തൊഴിലാളി സ്ത്രീ സത്യഭാമ ചിത്രം വരച്ചു, 62ാം വയസില്‍!

മലപ്പുറം സ്വദേശിയായ തൊഴിലാളി സ്ത്രീ സത്യഭാമ ആദ്യമായി ചിത്രം വരച്ചത് അറുപത്തിരണ്ടാം വയസ്സില്‍. തുടര്‍ന്നു വരച്ച 32 ചിത്രങ്ങളുടെ പ്രദര്‍ശനം ശ്രദ്ധനേടിയതിലൂടെ ഈ ജീവിതത്തിലേക്ക് നിറങ്ങളേറെ കടന്നുവരികയാണ്
തൊഴിലാളി സ്ത്രീ സത്യഭാമ ചിത്രം വരച്ചു, 62ാം വയസില്‍!

റുപത്തിരണ്ട് വയസ്സിലാണ് സത്യഭാമ എന്ന തൊഴിലാളി സ്ത്രീ ആദ്യമായി ചിത്രം വരച്ചത്. പക്ഷേ, വരച്ചതത്രയും പുതുമയുള്ള ചിത്രങ്ങളായിരുന്നു; അവര്‍ വരച്ചത് അവരുടെ ജീവിതവും ചുറ്റുപാടുമാണെങ്കിലും. വരച്ച് വരച്ച് 32 ചിത്രങ്ങളും കുറേയേറെ മണ്‍ശില്പങ്ങളുമായി കോഴിക്കോട് ആര്‍ട്ട് ഗ്യാലറിയില്‍ സത്യഭാമ എത്തി. പ്രദര്‍ശനം നടന്ന നാലു ദിവസവും ഗ്യാലറിയില്‍ നിറഞ്ഞ ആള്‍ക്കൂട്ടമായിരുന്നു. സാധാരണ ചിത്രപ്രദര്‍ശനങ്ങള്‍ക്കു കിട്ടാത്തത്രയും ആസ്വാദകരും ആരാധകരും അവിടെയെത്തിയിരുന്നു. ജീവിതത്തിലെ അദ്ഭുതത്തില്‍ ആഹ്ലാദിച്ച് സത്യഭാമയും നിഷ്‌കളങ്കമായി ചിരിച്ച് അവര്‍ക്കൊപ്പം ചേര്‍ന്നു.

കയ്പ്പക്ക നുറുക്കാണ് സത്യഭാമ ആദ്യം വരച്ച ചിത്രം. ജീവിതത്തിന്റെ കയ്പും താന്‍ എന്നും കാണുകയും ചെയ്യുകയും ചെയ്യുന്ന ഒരു ഇമേജും കൂടിച്ചേര്‍ന്നപ്പോള്‍ അതു നല്ലൊരു ചിത്രമായി മാറി. സത്യഭാമയുടെ ചിത്രങ്ങളില്‍ ഏറ്റവും ഭംഗിയും ഈ ചിത്രത്തിനാണെന്നു തോന്നും. പക്ഷേ, അവര്‍ക്കിഷ്ടം രണ്ടാമത് വരച്ച മയിലിനെയാണ്.

സത്യഭാമ/ ഫോട്ടോ: ടിപി സൂരജ്/ എക്സ്പ്രസ്
സത്യഭാമ/ ഫോട്ടോ: ടിപി സൂരജ്/ എക്സ്പ്രസ്

മലപ്പുറം പാങ്ങ് സ്വദേശിയായ കെ. സത്യഭാമയ്ക്ക് എഴുത്തും വായനയും അറിയില്ല. പത്ത് വയസ്സു മുതല്‍ വീടുകളില്‍ ജോലിക്കു പോയിത്തുടങ്ങിയിരുന്നു. കുറച്ച് മുതിര്‍ന്നപ്പോള്‍ അമ്മയ്‌ക്കൊപ്പം കൃഷിപ്പണിക്കിറങ്ങി. കൊയ്യലും മെതിക്കലും മറ്റു പണികളുമെല്ലാം അവര്‍ ചെയ്തു. പിന്നീട് വീടുകളില്‍ ജോലിക്കു പോയിത്തുടങ്ങി. ഇപ്പോഴും രണ്ടു വീടുകളില്‍ ജോലി ചെയ്യുന്നുണ്ട്. ഇതിനിടയില്‍ അദ്ധ്വാനത്തെക്കുറിച്ചല്ലാതെ മറ്റൊന്നും ചിന്തിക്കാന്‍ ഇവര്‍ക്കു സമയമില്ലായിരുന്നു. സാക്ഷരത ക്ലാസ്സുകള്‍ക്കുപോലും പോകാന്‍ പറ്റിയില്ല എന്ന് സത്യഭാമ പറയുന്നു: 'പത്താം വയസ്സില്‍ അച്ഛന്‍ എന്നെ തിരൂരിലെ ഒരു വീട്ടില്‍ പണിക്കു കൊണ്ടുപോയി ആക്കിയതാണ്. പിന്നീട് ഇങ്ങോട്ട് ഇതുവരെ ജോലി ചെയ്യുന്നു. സ്‌കൂളിലൊന്നും പോകാന്‍ കഴിഞ്ഞില്ല. സാക്ഷരത പോലെയുള്ള ക്ലാസ്സിനും പോയില്ല. പണിക്കു പോകുമ്പോ ഒന്നിനും സമയം കിട്ടില്ല. വൈകുന്നേരമാവും തിരിച്ചെത്തുമ്പോള്‍. ക്ലാസ്സെല്ലാം ഓരോ സമയത്തല്ലേ വെക്കുക. ആ സമയത്ത് നമുക്കു പോകാനും പറ്റില്ല. നാല് വീട്ടില്‍ വരെ ഒരു ദിവസം ജോലി ചെയ്തിട്ടുണ്ട്. പണികഴിഞ്ഞ് വരുമ്പോള്‍ എന്തെങ്കിലും ജോലിക്കു വേറെയാരെങ്കിലും വിളിച്ചാല്‍ അതിനും പോവും. ജോലി മാത്രമായിരുന്നു അന്നൊക്കെ തലയില്‍.' അന്‍പത് വര്‍ഷത്തെ അദ്ധ്വാന ജീവിതം അവര്‍ പറഞ്ഞത് നിറഞ്ഞ ചിരിയോടെയായിരുന്നു.

കൊവിഡ് കാലത്താണ് വരയ്ക്കാന്‍ തുടങ്ങി യത്. സഹോദരന്റെ മകന്‍ വിഷ്ണുപ്രിയന്‍ കാലടി സര്‍വ്വകലാശാലയില്‍നിന്ന് എം.എഫ്.എ കഴിഞ്ഞയാളാണ്. ഒരു ദിവസം അടുത്തിരുന്ന് പേപ്പറില്‍ പെന്‍സില്‍കൊണ്ട് വരച്ചതാണ് 'കയ്പ്പക്കാ നുറുക്ക്.' നന്നായിട്ടുണ്ട് എന്ന് വിഷ്ണു പറഞ്ഞതോടെ കളര്‍ ചെയ്തു മനോഹരമാക്കി. വിഷ്ണുവിന്റെ സ്‌കെച്ച് ബുക്കിന്റെ പിന്‍ഭാഗത്ത് വരച്ചിട്ടതാണ് രണ്ടാമത്തെ ചിത്രമായ മയില്‍. 'അവന്റെടുത്തുനിന്ന് സപ്പോര്‍ട്ട് കിട്ടിയപ്പോ എനിക്കു വരക്കാന്‍ ഇഷ്ടായി. അവന്‍ പിന്നീട് വലിയ പേപ്പറൊക്കെ കൊണ്ടുതന്ന് അതില്‍ വരച്ചോളാന്‍ പറഞ്ഞു. ആദ്യം പെന്‍സില്‍ കൊണ്ടാണ് വരച്ചത്; കേട് വന്നാല്‍ റബ്ബര്‍ കൊണ്ട് മായ്ക്കാലോന്ന് വെച്ചാണ്. പിന്നെ ഒരു ധൈര്യം വന്നപ്പോ കറുത്ത മഷിപെന്‍കൊണ്ട് വരച്ചുതുടങ്ങി. കളര്‍ മിക്‌സ് ചെയ്യേണ്ടതൊക്കെ അവന്‍ പറഞ്ഞുതന്നു. ഏതു കളര്‍ വേണം എന്നൊന്നും പറയില്ല. കുറച്ചുകൂടി ആയപ്പോ നേരിട്ട് പെയിന്റ് കൊണ്ടുതന്നെ വരക്കാന്‍ തുടങ്ങി'  വര തുടങ്ങിയതിനെക്കുറിച്ച് സത്യഭാമ പറയുന്നു.

തുടക്കം ഓണ്‍ലൈന്‍ എക്‌സിബിഷന്‍

വരയ്ക്കുന്നതിന്റെ വീഡിയോ എടുത്ത് വിഷ്ണു ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തിരുന്നു. കുറേയേറെ അഭിപ്രായങ്ങളും മെസ്സേജുകളും അതിനു കിട്ടി. അതു മുഴുവന്‍ വായിച്ചു കേട്ടപ്പോള്‍ അമ്മായി വളരെ സന്തോഷവതിയായെന്ന് വിഷ്ണു പറയുന്നു. 'പിന്നെയാണ് ഞാന്‍ സ്‌കെച്ച് ബുക്ക് വാങ്ങികൊടുത്തത്. കുറേ ചിത്രങ്ങളായപ്പോള്‍ എല്ലാം ഫ്രെയിം ചെയ്തുവെച്ചു. ഒരു ഓണ്‍ലൈന്‍ എക്‌സിബിഷനും നടത്തി. പിന്നീട് അമ്മായി ശില്പങ്ങളും ഉണ്ടാക്കാന്‍ തുടങ്ങി. ഞാന്‍ ഉണ്ടാക്കുമ്പോള്‍ മണ്ണിലെ കല്ലൊക്കെ കളയാന്‍ സഹായിക്കാറുണ്ട്. ആദ്യം വരച്ച കയ്പ്പക്ക നുറുക്ക് മണ്ണിലും ഉണ്ടാക്കി. പിന്നെ കിളികളേയും മറ്റും'  വിഷ്ണു പറയുന്നു.

കയ്പ്പക്ക നുറുക്കും പ്ലാസ്റ്റിക് ഷീറ്റില്‍ ഉണക്കാനിട്ട മഞ്ഞളുമാണ് ശില്പങ്ങളില്‍ ഏറെ പുതുമയുള്ളത്. മഞ്ഞളിനടുത്ത് കാക്കയും കിളികളും ഉണ്ട്. അടുപ്പിലാണ് ഇതെല്ലാം ചുട്ടെടുത്തത്. രാത്രി പണികഴിഞ്ഞ് അടുപ്പില്‍ ശില്പങ്ങളിട്ട് കനല്‍ മൂടും. അടുപ്പില്‍ പാത്രത്തില്‍ കുടിക്കാനുള്ള വെള്ളവും വെക്കും. രാവിലെ വെണ്ണീര്‍ വാരി ശില്പങ്ങള്‍ കഴുകിയെടുക്കും. ചെറിയ രൂപങ്ങളായതിനാല്‍ ചുട്ടെടുക്കാനും ആരുടേയും സഹായത്തിനു നിന്നില്ല. 

സത്യഭാമയുടെ പെയിന്റിങുകൾ
സത്യഭാമയുടെ പെയിന്റിങുകൾ

ആള്‍രൂപങ്ങളും വീട്ടിലെ ചെടികളും സ്വന്തമായി ഉണ്ടാക്കിയ പച്ചക്കറിത്തോട്ടവും പൂക്കളും മരങ്ങളും എല്ലാം സത്യഭാമയുടെ വരയിലൊതുങ്ങി. സത്യഭാമയ്ക്ക് എഴുതാനറിയുന്ന രണ്ടക്ഷരം 'സ' യും 'ഭ'യുമാണ്. ചില ചിത്രങ്ങള്‍ക്കടിയില്‍ 'സ' എന്നെഴുതും. 'സ'യും 'ഭ'യും കൊണ്ട് വരച്ച ചിത്രങ്ങളുമുണ്ട്. അതിലേക്ക് മറ്റ് ഇമേജുകള്‍ കണക്ട് ചെയ്തുവെയ്ക്കുന്ന രീതിയാണ്. നിറയെ കുത്തുകളുണ്ട് സത്യഭാമയുടെ ചിത്രങ്ങളില്‍. കുത്ത് ഒരു ഭാഷയായി മാറുന്നപോലെ. അതിനിടയില്‍ കുറേയേറെ ഇമേജുകള്‍ ഒളിപ്പിച്ചുവെച്ചിട്ടുണ്ടാകും. പുതുമയുള്ള ഈ ശൈലി തന്നെയാണ് ചിത്രങ്ങളുടെ ആകര്‍ഷണവും. വരച്ച ചിത്രങ്ങളെ നിര്‍വ്വചിക്കാനോ വിവരിക്കാനോ സത്യഭാമയ്ക്കറിയില്ല. വരയ്ക്കാനിരിക്കുമ്പോ മനസ്സില്‍ വരുന്നത് വരയ്ക്കും എന്നാണ് ചിത്രങ്ങളെക്കുറിച്ച് അവര്‍ പറയുന്നത്.

പതിനേഴാം വയസ്സില്‍ വിവാഹിതയായെങ്കിലും കുറച്ചു കാലമേ ആ ബന്ധം നിലനിന്നുള്ളൂ. സഹോദരന്മാരുടേയും കുടുംബത്തിന്റേയുമൊപ്പമാണ് പിന്നീടുള്ള ജീവിതം. പ്രദര്‍ശനത്തെക്കുറിച്ച് സഹോദരന്റെ മകന്‍ പറഞ്ഞപ്പോള്‍ ചെറിയ പേടി ഉണ്ടായിരുന്നു എന്ന് അവര്‍ പറയുന്നു: 'എന്റെ ചിത്രം ആളുകള്‍ക്ക് ഇഷ്ടമായില്ലെങ്കിലോ, ആളുകള്‍ തെറ്റഭിപ്രായം പറയുമോ എന്നൊക്കെ പേടിയുണ്ടായിരുന്നു. പക്ഷേ, ആരും തെറ്റഭിപ്രായം പറഞ്ഞില്ല. എല്ലാര്‍ക്കും ഇഷ്ടായി. എനിക്കും ഭയങ്കര സന്തോഷമായി. കുറച്ചുകൂടി നേരത്തെ ചെയ്യാമായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നുണ്ട്.' സത്യഭാമയുടെ വാക്കുകളില്‍ നിറയെ സന്തോഷമാണ്. ഇപ്പോഴും വര പഠിക്കണം എന്നത് അവരുടെ മോഹമല്ല. മനസ്സില്‍ തോന്നുന്നത് സ്വന്തം ശൈലിയില്‍ വരച്ചിടാനാണ് ആഗ്രഹം. 'തെരിക' എന്നാണ് പ്രദര്‍ശനത്തിനു പേരിട്ടത്. കല്ലും മണ്ണും ചുമക്കുമ്പോള്‍, ഉണങ്ങിയ വാഴയില കൊണ്ടുണ്ടാക്കി തലയ്ക്കു മുകളില്‍ വെയ്ക്കുന്നതാണ് തെരിക. തന്റെ ജീവിതത്തില്‍ അത്രത്തോളം ബന്ധമുള്ള മറ്റൊരു പേരെന്താണ് എന്ന് സത്യഭാമ ചോദിക്കുന്നു. മലപ്പുറത്തുനിന്ന് സത്യഭാമയെ പരിചയമുള്ള ധാരാളം പേര്‍ പ്രദര്‍ശനം കാണാനെത്തിയിരുന്നു. ജോലിചെയ്ത വീടുകളിലുള്ളവരും നാട്ടുകാരും പഞ്ചായത്ത് മെമ്പര്‍മാരും കുടുംബക്കാരും ഒക്കെ. ട്രസ്പാസേര്‍സ് എന്ന ആര്‍ട്ട് ഗ്രൂപ്പാണ് പ്രദര്‍ശനത്തിനു നേതൃത്വം കൊടുത്തത്.

ഇങ്ങനെയൊരു കഴിവ് തിരിച്ചറിയാന്‍ 62 വര്‍ഷങ്ങളെടുത്തു. എനിക്ക് ഇങ്ങനെയൊക്കെ ചെയ്യാന്‍ പറ്റും എന്ന് ഇപ്പോഴാണ് ഞാന്‍ തന്നെ അറിയുന്നത് എന്ന് അവരും പറയുന്നു. ഇനിയും തിരിച്ചറിയപ്പെടാത്ത ഒരുപാട് മനുഷ്യര്‍ക്കിടയില്‍ സത്യഭാമയുടെ നിറമുള്ള കടന്നുവരവ് ഒരു ഊര്‍ജ്ജമാണ്.

ഒരു ചിത്രപ്രദര്‍ശനംപോലും സത്യഭാമ ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ല. ഒരു പഠനവും അവര്‍ക്കില്ല. അതുകൊണ്ടുതന്നെ വരയിലോ കളറിലോ ഒരു മുന്‍മാതൃകയും അവരെ അലോസരപ്പെടുത്തുന്നില്ല. ജൈവികമായൊരു സൃഷ്ടി മാത്രമാണ് ഈ ചിത്രങ്ങള്‍.

ഈ ലേഖനം കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com