പ്രതിയുടെ വഴിയേ നിയമം നീങ്ങുമ്പോള്‍

രാമന്‍കുട്ടിയെ പണ്ടേ ഞാനറിയും. പണ്ടെന്നു പറഞ്ഞാല്‍  കുന്നംകുളത്ത് എ.എസ്.പി ആയിരുന്ന കാലം മുതല്‍. അന്ന് അയാളെന്റെ 'നോട്ടപ്പുള്ളി' ആയത് ഒരു ചെറിയ കൈക്കൂലി പ്രശ്‌നത്തിലാണ്
പ്രതിയുടെ വഴിയേ നിയമം നീങ്ങുമ്പോള്‍

രാവിലെ 9 മണിയോടെ തൃശൂര്‍ ജില്ലാ പൊലീസ് ഓഫീസ് കെട്ടിടത്തിന്റെ താഴെ കാറില്‍ നിന്നിറങ്ങി മുന്നോട്ടു നടക്കുമ്പോള്‍, സിവില്‍ വേഷത്തില്‍ ഒരാള്‍ എന്നെ സൗഹൃദഭാവത്തില്‍ സല്യൂട്ട് ചെയ്തു. ആളെ തിരിച്ചറിഞ്ഞ് ഞാന്‍ ചോദിച്ചു: ''രാമന്‍കുട്ടി എന്താ ഇവിടെ?'' ''പെന്‍ഷന്‍ വാങ്ങാന്‍ വന്നതാണ് സാര്‍'' എന്ന് മറുപടി. ''നിങ്ങള്‍ പെന്‍ഷനായോ'' - ഞാന്‍ ചോദിച്ചു. ''സാറെന്നെ നിര്‍ബ്ബന്ധ പെന്‍ഷന്‍ നല്‍കി പിരിച്ചയച്ചു സാര്‍.'' ഏതാണ്ടൊരു സൗഹൃദഭാവത്തില്‍ തന്നെയാണ് അക്കാര്യവും പറഞ്ഞത്. പെട്ടെന്ന് എല്ലാം മനസ്സില്‍ തെളിഞ്ഞു. രാമന്‍കുട്ടിയെ പണ്ടേ ഞാനറിയും. പണ്ടെന്നു പറഞ്ഞാല്‍  കുന്നംകുളത്ത് എ.എസ്.പി ആയിരുന്ന കാലം മുതല്‍. അന്ന് അയാളെന്റെ 'നോട്ടപ്പുള്ളി' ആയത് ഒരു ചെറിയ കൈക്കൂലി പ്രശ്‌നത്തിലാണ്. രാമന്‍കുട്ടി അന്ന് അന്തിക്കാട് ഹെഡ്‌കോണ്‍സ്റ്റബിള്‍ ആയിരുന്നു. അപകടത്തില്‍പ്പെട്ട ഓട്ടോറിക്ഷാ പൊലീസില്‍നിന്നും വിട്ടുകിട്ടാന്‍ കൈക്കൂലി ആവശ്യപ്പെട്ടത്രെ. ആ കേസ് അയാളായിരുന്നു അന്വേഷിച്ചിരുന്നത്. ഇത്തരം കേസുകളില്‍ പൊലീസ് സ്റ്റേഷനില്‍നിന്ന് വാഹനം വിട്ടുകിട്ടുന്നതിനു ചില കൊടുക്കല്‍വാങ്ങലുകള്‍ ഒക്കെ നാട്ടുനടപ്പായിരുന്നു. സാമര്‍ത്ഥ്യമുള്ള ഉദ്യോഗസ്ഥര്‍ പരാതിക്ക് ഇടകൊടുക്കാതെ അത് നടത്തും. 'സന്തോഷത്തോടെ' കൊടുക്കുന്ന പണം വാങ്ങി സന്തോഷത്തോടെ വാഹന ഉടമ വണ്ടിയുമായി പൊലീസ് സ്റ്റേഷനു പുറത്തുകടക്കും. ചോര പൊടിയാതെ കൃത്യതൂക്കം മാംസം മുറിച്ചെടുക്കുന്ന അഴിമതിയുടെ ആ വിദ്യ രാമന്‍കുട്ടിക്ക് വശമില്ലായിരുന്നിരിക്കണം. അയാളുടെ ഏര്‍പ്പാട് എ.എസ്.പിക്കു തന്നെ പരാതിയായി; അന്വേഷണമായി; അയാള്‍ സസ്‌പെന്‍ഷനിലുമായി. അങ്ങനെയാണയാള്‍ എന്റെ ശ്രദ്ധയില്‍ വന്നത്. പിന്നീട് ഞാന്‍ കുന്നംകുളത്തുനിന്നും പോയി. തട്ടിയും മുട്ടിയും രാമന്‍കുട്ടി മുന്നോട്ടു പോയി. പത്തു വര്‍ഷം കഴിഞ്ഞ് ഞാന്‍ തൃശൂരില്‍ എത്തുമ്പോള്‍ രാമന്‍കുട്ടി അസിസ്റ്റന്റ് സബ്ബ് ഇന്‍സ്പെക്ടര്‍. പലേടത്തും ഡ്യൂട്ടിക്കിടയില്‍ ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. അപ്പോഴെല്ലാം അല്പം അല്ല, ഏറെ സംഘര്‍ഷത്തിലാണ് അയാള്‍ കാണപ്പെട്ടിട്ടുള്ളത്. പഴയ കഥകള്‍  എനിക്കറിയാം എന്ന ധാരണയാകാം സംഘര്‍ഷത്തിനു പിന്നില്‍. 

അങ്ങനെ മുന്നോട്ടു പോകവേ ഒരു സംഭവമുണ്ടായി. അത് അരങ്ങേറിയത് ചെറുതുരുത്തി പൊലീസ് സ്റ്റേഷനു മുന്നിലായിരുന്നു. ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ചാണ് എന്നെ വിവരം അറിയിച്ചത്. അവിടെ പൊലീസ് സ്റ്റേഷനു മുന്നില്‍ റോഡില്‍നിന്ന് ഒരാള്‍ സ്റ്റേഷന്റെ ചുമതലക്കാരനായ സബ്ബ് ഇന്‍സ്പെക്ടറെ ഉച്ചത്തില്‍ അസഭ്യം പറയുന്നു. സാക്ഷാല്‍ രാമന്‍കുട്ടിയായിരുന്നു അത്. അയാള്‍ അവിടെ  അസിസ്റ്റന്റ് സബ്ബ് ഇന്‍സ്പെക്ടര്‍. ''ഈ...കൊള്ളാവുന്ന ഒരു കേസും എനിക്ക് തരുന്നില്ല. അതെല്ലാം ആ...തന്നെ എടുക്കും. ഗതികിട്ടാത്ത ഓരോ കേസ് അന്വേഷിക്കാന്‍ എനിക്ക് തരും.'' ഇതാണ് ആവലാതിയുടെ ഹൃദയഭാഗം. മുകളില്‍ പൂരിപ്പിക്കാത്ത ഭാഗം മുഴുവന്‍ സബ്ബ് ഇന്‍സ്പെക്ടര്‍ക്ക് രാമന്‍കുട്ടി ചാര്‍ത്തിക്കൊടുത്ത വിശേഷണങ്ങളാണ്. അതറിയണമെങ്കില്‍ 'ചുരുളി' സിനിമ കണ്ടാല്‍ മതി. കേസുകള്‍ക്ക് നിയമത്തിലില്ലാത്ത ഒരു അലിഖിത ക്ലാസ്സിഫിക്കേഷന്‍ പൊലീസ് സ്റ്റേഷനുകളിലുണ്ട്; കൊള്ളാവുന്നതും ഗതികിട്ടാത്തതും. ഒന്നാമത്തെ ഇനത്തിനാണ് പൊലീസ് സ്റ്റേഷനില്‍ ഡിമാന്റ്. വാഹനാപകടം പോലുള്ളവ കൊള്ളാവുന്നവയാണ്. അന്വേഷണ ഉദ്യോഗസ്ഥന്‍ തല്പരനാണെങ്കില്‍ സാമ്പത്തിക  നേട്ടമുണ്ടാകും. ആറ്റില്‍ ഒഴുകിവന്ന അജ്ഞാത മൃതദേഹം പൊലീസ് സ്റ്റേഷനിലും ഗതികിട്ടാത്ത കേസാണ്. തനിക്ക് ഗതികിട്ടാത്ത കേസുകള്‍ മാത്രം നല്‍കുന്നതിലുള്ള  രോഷം  മദ്യം ഉള്ളില്‍ ചെന്നപ്പോള്‍ രാമന്‍കുട്ടിയില്‍ അണപൊട്ടി. അത് മെഡിക്കല്‍ പരിശോധനയും അന്വേഷണവുമായി. എ.എസ്.ഐയെ ഞാന്‍ സസ്പെന്റ് ചെയ്തു. തുടര്‍ന്ന് അച്ചടക്കനടപടിയുടെ ഭാഗമായ അന്വേഷണം നടന്നു. പരസ്യമായിട്ടല്ലേ സബ്ബ് ഇന്‍സ്പെക്ടറെ അസഭ്യം പറഞ്ഞത്. അന്വേഷണത്തില്‍  കുറ്റമെല്ലാം തെളിഞ്ഞു. ആ കൃത്യം ഗൗരവമായി കാണാതെ വയ്യ. നാട്ടിലെ പ്രശ്‌നക്കാരെയെല്ലാം നിലയ്ക്ക് നിര്‍ത്താന്‍ കഴിയേണ്ടവനാണ് പൊലീസ് സ്റ്റേഷന്‍ ചുമതലക്കാരനായ സബ്ബ് ഇന്‍സ്പെക്ടര്‍. ആ ഉദ്യോഗസ്ഥനെ പൊലീസ് സ്റ്റേഷന്റെ മുന്നില്‍ നാട്ടുകാര്‍ കേള്‍ക്കെ സ്വന്തം എ.എസ്.ഐ ആക്ഷേപിച്ചാല്‍ അത് ഗൗരവമായി കണ്ടേ മതിയാകൂ. ആദ്യം  പിരിച്ചുവിടാന്‍ നോട്ടീസ് നല്‍കി. അവസാനം നിര്‍ബ്ബന്ധിത പെന്‍ഷന്‍ നല്‍കി പിരിച്ചുവിട്ട് ഫയലില്‍ ഒപ്പിട്ടു. അപ്രതീക്ഷിതമായി രാമന്‍കുട്ടിയെ  കണ്ടപ്പോള്‍ എല്ലാം ഓര്‍ത്തു. ആളെ നേരിട്ട് വീണ്ടും കണ്ടപ്പോള്‍ മനസ്സില്‍ വിഷമം തോന്നി. ആ പിരിച്ചുവിടല്‍ അമിതാവേശത്തിന്റെ ഉല്പന്നമായിരുന്നില്ല. സാമാന്യം നന്നായി വസ്തുതകള്‍ വിലയിരുത്തി സമചിത്തതയോടെ എടുത്ത തീരുമാനം തന്നെ ആയിരുന്നു. അയാളുടെ തെറ്റുകളോട് കടുത്ത എതിര്‍പ്പുണ്ടായിരുന്നെങ്കിലും ലേശം മൃദുഭാവവും എന്റെ ഉള്ളിലുണ്ടായിരുന്നു.  കേസ് അന്വേഷണത്തിലും മറ്റും അയാളെക്കാള്‍ വലിയ അഴിമതി നടത്തുന്നവര്‍ പൊലീസിലുണ്ടായിരുന്നുവെന്ന് എനിക്കറിയാം. പിടിക്കപ്പെടാതെ, മൃദുഭാവേ ആ കൃത്യം നിര്‍വ്വഹിക്കാനുള്ള വൈഭവം അവര്‍ക്കുണ്ട്. അതിലുള്ള പരാജയമായിരുന്നു രാമന്‍കുട്ടിയെ ഇടയ്ക്കിടെ കുഴപ്പത്തില്‍ ചാടിച്ചത് എന്ന്  ഞാന്‍ സംശയിച്ചു. ഏതായാലും പെന്‍ഷന്‍ വാങ്ങാന്‍ വന്ന രാമന്‍കുട്ടിയെ എന്റെ കൂടെ വരാന്‍ പറഞ്ഞു. അയാളും പടികയറി ഓഫീസില്‍ വന്നു. ഇരിക്കാന്‍ പറഞ്ഞപ്പോള്‍ അല്പം അറച്ചെങ്കിലും ഇരുന്നു. ആദ്യമായിട്ടായിരിക്കണം ഇരിക്കുന്നത്. ഉള്ളതു പറഞ്ഞാല്‍ യൂണിഫോമില്‍നിന്നും മോചനം നേടിയതിന്റെ സ്വാതന്ത്ര്യം അയാള്‍ ഇഷ്ടപ്പെടുന്നതായി എനിക്കു തോന്നി. അയാളുടെ കുടുംബത്തെപ്പറ്റിയും സാമ്പത്തിക സാഹചര്യത്തെപ്പറ്റിയും ഞാന്‍ ചോദിച്ചു. ഒരു മകന്‍ ഗള്‍ഫില്‍ പോയിരുന്നു. ഒരാള്‍ കോളേജില്‍ പഠിക്കുന്നു. വലിയ ബുദ്ധിമുട്ടില്ല എന്നായിരുന്നു അയാളുടെ വിലയിരുത്തല്‍. അയാള്‍ക്ക് അപ്പോള്‍ നാലുവര്‍ഷം കൂടി സര്‍വ്വീസ് ബാക്കിയുണ്ട്. ''നിങ്ങള്‍ക്ക് അപ്പീല്‍ നല്‍കാമല്ലോ'' എന്ന് ഞാന്‍ പറഞ്ഞു. ''വേണ്ട സാര്‍'' എന്നായിരുന്നു അയാളുടെ മറുപടി. അതെനിക്ക് അത്ഭുതകരമായി തോന്നി. സാധാരണയായി അച്ചടക്കകാര്യങ്ങളില്‍ ശിക്ഷണ അധികാരികള്‍ കര്‍ശനനിലപാട് എടുക്കുമെന്നും എന്നാല്‍ അപ്പീല്‍ അപേക്ഷയില്‍ കുറേക്കൂടി ഉദാരമായ സമീപനം ഉണ്ടാകുമെന്നും ഞാന്‍ പറഞ്ഞു. തൃശൂര്‍ ഡി.ഐ.ജിക്കായിരുന്നു അപ്പീല്‍ നല്‍കേണ്ടിയിരുന്നത്. അന്ന് മഹേഷ്‌കുമാര്‍ സിംഗ്ല സാര്‍  ആയിരുന്നു ഡി.ഐ.ജി. അദ്ദേഹത്തോട് ''നിങ്ങളെ തിരിച്ചെടുക്കാന്‍ ഞാന്‍ തന്നെ ശുപാര്‍ശ ചെയ്യാ''മെന്നും ''എന്റെ വാക്ക്  അദ്ദേഹം പരിഗണിക്കും'' എന്നെല്ലാം പറഞ്ഞുനോക്കിയെങ്കിലും ''വേണ്ട സാര്‍'' എന്ന നിലപാടില്‍ത്തന്നെ നിന്നു രാമന്‍കുട്ടി.  അവസാനം ഞാന്‍ ഒരു നിര്‍ദ്ദേശം മുന്നോട്ടുവച്ചു. ''നിങ്ങള്‍ വീട്ടില്‍ പോയി ഭാര്യയോടും മക്കളോടും എല്ലാം ഇക്കാര്യം സംസാരിക്കുക. നന്നായി ആലോചിച്ച ശേഷം രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും എന്നെ വന്നു കാണുക. നാലുവര്‍ഷത്തെ സര്‍വ്വീസ് നഷ്ടപ്പെടുത്തേണ്ട.'' അങ്ങനെ പോയ രാമന്‍കുട്ടി കൃത്യം രണ്ടാഴ്ചകഴിഞ്ഞ് ഓഫീസില്‍ വന്നു. ''വേണ്ട സാര്‍'' എന്ന മറുപടിയില്‍ മാറ്റമുണ്ടായില്ല. തിരികെ കേറിയാല്‍ വീണ്ടും പ്രശ്‌നത്തില്‍ ചെന്നു ചാടി പെന്‍ഷന്‍ കൂടി ഇല്ലാതാകുമോ എന്ന ഭയമാണോ, സര്‍വ്വീസ് നിയന്ത്രണങ്ങളില്‍നിന്നും പുറത്തുകടന്നപ്പോള്‍ തോന്നിയ സ്വാതന്ത്ര്യമാണോ, അതോ മറ്റു വല്ലതുമായിരുന്നുവോ ആ തീരുമാനത്തിനു പിന്നില്‍ എന്നെനിക്കറിയില്ല.  കടുത്തശിക്ഷ നല്‍കിയതില്‍  എനിക്കെതിരെ ഒരു വികാരവും അയാളില്‍ കണ്ടില്ല.

ഒരു സങ്കീര്‍ണ നിയമപ്രശ്‌നം

അടിസ്ഥാനപരമായി കുറ്റാന്വേഷണവുമായി ബന്ധപ്പെട്ട അഴിമതിയും അധികാര ദുര്‍വിനിയോഗവും ഒക്കെയാണ് അയാളെ പ്രശ്നങ്ങളില്‍ ചാടിച്ചത്. പക്ഷേ, പൊലീസ് സംവിധാനത്തില്‍ ഇതിനേക്കാളൊക്കെ  എത്രയോ വലിയ  അധികാര ദുര്‍വിനിയോഗം നടന്ന കേസ് തൃശൂരില്‍ തന്നെ ഉണ്ടായിരുന്നു.  ആദ്യം അത് അവിശ്വസനീയമായി തോന്നി. പക്ഷേ, സംഭവം സത്യമായിരുന്നു. ഏതാണ്ട്, സങ്കീര്‍ണ്ണമായ ഒരു നിയമപ്രശ്‌നം എന്ന നിലയിലാണ്  എസ്.പി ആയി അവിടെ എത്തി അധികം വൈകുംമുന്‍പേ വിഷയം എന്റെ ശ്രദ്ധയില്‍ വന്നത്. സാധാരണയില്‍ കൂടുതല്‍ കനമുള്ള ഫയലായിരുന്നു അത്. ഫയലിന്റെ വണ്ണം കൂടുന്തോറും അടിസ്ഥാനവിഷയത്തില്‍ നടപടി കുറവായിരിക്കും എന്നാണ് അനുഭവം. എന്നുമാത്രമല്ല, ചിലപ്പോള്‍ വിഷയം തന്നെ മാറിപ്പോകും. അതുതന്നെയാണ് ഇവിടെയും സംഭവിച്ചിരുന്നത്. മുന്നിലിരുന്ന ഫയലിന്റെ വര്‍ത്തമാനകാലം നോക്കിയാല്‍ അതൊരു സങ്കീര്‍ണ്ണ നിയമപ്രശ്‌നം ആണെന്നു തോന്നും. കൃത്യമായി പറഞ്ഞാല്‍ ക്രിമിനല്‍ പ്രൊസീഡിയര്‍ കോഡിന്റെ 482-ാം  വകുപ്പാണ് ഇപ്പോഴത്തെ  വിഷയം. നീതി ഉറപ്പാക്കാന്‍ ഹൈക്കോടതിക്കു വിനിയോഗിക്കാവുന്ന സവിശേഷ അധികാരത്തെക്കുറിച്ചുള്ളതാണ് ആ വകുപ്പ്. ഫയലിന്റെ ഭൂതകാലത്തിലേയ്ക്ക് കടന്നാലെ യഥാര്‍ത്ഥ വിഷയം  മനസ്സിലാകൂ.  

അതൊരു ദാരുണസംഭവം ആയിരുന്നു;  ഒരു കൗമാരക്കാരന്റെ ജീവനെടുത്ത കുറ്റകൃത്യം. അതുണ്ടായത് ഞാന്‍ എസ്.പിയായി തൃശൂരില്‍ എത്തുന്നതിനും ഏറെ മുന്‍പാണ്. വലപ്പാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. അവിടെ ഒരു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചിരുന്നു. അതേത്തുടര്‍ന്ന് ആ മേഖലയില്‍ ഹര്‍ത്താല്‍ നടന്നു. ഹര്‍ത്താലിനോട് അനുബന്ധിച്ച് തൃപ്രയാര്‍-കൊടുങ്ങല്ലൂര്‍ റോഡില്‍ വാഹനങ്ങള്‍ തടഞ്ഞിരുന്നു. അതിനിടയില്‍  ഒരു അംബാസിഡര്‍ കാര്‍ ആ വഴിവന്നു. ഒരു സ്വകാര്യ കോട്ടണ്‍മില്‍ ഉടമയുടേതായിരുന്നു ആ കാര്‍. വാഹനം തടയാന്‍ വന്നതില്‍  ഒരു യുവാവ്  വണ്ടി തട്ടി പരുക്കേറ്റ്,  അധികം കഴിയും മുന്‍പേ മരണപ്പെട്ടു എന്നായിരുന്നു പൊലീസിന്റെ കേസ് ഡയറി.  ഹര്‍ത്താലിനിടെ ഉണ്ടായ അപ്രതീക്ഷിത സംഭവമാണെങ്കിലും ഒരു യുവാവിന്റെ ജീവന്‍ നഷ്ടപ്പെട്ട കേസാണ്. ആ നിലയ്ക്ക് അത് ഗൗരവമായി അന്വേഷിക്കേണ്ടതാണ്. പട്ടാപ്പകല്‍ നടന്ന സംഭവത്തിനു ധാരാളം ദൃക്സാക്ഷികളുണ്ടായിരുന്നു.  അതുകൊണ്ടുതന്നെ എന്താണ് ഉണ്ടായതെന്നും ആരാണ് വാഹനം ഓടിച്ചിരുന്നതെന്നും കണ്ടെത്താന്‍ പൊലീസിന് ഒരു ബുദ്ധിമുട്ടും ഉണ്ടാകേണ്ടതില്ല. പക്ഷേ, കാര്യങ്ങളുടെ ഗതി മാറി. ഏറെക്കാലം കഴിഞ്ഞ് കേസ് വിചാരണയ്ക്ക് കോടതിയില്‍ വന്നപ്പോള്‍ സംഭവത്തിന്റെ ദൃക്സാക്ഷികള്‍ ഞെട്ടി. സംഭവസമയം വാഹനം ഓടിച്ചിരുന്ന ആളെ അവരെല്ലാം കണ്ടതാണ്. അത് തൃശൂരില്‍ തന്നെയുള്ള സ്വകാര്യ കോട്ടണ്‍മില്ലിന്റെ ഉടമ ആയിരുന്നു. ആറടിയോളം ഉയരവും ഒത്തവണ്ണവുമുള്ള തടിച്ച മനുഷ്യനായിരുന്നു അയാള്‍. പക്ഷേ, കോടതിയില്‍ കേസ് വിചാരണയ്ക്ക് വന്നപ്പോള്‍  പ്രതിക്കൂട്ടില്‍ കണ്ടത് ഒരു കൃശഗാത്രനെയായിരുന്നു. 

ആ മനുഷ്യനെ ചൂണ്ടി ദൃക്സാക്ഷികള്‍ ഓരോരുത്തരായി പറഞ്ഞു: ''ഇയാളായിരുന്നില്ല കാര്‍ ഓടിച്ചിരുന്നത്.'' മില്ലുടമയ്ക്കു പകരം ഡ്രൈവറായിരുന്നു പ്രതിക്കൂട്ടില്‍. അയാളായിരുന്നു പൊലീസ് അന്വേഷിച്ച് കണ്ടെത്തിയ കുറ്റവാളി. അതൊരു വല്ലാത്ത കണ്ടെത്തല്‍ ആയിപ്പോയി. ഏതായാലും പൊലീസ് കണ്ടെത്തിയ 'കുറ്റവാളി'യുടെ നിരപരാധിത്വം ബോദ്ധ്യമായ കോടതി, വിചാരണ അവസാനിപ്പിച്ച് അയാളെ കുറ്റാരോപണത്തില്‍നിന്നു മുക്തനാക്കി ഉത്തരവിട്ടു.  ഹര്‍ത്താലിനിടയില്‍ പകല്‍സമയത്ത് ധാരാളം ആളുകളുടെ സാന്നിദ്ധ്യത്തില്‍ നടന്ന കാര്യങ്ങളാണ് ഒരു യുവാവിന്റെ മരണത്തില്‍ കലാശിച്ചത്. അത്തരം ഒരു കേസില്‍ ഇത്രയൊക്കെ സംഭവിച്ചെങ്കിലും സാമൂഹ്യമോ രാഷ്ട്രീയമോ ആയ ഒരു പ്രതികരണവും അതുണ്ടാക്കിയതായി അറിയില്ല. അങ്ങനെ നിശബ്ദമായി കാലം കഴിയുമ്പോള്‍ ആര്‍ക്കും വേണ്ടാതായിക്കഴിഞ്ഞിരുന്ന ആ യുവാവിന്റെ മരണം മറ്റൊരു ഫയലായി പൊലീസിന്റേയും കോടതിയുടേയും രേഖകളില്‍ സുഖസുഷുപ്തിയിലമര്‍ന്നു. 

ഒരാള്‍ക്കു  മാത്രം ഉറങ്ങാനായില്ല, മരിച്ച യുവാവിന്റെ അച്ഛന്. സ്വന്തം മകനു നീതിക്കായി കോടതിയില്‍ പരാതി നല്‍കിയെങ്കിലും പാതിവഴിയില്‍വച്ച് ആ മനുഷ്യന്‍ മരിച്ചുപോയി. അതോടെ അനാഥമായ  ആ പരാതി എങ്ങുമെത്താതെ അവസാനിച്ചു. ഇരിങ്ങാലക്കുടയില്‍ എ.എസ്.പിയായി വിനോദ് തോമസ് വന്നപ്പോഴാണ് ഫയല്‍ പതുക്കെ നിദ്രയില്‍ നിന്നുണര്‍ന്നത്. യഥാര്‍ത്ഥ കുറ്റവാളി ആരാണെന്നു നാട്ടില്‍ അറിയാമായിരുന്നിട്ടും അയാളെ തൊടാനാവാതെ നിയമം നിസ്സഹായമായി നില്‍ക്കുന്നത് എ.എസ്.പിക്ക് ഇഷ്ടപ്പെട്ടില്ലെന്നു തോന്നുന്നു. ചെറുപ്പക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ചിലപ്പോള്‍ അങ്ങനെ തോന്നാം. അയാളുടെ വിചാരങ്ങള്‍ കത്ത് രൂപേണ എസ്.പിക്ക് അയച്ചു. ദീര്‍ഘനിദ്രയില്‍നിന്നുണര്‍ന്ന ഫയല്‍ പതുക്കെ ചലിച്ചുതുടങ്ങി. ക്രമേണ അതൊരു നിയമത്തിന്റെ കീറാമുട്ടിയായി പരിണമിച്ചിരുന്നു. ഒരിക്കല്‍ ഒരാളെ പ്രതിയെന്ന് പറഞ്ഞ് പൊലീസ് അറസ്റ്റ് ചെയ്തതാണ്. വിചാരണയും കുറേ മുന്നോട്ടുപോയി. കോടതി അയാളെ കുറ്റവിമുക്തനാക്കിയതാണ്. പിന്നെ എങ്ങനെ പുതിയ പ്രതിയെ അറസ്റ്റ് ചെയ്യാനാകും? ഇങ്ങനെ കുറെ ചോദ്യങ്ങളുമായി കത്തുകളും റിപ്പോര്‍ട്ടുകളും തൃശൂര്‍ എസ്.പി. ഓഫീസില്‍നിന്ന് മുകളിലോട്ടും താഴോട്ടും പൊയ്ക്കൊണ്ടിരുന്നതല്ലാതെ ഫലത്തില്‍ ഒന്നും സംഭവിച്ചിരുന്നില്ല. അതിനിടെ ഈ വിഷയം വീണ്ടും ഉയര്‍ത്തിയ എ.എസ്.പി വിനോദ് തോമസ്  മാറിപ്പോയി. എസ്.പിയും പലവട്ടം  മാറി. തൃശൂരില്‍ പുതുതായി എത്തിയ എന്റെ മേശപ്പുറത്ത്  ഈ വിഷയം തടിച്ചുകൊഴുത്ത ഫയലായി പ്രത്യക്ഷപ്പെട്ടു. ക്രിമിനല്‍ പ്രൊസീഡിയര്‍ കോഡിലെ 482-ാം വകുപ്പ് പ്രകാരമുള്ള ഹൈക്കോടതിയുടെ പ്രത്യേക അധികാരം വിനിയോഗിച്ച് യഥാര്‍ത്ഥ കുറ്റവാളിക്കെതിരെ നടപടി സ്വീകരിക്കാനുള്ള സാധ്യതയിലാണ് അവസാനം എത്തിനിന്നിരുന്നത്. 

നിയമത്തിന്റെ സങ്കീര്‍ണ്ണതയിന്മേല്‍ മുഴുകാന്‍ തുടങ്ങുന്നതിനു മുന്‍പ് യഥാര്‍ത്ഥത്തില്‍ ആ കേസില്‍ എന്താണ് ഉണ്ടായതെന്നു മനസ്സിലാക്കാന്‍ ശ്രമിച്ചു. അതിനു വലിയ ബുദ്ധിമുട്ടൊന്നുമില്ലായിരുന്നു. പല ഉദ്യോഗസ്ഥര്‍ക്കും കാര്യങ്ങള്‍ അറിയാമായിരുന്നു. വാഹനാപകടത്തില്‍ സംഭവിച്ച മരണം  എന്ന നിലയിലായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. അപകടമാണെങ്കില്‍പ്പോലും ആ വാഹനം പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവന്ന് പരിശോധിക്കും. മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരെക്കൊണ്ടും പരിശോധിപ്പിക്കും. ഇവിടെ വാഹനം, സംഭവം നടന്ന വലപ്പാട് പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവന്നിട്ടില്ല. രഹസ്യമായി പുതുക്കാട് പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കി, ആവശ്യമായ രേഖകള്‍ എല്ലാം തയ്യാറാക്കിയെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇതൊന്നും കേട്ടുകേള്‍വിപോലും ഉണ്ടായിരുന്ന ഏര്‍പ്പാടുകളല്ല. ചുരുക്കത്തില്‍ കേസ് അന്വേഷണം തുടക്കം മുതല്‍ ഒടുക്കം വരെ വഴിതെറ്റി എന്നുമാത്രമല്ല, അതില്‍ വല്ലാത്ത രഹസ്യാത്മകത നിറഞ്ഞുനിന്നു. കേസ് അന്വേഷണത്തില്‍ ചെറുതും വലുതുമായ ഇടപെടലുകള്‍ അപൂര്‍വ്വമല്ല. ചില ഇടപെടലുകള്‍ അന്വേഷണത്തെ തെറ്റായി സ്വാധീനിക്കാറുമുണ്ട്. പക്ഷേ, ഇവിടെ അതില്‍നിന്നൊക്കെ വ്യത്യസ്തമായ തലത്തിലുള്ള ദുഃസ്വാധീനം പ്രകടമായിരുന്നു. കേസ് ഡയറി പ്രകാരം കേസ് അന്വേഷണം നടത്തിയത് ഒരു സബ്ബ് ഇന്‍സ്പെക്ടറായിരുന്നു. പൊലീസുകാരനായി ചേര്‍ന്ന് സര്‍വ്വീസിന്റെ അവസാനകാലം പ്രമോഷനിലൂടെ ആ റാങ്കിലെത്തിയതായിരുന്നു ആ ഉദ്യോഗസ്ഥന്‍. ഇത്രയും വലിയ തിരിമറി നടത്താന്‍ അയാള്‍ മാത്രം വിചാരിച്ചാല്‍ കഴിയില്ലെന്നു വ്യക്തം. ആ മനുഷ്യന്‍ വെറുമൊരു ഉപകരണം മാത്രം ആയിരിക്കണം. യഥാര്‍ത്ഥ സൂത്രധാരന്മാര്‍ മറ്റാരൊക്കെയോ ആയിരുന്നിരിക്കണം. കേസ് അന്വേഷണത്തെ ഇത്രത്തോളം വഴിപിഴപ്പിക്കാന്‍ കഴിഞ്ഞതിന്റെ ഗുണം ലഭിച്ചത് രാഷ്ട്രീയമായും സാമ്പത്തികമായും വലിയ സ്വാധീനമുള്ള ഒരു വ്യക്തിക്കായിരുന്നു. ജനാധിപത്യത്തില്‍ രാഷ്ട്രീയം, സമ്പത്ത്, നിയമം എന്നത് മൂന്നും അധികാരത്തിന്റെ സ്രോതസ്സുകളാണല്ലോ. ഇവിടെ കുറ്റകൃത്യത്തിനിരയായി ജീവന്‍ നഷ്ടപ്പെട്ട വ്യക്തിയുടെ പ്രവര്‍ത്തനവും രാഷ്ട്രീയമായിരുന്നു. എന്നിട്ടും നിയമത്തെ പൂര്‍ണ്ണമായി വരുതിക്കു വരുത്താന്‍ സമ്പത്തിനു കഴിഞ്ഞു. രാഷ്ട്രീയവും അവിടെ നിശബ്ദമാകുകയോ അതിനു കൂട്ടുനിന്നുവെന്നോ വേണം കരുതാന്‍. നിയമവും രാഷ്ട്രീയവും സമ്പത്തിന് കീഴ്പ്പെടുമ്പോഴാണ് ഇത്രയ്ക്ക് പ്രകടമായ, ഗുരുതരമായ അധികാര ദുര്‍വിനിയോഗത്തിലൂടെ നീതിന്യായ വ്യവസ്ഥയെ അപഹാസ്യമാക്കുന്ന  അവസ്ഥയിലേയ്ക്ക് തള്ളിവിടാനാകുക. നിയമപരമായും ഭരണപരമായും ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം  പൊലീസിനു തന്നെയാണ്. ഇത്തരം ഒരവസ്ഥ സൃഷ്ടിച്ച ശേഷം, വര്‍ഷങ്ങള്‍ കഴിഞ്ഞ് ഇനി പ്രശ്‌നപരിഹാരത്തിന് ഹൈക്കോടതിയെ പൊലീസ് തന്നെ സമീപിക്കുക എന്ന രീതിയിലായിരുന്നു എന്റെ മുന്നിലെത്തിയ ഫയലിന്റെ അവസ്ഥ. അതിനോട് എനിക്ക് യോജിപ്പുണ്ടായില്ല.  അനവധി വര്‍ഷങ്ങള്‍ വീണ്ടും നീണ്ടുപോകും എന്നതല്ലാതെ ഇരയ്ക്ക് നീതികിട്ടുന്നതിന് സഹായിക്കാന്‍ സാധ്യത കുറവാണ്. യഥാര്‍ത്ഥ കുറ്റവാളി ശിക്ഷിക്കപ്പെടണമെന്ന ആഗ്രഹം കൊല്ലപ്പെട്ട യുവാവിന്റെ  പിതാവിനു മാത്രമായിരുന്നു. പക്ഷേ, നിര്‍ദ്ധനനായ ആ മനുഷ്യന്‍ മരണമടഞ്ഞശേഷം ഒരാളും അതിന്റെ പിറകെ വന്നില്ല. ആ അവസ്ഥയില്‍  എന്താണ് വഴി എന്നതിനെക്കുറിച്ച് ഞാന്‍ പലരോടും ചര്‍ച്ചചെയ്തു. പക്ഷേ, ഇതിനു സമാനമായ ഒരു കേസ് ആരുടേയും അറിവിലുണ്ടായിരുന്നില്ല. 

അധികം വൈകാതെ ഒരു വഴി തെളിഞ്ഞുവന്നു. ഉള്ളതു പറഞ്ഞാല്‍, അതല്പം വളഞ്ഞവഴി ആയിരുന്നു; പക്ഷേ, അസാധാരണ  സാഹചര്യങ്ങളില്‍ അസാധാരണ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണമല്ലോ. ഞാന്‍ കണ്ടെത്തിയ മാര്‍ഗ്ഗം ഒരു പുതിയ എഫ്.ഐ.ആര്‍ ഇടുക എന്നതായിരുന്നു. ഒരു സംഭവത്തിന് രണ്ടു കേസ് എങ്ങനെ സാദ്ധ്യമാകും എന്നു ചോദിച്ചാല്‍ അത് സാദ്ധ്യമല്ലെന്ന് ഏത് പൊലീസുകാരനും അറിയാം. പക്ഷേ, ഇവിടെ ചെറിയൊരു സാങ്കേതികത്വം പ്രയോജനപ്പെടുത്തിയാണ് മുന്നോട്ടു പോകാന്‍ ശ്രമിച്ചത്. എന്റെ മുന്നില്‍ വന്ന ഫയലില്‍നിന്നും യുവാവിന്റെ മരണത്തിനിടയായ കുറ്റകൃത്യം ചെയ്തത് അവിടുത്തെ കോട്ടണ്‍ മില്‍ ഉടമയാണെന്നും മറ്റുമുള്ള വിവരം വ്യക്തമായിരുന്നു. എന്നാല്‍, ആ കൃത്യത്തിന് അയാള്‍ ഒരു നിയമ പ്രക്രിയയ്ക്കും വിധേയമായിരുന്നില്ല. അത് കണക്കിലെടുത്ത് ആ മില്ലുടമയുടെ കുറ്റകരമായ പ്രവൃത്തിക്കെതിരെ കേസെടുക്കാന്‍ എസ്.പി ആയ ഞാന്‍ തന്നെ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കി. അതിന്റെ അടിസ്ഥാനത്തില്‍ പുതിയ കേസ്  എടുത്തു.  അന്വേഷണം വലപ്പാട് സി.ഐ ആയിരുന്ന ഉണ്ണിരാജനെ ഏല്പിച്ചു. തെറ്റായ ഒരു സ്വാധീനത്തിനും വഴങ്ങാതെ ധൈര്യമായി മുന്നോട്ടു പോകാന്‍ പ്രാപ്തനായിരുന്നു ഉണ്ണിരാജന്‍. പുതിയ എഫ്.ഐ.ആര്‍ എടുക്കുമ്പോള്‍ ഞാന്‍  കരുതിയത്,  അതിന്റെ നിയമസാധുത ഹൈക്കോടതിയില്‍ ചോദ്യം ചെയ്യപ്പെടും എന്നാണ്. പക്ഷേ, അതുണ്ടായില്ല. സംഭവിച്ചത് മറ്റൊന്നാണ്. പുതിയ കേസിന്റെ അന്വേഷണം ആരംഭിച്ചതോടെ ആ സംഭവത്തിലെ യഥാര്‍ത്ഥ പ്രതി മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍ അഭയം പ്രാപിച്ചു. സ്വതന്ത്രമായ അന്വേഷണമായപ്പോള്‍ യഥാര്‍ത്ഥ കുറ്റവാളി അപകടസാദ്ധ്യത മനസ്സിലാക്കി. ഹര്‍ത്താലിനിടയില്‍ വാഹനം തടഞ്ഞപ്പോള്‍ അവിചാരിതമായി ഉണ്ടായ സംഭവത്തിലാണ് ആ യുവാവിന്റെ ജീവന്‍ നഷ്ടപ്പെട്ടത്. അത് മനപ്പൂര്‍വ്വം നടത്തിയ കൊലപാതകമൊന്നുമായിരുന്നില്ല. എങ്കിലും വസ്തുതകളുടെ അടിസ്ഥാനത്തില്‍ 304 ഐ.പി.സി വകുപ്പില്‍പ്പെടുന്ന നരഹത്യ എന്ന കുറ്റം വ്യക്തമായി. വാഹനം നിയന്ത്രണമില്ലാതെ ഓടിച്ചതില്‍വെച്ച് സംഭവിച്ച അപകടമരണം എന്ന നിലയിലായിരുന്നു പൊലീസ് അന്വേഷണത്തില്‍ ആദ്യം എത്തിച്ചേര്‍ന്നിരുന്നത്. എന്നാല്‍, സത്യം അതായിരുന്നില്ല. വാഹനം നിര്‍ത്തിയപ്പോള്‍ ഡ്രൈവറുടെ വശത്തു നിന്ന യുവാവിനെ ശക്തിയായി പിടിച്ചുതള്ളിയപ്പോള്‍ തലയിടിച്ച് വീണതിനാലാണ് അയാളുടെ മരണം സംഭവിച്ചത്.  അത് പൊലീസില്‍നിന്നും ജാമ്യം ലഭിക്കാത്ത കുറ്റകൃത്യമായി. ഹൈക്കോടതിയില്‍ ജാമ്യാപേക്ഷയെ പൊലീസ് എതിര്‍ത്തുവെങ്കിലും വ്യവസ്ഥകള്‍ക്കു വിധേയമായി കോടതി ജാമ്യം അനുവദിച്ചു. ഏറെ കാലതാമസമുണ്ടായിട്ടും അന്വേഷണത്തില്‍ കൃത്യമായി തെളിവുകള്‍ കണ്ടെത്താന്‍ സി.ഐയ്ക്ക് കഴിഞ്ഞു. ആദ്യ അന്വേഷണത്തില്‍ വ്യാജത്തെളിവുകള്‍ സൃഷ്ടിച്ച് യഥാര്‍ത്ഥ കുറ്റവാളിയെ രക്ഷിച്ച എസ്.ഐയേയും അക്കാര്യത്തിനു കേസില്‍ പ്രതിചേര്‍ത്തു. ഉണ്ണിരാജനെ ഏല്പിച്ച ശേഷം എനിക്ക് അതില്‍ തിരിഞ്ഞുനോക്കേണ്ടിവന്നില്ല. അദ്ദേഹം സൂക്ഷ്മതയോടെ അന്വേഷിച്ച് കൃത്യമായി തെളിവുകള്‍ കണ്ടെത്തി യഥാര്‍ത്ഥ കുറ്റവാളിയുള്‍പ്പെടെയുള്ളവരുടെ പേരില്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. പുതിയ കുറ്റപത്രത്തിലൂടെ നിയമത്തിന്റെ  വഴി വീണ്ടും തുറന്നു. ഏതാനും മാസം കഴിഞ്ഞ് ഞാന്‍ തൃശൂര്‍ വിടുമ്പോള്‍ കുറ്റപത്രം കോടതിയിലുണ്ട്. പിന്നീടെന്തായി എന്നെനിക്കറിയില്ല.  

പൊലീസിന്റെ താഴെതട്ടില്‍ നിയമത്തിന്റെ വഴിതെറ്റി സഞ്ചരിക്കുന്ന രാമന്‍കുട്ടിമാര്‍ ചിലപ്പോള്‍ പുറത്തുപോകും. എന്നാല്‍,  സമ്പത്തിന്റെ സ്വാധീനം ഉന്നതങ്ങളെ കീഴടക്കുമ്പോള്‍ നിയമസംവിധാനം മൊത്തത്തില്‍  വഴിമാറുന്ന അവസ്ഥയ്ക്കു് എന്താണ്  പ്രതിവിധി?   ബംഗാളി സാഹിത്യകാരനായ ബിമല്‍ മിത്രയുടെ വിഖ്യാത നോവലിന്റെ മലയാള പരിഭാഷയാണ് 'വിലയ്ക്ക് വാങ്ങാം.' കഥാപ്രസംഗത്തിലൂടെ ഒരുകാലത്ത് വി. സാംബശിവന്‍ അക്കഥ കേരളത്തില്‍ ഏറെ ജനകീയവല്‍ക്കരിച്ചിട്ടുണ്ട്. നിയമവും നീതിപാലനവുമുള്‍പ്പെടെ സമ്പത്തിന്റെ സ്വാധീനത്തില്‍  എന്തും വിലയ്ക്കുവാങ്ങാവുന്ന ലോകം അതിലുണ്ട്. സാഹിത്യകാരന്റെ വെറും ഭാവനയായി അത് തള്ളിക്കളയാന്‍ കഴിയാത്ത അനുഭവങ്ങള്‍ പിന്നീടും ഉണ്ടായിട്ടുണ്ട്.
 
(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com