'കുഞ്ഞന്‍, പക്ഷി നിരീക്ഷണത്തില്‍ എന്റെ ആദ്യ ഗുരുവായിരുന്നു'

ഇന്ദുചൂഡന്‍ എന്ന കെ.കെ. നീലകണ്ഠന്റെ ജീവചരിത്രം
'കുഞ്ഞന്‍, പക്ഷി നിരീക്ഷണത്തില്‍ എന്റെ ആദ്യ ഗുരുവായിരുന്നു'

പാലക്കാട്ടെ കാവശ്ശേരിയിലെ കുന്നിന്‍പുറങ്ങള്‍ നൂറ് വര്‍ഷം മുന്‍പ് ഇന്നത്തെപ്പോലെയായിരുന്നില്ല.  വികസനം കുന്നുകേറിവരാത്ത കാലമാണത്. പുല്ലും കുറ്റിക്കാടും നിറഞ്ഞ കാട്ടുപ്രദേശം. ഇടയ്ക്കിടെ വലിയ വൃക്ഷങ്ങള്‍ തണല്‍വിരിച്ചുനിന്നിരുന്നു. പാമ്പും കീരിയും കുറുക്കനും മുയലും ഉടുമ്പും ചേരയുമൊക്കെ ചുറ്റിത്തിരിയുന്ന കുറ്റിക്കാട്ടില്‍ പശുക്കളും മേഞ്ഞുനടന്നു. കാലികള്‍ക്കു പിന്നാലെ പക്ഷികള്‍ പ്രാണികളെ കൊത്തിപ്പെറുക്കി കുണുങ്ങിക്കുണുങ്ങി നടന്നു. 

കുറ്റിക്കാട്ടില്‍ പലജാതി പക്ഷികളുടെ ആരവം കേള്‍ക്കുമായിരുന്നു. കേരളത്തിലെ ഏതൊരു കുഗ്രാമവും അക്കാലത്ത് ഇങ്ങനെയൊക്കെത്തന്നെയായിരുന്നു. നാട്ടിന്‍പുറങ്ങളില്‍ കൃഷിയായിരുന്നു ജനങ്ങളുടെ മുഖ്യ ജീവിതമാര്‍ഗ്ഗം. ചെമ്മണ്‍പാതയിലൂടെ വല്ലപ്പോഴും കാളവണ്ടികള്‍ ചടുക്കോപുടുക്കോന്ന് ഇളകിയാടി പൊയ്‌ക്കൊണ്ടിരുന്നു. തേങ്ങയോ തൊണ്ടോ ചാണകമോ കയറ്റിയാവും കാളവണ്ടിയുടെ  വരവും പോക്കും. കൊയ്ത്തുകാലത്ത് നെല്‍ക്കറ്റകളുമായിട്ടാവും സഞ്ചാരം. പാടത്ത് പെണ്ണുങ്ങള്‍ കൊയ്യുന്നുണ്ടാകും. ഞാറു നടുന്നുണ്ടാകും. കളപറിക്കുന്നുണ്ടാകും, വിത്ത് വിതയ്ക്കുന്നുണ്ടാകും. ആണുങ്ങള്‍ കൃഷിക്ക് വെള്ളം തേവുന്നുണ്ടാകും. ചിലര്‍ പൂട്ടുകയും കിളയ്ക്കുകയും ചെയ്യുകയായിരിക്കും. മറ്റു ചിലര്‍ ചക്രം ചവുട്ടി നീരൊഴുക്ക് വരമ്പുകള്‍ക്കിടയിലൂടെ തിരിച്ചുവിടുകയാവും. ഗ്രാമങ്ങളില്‍ ജനജീവിതം വളരെ ശാന്തമായി അങ്ങനെ മുന്നോട്ടു പൊയ്‌ക്കൊണ്ടിരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും നാട്ടില്‍ ദാരിദ്ര്യമുണ്ടായിരുന്നു, കുന്നിന്‍പുറങ്ങളില്‍ കാലികളെ മേയ്ച്ചുനടക്കുന്ന ആണ്‍പിള്ളേരേയും പെണ്‍പിള്ളേരേയും ഒന്നു നോക്കിയാല്‍ത്തന്നെ ആര്‍ക്കുമതു മനസ്സിലാകുന്നതേയുള്ളു. പാവപ്പെട്ട വീട്ടിലെ പിള്ളേരാണവര്‍. വിശപ്പിനിടയിലും കളിയും ചിരിയുമായി കുന്നിന്‍പുറങ്ങളെ സമ്പന്നമാക്കുകയാണവര്‍. മനുഷ്യര്‍ക്കന്ന് ലളിതമായ മോഹങ്ങളെ ഉണ്ടായിരുന്നുള്ളു.

കര്‍ഷക കുടുംബങ്ങളിലെ തൊഴുത്തില്‍നിന്ന് നേരം വെട്ടം വീഴുമ്പോള്‍ കാലികളെ അഴിച്ചിറക്കി ഒരു കൂട്ടം പിള്ളേര്‍ കുന്നിന്‍ചരുവില്‍ തീറ്റാന്‍ കൊണ്ടുവരും. സന്ധ്യമയങ്ങുമ്പോഴേ അവര്‍ മടങ്ങുകയുള്ളു. കീറിയ നിക്കറും പെറ്റിക്കോട്ടും ചെളിയും ചാണകവും പുരണ്ട മുഖമുള്ള കുട്ടികള്‍. ദാരിദ്ര്യവും വേദനയും ഉള്ളിലൊതുക്കി കയ്യിലൊരു വടിയുമായി കാലിക്കൂട്ടങ്ങളുടെ യജമാനന്മാരായി സങ്കല്പിച്ച് അവരങ്ങനെ ജീവിക്കുകയാണ്. ഈ യജമാനഭാവം കാലികളെ അതിന്റെ ഉടമസ്ഥരെ തിരികെ ഏല്പിക്കുന്ന നേരം വരെ മാത്രമേയുള്ളു. പിന്നീട് അവരൊക്കെ യാഥാര്‍ത്ഥ്യത്തിലേക്ക് മടങ്ങും. വീടിന്റെ പ്രാരാബ്ധങ്ങളില്‍ അലിയും.

അക്കാലത്ത് നിരവധി ചെറുതും വലുതുമായ കാലിക്കൂട്ടങ്ങള്‍ വിശാലമായ കുന്നിന്‍ചരുവാകെ മേഞ്ഞുനടക്കും. കാലികള്‍ തിന്നുനടക്കുമ്പോള്‍ അവയുടെ നോട്ടക്കാരായ പിള്ളേര്‍ പലതരം കളികളില്‍ മുഴുകിയാവും സമയം പോക്കുക. ഈ കളികളാണ് അവരെ വിശപ്പും ജീവിതവിഷമതകളും മറക്കാന്‍ സഹായിക്കുന്നത്. കാലിക്കൂട്ടങ്ങളുമായി  കുന്നിന്‍ചരുവിലേക്ക് കയറിവരാന്‍ പ്രേരിപ്പിക്കുന്നതും ഈ കൂട്ടുകൂടലും കളിയുടെ ആനന്ദവുമാണ്. കാലികളെ തീറ്റി തിരികെ അതിന്റെ ഉടമസ്ഥന്റെ വീട്ടില്‍ കൊണ്ടേല്പിക്കുമ്പോള്‍ പിള്ളേര്‍ക്കെന്തെങ്കിലും തിന്നാന്‍ കിട്ടും. ചിലപ്പോള്‍ തുച്ഛമായ ചില്ലിക്കാശാവും പ്രതിഫലം. ഇതുകൊണ്ട് ഒന്നിനും തികയില്ല. തങ്ങളുടെ സമപ്രായക്കാരായ പല കുട്ടികളും പള്ളിക്കൂടത്തില്‍ പോകുമ്പോള്‍ അതിനൊന്നും പാങ്ങില്ലാത്ത പട്ടിണിപ്പാവങ്ങളാണ് കാലികളെ മേയ്ക്കാനിറങ്ങുന്നത്. ഇങ്ങനെ കാലികളെ മേയ്ക്കുന്ന കുട്ടികളുടെ കൂട്ടത്തില്‍ കുഞ്ഞനെന്നൊരു പയ്യനുണ്ടായിരുന്നു. മറ്റു പിള്ളേരില്‍ നിന്നൊക്കെ വ്യത്യസ്തനായിരുന്നു കുഞ്ഞന്‍. കാലികളെ കുറ്റിക്കാട്ടില്‍ തീറ്റാന്‍ വിട്ടാല്‍ പിന്നെ സമയം പോക്കാന്‍ മറ്റു പിള്ളേരൊക്കെ അടിച്ചേച്ചോട്ടം, ഒളിച്ചിരിപ്പ് കളി, പന്തേറ് കളി, പാറകളി, പശുവും പുലിയും കളി, കുക്കുടുകളി... തുടങ്ങിയ ഏതെങ്കിലും കളികളില്‍ മുഴുകുകയാവും. എന്നാല്‍,  കുഞ്ഞനാകട്ടെ, തന്റെ കാലികളെ മരങ്ങള്‍ക്കിടയിലോ കുന്നിന്‍ചരുവിലോ മേയാന്‍ വിട്ടിട്ട് ചുറ്റുവട്ടത്തുള്ള കുറ്റിക്കാട്ടില്‍ വന്നിരിക്കുന്ന പക്ഷികളെ നോക്കി നടക്കും. 

അവിടെ ചുറ്റിപ്പറ്റി നില്‍ക്കുന്ന കാക്കത്തമ്പുരാട്ടിയേയും കാലിക്കൊക്കിനേയും മൈനകളേയും നോക്കിയിരിക്കും. കാലികള്‍ക്കു പിന്നാലെ എപ്പോഴും നടന്ന് ഇരപിടിക്കുന്ന കാലിക്കൊക്കിന്റെ ഓരോ വികൃതിത്തരങ്ങള്‍ സൂക്ഷ്മതയോടെ നിരീക്ഷിക്കും. കാലിക്കൊക്കുകള്‍ മറ്റു കൊക്കുകളില്‍നിന്ന് എങ്ങനെയൊക്കെ വേറിട്ടിരിക്കുന്നുവെന്ന് കണ്ടുപിടിക്കും. മഴക്കാലത്തിനു മുന്‍പ് കാലിക്കൊക്കുകളുടെ തലയും കഴുത്തും പുറവുമൊക്കെ ഓറഞ്ചു നിറത്തിലുള്ള തൂവലുകളാല്‍ മൂടപ്പെടുന്നത് കണ്ട് കുഞ്ഞന്‍ അത്ഭുതപ്പെടും. 

കെകെ നീലകണ്ഠൻ (ഇന്ദുചൂഡൻ)
കെകെ നീലകണ്ഠൻ (ഇന്ദുചൂഡൻ)

പാടത്തു കാണുന്ന മറ്റ് വെള്ളക്കൊക്കുകള്‍ക്കൊന്നും ഇങ്ങനെ നിറമാറ്റം സംഭവിക്കാറില്ല. എന്നാല്‍ അവയ്ക്കും മഴക്കാലത്ത് ചില്ലറ രൂപമാറ്റമൊക്കെയുണ്ടാകും. കൂടുതല്‍  സുന്ദരന്മാരും സുന്ദരികളുമായി മാറും. ചിന്നക്കൊക്കിന്റെ തലയില്‍ കിന്നരിത്തൂവല്‍ കിളിര്‍ക്കും. കൊമ്പുപോലെ അത് ഉയര്‍ന്നു നില്‍പ്പുണ്ടാകും. വെള്ളക്കൊറ്റികള്‍ ഭംഗിയുള്ള പീലിത്തൂവലുകള്‍ മാറത്തും പുറത്തുമൊക്കെ വളര്‍ന്നുവരും. ഇതവയുടെ വിവാഹവേഷമാണെന്ന് കുഞ്ഞനറിയാം. പാടത്ത് തിത്തിരിപ്പക്ഷികളുടെ ശബ്ദം കേട്ടിരിക്കും, മഞ്ഞക്കണ്ണിയേയും ചെങ്കണ്ണിയേയും അത്ഭുതത്തോടെ നോക്കിക്കാണും. പക്ഷികളുടെ കൂടൊരുക്കലും മുട്ടയിടീലും ശബ്ദവ്യത്യാസങ്ങളും എന്നുവേണ്ട സകലമാന കാര്യങ്ങളും കുഞ്ഞന്റെ നിരീക്ഷണ വലയത്തിലുണ്ടാവും. കാവശ്ശേരിയില്‍ പാറിപ്പറക്കുന്ന കിളികളൊക്കെ എവിടെ പോയാണ് മുട്ടയിടുന്നത് എന്നൊക്കെ കുഞ്ഞന് നല്ല തിട്ടമായിരുന്നു. പക്ഷിനിരീക്ഷണം എന്നു കേള്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ തെളിയുന്ന ചിത്രം ഇരുപതുവയസ്സു തികയും മുന്‍പ് മരിച്ചുപോയ എന്റെ സ്‌നേഹിതന്‍ കുഞ്ഞന്റേതാണെന്ന് പ്രശസ്ത പക്ഷിനിരീക്ഷകനായ കെ.കെ. നീലകണ്ഠന്‍ എഴുതിയിട്ടുണ്ട്. കുന്നിന്‍ചരുവില്‍ പക്ഷിനോട്ടത്തിനു പോയപ്പോഴാണ് കെ.കെ. നീലകണ്ഠന്‍ കുഞ്ഞനെ പരിചയപ്പെടുന്നത്. കുഞ്ഞനെക്കുറിച്ചുള്ള കെ.കെ. നീലകണ്ഠന്റെ വാക്കുകളിങ്ങനെ:

'ഞാന്‍ പരിചയപ്പെടുമ്പോള്‍ കുഞ്ഞന് ഏകദേശം 14 വയസ്സായിരുന്നു. ദരിദ്ര കുടുംബത്തില്‍ ജനിച്ച കുഞ്ഞന് ഒന്നുരണ്ടു വര്‍ഷത്തെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ജീവിക്കാന്‍ വേണ്ടി തൊഴിലെടുക്കേണ്ടിവന്നു. ഒരു കൃഷിക്കാരന്റെ പത്തു പതിനഞ്ച് പശുക്കളേയും കൊണ്ട് കുഞ്ഞന്‍ കാലത്തുതന്നെ അടുത്തുള്ള പാറക്കുന്നിലേക്ക് പോകും. കുന്നിന്‍ചരുവിലുള്ള തേക്കിന്‍ തോട്ടങ്ങളും കുറ്റിക്കാടുകളുമായിരുന്നു കുഞ്ഞന്റെ പശുക്കള്‍ക്കുള്ള മേച്ചില്‍ സ്ഥലം. 

അവിടെയൊക്കെ ഏകദേശം രണ്ടുമണി വരെ അവന്‍ ഏകനായി സഞ്ചരിക്കും. കുന്നിന്റെ മറ്റു ഭാഗങ്ങളില്‍ കുഞ്ഞനെപ്പോലെ വേറെയും ഗോപാലകന്മാരും ഗോപികമാരും കൂട്ടുചേര്‍ന്ന് കളിച്ചും കലഹിച്ചും സമയം പോക്കാറുണ്ടായിരുന്നു. പക്ഷേ, കുഞ്ഞന്‍ അവരുമായി ഒട്ടും അടുത്തിരുന്നില്ല. അവരോട് എന്തോ പൂര്‍വ്വവിരോധമുള്ളതുപോലെ അവന്‍ എപ്പോഴും അവരില്‍നിന്നെല്ലാം അകലെ മാറി തനിച്ചാണ് കാലിമേച്ചിരുന്നത്. മരങ്ങളും ചെടികളും ധാരാളമുള്ള സ്ഥലത്ത് കുഞ്ഞന് ഇഷ്ടപ്പെട്ട സ്ഥലത്തെത്തിയാല്‍ അവര്‍ പശുക്കളെ മേഞ്ഞുനടക്കാന്‍ വിട്ടിട്ട് അവിടെ കാണാവുന്ന നാനാതരം ജന്തുക്കളുടെ ഗമനാഗമന നിരീക്ഷണത്തില്‍ നിമഗ്‌നനാവും. അങ്ങനെ അവന് ക്രമേണ ആ പ്രദേശത്തെ പക്ഷികളില്‍ ഒരു പ്രത്യേക സ്‌നേഹം ജനിച്ചു. 'കുഞ്ഞന്‍ ഈ പക്ഷികളുടെ സ്വഭാവ വിശേഷതകളും ജീവിതരീതികളും എല്ലാം കണ്ടു മനസ്സിലാക്കാന്‍ തുടങ്ങി. കാണുന്നതെല്ലാം കടലാസില്‍ പകര്‍ത്താനുള്ള കഴിവോ ആഗ്രഹമോ കുഞ്ഞനുണ്ടായിരുന്നില്ല. അതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. എന്തെന്നാല്‍ അവന്‍ കണ്ടതൊന്നും മറന്നില്ല.' ഓരോ ജാതി പക്ഷിയും എന്തൊക്കെ തിന്നുന്നു, അത് എങ്ങനെ ആഹാരം സമ്പാദിക്കുന്നു, ഏതുകാലത്ത്, എവിടെ കൂടുകൂട്ടുന്നു. സുമാര്‍ എത്ര മുട്ടകളിടുന്നു. എന്തുനിറമുള്ള മുട്ടകളാണ് ഇടുക ഇതെല്ലാം കാലക്രമേണ കുഞ്ഞന്‍ കണ്ടുപിടിച്ചു. ഞാന്‍ അന്ന് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നു. എനിക്കും എങ്ങനെയോ കലശമായ പക്ഷിഭ്രാന്ത് പിടിപെട്ടകാലം. പക്ഷികളെക്കുറിച്ച് യാതൊന്നും അറിവില്ലെങ്കിലും അവയെക്കുറിച്ചും മറ്റ് ജന്തുക്കളെക്കുറിച്ചും കഴിയുന്നത്ര അറിയണമെന്ന ആഗ്രഹം എന്നെയും കുഞ്ഞന്റെ വൃന്ദാവനത്തിലെത്തിച്ചു. ഒഴിവു ദിവസങ്ങളില്‍ പ്രാതല്‍ അകത്താക്കിയാലുടനെ ഞാന്‍ ആ കുന്നിന്റെ ചരിവിലേക്കോടും. അവിടെ കാണുന്ന പക്ഷികളുടെയെല്ലാം പിന്നാലെ, എന്തിനെന്നുപോലും ചിന്തിക്കാതെ അലഞ്ഞുനടക്കും.'

നാട്ടുമൈന എന്ന കാറുവാൻ/ ഫോട്ടോ: സിജി അരുൺ
നാട്ടുമൈന എന്ന കാറുവാൻ/ ഫോട്ടോ: സിജി അരുൺ

'ആഷി ക്രൗണ്‍സ് ഫിന്‍ച്ച് ലാര്‍ക്ക് എന്ന പക്ഷി എങ്ങനെയിരിക്കുമെന്ന് വിവരിച്ചു കൊടുക്കേണ്ട താമസം. കുഞ്ഞന്‍ അതിനെ നിസ്സംശയം കാണിച്ചുതരും. മാത്രമല്ല, അത് പാറയിടുക്കുകളില്‍ പുല്ലുകൊണ്ട് ചെറിയൊരു കോപ്പയുണ്ടാക്കി അതില്‍ രണ്ട് മുട്ടകളിടുമെന്നും വേനല്‍ക്കാലത്താണ് കൂടുകെട്ടുന്നതെന്നും പുല്‍വിത്തുകളാണ് അതിന്റെ പ്രധാന ഭക്ഷണമെന്നും അത് ചില കാലങ്ങളില്‍ ഒരു പ്രത്യേക രീതിയില്‍ പറന്നുകളിക്കുമെന്നും മറ്റും പറഞ്ഞുതുടങ്ങും. അങ്ങനെ കുഞ്ഞനില്‍നിന്ന് എനിക്ക് കിട്ടിയ അറിവിന് അളവില്ല. കുഞ്ഞന്‍ പക്ഷിനിരീക്ഷണത്തില്‍ എന്റെ ആദ്യ ഗുരുവായിരുന്നു.'

കാറുവാന്റെ കൂടു കാണണോ എന്നു ചോദിച്ചുകൊണ്ടാണ് കുഞ്ഞന്‍ കെ.കെ. നീലകണ്ഠനെ പരിചയപ്പെടുന്നത്. മൈനക്ക് കാവശ്ശേരിയില്‍ പ്രാദേശികമായി വിളിക്കുന്ന പേരാണ് കാറുവാന്‍. ഒരുപക്ഷേ, കുഞ്ഞന്‍ ആ കുന്നിന്‍പുറത്തുവച്ച് കെ.കെ. നീലകണ്ഠന്റെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ട് അങ്ങനെയൊരു ചോദ്യം ചോദിച്ചില്ലായിരുന്നുവെങ്കില്‍ കാവശ്ശേരിയിലെ കുന്നിന്‍പുറങ്ങളെ ആകര്‍ഷകമാക്കിയിരുന്ന ധാരാളം ജാതി പക്ഷികളുമായി വളരെ അടുത്തിടപഴകാന്‍ അദ്ദേഹത്തിന് അവസരം ലഭിക്കുമായിരുന്നോയെന്ന് സംശയമാണ്.  എന്നാല്‍, കുഞ്ഞനെപ്പോലെയുള്ള പക്ഷിപ്രിയരും പക്ഷിനിരീക്ഷകരും തമ്മില്‍ പ്രകടമായ വ്യത്യാസമുണ്ട്. ഇതേക്കുറിച്ച് കെ.കെ. നീലകണ്ഠന്‍തന്നെ നമുക്ക് വിശദീകരിച്ചുതരുന്നുണ്ട്.

'പക്ഷിപ്രിയന്മാരും പക്ഷിനിരീക്ഷകരും തമ്മില്‍ അല്പം വിത്യാസമുണ്ട്. കുഞ്ഞന്‍ ഒരു പക്ഷിപ്രിയന്‍ മാത്രമായിരുന്നു. എന്തെന്നാല്‍ പക്ഷിനിരീക്ഷണത്തിന്റെ അസ്തിവാരമെന്നു പോലും പറയാവുന്ന ഒരു സുപ്രധാനമായ കഴിവ് അവന്‍ സമ്പാദിച്ചിരുന്നില്ല. അവന്‍ പക്ഷികള്‍ക്ക് പറഞ്ഞിരുന്ന പേരുകള്‍ മിക്കതും മറ്റ് പക്ഷിപ്രിയന്മാര്‍ക്ക് പരിചയമില്ലാത്തവയായിരുന്നു. അതുകൊണ്ട് പലപ്പോഴും അവന്‍ പറയുന്ന കാര്യങ്ങളും ഒരു പക്ഷിയുടെ രൂപവും തമ്മില്‍ ബന്ധപ്പെടുത്താന്‍ കഴിയാതെ ഞാന്‍ കുഴങ്ങിയിട്ടുണ്ട്.' എല്ലാവര്‍ക്കും മനസ്സിലാകുന്ന പക്ഷിപ്പേരുകള്‍ അറിയുകയെന്നത് പക്ഷിനിരീക്ഷണത്തിന്റെ പ്രാഥമിക പാഠങ്ങളിലൊന്നാണ്. രാജ്യത്തെ പതിനായിരക്കണക്കിനു വരുന്ന പക്ഷിപ്രിയരുടെ പ്രതിനിധിയാണ് കുഞ്ഞനെന്നു പറയാം. സൂക്ഷ്മമായ നിരീക്ഷണബോധമുള്ളവരില്‍ ഒരാള്‍. ഇവരില്‍ ചിലര്‍ കൗതുകത്തിനും ഉല്ലാസത്തിനും വേണ്ടി പക്ഷികള്‍ക്കു പിന്നാലെ നടക്കുന്നവരാകാം. എന്നാല്‍, മറ്റു ചിലര്‍ പക്ഷികളെ വേട്ടയാടി ഭക്ഷിക്കുന്നതിനുവേണ്ടിയാണ് അവയെ നിരീക്ഷിക്കുന്നത്. നമ്മുടെ ഗോത്രവിഭാഗങ്ങളിലുള്ളവര്‍ക്ക് കാട്ടില്‍ പറന്നു നടക്കുന്ന കിളികളെ അതിവിദഗ്ദ്ധമായി പിടിച്ചെടുക്കാനുള്ള കഴിവുള്ളവരാണ്. പക്ഷികളുടേയും മൃഗങ്ങളുടേയും മറ്റ് പല ജാതി ജീവികളുടേയും ജീവിതരഹസ്യങ്ങളൊക്കെ അറിയുന്നവരാണ്. ഡോ. സാലിം അലി ഗോത്രവര്‍ഗ്ഗക്കാരുടെ സഹായത്തോടെയാണ് പല കാട്ടുപക്ഷികളേയും പിടിച്ചെടുത്തു പഠിച്ചിരുന്നത്. നമ്മുടെ സസ്യജന്തുജാലങ്ങളെക്കുറിച്ച് നല്ല വിവരമുള്ളവരാണ് ഗോത്രവര്‍ഗ്ഗക്കാര്‍. എന്നാല്‍, ഇത്തരക്കാരുടെ അറിവുകളൊന്നും ശേഖരിച്ചുവയ്ക്കുന്നതിന് ഒരു സംവിധാനവും ഇന്നും നമുക്കില്ല. കുഞ്ഞനെപ്പോലെയുള്ളവരുടെ പക്ഷിയറിവുകള്‍ കൂടി ശാസ്ത്രീയ പഠിതാക്കളുടെ അറിവുകള്‍ക്കൊപ്പം ചേര്‍ത്തുവയ്ക്കാനായാല്‍ നമ്മുടെ പക്ഷിശാസ്ത്രത്തിന് അതൊരു മുതല്‍ക്കൂട്ടാകുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

കാവശ്ശേരിയിൽ കെകെ നീലകണ്ഠൻ
ജനിച്ചു വളർന്ന വീട്

കാവശ്ശേരിയിലെ ബാല്യം

കെ.കെ. നീലകണ്ഠന്‍ ജനിച്ച 'കാവശ്ശേരി' ഒരുള്‍നാടന്‍ പാലക്കാടന്‍ ഗ്രാമത്തിന്റെ എല്ലാ വശ്യതയും ഒത്തിണങ്ങിയ നാടായിരുന്നു. കരിമ്പനകള്‍ അതിരിട്ട നെല്‍പ്പാടവും കാലികളെ മേയ്ച്ചു നടക്കുന്ന ബാലികബാലന്മാരും വര്‍ഷകാലത്ത് കരകവിഞ്ഞൊഴുക്കുന്ന ഗായത്രിപ്പുഴയുമൊക്കെ കാവശ്ശേരിയുടെ ഗ്രാമ്യ സൗന്ദര്യത്തിന്റെ മകുടോദാഹരണമായിരുന്നു. വിശാലമായ നെല്‍വയലുകള്‍ക്കിടയിലൂടെ നീണ്ടുപോകുന്ന ചെമ്മണ്‍പാതകള്‍. എരണ്ടകള്‍ ഇരതേടുന്ന വലിയ കുളങ്ങള്‍. എല്ലാവരും കുളിച്ചു തൊഴുന്ന പരക്കാട് ഭഗവതിക്കാവ്, മയിലുകള്‍ മേയുന്ന പറമ്പുകള്‍, മാവും തെങ്ങും പുളിയും പിന്നെ പേരറിയാവുന്നതും അറിയാത്തതുമായ മരങ്ങള്‍ നിറഞ്ഞ വീട്ടുവളപ്പുകള്‍, നിരത്തിലൂടെ നിരങ്ങിനീങ്ങുന്ന കുതിരവണ്ടികളും കാളവണ്ടികളും ഇങ്ങനെ വര്‍ണ്ണിച്ചാലും വര്‍ണ്ണിച്ചാലും മതിവരാത്ത ഗ്രാമീണസൗന്ദര്യത്തിന്റെ ഒരു കേദാരഭൂമിയായിരുന്നു കാവശ്ശേരി. എന്നാല്‍, ഇത്തരത്തിലുള്ള ഗ്രാമീണദൃശ്യങ്ങളൊക്കെ എന്നേ കേരളത്തില്‍നിന്നു പോയ്മറഞ്ഞു. കേരളം ഇന്നൊരു വലിയ പട്ടണമാണ്. ഗ്രാമീണ സംസ്‌ക്കാരം സംരക്ഷിച്ചുകൊണ്ടുള്ള വികസനത്തിനേ പ്രസക്തിയുള്ളു. ജൈവവൈവിധ്യം സംരക്ഷിക്കുന്നതോടൊപ്പം നാട്ടുതനിമകളും ഭാഷാവൈവിധ്യങ്ങളും സംരക്ഷിക്കപ്പെടണം.

1923 ഏപ്രില്‍ 15ന് കൈലാസം അയ്യരുടേയും ഭഗീരഥിയുടേയും പുത്രനായിട്ടായിരുന്നു കൈലാസം നീലകണ്ഠന്‍ എന്ന കെ.കെ. നീലകണ്ഠന്റെ (ഇന്ദുചൂഡന്റെ) ജനനം. 2023 അദ്ദേഹത്തിന്റെ ജന്മശതാബ്ദി വര്‍ഷമാണ്. പാരമ്പര്യമനുസരിച്ച് കൈലാസം അയ്യരുടെ പിതാവ് നീലകണ്ഠന്റെ പേരു തന്നെയാണ് തന്റെ പുത്രന് അദ്ദേഹം നല്‍കിയത്. മൃഗഡോക്ടര്‍ എന്ന നിലയില്‍ പേരുകേട്ട ആളായിരുന്നു കൈലാസം അയ്യര്‍. 

കര്‍ണാടകയിലെ തുങ്കൂറില്‍ മൃഗഡോക്ടറായ അച്ഛനൊപ്പം താമസിക്കുമ്പോള്‍ മൃഗാശുപത്രി വളപ്പില്‍ ഒരു ഉപ്പൂപ്പന്‍ കൂടൊരുക്കുന്നത് കുട്ടിയായിരുന്ന നീലകണ്ഠന്റെ ശ്രദ്ധയില്‍പ്പെട്ടു. നീലകണ്ഠന്‍ ഉപ്പൂപ്പന്റെ കൂട് ആദ്യമായി കാണുകയായിരുന്നു. നീലകണ്ഠനു സുന്ദരരൂപിയായ ഉപ്പൂപ്പന്‍ പക്ഷിയുടെ കൂട്ടിലേക്കുള്ള വരവും പോക്കും രസകരമായി തോന്നി. മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് ഉപ്പൂപ്പന്റെ കൂട്ടില്‍ത്തന്നെ നീലകണ്ഠന്‍ കണ്ണുംനട്ടിരിപ്പായി. തലയില്‍ വിശറിപോലെ തലപ്പാവു ധരിച്ച രാജകീയവേഷധാരിയായ ഉപ്പൂപ്പനെ അടുത്തുകിട്ടിയതോടെ നീലകണ്ഠന്‍ അതീവ സന്തോഷവാനായി, ഉപ്പൂപ്പന്റെ ഓരോരോ ചേഷ്ടകള്‍ നോക്കിയിരുന്നാല്‍ സമയം പോകുന്നത് അറിയുകയേയില്ല. നീലകണ്ഠന്‍ ഉപ്പൂപ്പനെ തുടര്‍ച്ചയായി നിരീക്ഷിച്ചുകൊണ്ടിരുന്നു. നമുക്ക് ചുറ്റും കഴിയുന്ന ആയിരക്കണക്കിനു വരുന്ന പക്ഷികളുടെ വിസ്മയ ലോകത്തെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കാന്‍ ഇത് കാരണമായി. പക്ഷികളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കണമെന്ന മോഹം നീലകണ്ഠനുണ്ടായിരുന്നു. തന്റെ കണ്‍മുന്‍പില്‍ കൂടൊരുക്കിയിരുന്ന ഉപ്പൂപ്പന്‍ പക്ഷിയെ വരയ്ക്കാനുള്ള പരിശ്രമങ്ങളും ബാലനായ നീലകണ്ഠന്‍ നടത്തി. അതിന്റെ രൂപവും നിറവും മനസ്സില്‍ പതിയാന്‍ വര സഹായകരമായി. കുട്ടിക്കാലത്തുതന്നെ വരയ്ക്കാനുള്ള കഴിവ് നീലകണ്ഠന്‍ പ്രകടിപ്പിച്ചു തുടങ്ങിയിരുന്നു. കളര്‍ പെന്‍സിലും പേപ്പറും ഇതിനായി അച്ഛന്‍ മകന് വാങ്ങിക്കൊടുക്കുമായിരുന്നു. നീലകണ്ഠന്‍ എന്തെങ്കിലും വരച്ചുകൊണ്ടിരിക്കുന്നത് വീട്ടിലുള്ളവര്‍ക്കും ഇഷ്ടമായിരുന്നു. കെ.കെ. നീലകണ്ഠനെ അച്ഛന്‍ തുങ്കൂറിലെ പബ്ലിക് ലൈബ്രറിയില്‍ ചേര്‍ത്തു. അവിടെ ഇംഗ്ലീഷില്‍ എഴുതപ്പെട്ട നിരവധി പക്ഷി പുസ്തകങ്ങള്‍ നീലകണ്ഠന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇതില്‍ കുട്ടികള്‍ക്കായുള്ള പുസ്തകങ്ങളും ഉള്‍പ്പെട്ടിരുന്നു. പക്ഷികളെക്കുറിച്ചുള്ള പുസ്തകങ്ങള്‍ എടുത്തു വായിക്കാനാണ് നീലകണ്ഠന്‍ ഇഷ്ടപ്പെട്ടിരുന്നത്. അവിടുത്തെ ലൈബ്രേറിയനും ഇതൊരു കൗതുകമായി. ലൈബ്രറിയില്‍ എത്തുന്ന മിക്ക കുട്ടികളും കഥകളും ചിത്രകഥകളും മറ്റും വായിക്കാനെടുക്കുമ്പോള്‍ നീലകണ്ഠന്‍ അവിടുത്തെ പക്ഷിപ്പുസ്തകങ്ങള്‍ ഒന്നൊന്നായി എടുത്തു പരിശോധിച്ചു. പക്ഷിപ്പുസ്തകങ്ങളില്‍ നിറയെ പക്ഷികളുടെ വര്‍ണ്ണചിത്രങ്ങളുണ്ടാവും. ഈ ചിത്രങ്ങള്‍ അതുപോലെ വരച്ചെടുക്കാനായിരുന്നു നീലകണ്ഠനു കൂടുതല്‍ താല്പര്യം. ഇങ്ങനെ വരച്ചെടുക്കുമ്പോള്‍ അവയുടെ പേരും കൂടി ഓര്‍മ്മവയ്ക്കും. ഉപ്പൂപ്പന്‍ പക്ഷിയെ പുസ്തകത്തിലെ ചിത്രവുമായി നീലകണ്ഠന്‍ ഒത്തുനോക്കി എല്ലാം കൃത്യമെന്ന് ഉറപ്പുവരുത്തും. വരയ്ക്കുന്നതിനെ അച്ഛന്‍ കൈലാസം അയ്യര്‍ പ്രോത്സാഹിപ്പിച്ചിരുന്നു. പക്ഷികളെ സൂക്ഷ്മമായി തിരിച്ചറിയാന്‍ അവയെ വരയ്ക്കുന്നതു മൂലം കഴിയുമെന്ന് നീലകണ്ഠനു മനസ്സിലായി. പക്ഷികളുടെ ചുണ്ടിനു നിറം നല്‍കണമെങ്കില്‍ അതേതാണെന്നു കണ്ടെത്തേണ്ടതുണ്ട്. ചിറകുകള്‍ പല നിറങ്ങളിലുള്ളതാവും. അതൊക്കെ ഏതാണെന്നും എവിടെയൊക്കെയാണ് നിറവ്യത്യാസങ്ങളുള്ളതെന്നും അറിയണം. കാലുകളുടെ നിറങ്ങള്‍ അറിയണം. തലയില്‍ തലപ്പാവുണ്ടോ? കൊക്കുകളുടെ രൂപം എങ്ങനെയാണ്, പക്ഷികളുടെ ആകൃതി ഇതൊക്കെ മനസ്സിലാക്കിയാലേ അവയെ വരയ്ക്കാന്‍ കഴിയുകയുള്ളൂ. കുട്ടിക്കാലത്തു കിട്ടിയ ഈ പരിശീലനം പിന്നീട് നീലകണ്ഠനു വലിയ അനുഗ്രഹമായിത്തീര്‍ന്നു. കെ.കെ. നീലകണ്ഠന്റെ എഴുത്ത് ഒരു വാങ്മയ ചിത്രമായതും ഇതുമൂലമാണ്. 'കേരളത്തിലെ പക്ഷികള്‍' എന്ന തന്റെ പുസ്തകത്തില്‍ അദ്ദേഹം ഉപ്പൂപ്പനെ പരിചയപ്പെടുത്തുന്നത് ഇങ്ങനെ.

പച്ച എരണ്ടത്താറാവുകൾ/ ഫോട്ടോ: സിജി അരുൺ
പച്ച എരണ്ടത്താറാവുകൾ/ ഫോട്ടോ: സിജി അരുൺ

'ഉപ്പൂപ്പന്‍ ദേഹം ആകപ്പാടെ മങ്ങിയ കാവിനിറമാണ്. മുതുകിലും ചിറകിലും വെളുത്തതും കറുത്തതുമായ പട്ടകള്‍ ഇടകലര്‍ന്നു കിടക്കുന്നത് വരയന്‍ കുതിരയുടെ വികൃതവേഷത്തെ ഓര്‍മ്മിപ്പിക്കുമെങ്കിലും പക്ഷിയെ സുന്ദരനാക്കി തീര്‍ക്കുന്നു. വാലിലും ഇതേപോലെ ഒരു വെള്ളപ്പട്ടയും കറുപ്പു പട്ടയും ഉണ്ട്. ഈ പക്ഷിയുടെ പ്രത്യേകത തലയില്‍ കാണുന്ന കിരീടമാണ്. മടക്കുവാനും നിവര്‍ത്തിപ്പിടിക്കുവാനും കഴിയുന്ന ഈ ശിഖപക്ഷിയുടെ മൂര്‍ദ്ധാവില്‍ വളര്‍ന്നു നില്‍ക്കുന്ന തൂവലുകളാണ്. ഏകദേശം ഒരു വിശറിയുടെ ആകൃതിയാണ് ഈ പൂവിനുള്ളതെന്ന് ചിത്രത്തില്‍ നോക്കിയാലറിയാം. ശിഖയ്ക്കും മങ്ങിയ കാവിനിറമാണ്. ഇതിലെ ഓരോ തൂവലിന്റേയും അറ്റത്ത് വളരെ ഭംഗിയുള്ള കറുപ്പും വെളുപ്പും പുള്ളികളുണ്ട്. ഉപ്പൂപ്പന്‍ സദാ ഈ തൊപ്പി വിടര്‍ത്തിപ്പിടിക്കുകയില്ല. ഒരു സ്ഥലത്ത് പറന്നെത്തി ഇരിക്കുമ്പോഴും ഇര തേടുന്നതിനിടയില്‍ ഇടയ്ക്കിടയ്ക്കു പേടിച്ചു ചുറ്റും നോക്കുമ്പോഴും വികാരഭരിതനാകുമ്പോഴുമാണ് കുറച്ചു നേരത്തേക്ക് പൂവു വിടര്‍ത്തിപ്പിടിക്കുന്നത്.'

കുട്ടിക്കാലത്തെ പക്ഷികളെ വരയ്ക്കാനുള്ള ശീലം തുടങ്ങിയത് മൂലം നല്ല പക്ഷിച്ചിത്രങ്ങള്‍  സ്വയം വരച്ചുണ്ടാക്കാന്‍ അദ്ദേഹത്തിനു പിന്നീട് കഴിഞ്ഞു. 'കേരളത്തിലെ പക്ഷികള്‍' ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ പ്രശസ്തമായ കൃതികളില്‍ സ്വന്തം പക്ഷിച്ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പ്രസിദ്ധീകരിച്ചത്.  അച്ഛന്‍ കൈലാസ അയ്യര്‍ മരണപ്പെടുമ്പോള്‍ നീലകണ്ഠനപ്പോള്‍ പതിമൂന്ന് വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 

പക്ഷികളുടെ ശബ്ദം അതേപോലെ അനുകരിക്കുകയെന്നത് നീലകണ്ഠന്റെ ഇഷ്ടവിനോദമായിരുന്നു. കാക്കയുടെ വിവിധ തരത്തിലുള്ള കരച്ചില്‍ നീലകണ്ഠന്‍ അനുകരിച്ചിരുന്നു. കുയില്‍ കൂവുന്നതും മണ്ണാത്തിപ്പുള്ളിന്റെ പാട്ടും ഓലേഞ്ഞാലിയുടെ കുരവയും ബുള്‍ബുള്‍ പക്ഷിയുടെ ശുദ്ധസംഗീതവും എന്നുവേണ്ട സകലമാന പക്ഷികളുടേയും ശബ്ദങ്ങള്‍ മനോഹരമായി നീലകണ്ഠന് അനുകരിക്കാന്‍ കഴിയുമായിരുന്നു. ഓരോ ജാതി പക്ഷിക്കും അതിന്റേതായ ഭാഷയുണ്ട്. പക്ഷികള്‍ പരസ്പരം ആശയവിനിമയം നടത്തുന്നതാണ് അവയുടെ വ്യത്യസ്ത ശബ്ദങ്ങള്‍. ഇതേക്കുറിച്ച് കെ.കെ. നീലകണ്ഠന്‍ തന്നെ എഴുതിയത് ഇങ്ങനെ:

'പക്ഷികള്‍ക്ക് അന്യോന്യം അറിയിക്കേണ്ട കാര്യങ്ങള്‍ അധികമില്ല. 'ഞാന്‍ ഇവിടെയുണ്ട്', 'ഞാന്‍ പോകുന്നു', 'ഞാന്‍ വന്നു', 'ശത്രു വരുന്നു', 'ഞാന്‍ ശത്രുവല്ല', 'തനിക്കിവിടെ  പ്രവേശനമില്ല' എന്നിങ്ങനെ ചിലത് മിക്ക പക്ഷികളും അന്യോന്യം അറിയിക്കാറുണ്ട്. മുതിര്‍ന്ന പക്ഷികള്‍ക്ക് സാധാരണയായി എനിക്ക് വിശക്കുന്നു എന്നു പറയാനുള്ള സന്ദര്‍ഭം വരാറില്ല. വിശന്നു തുടങ്ങുമ്പോള്‍ അവ ഭക്ഷണം സ്വയം അന്വേഷിച്ചുകൊള്ളും. പക്ഷേ, പ്രായപൂര്‍ത്തിയെത്താത്ത കുഞ്ഞുങ്ങള്‍ മിക്കതും 'വിശക്കുന്നു, ഭക്ഷണം വേണം' എന്നു മാതാപിതാക്കളെ അറിയിക്കുക പതിവാണ്. ഇതിനെല്ലാം കണ്ഠത്തില്‍നിന്നുണ്ടാകുന്ന ചില പ്രത്യേക ശബ്ദങ്ങള്‍ ഉപയോഗിക്കുന്നു.'

'പലതരം പക്ഷികളും ആദ്യം ചെയ്യുന്നത് കൂടുകെട്ടുവാന്‍ പറ്റിയ സ്ഥലം കണ്ടുപിടിക്കുകയാണ്. അതുകഴിഞ്ഞാല്‍ ആ പ്രദേശം തന്റേതാണെന്നു മറ്റുള്ളവരെ അറിയിക്കണം. ഇതിനുള്ള മാര്‍ഗ്ഗമത്രെ പാട്ട്. തനിക്കിഷ്ടപ്പെട്ട സ്ഥലം തെരഞ്ഞെടുത്തു കഴിഞ്ഞാല്‍ ആണ്‍പക്ഷി  ആ സ്ഥലത്തിനു ചുറ്റും 'വേലികെട്ടാന്‍' ഒരുമ്പെടുകയായി. പ്രസ്തുത സ്ഥലത്തിന്റെ അതിര്‍ത്തിയില്‍ നില്‍ക്കുന്ന നാലോ അഞ്ചോ ഉയര്‍ന്ന ഇരിപ്പിടങ്ങളില്‍ മാറി മാറി ചെന്നിരുന്നാണ് പക്ഷി തന്റെ കൈവശഭൂമിയുടെമേല്‍ അവകാശം സ്ഥാപിക്കുന്നത്. ഇത്തരം പക്ഷികള്‍ക്ക് നല്ലൊരു ഉദാഹരണം നമ്മുടെ നാട്ടില്‍ സര്‍വ്വസാധാരണമായ മണ്ണാത്തിപ്പുള്ളാണ്.'

കെ.കെ. നീലകണ്ഠനു കുട്ടിക്കാലത്ത് സംഗീതത്തോടുണ്ടായിരുന്ന പ്രിയം പക്ഷിപ്പാട്ടുകള്‍ അനുകരിച്ചു പഠിക്കുന്നതിന് ഏറെ ഉപകരിച്ചിട്ടുണ്ട്. തൊടിയില്‍നിന്ന് തണുപ്പുകാലം തുടങ്ങുമ്പോള്‍ കേള്‍ക്കുന്ന കുയില്‍പാട്ടിന് എതിര്‍പ്പാട്ട് പാടാന്‍ കുട്ടികള്‍ക്ക് ഒരു പ്രത്യേക ആവേശം തന്നെയുണ്ട്. കുയിലുകളുടെ ഇടയിലെ ആണ്‍പക്ഷിയാണ് നീട്ടി കൂവുന്നത്. കുട്ടികള്‍ അതുകേട്ട് എതിര്‍ കൂവ് തുടങ്ങിയാല്‍ കറുമ്പന്‍കുയിലും തന്റെ കൂവലിനു വേഗത കൂട്ടും. കുട്ടികളെയത് ആവേശഭരിതരാക്കും. ഇങ്ങനെ കുയില്‍പാട്ടിന് എതിര്‍പാട്ട് പാടുന്ന കുട്ടികള്‍ ഗ്രാമങ്ങളില്‍ അക്കാലത്തൊക്കെ സാധാരണമായിരുന്നു.

അക്കാലത്തൊക്കെ ആളു കൂടുന്നിടത്തൊക്കെ തെരുവ് മാന്ത്രികര്‍ ഓരോരോ മാന്ത്രിക വേലത്തരങ്ങള്‍ കാട്ടാറുണ്ടായിരുന്നു. ഗ്രാമീണരെ വിനോദിപ്പിക്കാനാണ്. വിനോദപരിപാടികള്‍ ഇന്നത്തെപ്പോലെ അക്കാലത്തുണ്ടായിരുന്നില്ല. ടിവിയും റേഡിയോയുമൊന്നുമില്ലാത്ത കാലമാണെന്നോര്‍ക്കണം. നാടുചുറ്റി കലാകാരന്മാര്‍ കലാപരിപാടികള്‍ അവതരിപ്പിക്കും. നാട്ടുകാര്‍ നല്‍കുന്ന തുച്ഛമായ ചില്ലറക്കാശാണ് ഇവരുടെ വരുമാനം. നാട്ടുകാര്‍ അത്ഭുതാദരവോടെയാണ് ഇങ്ങനെ തങ്ങളുടെ നാട്ടിലെത്തുന്ന കലാകാരന്മാരേയും മാന്ത്രികവേലകള്‍ അവതരിപ്പിക്കുന്നവരേയും കണ്ടിരുന്നത്. 

ദേശാടന പക്ഷികൾ: അഹമ്മദാബാദിൽ നിന്ന് 75 കിലോമീറ്റർ അകലെ നാൽ സരോവർ പക്ഷി സങ്കേതത്തിൽ എല്ലാ വർഷവും മുടങ്ങാതെ എത്തുന്ന അകയന്ന കൂട്ടം/ ഫോട്ടോ: പിടിഐ
ദേശാടന പക്ഷികൾ: അഹമ്മദാബാദിൽ നിന്ന് 75 കിലോമീറ്റർ അകലെ നാൽ സരോവർ പക്ഷി സങ്കേതത്തിൽ എല്ലാ വർഷവും മുടങ്ങാതെ എത്തുന്ന അകയന്ന കൂട്ടം/ ഫോട്ടോ: പിടിഐ

കെ.കെ. നീലകണ്ഠന്റെ കുട്ടിക്കാലത്ത്  മാന്ത്രികരുടെ വേലത്തരങ്ങള്‍ ജനങ്ങളെ എത്രകണ്ട് അത്ഭുതപ്പെടുത്തിയിരുന്നുവെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളു. ചെപ്പും പന്തും സാധന സാമഗ്രികളെ അപ്രത്യക്ഷമാക്കല്‍ തുടങ്ങി ഒരുപാട് പാരമ്പര്യ മാന്ത്രികവേലകള്‍ നമുക്കുണ്ട്. മാന്ത്രികവേലത്തരങ്ങള്‍ പഠിച്ച് എല്ലാവരേയും അത്ഭുതപ്പെടുത്തണമെന്ന് കുട്ടിക്കാലത്ത് നീലകണ്ഠന്‍ അതിയായി മോഹിച്ചത് സ്വാഭാവികം മാത്രം. ഇതിനായി ചില മാന്ത്രികവേലകള്‍ പഠിച്ചെടുക്കുകയും കൂട്ടുകാരുടെ ഇടയില്‍ അവതരിപ്പിച്ച് കയ്യടി നേടുകയും ചെയ്തിരുന്നു. യുവജനോത്സവത്തിന് പള്ളിക്കൂടത്തില്‍ മാന്ത്രിക ഷോ അവതരിപ്പിച്ച് കുട്ടികളുടെ കയ്യടി നേടിയതോടെ നീലകണ്ഠന്‍ അവരുടെ ഇടയില്‍ ഒരു ഹീറോ ആയി മാറി. മാജിക് അവതരണത്തിന് സ്‌കൂള്‍ വക സമ്മാനവും അദ്ദേഹത്തിനു കിട്ടി. എന്നാല്‍, നീലകണ്ഠന്റെ സഹപാഠിയും പിന്നീട് പ്രശസ്ത കര്‍ണാട്ടിക്ക് സംഗീതവിദഗ്ദ്ധനുമായിത്തീര്‍ന്ന എം.ഡി. രാമനാഥന് സംഗീതത്തിനു ലഭിക്കേണ്ട സമ്മാനമാണ് കെ.കെ. നീലകണ്ഠനു ലഭിച്ചത്. നീലകണ്ഠന്റേത് എം.ഡി. രാമനാഥനും. ഇങ്ങനെ സമ്മാനം പരസ്പരം മാറിപ്പോയ വിവരം കെ.കെ. നീലകണ്ഠന്‍ മുതിര്‍ന്നിട്ടും സുഹൃത്തുക്കളോടും മറ്റും പറയുമായിരുന്നുവത്രെ. 

പാലക്കാടന്‍ ഗ്രാമജീവിതത്തെ ഏറെ രസിപ്പിച്ചിരുന്ന ഒരു കലാരൂപമായിരുന്നു പാവക്കൂത്ത്. പൂരപ്പറമ്പുകളില്‍ പാവക്കൂത്ത് സര്‍വ്വസാധാരണമായിരുന്നു. പാലക്കാട് പാവക്കൂത്ത് കലാകാരന്മാരുടെ ഒരു നാടുകൂടിയാണ്. ഷൊര്‍ണ്ണൂരിനടുത്തുള്ള കുനത്തറ ഇന്നും അറിയപ്പെടുന്നത് പാവക്കൂത്ത് കലാകാരന്മാരുടെ നാടെന്ന നിലയിലാണ്. എവിടെ പാവക്കൂത്ത് അരങ്ങേറുന്നുണ്ടോ നീലകണ്ഠന്‍ കളി കാണാന്‍ അവിടെ ഓടിയെത്തും. എല്ലാവരും പാവകളിയില്‍ രസം പിടിച്ചിരിക്കുമ്പോള്‍ നീലകണ്ഠന്‍ അതെങ്ങനെയാണ് അവതരിപ്പിക്കുന്നതെന്ന് അറിയാനുള്ള വ്യഗ്രതയിലാവും. നീലകണ്ഠന്റെ നോട്ടം ആ കലാരൂപത്തിന്റെ പിന്നിലെ സൂത്രപ്പണിയിലാവും.

പാവക്കൂത്തില്‍ ചില്ലറ സൂത്രപ്പണികളൊക്കെ നീലകണ്ഠന്‍ പഠിച്ചെടുക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, കൂടുതല്‍ വൈദഗ്ദ്ധ്യം ആവശ്യമുള്ള ഒരു കലാരൂപമാണിത്. ധാരാളം പണം ചെലവഴിച്ച് പാവക്കൂത്തിന് ആവശ്യമായ സാമഗ്രികള്‍ സ്വന്തമാക്കുകയും വേണം. എന്നാല്‍ പാവക്കൂത്തുമായി ഏറെ സാമ്യമുള്ളതും എന്നാല്‍ കാര്യമായി യാതൊരു ചെലവില്ലാത്തതുമായൊരു കലാരൂപമായിരുന്നു 'ഷാഡോ പ്ലേ.' ഇരുട്ടത്ത് ഒരു മണ്ണെണ്ണ വിളക്ക് കത്തിച്ചുവച്ചാല്‍ തന്നെ കൈവിരലുകള്‍കൊണ്ട് 'ഷാഡോ പ്ലേ' അവതരിപ്പിക്കാം. ആനയും ഒട്ടകവും മാനും മുയലും പക്ഷിയും പുരാണകഥാപാത്രങ്ങളുമൊക്കെ നിമിഷനേരംകൊണ്ട് വീടിന്റെ ഭിത്തിയില്‍ തെളിയിക്കാം. ഇരുകൈകളിലേയും വിരലുകള്‍ മടക്കിയും നിവര്‍ത്തിയുമൊക്കെയാണ് ഇത്തരത്തിലുള്ള വിവിധ രൂപങ്ങള്‍ സൃഷ്ടിക്കുന്നത്. നീലകണ്ഠന്‍ 'ഷാഡോ പ്ലേ'യില്‍ വളരെ വേഗം ഒരു വിദഗ്ദ്ധനായി തീര്‍ന്നു. കൂട്ടുകാരുടെ കയ്യടി വാങ്ങാന്‍ 'ഷാഡോ പ്ലേ' തന്നെ മതിയായ കലാരൂപമായിരുന്നു.

വ്യോമയാന വിദഗ്ദ്ധരായ പക്ഷികള്‍

ശിശിരകാല രാവുകളില്‍ ആയിരക്കണക്കിന് കാട്ടുതാറാവുകള്‍ പാലക്കാടന്‍ ആകാശങ്ങളെ കുളിരണിയിച്ച് കൂട്ടമായി പറന്നുപോകുന്നത് നീലകണ്ഠനെ വിസ്മയിപ്പിച്ചിരുന്നു. സന്ധ്യമയങ്ങുന്ന നേരത്താവും ആകാശത്ത് ഇരമ്പലോടെ പക്ഷിക്കൂട്ടങ്ങള്‍ സമീപത്തുള്ള  നീര്‍ത്തടം ലക്ഷ്യമാക്കി പറക്കുക. കൊച്ചുവര്‍ത്തമാനം പറഞ്ഞുള്ള അവയുടെ പോക്കു കാണുമ്പോള്‍ത്തന്നെ ഏതൊരു കുട്ടിയും തുള്ളിച്ചാടും. 'അസ്ത്രം തൊടുത്തുവിട്ടതുപോലെ നൂറ് കണക്കിന് കാട്ടുതാറാവുകള്‍ ചേര്‍ന്നു പറക്കുന്നത് കാണാനെന്തു ഭംഗിയാണ്. ആയിരക്കണക്കിനു വരുന്ന എരണ്ടക്കൂട്ടത്തെ മുന്‍നിര നിന്നു നയിക്കാന്‍ ഒരു നേതാവുണ്ടാകും, ബാക്കിയുള്ളവ ഒരസ്ത്രത്തിന്റെ മുനപോലെ ഇരുവശങ്ങളിലുമായാണ് പറക്കുക. ഇംഗ്ലീഷ് അക്ഷരമാലയിലെ 'വി' പോലെയാണ് അവ പറക്കുന്നതെന്നു കാണാം. വായുമണ്ഡലത്തെ കീറിമുറിച്ച് പറക്കാനാണ് ഈ സൂത്രവിദ്യ. ഇങ്ങനെ പറന്നാല്‍ ഊര്‍ജ്ജം ലാഭിക്കാമെന്നവയ്ക്കറിയാം. നേരം പുലരുന്നതിനും മുന്‍പുതന്നെ പക്ഷിക്കൂട്ടം പോയിടത്തുനിന്ന് തിരികെ പറക്കും. ഇടമുറിയാതെ സംഘം സംഘമായുള്ള പക്ഷികളുടെ പോക്കുവരവ് കണ്ടിരിക്കുക വളരെ രസകരമാണ്. ലക്ഷകണക്കിന് എരണ്ടപക്ഷികളാണ് ഇങ്ങനെ ശിശിരകാലത്ത് കാവശ്ശേരിയുടെ ആകാശങ്ങളെ പക്ഷിസാന്ദ്രമാക്കിയിരുന്നത്. മഞ്ഞുകാലം കഴിയുന്നതോടെ ഈ പക്ഷിക്കൂട്ടങ്ങളെ പിന്നെ കാണാതാവും. ഈ പക്ഷികളാക്കെ എവിടെപ്പോയാണ് ഒളിക്കുന്നതെന്ന് അക്കാലത്തെ മനുഷ്യരും ആലോചിച്ചിട്ടുണ്ട്. 

പക്ഷികളുടെ ഇടയില്‍ ദേശാടനം എന്നൊരു പ്രതിഭാസമുണ്ടെന്ന് നീലകണ്ഠന്‍ പക്ഷി പുസ്തകങ്ങളില്‍നിന്ന് മനസ്സിലാക്കിയിരുന്നു. ഇക്കാര്യങ്ങളൊക്കെ കൂട്ടുകാരുമായി ചര്‍ച്ച ചെയ്തിരുന്നു. എരണ്ടപക്ഷികള്‍ വിശാലമായ ജലാശയങ്ങളില്‍ പകല്‍ വിശ്രമിക്കുകയും രാത്രികാലങ്ങളില്‍ നെല്‍പ്പാടങ്ങളില്‍ ഇരതേടുകയും ചെയ്യുന്നവരാണ്. എരണ്ടകള്‍ തന്നെ പല ജാതികളുണ്ടെന്നും ഇവയില്‍ ചിലതു മാത്രമാണ് ദേശാടകരായി ഇവിടെയെത്തുന്നതെന്നും നീലകണ്ഠന്‍ പുസ്തകങ്ങളിലൂടെ മനസ്സിലാക്കി. നമ്മുടെ വീട്ടുമുറ്റത്ത് ഹേമന്തകാലത്തും ശിശിരകാലത്തും എത്തുന്ന പക്ഷികളില്‍ പലതും ദേശാടകരാണെന്നു മനസ്സിലാക്കിയപ്പോള്‍ നീലകണ്ഠന് അത്ഭുതം അടക്കാനായില്ല. നീണ്ടവാലുകള്‍ ഉള്ള സുന്ദരപക്ഷിയായ നാകമോഹന്‍ പോലും ആയിരക്കണക്കിന് മൈലുകള്‍ താണ്ടിയാണ് തങ്ങളുടെ വീട്ടുവളപ്പില്‍ ഓരോ കൊല്ലവും വന്നുപോകുന്നതെന്ന് നീലകണ്ഠനെ പക്ഷികളുടെ അത്ഭുതലോകത്തെക്കുറിച്ച് കൂടുതല്‍ ചിന്തിക്കാന്‍ പ്രേരണ നല്‍കി, പക്ഷികളുടെ ദേശാടനസ്വഭാവത്തെക്കുറിച്ചു പഠിക്കാന്‍ ഇത് അദ്ദേഹത്തിന് ആവേശം പകര്‍ന്നു.

കെകെ നീലകണ്ഠൻ (ഇന്ദുചൂഡൻ)
കെകെ നീലകണ്ഠൻ (ഇന്ദുചൂഡൻ)

'ദേശാടനമെന്ന മഹാത്ഭുതം' എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തില്‍ നീലകണ്ഠന്‍ ഇതേക്കുറിച്ച് പിന്നീട് എഴുതി: 'ഭൂമിയുടെ ഉത്തരഗോളത്തിലെ അനവധി ജാതി പക്ഷികള്‍ ഹേമന്തകാലാരംഭത്തില്‍ (ആഗസ്റ്റ്‌സെപ്റ്റംബര്‍) സ്വദേശം വിട്ട് തെക്കോട്ട് സഞ്ചരിക്കുന്നു. അടുത്ത വസന്താഗമനങ്ങളില്‍ വീണ്ടും തിരിച്ചെത്തി സന്താനോല്പാദനത്തില്‍ ഏര്‍പ്പെടുന്നു. ആയിരമായിരം വര്‍ഷങ്ങളായി ആണ്ടിലൊരിക്കല്‍ തെക്കോട്ടും വടക്കോട്ടുമുള്ള ഈ സഞ്ചാരം മുറതെറ്റാതെ സംഭവിച്ചുകൊണ്ടിരിക്കുകയാണ്.'

'ആറു മുതല്‍ ഒന്‍പതുവരെ മാസങ്ങള്‍ക്കു മുന്‍പ് ഏതു സ്ഥലത്തുനിന്ന് പുറപ്പെട്ടോ അവിടെത്തന്നെ കൃത്യമായി തിരിച്ചെത്താന്‍ കഴിവുള്ള വ്യോമയാന വിദഗ്ദ്ധരാണ് പല ജാതി പക്ഷികളും എന്ന് അസന്ദിഗ്ദ്ധമായി തെളിയിക്കപ്പെട്ടു. ഇന്ത്യയിലെ പക്ഷിവിജ്ഞാനികളില്‍ ആഗ്രഗണ്യനായ സാലിം അലി ബോംബെയിലുള്ള തന്റെ വീട്ടുവളപ്പില്‍ വന്നിരുന്ന ഒരു വഴികുലുക്കി പക്ഷിയുടെ (Grey Wagtail) കാലില്‍ ഒരു അലുമിനിയം വളയം ഘടിപ്പിച്ചു. നാലുവര്‍ഷം തുടര്‍ച്ചയായി എല്ലാ ശരത്കാലത്തും ആ പക്ഷി ആ വിട്ടുവളപ്പില്‍ വിരുന്നുവന്നിരുന്നതായി അദ്ദേഹം കണ്ടുപിടിച്ചു.'

പക്ഷികളുടെ ഇടയിലെ 'ദേശാടന'ത്തെക്കുറിച്ച് ഈ ആധുനിക കാലത്തും പൂര്‍ണ്ണമായൊരുത്തരം പറയാന്‍ കഴിയാത്ത സ്ഥിതിയാണ്. ദേശാടന സ്വഭാവത്തിന്റെ നിഗൂഢതകള്‍ ഇനിയും അനാവരണം ചെയ്യപ്പെടാനുണ്ട്. എങ്കിലും ആധുനിക ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ ദേശാടനത്തെ വിശകലനം ചെയ്യുന്ന കാര്യത്തില്‍ നമ്മളിന്ന് ഏറെ മുന്നോട്ടുപോയിട്ടുണ്ട്. പ്രകൃതിശാസ്ത്രജ്ഞര്‍ ഇക്കാര്യത്തില്‍ നിരവധി സിദ്ധാന്തങ്ങള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.

പകല്‍ പറക്കുന്ന പക്ഷികള്‍ സൂര്യനെ ആശ്രയിച്ച് ദിശാനിര്‍ണ്ണയം നടത്തുമെന്നാണ് മാത്യൂസിനേയും ക്രാമറേയും പോലുള്ളവരുടെ അഭിപ്രായം. എന്നാല്‍, രാത്രിയില്‍ സഞ്ചരിക്കുമ്പോള്‍ പക്ഷികള്‍ നക്ഷത്രങ്ങളെയാണ് ദിശയറിയാന്‍ ആശ്രയിക്കുന്നതെന്നാണ് സോവര്‍ ദമ്പതികളുടെ കണ്ടെത്തല്‍. എന്തായാലും പക്ഷികളുടെ ഇടയിലെ 'ദേശാടന' സ്വഭാവത്തെക്കുറിച്ച് ആഴത്തിലുള്ള ഗവേഷണങ്ങള്‍ ഇപ്പോഴും നടന്നുവരുകയാണ്. ദിശതെറ്റാതെ പതിനായിരക്കണക്കിന് മൈലുകള്‍ കടലിലൂടെയും കരയിലൂടെയും സഞ്ചരിക്കാന്‍ പക്ഷികള്‍ക്ക് കഴിയുന്നുണ്ട്. അവരുടെ സഹജാവബോധമാണ് കാരണമെന്ന് കരുതുന്നവരുമുണ്ട്. ജൈവഘടികാരം (Biological Clock) കോശകീയ ഘടികാരം (Cellular  Clock) ആന്തരിക ക്രോണോമീറ്റര്‍ (Internal Chronometer) എന്നെല്ലാമുള്ള വ്യത്യസ്ത പേരുകളില്‍ അറിയപ്പെടുന്ന പ്രതിഭാസം പക്ഷികളില്‍ പ്രവര്‍ത്തിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ദേശാടനം സംഭവിക്കുന്നതെന്നാണ് വിശ്വസിക്കപ്പെടുന്നത്. പക്ഷികളുടെ അത്ഭുതസിദ്ധിയെക്കുറിച്ച് കെ.കെ. നീലകണ്ഠന്‍ എഴുതി: 'പറന്നുകൊണ്ടിരിക്കുന്ന ഒരു പക്ഷിക്ക്, ഘനമേഘങ്ങള്‍ക്കിടയിലൂടെ സ്ഫുരിതമാകുന്ന സൂര്യനെ ഒരു നിമിഷത്തേക്ക് കണ്ടാല്‍ മതി, തിരിച്ച സ്ഥലത്തിനോ എത്തേണ്ട സ്ഥലത്തിനോ, ആപേക്ഷികമായി താനിപ്പോള്‍ എവിടെയാണുള്ളതെന്ന് നിര്‍ണ്ണയിക്കാന്‍. ഏതാനും സെക്കന്റുകള്‍ക്കുള്ളില്‍ സൂര്യന്റെ ഗതി എങ്ങോട്ടാണെന്ന് കണ്ടുപിടിക്കാന്‍ വേണ്ട സംവേദനശക്തിയും പക്ഷികള്‍ക്കുണ്ട്. പിന്നെയെല്ലാം അവയ്ക്ക് മനക്കണക്കാണ്.'

പക്ഷികളുടെ ദേശാടനത്തെക്കുറിച്ച് ആഴത്തില്‍ പഠിക്കാന്‍ നീലകണ്ഠന്‍ ശ്രദ്ധിച്ചു. പക്ഷികളുടെ വരവുപോക്കുകളുടെ കൃത്യത നീലകണ്ഠന്‍ മനസ്സിലാക്കിയെടുത്തു. ഏതൊക്കെ മാസങ്ങളില്‍ ഏതൊക്കെ പക്ഷികള്‍ ദേശാടകരായി എത്തുമെന്നൊക്കെ അറിയുന്നിടവരെ ഈ അറിവ് വളര്‍ന്നു. നീലകണ്ഠന്‍ കോളേജ് അദ്ധ്യാപകനായി ആന്ധ്രപ്രദേശില്‍ ജോലി ചെയ്യുന്ന കാലത്ത് അദ്ദേഹം പക്ഷികളുടെ ദേശാടനത്തെക്കുറിച്ച് കൃത്യമായ പ്രവചനം നടത്തിയിട്ടുണ്ട്.

'എല്ലാ പക്ഷികള്‍ക്കും നല്ല സമയബോധവും അപാരമായ ഓര്‍മ്മശക്തിയും ഉണ്ടെന്ന കാര്യം പക്ഷിവിജ്ഞാനികള്‍ക്കെല്ലാം ബോധ്യമുള്ള കാര്യമാണ്. വ്യോമസഞ്ചാരത്തിന് ഒഴിച്ചുകൂടാന്‍ വയ്യാത്തവയാണ് ഇവ രണ്ടും. പക്ഷികള്‍ കൃത്യസമയത്ത് ഉണരുകയും ഉറങ്ങാന്‍ പോകുകയും ചെയ്യുന്നു. അതുപോലെ നിത്യവും സഞ്ചാരത്തിനു ചില പ്രത്യേക മാര്‍ഗ്ഗങ്ങള്‍ തന്നെ വളരെ കൃത്യമായി ഉപയോഗിക്കുന്നു. ഇതുപോലെ മറ്റനേകം കാര്യങ്ങളിലും പക്ഷികള്‍ അത്ഭുതാവഹമായ ചിട്ടയും ക്രമവും പാലിക്കുന്നു. 1947 കാലത്ത് ഇരതേടാനിറങ്ങുന്ന കാട്ടുതാറാവുകളുടെ ആദ്യത്തെ പറ്റം രാജമഹേന്ദ്രി (ആന്ധ്രാപ്രദേശത്ത്) പാലത്തിനു മുകളില്‍ക്കൂടി പറക്കുന്ന സമയം കൃത്യമായി പ്രവചിച്ച് ഞാന്‍ തന്നെ ചില സ്‌നേഹിതന്മാരെ അത്ഭുതപരതന്ത്രരാക്കിയിട്ടുള്ളത് ഓര്‍ക്കുന്നു. ഓരോ ദിവസവും താറാവിന്‍പറ്റങ്ങള്‍ കടന്നുപോകുന്ന സമയം ഞാന്‍ കൃത്യമായി രേഖപ്പെടുത്താറുണ്ടായിരുന്നതുകൊണ്ടും ഒന്നോ രണ്ടോ ദിവസത്തിനകം ഉണ്ടാകാവുന്ന വ്യതിയാനങ്ങള്‍ തീരെ നിസ്സാരമായതുകൊണ്ടും എന്റെ പ്രവചനങ്ങള്‍ ഫലിച്ചതില്‍ അത്ഭുതമില്ല.'

ഇന്ദുചൂ‍ഡൻ വരച്ച പക്ഷിയുടെ ചിത്രം
ഇന്ദുചൂ‍ഡൻ വരച്ച പക്ഷിയുടെ ചിത്രം

കാവശ്ശേരില്‍ വന്നുപോകുന്ന പക്ഷികളെയൊക്കെ നോക്കി നോക്കി അവയുടെ ജീവിതവുമായി ഒരു അടുത്തബന്ധം കുട്ടിക്കാലത്തുതന്നെ നീലകണ്ഠന്‍ ഉണ്ടാക്കിയിരുന്നു. എല്ലാ പക്ഷികളേയും എല്ലാക്കാലവും കാണാനാവില്ലെന്നൊക്കെ അങ്ങനെയാണ് മനസ്സിലാക്കുന്നത്. പക്ഷികള്‍ ഇരതേടുന്നതിലും കൂടൊരുക്കുന്നതിലും ശബ്ദം പുറപ്പെടുവിക്കുന്നതിലും ജീവിതശൈലിയിലും സ്വഭാവത്തിലുമൊക്കെ ഒന്നിനൊന്നു വ്യത്യസ്തരാണെന്നതും നീലകണ്ഠനു മനസ്സിലായി. തന്റെ ശ്രദ്ധയും താല്പര്യവും വിവിധ കാര്യങ്ങളിലേക്ക് ചിതറിപ്പോകുന്നത് തിരിച്ചറിഞ്ഞ നീലകണ്ഠന്‍ പക്ഷിനിരീക്ഷണത്തില്‍ കൂടുതല്‍ മനസ്സുറപ്പിക്കുകയാണ് ചെയ്തത്. സംഗീത താല്പര്യവും മാജിക് പഠനവും ഷാഡോ പ്ലേയുമൊക്കെ ശക്തമായ പക്ഷിപഠന താല്പര്യത്തിനു മുന്‍പില്‍ വഴിമാറി. പക്ഷികളോട് ഒരു പ്രത്യേക താല്പര്യം വന്നതിനെക്കുറിച്ച് നീലകണ്ഠന്‍ എഴുതിയത് ഇങ്ങനെ:

'കുട്ടിക്കാലം മുതല്‍ക്ക് സകലമാന ജീവികളേയും നോക്കി നടക്കുവാന്‍ ഇഷ്ടപ്പെട്ടിരുന്ന എനിക്ക് കാലക്രമേണ പക്ഷികളോടൊരു പ്രത്യേക സ്‌നേഹമുണ്ടായിരുന്നു. ഇതിനു കാരണം ഞാന്‍ താഴ്ന്ന ക്ലാസ്സുകളില്‍ പഠിക്കുമ്പോള്‍ തന്നെ പക്ഷികളെക്കുറിച്ചുള്ള പുസ്തകങ്ങളാണ് എളുപ്പം കണ്ടെത്തിയിരുന്നതെന്നതാണ്. എങ്കിലും നമ്മുടെ ഭാഷയില്‍ പക്ഷികളെ വിവരിക്കുന്ന ഒരു പുസ്തകം ഇല്ലായിരുന്നത് എന്റെ പക്ഷിനിരീക്ഷണത്തിനു വലിയൊരു പ്രതിബന്ധമായിരുന്നു. മലയാളത്തില്‍ വല്ല പുസ്തകങ്ങളുമുണ്ടോ എന്ന് കിണഞ്ഞ് അന്വേഷിച്ചതിന്റെ ഫലമായി കെ. കുമാരന്‍ എഴുതിയ 'ജന്തുശാസ്ത്രം' എനിക്കു കിട്ടി. പക്ഷേ, അതിന്റെ സഹായം കൊണ്ട് നമ്മുടെ രാജ്യത്തുള്ള മിക്ക പക്ഷികളേയും കണ്ടു നിര്‍ണ്ണയിക്കാന്‍ സാധ്യമല്ലെന്ന് ഉടന്‍ തെളിഞ്ഞു. അന്നു ഞാന്‍ അനുഭവിച്ച നിരാശയ്ക്ക് അതിരില്ലായിരുന്നു.'

കെ.കെ. നീലകണ്ഠന്‍ ക്ലാസ്സില്‍ മിടുക്കനായ വിദ്യാര്‍ത്ഥിയായിരുന്നു. സ്വഭാവ മഹിമകൊണ്ട് അദ്ധ്യാപകരുടേയും കുട്ടികളുടേയും സ്‌നേഹം ആര്‍ജ്ജിക്കാനും നീലകണ്ഠനു കഴിഞ്ഞു. സാഹിത്യത്തോട് കുട്ടിക്കാലത്തുതന്നെ അദ്ദേഹത്തിനു പ്രത്യേക താല്പര്യമുണ്ടായിരുന്നു. കഥയും കവിതയും എഴുതാനുള്ള പരിശ്രമങ്ങളും നടത്തിയിരുന്നു. പക്ഷിപ്പുസ്തകങ്ങള്‍ക്കൊപ്പം ഇംഗ്ലീഷ് നോവലുകളും നീലകണ്ഠന്‍ ലൈബ്രറികളില്‍ നിന്നെടുത്തു വായിച്ചു. ഇംഗ്ലീഷ് ഭാഷയോട്, പ്രത്യേകിച്ച് ഇംഗ്ലീഷ് സാഹിത്യത്തോട് പ്രത്യേക മമത തന്നെ നീലകണ്ഠനുണ്ടായിരുന്നു. 

ഈ സാഹിത്യ പ്രണയമാണ് ബിരുദത്തിന് ഇംഗ്ലീഷ് ഐച്ഛിക വിഷയമായിട്ടെടുത്തു പഠിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഷേക്‌സ്പിയര്‍ കൃതികളുടെ ഒരു ആരാധകന്‍ തന്നെയായിരുന്നു നീലകണ്ഠന്‍. ഷേക്‌സ്പിയറുടെ ഒട്ടുമിക്ക കൃതികളും അദ്ദേഹം ആഴത്തില്‍ പഠിച്ചു. ഇംഗ്ലീഷ് ഭാഷയോടുള്ള ഈ അഭിനിവേശം ഇല്ലായിരുന്നുവെങ്കില്‍ സ്വാഭാവികമായും അദ്ദേഹം ജന്തുശാസ്ത്രമോ സസ്യശാസ്ത്രമോ മുഖ്യവിഷയമായിട്ടെടുത്ത് പഠിക്കുമായിരുന്നു. ആ മേഖലകളില്‍ ഒരു ശാസ്ത്രജ്ഞനായി അദ്ദേഹം മാറിയേനെ. എന്നാല്‍ നമ്മള്‍ ഇന്നറിയപ്പെടുന്ന പക്ഷിനിരീക്ഷകനായ കെ.കെ. നീലകണ്ഠന്‍ ഉണ്ടാകുമായിരുന്നോ എന്നു സംശയമാണ്.

(തുടരും)

ഈ ലേഖനം കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com