പ്രപഞ്ചം എല്ലായിടത്തും ഒരുപോലെ തന്നെയോ?

വളരെ ദുരൂഹമാണ് പ്രപഞ്ചത്തിന്റെ ഘടന. നമ്മള്‍ ഇതുവരെ കരുതിയിരുന്നതില്‍നിന്നും ഏറെ വ്യത്യസ്തം എന്ന് പുതിയ നിരീക്ഷണങ്ങള്‍ സൂചിപ്പിക്കുന്നു
പ്രപഞ്ചം എല്ലായിടത്തും ഒരുപോലെ തന്നെയോ?

സ്ഥലം എന്നതിന്റെ ഒരു പ്രത്യേകതയാണ് അതങ്ങനെ തന്നെ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു എന്നത്. സ്ഥലം എന്നതിന് ഗതികമായ സവിശേഷതയുണ്ടെന്ന് വ്യക്തമായിട്ട് അധികം കാലമായിട്ടില്ല. വളരെ ദുരൂഹമാണ് പ്രപഞ്ചത്തിന്റെ ഘടന. നമ്മള്‍ ഇതുവരെ കരുതിയിരുന്നതില്‍നിന്നും ഏറെ വ്യത്യസ്തം എന്ന് പുതിയ നിരീക്ഷണങ്ങള്‍ സൂചിപ്പിക്കുന്നു. ആധുനിക നിരീക്ഷണോപാധികളാണ് പ്രപഞ്ചത്തിന്റെ സ്ഥൂലഘടനയുടെ സവിശേഷതകള്‍ വ്യക്തമാക്കുന്നത്. ഭൂതലത്തിലും ബഹിരാകാശത്തും സ്ഥാപിച്ചിട്ടുള്ള ദൂരദര്‍ശിനികള്‍ പലതരം തരംഗദൈര്‍ഘ്യങ്ങളില്‍ നിരീക്ഷണങ്ങള്‍ നടത്തുന്നു. ഇതുവഴി ഏറ്റവും നല്ല അപഗ്രഥനത്തിനുള്ള വിവരങ്ങള്‍ ലഭിക്കുന്നു.

മൗണ്ട് വില്‍സണിലെ കണ്ടെത്തലുകള്‍

പ്രപഞ്ചം എന്നത് ക്ഷീരപഥം എന്ന വലിയ ഘടനയാണെന്നും മങ്ങിയമേഘങ്ങള്‍ പോലെ തോന്നിച്ചവ വാതകപടലങ്ങളോ നെബുലകളോ ആണെന്നും  കരുതി വന്നു. ഒരു നൂറ്റാണ്ട് മുന്‍പു വരെ ഇതായിരുന്നു നമ്മുടെ പ്രപഞ്ചചിത്രം. മൗണ്ട് വില്‍സണിലെ 100 ഇഞ്ച് ഹുക്കര്‍ ടെലിസ്‌കോപ്പിലൂടെ എഡ്വിന്‍ ഹബിള്‍ നടത്തിയ നിരീക്ഷണങ്ങളില്‍ നെബുലകള്‍ എന്ന് കരുതിയിരുന്നവ മറ്റു ഗാലക്സികളാണെന്നു തെളിഞ്ഞു. അതേ ദശകത്തില്‍ നടത്തിയ നിരീക്ഷണങ്ങളില്‍ ഗാലക്സികള്‍ തമ്മില്‍ അകലുന്നു എന്ന വിസ്മയാവഹമായ കണ്ടെത്തല്‍ നടന്നു. അതായത് ഗാലക്സികള്‍ക്കിടയിലെ സ്ഥലം വികസിക്കുന്നു. എന്നാല്‍, ആന്‍ഡ്രോമെഡ ഗാലക്സി ക്ഷീരപഥത്തിനോട് അടുക്കുകയുമാണ്. പൊതുവായുള്ള നിരീക്ഷണത്തില്‍ സ്ഥലം വികസിക്കുന്നു എന്ന് തീര്‍ച്ചപ്പെടുത്തി. 1919-1924 കാലയളവില്‍ ഹബിള്‍ നടത്തിയ നിരീക്ഷണങ്ങളിലാണ് ഇതു വ്യക്തമായത്. ഈ ഫലങ്ങളുടെ പ്രസിദ്ധീകരണത്തോടെ പ്രപഞ്ചവിജ്ഞാനീയത്തിന്റെ ശരിയായ തുടക്കമായി. പ്രപഞ്ചത്തെക്കുറിച്ചുള്ള ആധുനിക ചിന്തയുടെ അടിസ്ഥാനം ഹബിളിന്റെ കണ്ടെത്തലുകളാണ്.

ദ്രവ്യം നിലനില്‍ക്കുന്ന ഇടമാണ് സ്ഥലം. പ്രാപഞ്ചികദ്രവ്യത്തിനിടയിലുള്ള സ്ഥലം വികസിക്കുന്നു. മനുഷ്യന്റെ ഏറ്റവും വലിയ ബൗദ്ധിക നേട്ടങ്ങളിലൊന്നായ ഈ കണ്ടെത്തല്‍ മറ്റൊരു സുപ്രധാന ആശയത്തിലേക്കാണ് നയിച്ചത്. ഇപ്രകാരം പ്രപഞ്ചം വികസിക്കുന്നുവെങ്കില്‍ വളരെക്കാലം മുന്‍പ് അതായത് അനേകം കോടി വര്‍ഷം  മുന്‍പ് അത് വളരെ ചെറിയ ഒരു പ്രദേശമായിരുന്നു എന്നും  പ്രപഞ്ചത്തിലെ ദ്രവ്യമെല്ലാം ഒന്നുചേര്‍ന്നിരുന്ന ഒരിടത്തുനിന്നും ഇന്നത്തെ ഈ അവസ്ഥയ്ക്ക് തുടക്കമായെന്നും അനുമാനിച്ചു. കഴിഞ്ഞ നൂറ്റാണ്ടിലെ വിപ്ലവകരമായ സാമാന്യ ആപേക്ഷികതാ സിദ്ധാന്തമാണ് ഈ ആശയത്തിന്റെ അടിസ്ഥാനം. പക്ഷേ, ദ്രവ്യമെല്ലാം ഒന്നുചേര്‍ന്നിരുന്ന അവസ്ഥയില്‍നിന്നും എങ്ങനെ പ്രപഞ്ചത്തിന്റെ തുടക്കമായി എന്ന് വിശദീകരിക്കാന്‍ ആപേക്ഷികതയുടെ വക്താക്കള്‍ക്കായില്ല.

പ്രപഞ്ചത്തിലെ ഘടകങ്ങളെക്കുറിച്ചറിയാനായി അവയില്‍നിന്നുള്ള വിദ്യുത്കാന്തിക കിരണങ്ങളെ അപഗ്രഥിക്കുന്നു. നൂറുകണക്കിനു കോടി പ്രകാശവര്‍ഷം അകലെയുള്ള വസ്തുക്കളില്‍നിന്നുള്ള പ്രകാശം ബഹിരാകാശത്തു സ്ഥാപിച്ചിട്ടുള്ള ടെലിസ്‌കോപ്പുകളില്‍ രേഖപ്പെടുത്തുന്നു. ഈ നിരീക്ഷണത്തിന് ഒരു പരിധിയുണ്ട്. ഒരു നിശ്ചിത ദൂരം വരെ മാത്രമേ ഈ രീതിയില്‍ നിരീക്ഷിക്കാനാകുകയുള്ളു. അതിനും അപ്പുറത്തുള്ളവ നമ്മുടെ ദൃഷ്ടിപഥത്തിനപ്പുറമാണ്. അവയെക്കുറിച്ച് തല്‍ക്കാലം നമുക്കറിയാനാവില്ല. പ്രപഞ്ചപഠനത്തിലെ വലിയൊരു പരിമിതിയാണിത്. പക്ഷേ, അതിനൊരു പോംവഴിയുണ്ട്. അതാണ് പ്രപഞ്ചവിജ്ഞാനീയ തത്ത്വം. പ്രപഞ്ചം ഏകസമാനവും സജാതീയവുമാണെന്ന് ഈ തത്ത്വം പറയുന്നു. അതായത് പ്രപഞ്ചത്തിന്റെ ഏതൊരു ഭാഗത്തും, നമ്മളില്‍നിന്നും എത്ര ദൂരെയായാലും ശരി, അവിടുത്തെ ഘടനകള്‍ ഏകദേശം നമുക്കു ദൃശ്യമാകുന്നവയെപ്പോലെ തന്നെ എന്ന അനുമാനമാണിത്. ഈ ചിന്തയുടെ അടിസ്ഥാനത്തിലാണ് ആധുനിക പ്രപഞ്ചവിജ്ഞാനീയം മുന്നോട്ടുപോകുന്നത്. 

ആകാശക്കാഴ്ചകള്‍

തെളിഞ്ഞ രാത്രികളില്‍ ആകാശമാകെ വൈരക്കല്ലുകള്‍ വിതറിയാലെന്നപോലെ എണ്ണിയാലൊടുങ്ങാത്തത്ര നക്ഷത്രങ്ങള്‍. നീലയും ചുവപ്പും മഞ്ഞയും നിറങ്ങളുള്ളവ ധാരാളം. ഇത്തരം ദൃശ്യങ്ങള്‍ സ്വകാര്യമായ ഒരാനന്ദമാണ് നല്‍കുന്നത്. ഏതു രീതിയില്‍ വിവരിച്ചാലും മതിയാകാത്തത്ര ആഴത്തിലുള്ള അനുഭവമാണ് അതു നല്‍കുന്നത്. ഇരട്ട നക്ഷത്രങ്ങള്‍ എല്ലായിടത്തുമുണ്ട്. സൂര്യനെക്കാള്‍ വലുതും ചെറിയതുമായ ഏകദേശം നാല്‍പ്പതിനായിരം കോടി നക്ഷത്രങ്ങള്‍ നമ്മുടെ ഗാലക്സിയായ ക്ഷീരപഥത്തിലുണ്ട്. അതില്‍ പത്തു ശതമാനത്തിന്റെ ചുറ്റിനും ഗ്രഹങ്ങളുടെ വ്യൂഹവുമുണ്ടാകും. ചെറുതും വലുതുമായ നാല്‍പ്പതു ഗാലക്സികള്‍ ചേര്‍ന്ന ഒന്നാണ് ലോക്കല്‍ ഗ്രൂപ്പ് എന്ന ഗാലക്സി ക്ലസ്റ്റര്‍. പതിനായിരം കോടിക്കുമേല്‍ ഗാലക്സികള്‍ നമുക്കറിയാവുന്ന പ്രപഞ്ച പ്രദേശത്തുണ്ട്. ഗാലക്സി ക്ലസ്റ്ററുകള്‍ ചേര്‍ന്ന് ആയിരക്കണക്കിനു ഗാലക്സികളുള്ള സൂപ്പര്‍ ക്ലസ്റ്ററും; കോടിക്കണക്കിനു സൂപ്പര്‍ ക്ലസ്റ്ററുകള്‍ ഫിലമെന്റ് രൂപത്തിലും നിലനില്‍ക്കുന്നു. ഇത്തരം ഘടനകളുടെ ഇടയില്‍ നൂറുകണക്കിനു കോടി പ്രകാശവര്‍ഷം വരുന്ന ശൂന്യതയാണ്. 

രാത്രിയില്‍ ആകാശത്തേക്ക് നോക്കുമ്പോള്‍, നക്ഷത്രങ്ങളും ഗാലക്സികളും ക്രമരഹിതമായ രീതിയില്‍ പരന്നുകിടക്കുന്നതായി തോന്നുന്നു. ഇത് യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ല. മുന്‍പ് വിചാരിച്ചതുപോലെ, പ്രപഞ്ചം വസ്തുക്കള്‍ ക്രമരഹിതമായി പടരുന്ന സ്ഥലമല്ല. ഗാലക്സികളും വാതകവും പ്രത്യേക മേഖലകളില്‍ കേന്ദ്രീകരിച്ചിരിക്കുന്ന ഒരു ഘടനയാണ് ഇതിനുള്ളത്. ഈ സവിശേഷതകള്‍ പ്രപഞ്ചത്തിന് ക്രമരഹിതമായ രൂപം നല്‍കുന്നു. എന്നിരുന്നാലും, നമ്മള്‍ ആഴത്തില്‍ നിരീക്ഷിക്കാന്‍ ശ്രമിച്ചാല്‍, ഈ ഘടന അപ്രത്യക്ഷമാകുന്നു. പ്രപഞ്ചം ഏകതാനമായ ഘടനകളാല്‍ നിറഞ്ഞതായി കാണപ്പെടുന്നു, അതായത് ഗാലക്സികള്‍. നൂറുകോടി പ്രകാശവര്‍ഷം അകലെ 137 കോടി പ്രകാശവര്‍ഷം വലുപ്പത്തില്‍ പടര്‍ന്നു നിലകൊള്ളുന്ന ഗാലക്സികളുടെ വന്‍മതിലാണ് സ്ലോന്‍ ഗ്രേറ്റ് വാള്‍. ഈ ഏകതയ്ക്ക് ജ്യോതിശാസ്ത്രജ്ഞര്‍ നല്‍കിയ മനോഹരമായ ഒരു പേരുണ്ട് - മഹാഘടനയുടെ ഒടുക്കം. ഇതിനപ്പുറം വലിയ ശൂന്യതയാണ്. പിന്നെ പ്രാപഞ്ചിക ഫിലമെന്റുകളുടെ മറുഭാഗം. നമ്മള്‍ നിലനില്‍ക്കുന്ന ഗാലക്സി ഫിലമെന്റുകളിലുള്ളതു പോലെയുള്ള ഘടനകളാണ് മറ്റു ഫിലമെന്റ് ഭാഗങ്ങളിലും എന്നാണ് അനുമാനിച്ചിരിക്കുന്നത്. പ്രപഞ്ചത്തിന് ഒരു മികച്ച ഘടനയുണ്ടെന്ന് നമുക്ക് കാണാന്‍ കഴിയും. ഈ ഘടന എങ്ങനെയാണ് ഉത്ഭവിച്ചത്.

കോസ്മിക് വെബ്

പ്രപഞ്ചത്തില്‍ ഉടനീളം വ്യാപിച്ചിരിക്കുന്നതും ഭീമാകാരമായ ശൂന്യതകളാല്‍ വേര്‍തിരിക്കുന്നതുമായ ഗാലക്സികളുടേയും വാതകങ്ങളുടേയും പരസ്പരം ബന്ധിപ്പിക്കുന്ന ഫിലമെന്റുകള്‍ ചേര്‍ന്നതാണ് മഹാപ്രാപഞ്ചിക ഘടനയായ കോസ്മിക് വെബ്. നമ്മുടെ പ്രപഞ്ചത്തിന്റെ ഘടന ഗാലക്സികളുടെ കൂട്ടങ്ങളാല്‍ നിര്‍മ്മിതമായ ഒരു സ്പോഞ്ച് പോലെയാണെന്ന് നിര്‍ദ്ദേശിച്ച ആദ്യത്തെ പ്രപഞ്ചശാസ്ത്രജ്ഞരില്‍ ഒരാളാണ് പ്രിന്‍സ്റ്റന്‍ സര്‍വ്വകലാശാലയിലെ റിച്ചാര്‍ഡ് ഗോട്ട്. നാളിതുവരെ കണ്ടെത്തിയ ഈ ഫിലമെന്റുകളില്‍ ഏറ്റവും വലുത് ഹെര്‍ക്കുലീസ്-കൊറോണ ബൊറിയാലിസ് വന്‍മതില്‍ ആണ്; അത് 1000 കോടി പ്രകാശവര്‍ഷം നീളമുള്ളതും നിരവധി ശതകോടി ഗാലക്സികള്‍ അടങ്ങിയതുമാണ്. ശൂന്യമായ ഇടങ്ങളില്‍, ഏറ്റവും വലുത് കീനന്‍, ബാര്‍ജര്‍, കോവി  ശൂന്യതയാണ് (കെബിസി ശൂന്യത), ഇതിന് 200 കോടി പ്രകാശവര്‍ഷം വ്യാസമുണ്ട്. ഗോളാകൃതിയിലുള്ള കെബിസി ശൂന്യതയുടെ ഒരു വിഭാഗത്തിനുള്ളില്‍ ക്ഷീരപഥ ഗാലക്സിയും സൗരയൂഥവും നമ്മുടെ ഗ്രഹവും സ്ഥിതിചെയ്യുന്നു. എന്തുകൊണ്ടാണ് നമ്മുടെ പ്രപഞ്ചത്തിന് ഈ വിചിത്രമായ, കോസ്മിക് വെബ് പോലുള്ള ഘടനയുള്ളത്? മഹാവിസ്ഫോടനത്തിനു ശേഷമുള്ള ആദ്യത്തെ ഏതാനും ലക്ഷക്കണക്കിനു വര്‍ഷങ്ങളില്‍ നടന്ന പ്രക്രിയകളാണ് ഇതിനു കാരണം. 

ഘടനകളുടെ പരിണാമം

പ്രപഞ്ചത്തിലെ വ്യതിരിക്തമായ പ്രദേശങ്ങള്‍ക്കു ചാഞ്ചാട്ടമുള്ള ഊര്‍ജ്ജനിലകളുണ്ട്.  കണങ്ങളും അവയുടെ എതിര്‍കണികകളും സ്വമേധയാ രൂപപ്പെടുകയും പരസ്പരം കണ്ടുമുട്ടുമ്പോള്‍ അവ ഊര്‍ജ്ജം പുറംതള്ളി  പെട്ടെന്ന് അപ്രത്യക്ഷമാവുകയും ചെയ്യുന്നു. ആദ്യകാല പ്രപഞ്ചത്തിലും ഈ പ്രതിഭാസങ്ങള്‍ നടന്നിരുന്നു. സാധാരണയായി, ഈ കണികാ ജോഡികള്‍ പരസ്പരം നശിപ്പിക്കുന്നു, എന്നാല്‍ ആദ്യകാല പ്രപഞ്ചത്തിന്റെ ദ്രുതഗതിയിലുള്ള വികാസം അതിനെ തടഞ്ഞു. പ്രപഞ്ചം വികസിച്ചപ്പോള്‍ ഈ മാറ്റങ്ങള്‍ പ്രപഞ്ചത്തിന്റെ സാന്ദ്രതയിലെ ഏറ്റക്കുറച്ചിലുകള്‍ക്കു കാരണമായി. ദ്രവ്യത്തിന് ഗുരുത്വാകര്‍ഷണം ഉള്ളതിനാല്‍ ചില സ്ഥലങ്ങളില്‍ ദ്രവ്യം കൂടിച്ചേര്‍ന്നിരിക്കുന്നു. എന്നാല്‍, കോസ്മിക് വെബ് ഘടനയെ പൂര്‍ണ്ണമായി വിശദീകരിക്കാന്‍ ഇത് പര്യാപ്തമല്ല. പ്രപഞ്ചം പെട്ടെന്നു വികസിച്ച് വലുതായ പെരുപ്പ കാലയളവിനു ശേഷം, അതായത്, മഹാവിസ്ഫോടനത്തിനു ശേഷമുള്ള ഒരു സെക്കന്റിന്റെ അംശത്തില്‍, സാന്ദ്രതയിലെ പൊരുത്തക്കേടുകള്‍ കാരണം ആദിമ പ്ലാസ്മ ചില സ്ഥലങ്ങളില്‍ കേന്ദ്രീകരിച്ചു. മഹാവിസ്ഫോടനത്തിന് 400,000 വര്‍ഷങ്ങള്‍ക്കു ശേഷം പ്രപഞ്ചം തണുത്തു. ദ്രവ്യം ചില സ്ഥലങ്ങളില്‍ കേന്ദ്രീകരിക്കുകയും ഗുരുത്വാകര്‍ഷണത്തെ പ്രതിരോധിക്കുന്ന സമ്മര്‍ദ്ദം സൃഷ്ടിക്കുകയും പ്രപഞ്ചത്തിലെ ദ്രവ്യവസ്തുക്കളില്‍ അലകള്‍ സൃഷ്ടിക്കുകയും ചെയ്തു.  ഈ അലകള്‍ സാധാരണ ദ്രവ്യത്തിന്റേയും ഇരുണ്ട ദ്രവ്യത്തിന്റേയും ഉല്പന്നമാണ്. നമുക്ക് ദൃശ്യമല്ലാത്തതും എന്നാല്‍ അതിന്റെ സ്വാധീനം വഴി തിരിച്ചറിയാവുന്നതുമായ  ഇരുണ്ട ദ്രവ്യത്തിന്റെ ഗുരുത്വാകര്‍ഷണം    മൂലം സാധാരണ ദ്രവ്യം അലകളുടെ മധ്യഭാഗത്തേക്കു നീങ്ങുന്നു. ഈ പ്രദേശങ്ങളുടെ പുറംവളയങ്ങളിലാണ് താരാപഥങ്ങള്‍ കാണപ്പെടുന്നത്. ഈ പ്രക്രിയകള്‍ വസ്തുക്കളുടെ ഭീമാകാരമായ ശൃംഖല സൃഷ്ടിച്ചു. അതിപ്പോള്‍ നമ്മുടെ നിരീക്ഷണങ്ങളില്‍നിന്നും വ്യക്തമാകുന്നു. ഇരുണ്ട ദ്രവ്യം ഗുരുത്വാകര്‍ഷണത്തിലൂടെ മാത്രമേ മറ്റ് വസ്തുക്കളുമായി ഇടപഴകുകയുള്ളൂ; അതിനാല്‍ ഈ തരംഗങ്ങള്‍ക്കു കാരണമാകുന്ന മര്‍ദ്ദം അതിനെ ബാധിക്കില്ല. അത് ചലിക്കാതെ അലകളുടെ കേന്ദ്രത്തില്‍ത്തന്നെ തുടരുന്നു. എന്നാല്‍, സാധാരണ പദാര്‍ത്ഥം പുറത്തേക്ക് തള്ളപ്പെടുന്നു.  അരിസ്റ്റോട്ടില്‍ സ്ഥലത്തെ ദ്വിമാന പ്രതലമായി കരുതി.  ഈ ദ്വിമാന സങ്കല്പം മനസ്സിലാക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ടായിരുന്നു. മറ്റു ഗ്രീക്ക് ചിന്തകര്‍ ആദ്യം മുതല്‍ അത് നിരസിച്ചു. അരിസ്റ്റോട്ടിലിന്റെ പിന്‍ഗാമിയായ തിയോഫ്രാസ്റ്റസ് അതിനെക്കുറിച്ച് ഏറ്റവും പ്രസക്തമായ ചോദ്യങ്ങള്‍ ഉന്നയിച്ചു. പിന്നീട് പല ഗ്രീക്കുകാരും സ്ഥലത്തെ ഒരു ത്രിമാന ഇടമായി സങ്കല്പിച്ചു.   കഴിഞ്ഞ നൂറ്റാണ്ടില്‍ ചതുര്‍മാനസ്ഥലത്തെക്കുറിച്ചുള്ള സങ്കല്പനങ്ങള്‍ രംഗം കയ്യടക്കി. തുടര്‍ന്ന് അഞ്ചുമാനങ്ങളും പതിനൊന്നു മാനങ്ങളും ഇരുപത്തിയൊമ്പത് മാനങ്ങളും ഉള്ള സ്ഥലത്തെക്കുറിച്ചുള്ള ആശയങ്ങള്‍ മുന്നോട്ടുവയ്ക്കപ്പെട്ടു. ഈ ആശയങ്ങള്‍ വഴി പ്രപഞ്ചത്തെക്കുറിച്ചുള്ള  വസ്തുതാപരമായ യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള കൂടുതല്‍ അറിവുകള്‍ ലഭിക്കുമെന്നു കരുതിവന്നു. പക്ഷേ, അതൊന്നും ഫലവത്തായിട്ടില്ല. ഭാവിയില്‍ അത്യുഗ്രശേഷിയുള്ള കണികാസംഘട്ടനങ്ങള്‍ നടത്താന്‍ ശേഷിയുള്ള കണികാത്വരിത്രങ്ങളില്‍ അധികമാനങ്ങളെക്കുറിച്ചുള്ള സൂചനകള്‍  ലഭിക്കുമെന്നു കരുതുന്നു. 

ക്വസാറുകള്‍ 

കോസ്മിക് വെബ്ബിന്റെ ഘടകങ്ങള്‍ക്കിടയിലെ ശൂന്യസ്ഥലം മറ്റു മാനങ്ങളില്‍ നിലനില്‍ക്കുന്ന പ്രപഞ്ചഭാഗമാകാം. ഇരുണ്ട ദ്രവ്യമാണ് ഈ സ്ഥലഘടനകളെ നിലനിര്‍ത്തുന്നത്. പ്രപഞ്ചത്തിന്റെ പരിണാമത്തിനു ഹേതുവായ ഇരുണ്ട  ഊര്‍ജ്ജത്തിന്റെ സാന്നിധ്യം നാം മനസ്സിലാക്കുന്നത് അത് പ്രാപഞ്ചിക ഫിലമെന്റുകളിലുള്ള മറ്റു ഘടകങ്ങളില്‍  ചെലുത്തുന്ന   സ്വാധീനം കണക്കിലെടുത്തു കൊണ്ടാണ്. ചിലപ്പോള്‍ ഇരുണ്ട ഊര്‍ജ്ജം  മറ്റു മാനങ്ങളിലായിരിക്കും നിലനില്‍ക്കുന്നത്. പ്രപഞ്ചത്തിലെ സാധാരണ ദ്രവ്യത്തിന്റേയും ഇരുണ്ട ദ്രവ്യത്തിന്റേയും  കൃത്യമായ അളവുകള്‍ ഉണ്ട്. സാധാരണ ദ്രവ്യത്തിന്റെ ഒരു ഭാഗം മാത്രമേ നിരീക്ഷിക്കാന്‍ കഴിയൂ, അതിനാല്‍ ബാക്കിയുള്ളത് ഏതു രൂപത്തിലാണ്   എന്നത് പ്രസക്തമായ ചോദ്യം തന്നെ.  ഇതില്‍ പലതും   ഫിലമെന്റ് രൂപത്തില്‍ ഉണ്ടെന്നു നിരീക്ഷണങ്ങള്‍ സൂചിപ്പിക്കാനിടയുണ്ട്. ഗാലക്സികള്‍ ഒരു കോസ്മിക് വെബില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. അതില്‍ ഭൂരിഭാഗവും ഇരുണ്ട ദ്രവ്യമാണ്. ജ്യോതിശാസ്ത്രജ്ഞര്‍ക്ക് ഈ ശൃംഖലയുടെ ആദ്യചിത്രം ലഭിച്ചത്, പ്രാപഞ്ചിക സൂചകങ്ങളായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ക്വസാറുകള്‍ എന്ന് വിളിക്കപ്പെടുന്ന വളരെ വലിയ പ്രകാശമുള്ള വസ്തുക്കളുടെ നിരീക്ഷണത്തില്‍നിന്നാണ്. ചിലപ്പോള്‍ ക്വസാറുകള്‍ വലിയ ഗാലക്സികളാകാനിടയുണ്ട്. വലുത് എന്നു പറയുമ്പോള്‍ ദശലക്ഷക്കണക്കിനു കോടി നക്ഷത്രങ്ങളുള്ളത് എന്നര്‍ത്ഥം. ക്വസാറിന്റെ  പ്രഭ നല്‍കുന്ന സൂചനയാണത്. ക്വസാര്‍, സമീപത്തുള്ള രണ്ട് ദശലക്ഷം പ്രകാശവര്‍ഷം വരെ വ്യാസമുള്ള  വാതകമേഘത്തെ പ്രകാശിപ്പിക്കുന്നു. തിളങ്ങുന്ന വാതകം ഇരുണ്ട ദ്രവ്യത്തിന്റെ ഫിലമെന്റുകളിലേക്ക് നയിക്കുന്നു. ആയിരം കോടി പ്രകാശവര്‍ഷം അകലെ സ്ഥിതിചെയ്യുന്ന ക്വസാറുകള്‍ വാതകമേഘത്തെ ശോഭയേറിയതാക്കി അവയുടെ അസ്തിത്വം  വെളിപ്പെടുത്തുന്നു. കൂടാതെ അവയില്‍നിന്നുള്ള എക്സ്റേ വികിരണവും നിരീക്ഷിച്ച് അനുമാനങ്ങളിലെത്താനാകും. 

ഹവായിയിലെ 10 മീറ്റര്‍ കെക്ക് ദൂരദര്‍ശിനിയില്‍ നിന്നുള്ള പുതിയ നിരീക്ഷണഫലങ്ങള്‍, കാലിഫോര്‍ണിയ യൂണിവേഴ്സിറ്റി, മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അസ്ട്രോണമി എന്നിവിടങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രപഞ്ചശാസ്ത്രത്തിന്റെ സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ നിര്‍മ്മിക്കുന്നതിനായി പ്രപഞ്ചത്തിന്റെ ഘടനയുടെ കംപ്യൂട്ടര്‍ സിമുലേഷനുകള്‍ കുറച്ച് വര്‍ഷങ്ങളായി പ്രവര്‍ത്തിപ്പിക്കുന്നു. പ്രപഞ്ചം പരിണമിക്കുമ്പോള്‍, ദ്രവ്യം  ഗുരുത്വാകര്‍ഷണബലത്തില്‍ ഫിലമെന്റുകളില്‍ കേന്ദ്രീകരിക്കുന്നുവെന്ന്      കണക്കുകൂട്ടലുകള്‍ സൂചിപ്പിക്കുന്നു. അതിലെ ഏറ്റക്കുറച്ചിലുകള്‍ സുപ്രധാനമായ വിവരങ്ങളിലേയ്ക്കാണ് നല്‍കുന്നത്.  നിരീക്ഷണങ്ങള്‍ക്ക് അവര്‍ പ്രപഞ്ചമാകെ നിലകൊള്ളുന്ന   പശ്ചാത്തല സൂക്ഷ്മതരംഗ വികിരണത്തെ  ഉപയോഗിക്കുന്നു. ഇരുണ്ട ദ്രവ്യത്തിന്റെ വലിയ കൂട്ടങ്ങള്‍ ഗ്രാവിറ്റേഷണല്‍ ലെന്‍സിങ് എന്ന പ്രക്രിയയിലൂടെ കടന്നുപോകുന്ന പ്രകാശത്തെ വളച്ചൊടിക്കുന്നു. നിരീക്ഷണത്തിന്റെ കൃത്യതയെ ഇതു ബാധിക്കുന്നു. നാമിതുവരെ കരുതിയതുപോലെയല്ല പ്രപഞ്ചത്തിന്റെ ഘടന എന്നതാണ് ഈ വേളയിലെ ഏറ്റവും പ്രസക്തമായ അറിവ്. സാധാരണ ദ്രവ്യത്തിന്റെ ഒരു ഭാഗം നക്ഷത്രങ്ങളായി മാറി. അത് നമുക്ക് കാണാന്‍ കഴിയും, എന്നാല്‍ മറ്റൊരു ഘടകം വാതകമാണ്. വാതകം വര്‍ദ്ധിച്ച അളവില്‍ കോസ്മിക് വെബ്ബിന്റെ ഫിലമെന്റുകളില്‍ നിലകൊള്ളുന്നു. വാതകം വളരെ ചൂടാണെങ്കില്‍ അത് എക്സ്‌റേകള്‍ പുറപ്പെടുവിക്കുകയും എക്സ്‌റേ ടെലിസ്‌കോപ്പുകള്‍ ഉപയോഗിച്ച് കാണുകയും ചെയ്യാം. ഏതായാലും പ്രപഞ്ചത്തിലെ ദ്രവ്യത്തിന്റെ നാലു ശതമാനം മാത്രമേ നമുക്കു ദൃശ്യമാകുന്നുള്ളു. ബാക്കിയുള്ളത് ഇരുണ്ട ദ്രവ്യമാണ്.

പ്രപഞ്ചത്തിന്റെ പരിണാമം

സ്ഥലം എന്നത് നിശ്ചലാവസ്ഥയിലല്ല. അവിടെ സൂക്ഷ്മതലത്തില്‍ ആന്ദോളനങ്ങള്‍ ഉണ്ടാകുന്നു. ചില വേളകളില്‍ കണങ്ങളുടെ ജോഡികള്‍ ഉണ്ടാകുകയും വളരെപ്പെട്ടെന്നു തന്നെ അവ തമ്മില്‍ കൂട്ടിമുട്ടി ഇല്ലാതാകുകയും ചെയ്യുന്നു. പ്രപഞ്ചം തുടങ്ങിയ ബിന്ദുവില്‍ സമയം ഉണ്ടായിരുന്നില്ല; എന്നാല്‍ സ്ഥലം നിലനില്‍ക്കുന്നുണ്ടായിരുന്നു; സൂക്ഷ്മാവസ്ഥയിലെങ്കിലും. ഇന്ന് നിലവിലുള്ള ആശയങ്ങള്‍കൊണ്ട് വിശദീകരിക്കാന്‍ കഴിയാത്ത ഒന്നാണ് ആ അവസ്ഥ.  പ്രപഞ്ചം, അല്ലെങ്കില്‍ നാമുള്‍പ്പെടുന്ന പ്രപഞ്ച പ്രദേശം വികസിച്ചു പരിണമിച്ചപ്പോള്‍ പ്രകൃതിനിയമങ്ങളും പരിണമിച്ചു. ഇപ്പോള്‍ പ്രാവര്‍ത്തികമാകുന്ന പ്രാപഞ്ചിക നിയമങ്ങളും സ്ഥിരാങ്കങ്ങളും തന്നെയായിരുന്നു എല്ലാക്കാലത്തും എന്ന ശാഠ്യം നമുക്കുപേക്ഷിക്കേണ്ടിവരുന്നു. ത്വരിതഗതിയില്‍ വികസിക്കുന്ന പ്രപഞ്ചഭാഗങ്ങള്‍ പരിണമിക്കുമ്പോള്‍ ഭാവിയില്‍ ഇപ്പോള്‍ നിലവിലുള്ള നിയമങ്ങള്‍ തന്നെ പ്രാവര്‍ത്തികമാകും എന്ന് മുന്‍കൂട്ടി അറിയാനാകില്ല. പ്രപഞ്ചത്തിന്റെ ആദ്യകാലത്തെക്കുറിച്ചും ഭാവിയിലെ അവസ്ഥകളെക്കുറിച്ചും അറിയാനുള്ള ത്വരയ്ക്ക് വിഘാതമാകുന്നതാണ് ഈ വസ്തുത. ഈ രീതിയില്‍ മാത്രമേ നമുക്ക് ചിന്തിക്കാനുള്ള അവസരമുള്ളൂ. മറ്റു സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഏറ്റവും കുറവ് കൂട്ടിച്ചേര്‍ക്കലുകള്‍ ഉള്ളതും ഏറ്റവും എളുപ്പത്തില്‍ വിശദീകരിക്കാവുന്നതുമായ ഈ ആശയമാണ് ശാസ്ത്രീയമായി പറഞ്ഞാല്‍ യാഥാര്‍ത്ഥ്യത്തിന് ഏറ്റവും അടുത്ത് നിലകൊള്ളുന്നത്.

ഗാലക്സികള്‍ക്കിടയിലെ സ്പേസ് വര്‍ദ്ധിക്കുന്നു. അത് ത്വരിതഗതിയിലുമാണ്. പ്രപഞ്ചത്തിലെ ഏതൊരു പ്രദേശമെടുത്താലും നമ്മള്‍ ചുറ്റിനും കാണുന്നവപോലെ തന്നെ എന്നാണ് പ്രപഞ്ചവിജ്ഞാനീയതത്ത്വം പറയുന്നത്. എന്നാല്‍, നിരീക്ഷണങ്ങള്‍ ഈ അനുമാനവുമായി ഒത്തുപോകുന്നില്ല എന്ന പുതിയ വിവരം ഗവേഷകരില്‍ ഉത്സാഹം ജനിപ്പിച്ചിരിക്കുന്നു. ഇനിയും കണ്ടെത്താന്‍ ബാക്കിയേറെ എന്ന ചിന്ത തന്നെയാണ് ഈ ഉത്സാഹത്തിനു പിന്നില്‍.

നമുക്കറിയാവുന്ന പ്രപഞ്ചത്തിന്റെ വലുപ്പം 9300 കോടി പ്രകാശവര്‍ഷമാണ്. നൂറു പ്രകാശവര്‍ഷം ദൂരത്തുപോയി പ്രപഞ്ചം എല്ലായിടത്തും ഒരുപോലെ തന്നെയോ എന്നു നിരീക്ഷിക്കാനുള്ള സാങ്കേതികവിദ്യ നമുക്കില്ല. ബഹിരാകാശത്തെ ദൂരദര്‍ശിനികള്‍ നല്‍കുന്ന വിവരങ്ങള്‍ മാത്രമാണ് ആശ്രയം. ഏതായാലും വിശിഷ്ടമായ ഒരു സ്ഥാനം ഭൂമിക്കും പ്രപഞ്ചത്തെ നിരീക്ഷിച്ച് അനുമാനങ്ങളിലെത്തുന്ന മനുഷ്യനും നല്‍കാവുന്നതാണ്. വളരെയധികം പുരോഗമിച്ച മറ്റൊരു സംസ്‌കൃതിയെ അന്യഗ്രഹങ്ങളില്‍ കണ്ടെത്തുന്നതുവരെ.

ഈ ലേഖനം കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com