സംഘര്‍ഷഭരിതം, ഉല്‍ക്കണ്ഠാകുലം ചില ദിനങ്ങള്‍

ചെറുപ്പക്കാരനായ സബ്ബ് ഇന്‍സ്പെക്ടര്‍ സേവ്യറിന് ചാലക്കുടിക്കടുത്ത് വച്ച് അക്രമികളുടെ കുത്തേറ്റ് ഗുരുതരമായി പരിക്കുപറ്റി എന്നാദ്യം കേട്ടു
സംഘര്‍ഷഭരിതം, ഉല്‍ക്കണ്ഠാകുലം ചില ദിനങ്ങള്‍

ചെറുപ്പക്കാരനായ സബ്ബ് ഇന്‍സ്പെക്ടര്‍ സേവ്യറിന് ചാലക്കുടിക്കടുത്ത് വച്ച് അക്രമികളുടെ കുത്തേറ്റ് ഗുരുതരമായി പരിക്കുപറ്റി എന്നാദ്യം കേട്ടു. സംഭവത്തില്‍ ഒരു എ.എസ്.ഐയ്ക്കും പൊലീസുകാരനും കൂടി കുത്തേറ്റിട്ടുണ്ട് എന്നും അറിഞ്ഞു. ഞാന്‍ ഞെട്ടിപ്പോയി. രാഷ്ട്രീയ ശരിയുടെ പേരില്‍ ഉള്ള പരസ്യ ഞെട്ടലല്ല; തികച്ചും മാനുഷികമായി ഉള്ളുലഞ്ഞുപോയി.  മുന്‍പ് ഒരിക്കല്‍ മാത്രം, ഞാനതനുഭവിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് വിജയന്‍ എന്ന പൊലീസുകാരന്‍ കുത്തേറ്റു മരിച്ചപ്പോഴായിരുന്നു അത്. പൊലീസ് സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഓരോ ദിവസവും അപകടകരമായ സാഹചര്യങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. അപകടം വരുന്ന വഴികള്‍ പലതാണ്. അക്കൂട്ടത്തില്‍ ശാരീരികമായ ആക്രമണം കേരളത്തില്‍ താരതമ്യേന കുറവാണ്. ചില അവസരങ്ങളില്‍ സമരരംഗത്ത് കല്ലേറിലും മറ്റും പരിക്ക് പറ്റാറുണ്ട്. പക്ഷേ, കുറ്റവാളികള്‍ പൊലീസിനെ ആക്രമിക്കുന്ന സംഭവങ്ങള്‍ അപൂര്‍വ്വമായിരുന്നു. ദേശീയ തലത്തിലും പല സംസ്ഥാനങ്ങളിലും അതുതന്നെയായിരുന്നു സ്ഥിതി. നാഷണല്‍ പൊലീസ് അക്കാദമിയില്‍ വച്ച് ഐ.പി.എസ് പ്രൊബേഷണര്‍ ആയിരിക്കെ ജെ.എഫ്. റെബെയ്‌റോ പറഞ്ഞതോര്‍ക്കുന്നു. മുംബൈ പൊലീസിലെ തന്റെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് പറഞ്ഞത്. അവിടെ നഗരത്തെ വിറപ്പിക്കുന്ന കൊടുംകുറ്റവാളികള്‍ പോലും പൊലീസിനെ തൊടില്ല. പിടിക്കപ്പെടുമ്പോള്‍ കൈവശം തോക്കുണ്ടായിട്ടും പൊലീസിനെ അക്രമിക്കാന്‍ നില്‍ക്കാതെ കീഴടങ്ങിയ സംഭവങ്ങള്‍ റെബെയ്‌റോ വിവരിച്ചു. കുറ്റവാളികളുടെ ലോകത്തും ചില അലിഖിത നിയമങ്ങളുണ്ട്. അതില്‍ അലംഘനീയമായ ഒന്നായിരുന്നു, പൊലീസിനെതിരായ ആക്രമണം ഒഴിവാക്കുക എന്നത്. പല സംസ്ഥാനങ്ങളിലും ഈ അവസ്ഥയ്ക്ക് ക്രമേണ മാറ്റം ഉണ്ടായിട്ടുണ്ട്. കുറ്റവാളികളുടെ ലോകം മാനിച്ചിരുന്ന അലിഖിത നിയമം ലംഘിച്ച് അക്രമത്തിന്റെ കത്തിമുന യൂണിഫോമിന് നേരെയും നീട്ടിയത് പലേടത്തും മയക്കുമരുന്നിന് അടിപ്പെട്ട ചില കുറ്റവാളികളായിരുന്നു. 

നിയമപാലകന്‍ ആക്രമിക്കപ്പെടുമ്പോള്‍

അടുത്തടുത്ത് നടന്ന തുടര്‍ച്ചയായ രണ്ടു സംഭവങ്ങളിലാണ് ചാലക്കുടി ജംഗ്ഷനടുത്തുവച്ച് മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കുത്തേറ്റത്. തികച്ചും അപ്രതീക്ഷിത സംഭവങ്ങളായിരുന്നു അത്. വൈകുന്നേരം ആറു മണി കഴിഞ്ഞ സമയം ചാലക്കുടി എ.എസ്.ഐ ഇട്ട്യേര പൊലീസ് ജീപ്പില്‍ ഡ്രൈവറുമായി ജംഗ്ഷനില്‍ വന്നു. സംസ്ഥാന മന്ത്രി ടി.കെ. രാമകൃഷ്ണന്‍ കടന്നുപോകുമ്പോള്‍ എസ്‌കോര്‍ട്ട് ഒരുക്കാന്‍ ഒരു വാഹനം പൊലീസ് സ്റ്റേഷനിലേയ്ക്ക് ആവശ്യമായിരുന്നു. അങ്ങനെ ചില കാര്യങ്ങളുമായി നില്‍ക്കുമ്പോള്‍ മൂന്ന് യുവാക്കള്‍ ഒരു മോട്ടോര്‍ ബൈക്കില്‍ അതിലേ വരുന്നത് കണ്ടു. അതിലുണ്ടായിരുന്നവര്‍ ചാലക്കുടിയിലും പരിസരത്തും പല കുറ്റകൃത്യങ്ങളിലും ഉള്‍പ്പെട്ടവരായിരുന്നു. എ.എസ്.ഐ, അവരെ നിര്‍ത്താന്‍ കൈകാണിച്ചു. വാഹനം നിര്‍ത്തിയെങ്കിലും, അക്രമണോത്സുകതയോടെ അവര്‍ എ.എസ്.ഐയുടെ സമീപത്തേയ്ക്ക് പാഞ്ഞടുത്തു. ആക്രമണം എ.എസ്.ഐ ഇട്ട്യേര ഒരിക്കലും പ്രതീക്ഷിച്ചില്ല. അക്രമികള്‍ കത്തി നിവര്‍ത്തി അത് വീശി, ആക്രോശിച്ചുകൊണ്ടാണ് അടുത്തേയ്ക്ക് വന്നത്. ഒരുപക്ഷേ, പൊലീസ് അറസ്റ്റുചെയ്യുമെന്ന് അവര്‍ കരുതിയിരിക്കണം. കൈവശം ഒരു ലാത്തിപോലും ഇല്ലാതിരുന്ന എ.എസ്.ഐ അവരെ ശാന്തരാക്കാന്‍ എന്തോ പറഞ്ഞു. അതിനിടെ അയാള്‍ക്ക് കുത്തേറ്റു. വയറ്റത്താണ് അതുകൊണ്ടത്. നിരായുധനായ എ.എസ്.ഐ തൊട്ടടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ ഓടിക്കയറി. അക്രമികള്‍ പുറകെ വന്ന് ബഹളമുണ്ടാക്കി. ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ ഹൈവേ പട്രോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ അവിടെ എത്തി. കൊടകര എസ്.ഐ സേവ്യറും പൊലീസുകാരന്‍ രണദിവേയുമായിരുന്നു എത്തിയത്. എന്തോ അനിഷ്ട സംഭവമുണ്ടായി എന്നല്ലാതെ ആയുധങ്ങളുമായി പൊലീസിനു നേരെ ആക്രമണസന്നദ്ധരായി നില്‍ക്കുന്നവരെയാണ് നേരിടേണ്ടത് എന്ന ധാരണ ഹൈവേ പട്രോള്‍ ഉദ്യോഗസ്ഥര്‍ക്കില്ലായിരുന്നു. ചെറുപ്പക്കാരനായ എസ്.ഐ സേവ്യര്‍ അക്രമികളെ അറസ്റ്റുചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അയാള്‍ സമ്പൂര്‍ണ്ണ നിരായുധനായിരുന്നു. പൊലീസ് യൂണിഫോം കണ്ടാല്‍ ഭയക്കുന്ന അവസ്ഥയിലായിരുന്നില്ല അക്രമികള്‍. നെഞ്ചിലും വയറ്റിലുമെല്ലാം സേവ്യറിന് കുത്തേറ്റു. കൂടെയുണ്ടായിരുന്ന പൊലീസുകാരന്‍ രണദിവേയ്ക്കും പരിക്കുപറ്റി. ചാലക്കുടി പൊലീസ് സ്റ്റേഷനില്‍നിന്നും ഓടിയെത്തിയ പൊലീസുകാരും നാട്ടുകാരും ചേര്‍ന്ന് പരിക്കേറ്റവരെ ആദ്യം ചാലക്കുടിയിലെ സെന്റ് ജയിംസ് ആശുപത്രിയിലെത്തിച്ചു. പരിക്കു ഗുരുതരമായതിനാല്‍ വേഗം അവരെ തൃശൂര്‍ ഹാര്‍ട്ട് ആശുപത്രിയിലേയ്ക്ക് മാറ്റി. അവിടെ പ്രവേശിക്കുമ്പോള്‍ എസ്.ഐ സേവ്യറിന്റെ നില അതീവ ഗുരുതരമായിരുന്നു. നെഞ്ചിലും വയറ്റിലും ആഴത്തില്‍ കുത്തേറ്റ് ധാരാളം രക്തം വാര്‍ന്നുപോയിരുന്നു. അടിയന്തര ശസ്ത്രക്രിയയ്ക്കായി ഓപ്പറേഷന്‍ തിയേറ്ററില്‍ കയറ്റുമ്പോള്‍ അതിന്റെ എല്ലാ അപകടസാദ്ധ്യതകളും അറിഞ്ഞ് ഓപ്പറേഷന്‍ നടത്താനുള്ള അനുമതിപത്രത്തില്‍ ഒപ്പിട്ടത് ഞാനാണ്. അന്നുരാത്രി ജീവിതത്തിന്റേയും മരണത്തിന്റേയും അതിര്‍വരമ്പില്‍ അങ്ങോട്ടുമാകാം ഇങ്ങോട്ടുമാകം എന്ന അവസ്ഥയിലായിരുന്നു സേവ്യര്‍. ആ ജീവന്‍ തുലാസിലായിരുന്ന ഘട്ടത്തില്‍, ആ രാത്രി വൈകി അവിടെ എത്തിയ എസ്.ഐയുടെ ഏതോ ബന്ധു ഓപ്പറേഷന് അനുമതി നല്‍കിയതിന് നേരിയ മുറുമുറുപ്പ് ഉണ്ടാക്കി. വൈകാരിക പ്രതികരണമായേ ഞാനതിനെ കണ്ടുള്ളു. ഡ്യൂട്ടിയില്‍ ഗുരുതരമായി പരിക്കേറ്റ സഹപ്രവര്‍ത്തകന്റെ ജീവന്‍ രക്ഷിക്കാന്‍ ഓപ്പറേഷന്‍ അനുമതി നല്‍കേണ്ടത് സ്ഥലത്തുണ്ടായിരുന്ന ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ എന്റെ ചുമതല ആയിരുന്നു എന്നതില്‍ എനിക്ക് സംശയമില്ലായിരുന്നു. അത്ഭുതകരമായി സേവ്യറിന്റെ ജീവന്‍ രക്ഷപ്പെട്ടു. പൊലീസുകാരന്‍ രണദിവേയ്ക്ക് പരിക്ക് ഗുരുതരമല്ലായിരുന്നുവെങ്കിലും ആക്രമണത്തില്‍ നിന്നയാള്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. അക്രമികളിലൊരാള്‍ കഴുത്ത് ലക്ഷ്യമാക്കി കത്തിവീശിയപ്പോള്‍ പൊലീസുകാരന്‍ ആ നിമിഷത്തില്‍ കഴുത്ത് പിന്നിലേയ്ക്കു് ചലിപ്പിച്ചു. അയാളുടെ കഴുത്തിന്റെ മുന്‍ഭാഗത്ത് ചുറ്റിലും ഒരു സര്‍ജന്‍ കൃത്യതയോടെ മുറിച്ചപോലെ ഒരടയാളം അവശേഷിച്ചു. 

ചാലക്കുടിയിലെ പൊലീസ് ഈ സംഭവത്തില്‍ നന്നായി പ്രതികരിച്ചു. സംഭവം കഴിഞ്ഞ ഉടന്‍ പൊലീസ് അപകടകാരികളായ അക്രമികളുടെ പുറകെ പോയി. അക്രമികളില്‍ രണ്ടുപേരെ ഒട്ടും വൈകാതെ തന്നെ അവര്‍ കീഴ്പ്പെടുത്തി. ഒരാള്‍ മാത്രം അല്പം മുങ്ങിനടന്നു. അധികം വൈകാതെ അയാളേയും പിടികൂടി. അവിടുത്തെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജോളി ചെറിയാന്‍ ആ പ്രതിസന്ധി ഘട്ടത്തെ ഉജ്ജ്വലമായി നേരിട്ടു. ആത്മവിശ്വാസത്തിന്റെ പ്രതീകമായിരുന്നു ചാലക്കുടിയില്‍ അന്ന് ജോളി ചെറിയാന്‍. സമയബന്ധിതമായി കേസന്വേഷണം പൂര്‍ത്തിയാക്കി കേസ് ചാര്‍ജ്ജ് ചെയ്തു. 

പരിക്കേറ്റ സേവ്യര്‍ ഏറെ നാള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയേണ്ടിവന്നു. അക്കാലത്ത് പൊതുവേ ഡ്യൂട്ടിക്കിടയില്‍ പരിക്കേല്‍ക്കുന്ന പൊലീസുകാരുടെ ചികിത്സാചെലവ് വലിയ പ്രശ്‌നമായിരുന്നു. ചികിത്സാചെലവിലേയ്ക്ക് പൊതുഖജനാവില്‍നിന്ന് പണം കിട്ടണമെങ്കില്‍ കടമ്പകള്‍ ഒരുപാട് കടക്കണം. ഭഗീരഥപ്രയത്‌നം എന്നുതന്നെ പറയാം. എന്തുകൊണ്ട് സ്വകാര്യ ആശുപത്രി? ഈ സൗകര്യം സര്‍ക്കാര്‍ ആശുപത്രിയില്‍ ഇല്ല എന്നതിന് സര്‍ട്ടിഫിക്കറ്റ് ഉണ്ടോ? ഇങ്ങനെ പോകും ചോദ്യാവലി. ഇതിനൊക്കെ ഉത്തരം കണ്ടെത്തി മാരകമായി പരിക്കേറ്റ പൊലീസുകാരെ ചികിത്സിക്കാനാകില്ലല്ലോ. എല്ലാം കഴിഞ്ഞ് പരിമിതമായ തുകയെ ലഭിക്കുമായിരുന്നുള്ളു. ഇതായിരുന്നു അവസ്ഥ. സേവ്യറിന്റേയും മറ്റും കാര്യത്തില്‍ ആശുപത്രി അധികൃതര്‍ സാധാരണയില്‍നിന്നും കുറഞ്ഞ നിരക്കേ ചാര്‍ജ്ജ് ചെയ്തുള്ളു. യഥാസമയം മികച്ച വൈദ്യസഹായം നല്‍കിയ സ്ഥാപനത്തിന് ന്യായമായ ചെലവെങ്കിലും നല്‍കണമല്ലോ. അക്കാര്യത്തിന് പൊലീസ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ ഒരു ദിവസത്തെ ശമ്പളം ഈ ചെലവിലേയ്ക്ക് നല്‍കുക എന്ന ആശയം ഞാന്‍ മുന്നോട്ടുവച്ചു. അതിനോട് പൊലീസുകാര്‍ ആത്മാര്‍ത്ഥമായി സഹകരിച്ചു. 

സാന്ദര്‍ഭികമായി സൂചിപ്പിക്കട്ടെ, പൊലീസുകാരുടെ ന്യായമായ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരം കണ്ടെത്തുന്നതിന് മിക്കപ്പോഴും തടസ്സം രാഷ്ട്രീയ നേതൃത്വമല്ല; മറിച്ച് ബ്യൂറോക്രസിയാണ് എന്നാണ് എന്റെ അനുഭവം. ഡ്യൂട്ടിയില്‍ പരിക്കേല്‍ക്കുന്ന പൊലീസുകാര്‍ക്ക് സ്വകാര്യ ആശുപത്രി ഉള്‍പ്പെടെ മെച്ചപ്പെട്ട ചികിത്സ ഉറപ്പുവരുത്തണം എന്ന വിഷയം 2001-ല്‍ മുഖ്യമന്ത്രി എ.കെ. ആന്റണി വിളിച്ച ഒരു യോഗത്തില്‍ ചര്‍ച്ചയ്ക്ക് വന്നു. അന്ന് ഡി.ഐ.ജി ആയിരുന്ന ഞാനും ആ യോഗത്തിലുണ്ടായിരുന്നു. പരിക്കേല്‍ക്കുന്ന പൊലീസുകാര്‍ക്ക് എവിടെയും ചികിത്സിക്കാം എന്നതിനോട് മുഖ്യമന്ത്രി അനുകൂലമായിരുന്നു. ഉത്തരവ് ദുരുപയോഗം ചെയ്യുമെന്നും മറ്റും ചില ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തടസ്സങ്ങള്‍ ഉന്നയിച്ചു. ഏറെ ബുദ്ധിമുട്ടി ദുരുപയോഗം തടയുന്ന വിധത്തില്‍, ''ആക്ഷനില്‍ പരിക്കേല്‍ക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സ'' എന്ന രീതിയില്‍ സമവായത്തിലെത്തി. അങ്ങനെയാണ് ആ പ്രശ്‌നത്തിന് ഒരു പരിധിവരെ പരിഹാരം കണ്ടെത്താനായത്. പൊലീസ് സേനയില്‍ അംഗമാകുന്നവര്‍ നല്ല ശാരീരിക ക്ഷമത തെളിയിച്ചവരാണ്. ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നിറഞ്ഞ ജോലിയില്‍ നിരന്തരം ഏര്‍പ്പെടുമ്പോള്‍ പൊലീസുകാര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ കൂടുതലായിരിക്കും. പക്ഷേ, അക്കാലത്ത് ചികിത്സയ്ക്കും മറ്റുമുള്ള ഔദ്യോഗിക സഹായം പരിമിതമായിരുന്നു. എസ്.പി. അധ്യക്ഷനായ ക്ഷേമനിധിയില്‍നിന്നും ചെറിയ സാമ്പത്തിക സഹായത്തിനായി വേച്ച് വേച്ച് എന്റെ ഓഫീസില്‍ വന്ന പൊലീസുകാരന്‍ സഹായം തേടിയത് സ്വന്തം ബ്രെയിന്‍ ട്യൂമര്‍ ചികിത്സയ്ക്കായിരുന്നു. മറ്റൊരവസരത്തില്‍ വലിയ രോഗം ബാധിച്ച ഒരു പൊലീസുകാരനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചപ്പോള്‍ അയാള്‍ക്ക് സംസാരിക്കാനായില്ലെങ്കിലും എന്റെ കയ്യില്‍ വിടാതെ പിടിച്ചു. പൊലീസുകാരുടെ കണ്ണില്‍ ജില്ലാ എസ്.പി. വലിയ ആളാണ്. ജീവിതപ്രതിസന്ധിയില്‍ ആശ്വാസത്തിനും സഹായത്തിനും അവര്‍ എസ്.പിയെ നോക്കും. പക്ഷേ, പലപ്പോഴും അയാളും നിസ്സഹായനാണ്. ഈ അവസ്ഥയില്‍ ഗണ്യമായ മാറ്റമുണ്ടായത് 2010-2011 കാലത്ത് കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ കേരളത്തില്‍ പാസ്സാക്കിയ പുതിയ പൊലീസ് നിയമത്തിലൂടെയാണ്. അണ്ണാറക്കണ്ണനും തന്നാലായത് എന്നു പറഞ്ഞപോലെ ആ പ്രക്രിയയില്‍ ചെറിയ പങ്ക് വഹിക്കാന്‍ എനിക്കും കഴിഞ്ഞു.

മനസ്സില്‍ അതിക്രമിച്ച് കടന്നുകയറിയ ഈ ചിന്തകളുടെ തുടക്കം ചാലക്കുടിയില്‍ പൊലീസുകാര്‍ നേരിട്ട അക്രമണമായിരുന്നല്ലോ. അതിനേക്കാള്‍ വലുതാകുമായിരുന്ന ഒരു സംഭവം ചാവക്കാട് ഉണ്ടായി. പൊലീസ് വയര്‍ലെസ്സിലൂടെയാണ് ആദ്യം ഞാനത് കേട്ടത്. അപ്പോള്‍ സമയം രാത്രി 8 മണി കഴിഞ്ഞിരുന്നു. ഞാന്‍ കുന്നംകുളത്ത് വന്നതായിരുന്നു. ചാവക്കാട് എസ്.ഐയേയും മറ്റും ''കുറെ ബി.ജെ.പിക്കാര്‍ വളഞ്ഞിട്ട് അക്രമിക്കുന്നു'' എന്നാണ് കേട്ടത്. ഏതാണ്ടൊരു എസ്.ഒ.എസ് (അടിയന്തര ജീവന്‍രക്ഷാ സന്ദേശം) പോലെ തോന്നി. പിന്നെ വിവരമൊന്നുമില്ല. സ്ഥലത്തിന്റെ പേര് ഇരട്ടപ്പുഴ എന്നോ മറ്റോ കേട്ടു. അത് വലിയ ഉല്‍ക്കണ്ഠ ഉണ്ടാക്കി. കാരണം, ചാവക്കാട് സബ്ബ് ഇന്‍സ്പെക്ടര്‍ രവീന്ദ്രനോട് ചില ബി.ജെ.പിക്കാര്‍ക്ക് കടുത്ത എതിര്‍പ്പ് ഉണ്ടായിരുന്നു. ചാവക്കാട് പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ ചിലയിടങ്ങളില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും ബി.ജെ.പിക്കാരും തമ്മില്‍ സംഘര്‍ഷം നിലനിന്നിരുന്നു. തെരുവത്ര, ബ്ലാങ്ങാട്ട് ബീച്ച്, ഇരട്ടപ്പുഴ ഇങ്ങനെ പല സ്ഥലങ്ങളിലും ഇടയ്ക്കിടെ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. പൊതുവേ കൂടുതല്‍ അംഗബലം ഭരണകക്ഷി കൂടിയായിരുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് തന്നെയായിരുന്നു. എന്നാല്‍, ചില സ്ഥലങ്ങളില്‍ ബി.ജെ.പിയും ശക്തിപ്രാപിച്ച് വരുന്നുണ്ടായിരുന്നു. പ്രസ്ഥാനങ്ങളുടെ ശക്തികള്‍ പല രീതിയിലാണല്ലോ. ജനാധിപത്യത്തില്‍ ജനപിന്തുണയാണ് ഏത് രാഷ്ട്രീയ പ്രസ്ഥാനത്തിന്റേയും ശക്തിയുടെ അടിത്തറ എന്നാണ് തത്ത്വം. പക്ഷേ, പ്രയോഗത്തില്‍ വരുമ്പോള്‍ തല്ലാനും തല്ലുകൊള്ളാനും കൊല്ലാനും ചാവാനും ഒക്കെ അനുയായികളെ യഥാസമയം കണ്ടെത്താന്‍ കഴിയുന്നതും പ്രസ്ഥാനങ്ങളുടെ ശക്തിയുടെ സ്രോതസ്സ് തന്നെ. സാമ്പത്തികശേഷി, ഉദ്യോഗസ്ഥ സംവിധാനത്തിലുള്ള സ്വാധീനം തുടങ്ങി പല ഘടകങ്ങളും  പ്രസക്തമാണ്. ഇങ്ങനെ വ്യത്യസ്ത ശക്തികളുടെ സന്തുലനത്തിന്മേലാണ് പലേടത്തും സമാധാനം നിലനില്‍ക്കുന്നത്. ഒരു കോളേജ് ക്യാമ്പസ് ആയാലും തൊഴിലിടമായാലും അല്ലെങ്കില്‍ ഒരു ഗ്രാമപ്രദേശമായാലും ഈ സന്തുലനം തെറ്റുമ്പോള്‍ അത് സംഘര്‍ഷത്തിലേയ്ക്ക് നയിക്കാം. ചാവക്കാട് പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ അത്തരം ചില സംഘര്‍ഷങ്ങള്‍ ഉടലെടുക്കുന്നുണ്ടായിരുന്നു. സംഘര്‍ഷം അക്രമത്തിലേയ്ക്കു് പോകുമ്പോള്‍ അതില്‍ കാര്യക്ഷമമായി ഇടപെട്ട് കാര്യങ്ങള്‍ നിയന്ത്രിക്കുകയാണ് പൊലീസിന്റെ ചുമതല. ചാവക്കാട് അതിര്‍ത്തിയില്‍ രാപ്പകലില്ലാതെ ഊര്‍ജ്ജസ്വലമായി ഓടിനടന്ന് പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയായിരുന്നു അവിടുത്തെ എസ്.ഐ രവീന്ദ്രന്‍. അയാളുടെ നേരെ അക്രമണമുണ്ടായെന്ന് സന്ദേശം വരികയും പിന്നീട് വയര്‍ലെസ്സ് ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തപ്പോള്‍ എന്തോ ഗുരുതരമായ പ്രശ്‌നമാണതെന്നു വ്യക്തം. ഞാനുടനെ അവിടുത്തെ സി.ഐ ജയരാജിനെ ബന്ധപ്പെടാന്‍ ശ്രമിച്ചു. മറ്റൊരു ജോലിയുമായി ബന്ധപ്പെട്ട് ജയരാജ് സ്ഥലത്തില്ലായിരുന്നു. ആ സമയം തൊട്ടടുത്ത ഗുരുവായൂര്‍ സി.ഐ സതീശന്‍ വയര്‍ലെസ്സില്‍ വന്നു. താന്‍ ഗുരുവായൂരില്‍ ഉണ്ടെന്നും ഉടന്‍ ആക്രമണമുണ്ടായ സ്ഥലത്തേയ്ക്ക് പോകാമെന്നും പറഞ്ഞു. അന്ന് തൃശൂരിലെ പൊലീസിന്റെ കരുത്ത് അതായിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ ഒറ്റയാന്‍മാരായിരുന്നില്ല. ജില്ലയിലെവിടെയുമുള്ള പ്രധാന പ്രശ്‌നം എല്ലാപേരുടേയും പ്രശ്‌നമായിരുന്നു. സി.ഐ സതീശന്‍ കിട്ടിയ പൊലീസുകാരുമായി അങ്ങോട്ട് തിരിച്ചു. ഗുരുവായൂരമ്പലത്തില്‍ ഡ്യൂട്ടിയില്‍ പാലക്കാട് കെ.എ.പിയില്‍നിന്നും വന്ന കുറെ പൊലീസുകാരുണ്ടായിരുന്നു. അവരേയും അങ്ങോട്ടേക്ക് അയയ്ക്കാന്‍ നിര്‍ദ്ദേശിച്ചു. കുന്നംകുളത്ത് നിന്ന് ഞാനും ഡി.വൈ.എസ്.പി വാഹിദും ഉടന്‍ പ്രശ്നസ്ഥലത്തേയ്ക്ക് പുറപ്പെട്ടു. പോകുന്ന വഴിക്ക് സമീപത്തുള്ള പൊലീസ് സ്റ്റേഷനുകളില്‍നിന്നും പരമാവധി ഉദ്യോഗസ്ഥരെ ചാവക്കാട് എത്താന്‍ നിര്‍ദ്ദേശം നല്‍കി. ഞങ്ങള്‍ അങ്ങോട്ട് അടുക്കുമ്പോള്‍ ഗുരുവായൂര്‍ സി.ഐ സതീശനും ഏതാനും പൊലീസുകാരും അവിടെ എത്തിയിരുന്നു. എസ്.ഐയും മറ്റും അക്രമിക്കപ്പെട്ട സ്ഥലത്തെത്താന്‍ മെയിന്‍ റോഡില്‍നിന്നു ഉള്ളിലോട്ട് തിരിഞ്ഞ് പോകണമെന്നും അവിടെ ആകെ ഇരുട്ടാണെന്നും പറഞ്ഞു. അതിശക്തമായ കല്ലേറ് ഇരുട്ടില്‍നിന്നും പൊലീസിനുനേരെ വരുന്നുണ്ടെന്നും കൂടുതല്‍ ഫോഴ്സ് അത്യാവശ്യമാണെന്നും അവരറിയിച്ചു. സംഭവസ്ഥലത്തിനടുത്തേയ്ക്ക് തിരിയുന്ന മെയിന്‍ റോഡ് ജംഗ്ഷനില്‍ ഞങ്ങളെത്തുമ്പോള്‍ സി.ഐ സതീശന്‍ ഉള്ളിലേയ്ക്കുളള ഇടറോഡില്‍നിന്നും വേഗം ഓടിവന്നു. വിയര്‍ത്ത് കുളിച്ച് ആകെ പൊടിയില്‍ മുങ്ങിയപോലെ അയാള്‍ കാണപ്പെട്ടു. അമ്പരപ്പ് മുഖത്ത് പ്രകടമായിരുന്നു. വെല്ലുവിളി ഗൗരമുള്ളതാണെന്നു വ്യക്തം. ഞങ്ങള്‍ക്ക് പോകാനുള്ള വഴിയും പരിസരവും ഇരുട്ടിലായിരുന്നു. കൂടുതല്‍ പാര്‍ട്ടിയും നല്ല സന്നാഹവും ഉണ്ടെങ്കില്‍ മാത്രമേ അങ്ങോട്ട് കടക്കാനാകൂ എന്നും കല്ലേറ് ശക്തമാണെന്നുമാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. ഏതാണ്ട് അതേസമയം തന്നെ വലിയ പൊലീസ് വണ്ടിയില്‍ ആംഡ് പൊലീസ് ബറ്റാലിയനിലെ പൊലീസുകാരെത്തി. അവര്‍ പത്തിരുപത് പേരുണ്ടായിരുന്നു. ഗുരുതരമായ പ്രശ്‌നം മുന്നിലുണ്ട് എന്ന ബോധ്യത്തോടെ ദ്രുതഗതിയില്‍ അവര്‍ വാഹനത്തില്‍നിന്നും ചാടിയിറങ്ങി. ഇരുട്ടില്‍ നിന്നുള്ള കല്ലേറായിരുന്നു പ്രശ്‌നം. ലാത്തികൊണ്ടത് നേരിടാനാവില്ല. പിന്നെ ഞങ്ങളുടെ കൈവശം റൈഫിളുകളും റിവോള്‍വറുകളും മാത്രമേ ഉള്ളു. ആളുകള്‍ ഇടതിങ്ങി പാര്‍ക്കുന്ന സ്ഥലമാണത്. ഇരുട്ടില്‍ വെടി ഉതിര്‍ത്താല്‍ എന്താകും ഫലം എന്ന് നിശ്ചയമില്ല. ഇരുട്ടില്‍ വെടിവച്ച് നരഭോജിയായ പുലിയെ വീഴിച്ച ബ്രിട്ടീഷ് ഇന്ത്യയിലെ ഒറിജിനല്‍ പുലിമുരുകന്‍  ജിം കോര്‍ബറ്റിന്റെ കഥ ഞാനും വായിച്ചിട്ടുണ്ട്. ഇവിടെ മനുഷ്യരാണ് മറുഭാഗത്ത്. അക്കാലത്ത് റബ്ബര്‍ ബുള്ളറ്റ്, പ്ലാസ്റ്റിക്ക് പെല്ലറ്റ് തുടങ്ങി ജീവഹാനി ഒഴിവാക്കി ബലപ്രയോഗം നടത്താനുള്ള സാമഗ്രികള്‍ പൊലീസില്‍ ഇല്ലായിരുന്നു. സബ്ബ് ഇന്‍സ്പെക്ടറുടേയും പൊലീസുകാരുടേയും ജീവന്‍ അപകടത്തിലാണ്. ഉടന്‍ എന്തെങ്കിലും ചെയ്യണം. ഞങ്ങള്‍ നിന്നേടത്തും ധാരാളം കല്ലുകള്‍ കിടക്കുന്നത് പെട്ടെന്ന് കണ്ണില്‍പ്പെട്ടു. ഒരു നിമിഷം ആലോചിച്ചു; എന്നിട്ട് ഞാന്‍ പറഞ്ഞു: ''നമുക്കും കല്ലെടുക്കാം. ഇങ്ങോട്ട് എറി വന്നാല്‍ നമ്മളും തിരിച്ചെറിയും.'' പറഞ്ഞുതീരേണ്ട താമസം, പൊലീസുകാര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തയ്യാര്‍. വല്ലഭന് പുല്ലും ആയുധം എന്നത്, പൊലീസുകാരന് കല്ലും ആയുധം എന്നായി. ഒരു നിമിഷം വൈകാതെ ഞങ്ങള്‍ മുന്നോട്ടു നീങ്ങി. പൊലീസുകാരുടെ മുഴുവന്‍ വിസില്‍ മുഴക്കവും അതിവേഗം നിലത്തുവീഴുന്ന ഷൂസിന്റെ ശബ്ദവും എല്ലാം ചേര്‍ന്ന് വലിയ ആരവത്തോടെ ഞങ്ങള്‍ ഇരുട്ടിലൂടെ മുന്നോട്ടു നീങ്ങി. ഞങ്ങള്‍ക്ക് നേരെ കല്ലൊന്നും വന്നില്ല. അതുകൊണ്ട് തിരിച്ചും എറിയേണ്ടിവന്നില്ല. ഞങ്ങളുടെ മുന്നേറ്റത്തിന് തടസ്സമൊന്നുമില്ലായിരുന്നു. പക്ഷേ, എവിടെ സബ്ബ് ഇന്‍സ്പെക്ടര്‍ രവീന്ദ്രന്‍? എവിടെ പൊലീസുകാര്‍? ആ ചോദ്യത്തിന് ഉത്തരം കിട്ടിയില്ല. ജീപ്പോടിച്ചിരുന്ന ഡ്രൈവര്‍ അലിക്കുട്ടിയും കൂടാതെ രണ്ടോ മൂന്നോ ജില്ലാ ആംഡ് റിസര്‍വ്വിലെ പൊലീസുകാരും മാത്രമാണ് ഉണ്ടായിരുന്നത്. അവരെ കാണാതായതോടെ ഞങ്ങളുടെ ഉല്‍ക്കണ്ഠ കൂടിക്കൂടി വന്നു. അങ്ങനെ പോകുമ്പോള്‍ പെട്ടെന്ന് അതാ കാണുന്നു ചാവക്കാട് പൊലീസ് സ്റ്റേഷന്‍ ജീപ്പ്. റോഡിന് ഒരു വശത്ത് നിയന്ത്രണം വിട്ട് ചരിഞ്ഞ് കിടക്കുന്നതായാണ് കണ്ടത്. ജീപ്പിന്റെ മുന്നിലും അരികിലുമായി വലിപ്പമുള്ള വീപ്പകള്‍ കാണപ്പെട്ടു. ജീപ്പില്‍ അടിക്കുകയും വെട്ടുകയും ചെയ്തപോലുള്ള കുറെ നാശനഷ്ടങ്ങളും ഉണ്ടായിരുന്നു. അവിടെ എന്തൊക്കെയോ സംഭവിച്ചിരിക്കണം എന്നു വ്യക്തം. പക്ഷേ, സബ്ബ് ഇന്‍സ്പെക്ടറേയോ പൊലീസുകാരേയോ ആ പരിസരത്തെങ്ങും കണ്ടില്ല. അങ്ങനെ അന്വേഷിച്ച് നടക്കുന്നതിനിടയില്‍ ഇരുട്ടില്‍നിന്നും അവര്‍  പ്രത്യക്ഷപ്പെട്ടു. ക്ഷീണിതരായി തോന്നിയെങ്കിലും പരിക്കേറ്റ ലക്ഷണമൊന്നും പ്രത്യക്ഷത്തില്‍ കണ്ടില്ല. എന്താണ് സംഭവിച്ചത് എന്ന് അവരില്‍നിന്നു മനസ്സിലാക്കാന്‍ ശ്രമിച്ചു. അവരെല്ലാം വൈകുന്നേരം മുതല്‍ പട്രോളിംഗിലായിരുന്നു. ബി.ജെ.പിക്ക് സ്വാധീനമുണ്ടായിരുന്ന ഇരട്ടപ്പുഴ, ചാപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളിലൂടെ സി.പി.എമ്മുകാരുടെ സാമാന്യം വലിയ ഒരു പ്രതിഷേധ പ്രകടനം ഉണ്ടായിരുന്നു. ഒരു സ്തൂപം മറുപക്ഷം നശിപ്പിച്ചു എന്നതായിരുന്നു കാരണം. പരിസരപ്രദേശത്തുനിന്നുമെല്ലാം ആളുകളെ അണിനിരത്തി അല്പം അക്രമണോത്സുകമായിരുന്നു പ്രകടനം. ''വാട, വാട പോരിനു വാട; അമ്മയെ കണ്ട് മരിക്കില്ല'' തുടങ്ങിയ സ്‌റ്റൈല്‍ മുദ്രാവാക്യങ്ങളാണ് മുഴങ്ങിയത്. അതിനിടെ ബി.ജെ.പി കൊടിതോരണങ്ങളും മറ്റും നശിപ്പിച്ചുവത്രെ. തങ്ങളുടെ ശക്തികേന്ദ്രത്തില്‍ കയറിയുള്ള ഈ പ്രകടനത്തിനെതിരെ ബി.ജെ.പിക്കാരും ഉടന്‍ പ്രതികരിച്ചു. അവരും അനുയായി വൃന്ദങ്ങളെ എല്ലാം സംഘടിപ്പിച്ച് ആര്‍.എസ്.എസ്സുകാര്‍ ഉള്‍പ്പെടെയുള്ളവരുടെ പങ്കാളിത്തത്തോടെ വലിയൊരു പ്രകടനം നടത്തി. ഒരുപക്ഷേ, ഈ ശാക്തിക ബലപരീക്ഷണങ്ങളൊന്നും അറിയാതെ അവിടെ സി.ഐ.ടി.യു ഓഫീസിന്റെ പരിസരത്ത് ലോഡുമായി വന്ന ഒരു ലോറി ഡ്രൈവറും ക്ലീനറും ബി.ജെ.പി ജാഥക്കാരുടെ അക്രമണത്തിനിരയായി. അതില്‍ ഒരാളിന്റെ കാലുകള്‍ക്ക് വെട്ടേറ്റ് ഏതാണ്ട് അറ്റുപോകുന്ന നിലയിലായിരുന്നു. ജാഥക്കാര്‍ പ്രധാന റോഡ് വിട്ട് അവരുടെ ശക്തികേന്ദ്രത്തിലേയ്ക്ക് പോയപ്പോള്‍ ഏതാനും പൊലീസുകാരുമായി എസ്.ഐ പിറകെ പോയി. അപ്രതീക്ഷിതമായി ജീപ്പിനു മുന്നിലേയ്ക്ക് ടാര്‍വീപ്പകള്‍ ഉരുട്ടിവിട്ടപ്പോള്‍ ഡ്രൈവര്‍ അലിക്കുട്ടി ജീപ്പ് നിര്‍ത്താന്‍ ശ്രമിച്ചു. അതിനിടെ ആരോ അയാളിരുന്ന ഭാഗത്ത് വാളുകൊണ്ട് വെട്ടി. ആ വെട്ട് ജീപ്പിന്റെ വശത്താണ് കൊണ്ടത്. പരിഭ്രാന്തനായ ഡ്രൈവറുടെ നിയന്ത്രണം വിട്ട് ജീപ്പ് ഒരു വശത്തേയ്ക്ക് ചരിഞ്ഞു. നാലുഭാഗത്തും അക്രമകാരികള്‍ വളഞ്ഞപ്പോള്‍ ഇരുട്ടിലും ബഹളത്തിലും പൊലീസുകാര്‍ കടുത്ത പ്രതിരോധത്തിലായി. ഒറ്റപ്പെട്ടുപോയ എസ്.ഐയുടെ വയറില്‍ ഒരക്രമി വാള്‍മുന വച്ചുകൊണ്ട് ''കുത്തി കുടല്‍മാല പുറത്തിടും'' എന്ന് ഭീഷണി മുഴക്കി. ''പൊലീസാണ്, ധൈര്യമുണ്ടെങ്കില്‍ അക്രമിച്ചോളു'' എന്ന് പേരെടുത്തു് മറുപടി പറഞ്ഞപ്പോള്‍ അസഭ്യവാക്കുകള്‍ പറഞ്ഞ് അയാള്‍ പിന്‍വാങ്ങി എന്നാണ് എസ്.ഐ പറഞ്ഞത്. ഒറ്റപ്പെട്ടുപോയ പൊലീസ് ഉദ്യോഗസ്ഥര്‍ അല്പം അകലെ ഒരു വീട്ടില്‍ കയറി. ബി.ജെ.പി അനുഭാവിയായിരുന്ന അഡ്വക്കേറ്റ് വേലായുധന്‍ എന്ന ഒരാളിന്റെ വീടായിരുന്നു അത്. ''ഇവിടെ കേറി ആരും അക്രമിക്കില്ല'' എന്നാണ് അദ്ദേഹം പറഞ്ഞത്.

തൊട്ടടുത്ത ദിവസങ്ങളില്‍ പൊലീസ് ആക്ട് പ്രകാരം ജാഥകളും പ്രകടനങ്ങളും എല്ലാം തടഞ്ഞ് കൊണ്ട് ഉത്തരവിറക്കി. അത് കര്‍ക്കശമായി പാലിക്കുകയും ചെയ്തു. അക്രമികളുടെ പേരില്‍ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോയി. സംഘര്‍ഷം മുറ്റിനിന്ന ആ ദിനങ്ങളില്‍ രാഷ്ട്രീയ കൊലപാതകത്തിന്റെ സാദ്ധ്യത പലരും പ്രവചിച്ചു. അതുണ്ടായില്ല എന്നു മാത്രമല്ല, സമാധാനം വേഗത്തില്‍ പുനഃസ്ഥാപിക്കാനും കഴിഞ്ഞു.

വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ ഇന്ത്യന്‍ പൊലീസ് സര്‍വ്വീസില്‍നിന്നും വിരമിക്കുമ്പോള്‍ പഴയ പേപ്പറുകള്‍ തപ്പിയ എന്റെ പൊലീസ് സഹപ്രവര്‍ത്തകന്‍ മണികണ്ഠന്‍ ഒരു കത്ത് കണ്ടെടുത്തു. ചാവക്കാട് സംഭവങ്ങളിലെ പൊലീസ് നടപടികളില്‍ എന്നെ അഭിനന്ദിച്ചുകൊണ്ട് അന്നത്തെ ഡി.ജി.പി ബി.എസ്. ശാസ്ത്രി എഴുതിയ കത്ത്. മറന്നുകിടന്ന താമ്രപത്രം സ്വാതന്ത്ര്യസമര സേനാനിയെ ഏല്പിക്കുന്നപോലെ മണികണ്ഠന്‍ അതെനിക്ക് തന്നു. ശിലായുഗ മനുഷ്യന്റെ ആയുധമാണ് ചാവക്കാട് ഞങ്ങളെ തുണച്ചത് എന്നാരും അറിഞ്ഞിരുന്നില്ല.

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com