ഹിജാബ് വേണ്ടവരും വേണ്ടാത്തവരും

By ഹമീദ് ചേന്നമംഗലൂര്‍  |   Published: 06th March 2022 05:06 PM  |  

Last Updated: 06th March 2022 05:06 PM  |   A+A-   |  

hameed

 

ബ്രിട്ടീഷ്-പാക് എഴുത്തുകാരനും സാംസ്‌കാരിക വിമര്‍ശകനുമാണ് സിയാവുദ്ദീന്‍ സര്‍ദാര്‍. 1950-കളില്‍ ബ്രിട്ടനിലേക്ക് കുടിയേറിയ പാകിസ്താനി കുടുംബത്തിലെ അംഗമായ അദ്ദേഹം അന്താരാഷ്ട്രതലത്തില്‍ അംഗീകാരം നേടിയ മുസ്ലിം ബുദ്ധിജീവികളില്‍ ഒരാളത്രേ. 'Desperately Seeking Paradise'
എന്ന തലക്കെട്ടില്‍ സര്‍ദാര്‍ എഴുതിയ ഒരു പുസ്തകമുണ്ട്. അതില്‍ 1985-ല്‍ താന്‍ പാകിസ്താനിലെ ഒരു ഇസ്ലാമിക മതപാഠശാല സന്ദര്‍ശിച്ചപ്പോഴുണ്ടായ അനുഭവം അദ്ദേഹം രേഖപ്പെടുത്തിയതുകാണാം.

ജനറല്‍ സിയാവുല്‍ ഹഖ് പാകിസ്താനില്‍ ഇസ്ലാമികവല്‍ക്കരണം ശക്തമായി നടപ്പാക്കുന്ന കാലമായിരുന്നു അത്. അഫ്ഗാനിസ്താനില്‍ സോവിയറ്റ് സേന നിര്‍വ്വീര്യമാക്കപ്പെട്ടുകൊണ്ടിരുന്ന നാളുകള്‍ കൂടിയായിരുന്നു അത്. അഫ്ഗാനിലെ സോവിയറ്റ് വിരുദ്ധ മുസ്ലിം പോരാളികളായ താലിബാനെ സൃഷ്ടിക്കുന്ന മദ്രസകള്‍ പലതും അന്നു പാകിസ്താനിലാണ് പ്രവര്‍ത്തിച്ചിരുന്നത്. അവയില്‍ പ്രധാനപ്പെട്ട ഒന്നായ ദാറുല്‍ ഉലൂം ഹഖാനിയ എന്ന മദ്രസയിലാണ് സിയാവുദ്ദീന്‍ സര്‍ദാര്‍ പോയത്. അവിടെ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥി അദ്ദേഹത്തോട് ചോദിച്ചു: 

''നിങ്ങള്‍ ഒരു നല്ല മുസ്ലിമാണോ?''

''ഞാന്‍ ഒരു മുസ്ലിമാണ്. നല്ലയിനം മുസ്ലിമാണോ എന്നെനിക്കറിയില്ല.''

''നിങ്ങള്‍ മുസ്ലിമാണെങ്കില്‍ എന്താ താടി വളര്‍ത്താത്തത്?''

''മുസ്ലിമാകാന്‍ താടി വളര്‍ത്തേണ്ട ആവശ്യമില്ലാത്തതുകൊണ്ട്.''

''താടിവളര്‍ത്തല്‍ പ്രവാചകന്റെ സുന്നത്തില്‍ (ആചാരത്തില്‍) പെടുന്നു. പ്രവാചകന്റെ ആചാരങ്ങള്‍ പിന്തുടരാത്തവര്‍ മുസ്ലിങ്ങളല്ല.''

''അങ്ങനെയാണെങ്കില്‍ നീയെന്താ ഒട്ടകപ്പുറത്ത് സഞ്ചരിക്കാത്തത്?''

''എന്താ നിങ്ങളുദ്ദേശിക്കുന്നത്?''

''ഒട്ടകപ്പുറത്ത് സഞ്ചരിക്കുന്നത് സുന്നത്താണ്. കാരണം പ്രവാചകന്‍ സഞ്ചരിച്ചത് പലപ്പോഴും ഒട്ടകപ്പുറത്താണ്.''

''പക്ഷേ, ഇന്നു നമുക്ക് കാറും ബസ്സുമൊക്കെയുണ്ടല്ലോ.''

''ശരിയാണ്; അതുപോലെ പ്രവാചകന്റെ കാലത്ത് ബ്ലെയ്ഡ് ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹം തീര്‍ച്ചയായും താടി വടിച്ചേനെ.'' (Ziauddin Sardar, Desperately Seeking Paradise, p.223)

മുകളില്‍ പരാമര്‍ശിച്ച മദ്രസ വിദ്യാര്‍ത്ഥിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അയാള്‍ക്കു ലഭിച്ച മതവിദ്യാഭ്യാസമനുസരിച്ച് ഒരു പുരുഷന്‍ മുസ്ലിമാകണമെങ്കില്‍ അയാള്‍ താടി വളര്‍ത്തിയേ മതിയാവൂ. താടിയെ ഇസ്ലാംമതത്തിന്റെ ചിഹ്നമായി കാണാനാണ് അയാള്‍ പരിശീലിപ്പിക്കപ്പെട്ടത്. ആ ചിഹ്നത്തെ നിരാകരിക്കുന്നവര്‍ ഇസ്ലാംമത വിശ്വാസികളാവുക സാധ്യമല്ലെന്ന് ആ വിദ്യാര്‍ത്ഥിയെപ്പോലുള്ളവര്‍ ദൃഢമായി കരുതുന്നു.

സിയാവുദ്ദീന്‍ സര്‍ദാര്‍ കണ്ടുമുട്ടിയ മദ്രസ വിദ്യാര്‍ത്ഥിയുടെ അതേ തരംഗദൈര്‍ഘ്യത്തില്‍ വിചാരപരമായി സഞ്ചരിക്കുന്ന ധാരാളം പേര്‍ മുസ്ലിം സമുദായത്തില്‍ എല്ലായിടത്തുമുണ്ട്. കര്‍ണാടകത്തിലെ ഉടുപ്പിയില്‍ ഗവണ്‍മെന്റ് ഗേള്‍സ് പ്രി യൂണിവേഴ്സിറ്റി കോളേജില്‍ പൊട്ടിപ്പുറപ്പെട്ട ഹിജാബ് വിവാദത്തില്‍ പ്രതികരിച്ച പല മുസ്ലിം വക്താക്കളുടേയും പ്രതികരണങ്ങള്‍ അതിന്റെ തെളിവാണ്. ഒരു സ്ത്രീ മുസ്ലിമാകണമെങ്കില്‍ ഹിജാബ് (ശിരോവസ്ത്രം) ധരിച്ചേ തീരൂ എന്നതാണ് അത്തരക്കാരുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാട്. ശിരോവസ്ത്രമണിയാത്ത സ്ത്രീ ഇസ്ലാമിനു പുറത്താണെന്ന് അവര്‍ സരോഷം വിധിയെഴുതുന്നു.

പുരുഷന്റെ താടിപോലെ സ്ത്രീയുടെ ഹിജാബിനേയും ഒരു മതചിഹ്നമായി കാണുകയാണ് ബന്ധപ്പെട്ടവര്‍ ചെയ്യുന്നത്. തങ്ങളുടെ വാദത്തിനു തെളിവായി അവര്‍ ഖുര്‍ആനിലെ 33-ാം അധ്യായത്തിലെ 59-ാം സൂക്തവും 24-ാം അധ്യായത്തിലെ 31-ാം സൂക്തവും എടുത്തുകാട്ടുകയും ചെയ്യുന്നു. ഏത് വേദഗ്രന്ഥത്തിലും ഉദ്ഭവകാല (ഹ്രസ്വകാല) പ്രസക്തി മാത്രമുള്ള വാക്യങ്ങളും ദീര്‍ഘകാല പ്രസക്തിയുള്ള വാക്യങ്ങളുമുണ്ടാവുക സ്വാഭാവികമാണെന്ന വസ്തുതയാണ് അത്തരക്കാര്‍ കാണാതെ പോകുന്നത്. ഉദാഹരണത്തിന്, ഖുര്‍ആനിലെ 4-ാം അധ്യായത്തിലെ 3-ാം സൂക്തത്തിലും 23-ാം അധ്യായത്തിലെ 6-ാം സൂക്തത്തിലും വ്യക്തമാകുന്നത്, തങ്ങളുടെ ഭാര്യമാര്‍ക്ക് പുറമെ തങ്ങള്‍ യുദ്ധത്തില്‍ പിടിച്ച സ്ത്രീകളേയും (അടിമ സ്ത്രീകളേയും) മുസ്ലിം പുരുഷന്മാര്‍ക്കു ഭാര്യമാരെപ്പോലെ കരുതി പെരുമാറാമെന്നാണ്. അതുപോലെ, മുസ്ലിം വേദപുസ്തകത്തിലെ രണ്ടാം അധ്യായത്തിലെ 282-ാം സൂക്തത്തില്‍, ഒരു പുരുഷന്റെ സാക്ഷിമൊഴിയുടെ മൂല്യം ഒരു സ്ത്രീയുടെ സാക്ഷിമൊഴിക്കില്ല എന്നു വ്യക്തമാക്കിയത് കാണാം. രണ്ടു സ്ത്രീകളുടെ സാക്ഷിമൊഴികള്‍ ചേര്‍ന്നാലേ ഒരു പുരുഷന്റെ സാക്ഷിമൊഴിക്ക് തുല്യമാകൂ. അങ്ങേയറ്റം സ്ത്രീവിരുദ്ധമായ ഇത്തരം സൂക്തങ്ങള്‍ക്ക് ആധുനിക സമൂഹത്തില്‍ പ്രസക്തിയുണ്ടെന്നു വല്ലവരും വാദിക്കുമോ? അത്തരം സൂക്തങ്ങളില്‍പ്പെടുത്തേണ്ടവയത്രേ ഹിജാബിനെ സംബന്ധിച്ച സൂക്തങ്ങളും.

വസ്ത്രസ്വാതന്ത്ര്യവും ഭക്ഷണ സ്വാതന്ത്ര്യവും

ഇസ്ലാം ഉള്‍പ്പെടെ പൊതുവെ എല്ലാ മതങ്ങളും പ്രക്ഷേപിക്കുന്ന ചില മൂല്യങ്ങളുമുണ്ട്. സത്യം, നീതി, കരുണ, സാഹോദര്യബോധം എന്നിവയൊക്കെ അവയില്‍പ്പെടും. അവ്വിധമുള്ള മൂല്യങ്ങളില്‍നിന്നു പിഴുതുമാറ്റി മതത്തെ ചില ചിഹ്നങ്ങളിലേക്ക് വെട്ടിച്ചുരുക്കുകയും ആ ചിഹ്നങ്ങളാണ് മതത്തിന്റെ ആത്മാവെന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്യുന്നവരുണ്ട്. മതാത്മക സ്വത്വരാഷ്ട്രീയത്തിന്റെ വാഹകരും നടത്തിപ്പുകാരുമാണവര്‍. ഹിജാബും നിഖാബും പുരുഷന്റെ താടിയും തലപ്പാവുമൊക്കെ അവര്‍ ഇസ്ലാം മതത്തിന്റെ അനുപേക്ഷണീയ ഘടകങ്ങളായി അവതരിപ്പിക്കുന്നു. ഒരു വ്യക്തി മുസ്ലിമാകാന്‍ അയാള്‍ ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസപ്രമാണം അംഗീകരിച്ചാല്‍ മാത്രം മതി. അല്ലാഹുവല്ലാതെ മറ്റൊരു ദൈവമില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ പ്രവാചകനാണ് എന്നതുമത്രേ പ്രസ്തുത വിശ്വാസപ്രമാണം. അത് അംഗീകരിക്കുന്നതോടെ ഒരാള്‍ മുസ്ലിമായിത്തീരുന്നു. താടിയും തൊപ്പിയും വെയ്ക്കാത്ത പുരുഷനും ഹിജാബും പര്‍ദ്ദയും ധരിക്കാത്ത സ്ത്രീയും ആ വിശ്വാസപ്രമാണം മനസ്സേറ്റിയിട്ടുണ്ടെങ്കില്‍ പത്തരമാറ്റ് മുസ്ലിം എന്ന വിശേഷണത്തിന് അവര്‍ അര്‍ഹരായി ഭവിക്കും.

ഈ ഘട്ടത്തില്‍ ഉയരാവുന്ന തികച്ചും പ്രസക്തമായ ഒരു ചോദ്യമുണ്ട്. നമ്മുടെ ഭരണഘടന മതസ്വാതന്ത്ര്യമെന്നപോലെ വസ്ത്രസ്വാതന്ത്ര്യവും ഭക്ഷണസ്വാതന്ത്ര്യവുമൊക്കെ അനുവദിക്കുന്നുണ്ടെന്നിരിക്കെ, മുസ്ലിം വിദ്യാര്‍ത്ഥിനികളുടെ ശിരോവസ്ത്ര സ്വാതന്ത്ര്യം ചില വിദ്യാഭ്യാസ സ്ഥാപനങ്ങളും ഭൂരിപക്ഷ സമുദായത്തില്‍ പ്രവര്‍ത്തിക്കുന്ന ചില വര്‍ഗ്ഗീയ കൂട്ടായ്മകളും ഹനിക്കുന്നതിന് എന്തു ന്യായീകരണമാണുള്ളത്? ഒരു ന്യായീകരണവുമില്ല എന്നു തന്നെയാണ് മറുപടി. തങ്ങളിഷ്ടപ്പെട്ട വസ്ത്രം ധരിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടായിരിക്കണം. ഹിജാബ് വേണ്ട മുസ്ലിം സ്ത്രീകള്‍ക്ക് അതു ധരിക്കാനും ഹിജാബ് വേണ്ടാത്ത മുസ്ലിം സ്ത്രീകള്‍ക്ക് അതു ധരിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യം ഉറപ്പു വരുത്തപ്പെടണം.

രണ്ടാമത് പറഞ്ഞ സ്വാതന്ത്ര്യം (ഹിജാബ് വേണ്ടാത്തവര്‍ക്ക് അതു ധരിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം) മുസ്ലിം മാനേജ്‌മെന്റിനു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അനുവദിക്കപ്പെടുന്നുണ്ടോ? മുസ്ലിം സംഘടനകള്‍ നടത്തുന്ന പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അധ്യാപകരോ അനധ്യാപകരോ ആയി ജോലി ചെയ്യുന്ന മുസ്ലിം സ്ത്രീകളും അവിടങ്ങളില്‍ പഠിക്കുന്ന മുസ്ലിം പെണ്‍കുട്ടികളും ഹിജാബ് ധരിച്ചിരിക്കണമെന്ന ലിഖിതമോ അലിഖിതമോ ആയ നിയമം കേരളവും കര്‍ണാടകവുമുള്‍പ്പെടെ പലയിടങ്ങളിലും കര്‍ശനമായി നടപ്പാക്കപ്പെടുന്നുണ്ട്. ഹിജാബ് വേണ്ടാത്തവര്‍ക്ക് അതണിയാതെ അത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയ്യാനോ പഠിക്കാനോ സാധിക്കാത്ത അവസ്ഥാവിശേഷം നിലനില്‍ക്കുന്നു. അതിനര്‍ത്ഥം അവിടങ്ങളില്‍ വസ്ത്രശൈലീ സ്വാതന്ത്ര്യം വണ്‍വെ ട്രാഫിക് ആണെന്നാണ്.

ഭരണഘടന ഉയര്‍ത്തിക്കാട്ടി ഹിജാബ് സഹിത വസ്ത്രധാരണ സ്വാതന്ത്ര്യത്തിനുവേണ്ടി മുറിവിളി കൂട്ടുന്നവര്‍ അതേ ഭരണഘടന ഉറപ്പുനല്‍കുന്ന ഹിജാബ് രഹിത വസ്ത്രധാരണ സ്വാതന്ത്ര്യം മുസ്ലിം സംഘടനാ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉറപ്പാക്കുന്നതിനുകൂടി മുറവിളി കൂട്ടേണ്ടതില്ലേ? ആ ദിശയിലുള്ള മുറവിളി ഇന്നേവരെ ഉയര്‍ന്നു കേട്ടിട്ടില്ല. അതിനു കാരണമുണ്ട്: അവരവര്‍ ഇഷ്ടപ്പെടുന്ന വസ്ത്രശൈലി പിന്തുടരാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കും ലഭിക്കുന്നതിനു വേണ്ടിയല്ല, മറിച്ച് തങ്ങളുടെ മതം അനുശാസിക്കുന്നതെന്നു തങ്ങള്‍ കരുതുന്ന വസ്ത്രശൈലി പിന്തുടരാന്‍ തങ്ങള്‍ക്കു സ്വാതന്ത്ര്യം ലഭിക്കുന്നതിനുവേണ്ടി മാത്രമാണ് ഹിജാബ് വാദികള്‍ ശബ്ദമുയര്‍ത്തുന്നതും പടക്കളത്തിലിറങ്ങുന്നതും.

ഈ ഇരട്ടത്താപ്പ് മറ്റു വിഷയങ്ങളിലും കാണാം. ഏതൊരാളുടേയും ഏറ്റവും വലിയ അവകാശം ജീവിക്കാനുള്ള അവകാശമാണ്. മുസ്ലിം ന്യൂനപക്ഷത്തിന്റെ മതാവകാശങ്ങളെക്കുറിച്ച് വാചാലരാകുന്ന ഹിജാബ് വാദികളാരും സ്വമതം ഉപേക്ഷിക്കാനുള്ള മുസ്ലിം സമുദായാംഗങ്ങളുടെ അവകാശവും സ്വാതന്ത്ര്യവും നിഷേധിക്കുന്ന മതനിയമത്തിനെതിരെ ഇന്നേവരെ നാവനക്കിയ ചരിത്രമില്ല. ഇസ്ലാംമതം ഉപേക്ഷിക്കുന്നവരെ (മുര്‍ത്തദ്ദുകളെ) വധിക്കണം എന്നതാണ് ഇസ്ലാമിക നിയമം എന്നു വ്യക്തമാക്കുന്ന പുസ്തകങ്ങള്‍ ('ഖര്‍ദാവിയുടെ ഫത്വകള്‍' എന്ന പുസ്തകം ഉദാഹരണം) പ്രസിദ്ധീകരിച്ച മുസ്ലിം സംഘടനകള്‍ കേരളത്തിലും പുറത്തുമുണ്ട്. തീര്‍ത്തും മനുഷ്യത്വവിഹീനവും അഭിപ്രായസ്വാതന്ത്ര്യവിരുദ്ധവും ജനാധിപത്യമൂല്യ ധ്വംസകവുമായ ഈ പ്രാകൃതനിയമം മതസംബന്ധ പുസ്തകത്താളുകളില്‍നിന്നു തൂത്തെറിയണമെന്നു തുറന്നുപറയാനുള്ള ആര്‍ജ്ജവം ഹിജാബ് അവകാശമടക്കമുള്ള ന്യൂനപക്ഷമതാവകാശങ്ങള്‍ക്കുവേണ്ടി ശബ്ദിക്കുന്നവര്‍ കാണിക്കുമോ.