ജീവിതം മുഴുവന്‍ ജീവിക്കാനുള്ള സമരത്തിനു മാറ്റി വെയ്ക്കുന്ന ജനത

മുത്തങ്ങ സമരത്തിനുശേഷം ഭൂരഹിതര്‍ക്കു പതിച്ചു നല്‍കാന്‍ വിജ്ഞാപനം ചെയ്യപ്പെട്ട വയനാട്ടിലെ മരിയനാട് എസ്‌റ്റേറ്റ് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഒരു മാസത്തോളമായി കുടില്‍കെട്ടി സമരത്തിലാണ് ആദിവാസി ജനത
ജീവിതം മുഴുവന്‍ ജീവിക്കാനുള്ള സമരത്തിനു മാറ്റി വെയ്ക്കുന്ന ജനത

വികസനത്തെക്കുറിച്ചുള്ള ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളും സമരങ്ങളും നടക്കുന്ന കേരളത്തില്‍ ഒരു വിഭാഗം ജനങ്ങള്‍ ഭൂമിക്കുവേണ്ടിയുള്ള സമരത്തിലാണ് ഇപ്പോഴും. ഇവര്‍ക്ക് കൊടുക്കാന്‍ ഭൂമിയില്ലാത്തതോ ഫണ്ടില്ലാത്തതോ സര്‍ക്കാര്‍ സംവിധാനങ്ങളുടെ കുറവോ ഒന്നുമല്ല ഇതിനു കാരണം. ജനപ്രതിനിധികളോ സര്‍ക്കാരുകളോ വകുപ്പുദ്യോഗസ്ഥരോ പൊതുസമൂഹമോ ഇക്കാര്യങ്ങള്‍ അറിയാത്തതുകൊണ്ടുമല്ല. പിന്നെന്തുകൊണ്ട് എന്ന ചോദ്യവും ഉത്തരവും ഭരണകൂടത്തിനു തീരെ അപ്രസക്തമാണ്. ജീവിതം മുഴുവന്‍ ജീവിക്കാനുള്ള സമരത്തിനു മാറ്റി വെയ്ക്കുന്ന ജനത ആരുടേയും ചര്‍ച്ചാവിഷയമല്ല. അതു പരിഹരിക്കേണ്ടതല്ല എന്ന സ്വാഭാവികതയിലാണ് അധികൃതരും. മുത്തങ്ങ സമരത്തിനുശേഷം ഭൂരഹിതര്‍ക്കു പതിച്ചു നല്‍കാന്‍ വിജ്ഞാപനം ചെയ്യപ്പെട്ട വയനാട്ടിലെ മരിയനാട് എസ്‌റ്റേറ്റ് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഒരു മാസത്തോളമായി കുടില്‍കെട്ടി സമരത്തിലാണ് ആദിവാസി ജനത.

മെയ് 31 മുതലാണ് മരിയനാട് എസ്‌റ്റേറ്റില്‍ ആദിവാസി കുടുംബങ്ങള്‍ കുടില്‍കെട്ടി സമരം തുടങ്ങിയത്. ആദിവാസി പുനരധിവാസത്തിനായി കേന്ദ്രസര്‍ക്കാര്‍ കൈമാറിയ 19000 ഏക്കര്‍ വനഭൂമിയില്‍ ഉള്‍പ്പെട്ടതാണ് മരിയനാട് എസ്‌റ്റേറ്റും. വനംവകുപ്പിന്റെ കീഴിലുള്ള വനവികസന കോര്‍പ്പറേഷനായിരുന്നു തോട്ടം നടത്തിപ്പ്. ഭൂമി കൈമാറ്റത്തിനായുള്ള വിജ്ഞാപനം വന്നതോടെ കോര്‍പ്പറേഷന്‍ തോട്ടം പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. എന്നാല്‍, ഭൂമി ഭൂരഹിതര്‍ക്ക് കൈമാറിയതുമില്ല. തോട്ടത്തിലെ തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കി അവരെ പുനരധിവസിപ്പിക്കാനും 20 വര്‍ഷത്തോളമായിട്ടും നടപടിയുണ്ടായിട്ടില്ല. ആദിവാസി പുനരധിവാസത്തിനായി മാറ്റിവെച്ച ഭൂമി എന്ന് തോട്ടഭൂമിയില്‍ ബോര്‍ഡ് പതിച്ചിട്ടുണ്ടെങ്കിലും ഭൂവിതരണം മാത്രം നടന്നില്ല. തൊഴിലാളികള്‍ക്ക് ആനുകൂല്യം നല്‍കാനുണ്ട് എന്ന കാരണം കാണിച്ചാണ് ഭൂമി വിതരണം നീട്ടിക്കൊണ്ടുപോകുന്നത്. എസ്‌റ്റേറ്റ് തൊഴിലാളികളില്‍ ആദിവാസി വിഭാഗത്തില്‍ ഉള്‍പ്പെടാത്തവരുമുണ്ട്. മുത്തങ്ങ സമരക്കാലത്താണ് മരിയനാട് എസ്‌റ്റേറ്റിലും ഒരു കൂട്ടം കുടില്‍ കെട്ടിയത്. ഈ കയ്യേറ്റത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടിയുടെ സ്വാധീനമുണ്ടെന്ന് അന്ന് ആരോപണമുയര്‍ന്നിരുന്നു.
 
വിതരണത്തിനായി വയനാട് ജില്ലയില്‍ മാറ്റിവെച്ച ഭൂമിയില്‍ താരതമ്യേന മെച്ചപ്പെട്ടതും കൃഷിയോഗ്യവുമായ ഭൂമിയാണ് മരിയനാട് എസ്‌റ്റേറ്റിലേത്. 

മുത്തങ്ങയില്‍നിന്നും കുടിയിറക്കപ്പെട്ടവര്‍ 

ഭൂരഹിത ആദിവാസി കുടുംബത്തിനു പതിച്ചുനല്‍കാനായി വയനാട്ടില്‍ മാറ്റിവെച്ച ഭൂമി പൊതു ആവശ്യങ്ങള്‍ക്കായി കയ്യേറിയതായും ആദിവാസി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പൂക്കോട് വെറ്ററിനറി യൂണിവേഴ്‌സിറ്റി, നവോദയ സ്‌കൂള്‍, മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ തുടങ്ങിയവയ്ക്കായി ഭൂരഹിതര്‍ക്ക് പതിച്ചുനല്‍കാനുള്ള ഭൂമി ഉപയോഗിച്ചിട്ടുണ്ട്. ഇതിനു പുറമെ ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമിക്കു പകരം ഭൂമി നല്‍കണമെന്ന സുപ്രീംകോടതി വിധി അനുസരിച്ച് പതിച്ചു നല്‍കാനും ഭൂരഹിതര്‍ക്കായി മാറ്റിവെച്ച ഭൂമി ഉപയോഗിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ കിര്‍ത്താര്‍ഡ്‌സ് ഒരുക്കുന്ന ട്രൈബല്‍ മ്യൂസിയത്തിനായും ഈ സ്ഥലം ഏറ്റെടുക്കാന്‍ ആലോചന നടക്കുന്നുണ്ട്. വയനാട് ജില്ലയില്‍ അനുവദിച്ച 7000 ഏക്കറില്‍ ഇത്തരം കയ്യേറ്റങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ 1100 ഏക്കര്‍ മാത്രമാണ് വിതരണത്തിനായി ഭൂമിയുള്ളത്. ഇതില്‍ ഉള്‍പ്പെടുന്നതാണ് മരിയനാട് എസ്‌റ്റേറ്റും.

2003ലെ മുത്തങ്ങ സമരത്തിനുശേഷം കുടിയിറക്കപ്പെട്ടവര്‍ക്ക് ഭൂമി നല്‍കുമെന്ന പ്രഖ്യാപനവും അതിനായി ഭൂമി മാറ്റിവെയ്ക്കുകയും ചെയ്‌തെങ്കിലും 20 വര്‍ഷത്തോളമായിട്ടും പകുതിയിലധികം പേര്‍ക്കും ഭൂമി കിട്ടിയിട്ടില്ല. 680 അപേക്ഷകരായിരുന്നു ഉണ്ടായിരുന്നത്. ഒന്നാംഘട്ടമായി 283 പേര്‍ക്കാണ് ഭൂമി നല്‍കാന്‍ തീരുമാനമായത്. മരിയനാടും പാമ്പ്ര എസ്‌റ്റേറ്റും ഇതിനായി സര്‍വ്വെ നടത്താന്‍ തീരുമാനിച്ചു. സര്‍വ്വേ പൂര്‍ത്തിയാക്കാന്‍ എസ്‌റ്റേറ്റിലെ തൊഴിലാളികളുടെ സമരം കാരണം കഴിഞ്ഞില്ല. പിന്നീട് സര്‍വ്വ കക്ഷിയോഗം ചേര്‍ന്ന് സര്‍വ്വേ നിര്‍ത്തിവെയ്ക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു. അളന്നു തിട്ടപ്പെടുത്തിയതില്‍ 12 പേര്‍ക്ക് 2014ല്‍ ഭൂമി നല്‍കി. ആദ്യഘട്ടത്തില്‍ ബാക്കിയുള്ളവര്‍ക്ക് മേപ്പാടിയില്‍ നല്‍കിയ ഭൂമിയില്‍ കുറേ ഭാഗം വാസയോഗ്യവും കൃഷിയോഗ്യവുമായിരുന്നില്ല.  കൃഷിയോഗ്യമായ ഭൂമി പകരം നല്‍കണമെന്നാവശ്യപ്പെട്ട് ഇതില്‍ പലരും ഇപ്പോഴും സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുന്നു. കൈമാറുന്ന ഭൂമി വാസയോഗ്യവും കൃഷിയോഗ്യവുമാണോ എന്നു പരിശോധിക്കാനോ അങ്ങനെ മാറ്റിത്തീര്‍ക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കാനോ ഉള്ള ആലോചനകളൊന്നും ഒരുകാലത്തും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവാറില്ല. മുത്തങ്ങ സമരത്തില്‍ വെടിയേറ്റു മരിച്ച ജോഗിയുടെ മകനും കൃഷിയോഗ്യമായ ഭൂമി തരണമെന്നാവശ്യപ്പെട്ട് ഇത്രയും വര്‍ഷമായി കാത്തിരിപ്പിലാണ്. നാനൂറിലധികം കുടുംബങ്ങള്‍ ഇന്നും ഭൂമി കിട്ടാത്തവരായും നില്‍ക്കുന്നു. 

മുത്തങ്ങയില്‍നിന്നു കുടിയിറക്കപ്പെട്ടവരുടെ പുനരധിവാസം ഇനിയും വൈകിക്കൂട എന്ന ലക്ഷ്യത്തോടെയാണ് ആദിവാസി ഗോത്ര മഹാസഭയുടേയും ഇരുള ഭൂസമരസമിതിയുടേയും നേതൃത്വത്തില്‍ മരിയനാട് എസ്‌റ്റേറ്റില്‍ കുടില്‍ കെട്ടി സമരം തുടങ്ങിയത്. എസ്‌റ്റേറ്റ് തൊഴിലാളികളെ പകരം ഭൂമി നല്‍കി പുനരധിവസിപ്പിക്കാനും അവരുടെ ആനുകൂല്യങ്ങള്‍ നല്‍കാനും തയ്യാറാവണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. സമരത്തിന് ഐക്യദാര്‍ഢ്യപ്പെട്ട വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ കളക്‌ട്രേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ചും നടത്തിയിരുന്നു.

മുത്തങ്ങ പാക്കേജിന്റെ ഭാഗമായി പതിച്ചു നല്‍കിയതില്‍ വെള്ളരിമല വില്ലേജിലെ മേപ്പാടി കള്ളാടിയിലുള്ള നൂറ് ഏക്കര്‍ ഒഴികെ ബാക്കിയൊന്നും വാസയോഗ്യമല്ല എന്ന് ആക്ടിവിസ്റ്റ് എം. ഗീതാനന്ദന്‍ പറയുന്നു: 'വാളാട് വില്ലേജില്‍ കൊടുത്ത അമ്പതേക്കര്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശമാണ്. അതുകൊണ്ടുതന്നെ ആളുകള്‍ പേടിച്ച് തിരിച്ചുപോന്നു. വൈത്തരി താലൂക്കില്‍ കൊടുത്തതും കൃഷിയോഗ്യമല്ല എന്നാണ് പറയുന്നത്. കൃഷിയോഗ്യവും വാസയോഗ്യവുമായ ഭൂമി ഭൂരഹിതര്‍ക്കു പതിച്ചുനല്‍കണം എന്നതാണ് ആവശ്യം. മരിയനാട് എസ്‌റ്റേറ്റില്‍ നീക്കിവെച്ച ഭൂമി താരതമ്യേന കൃഷിയോഗ്യമാണ്. സാധാരണ നിലയില്‍ വനവികസന കോര്‍പ്പറേഷന്‍ പ്രവര്‍ത്തനം നിര്‍ത്തിയാല്‍ മറ്റൊരു തീരുമാനമാകുന്നതുവരെ തോട്ടം വനംവകുപ്പ് സംരക്ഷിക്കേണ്ടതാണ്. അതിലെ വിഭവങ്ങള്‍ ലേലം ചെയ്ത് കൊടുക്കേണ്ടതുമാണ്. എന്നാല്‍, മരിയനാട് എസ്‌റ്റേറ്റില്‍ ഇങ്ങനെയല്ല നടന്നത്. വിഭവങ്ങള്‍ കൊള്ളയടിക്കപ്പെടുകയാണ്. ആദിവാസികള്‍ക്ക് പതിച്ചുകൊടുക്കാന്‍ വിജ്ഞാപനം ചെയ്ത ഭൂമിയിലെ ഇത്തരം കയ്യേറ്റങ്ങളും നിയമവിരുദ്ധമാണ്. ഇത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്' എം. ഗീതാനന്ദന്‍ പറയുന്നു.

സംസ്ഥാനത്തെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഭൂമി നല്‍കി പുനരധിവസിപ്പിക്കുന്നതിനായി 2001ല്‍ ആദിവാസി പുനരധിവാസ മിഷന്‍ രൂപീകരിച്ചിട്ടുണ്ട്. വിവിധ വകുപ്പുകള്‍ക്കു പുറമെ ഇത്രയും സംവിധാനങ്ങള്‍ സംസ്ഥാനത്തുണ്ടായിട്ടും കൃത്യമായ ഒരു പ്ലാനിങോ പദ്ധതിയോ രൂപപ്പെടുത്തി ഒരു ജനതയുടെ അവകാശങ്ങള്‍ നടപ്പിലാക്കാന്‍ തയ്യാറാവാത്തത് എന്താണ്. സമരം ചെയ്ത് തീരാനുള്ളതല്ല ഓരോ പൗരന്റേയും ജീവിതം.

ഈ ലേഖനം കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com