിജനതയെ കീഴടക്കി മഴയും കാറ്റും ഭീഷണമായി നൃത്തം വെച്ചു. ഒരുപാട് പാമ്പുകള്‍ ഉള്ള സ്ഥലമായിരുന്നു അത്. രാത്രിയില്‍ ജനാലകളും കതകും ഭദ്രമായി അടയ്ക്കണമെന്ന് എല്ലാവരും താക്കീത് നല്‍കിയിരുന്നു. അവിടെ മനുഷ്യരെ അവരുടെ ജീവിതത്തില്‍നിന്നും പുറത്താക്കുന്നത് വിഷപ്പാമ്പുകളായിരുന്നു. പാമ്പുകളുടെ ലോകനിന്ദയും മനുഷ്യവിദ്വേഷവും രാത്രിയില്‍ എന്റെ മനസ്സില്‍ ഭീതിയായ് വളര്‍ന്ന് ഫണം വിടര്‍ത്തിനിന്നു. ഒപ്പം മുത്തശ്ശി പറഞ്ഞ സര്‍പ്പത്തിന്റെ കഥ എന്റ മനസ്സില്‍ പേടിയുടെ നിര്‍ണ്ണായക നിമിഷങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. കാറ്റിന്റെ ശബ്ദം പാമ്പിന്റെ സീല്‍ക്കാരമായും മഴയുടെ ഈണം മകുടിയുടെ സംഗീതമായും വന്ന് എന്നെ പൊതിഞ്ഞു. മഴയുടെ തണുപ്പിനെക്കാള്‍ ഭയങ്കരമായിരുന്നു പാമ്പിനെക്കുറിച്ചുള്ള പേടിയുടെ തണുപ്പ്. അതിനാല്‍ രാത്രികാലം എനിക്ക് ഹെന്റി മില്ലര്‍ പറഞ്ഞതുപോലെ ശീതീകരിച്ച ദുഃസ്വപ്നമായിരുന്നു. ഇതിനിടയില്‍ മുത്തശ്ശി പറഞ്ഞ അവനവന്‍ കരുത്ത് ചോര്‍ന്നുപൊയ്‌ക്കൊണ്ടിരുന്നു. ആയിടയ്ക്കാണ് എം.പി. നാരായണപിള്ളയുടെ 'മുരുകന്‍ എന്ന പാമ്പാട്ടി' വന്നത്. കഥയുടെ പശ്ചാത്തലം ആ പ്രദേശമായിരുന്നു. ആ കഥയില്‍ മുദ്രിതമാക്കപ്പെട്ട സ്ഥലദര്‍ശനം വൈകുന്നേരം ഞാന്‍ ചുറ്റിനടന്നു കണ്ടു.'

മുതിര്‍ന്ന യുവാവായി മാറിയ അപ്പന്റെ മാനസികാവസ്ഥ പ്രകാശിപ്പിക്കുവാനാണ് ഈ ഖണ്ഡിക ഉദ്ധരിച്ചത്. രാത്രിയും മഴയും കാറ്റും പാമ്പുകളും അദ്ദേഹത്തെ പേടിപ്പിക്കുന്നു. അദ്ദേഹത്തിന്റെ മനസ്സില്‍ നിറഞ്ഞുകവിഞ്ഞ ജീവിതത്തെപ്പറ്റിയുള്ള സന്ദേഹങ്ങളും ആശങ്കകളും ജീവിതത്തിന്റെ അനിശ്ചിതത്വത്തെപ്പറ്റിയുള്ള ചിന്തകളുമാകാം ഇത്തരമൊരു മാനസികാവസ്ഥ രൂപപ്പെടുവാനുള്ള കാരണം. ഈ ഭീതികളും ആശങ്കകളും അദ്ദേഹത്തിന് എക്കാലവും ഉണ്ടായിരുന്നു. മനുഷ്യ ജീവിതത്തിന്റെ ആന്തരിക രഹസ്യങ്ങളെക്കുറിച്ചും അനിശ്ചിതത്വത്തെക്കുറിച്ചും ഓര്‍ത്ത് വിഹ്വലനാകുന്ന ദാര്‍ശനികനായ ഒരു കലാകാരന്റെ ശബ്ദമാണ് അപ്പന്റെ വാക്കുകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. കെ.പി. അപ്പനില്‍ ഒരു കലാകാരന്‍ ഉണ്ട്. കലാകാരന്റെ വിഹ്വലശബ്ദമാണ് ഇവിടെ മുഴങ്ങിക്കേള്‍ക്കുന്നത്. ഇങ്ങനെയൊക്കെ പേടിക്കുമ്പോഴും അദ്ദേഹം മലയാള ചെറുകഥയില്‍ മാറ്റത്തിനുവേണ്ടി ദാഹിച്ചുകൊണ്ട് എം.പി. നാരായണപിള്ള എഴുതിയ കഥ ശ്രദ്ധിക്കുന്നു. ആ കഥയുടെ പിന്നിലെ സൗന്ദര്യവും ദര്‍ശനവും ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നു. കാലം 1963 ആണ്. കാക്കനാടന്റേയും വിജയന്റേയും മറ്റും ആദ്യ കഥകള്‍ അപ്പോള്‍ പുറത്തുവന്നു കഴിഞ്ഞിരുന്നു. പിറകെ എം. മുകുന്ദന്റേയും. അവയെക്കുറിച്ചെല്ലാം ചില വര്‍ഷങ്ങള്‍ കഴിഞ്ഞ് അപ്പന്‍ എഴുതുകയും ചെയ്തു. അറുപതുകളുടെ തുടക്കം മുതല്‍ മലയാള സാഹിത്യത്തില്‍ സംഭവിച്ചുകൊണ്ടിരുന്ന പുതുപ്രവണതകള്‍ അപ്പന്‍ നിരീക്ഷിച്ചുകൊണ്ടിരുന്നു എന്നാണ് നാരായണപിള്ളയുടെ കഥയെക്കുറിച്ചുള്ള ഈ പരാമര്‍ശം വെളിവാക്കുന്നത്. എവിടെ ഭിന്നവും പാരമ്പര്യവിരുദ്ധവുമായ രചന പ്രത്യക്ഷപ്പെടുന്നുവോ അവിടെ അപ്പന്റെ കണ്ണുകള്‍ ചെന്നെത്തും. എക്കാലവും അങ്ങനെയായിരുന്നു അപ്പന്‍.    

അപ്പന്‍ ജീവിതത്തെക്കുറിച്ചുള്ള ഭീതിയേയും ആശങ്കകളേയും നേരിട്ടത് ആഴമേറിയ വായനകൊണ്ടാണ്. അദ്ധ്യാപനജീവിതം ആരംഭിച്ചതു മുതല്‍ ആഴമേറിയ വായനയും ആരംഭിച്ചു. സ്‌കൂളില്‍ ജോലി ഇല്ലാത്ത സമയം മുഴുവന്‍ അദ്ദേഹം വായനയ്ക്കുവേണ്ടി മാറ്റിവച്ചു. വളയന്‍ ചിറങ്ങര സ്‌കൂളില്‍ പഠിപ്പിക്കുമ്പോള്‍ ആ പഴയ കെട്ടിടത്തിലെ ഒറ്റമുറിയില്‍ താമസിക്കുമ്പോള്‍ അദ്ദേഹം തന്റെ കൈവശമുണ്ടായിരുന്ന എന്‍.കെ. ദാമോദരന്‍ പരിഭാഷപ്പെടുത്തിയ ദസ്‌തേയെവ്‌സ്‌കിയുടെ 'കരമസോവ് സഹോദരന്മാര്‍' എന്ന നോവല്‍ ആവര്‍ത്തിച്ചു വായിച്ചു കൊണ്ടിരുന്നു. പേടിപ്പെടുത്തുന്ന രാത്രിയില്‍ ആ നോവല്‍ വീണ്ടും വീണ്ടും വായിച്ചു. ഇഷ്ടപ്പെട്ട കൃതി വീണ്ടും വീണ്ടും വായിക്കുന്നത് അപ്പന്റെ രീതിയാണ്. കൃതികളില്‍ മറഞ്ഞുകിടക്കുന്ന ഭാവലോകങ്ങള്‍ സൂക്ഷ്മമായി ഉള്‍ക്കൊള്ളുവാനും കൃതിയില്‍ ബൗദ്ധികമായ ആധിപത്യം സ്ഥാപിക്കുവാനുമാണത്. ദസ്‌തേയെവ്‌സ്‌കിയെക്കുറിച്ച് ഇ.എച്ച്. കര്‍ എഴുതിയ പുസ്തകവും വായിച്ചു. മനുഷ്യന്‍ ആര്? എങ്ങനെ? എന്തുകൊണ്ട്? എന്ത്? എപ്പോള്‍? മനഷ്യന്‍ എവിടെനിന്ന്?എന്നിങ്ങനെയുള്ള തത്ത്വചിന്താപരമായ സംശയങ്ങളിലൂടെ മനസ്സ് കടന്നുപോയി. ദൈവത്തെ ഒരേസമയം ശകാരിക്കുകയും സ്തുതിക്കുകയും ചെയ്യുന്ന ആ നോവല്‍ അപ്പന്റെ മനസ്സിനെ സര്‍ഗ്ഗാത്മകമായി ഉഴുതുമറിച്ചു. തന്റെ ഗൗരവപ്പെട്ട വായനയുടെ വലുതാകുന്ന ലോകം ദൈവത്തെ പോലെ ഉന്മാദിയായ ദസ്‌തേയെവ്‌സ്‌കിയില്‍നിന്നാണ് ആരംഭിക്കുന്നതെന്ന് അപ്പന്‍ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. ആധുനികതാവാദത്തിന്റെ ആരംഭം ദസ്‌തേയെവ്‌സ്‌കിയില്‍ നിന്നാണെന്ന അതിപ്രധാനമായ സാഹിത്യസത്യം അദ്ദേഹം പാശ്ചാത്യ സാഹിത്യവിമര്‍ശനത്തില്‍നിന്നും മനസ്സിലാക്കിയത് പിന്നീടാണെങ്കിലും വായനയിലൂടെ അക്കാര്യം മുന്‍പുതന്നെ മനസ്സിലാക്കിയിരുന്നു എന്നതാണ് സത്യം. അപ്പന്റെ ജീവിതവീക്ഷണത്തേയും വിമര്‍ശന  സങ്കല്പങ്ങളേയും വളരെ ആഴത്തില്‍ സ്വാധീനിച്ച നോവലാണ് ദസ്‌തേയ്വ്‌സ്‌കിയുടെ 'കരമസോവ് സഹോദരന്മാര്‍.'

യുസി കോളജ്
യുസി കോളജ്

ആലുവ യു.സി. കോളേജില്‍

വളയന്‍ചിറങ്ങരയിലെ സ്‌കൂളിലെ ജോലി ഒരു മാസമേ ചെയ്തുള്ളൂ. അപ്പോഴേക്കും പ്രസിദ്ധമായ ആലുവ യു.സി. കോളേജില്‍ അദ്ധ്യാപകനായി ജോലി ലഭിച്ചു. പഠനം കഴിഞ്ഞ് ഉടന്‍ തന്നെ സ്‌കൂളിലെ ജോലി ലഭിച്ചെന്നു തോന്നുന്നു. ഇതിനിടയിലോ തൊട്ടുമുന്‍പോ ആയിരിക്കും  ജി.യെ കണ്ടതും തിരുവല്ലയിലെ കോളേജിലേക്കുള്ള ശുപാര്‍ശ കത്ത് ലഭിച്ചതും. എന്തായാലും തിരുവല്ലയില്‍ പോകാതെ ആലുവ യു.സി. കോളേജില്‍ ജോലിയില്‍ പ്രവേശിച്ചു. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന വലിയ പാരമ്പര്യം അവകാശപ്പെടാന്‍ കഴിയുന്ന കോളേജാണ് അത്. അദ്ധ്യാപനത്തില്‍ അതീവ താല്പര്യമുള്ള അപ്പന്‍ വളരെ സന്തോഷത്തോടെയാണ് ജോലിയില്‍ പ്രവേശിച്ചത്. അപ്പന്‍ അവിടെ ജോലി ചെയ്യുന്നതിനു വളരെ മുന്‍പ് അവിടെ പ്രശസ്ത ചിന്തകനും യുക്തിവാദിയും സാഹിത്യനിരൂപകനുമായ കുറ്റിപ്പുഴ കൃഷ്ണപിള്ള മലയാള വിഭാഗത്തില്‍ ജോലി ചെയ്തിരുന്നു. അദ്ദേഹം വിരമിച്ചെങ്കിലും മിക്ക ദിവസവും കോളേജില്‍ വരും. അദ്ദേഹത്തിനായി വലിയ ഒരു ചാരുകസേര അവിടെ ഒരുക്കിവച്ചിരുന്നു. കുറ്റിപ്പുഴ വളരെ നേരം അവിടെയിരുന്ന് അദ്ധ്യാപകരോടും മറ്റും സംസാരിക്കും. കുറ്റിപ്പുഴയെ കാണാനും അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കുവാനും ചുറ്റും ആളുകളുണ്ടാകും. കുറ്റിപ്പുഴയെ കാണാന്‍ ജോസഫ് മുണ്ടശ്ശേരിയും യുക്തിവാദിയായ എം.സി. ജോസഫും അവിടെ വരാറുണ്ടായിരുന്നു. അപ്പന്‍ കുറ്റിപ്പുഴയുമായി സൗഹാര്‍ദ്ദത്തിലായി. ആശയവിനിമയം നടത്താനും തയ്യാറായി. വലിയ ആദരവോടെ കുറ്റിപ്പുഴയുടെ വാക്കുകള്‍ കേട്ടു. പില്‍ക്കാലത്ത് കുറ്റിപ്പുഴയെക്കുറിച്ച് എഴുതിയപ്പോള്‍ ('ഒറ്റയാന്റെ ഇതിഹാസം') അദ്ദേഹത്തിന്റെ ക്ഷോഭിക്കുന്ന കണ്ണുകളാണ് തന്നെ ആദ്യം വശീകരിച്ചതെന്ന് പറയുന്നുണ്ട്. ചില വൈകുന്നേരങ്ങളില്‍ കുറ്റിപ്പുഴയുമൊത്ത് നടക്കാന്‍ ഇറങ്ങിയിട്ടുണ്ട്. മംഗലപ്പുഴ പാലത്തിന്റെ വീതിയേറിയ കൈവരിയിലിരുന്ന് അവര്‍ സംസാരിച്ചു. ടോള്‍സ്റ്റോയിയെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രസിദ്ധമായ 'യുദ്ധവും സമാധാനവും' എന്ന നോവലിനെക്കുറിച്ചുമൊക്കെ സംസാരിച്ചു. മുണ്ടശ്ശേരിയെപ്പറ്റി കുറ്റിപ്പുഴ എഴുതിയ ഒരഭിപ്രായത്തെ താന്‍ വിമര്‍ശിച്ചപ്പോള്‍ അദ്ദേഹം നീരസം പ്രകടിപ്പിച്ചതും പിന്നീട് അത് മാറിയതുമൊക്കെ അപ്പന്‍ ഓര്‍മ്മകളില്‍ കുറിച്ചിട്ടിട്ടുണ്ട്. പച്ചമനുഷ്യനായ കുറ്റിപ്പുഴയെ അദ്ദേഹം അടുത്തറിഞ്ഞു. ജീവിതത്തിന്റെ അയുക്തിക വശത്തെക്കുറിച്ച് അന്വേഷിക്കുകയും എഴുതുകയും ചെയ്ത അപ്പന് കുറ്റിപ്പുഴയിലെ യുക്തിവാദിയുടെ കാര്‍ക്കശ്യം ഇഷ്ടമായിരുന്നോ എന്നു സംശയമാണ്. എന്നാല്‍, കുറ്റിപ്പുഴയുടെ ബൗദ്ധിക ജീവിതത്തെ അപ്പന്‍ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തു. ഇരുട്ടിനെതിരെ പൊരുതിയ വിപ്ലവകാരിയായും തികഞ്ഞ ദാര്‍ശനികനായും അപ്പന്‍ കുറ്റിപ്പുഴയെ വിലയിരുത്തി. കേരളത്തിന്റെ സാംസ്‌കാരിക ജീവിതത്തേയും ചിന്താജീവിതത്തേയും പുതുക്കിപ്പണിഞ്ഞ സ്വതന്ത്ര ചിന്തകനായ കുറ്റിപ്പുഴയുമായുള്ള ചെറിയ സൗഹൃദത്തിന് അദ്ദേഹം വലിയ വില കല്പിച്ചിരുന്നു.

കെ.പി. അപ്പന്‍ യു.സി. കോളേജില്‍ ജോലി ചെയ്യുമ്പോള്‍ പരിചയപ്പെട്ട മറ്റൊരു വ്യക്തി എഴുത്തുകാരിയായ രാജലക്ഷ്മിയാണ്. ഒറ്റപ്പാലം എന്‍.എസ്.എസ് കോളേജില്‍ ജോലി ചെയ്തിരുന്ന രാജലക്ഷ്മി ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലെ ആരെയോ കാണാന്‍ വേണ്ടി യു.സി. കോളേജില്‍ വന്നതാണ്. കാലം 1964. രാജലക്ഷ്മി ആത്മഹത്യ ചെയ്യുന്നതിന് കുറച്ചു മുന്‍പ്. 1956 മുതല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കഥകളും നോവലുകളും എഴുതി അവര്‍ പ്രശസ്തിയുടെ തിളക്കത്തില്‍ നില്‍ക്കുന്ന കാലമാണ്. മലയാളത്തിലെ നല്ല വായനക്കാരുടെ ശ്രദ്ധയും ആദരവും രാജലക്ഷ്മി അതിനകം നേടിയിരുന്നു. എഴുത്തുകാരി എന്ന നിലയില്‍ കേരളമാകെ പ്രശസ്തയാണവര്‍. ആദ്യ കഥ മുതല്‍ രാജലക്ഷ്മി എഴുതിയ കഥകളും നോവലുകളും അപ്പന്‍ സൂക്ഷ്മമായി വായിക്കുന്നുണ്ടായിരുന്നു. എഴുത്തുകാരിയെ നേരില്‍ കണ്ടപ്പോള്‍ സന്തോഷത്തോടെ അങ്ങോട്ടുചെന്ന് സംസാരിക്കുകയായിരുന്നു. അപ്പന്റെ പതിവ് രീതിയല്ല അത്. ഒന്നും തുറന്നു സംസാരിക്കാതെ ഒഴിഞ്ഞുമാറുന്ന സ്വഭാവമാണ് രാജലക്ഷ്മിക്ക് ഉണ്ടായിരുന്നത്. അപ്പന്‍ എഴുതുന്നു:

രാജലക്ഷ്മി
രാജലക്ഷ്മി

'ഞാന്‍ രാജലക്ഷ്മിയെ കാണുമ്പോള്‍ നാലു മണി കഴിഞ്ഞിരുന്നു. അവര്‍ സംസാരിക്കുവാന്‍ വലിയ താല്പര്യം കാണിച്ചില്ല. ഒട്ടും വികസിക്കാത്ത ചിരി. പുറമേ ശോഭിക്കുന്നതായി ഒന്നുമില്ലായിരുന്നു. വൈകുന്നേരത്തെ ചെങ്കനല്‍ പ്രകാശത്തിലും ആ മുഖം ശോഭിച്ചില്ല. സംസാരത്തില്‍ ഒരുതരം തളര്‍ച്ചയുണ്ടായിരുന്നു...'

തുടര്‍ന്ന് അവരെഴുതിയ കൃതികളെക്കുറിച്ചു പറഞ്ഞപ്പോഴും കടുത്ത നിസ്സംഗത! വായനയെക്കുറിച്ച് ആരാഞ്ഞപ്പോഴും കാര്യമായ മറുപടിയൊന്നുമുണ്ടായില്ല. ഈ കണ്ടുമുട്ടല്‍  കഴിഞ്ഞ് കുറച്ചു മാസങ്ങള്‍ പിന്നിട്ടപ്പോള്‍ അവര്‍ ആത്മഹത്യ ചെയ്തു. രാജലക്ഷ്മി എന്ന എഴുത്തുകാരിയുടെ സ്വയംഹത്യ അപ്പന്റെ മനസ്സിനെ ആഴത്തില്‍ മുറിവേല്‍പ്പിച്ചു. കുട്ടിക്കാലം മുതല്‍ ആത്മഹത്യകള്‍ അദ്ദേഹത്തിന്റെ മനസ്സിനെ ആന്തരികമായി പിടിച്ചുലയ്ക്കുന്ന പ്രശ്‌നമാണ്. അത് നല്‍കുന്ന ഭീതിയും ഉല്‍ക്കണ്ഠയും താങ്ങാന്‍ പ്രയാസമാണ്. പ്രിയപ്പെട്ട ഒരെഴുത്തുകാരിയുടെ മരണം, അതും ആത്മഹത്യ അന്നത്തെ സാഹിത്യലോകത്തെ നടുക്കിയ സംഭവമാണ്. അതിനെ സംബന്ധിക്കുന്ന നിരവധി കഥകള്‍ പരന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ: പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന തന്റെ നോവലിന്റെ പ്രസിദ്ധീകരണം നിര്‍ത്തണമെന്ന് രാജലക്ഷ്മി ആവശ്യപ്പെടുകയും പത്രാധിപര്‍ പ്രസിദ്ധീകരണം നിര്‍ത്തുകയും ചെയ്തിരുന്നു. വാരികയില്‍ പ്രസിദ്ധീകരിച്ചുവന്ന നോവല്‍ നോവലിസ്റ്റിന്റെ ആവശ്യപ്രകാരം നിര്‍ത്തിവച്ചത് അന്ന് സാഹിത്യലോകത്തെ വലിയ സംഭവമായിരുന്നു. ആ എഴുത്തുകാരി സ്വകാര്യജീവിതത്തില്‍ പരിഹരിക്കുവാനാകാത്ത വലിയ പ്രശ്‌നങ്ങളും സംഘര്‍ഷങ്ങളും നേരിട്ടു എന്നതാണ് സത്യം. ആ സംഘര്‍ഷം അനുഭവിക്കുന്ന വേളയിലായിരിക്കണം യു.സി. കോളേജില്‍ വച്ച് അപ്പന്‍ രാജലക്ഷ്മിയെ കണ്ടത്! കാലം കഴിഞ്ഞപ്പോള്‍ സാഹിത്യത്തിലെ ആത്മഹത്യകള്‍ അദ്ദേഹത്തിനു പഠനവിഷയമായി. സ്വയംഹത്യയുടെ പിന്നിലെ ദാര്‍ശനികതയും വൈകാരികതയും മനശ്ശാസ്ത്രവും പഠിച്ച് എഴുത്തുകാരുടെ സ്വയം നശിപ്പിക്കലിന്റെ പിന്നിലെ യാഥാര്‍ത്ഥ്യങ്ങള്‍ കണ്ടെത്തുവാന്‍ കെ.പി. അപ്പനിലെ വിമര്‍ശകന്‍ മുന്നോട്ടുവന്നു. രാജലക്ഷ്മിയുടെ ആത്മഹത്യയെ സംബന്ധിച്ച വാര്‍ത്ത പത്രങ്ങളില്‍ വന്നപ്പോള്‍ അവരെഴുതിയ 'ആത്മഹത്യ' എന്ന കഥ വീണ്ടും വായിച്ചു. ആ കഥ അവരുടെ ആത്മഹത്യാക്കുറിപ്പാണെന്ന് അന്നേ തോന്നുകയും ചെയ്തു. സ്‌നേഹത്തിന് സ്‌നേഹത്തെ മനസ്സിലാക്കാന്‍ കഴിയാത്ത ഒരു ലോകത്തില്‍ ആത്മഹത്യ സംഭവിക്കുകയാണ് എന്ന് അപ്പന്‍ മനസ്സിലാക്കി. 'ആത്മഹത്യ' എന്ന കഥയെ അടിസ്ഥാനമാക്കി 'മരണത്തിന്റെ ഹൃദ്യമായ മുന്നറിയിപ്പുകള്‍' എന്ന നിരൂപണ ലേഖനമെഴുതിയത് പിന്നെയും ചില ദശകങ്ങള്‍ കഴിഞ്ഞാണ് എന്നുമാത്രം.
             
 

ഡിഎച് ലോറൻസ്
ഡിഎച് ലോറൻസ്

'ലേഡി ചാറ്റര്‍ലിയുടെ കാമുകന്‍' സൃഷ്ടിച്ച കുഴപ്പങ്ങള്‍ 

യു.സി. കോളേജില്‍ കുറച്ചൊക്കെ തൃപ്തനായി ജോലി ചെയ്യുവാനും വായിക്കുവാനും സാധിച്ചു. എന്നാല്‍, ചില അനുഭവങ്ങള്‍ കയ്പുള്ളതായിരുന്നു. ആ കാലത്ത് അദ്ദേഹം ആവര്‍ത്തിച്ചു വായിച്ച പുസ്തകമായിരുന്നു ഡി.എച്ച്. ലോറന്‍സ് എഴുതിയ 'ലേഡി ചാറ്റര്‍ലിയുടെ കാമുകന്‍' എന്ന നോവല്‍. മുപ്പത്തിയൊന്ന് കൊല്ലത്തോളം നീണ്ടുനിന്ന സെന്‍സര്‍ഷിപ്പ് നേരിട്ട ആ നോവലിനോടും നോവലിസ്റ്റ് ലോറന്‍സിനോടും കടുത്ത ആരാധനയായിരുന്നു യുവാവായ അപ്പന്. സദാചാരത്തെക്കുറിച്ചുള്ള പരമ്പരാഗതമായ ധാരണകളെ ലംഘിച്ചുപോകുന്ന നോവലായിരുന്നു അത്. ശുദ്ധമായ പ്രണയത്തിന്റെ ലഹരിയും കവിതയും അതിലുണ്ടായിരുന്നു. ലൈംഗികതയുടെ തീവ്രസൗന്ദര്യവും അഗാധതാളവും ആ നോവലിലുണ്ടായിരുന്നു. എന്നാല്‍, സമൂഹം അനുശാസിക്കുന്ന സദാചാരപരവും ധാര്‍മ്മികവുമായ വിലക്കുകളെ ലംഘിക്കുന്ന സ്വഭാവവും അതിനുണ്ടായിരുന്നു. അതില്‍ വെട്ടിത്തിളങ്ങുന്ന കലാമൂല്യം മാത്രമേ അപ്പന്‍ നോക്കിയുള്ളൂ. യു.സി. കോളേജിലെ പൊതു സ്റ്റാഫ്‌റൂമില്‍ ഇരുന്ന് അപ്പന്‍ ഈ നോവല്‍ വായിച്ചത് സദാചാരവാദികളായ സഹപ്രവര്‍ത്തകരില്‍ പലര്‍ക്കും ഇഷ്ടപ്പെട്ടില്ല. മുതിര്‍ന്ന പുരോഹിതനായ അദ്ധ്യാപകന്‍ അപ്പനെ സൂക്ഷിച്ചു നോക്കുകയും ചെയ്തു. മറ്റുള്ളവരും സംശയദൃഷ്ടിയോടെ അപ്പനെ നോക്കി. ഈ നോവല്‍ മറ്റൊരു കോളേജില്‍ അദ്ദേഹത്തിനു കിട്ടുമായിരുന്ന ജോലി ഇല്ലാതാക്കിയ ചരിത്രവുമുണ്ട്. അത് അപ്പന്‍ സഹപ്രവര്‍ത്തകനും സുഹൃത്തുമായ പ്രൊഫ. കെ. ജയരാജനോട് പറഞ്ഞിട്ടുണ്ട്. യു.സി. കോളേജില്‍ ജോലി കിട്ടുന്നതിനു മുന്‍പ് സെന്റ് തെരേസാ കോളേജില്‍ ജോലിക്കായി ഇന്റര്‍വ്യൂവിനു പോയി. പ്രൊഫ. ജയരാജന്‍ ഇപ്രകാരം എഴുതി:

'ഡി.എച്ച്. ലോറന്‍സിന്റെ 'ലേഡി ചാറ്റര്‍ലിയുടെ കാമുകന്‍' അക്കാലത്ത് അപ്പന്റെ കൈ പുസ്തകമായിരുന്നു. ലൈംഗികതയുടെ സൗന്ദര്യവും സങ്കീര്‍ണ്ണതകളും അനാവരണം ചെയ്തു കൊണ്ടുള്ള ഈ കൃതിയില്‍ ലോറന്‍സ് കപട സദാചാരബോധത്തെ ഞെട്ടിപ്പിച്ചു. പുസ്തകം അക്ഷരാര്‍ത്ഥത്തില്‍ നെഞ്ചോട് ചേര്‍ത്തുവച്ചുകൊണ്ട് ഇന്റര്‍വ്യൂ ബോര്‍ഡിന്റെ മുന്‍പില്‍ എത്തുന്നു. ബോര്‍ഡ് അംഗങ്ങള്‍ ഞെട്ടി. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയെങ്കിലും 'ലേഡി ചാറ്റര്‍ലിയുടെ കാമുകന്‍' കാരണം അവര്‍ ജോലി നിഷേധിച്ചു.'

യു.സി. കോളേജില്‍ വച്ച് ആ നോവല്‍ അപ്പന്റെ കൈവശം കണ്ടപ്പോള്‍ പലരുടേയും നെറ്റി ചുളിഞ്ഞു. അപ്പന്‍ അത് കാര്യമാക്കിയില്ല. സദാചാരവാദികളെ ഭയന്ന് ആ കലാസൃഷ്ടി ഒളിച്ചു വായിക്കുവാന്‍ അദ്ദേഹം തയ്യാറായില്ല. ലോറന്‍സിന്റെ നോവല്‍ പരസ്യമായി വായിക്കുകയും നെഞ്ചോട് ചേര്‍ത്തുവച്ചു നടക്കുകയും ചെയ്തു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അതൊരു കലാസൃഷ്ടിയാണ്. 'കൊച്ചുപുസ്തക'മല്ല. അതിലെ വിഷയം സെക്‌സാണ്. സെക്‌സ് വൃത്തികെട്ട രഹസ്യമോ പാപമോ ആണെന്ന് അദ്ദേഹം കരുതിയതുമില്ല. ലൈംഗികത ജീവിതത്തിന്റെ മധുര ഭാവങ്ങളില്‍ ഒന്നാണെന്നും അത് സൃഷ്ടിക്കുന്ന സൗന്ദര്യാനുഭൂതികള്‍ ആസ്വദിക്കുന്നത് തന്റെ സ്വാതന്ത്ര്യമാണെന്നും അദ്ദേഹം കരുതി. അതുകൊണ്ടാണ് അടിമസദാചാരത്തെ അവഗണിച്ച് ഡി.എച്ച്. ലോറന്‍സിന്റെ നോവല്‍ പരസ്യമായി കൊണ്ടുനടന്നത്. ഈ നോവല്‍ സൗന്ദര്യപരമായ വലിയ പാഠങ്ങള്‍ അപ്പനു നല്‍കി. മനുഷ്യജീവിത രഹസ്യങ്ങളിലേക്ക് അത് സൂചനകള്‍ നല്‍കി. അദ്ദേഹത്തിന്റെ സൗന്ദര്യവിചാരത്തിനു പുതിയ അറിവുകള്‍ നല്‍കി. എവിടെയും ഈ നോവല്‍ ചര്‍ച്ച ചെയ്തിരുന്നു. കോണിയും തോട്ടക്കാരന്‍ മെല്ലെഴ്‌സും തമ്മിലുള്ള ലൈംഗിക ബന്ധം ആ നോവലില്‍ ഉള്ളതിനെക്കാള്‍ ആയിരം മടങ്ങ് ഇത്തരം ചര്‍ച്ചകളില്‍ വിവരിക്കപ്പെട്ടതായി അപ്പന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. കലയിലെ സദാചാരത്തെക്കുറിച്ചും ലൈംഗികതയുടെ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ സൗന്ദര്യത്തെക്കുറിച്ചുമെല്ലാം ഒരുപാട് പാഠങ്ങള്‍ ആ കൃതി അപ്പനു നല്‍കി. സദാചാരത്തിന്റെ പേരില്‍ രോഷംകൊള്ളുന്നവരുടെ കാപട്യം തുറന്നുകാണിക്കാന്‍ ലോറന്‍സിന്റെ ആ നോവല്‍ അപ്പന് വെളിച്ചം പകര്‍ന്നുകൊടുത്തു. എഴുപതുകളില്‍ മലയാളസാഹിത്യത്തില്‍ എഴുത്തുകാര്‍ അശ്ലീലത്തിന്റെ പേരില്‍ ആക്രമിക്കപ്പെട്ടപ്പോള്‍, ഒ.വി. വിജയനും കാക്കനാടനും മാധവിക്കുട്ടിയും മറ്റും യാഥാസ്ഥിതിക ചിന്തകരാല്‍ ക്രൂരമായി വിമര്‍ശിക്കപ്പെട്ടപ്പോള്‍ വലിയ പ്രതിരോധവുമായി നിലയുറപ്പിച്ച കെ.പി. അപ്പന്റെ കൈവശം അപ്പോഴും 'ലേഡി ചാറ്റര്‍ലിയുടെ കാമുകന്‍' ഉണ്ടായിരുന്നു. 'മൂല്യ സംരക്ഷകര്‍ക്ക് കുറെ അപ്രിയ സത്യങ്ങള്‍' ('കലഹവും വിശ്വാസവും') എന്ന ലേഖനത്തില്‍ ഡി.എച്ച്. ലോറന്‍സ് കപടസദാചാരത്തിന് എതിരെ നടത്തിയപ്പോള്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ ഉദ്ധരിക്കുന്നുണ്ട്. ലോറന്‍സിന്റെ സ്വതന്ത്രചിന്തയും ലൈംഗികതയെപ്പറ്റിയുള്ള കാഴ്ചപ്പാടുകളും അപ്പന്റെ മനസ്സില്‍ എന്നും നിറഞ്ഞുനിന്നിരുന്നു. യു.സി. കോളേജിനെക്കുറിച്ച് ഓര്‍ക്കുമ്പോഴെല്ലാം അദ്ദേഹത്തിന്റെ മനസ്സില്‍ 'ലേഡി ചാറ്റര്‍ലിയുടെ കാമുകന്‍' എന്ന നോവല്‍ കടന്നുവരും.

യു.സി. കോളേജില്‍ ഒരു വര്‍ഷം മാത്രമേ അദ്ദേഹം ജോലി ചെയ്തുള്ളൂ. ആ അക്കാദമിക് വര്‍ഷം അവസാനം എത്തിയപ്പോള്‍ കോളേജിലെ കുട്ടികളുടെ 'എസ്‌കര്‍ഷനു' നേതൃത്വം കൊടുക്കുവാന്‍ കോളേജ് അധികാരികള്‍ അപ്പനോട് ആവശ്യപ്പെട്ടു. കോളേജ് വിദ്യാര്‍ത്ഥികളുമൊത്തുള്ള വിനോദയാത്ര അപ്പന്റെ സ്വഭാവത്തിനു പറ്റുന്നതല്ലായിരുന്നു. അത് അപ്പനു നന്നായി അറിയാമായിരുന്നു. കുട്ടികളുമായി ഉല്ലസിച്ച് വിനോദയാത്രയ്ക്കു പോകുവാനുള്ള മാനസികാവസ്ഥ തനിക്ക് ഇല്ലാത്തതിനാല്‍ ആ നിര്‍ദ്ദേശം സ്വീകരിക്കുവാന്‍ അപ്പന്‍ തയ്യാറായില്ല. തുടര്‍ന്ന് അദ്ദേഹത്തെ ജോലിയില്‍നിന്നും പിരിച്ചുവിട്ടു. 'ഞാന്‍ എഴുതി ജീവിക്കു'മെന്ന് പറഞ്ഞ് യു.സി. കോളേജ് വിട്ടു.

(തുടരും)

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com