പക്ഷികളുടെമേല്‍ തന്റെ മനസ്സും കണ്ണും കാതുമൊക്കെ സമര്‍പ്പിച്ചാണ് കെ.കെ. നീലകണ്ഠന്‍ ജീവിച്ചത്

നെല്‍വയല്‍തണ്ണീര്‍ത്തട സംരക്ഷണ നിയമം കേരളത്തില്‍ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ തൃശൂരിലെ കോള്‍നിലങ്ങളില്‍ കെ.കെ. നീലകണ്ഠന്റെ നേതൃത്വത്തില്‍ നടത്തിയ പക്ഷി സര്‍വ്വേയും കാരണമായിട്ടുണ്ട്
പക്ഷികളുടെമേല്‍ തന്റെ മനസ്സും കണ്ണും കാതുമൊക്കെ സമര്‍പ്പിച്ചാണ് കെ.കെ. നീലകണ്ഠന്‍ ജീവിച്ചത്

1992 ജനുവരിയിലെ ഒരു തണുത്ത പ്രഭാതം. തൃശൂരിലെ കാഞ്ഞാണിയിലെ വിശാലമായ കോള്‍നിലങ്ങളില്‍നിന്ന് മൂടല്‍മഞ്ഞ് പൂര്‍ണ്ണമായും അഴിഞ്ഞുപോയിരുന്നില്ല. നീര്‍പ്പക്ഷികള്‍ ഒറ്റയായും ചെറുസംഘമായും അങ്ങിങ്ങ് പാറിപ്പറക്കുന്നതു കാണാം. ചെളിപുരണ്ട പാടവരമ്പിലൂടെ പക്ഷിനിരീക്ഷകരുടേയും പരിസ്ഥിതി ശാസ്ത്രജ്ഞരുടേയും ഒരു ചെറുസംഘം ബൈനോക്കുലറും കാമറയും തൂക്കി സൂക്ഷ്മതയോടെ നടന്നുനീങ്ങുകയാണ്. തൃശൂര്‍മലപ്പുറം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന വിശാലമായ പാടശേഖരമാണ് 'കോള്‍നിലങ്ങള്‍' എന്നറിയപ്പെടുന്നത്. കാഞ്ഞാണിഭാഗത്തുകൂടി നടന്നുനീങ്ങുന്ന സംഘത്തെപ്പോലെ മറ്റ് ഒന്‍പത് സംഘങ്ങള്‍കൂടി കോള്‍നിലങ്ങളുടെ വിവിധ ഭാഗങ്ങളില്‍ ഒരേസമയം പക്ഷികളെ തേടി ഇറങ്ങിയിട്ടുണ്ട്. കാഞ്ഞാണിയിലെ സംഘത്തെ നയിക്കുന്നത് പ്രൊഫ. കെ.കെ. നീലകണ്ഠനാണ്. കേരളത്തിലെ ഏറ്റവും തലമുതിര്‍ന്ന പക്ഷി നിരീക്ഷകന്‍. അദ്ദേഹത്തിന് 69 വയസ് പ്രായമുണ്ട്. എങ്കിലും നല്ല ഉന്മേഷത്തോടെയാണ് നടത്തം. കേരളത്തിലെ ആദ്യത്തെ തണ്ണീര്‍ത്തട നീര്‍പ്പക്ഷി സര്‍വ്വെയാണ് നടക്കുന്നത്. ഫ്രെഞ്ച് പക്ഷി നിരീക്ഷകനായ ക്രിസ്ത്യന്‍ പെരിന്യു, ഇംഗ്ലണ്ടില്‍ നിന്നുള്ള ആഡ്രൂ റോബര്‍സണ്‍ തുടങ്ങിയവരൊക്കെ സംഘത്തിലുണ്ട്. ഇവരില്‍ ആന്‍ഡ്രൂ റോബര്‍സണ്‍ 'ബേര്‍ഡ്‌സ് ഓഫ് പെരിയാര്‍' എന്നൊരു പുസ്തകമെഴുതിയ ആളാണ്. വെറ്റ്‌ലാന്റ് ഇന്റര്‍നാഷണലിന്റെ സഹായത്തോടെയാണ് കേരളത്തിലെ ആദ്യത്തെ ബൃഹത്തായ കോള്‍നില പക്ഷി സര്‍വ്വേ നടക്കുന്നത്. ഇതിനു മുന്‍പ് 1990ല്‍ സൈലന്റ് വാലിയില്‍ ഇത്തരത്തിലൊരു വനപക്ഷി സര്‍വ്വെ നടത്തിയിരുന്നു. ഇത്തവണ നീര്‍ത്തട പക്ഷികളെയാണ് പഠിക്കുന്നത്. 

കെ.കെ. നീലകണ്ഠനെ സംബന്ധിച്ച് ഈ പക്ഷിസര്‍വ്വേ അദ്ദേഹത്തിന്റെ ജീവിത നിയോഗങ്ങളില്‍ ഒന്നായിരുന്നു. പതിറ്റാണ്ടുകളായി തണ്ണീര്‍ത്തടങ്ങളുടെ സംരക്ഷണത്തിനായി ശബ്ദമുയര്‍ത്തുന്ന വ്യക്തിയാണ് അദ്ദേഹം. പ്രകൃതിസംരക്ഷണം എന്നു പറഞ്ഞാല്‍ 'വനസംരക്ഷണം' മാത്രമാണെന്ന് അധികൃതരും മറ്റും വിചാരിച്ചിരുന്ന കാലത്ത് തണ്ണീര്‍ത്തടങ്ങള്‍ പ്രകൃതിയുടെ കരളാണെന്നും അവയുടെ സംരക്ഷണം പ്രകൃതിയുടെ നിലനില്‍പ്പിന് ഒഴിച്ചുകൂടാനാവാത്തതാണെന്നും കെ.കെ. നീലകണ്ഠന്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടേയിരുന്നു. 

വനം പോലെതന്നെ ഒരു പ്രത്യേക ആവാസവ്യവസ്ഥയാണ് കോള്‍നിലങ്ങള്‍. പ്രായോഗിക തലത്തില്‍ വിശാലതലത്തിലുള്ള ഒരു പഠനത്തിനാണ് ഇപ്പോള്‍ തുടക്കം കുറിക്കുന്നത്. ഇതിന്റെ ഒരു ആവേശം കെ.കെ. നീലകണ്ഠനുണ്ടായിരുന്നു. നീര്‍പ്പക്ഷികളുടെ ഒരു വമ്പിച്ച ശേഖരമാണ് കോള്‍നിലങ്ങളിലുള്ളതെന്ന് പക്ഷിസര്‍വ്വേയില്‍ ബോധ്യപ്പെട്ടു. പതിനായിരക്കണക്കിനു വൈവിധ്യമാര്‍ന്ന നീര്‍പ്പക്ഷികളുടെ ആവാസഭൂമിയാണ് തൃശൂരിലെ കോള്‍നിലങ്ങളെന്ന് സര്‍വ്വേ അടിവരയിട്ടു. കേരളത്തില്‍ ആദ്യമായി പുള്ളിച്ചുണ്ടന്‍ കൊതുമ്പനത്തിനെ ഈ സര്‍വ്വേയിലാണ് കണ്ടെത്തുന്നത്. അതുപോലെ ചേരകൊക്കന്‍ പക്ഷികളെ കണ്ടു. ഈ ഇനത്തിലെ നൂറ്റി അറുപതോളം വരുന്ന ഒരു സംഘത്തെയാണ് ഇവിടെ കണ്ടത്. പുള്ളിച്ചുണ്ടന്‍ കൊതുമ്പനങ്ങളും ചേരകൊക്കനുകളും ഇപ്പോള്‍ കേരളത്തില്‍ സാധാരണമായിട്ടുണ്ട്. കേരളത്തില്‍ പിന്നീട് നടന്നിട്ടുള്ള തണ്ണീര്‍ത്തട പക്ഷിസര്‍വ്വേകളുടെയെല്ലാം അസ്തിവാരമിട്ടത് കെ.കെ. നീലകണ്ഠന്റെ നേതൃത്വത്തില്‍ തൃശൂര്‍ കോള്‍നിലങ്ങളില്‍ നടന്ന പക്ഷിസര്‍വ്വേയായിരുന്നു. ഡോ. പി.ഒ. നമീറിനെപ്പോലെയുള്ള പക്ഷി നിരീക്ഷകര്‍ മുന്‍കൈയെടുത്ത് തൃശൂര്‍ കോള്‍നിലങ്ങളില്‍ തുടങ്ങിവെച്ച നീര്‍പ്പക്ഷിപഠനം യാതൊരു മുടക്കവും കൂടാതെ ഇന്നും തുടരുന്നുണ്ട്. തണ്ണീര്‍ത്തടങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് കെ.കെ. നീലകണ്ഠന്‍ എഴുതിയത് ഇങ്ങനെ:

'കടല്‍ക്കരയ്ക്കും കായലുകള്‍ക്കും അഴിമുഖങ്ങള്‍ക്കും അരികിലുള്ള ചതുപ്പുകള്‍ വരള്‍ച്ച, പ്രളയം, എന്നിവയെ നിയന്ത്രിക്കുന്നതിനു സഹായിക്കുന്നു. ഈ ചതുപ്പുകള്‍ ഒരുകാലത്ത് കടലുമായി ബന്ധപ്പെട്ടു കിടന്നിരുന്ന ജലാശയങ്ങളായിരുന്നു. മിക്കതിലും ചില ഭാഗങ്ങളിലെങ്കിലും ഉപ്പുവെള്ളത്തില്‍ വളരുവാന്‍ കഴിവുള്ള ചെടികളും കണ്ടല്‍ക്കാടുകളും (Mangroves) ധാരാളം വളര്‍ന്നിരുന്നു. വേലിയേറ്റം, വേലിയിറക്കം, ഉള്‍നാട്ടില്‍നിന്ന് പുഴ, തോട് മുതലായവയില്‍ കൂടിയുള്ള ശുദ്ധജലപ്രവാഹം എന്നിവയുടെ എല്ലാം ഫലമായി ആഴം കുറഞ്ഞ ഈ ജലാശയങ്ങളിലെ വെള്ളത്തിലെ ലവണാംശം പതിവായി നിയന്ത്രിക്കപ്പട്ടിരുന്നു. പുഴകളും തോടുകളും വഹിച്ചുകൊണ്ടുവന്ന മണ്ണും സസ്യാദികളുടെ അവശിഷ്ടങ്ങളും കടലില്‍ ചെന്നു ചേരാതെ ഈ ജലാശയങ്ങളുടെ അടിത്തട്ടില്‍ അടിഞ്ഞുകൂടി. ഈ പ്രക്രിയകളുടെ എല്ലാം കൂടി പരിണതഫലമായി ഉണ്ടായ ചതുപ്പുകളും കായലോരങ്ങളും പലതരം ജലജീവികള്‍ക്കും ഒരു അക്ഷയപാത്രമായിത്തീര്‍ന്നു. ഇതിന്റെ പ്രാധാന്യം മനസ്സിലാക്കുവാന്‍ സമുദ്രത്തില്‍ വിഹരിക്കുന്ന പലതരം മത്സ്യങ്ങളും മറ്റനവധി ജീവികളും മുട്ടയിടുന്നതും ശൈശവകാല ജീവിതം നയിക്കുന്നതും സമുദ്രത്തിലല്ല. ആഴം കുറഞ്ഞതും ശക്തിയായ ഒഴുക്കില്ലാത്തതുമായ ഇത്തരം ചതുപ്പുകളിലും കായലോരങ്ങളിലുമാണ് എന്ന രഹസ്യം അറിഞ്ഞാല്‍ മതി. ഒട്ടനവധി സമുദ്രജീവികള്‍ സന്താനോല്പാദനത്തിന് ഈ ചതുപ്പുകളെ ആശ്രയിക്കുന്നതിനു പല കാരണങ്ങളുമുണ്ട്. ഏറ്റവും പ്രധാനമായത് ചതുപ്പുകളില്‍ വളരുന്ന സസ്യങ്ങളുടെ നിബിഡമായ വേരുപടലങ്ങള്‍ ഈ ജന്തുക്കള്‍ക്ക് മുട്ടയിടാന്‍ ഏറ്റവും സൗകര്യപ്രദമായിരിക്കുന്നു എന്നതത്രേ. ജഡപോലെ കെട്ടുപിണഞ്ഞുകിടക്കുന്ന വേരുകള്‍ക്കിടയില്‍ ജലപ്രവാഹം വളരെ പതുക്കെയായതുകൊണ്ട് മുട്ടകള്‍ ഒലിച്ചുപോവുകയില്ല. മാത്രമല്ല, മുട്ടകളേയും അണുപ്രായക്കാരായ കുഞ്ഞുങ്ങളേയും തെരഞ്ഞുവരുന്ന ശത്രുക്കള്‍ക്ക് വേരുകള്‍ക്കിടയില്‍ കടന്നുചെല്ലാന്‍ വിഷമവുമാണ്. അതേസമയം വെള്ളത്തില്‍ ഒലിച്ചുവരുന്ന സസ്യാവശിഷ്ടങ്ങളും ചെളിയും തടഞ്ഞുനിര്‍ത്തി ചെറുപ്രാണികള്‍ക്ക് ആഹാരം പ്രദാനം ചെയ്യുന്നതും ഈ വേരുകള്‍ തന്നെയാണ്. ഇങ്ങനെ സസ്യങ്ങള്‍ക്കു താഴെ അടിഞ്ഞുകൂടുന്ന ചേറില്‍ത്തന്നെ ചെറിയ മത്സ്യങ്ങള്‍ക്ക് ഭക്ഷിക്കുവാന്‍ പറ്റിയ നിരവധി പുഴുക്കളും മറ്റ് ചെറുജന്തുക്കളും ധാരാളമായി വളരുകയും ചെയ്യുന്നു.

കെകെ നീലകണ്ഠനും ഭാര്യ പാർവതിയും
കെകെ നീലകണ്ഠനും ഭാര്യ പാർവതിയും

തങ്ങളുടെ രക്ഷയ്ക്കും വളര്‍ച്ചയ്ക്കും അനുയോജ്യമായ ഈ ആവാസ സ്ഥലത്ത് ശൈശവവും ബാല്യവും കഴിച്ചുകൂട്ടിയിട്ട്, പുറംകടലില്‍ ജീവിക്കുവാന്‍ വേണ്ട കഴിവുകള്‍ നേടിയതിനുശേഷം മാത്രമെ ഈ സമുദ്രജീവികള്‍ ചതുപ്പുകളില്‍നിന്ന് പുറംകടലിലേയ്ക്ക് ഇറങ്ങുകയുള്ളു. 'ഒന്നിനും കൊള്ളാത്ത' ഈ ചതുപ്പുകളില്‍ ജനിച്ചുവളര്‍ന്നവയാണ് പിന്നീട് അമൂല്യമായ മത്സ്യസമ്പത്തായി തീരുന്നത്.

തൃശൂരിലും പരിസരപ്രദേശങ്ങളിലും കാണപ്പെടുന്ന കോള്‍നിലങ്ങള്‍ ഇന്ന് അന്താരാഷ്ട്ര പ്രാധാന്യമുള്ള തണ്ണീര്‍ത്തടങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നവയാണ്. ഇവിടെ നടത്തപ്പെട്ട വിവിധ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ 2002ലാണ് കോള്‍നിലങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടവയാണെന്ന് ലോകത്തിനു ബോധ്യപ്പെട്ടത്.

വര്‍ഷം മുഴുവന്‍ വെള്ളം ശേഖരിച്ചു സൂക്ഷിക്കുന്ന നീരുറവകളാണ് ചതുപ്പുകള്‍. ഭൂഗര്‍ഭ ജലവിധാനത്തെ സംരക്ഷിച്ചു നിര്‍ത്തുന്നതില്‍ തണ്ണീര്‍ത്തടങ്ങള്‍ക്ക് മുഖ്യപങ്കുണ്ട്. ഉപ്പുവെള്ളം ശുദ്ധജലമായി കൂടിക്കലരാതെ സൂക്ഷിക്കുന്നതും ചതുപ്പുകള്‍ തന്നെ. സ്‌പോഞ്ച് പോലെ വെള്ളത്തെ ആഗിരണം ചെയ്ത് സംരക്ഷിച്ചുനിര്‍ത്താന്‍ ചതുപ്പുകള്‍ക്കാവും. എണ്ണിയാലൊടുങ്ങാത്ത ജീവിവര്‍ഗ്ഗങ്ങളും സസ്യജാലങ്ങളുമാണ് തണ്ണീര്‍ത്തടങ്ങളെ ചുറ്റിപ്പറ്റി ജീവിക്കുന്നത്. വെള്ളത്തില്‍ കലരുന്ന മാലിന്യങ്ങളെ ശുദ്ധിചെയ്ത് കുടിവെള്ളമാക്കി മാറ്റുന്ന വിലമതിക്കാനാവാത്ത ഉത്തരവാദിത്വം ഏറ്റെടുത്തു ചെയ്യുന്ന ചതുപ്പുകള്‍ക്ക് ഭൂമിയില്‍ മനുഷ്യശരീരത്തിലെ 'കരളി'ന്റെ സ്ഥാനമാണുള്ളത്.

കേരളം ചതുപ്പുകളും തണ്ണീര്‍ത്തടങ്ങളും കോള്‍നിലങ്ങളും പൊക്കാളി നിലങ്ങളും കായല്‍നിലങ്ങളും പുഞ്ചകളും കണ്ടങ്ങളും നിറഞ്ഞ ഭൂപ്രദേശമാണ്. പലതരത്തിലുള്ള നെല്‍ക്കൃഷി പുരാതനകാലം മുതല്‍ ഇവിടെ ചെയ്തുവരുന്നുണ്ട്. കൃഷിയിടത്തിനനുയോജിച്ച വൈവിധ്യമാര്‍ന്ന നാടന്‍ നെല്‍വിത്തുകളും നമുക്കുണ്ട്. തൃശൂരിലെ കോള്‍നിലങ്ങള്‍ പൊക്കാളിനിലങ്ങളില്‍നിന്ന് ചില്ലറ വ്യത്യാസപ്പെട്ടതാണ്. ഉപ്പുവെള്ളത്തിന്റെ അംശം കോള്‍നിലങ്ങളില്‍ വളരെ കുറവാണ്. എന്നാല്‍ പൊക്കാളി കൃഷിയിടങ്ങളില്‍ ഉപ്പുവെള്ളത്തിന്റെ തോത് വളരെ ഉയര്‍ന്നതാണ്. പുഞ്ചകള്‍ ശുദ്ധജല തടാകങ്ങളാണെങ്കില്‍ കായല്‍നിലങ്ങള്‍ ഉപ്പുവെള്ളം കലര്‍ന്നതാണ്. സമുദ്രനിരപ്പില്‍നിന്ന് താഴ്ന്ന ജലക്കെട്ടുകളാണ് ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലുള്ളത്. ഇവിടെ ഒരുപ്പൂ കൃഷി, ഇരുപ്പൂ കൃഷിയാവശ്യത്തിനായി കൊണ്ടുവന്ന തണ്ണീര്‍മുക്കം ബണ്ടും തോട്ടപ്പള്ളി സ്പില്‍വേയും കുട്ടനാട്ടില്‍ സ്വഭാവിക പ്രകൃതിയെ ആകെ മാറ്റിമറിച്ചു. പ്രകൃതിയില്‍ ഏറ്റവും കുറച്ചിടപെടുന്ന വികസനമാണ് ഏറ്റവും മുന്തിയ വികസനമെന്ന് അതോടെ നമുക്ക് ബോധ്യപ്പെട്ടു.

വെള്ളക്കെട്ടുകള്‍ നീര്‍പ്പക്ഷികളുടെ ആവാസകേന്ദ്രങ്ങളാണ്. പൊക്കാളിനിലങ്ങളിലും കോള്‍നിലങ്ങളിലും പക്ഷിസാന്ദ്രതയില്‍ കാര്യമായ മാറ്റങ്ങളൊന്നും ബോധ്യപ്പെട്ടിട്ടില്ലെന്ന് സാലിം അലിയുടെ ശിഷ്യനായ ഡോ. സുഗതന്‍ എന്നോട് പറയുകയുണ്ടായി. പൊക്കാളി നിലങ്ങളിലും കോള്‍നിലങ്ങളിലും പക്ഷി ഗവേഷണങ്ങള്‍ക്ക് നേതൃത്വം കൊടുത്തിട്ടുള്ളയാളാണ് അദ്ദേഹം. എന്നാല്‍, വര്‍ഷം മുഴുവന്‍ ജലക്കെട്ടായി കിടക്കുന്ന തണ്ണീര്‍ത്തടങ്ങളില്‍ പക്ഷികളുടെ വൈവിധ്യത്തിലും എണ്ണത്തിലും വര്‍ദ്ധനവുണ്ടെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. മനുഷ്യരുടെ ഇടപെടല്‍ താരതമ്യേന കുറവായതാണ് ഇതിനു കാരണം.

തണ്ണീര്‍ത്തടങ്ങളുടെ നാശം

നെല്‍വയല്‍തണ്ണീര്‍ത്തട സംരക്ഷണ നിയമം കേരളത്തില്‍ പ്രാബല്യത്തില്‍ കൊണ്ടു വരാന്‍ തൃശൂരിലെ കോള്‍നിലങ്ങളില്‍ കെ.കെ. നീലകണ്ഠന്റെ നേതൃത്വത്തില്‍ നടത്തിയ പക്ഷി സര്‍വ്വേയും കാരണമായിട്ടുണ്ട്. ഇവിടെ നെല്‍വയല്‍തണ്ണീര്‍ത്തട സംരക്ഷണ നിയമം നിലവിലുണ്ടെങ്കിലും ഓരോരോ മുടന്തന്‍ന്യായങ്ങള്‍ പറഞ്ഞ് നിയമം കാറ്റില്‍പറത്തിക്കൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിന് ഹെക്ടര്‍ ചതുപ്പുകളും നെല്‍വയലുകളുമാണ് ഇവിടെ നികത്തിക്കൊണ്ടിരിക്കുന്നത്. ഇടവപ്പാതിയും തുലാമഴയും വേനല്‍മഴയും ലഭിക്കുന്ന കേരളത്തില്‍ വേനല്‍ക്കാലത്ത് കടുത്ത ജലക്ഷാമമുണ്ടാകുന്നുവെങ്കില്‍ അതിനുള്ള മുഖ്യകാരണം ഇവിടുത്തെ ചതുപ്പുകളും നീര്‍ത്തടങ്ങളും നികത്തപ്പെട്ടതാണന്ന് സുവ്യക്തമാണ്.

മനുഷ്യര്‍ പ്രകൃതിയില്‍ ഏല്പിക്കുന്ന ആഘാതങ്ങള്‍ വിലയിരുത്താനായി രൂപീകരിച്ച ഐക്യരാഷ്ട്രസഭയുടെ മില്ലെനിയം എക്കോസിസ്റ്റം അസ്സെസ്‌മെന്റ് പ്രകാരം ഏറ്റവും അധികം നാശവും ശിഥിലീകരണവും നടക്കുന്നത് തണ്ണീര്‍ത്തടങ്ങളിലാണെന്നു കണ്ടെത്തിയിട്ടുണ്ട്. ലോകത്ത് വനങ്ങള്‍ നശിപ്പിക്കപ്പെടുന്നതിന്റെ മൂന്നിരട്ടി വേഗത്തിലാണ് തണ്ണീര്‍ത്തടങ്ങളുടെ നാശം സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഭൂമിയിലാകെയുണ്ടായിരുന്ന തണ്ണീര്‍ത്തടങ്ങള്‍ കഴിഞ്ഞ നൂറ്റാണ്ടിലെത്തിയപ്പോള്‍ പകുതിയില്‍ താഴെ മാത്രമായി കുറഞ്ഞു. ചതുപ്പുകളേയും തണ്ണീര്‍ത്തടങ്ങളേയും നഗരമാലിന്യങ്ങളും വ്യവസായ മാലിന്യങ്ങളും കൊണ്ടുതള്ളാനുള്ള കുപ്പത്തൊട്ടിലാക്കി മാറ്റിയിരിക്കുകയാണ്. പ്രകൃതിയുടെ 'ശുദ്ധീകരണ പ്ലാന്റുകളെ'യാണ് അമിതമായ മാലിന്യനിക്ഷേപംകൊണ്ട് നശിപ്പിച്ചുകളയുന്നത്.

പക്ഷികളെ തേടി. കെകെ നീലകണ്ഠന്റെ പക്ഷി നിരീക്ഷണ യാത്ര
പക്ഷികളെ തേടി. കെകെ നീലകണ്ഠന്റെ പക്ഷി നിരീക്ഷണ യാത്ര

തണ്ണീര്‍ത്തടങ്ങളുടെ ജൈവമൂല്യവും പാരിസ്ഥിതിക പ്രാധാന്യവും തിരിച്ചറിഞ്ഞ് 1971ല്‍ ഇറാനിലെ റംസാര്‍ എന്ന സ്ഥലത്ത് ലോക തണ്ണീര്‍ത്തട ഉച്ചകോടി ചേരുകയുണ്ടായി. തണ്ണീര്‍ത്തട സംരക്ഷണത്തിനായി ലോകരാഷ്ട്രങ്ങള്‍ ഉടമ്പടിയുണ്ടാക്കി  റംസാര്‍ ഉടമ്പടി. 18 രാജ്യങ്ങള്‍ മാത്രമാണ് തുടക്കത്തില്‍ റംസാര്‍ ഉടമ്പടിയുടെ ഭാഗമായത്. ഇന്നിപ്പോള്‍ 170 രാജ്യങ്ങള്‍ റംസാര്‍ ഉടമ്പടിയില്‍ ഒപ്പുവെച്ചിട്ടുണ്ട്. ലോകത്താകെ ഇതിനോടകം 2236 തണ്ണീര്‍ത്തടങ്ങള്‍ റംസാര്‍ സൈറ്റായി പ്രഖ്യാപിച്ചു. ഇന്ത്യയില്‍ ഇത്തരത്തില്‍ 26 എണ്ണമുണ്ട്. ഒഡീഷയിലെ ചില്‍ക്കാ തടാകവും രാജസ്ഥാനിലെ കേവല്‍ദേവോ ദേശീയോധ്യാനവും ആണ് ആദ്യം റംസാര്‍ സൈറ്റായി ഇവിടെ പ്രഖ്യാപിക്കപ്പെട്ടത്. കേരളത്തിലെ അഷ്ടമുടിക്കായലിനാണ് ആ സൗഭാഗ്യം ആദ്യം ലഭിച്ചത്. വേമ്പനാട് കോള്‍നിലങ്ങളും ശാസ്താംകോട്ട കായലും ഇപ്പോള്‍ റംസാര്‍ സൈറ്റാണ്. തണ്ണീര്‍ത്തടങ്ങളുടെ പ്രാധാന്യം ലോകത്തിന് ഓരോ ദിനം കഴിയുംതോറും കൂടുതല്‍ കൂടുതല്‍ ബോധ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. കെ.കെ. നീലകണ്ഠനെപ്പോലെയുള്ളവര്‍ തുടങ്ങിവെച്ച ദൗത്യത്തിന് ഫലമുണ്ടായി വരുന്നുവെന്നു കരുതാം. ഇറാനിലെ റംസാര്‍ ഉടമ്പടിയുടെ പ്രാധാന്യം കേരളത്തില്‍ ആദ്യം തിരിച്ചറിഞ്ഞവരില്‍ ഒരാള്‍ കെ.കെ. നീലകണ്ഠനായിരുന്നു. റംസാര്‍ ഉടമ്പടിയുടെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ അദ്ദേഹം മുന്നിട്ടിറങ്ങി. തൃശൂര്‍ കോള്‍നിലങ്ങളില്‍ പക്ഷിസര്‍വ്വേയ്ക്കായി തന്റെ ജീവിതസായാഹ്നത്തില്‍ ഇറങ്ങിപ്പുറപ്പെട്ടതുതന്നെ 'തണ്ണീര്‍ത്തട'ത്തിന്റെ സംരക്ഷണം ജീവല്‍പ്രശ്‌നമാണെന്ന തിരിച്ചറിവുകൊണ്ടായിരുന്നു.

തൃശൂരിലെ കോള്‍നിലങ്ങളിലെ പക്ഷിസര്‍വ്വേയ്ക്ക് നേതൃത്വം നല്‍കിയ കെ.കെ. നീലകണ്ഠന്‍ കുറച്ചുകാലം മാത്രമെ ജീവിച്ചിരുന്നുള്ളു. കേരളത്തില്‍നിന്ന് നോക്കിയിരിക്കെ അപ്രത്യക്ഷമാകുന്ന തണ്ണീര്‍ത്തടങ്ങളെ ഓര്‍ത്ത് ആകുലപ്പെട്ടുകൊണ്ട് അദ്ദേഹം എഴുതി: 'കേരളത്തിലെ കരികള്‍ക്കും കായലുകള്‍ക്കും കഴിഞ്ഞ അന്‍പതു വര്‍ഷത്തിനകം സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും കണ്ണൂര്‍, തൃശൂര്‍, എറണാകുളം, വൈക്കം, കോട്ടയം എന്നീ പ്രദേശങ്ങളുടെ തീരത്തുണ്ടായിരുന്ന വിസ്തൃതമായ കരിനിലങ്ങള്‍ മിക്കതും അപ്രത്യക്ഷമായിക്കഴിഞ്ഞു. വെള്ളായണി, ആക്കുളം, വേമ്പനാട് എന്നീ കായലുകളുടെ വിസ്തീര്‍ണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഈ കായലുകളില്‍ അവശേഷിക്കുന്ന ജലജീവികളെ ചുറ്റുമുള്ള കൃഷിസ്ഥലങ്ങളില്‍നിന്ന് ഒഴുകിവരുന്ന രാസവസ്തുക്കള്‍ (കീടനാശിനികളും കൃത്രിമ വളങ്ങളും) എങ്ങനെ ബാധിക്കുന്നുവെന്നതും ആരും ഗവേഷണ വിധേയാക്കിയിട്ടില്ല. കല്‍ക്കട്ടയിലെ സാള്‍ട്ട് ലേക്കിനും ആന്ധ്രപ്രദേശിലെ കെല്ലേരുവിനും തഞ്ചാവൂരിലെ വേദാരണ്യം കായലിനും വന്നുചേര്‍ന്ന ദുര്‍ഗതിയെക്കുറിച്ച് ഇവിടെ വിസ്തരിക്കേണ്ടതില്ല. നമ്മുടെ നിത്യഹരിതവനങ്ങളെപ്പോലെ പ്രാധാന്യം അര്‍ഹിക്കുന്നതാണെങ്കിലും അവയെക്കാളേറെ നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന അമൂല്യ പ്രകൃതിവിഭവങ്ങളാണ് നമ്മുടെ കുളങ്ങളും കരികളും കായലുകളും അഴിമുഖങ്ങളും.'

എഴുത്തുകാരന്‍ യാത്രികന്‍ 

തലശ്ശേരി ബ്രണ്ണന്‍ കോളേജ് കാമ്പസിനുള്ളില്‍ ഒരു ശാന്തിവനമുണ്ട്. പത്ത് അന്‍പത് വര്‍ഷങ്ങള്‍ക്കു മുന്‍പ് അവിടെ ഇന്നു കാണുന്നതിലും വന്യമായൊരിടമായിരുന്നു. ധാരാളം ജാതിമരങ്ങള്‍ അവിടെ നിറഞ്ഞുനിന്നിരുന്നു. അതിലൊക്കെ ഇഷ്ടംപോലെ പക്ഷികള്‍ എത്തും. വിശാലമായ കാമ്പസിനുള്ളില്‍ കുറഞ്ഞത് ഒരു അന്‍പതു ജാതി പക്ഷികളെ കാണുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമേ ആയിരുന്നില്ല. കെ.കെ. നീലകണ്ഠന്‍ ബ്രണ്ണന്‍ കോളജിലെ പ്രിന്‍സിപ്പല്‍ ആയിരുന്ന കാലത്ത് തന്റെ ഒഴിവുവേളകള്‍ അദ്ദേഹം ശാന്തിവനത്തില്‍ പക്ഷി നിരീക്ഷണം നടത്തിയാണ് ചെലവഴിച്ചിരുന്നത്. 

തന്റെ ബ്ലാക്ക് ആന്റ് വൈറ്റ് ക്യാമറയും തൂക്കി ശാന്തിവനത്തിലെത്തി പക്ഷികള്‍ക്ക് പിന്നാലെ അലഞ്ഞുതിരിയും. മറ്റു ചിലപ്പോള്‍ ബൈനോക്കുലറും സ്‌കെച്ച് ബുക്കും വര്‍ണ്ണപ്പെന്‍സിലുകളുമായാവും ശാന്തിവനത്തില്‍ ഏതെങ്കിലും മരത്തണലില്‍ ഇരിക്കുന്നത് കാണുക. പക്ഷിപ്രിയനായ പ്രിന്‍സിപ്പല്‍ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കൗതുകമായിരുന്നു. പ്രിന്‍സിപ്പല്‍ എന്ന ഉത്തരവാദിത്വത്തിന്റെ ഗരിമ ഒട്ടും ചോരാതെയാണ് കെ.കെ. നീലകണ്ഠന്‍ ശാന്തിവനത്തില്‍ പക്ഷിനിരീക്ഷണം നടത്തിയിരുന്നത്. കോളേജിന്റെ അച്ചടക്കത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത ഒരു പ്രിന്‍സിപ്പല്‍ കൂടിയായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥികള്‍ ശാന്തിവനത്തില്‍ ചുറ്റിക്കറങ്ങുക പതിവാണ്. എന്നാല്‍, പ്രിന്‍സിപ്പല്‍ പക്ഷിനിരീക്ഷണത്തിനെത്തുന്ന ശാന്തിവനത്തില്‍ തങ്ങളുടെ പറുദീസയാക്കി മാറ്റാന്‍ അവര്‍ക്കതുകൊണ്ടുതന്നെ സാധ്യമാകുമായിരുന്നില്ല. എപ്പോഴാണ് പ്രിന്‍സിപ്പല്‍ ബൈനോക്കുലറും തൂക്കി ശാന്തിവനത്തില്‍ എത്തുകയെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. ക്ലാസ്സ് കട്ട് ചെയ്തുള്ള കറക്കം അതുകൊണ്ടുതന്നെ കോളേജ് പിള്ളേര്‍ക്കവിടെ സാധിക്കില്ല. പേരു സൂചിപ്പിക്കും പോലെ ശാന്തമായൊരു അന്തരീക്ഷം ശാന്തിവനത്തില്‍ സംരക്ഷിക്കപ്പെടുന്നതിന് കെ.കെ. നീലകണ്ഠന്റെ പക്ഷിനിരീക്ഷണം ഏറെ സഹായിച്ചിരുന്നു. 

പക്ഷിനിരീക്ഷകന്റെ സഹചാരി എന്ന ലേഖനത്തില്‍ പി. വാസവന്‍ എഴുതുന്നു: 'ബ്രണ്ണന്‍ കോളേജിലെ പ്രിന്‍സിപ്പാളായിരുന്ന നീലകണ്ഠന്‍ മാഷ് അതായത് ഇന്ദുചൂഡന്‍, പക്ഷികളെപ്പറ്റി അക്കാലത്ത് മാതൃഭൂമി ആഴ്ചപതിപ്പില്‍ എഴുതിയിരുന്നു. ആഴ്ചപ്പതിപ്പ് വരുന്ന ദിവസം ആളുകള്‍ അതിനുവേണ്ടി കാത്തുനില്‍ക്കുന്നത് ഇപ്പോഴും എനിക്കോര്‍മ്മയുണ്ട്. ആ ഒരു ദിവസം പത്രത്തിനുവേണ്ടിയല്ല, ആഴ്ചപ്പതിപ്പിനുവേണ്ടിയാണ് പല ആളുകളും തിരക്കുകൂട്ടിയിരുന്നത്. നീലകണ്ഠന്‍ മാഷിന് പക്ഷികളെ നിരീക്ഷിക്കല്‍ തന്നെയായിരുന്നു ഏറ്റവും പ്രധാനം. ആ താല്പര്യത്തിന് എത്രയോ തവണ ഞാന്‍ അടുത്തുനിന്ന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. കോളേജ് വിട്ടാല്‍ മാഷ് നേരെ ചേരമാന്‍ കോട്ടയുടെ അടുത്തുപോയിരിക്കും. ഒരുപാട് പക്ഷികള്‍ വന്നുചേരുന്ന ഒരു സ്ഥലമായിരുന്നു അത്. മാഷുടെ കയ്യില്‍ ആരോ സമ്മാനിച്ച ഒരു ജര്‍മന്‍ ക്യാമറയുണ്ടായിരുന്നു. ആ ക്യാമറയുമായി പക്ഷികളേയും നോക്കി ഇരുട്ടുപരന്നു തുടങ്ങുന്നതുവരെ ഇരിക്കും. ഒഴിവുള്ള ദിവസങ്ങളില്‍ മാഷ് രാവിലെ തന്നെ താമസസ്ഥലത്തുനിന്ന് പുറപ്പെടും. പിന്നെ വൈകുന്നേരം വരെ പക്ഷികളേയും നോക്കി ഒരേ നടത്തമാണ്.' താന്‍ കാണുന്ന പക്ഷികളെക്കുറിച്ച് നിരീക്ഷണ കുറിപ്പുകള്‍ എഴുതുകയും അവയെ വര്‍ണ്ണപ്പെന്‍സിലുകള്‍കൊണ്ട് വരച്ചിടുകയും ചെയ്യുന്നത് അദ്ദേഹത്തിന്റെ പതിവ് രീതിയായിരുന്നു.

തലശ്ശേരി ബ്രണ്ണൻ കോളജ്
തലശ്ശേരി ബ്രണ്ണൻ കോളജ്

പക്ഷിയുടെ രൂപവും നിറങ്ങളും ഒരു ചിത്രം വരച്ച് രേഖപ്പെടുത്താന്‍ കഴിയുമെങ്കില്‍ അതാണ് അത്യുത്തമം. ചിത്രത്തിനു ഭംഗിയുണ്ടാകണമെന്നില്ല. എങ്കിലും പക്ഷിയുടെ ആകൃതി, കൊക്ക്, വാല്‍, തല, കാലുകള്‍ എന്നിവയുടെ പ്രത്യേകതകള്‍, ദേഹത്തിലെ നിറങ്ങളുടെ സ്ഥിതി, പക്ഷിയിരിക്കുന്ന വിധം എന്നിങ്ങനെയുള്ളതെല്ലാം വാക്കാല്‍ വിവരിക്കുന്നതിലും എത്രയോ എളുപ്പമാണ് ചിത്രം വരച്ചു കാണിക്കുക.

കൊക്കുകള്‍, കാലുകള്‍, വാലുകള്‍ എന്നിവയെ വിവരിക്കാനുള്ള വിഷമവും അതിനുവേണ്ടുന്ന സമയവും കണക്കിലെടുത്താല്‍ പടം വരച്ചുകാണിക്കുകയാണ് നല്ലതെന്നു വ്യക്തമാകും. നല്ലൊരു ചിത്രകാരന്‍ കൂടിയായിരുന്ന കെ.കെ. നീലകണ്ഠന്റെ പക്ഷി നിരീക്ഷണക്കുറിപ്പുകള്‍ എല്ലാംതന്നെ ചിത്രങ്ങള്‍ വരച്ചുചേര്‍ത്തവയാണ്. ഒരു പക്ഷിയെക്കുറിച്ച് അറിയേണ്ടതെല്ലാം അദ്ദേഹത്തിന്റെ പക്ഷിനിരീക്ഷണക്കുറിപ്പുകളില്‍ ഉണ്ടാവും. കെ.കെ. നീലകണ്ഠന്‍ പക്ഷിനിരീക്ഷണക്കുറിപ്പുകളുടെ 'ഡയറികള്‍' എക്കാലത്തും പ്രകൃതി പഠിതാക്കള്‍ക്ക് ഒരക്ഷയഖനിയാണ്. നല്ലൊരു പക്ഷിനിരീക്ഷകന്‍ ഒരേസമയം ഒരു ശാസ്ത്രജ്ഞനും ചിത്രകാരനും എഴുത്തുകാരനും തത്ത്വചിന്തകനും ബഹുഭാഷാ പണ്ഡിതനുമൊക്കെയായിരിക്കണമെന്നതിനുള്ള വ്യക്തമായൊരു ഉദാഹരണമായിരുന്നു കെ.കെ. നീലകണ്ഠന്റെ ജീവിതം.

കെ.കെ. നീലകണ്ഠന്‍ നല്ലൊരു കഥാകാരനും നാടകപ്രേമിയും ഒക്കെയായിരുന്നുവെന്നതിനെക്കുറിച്ച് അറിവുള്ളവര്‍ വളരെ കുറവാണ്. കെ.കെ. നീലകണ്ഠന്റെ പക്ഷി എഴുത്തും പ്രകൃതി എഴുത്തുമെല്ലാം ഒരു ചെറുകഥയുടെ രചനാശില്പത്തോടെയുള്ളവയാണ്. നല്ല പാരായണക്ഷമതയാണ് കെ.കെ. നീലകണ്ഠന്റെ എഴുത്തിന്റെ മറ്റൊരു പ്രത്യേകത. 'കേരളത്തിലെ പക്ഷികള്‍' നല്ലൊരു സാഹിത്യകൃതികൂടിയാണെന്ന അംഗീകാരം പരക്കെ നേടിയിട്ടുമുണ്ടല്ലോ. റേച്ചല്‍കഴ്‌സന്റെ നിശ്ശബ്ദവസന്തം (Silent Spring) എന്ന ഗ്രന്ഥം ലോകമെമ്പാടും വായിക്കപ്പെടാനും വൈകാരികമായി ജനങ്ങളെ സ്വാധീനിക്കാനും കഴിഞ്ഞത് എഴുത്തുകാരിയെന്ന നിലയിലുള്ള അവരുടെ കഴിവുകള്‍ ശാസ്ത്രഗ്രന്ഥരചനയിലും പ്രതിഫലിച്ചുവെന്നതുകൊണ്ടാണെന്നാണ് എന്റെ വിശ്വാസം. ഡി.ഡി.ടി (DDT)യുടെ മാരകമായ ദോഷങ്ങളെ വെളിച്ചത്തുകൊണ്ടുവന്ന ഈ ഗ്രന്ഥമാണ് കീടനാശിനികള്‍ക്കെതിരെ ലോകമെമ്പാടും അവബോധം സൃഷ്ടിച്ചത്. ജനസമ്മര്‍ദ്ദത്താല്‍ അമേരിക്കയില്‍ ഡി.ഡി.ടി. (DDT) നിരോധിക്കുകയും ചെയ്തു. സര്‍ഗ്ഗാത്മക എഴുത്തുകാര്‍ ശാസ്ത്രഗ്രന്ഥങ്ങള്‍ എഴുതാന്‍ മുന്നോട്ടുവരേണ്ടതുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്ന ഗ്രന്ഥമാണ് നിശ്ശബ്ദവസന്തം. 

കുട്ടിക്കാലം മുതല്‍ തന്നെ കഥയെഴുതാനുള്ള പരിശ്രമങ്ങള്‍ കെ.കെ. നീലകണ്ഠന്‍ നടത്തിയിരുന്നു. ഇംഗ്ലീഷ് സാഹിത്യം തലയ്ക്ക് പിടിച്ചതോടെ ഇംഗ്ലീഷില്‍ കഥകളെഴുതാനാണ് അദ്ദേഹം ഏറെ ഇഷ്ടപ്പെട്ടത്. 

കെ.കെ. നീലകണ്ഠന്‍ രണ്ടു കഥകള്‍ എഴുതി പ്രസിദ്ധീകരിച്ചിരുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അതിലൊന്ന് ഇല്ലസ്‌ട്രേറ്റഡ് വീക്ക്‌ലിയിലായിരുന്നു. എന്നാല്‍, പക്ഷിപഠനത്തിനിടയില്‍ കഥയെഴുത്തുമായി അദ്ദേഹം കൂടുതല്‍ സഞ്ചരിച്ചില്ല. തീര്‍ച്ചയായും ഇത് കഥാലോകത്തിന് വലിയൊരു നഷ്ടമായിപ്പോയി. കെ.കെ. നീലകണ്ഠനില്‍നിന്ന് കുറച്ചു കഥകളോ ഒരു നോവലെങ്കിലുമോ നമുക്ക് ലഭിച്ചിരുന്നെങ്കില്‍ അതൊരു വേറിട്ട സാഹിത്യകൃതിയാകുമായിരുന്നു. പക്ഷിവിജ്ഞാനവും മനഃശാസ്ത്രവും തത്ത്വചിന്തയും ഒക്കെ കൂടിക്കലര്‍ന്നൊരു സാഹിത്യകൃതിയായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇക്കോസഫി (Ecosophy)യില്‍ അതീവ താല്പര്യമുള്ളയാളായിരുന്നു അദ്ദേഹം. ഇംഗ്ലീഷ് എഴുത്തുകാരി ഡാഫ് ഡ്യു മൗരിയറിന്റെ (Da phedu mauriur) പക്ഷികള്‍, പുരാതന ഗ്രീസിലെ കോമഡി നാടകക്കാരന്‍ അരിസ്‌റ്റോഫെനീസിന്റെ പക്ഷികള്‍ എന്ന നാടകം, പേര്‍ഷ്യന്‍ സൂഫി എഴുത്തുകാരന്‍ ഫരീരുദുദ്ദീന്‍ അത്താറിന്റെ (Farid un - din Attar) കോണ്‍ഫറന്‍സ് ഓഫ് ബേര്‍ഡ്‌സ് (പക്ഷികളുടെ സമ്മേളനം) എന്ന കാവ്യവുമെല്ലാം ഇത്തരത്തില്‍പ്പെട്ട കൃതികളാണ്. സാഹിത്യത്തിനെ കൂടുതല്‍ ഗൗരവത്തോടെ കെ.കെ. നീലകണ്ഠന്‍ സമീപിച്ചിരുന്നെങ്കില്‍ ഈ ഗണത്തില്‍പ്പെട്ട ഒരു കൃതി നമുക്ക് ലഭിച്ചേനെ. 

കെ.കെ. നീലകണ്ഠന്‍ ഷേക്‌സ്പിയറുടെ വലിയൊരു ആരാധകനായിരുന്നു. ഷേക്‌സ്പിയര്‍ നാടകങ്ങളുടെ ഒരവസാന വാക്ക് എന്നുതന്നെ പറയാം. ഷേക്‌സ്പിയര്‍ നാടകങ്ങളിലെ കഥാപാത്രങ്ങളെ മനഃശാസ്ത്രപരമായി വിശകലനം ചെയ്യുന്ന ഗ്രന്ഥങ്ങളൊക്കെ ബ്രിട്ടീഷ് ലൈബ്രറിയില്‍ നിന്നെടുത്താണ് കെ.കെ. നീലകണ്ഠന്‍ പതിവായി വായിച്ചിരുന്നത്. മനഃശാസ്ത്രചിന്തയില്‍ വലിയ താല്പര്യമുള്ളയാളായിരുന്നു അദ്ദേഹം. മനഃശാസ്ത്രവിജ്ഞാനത്തിന്റെ വെളിച്ചത്തില്‍ സാഹിത്യവിമര്‍ശനം നടത്തിയിരുന്ന പ്രൊഫ. എം.എന്‍. വിജയന്‍, കെ.കെ. നീലകണ്ഠന്റെ സഹപ്രവര്‍ത്തകനായിരുന്നുവല്ലോ? 

ബഹുഭാഷാ പണ്ഡിതനായിരുന്ന കെ.കെ. നീലകണ്ഠന് ജര്‍മന്‍ ഭാഷയില്‍ അത്യാവശ്യം എഴുതാനും വായിക്കാനും സംസാരിക്കാനുമുള്ള കഴിവുണ്ടായിരുന്നു. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനെപ്പോലെയുള്ള ജര്‍മന്‍ സുവിശേഷകര്‍ മലയാള ഭാഷയ്ക്കും മാധ്യമ മേഖലയ്ക്കും വലിയ സംഭാവനകള്‍ നല്‍കിയിരുന്നുവല്ലോ. മലയാള ഭാഷയില്‍ ആദ്യമായി ഒരു നിഘണ്ടു ഉണ്ടാക്കിയതും ഗുണ്ടര്‍ട്ടാണ്. ചെമ്പകരാമന്‍പിള്ളയെപ്പോലെയുള്ളവര്‍ ജര്‍മനിയില്‍ ജീവിച്ച് ബ്രിട്ടീഷുകാരെ ഇന്ത്യയില്‍നിന്ന് തുരത്താന്‍ പ്രയത്‌നിച്ച ദേശാഭിമാനികള്‍ ആയിരുന്നു. ഇങ്ങനെയൊക്കെ പലതരത്തില്‍ ജര്‍മന്‍ ഭാഷയുമായും ജര്‍മനിയുമായും ഇന്ത്യ ബന്ധപ്പെട്ടു കിടക്കുന്നു. തന്റെ കോളേജ് വിദ്യാഭ്യാസകാലത്ത് ജര്‍മന്‍ ഭാഷ കെ.കെ. നീലകണ്ഠന്‍ കുറച്ചൊക്കെ പഠിക്കുകയുണ്ടായി. 

കെകെ നീലകണ്ഠൻ വരച്ച കാട്ടുപോത്തുകൾ എന്ന ചിത്രം
കെകെ നീലകണ്ഠൻ വരച്ച കാട്ടുപോത്തുകൾ എന്ന ചിത്രം

അതിരുകളില്ലാത്ത പക്ഷിനിരീക്ഷണം

പക്ഷികളില്‍ താല്പര്യമുള്ളയൊരാള്‍ ഏതു വലിയ പട്ടണത്തിനു നടുവില്‍ ജീവിച്ചാലും അയാളുടെ കണ്ണുകള്‍ അവിടെയെത്തുന്ന പക്ഷികളിലാവും. കെ.കെ. നീലകണ്ഠനും ഇത്തരത്തില്‍പ്പെട്ട ഒരു പക്ഷിപ്രേമിയായിരുന്നു. കെ.കെ. നീലകണ്ഠന്‍ എവിടെയൊക്കെ ജീവിച്ചിട്ടുണ്ടോ അവിടെയൊക്കെ തനിക്കു ചുറ്റും ഒരു പക്ഷിസങ്കേതം തന്നെ സൃഷ്ടിച്ചെടുത്തയാളായിരുന്നു. വൈക്കം മുഹമ്മദ് ബഷീര്‍ ജയിലില്‍ കിടന്നിരുന്നപ്പോള്‍ അതിനുള്ളിലും ഒരു പൂന്തോട്ടം സൃഷ്ടിച്ചപോലെയാണിത്. തിരുവനന്തപുരം പട്ടണത്തില്‍ കഴിഞ്ഞിരുന്ന കാലത്തെക്കുറിച്ച് കെ.കെ. നീലകണ്ഠന്‍ ഓര്‍ത്തെടുക്കുന്നതിങ്ങനെ:

'തിരുവനന്തപുരത്ത് നഗരമധ്യത്തിലുള്ള ഒരു വീട്ടില്‍ ഞാന്‍ പത്തുവര്‍ഷത്തോളം താമസിച്ചു. താമസം തുടങ്ങിയ കാലത്ത് അടുത്തുള്ള വളപ്പുകളില്‍ ധാരാളം മരങ്ങള്‍ നിന്നിരുന്നതുകൊണ്ട് അവിടെയും പക്ഷിനിരീക്ഷണത്തിന് ഒട്ടും വിഷമമുണ്ടായിരുന്നില്ല. എന്റെ വളപ്പില്‍ വളരെക്കുറിച്ച് സ്ഥലമേ ഉണ്ടായിരുന്നുള്ളുവെങ്കിലും ഞാന്‍ അവിടെ നട്ടുവളര്‍ത്തിയ ഒരു ചെമ്പകത്തിലും മന്ദാരത്തിലുമായി ഏഴെട്ടു തവണ തുന്നാരന്‍ കൂടുകെട്ടുകയുണ്ടായി.'

മനസ്സ് വെച്ചാല്‍ ഏത് പ്രതികൂല സാഹചര്യത്തിലും പക്ഷിപഠനവും നിരീക്ഷണവും നടത്താവുന്നതേയുള്ളുവെന്ന് കെ.കെ. നീലകണ്ഠന്‍ സ്വന്തം ജീവിതംകൊണ്ടുതന്നെ നമ്മെ പഠിപ്പിച്ചു. തന്റെ ജീവിതാവസാനകാലത്ത് തേന്‍കൊതിച്ചി പരുന്തിനെക്കുറിച്ചുള്ള പഠനം അദ്ദേഹം നടത്തിയതും തന്റെ കാവശ്ശേരിയിലെ വീട്ടുവളപ്പില്‍നിന്നായിരുന്നുവെന്നതും ഓര്‍ക്കേണ്ടതാണ്. പാലക്കാട് പട്ടണത്തില്‍ അദ്ദേഹം കഴിഞ്ഞിരുന്ന കാലത്തെക്കുറിച്ച് അദ്ദേഹം രേഖപ്പെടുത്തുന്നു:

'വീടിനു ചുറ്റും കുറെ ഒട്ടുമാവുകളും തെങ്ങുകളും വേപ്പ്, പുളി മുതലായ മരങ്ങളും ഉണ്ടായിരുന്നു. വേലിയല്ലാതെ ചെടികളും പൊന്തകളും ഒന്നുമുണ്ടായിരുന്നില്ല. എങ്കിലും അക്കാലത്ത് വീടുവിട്ട് പുറത്തിറങ്ങാതെ തന്നെ ഒരുമണിക്കൂറിനകം മുപ്പതിലേറെ ജാതി പക്ഷികളെ കാണുവാന്‍ എനിക്ക് കഴിയുമായിരുന്നു. പ്രത്യേകിച്ചും സെപ്റ്റംബറിനും മേയ് മാസത്തിനുമിടയ്ക്ക് ഈ വളപ്പില്‍ ചിലതരം പക്ഷികള്‍ പതിവായി കൂടുകെട്ടാറുണ്ടായിരുന്നു. ആ വീട്ടില്‍നിന്ന് എന്റെ ജോലിസ്ഥലത്തേക്കുള്ള വഴി പാടത്തുകൂടിയായിരുന്നതിനാല്‍ വളപ്പുകളില്‍ കാണാത്ത പലതരം പക്ഷികളേയും വഴിക്കുവെച്ചു കാണാറുണ്ടായിരുന്നു.'

ഇങ്ങനെ കിട്ടുന്ന അവസരങ്ങളിലെല്ലാം പക്ഷികളുടെമേല്‍ തന്റെ മനസ്സും കണ്ണും കാതുമൊക്കെ സമര്‍പ്പിച്ചാണ് കെ.കെ. നീലകണ്ഠന്‍ ജീവിച്ചത്. പക്ഷികളെ കാണാനായി എന്തു ത്യാഗം സഹിച്ചും യാത്രചെയ്യാന്‍ കെ.കെ. നീലകണ്ഠന്‍ സദാ സന്നദ്ധനായിരുന്നു. വെയിലും മഴയും മഞ്ഞുമൊന്നും അദ്ദേഹത്തിനൊരു പ്രതിബന്ധമേയായിരുന്നില്ല. ആന്ധ്രയിലെ പുള്ളിച്ചുണ്ടന്‍ കൊതുമ്പനങ്ങളുടെ പ്രജനനകേന്ദ്രമായ ആരേഡുവിലേക്ക് ഒരു നൂറുതവണയെങ്കിലും പോകേണ്ടതായിരുന്നുവെന്ന് കെ.കെ. നീലകണ്ഠന്‍ എഴുതിയത് പക്ഷിപ്രണയവും യാത്രാക്കൊതിയും കൊണ്ടായിരുന്നു. സര്‍വ്വീസില്‍നിന്ന് റിട്ടയര്‍ ചെയ്തശേഷം അദ്ധ്യാപനത്തോടുള്ള സ്‌നേഹംകൊണ്ടു കൂടിയാവാം തിരുവനന്തപുരം മാഞ്ഞാലിക്കുളം റോഡിലുള്ള വാസ്പിസ് ട്യൂട്ടോറിയലില്‍ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ കെ.കെ. നീലകണ്ഠന്‍ പോയിരുന്നു.

യാത്ര ഏറെ ഇഷ്ടപ്പെട്ടിരുന്ന കെ.കെ. നീലകണ്ഠന്‍ യാത്രാവിവരണം എഴുതാനുള്ള പരിശ്രമങ്ങളും നടത്തിയിരുന്നു. പോയിന്റ് കാലിമറില്‍ പഠനം നടത്തിയതുമായി ബന്ധപ്പെട്ട് ഒരു യാത്രാവിവരണം കെ.കെ. നീലകണ്ഠന്‍ എഴുതിയെങ്കിലും മുഴുമിപ്പിച്ചില്ല. പതിനാറു പേജോളം അദ്ദേഹം എഴുതി. എന്നാല്‍, യാത്രാവിവരണം എഴുതി മുഴുമിപ്പിക്കാന്‍ എന്തുകൊണ്ടോ അദ്ദേഹത്തിനു കഴിഞ്ഞില്ല. ചിലജാതി പക്ഷികള്‍ കൂട് നിര്‍മ്മിച്ച് പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് അതുപേക്ഷിച്ചുകളയാറുണ്ട്. കൂടുകെട്ടാനുള്ള ചോദന ചോര്‍ന്നുപോകുന്നതാകാം കാരണം. യാത്രാവിവരണം എഴുതുന്നതിലുള്ള താല്പര്യം നഷ്ടപ്പെട്ടതുകൊണ്ടാകാം കെ.കെ. നീലകണ്ഠന്‍ അതെഴുതി മുഴുമിപ്പിക്കാതിരുന്നതെന്നു കരുതാം.

(തുടരും)

ഈ ലേഖനം കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com