പ്ലീസ്, ഈ നവോത്ഥാനമെന്നൊക്കെ പറയുന്നത് സത്യത്തില്‍, വലിയൊരു ബഡായിയാണ്

മനുഷ്യര്‍ ഇങ്ങനെ ഇടകലരുമ്പോള്‍ മതമോ ജാതിയോ രാഷ്ട്രീയമോ ഇല്ല. ഒരേ മേശയ്ക്കു ചുറ്റും അപരിചിതര്‍ പരിചിത ഭാവത്തിലിരിക്കുന്നു
പ്ലീസ്, ഈ നവോത്ഥാനമെന്നൊക്കെ പറയുന്നത് സത്യത്തില്‍, വലിയൊരു ബഡായിയാണ്

ണ്ണൂര്‍ സിറ്റിയിലെ റമദാന്‍ രാവുകളെക്കുറിച്ച് മുന്‍പെഴുതിയിട്ടുണ്ട്. കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലെ ചരിത്രപ്രദര്‍ശനം സന്ദര്‍ശിച്ച പലരും സിറ്റിയിലെ റമദാന്‍ രാവുകളുടെ മധുരവും എരിവും നുകര്‍ന്നു. ഉപ്പിലിട്ടവ നുണഞ്ഞു, അങ്ങനെ ഓര്‍മ്മയിലെ ബാല്യം പച്ചമാങ്ങാ സ്മൃതികളായി അന്യോന്യം പകര്‍ന്നു.

മനുഷ്യര്‍ ഇങ്ങനെ ഇടകലരുമ്പോള്‍ മതമോ ജാതിയോ രാഷ്ട്രീയമോ ഇല്ല. ഒരേ മേശയ്ക്കു ചുറ്റും അപരിചിതര്‍ പരിചിത ഭാവത്തിലിരിക്കുന്നു. കണ്ണഞ്ചിക്കുന്ന രാത്രിവെളിച്ചത്തില്‍ തുല്യമായി പങ്കിടാവുന്ന അനുഭൂതികളുടെ പങ്കുകാരായി നാം മാറുന്നു. പിന്നെയെവിടെയാണ് മതം ഒരു വിരോധ ചിഹ്നമായി കടന്നുവരുന്നത്?

പ്രണയത്തെ മനസ്സിലാക്കാനുള്ള പ്രാക്ടീസ് ഇനിയും മതം മനുഷ്യര്‍ക്കു നല്‍കിയിട്ടില്ല. മതത്തിന്റെ വെള്ളിയാഴ്ച പ്രസംഗങ്ങളിലും ഞായര്‍ സുവിശേഷങ്ങളിലും ഗീതായജ്ഞങ്ങളിലും പ്രണയം മനസ്സിലാക്കാനുള്ള കുടുംബവെളിച്ചമായി മതപ്രബോധനങ്ങള്‍ കടന്നുവരുന്നില്ല. പാപവും പാപവിമോചനവും സ്വര്‍ഗ്ഗനരകങ്ങളും വാക്കുകളുടേയും പ്രാര്‍ത്ഥനകളുടേയും ശബ്ദഘോഷത്തില്‍ കടന്നുവരുന്നുണ്ട്. പ്രണയിക്കുമ്പോള്‍ പൗരോഹിത്യത്തിന്റെ/ സഭയുടെ/ സമുദായത്തിന്റെ ശബ്ദം മാറുന്നു. അത് 'പൊട്ടിപ്പിരാക'ലായി മാറുന്നു. 

പ്രണയം, തോറ്റവരെല്ലാം പറയുന്നപോലെ, അത്ര വലിയ വിശുദ്ധിയൊന്നുമല്ല. ചില നേരങ്ങളില്‍ ചിലര്‍ തമ്മില്‍ നടത്തുന്ന മനസ്സിലാക്കലുകള്‍ മാത്രമണ് പ്രണയം. അങ്ങനെ പരസ്പരം ബോദ്ധ്യപ്പെടുന്ന ധാരണകള്‍, ചിലര്‍, ആജീവനാന്തം ജീവിതസ്വച്ഛത നല്‍കുമെന്ന ആഗ്രഹത്താല്‍ വിവാഹത്തിലുറപ്പിക്കുന്നു. ദാമ്പത്യമെന്നു പറയുന്നതുതന്നെ, നാം സമ്മതിച്ചാലുമില്ലെങ്കിലും ഇഷ്ടമുള്ള രണ്ടുപേര്‍ മരണം വരെ നീട്ടിവെയ്ക്കുന്ന വെറുപ്പിന്റെ പേരാണ്. പ്രണയത്തിന്റെമേല്‍ ചാര്‍ത്തപ്പെട്ട വിശുദ്ധിയുടെ ഉടയാടകള്‍ ഊരിക്കളയേണ്ട സമയമായി. പ്രണയമാണ് ഭൂമിയിലെ ഏറ്റവും വലിയ പാപമെന്നപോലെയുള്ള അവതരണങ്ങള്‍ ഈ കാലത്ത് ഏറ്റവും അരോചകമായ സാമൂഹ്യ കാലുഷ്യങ്ങള്‍ തീര്‍ക്കുന്നു. മതത്തിന്റെ ചുള്ളിക്കൊമ്പ്‌കൊണ്ടു മിശ്ര പ്രണയവിവാഹങ്ങളെ മാലിന്യംപോലെ ചിക്കിനോക്കുമ്പോള്‍, അതിന്റെ ലക്ഷ്യം മറ്റൊന്നുമല്ല. മതത്തിന്റെ മാത്രമല്ല, കുടുംബ രക്ഷാകര്‍ത്തൃത്വത്തിന്റെ ശക്തമായ കണ്ണികള്‍ പൊട്ടിച്ചെറിയുമ്പോള്‍, മസ്തിഷ്‌കത്തിലെ ആണത്തമൊക്കെ തോറ്റമ്പി പുറത്തുവരികയാണ്. തോറ്റമ്പിയ മനുഷ്യര്‍ എന്തൊക്കെയോ വിളിച്ചുപറയുന്നത് സ്വാഭാവികം. എന്നാല്‍, ഉത്തരവാദിത്വപ്പെട്ട പാര്‍ട്ടി അത്തരം വാദങ്ങളെ പ്രാദേശികമായി പിന്തുണയ്ക്കുമ്പോള്‍ (പിന്നീടത് തിരുത്തിയെങ്കിലും) എത്ര ആഴത്തിലാണ് വെറുപ്പിന്റെ വേരുകള്‍ എന്ന് അത്ഭുതപ്പെടുത്തുന്നു. ഓരോ മതവും അതാത് മതങ്ങള്‍ക്കാവശ്യമായ വേലിക്കെട്ടുകള്‍ വാക്കുകളായും കര്‍മ്മങ്ങളായും വംശ വിശുദ്ധിയായും നേരത്തെ തന്നെ നിര്‍മ്മിച്ചുവെച്ചിട്ടുണ്ട്. കാലം കഴിയുമ്പോള്‍ ആ വേലിക്കെട്ടുകള്‍ തുരുമ്പെടുത്ത് നശിക്കുമെന്നു വിചാരിച്ചവര്‍ നിരാശരാണ്. വേലിക്കെട്ടുകളില്‍ ഇപ്പോള്‍ മതം വൈദ്യുതി കൂടി കടത്തിവിടുകയാണ്. അകറ്റുക മാത്രമല്ല, ഷോക്കടിപ്പിക്കുകയും ചെയ്യുന്നു.

നാം ഫുഡ് പാര്‍ക്കിലിരുന്ന് ഇപ്പോഴും മതമില്ലാത്ത ഉപ്പു ഭരണികളില്‍നിന്നു പച്ചമാങ്ങയോ കാരറ്റോ കൈതച്ചക്കയോ തിന്നുന്നു. വീട്ടിലെത്തുമ്പോള്‍ മതം പിന്നെയും പിടലിക്കു പിടിക്കുന്നു. അല്ല, പുറത്തിറങ്ങുമ്പോഴാണോ?

രണ്ട് 

കണ്ണൂരിലെ സിറ്റി രാവുകളില്‍നിന്ന് അതേ ജില്ലയിലെ കുഞ്ഞിമംഗലത്തേക്ക് പോയാലോ?

ഉത്സവകാലങ്ങളില്‍ ക്ഷേത്രപരിസരത്ത് മുസ്ലിങ്ങള്‍ക്ക് പ്രവേശനമില്ലാത്ത ആ ബോര്‍ഡ് തൂങ്ങിയ മല്ലിയോട്ടു കാവ് നില്‍ക്കുന്ന കുഞ്ഞിമംഗലത്താണ് എന്റെ ഉപ്പയുടെ ജനനം. എന്റെ ബാല്യത്തില്‍ ആ വഴികളിലൂടെ ഉപ്പയുടെ പിറകെ നടന്നിട്ടുണ്ട്. മാടായിയും കുഞ്ഞിമംഗലവും അടുത്തടുത്ത ദേശങ്ങളാണെങ്കിലും രുചികളും അഭിരുചികളും വേറെ വേറെ ലെവലാണ്. വാമൊഴി മാറ്റങ്ങളുമുണ്ട്. 'ഇക്ക' അവര്‍ക്ക് 'ഇച്ച'യാണ്. മാടായിയിലെ ഹംസീക്ക കുഞ്ഞിമംഗലത്തെത്തുമ്പോള്‍ 'ഹംസച്ച'യാവും. 'സഞ്ചി' കുഞ്ഞിമംഗലത്തെത്തിയാല്‍ 'പാക്കാ'യി. അപ്പോള്‍ മാടായി/ പുതിയങ്ങാടി വാമൊഴി മുസ്ലിമല്ല, മാടായി പഴയങ്ങാടിയില്‍നിന്ന് കേവലം ആറ് കിലോമിറ്റര്‍ വടക്ക് അധിവസിക്കുന്ന കുഞ്ഞിമംഗലം മുസ്ലിം. കണ്ണൂര്‍ മുസ്ലിങ്ങളെ കുഞ്ഞിമംഗലം മുസ്ലിങ്ങള്‍ പരിഹസിക്കുന്ന ഒരു സംഭാഷണ ശകലമിങ്ങനെയാണ്:

''നെയ്ച്ചോറു തിന്നാതെ ചുണ്ടില് നെയ് പൊരട്ടി നെയ്ച്ചോറ് തിന്നെന്ന് വീമ്പ് പറയുന്ന ജാതി'' - (മതമല്ല, ജാതി!) തിരിച്ചൊരു പരിഹാസം കണ്ണൂര്‍ മുസ്ലിങ്ങളുടെ നാവിലുമുണ്ട്:

''കിട്ടിയ തേങ്ങ വിറ്റ് തേങ്ങച്ചാറ് കൂട്ടാതെ മൊളക് കറി വെക്കുന്ന കൂട്ടര്'' - അവിടെ ഒരു സമൂഹം എന്ന നിലയില്‍ 'കൂട്ടര്' എന്നാണ് ഉപയോഗിക്കുന്നത്.

മാടായി തീയരല്ല, കുഞ്ഞിമംഗലം തീയര്‍. ഡോ. ടി.പി. സുകുമാരന്‍ മുന്‍പൊരു സംഭാഷണത്തില്‍, മലബാറിലെ മാപ്പിളയും തീയരും തമ്മിലെ മൈത്രിയെക്കുറിച്ചു പറയുന്നുണ്ട്. വളപട്ടണം പുഴ കടക്കുമ്പോള്‍ ഒരു തോണിയില്‍വെച്ച് കുറച്ചു കാലത്തിനുശേഷം ഒരു ഹാജിക്കയും മാപ്പിളയും കണ്ടുമുട്ടുന്നു. തോണിയിലാണ്, എങ്കിലും തീയന്‍ ചോദിക്കുന്നു:

''ഹാജിക്ക, തെങ്ങുമ്മ കേറി ഒരു കരിക്ക് പറിച്ചുതരാമെന്നു വെച്ചാ ഞാന്‍ തോണിയിലായിപ്പോയല്ലോ'' - തോണിയില്‍നിന്നിറങ്ങി, കടവിലെ ചായപ്പീട്യയില്‍നിന്ന് അവര്‍ ചായ കുടിക്കുന്നു.

ഈ ചായകുടി ബന്ധമാണ്, സമുദായങ്ങള്‍ തമ്മിലുണ്ടായിരുന്ന ബന്ധം. മുലകുടി ബന്ധം പോലെ തന്നെ പ്രധാനമാണ് ചായ കുടി ബന്ധവും. അടുത്തടുത്തിരിന്നല്ലാതെ ചായ കുടിക്കില്ല.

അടുത്തിരിക്കുക, കൂടിപ്പരങ്ങുക എന്നതാണ് മൈത്രിയുടെ അടയാളം. ആഘോഷങ്ങളാണ് മൈത്രിയെ രൂപപ്പെടുത്തുന്നത്. കൂടിയിരിക്കുക എന്നത് ഇല്ലാതാക്കിയാല്‍ ആശയങ്ങളെ വില്‍ക്കാന്‍ എളുപ്പമാണ്
കണ്ണൂര്‍ മുസ്ലിങ്ങളുടെ 'തുറന്ന കൂടിപ്പരങ്ങലുകളും' ഫാഷനും അത്ര പിടിക്കാറില്ല, കുഞ്ഞിമംഗലം മുസ്ലിങ്ങള്‍ക്ക്. കുഞ്ഞിമംഗലത്തുനിന്നു പണ്ട് മാടായിയിലേക്ക് ഉപ്പുമ്മ വരുമ്പോള്‍, പര്‍ദ്ദ കൊണ്ടു മൂടിയാലും കുട താഴ്ത്തി അന്യപുരുഷനാരും കാണാത്തവിധം 'പര്‍ദ്ദയിട്ട അന്തര്‍ജ്ജനം' പോലെയാണ് നടന്നുവരിക. ഉപ്പുമ്മയുടെ പിറകെ നടക്കുമ്പോള്‍ വല്ലാത്ത അപകര്‍ഷത തോന്നിയിരുന്നു. എന്നാല്‍, മൂത്ത കാരണവരായ 'പൂക്കാക്ക'യുടെ അമ്മായി പാപ്പിനിശ്ശേരിയില്‍ നിന്നു വരുമ്പോള്‍, സാരിയുടുത്താണ് വന്നത്. ഇപ്പോള്‍ കണ്ണൂരും കുഞ്ഞിമംഗലും മുസ്ലിം സ്ത്രീകള്‍ക്ക് ഒരേ വസ്ത്രം. മതം അവരുടെ ഏക ഡ്രസ്സ് കോഡ് മുസ്ലിം സ്ത്രീകള്‍ക്കിടയില്‍ നടപ്പാക്കി. ഉപ്പുമ്മയുടെ വസ്ത്രമാണ് പുതിയ വസ്ത്രം.

ഏഴിലോട് (കുഞ്ഞിമംഗലം അംശം, ദേശം) ഞങ്ങളുടെ ഉപ്പയുടെ പറമ്പില്‍നിന്ന് മാമ്പഴ സീസണായാല്‍ മാങ്ങയും ചക്കയും വലിയ കുട്ടയിലാക്കി ആനന്ദകൃഷ്ണ ബസില്‍ വീട്ടില്‍ കൊണ്ടു വന്നത് ചീയയ്യിയമ്മയാണ്. തീയ്യ സമുദായംഗമാണ്. ഉപ്പുമ്മയും ഒപ്പമുണ്ടാവും. നല്ല മൈത്രിയാണ്. ഞങ്ങളുടെ ഓര്‍മ്മയില്‍, മല്ലിയോട്ട് കാവിലെ ഉത്സവത്തിന് ഉപ്പ കൊണ്ടുപോയിട്ടില്ല. എന്നാല്‍, ചെറുകുന്ന് അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തിലെ വിഷു മഹോത്സവത്തിന് കൊണ്ടുപോയിട്ടുണ്ട്. ആനയെ ആദ്യമായി കാണുന്നത് അവിടെ വെച്ചാണ്. ചുവരില്‍ എറിഞ്ഞാല്‍ തിരിച്ചതേ വേഗതയില്‍ കയ്യില്‍ തിരിച്ചെത്തുന്ന റബ്ബര്‍ നൂല്‍ കൊണ്ടുള്ള കളിപ്പന്തും ഉപ്പ വാങ്ങിത്തന്നു. 

കുഞ്ഞിമംഗലം ഉത്സവകാലങ്ങള്‍ ആ നിലയില്‍ കണ്ണൂര്‍ മുസ്ലിങ്ങള്‍ക്ക് എന്നും അകലെയാണ്. 

മനുഷ്യര്‍ പരസ്പരം കൂടിപ്പരങ്ങുന്ന കാട്ടിലപ്പള്ളി നേര്‍ച്ചയുടെ കാലത്ത് ആ ഭാഗങ്ങളിലെ ഇലക്ട്രിക് തൂണുകളില്‍ ഇത്തരം പോസ്റ്ററുകള്‍ വ്യാപകമായി പതിച്ചുകാണാം:

''നേര്‍ച്ചകള്‍ ഇസ്ലാമിക വിരുദ്ധം. ജൂതന്മാരുടെ ആചാരം. ശിര്‍ക്ക്!''

കാട്ടിലപ്പള്ളി നേര്‍ച്ചക്ക് പോകുന്നത് വിലക്കുന്ന മുജാഹിദുകളുണ്ട്. എന്നാല്‍, ചില മുസ്ലിങ്ങള്‍ മഖാം സിയാറത്തിനു പോകില്ല, നേര്‍ച്ച ചന്ത കാണാന്‍ പോകും.

ചന്ത മിശ്രജാതി മാര്‍ക്കറ്റാണ്. മിശ്രവിവാഹംപോലെ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്, ഉത്സവച്ചന്തകള്‍. മതാത്മക മുറ്റത്ത് മതേതര വിപണി. മതാത്മക മുറ്റങ്ങളിലും മതേതര/ മിശ്ര ജാതി വിപണി സാധ്യമാണ്.
അതുകൊണ്ടു മല്ലിയോട്ടു കാവില്‍ ചന്തയില്‍ മാപ്പിളമാര്‍ക്ക് വില്‍ക്കാനും വാങ്ങാനും ഒന്നുമില്ലെങ്കില്‍, മുസ്ലിങ്ങള്‍ക്കെന്താ നഷ്ടം?

അതുകൊണ്ടു ഡി.വൈ.എഫ്.ഐ ആ ബോര്‍ഡ് അവിടെനിന്ന് എടുത്തുമാറ്റാന്‍ പറയരുത്. പ്ലീസ്. ഈ നവോത്ഥാനമെന്നൊക്കെ പറയുന്നത് സത്യത്തില്‍, വലിയൊരു ബഡായിയാണ്. ജാതിയും മതവും നെഞ്ചില്‍ തന്നെയുണ്ട്. 

മൂന്ന് 

രാഷ്ട്രീയം, എവിടെയുമെന്നപോലെ, കേരളത്തിലും ഒരു തെരഞ്ഞെടുപ്പു കലയാണ്. ഈ വര്‍ഷം വിഷുവിന് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കു ശമ്പളം മുടങ്ങി എന്നത്, ആ ബസുകളില്‍ നെടുംപാതയോരങ്ങള്‍ താണ്ടുന്ന ഓരോ സഞ്ചാരിയേയും വേദനിപ്പിക്കേണ്ടതാണ്. സി.പി.ഐ (എം) ഭരിക്കുമ്പോള്‍ ഏറ്റവും പ്രതിരോധത്തിലാവുന്നത് തൊഴിലാളി സംഘടനകളാണ്. സമരം കൊണ്ടുകൂടിയാണ് കൂടുതല്‍ മെച്ചപ്പെട്ട തൊഴില്‍ ലോകക്രമം രൂപപ്പെട്ടത്. എന്നാല്‍, തൊഴിലാളികളോട് ഒരു ജന്മി മനോഭാവമാണ് പലര്‍ക്കുമിപ്പോള്‍. മുതലാളിമാരെ കാണുമ്പോഴുള്ള ആ വിടര്‍ന്ന ചിരി തൊഴിലാളി സഖാക്കള്‍ക്കു നേരെ സ്വന്തം പാര്‍ട്ടിയിലെ സഖാക്കള്‍പോലും ഇപ്പോള്‍ കാണിക്കുന്നില്ല. അത്രയും നീചമാണ് പാര്‍ട്ടിയിലെ ഹൈരാര്‍ക്കി. മൈക്കിനു മുന്നില്‍ സോഷ്യലിസവും കമ്യൂണിസവും പാവപ്പെട്ട തൊഴിലാളിവര്‍ഗ്ഗ വാഗ്ധോരണികളും. വ്യക്തി ജീവിതത്തില്‍ തോളില്‍ കയ്യിട്ട മുതലാളിത്ത ആശ്രിതത്വം. എന്നിട്ടും, നാം പറയും, സി.പി.എം ഒരു തൊഴിലാളിവര്‍ഗ്ഗ പാര്‍ട്ടിയാണെന്ന്. അത് സത്യമായിരിക്കാം, പക്ഷേ, വര്‍ത്തമാനകാലം അതിന് നേരിട്ടു തെളിവുകള്‍ കാണിച്ചുതരുന്നില്ല.

നാല് 

റമദാന്‍ ദിനങ്ങള്‍ ഒരു മാപ്പിളപ്പാട്ടു നല്‍കിയ അര്‍ത്ഥം നിറഞ്ഞ വരികളാല്‍ സാര്‍ത്ഥകമായിരിക്കുന്നു. ആ പാട്ടെഴുതിയത് മുസ്ലിം മത പ്രഭാഷകനായ നൗഷാദ് ബാഖവിയാണ്. പാട്ടുകേള്‍ക്കുന്ന മലയാളികള്‍ക്കു മുന്നില്‍ ഒരു മതപ്രഭാഷകന്‍ മാപ്പിളപ്പാട്ടുമായി പ്രത്യക്ഷപ്പെടുമ്പോള്‍, വാക്കുകള്‍ പടച്ച അള്ളാഹു സന്തോഷിക്കാതിരിക്കില്ല. 

വരികളില്‍ തേനിമ്പം നിറച്ച എത്രയോ മാപ്പിളപ്പാട്ടുകള്‍ കേട്ടുകൊണ്ടാണ് മാപ്പിള മലയാളികള്‍ പഴയ കാലങ്ങളില്‍ നേരം വെളുപ്പിച്ചത്. വാക്കില്‍ മാപ്പിളമുത്തം നല്‍കി പി. ഭാസ്‌കരനടക്കമുള്ള വലിയ കവികള്‍. ആ പാട്ടിന്റെ വക്കില്‍ പിടിച്ച് രാഘവന്‍ മാഷടക്കമുള്ളവര്‍ കായലരികത്തു വലയെറിഞ്ഞു. യേശുദാസും വിളയില്‍ ഫസീലയും പീര്‍ മുഹമ്മദും എരഞ്ഞോളി മൂസയും വി.എം. കുട്ടിയും ചാന്ദ് പാഷയും മധുരിത കിനാവുകളില്‍ മനുഷ്യരെ വരിയൊപ്പിച്ചു നിര്‍ത്തി. പി.ടി. അബ്ദുറഹ്മാനും ബാബുരാജും വരിയിലും ഈണത്തിലും മാപ്പിള ഗാനാലാപങ്ങള്‍ തീര്‍ത്തു. 

പാട്ടില്‍ കസവുതട്ടവും പഞ്ചാര പാല്‍പ്പുഞ്ചിരിയും കൊട്ടയിലൊളിപ്പിച്ച മല്‍ഗോവന്‍ മാമ്പഴവും വന്നു. ഇതൊക്കെ ''വിറ്റതോ വില്‍ക്കുവാന്‍ വെച്ചതോ'' എന്ന് എരഞ്ഞോളി മൂസ ഇണത്തോടെ ചോദിച്ചു. തലശ്ശേരിയിലെ ഒരു ചാക്കു വില്‍പ്പനക്കാരനാണ് മലയാളത്തിലെ മനോഹരമായ ചില മാപ്പിള മെലഡികള്‍ എഴുതിയത് എന്ന് മൂസക്ക പറഞ്ഞിരുന്നു. ''ഇശാ മുല്ല മലരേ...'' എന്നു തുടങ്ങുന്ന വാക്കില്‍ ഉമ്മവെക്കുന്നപോലെയുള്ള പാട്ടെഴുതിയത് തലശ്ശേരിയിലെ (കണ്ണൂരിലേയോ?) സാധാരണ തൊഴില്‍ ജീവിതം നയിച്ച ഒരാളാണെന്ന് മൂസക്ക പറഞ്ഞതോര്‍ക്കുന്നു. ആ പേര് ഓര്‍ക്കാന്‍ ശ്രമിച്ചിട്ടും മൂസക്കാക്ക് കിട്ടിയിരുന്നില്ല. ഇറച്ചി വെട്ടുകാരനായ ഒരു പാട്ടെഴുത്തുകാരനെ കാണിച്ചുതരാമെന്ന് മൂസക്ക പറഞ്ഞിരുന്നെങ്കിലും അതും നടന്നില്ല. കേരളത്തിലെ ഏറ്റവും നല്ല ബിരിയാണി ഉസ്താദായ തലശ്ശേരിയിലെ കറുത്ത മൂസക്ക എന്നറിയപ്പെടുന്ന മനുഷ്യനെ പരിചയപ്പെടുത്താമെന്ന വാഗ്ദാനവും നിറവേറിയില്ല. ചില ഓര്‍മ്മകള്‍ പാതിയില്‍ നിര്‍ത്തുന്ന പാട്ടുകള്‍പോലെയാണ്.

നൗഷാദ് ബാഖവി എന്ന മതപ്രഭാഷകന്‍ എഴുതിയ മാപ്പിളപ്പാട്ടിന് അഫ്സല്‍ ശബ്ദം നല്‍കുമ്പോള്‍, ഓര്‍മ്മയില്‍ പ്രവാചകന്‍ എന്ന വാത്സല്യം നിറഞ്ഞ പിതൃസ്പര്‍ശം കടന്നുവരുന്നു. ഫാത്തിമയോടുള്ള വാത്സല്യം, ലോകത്തു പിറന്നതും പിറക്കാനിരിക്കുന്നതുമായ എല്ലാ പെണ്‍കുട്ടികള്‍ക്കും പ്രവാചകന്‍ നല്‍കിയ വാത്സല്യമാണ്. വാത്സല്യമാണ് പ്രവാചകന്റെ മുഖമുദ്രയെന്ന് ഈ പാട്ട് ഒന്നുകൂടി ഓര്‍മ്മപ്പെടുത്തുന്നു. ''ഹബീബിന്റെ ഖല്‍ബിനോട് ഖല്‍ബ് ചേര്‍ത്തൊരു ഫാത്തിമാ - ആയിരം പൂച്ചെണ്ടുപോലെ പുഞ്ചിരിക്കും ഫാത്തിമാ...'' എന്നു തുടങ്ങുന്ന പാട്ടിലെ തുടര്‍ന്നുള്ള വരികളൊക്കെ കാവ്യാത്മകമാണ്. അഫ്സല്‍ അതു മനോഹരമായി ആലപിച്ചിട്ടുമുണ്ട്.

ഒരു മതപ്രഭാഷകന്‍ പാട്ടെഴുതുമ്പോള്‍ അത് രണ്ടു ചെവികൊണ്ടും കേട്ട് നാം ആസ്വദിക്കണം. കാരണം, മതപ്രഭാഷണത്തെക്കാള്‍ എത്രയോ മനോഹരമാണ് പാട്ടുകള്‍ നല്‍കുന്ന തുറവികള്‍. 

പള്ളിയില്‍ പോകുമ്പോഴൊക്കെ ''പടച്ചോനെ എന്നെ കാത്തോളണേ'' എന്നു പ്രാര്‍ത്ഥിക്കുമായിരുന്ന ഒരു സൂഫിയുണ്ടായിരുന്നു. പള്ളിയിലെ പ്രഭാഷണങ്ങളില്‍ നിന്നായിരിക്കുമോ ആ സൂഫി അള്ളാഹുവിനോട് അഭയം തേടിയത്?

പാട്ടുകള്‍, പ്രഭാഷണങ്ങള്‍പോലെ മനുഷ്യരില്‍ വിരസതയുണ്ടാക്കുന്നില്ല. അതുകൊണ്ട് നൗഷാദ് ബാഖവിക്ക് ഹൃദയം കൊണ്ടൊരു സലാം.

ഈ ലേഖനം കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com