ദളിതര്‍ക്കു തമ്മില്‍ വെട്ടിമരിക്കാന്‍ മേലാളരുടെ 'ഓണപ്പട'

കൊല്ലംതോറും നടക്കുന്ന 'ഓണപ്പട' ഉത്സവത്തിനിടയ്ക്കുണ്ടായ ഒരു കൊലപാതകത്തിന്റെ കേസ് നടപടി വിവരങ്ങള്‍ അപ്പീല്‍ കോടതിയില്‍നിന്ന് അയച്ചുകിട്ടിയതാണ് റെസിഡന്റ് ഉന്നയിക്കുന്നത്
ദളിതര്‍ക്കു തമ്മില്‍ വെട്ടിമരിക്കാന്‍ മേലാളരുടെ 'ഓണപ്പട'

ണ്ട് റോമില്‍, അടിമകളായ ഗ്ലാഡിയേറ്റര്‍മാരെ തമ്മില്‍ തല്ലിച്ചു കൊല്ലിച്ചിരുന്നതു കേട്ടിട്ടുണ്ടു നാം. പുതിയ കാലത്ത് പാലക്കാടിന്റെ കിഴക്കന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍, പോരുകോഴികളെ വച്ചു നടത്തുന്ന കൊലക്കളിയും പരിചയമുണ്ട് നമുക്ക്. അവയോടു ചേര്‍ത്തുവയ്ക്കാവുന്ന ഒരു കൊലക്കളി, പുണ്യപുരാതന തിരുവിതാംകൂറിലുണ്ടായിരുന്നു എന്നതിന്റെ ഔദ്യോഗിക രേഖയാണ് ഇപ്പോള്‍ കണ്ടെടുത്തിരിക്കുന്നത്. കേരള സംസ്ഥാന ആര്‍ക്കൈവ്‌സ് ഡയറക്ടറേറ്റില്‍ സൂക്ഷിച്ചിരിക്കുന്ന 'Cover File No. 15540, B.No.25, 1853: Re. Abolition of the annual festival of Onam Padah Celebrated among the low Castes - on account of endangering the public peace' എന്ന ഫയല്‍ ആ ഭീകര ചരിത്രസത്യം നമുക്കു മുന്നിലെത്തിച്ചിരിക്കയാണ്. 'No.1138/1853' എന്നു നമ്പറിട്ട, ഇംഗ്ലീഷിലുള്ള രണ്ട് കയ്യെഴുത്തു പേജുകളാണ് പ്രധാന രേഖ. തിരുവിതാംകൂര്‍ - കൊച്ചി രാജ്യങ്ങള്‍ക്കുവേണ്ടിയുള്ള ബ്രിട്ടീഷ് റെസിഡന്റ് (മദ്രാസ് പ്രസിഡന്‍സി ഗവര്‍ണരുടെ പ്രതിനിധി) തന്റെ കൊച്ചി (ബോള്‍ഗാട്ടി) ഓഫീസില്‍നിന്ന് 1853 മേയ് 25-ന് തിരുവിതാംകൂര്‍ ദിവാന് എഴുതിയ കത്താണിത്.

കൊല്ലംതോറും നടക്കുന്ന 'ഓണപ്പട' ഉത്സവത്തിനിടയ്ക്കുണ്ടായ ഒരു കൊലപാതകത്തിന്റെ കേസ് നടപടി വിവരങ്ങള്‍ അപ്പീല്‍ കോടതിയില്‍നിന്ന് അയച്ചുകിട്ടിയതാണ് റെസിഡന്റ് ഉന്നയിക്കുന്നത് (സംഭവസ്ഥലം ഇവിടെ പറയുന്നില്ലെങ്കിലും വഴിയേ സൂചനയുണ്ട്). 3000 മുതല്‍ 5000 വരെ കീഴ്ജാതിക്കാര്‍ പങ്കെടുക്കുന്ന ഉത്സവമാണ്. മദ്യപിച്ചു ലക്കുകെട്ട പുലയരും പറയരും, വാളും കുന്തവും മുനകൂര്‍പ്പിച്ച വടികളും കവണയും മറ്റ് ആയുധങ്ങളുമായാണ് വരുന്നത്. അവര്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞ് ഏറ്റുമുട്ടും (അത് രണ്ട് ജാതിസംഘങ്ങളാണെന്ന് ഊഹിക്കേണ്ടിയിരിക്കുന്നു; അയ്യന്‍കാളിയുടെ 'സാധുജന പരിപാലന സംഘം' ഉദയംകൊള്ളുംവരെ, വിവിധ ദളിത് ജാതിക്കാര്‍ ഐക്യപ്പെട്ടതിന്റെ ഒരു സൂചനയും കാണാനാകുന്നില്ലല്ലോ. അയിത്തപരമായ ഭിന്നത രൂക്ഷമായിരുന്നു മുന്‍പ് പുലയരും പറയരും തമ്മില്‍. ആ ഭിന്നത മുതലെടുത്ത് 'പട'യ്ക്കു വീറ് കൂട്ടിയിരിക്കണം സംഘാടകര്‍). സംഘര്‍ഷത്തിന്റെ ഫലം ഗുരുതര പരിക്കുകളും ജീവനാശവുമാണ്. പൊതുജന സമാധാനത്തെ അപകടപ്പെടുത്തുന്ന ഈ ഉത്സവം നിരോധിക്കണമെന്ന് ശക്തിയായി ശിപാര്‍ശ ചെയ്തിരിക്കയാണ് അപ്പീല്‍ കോടതി. അതിനെ റെസിഡന്റും ശക്തിയായി പിന്താങ്ങുകയാണ്. അടിയന്തരമായി അത് അടിച്ചമര്‍ത്താന്‍ കഴിയുംവിധം വിഷയം മഹാരാജാവിന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്ന് റെസിഡന്റ് ആവശ്യപ്പെടുന്നു ദിവാനോട്. 

മേല്‍ കണ്ടതില്‍നിന്ന്, 'അടിയുത്സവം' ആര് സംഘടിപ്പിക്കുന്നു എന്നു വ്യക്തമല്ലെങ്കിലും (ആ അടിമത്തകാലത്ത് ദളിതര്‍ക്ക് അതിനു സ്വാതന്ത്ര്യമോ സൗകര്യമോ ഉണ്ടായിരുന്നു എന്ന് ഊഹിക്കാന്‍പോലുമാകില്ല) ഇനി പറയുന്ന കത്ത് ഭാഗത്തുനിന്ന് അതിനു മറുപടി കിട്ടുന്നുണ്ട്: അമ്പലപ്പുഴയിലേയും ചങ്ങനാശ്ശേരിയിലേയും പുലയരും അവരുടെ നേതാക്കളായ പുനയത്ത് കുറുപ്പും മുണ്ടുവേലി കുറുപ്പും നടത്തുന്ന പിടിച്ചുപറിയും കയ്യേറ്റവും, ഒന്നിലേറെ തവണ അവര്‍ റെസിഡന്റിന്റെ കൂടാരത്തിനു നേര്‍ക്കു നടത്തിയ ആക്രമണങ്ങള്‍ എന്നിവയെക്കുറിച്ച് ദിവാനോടു പറയാന്‍ എണ്ണമറ്റ പരാതികളുണ്ടായിരുന്നു റെസിഡന്റിന്. എന്നിട്ടും തന്നോടു പറയാതെ ആക്ഷേപകരമായ ആ ഉത്സവം ഇത്ര കാലവും തുടരാന്‍ ദിവാന്‍ അനുവദിച്ചതില്‍ അത്ഭുതപ്പെടുകയാണ് റെസിഡന്റ്. 

ഒണപ്പട ആർക്കൈവ്സ് രേഖ
ഒണപ്പട ആർക്കൈവ്സ് രേഖ

ഇതേപോലത്തെ ഒരു ഉത്സവം മുന്‍പ് ചങ്ങനാശ്ശേരിയിലേയും അമ്പലപ്പുഴയിലേയും നായന്മാര്‍ നടത്തിയെങ്കിലും 984 (1808'09)ല്‍ സര്‍ക്കാര്‍ അത് അടിച്ചമര്‍ത്തിയെന്നു കാണുന്നു എന്നും ആ ഉത്തരവിന്റെ ഒരു കോപ്പി തരണമെന്നും പുലയരുടേയും പറയരുടേയും പ്രസ്തുത വിനോദം അനുവദിക്കാന്‍ തനിക്കാവില്ലെന്നും എഴുതുന്നു റെസിഡന്റ്. കത്തിന്റെ ഒറിജിനല്‍ താഴെ പകര്‍ത്തുന്നു:

To
The Dewan of Travancore
Sir,

I have lately had before me the proceedings of a Murder case which occurred during the annual Festival of Onam Padah and at which from 3 to 5,000 of the lowest castes in the Coutnry Poolyars and Parriahs in a state of intoxication are assembled armed with swords, spears, slings, pointed sticks and other weapons, and formed in two separate bodies engage in a conflict which almost invariably ends in serious injuries and loss of life.

2. The Appeal Court in their report to the Resident have strongly recommended the abolition of this Festival as endangering the Public Peace, and I do not hesitate to give the Court's recommendation my strongest support.

3. It seems that a similar Festival was formerly celebrated by the Nairs of Chunganacherry and Ambalapolay but was suppressed by the Sircar in the year 984.

4. I shall be glad to be favored with a copy of the order in question as also of an order said to have been issued at the same period, but which I can hardly credit permitting the Games to be celebrated by Poolyars and Parriahs. 

5. I expect that no time will be lost in bringing the subject to His Highness, notice with a view to its immediate suppression.

6. Adverting to the numerous complaints I have had to make to you of the robberies and oturages of these Poolyars of Ambalapolay and Chunganacherry and their Chiefs Poonayat Coorpoo and Moondoovaly Coorpoo and the attacks that have more than once been made by them on the Resident's baggage, I am surprised that you should have allowed this objectionable Festival to continue so long without bringing it to my notice.

Resident's Office Cochin
25. May 1853
I have the honor to be, 
Sir,

Your most Obedient Servant
(signature)
Resident

ബ്രിട്ടീഷ് റസിഡന്റ്
തിരുവിതാംകൂർ ദിവാന് 1853ൽ
എഴുതിയ കത്ത്

മേല്‍ കണ്ട രേഖ പരിശോധിച്ചിട്ടുണ്ട്, ലോകപ്രശസ്ത ഗവേഷകനും എഴുത്തുകാരനുമായ ഡോ. റോബിന്‍ ജെഫ്‌റി. അദ്ദേഹത്തിന്റെ 'നായര്‍ മേധാവിത്വത്തിന്റെ പതന' (ഡി.സി. ബുക്സ്, 2013)വും അതിന്റെ മൂല ഇംഗ്ലീഷ് പതിപ്പായ 'The Decline of Nair Dominance: Socitey and Politics in Travancore, 1847-1908' (Vikas Publishing House Pvt. Ltd, N.Delhi - 110002, 1976) എന്ന പുസ്തകവും അതിനു തെളിവായുണ്ട്. പക്ഷേ, നമ്മള്‍ മേല്‍ കണ്ട ഉള്ളടക്കത്തിന്റെ കേന്ദ്ര പ്രമേയത്തിലേക്ക് അദ്ദേഹം കടക്കുന്നില്ല. തന്നെയല്ല, വികലമായ ഒരു ദൂരക്കാഴ്ചയേ തരപ്പെടുന്നുള്ളൂ അദ്ദേഹത്തിന്: 'Slave-caste festivals were tolerated which brought together more than 3,000 people 'armed with swords, slings, pointed sticks and other weapons...' A fight usually followed 'which almost invariably ends in serious injuries or loss of life.' The same slave castes were noted for 'robberies and oturages' and 'attacks...on the Resident's baggage.' Because they were so offensive, they were generally left alone' (p. 24). ദളിതരെക്കൊണ്ട് പിടിച്ചുപറിയും കയ്യേറ്റവുമൊക്കെ ചെയ്യിച്ചിരുന്ന സവര്‍ണ്ണ നേതാക്കളെ കാണാനായില്ല ജെഫ്രിക്ക് ഈ രേഖയില്‍! പേരുസഹിതം അവര്‍ രേഖയിലുണ്ടുതാനും. രേഖയെ പരിചയപ്പെടുത്തുന്നിടത്ത് കൊല്ലം '1852' എന്നാണ് തെറ്റായി ചേര്‍ത്തിരിക്കുന്നത്. 

ഗ്രന്ഥകാരന്‍ കാണാതെപോയ സവര്‍ണ്ണ കുറ്റവാളിത്തലവന്മാരെ വെളിപ്പെടുത്താനാവില്ലല്ലോ തര്‍ജ്ജമക്കാരായ പുതുപ്പള്ളി രാഘവനും എം.എസ്. ചന്ദ്രശേഖരവാരിയര്‍ക്കും. അവരുടെ ഭാഷ ഇങ്ങനെ: ''അടിമജാതികള്‍ക്ക് ഉത്സവങ്ങള്‍ അനുവദിക്കപ്പെട്ടിരുന്നു. അവയ്ക്ക് 3000-ത്തിലധികം ആളുകള്‍ ഒന്നിച്ചുകൂടിയിരുന്നു. ഖഡ്ഗങ്ങളും മുനകൂര്‍ത്ത കമ്പുകളും മറ്റ് ആയുധങ്ങളും അവര്‍ പേറും. അതിനുശേഷം ഒരു പോര് ഉണ്ടാവും.'' അവ മാരകമായ ക്ഷതങ്ങളിലോ ജീവഹാനിയിലോ അനിവാര്യമായും അവസാനിക്കുന്നു. ഇതേ അടിമവര്‍ഗ്ഗക്കാര്‍തന്നെ മോഷണത്തിനും (?) പിടിച്ചുപറിക്കും കടന്നാക്രമണത്തിനും ശ്രദ്ധിക്കപ്പെട്ടിരുന്നു. ആക്രമണകാരികളായിരുന്നതുകൊണ്ട് അവരെ പൊതുവേ അവരുടെ പാട്ടിന് വിട്ടിരുന്നു (പേ. 51).

കത്തിന്റെ മറ്റൊരു ഭാ​ഗം
കത്തിന്റെ മറ്റൊരു ഭാ​ഗം

റെസിഡന്റിനെ ആക്രമിച്ചതും കവണയും വിട്ടു തര്‍ജ്ജമക്കാര്‍; ദളിതരെ കള്ളന്മാരാക്കുകയും ചെയ്തു. കുന്തം ജെഫ്രി തന്നെ വിട്ടിരുന്നു. മുഖ്യ കുറ്റവാളികളെ വിട്ടുകളഞ്ഞതാണ് വലിയ പിഴ. 

ദളിതരെ തമ്മില്‍ തല്ലിക്കാനും അവരെ ഉപയോഗിച്ചു കുറ്റകൃത്യങ്ങള്‍ നടത്താനും സവര്‍ണ്ണര്‍ എന്നു മുതലാണ് രംഗത്തുവന്നത് എന്നറിയില്ല. മേല്‍ കണ്ട രേഖപ്രകാരം 45 കൊല്ലമെങ്കിലും (1808-1853) അതു നടമാടിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com