യുക്രെയ്ന്‍- മാറുന്ന ലോകത്തിന്റെ ഉരകല്ല്

ആറു ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള, 44 ദശലക്ഷം പേര്‍ പാര്‍ക്കുന്ന യുക്രെയ്നാണ് ഇപ്പോള്‍ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രം
യുക്രെയ്ന്‍- മാറുന്ന ലോകത്തിന്റെ ഉരകല്ല്

റു ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള, 44 ദശലക്ഷം പേര്‍ പാര്‍ക്കുന്ന യുക്രെയ്നാണ് ഇപ്പോള്‍ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രം. യൂറോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യം, പഴയ സോവിയറ്റ് യൂണിയന്റെ പ്രവിശ്യ, കാര്‍ഷിക അഭിവൃദ്ധിക്കൊപ്പം വ്യാവസായികമായും വികസിച്ച രാജ്യം എന്നിങ്ങനെ സാമ്പത്തിക-സാമൂഹികപരമായി ഏറെ സവിശേഷതകളുള്ള രാജ്യമാണ് യുക്രെയ്ന്‍. സാംസ്‌കാരിക സമ്പന്നതയുടെ വലിയ ചരിത്രവും ആ രാജ്യത്തിനുണ്ട്. 1991-ല്‍ സോവിയറ്റ് യൂണിയന്‍ വീണപ്പോള്‍ രാജ്യം സ്വതന്ത്രമായി. എന്നാല്‍, യുക്രെയ്നിലെ രണ്ട് പ്രവിശ്യകള്‍ (ഡൊണെറ്റ്സ്‌ക്, ലുഹാന്‍ഡസ്‌ക്) സര്‍ക്കാരിനെതിരെ നിലകൊണ്ടു. 2004-ലെ ഓറഞ്ച് വിപ്ലവത്തോടെ യൂറോപ്യന്‍ അനുകൂല സര്‍ക്കാരിന് രാഷ്ട്രീയ സാഹചര്യമൊരുങ്ങി. യൂറോപ്യന്‍ യൂണിയന്‍ അനുകൂല കരാറില്‍ ഒപ്പിട്ടതോടെ 2014 ഫെബ്രുവരിയില്‍ ക്രിമിയ റഷ്യ പിടിച്ചെടുക്കുകയും ചെയ്തു. കിഴക്കന്‍ യുക്രെയ്‌നില്‍ റഷ്യ അധികാരവും സ്വാധീനവും സ്ഥാപിച്ചു തുടങ്ങി. ഡോണ്‍ബാസ് എന്നറിയപ്പെടുന്ന ഈ രണ്ട് വിമത പ്രവിശ്യകളിലൂടെയാണ് റഷ്യ ഇപ്പോള്‍ വീണ്ടും പിടിച്ചടക്കാന്‍ തയ്യാറെടുക്കുന്നത്.

റഷ്യ യുക്രെയ്ന്‍ പിടിച്ചെടുക്കുമോ ഇല്ലയോ എന്ന് ലോകം ചര്‍ച്ച ചെയ്യുന്ന ഈ സാഹചര്യത്തില്‍ മാറുന്ന ലോകക്രമത്തിന്റെ ഉരകല്ലായി യുക്രെയ്ന്‍ മാറിയിരിക്കുന്നു. തങ്ങളുടെ സൈന്യത്തെ പിന്‍വലിച്ചെന്ന് റഷ്യ അവകാശപ്പെടുന്നുണ്ടെങ്കിലും യുക്രെയ്ന്‍ പ്രതിസന്ധി അതുകൊണ്ട് അവസാനിക്കുന്നില്ല. കൊവിഡ് മഹാമാരിയില്‍ ഉഴലുന്ന ലോകത്തിന് ഇനിയൊരു യുദ്ധം താങ്ങാനാകുമോ ഇല്ലയോ എന്നതു മാത്രമല്ല പ്രശ്നം. രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയടക്കമുള്ള അന്തര്‍ദ്ദേശീയ സംഘടനകള്‍ക്കും ഈ വിഷയത്തില്‍ ഒരു വ്യക്തമായ നിലപാട് സ്വീകരിക്കാന്‍ ഈ വിഷയം നിര്‍ബ്ബന്ധിതമാക്കി. യു.എസിനെപ്പോലെ യൂറോപ്യന്‍ യൂണിയനും ഇന്ത്യയ്ക്കും വരെ ഒരു നിലപാട് എടുക്കേണ്ടിവരും. സോവിയറ്റ് യൂണിയനില്‍നിന്ന് വിട്ടുപോയ രാജ്യമായ യുക്രെയ്നിനൊപ്പം നില്‍ക്കണോ അതോ റഷ്യയ്ക്കൊപ്പം നില്‍ക്കണോ എന്നതാണ് പ്രശ്നം.  പ്രവിശ്യകള്‍ സൈനികമായി കീഴടക്കുന്നതില്‍ തെറ്റില്ലെന്നു വിശ്വസിക്കുന്ന ചൈനയുടേയും റഷ്യയുടേയും വാദം തന്നെയാണ് കേന്ദ്രസര്‍ക്കാരിനും. എന്നാല്‍, ഇന്ത്യ നിരന്തരം സൈനിക ഇടപെടല്‍ നടത്തുന്ന കശ്മീരടക്കമുള്ള വിഷയങ്ങളില്‍ ഇത്തരം അന്താരാഷ്ട്ര ഇടപെടല്‍ കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നുമില്ല. 

ഡോൺസ്ക് പ്രവിശ്യയിൽ സൈനിക പരിശീലനത്തിലേർപ്പെട്ടിരിക്കുന്ന യുക്രെയ്ൻ പട്ടാളക്കാരൻ/ ഫോട്ടോ: എപി
ഡോൺസ്ക് പ്രവിശ്യയിൽ സൈനിക പരിശീലനത്തിലേർപ്പെട്ടിരിക്കുന്ന യുക്രെയ്ൻ പട്ടാളക്കാരൻ/ ഫോട്ടോ: എപി

ഇന്ത്യയുടെ സ്വതന്ത്ര നിലപാട് 

ഇന്ത്യയെ സംബന്ധിച്ചിടത്തോളം മറ്റൊരു പ്രസക്തമായ ചോദ്യം അമേരിക്കന്‍ ചേരിക്കൊപ്പം നില്‍ക്കണോ അതോ റഷ്യന്‍-ചൈന അനുകൂല ചേരിക്കൊപ്പം നില്‍ക്കണോ എന്നതാണ്. അമേരിക്കന്‍ ചേരിക്കെതിരെ ചൈന നിലകൊള്ളുമെന്നത് ഉറപ്പാണ്. ചൈനയുമായി അത്ര നല്ല ബന്ധത്തിലല്ലാത്ത ഇന്ത്യ സ്വീകരിക്കുന്ന നിലപാട് എന്താകും? യൂറോപ്പിന്റെ മണ്ണില്‍ ഇനിയൊരു യുദ്ധമുണ്ടായാല്‍ ഒരുപക്ഷേ, അതിനെ മൂന്നാം ലോകയുദ്ധം എന്ന് വിശേഷിപ്പിക്കാമെന്നും വിലയിരുത്തപ്പെടുന്നു. ഏതായാലും മോദിയും ട്രംപും ഉറ്റതോഴന്‍മാരായിരുന്ന രാഷ്ട്രീയ സാഹചര്യമല്ല ഇന്നുള്ളതെങ്കിലും ഏതു തീരുമാനമെടുത്താലും അത് ദേശീയതലത്തിലും അന്തര്‍ദ്ദേശീയതലത്തിലും നിരവധി പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാം. ഇത് ഇന്ത്യയുടെ മാത്രം പ്രശ്നമല്ല. യുദ്ധമുണ്ടായില്ലെങ്കില്‍പ്പോലും ഓരോ രാജ്യങ്ങള്‍ക്കും ഈ ഇരുചേരികളുടെ സഖ്യകക്ഷിയായി വിശ്വാസ്യത തെളിയിക്കേണ്ടിവരും. കൊവിഡ് തകര്‍ത്ത സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ പ്രയാസപ്പെടുന്ന രാജ്യങ്ങള്‍ക്ക് ഇത് വെല്ലുവിളിയാണ്. 

ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ സ്വതന്ത്ര നിലപാടാണ് സ്വീകരിച്ചത്. നയതന്ത്ര ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെടുന്ന നിലപാട്. എന്നാല്‍, യു.എസ് അടക്കമുള്ള രാജ്യങ്ങളുടെ സമ്മര്‍ദ്ദമേറുമ്പോള്‍ ഈ നിലപാട് മാറിയേക്കാം.

വ്ലാഡിമർ പുടിൻ
വ്ലാഡിമർ പുടിൻ

അമേരിക്കയുടെ ആശങ്കകള്‍

സോവിയറ്റ് യൂണിയന്റെ പതനത്തോടെ അസ്തമിച്ച കമ്യൂണിസ്റ്റ് സമഗ്രാധിപത്യം വിപുലപ്പെടുത്തി വേറിട്ടുപോയ റിപ്പബ്ലിക്കുകളെ കൂട്ടിച്ചേര്‍ക്കാനുള്ള റഷ്യയുടെ വിശാല പദ്ധതിയാണ് യുക്രെയ്നിലെ അധിനിവേശനത്തിനു പിന്നിലെന്ന് അമേരിക്ക കരുതുന്നു. ജോര്‍ജിയ, എസ്തോണിയ, ലിത്വാനിയ, ബെലറൂറസ് എന്നിങ്ങനെ ചേര്‍ന്ന വിശാല റഷ്യയാണ് പുടിന്റെ സ്വപ്നം. യൂറോപ്പില്‍ റഷ്യയ്ക്ക് വര്‍ദ്ധിച്ചുവരുന്ന സ്വാധീനവും അവരെ ആശങ്കയിലാക്കുന്നു. റഷ്യയില്‍നിന്ന് ജര്‍മനിയിലേക്കുള്ള നോര്‍ഡ് സ്ട്രീം 2 എന്ന് വിളിക്കുന്ന സമുദ്രാന്തര്‍ എണ്ണക്കുഴലാണ് അമേരിക്കയുടെ മറ്റൊരാശങ്ക. ഇത് പൂര്‍ത്തിയാകുന്നതോടെ യൂറോപ്പിലെ എണ്ണ വിതരണത്തിന്റെ മേധാവിത്വം റഷ്യയ്ക്കാകും. ട്രാന്‍സിറ്റ് ഫീസ് പോലും നല്‍കാതെ, രാജ്യത്തെ മറികടന്നുള്ള ഈ പദ്ധതിയില്‍ യുക്രെയ്ന് എതിര്‍പ്പാണ്. യൂറോപ്പിലെ മറ്റു രാജ്യങ്ങള്‍ക്കെതിരെ റഷ്യയും ജര്‍മനിയും കൈകോര്‍ക്കുമെന്നും കരുതുന്നവരുണ്ട്. ഫിന്‍ലാന്‍ഡ്, സ്വീഡന്‍, പോളണ്ട് എന്നിവയുടെ സമീപത്തുകൂടിയാണ് 1222 കിലോമീറ്റര്‍ നീളത്തിലുള്ള പൈപ്പ് ലൈന്‍. ഇതിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട് റഷ്യന്‍ സാന്നിധ്യത്തിനെതിരെ യൂറോപ്യന്‍ യൂണിയന്‍ തന്നെ രംഗത്തു വന്നിരുന്നു. അമേരിക്ക ഈ പദ്ധതിയെ ആദ്യം മുതല്‍ക്കേ എതിര്‍ത്തെങ്കിലും ജര്‍മന്‍ ചാന്‍സലറായിരുന്ന ഏയ്ഞ്ചല മെര്‍ക്കല്‍ ഇതൊന്നും കണക്കിലെടുത്തിരുന്നില്ല. പ്രതിപക്ഷ നേതാവ് അലക്സി നവാലിനിക്കു നേരെയുള്ള അതിക്രമത്തെ എതിര്‍ത്തപ്പോഴും 1100 കോടി ഡോളര്‍ ചെലവ് വരുന്ന പദ്ധതി 2021-ല്‍ ജര്‍മനി പൂര്‍ത്തിയാക്കി.

റഷ്യയും ജര്‍മനിയും തമ്മിലുള്ള സാമ്പത്തിക സഹകരണത്തിലൂടെ യൂറോപ്പിന്റെ രക്ഷിതാവായി വന്നേക്കുമെന്ന് അമരിക്ക ഭയപ്പെടുന്നു. റഷ്യന്‍ എണ്ണയുടേയും പ്രകൃതിവാതകത്തിന്റേയും പ്രധാന വിപണി യൂറോപ്പാണ്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ ഉപയോഗിക്കുന്ന വാതകത്തിന്റെ മൂന്നിലൊന്നും റഷ്യയില്‍നിന്നാണ്. റഷ്യയില്‍നിന്നുള്ള ഇന്ധന ഇറക്കുമതി വര്‍ദ്ധിക്കുന്നത് ജര്‍മനിക്കു വലിയ ആശ്വാസമാണ്. ഇതുകൊണ്ട് തന്നെ റഷ്യയുമായി സഹകരണം തുടരാനാണ് ജര്‍മനി ശ്രമിക്കുക. ഇതാണ് യൂറോപ്യന്‍ യൂണിയന്റെ ആശങ്ക. ഹംഗറിയടക്കമുള്ള രാജ്യങ്ങള്‍ ജര്‍മനിയുടെ മിതനിലപാടാണ് സ്വീകരിക്കുന്നത്. 

ഒഡേസ ന​ഗരത്തിൽ യൂണിറ്റ് ഡേ ആഘോഷിക്കുന്ന യുക്രെയ്ൻ സൈനികർ/ ഫോട്ടോ: എപി
ഒഡേസ ന​ഗരത്തിൽ യൂണിറ്റ് ഡേ ആഘോഷിക്കുന്ന യുക്രെയ്ൻ സൈനികർ/ ഫോട്ടോ: എപി

അഫ്ഗാന്‍ യുദ്ധാനന്തരം പരാജയപ്പെട്ട് പിന്‍മാറിയ അമേരിക്കയുടേയും പാശ്ചാത്യ സൈനിക സഖ്യമായ നാറ്റോയുടേയും ക്ഷീണകാലഘട്ടം കൂടിയാണ് ഇത്. രണ്ടാംലോകയുദ്ധകാലത്ത് യുദ്ധഭൂമിയായിരുന്ന യുക്രെയ്നില്‍ 10 ദശലക്ഷം പേരാണ് കൊല്ലപ്പെട്ടത്. രണ്ടു ചേരികളിലായി പോരാടിയ യുക്രെയ്നില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇന്നത്തെ ഓസ്ട്രിയന്‍ ജനസംഖ്യയുടെ അത്രയും വരും. ഇതിന്റെയൊക്കെ നിഴല്‍മറയില്‍നിന്ന് മറികടക്കാനുള്ള ശ്രമത്തിലായിരുന്നു ഈ രാജ്യം. സോവിയറ്റ് യൂണിയനില്‍നിന്നും സ്വതന്ത്രമായ ശേഷം യുക്രെയ്ന്‍ ആണവായുധങ്ങള്‍ ഡീ കമ്മിഷന്‍ ചെയ്തു. രണ്ടാംലോകയുദ്ധത്തിന്റെ കരിനിഴലില്‍നിന്ന് കരകയറാന്‍ ആഗ്രഹിക്കുന്ന യുക്രെയ്ന്‍ യു.എസ് നേതൃത്വത്തിലുള്ള നാറ്റോ സഖ്യവുമായി അടുപ്പം കാണിക്കുന്നു. യുദ്ധാനന്തരം രൂപീകരിക്കപ്പെട്ട നാറ്റോയുടെ സ്ഥാപക ഉടമ്പടിയുടെ രാഷ്ട്രീയ പശ്ചാത്തലം പോലും സോവിയറ്റ് പാശ്ചാത്യശക്തികള്‍ തമ്മിലുള്ള ശത്രുതയായിരുന്നു. റഷ്യയുടെ അവിഭാജ്യഘടകമായിരുന്ന യുക്രെയ്ന്‍ എതിര്‍ചേരിയില്‍ ചേരുന്നത് റഷ്യയ്ക്ക് സഹിക്കാനുമാകില്ല. ശീതയുദ്ധകാലത്തെ ബലാബലത്തിന്റെ പ്രതീകവും നഷ്ടമാകും. നാറ്റോയ്ക്ക് യുക്രെയ്നില്‍ ഇടംകിട്ടിയാല്‍ വീട്ടുമുറ്റത്ത് ശത്രുവിന് ഇടം കൊടുക്കുന്നതുപോലെയാകും. 

യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിയർ സെലിൻസ്കി
യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിയർ സെലിൻസ്കി

റഷ്യയുടേയും നാറ്റോയുടേയും ആശങ്കകള്‍

ആയുധബലത്തിലും സഖ്യചേരികളിലും ഒന്നാമതല്ലെങ്കിലും വന്‍ശക്തിയെന്ന പ്രഭാവത്തിന് ഇടിവ് തട്ടിയിട്ടില്ലെന്നു ബോധ്യപ്പെടുത്താനാണ് പുടിന്റെ ശ്രമം. ക്രീമിയ കീഴടക്കിയതിന്റെ പേരില്‍ നേരിടുന്ന പാശ്ചാത്യ ഉപരോധത്തിന്റെ കെടുതികളെ ന്യായീകരിക്കാനും ഭരണകൂട അഴിമതിക്കു മറയിടാനും ഈ സൈനികനീക്കം സഹായിക്കുമെന്നും പുടിന്‍ കണക്കുകൂട്ടുന്നു. യുക്രെയ്ന്റെ നാറ്റോ അംഗത്വം മാത്രമല്ല റഷ്യയ്ക്ക് പ്രശ്നം. പോളണ്ട്, റുമേനിയ, ബള്‍ഗേറിയ എന്നീ സമീപരാജ്യങ്ങളില്‍നിന്ന് നാറ്റോ സൈന്യത്തെ പിന്‍വലിക്കണം; ഡോന്‍ബാസ് മേഖലയ്ക്ക് സ്വയംഭരണം നല്‍കണം; പൂര്‍വ്വ ദക്ഷിണ യൂറോപ്യന്‍ രാജ്യങ്ങളില്‍ അമേരിക്ക മിസൈലുകള്‍ വിന്യസിക്കുന്നത് നിര്‍ത്തണം എന്നിങ്ങനെ പോകുന്നു റഷ്യയുടെ ആവശ്യങ്ങള്‍. രാജ്യത്തിന്റെ അതിര്‍ത്തിയില്‍ യു.എസ്-നാറ്റോ സൈന്യത്തെ അനുവദിക്കുന്നത് ഭാവിയില്‍ നല്ലതിനല്ലെന്ന് പുടിനറിയാം. യുക്രെയ്നിലേക്കുള്ള ആയുധവിതരണം, പാശ്ചാത്യ ഉപദേശകരെ പിന്‍വലിക്കല്‍ എന്നിവ  യു.എസ്. നിര്‍ത്തിയാല്‍ തന്നെ സ്ഥിതിഗതികള്‍ മെച്ചപ്പെടുമെന്ന് റഷ്യ പറയുന്നു.  അന്താരാഷ്ട്ര സമ്മര്‍ദ്ദം ഏറിയപ്പോള്‍ യുക്രെയ്നില്‍നിന്ന് വേര്‍പെടാന്‍ പോരാടുന്ന കിഴക്കന്‍ വിമതമേഖലകളെ സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിക്കുകയാണ് പുടിന്‍ ചെയ്തത്. സമാധാന ചര്‍ച്ചയടക്കമുള്ള ശ്രമങ്ങള്‍ നടക്കവേ വിട്ടുവീഴ്ചയില്ലെന്ന് ഉറപ്പിക്കുകയാണ് പുടിന്‍. 

വിമത പ്രവിശ്യയിൽ ഷെല്ലാക്രമണം നേരിട്ട വീടിനു മുന്നിൽ യുക്രെയ്ൻ സൈനികൻ/ ഫോട്ടോ: എപി 
വിമത പ്രവിശ്യയിൽ ഷെല്ലാക്രമണം നേരിട്ട വീടിനു മുന്നിൽ യുക്രെയ്ൻ സൈനികൻ/ ഫോട്ടോ: എപി 

യുക്രെയ്നെ ചേരിയില്‍ അംഗമാക്കാന്‍ അമേരിക്ക കാണിക്കുന്ന താല്പര്യം നാറ്റോയ്ക്കില്ല. റഷ്യയെ പിണക്കാന്‍ അവര്‍ക്ക് അത്ര താല്പര്യമില്ലെന്നതാണ് ഒരു കാരണം. എപ്പോള്‍ വേണമെങ്കിലും റഷ്യയ്ക്ക് അയല്‍രാജ്യത്തെ ആക്രമിക്കാം. ഇത് ചെറുക്കണമെങ്കില്‍ നാറ്റോയുടെ കൂട്ടായ പ്രതിരോധം ദീര്‍ഘകാലയളവിലേക്ക് വേണ്ടിവരും. സ്വാഭാവികമായും എല്ലാ അംഗങ്ങള്‍ക്കും സേനയെ വിന്യസിക്കേണ്ടിവരും. എല്ലാ അംഗങ്ങള്‍ക്കും അവര്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും പോരാട്ടത്തില്‍ മുഴുകേണ്ടിവരും; അത് മാസങ്ങളോളം നീണ്ടുനില്‍ക്കും; ചിലപ്പോള്‍ വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കും. ഇതുണ്ടാക്കുന്ന സാമ്പത്തിക നഷ്ടം ചെറുതായിരിക്കില്ല. കൂടാതെ, യുക്രെയ്നെ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തുന്നത് നാറ്റോയ്ക്ക് എളുപ്പമല്ല, കാരണം ഇതിന് 30 അംഗങ്ങളില്‍നിന്നും സമവായവും ആവശ്യമാണ്. 2008-ലാണ് നാറ്റോ യുക്രെയ്ന് അംഗത്വം വാഗ്ദാനം ചെയ്തത്. എന്നാല്‍, ഇതുവരെ ഒരു രാജ്യവും ഇതിനായി ശ്രമിച്ചിട്ടില്ല. കാരണം, റഷ്യയെ വിരോധിയാക്കാന്‍ അവര്‍ക്കൊന്നും താല്പര്യമില്ല. ലോകത്തെ രണ്ടാമത്തെ സൈനിക ശക്തിയായ റഷ്യയുടെ ആക്രമണത്തെ നേരിടാന്‍ യുക്രെയ്ന് ആശ്രയം നാറ്റോ മാത്രമാണ്. സഖ്യകക്ഷിയില്‍ അംഗമല്ലെങ്കിലും യുക്രെയ്ന് നാറ്റോ ആയുധം നല്‍കുന്നുണ്ട്. ഇതാണ് റഷ്യയെ ആശങ്കയിലാക്കുന്നതും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com