മനുഷ്യാവകാശ പ്രശ്നങ്ങള്‍, കൂട്ടത്തിലൊരു കള്ളനാണയവും

പൊലീസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ തോന്നിയ ഒരുപാട് സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്
എ. ഹേമചന്ദ്രന്‍ ഐ.പി.എസ് (റിട്ട.)
എ. ഹേമചന്ദ്രന്‍ ഐ.പി.എസ് (റിട്ട.)


പൊലീസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ തോന്നിയ ഒരുപാട് സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരു പ്രധാന കേസ് തെളിയുക, അതിലെ പ്രതിയെ അറസ്റ്റുചെയ്യുക, കേസ് ശിക്ഷിക്കപ്പെടുക എന്നതെല്ലാം സന്തോഷകരം തന്നെ. അങ്ങനെയുള്ള അവസരങ്ങള്‍ വടകര പൊലീസ് സ്റ്റേഷനിലെ പരിശീലനകാലം മുതല്‍ കുറേയേറെ ഉണ്ടായിട്ടുണ്ട്. കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്നതിനപ്പുറം അതൊന്നും മനസ്സില്‍ താലോലിച്ച് സൂക്ഷിക്കുന്നവയല്ല. അങ്ങനെ സൂക്ഷിക്കുന്നത്, ജോലിക്കിടയില്‍ നീതിക്കുവേണ്ടി നടത്തിയതായി തോന്നിയിട്ടുള്ള ചില ഇടപെടലുകളാണ്. അത്തരമൊരു സംഭവം തൃശൂരിലുണ്ടായി. 

മദ്യപരും മദ്യവിരുദ്ധരും ഒരുപാടുള്ള സ്ഥലമാണ് തൃശൂര്‍. ദീര്‍ഘകാലം നീണ്ടുനിന്ന മദ്യവിരുദ്ധ സമരങ്ങള്‍ അവിടെ നടന്നിട്ടുണ്ട്. സുകുമാര്‍ അഴിക്കോട്, പ്രൊഫസര്‍ കുമാരപിളള തുടങ്ങിയ മഹദ് വ്യക്തിത്വങ്ങള്‍ ചില സമരങ്ങള്‍ക്ക് ധാര്‍മ്മിക പിന്തുണ നല്‍കിയ സംഭവങ്ങളുമുണ്ട്. നേര്‍വിപരീത സ്വഭാവമുള്ള വ്യക്തികളും മദ്യവിരുദ്ധരുടെ കൂട്ടത്തില്‍ത്തന്നെയുണ്ടായിരുന്നു. ഒരിടത്ത് മദ്യഷാപ്പ് വരുന്നതിനെതിരെ ഒരു മദ്യവിരുദ്ധസമിതിയുടെ യോഗത്തിന് മൈക്ക് അനുമതിക്കായി എന്നെ നേരിട്ട് സമീപിച്ച ആളെ കണ്ട് എനിക്ക് അത്ഭുതം തോന്നി. അയാള്‍ ബാര്‍ഹോട്ടല്‍ ഉള്‍പ്പെടെയുള്ള ബിസിനസ്സില്‍ പങ്കാളിയായിരുന്നു. സ്വയം മദ്യത്തിന്റെ വലിയ ഉപഭോക്താവുമായിരുന്നു. അയാളെ മദ്യവിരുദ്ധസമിതിയുടെ ലെറ്റര്‍ ഹെഡിലുള്ള അപേക്ഷയുമായി കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു: ''നിങ്ങള്‍ക്ക് ഇതുമുണ്ടോ?'' ''ഇതും കൂടി ഉണ്ടെങ്കിലേ പറ്റൂ സാര്‍. അവിടെ പുതിയ ഷാപ്പ് വന്നാല്‍ എന്റെ ഹോട്ടലില്‍ ബിസിനസ്സ് പോകും.'' മദ്യവിരുദ്ധ സമിതിയും അയാളുടെ 'ബിസിനസ്സിന്റെ' ഭാഗമായിരുന്നു. ഇതായിരുന്നു ചിലേടത്തെങ്കിലും അവസ്ഥ. 

തൃശൂര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു ബാര്‍ ഹോട്ടലിനെതിരെ പെട്ടെന്നൊരു പ്രതിഷേധ സമരം ആരംഭിച്ചു. എക്സൈസ് വകുപ്പിന്റെ ലൈസന്‍സോടെ തന്നെയായിരുന്നു അത് പ്രവര്‍ത്തിച്ചിരുന്നത്. ആരാധനാലയത്തിന്റെ സാമീപ്യം എന്നൊക്കെപ്പറഞ്ഞ് ഭക്തജനങ്ങളുടെ പേരില്‍ കൂടി ആയിരുന്നു സമരം. രാഷ്ട്രീയ പാര്‍ട്ടികളൊന്നും ആ സമരത്തിന് പരസ്യമായ പിന്തുണ പ്രഖ്യാപിച്ചിരുന്നില്ല. ബാര്‍ ഹോട്ടല്‍ വിരുദ്ധ പ്രതിഷേധം പൊലീസിന് തലവേദന സൃഷ്ടിക്കാതെയാണ് മുന്നോട്ടുപോയത്. ക്രമസമാധാനപ്രശ്‌നം ഉണ്ടായില്ലെന്നു മാത്രമല്ല, അതിന്റെ ലക്ഷണം പോലും കണ്ടില്ല. മദ്യവിരുദ്ധ സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തൃശൂരിലും പരിസരത്തുമുള്ള ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് കുറെ പ്രചരണം നടന്നു. അത്തരം ശ്രമങ്ങളിലൂടെ സമരത്തില്‍ ഇടയ്ക്കിടെ നല്ല സ്ത്രീപങ്കാളിത്തം ഉണ്ടായി. മദ്യപാനത്തില്‍ ലിംഗസമത്വം വരാത്തതുകൊണ്ടും മദ്യത്തിന്റെ ദുരിതം പേറുന്നത് മിക്കവാറും വീട്ടമ്മമാരായതിനാലും ആകാം സ്ത്രീകള്‍ സമരത്തില്‍ സഹകരിച്ചു. ഏത് പ്രക്ഷോഭത്തിലും സ്ത്രീകളുടേയും കുട്ടികളുടേയും പങ്കാളിത്തം വര്‍ദ്ധിക്കുമ്പോള്‍ പൊതുവേ അക്രമസാദ്ധ്യത കുറയും. സംഘാടകരും പ്രകോപനത്തിന് മുതിരുകയില്ല. ദീപാലങ്കാര ഘോഷയാത്ര, വിളക്കുതെളിയിക്കല്‍ പ്രതിഷേധം ഇങ്ങനെയുള്ള സമരരീതികളായിരുന്നു. അതൊന്നും ബാര്‍ഹോട്ടലിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തിയില്ല. പുറത്ത് സമരവും അകത്ത് തീറ്റയും കുടിയും എല്ലാം ഒരുമയോടെ മുന്നോട്ടുപോയി. പക്ഷേ, സമരത്തിന്റെ പൊതുസ്വഭാവത്തിന് കടകവിരുദ്ധമായി ഒരു ദിവസം അപ്രതീക്ഷിതമായി വലിയ അക്രമസംഭവങ്ങള്‍ അരങ്ങേറി. മദ്യവിരുദ്ധസമരം എന്ന ബാനറിനു കീഴില്‍ അണിനിരന്നവര്‍ വിരുദ്ധസ്വഭാവക്കാരായിരുന്നു. ആദര്‍ശശാലികള്‍ മുതല്‍ അക്രമികള്‍ വരെ അതിലുണ്ടായിരുന്നു. അതൊരു ഈസ്റ്റര്‍ ദിനമായിരുന്നു. അന്ന് രാവിലെ ഒരു പ്രതിഷേധ ജാഥയുണ്ടായിരുന്നു. ജാഥയ്ക്ക് പിന്നിലെ കല്ലേറില്‍ നിന്നായിരുന്നു അക്രമങ്ങളുടെ തുടക്കം. പിന്നീട് ഹോട്ടലിനുള്ളില്‍ കയറിയുള്ള അക്രമത്തിലേയ്ക്ക് നീങ്ങി. പൊലീസിനെതിരെയും വാഹനങ്ങള്‍ക്കു നേരെയും കല്ലേറുണ്ടായി. സ്ഫോടകവസ്തുക്കളും എറിഞ്ഞു. തീവെയ്പിനുള്ള ശ്രമങ്ങളുമുണ്ടായി. ഒരു ഹോട്ടല്‍ ജീവനക്കാരന് ഗുരുതരമായി പരിക്കേല്‍ക്കുകയും പിന്നീട് അയാള്‍ കൊല്ലപ്പെടുകയും ചെയ്തു. അക്രമം തികച്ചും അപ്രതീക്ഷിതമായിരുന്നുവെങ്കിലും പെട്ടെന്ന് കൂടുതല്‍ പൊലീസുകാരെ കൊണ്ടുവന്ന് സമാധാനം സൃഷ്ടിക്കാന്‍ കഴിഞ്ഞു. ആ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം ഏതാനും മണിക്കൂറുകള്‍ തടസ്സപ്പെട്ടു. പിന്നീടത് തുറന്നു. ഇത്രയും സംഭവം നടന്നിട്ടും ബാറും ഹോട്ടലും തുടര്‍ന്നും പ്രവര്‍ത്തിക്കുന്നത് പൊലീസിനോടും സര്‍ക്കാരിനോടുമുള്ള വെല്ലുവിളിയല്ലെ എന്ന് ഒരു പത്രപ്രവര്‍ത്തകന്‍ എന്നോട് ചോദിച്ചു. അല്പം ധാര്‍മ്മികരോഷത്തോടെയായിരുന്നു ചോദ്യം. ''മദ്യവില്‍പ്പന ആയാലും പത്രഓഫീസ് ആയാലും നിയമപ്രകാരമുള്ള ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്നതാണെങ്കില്‍ അക്രമം ഉണ്ടായാല്‍ ഉടന്‍ അത് പൂട്ടണം എന്നല്ല പൊലീസ് നിലപാട്'' എന്നു് ഞാന്‍ പറഞ്ഞു. 

പ്രൊഫ. കുമാരപിള്ള
പ്രൊഫ. കുമാരപിള്ള

നീതിനിഷേധം ഭീഷണി ഉയര്‍ത്തുമ്പോള്‍

വെല്ലുവിളി ആയത് ക്രമസമാധാനമല്ല. അക്രമസംഭവങ്ങള്‍ സംബന്ധിച്ച ക്രിമിനല്‍ കേസിന്റെ അന്വേഷണമായിരുന്നു. കൊലപാതകം, കൊലപാതക ശ്രമം, പൊലീസിനെതിരായ അക്രമം, പൊതുമുതല്‍ നശിപ്പിക്കല്‍, സ്ഫോടകവസ്തുകൊണ്ടുള്ള ആക്രമണം എല്ലാമുള്‍പ്പെടെ അങ്ങേയറ്റം ഗൗരവസ്വഭാവമുള്ള കേസായിരുന്നു അത്. മദ്യവിരുദ്ധസമിതി ജാഥയുടെ നേതൃത്വത്തിലുണ്ടായിരുന്നവര്‍ ഉള്‍പ്പെടെ ഏതാനും പേരെ എഫ്.ഐ.ആറില്‍ത്തന്നെ പ്രതിസ്ഥാനത്ത് രേഖപ്പെടുത്തിയിരുന്നു. അതായിരുന്നു അക്കാലത്തെ രീതി. മുതിര്‍ന്ന പൗരന്മാരും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്ന ഒരു പ്രകടനത്തെത്തുടര്‍ന്ന് പിന്നീട് ഉണ്ടാകുന്ന അക്രമസംഭവമാണെങ്കില്‍, ഈ അക്രമം ആയിരുന്നുവോ അവരുടെ പൊതു ഉദ്ദേശ്യം എന്നൊന്നും നോക്കാറില്ല. ജാഥയില്‍ പങ്കെടുക്കുന്നവരില്‍ത്തന്നെ വ്യത്യസ്ത അജണ്ടയുള്ളവര്‍ ഉണ്ടാകാം. സാധാരണ രാഷ്ട്രീയ ജാഥകളിലും മറ്റും ചെറിയ സംഭവമാണെങ്കില്‍ പ്രതിസ്ഥാനത്ത് വരുന്നവരും ഇക്കാര്യത്തില്‍ വലിയ ഉല്‍ക്കണ്ഠ പ്രകടിപ്പിക്കാറില്ല. പലപ്പോഴും അത്തരം കേസുകളില്‍ പ്രോസിക്യൂഷന്‍ പിന്നീട് പിന്‍വലിക്കാറുമുണ്ട്. പക്ഷേ, ഇവിടെ അതല്ല സ്ഥിതി. കേസിന്റെ സ്വഭാവം വ്യത്യസ്തമാണ്. സംഭവം ഗുരുതരവുമാണ്. 

ആർഎൻ രവി
ആർഎൻ രവി

അങ്ങനെയുള്ള കേസുകളില്‍ പൊതുവേ ഒരാള്‍ എഫ്.ഐ.ആറില്‍ പ്രതിയായാല്‍ പിന്നെ അയാള്‍ക്ക് രക്ഷയില്ല. അഥവാ നിരപരാധിയാണെങ്കില്‍, നിരപരാധിത്വം കേസ് അന്വേഷണത്തില്‍ പരിഗണിക്കപ്പെടില്ല. സാങ്കേതികമായി എഫ്.ഐ.ആര്‍ എന്നാല്‍ പൊലീസ് അന്വേഷണത്തിന്റെ തുടക്കം കുറിക്കല്‍ മാത്രമാണ്. അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ശരിയോ തെറ്റോ എന്നെല്ലാം തുടര്‍ന്നുള്ള അന്വേഷണത്തില്‍ വെളിവാകേണ്ടതാണ്. അതാണ് നിയമം. പക്ഷേ, പ്രയോഗം അതായിരുന്നില്ല. എഫ്.ഐ.ആര്‍ അനുസൃതമായി അന്വേഷണം മുന്നോട്ടുപോകും. 'ഷേപ്പ് ചെയ്യുക' എന്നൊരു പ്രയോഗം പൊലീസ് ഉദ്യോഗസ്ഥര്‍ ഉപയോഗിക്കാറുണ്ട്. കേസ് ആ രീതിയില്‍ 'ഷേപ്പ് ചെയ്യപ്പെടും.' ആടിനെ പട്ടിയും പട്ടിയെ ആടും ആക്കുന്ന മാന്ത്രികവിദ്യയാണ് ഈ 'ഷേപ്പിംഗ്.' പിണറായി വിജയന്‍, മുഖ്യമന്ത്രിയാകും മുന്‍പ്  ഒരു പത്രസമ്മേളനത്തില്‍  പരാമര്‍ശിച്ചത് ഓര്‍ക്കുന്നു. അദ്ദേഹം പറഞ്ഞത്, സാധാരണയായി എഫ്.ഐ.ആറില്‍ എന്താണോ ഉള്ളത് അതനുസരിച്ചുതന്നെ അന്വേഷണത്തിലും കാര്യങ്ങള്‍ മുന്നോട്ടുപോകും. കണ്ണൂര്‍ ജില്ലയില്‍ ആര്‍.എന്‍. രവി, ഇപ്പോഴത്തെ തമിഴ്നാട് ഗവര്‍ണര്‍, എസ്.പി ആയിരുന്നപ്പോള്‍ ഒരിക്കല്‍ മാത്രം വ്യത്യസ്തമായ അനുഭവം ഉണ്ടായ കാര്യവും അദ്ദേഹം പരാമര്‍ശിച്ചു. മുഖ്യമന്ത്രി പറഞ്ഞതുതന്നെയായിരുന്നു പൊലീസ് അന്വേഷണത്തിന്റെ പൊതുരീതി. ആലപ്പുഴയില്‍വെച്ച് എന്നോടൊരു ഡി.വൈ.എസ്.പി പഴയൊരു കൊലക്കേസിന്റെ കാര്യം പറഞ്ഞു. എഫ്.ഐ.ആറില്‍ ഏഴുപേരുടെ പേര് പറഞ്ഞിരുന്നു. അതില്‍ ഒരാള്‍ നിരപരാധി ആയിരുന്നു. പക്ഷേ, അയാളെ ഒഴിവാക്കാന്‍ പറ്റില്ല. ഒഴിവാക്കിയാല്‍ ആ എഫ്.ഐ.ആര്‍ വിലയില്ലാതാകും. അങ്ങനെ ബാക്കി പ്രതികളും രക്ഷപ്പെടും, ഇതായിരുന്നു പല വിദഗ്ദ്ധ കുറ്റാന്വേഷകരുടേയും 'തത്ത്വശാസ്ത്രം.' ഈ 'തത്ത്വശാസ്ത്രം' ഒരിക്കലും ഞാന്‍ അംഗീകരിച്ചിട്ടില്ല.  തൃശൂരിലെ ഹോട്ടല്‍ ആക്രമണ കേസില്‍ അങ്ങനെ ഒരവസ്ഥ സംജാതമായി. അറിയപ്പെടുന്ന ഒരു സീനിയര്‍ അഡ്വക്കേറ്റിന്റെ പേരും എഫ്.ഐ.ആറില്‍ ഉള്‍പ്പെട്ടിരുന്നു. പ്രൊഫസര്‍ കുമാരപിള്ള സാര്‍ അതേക്കുറിച്ച് എന്നോട് ദീര്‍ഘമായി സംസാരിച്ചു. മദ്യത്തിനെതിരായ സമാധാനപരമായ സമരം എന്ന നിലയില്‍ മാത്രം ആ അഡ്വക്കേറ്റ് അതില്‍ പങ്കെടുത്തതാണെന്നും അദ്ദേഹം  ഗാന്ധിയന്‍ സ്വഭാവക്കാരനാണെന്നും വ്യക്തമാക്കി. തികഞ്ഞ ആത്മാര്‍ത്ഥതയോടെയാണ് അദ്ദേഹം സംസാരിച്ചത്. പൊലീസിന് ഇക്കാര്യത്തില്‍ മുന്‍വിധിയില്ലെന്നും സ്വതന്ത്രമായ അന്വേഷണം നടത്താമെന്നും ഞാന്‍ അദ്ദേഹത്തിനു വാക്കുകൊടുത്തു. പലരും ഇക്കാര്യം എന്നോട് സംസാരിച്ചു. അതില്‍ പല ഇടപെടലുകളുടേയും പിന്നിലെ ലക്ഷ്യം എന്തായിരുന്നുവെന്ന് എനിക്ക് സംശയം തോന്നി. സത്യസന്ധമായ അന്വേഷണം എന്നതിനപ്പുറം ആരോടും ഒന്നും പറഞ്ഞില്ല. അതുതന്നെയാണ് ചെയ്തത്. മലബാര്‍ ഭാഗത്ത് അധികകാലം ജോലിചെയ്ത ശ്രീനിവാസന്‍ എന്നൊരു നല്ല ഡി.വൈ.എസ്.പി എന്റെ ഓഫീസിലുണ്ടായിരുന്നു; കേസന്വേഷണം അദ്ദേഹത്തെ ഏല്പിച്ചു. ഉണ്ടായ സംഭവത്തെപ്പറ്റി സത്യസന്ധമായി തെളിവുകള്‍ ശേഖരിച്ച ശേഷം പ്രതിയാണോ നിരപരാധിയാണോ എന്നൊക്കെ തീരുമാനിക്കാം എന്നാണ് ഞാന്‍ ഉദ്യോഗസ്ഥനോട് പറഞ്ഞത്. എഫ്.ഐ.ആറില്‍ പേരുവന്നു എന്നതുകൊണ്ടു മാത്രം ഒരാള്‍ കുറ്റവാളിയാകുന്നില്ല; എഫ്.ഐ.ആറില്‍ പേരില്ലാത്തതുകൊണ്ട് കുറ്റവാളി രക്ഷപ്പെടാനും പാടില്ല. അതിനിടെ ആ അഡ്വക്കേറ്റ് എന്നെ കാണാന്‍ വന്നത് ഓര്‍ക്കുന്നു. ആ മുതിര്‍ന്ന അഭിഭാഷകന്‍ ഓഫീസില്‍ വരുമ്പോള്‍ മാനസികമായി കടുത്ത സംഘര്‍ഷത്തിലായിരുന്നു. അനവധി കേസുകളുടെ വിചാരണയില്‍ സര്‍ക്കാരിനെ പ്രതിനിധാനം ചെയ്തു കുറ്റവാളികള്‍ക്ക് വധശിക്ഷ നേടുന്നതില്‍ വിജയിച്ചിരുന്ന ആ മനുഷ്യന്‍ ഓഫീസില്‍ കയറും മുന്‍പ് തന്റെ ചെരുപ്പ് പുറത്തുവെച്ചാണ് വന്നത്. ഞാന്‍ നിര്‍ബ്ബന്ധിച്ച ശേഷമേ ഇരുന്നുള്ളൂ. എഫ്.ഐ.ആര്‍ അനുസരിച്ച് കേസ് 'ഷേപ്പ് ചെയ്താല്‍' താന്‍ കുടുങ്ങിയതു തന്നെ എന്ന് മറ്റാരേക്കാളും നന്നായി പഴയ പ്രോ സിക്യൂട്ടര്‍ക്കറിയാം. സത്യം എന്തായാലും കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ പേനത്തുമ്പിലാണ് തന്റെ ഭാവി എന്ന ഉല്‍ക്കണ്ഠ അദ്ദേഹത്തിനുണ്ടായിരുന്നു. 

എഫ്.ഐ.ആര്‍ അനുസരിച്ചുള്ള 'ഷേപ്പിംഗ്' ആയില്ല അന്വേഷണം. തെളിവ് ശേഖരണം സ്വതന്ത്രമായി മുന്നോട്ടു പോയപ്പോള്‍, പ്രൊഫസര്‍ കുമാരപിള്ള സാര്‍ പറഞ്ഞത് ഉത്തമ ബോദ്ധ്യത്തോടെ ആയിരുന്നുവെന്ന് വ്യക്തമായി. ആ അഭിഭാഷകന്റെ നിരപരാധിത്വം അന്വേഷണത്തില്‍ ബോദ്ധ്യപ്പെട്ടു. അദ്ദേഹത്തെ പ്രതിസ്ഥാനത്തുനിന്നും നീക്കം ചെയ്തു. ഉള്ളതു പറഞ്ഞാല്‍ ഞാനുള്‍പ്പെടെ ആരും ഒരു ആനുകൂല്യവും ആ മനുഷ്യനുവേണ്ടി ചെയ്തില്ല. നിയമപരമായ ചുമതലകള്‍ ഉത്തരവാദിത്വത്തോടെ നിര്‍വ്വഹിക്കുക മാത്രമേ ചെയ്തുള്ളു. ''നിങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് എനിക്കറിയാം'' എന്നു പറഞ്ഞുകൊണ്ട് നിരപരാധിയെ അറസ്റ്റു ചെയ്ത് ജയിലിലാക്കി അനവധി വര്‍ഷങ്ങളുടെ ദുരിതത്തിനു ശേഷം ജീവിതാന്ത്യത്തില്‍ സത്യം പുറത്തുവരുന്ന എത്രയോ അനുഭവങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. ആ ദുരന്തത്തിലേയ്ക്ക് ഒരു നിരപരാധിയെ തള്ളിയിടാതിരിക്കാന്‍ ചെറിയ പങ്ക് വഹിക്കാന്‍ കഴിഞ്ഞു എന്ന തോന്നല്‍ എനിക്കുണ്ട്. 

എംടി വാസുദേവൻ നായർ
എംടി വാസുദേവൻ നായർ

നീതിനിഷേധം മനുഷ്യജീവിതത്തില്‍ വലിയ ദുരന്തമാണ്. തീക്ഷ്ണതയോടെ ഇത് മനസ്സില്‍ പതിഞ്ഞത് തൃശൂര്‍ എസ്.പി ആയിരിക്കുമ്പോഴാണ്. പിന്നീട് ഞാന്‍ പലേടത്തും ഇത് പറഞ്ഞിട്ടുണ്ട്. ഹൈദ്രബാദില്‍ നാഷണല്‍ പൊലീസ് അക്കാദമിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഐ.പി.എസ് പ്രൊബേഷണര്‍മാരുടെ ക്ലാസ്സുകളില്‍ എത്രയോ പ്രാവശ്യം ഇതാവര്‍ത്തിച്ചു. അവര്‍ക്ക് ബോറടിച്ചിട്ടുണ്ടാകണം. തൃശൂരില്‍ത്തന്നെ, രാമവര്‍മ്മപുരം പൊലീസ് ക്യാമ്പില്‍ നടന്ന പൊലീസ് അസ്സോസിയേഷന്‍ സമ്മേളനത്തിന്റെ രാവിലത്തെ ചടങ്ങില്‍ ഞാന്‍ പങ്കെടുത്തിരുന്നു. വൈകുന്നേരത്തെ യോഗത്തില്‍ എം.ടി. വാസുദേവന്‍നായര്‍ പ്രസംഗിച്ചു. അദ്ദേഹത്തിന്റെ പ്രസംഗം ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തത് ''നീതിനിഷേധം മനുഷ്യജീവിതത്തില്‍ വലിയ ദുരന്തമാണ്'' എന്ന തലക്കെട്ടോടെ ആയിരുന്നു. അങ്ങനെ ഉള്ളില്‍ കടന്ന ആ ചിന്ത ഇന്നും കൂടെയുണ്ട്. 

തൃശൂരില്‍, മനുഷ്യാവകാശവുമായി ബന്ധപ്പെട്ട് പങ്കെടുക്കാനിടയായ ഒരു യോഗം മറക്കാനാവില്ല. വലിയ ഷോയും ബഹളവും ഒന്നും ഉണ്ടായിരുന്ന യോഗമായിരുന്നില്ല. പൊലീസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ യോഗങ്ങള്‍ക്ക് ക്ഷണം ധാരാളം വരാറുണ്ടായിരുന്നെങ്കിലും അപൂര്‍വ്വമായി  മാത്രമേ സ്വീകരിച്ചിട്ടുള്ളൂ. ഇവിടെ സംഘാടകര്‍ ആത്മാര്‍ത്ഥതയുള്ളവരാണെന്നു തോന്നി. വിഷയം പൊലീസും മനുഷ്യാവകാശവും. അങ്ങനെ ഞാന്‍ പങ്കെടുക്കാമെന്ന് സമ്മതിച്ചു. എന്നെ കൂടാതെയുള്ള പ്രധാന പ്രാസംഗികന്‍ ഈച്ചരവാര്യര്‍ ആണെന്ന് പിന്നീടറിഞ്ഞു. രാജന്‍ കേസ് അറിയാത്തവരാരും കേരളത്തില്‍ അന്നുണ്ടാകില്ലല്ലോ. പൊലീസ് ഉദ്യോഗസ്ഥനോടൊപ്പം മനുഷ്യാവകാശത്തിന്റെ വേദി അദ്ദേഹം പങ്കിടുമ്പോള്‍ എന്തായിരിക്കും അദ്ദേഹത്തിന്റെ മാനസികാവസ്ഥ എന്നു ഞാന്‍ ആലോചിച്ചു. വ്യക്തിപരമായി എനിക്കതില്‍ ബുദ്ധിമുട്ട് തോന്നേണ്ട കാര്യമില്ലായിരുന്നു. 1977-ല്‍ ആ സംഭവം ഹേബിയസ് കോര്‍പ്പസ് പെറ്റീഷനായി കേരള ഹൈക്കോടതിയില്‍ വരുന്നതു മുതല്‍ അതിന്റെ ഓരോ ചലനങ്ങളും ഞാന്‍ സൂക്ഷ്മമായി നിരീക്ഷിച്ചിട്ടുണ്ട്. പത്രങ്ങളിലൂടെ ദിവസവും പുറത്തുവന്നുകൊണ്ടിരുന്ന കാര്യങ്ങള്‍ എന്നെ വല്ലാതെ ഉത്ക്കണ്ഠപ്പെടുത്തിയിട്ടുണ്ട്, വേദനിപ്പിച്ചിട്ടുമുണ്ട്. ഏറെ കാര്യങ്ങള്‍ പുറത്തുകൊണ്ടുവന്ന അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് എന്ന പത്രപ്രവര്‍ത്തകനോടും ഉള്ളില്‍ വലിയ ബഹുമാനം തോന്നി. പക്ഷേ, അതൊക്കെ പഴയകഥ. അതില്‍ പ്രതിസ്ഥാനത്തായിരുന്ന 'കാക്കി'യുടെ പുതിയ പ്രതിനിധിയാണല്ലോ ഞാനിപ്പോള്‍. മനുഷ്യാവകാശത്തെക്കുറിച്ചുള്ള യോഗത്തിന്റെ വേദിയില്‍ മനുഷ്യാവകാശ ധ്വംസനത്തിന്റെ ഇരയും പൊലീസിന്റെ പ്രതിനിധിയായി ഞാനും ഒരുമിക്കുകയാണല്ലോ. ആ യോഗത്തിന് ബോധപൂര്‍വ്വം ഞാന്‍ 'കാക്കി' ഉപേക്ഷിച്ചു. സിവില്‍ വേഷത്തിലാണ് പോയത്. യോഗത്തിന്റെ വേദിയില്‍ ഈച്ചരവാര്യരെ കണ്ടയുടന്‍ തൊഴുതുകൊണ്ട് സ്വയം പരിചയപ്പെടുത്തി. '1977-ല്‍ ഞാനും തൃശൂര്‍ എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ആയിരുന്നു,'' എന്നാണ് അടുത്തതായി പറഞ്ഞത്. അതത്ര ആലോചിച്ച് പറഞ്ഞതൊന്നുമല്ല. പ്രൊഫസര്‍ ഈച്ചരവാര്യരുടെ സാന്നിദ്ധ്യം രാജനെ ഓര്‍മ്മിപ്പിച്ചിരിക്കാം. അങ്ങനെയാകാം അതു പറഞ്ഞത്. അദ്ദേഹത്തിന്റെ മുഖത്ത് ദുഃഖം മിന്നിമറഞ്ഞപോലെ തോന്നി. ഞങ്ങളിരുന്നു. വലിയ സ്‌നേഹത്തോടെയാണ് എന്നോട് അദ്ദേഹം ഇടപഴകിയത്. 

ഈച്ചരവാര്യർ
ഈച്ചരവാര്യർ

മനുഷ്യാവകാശത്തിന്റെ വ്യത്യസ്ത മാനങ്ങള്‍

അദ്ദേഹത്തിന്റെ പ്രസംഗം എന്നെ അത്ഭുതപ്പെടുത്തി. വ്യക്തിനിഷ്ഠമായ പൊലീസ് വിരോധത്തിന്റെ ബഹിര്‍സ്ഫുരണമായിരുന്നില്ല അദ്ദേഹത്തിന്റെ വാക്കുകള്‍. സ്വാതന്ത്ര്യത്തിന് മുന്‍പ് പൊലീസ് പ്രവര്‍ത്തനം എങ്ങനെയായിരുന്നുവെന്നും അതിലുണ്ടാകേണ്ടിയിരുന്ന മാറ്റങ്ങള്‍ എന്തായിരുന്നുവെന്നും ഒക്കെ തികഞ്ഞ അവബോധത്തോടെയാണ് അദ്ദേഹം സംസാരിച്ചത്. പൊലീസിന്റെ പ്രവര്‍ത്തനങ്ങളിലുള്ള തെറ്റായ പ്രവണതകളെ പരാമര്‍ശിക്കുകയും വിമര്‍ശിക്കുകയും ചെയ്തു. എന്നാല്‍ പ്രസംഗത്തിന്റെ ഊന്നല്‍ പൊലീസ് പരിഷ്‌കരണം എന്ന വിഷയത്തില്‍ മാധ്യമങ്ങള്‍ മുന്‍പ് സ്വീകരിച്ച നിഷേധാത്മക നിലപാടായിരുന്നു. കേരള സംസ്ഥാനം രൂപീകൃതമായശേഷം, 1957-ല്‍ അധികാരത്തില്‍ വന്ന ഇ.എം.എസ് ഗവണ്‍മെന്റ് പൊലീസ് പരിഷ്‌കരണത്തിന് ചില ചുവട്വെയ്പുകള്‍ നടത്തിയിരുന്നു. കസ്റ്റഡി മര്‍ദ്ദനം പോലുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ ഒഴിവാക്കി പൊലീസിനെ നവീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ അന്നത്തെ പത്രങ്ങള്‍ അതിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടും പരിഹസിച്ചുകൊണ്ടും രംഗത്തുവന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. പൊലീസ് സ്റ്റേഷനില്‍ എത്തുന്ന കള്ളനും കൊലപാതകിക്കും ഹാരാര്‍പ്പണം നടത്തി, ചായ സല്‍ക്കാരം നടത്തുന്ന പൊലീസ് എന്ന നിലയില്‍ ഹാസ്യാത്മക ആവിഷ്‌കാരങ്ങളും ഉണ്ടായത്രെ. പൊലീസ് പരിഷ്‌കാരങ്ങളുമായി മുന്നോട്ടു പോയിരുന്നുവെങ്കില്‍ കേരളത്തില്‍ പൊലീസ് മര്‍ദ്ദനവും കസ്റ്റഡിമരണവും ഒഴിവാകുമായിരുന്നുവെന്നും തന്റെ മകനുണ്ടായ അനുഭവം പോലും സംഭവിക്കില്ലായിരുന്നു എന്നുമാണ് അദ്ദേഹം പറഞ്ഞത്. ജീവിതത്തില്‍ വലിയ ദുരന്തം നേരിട്ടിട്ടും അതു പൊലീസിന്റെ തെറ്റായ പ്രവൃത്തികളില്‍നിന്നുണ്ടായി എന്നറിഞ്ഞിട്ടും തികഞ്ഞ സമചിത്തതയോടെ പൊലീസും മനുഷ്യാവകാശവും എന്ന വിഷയത്തെ കാണാന്‍ കഴിഞ്ഞ ആ മനുഷ്യനോട് ആദരവ് തോന്നി. 

മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു പുറമേ മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ ആത്മാര്‍ത്ഥമായി ഇടപെടുന്ന ചെറുതും വലുതുമായ സംഘടനകള്‍ അന്ന് തൃശൂരില്‍ ഉണ്ടായിരുന്നു. സ്ത്രീകള്‍, ആദിവാസി, ദളിത് വിഭാഗങ്ങള്‍ തുടങ്ങിയ പല വിഷയങ്ങളിലും നല്ലനിലയില്‍ ഇടപെടുന്ന ഒരുപാട് വ്യക്തികളെ അവിടെ കണ്ടിട്ടുണ്ട്; കൂട്ടത്തില്‍ ചില കള്ളനാണയങ്ങളേയും. അങ്ങനെയൊരാളെ നമ്മളറിഞ്ഞേ മതിയാകൂ. ഒരു മൃഗപ്രശ്‌നവുമായാണ് ആദ്യം ഈ വിദ്വാന്‍ എന്നെ കാണാന്‍ ഓഫീസിലെത്തിയത്. കൃത്യമായി പറഞ്ഞാല്‍ അന്തിക്കാടിനടുത്ത് ഒരിടത്ത് ബക്രീദിനോട് അനുബന്ധിച്ച് പോത്തിറച്ചി വില്‍ക്കും എന്നും അത് ഒഴിവാക്കണമെന്നുമാണ് പരാതി. പൊലീസ് ഇടപെട്ട് അത് തടയണം എന്നാണ് ആവശ്യം. മുന്‍വര്‍ഷങ്ങളിലും അതേ സ്ഥലത്ത് കശാപ്പും ഇറച്ചി വില്‍പ്പനയും നടന്നിട്ടുണ്ട്. പിന്നെ ഇപ്പോള്‍ മാത്രം എന്തിനീ എതിര്‍പ്പെന്നതിന് ഒരു യുക്തിയും ഉണ്ടായില്ല. ആഘോഷവേളകളിലാണല്ലോ സമ്പന്നരല്ലാത്ത ആളുകള്‍ അവരുടെ ഇഷ്ടമനുസരിച്ച് മാംസാഹാരം പോലുള്ള വിഭവം കഴിക്കുന്നത്.  അയാളുടെ സംഭാഷണത്തില്‍, അറച്ചറച്ച് അല്പം വര്‍ഗ്ഗീയത കടന്നുവന്നു. അല്പം പോലും ഇടം ഞാന്‍ അയാള്‍ക്ക് കൊടുത്തില്ല. ''വേണ്ടാത്ത കാര്യത്തിനാണ് നിങ്ങളുടെ പുറപ്പാട്,'' എന്ന് പറഞ്ഞ് ഉടനെ അയാളെ മടക്കി. അയാളുടേത് വ്യക്തിപരമായ കുതന്ത്രം പോലെയാണ് എനിക്ക് തോന്നിയത്. ഒരു സംഘടനയും ആ വിഷയത്തില്‍ അയാളെ പിന്തുണച്ചിരുന്നില്ല. സ്ഥലത്ത് വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടാകുമെന്ന് സ്ഥാപിക്കാനാണ് അയാള്‍ ശ്രമിച്ചത്. അക്കാര്യത്തെക്കുറിച്ച് ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് മുഖേന അന്വേഷിച്ചു. അതിലെ ഉദ്യോഗസ്ഥര്‍ പ്രാപ്തരായിരുന്നു. അയാള്‍ പറഞ്ഞതുപോലൊരു പ്രശ്‌നം നാട്ടില്‍ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ സംസ്ഥാന ഇന്റലിജെന്‍സിലെ തൃശൂരിലെ ഡി.വൈ.എസ്.പിയും ഇക്കാര്യം എന്നോട് സംസാരിച്ചു. എന്നെ കണ്ടിട്ട് ഉദ്ദേശിച്ച ഫലം കാണാഞ്ഞിട്ടായിരുന്നിരിക്കണം അയാള്‍ അടുത്ത വഴി നോക്കിയത്. സാധാരണയായി ഒരു പ്രദേശത്ത് വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടാകും എന്നു കേട്ടാല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ അത് അങ്ങേയറ്റം ഗൗരവമായിട്ടെടുക്കും. എടുക്കേണ്ടതുമാണ്. ആ സാദ്ധ്യത ദുരുപയോഗം ചെയ്ത് ഇറച്ചിവില്‍പ്പന തടയാനാണ് ശ്രമം. ഇന്റലിജെന്‍സ് ഡി.വൈ.എസ്.പിക്കും അത് മനസ്സിലായി. അതോടെ എങ്കിലും അയാള്‍ ആ പ്രശ്‌നം വിട്ടുവെന്ന് ഞാന്‍ കരുതി. പക്ഷേ, എനിക്ക് തെറ്റി. പെരുന്നാളിന്റെ തലേദിവസം വൈകിട്ട് ഞാന്‍ പാവറട്ടി പൊലീസ് സ്റ്റേഷനില്‍ ഇരിക്കുകയായിരുന്നു. എസ്.പിയുടെ ജോലിയുടെ ഭാഗമായ പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശനമായിരുന്നു അത്. അവിടെ ഉദ്യോഗസ്ഥരുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ പൊലീസ് സ്റ്റേഷന്‍ ഫോണില്‍ അടിയന്തരം എന്ന നിലയില്‍ എന്നെ ഒരാള്‍ വിളിച്ചു. ഒരു കേന്ദ്ര ഏജന്‍സിയിലെ ഉദ്യോഗസ്ഥനാണ് വിളിച്ചത്. വിഷയം തൊട്ടടുത്ത ദിവസത്തെ പോത്തിറച്ചി തന്നെ. വലിയ സംഘര്‍ഷം ഉണ്ടാകും എന്ന 'രഹസ്യവിവരം' എസ്.പിയെ അറിയിക്കാനാണ് വിളിച്ചത്. അത് അപൂര്‍വ്വമായിരുന്നു. വിവരത്തിന് നന്ദി എന്ന് വലിയ താല്പര്യമോ ഉല്‍ക്കണ്ഠയോ ഒന്നും പ്രകടിപ്പിക്കാതെ ഞാന്‍ പറഞ്ഞു. അതിന്റെ പിന്നിലും എന്നെ കാണാന്‍ വന്ന 'ദേശസ്നേഹി' തന്നെ ആയിരുന്നു. മിലിട്ടറി ഇന്റലിജെന്‍സ് മാത്രമേ ഇതില്‍ ഇടപെടാന്‍ ബാക്കിയുള്ളു എന്ന് മനസ്സില്‍ തോന്നി. അനുഭവം പഠിപ്പിച്ച ഒരു പാഠമുണ്ട്. ഏതെല്ലാം ഏജന്‍സികള്‍ എന്തെല്ലാം വിവരങ്ങള്‍ നല്‍കിയാലും ഒരു നാട്ടിലെ പൊലീസ് സ്റ്റേഷനും അനുബന്ധ സംവിധാനവും ജനങ്ങളുമായി ബന്ധമുണ്ടെങ്കില്‍ പ്രാദേശിക വിഷയങ്ങളില്‍ ഏറ്റവും കൃത്യമായ വിവരം ലഭിക്കുന്നത് ലോക്കല്‍ പൊലീസിനു തന്നെയാണ്. അതനുസരിച്ച്  മുന്‍വര്‍ഷങ്ങളിലെപ്പോലെ ആ പ്രദേശത്ത് ഇറച്ചിവെട്ടുന്നതില്‍ ഒരു തടസ്സവുമില്ലായിരുന്നു. ആഘോഷ ദിവസം രാവിലെ തൃശൂര്‍ ഡി.വൈ.എസ്.പി സുബ്രഹ്മണ്യന്‍  കരുതലെന്ന നിലയില്‍ അവിടെ പോയിരുന്നു. നാട്ടില്‍ ആര്‍ക്കും ഒരു പ്രശ്‌നവുമില്ലെന്ന് ജനങ്ങളുടെ വിശ്വാസമാര്‍ജ്ജിച്ചിരുന്ന ആ ഉദ്യോഗസ്ഥന്‍ എന്നെ അറിയിച്ചു. അനാവശ്യമായി നാട്ടില്‍ ചേരിതിരിവും സംഘര്‍ഷവും സൃഷ്ടിക്കാന്‍ വേണ്ടി ഒരു വ്യക്തി എന്തെല്ലാം ചെയ്തുവെന്നത് അസാധാരണമായിരുന്നു. 

അയാളുടെ കുതന്ത്രം പരാജയപ്പെട്ട് അധികം കഴിയുംമുന്‍പേ വീണ്ടും ആ 'അവതാരം' എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ഇത്തവണ അവതാരോദ്ദേശ്യം വ്യത്യസ്തമായിരുന്നു. ''മനുഷ്യാവകാശ സംരക്ഷണത്തിന് ഞങ്ങളൊരു സംഘടന രൂപീകരിക്കുന്നു'' അയാള്‍ അറിയിച്ചു. പുതിയ പ്രസ്ഥാനത്തില്‍ എന്റെ പങ്ക് മാത്രം പിടികിട്ടിയില്ല. അതയാള്‍ വ്യക്തമാക്കി. ''സാറൊന്ന് ഉദ്ഘാടനം ചെയ്യണം'' - എന്തൊക്കെയോ പറഞ്ഞ് ഞാനതില്‍നിന്നും ഒഴിവായി. അധികം കഴിയും മുന്‍പ് വര്‍ണ്ണശബളമായ നോട്ടീസുമായി വീണ്ടും എന്നെ കാണാന്‍ അയാള്‍ വന്നു. പുതിയ മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ ഉദ്ഘാടന നോട്ടീസ് എന്നെ ഞെട്ടിച്ചു. തൃശൂര്‍ ഡി.ഐ.ജി ആയിരുന്നു ഉദ്ഘാടകന്‍. അപകടസാദ്ധ്യത മുന്‍കൂട്ടി കണ്ട് അദ്ദേഹത്തിന് മുന്നറിയിപ്പ് നല്‍കാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. സംഘടനയുടെ പേരുള്ള ഒരു ബോര്‍ഡ് സ്ഥാപിച്ച കാറിലായി പിന്നീട് അയാളുടെ യാത്ര. ആ സംഘടന, എന്റെ അറിവില്‍, ഞാന്‍ തൃശൂര്‍ എസ്.പി ആയിരുന്ന കാലത്ത് ശരിയായ ഒരു സാമൂഹ്യ ഇടപെടലും നടത്തിയിട്ടില്ല. നിശ്ചിത തുകയ്ക്ക് സംഘടനയില്‍ അംഗത്വത്തിന് പലരേയും ആകര്‍ഷിക്കാന്‍ ശ്രമിച്ചതായി അറിഞ്ഞു. മുഖ്യ ആകര്‍ഷണമായി പറഞ്ഞത്, സംഘടനയില്‍ അംഗമായാല്‍, പിന്നെ ഏത് പൊലീസ് സ്റ്റേഷനിലും ധൈര്യമായി കടന്നുചെല്ലാമെന്നത്രെ. ആരെങ്കിലും ആ 'ധൈര്യപരീക്ഷ' നടത്തിനോക്കിയോ എന്നറിയില്ല. അങ്ങനെ മനുഷ്യാവകാശ സംരക്ഷണം, സമൂഹത്തില്‍ മനുഷ്യനും മനുഷ്യനും തമ്മില്‍ ഭിന്നിപ്പുണ്ടാക്കാന്‍ നടക്കുന്നവരുടേയും കൂടി അഭയസ്ഥാനമായി മാറുന്നതും ഞാന്‍ കണ്ടു. 

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com