പ്രമുദ്യ: മര്‍ദ്ദിതര്‍ക്കായി ഉയര്‍ന്ന ദീപസ്തംഭം

അനശ്വരങ്ങളായ ചില കൃതികള്‍ എഴുതിയെന്നതല്ല പ്രമുദ്യയുടെ ഏറ്റവും ശ്രേഷ്ഠമായ നേട്ടം; മറ്റുള്ളവര്‍ ഇരുട്ടിനെ ശപിച്ചപ്പോള്‍ അദ്ദേഹം ഒരു തിരിവിളക്കു കൊളുത്തി എന്നതാണ്
പ്രമുദ്യ: മര്‍ദ്ദിതര്‍ക്കായി ഉയര്‍ന്ന ദീപസ്തംഭം

സുക്കാര്‍ണോയുടെ പേരില്‍ കമ്യൂണിസ്റ്റു പാര്‍ട്ടി സാഹിത്യത്തെ വരിഞ്ഞുകെട്ടിയ കാലത്ത് പ്രമുദ്യ ഒഴുക്കിനൊത്തു നീന്തിയെന്നത് ഇന്നും അദ്ദേഹത്തിനെതിരായി പലരും കണക്കിലെഴുതുന്നു. പക്ഷേ, ആ നീന്തല്‍കൊണ്ട് ഒരു ഗുണമുണ്ടായി. പേനയില്‍ മഷി ഉണങ്ങിപ്പോകാതെ സൂക്ഷിച്ചതിനുപരിയായി, ചരിത്രത്തിലേക്കുള്ള തീര്‍ത്ഥാടനം ഈ നീന്തല്‍ കാരണം ഉല്പാദനക്ഷമമായി നീങ്ങി. പൗരസ്ത്യതാരത്തിനുവേണ്ടിയുള്ള ലേഖനങ്ങള്‍ തന്നെ ഏറിയകൂറും ചരിത്രത്തെ അടിസ്ഥാനമാക്കിയാണ് തയ്യാറാക്കിയത്. കലാശാലയില്‍ ക്ലാസ്സെടുത്തപ്പോള്‍ ഗവേഷണത്തില്‍ സഹായിക്കാന്‍ വിദ്യാര്‍ത്ഥി അസിസ്റ്റന്റുമാരേയും കിട്ടി. പൊതുവെ യൂറോപ്പിന്റേയും ഏഷ്യയുടേയും ചരിത്രം പഠനവിഷയമാക്കിയെങ്കിലും ശ്രദ്ധ കൂടുതല്‍ പതിഞ്ഞത് ഇന്‍ഡീസ് എന്നുമാത്രം അന്നറിയപ്പെട്ടിരുന്ന ഇന്‍ഡൊനേഷ്യയുടെ പഴയ ഏടുകളിലാണ്. പ്രത്യേകിച്ച് വെള്ളക്കാരുടെ സാമ്രാജ്യാധിപത്യവും അതിനെതിരായി ആദ്യകാലം മുതല്‍ നാട്ടുകാര്‍ സംഘടിപ്പിച്ച സമരങ്ങളും ദേശീയത്വത്തിന്റെ സര്‍വ്വതോമുഖമായി വളര്‍ച്ചയും ആയിരുന്നു ചരിത്രഗവേഷണത്തിന്റെ മര്‍മ്മം.

പഠിച്ച വിഷയങ്ങളെക്കുറിച്ച് വിശദമായ നോട്ടുകള്‍ കുറിച്ചിടുന്ന പതിവ് അദ്ദേഹം മനപ്പൂര്‍വ്വം വളര്‍ത്തിയെടുത്തു. ജാവയിലും സുമാത്രയിലും നടന്ന പ്രധാന സംഭവങ്ങളെക്കുറിച്ചും അവയില്‍  പങ്കെടുത്ത വിദേശീയരേയും നാട്ടുകാരേയും കുറിച്ചും അവരുടെ ആചാര്യമൂല്യങ്ങളെക്കുറിച്ചും വളരെയധികം വിവരങ്ങള്‍ അദ്ദേഹം എഴുതിക്കൂട്ടി. ചരിത്രത്തില്‍ നിറഞ്ഞുകണ്ട കഥാപാത്ര സമൃദ്ധി ആ കഥാകൃത്തിന്റെ മനസ്സില്‍ സന്തുഷ്ടി പടര്‍ത്തിയിരിക്കണം. സ്വന്തം അനുഭവങ്ങളെ മാത്രം ആശ്രയിച്ചിരുന്ന ഭാവന വിശാലമായ പുതിയ ചക്രവാളങ്ങള്‍ കണ്ടുതുടങ്ങി. വിഷയ വ്യാപ്തിയില്ലെന്ന വിമര്‍ശനം നിരര്‍ത്ഥകമാക്കിക്കൊണ്ട് പുതിയ കഥാംശങ്ങള്‍ മൊട്ടിട്ടു.

പക്ഷേ, പെട്ടെന്നാണ് ഇടിവെട്ടേറ്റെന്നപോലെ എല്ലാം നശിച്ചത്. പി.കെ.ഐയുടെ കൂ-ദേ-താ പരാജയപ്പെട്ടതോടെ കമ്യൂണിസ്റ്റുകാരെ വേട്ടയാടാന്‍ പട്ടാളക്കാര്‍ പരക്കം പാഞ്ഞു. ജക്കാര്‍ത്തയില്‍ പ്രമുദ്യ താമസിച്ചിരുന്ന വീടിന് അവര്‍ തീവെച്ചു. പുസ്തകശേഖരം വെന്തു നശിച്ചു. കഠിനപ്രയത്‌നംകൊണ്ട് എഴുതിയുണ്ടാക്കിയ നോട്ടുകളും ചാരമായി. തനിക്കു പ്രിയപ്പെട്ടതെല്ലാം നഷ്ടമായ പ്രമുദ്യയുടെ ജീവന്‍ തന്നെ ത്രാസില്‍ തൂങ്ങി. അറിയപ്പെട്ട ഈ എഴുത്തുകാരനെ തോക്കിനിരയാക്കുമെന്ന ആശങ്ക കൊടുമ്പിരികൊണ്ട നിമിഷങ്ങളായിരുന്നു. പക്ഷേ, ജയിലിലിടാനാണ് അവസാനം വിധിച്ചത്. ജക്കാര്‍ത്തയിലെ തടങ്കലില്‍ അല്പനാള്‍ കഴിച്ചശേഷം പുതിയ സര്‍ക്കാര്‍ സജ്ജീകരിച്ച തടവു ദ്വീപിലേക്ക് നാടുകടത്തപ്പെട്ടു.

ഒരു പേടിസ്വപ്നമായിരുന്നു ബുറു. കടല്‍ബോട്ടുകളില്‍ മാത്രം ചെന്നെത്താവുന്നതും മലേറിയയും ഇഴജന്തുക്കളും മാത്രം അധിവസിച്ചിരുന്നതുമായ കാട്ടുപ്രദേശമായതുകൊണ്ടുതന്നെയാണ് അധികൃതര്‍ തടങ്കലിനുവേണ്ടി അതു തിരഞ്ഞെടുത്തത്. കാടു വെട്ടിത്തെളിക്കാനും റോഡുകളുണ്ടാക്കാനും തടവുകാരെ ഉപയോഗിച്ചു. കര്‍ശനമായ ചട്ടങ്ങളാണ് അവര്‍ക്കായി ഏര്‍പ്പെടുത്തിയിരുന്നത്. പൊരിയുന്ന വെയിലും എല്ലു നുറുങ്ങുന്ന പണിയും പോകട്ടെ; അല്പമാത്രമായ ഭക്ഷണവും ഇല്ലെന്നു പറയാവുന്ന വൈദ്യസഹായവുമായിരുന്നു അവരുടെ ഗതി. രാത്രിയില്‍ വെളിച്ചമെന്നൊരു പ്രശ്‌നമില്ലായിരുന്നു, ചന്ദ്രനൊഴികെ. പൂര്‍ണ്ണമായി വിലക്കപ്പെട്ട അസംഖ്യം കാര്യങ്ങളില്‍ പ്രധാനമായിരുന്നു വായന. മതപരമായ കുറേ പാഠപുസ്തകങ്ങളല്ലാതെ മറ്റൊരു കടലാസ്സിലൂടെയും കണ്ണോടിക്കാന്‍ പാടില്ലെന്ന് കര്‍ശന നിബന്ധനയുണ്ടായിരുന്നു.

ഒരു ദിവസം വെളിയില്‍ പണിചെയ്തുകൊണ്ടിരുന്ന ഒരു തടവുപുള്ളി ഏതോ പഴയ ദിനപ്പത്രത്തിന്റെ ഒരു കീറത്തുണ്ടു കണ്ടു. ആണികള്‍ പൊതിഞ്ഞുവന്ന ഒരു തുണ്ടായതുകൊണ്ട് കടലാസ്സു നിറയെ സുഷിരങ്ങളായിരുന്നു. ആ ഹതഭാഗ്യന്‍ പക്ഷേ, അതെടുത്തു വെറുതെ ഒന്നു തിരിച്ചും മറിച്ചും നോക്കി. അതു കണ്ട പാറാവുകാരന്‍ അയാളെ പിടിച്ച് അകത്തുകൊണ്ടുപോയി. പിന്നെ നടന്ന കഥ മറ്റുള്ളവര്‍ക്ക് ഊഹിക്കാന്‍ പോലും കഴിയാത്തതായിരുന്നു. മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ കടലാസ്സു തുണ്ട് തൊട്ട ആ തടവുകാരന്റെ ശവം അടുത്തൊരു തോട്ടില്‍ കിടക്കുന്നതാണ് കണ്ടത്. കൈകള്‍ രണ്ടും പുറകോട്ട് വലിച്ചുകെട്ടിയിരുന്നു.

ഭീതിജനകമായ ഏഴ് സംവത്സരങ്ങള്‍

പ്രകൃത്യാ ഭയാനകമായ ബുറു നിതാന്ത ഭീകരമായി തടവുകാര്‍ക്കനുഭവപ്പെടാന്‍ അധികാരികള്‍ ശ്രദ്ധിച്ചു. ദുഷ്പ്രാപ്യമായ ആ ദ്വീപിലെ ഘോരാന്തരീക്ഷം ഏഴു കൊല്ലം പ്രമുദ്യ അനുഭവിച്ചു. അതിനിടയില്‍ എത്ര പേര്‍ മര്‍ദ്ദനത്തിനും ജ്വരങ്ങള്‍ക്കും അടിപ്പെട്ടു ചത്തൊടുങ്ങിയെന്നതിന് യാതൊരു കണക്കുമില്ല. രക്ഷപ്പെട്ടവരുടെ കൂട്ടത്തിലായിരുന്നു പ്രമുദ്യ. മാത്രവുമല്ല, ആദ്യത്തെ ഭീതിജനകങ്ങളായ ഏഴു സംവത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ആശ്വാസത്തിന്റെ കിരണങ്ങള്‍ കണ്ടു തുടങ്ങി. വായന സാദ്ധ്യമായി. എഴുതാന്‍ കടലാസ്സും കിട്ടിത്തുടങ്ങി. പ്രതീക്ഷകളെല്ലാം നശിച്ചിരുന്ന പ്രമുദ്യയ്ക്ക് ഇത് ഒരു പുനര്‍ജന്മമായി.

ഒരു കണക്കിന് ആ ഇരുളടഞ്ഞ ഏഴ് ദീര്‍ഘവര്‍ഷങ്ങളാണ് പ്രമുദ്യ എന്ന എഴുത്തുകാരന്റെ അദ്വിതീയമായ മനശ്ശക്തിക്ക് അഗ്‌നിപരീക്ഷയായത്. പുതിയ ഗവണ്‍മെന്റിന്റെ നിശ്ചയദാര്‍ഢ്യവും ബുറുവിലെ ക്രൂരതകളും കണ്ടപ്പോള്‍ ഇനി താന്‍ സ്വാതന്ത്ര്യം കാണുകയില്ലെന്ന ചിന്ത അദ്ദേഹത്തിന്റെ ഉള്ളില്‍ വളര്‍ന്നു. പക്ഷേ, കഴിഞ്ഞ നാലഞ്ചു വര്‍ഷത്തെ ഗവേഷണഫലമായി ഒരു ഇതിഹാസത്തിന്റേയോ ഇതിഹാസ പരമ്പരയുടെ തന്നെയോ കഥാരൂപം മനസ്സില്‍ സ്ഥലം പിടിച്ചിരുന്നു. ചരിത്രപ്രധാനമെന്നു താന്‍ കരുതിയ ആ കഥ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തിയെടുക്കണമെന്നായി പ്രമുദ്യയുടെ ഏക ആഗ്രഹം. കടലാസ്സില്ലാതെ എന്തു ചെയ്യും? സംഭരിച്ചിരുന്ന നോട്ടുകളും നഷ്ടപ്പെട്ടിരുന്നു.

പ്രമുദ്യ കണ്ടുപിടിച്ച പോംവഴി അദ്ദേഹത്തിനു കലയോടുള്ള ആത്മബന്ധം വിളംബരം ചെയ്യുന്നു. ഓരോ ദിവസവും വൈകീട്ട് തടവുകാരുടെ റോള്‍കോള്‍ എടുക്കുന്നതിനു മുന്‍പ് ഒരു സംഘം കൂട്ടുകാരെ വിളിച്ച് അന്നു മനസ്സില്‍ രൂപംകൊണ്ട ഭാഗം വാങ്മൂലം ചൊല്ലിക്കൊടുക്കാന്‍ തുടങ്ങി. രണ്ടു മൂന്നു വര്‍ഷത്തെ നിരന്തരമായ കഥപറച്ചിലിലൂടെ നോവല്‍ വളര്‍ന്നുവന്നു. തന്റെ കൂട്ടുകാരില്‍ ചിലരെങ്കിലും ഒരുകാലത്ത് ജാവയില്‍ തിരിച്ചെത്തുമെന്നും അവര്‍ തന്റെ കഥയ്ക്ക് എങ്ങനെയെങ്കിലും ഉണ്മ നല്‍കുമെന്നും അദ്ദേഹം വിശ്വസിച്ചു. അതോടൊപ്പം, നോട്ടുകള്‍ നഷ്ടപ്പെട്ട കഥാകൃത്തിന് തന്റെ ഓര്‍മ്മ പുതുക്കിയെടുക്കാനും നോവലിന്റെ പുറന്തോട് മിനുക്കിയെടുക്കാനും വളരെക്കാലം നിലനിന്ന ആ സായാഹ്ന ഗുരുകുലം സഹായിച്ചു.

മോചിതനായ ശേഷം 'ഏഷ്യാവീക്ക്' മാസികയുടെ പ്രത്യേക ലേഖകനുമായി ഒരഭിമുഖ സംഭാഷണത്തില്‍ പ്രമുദ്യ തന്റെ ബുറു അനുഭവങ്ങള്‍ ഇങ്ങനെ അയവിറക്കി: ''തടവറയിലും ഞാന്‍ എഴുതിക്കൊണ്ടിരുന്നതിനു കാരണമുണ്ട്. ഞാനാരെന്നുള്ള ഒരു പ്രതിസന്ധി, ഐഡന്റിറ്റി ക്രൈസിസ് എന്റെ ഉള്ളില്‍ ഉണ്ടാവരുതെന്നു ഞാന്‍ കരുതി. എവിടെയാണെങ്കിലും ഞാന്‍ എഴുത്തുകാരനാണ്. എഴുതുന്നതു പ്രസിദ്ധപ്പെടുത്തുന്നുണ്ടോ മറ്റുള്ളവര്‍ വായിക്കുന്നുണ്ടോ എന്നതൊന്നും പ്രശ്‌നങ്ങളല്ല. ഇതിനും പുറമെ, പറയേണ്ട ചില കാര്യങ്ങള്‍ എനിക്കു പറയാനുണ്ടെന്നും തോന്നി... 1973 വരെ കഥകളെല്ലാം എന്റെ തലയ്ക്കകത്തുതന്നെ കിടന്നു. ഓരോ രാത്രിയിലും ഏറ്റവും പുതിയ ഭാഗങ്ങള്‍ പറഞ്ഞുകൊടുത്ത് സഹതടവുകാരെ രസിപ്പിക്കുന്ന കാഥികനായീ, ഞാന്‍. '73-ല്‍ എന്നെ കഠിനതടവില്‍നിന്ന് ഒഴിവാക്കി. എഴുതാനുള്ള അനുമതി കിട്ടി. ഒരു പഴയ റോയല്‍ ടൈപ്പ്‌റൈറ്റര്‍ കുറെ സ്‌നേഹിതന്മാര്‍ കേടുകള്‍ പോക്കി എനിക്ക് സമ്മാനിച്ചു. അതേവരെ ചൊല്ലിക്കൊടുത്തിരുന്ന കഥകള്‍ അപ്പോള്‍ കടലാസ്സിലേയ്ക്കു പകര്‍ത്തുവാന്‍ തുടങ്ങി.''

കടലാസ്സുകള്‍ കുന്നുകൂടി. 1979-ല്‍ പുറത്തിറങ്ങിയ പ്രമുദ്യ എട്ടു പുസ്തകങ്ങളുടെ കയ്യെഴുത്തുപ്രതികളും കൊണ്ടാണ് വീട്ടിലെത്തിയത്. അതില്‍ നാലും ഒരു കഥയുടെ ഭാഗങ്ങളായിരുന്നു. മഹാകാവ്യ സദൃശമായ ഒരു ക്വാര്‍ട്ടറ്റ്. 1980-ല്‍ പ്രസിദ്ധപ്പെടുത്തിയ ഒന്നാംഭാഗം, 'ബൂമി മനുസ്യ' (മനുഷ്യന്റെ ഭൂമി) ഇന്‍ഡൊനേഷ്യയിലെ സാഹിത്യരംഗത്ത് മുന്‍പു കണ്ടിട്ടില്ലാത്ത കോളിളക്കം സൃഷ്ടിച്ചു. ഇത്രയും കൊഴുപ്പുള്ള കഥാപാത്രങ്ങള്‍ ഇത്രയും വലിയ ക്യാന്‍വാസില്‍ ഒന്നിച്ചു ത്രസിക്കുന്നത് അനുവാചകര്‍ക്ക് തികച്ചും ഒരു പുതിയ അനുഭവമായിരുന്നു. ബഹസയില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള കഥാസാഹിത്യത്തില്‍ ഏറ്റവും വലിയ വില്‍പ്പന കണ്ട പുസ്തകമെന്ന റെക്കോര്‍ഡ് ഏതാനും മാസങ്ങള്‍ക്കകം അത് സൃഷ്ടിച്ചു.

1980-ല്‍ത്തന്നെ രണ്ടാംഭാഗമിറക്കി; 'അനക് സെമുഅ ബങ്ങ്‌സ' (എല്ലാ രാഷ്ട്രങ്ങളുടേയും മകന്‍, ചൈല്‍ഡ് ഒഫ് ഓള്‍ നേഷന്‍സ്). അതു തല്‍ക്ഷണം ബെസ്റ്റ് സെല്ലര്‍ പദവിയിലേയ്ക്കുയര്‍ന്നു. '85-ല്‍  മൂന്നാംഭാഗവും ('ജെജക് ലങ്ഘ', കാല്‍വയ്പുകള്‍, സ്റ്റെപ് ഫോര്‍വേഡ്), '86-ല്‍ നാലാംഭാഗവും ('റുമ കച്ച', കണ്ണാടി വീട്, ദ ഗ്രീന്‍ ഹൗസ്) പ്രകാശിതമായി. നാലുകൃതികളും പ്രമുദ്യയുടെ മറ്റു കൃതികള്‍ പോലെ, നിരോധിക്കപ്പെട്ടിരിക്കയാണ്. പക്ഷേ, എട്ടിലധികം ഭാഷകളില്‍ ഈ ക്വാര്‍റ്റ് ഇന്ന് പല രാജ്യങ്ങളില്‍ അറിയപ്പെടുന്നു.

ചരിത്രപ്രധാനമായ നോവലുകളാണ് നാലും. രാജ്യഭക്തിയും സ്വന്തം സംസ്‌കാരത്തിലുള്ള അഭിമാനവും വെറും സങ്കല്പകഥകളില്‍ മാത്രം കുടുക്കിയിടാതെ, പഴയ മഹാരഥന്മാരുടേയും പണ്ടു നിലവിലിരുന്ന ആശയങ്ങളുടേയും ആചാരങ്ങളുടേയും ചിത്രീകരണത്തിന് ചരിത്രപഠനം സഹായിച്ചു. അങ്ങനെ, യാഥാര്‍ത്ഥ്യച്ചൂടുള്ള, സ്ഥായിയായ, കലാസൃഷ്ടികളായി ഈ നോവലുകള്‍.

അവയുടേതായ സാകല്യവും ക്വാര്‍ട്ടറ്റു നോവലുകളുടെ ഒരു വിശേഷതയായി മുന്തിനിന്നു. ഇതിന്റെ പ്രധാന കാരണം കഥകളെല്ലാം ഒരു മുഖ്യപാത്രത്തെ കേന്ദ്രീകരിച്ച്, സൂര്യന്റെ വലയത്തില്‍ ഗ്രഹങ്ങളെന്നപോലെ ചുറ്റുന്നുവെന്നതാണ്. ഒരാള്‍ വളര്‍ന്ന് പുഷ്ടിപ്പെട്ട്, ജീവിതത്തിന്റെ തട്ടും മുട്ടും ഏറ്റ്, സമൂഹവുമായി തോളുരുമ്മിയും പടവെട്ടിയും  ഇന്‍ഡൊനേഷ്യയുടെ സന്താനമെന്ന നിലയ്ക്കുള്ള ആത്മഗൗരവം വീണ്ടെടുക്കുന്നതാണ് നാലു പുസ്തകങ്ങളേയും കോര്‍ത്തിണക്കുന്ന ചരട്. ഇന്നലെയില്‍നിന്ന്  നാളെയിലേയ്ക്കുള്ള ഒരാളുടെ പുരോഗതി. വ്യക്തിസ്വാതന്ത്ര്യവും ചുമതലാബോധവും ആധാരമാക്കി ഒരു ജീവിതം നേടിയെടുക്കുന്ന ആധുനികത.

അങ്ങനെ ധന്യമായ ഒരു ജീവിതകഥ ഗവേഷണത്തിലൂടെ കണ്ടുമുട്ടിയപ്പോഴാണ് പ്രമുദ്യയുടെ വിരല്‍ത്തുമ്പുകള്‍ തുടിക്കാന്‍ തുടങ്ങിയത്. ബുറുവില്‍നിന്ന് കൂടെ കൊണ്ടുവന്ന എട്ടു പുസ്തകങ്ങളുടെ കരടുകളിലൊന്ന് ജീവചരിത്രമായിരുന്നു. 'സങ്ങ് പെറ്റുല' (മുന്‍ഗാമി, ദി പയണിയര്‍) എന്ന പേരില്‍ 1980-ല്‍ അതു പ്രസിദ്ധപ്പെടുത്തുകയും ഉടന്‍ തന്നെ നിരോധിക്കപ്പെടുകയും ചെയ്തു. ബുദ്ധിജീവികള്‍ക്കുപോലും പരിചയമില്ലാതിരുന്ന ഒരു ജാവനീസ് നേതാവിന്റെ ചരിത്രമാണ് പ്രമുദ്യ എഴുതിയിരുന്നത്. വ്യവസ്ഥാപിത താല്പര്യങ്ങളെ ചെറുത്ത് ആത്മാഭിമാനത്തിനുവേണ്ടി പൊരുതുകയും ആ കാരണത്താല്‍ ഡച്ചുകാര്‍ തല്ലിക്കെടുത്തുകയും ചെയ്ത ഒരു പ്രകാശപുഞ്ജത്തിന്റെ കഥ.

'തിര്‍തൊ ആദി സുര്‍യൊ' എന്ന ചരിത്രപുരുഷനായിരുന്നു പ്രമുദ്യയ്ക്കു പ്രചോദനം നല്‍കിയ മുന്‍ഗാമി. ഇന്‍ഡൊനേഷ്യ എന്ന ആദര്‍ശത്തിനുവേണ്ടിയും സ്ത്രീകളുടെ വിമോചനത്തിനുവേണ്ടിയും സാമൂഹ്യനീതിക്കുവേണ്ടിയും ആദ്യമായി ശബ്ദമുയര്‍ത്തിയ ചിന്തകനായിരുന്നു തിര്‍തൊ. അഭിജാതനായ തിര്‍തൊ വായിലിരുന്ന വെള്ളിക്കരണ്ടി തുപ്പിക്കളഞ്ഞ ശേഷമാണ് സമരത്തിനിറങ്ങിയതെന്ന വാസ്തവം അദ്ദേഹത്തിന്റെ ഉദ്ദേശ്യശുദ്ധിക്ക് മാറ്റുകൂട്ടി. 1880-ലാണ് ജനിച്ചത്. അടുത്തൊരു പട്ടണത്തിലെ 'ബൂപതി' (ഭൂപതി. ജമിന്ദാരെന്നു പറയാം) ആയിരുന്നു വലിയച്ഛന്‍. അച്ഛന്‍ ഡച്ചു ഗവണ്‍മെന്റിലെ ഒരു നികുതി പിരിവുദ്യോഗസ്ഥനും. എന്നുവെച്ചാല്‍ വന്‍ അധികാരങ്ങളുള്ള ഒരു നാട്ടുപ്രമാണി. പക്ഷേ, ഇരുപതാം വയസ്സില്‍ കുടുംബമഹിമയും വലിയവര്‍ക്കു മാത്രം അന്നു സാദ്ധ്യമായിരുന്ന മെഡിക്കല്‍ കോളേജ് പഠനവും വേണ്ടെന്നു വെച്ച തിര്‍തൊ പത്രപ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞു. അപകടം പിടിച്ച ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസമാണ് ചോരത്തിളപ്പുള്ള ചെറുപ്പക്കാരനെ ആകര്‍ഷിച്ചത്. ആദര്‍ശങ്ങള്‍ക്കുവേണ്ടിയുള്ള കുരിശുയുദ്ധം തിര്‍തോയുടെ ജീവിതശൈലിയായി.

തുടര്‍ന്നു പ്രബലരായ ശത്രുക്കളും ഉണ്ടായി. 1905-ലും 1912-ലും സാധാരണക്കാര്‍ക്ക് അപ്രാപ്യങ്ങളായ വിദൂര ദ്വീപുകളിലേയ്ക്ക് അദ്ദേഹം നാടുകടത്തപ്പെട്ടു. ചുമത്തപ്പെട്ട കുറ്റം ക്രമസമാധാനം ഭഞ്ജിക്കുവാന്‍ പത്രങ്ങളെ ഉപയോഗപ്പെടുത്തി എന്നതായിരുന്നു. 1918-ല്‍, വെറും മുപ്പത്തെട്ടു വയസ്സു പ്രായമുള്ളപ്പോള്‍, ഓര്‍ക്കാനാരുമില്ലാതെ, കരയാനുമാരുമില്ലാതെ തിര്‍തൊ മരിച്ചു.

തിർതൊ
തിർതൊ

ഇന്‍ഡൊനേഷ്യയുടെ അഭിലാഷങ്ങളും മാനുഷികതത്ത്വങ്ങളും

അതികായനായ ഒരു ആദര്‍ശവാദിയും യോദ്ധാവുമായി തിര്‍തോയെ പ്രമുദ്യ കാണുവാനുള്ള ഒരു പ്രത്യേക കാരണം ഇരുവരും തമ്മിലുള്ള സമാനത തന്നെയാണ്. പ്രമുദ്യ ജനിച്ചുവളര്‍ന്ന ബ്ലോറയിലാണ് തിര്‍തൊയും ജനിച്ചത്. ചെറുപ്പത്തില്‍ത്തന്നെ ചുറ്റുപാടും കണ്ട അനീതികളില്‍ രണ്ടുപേരും അസ്വസ്ഥരാവുകയും വിപ്ലവാശയങ്ങളിലേക്ക് ശ്രദ്ധ തിരിക്കുകയും ചെയ്തു. ആദര്‍ശങ്ങളിലുള്ള പൊരുത്തം രണ്ടു ജീവിതങ്ങളേയും ഏതാണ്ട് ഒരേ വിധത്തില്‍ സ്വാധീനിച്ചു. പ്രമുദ്യയെ ബുറുവിലേയ്ക്ക് നാടുകടത്തിയപ്പോഴും ഗവണ്‍മെന്റ് ആരോപിച്ച കുറ്റം ക്രമസമാധാനഭഞ്ജനത്തിന് പേന ഉപയോഗപ്പെടുത്തി എന്നായിരുന്നു. തന്റെ പുസ്തകങ്ങള്‍ എല്ലാം നിരോധിക്കപ്പെട്ടതും തിര്‍തൊയെപ്പോലെ തന്നേയും വിസ്മൃതിയില്‍ ആഴ്ത്തുവാനാണെന്ന് പ്രമുദ്യ ചിന്തിച്ചെങ്കില്‍ അദ്ഭുതമില്ല. തിര്‍തൊയെ പുനരുദ്ധരിച്ച് അദ്ദേഹം അര്‍ഹിക്കുന്ന അംഗീകാരം സഹൃദയരുടെ ഇടയില്‍ ഉണ്ടാക്കിക്കൊടുക്കണമെന്ന ഉദ്ദേശ്യം പ്രമുദ്യയുടെ മനസ്സില്‍ ശക്തിപ്പെട്ടെങ്കില്‍ അത് സ്വാഭാവികം മാത്രം.

തന്റെ സ്‌നേഹാദരങ്ങള്‍ അത്രത്തോളം പിടിച്ചെടുക്കുകയും ഭാവനയെ ആകര്‍ഷിക്കുകയും ചെയ്ത ചരിത്രപുരുഷനെ ഒരു ജീവചരിത്ര ഗ്രന്ഥത്തില്‍ ഒതുക്കിനിര്‍ത്താന്‍ പ്രമുദ്യ കൂട്ടാക്കിയില്ല. ഇതുവരെയുള്ളതില്‍ ഏറ്റവും പ്രധാനപ്പെട്ട കൃതികളെന്ന് വിലയിരുത്താവുന്ന ക്വാര്‍ട്ടറ്റു നോവലുകള്‍ക്ക് നടുത്തൂണായി തിര്‍തൊയെ അദ്ദേഹം രൂപപ്പെടുത്തി. ചായവും എണ്ണയും തേച്ച്, പൊടിപ്പും തൊങ്ങലും വെച്ച് മിനുക്കിയെടുത്തപ്പോള്‍ തിര്‍തൊയുടെ കഥ പ്രണയത്തിന്റേയും പീഡനത്തിന്റേയും രാഷ്ട്രീയ പ്രബുദ്ധതയുടേയും അന്തസ്സുറ്റ വീരചരിതമായി,  ഇന്‍ഡൊനേഷ്യന്‍ സാഹിത്യത്തിന് ഐതിഹാസിക വ്യാപ്തിയുള്ള മുതല്‍ക്കൂട്ടായി.

മിങ്കെ എന്ന പേരിലാണ് തിര്‍തൊയെ 'ബൂമി മനുസ്യ'യില്‍ അവതരിപ്പിക്കുന്നത്. ഒരു നാടന്‍ യുവാവ്. പക്ഷേ, അഭിജാതനായതുകൊണ്ട് ഡച്ചുകാര്‍ക്ക് മാത്രമുള്ള ഹൈസ്‌കൂളില്‍ പ്രവേശനം കിട്ടി. അവിടെ യൂറോപ്യന്‍ മനുഷ്യരെപ്പോലെ ചിന്തിക്കാന്‍ പഠിക്കവേ നാട്ടിലെ മൂന്നു പ്രധാന ജാതിക്കാരുമായി ഇടപെടുന്നു-ശുദ്ധരക്തമുള്ള വെള്ളക്കാര്‍, വെള്ളയും തവിട്ടും സമ്മിശ്രമായ ഇന്‍ഡൊ, പിന്നെ വെറും നാടന്‍സ്, അഥവാ അവജ്ഞയോടെ 'നേറ്റീവ്' എന്ന് വിളിക്കപ്പെട്ടിരുന്നവര്‍. അത്യന്തം വ്യത്യസ്തമായ ഈ മൂന്നു ലോകങ്ങള്‍ ഒന്നിനു പുറകെ ഒന്നായി ഇരച്ചുകയറുന്ന അനുഭവങ്ങളിലൂടെ മിങ്കെയുടെ ജീവിതത്തെ പിടിച്ചുലയ്ക്കുന്നു. അവസാനത്തെ ക്ലൈമാക്‌സില്‍ ചങ്കുരുക്കുന്ന ഒരു സത്യം അയാള്‍ മനസ്സിലാക്കുന്നു: തനിക്കും തന്റെ കുടുംബത്തിനും സാമാന്യ നീതിപോലും യൂറോപ്പിലെ നിയമം അനുവദിക്കുന്നില്ല! അതോടെ വര്‍ഷങ്ങളായി ലഭിച്ച സ്‌കൂള്‍ വിദ്യാഭ്യാസം തകിടംമറിയുന്നു. ഒരു തത്ത്വം മാത്രം മനസ്സില്‍ ഉയരുന്നു: ''അനീതിയെ എതിര്‍ത്താല്‍ നാം ഒരിക്കലും പൂര്‍ണ്ണമായി പരാജയപ്പെടുകയില്ല.''

അടിസ്ഥാനപരമായ വിശ്വാസങ്ങള്‍ മാറിയിട്ടില്ലെങ്കിലും 'ബൂമി' എഴുതിയ പ്രമുദ്യ 'ഗെറില്യ'യുടെ പ്രമുദ്യയില്‍നിന്ന് പുരോഗമിച്ചിട്ടുണ്ടെന്നു കാണാം. ഇരുപത്തിയഞ്ചു കൊല്ലത്തെ ഇടവേളയില്‍ കഥാകൃത്തിനുണ്ടായ വളര്‍ച്ച 'ബൂമി'യില്‍ തെളിഞ്ഞുനില്‍ക്കുന്നു. ആദ്യ കൃതികളുടെ വെളിച്ചത്തില്‍ നിരൂപകര്‍ ഉന്നയിച്ച കുറവുകള്‍ ഒന്നും കരുത്തുറ്റ ഈ നോവലില്‍ ഇല്ല തന്നെ, കൊലയും കട്ടച്ചോരയുംകൊണ്ടു നിറഞ്ഞ പേജുകളല്ല 'ബൂമി'യില്‍; കരുണാര്‍ദ്രതയും മാധുര്യവും ധാരാളമായുണ്ട്. ഭീമാര്‍ജ്ജുന മാതൃകകളല്ല ഇതിലെ പാത്രങ്ങള്‍; തനതായ ഉള്‍പ്രേരണയ്ക്കു വശംവദരായി  മുന്നേറുന്ന, ചോരയും നീരും മജ്ജയുമുള്ള വ്യക്തിവിശേഷങ്ങളാണ്. കഥാകാരന്റെ നേരിട്ടുള്ള അനുഭവങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല. ഈ കഥ; ചരിത്രത്തിന്റെ കോണുകളില്‍നിന്നു പെറുക്കിയെടുത്ത വിശദവിവരങ്ങള്‍ ഇതിന് ഈടു നല്‍കുന്നു. അങ്ങിങ്ങായി ചില ഫലിതബിന്ദുകള്‍പോലും കുമിളിക്കുന്നുണ്ട്.

സര്‍വ്വോപരി, കലാസുന്ദരമായ ഒരു കഥയായി 'ബൂമി' പരിലസിക്കുന്നു. ഓരോ കഥാപാത്രവും ഓരോ കഥയാണ്. നിരീക്ഷകനും ആഖ്യാതാവുമായ മിങ്കെ ഡച്ചുകാരുടെ സ്‌കൂളില്‍ പഠിക്കുന്നതുകൊണ്ട് ഇന്‍ഡൊ ആയിരിക്കുമെന്ന് വായനക്കാര്‍ മനസ്സില്‍ ആദ്യം തീരുമാനിക്കുന്നു. ആള്‍ 'നാടന്‍സാ'ണെന്നു മനസ്സിലാകുമ്പോള്‍ പെട്ടെന്നു വിശ്വസിക്കുവാനാവുന്നില്ല; ചിലര്‍ സഹപാത്രങ്ങള്‍ പരിഹാസത്തിലേയ്ക്കു തിരിയുന്നു; മറ്റു ചിലര്‍ നിന്ദിക്കുന്നു. യൂറോപ്പും യൂറോപ്പിലുള്ളതുമാണ് സംസ്‌കൃതമെന്നു പഠിപ്പിക്കുകയാണ് ഡച്ചു വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. മിങ്കെ ആ ലക്ഷ്യം സ്വീകരിക്കുന്നെങ്കിലും യൂറോപ്പിലെ പല കാര്യങ്ങളും അയാള്‍ക്ക് അസ്വീകാര്യമായി തോന്നുന്നു. സ്വദേശത്തെ കാര്യങ്ങളാണെങ്കിലോ, പലതും ചിന്താക്കുഴപ്പം സൃഷ്ടിക്കുന്നവയുമാണ്. അച്ഛനെ കാണുമ്പോള്‍ ചെയ്യേണ്ട അനുഷ്ഠാനമുറകള്‍ ജാവയുടെ പ്രാചീനാചാരങ്ങളുടെ അര്‍ത്ഥമില്ലായ്മയെ വെളിപ്പെടുത്തുന്നു. അതേസമയം അമ്മയുടെ ജാവനീസ് സ്വത്വം പരിശുദ്ധവും സ്‌നേഹാര്‍ഹവുമാണ്. മകനില്‍ വേണ്ടത്ര ജാവയില്ലല്ലൊ എന്ന് അവര്‍ ചിലപ്പോള്‍ വ്യസനിക്കുന്നുണ്ട്. എങ്കിലും മകനെ അവര്‍ സംശയിക്കയോ കുറ്റപ്പെടുത്തുകയോ ചെയ്യുന്നില്ല. വാത്സല്യം മാത്രം അവനില്‍ ചൊരിയുന്നു.

ആനെലീസ് എന്ന ധനികപുത്രിയുമായി മിങ്കെ പ്രേമബദ്ധനാകുന്നു. അതിസുന്ദരിയായ ആന്‍ സങ്കരവര്‍ഗ്ഗക്കാരിയാണ്. തനിവെള്ള ഡച്ച് അച്ഛനും തനി നാടന്‍ അമ്മയും. പക്ഷേ, അവള്‍ ദുര്‍ബ്ബലയാണ്. അമ്മയുടെ സ്വാധീനം കാരണം സ്വന്തമായ വ്യക്തിത്വം വളരാതെ പോയ ഒരു സാധ്വി. ഇസ്ലാം വിധിപ്രകാരം അവര്‍ വിവാഹിതരായി. പക്ഷേ, ആനിന്റെ അച്ഛന്‍ മരിച്ചപ്പോഴാണ് ഇസ്ലാം വിവാഹം ഡച്ചു നിയമം അംഗീകരിക്കുന്നില്ലെന്ന് അവര്‍ മനസ്സിലാക്കിയത്. ഹോളണ്ടിലുണ്ടായിരുന്ന ആദ്യ ഭാര്യയും മകനും അച്ഛന്റെ സ്വത്തെല്ലാം അവകാശപ്പെട്ടുകൊണ്ട് മുന്നോട്ടു വന്നപ്പോള്‍ ഡച്ചു കോടതി അവരുടെ അവകാശങ്ങളാണ് വകവെച്ചുകൊടുക്കുന്നത്. സ്വത്തുക്കള്‍ മാത്രമല്ല, ആനെലീസിന്റെ കസ്റ്റഡിയും അവളോടു യാതൊരു താല്പര്യവുമില്ലാത്ത ഡച്ചുകുടുംബത്തിനു വിട്ടുകൊടുക്കുന്നു. നാടന്‍ പ്രജകളുടെ ആചാരങ്ങള്‍ക്കും അവകാശങ്ങള്‍ക്കും നിയമസാധുത്വം ഇല്ല.

ഈ ക്രൂരതയുടെ മുന്‍പില്‍ ചൂളിപ്പോകാതെ തന്റേടത്തോടെ നില്‍ക്കുന്ന ഒരു സ്ത്രീയുണ്ട്, ആനിന്റെ അമ്മ! ന്യായ് ഒന്തൊ സൊറൊ. 'ബൂമി'യിലെ പ്രധാന കഥാപാത്രം അവരാണെന്നു പറയാം. സാമ്രാജ്യത്വത്തിന്റെ നിഴലില്‍  ഇന്‍ഡൊനേഷ്യയിലെങ്ങും പടര്‍ന്ന ഒരു നീച സമ്പ്രദായത്തിന്റെ ബലിയാടാണ് ന്യായ്. പ്രമാണികളായ ഡച്ചുകാര്‍ക്ക് നാടന്‍ കുടുംബങ്ങളിലെ പെണ്‍കുട്ടികളെ വെപ്പാട്ടികളായി വില്‍ക്കുന്ന സമ്പ്രദായം. പതിമ്മൂന്നു വയസ്സുള്ളപ്പോഴാണ് ഒന്തൊസൊറൊ ന്യായ് ആയത്. പക്ഷേ, സ്വന്തം പരിശ്രമംകൊണ്ടും ദൃഢതകൊണ്ടും അവര്‍ തികച്ചും അസാധാരണയായ ന്യായ് ആയി വളര്‍ന്നു. വിദ്യാസമ്പത്തുകൊണ്ടും ലോകകാര്യങ്ങളെക്കുറിച്ചുള്ള അറിവുകൊണ്ടും ബുദ്ധികൊണ്ടും ബിസിനസ്സു നടത്തുന്നതില്‍ സമ്പാദിച്ച സാമര്‍ത്ഥ്യംകൊണ്ടും അവര്‍ നാട്ടുകാരുടെ ആരാധനാപാത്രമായെന്നുപോലും പറയാം; വെപ്പാട്ടികള്‍ക്ക് ഒരിക്കലും സങ്കല്പിക്കാന്‍ നിവൃത്തിയില്ലാത്ത പദവി. യൂറോപ്പിന്റെ സംസ്‌കാരത്തെക്കുറിച്ച് അറിയേണ്ടതെല്ലാം സ്വന്തം ജീവിതത്തിലൂടെ അറിഞ്ഞ ന്യായ് വിദ്വേഷം നിറഞ്ഞ മനസ്സിന്റെ ഉടമയായി. പക്ഷേ, കയ്പുള്ള അനുഭവങ്ങള്‍ അവരുടെ ആന്തരിക മൂല്യങ്ങളെ ശക്തിപ്പെടുത്തിയതേ ഉള്ളൂ. അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി അവര്‍ പൊരുതി. തോല്‍വിയിലും അവര്‍ അന്തസ്സ് പാലിച്ചു. ഉപദേശങ്ങളും നിരീക്ഷണങ്ങളും വഴി യൂറോപ്പിന്റെ ഹൃദയശൂന്യതയും ജാവയുടെ പ്രൗഢിയും അവര്‍ മിങ്കെയ്ക്കു കാണിച്ചുകൊടുത്തു.

മിങ്കെയുടേയും ന്യായ്യുടേയും കൂടിപ്പിണഞ്ഞ ജീവിതങ്ങളെ ചുറ്റിപ്പറ്റി കഥാപാത്രങ്ങളുടെ ഒരു ഘോഷയാത്രയുണ്ട് 'ബൂമി'യില്‍-സ്വന്തം അമ്മയെ അടക്കം നാടന്‍ സാധനങ്ങള്‍ സമൂലം വെറുക്കുന്ന ആനിന്റെ സഹോദരന്‍; പുരോഗമനാത്മകമായ ആശയങ്ങള്‍ കാരണം ഹോളണ്ടിലേയ്ക്ക് തിരിച്ചയക്കപ്പെടുന്ന ഒരു ഡച്ച് അദ്ധ്യാപിക; നാടന്‍ ചിന്താഗതിയില്‍നിന്നും മിങ്കെയെ രക്ഷപ്പെടുത്താന്‍ തുനിഞ്ഞിറങ്ങുന്ന ബുദ്ധിജീവിയായ ഒരു ഡച്ചുദ്യോഗസ്ഥനും അയാളുടെ ബുദ്ധിജീവി പുത്രികളും; മിങ്കെയുടെ ചക്രവര്‍ത്തി സമാനനായ അച്ഛന്‍; സ്‌നേഹം വര്‍ഷിക്കുന്ന അമ്മ; ന്യായിയെ പരിരക്ഷിക്കുക എന്ന ഏക ജീവിതോദ്ദേശ്യമുള്ള, കഠാരിധാരിയായ ഒരു വിശ്വസ്ത രാക്ഷസന്‍; കൗശലക്കാരനായ വേശ്യാലയ ഉടമസ്ഥന്‍ ചീനന്‍. 

പുതിയ ഇന്‍ഡൊനേഷ്യയുടെ അഭിലാഷങ്ങളോടൊപ്പം സാര്‍വ്വലൗകിക പ്രസക്തിയുള്ള മാനുഷിക തത്ത്വങ്ങള്‍ പ്രകാശിപ്പിക്കുവാനും പ്രമുദ്യ തന്റെ പാത്രങ്ങളെ ഉപയോഗിക്കുന്നു. ഗുണപാഠങ്ങളും ധര്‍മ്മോപദേശങ്ങളും സത്യവചനങ്ങളും പലതരം പ്രഖ്യാപനങ്ങളും പേജുകളില്‍ ചിതറിക്കിടക്കുന്നു. ഓരോന്നിന്റേയും സാന്ദര്‍ഭികമായ ഔചിത്യം കാരണം അല്പനേരം നിന്ന് പ്രഖ്യാപനങ്ങളുടെ ആന്തരാര്‍ത്ഥം അയവിറക്കുവാന്‍ വായനക്കാരന്‍ പ്രേരിതനാകുന്നു. കരളില്‍ കൊള്ളുന്ന ഉല്‍ഘോഷങ്ങള്‍ സാമ്രാജ്യത്വത്തിന്റെ ഇരട്ട മാനദണ്ഡങ്ങളെപ്പറ്റിയാണ്. സാന്മാര്‍ഗ്ഗികത ഇല്ലാത്തവരാണ് വെപ്പാട്ടികള്‍ എന്ന സാമാന്യധാരണയെപ്പറ്റി പരാമര്‍ശിക്കുമ്പോള്‍, കൂടെ മറ്റൊരു ചിന്ത എഴുത്തുകാരന്‍ തൊടുത്തുവിടുന്നു: പണവും മറ്റും കൊടുത്തു കൊച്ചു പെണ്‍കുട്ടികളെ വാങ്ങി വെപ്പാട്ടികളാക്കുന്ന പാശ്ചാത്യരുടെ സാന്മാര്‍ഗ്ഗികതയെക്കുറിച്ചു ചിന്തിക്കുവാന്‍ ഒരു നിമിഷംപോലും ആരും ചെലവാക്കുന്നില്ല!

അവിസ്മരണീയമായ ഒരു രംഗമുണ്ട്: വെറും ഒരു വീട്ടതിഥിയായി താമസിക്കുന്ന അവിവാഹിതനായ മിങ്കെയെ സ്വന്തം മകളുടെ കൂടെ ഒരേ മുറിയില്‍ അന്തിയുറങ്ങാന്‍ അനുവദിക്കുന്നതിന്റെ പിന്നിലെ മനോഗതി എന്താണെന്ന് ന്യായ് ഒന്തൊസൊറോയോട് കോടതി അന്വേഷിക്കുന്നു. അടക്കിപ്പിടിച്ച പരിഹാസച്ചിരികള്‍ കോടതിയില്‍ മുഴങ്ങുന്നു. അതവഗണിച്ചുകൊണ്ട്, മാന്യത അശേഷം കൈവെടിയാതെ ന്യായ് മറുപടി പറയുന്നു: ''ഞാനൊരു വെപ്പാട്ടി മാത്രം. എന്റെ വെപ്പാട്ടിത്വത്തില്‍ എന്റെ മകള്‍ ആന്‍ ജനിച്ചു. ഹെര്‍മന്‍ മെല്ലെമയുമായുണ്ടായിരുന്ന എന്റെ ബന്ധുത്വം ആരും ഒരിക്കലും ചോദ്യം ചെയ്തില്ല. എന്തുകൊണ്ട്? അദ്ദേഹം ശുദ്ധരക്ത വെള്ളക്കാരനായിരുന്നു എന്ന ഒറ്റക്കാരണംകൊണ്ട്. എന്നാല്‍, ഇപ്പോള്‍ മി. മിങ്കെയും ആനും തമ്മിലുള്ള ബന്ധുത്വം ഒരു വിവാദ വിഷയമാക്കാന്‍ പലരും ഒരുമ്പെടുന്നു. എന്തുകൊണ്ട്? മി. മിങ്കെ നാടനായതുകൊണ്ടു മാത്രം? മി. മെല്ലെമയും ഞാനും തമ്മില്‍ അടിമത്വത്തിന്റെ കെട്ടുകള്‍ മാത്രമാണുണ്ടായിരുന്നത്. പക്ഷേ, നിയമം ആ കെട്ടുകളെ ഒരിക്കല്‍പ്പോലും വെല്ലുവിളിച്ചില്ല. മി. മിങ്കെയും എന്റെ മകളും തമ്മില്‍ പരിശുദ്ധമായ പരസ്പര സ്‌നേഹത്തിന്റെ കെട്ടുകളാണുള്ളത്. യൂറോപ്യന്മാര്‍ക്ക് നാടന്‍ പെണ്ണുങ്ങളെ വിലകൊടുത്തു വാങ്ങാം; എന്നെ വാങ്ങിയതുപോലെ. അങ്ങനെയുള്ള കച്ചവടം പരിശുദ്ധമായ സ്‌നേഹത്തേക്കാള്‍ വലിയ സത്യമാണോ? കൂടുതല്‍ ധനവും അധികാരശക്തിയും കാരണം യൂറോപ്യന്മാര്‍ക്ക് ഇങ്ങനെയൊക്കെ പെരുമാറാമെങ്കില്‍, പവിത്രമായ സ്‌നേഹത്തിന്റെ പേരില്‍ ഒരു നാടന്‍ എന്തുകൊണ്ട് അവജ്ഞയും അധിക്ഷേപങ്ങളും സഹിക്കണം?''

പ്രമുദ്യ അനന്ത തുർ
പ്രമുദ്യ അനന്ത തുർ

ആഖ്യാനത്തിലെ സൗമ്യ ശൈലി

ഒരു ജീവിതകാലം നീണ്ടുനിന്ന അനുഭവങ്ങള്‍ ന്യായ് ഒന്തൊസൊറോയെ പലതും പഠിപ്പിച്ചു. സത്യം തുറന്നു പറയാനുള്ള തന്റേടം അവര്‍ക്കുണ്ടായി. ''യൂറോപ്പ്'', അവര്‍ ഒരിക്കല്‍ ഉല്‍ക്രോശിച്ചു: ''അവരുടെ തൊലി മാത്രമാണ് വെള്ള. അവരുടെ ഹൃദയങ്ങളില്‍ വെറുപ്പല്ലാതെ മറ്റൊന്നുമില്ല.'' അതേ സമയം നാട്ടുകാരുടെ ആദര്‍ശങ്ങള്‍ സരളമാണ്. ''നോക്കൂ. സന്തോഷമുള്ള ജീവിതം മറ്റുള്ളവര്‍ നമുക്കു തരുന്ന ഒന്നില്‍നിന്നും ഉളവാകുന്നില്ല. നമ്മുടെ സ്വന്തം പ്രയത്‌നത്തില്‍നിന്നു മാത്രം അതുണ്ടാകുന്നു.'' സ്‌കൂളില്‍നിന്ന് നല്ല മാര്‍ക്കോടെ ജയിച്ചുകഴിഞ്ഞാല്‍ എന്തുദ്യോഗം വേണമെങ്കിലും കിട്ടുമല്ലൊ എന്ന് അമ്മ പറയുമ്പോള്‍ മിങ്കെ തന്റെ ഉള്ളിലെ മനോരഥം പ്രകടിപ്പിക്കുന്നു: ''എനിക്ക് ഒരു സ്വതന്ത്ര മനുഷ്യനാകണമെന്ന ആഗ്രഹമേ ഉള്ളൂ, അമ്മേ; ആരും ആജ്ഞകള്‍ തരാതെ, ആര്‍ക്കും ആജ്ഞകള്‍ കൊടുക്കാതെ.'' നാടന്‍ കാര്യങ്ങളെയെല്ലാം പുച്ഛിച്ചു തള്ളുന്ന അളിയന്‍ ചെറുക്കനുമായുള്ള ഒരു പ്രക്ഷുബ്ധ സംഭാഷണത്തില്‍ ഇന്‍ഡൊ തത്ത്വജ്ഞാനം ശരിയായ പശ്ചാത്തലത്തില്‍ മിങ്കെ ചിത്രീകരിക്കുന്നുണ്ട്: ''ഞാന്‍ ഇന്‍ഡൊ അല്ലെന്നു നിസ്തര്‍ക്കം മിശ്രരക്തമുള്ള യൂറോപ്യനുമല്ല ഞാന്‍. പക്ഷേ, യൂറോപ്യന്‍ സ്‌കൂളില്‍ പഠിക്കുന്ന എന്റെ സിരകളില്‍ യൂറോപ്യന്‍ അറിവും പാണ്ഡിത്യവും ഉണ്ട്. അതായത്, യൂറോപ്യന്‍ കാര്യങ്ങളാണ് മറ്റെല്ലാറ്റിനേയും അപേക്ഷിച്ച് മെച്ചമെന്ന് നീ വാദിക്കുന്നെങ്കില്‍,'' നാട്ടുകാരുടെ സന്മാര്‍ഗ്ഗബോധം പൊതുവേ മോശമാണെന്ന അഭിപ്രായം ഉയരുമ്പോള്‍, തന്റെ വല്യമ്മ ഒരിക്കല്‍ പറഞ്ഞ വാക്കുകള്‍ മിങ്കെ ഓര്‍ക്കുന്നു: ''ഒന്നില്‍ കൂടുതല്‍ ഭാര്യമാരെ സ്വീകരിക്കുന്ന ഓരോ മനുഷ്യനും നുണയനാണ്. സ്വന്തം ഇച്ഛാശക്തിക്കപ്പുറമായി അയാള്‍ നുണയനാകുന്നു.''

ജാവയുടെ പിന്നാക്കാവസ്ഥയുടെ കാര്യം മിങ്കെ ഒരിക്കലും മറക്കുന്നില്ല. സ്വന്തം നാട്ടുകാരുടെ പല സമ്പ്രദായങ്ങളെക്കുറിച്ചും അയാള്‍ അസ്വസ്ഥനാകുന്നു. അയാളില്‍ പ്രത്യേകം താല്പര്യം കാണിച്ച ഡച്ചു ബുദ്ധിജീവിയായ ഉദ്യോഗസ്ഥന്റെ കുടുംബം ഈ പിന്നാക്കത്തിന്റെ കാര്യം കുത്തിക്കുത്തിയോര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. ഉദ്യോഗസ്ഥന്റെ വായാടിയായ മകള്‍ എഴുതിയ കത്തില്‍ ഇങ്ങനെ പറഞ്ഞിരുന്നു: ''തന്നെപ്പോലെയൊരു ജാവനീസിനെ ഞങ്ങള്‍ കണ്ടിട്ടില്ല. തന്റെ ചിന്താഗതി തികച്ചും യൂറോപ്യനാണ്. പരാജയത്തിന്റെ കാലഘട്ടത്തില്‍ ജാവയില്‍ വേരുറച്ച അടിമത്ത മനോഭാവത്തിന്റെ പായല്‍ അശേഷമില്ല... തന്റെ നാട്ടുകാരുടെ വിധിയെപ്പറ്റി പപ്പാ പറയുന്ന വ്യാഖ്യാനങ്ങള്‍ കേള്‍ക്കാന്‍ ഞങ്ങള്‍ക്കു വളരെയധികം സന്തോഷമാണ്. യൂറോപ്യന്‍ മര്‍ദ്ദനത്തെ നശിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ നൂറുകണക്കിലും ആയിരക്കണക്കിലും നേതാക്കന്മാര്‍ നിങ്ങളുടെ ഇടയില്‍ ഉയര്‍ന്നിട്ടുണ്ട്. ഒന്നൊന്നായി അവര്‍ നിലംപതിച്ചു; പരാജയപ്പെട്ടു; കൊല്ലപ്പെട്ടു; അടിയറവ് പറഞ്ഞു; വട്ടായി; അപമാനത്തില്‍പ്പെട്ടു മരിച്ചു; നാടുകടത്തലാല്‍ വിസ്മരിക്കപ്പെട്ടു. ഒരുത്തന്‍ പോലും സമരത്തില്‍ ജയിച്ചില്ല. നിങ്ങളുടെ രാജാക്കന്മാര്‍ കമ്പനിക്ക് ആനുകൂല്യങ്ങള്‍ വിറ്റു; അവരുടെ സ്വന്തം ലാഭത്തിനുവേണ്ടി മാത്രം. അവരുടെ സ്വഭാവവും ആത്മാവും ദ്രവിക്കുന്നതിന്റെ ലക്ഷണമായിരുന്നു അത്.''

മിങ്കെ സത്യസന്ധതയോടെയാണ് പ്രതികരിക്കുന്നത്: ''ശരിതന്നെ,'' അയാള്‍ പറഞ്ഞു: ''മറ്റുള്ളവര്‍ ജാവയുടെ അന്തസ്സത്തയെ നിന്ദിക്കുമ്പോഴും കടന്നാക്രമിക്കുമ്പോഴും എന്റെ വികാരങ്ങള്‍ വ്രണപ്പെട്ടു. അപ്പോഴൊക്കെ ഞാന്‍ പൂര്‍ണ്ണമായും ജാവനീസാണെന്ന് എനിക്കു തോന്നി. പക്ഷേ, ജാവയുടെ അജ്ഞതയും മൂഢതയും പ്രതിപാദിക്കപ്പെടുമ്പോള്‍, ഞാന്‍ യൂറോപ്യനാണെന്നും എനിക്കു തോന്നി.''

ഒടുവില്‍ യൂറോപ്പിന്റെ അജ്ഞതയും മൂഢതയും വഞ്ചനയുമാണ് തൊലിയുരിച്ചു പ്രദര്‍ശിപ്പിക്കപ്പെട്ടത്. നാടനായി ജനിക്കുന്നത് ഒരപരാധമല്ലെന്നു പറഞ്ഞ് മിങ്കെയ്ക്കുവേണ്ടി വാദിച്ച അദ്ധ്യാപികയെ തിരിച്ച് ഹോളണ്ടിലേക്കയച്ചപ്പോള്‍ അധികാരികളുടെ യൂറോപ്യന്‍ പൊങ്ങച്ചത്തിനു ക്ഷതമേറ്റു. എല്ലാം കണ്ട മനസ്സിലാക്കിയ, സ്വന്തം ആത്മാഭിമാനത്തില്‍ വീറോടെ ഉറച്ചു നിന്ന അമ്മായിയമ്മയെ നിരീക്ഷിച്ച, മിങ്കെയ്ക്ക് ഒന്ന് വ്യക്തമായി: അനീതിയെ ചെറുക്കുന്നതുതന്നെ കര്‍ത്തവ്യം ജയിച്ചാലും ശരി ഇല്ലെങ്കിലും ശരി.

കഥാകൃത്തിന്റെ അനിഷേധ്യമായ കലാപാടവമാണ് എവിടെയും പ്രതിഫലിക്കുന്ന തത്ത്വശാസ്ത്രത്തിന് ബലവും സാംഗത്യവും നല്‍കുന്നത്. കഥ ആവിഷ്‌കരിക്കുന്നതില്‍ കാണിച്ചിട്ടുള്ള വൈദഗ്ദ്ധ്യം മൂലം ഒന്നാം പേജ് മുതല്‍ തന്നെ സ്മരണീയമായ രംഗങ്ങള്‍ ഒന്നൊന്നായി പൊട്ടിവിടരുന്നു.

കുട്ടിയായ ഒന്തൊസൊറോയെ അവളുടെ അച്ഛന്‍ ഡച്ചു സൂപ്പര്‍വൈസര്‍ക്കു വില്‍ക്കുന്ന ഭാഗം മൂര്‍ച്ചയേറിയതാണ്. ജാവയിലെ പാരമ്പര്യമനുസരിച്ച് കുടുംബത്തില്‍ എന്തു ചെയ്യാനുമുള്ള അധികാരം അച്ഛന്റേതാണ്. ഒന്തൊസൊറോയുടെ അച്ഛന് ആകെയുള്ള അഭിലാഷം ഫാക്ടറിയിലെ കണക്കപ്പിള്ളയാകണമെന്നതായിരുന്നു. അതിനുവേണ്ടി സൂപ്പര്‍വൈസറെ മണിയടിക്കുകയായിരുന്നു അയാളുടെ പ്രധാന പണി. ഉദ്യോഗക്കയറ്റം കൊടുക്കാമെന്ന വാഗ്ദാനവും മുപ്പതു വെള്ളിയും ഒരുമിച്ചു കിട്ടിയപ്പോള്‍ മകളെ വില്‍ക്കാന്‍ അയാള്‍ക്ക് യാതൊരു മടിയും തോന്നിയില്ല. ഭാര്യയുടെ സമ്മതം വാങ്ങുന്ന പ്രശ്‌നമേ ഇല്ലായിരുന്നു. മകളോടാണെങ്കില്‍ എന്താണ് നടക്കുന്നതെന്ന് ഒരക്ഷരം ഉരിയാടിയുമില്ല. ഒരു ദിവസം വിളിച്ച് നല്ല വേഷമണിഞ്ഞു വരാന്‍ മാത്രം പറഞ്ഞു. പെട്ടിയുമേന്തി വന്ന മകളെ കുതിരവണ്ടിയില്‍ കയറ്റി സൂപ്പര്‍വൈസറുടെ വീട്ടിലേയ്ക്കു കൊണ്ടുപോകുമ്പോള്‍ അമ്മ അടുത്തിരുന്നു തേങ്ങിത്തേങ്ങി കരയുന്നു.

ഹൃദയഭേദകമായ ഈ സംഭവത്തിനുശേഷം സമചിത്തത വീണ്ടെടുക്കുവാന്‍ വായനക്കാരന്‍ സമയം കിട്ടുന്നതിനു മുന്‍പുതന്നെ അടുത്ത തീക്ഷ്ണരംഗം അരങ്ങേറുകയായി. വില്‍ക്കപ്പെട്ട കുട്ടിയെ സൂപ്പര്‍വൈസറുടെ വീട്ടിലാക്കിയിട്ട് അച്ഛനമ്മമാര്‍ മടങ്ങിപ്പോയിരിക്കുന്നു. രാക്ഷസതുല്യമായ ഡച്ചുകാരന്റെ വലിയ വീട്ടില്‍ ഭയവിഹ്വലയായ പതിമ്മൂന്നുകാരി ഒറ്റയ്ക്കായി. തടിയന്‍ കൈകളില്‍ ചെമ്പിച്ച രോമങ്ങള്‍ നിറഞ്ഞ്, ഓന്തിന്റെ പരുക്കന്‍ തൊലിയുള്ള ഡച്ചുഭീമനു തന്റേതുമാത്രമായ ഒരു പുതിയ കളിപ്പാട്ടം കയ്യില്‍ക്കിട്ടി. അല്പനേരത്തേയ്ക്ക് അയാള്‍ എങ്ങനെ കളിക്കണമെന്നുപോലുമറിയാതെ കുഴങ്ങുന്നു. അയാള്‍ ആ പാവയെ എടുക്കുന്നു, പൊക്കിനിര്‍ത്തുന്നു, മടിയില്‍ കിടത്തുന്നു, പിന്നെയും പൊക്കി ഊഞ്ഞാലാട്ടുന്നു; ആശ്ലേഷിക്കുന്നു; നിലത്ത് കിടത്തുന്നു; കൊഞ്ചിപ്പറയുന്നു; ദേഹത്തില്‍ അവിടെയും ഇവിടെയും തൊട്ടുനോക്കുന്നു; ചിരിക്കുന്നു. ഒരേസമയം ഹൃദയത്തെ സ്പര്‍ശിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന നിമിഷം.

മര്‍ദ്ദനം ഏല്പിക്കുന്നവരുടെ രാക്ഷസീയതയും മര്‍ദ്ദിക്കപ്പെടുന്നവരില്‍ അന്തര്‍ലീനമായ മാന്യതയും ചിത്രീകരിക്കുകയെന്ന കഥാകാരന്റെ ഉദ്ദേശ്യം ഫലപ്രദമാകുവാനുള്ള ഒരു കാരണം ആഖ്യാനത്തില്‍ ഉപയോഗിക്കുന്ന സൗമ്യശൈലിയാണ്. അലര്‍ച്ചയും ആര്‍പ്പുവിളികളും ഇല്ല. വന്‍ചതികളും മനസ്സു നോവിക്കുന്ന സംഭവവികാസങ്ങളും വിവരിക്കുന്നത് ശബ്ദമുയര്‍ത്താതെ ദൈനംദിന സംഭാഷണരീതിയില്‍ത്തന്നെ. വൈപരീത്യം നിറഞ്ഞ ആശയങ്ങളും സംഭവങ്ങളും തൊട്ടുതൊട്ടുവെച്ച് കാഥികന്‍ തന്റെ സന്ദേശം ശക്തിയുക്തം വിന്യസിക്കുന്നു. എല്ലാറ്റിനും ഉപരിയായി കേള്‍ക്കുന്ന സന്ദേശം സംസ്‌കാരത്തിന്റേയും നിയമത്തിന്റേയും പേരില്‍ യൂറോപ്പ് അവകാശപ്പെടുന്ന പ്രത്യേകത വെറും കാപട്യമാണെന്നതാണ്. വാസ്തവത്തില്‍ ഹോളണ്ടിലും യൂറോപ്പിലും 'ബൂമി മനുസ്യ' നിരോധിച്ചിരുന്നെങ്കില്‍ അതിനു കാരണം എന്തെന്ന് എളുപ്പം മനസ്സിലാക്കാവുന്നതേയുള്ളൂ. അത്രത്തോളം അപ്രതിരോധ്യവും ശക്തിമത്തുമായ രീതിയിലാണ് യൂറോപ്പിന്റെ പൊള്ളത്തരം കാണിച്ചിരിക്കുന്നത്.  ഇന്‍ഡൊനേഷ്യയാണെങ്കില്‍, നിരോധിക്കുന്നതിനു പകരം സ്വാഭിമാനത്തിന്റേയും അന്തസ്സിന്റേയും സാക്ഷിപത്രമായി നോവല്‍.

'ബൂമി മനുസ്യ'യുടെ സമാപ്തി കുറിക്കുന്നത് ഒരു പ്രത്യേക രീതിയിലാണ്. ഗ്രന്ഥകാരന്‍ എഴുതിയിരിക്കുന്നു: ''ബുറു. പറഞ്ഞുകൊടുത്തത്, 1973. എഴുതിയത്, 1975.'' ബുറു ദ്വീപില്‍വെച്ച് ടൈപ്പ്‌റൈറ്റര്‍ കിട്ടിയ പാടേ എഴുതിയത് അങ്ങനെതന്നെ പ്രസിദ്ധപ്പെടുത്തി എന്ന് പ്രമുദ്യ പിന്നൊരിക്കല്‍ പറഞ്ഞു; ഒന്നോ രണ്ടോ വാചകങ്ങള്‍ മാത്രമാണ് തിരുത്തിയത്. തന്റെ മനസ്സില്‍ തിര്‍തൊ മിങ്കെയുടെ കഥ എത്രത്തോളം വികസിച്ചിരുന്നുവെന്നും സഹതടവുപുപള്ളികള്‍ക്ക് പറഞ്ഞു കൊടുത്തപ്പോള്‍ നോവല്‍ എത്രകണ്ട് മിനുക്കി ശരിപ്പെടുത്താന്‍  തരപ്പെട്ടുവെന്നും അതു ചൂണ്ടിക്കാണിക്കുന്നു. രണ്ടാംഭാഗമായ 'എല്ലാ രാഷ്ട്രങ്ങളുടേയും മകനും' ഏതാണ്ട് ഇതേ സമയത്തു പുറത്തു വന്നു. മൂന്നും നാലും ഭാഗങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ കൂടുതല്‍ സമയമെടുത്തു. ചരിത്രപരമായ പല സംഗതികളും പരിശോധിച്ചു തിട്ടപ്പെടുത്താനുണ്ടായിരുന്നു എന്നാണദ്ദേഹം കാലവിളംബത്തിനു കാരണം കുറിച്ചത്.

'ബൂമി'യില്‍ പറഞ്ഞുനിര്‍ത്തിയ കഥ അതേ സ്വരത്തിലും മുറുക്കത്തിലും 'എല്ലാ രാഷ്ട്രങ്ങളുടേയും മകനി'ല്‍ തുടരുന്നു. ഒന്തൊസൊറോയുടെ നിഴലില്‍നിന്നു മാറി മിങ്കെ പ്രധാന വക്താവാകുന്നു ഈ നോവലില്‍. പശ്ചാത്തലം ഇന്‍ഡൊനേഷ്യയുടെ കൊടുമ്പിരികൊള്ളുന്ന സ്വാതന്ത്ര്യസമരം. ഡച്ച് സ്‌കൂളിലെ ചിന്താക്കുഴപ്പത്തില്‍നിന്ന് വെള്ള മേധാവികളുടെ അനീതികള്‍ സൃഷ്ടിച്ച വിദ്വേഷത്തിലേക്കും അവിടെനിന്ന് തന്റെ നാടിന്റേയും നാട്ടുകാരുടേയും ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ തനിക്കുള്ള കടമ മനസ്സിലാക്കുന്ന അവസ്ഥയിലേയ്ക്കും മിങ്കെ വളരുന്നു. സഹനശക്തിയും വിവേകവും അയാള്‍ സംഭരിക്കുന്നു.

ഇവിടേയും കഥാകഥനത്തില്‍ ഗ്രന്ഥകര്‍ത്താവിനുള്ള അസാധാരണ ചാതുര്യമാണ് നോവലിനു ശക്തി പകരുന്നത്. മിങ്കെയ്ക്കു ഭാര്യ നഷ്ടപ്പെട്ടു; നിയമം കാരണം. പണ്ടേ ദുര്‍ബ്ബലയായ ആനെലീസ് ഹോളണ്ടിലെ പകപൂണ്ട അന്തരീക്ഷത്തെ അതിജീവിക്കുന്നില്ല. തങ്ങളുടെ അത്യാര്‍ത്ഥി ശമിപ്പിക്കുവാന്‍ നിയമം വളയ്ക്കുകയും ഒടിക്കുകയും ചെയ്യുന്ന യൂറോപ്യന്‍ സംസ്‌കാരത്തെ വെറുക്കുവാന്‍ അവളുടെ മരണം മിങ്കെയെ പ്രേരിപ്പിക്കുന്നു. ആനിന്റെ കൊല്ലപ്പെട്ട ഡച്ച് അച്ഛന്റേയും ഇന്‍ഡൊ സഹോദരന്റേയും അധമമായ ജീവിതത്തിലേയ്ക്ക് ചുഴിഞ്ഞിറങ്ങി അയാള്‍ ആശ്വാസം തേടുന്നു. അതിനിടയില്‍ പഠിക്കുന്ന പാഠം നിലവിലിരിക്കുന്ന വ്യവസ്ഥിതി മാറ്റിയെടുക്കാന്‍ തനിക്കു കെല്‍പ്പില്ലെന്നാണ്.

പക്ഷേ, കെല്‍പ്പുള്ള ഒരു തൂലിക തനിക്കുണ്ടെന്നു അയാള്‍ മനസ്സിലാക്കി. മഹത്തായ മൂല്യങ്ങള്‍ക്കുവേണ്ടി അയാള്‍ പേനയെടുത്തു പയറ്റി. താല്‍ക്കാലികങ്ങളായ ചില്ലറ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കാനല്ല, ജീവിതത്തിന്റെ സ്ഥായിയായ നന്മകള്‍ പുലര്‍ത്താനാണ് അയാള്‍ മല്ലിട്ടത്. ഉള്‍ക്കാഴ്ച വളര്‍ത്തിയെടുക്കുക അതാണ് സാരവത്തായ എഴുത്തിന്റെ രഹസ്യം എന്നയാള്‍ ഗ്രഹിച്ചു. മറ്റുള്ളവര്‍ പറയുന്നതു കേട്ടാല്‍ മാത്രം പോരാ, എല്ലാം നേരിട്ടു കണ്ടറിയണം. അങ്ങനെയായാല്‍ തന്റെ നാട്ടുകാരെ തനിക്കു കൂടുതല്‍ മനസ്സിലാക്കാമെന്നു മാത്രമല്ല, അവര്‍ കൂടുതല്‍ ബോധവാന്മാരാവുകയും ചെയ്യും.

പ്രമുദ്യ അനന്ത തുർ
പ്രമുദ്യ അനന്ത തുർ

ആത്മകഥയും ചരിത്രവും സമ്മേളിക്കുമ്പോള്‍

മിങ്കെയുടെ ഈ ചിന്താഗതിയും തിര്‍തൊയുടെ ജീവിതവും പ്രമുദ്യയുടെ തന്നെ വിശ്വാസങ്ങളും തമ്മിലുള്ള പൊരുത്തം പ്രകടമാണ്. ഈ ഏകത്വത്തിന്റെ ശക്തിയില്‍ മിങ്കെയുടെ സ്വഭാവത്തിന് ഈടുള്ള ആധികാരികത കൈവരുന്നു. മനുഷ്യന്റെ വ്യക്തിമഹിമ അംഗീകരിച്ചാല്‍ മാത്രമേ ശരിയായ പുരോഗതി ഉണ്ടാവുകയുള്ളൂ എന്ന പ്രമേയമാണ് നോവലിന്റെ ആണിക്കല്ല്. അത് ഉദാഹരിക്കാനെന്നപോലെ, വ്യക്തിമഹിമയുടെ മൂര്‍ത്തിമല്‍ഭാവമായി മിങ്കെ വികസിക്കുന്നു. ജാവയില്‍ ജനിച്ച് ഡച്ചു വിദ്യാഭ്യാസം സ്വീകരിച്ച താന്‍ എല്ലാ രാഷ്ട്രങ്ങളുടേയും സന്തതിയാണെന്ന് അയാള്‍ അറിയുന്നു. അതോടൊപ്പം, തിന്മയും എല്ലാ രാഷ്ട്രങ്ങളില്‍നിന്നും വരുന്നു എന്ന് അയാള്‍ക്കു ബോധ്യമുണ്ട്. ഒരു സ്‌നേഹിതന്‍ ഓര്‍മ്മപ്പെടുത്തുന്നു: ''കഷ്ടപ്പാടുകളെക്കുറിച്ചു മാത്രം ചിന്തിച്ചാല്‍ പ്രതികാരം മാത്രമായിരിക്കും മനസ്സില്‍ വളരുക.'' അങ്ങനെ, കഷ്ടപ്പാടുകള്‍ക്കുപരി മിങ്കെ തന്റെ ചിന്തകള്‍ ഉയര്‍ത്തുന്നു; പ്രതികാരബുദ്ധി മനസ്സില്‍നിന്നൊഴിവാക്കുന്നു; ആരോടും പരിഭവമില്ലാതെ പേന ചലിപ്പിക്കുന്നതു കാരണം എഴുത്തിനു കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുന്നു, പ്രമുദ്യയെപ്പോലെതന്നെ.

ആത്മകഥയും ചരിത്രവും സമ്മേളിക്കുന്നതുകൊണ്ട് മിങ്കെ ക്വാര്‍ട്ടറ്റില്‍ ശക്തിയും ഭംഗിയും ഒരുപോലെ കാണാം. സാര്‍വ്വലൗകികത ത്രസിക്കുന്ന പ്രമേയങ്ങള്‍ അവയ്ക്ക് ഉണ്മയേകുന്ന വ്യവസ്ഥാപിതമായ വര്‍ഗ്ഗവിദ്വേഷത്തിന്റെ അന്യായം, പീഡനം അനുഭവിക്കുന്നവര്‍ അവരുടെ പീഡനത്തില്‍നിന്നുതന്നെ ആര്‍ജ്ജിക്കുന്ന ഉള്‍ക്കരുത്ത്, പാരമ്പര്യത്തിന്റെ വിലയറിയാമെങ്കിലും വിദ്യാഭ്യാസത്തിലൂടെ പ്രാചീനാചാരങ്ങളുടെ ദൗര്‍ബ്ബല്യങ്ങള്‍ മനസ്സിലാക്കുന്നവരുടെ ഉള്ളിലുള്ള വിരുദ്ധ വികാരങ്ങള്‍. മനസ്സിലെ കലക്കം പ്രബുദ്ധതയിലേയ്ക്കു വഴിതെളിക്കുന്നു എന്നതാണ് ഈ നോവലിന്റെ വിശിഷ്ടത. വര്‍ണ്ണന വെറും കരുണാരസത്തിലേയ്ക്ക് അധഃപതിക്കാതെ മനുഷ്യന്‍ മനുഷ്യനോടു കാണിക്കുന്ന ക്രൂരതകളെ വിശകലനം ചെയ്യുന്നു. ഏറ്റവുമധികം നൈരാശ്യം തോന്നിപ്പിക്കുന്ന സന്ദര്‍ഭങ്ങളില്‍പ്പോലും മാനുഷിക മൂല്യങ്ങളിലുള്ള വിശ്വാസം പ്രത്യാശയ്ക്ക് വക നല്‍കുന്നു. പരാജയത്തിലും മഹാമനസ്‌കത  മായുന്നില്ല. പ്രഗത്ഭമായ 'ബൂമി'യും 'മകനും' 1980-ല്‍ പ്രസിദ്ധപ്പെടുത്തിയതോടെയാണ് പ്രമുദ്യയുടെ പേര് നൊബേല്‍ സമ്മാനത്തിനു നിര്‍ദ്ദേശിക്കപ്പെടാന്‍ തുടങ്ങിയത്.

തന്റെ ആദ്യ നോവലുകളും ക്വാര്‍ട്ടറ്റും തമ്മിലുള്ള വ്യത്യാസങ്ങള്‍ പ്രമുദ്യ തന്നെ അംഗീകരിച്ചിട്ടുണ്ട്. ക്വാര്‍ട്ടറ്റില്‍ കാണുന്ന സരളസുന്ദരമായ ശൈലിയില്‍ പഴയ പാരുഷ്യം ഒട്ടുമില്ല. ചെറുപ്പക്കാരെ ആകര്‍ഷിക്കാന്‍ വേണ്ടിയാണ് പുതിയ സരളത അവലംബിച്ചതെന്ന് അദ്ദേഹം ഒരിക്കല്‍ പറഞ്ഞു. ന്യായ് ഒന്തൊസൊറോയെ പ്രധാന കഥാപാത്രമാക്കിയതോ? പ്രമുദ്യയുടെ വിശദീകരണം ''ഇന്‍ഡൊനേഷ്യയിലെ സ്ത്രീകള്‍ ചിരകാലമായി അവഗണിക്കപ്പെട്ടവരാണ്. അവര്‍ അര്‍ഹിക്കുന്ന പ്രാധാന്യം അവര്‍ക്കു കൊടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്ന് എനിക്കു തോന്നി. മാത്രവുമല്ല, ഈ കഥകള്‍ ഞാന്‍ ആദ്യം തടവുകാര്‍ക്കു പറഞ്ഞുകൊടുക്കുകയായിരുന്നുവെന്ന കാര്യം മറക്കരുത്. അവരില്‍ പലരും വര്‍ഷങ്ങളായി ഒരു സ്ത്രീയെ കണ്ടിട്ടില്ലായിരുന്നു. അവരുടെ ഭാര്യമാര്‍ അവരെ ത്യജിച്ചിരിക്കുമോ എന്ന് അവര്‍ ശങ്കിച്ചിരുന്നു. അവരുടെ വിശ്വാസം അവര്‍ക്കു വീണ്ടെടുത്തു കൊടുക്കുവാന്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ വിശ്വസ്തരാണെന്നു കാണിക്കുന്നത് ഉചിതമായി തോന്നി.'' (സ്ത്രീകളുടെ വിമോചനം തിര്‍തൊയുടെ സര്‍വ്വപ്രധാനമായ കുരിശുയുദ്ധങ്ങളിലൊന്നായിരുന്നു.)

ഒരു കഥാബീജം കണ്ടുപിടിച്ചുകഴിഞ്ഞാല്‍ പിന്നെ തൂലിക നയിക്കുന്ന വഴിയേ കഥ വളരട്ടെ എന്നു വിശ്വസിക്കുന്ന എഴുത്തുകാരില്‍ പെടുന്നില്ല പ്രമുദ്യ. പ്രമേയങ്ങളും പ്ലോട്ടുകളും ഗദ്യശൈലിയും സ്ഥാപിച്ചെടുക്കേണ്ട തത്ത്വശാസ്ത്രങ്ങളും എല്ലാം നേരത്തെ ചിന്തിച്ചു ചിട്ടപ്പെടുത്തിയിട്ടാണ് അദ്ദേഹം രചനയിലേര്‍പ്പെടുന്നതെന്നു വ്യക്തമാണ്. ആദ്യവും അവസാനവും അദ്ദേഹം ഒരെഴുത്തുകാരനാണ്, സമൂഹത്തെ ഉദ്ധരിക്കുന്നതില്‍ തനിക്കൊരു പങ്കുണ്ടെന്നു കരുതുന്ന എഴുത്തുകാരന്‍. 1984-ല്‍ ടോക്കിയോയില്‍ നടന്ന ഒരു സാഹിത്യസമ്മേളനത്തില്‍ അദ്ദേഹം തന്റെ ഉള്ളിലിരിപ്പ് ഇങ്ങനെ വിസ്തരിച്ചു: ''കയറുപൊട്ടിച്ച് മുന്നേറുന്ന സാങ്കേതിക വിജ്ഞാനം സാംസ്‌കാരിക തലത്തില്‍ സമതുലനം തെറ്റിക്കുന്ന ഈ കാലയളവില്‍, സാഹിത്യം സമൂഹത്തില്‍ സ്വരൈക്യം സൃഷ്ടിക്കാന്‍ സഹായിക്കണം. സാഹിത്യത്തില്‍ അന്തര്‍ലീനമായിരിക്കുന്ന വിനിമയശക്തി ഓരോ വ്യക്തിയുടേയും ഉള്‍ബോധം തട്ടിയുണര്‍ത്തി ന്യായാന്യായ വിവേചനബുദ്ധി പ്രബലപ്പെടുത്തുമെന്നുള്ളത് നിശ്ചയമാണ്.''

സാഹിത്യത്തിലുള്ള ഈ അകമഴിഞ്ഞ വിശ്വാസവും അതിനോടു കാണിക്കുന്ന സമ്പൂര്‍ണ്ണമായ പ്രതിബദ്ധതയുമാണ് വ്യക്തിപരമായ വേദനകള്‍ക്കിടയിലും പ്രമുദ്യയുടെ അക്ഷോഭ്യത നിലനിര്‍ത്തുന്നത്. ദുരിതങ്ങള്‍ വര്‍ദ്ധിക്കുമ്പോഴാണ് ഭാവന പുഷ്ടിപ്പെടുന്നതെന്നുപോലും പറയാം: ഡച്ചുകാരുടെ മര്‍ദ്ദനമേറ്റുകൊണ്ട് രണ്ടു കൊല്ലം ജയിലില്‍ കിടന്നപ്പോഴാണ് ആദ്യത്തെ സാഹിത്യ സംഭാവനകള്‍ ജനിച്ചത്. ബുറുവിലെ ആരണ്യവാസത്തിനിടയില്‍ ബാക്കി സുപ്രധാന കൃതികളും. ആദ്യത്തെ പുസ്തകങ്ങള്‍ പ്രമുദ്യയെ നാല്‍പ്പല്പത്തിയഞ്ചിലെ തലമുറയില്‍ ഉള്‍പ്പെടുത്തിയെങ്കില്‍, ബുറു സൃഷ്ടികള്‍ സുക്കാര്‍ണോയ്ക്കു ശേഷമുള്ള തലമുറയിലും അദ്ദേഹത്തിനു സ്ഥാനം നേടിക്കൊടുത്തു. അദ്ദേഹത്തിന്റെ ഉല്പാദന സമൃദ്ധിയോ ഗഹനതയോ ഒരു തലമുറയില്‍ അടങ്ങുന്നില്ല. ചരിത്രത്തിന്റെ ഓരോ തിരിവും അദ്ദേഹത്തിന്റെ ഭാവനയ്ക്കും പുതിയ വിഷയമായി. സാമ്രാജ്യാധിപത്യം, സ്വാതന്ത്ര്യം, പട്ടാളമേധാവിത്വം എന്ന മൂന്നു ഘട്ടങ്ങളും ഒരേ സത്യസന്ധതയോടെ പുണര്‍ന്നു നില്‍ക്കുവാനുള്ള അവകാശം പ്രമുദ്യയ്ക്കുണ്ട്.

സുക്കാര്‍ണോയ്ക്കുശേഷം അധികാരമേറ്റ സൈന്യസര്‍ക്കാറിന്റെ കാലഘട്ടത്തെ ആസ്പദമാക്കി പ്രമുദ്യയ്ക്കു പലതും പറയാനുണ്ടായിരിക്കുമെന്ന് അനുമാനിക്കാം. പക്ഷേ, അദ്ദേഹം സമയം കാത്തിരിക്കുകയാണ്. മുന്‍പുദ്ധരിച്ച ഏഷ്യാവീക്ക് അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു: ''ബുറുവിനെക്കുറിച്ചെഴുതാനുള്ള സമയമായിട്ടില്ല. അതുകൊണ്ട് എന്റെ ഇപ്പോഴത്തെ കൃതികളെല്ലാം ചരിത്രത്തെ പരാമര്‍ശിച്ചുള്ളതാണ്. ബുറുവിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ സ്വീകരിക്കാന്‍ മനുഷ്യര്‍ ഇനിയും തയ്യാറായിട്ടില്ല. ചിലര്‍ അവയുടെ പേരില്‍ അരിശം കൊള്ളുന്നു, മറ്റു ചിലര്‍ വ്രണപ്പെടുന്നു. സത്യം മുറിവേല്‍പ്പിക്കാത്ത ഒരുകാലം വരും.''
മുന്‍കരുതലോടെ കാത്തിരിക്കുവാന്‍ പ്രമുദ്യയ്ക്കു കാരണമുണ്ട്. ബുറുവിലെ നീണ്ട രാത്രിയുടെ അവസാനത്തില്‍ തടവുകാരെ ജക്കാര്‍ത്തയില്‍ തിരിച്ചുകൊണ്ടുവന്ന് മോചിപ്പിക്കുന്ന അവസരത്തില്‍, തുറമുഖത്തു പ്രതീക്ഷകളോടെ തടിച്ചുകൂടിയ ബന്ധുക്കളുടെ കൂട്ടത്തില്‍ പ്രമുദ്യയുടെ ഭാര്യ മൈമുനയുമുണ്ടായിരുന്നു. പക്ഷേ, നിറഞ്ഞ കണ്ണുകളോടെ അവര്‍ക്കു തിരിച്ചുപോകേണ്ടി വന്നു; 1979-ലെ ആ ഡിസംബര്‍ ദിവസത്തില്‍ മടങ്ങിയെത്താതിരുന്ന നാല്‍പ്പതു പേരില്‍ ഒരാളായിരുന്നു പ്രമുദ്യ. അധികൃതര്‍ പറഞ്ഞു, മോചനത്തിനുവേണ്ടി ആ നാല്‍പ്പതു പേര്‍ സഹകരിച്ചില്ലെന്ന്. കുറേ ആഴ്ചകള്‍ കഴിഞ്ഞു പ്രമുദ്യ മൈമുനയുടെ അടുത്തെത്താന്‍. ഔദ്യോഗികമായ ഒരു ശുദ്ധീകരിക്കല്‍ കര്‍മ്മത്തില്‍ പങ്കെടുക്കേണ്ടിവന്നു. മറ്റു തടവുകാരെപ്പോലെ കമ്യൂണിസ്റ്റ് തത്ത്വശാസ്ത്രം എന്നത്തേയ്ക്കുമായി പരിത്യജിച്ചിരിക്കുന്നുവെന്ന് അദ്ദേഹം പ്രതിജ്ഞ ചെയ്തു. പഞ്ചശിലയ്ക്കനുയോജ്യമായ മനസ്സ് താന്‍ സ്വീകരിച്ചിരിക്കുന്നുവെന്നും അധികൃതരെ തെര്യപ്പെടുത്തി. (ഇന്‍ഡൊനേഷ്യ ഓദ്യോഗികമായി അംഗീകരിച്ചിരിക്കുന്ന രാഷ്ട്രനയമാണ് പഞ്ചശില.)

ഇതൊക്കെയായിട്ടും പ്രമുദ്യയ്ക്ക് പൂര്‍ണ്ണസ്വാതന്ത്ര്യം കിട്ടിയില്ല. രണ്ടു വ്യവസ്ഥകളിന്മേലാണ് പുറത്തുവിട്ടത്. ഒന്ന്, വീട്ടുകാരും അയല്‍പക്കക്കാരും സ്വീകരിക്കാമെന്നു സമ്മതിക്കണം. രണ്ട്, എന്തെങ്കിലും ജോലി കണ്ടുപിടിക്കണം. രണ്ടു നിബന്ധനകളുടേയും അര്‍ത്ഥം എപ്പോള്‍ വേണമെങ്കിലും സര്‍ക്കാറിന് തിരികെ തടങ്കലിലാക്കാമെന്നുതന്നെ. ഏതെങ്കിലും ഒരു അയല്‍വാസി തള്ളിപ്പറഞ്ഞാല്‍ മതി. സാധാരണഗതിയില്‍ പഴയ തടവുകാരനു ജോലി കിട്ടാനും സാദ്ധ്യതയില്ല. ഗവണ്‍മെന്റ് ജോലികള്‍ ഔദ്യോഗികമായിത്തന്നെ അവര്‍ക്കു വിലക്കപ്പെട്ടിരിക്കുന്നു. സ്വകാര്യ കമ്പനികള്‍ക്ക് ഇവരെ ജോലിയിലെടുക്കാന്‍ ഭയവുമാണ്. ഓരോ വിമോചിതന്റേയും ഐഡന്റിറ്റി കാര്‍ഡില്‍ 'ഇ.റ്റി.' എന്ന മുദ്രകുത്തിയിരിക്കും- 'എക്‌സ് രാഷ്ട്രീയ തടവുകാരന്‍. ഈ മുദ്രയാണ് എക്‌സുകള്‍ക്ക് സമൂഹത്തിലേയ്ക്ക് തിരിച്ചു വന്നു പുനരധിവസിക്കാനുള്ള ഏറ്റവും വലിയ വിലങ്ങുതടി.

പ്രമുദ്യയെ സംബന്ധിച്ചിടത്തോളം വ്യവസ്ഥകള്‍ പാലിക്കുന്നത് ഒരു നിസ്സാര സംഗതിയായിരുന്നു. വീട്ടുകാരും നാട്ടുകാരും ഉത്സാഹത്തോടെയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ജോലിയുടെ കാര്യത്തില്‍ താന്‍ എഴുത്തുകാരനാണെന്നും തുടര്‍ന്നുള്ള എഴുത്തായിരിക്കും തന്റെ ജോലി എന്നും അദ്ദേഹം ഗവണ്‍മെന്റിനെ അറിയിച്ചു. എങ്കിലും ശരണകാര്യമിത്ര എന്ന പേരില്‍ അദ്ദേഹം ഒരു കെട്ടിടനിര്‍മ്മാണ കമ്പനിയും സ്ഥാപിച്ചു. തന്നെയപേക്ഷിച്ചു പ്രതികൂല സാഹചര്യങ്ങളില്‍ കഴിയുന്ന എക്‌സുകളെ സഹായിക്കാനായിരുന്നു ഈ പദ്ധതി. എണ്‍പതോളം പഴയ ബുറു ചങ്ങാതികളെ പുനഃസ്ഥാപിക്കാന്‍ ഈ കമ്പനി സഹായിച്ചു. (തിര്‍തൊ പരസഹായാര്‍ത്ഥം ഒരു സ്വകാര്യ കമ്പനി സ്ഥാപിച്ചിരുന്നുവെന്നത് ശ്രദ്ധേയമാണ്.)
മുറയ്ക്ക് പൊലീസ് സ്റ്റേഷനില്‍ ഹാജര്‍ വയ്ക്കണമെന്ന നിബന്ധന പ്രമുദ്യ അനുസരിക്കുന്നു. ''അതൊരു ബോറാണ്,'' അദ്ദേഹം പറഞ്ഞു: ''തിങ്കഴാഴ്ച തോറും സ്റ്റേഷനില്‍ പോകണം. ചിലപ്പോള്‍ അവര്‍ അതുമിതും ചോദിക്കും, ചിലപ്പോള്‍ വെറുതെ പേര് എഴുതി ഒപ്പിട്ടിട്ട് ഞാന്‍ സ്ഥലം വിടും.''

എഴുത്തുകാരന്‍ എന്ന അനൗപചാരിക പ്രതിപക്ഷം

1981 ഒക്ടോബറില്‍ ചോദ്യങ്ങള്‍ വെറും ചടങ്ങല്ലെന്ന് പൊലീസ് തെളിയിച്ചു. എട്ടു ദിവസം തുടര്‍ച്ചയായി അവര്‍ അദ്ദേഹത്തെ ചോദ്യം ചെയ്തു. ഓരോ പ്രാവശ്യവും ആറേഴു മണിക്കൂറുകള്‍ വീതം. ജക്കാര്‍ത്തയിലെ ഇന്‍ഡൊനേഷ്യന്‍ സര്‍വ്വകലാശാലയിലെ സോഷ്യല്‍ സയന്‍സ് വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച ഒരു മീറ്റിംഗില്‍ പ്രസംഗിച്ചു എന്നതായിരുന്നു കുറ്റം. സമ്മേളനം ഒരുക്കിയ നാലു വിദ്യാര്‍ത്ഥികളെ ആറു ദിവസം ജയിലിലടച്ചു ചോദ്യം ചെയ്തു. പ്രമുദ്യയെ അറസ്റ്റു ചെയ്തില്ല. പക്ഷേ, കുറ്റം റെക്കാര്‍ഡില്‍ ചെലുത്തി: ''സൂത്രത്തില്‍ മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് സിദ്ധാന്തങ്ങള്‍ വളര്‍ത്തിയെടുക്കാന്‍പോന്ന രീതിയില്‍ ചരിത്രവിവരണങ്ങള്‍ പ്രമുദ്യ അനന്തതോര്‍ അവതരിപ്പിച്ചു എന്ന് സൂക്ഷ്മ പരിശോധനയില്‍ കണ്ടിരിക്കുന്നു.''

ആ കുറ്റപത്രം 1986 മേയില്‍ വീണ്ടും കേട്ടു. അന്ന് ക്വാര്‍ട്ടറ്റിന്റെ മൂന്നാം പുസ്തകവും തിര്‍തൊയെക്കുറിച്ചുള്ള ജീവചരിത്രപഠനവും നിരോധിക്കുവാന്‍ ഗവണ്‍മെന്റ് പറഞ്ഞ കാരണം ഇതായിരുന്നു: ''സാമൂഹ്യവൈരുദ്ധ്യങ്ങളും വര്‍ഗ്ഗസമരവും കമ്യൂണിസ്റ്റുകാരുടെ ഇഷ്ട സാഹിത്യശൈലിയായ സോഷ്യലിസ്റ്റ് റിയലിസ്റ്റ് രീതിയില്‍ ഈ പുസ്തകങ്ങളില്‍ അവതരിപ്പിക്കുന്നു.''

ആരോപണങ്ങളും നിരോധനങ്ങളും കാരണം പ്രമുദ്യ കരുതലോടുകൂടെയാണ് കഴിയുന്നത്. കുഴപ്പങ്ങളില്ലാത്ത വിഷയങ്ങളെക്കുറിച്ചാണ് പഠനവും എഴുത്തും; അധികവും ചരിത്രവും ഭൂമിശാസ്ത്രവും. എങ്കിലും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ മടിക്കാറില്ല. ഒരിക്കല്‍ പറഞ്ഞു: ''പുസ്തകങ്ങള്‍ എഴുതുന്നതിനേക്കാള്‍ എളുപ്പമാണ് നിരോധിക്കാന്‍!'' പിന്നെ ദൃഢനിശ്ചയത്തോടെ കൂട്ടിച്ചേര്‍ത്തു: ''ഞാന്‍ ഒരെഴുത്തുകാരനാണ്. എന്റെ കര്‍ത്തവ്യം എഴുതുക എന്നതാണ്. ഞാന്‍ ഒരു കാലത്തും ഒരു കമ്യൂണിസ്റ്റായിട്ടില്ല. പക്ഷേ, ഞാന്‍ ജനങ്ങളുടെ വശത്താണ്. ചരിത്രം ആവര്‍ത്തിക്കുന്നു എന്ന വാസ്തവമാണ് ചിലരെ അസ്വസ്ഥരാക്കുന്നത്.''

പി.കെ.ഐ. 1965-ല്‍ നടത്തിയ ചോരക്കളിയെത്തുടര്‍ന്ന് ഇന്‍ഡൊനേഷ്യയിലെ രാഷ്ട്രീയം ഒരു പിന്‍തിരിപ്പന്‍ പട്ടാള പ്രതിസന്ധിയില്‍ കുടുങ്ങിക്കിടക്കുന്ന വേളയിലാണ് രാഷ്ട്രീയ പ്രബുദ്ധനായ പ്രമുദ്യയുടെ സര്‍ഗ്ഗശക്തി ഉച്ചകോടിയിലെത്തിയിരിക്കുന്നത് എന്നതാണ് അദ്ദേഹത്തിന്റെ ഭാഗ്യദോഷം. ഒരുപക്ഷേ, അത് ഭാഗ്യക്കേടല്ലായിരിക്കാം. ദുര്‍ഘടങ്ങള്‍ വര്‍ദ്ധിക്കുമ്പോഴാണല്ലോ പ്രമുദ്യയുടെ തൂലിക ശക്തിസ്രോതസ്സുകള്‍ കണ്ടെത്തുന്നത്. തത്ത്വസംഹിതകളോട് അദ്ദേഹത്തിനുള്ള  പ്രതിപത്തിയോളം വലുതാണ് തന്റെ ക്രാഫ്റ്റിനോടുള്ള കൂറ്. വിശ്വോത്തര സാഹിത്യവുമായി താരതമ്യപ്പെടുത്തുവാന്‍ പോന്നതാണ് അദ്ദേഹത്തിന്റെ കഴിവുകള്‍. വേറൊരു സാഹചര്യത്തില്‍, ഒരുപക്ഷേ, സ്വന്തം നാട്ടില്‍ത്തന്നെ മറ്റൊരു കാലയളവില്‍, ഒരു ദേശീയ നായകനായി അദ്ദേഹം ആദരിക്കപ്പെടുമായിരുന്നു. ഏതായാലും ഇടുങ്ങിയ രാഷ്ട്രീയ പരിഗണനകള്‍ മൂലമാണ് അര്‍ഹമായ ബഹുമതി സ്വദേശത്ത് അദ്ദേഹത്തിന് കിട്ടാത്തതെന്നു ലോകം അറിഞ്ഞിരിക്കുന്നു.

തന്റെ വെളിച്ചം പറയ്ക്കുള്ളില്‍ ഒളിപ്പിച്ചു വയ്ക്കാതിരിക്കാന്‍ പ്രമുദ്യയുടെ ചിത്തോല്ലാസം സഹായിക്കുമെന്നുള്ളതിനു സംശയമില്ല. ഒരുവിധത്തില്‍ സാഹിത്യത്തിന് അദ്ദേഹം ചെയ്തിട്ടുള്ള ഏറ്റവും വലിയ സേവനം ഭാവനയെ കാരാഗൃഹത്തിലടയ്ക്കാന്‍ സാധിക്കയില്ലെന്നു സ്ഥാപിച്ചതാണ്. ദേഹോപദ്രവം മനസ്സിനെ അമര്‍ത്തുന്നില്ല എന്നദ്ദേഹം ദൃഷ്ടാന്തീകരിച്ചു. എഴുത്തുകാരന് വല്ലതും പറയാനുണ്ടെങ്കില്‍ ഏതു സാഹചര്യത്തിലും അയാള്‍ അത് പറയും എന്ന് അദ്ദേഹം കാണിച്ചു. അനശ്വരങ്ങളായ ചില കൃതികള്‍ എഴുതിയെന്നതല്ല പ്രമുദ്യയുടെ ഏറ്റവും ശ്രേഷ്ഠമായ നേട്ടം; മറ്റുള്ളവര്‍ ഇരുട്ടിനെ ശപിച്ചപ്പോള്‍ അദ്ദേഹം ഒരു തിരിവിളക്കു കൊളുത്തി എന്നതാണ്. മര്‍ദ്ദിക്കപ്പെട്ട മനുഷ്യര്‍ക്കുവേണ്ടി പ്രത്യാശയുടെ ദീപസ്തംഭം അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചു. എഴുത്ത് എന്ന ജീവിതവൃത്തിക്ക് അഭൂതപൂര്‍വ്വമായ അന്തസ്സ് അദ്ദേഹം സമ്പാദിച്ചുകൊടുത്തു.

ഒരിക്കല്‍ അദ്ദേഹം പറഞ്ഞു: ''നാം എഴുത്തുകാര്‍ ഒരു ഗൂഢസ്വാധീനമെന്നതില്‍ കവിഞ്ഞ് ഒന്നുമല്ല; ഒരു അനൗപചാരിക പ്രതിപക്ഷം. തമ്മിലുള്ള സര്‍വ്വശക്തിയും ഉപയോഗിച്ച്, സ്വയം പ്രേരിതരായി, നാം തുറന്നു സംസാരിക്കുന്നു; ഒരേ ഒരു സദാചാരത്തില്‍ മാത്രം വിശ്വാസമര്‍പ്പിച്ചുകൊണ്ട്. അതുകൊണ്ടാണ് പരാജയപ്പെടുമ്പോള്‍ നാം പൂര്‍ണ്ണമായി പരാജയപ്പെടുന്നത്. വിട്ടുവീഴ്ചകള്‍ അനുവദിക്കുമ്പോള്‍ മാത്രമാണ് നാം ചത്തുചീര്‍ത്ത് വിരസരാവുന്നത്.'' പതറാത്ത സാഹിത്യസദാചാരത്തില്‍ മാത്രം മുറുകെപ്പിടിച്ച, പരാജയത്തിലും വിജയം വരിച്ച, വിട്ടുവീഴ്ചകള്‍ക്ക്   കീഴടങ്ങാതിരുന്ന പ്രമുദ്യ അനന്ത തുര്‍ ഇന്നും അനശ്വരനായി ജീവിക്കുന്നു.

(അവസാനിച്ചു)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com