ധര്‍മ്മത്തില്‍ നാം വഞ്ചിതരാകുകയാണോ?

തത്ത്വവിചാരത്തിന്റെ വിചാരവഴികള്‍ എന്ത്, എങ്ങനെ? ലെവിനാസ് സൂചിപ്പിക്കുന്ന രണ്ടു വഴികള്‍ തത്ത്വചിന്തകനേയും പ്രവാചകനേയും എങ്ങനെ ഭിന്നമാക്കുന്നു, എന്തുകൊണ്ടു ഭിന്നമാകുന്നു?
ധര്‍മ്മത്തില്‍ നാം വഞ്ചിതരാകുകയാണോ?

1. തത്ത്വചിന്തയുടെ പ്രതിസന്ധി

1961ല്‍ എമ്മാനുവേല്‍ ലെവീനാസ് പ്രസിദ്ധീകരിച്ച 'സമഗ്രതയും നിത്യതയും' (Totaltiy and Infintiy) എന്ന പുസ്തകത്തിന്റെ ഉപശീര്‍ഷകം 'പുറത്തെക്കുറിച്ച് ഒരു പ്രബന്ധം' എന്നായിരുന്നു. ലിത്വാനിയക്കാരനായ ലെവിനാസ് യഹൂദനായിരുന്നു. അദ്ദേഹത്തിന്റെ കുടുംബം മുഴുവന്‍ നാസികളാല്‍ കൊല്ലപ്പെട്ടു. നാസി പാര്‍ട്ടിയില്‍ അംഗമായ മാര്‍ട്ടിന്‍ ഹൈഡഗറിന്റെ ചിന്തയേയും പാശ്ചാത്യ ചിന്തയേയും വെല്ലുവിളിക്കുന്ന ഒരു പുസ്തകമാണിത്. 'ഈ കാപട്യത്തില്‍ മനുഷ്യന്റെ ആന്തരിക ബലഹീനത മാത്രമല്ല, തത്ത്വചിന്തകരും പ്രവാചകരുമായി ബന്ധപ്പെട്ട് ലോകത്തില്‍ ഉണ്ടായിരിക്കുന്ന ആഴമായ വിള്ളല്‍ കാണാന്‍ കാലമായിരിക്കുന്നു.' ഇവിടെ അദ്ദേഹം എടുത്തു പറയുന്നത് തത്ത്വചിന്തകരേയും പ്രവാചകരേയും കുറിച്ചാണ്. ഇവര്‍ ഉണ്ടാക്കിയിരിക്കുന്ന ലോകവീക്ഷണത്തിന്റെ പ്രതിസന്ധിയാണ് സൂചിപ്പിക്കുന്നത്. പണ്ട് തെര്‍ത്തുല്യന്‍ എന്ന റോമന്‍ ക്രൈസ്തവന്‍ ചോദിച്ചു: 'ആഥന്‍സിനു ജറുസലേമുമായി എന്തു ബന്ധം?' ഒരു ബന്ധവും സാധ്യമല്ല എന്ന നിലപാടാണ്. പക്ഷേ, യൂറോപ്പിന്റെ ചരിത്രം തത്ത്വചിന്തയുടെ ഏഥന്‍സും പ്രവാചകരുടെ ജറുസലേമുമായി നടന്ന നിരന്തര ബന്ധത്തിന്റേയുമാണ്. ഈ ബന്ധം പ്രതിസന്ധിയിലായി വീണ്ടുവിചാരത്തിനു വിധേയമാകുന്നത് ഇരുപതാം നൂറ്റാണ്ടിലാണ്. ഈ നൂറ്റാണ്ട് പ്രബുദ്ധതയുടെ കാലഘട്ടമായി വിശേഷിപ്പിക്കപ്പെട്ടു. ഈ പ്രബുദ്ധതയുടെ മുദ്രാവാക്യം എഴുതിയത് ജര്‍മന്‍ ചിന്തകനായ ഇമ്മാനുവേല്‍ കാന്റ് ആണ്: ചിന്തിക്കാന്‍ ധൈര്യപ്പെടുക (aude sapare). ചിന്തയുടെ ധൈര്യത്തില്‍ നാം മുന്നേറുമ്പോള്‍ എവിടെയാണ് എത്തുക? ചിന്ത ഇവിടെ എന്ത് അര്‍ത്ഥമാക്കുന്നു? ഈ ചിന്തയുടെ കാലഘട്ടമാണ് രണ്ടു ലോകയുദ്ധങ്ങള്‍ ഉണ്ടാക്കിയത്, ഈ കാലഘട്ടത്തിലാണ് നാസികള്‍ 60 ലക്ഷം യഹൂദരെ കൊന്നൊടുക്കിയത്. കമ്യൂണിസത്തില്‍ ലക്ഷങ്ങള്‍ കൊല്ലപ്പെട്ടതും. ചിന്തയുടെ ധൈര്യം കൊലയുടെ ധൈര്യമായി മാറിയതെങ്ങനെ? വളരെ കൊട്ടിഘോഷിച്ച സംസ്‌കാരങ്ങളുടേയും മതപാരമ്പര്യങ്ങളുടേയും നടുവിലാണ് ഈ മനുഷ്യഹത്യയുടെ പരമ്പര നടമാടിയത്. ഈ കാലഘട്ടം ശാസ്ത്രസാങ്കേതികവിദ്യകളുടെ വിപ്ലവ കാലവുമായിരുന്നു. മനുഷ്യരെ കൊല്ലാന്‍ ഭീകരമായ യന്ത്രങ്ങളും ഗ്ലാസ്സ് ചേമ്പറുകളും ബോംബുകളും വിമാനങ്ങളും കണ്ടുപിടിച്ച കാലം. പ്ലേറ്റോയില്‍ ആരംഭിച്ച് ജര്‍മനിയില്‍ ഹൈഡഗറില്‍ എത്തിനില്‍ക്കുന്ന തത്ത്വചിന്തയുടെ മണ്ണില്‍ ഇതെങ്ങനെ സംഭവിച്ചു എന്നു ചോദിക്കേണ്ടതല്ലേ? വൈദിക പരിശീലനത്തില്‍നിന്നു വിട്ടുപോന്ന ഹൈഡഗര്‍ എന്ന അസ്തിത്വചിന്തയുടെ പണ്ഡിതന്‍ എങ്ങനെ നാസിയായി? ഹുസ്സേലിന്റെ പ്രാതിഭാസിക ചിന്തയുടെ കസേരയില്‍ കടന്നിരുന്ന ലോക ചിന്തകന്‍ നാസി പാര്‍ട്ടിക്കാരനായി!

ഇവിടെ വിമര്‍ശനത്തിനും വീണ്ടുവിചാരത്തിനും വിധേയമാകേണ്ടത് അറിവിന്റെ വഴിയെക്കുറിച്ചു തന്നെയാണ്. തത്ത്വവിചാരത്തിന്റെ വിചാരവഴികള്‍ എന്ത്, എങ്ങനെ? ലെവിനാസ് സൂചിപ്പിക്കുന്ന രണ്ടു വഴികള്‍ തത്ത്വചിന്തകനേയും പ്രവാചകനേയും എങ്ങനെ ഭിന്നമാക്കുന്നു, എന്തുകൊണ്ടു ഭിന്നമാകുന്നു? ഇവര്‍ തമ്മിലുള്ള വ്യത്യാസം എന്ത്? വ്യത്യാസം തന്നെയാണ് പ്രശ്‌നം. വ്യത്യാസത്തെ എങ്ങനെ അറിയുന്നു എന്നതാണ്. വ്യതിരിക്തനായവനാണ് അപരന്‍. അപരജ്ഞാനം എന്ത്, എങ്ങനെ? ഇതു മനസ്സിലാക്കുന്നതുമായി ബന്ധപ്പെട്ടതാണ്, അറിവിനനുസൃതമായ കര്‍മ്മമാര്‍ഗ്ഗം. അറിവില്‍നിന്നുള്ള നടപടികളാണ്. രാഷ്ട്രീയവും ധര്‍മ്മവും. ധര്‍മ്മവും രാഷ്ട്രീയവും എങ്ങനെ ബന്ധപ്പെടുന്നു? ധര്‍മ്മത്തില്‍ നാം വഞ്ചിതരാകുകയാണോ?

ഇമ്മാനുവേൽ കാന്റ്
ഇമ്മാനുവേൽ കാന്റ്

2. അഹംവിചാരം

ചിന്ത എപ്പോഴും ചോദ്യം ചെയ്യലാണ്. ഈ ചോദ്യം ചെയ്യല്‍ ചിന്തകന്‍ വന്നുപെട്ട സാഹചര്യത്തേയും വിമര്‍ശനവിധേയമാക്കലാണ്. ചിന്തിക്കുന്നതു യുദ്ധചിന്തയായോ? യുദ്ധമാണ് എല്ലാറ്റിന്റേയും മാതാവ് എന്നത് ഗ്രീക്കു ചിന്തകനായ ഹെരാക്ലീറ്റസിന്റെ വാചകമാണ്. മനുഷ്യജീവിതം യുദ്ധമാണെന്നും നീതിയാണ് കുഴപ്പമുണ്ടാക്കുന്നതെന്നും കുഴപ്പമനുസരിച്ച് എല്ലാം നിശ്ചിതമായി നടക്കുന്നു എന്നുമാണ് ഹെരാക്ലീറ്റസിന്റെ വാദം. യുദ്ധം അക്രമമാണ്, മൃഗീയമായ മുഷ്ടിയുടെ കടന്നുകയറ്റം. അതു കൊലയാണ്, വെടിയുണ്ടയാണ്, ബോംബാണ്, കൂട്ടമരണങ്ങളാണ്. ഇതു ശാസ്ത്ര സാങ്കേതിക വിദ്യയുടെ വികസനത്തിന് അതിഭീകരമായും  സമൂലമായും ഏറെ കാര്യപ്രാപ്തിയിലും നടക്കുന്നു. യുദ്ധമാണ് ജീവിതത്തിന്റെ കഥ. നിലനില്‍പ്പിനും ഇടര്‍ച്ചയ്ക്കും വേണ്ടിയുള്ള യുദ്ധം. അവിടെ മനുഷ്യന്‍ വീരനാണ്. വീരന്മാരുടെ ഗണത്തില്‍ നാര്‍സിസിയൂസ് തന്റെ അഹം കണ്ട് തന്നിലേക്ക് വീണു പ്രണയിച്ചു മരിച്ചവന്‍. സാമൂഹിക ജീവിതം അവിടെ വീരന്മാരുടെ അതിജീവനത്തിന്റെ ഇതിഹാസമായി. സംസ്‌കാരങ്ങളുടെ ഇതിഹാസങ്ങള്‍ ഈ വീരന്മാരുടെ കഥ പറയുന്നു. ഇത് അഹത്തിന്റെ ആധിപത്യ കഥയാണ്. ഹോമറിന്റെ യൂളീസിസ്സ് കപ്പല്‍ യാത്രയില്‍ സൈറണ്‍ സംഗീതത്തില്‍നിന്നു (പുസ്തകം XII) മുക്തമാകുന്നുണ്ട്. വിഷയവും വ്യക്തിയും തമ്മിലുള്ള വേര്‍തിരിവുണ്ട്; വിഷയത്തില്‍നിന്നും അതിന്റെ സംഗീതത്തില്‍നിന്നും വീരപുരുഷന്‍ മുക്തനായി.

എനിക്കുവേണ്ടി ഞാന്‍ നിര്‍മ്മിക്കുന്ന കോട്ട എപ്പോഴും കൂടുതല്‍ കരുത്തതും കൂടുതല്‍ ദൃഢമാക്കുന്നതുമാണ് എന്റെ വികസന പദ്ധതി. അത് എന്റെ യുദ്ധ പദ്ധതിയാണ്; എന്റെ സാമ്രാജ്യത്തിന്റെ വ്യാപന പരിപാടിയാണ്. ആധുനിക മനഃശാസ്ത്രം ഇങ്ങനെ അഹത്തെ വളര്‍ത്തുന്നതുമാണ്. സൊക്രാറ്റിക്ക് സത്യം എന്നു പരികല്പനയില്‍ ആണിവച്ച് ഒരു തത്ത്വവിചാരമാകും. തത്ത്വചിന്ത അഹം വിചാരമായി മാറുന്നു Philosophy is egology നാസിസവും ഫാസിസവും പാശ്ചാത്യ ചിന്തയുടെ അപവാദമാണോ എന്നതാണ് ചോദ്യം. ഇത് ഡാര്‍വിന്റെ അതിജീവന സിദ്ധാന്തമാണ്. ജര്‍മനിയിലെ യെന യൂണിവേഴ്‌സിറ്റിയില്‍ നിയമിതനായ എഫ്.കെ. ഗുന്തര്‍ അങ്ങനെ ഡാര്‍വിന്റെ പരിണാമം വേദവാക്യമായി നാസിസത്തില്‍ നടപ്പിലാക്കുന്നതിന്റെ പണ്ഡിതനായിരുന്നു. അദ്ദേഹം പറഞ്ഞു: 'നമ്മുടെ ഏക ലക്ഷ്യം ഡാര്‍വീനിയന്‍ തെരഞ്ഞെടുപ്പും ഒഴിവാക്കലുമാണ്. വംശപാരമ്പര്യ പ്രകാരം ഉയര്‍ന്ന മൂല്യമുള്ളവര്‍ക്കു ധാരാളം കുട്ടികളാകാം, ആ വിലയില്ലാത്തവര്‍ക്കു കുറച്ചും അഥവാ കുട്ടികള്‍ വേണ്ട.' അങ്ങനെ വംശപരമായ ഒരു അരിസ്റ്റോക്രസി ഉണ്ടാക്കാനാണ് ഹിറ്റ്‌ലര്‍ ശ്രമിച്ചത്.

ജര്‍മന്‍ നാസി പാര്‍ട്ടിയില്‍ ചേര്‍ന്ന ഹൈഡഗറിന്റെ ചിന്താപദ്ധതി ഈ 'വീരനായ' മനുഷ്യന്റെ പരികല്പനയാണ്. അതുകൊണ്ട് ലെവിനാസ് പറയുന്നത് തത്ത്വചിന്തയും അസ്തിത്വ ചിന്തയും അഹംചിന്തയായി മാറി എന്നതാണ്. ഇവിടെ അദ്ദേഹം അറിയല്‍ തന്നെ അപഗ്രഥന വിഷയമാക്കുന്നു. അറിയുക എന്നാല്‍ വിഷയമാക്കി കീറിമുറിച്ചു പഠിക്കുക എന്നതാണ്. അപ്പോള്‍ പഠനവിഷയത്തെ വിധേയപ്പെടുത്തി അതിന്റെമേല്‍ നടത്തുന്ന ആധിപത്യമാണ്. അസ്തിത്വ ചിന്ത ആധിപത്യ ചിന്തയാണ്. ഭൗതിക വസ്തുക്കളെ പഠിച്ച് അതിന്റെ രഹസ്യങ്ങള്‍ അറിഞ്ഞ് അതിനെ വിധേയമായി നിയന്ത്രിക്കുന്നു. ഔന്നത്യത്തില്‍പ്പെട്ട് എല്ലാം അങ്ങനെ വിധേയപ്പെടുത്തി മനസ്സിലാക്കുകയാണ്. മനസ്സിലാക്കുക എന്നാല്‍ മനസ്സിലേക്ക് ആശയമാക്കി, പടമാക്കി കൊന്ന് എടുക്കുകയാണ്. എല്ലാ ചരാചരങ്ങളേയും ഇങ്ങനെ മനസ്സിലാക്കുന്നു; മനസ്സിലാക്കുന്നതെല്ലാം വിധേയമാകുന്നു. അപരനും അസ്തിത്വത്തില്‍ ഒന്നാണ്. അപരത എനിക്കു വിധേയമാകുന്നു  അറിയുന്നു.

പാശ്ചാത്യ തത്ത്വചിന്തയില്‍ അറിവിന്റെ രൂപകം കാണലാണ്. അറിയാന്‍ കണ്ടാല്‍ മതി. കണ്ണിന്റെ നോട്ടത്തിനു വിധേയമാക്കി സ്വന്തമാക്കുകയാണ്. കണ്ണിന്റെ വെളിച്ചം എല്ലാറ്റിനേയും വെളിവാക്കി വെളിച്ചത്തിലാക്കി അറിയുകയാണ്. അതിന്റെ അസ്തിത്വം വെളിവായി അറിയുന്നു, വിധേയപ്പെടുന്നു. എല്ലാം കണ്ണിന്റെ കാഴ്ചയില്‍ വെട്ടിപ്പിടിച്ച് ആശയമാക്കിയും പടമാക്കിയും സ്വന്തമാക്കുന്നു. സൂര്യനാണ് അറിവിന്റെ ബിംബം. എല്ലാറ്റിനും മുകളില്‍നിന്നു നോക്കി എല്ലാം നോട്ടത്തിന്റെ ആധിപത്യത്തിലാക്കുന്നു. അതാണ് അറിവിന്റെ സാംസ്‌കാരിക രൂപം. അതു ലോകത്തെ ഭൂപടമാക്കലാണ്. പ്ലേറ്റോയില്‍ എല്ലാറ്റിന്റേയും അളവ് പ്രകാശമാണ്. സ്വയം പ്രകാശമായി എല്ലാം അളന്നു കിട്ടുന്ന ആശയവും എല്ലാത്തരം അറിവും എല്ലാത്തരും ചിന്തയും വിഷയമാക്കുന്ന ചിന്തയാണോ? അപരമായതിനോടുള്ള ചിന്ത എങ്ങനെയായിരിക്കണം? ചിന്തയുടെ ആധിപത്യമില്ലാത്ത ചിന്തയുണ്ടോ? വിഷയമാക്കാത്ത ചിന്ത സാധ്യമോ? കണ്ണിന്റെ കാമം പിന്‍വലിച്ചുള്ള കാഴ്ച സാധ്യമാണോ?

കാഴ്ചയില്‍ സന്നിഹിതമാക്കലും സന്നിഹിതമായതും തമ്മില്‍ വ്യത്യാസമുണ്ട്. നൃത്തത്തില്‍ സന്നിഹിതമാകുന്നതു നര്‍ത്തകിമാരാണ്. പക്ഷേ, നൃത്തം എന്ന ലീലയുടെ വിലാസമുണ്ടല്ലോ. അതു നര്‍ത്തകിമാരല്ല. കാണുന്നതിന്റെ പിന്നിലെ കാഴ്ചയാണത്. സന്നിഹിതമായതും സന്നിഹിതമാക്കലും വ്യത്യസ്തമാണല്ലോ. രണ്ടും കാണുന്നു. സന്നിഹിതമായതു മാത്രമായി കാഴ്ച ചുരുങ്ങുമ്പോള്‍ അസ്തിത്വങ്ങളെ കാണുന്നു, അസ്തിത്വ വിലാസം കാണുന്നില്ല. സന്നിഹിതമാക്കുന്ന പ്രപഞ്ചലീലയുടെ പിന്നില്‍ എന്ത്? ഈ വിലാസം തുറന്നു വിലസിച്ചിരിക്കുന്നതു മാത്രം കാണുന്നത് വികലമായ വീക്ഷണമാണ്. അറിവിനെ കണ്ടതിലേക്കു ചുരുക്കുന്നു. മാത്രമല്ല, അറിവിന്റെ, അഹത്തിന്റെ, കാമനേത്രങ്ങളുടെ അടിച്ചൊതുക്കലാകുന്നു. അവിടെ അടിച്ചൊതുക്കുന്നതിന്റെ രൂപത്തിലേക്ക് എല്ലാം ഒതുക്കപ്പെടുന്നു. അക്രമത്തിന്റെ വെളിച്ചത്തിന്റെ വിപരീതമെന്താണ്?

പ്ലേറ്റോ
പ്ലേറ്റോ

3. അസ്തിത്വ ചിന്ത

ഞാന്‍ അല്ലാത്തതിനെക്കുറിച്ചുള്ള ചിന്ത എല്ലാം അഹത്തിലേക്കു സ്വന്തമാക്കുന്ന ചിന്തയാകുന്നു. ലോകത്തിലെ അസ്തിത്വ ചിന്ത അഹത്തിന്റെ സ്വന്തമാക്കലായി മാറുന്നു എന്ന തിരിച്ചറിവില്‍ ഭിന്നമായ ചിന്ത സാധ്യമാകുമോ? 'അസ്തിത്വമല്ലാത്ത വിധത്തില്‍' (Otherwise than being) എന്നതും ലെവീനാസിന്റെ ഒരു പുസ്തകത്തിന്റെ പേരാണ്. അസ്തിത്വമല്ലാത്ത വിധത്തില്‍ നില്‍ക്കുന്നത് അപരനാണ്. ലോകത്തിലെ മറ്റൊന്നുമായി അപരനെ സാധര്‍മ്മ്യപ്പെടുത്താനാവില്ല. അപരനെ ലോകത്തിലുള്ള ഒന്നിനെക്കുറിച്ചും ചിന്തിക്കുന്നതുപോലെ ചിന്തയുടെ വിഷയമാക്കാന്‍ അനുവദിക്കുന്നില്ല. അങ്ങനെ ചിന്തിക്കാന്‍ തുടങ്ങുമ്പോഴാണ് കര്‍ത്തേസ്യന്‍ ചിന്താപദ്ധതി ഉപേക്ഷിക്കേണ്ടതായി വരുന്നത്. ഞാന്‍ ചിന്തിക്കുന്നു അതുകൊണ്ട് ഞാനുണ്ട് എന്ന വിധത്തിലുള്ള ചിന്താപദ്ധതി യുദ്ധചിന്തയായി മാറുന്നു. ഈ പ്രശ്‌നം മനസ്സിലാക്കിയ മറ്റൊരു യഹൂദചിന്തകനാണ് സ്പിനോസ. അദ്ദേഹത്തിനു തത്ത്വചിന്ത ധര്‍മ്മചിന്തയാണ്. അദ്ദേഹം അര്‍ത്ഥശങ്കയില്ലാതെ എഴുതി: 'ഏതു മനുഷ്യനും ആഗ്രഹിക്കുന്നത് ജീവിതത്തുടര്‍ച്ചയാണ്.' അതു മാത്രമാണ് സുകൃതത്തിന്റെ ഏകമായ അടിസ്ഥാനം. ദൈവത്തെ അറിയുന്നതല്ല മനസ്സിന്റെ വലിയ നേട്ടം. ദൈവം അങ്ങനെ അറിവിന്റെ വിഷയമല്ല. ദൈവം സുകൃതത്തിന്റെ അപരനാണ്. നന്മ ചെയ്യാനുള്ള ആഗ്രഹത്തിനാണ് ധര്‍മ്മം എന്നത്. ഏതു ശാസ്ത്രത്തിന്റേയും പിന്നിലെ ഏക ലക്ഷ്യം ഈ നന്മയാണ്. നമുക്കു മുന്‍പില്‍ ഒരേ ഒരു തെരഞ്ഞെടുപ്പേയുള്ളൂ. ആയിരിക്കണോ, അല്ലായിരിക്കണമോ? സ്വാതന്ത്ര്യം യന്ത്രത്തിനുള്ളിലെ ഒരു ഭാഗമായി മാറാനല്ല. സ്വാതന്ത്ര്യം നിഷേധമാണ്. ആയിരിക്കുന്നതു നിഷേധിക്കുന്നതാണ്. ആ വിധത്തില്‍ ശാസ്ത്രത്തിന്റെ എല്ലാ ഉല്പന്നങ്ങളും ധര്‍മ്മത്തിന്റെ നേട്ടങ്ങളാണ്; ചിലപ്പോള്‍ ധര്‍മ്മനഷ്ടത്തിന്റെ അടയാളങ്ങളും. അറിവിന്റെ ശാസ്ത്രം എങ്ങനെ യുദ്ധമായി മാറി എന്നതാണ്. എല്ലാ യുദ്ധങ്ങളും കണക്കുകൂട്ടലില്‍ തുടങ്ങുന്നു. ഹൈഡഗര്‍ അറിവിന്റെ ശാസ്ത്രം അഹത്തിന്റെ താല്പര്യത്തിന്റെ കണക്കുകൂട്ടലായി മാറി എന്നു പറയുന്നു. എല്ലാറ്റിനും പേരു കൊടുത്ത് ഉപയോഗത്തിന്റെ വിഷയമാക്കി. നമ്മുടെ ജീവിതം ജീവിതത്തിന്റെ സ്വപ്നാടനത്തില്‍ നടക്കുന്നതു കൊല്ലാനാണ്. എല്ലാം എന്റെ വേട്ടയുടെ വിഷയങ്ങള്‍. കൊലപാതകി സ്വാഭാവികമായി ജനിച്ചു ജീവിക്കുന്ന കൊലയാളി മാത്രമണ്. ഇതു തിരിച്ചറിയുന്ന സ്പിനോസ എഴുതിയത് ധാര്‍മ്മികതയും മതവും രാഷ്ട്രീയമാണ് എന്നാണ്. രാഷ്ട്രീയം വസ്തുവകകളേയും കാഴ്ചയില്ലാത്തവരേയും സംരക്ഷിക്കുന്ന വിധമാണ്. നാം ധാര്‍മ്മികരായി വഞ്ചിതരാണോ, അതോ ധാര്‍മ്മികത പറയുന്നവരില്‍ നിന്നാണോ നാം സംരക്ഷിതരാകേണ്ടത്? ധാര്‍മ്മിക പ്രബോധനം വെറും തട്ടിപ്പായി മാറിയോ? രാഷ്ട്രീയകേളിയുടെ വഞ്ചന. 'യുദ്ധം മുന്‍കൂട്ടി കാണുന്നതും അത് എങ്ങനേയും ജയിക്കുന്നതും ബുദ്ധിയുടെ നടപടിയായി കരുതപ്പെടുന്നു. രാഷ്ട്രീയം ധാര്‍മ്മികതയ്ക്ക് എതിരാകുന്നു; തത്ത്വശാസ്ത്രം സ്വാഭാവികതയ്‌ക്കെതിരാകുന്നു.' 'സാമ്രാജ്യങ്ങളുടെ സമാധാനം യുദ്ധത്തിനുള്ളിലെ വിശ്രമത്തില്‍ നിന്നുള്ള പ്രഖ്യാപനമാണ്' ലെവീനാസ് എഴുതി.

ഹൈഡഗറിന്റെ ചിന്തയില്‍ മനുഷ്യാസ്തിത്വം എവിടെയെങ്കിലും ആയിരിക്കുന്ന (Dasein) ചിന്തയാണ്. അസ്തിത്വം എവിടെയെങ്കിലും ആകാതെ പറ്റില്ല. ഏതെങ്കിലും സ്ഥലത്തില്‍ ആകാതെ അതു 'തനിക്കുവേണ്ടി'യായി പരിഗണിക്കുന്നു. മറ്റുള്ളവരുമൊത്തും തങ്ങള്‍ക്കും വേണ്ടിയാണ്  ഇതാണ് ഹൈഡഗറിനു 'ജനം' (Volk). ഈ ജനവുമായുള്ള ബന്ധമാണ് അടിസ്ഥാനം, അത് അവിടെ വേരുപിടിക്കലാണ്. ഈ വേരുപിടിക്കല്‍ ഒരു തരം രക്തബന്ധമാണ്; ശരീരത്തിലാണല്ലോ ആയിരിക്കുക. ഈ ശാരീരികതയുടെ 'ജന'ങ്ങള്‍ വ്യാപിക്കുന്നു. അത് അവിടത്തെ ചരിത്രവും സമൂഹവുമായി വേരുപറിക്കാനാവാത്ത ബന്ധമാണ്. ഇതാണ് അസ്തിത്വത്തിന്റെ തനിമയായി മാറുന്നത്. ഇങ്ങനെ ഇടത്തിന്റെ ജനകീയതയില്‍ വേരുപിടിക്കുന്ന ചിന്ത തന്നെയാണ് എല്ലാ ക്രൂരതകളുടേയും അടിസ്ഥാനം എന്നാണ് ലെവിനാസിന്റെ വിമര്‍ശനം. അതു സാംസ്‌കാരികമായ വേരുപിടുത്തമാണ്; സാംസ്‌കാരിക തനിമയിലെ അസ്തിത്വമാണ്. ഇതു സാംസ്‌കാരികമായ ഒരു മൗലികവാദത്തിന്റെ വേരുപിടുത്തമായി വിമര്‍ശിക്കപ്പെടുന്നു.

ഹൈഡ​ഗർ
ഹൈഡ​ഗർ

4. സാംസ്‌കാരികാധിപത്യം

'ധാര്‍മ്മികത സാംസ്‌കാരികമല്ല; അതു സംസ്‌കാരത്തോടുള്ള വിധിയാണ്'  ലെവിനാസ് എഴുതി. മനുഷ്യത്വത്തെ സാംസ്‌കാരികമായി നിര്‍വ്വചിക്കാന്‍ വിസമ്മതിക്കുന്നവനാണ് ലെവിനാസ്. സാംസ്‌കാരിക ഭരണം അപകടകരമാകുന്നതാണ് അദ്ദേഹം വെളിവാക്കുന്നതും. ഒരുവന്‍ ആയിരിക്കാന്‍ വിധിക്കപ്പെട്ട സംഘത്തിന്റെ സവിശേഷതകളിലാണോ ഒരാള്‍ വിധിക്കപ്പെടേണ്ടത്? സാംസ്‌കാരിക തനിമകളാണ് ആളുകളെ 'അന്യമായി' വിധിക്കുന്നത്. 'നമ്മള്‍ ഒരുപോലെയാണ്, അവര്‍ ഭിന്നരാണ്. നാം മനുഷ്യരാണ്, അവരോ?' അവര്‍ മനുഷ്യരല്ല എന്നു പറയുന്നിടത്ത് കൊലയുടെ വാതില്‍ തുറക്കുന്നു. ഈ വിഭജനം ഉണ്ടാക്കുന്നത് സാംസ്‌കാരികമായി കാഴ്ചപ്പാടിന്റെ സംഘബോധമാണ്. സാംസ്‌കാരികാചാരങ്ങളായി 'നാം' എന്ന പ്രത്യയശാസ്ത്രം സ്ഥാപിക്കുകയാണ്. ഈ സാംസ്‌കാരിക സംഘബോധത്തിന്റെ അറിവിന്റെ സ്വഭാവം അതു കെട്ടുകഥയാണ് എന്നതാണ്. അതു പാരമ്പര്യമാണ്, പൂരണമാണ്. 'അറിയാത്തത് ഒരു' പുസ്തകമാണ്. അറിവിന്റെ സത്താപരമായ ഒരു മാനമാണ് നാം ലോകത്തില്‍ ജീവിക്കുമ്പോള്‍ അറിയാത്ത മനുഷ്യരെക്കുറിച്ച്,  മനുഷ്യസമൂഹങ്ങളെക്കുറിച്ച് അറിയുന്നു. അറിയാത്തവരുടെ സംസ്‌കാരവും തനിമയും അറിയുന്നതും അതുമായി ബന്ധപ്പെട്ട സ്വന്തം തനിമകളെ ആപേക്ഷികമായി വിലയിരുത്തുന്നതും ചിന്തയുടെ ഭാഗമാണ്. ഈ ആപേക്ഷികബോധം ധര്‍മ്മബോധത്തിന്റെ അനിവാര്യതയാണ്. സാംസ്‌കാരികമായ തനിമയുടെ പുറത്തേക്കു തലനീട്ടാന്‍ കഴിയുമ്പോഴാണ് മനുഷ്യന്‍ അവന്റെ ധര്‍മ്മബോധത്തിലാകുന്നത്.

ഒരു സാംസ്‌കാരിക സമൂഹം ഒരു സാംസ്‌കാരിക ലോകം തീര്‍ക്കുന്നു. എല്ലാറ്റിനേയും സംബന്ധിക്കുന്ന ഒരു സമഗ്രമായ ലോകവീക്ഷണം  അതു കാഴ്ചപ്പാടുകളുടേയും ബിംബങ്ങളുടേയും ഭാഷയുടേതുമാണ്. അതുണ്ടാക്കുന്ന മുഖാവരണവുമായിട്ടാണ് അതിലെ മനുഷ്യര്‍ ജീവിക്കുന്നത്. അതില്‍ വസിക്കുന്നവര്‍ സാംസ്‌കാരികമായി വേരുപിടിച്ചവരാണ്. അതിനപ്പുറത്തു ലോകമുണ്ട്, മനുഷ്യരുണ്ട്. ഈ സാംസ്‌കാരികതയില്‍ എല്ലാവരും ഒന്നുപോലെ യോജിപ്പിക്കപ്പെടുന്നു. ഇവിടെ സാംസ്‌കാരിക തനിമയാണ് ഉണ്ടാക്കപ്പെടുന്നത്. ഈ തനിമയാണ് രണ്ടാം പ്രകൃതിയായി മാറുന്നത്. പക്ഷേ, ലോകം അനന്തമായ വൈവിധ്യങ്ങളുടെയാണ്. ഈ മാനുഷിക വൈവിധ്യങ്ങള്‍ അറിയാതെ, അതൊക്കെ അന്യവും വന്യവുമാകുന്നു. അറിയാത്തതിനെ നിരന്തരം സമഗ്രതയിലേക്കു ഉള്‍ക്കൊള്ളിക്കുന്നു, സ്വന്തം മുദ്ര നല്‍കി. എല്ലാം അവിടെ ഒന്നിന്റെ ആവര്‍ത്തനമായി മാറ്റുന്നു. എല്ലാം അപ്രിയ ലോകമാണ്. ഈ സാംസ്‌കാരികാധിപത്യത്തില്‍ പലപ്പോഴും മുഖംമൂടി അണിഞ്ഞ് അഭിനയിക്കുകയാണ്.

നാസിസം ഈ വിധത്തില്‍ ഒരു സാംസ്‌കാരികാധിപത്യവുമായിരുന്നു. പ്രൗഢിയുടെ കഥകള്‍ ഉണ്ട്; അതുണ്ടാക്കുന്ന വ്യതിരിക്തതയുടെ ആശയങ്ങളും അതു സ്വാഭാവികമായി സൃഷ്ടിക്കുന്ന ക്രൂരതയും ആചാരങ്ങളായി സ്ഥാപിതമാകുന്നു. സംസ്‌കാരികത്തിനതീതമായി ജീവിക്കുന്ന കാഴ്ചപ്പാടുകള്‍ ഉണ്ടാകണമെങ്കില്‍ തനിമകള്‍ ഉടയ്ക്കാന്‍ സന്നദ്ധമാകണം. അപരനെക്കുറിച്ചു ചിന്തിക്കുമ്പോള്‍ അപരനെ ഉള്‍ച്ചേര്‍ക്കാനാണ് ചിന്തിക്കുന്നത്. അപരന്‍, ശല്യപ്പെടുത്തുന്നു, ഉണര്‍ത്തുന്നു, ഉണര്‍ത്തപ്പെടുന്നവന്‍ ആയിരിക്കുന്നതില്‍ കൂടുതല്‍ ഉള്‍ക്കൊള്ളുന്നവനാണ് അതാണ് ഉണര്‍ത്തപ്പെടുന്നത്. അപ്പോള്‍ തനിമയില്‍ വിള്ളല്‍ ഉണ്ടാകും. വ്യത്യാസങ്ങള്‍ പരസ്പര ബന്ധത്തില്‍ മറക്കപ്പെടുന്നു. അതോടൊപ്പം ബന്ധത്തില്‍ കേവലമായി തുടരുന്നു. പുറം എന്നതു പൂര്‍ണ്ണമായി പുറമല്ല. അകത്തില്‍ പുറത്തിന്റെ സാന്നിദ്ധ്യസാധ്യതയുമുള്ളത് കണ്ടെത്താന്‍ അനന്യതയുടെ വേലികള്‍ പൊളിക്കേണ്ടിവരുന്നു.

'ശരിക്കും ഭൂമാതാവ് പാശ്ചാത്യ നാഗരികതയുടെ സമ്പത്തിനെക്കുറിച്ചും ചൂഷണത്തെക്കുറിച്ചും രാഷ്ട്രീയ ആധിപത്യത്തെക്കുറിച്ചും പറയുന്നതും നിശ്ചയിക്കുന്നതും' ശുദ്ധരക്തത്തിന്റേയും ഭൂമാതാവിന്റെ കാഴ്ചപ്പാടുകളും തനിമകളുമാണ് നാസിസ്സത്തിന്റെ അടിസ്ഥാന പ്രചോദനം. മാതൃഭൂമിയുടെ മണ്ണില്‍ വേരുപിടിച്ചവര്‍ അന്യരെ കാണുന്നത് ഇടമില്ലാത്തവരായിട്ടാണ്. ലോകത്തിന്റെ വഴിയില്‍പ്പെടാത്തവരാകുകയാണ്, അന്യലോകക്കാരാണ്. അന്യനെ പരദേശിയായി കാണുന്നത് സ്വന്തം മണ്ണിന്റെ കമ്മട്ടങ്ങളില്‍നിന്നുള്ള കാഴ്ചയാണ്. ഈ കാഴ്ചപ്പാടിന്റെ വ്യാകരണമാണ് തനിമ. ഈ തനിമ ഉടച്ചുമാറ്റാത്തിടത്തോളം അന്യന്‍ ശത്രുവായി മാറുന്നു. സ്ഥലത്തോട് ആണിവച്ചുള്ള കാഴ്ചപ്പാട് പേഗന്‍ എന്നാണ് ലെവിനാസ് വിളിക്കുന്നത്  അതാണ് വിഗ്രഹങ്ങള്‍ ഉണ്ടാക്കുന്നത്. ഈ വിഗ്രഹങ്ങള്‍ ഉടയാതെ ആതിഥ്യം സംഭവിക്കില്ല. മനുഷ്യന്റെ വേരുകള്‍ മണ്ണിലും പാരമ്പര്യത്തിലും കണ്ടെത്തുന്നവര്‍ മൗലികവാദത്തിനു പുറത്തുകടന്ന് ധര്‍മ്മത്തിന്റെ ആതിഥ്യത്തിനു തയ്യാറാകുക പ്രയാസമാണ്. ഈ മാതൃഭൂമിയുടെ മനോഭാവം മരുഭൂമിയില്‍ പീഡിതരേയും മണ്ണിലാത്തവരേയും ഇടമില്ലാത്തവരേയും ഉണ്ടാക്കും.

ലെവിനാസ് യഹൂദനായിരുന്നു. യഹൂദര്‍ പല നാടുകളിലും സംസ്‌കാരങ്ങളിലും ജീവിച്ചു. ഒരിടത്തും അവര്‍ സ്വന്തം സംസ്‌കാരം ഉണ്ടാക്കിയില്ല. ജീവിക്കുന്നിടത്ത് മറ്റുള്ളവരുമായി ഒന്നു ചേര്‍ന്നു ജീവിച്ചു. 'ചരിത്രത്തില്‍ കാണപ്പെട്ടവരില്‍ ഏറ്റവും ഔന്നത്യമുള്ള ജനം' എന്നു സാര്‍ത്ര് എഴുതിയ വംശം പ്രത്യേക ചരിത്രമോ സമൂഹമോ സംസ്‌കാരമോ ഉണ്ടാക്കാതെ ജീവിച്ചവരാണ്. അവരുടെ തനിമ ഒരു പുസ്തകത്തിലായിരുന്നു. അത് അവരെ പഠിപ്പിച്ചതു ധര്‍മ്മമാണ്. അതൊക്കെ ഓര്‍മ്മിക്കാന്‍ ഉള്ളത് 'ദീര്‍ഘമായ സഹനമരണങ്ങള്‍ ഉണ്ടാക്കിയ ദുരന്തങ്ങളായിരുന്നു; വേട്ടയാടപ്പെട്ട മനുഷ്യര്‍ എന്തിന്? ധര്‍മ്മത്തിന്റെ ഭീകരതയില്‍!'

ഹെരാ ക്ലീറ്റസ്
ഹെരാ ക്ലീറ്റസ്

5. വേരുപറിഞ്ഞവര്‍

'യൂറിഗഗാറിനും നമ്മളും' എന്ന ലേഖനം ലെവിനാസ് എഴുതി. ബഹിരാകാശത്തേക്കു പോയ ആദ്യ മനുഷ്യന്‍. അതു ശാസ്ത്ര സാങ്കേതികവിദ്യകളുടെ നേട്ടമാണ്. അതു മനുഷ്യന്റെ മണ്ണില്‍നിന്നും ഇടത്തില്‍നിന്നും മാതൃഭൂമിയില്‍ നിന്നുമുള്ള വേരുപറിക്കലായിരുന്നു. ഒരിടത്തും ദൈവമില്ല, വെറും ശൂന്യതമാത്രം, വെറും ഇടം. ഈ ലോകത്തില്‍ ഒന്നും ദൈവമല്ല, ദൈവികമല്ല. ഒന്നും വിഗ്രഹമാക്കാനാവില്ല. മനുഷ്യന്‍ അവന്റെ മണ്ണില്‍നിന്നും സമൂഹത്തില്‍നിന്നും രാജ്യത്തില്‍നിന്നും വേരു പറയുന്നു. മനുഷ്യര്‍ ആയിരിക്കുന്നിടത്തില്‍നിന്നും പുറത്തുകടന്നു, ചക്രവാളത്തിനു പുറത്തേക്കു പോകുന്നു. മനുഷ്യനു ചുറ്റും ആകാശം മാത്രമായി. സ്വന്തം തനിമയുടെ ഉറക്കത്തിലെ നടനത്തില്‍നിന്ന് അയാള്‍ ഉണരുന്നു. ഉണരുന്നത് ധര്‍മ്മബോധത്തിലേക്കാണ്  ഒരു ഇടവുമില്ലാത്തിടത്താകുന്നു; ഒരു കവചവുമില്ലാതെ, ആഭരണവുമില്ലാതെ, തീര്‍ത്തും അന്യതയുടെ നിര്‍മമതയില്‍. ഈ ഉണര്‍വ്വാണ് പ്രവാചികം. സ്വന്തമായ നാടും വീടും വിട്ടവന്റെ അന്യതയും ആതിഥ്യവും. ശാസ്ത്ര സാങ്കേതിക വിദ്യകളും ആഗോളവല്‍ക്കരണവും സ്ഥിരമായി മനുഷ്യന്റെ വേരുകള്‍ പറിക്കുകയാണ്. ആരാണ് അന്യന്‍ എന്ന പ്രശ്‌നം അതീവമായി ചോദ്യം ചെയ്യപ്പെടുകയാണ്.

പാശ്ചാത്യ ചിന്തയുടെ ചരിത്രം അസ്തിത്വത്തിന്റെ പിടിച്ചടക്കലിന്റെയായിരുന്നു. ഈ പിടിച്ചടക്കലില്‍ ബുദ്ധിയാണ് അപരനെ ഇല്ലാതാക്കിയത്. ഇവിടെ ഏറെ ശ്രദ്ധേയം അപരനുമായുള്ള ബന്ധം യാഥാര്‍ത്ഥ്യവുമായുള്ള ബന്ധമല്ല എന്നതാണ്. അതു പഞ്ചഭൂതങ്ങളുമായുള്ള ബന്ധമല്ല. ഗ്രീക്കുകാര്‍ പ്രപഞ്ചവുമായി ഐക്യത്തില്‍ വസിച്ചു. യഹൂദര്‍ ജനങ്ങളുമായി ഒന്നിച്ചു വസിച്ചു. ബൈബിളിലെ എബ്രാഹം പ്രകൃതിയുടെ വൈപരീത്യങ്ങളെക്കുറിച്ചല്ല വ്യാകുലനായത്. കൃഷിപ്പണിക്കാരന്റെ വേരുപിടുത്തവും ഫ്യൂഡല്‍ ആരാധനയും അടിമപ്പെടുത്തപ്പെട്ടവരോട് കല്പിക്കുന്ന മേലാളന്മാര്‍ക്കും പ്രഭുക്കള്‍ക്കുമാണ്. ഇവയുടെ പിന്നിലെ ഗൃഹാതുരത്വത്തിന്റെ പ്രസക്തിയെന്ത്? അതു അസ്തിത്വബന്ധമല്ല. അപരന്റെ മുഖമാണ് ശുദ്ധമായ അനുഭവമായത്. അപരന്റെ മുഖം മനസ്സിലാക്കാനോ ആശയമാക്കാനോ അളക്കാനോ സാധ്യമല്ലാത്ത അനുഭവമാണ്. അന്യന്റെ മുഖം ഇടങ്ങളെ അതിക്രമിച്ചു നില്‍ക്കുന്നു. ഉയര്‍ച്ചയില്‍ അത് ഉയര്‍ച്ച പ്രതീക്ഷിക്കുന്നു. നേരിടുന്നത് ഉത്തരം ചോദിക്കുന്ന മുഖമാണ്. മാത്രമല്ല, അപരന്റെ മുഖം എന്നെ അളക്കുന്നു. എന്റെ സ്വന്തമാക്കലിനെ പ്രതിരോധിക്കുന്നു. അപരന്റെ നോട്ടമാണ് എന്റെ പിടിച്ചടക്കലിനെ പ്രതിരോധിക്കുന്നത്. അപരന്‍ എന്നെ ശല്യപ്പെടുത്തുന്നു, പ്രചോദിപ്പിക്കുന്നു. എന്റെ ഏകാന്തത നശിപ്പിക്കുന്നു. ഞാന്‍ അതൃപ്തനാകുന്നു. പിടിച്ചടക്കുന്നവന്റെ നോട്ടം നോക്കുന്നവന്റെ അതിഭൗതിക ആഗ്രഹം നശിപ്പിക്കുന്നു. അപരനെ ആ നോട്ടം അസ്തിത്വങ്ങളില്‍ ഒന്നായി ഒതുക്കുന്നു. എന്റെ അതിഭൗതിക ആഗ്രഹം നല്‍കപ്പെട്ട ഒന്നിനായുള്ള മോഹമല്ല. ആ ആഗ്രഹം ഒരു ആശയമല്ല  അകലെയുള്ളതിനുവേണ്ടിയുള്ള ആഗ്രഹമാണ്. അത് ഒരു ഔന്നത്യത്തിനും മഹത്വത്തിനും വേണ്ടിയുള്ള ആഗ്രഹമാണ്. ഈ ആഗ്രഹവിഷയം സ്വന്തമാക്കാനോ സ്വന്തമായി ഉപയോഗിക്കാനോ കിട്ടുന്നതല്ല.

അത് അന്യനുമായുള്ള ബന്ധമാണ്; അന്യന്റെ മേല്‍ അധികാരമില്ലാത്ത ബന്ധം. ജീവിക്കുന്ന എവിടെയും ഉണ്ടാകുന്ന സ്വാതന്ത്ര്യത്തിന്റെ ഏകാകിത്വം. അത് എന്നിലേക്കു ചുരുങ്ങുന്ന ആഗ്രഹമല്ല. അത് അലര്‍ജിയില്ലാത്ത അപരനുമായുള്ള ബന്ധമാണ്. ഈ ബന്ധം ഒരു അസ്തിത്വബന്ധമല്ല. അത് അസ്തിത്വത്തിനതീതമായ അസ്തിത്വകേളിയുടെ അടിസ്ഥാനവുമായുള്ള ബന്ധമാണ്. ഈ ബന്ധം ഏതു സമഗ്ര ചിന്തയേയും നിഷേധിക്കുന്നു. അപരന്റെ മുഖം ഒരു പ്രതിഭാസം എന്നതിലുപരി ഒരു പ്രത്യക്ഷമാണ്  അതു മൊഴിയുന്നു; സംഭാഷണം ഉണ്ടാക്കുന്നു. അതാണ് ധര്‍മ്മം ഉണ്ടാക്കുന്നത്.

ഈ ബന്ധത്തിന്റെ ആന്തരികത സമയത്തിന്റെ മണ്ഡലം വിടുന്നു. അതിനു ചരിത്രവുമായി ബന്ധമില്ലാതാകും. ഇത് അസ്തിത്വങ്ങള്‍ എല്ലാമായുള്ള ബന്ധവിച്ഛേദമാണ്. അതു സമയത്തിന് അപ്പുറത്താണ്. ഇങ്ങനെ ലോകത്തോട് വേര്‍പെട്ട നിലപാടിനെ ലെവീനാസ് നിരീശ്വരത്വം എന്നു വിശേഷിപ്പിക്കുന്നു. അസ്തിത്വങ്ങളുമായി വിച്ഛേദിക്കപ്പെട്ടവന്‍ അപരനുമായി മുങ്ങിത്താഴുകയല്ല  സംസാരിക്കുകയാണ്. ഈ വേര്‍തിരിവും അതിന്റെ ആന്തരികതയും സത്യവും ഭാഷയുമാണ് നിത്യത എന്ന ആശയത്തിന്റെ അടിസ്ഥാനം. സംഭാഷിക്കുക എന്നാല്‍ ഒരു പൊതുലോകം ഉണ്ടാക്കുകയാണ്. ഇത് വസ്തുക്കളുടെ ഉടമസ്ഥതയുടെ ലോകമല്ല, ബന്ധമാണ് മൗലികവും പ്രാഥമികവും, ബന്ധമാണ് ധര്‍മ്മം. സത്യം ഭാഷയില്‍ സംഭവിക്കുന്നു. അതു സാമൂഹികതയാണ് ഉണ്ടാക്കുന്നത്. ഇവിടെ സ്വാഭാവികതയാണ് നീതി. അപരന്റെ സ്വാതന്ത്ര്യവുമായി അനുരഞ്ജനത്തിലാകുന്നു. സ്വതന്ത്രര്‍ക്കു മാത്രമേ അന്യരാകാന്‍ കഴിയൂ. അന്യന്റെ മുഖത്താണ് നിത്യതയുടെ നിഴല്‍ കാണുന്നത്.

എഫ്കെ ​ഗുന്തർ
എഫ്കെ ​ഗുന്തർ

6.അപരചിന്ത

മുഖത്തെ മുഖമായി കാണുന്നതാണ് പ്രത്യക്ഷം. അപരനെ അംഗീകരിക്കുക എന്നാല്‍ അപരനു കൊടുക്കാന്‍ തയ്യാറാണ് എന്ന് അംഗീകരിക്കുകയാണ്. ഇതാണ് ആതിഥ്യം. അതിഥിയാണ് ഈശ്വരന്‍. മതം ഒരുവന് അപരനുമായി സമഗ്രതയില്ലാത്ത ബന്ധമാണ്. അപരനെ അംഗീകരിക്കുമ്പോള്‍ അപരന് ആതിഥ്യം കൊടുക്കുന്നു. അതു കൊടുക്കുന്നവന് ഔന്നത്യം ഉണ്ടാക്കുന്നു. ആതിഥ്യനിഷേധമാണ് അക്രമം. ഇങ്ങനെ പുറത്താക്കപ്പെട്ടവരുടെ പ്രതിനിധികളാണ് സോക്രട്ടീസും യേശുവും. 'ചിന്തയില്ലാതെ ഒരു കര്‍മ്മങ്ങളുമില്ലാതെ നാണമില്ലാതെ എനിക്കെതിരെ അവര്‍ മതിലുകള്‍ പണിത് എന്നെ വിച്ഛേദിച്ചു. ഇപ്പോള്‍ ഞാന്‍ ഇവിടെ ഇരുന്നു ചിന്തിക്കുന്നു, നിരാശപ്പെടുന്നു... അവരത് പണിതപ്പോള്‍ ഞാന്‍ അറിഞ്ഞില്ല. ഒരു തരി ശബ്ദമോ പ്രതിധ്വനിയോ കേട്ടില്ല. അവര്‍ തന്നെ പുറത്താക്കി അടച്ചുപൂട്ടി.' ആവശ്യത്തിനു ഭാവിയില്ലാത്ത ഭാഷയിലേക്കുള്ള യാത്രയാണ് സൗഹൃദം. ഇവിടെ എന്റെ പ്രകൃതിപരമായ ശക്തിയെ തടയുന്നത് എന്നിലെ തന്നെ മഹത്വപൂര്‍ണ്ണമായ സ്വാഭാവികതയാണ്. സ്വാതന്ത്ര്യത്തില്‍ അതിന്റെ ഫലമായാണ് ഈ ധര്‍മ്മബോധം ഉണ്ടാകുന്നത്. അതുമൂലം ആക്രമിക്കാന്‍ തയ്യാറാകാതെ സംസാരിക്കാന്‍ തുടങ്ങുന്നു. അപരനുവേണ്ടിയാകുന്ന എന്റെ സ്വാതന്ത്ര്യം ഒരു നിശ്ചിതമായ വിധിയല്ല, എനിക്കു ലഭിച്ച ദാനമാണ്. എന്റെ സ്വാതന്ത്ര്യം അവസാന വാക്കല്ല. ഞാന്‍ ഏകനല്ല; എനിക്ക് ഉണ്ടാകുന്ന അനുഭവം മറ്റ് അനുഭവങ്ങളുമായി അളക്കാനാവുന്നില്ല. മറ്റു മനുഷ്യനോടുള്ള അനുകമ്പ മനുഷ്യ സ്വഭാവമാണ്. അതു മനുഷ്യന്റെ മാംസത്തില്‍ ആലേഖിതമാണ്. എന്റെ സത്തയില്‍ ഒരു ദാഹമുണ്ട്  അത് അപരനുവേണ്ടിയുള്ള എന്നിലെ ദാഹമാണ്, എന്നിലെ അപരന്റെ ശബ്ദമാണ്, സാക്ഷ്യമാണ്, അതാണ് മനസ്സാക്ഷി. അതൊരവസ്ഥയാണ്. അതാണ് ആതിഥ്യം കൊടുക്കുന്നത്. ഇതാണ് സമൂഹജീവിതത്തിന്റെ സത്തയാകുന്നത്.

7.വിളിച്ചുണര്‍ത്തപ്പെട്ടവന്‍

ആതിഥ്യം ഉണര്‍ത്തപ്പെടുകയാണ്, മനസ്സാക്ഷി മന്ത്രിക്കുകയാണ്. തത്ത്വചിന്തകനും പ്രവാചകനും ഇവിടെ സന്ധിക്കേണ്ടതാണ്. ഇങ്ങനെ പ്രവാചകനോടൊത്തുള്ള അസ്തിത്വത്തെ, അഥവാ പ്രവാചകബോധത്തെ 'സാബത്തിന്റെ അസ്തിത്വ'മായി ലെവിനാസ് വിശേഷിപ്പിക്കുന്നു. ഇത് അസ്തിത്വജ്ഞാനമല്ല. അസ്തിത്വത്തിന് അതീതമായ അസ്തിത്വബോധമാണ്. ധര്‍മ്മംകൊണ്ട് നാം വഞ്ചിക്കപ്പെടുകയാണോ എന്നതു പ്രസക്തമായ ചോദ്യമാണ്. കാരണം യുദ്ധം ധര്‍മ്മത്തെ മാറ്റിവയ്ക്കുന്നു; ഒഴിവു കൊടുക്കുന്നു. മാത്രമല്ല, ഇവിടെ രാഷ്ട്രീയം വ്യാജമായ ധര്‍മ്മമായി മാറുന്നു  അതു സമഗ്രാധിപത്യമായി മാറുന്നു. ഭരണകൂടത്തിന്റെ ഭീകരാധിപത്യം. ധര്‍മ്മം അപരനു വേണ്ടിയുള്ള ആഭിമുഖ്യമാണ്. ഇത് അറിവല്ല, അറിവിനു പുറത്തുനിന്നു വരുന്ന വിഘടനമാണ്. ചരിത്രം തുടരുന്നതില്‍ വിഘടിക്കുന്നു. സമഗ്രതയുടെ ചരിത്രം തുടരുന്നതു ചോദ്യം ചെയ്യുന്നു. ഇതു വരുന്നത് ആന്തരികതയില്‍ മറന്നുപോയതും ആന്തരികതയില്‍ ആലേഖിതമായതിന്റെ വായനയില്‍നിന്നു വരുന്നതുമാണ്. അത് ഒരു ശ്രദ്ധയാണ്, ശ്രവണമാണ്. എന്നിലെ അപരനെ കേള്‍ക്കല്‍. ഈ കേള്‍വിയില്‍ ഉണരുന്നത് ആ വിളിയാണ്  സമഗ്രതയുടെ അടിച്ചൊതുക്കലിനെ തടയുന്ന വിളി. ഇത് കണ്ണിന്റെ കാഴ്ചയോ കാമത്തിന്റെ നോട്ടത്തിന്റെ പിടിച്ചെടുക്കലോ അല്ല. അങ്ങേ തീരത്ത് നിന്നുള്ള അപരന്റെ വിളി കേള്‍ക്കുന്നതാണ്. 'പരദേശിയുടേയും അനാഥന്റെ വിധവയുടേയും വിളി.' എനിക്കു കൊല്ലാന്‍ കഴിയാത്ത അപരന്റെ ശബ്ദം. ഫലമായി അപരന്റെ ചോദ്യത്തിന് എന്നെ വിട്ടുകൊടുക്കുന്നു. കേവലമായ അന്യനു മാത്രമേ എന്നെ പഠിപ്പിക്കാനാവൂ. അപരന്റെ പാഠം അഹം പ്രിയത്തെ പരമപ്രിയമാക്കുന്നു. ജീവിതം ബലിയായി അപരനു സമര്‍പ്പിക്കുന്നു. കാരണം അപരന്‍ നിഷേധ കല്പനകളുടെ 'അരുതു'കളുമായി വരുന്നു. ഈ നിഷേധങ്ങളില്‍നിന്ന് ആര്‍ക്കും ഒഴിവില്ല. ഈ നിഷേധത്തിന്റെ ശബ്ദസാധ്യതയില്‍ ഉണ്ടാക്കപ്പെട്ടതാണ് നാം.

യൂറോപ്യന്‍ ചിന്ത 'ബൈബിളും ഗ്രീക്കുകാരും' ഉണ്ടാക്കിയതാണ് എന്നതാണ് ലെവിനാസിന്റെ വീക്ഷണം. ഗ്രീക്ക് തത്ത്വശാസ്ത്രവും പ്രവാചക പ്രതിഷേധങ്ങളും സമാസിച്ച ചിന്ത. മോസസും പ്ലേറ്റോയും ഒന്നാകുന്നുണ്ടോ? ജീവിതം അപരനിലേക്ക് പുറപ്പാട് യാത്രയായി കാണുന്നു. ഹൈഡഗറിന്റേതു അസ്തിത്വ മറവിയുടെ ചിന്തയാണ്. അത് ഒരു നിരീശ്വരത്വമാണ് അപരനെ മറന്ന ചിന്ത. അതാണ് അഹം ചിന്ത. പാപം ഭാഷയെ നിശ്ശബ്ദമാക്കുന്നു. അപ്പോള്‍ രാഷ്ട്രീയം നിര്‍വ്യക്തികവും സാര്‍വ്വത്രികവും സര്‍വ്വാധിപത്യവുമാകും. ഈ ഫാസിസ്റ്റ് പ്രവണത നിലനില്‍ക്കുന്നതാണ്. മനസ്സാക്ഷി ഇവിടെയാണ് ചര്‍ച്ചാവിഷയമാക്കേണ്ടത്. അതു ചരിത്രത്തിനു പുറത്തുനിന്നു വരുന്ന വിളിയാണ്. ഈ അതിഭൗതികബോധം ആരംഭിക്കുന്നത് ധര്‍മ്മത്തിലാണ്. ബൈബിളില്‍ ഇതു ദൈവത്തിന്റെ മുന്‍പിലെ 'ഇതാ, ഞാന്‍' എന്ന മോസസിന്റെ നിലപാടാണ്. ഇതാണ് പ്രവാചകന്റെ നിലപാട് 'ഇതാ, ഞാന്‍, എന്നെ അയച്ചാലും.'

പേര്‍ ലൊഗേക്വിസ്റ്റ് എന്ന ഡാനിഷ് സാഹിത്യകാരന്‍ എഴുതി, 'എനിക്കു വേറൊരുവനാകണം. പക്ഷേ, അത് ആര്‍ എന്ന് എനിക്കറിയില്ല. ഒരു അന്യന്‍ എനിക്കു പുറംതിരിഞ്ഞു നില്‍ക്കുന്നു. അവന്റെ മുഖം നക്ഷത്രങ്ങളുടെ കത്തുന്ന വീട്ടിലേക്കു തിരിഞ്ഞ അവന്റെ കണ്ണുകളെ ഞാന്‍ സന്ധിക്കുന്നില്ല. അയാളുടെ ഭാവങ്ങള്‍ ഞാന്‍ കാണുന്നില്ല. എനിക്കു വേറൊരുവനാകണം. ഒരു അന്യന്‍, ഞാനല്ലാത്തവന്‍.' അദ്ദേഹത്തിന്റെ 'കടലിലായ തീര്‍ത്ഥാടനത്തിലെ' ജോബ് എന്ന കഥാപാത്രം ചിന്തിക്കുന്നു, 'അയാള്‍ ഏറ്റവും ഉന്നതവും ഏറ്റവും വിശുദ്ധവുമായതിനെക്കുറിച്ചും അതിന്റെ പ്രകൃതിയെക്കുറിച്ചും ചിന്തിച്ചു. അതിന്റെ അസ്തിത്വം ഒരുപക്ഷേ, വെറും സ്വപ്നമായിരിക്കാം, അതു വസ്തുതയിലേക്കു വരില്ലായിരിക്കാം, ഉണര്‍വ്വിലേക്കും. എങ്കിലും അതിന് അസ്തിത്വമുണ്ട്.' ഒരുപക്ഷേ, അതു കഴുത്തില്‍ ധരിക്കുന്ന പൊള്ളയായ ലോക്കറ്റ് പോലെയായിരിക്കാം. വ്യഭിചാരിണി തന്റെ പാപരാഹിത്യത്തിന്റെ 'വിശുദ്ധനാട്ടിലേക്ക്' തീര്‍ത്ഥാടനം നടത്തുന്നു. എവിടെയാണ് വിശുദ്ധനാട്, ശൂന്യമായ ലോക്കറ്റ് പോലെ വെറും സ്വപ്നം. അതു മനുഷ്യനെ ആവഹിക്കുന്നു. കപ്പല്‍യാത്രയിലെ അഭയം  വിശുദ്ധനാട് 'നമുക്ക് എത്താനാവാത്ത നാട്, എന്നാല്‍ നാം അതിന്റെ വഴിയിലാണ്.'

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com