ചിലപ്പോള്‍ അങ്ങനെയാണ്, വഴികള്‍ നമ്മളെ നിര്‍ദ്ദാക്ഷിണ്യം പുറന്തള്ളും, അപ്രതീക്ഷിതങ്ങളെ പ്രതീക്ഷിക്കുന്നവരത്രെ യാത്രികര്‍...

13862 അടി ഉയരത്തിലാണ് പാംഗോങ് തടാകം സ്ഥിതിചെയ്യുന്നത്. ഇന്ത്യയിലും ചൈനയിലുമായി നീണ്ടുപരന്നു കിടക്കുന്ന ഈ തടാകത്തിനാകെ 134 കിലോമീറ്റര്‍ നീളമുണ്ട്
ചിലപ്പോള്‍ അങ്ങനെയാണ്, വഴികള്‍ നമ്മളെ നിര്‍ദ്ദാക്ഷിണ്യം പുറന്തള്ളും, അപ്രതീക്ഷിതങ്ങളെ പ്രതീക്ഷിക്കുന്നവരത്രെ യാത്രികര്‍...

രുവശവും പാറക്കൂട്ടങ്ങള്‍. ചിലയിടങ്ങളില്‍ വലിയ പുല്‍പ്പരപ്പുകള്‍. മറ്റു ചിലയിടങ്ങളില്‍ അഗാധങ്ങളായ ഗര്‍ത്തങ്ങള്‍. വഴി ഞങ്ങളേയും കൊണ്ട് ദൂരെദൂരേയ്ക്ക് പോവുകയാണ്. തണുത്ത കാറ്റ് വീശുന്ന വളവുകളും ചൂടിലുരുകുന്ന തിരിവുകളും മാറി മാറി വന്നുകൊണ്ടിരുന്നു. അങ്ങനെ പോകവേ ഒരു കയറ്റത്തില്‍ ഞങ്ങളെത്തി. അവിടെയാണ് മുന്‍പ് പറഞ്ഞ ആ ബോര്‍ഡ്. പാംഗോങിന്റെ ആദ്യ ദര്‍ശനം തന്നെ വല്ലാത്ത അനുഭൂതിയാണ്. ലഡാക്കില്‍ എവിടെ എത്തിച്ചേരുമ്പോളും നമുക്ക് ആദ്യം അനുഭവപ്പെടുക ആശ്വാസമാണ്. വന്യവിജനമായ മലയിടുക്കുകളിലൂടെ മണിക്കൂറുകളോളം സഞ്ചരിച്ചിട്ട് ഒരു ജനവാസകേന്ദ്രത്തില്‍ എത്തിച്ചേരുന്നതിന്റെ ആശ്വാസമാണത്. മിണ്ടാനും പറയാനും മറ്റു മനുഷ്യരെ കാണാമല്ലോ എന്ന ആശ്വാസം. ഏകാന്തത ഇത്രയും ഉറകൂടിയ പ്രദേശങ്ങള്‍ ഇന്ത്യയില്‍ വേറെ കാണാന്‍ വഴിയില്ല. 

ഞങ്ങള്‍ ആ ബോര്‍ഡിനു മുന്നില്‍ വണ്ടി നിര്‍ത്തി കുറെ ഫോട്ടോകള്‍ എടുത്തു. മലയിടുക്കിനു പിന്നില്‍ ഒളിഞ്ഞുകിടക്കുന്ന തടാകത്തിന്റെ വളരെ ചെറിയ ഒരു ഭാഗം മാത്രമാണ് ഇവിടെ നിന്നാല്‍ കാണാന്‍ കഴിയുക. ആ ദൃശ്യം ഹിമാലയത്തിലെ ഏറ്റവും വലിയ ഉപ്പുവെള്ള തടാകത്തിന്റെ ശരിക്കുമുള്ള വിസ്താരത്തെ മനസ്സിലാക്കാന്‍ പര്യാപ്തമല്ല. എന്നാലും ഹരിതനീലിമയില്‍ ഒളിഞ്ഞുനോക്കുന്ന ജലത്തിന്റെ ആ അല്പമാത്ര ദര്‍ശനം പോലും നിര്‍വൃതിക്കു ധാരാളമാണ്.

'ഇന്നുമീ ശ്വേതാദ്രിയാല്‍ തൂവെള്ളി കെട്ടപ്പെട്ടോ
രിന്ദ്രനീലക്കല്ലൊളിത്തെളിപ്പൊയ്കകള്‍' 

എന്ന് വൈലോപ്പിള്ളി എഴുതിയതുപോലെയുള്ള ഒരു ജലരാശി.

13862 അടി ഉയരത്തിലാണ് പാംഗോങ് തടാകം സ്ഥിതിചെയ്യുന്നത്. ഇന്ത്യയിലും ചൈനയിലുമായി നീണ്ടുപരന്നു കിടക്കുന്ന ഈ തടാകത്തിനാകെ 134 കിലോമീറ്റര്‍ നീളമുണ്ട്. മൊത്തം ചുറ്റളവ് 604 കിലോമീറ്റര്‍ വരും. ആഴം 328 അടിയും. ഏറ്റവും വീതികൂടിയ സ്ഥലങ്ങളില്‍ തടാകത്തിന് 5 കിലോമീറ്റര്‍ വരെ വിസ്തീര്‍ണമുണ്ട്. തണുപ്പുകാലത്ത് പൂര്‍ണ്ണമായും ഉറഞ്ഞുപോകുന്ന പാംഗോങ് അപൂര്‍വ്വങ്ങളായ പക്ഷികളുടെ താവളം കൂടിയാണ്. യൂറോപ്പില്‍നിന്നും സൈബീരിയയില്‍നിന്നുമൊക്കെ ഇന്ത്യയിലേക്ക് ശൈത്യകാല യാത്ര നടത്തുന്ന പക്ഷികള്‍ പലതും പാംഗോങിലെത്താറുണ്ട്. സ്വര്‍ണ്ണവര്‍ണ്ണമാര്‍ന്ന ചക്രവാകങ്ങള്‍ നീന്തിത്തുടിക്കുന്ന സ്വപ്നസമാനമായൊരിടം. കാളിദാസനുള്‍പ്പെടെ തീവ്രപ്രണയത്തിന്റെ പ്രതീകമായി ചൂണ്ടിക്കാട്ടിയ ഇവര്‍ ഒരു ഇലയുടെ മറവുകൊണ്ടുപോലും ഇണയെ വേര്‍പിരിഞ്ഞിരിക്കാന്‍ കഴിയാത്തവരാണെന്നു പറയപ്പെടുന്നു. പക്ഷേ, എറണാകുളത്തിനടുത്ത് കടമക്കുടിയില്‍ ഇണയെക്കൂടാതെ ഒറ്റയ്ക്ക് വിരുന്നുവന്ന ഈ പക്ഷിയെ ഞാന്‍ കണ്ടിട്ടുണ്ട്!  

അതെന്തുമാകട്ടെ, മേഘങ്ങളുടെ കൈവശം ദൂതയച്ചത് അംഗീകരിച്ചുകൊടുത്ത നമുക്ക് ഈ കവിഭാവനയെ അംഗീകരിക്കാനാണോ പ്രയാസം! എന്തായാലും പാംഗോങ് തടാകത്തിന്റെ മുക്കാല്‍ ഭാഗവും സ്വന്തം കൈവശമായിട്ടും ബാക്കിയുള്ള ഭാഗങ്ങള്‍ കൂടെ കൈക്കലാക്കാന്‍ ചൈന നടത്തുന്ന ശ്രമങ്ങള്‍ കുപ്രസിദ്ധമാണ്. രണ്ടായിരത്തി പതിനൊന്നില്‍ തടാകത്തിലെ അതിര്‍ത്തിരേഖ ബോട്ടില്‍ മുറിച്ചുകടന്ന് ചൈനീസ് പട്ടാളം ഇന്ത്യന്‍ ഭാഗത്തെത്തിയിരുന്നു. എന്നാല്‍, അന്ന് ഇന്ത്യന്‍ സൈന്യത്തിന്റെ ഇടപെടല്‍ മൂലം അവര്‍ക്ക് തിരിച്ചുപോകേണ്ടിവന്നു. ഇപ്പോഴും ഇവിടുത്തെ മലനിരകളില്‍ പലതും ചൈന കൈയടക്കിവെച്ചിരിക്കുകയാണ്. അവ തിരിച്ചു കിട്ടുന്നതിനുള്ള സൈനികതല ചര്‍ച്ചകള്‍ നടക്കുന്നതിന്റെ വാര്‍ത്തകള്‍ ഇടയ്ക്കിടക്ക് പത്രങ്ങളില്‍ വരുന്നുമുണ്ട്.

എന്തായാലും ശക്തമായ സൈനികസാന്നിധ്യമുള്ള ഒരു പ്രദേശമാണ് പാംഗോങ്. ഇന്ത്യചൈന അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന യുദ്ധസമാനമായ അന്തരീക്ഷം തന്നെയാണ് ഈ തടാകത്തെ ഇന്ന് പ്രശസ്തമാക്കുന്നത്. ഗാല്‍വാന്‍ താഴ്‌വരയില്‍ ഇന്ത്യയുടേയും ചൈനയുടേയും പട്ടാളക്കാര്‍ ഏറ്റുമുട്ടിയതും 20 ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് ജീവന്‍ നഷ്ടമായതും 2020ലാണ്. അന്ന് ചൈന തങ്ങളുടെ ഭാഗത്തെ ആള്‍നാശം വെളിപ്പെടുത്തിയില്ലെങ്കിലും പിന്നീട് അവര്‍ തങ്ങളുടെ 45 സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് സമ്മതിച്ചു. 2022ല്‍ ബീജിങ്ങില്‍വെച്ച് നടന്ന ശൈത്യകാല ഒളിംപിക്‌സില്‍ ഗാല്‍വാനില്‍ സേവനമനുഷ്ഠിച്ച സൈനികനെ ദീപശിഖാ പ്രയാണത്തില്‍ ഉള്‍പ്പെടുത്തിയതിന്റെ പേരില്‍ ഇന്ത്യ ഒളിംപിക്‌സിന്റെ ഉദ്ഘാടന സമ്മേളനം ബഹിഷ്‌കരിച്ചിരുന്നു. ഇപ്പോഴും പ്രശ്‌നങ്ങള്‍ പൂര്‍ണ്ണമായും ഒഴിവായിട്ടില്ല. ഈ ഉപ്പുവെള്ള തടാകത്തില്‍ ചൈനയ്ക്ക് എന്താണിത്ര താല്പര്യം എന്ന് മനസ്സിലാകണമെങ്കില്‍ പാംഗോങ് സന്ദര്‍ശിക്കണം. ചുറ്റിലും ഉയര്‍ന്ന കൊടുമുടികള്‍ അതിരിടുന്ന തടാകം തന്ത്രപ്രധാനമായ ഒരു സൈനികമേഖലയാണെന്നു മാത്രമല്ല, ഇതിനോട് ചേര്‍ന്നുള്ള ഗ്രാമങ്ങള്‍ ചൈനയുടെ ഭൂപരിധി വര്‍ദ്ധിപ്പിക്കാനുള്ള അമിതാവേശം ശമിപ്പിക്കാനും സഹായിക്കും.

സൂര്യപ്രകാശമേല്‍ക്കുമ്പോള്‍ പാംഗോങിലെ ജലോപരിതലത്തില്‍ നീലയും പച്ചയും ഊതയും വയലറ്റും ചുമപ്പും നിറങ്ങള്‍ മാറിമാറി വിടരും. ഞങ്ങള്‍ എത്തുമ്പോള്‍ ഹരിതനീലിമയായിരുന്നു. കുറെയധികം ടൂറിസ്റ്റുകള്‍ ഞങ്ങള്‍ക്കു മുന്നേ എത്തിയിട്ടുണ്ട്. അവരെല്ലാവരും തടാകക്കരയില്‍ ഇളവേല്‍ക്കുന്നു. വിശാലമായ മണല്‍പ്പരപ്പില്‍ അലങ്കരിച്ച യാക്കുകളെയും കൊണ്ട് ചിലര്‍ യാത്രികരെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നു. മധുവിധു ആഘോഷിക്കാനെത്തിയ മിഥുനങ്ങള്‍ ചാഞ്ഞും ചരിഞ്ഞും തങ്ങളുടെ സ്വപ്നയാത്ര ഫ്രെയിമിലാക്കുന്നു. പക്ഷികള്‍ ഒറ്റയ്ക്കും കൂട്ടമായും ജലത്തില്‍ നീന്തിനടക്കുന്നു. പക്ഷേ, ഇതൊന്നുമായിരുന്നില്ല ഞങ്ങള്‍ക്ക് കണ്ടെത്തേണ്ടിയിരുന്നത്.

ഞങ്ങള്‍ ആദ്യം കണ്ട കടയില്‍ത്തന്നെ കയറി ഇവിടെ എവിടെയാണ് എ.ടി.എം കൗണ്ടര്‍ ഉള്ളതെന്ന് ചോദിച്ചു. ഉത്തരം കേട്ടപ്പോള്‍ ഞെട്ടിപ്പോയി. അവിടെ അങ്ങനെ ഒരു സംഗതിയേ ഇല്ല! ഞങ്ങള്‍ പരസ്പരം നോക്കി. 

'അതിരിക്കട്ടെ, ഇവിടെ അടുത്ത് എവിടെയെങ്കിലുമുണ്ടോ?'

'ഏറ്റവും കുറഞ്ഞത് മാഹിയില്‍ എങ്കിലും എത്തണം.'

'അപ്പോള്‍ ചുസൂലിലോ?'

'അവിടെയുണ്ടോ എന്നറിയില്ല. മാഹിയില്‍ തന്നെ ഉള്ളകാര്യം സംശയമാണ്.'

എല്ലാ കണക്കുകൂട്ടലുകളും കണ്‍മുന്നില്‍ തകര്‍ന്നുവീഴുകയാണ്! ഇനി എന്താണ് ചെയ്യുക? ഞങ്ങള്‍ തടാകക്കരയില്‍ മണല്‍തിട്ടയില്‍ ഇരുന്നു. മുന്നില്‍ നീര്‍പ്പക്ഷികള്‍. അവ ഞങ്ങളെ ശ്രദ്ധിക്കുന്നതേയില്ല. പക്ഷികള്‍ക്കുപോലും ഞങ്ങളെ വേണ്ടാതെ ആയോ? വിശപ്പു സഹിച്ച് മുന്നോട്ടു പോകാമെന്നു കരുതിയാല്‍ തന്നെ താമസിക്കാനുള്ള പണം വേണം. കയ്യില്‍ അതുമില്ല! 

ഇനി വേറെ വഴിയൊന്നുമില്ല, മടങ്ങുക തന്നെ! ഞങ്ങള്‍ക്കു മുന്നില്‍ 1962ല്‍ ഇന്ത്യയും ചൈനയും തമ്മില്‍ പോരാടിയ യുദ്ധഭൂമിയുണ്ട്, തടാകക്കരയില്‍ തന്നെ മുന്നോട്ടു പോവുമ്പോള്‍ മനംകവരും പ്രകൃതിഭംഗിയാല്‍ ആരെയും വശീകരിക്കുന്ന നാലോളം ഗ്രാമങ്ങളുണ്ട്, പിന്നെ വഴിയില്‍ കാത്തിരിക്കുന്ന എന്തൊക്കെ അത്ഭുതങ്ങള്‍ കാണും! എല്ലാം മാഞ്ഞുപോവുകയാണ്!

തടാകക്കരയില്‍ ബുദ്ധിസ്റ്റ് പ്രാര്‍ത്ഥനാ പതാകകള്‍ കാറ്റിലാടിക്കൊണ്ടിരുന്നു. സൊ മോരിരിയിലെ 400 വര്‍ഷം പഴക്കമുള്ള ബുദ്ധവിഹാരം ഞങ്ങള്‍ക്കിനി കാണാന്‍ കഴിയില്ല. പാംഗോങിനോളം വരില്ലെങ്കിലും സൊ മോരിരി 120 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ഒരു തടാകമാണ്. പാംഗോങിനെക്കാള്‍ ഉയരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നതും. ഹിമപ്പുലിയേയും ഹിമാലയന്‍ ചെന്നായയേയും വരെ കണ്ടേക്കാവുന്ന സ്ഥലമാണ്. വിരളമായി മാത്രം കാണാന്‍ കഴിയുന്ന പലതരം പക്ഷികള്‍, ഉരഗങ്ങള്‍, സസ്തനികള്‍ എല്ലാം നഷ്ടമായി. യാത്രയെന്നാല്‍ ചെല്ലുന്നയിടങ്ങളിലെ ജീവികളെക്കൂടി കാണാനുള്ളതാണ്, അറിയാനുള്ളതാണ്. അക്‌സൈ ചിന്നിനോട് ചേര്‍ന്ന് ലഡാക്കിലൂടെയുള്ള ഒരു റൗണ്ട് ട്രിപ്പ് ആണ് ഞങ്ങള്‍ക്ക് നഷ്ടമാകുന്നത്.

2006ല്‍ ഗൗരവ് ജാനി സംവിധാനം ചെയ്ത ഒരു ഡോക്യുമെന്ററിയുണ്ട്, Riding Solo to the Top of the World എന്ന പേരില്‍. എന്‍ഫീല്‍ഡ് ബൈക്കില്‍ ലോകത്തെ ഏറ്റവും ഉയരം കൂടിയ പീഠഭൂമിയായ 'ചാങ്ദങി'ലേക്ക് ജാനി നടത്തിയ ഒറ്റയാള്‍ സഞ്ചാരമാണ് അതില്‍. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ വേറെയാരുമില്ലാത്തതുകൊണ്ട് പലപ്പോഴും വഴിയില്‍ ക്യാമറ വെച്ചതിനുശേഷം ദൂരേയ്ക്ക് വണ്ടിയോടിച്ചു പോയിട്ടൊക്കെയാണ് ജാനി ഈ ഡോക്യുമെന്ററി ചിത്രീകരിച്ചിരിക്കുന്നത്. ഈ യാത്രയില്‍ ജാനി ഒടുവിലെത്തിപ്പെടുന്നത് സൊ മോരിരി തടാകക്കരയിലാണ്. ഇതിനിടയില്‍ അദ്ദേഹം ടിബറ്റന്‍ നൊമാഡിക് ജനതയായ 'ചാങ്പാ'കളോടൊപ്പം ഒരു രാത്രി ചെലവഴിക്കുന്നുമുണ്ട്.  

സൊ മോരിരി ഉള്‍പ്പെടെ 1600 കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന ഒരു പീഠഭൂമിയാണ് ചാങ്ദങ്. 15000 അടിക്കു മേലെയാണ് ശരാശരി ഉയരം. താല്‍ക്കാലികമായി കെട്ടിയുണ്ടാക്കുന്ന ടെന്റുകളില്‍ താമസിക്കുന്ന ചാങ്പാകള്‍ വര്‍ഷം മുഴുവനും കന്നുകാലികള്‍ക്കുള്ള മേച്ചില്‍പ്പുറങ്ങള്‍ തേടി ചാങ്ദങ് പീഠഭൂമിയിലൂടെ തലങ്ങും വിലങ്ങും സഞ്ചരിച്ചുകൊണ്ടിരിക്കും. ഇതിനിടയില്‍ മുന്തിയ ഇനം പഷ്മിന കമ്പിളി ഉപ്പിനും മറ്റാവശ്യങ്ങള്‍ക്കുമായി ഹിമാലയന്‍ ഗ്രാമങ്ങളില്‍ കൊണ്ടുപോയി വില്‍ക്കും. ശിശിരകാലത്ത് ശക്തമായ മഞ്ഞുവീഴ്ചയുണ്ടാകുന്ന ഇടമാണ് ചാങ്ദങ്. ചില അതിശൈത്യം മൂലം ഇവരുടെ ആടുകളും യാക്കുകളും പുല്ലു കിട്ടാതെ കൂട്ടത്തോടെ ചത്തുവീഴും. ചാങ്പാകള്‍ ശൈത്യകാലത്തിനു മുന്നോടിയായി വളര്‍ത്തുമൃഗങ്ങളെ കൊന്ന് അവയുടെ മാംസം സൂക്ഷിച്ചുവെയ്ക്കും. ഇതാണ് കാരുണ്യമേതുമില്ലാത്ത ഹിമാലയന്‍ മഞ്ഞുകാലത്തെ മറികടക്കാനുള്ള അവരുടെ ഏക മാര്‍ഗ്ഗം. 

ഈ യാത്രയില്‍ ചിലപ്പോള്‍ ഞങ്ങള്‍ക്ക് ചാങ്പാകളെ കാണാന്‍ കഴിഞ്ഞെങ്കിലോ? സമതലങ്ങളുടെ നെറിവുകേടുകളില്‍നിന്നും പര്‍വ്വതങ്ങളുടെ നേരിലേക്ക് വണ്ടി ഓടിച്ചെത്തിയ ഞങ്ങള്‍ക്ക് കളങ്കമേല്‍ക്കാത്ത ആ പച്ചമനുഷ്യരെ കാണാന്‍ കഴിയുന്നതുതന്നെ വലിയ ഭാഗ്യമായിരിക്കും. 2006ല്‍ ജാനിയുടെ ഡോക്യുമെന്ററി കണ്ട നാള്‍ മുതലുള്ള ആഗ്രഹമാണ് ഇവിടേയ്ക്ക് വരണമെന്നത്. ഇതുവരെ നടന്നില്ല. എന്നിട്ടിപ്പോള്‍ തൊട്ടടുത്തുവരെയെത്തി തിരിച്ചു പോകേണ്ടിവരികയാണ്! യാത്രയില്‍ പറ്റുമെങ്കില്‍ ഒരിടവും ഒഴിവാക്കരുത്. ഒരുപക്ഷേ, പിന്നീടൊരിക്കലും നിങ്ങള്‍ അങ്ങോട്ട് പോയി എന്നുവരില്ല.

ലഡാക്കിലേക്കു പോകുമ്പോള്‍ ജാനിയുടെ സഞ്ചാരങ്ങള്‍ എന്റെ മനസ്സിലുണ്ടായിരുന്നു. പക്ഷേ, ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ല. ഞങ്ങള്‍ തടാകക്കരയില്‍ ആളൊഴിഞ്ഞ മറ്റൊരിടത്തേക്ക് വണ്ടി ഓടിച്ചു. ലക്ഷക്കണക്കിന് ഉരുളന്‍കല്ലുകള്‍ ഒഴുകിപ്പരന്ന ഒരിടം. ആ കല്ലുകള്‍ക്കിടയിലൂടെ സൊ മോരിരിയിലേക്കുള്ള മണ്‍പാത നീണ്ടുകിടന്നു. മുന്നേ പോയ വാഹനങ്ങളുടെ വീല്‍പ്പാടുകള്‍. അവയ്ക്കു മുകളില്‍ ഇപ്പോഴും പൊടി പാറുന്നുണ്ട്. ഇടതുവശം ചേര്‍ന്ന് ദൂരെ തടാകം ആളൊഴിഞ്ഞ ഉത്സവപ്പറമ്പുപോലെ ആകാശത്തെ കോരിക്കുടിച്ചു കിടന്നു. ആടയാഭരണങ്ങളോ ആരവങ്ങളോ ഒന്നുമില്ലാതെ വെറും ജലമായി അത് ഞങ്ങളെ നോക്കി. മറുകരയില്‍ ഉയര്‍ന്നുനില്‍ക്കുന്ന പര്‍വ്വതവിരലുകളില്‍ ചിലതില്‍ ആകാശമണിയിച്ച മോതിരം പോലെ മേഘങ്ങള്‍. പോകാനാവാത്ത വഴിയുടെ മുനമ്പില്‍ നില്‍ക്കുന്നതിനേക്കാള്‍ വിഷമം പിടിച്ച മറ്റൊന്നും യാത്രികനെ തേടി വരാനില്ല. പക്ഷേ, ചിലപ്പോള്‍ അങ്ങനെയാണ്, വഴികള്‍ നമ്മളെ നിര്‍ദ്ദാക്ഷിണ്യം പുറന്തള്ളും. അപ്രതീക്ഷിതങ്ങളെ പ്രതീക്ഷിക്കുന്നവരത്രെ യാത്രികര്‍.

ഞങ്ങള്‍ ആ ഉരുളന്‍കല്ലുകള്‍ക്കു മുകളിലിരുന്ന് തുര്‍തുക്കില്‍നിന്നും അലി തന്നുവിട്ട ആപ്രിക്കോട്ടും വാല്‍നട്ടും പൊട്ടിച്ചു തിന്നു. ഇനി മടക്കയാത്രയില്‍ എവിടെയെങ്കിലും വെച്ച് എ.ടി.എം കണ്ടെത്തി പണം എടുത്താല്‍ മാത്രമേ കഴിക്കാനോ താമസിക്കാനോ എന്തിനായാലും പറ്റൂ. കയ്യില്‍ ആകെയുള്ളത് വെള്ളവും ഈ പരിപ്പുകളും മാത്രമാണ്. ആപ്രിക്കോട്ടും വാല്‍നട്ടും കഴിച്ച് വെള്ളവും കുടിച്ച് വിശപ്പ് മാറിയപ്പോള്‍ അവസാനമായി പാംഗോങിനെ ഒന്നുകൂടി നോക്കിയിട്ട് ഞങ്ങള്‍ മടക്കയാത്ര ആരംഭിച്ചു. ഞങ്ങള്‍ക്കു പിന്നില്‍ കിനാവിന്റെ മറുകരപോലെ സൊ മോരിരി എവിടെയോ മറഞ്ഞുകിടന്നു. കുറേ ദൂരം പിന്നിട്ട് തിരിഞ്ഞുനോക്കിയപ്പോള്‍ ഹിമവാന്റെ കണ്‍തടത്തില്‍ പൊടിഞ്ഞ ഒരു നീര്‍ത്തുള്ളിപോലെ പാംഗോങ് ഒന്നു മിന്നി. പിന്നെ ചെറുതായി ചെറുതായി മറഞ്ഞുപോയി.

32 ചുരം കയറുന്ന ചരിത്രം

അമേരിക്കന്‍ എഴുത്തുകാരനായ ജോണ്‍ സ്റ്റെയിന്‍ബെക്ക് ഒരിക്കല്‍ പറഞ്ഞു: 'യാത്ര വിവാഹം പോലെയാണ്. അതില്‍ തെറ്റ് പറ്റാനുള്ള സുനിശ്ചിതമായ മാര്‍ഗ്ഗം നിങ്ങളാണത് നിയന്ത്രിക്കുന്നത് എന്ന് കരുതുകയാണ്' എന്ന്. വഴികള്‍ നമ്മെയും കൊണ്ടുപോവുകയാണ്. ചിലപ്പോള്‍ നമ്മെ അവ ലക്ഷ്യത്തിലെത്തിക്കും, ചിലപ്പോള്‍ പാതിയിലുപേക്ഷിക്കും, മറ്റു ചിലപ്പോള്‍ പ്രതീക്ഷിക്കാത്തയിടങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയെന്നും വരും. നമുക്ക് ചെയ്യാന്‍ കഴിയുന്നത് കാറ്റില്‍ ഇലപോലെ തടസ്സവാദങ്ങളില്ലാതെ തെന്നിനീങ്ങുക എന്നതു മാത്രമാണ്. കുറച്ചു നേരം മുന്നേ മാത്രം അങ്ങോട്ടു പോയ പാതയിലൂടെ തിരിച്ചു പായുകയാണ് ഞങ്ങളിപ്പോള്‍. 'ഈ വഴി ഇനി വരില്ലല്ലോ' എന്നോര്‍ത്ത് പോകുംവഴി സാവകാശമെല്ലാം കണ്ടും കേട്ടും പോയതായതുകൊണ്ട് ഞങ്ങള്‍ അതിവേഗത്തില്‍ തന്നെ വണ്ടി ഓടിച്ചുകൊണ്ടിരുന്നു.

കുറേ ദൂരം ചെന്നപ്പോള്‍ മഴ ചാറാന്‍ തുടങ്ങി. തണുപ്പിന്റെ നൂലുകള്‍ ആകാശത്തുനിന്നും തൂക്കിയിട്ടിരിക്കുന്നതുപോലെ. മഴയിലൂടെ വണ്ടിയോടിച്ച് പോരവേ വഴിയിലൊരിടത്തൊരു പുല്‍മേട്ടില്‍ ഒരു ടിബറ്റന്‍ കാട്ടുകഴുതയെ ഞങ്ങള്‍ കണ്ടു. അത് ഒറ്റയ്ക്കായിരുന്നു. സാധാരണ ആണ്‍ കഴുതകളാണ് ഒറ്റയ്ക്കു മേയുന്നത്. ഇവയെ വേട്ടയാടാന്‍ ഹിമാലയന്‍ ചെന്നായ്ക്കള്‍ പുറകെ കൂടാറുണ്ട്. ഞങ്ങള്‍ വണ്ടി നിര്‍ത്തി കുറേ നേരം അതിനെ നോക്കിനിന്നു. ചെന്നായ്ക്കളെയൊന്നും കണ്ടില്ല. ടിബറ്റന്‍ പീഠഭൂമിയില്‍ മാത്രം കാണപ്പെടുന്നവയാണ് ഈ കഴുതകള്‍. തദ്ദേശവാസികള്‍ 'കിയാങ്' എന്നാണ് വിളിക്കുന്നത്. മൂക്കും വായയും ചെവിയുടെ ഉള്‍ഭാഗവും കഴുത്തിന്റേയും വയറിന്റേയും അടിഭാഗവും വെളുത്തിട്ടാണ്. പുറത്ത് തവിട്ടുനിറത്തിലുള്ള രോമങ്ങളുണ്ട്. തലയുടെ ഉച്ചിയില്‍നിന്നും ആരംഭിക്കുന്ന കുഞ്ചിരോമത്തിന് കറുപ്പ് കലര്‍ന്ന തവിട്ടുനിറമാണ്. ചാറ്റല്‍ മഴയിലൂടെ മുനിഞ്ഞുകത്തുന്ന വെയിലില്‍ ലഡാക്കിന്റെ വരണ്ട മലനിരകളുടെ പശ്ചാത്തലത്തില്‍ അതിനെ സ്വൈര്യമായി മേയാന്‍ വിട്ടിട്ട് ഞങ്ങള്‍ യാത്ര തുടര്‍ന്നു.

നംഗ്യാലിന്റെ ഹോംസ്റ്റേ എത്തിയപ്പോള്‍ ചെറുതായി വേഗത കുറച്ചെങ്കിലും നിര്‍ത്തിയില്ല. മുറ്റത്തെങ്ങും ആരെയും കാണാനില്ല. തലേന്നത്തേതുപോലെ ആവാതിരിക്കണമെങ്കില്‍ മഴ കനക്കും മുന്നേ ആള്‍ത്താമസമുള്ള ഗ്രാമങ്ങളില്‍ എവിടെയെങ്കിലുമെത്തണം. ഞങ്ങള്‍ വീണ്ടും വണ്ടിയുടെ വേഗത കൂട്ടി. ഇടയ്‌ക്കെപ്പോഴോ മഴ മാറി വെയില്‍ തെളിഞ്ഞു. പര്‍വ്വതങ്ങളുടെ നിഴല്‍ വീണ വഴിയില്‍ കല്‍ക്കെട്ടിനു ചുവട്ടിലൂടെ നീങ്ങുന്ന രണ്ട് കട്ടുറുമ്പുകളെപ്പോലെ ഞങ്ങളുടെ ബൈക്കുകള്‍ സഞ്ചരിച്ചുകൊണ്ടിരുന്നു. സമയം ഉച്ചയോടടുത്തപ്പോള്‍ ഞങ്ങള്‍ റ്റാങ്‌സിയില്‍ എത്തി. പക്ഷേ, അവിടെയും എ.ടി.എം ഉണ്ടായിരുന്നില്ല. വീണ്ടും മുന്നോട്ട് ഏകദേശം 50 കിലോമീറ്ററിനടുത്ത് സഞ്ചരിച്ചു കഴിഞ്ഞപ്പോഴാണ് പിന്നീട് ഒരു ഗ്രാമം മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. അത് ദുര്‍ബുക്ക് ആയിരുന്നു.

ചെറിയൊരു ലഡാക്കി ഗ്രാമമാണ് ദുര്‍ബുക്ക്. ആയിരത്തില്‍ താഴെ മനുഷ്യര്‍ മാത്രമുള്ള ഒരു ഗ്രാമം. ഇവിടെനിന്നും വഴി രണ്ടായി പിരിയും. വലതുവശത്തേയ്ക്ക് പോയാല്‍ ഷയോക്ക് താഴ്‌വര വഴി ഖല്‍സാര്‍ എത്തി അവിടെനിന്നും കാര്‍തുംഗ് ലാ ചുരം കടന്ന് ലേയില്‍ എത്താം. ആകെ 228 കിലോമീറ്റര്‍ വണ്ടി ഓടിക്കണം. ആ വഴിക്കാണ് ഞങ്ങള്‍ ഇങ്ങോട്ടു വന്നത്. ഇടത്തേയ്ക്കു തിരിഞ്ഞാല്‍ ചങ് ലാ ചുരം വഴി കാരുവില്‍ എത്തി അവിടെനിന്നും തിക്‌സേ വഴി ലേയില്‍ എത്താം. ആകെ 115 കിലോമീറ്റര്‍ ദൂരം. ദുര്‍ബുക്കില്‍നിന്നും കാരുവിലേക്ക് 80 കിലോമീറ്റര്‍ ദൂരമുണ്ട്. നേരം ഉച്ച കഴിഞ്ഞിരിക്കുന്നു. ഇനി എന്തെങ്കിലും കഴിച്ചിട്ട് യാത്ര തുടരാം. വഴിയരികില്‍ ആദ്യം കണ്ട ഹോട്ടലിനു മുന്നില്‍ ഞങ്ങള്‍ വണ്ടി നിര്‍ത്തി. അകത്തേയ്ക്കു കയറുന്നതിനു മുന്നേ ഞാന്‍ കടക്കാരനോട് ഇവിടെ എവിടെയെങ്കിലും എ.ടി.എം ഉണ്ടോ എന്നു തിരക്കി. അയാള്‍ ഭാവവ്യത്യാസമൊന്നുമില്ലാതെ ദുര്‍ബുക്കില്‍ എ.ടി.എം ഇല്ല എന്നു പറഞ്ഞു. ഞങ്ങള്‍ ഒന്നു കിടുങ്ങി. 

'എ.ടി.എം ഇല്ലെങ്കില്‍ വേണ്ട ഇവിടെ കാര്‍ഡ് എടുക്കുമോ?'

'എന്ത് കാര്‍ഡ്?'

'അല്ല ഈ...' 

അപ്പോഴാണ് എന്നുമെടുത്തു വീശുന്ന ആ കാര്‍ഡിന്റെ ശരിക്കുള്ള പേരെന്താണെന്നു ഞങ്ങളും ചിന്തിച്ചത്! ഞാന്‍ പേഴ്‌സില്‍നിന്നും എ.ടി.എം കാര്‍ഡ് എടുത്തുകാണിച്ചു. അയാള്‍ നിഷേധ ഭാവത്തില്‍ തലയാട്ടി. ഇയാളോട് പോകാന്‍ പറയൂ. അടുത്ത് ഇനിയും കടകളുണ്ട്. അവിടെ എവിടെയെങ്കിലും കാര്‍ഡ് എടുക്കാതിരിക്കില്ല. ഡിജിറ്റല്‍ ഇന്ത്യയില്‍ തന്നെയല്ലേ ലഡാക്കും, പിന്നെ എന്ത്? 

ഞങ്ങള്‍ വണ്ടി എടുത്ത് കുറേക്കൂടി മുന്നോട്ടുപോയി. അവിടെ വഴിയുടെ ഇടതുവശത്ത് വേറെ ഒരു ഹോട്ടലുണ്ട്. വണ്ടി നിര്‍ത്തി കടയുടെ മുന്നില്‍ വഴിയില്‍ നിന്നുകൊണ്ടുതന്നെ ഞാന്‍ കടക്കാരന്‍ പയ്യനോട് കാര്യം പറഞ്ഞു. ഞങ്ങളുടെ കയ്യില്‍ പൈസയില്ല. പക്ഷേ, കാര്‍ഡ് ഉണ്ട്. അതില്‍ നിറയെ പണമുള്ളവരാണ് ഞങ്ങള്‍. വിശക്കുന്നുണ്ട്. ഭക്ഷണം വേണം, വെള്ളവും. എന്താ കാര്യം നടക്കുമോ? ആ ചെറുപ്പക്കാരന്‍ അവന്റെ കൂട്ടുകാരനെ നോക്കി. അവര്‍ രണ്ടുപേരും ഞങ്ങളെ നോക്കി ചിരിച്ചു.

'ഭയ്യാ ഇവിടെ ഇതൊന്നും എടുക്കില്ല. പൈസ ഉണ്ടെങ്കില്‍ തരൂ.'

'അങ്ങനെ പറഞ്ഞാല്‍ എങ്ങനെയാ?'

'ഇത് ഇവിടെ ചെലവാകില്ല, അത്രതന്നെ.'

സംഗതി ആകെ കൈവിട്ടത് മനസ്സിലാക്കി ഞാന്‍ അവസാനത്തെ അടവ് പ്രയോഗിച്ചു.

'മോനെ ഞങ്ങള്‍ കേരളത്തില്‍നിന്ന് വരുന്നവരാണ്. ഇനി ലെ വരെ പോകണം. കയ്യില്‍ അഞ്ചിന്റെ പൈസയില്ല. പക്ഷേ, നല്ല വിശപ്പുണ്ടുതാനും. നീ ഇപ്പോള്‍ ഞങ്ങള്‍ക്ക് കുറച്ചു ഭക്ഷണവും വെള്ളവും തരികയാണെങ്കില്‍ ലേയില്‍ എത്തിയിട്ട് ഞങ്ങള്‍ പൈസ ബാങ്ക് ട്രാന്‍സ്ഫര്‍ ചെയ്തു തരാം.'

'കാര്യമൊക്കെ ശരിയാണ് ഭയ്യാ. പക്ഷേ, ഇവിടെ അടുത്തൊന്നും ബാങ്കില്ല. മാത്രമല്ല, ഈ ചെറിയ പൈസ എടുക്കാനായി ഞാന്‍ ലെ വരെ പോകണോ?'

പിന്നെയൊന്നും പറയാന്‍ എനിക്കു തോന്നിയില്ല. ഞാന്‍ അവനോടു ചങ് ലാ വഴി ലേയിലേക്കു പോയാല്‍ കാലാവസ്ഥ എങ്ങനെയുണ്ടാവും എന്നു മാത്രം തിരക്കി. മഴയോ മഞ്ഞുവീഴ്ചയോ കാണുമോ?

'ചുരത്തിനു മുകളില്‍ എത്തുമ്പോള്‍ മഞ്ഞുണ്ടാവും.' അവന്‍ പറഞ്ഞു.

ചങ് ലാ 17668 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഒരു ചുരമാണ്. ദുര്‍ബുക്കില്‍നിന്നും നോക്കിയാല്‍ ടാറിട്ട നല്ല പാത. കാര്‍തുങ് ലാ പക്ഷേ, ഇങ്ങനെ അല്ല. വഴിയാകെ മഞ്ഞുവീണും മഴവെള്ളം ഒഴുകിയും തകര്‍ന്നു കിടക്കുകയാണ്. അതുവഴി ലേയില്‍നിന്നും ഇങ്ങോട്ടു വന്നത് ലോകത്തിലെ ഏറ്റവുമുയരം കൂടിയ മോട്ടോറബിള്‍ റോഡിലൂടെ വണ്ടിയോടിക്കണം എന്ന ആഗ്രഹത്തിന്റെ പുറത്താണ്. യഥാര്‍ത്ഥത്തില്‍ 17582 അടി മാത്രമുള്ള കാര്‍തുങ് അല്ല ഈ വിശേഷണത്തിന് അര്‍ഹമായിട്ടുള്ള മലമ്പാത. ചാങ് ലാ പോലും കാര്‍തുങ് ലായേക്കാള്‍ ഉയരം കൂടിയ ചുരമാണ്. ലഡാക്കില്‍ തന്നെയുള്ള ചിസുംലെ ഡെംചോക്ക് എന്നീ ഗ്രാമങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഉംലിങ് ലാ ആണ് ഏറ്റവുമുയരം കൂടിയത്. രണ്ടായിരത്തി പതിനേഴിലാണ് ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ ഈ പാത പണിതീര്‍ത്തത്. 19300 അടിയാണ് ഇതിന്റെ ഉയരം. ലേയില്‍നിന്നും 235 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേയ്ക്ക്.

അടുത്തതവണ വരുമ്പോള്‍ ഉംലിങ് ലായില്‍ എന്തായാലും പോകണം. ഇപ്പോള്‍ തല്‍ക്കാലം ലേയിലേക്ക് പോവുക തന്നെ. ഞങ്ങള്‍ വണ്ടി ചങ് ലാ ചുരത്തിലേക്ക് ഓടിച്ചുകയറ്റി. നേരത്തെ പറഞ്ഞപോലെ നല്ല ടാറിട്ട വഴി. വഴിയുടെ ഇരുപുറവും വലിയ കരിങ്കല്ലുകള്‍ കിടപ്പുണ്ട് എന്നതല്ലാതെ വേറെയൊരു കുഴപ്പവുമില്ല. ഞങ്ങള്‍ കുറച്ചുദൂരം ചുരം കയറിയിട്ട് വണ്ടി നിര്‍ത്തി വഴിയരികിലിരുന്ന് കയ്യില്‍ അവശേഷിച്ചിരുന്ന ആപ്രിക്കോട്ടും വാല്‍നട്ടുമൊക്കെ പൊട്ടിച്ചു കഴിച്ചു. ചുരത്തിനു മുകളില്‍ മഞ്ഞുവീഴ്ച ഉണ്ടാകുമെന്നറിയാവുന്നതുകൊണ്ട് മഴക്കോട്ടും കയ്യുറയുമൊക്കെ നേരത്തെ തന്നെ എടുത്തണിഞ്ഞു. ഞങ്ങള്‍ ഇരിക്കുന്നിടത്തിനു ചുറ്റും വലിയ കുന്നും ഗര്‍ത്തങ്ങളും തന്നെയാണ്. ഇനിയങ്ങോട്ട് ഇതുപോലെ തന്നെയാവും. എന്നാലും വഴി ടാറിട്ടതാണല്ലോ. അതു തന്നെ വല്യ കാര്യം. ഇരുട്ട് പരക്കും മുന്നേ ചുരമിറങ്ങണം. ഞങ്ങള്‍ വീണ്ടും വണ്ടി എടുത്തു. 

ചാങ് ല ടിബറ്റില്‍നിന്നുള്ള സഞ്ചാരികളുടെ മുഖ്യപാതയായിരുന്നു. ഞങ്ങള്‍ പോവുന്ന ഈ പാതയുടെ അരികിലെവിടെയോ ആണ് ചങ്ദങ് പീഠഭൂമി. അതിനുമപ്പുറമാണ് ടിബറ്റ്. 1680ല്‍ ടിബറ്റിലെ അഞ്ചാം ദലൈലാമയുടെ നിര്‍ദ്ദേശപ്രകാരം ലഡാക്ക് ആക്രമിച്ച മംഗോളിയന്‍ സൈന്യം ഡെല്‍ഡന്‍ നംഗ്യാലിന്റെ ലഡാക്കി സൈന്യത്തെ തുരത്തിയോടിച്ചത് ഈ മലമ്പാതയിലെവിടെയോ വെച്ചാണ്. ഈ യുദ്ധത്തിനു പിന്നില്‍ അന്നത്തെ ലഡാക്കും ടിബറ്റും പിന്തുടര്‍ന്നിരുന്ന ബുദ്ധിസത്തിലെ രണ്ടു വിശ്വാസശാഖകള്‍ തമ്മിലുള്ള എതിര്‍പ്പുകളായിരുന്നു കാരണം. 

ലഡാക്കില്‍ ഡെല്‍ഡന്‍ പ്രോത്സാഹിപ്പിച്ചിരുന്നത് ബുദ്ധിസത്തിലെ 'മഞ്ഞത്തൊപ്പി'ക്കാരെ (Yellow Hats) ആയിരുന്നുവെങ്കില്‍ ടിബറ്റില്‍ അഞ്ചാം ദലൈലാമയുടെ നേതൃത്വത്തില്‍ 'ചുമന്ന തൊപ്പിക്കാര്‍' (Red Hats) ആയിരുന്നു അധികാരത്തില്‍. മഞ്ഞത്തൊപ്പിക്കാരായിരുന്ന ഭൂട്ടാനെ ടിബറ്റ് ആക്രമിച്ചതിനെ ഡെല്‍ഡന്‍ എതിര്‍ത്തു. അദ്ദേഹം ദലൈലാമയ്ക്ക് കത്തെഴുതി. അനാവശ്യമായ ഈ ഇടപെടല്‍ ദലൈലാമയെ ചൊടിപ്പിച്ചു. ഇതുകൂടാതെ ഡെല്‍ഡന്‍ മുഗളരുമായി രൂപീകരിച്ച സഖ്യം ഭാവിയില്‍ ടിബറ്റിനും അതുവഴി ചുമന്ന തൊപ്പിക്കാര്‍ക്കും ദോഷം ചെയ്യുമെന്നും ലാമ കരുതി. ഇക്കാര്യങ്ങള്‍ കൊണ്ടൊക്കെയാണ് ലഡാക്കിലേക്ക് സൈന്യത്തെ അയക്കാന്‍ അദ്ദേഹം തീരുമാനിച്ചത്.

മംഗോളിയന്‍ സൈന്യത്തിന്റെ ആക്രമണത്തെ ചെറുക്കാനാവാതെ ഡെല്‍ഡനും അദ്ദേഹത്തിന്റെ സൈന്യവും യുദ്ധമുഖത്തുനിന്നും പിന്തിരിഞ്ഞോടി. ഇവര്‍ പിന്നീട് ബാസ്‌ഗോ എന്ന മലയിടുക്കില്‍ ടിബറ്റന്‍ സൈന്യത്തിനായി കാത്തുനിന്നു. ബാസ്‌ഗോ തന്ത്രപ്രധാനമായ ഒരു സ്ഥലമാണ്. ചുരമിറങ്ങി കാരുവിലെത്തിയാല്‍ അവിടെനിന്നും നദിയോരം ചേര്‍ന്ന് സഞ്ചരിക്കുന്ന പാത ബാസ്‌ഗോയില്‍ വെച്ച് പൊടുന്നനെ മലയുടെ മുകളിലേയ്ക്ക് മാറും. ഇവിടം ഇടുങ്ങിയ ചുരമാണ്. ബാസ്‌ഗോയില്‍ ടിബറ്റന്‍ സൈന്യത്തെ ഡെല്‍ഡന്റെ പട്ടാളക്കാര്‍ മൂന്നുവര്‍ഷത്തോളം ചെറുത്തുനിന്നു. ഇന്നും ബാസ്‌ഗോയിലെ കോട്ടയുടെ അവശിഷ്ടങ്ങള്‍ അവിടെ കാണാം. 

രണ്ടു കൂട്ടരേയും വിജയം കടാക്ഷിക്കാഞ്ഞ ആ ഉപരോധത്തിനൊടുവില്‍ ഡെല്‍ഡന്റെ ആവശ്യപ്രകാരം മുഗള്‍ സൈന്യത്തിന്റെ ഒരു ബറ്റാലിയന്‍ കശ്മീരില്‍നിന്നുമെത്തിയിട്ടാണ് മംഗോളിയരെ തുരത്തിയത്. പക്ഷേ, ഈ സഹായം മുഗളര്‍ നല്‍കിയത് വെറുതെയായിരുന്നില്ല. ഡെല്‍ഡന്‍ അതുവരെ മുഗള്‍ സാമ്രാജ്യത്തിനു നല്‍കാതിരുന്ന കപ്പം മുഴുവനും മൂന്നു വര്‍ഷത്തിലൊരിക്കല്‍ കറുപ്പും വെളുപ്പും നിറത്തിലുള്ള പതിനെട്ട് കുതിരകള്‍, പതിനെട്ടു സഞ്ചി കസ്തൂരി, പതിനെട്ട് വെള്ള യാക്കിന്റെ വാലുകള്‍ എന്നിവയായിട്ടു കൊടുത്ത് തീര്‍ക്കാന്‍ അയാള്‍ നിര്‍ബ്ബന്ധിതനായി. അതോടൊപ്പം പ്രശസ്തമായ കശ്മീരി കമ്പിളി നിര്‍മ്മിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുവായ പഷ്മിനയുടെ കുത്തക മുഗളന്മാര്‍ക്ക് നല്‍കേണ്ടതായും വന്നു. ഇതിന് പകരമായി വര്‍ഷാവര്‍ഷം അഞ്ഞൂറു ചാക്ക് അരി കശ്മീരില്‍നിന്നും ലഡാക്കിലേക്കു കൊടുത്തയക്കാമെന്ന് മുഗളരും സമ്മതിച്ചു.

ഇതുകൂടാതെ ഡെല്‍ഡന്‍ ബുദ്ധമതമുപേ ക്ഷിച്ച് ഇസ്‌ലാം മതം സ്വീകരിക്കണമെന്ന് മുഗളന്മാര്‍ വെച്ച നിബന്ധന അദ്ദേഹത്തിന് അംഗീകരിക്കേണ്ടതായും വന്നു. അദ്ദേഹം പിന്നീട് അക്കിബാത് മഹമ്മൂദ് ഖാന്‍ എന്ന പേരിലാണ് അറിയപ്പെട്ടത്. ഡെല്‍ഡന്റെ ഒരു മകനെ മുഗളര്‍ ബന്ദിയാക്കുകയും കശ്മീരിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ഈ കുട്ടിയെ മുസ്‌ലിമായി വളര്‍ത്തുകയായിരുന്നു അവരുടെ ലക്ഷ്യം. പക്ഷേ, ഇതിനൊക്കെ ശേഷവും രാജകുടുംബവും ഇന്‍ഡസ് താഴ്‌വരയിലെ ജനങ്ങളും ബുദ്ധമതാനുയായികള്‍ ആയിത്തന്നെ തുടര്‍ന്നു.

ഡെല്‍ഡന്റെ മതപരിവര്‍ത്തന വാര്‍ത്തയറിഞ്ഞ അഞ്ചാം ദലൈലാമയുടെ പിന്‍ഗാമി ഒരു ദൂതനെ ലഡാക്കിലേക്കയച്ചു. ഈ ദൂതന്‍ ചുമന്ന തൊപ്പിക്കാരുടെ ഒരു ഉന്നത മതനേതാവായിരുന്നു. അദ്ദേഹം ഖല്‍സിക്കടുത്തുള്ള ടിന്‍മോസ്ഗാങ്ങില്‍വെച്ച് ലഡാക്കുമായി ഒരു ഉടമ്പടിയുണ്ടാക്കി. ഈ ഉടമ്പടിയാണ് പ്രശസ്തമായ '1684-ലെ ടിന്‍മോസ്ഗാങ് ഉടമ്പടി' എന്നറിയപ്പെടുന്നത്. ഇതുപ്രകാരം ലഡാക്കിന്റെ ടിബറ്റുമായുള്ള അതിര്‍ത്തി മാറ്റി വരക്കപ്പെട്ടു. അതോടെ സെന്‍ഗെ നംഗ്യാല്‍ കീഴടക്കിയ പ്രദേശങ്ങളെല്ലാം ലഡാക്കിനു നഷ്ടമായി. ഇന്ന് ചൈനീസ് ടിബറ്റുമായി ഇന്ത്യ പങ്കിടുന്ന അതിര്‍ത്തി ഈ ഉടമ്പടിപ്രകാരം നിര്‍ണ്ണയിക്കപ്പെട്ടതാണ്. 

ടിന്‍മോസ്ഗാങ് ഉടമ്പടിയില്‍ ലഡാക്ക് എല്ലാ വര്‍ഷവും ടിബറ്റിലേക്ക് സമ്മാനങ്ങളുമായി ഒരു സംഘത്തെ അയക്കാനും വ്യവസ്ഥയുണ്ടായിരുന്നു. ഇതിനു പകരമായി പഷ്മിന നല്‍കാമെന്നും ചായയുടെ കച്ചവടം തടസ്സമില്ലാതെ തുടരാമെന്നും ടിബറ്റും സമ്മതിച്ചു. ചായയുമായി വര്‍ഷാവര്‍ഷം ലഡാക്കിലേക്ക് വന്നിരുന്ന കാരവന്‍ 'ചാപാ' എന്നാണ് അറിയപ്പെട്ടിരുന്നതു തന്നെ. ബുദ്ധമതത്തിനെതിരെയുള്ള ഏത് ആക്രമണത്തേയും ചെറുക്കാന്‍ മുന്നണിപ്പോരാളികളായി ലഡാക്കികള്‍ ഉണ്ടാവണമെന്നതായിരുന്നു ടിബറ്റിന്റെ മറ്റൊരു ആവശ്യം. അതും ഡെല്‍ഡന്‍ അംഗീകരിച്ചു. യഥാര്‍ത്ഥത്തില്‍ ഏത് ആവശ്യങ്ങള്‍ ഉന്നയിക്കപ്പെട്ടാലും അംഗീകരിക്കുകയല്ലാതെ ലഡാക്കിനന്ന് വേറെ വഴിയൊന്നും ഉണ്ടായിരുന്നില്ല.

ഇതോടെ ലഡാക്കിന്റെ എല്ലാ പ്രതാപവും അസ്തമിച്ചു. പിന്നീടങ്ങോട്ട് ഒരു സാധാരണ നാട്ടുരാജ്യത്തെപ്പോലെയായിരുന്നു ലഡാക്ക്. ഡെല്‍ഡന്റെ മരണശേഷം ലഡാക്കില്‍ വീണ്ടും പ്രശ്‌നങ്ങള്‍ ഉടലെടുത്തു. ഇതിനിടയില്‍ ദലൈലാമ ലഡാക്കിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാനായി ഒരു ദൂതനെ വീണ്ടുമയച്ചു. ഈ ദൗത്യത്തിന്റെ ഭാഗമായി പരസ്പരം വഴക്കടിച്ചിരുന്ന ലഡാക്കിലെ രാജകുടുംബത്തെ ഒന്നിപ്പിക്കാന്‍ റ്റ്‌ഷെവാങ് നംഗ്യാല്‍ എന്ന രാജാവിനെ അവര്‍ വാഴിച്ചു. റ്റ്‌ഷെവാങ് പക്ഷേ, രാജാവെന്ന നിലയിലൊരു പരാജയമായിരുന്നു. മാത്രമല്ല, അദ്ദേഹത്തിന്റെ മാനസികനിലയിലും കുഴപ്പങ്ങളുണ്ടായിരുന്നു. 

റ്റ്‌ഷെവാങിനു ശേഷം അദ്ദേഹത്തിന്റെ മകന്‍ റ്റ്‌ഷെസ്റ്റാങ് അധികാരത്തില്‍ വന്നു. റ്റ്‌ഷെസ്റ്റാങ് പ്രശസ്തനായ ഒരു പോളോ കളിക്കാരന്‍ കൂടിയായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന കരം വരുമാനത്തിന്റെ അടിസ്ഥാനത്തിലാക്കി എന്നുള്ളതാണ്. പക്ഷേ, റ്റ്‌ഷെസ്റ്റാങ് തന്റെ ഇരുപത്തിമൂന്നാമത്തെ വയസ്സില്‍ അന്തരിച്ചു. ഇതിനുശേഷം റ്റ്‌ഷെസ്റ്റാങ്ങിന്റെ അനിയന്‍ റ്റ്‌ഷെപാല്‍ അധികാരത്തില്‍ വന്നുവെങ്കിലും തന്റെ അച്ഛനെക്കാള്‍ വലിയൊരു പരാജയമായിരുന്നു അദ്ദേഹവും. ഭരണം മന്ത്രിമാരെ ഏല്പിച്ചതുവഴി റ്റ്‌ഷെപാല്‍ ലഡാക്കിന്റെ പൂര്‍ണ്ണമായ തകര്‍ച്ചയ്ക്ക് കാരണക്കാരനായി.

(തുടരും)

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com