അപസര്‍പ്പക കഥകളെ വെല്ലുന്ന ജീവിതം

മോസ്‌കോ റേഡിയോയിലൂടെ ലോകത്തോട് മലയാളത്തില്‍ സംസാരിച്ച മോസ്‌കോ ചന്ദ്രന്‍ എന്ന കോളാട്ട് ചന്ദ്രശേഖരനെക്കുറിച്ച്
അപസര്‍പ്പക കഥകളെ വെല്ലുന്ന ജീവിതം

1955 മുതല്‍ മോസ്‌കോ റേഡിയോയില്‍നിന്ന് ലോകമെമ്പാടുമുള്ള മലയാളികള്‍ കേട്ട ശബ്ദംഅത് മോസ്‌കോ ചന്ദ്രന്‍ എന്ന കൊളാട്ട് ചന്ദ്രശേഖറിന്റേതായിരുന്നു.

1983 ഫെബ്രുവരി 13ന് മോസ്‌കോയില്‍ ഹൃദയസ്തംഭനം മൂലം അദ്ദേഹം അന്തരിച്ചു. ഹവാസ്‌കോയി സെമിത്തേരിയില്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും പങ്കെടുത്ത സംസ്‌കാരച്ചടങ്ങില്‍, അന്ന് മോസ്‌ക്കോ സന്ദര്‍ശനത്തിനെത്തിയ മുന്‍ മുഖ്യമന്ത്രി പി.കെ. വാസുദേവന്‍ നായരുമുണ്ടായിരുന്നു. അദ്ദേഹം നടത്തിയ ചരമോപചാര പ്രസംഗത്തില്‍ ഇങ്ങനെ പറഞ്ഞു: 'ഈ കിടക്കുന്നയാള്‍ ചന്ദ്രനല്ല, ധീരനായ ഒരു  പഴകാല കമ്യൂണിസ്റ്റ് നേതാവാണ്  കൊളാട്ട് ചന്ദ്രശേഖരന്‍ എന്നല്ല, പി. തോമസ് സഖറിയാസ് എന്നാണ് യഥാര്‍ത്ഥ പേര്.'

ചന്ദ്രശേഖരന്റെ അപസര്‍പ്പക കഥകളെ വെല്ലുന്ന ആ ജീവിതകഥ മറ്റുള്ളവര്‍ അറിഞ്ഞത് അദ്ദേഹത്തിന്റെ മരണശേഷം, ഇങ്ങനെ തികച്ചും നാടകീയമായി. 'മരണത്തിന്റെ ഗന്ധവും പേറി കണ്ണീരിന്റെ ഉപ്പില്‍ ആമഗ്‌നരായി നില്‍ക്കുകയായിരുന്ന ഞങ്ങളെല്ലാവരും വിസ്മയത്തോടെയാണ് പി.കെ.വിയുടെ വാക്കുകള്‍ കേട്ടത്. ചന്ദ്രനെ ചൂഴ്ന്നുനിന്നിരുന്ന മൂടല്‍മഞ്ഞിന്റെ പുകമറയെല്ലാം തുടച്ചുനീക്കി, അദ്ദേഹത്തിന്റെ കഥ പി.കെ.വിയുടെ വ്യക്തമായ വടിവൊത്ത ഭാഷയില്‍ കേട്ടുനിന്ന  ചന്ദ്രന്റെ പ്രിയപ്പെട്ടവരായ ഞങ്ങളെല്ലാം സ്തബ്ധരായി', അന്ന് മോസ്‌കോയില്‍ വിദ്യാര്‍ത്ഥിയായിരുന്ന സി.എസ്. സുരേഷ് ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്.

കോട്ടയം ജില്ലയിലെ ചിങ്ങവനം പുത്തന്‍പുരയ്ക്കല്‍ കുടുംബാംഗമായ തോമസ്, കല്‍ക്കത്ത വാന നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥനായി 1940കളുടെ അവസാനം ബംഗാളിലെത്തി. കമ്യൂണിസ്റ്റ് പ്രവര്‍ത്തകനായ അദ്ദേഹം ജ്യോതിബസുവിനൊപ്പം അറസ്റ്റിലായി, ഭീകരമായ മര്‍ദ്ദനത്തിനിരയായി. പക്ഷേ, ആന്തമാനിലേക്ക് നാടുകടത്താന്‍ കൊണ്ടുപോകുന്നതിനിടയില്‍ ഗോവയില്‍ വച്ച് രക്ഷപ്പെട്ടു.

അവിടെനിന്ന് രാഷ്ട്രീയാഭയവും ചികിത്സയും തേടി 1951ല്‍ റഷ്യയിലെത്തി, 'കൊളാട്ട് ചന്ദ്രശേഖരനാ'യി. ജോസഫ് സ്റ്റാലിനെ കണ്ട അദ്ദേഹത്തെ, ചികിത്സയ്ക്കായി ഒരു സാനിറ്റോറിയത്തില്‍ പ്രവേശിപ്പിച്ചു. കുറച്ചു കാലത്തിനുശേഷം, ഇന്ത്യയിലെ പാര്‍ട്ടി പ്രവര്‍ത്തനത്തിനുള്ള ഫണ്ടുമായി വിയന്ന വഴി നാട്ടിലേക്കയച്ചു. 1955ല്‍ തിരിച്ചെത്തിയ അദ്ദേഹം അവിടെ സ്ഥിരതാമസമാക്കി; മോസ്‌കോ റേഡിയോയുടെ മലയാളം പ്രക്ഷേപണത്തിന്റെ ചുമതലക്കാരനായി.

ഭൂഖണ്ഡങ്ങള്‍ക്കപ്പുറത്തുനിന്നും  അങ്ങനെ ആദ്യമായി മലയാളത്തില്‍ റേഡിയോ സംസാരിച്ചു തുടങ്ങി.

റേഡിയോ മോസ്‌കോയുടെ മലയാളം പ്രക്ഷേപണം

ഇന്ത്യ ഉള്‍പ്പെടെയുള്ള അവികസിത രാജ്യങ്ങളിലും കമ്യൂണിസ്റ്റ് ചൈനയിലും രാഷ്ട്രീയ പ്രചാരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിരുന്നു, മലയാളം ഉള്‍പ്പെടെ ആറ് പുതിയ ഭാഷകളിലെ റേഡിയോ പ്രക്ഷേപണം. അതുവരെ, അമേരിക്ക ലക്ഷ്യമാക്കിയായിരുന്നു സോവിയറ്റ് യൂണിയന്റെ വിദേശ റേഡിയോ പ്രക്ഷേപണങ്ങള്‍.

ഈ നയംമാറ്റത്തോടെ, വോയ്‌സ് ഓഫ് അമേരിക്കയുടെ റേഡിയോ തരംഗങ്ങള്‍ തടസ്സപ്പെടുത്തുന്നത് അവര്‍ ഉപേക്ഷിച്ചു. ചൈനയുടെ ഔദ്യോഗിക റേഡിയോയുടെ പ്രക്ഷേപണം മറ്റു സ്ഥലങ്ങളില്‍ കിട്ടാതിരിക്കാന്‍ ജാമറുകള്‍ സ്ഥാപിച്ചു. ലാറ്റിന്‍ അമേരിക്കന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലെ റേഡിയോ പ്രക്ഷേപണവും യു.എസ്.എസ്.ആര്‍ ഇക്കാലത്ത് ശക്തിപ്പെടുത്തി. ഷോട്ട് വേവില്‍ വാര്‍ത്താ ബുള്ളറ്റിനുകളും ആരംഭിച്ചു.

റേഡിയോ മോസ്‌കോയുടെ മലയാളം പ്രക്ഷേപണം എല്ലാ ദിവസവും വൈകിട്ട് 5 മുതല്‍ 5.30 വരെയും രാത്രി 7 മുതല്‍ 7.30 വരെയും ആയിരുന്നു. ആദ്യ പരിപാടി എഴുതി അവതരിപ്പിച്ചത് കൊളാട്ട് ചന്ദ്രശേഖരനും (മോസ്‌കോ ചന്ദ്രന്‍) നാരായണിക്കുട്ടി ഉണ്ണിക്കൃഷ്ണനും.

മോസ്കോ ചന്ദ്രന്റെ ഭാര്യ ഇള, മകൾ ഡോ. കരീന
മോസ്കോ ചന്ദ്രന്റെ ഭാര്യ ഇള, മകൾ ഡോ. കരീന

സാനിറ്റോറിയത്തില്‍ വച്ച് കണ്ട റഷ്യക്കാരി ഇള മോസ്‌കോ ചന്ദ്രന്റെ ജീവിതസഖിയായി. പൗരസ്ത്യ സാഹിത്യവിഭാഗം എഡിറ്ററായ അവര്‍ എ.കെ.ജിയുടെ ആത്മകഥ ഇംഗ്ലീഷില്‍നിന്ന് റഷ്യനിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

മകള്‍ കരീന കേരളത്തിലെ മുന്നണി ഭരണത്തെ മുന്‍നിര്‍ത്തി, ഇന്ത്യയിലെ കൂട്ടുകക്ഷി ഭരണ സമ്പ്രദായത്തെക്കുറിച്ച് ഗവേഷണം നടത്തി.

ഇന്ത്യയില്‍നിന്നു വരുന്ന സമുന്നതരായ എല്ലാ കമ്യൂണിസ്റ്റ് നേതാക്കന്മാര്‍ക്കും ആതിഥ്യമരുളിയ മോസ്‌കോ ചന്ദ്രന്റെ സുഹൃത്തുക്കളില്‍ സോവിയറ്റ് യൂണിയനിലെ ഗഗന സഞ്ചാരികള്‍ വരെ ഉണ്ടായിരുന്നു. 

ജ്യോതിബസുവും ബസവപുന്നയ്യയും ഇ.എം.എസും സി. അച്യുതമേനോനുമൊക്കെ മോസ്‌കോ ചന്ദ്രന്റെ വസതിയിലെ സന്ദര്‍ശകരായിരുന്നു. തകഴിയുടെ 'ചെമ്മീന്‍', 'രണ്ടിടങ്ങഴി' തുടങ്ങിയ നോവലുകള്‍ അദ്ദേഹം റഷ്യനിലേക്ക് പരിഭാഷപ്പെടുത്തി. 'ചെമ്മീന്‍' സിനിമയുടെ പ്രദര്‍ശനം മോസ്‌കോയില്‍ സംഘടിപ്പിച്ചപ്പോള്‍, തകഴിയേയും മധുവിനേയും ക്ഷണിച്ചുവരുത്തി. മോസ്‌കോയില്‍ പഠിക്കാന്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ക്കെല്ലാം പിതൃതുല്യനായിരുന്നു, അദ്ദേഹം. പാട്രീസ് ലുമുമ്പ സര്‍വ്വകലാശാലയില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്കായി ഒഴിവുദിനങ്ങളില്‍ ലോകകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അദ്ദേഹം വേദിയൊരുക്കിയിരുന്നതായി സി.എസ്. സുരേഷ് ഓര്‍ക്കുന്നു.

മോസ്‌കോ റേഡിയോയുടെ മലയാളം പ്രക്ഷേപണത്തില്‍ അക്കാലത്ത് സോവിയറ്റ് യൂണിയന്‍ സന്ദര്‍ശിച്ച കേരളത്തിലെ മിക്ക എഴുത്തുകാരും രാഷ്ട്രീയ നേതാക്കളും പങ്കെടുത്തിട്ടുണ്ട്.

രാഷ്ട്രീയ പ്രചാരണമായിരുന്നു ലക്ഷ്യമെങ്കിലും വൈവിദ്ധ്യപൂര്‍ണ്ണമായ പരിപാടികളുണ്ടായിരുന്നു. അവ വൈകീട്ട് 5.30നായിരുന്നു. എല്ലാ ആഴ്ചയും ശ്രോതാക്കളുടെ കത്തുകള്‍, കാര്‍ഷിക, സാഹിത്യപരിപാടികള്‍, കുട്ടികള്‍ക്കും യുവാക്കള്‍ക്കും വേണ്ടിയുള്ള പരിപാടികള്‍, സംഗീതക്കച്ചേരികള്‍. 'സോവിയറ്റ് പനോരമ' എന്ന പേരില്‍ സോവിയറ്റ് യൂണിയനേയും ഇന്തോസോവിയറ്റ് സഹകരണത്തേയും കുറിച്ചുള്ള പരിപാടികള്‍. എല്ലാ ദിവസവും രാത്രി 7 മുതല്‍ 7.30 വരെ ലോക വാര്‍ത്തകളും അവലോകനങ്ങളും.

കേരളത്തിലെ ധാരാളം പേര്‍, പ്രത്യേകിച്ച് സി.പി.ഐ അനുഭാവികള്‍ ഈ പ്രക്ഷേപണം കൃത്യനിഷ്ഠയോടെ കേള്‍ക്കുകയും കത്തുകള്‍ അയയ്ക്കുകയും ചെയ്തിരുന്നു. അവയ്ക്ക് മറുപടിയും കിട്ടുമായിരുന്നുവെന്ന് കൊല്ലം ചവറയിലെ റിട്ടയേര്‍ഡ് അദ്ധ്യാപകനായ വി.എം. രാജ്‌മോഹന്‍ ഉള്‍പ്പെടെയുള്ള ശ്രോതാക്കള്‍ പറയുന്നു.

സോവിയറ്റ് യൂണിയന്‍ തകരും വരെ, മോസ്‌കോ റേഡിയോയുടെ മലയാളം പ്രക്ഷേപണം ഉണ്ടായിരുന്നു.

സോവിയറ്റ് സാംസ്‌കാരിക കേന്ദ്രത്തില്‍ പ്രവര്‍ത്തിച്ച, 'സോവിയറ്റ് റിവ്യൂ' ജോയിന്റ് എഡിറ്ററായിരുന്ന ഗോപാലകൃഷ്ണനും ഭാര്യ ഓമനയും ഈ റേഡിയോ പ്രക്ഷേപണവുമായി സഹകരിച്ചിരുന്നു. മലയാളം പഠിച്ച ചില റഷ്യന്‍ അവതാരകരുമുണ്ടായിരുന്നു. 180 റഷ്യന്‍ കൃതികള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ഗോപാലകൃഷ്ണന്‍- ഓമന ദമ്പതിമാര്‍ ഉള്‍പ്പെടെയുള്ളവരാണ് മോസ്‌കോ ചന്ദ്രന്റെ മരണശേഷം മലയാള പ്രക്ഷേപണം തുടര്‍ന്നത്. പില്‍ക്കാലത്ത് 'ജനയുഗ'ത്തിന്റെ പത്രാധിപരായ എം.എസ്. രാജേന്ദ്രന്‍ ദീര്‍ഘകാലം മോസ്‌കോയില്‍ പ്രവര്‍ത്തിച്ചിരുന്നു. മലയാള പ്രക്ഷേപണത്തില്‍ അദ്ദേഹത്തിന്റെ ക്രിയാത്മകമായ സംഭാവനകളുമുണ്ട്.

അക്കാലത്ത് മോസ്‌കോയില്‍ വിദ്യാര്‍ത്ഥികളായിരുന്ന തിരുവനന്തപുരം സ്വദേശികളായ ദേവദത്തന്‍, ദേവേശന്‍ എന്നീ സഹോദരന്‍മാരും മോസ്‌കോ റേഡിയോയ്ക്കുവേണ്ടി പരിപാടികള്‍ തയ്യാറാക്കി അവതരിപ്പിച്ചിരുന്നു.

'സോവിയറ്റ് നാട്', 'സ്പുട്‌നിക്' തുടങ്ങിയ റഷ്യന്‍ പ്രസിദ്ധീകരണങ്ങള്‍ പോലെ, മോസ്‌കോയില്‍ നിന്നുള്ള മലയാളം പ്രക്ഷേപണവും ചിലര്‍ക്കെങ്കിലും ഇന്ന് ഗൃഹാതുരമായൊരു സ്മരണയാണ്.

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com