'പെലിക്കന്‍ കൂടുകെട്ടുന്നത് കാണാനുള്ള അസുലഭ ഭാഗ്യം സിദ്ധിച്ച അപൂര്‍വ്വം പ്രകൃതി നിരീക്ഷകരില്‍ ഒരാളാണ് ഞാന്‍'

പെലിക്കനെപ്പോലെയുള്ള പക്ഷികളെ എന്തിനു സംരക്ഷിക്കണം എന്നു ചോദിക്കുന്നവരുണ്ടാവാം. അങ്ങനെയുള്ള ആരെങ്കിലും ഇവിടെയുണ്ടെങ്കില്‍ അവര്‍ക്ക് ഇപ്പോള്‍ പുറത്തു പോകാം. രണ്ടു മിനിറ്റ് ഹാളില്‍ സമ്പൂര്‍ണ്ണ നിശ്ശബ്ദത
'പെലിക്കന്‍ കൂടുകെട്ടുന്നത് കാണാനുള്ള അസുലഭ ഭാഗ്യം സിദ്ധിച്ച അപൂര്‍വ്വം പ്രകൃതി നിരീക്ഷകരില്‍ ഒരാളാണ് ഞാന്‍'

1976 തമിഴ്‌നാട് സര്‍ക്കാര്‍ പ്രസിദ്ധമായ പോയിന്റ് കാലിമര്‍ പക്ഷിസങ്കേതത്തില്‍ വലിയൊരു മറൈന്‍ കെമിക്കല്‍ കോംപ്ലക്‌സ് സ്ഥാപിക്കാന്‍ തീരുമാനിച്ചു. ഇവിടം ലക്ഷക്കണക്കിനു ദേശാടനപക്ഷികളുടെ ആവാസകേന്ദ്രമാണ്. പോയിന്റ് കാലിമറിലെ വിശാലമായ ചതുപ്പുകളും കരിനിലങ്ങളും (Salt Swamps) വിവിധ ജാതിക്കാരായ ലക്ഷക്കണക്കിനു വരുന്ന ദേശാടനപക്ഷികളുടെ പ്രിയപ്പെട്ട സങ്കേതമാണ്, മഞ്ഞുകാലത്ത് യൂറോപ്പില്‍നിന്നും റഷ്യയുടെ പല ഭാഗങ്ങളില്‍നിന്നും വന്‍ പക്ഷിക്കൂട്ടങ്ങളാണ് ഇവിടേക്ക് വരുന്നത്. രാജഹംസങ്ങളും എരണ്ടകളും തലവരയന്‍ വാത്തകളും ഇവയില്‍ പ്രധാനപ്പെട്ടവയാണ്. രാജഹംസങ്ങളുടെ വലിയ കൂട്ടങ്ങള്‍ ഇക്കാലത്ത് പോയിന്റ് കാലമറിലെ ഒരു സാധാരണ കാഴ്ചയാണ്. ദേശാടനപക്ഷികളുടെ താവളമായ പോയിന്റ് കാലിമറില്‍ മറൈന്‍ കെമിക്കല്‍ കോംപ്ലക്‌സ് സ്ഥാപിക്കുന്നതോടെ പക്ഷികളുടെ നിലനില്‍പ്പിനെ അതു കാര്യമായി ബാധിക്കും. ഇവിടെയുള്ള ചതുപ്പുകളിലും കരിനിലങ്ങളിലും എണ്ണിയാലൊടുങ്ങാത്ത ജീവിവര്‍ഗ്ഗങ്ങള്‍ വേറെയും ജീവിക്കുന്നുണ്ട്.

ഉപ്പളങ്ങളില്‍ തദ്ദേശീയരായ നൂറുകണക്കിനാളുകള്‍ തൊഴില്‍ ചെയ്യുന്നുണ്ടുതാനും. ഇവരുടെയൊക്കെ ജീവിതത്തെ പുതിയ പദ്ധതി ദോഷകരമായി ബാധിക്കുന്നതാണുതാനും. പ്രകൃതിയുടെ തുലനാവസ്ഥയേയും ജലസ്രോതസ്സിനേയും സംരക്ഷിക്കുന്നതില്‍ ചതുപ്പുകള്‍ വലിയ തോതില്‍ സഹായം ചെയ്യുന്നുമുണ്ട്. അതുകൊണ്ട് മറൈന്‍ കെമിക്കല്‍ കോംപ്ലക്‌സ് പോയിന്റ് കാലമറിന്‍ സ്ഥാപിക്കുന്നതിന്റെ പരിസ്ഥിതി പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിക്കേണ്ടതുണ്ടായിരുന്നു. എന്നാല്‍, അക്കാലത്ത് ഇത്തരം പഠനങ്ങളൊന്നും അത്ര സാധാരണമായിരുന്നില്ല. ദക്ഷിണേന്ത്യയിലെ തന്നെ പ്രസിദ്ധമായ ദേശാടനപക്ഷി താവളമായ പോയിന്റ് കാലിമറിന്‍ മറൈന്‍ കെമിക്കല്‍ കോംപ്ലക്‌സ് വരുന്ന വിവരം മണത്തറിഞ്ഞ സാലിം അലി അതിനെതിരെയുള്ള നീക്കങ്ങള്‍ ശക്തിപ്പെടുത്തി. കെമിക്കല്‍ കോംപ്ലക്‌സ് സ്ഥാപിച്ചാലുണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാന്‍ ബി.എന്‍.എച്ച്.എസി.നെ തന്നെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. തമിഴ്‌നാട് സര്‍ക്കാരിന്റെ കൂടി താല്പര്യപ്രകാരം ബി.എന്‍.എച്ച്.എസ്. ഇതിനായി നിയോഗിച്ചത് കെ.കെ. നീലകണ്ഠനെയായിരുന്നു. 1981 കാലത്താണ് ഒരു വര്‍ഷത്തോളം പോയിന്റ് കാലിമറില്‍ താമസിച്ച് കെ.കെ. നീലകണ്ഠന്‍ വിശദമായൊരു പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പക്ഷികളുടെ പക്ഷത്തുനിന്നു മാത്രം ചിന്തിച്ചു തയ്യാറാക്കിയ ഒരു റിപ്പോര്‍ട്ടായിരുന്നില്ല അദ്ദേഹം സമര്‍പ്പിച്ചത്. വികസനവും പരിസ്ഥിതി സംരക്ഷണവും കൂട്ടിയിണക്കുന്ന ഒന്നായിരുന്നു. വിശാലമായ ചതുപ്പിനെ പല സോണുകളായി തിരിച്ച് ഇലയ്ക്കും മുള്ളിനും കേടില്ലാത്തവിധമൊരു ശാസ്ത്രീയ സമീപനമാണ് അദ്ദേഹം കൈക്കൊണ്ടത്. കെ.കെ. നീലകണ്ഠന്‍ പോയിന്റ് കാലിമറില്‍ താമസിക്കുമ്പോള്‍ പലതവണ അവിടെ സാലിം അലി സന്ദര്‍ശിക്കുകയുണ്ടായി കെ.കെ. നീലകണ്ഠനുമായി ആത്മബന്ധം കാത്തുസൂക്ഷിക്കാനും സാലിം അലി ശ്രദ്ധവച്ചിരുന്നു. സാലിം അലിയുടെ 'ബേര്‍ഡ് ഓഫ് കേരള' എന്ന പുസ്തകത്തില്‍ പുതുതായി കണ്ടെത്തിയ പക്ഷികളെ ഉള്‍പ്പെടുത്തി റിവൈസ്ഡ് എഡിഷന്‍ ഇറക്കുന്നതിനെക്കുറിച്ച് കെ.കെ. നീലകണ്ഠന്‍ സാലിം അലിക്ക് എഴുതിയപ്പോള്‍ കെ.കെ. നീലകണ്ഠനോട് പുതിയ പക്ഷികളെ ഉള്‍പ്പെടുത്തി പുതിയൊരു രചന ബി.എന്‍.എച്ച്.എസില്‍ (BNHS) ജേര്‍ണലില്‍ എഴുതാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതാണ് പിന്നീട് എ ബുക്ക് ഓഫ് കേരള ബേര്‍ഡ്‌സ് (A Book of Kerala Birds) എന്ന പുസ്തകമായത്. കെ.കെ. നീലകണ്ഠന്‍ പോയിന്റ് കാലിമറിലെ വിശാലമായ ചതുപ്പുകളൊക്കെ ചുറ്റിക്കറങ്ങിയിരുന്നത് സൈക്കിളിലായിരുന്നു. ശിഷ്യര്‍ ആരെങ്കിലും അദ്ദേഹത്തെ കാണാന്‍ വന്നാല്‍ അവര്‍ക്കും ഒരു സൈക്കിള്‍ കൂടി വാടകയ്‌ക്കെടുക്കും. പ്രകൃതിയോടിണങ്ങിയുള്ള അദ്ദേഹത്തിന്റെ ലളിതജീവിത ശൈലിയുടെ മഹത്വമാണിത് കാണിക്കുന്നത്. ചതുപ്പുകള്‍ പാഴ്ഭൂമിയല്ലെന്നും അതൊരു വിലപിടിച്ച ആവാസവ്യവസ്ഥയാണെന്നും കെ.കെ. നീലകണ്ഠന്‍ തിരിച്ചറിഞ്ഞിരുന്നു. ചതുപ്പുകളുടെ സംരക്ഷണത്തിനായി കേരളത്തില്‍ ശബ്ദമുയര്‍ത്തിയ ആദ്യത്തെ പ്രകൃതി സ്‌നേഹികളിലൊരാള്‍ കെ.കെ. നീലകണ്ഠനാണ്. ചതുപ്പുകള്‍ വനം പോലെ പ്രാധാന്യമര്‍ഹിക്കുന്ന ആവാസവ്യവസ്ഥയാണെന്നാണ് കെ.കെ. നീലകണ്ഠന്‍ കൂടെക്കൂടെ പറഞ്ഞിരുന്നത്. കണ്ടല്‍ക്കാടുകളെക്കുറിച്ചും ചതുപ്പുനിലങ്ങളെക്കുറിച്ചും കായലിനേയും കുളങ്ങളെക്കുറിച്ചും അഴിമുഖങ്ങളെക്കുറിച്ചും കെ.കെ. നീലകണ്ഠന്‍ ധാരാളം എഴുതിയിട്ടുണ്ട്. പോയിന്റ് കാലിമറില്‍ വിശാലമായൊരു ഭൂഭാഗം ദേശാടനപക്ഷികള്‍ക്കായി ശല്യമില്ലാതെ മാറ്റിയിടാന്‍ കെ.കെ. നീലകണ്ഠന്റെ പഠനറിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തു. ഒപ്പം ഉപ്പളങ്ങള്‍ സംരക്ഷിക്കുന്നതുമായിരുന്നു അദ്ദേഹത്തിന്റെ പഠനറിപ്പോര്‍ട്ട്. കെമിക്കല്‍ കോംപ്ലെക്‌സ് താരതമ്യേന പ്രകൃതിവിനാശം കുറഞ്ഞയിടത്ത് സ്ഥാപിക്കാന്‍ അദ്ദേഹം അനുവദിക്കുകയും ചെയ്തു.

ഇന്ദുചൂഡൻ
ഇന്ദുചൂഡൻ

1951ല്‍ തുടങ്ങിയ എഴുത്ത്

കെ.കെ. നീലകണ്ഠന്‍ ഇത്തരത്തില്‍ നടത്തിയ ആദ്യത്തെ വിശദമായ പഠനമായിരുന്നു പോയിന്റ് കാലിമറിലേതെന്നു കാണാം. വികസനവും പരിസ്ഥിതി സംരക്ഷണവും സമാന്തര രേഖകളായി കരുതുമ്പോള്‍ കെ.കെ. നീലകണ്ഠന്റെ പഠനം അതിനെ സമന്വയിപ്പിക്കാന്‍ ശ്രമിച്ചു. തദ്ദേശീയരുടെ തൊഴില്‍മേഖല പരിഗണിക്കാതേയും ലക്ഷക്കണക്കിനു വരുന്ന ദേശാടന പക്ഷികളുടെ സങ്കേതത്തെ ഗൗനിക്കാതേയും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത മറന്നും അടിച്ചേല്പിക്കുന്ന വന്‍കിട പദ്ധതികള്‍ക്കെതിരെയുള്ള വിശദമായൊരു പഠനറിപ്പോര്‍ട്ടായിരുന്നു കെ.കെ. നീലകണ്ഠന്‍ പോയിന്റ് കാലിമറില്‍ ചെയ്തത്. വികസനത്തേയും പരിസ്ഥിതിയേയും പരിമിതികള്‍ക്കുള്ളില്‍നിന്നുകൊണ്ട് എങ്ങനെ പ്രായോഗികമായി യോജിപ്പിച്ചു കൊണ്ടുപോകാമെന്നതിന്റേയും ഒരു മാതൃകാപഠനമായും ഇത് വിലയിരുത്താം. കേരളത്തിലെ എറണാകുളം ജില്ലയിലെ ഏലൂരില്‍ വ്യവസായ സമുച്ചയം നടത്തുന്ന വായു, ജലമലിനീകരണത്തിന്റെ തീവ്രത ഇന്നും അവസാനിച്ചിട്ടില്ലെന്നു ഓര്‍ക്കുക. വികസനം ഏതുതരത്തിലാണ് ഒരു ജനതയെ ഇല്ലായ്മ ചെയ്യുന്നു എന്നതിന്റെ നല്ലൊരു ഉദാഹരണം കൂടിയാണിത്. വിരലില്‍ എണ്ണാവുന്ന വ്യവസായികള്‍ക്ക് സമ്പത്ത് വാരിക്കൂട്ടാന്‍ മനുഷ്യരും പ്രകൃതിയൊന്നാകേയും കുപ്പത്തൊട്ടിയായി മാറുന്ന കാഴ്ചയാണ് എവിടെയും കാണപ്പെടുന്നത്. ഏറ്റവും കൂടുതല്‍ മലിനീകരിക്കപ്പെട്ട പ്രദേശങ്ങളില്‍ ലോകത്തില്‍ 35ാമത്തെ സ്ഥാനമാണ് ഏലൂരിനുള്ളത്. ഇന്ത്യയിലെ മൂന്നാമത്തേതും. ഇതുകൂടി മനസ്സില്‍ വെച്ചുകൊണ്ടാവാം കെ.കെ. നീലകണ്ഠന്‍ സമതുലിതമായൊരു റിപ്പോര്‍ട്ട് പോയിന്റ് കാലിമറില്‍ മറൈന്‍ കെമിക്കല്‍ കോംപ്ലക്‌സിന്റെ കാര്യത്തില്‍ ഉണ്ടാക്കിയത്.

കെ.കെ. നീലകണ്ഠന്‍ നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ടെങ്കിലും കേരളത്തിലെ പക്ഷികളാണ് അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസ് എന്ന് ആരും സമ്മതിക്കും. ഈ പുസ്തകം എഴുതാനുണ്ടായ കാരണം അദ്ദേഹം തന്നെ രേഖപ്പെടുത്തിയത് ഇങ്ങനെയാണ്:

'നമ്മുടെ ഭാഷയില്‍ പക്ഷികളെ വിവരിക്കുന്ന ഒരു പുസ്തകം ഇല്ലാതിരുന്നത് എന്റെ പക്ഷിനിരീക്ഷണത്തിന് വലിയൊരു പ്രതിബന്ധമായി തീര്‍ന്നു. പിന്നീട് ഇന്ത്യയിലെ പക്ഷികളെക്കുറിച്ച് ഇംഗ്ലീഷില്‍ എഴുതിയ പല പുസ്തകങ്ങളുടേയും സഹായത്തോടെയാണ് എനിക്ക് പക്ഷിനിരീക്ഷണം തുടരാന്‍ കഴിഞ്ഞതുതന്നെ. അതിന്റെ ഭവിഷ്യത്തായി ഇന്നും നമ്മുടെ പക്ഷികള്‍ക്ക് മലയാളത്തിലുള്ള പേരുകള്‍ (ഞാന്‍ തന്നെ കൊടുത്തിട്ടുള്ളതടക്കം) ഓര്‍മ്മിക്കാനും ഉപയോഗിക്കാനും വളരെ പ്രയാസമായിത്തീര്‍ന്നിരിക്കുന്നു. ഒരു പക്ഷിയെ കണ്ടാലുടനെ അതിന്റെ ഇംഗ്ലീഷ് പേരാണ് മനസ്സിലുദിക്കുന്നത്. വല്ലവരും അതിന്റെ മലയാളപ്പേര് അന്വേഷിച്ചാല്‍ അറിയുകയില്ല, ഓര്‍മ്മയില്ല, നോക്കി പറയാം എന്നെല്ലാം മറുപടി കൊടുക്കേണ്ടിവരുന്നു. അങ്ങനെ സ്വാനുഭവം മൂലം നമ്മുടെ ഭാഷയില്‍ പക്ഷികളെക്കുറിച്ചും മറ്റുമുള്ള പുസ്തകങ്ങളില്ലാത്തതിന്റെ ഭവിഷത്ത് എനിക്ക് വ്യക്തമായിട്ടുണ്ട്. എങ്കിലും മലയാളഭാഷയില്‍ വേണ്ടതുപോലെ പാണ്ഡിത്യമില്ലാത്തതു കാരണം ഈ കുറവ് ഞാന്‍ തന്നെ തീര്‍ക്കാന്‍ ശ്രമിച്ചേക്കാം എന്നൊരു ഉദ്ദേശ്യം ഒരിക്കലും ഉണ്ടായിരുന്നില്ല.

അങ്ങനെയിരിക്കുമ്പോഴാണ് മാതൃഭൂമി ആഴ്ചപതിപ്പ് പത്രാധിപരായ എന്‍.വി. കൃഷ്ണവാരിയര്‍ കേരളത്തിലെ പക്ഷികളെക്കുറിച്ച് ഇംഗ്ലീഷ് പത്രങ്ങളില്‍ കാണാറുള്ളതുപോലെ കുറെ ലേഖനങ്ങള്‍ അയച്ചുതരാമോ എന്നെഴുതി ചോദിച്ചത്. ഉടന്‍ തോന്നിയത് വയ്യ എന്നുമാത്രം മറുപടി കൊടുക്കുവാനായിരുന്നു. എങ്കിലും വാപിളര്‍ന്നു നില്‍ക്കുന്ന വലിയൊരു കുഴിയുടെ അടിത്തട്ടില്‍ അല്പമെങ്കിലും മണ്ണിടുവാന്‍ കഴിഞ്ഞാല്‍ കാലക്രമേണ മറ്റുള്ളവരും ചേര്‍ന്ന് കുഴി ഇല്ലാതാക്കി തീര്‍ക്കുമെന്ന് കരുതി. '1951 ഒക്ടോബര്‍ പതിന്നാലിന്റെ മാതൃഭൂമി ആഴ്ചപതിപ്പിലാണ് ഇന്ദുചൂഡന്റെ (കെ.കെ. നീലകണ്ഠന്‍) ആദ്യലേഖനം വേഴാമ്പല്‍ എഴുതിയത്. കേരളത്തിലെ പക്ഷികള്‍ പരമ്പരയുടെ മൂന്ന് ലക്കങ്ങള്‍ മാതൃഭൂമിക്കു നല്‍കി കഴിഞ്ഞപ്പോഴാണ് കെ.കെ. നീലകണ്ഠന് കോളേജിലെ ഇംഗ്ലീഷ് അദ്ധ്യാപകനായി ജോലി കിട്ടുന്നത്. കോളേജ് അദ്ധ്യാപകനായി മാറിയിട്ടും കേരളത്തിലെ പക്ഷികള്‍ മുടക്കം കൂടാതെ എഴുതിക്കൊണ്ടിരുന്നു. 1956 ഒക്ടോബര്‍ പതിന്നാലിന്റെ ലക്കത്തില്‍ 98ാമത്തെ പക്ഷി വരി എരണ്ടയെ അദ്ദേഹം പരിചയപ്പെടുത്തി. 1958 ജൂണ്‍ എട്ടിന്റെ ആഴ്ചപതിപ്പില്‍ മരപ്പൊട്ടനെപ്പറ്റിയുള്ള ലേഖനം വന്നു. ഇതോടെ ആഴ്ചപതിപ്പ് പ്രഖ്യാപിച്ചു. കേരളത്തിലെ 100 ഓളം പക്ഷികളെപ്പറ്റി (ഇന്ദുചൂഡന്‍) ഈ പംക്തിയിലെഴുതിക്കഴിഞ്ഞിരിക്കുന്നു. അഗാധമായ പ്രകൃതി പ്രേമവും ശാസ്ത്രീയമായ സൂക്ഷ്മ നിരീക്ഷണപാടവവും ഒത്തുചേര്‍ന്ന് ഈ സരസലേഖനങ്ങള്‍ മലയാളികളുടെ മാത്രമല്ല, അന്യഭാഷക്കാരുടേയും ശ്രദ്ധയെ ആകര്‍ഷിച്ചിട്ടുണ്ട്. ഇവ സമാഹരിച്ച് അടുത്തുതന്നെ പ്രസിദ്ധീകരിക്കുന്ന പുസ്തകം ദക്ഷിണേന്ത്യന്‍ ഭാഷയില്‍ തന്നെ അദ്വിതീയമായിരിക്കും.

പക്ഷികളെക്കുറിച്ച് മികച്ചൊരു പുസ്തകം പ്രാദേശിക ഭാഷയില്‍ ആദ്യമായി പ്രസിദ്ധീകരിക്കുന്നതും മലയാളത്തിലാണെന്നതില്‍ നമുക്ക് അഭിമാനിക്കാം. എന്‍.വി. കൃഷ്ണവാര്യരോടും കെ.കെ. നീലകണ്ഠനോടും കേരള സാഹിത്യ അക്കാദമിയോടും നമ്മള്‍ കടപ്പെട്ടിരിക്കുന്നു. ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച 100 ഓളം ലേഖനങ്ങള്‍ക്ക് പുറമെ 50 പക്ഷികളെക്കൂടി ഉള്‍പ്പെടുത്തിയാണ് കേരളത്തിലെ പക്ഷികളുടെ ആദ്യപതിപ്പ് 1958ല്‍ പുറത്തുവന്നത്. രണ്ടാം പതിപ്പ് പുറത്തുവരുമ്പോള്‍ പക്ഷികളുടെ എണ്ണം 261 ആയി ഉയര്‍ന്നു. ഇതേ പതിപ്പില്‍ തന്നെ 400ല്‍പരം പക്ഷികള്‍ കേരളത്തിലുണ്ടെന്നും ഇന്ദുചൂഡന്‍ രേഖപ്പെടുത്തുന്നുണ്ട്. 1969 സാലിം അലിയുടെ ബേര്‍ഡ് ഓഫ് കേരള പുറത്തുവരുമ്പോള്‍ അതില്‍ 356 പക്ഷികളെയാണ് വിവരിച്ചിരുന്നത്. ബേര്‍ഡ് ഓഫ് കേരളയുടെ മുഖവുരയില്‍ ഇനി കേരളത്തില്‍ പക്ഷികളെയൊന്നും കണ്ടുപിടിക്കാനില്ലെന്ന് സാലിം അലി തന്നെ എഴുതിയിട്ടുണ്ട്. എന്നാല്‍, ഇതു ശരിയല്ലെന്ന് ആദ്യം തെളിയിച്ചത് കെ.കെ. നീലകണ്ഠന്‍ തന്നെയാണ്. കേരളത്തില്‍നിന്ന് അതുവരെ കണ്ടുപിടിക്കാതിരുന്ന പന്ത്രണ്ടോളം ജാതി പക്ഷികളെ അദ്ദേഹം പിന്നീട് കണ്ടെത്തുകയുണ്ടായി. വാലന്‍ എരണ്ട (Northern Pintail), ചെന്തലയന്‍ പുള്ള് (Red - necked Falcon), ഞണ്ടുണ്ണി (Crab Plover), ടെറക് മണലൂതി (Terek Sand Piper), തിരക്കാട (Sanderling), പുഴആള (Indian River Tern), തവിടന്‍ കടലാള (Bridied Tern), നാട്ടുവേഴാമ്പല്‍ (Indian Gray hornbill), മഞ്ഞക്കണ്ണി ചിലപ്പന്‍ (Yellow - eyed babbler) എന്നിവയൊക്കെ അദ്ദേഹം പുതുതായി ഇവിടെനിന്ന് കണ്ടെത്തിയവയാണ്.

രണ്ടാം പതിപ്പില്‍ 110 പക്ഷികളെ കൂടുതലായി പരിചയപ്പെടുത്തുകയും 243 ചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന 50 പ്ലേറ്റുകള്‍ പുതുതായി അദ്ദേഹം വരയ്ക്കുകയും ചെയ്തു. കെ.കെ. നീലകണ്ഠന്റെ മരണശേഷമാണ് മൂന്നാം പതിപ്പ് പുറത്തുവരുന്നത്. എം.ടി. വാസുദേവന്‍ നായരായിരുന്നു അക്കാലത്ത് സാഹത്യ അക്കാദമി പ്രസിഡന്റ്. കേരളത്തിന്റെ ഭൂപടവും പ്രധാനപ്പെട്ട പക്ഷിമൃഗ സങ്കേതങ്ങളെക്കുറിച്ചും അഴിമുഖങ്ങളെക്കുറിച്ചുമുള്ള സൂചനകളും മൂന്നാം പതിപ്പില്‍ ചേര്‍ത്തു. വന്യജീവി സംരക്ഷണനിയമം അനുബന്ധമായി ഉള്‍പ്പെടുത്തി പക്ഷികളുടെ ചെക്ക് ലിസ്റ്റും ചേര്‍ത്ത് കൂടുതല്‍ പ്രയോജനപ്രദമാക്കി. നാലാം പതിപ്പ് വലിയ മാറ്റങ്ങള്‍ കൂടാതെയാണ് പ്രസിദ്ധീകരിച്ചത്. ഈ പതിപ്പില്‍ പല പക്ഷികളുടേയും സ്ഥിതി(Status)യിലുണ്ടായിട്ടുള്ള മാറ്റം ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കുകയുണ്ടായി. 2017 ജൂണ്‍ 14ന് പ്രൊഫ. കെ.കെ. നീലകണ്ഠന്റെ 25ാം ചരമദിനാചരണത്തില്‍ ചൂലന്നൂര്‍ മയില്‍പക്ഷി സങ്കേതത്തില്‍ വച്ച് അഞ്ചാം പതിപ്പും പ്രകാശനം ചെയ്തു. ഈ പതിപ്പില്‍ 516 പക്ഷികളുടെ പട്ടികയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി ആദ്യമായി പ്രസിദ്ധീകരിച്ച പുസ്തകം കെ.കെ. നീലകണ്ഠന്റെ കേരളത്തിലെ പക്ഷികളാണ്. ഒരു പക്ഷിപ്പുസ്തകം പ്രസിദ്ധീകരിച്ചുകൊണ്ടാണ് സാഹിത്യ അക്കാദമി പുസ്തക പ്രസാധനരംഗത്തേക്കു കടന്നുവന്നത്. കേരളത്തിലെ പക്ഷികള്‍ ഒരു സാഹിത്യപുസ്തകമാണോയെന്ന് ചിലര്‍ സംശയിക്കാം. എന്നാല്‍, കേരളത്തിലെ പക്ഷികള്‍ വായിച്ചിട്ടുള്ളവര്‍ക്ക് ഇത്തരത്തിലൊരു സംശയം തോന്നാനിടയില്ല. പക്ഷികളെക്കുറിച്ചുള്ള ഇതിലെ ഓരോ കുറിപ്പും സാഹിത്യത്തിന്റെ സൗന്ദര്യം മുഴുവന്‍ ആവാഹിച്ചെഴുതിയതാണ്. പ്രമുഖ സാഹിത്യകാരന്മാരെ ഈ പുസ്തകം ഏറെ സ്വാധീനിച്ചിട്ടുണ്ട്. പ്രത്യേകിച്ച് കേരളത്തിലെ പക്ഷികളുടെ ഭാഷയെ പ്രശംസിക്കാത്തവര്‍ വളരെ കുറവാണ്. പ്രശസ്ത സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള കേരളത്തിലെ പക്ഷികളുടെ സാഹിത്യഭാഷയെ വളരെയധികം പുകഴ്ത്തി എന്നോട് പലതവണ സംസാരിക്കുകയുണ്ടായി. 

ഗദ്യസൗന്ദര്യത്തിന്റെ നൃത്തശാല

എഴുത്തുകാരനായ സക്കറിയ നൃത്തം വയ്ക്കുന്ന മലയാളം എന്ന തലക്കെട്ടില്‍ കേരളത്തിലെ പക്ഷികളുടെ തെളിമലയാളത്തിന്റെ ഗ്രാമവിശുദ്ധിയെക്കുറിച്ച് എഴുതുകയുണ്ടായി. ഏറ്റവും പ്രിയപ്പെട്ട അഞ്ചു പുസ്തകങ്ങള്‍ എടുത്താല്‍ അതിലൊന്ന് കെ.കെ. നീലകണ്ഠന്റെ കേരളത്തിലെ പക്ഷികള്‍ എന്ന ഗ്രന്ഥമായിരിക്കുമെന്ന് പറഞ്ഞാണ് അദ്ദേഹത്തിന്റെ ലേഖനം ആരംഭിക്കുന്നതു തന്നെ. 'എന്നെ സംബന്ധിച്ചിടത്തോളമാവട്ടെ, എന്റെ മനസ്സിന്റെ അബോധതലങ്ങളില്‍ എഴുത്ത് അടിസ്ഥാനമിട്ടുതന്ന സ്വാധീനങ്ങളില്‍ ഒന്നാണ് കുട്ടിയായ ഞാന്‍ ഒന്നുമാലോചിക്കാതെ വായിച്ച്, ഇന്ദുചൂഡന്റെ നൃത്തം വയ്ക്കുന്ന മലയാളം, മലയാളത്തെ സ്‌നേഹിക്കുന്ന ആരെയും മോഹിപ്പിക്കുന്ന ഒരു മൗലികമായ എഴുത്തിന്റെ പ്രപഞ്ചമായിരുന്നു, ലഘുവും ലളിതവും സൗമ്യവും പുഞ്ചിരിപുരണ്ടതുമായ വാക്കുകള്‍ക്കു മാത്രം പരത്താന്‍ കഴിയുന്ന ഒരു മാന്ത്രിക വെളിച്ചം നിറഞ്ഞതായിരുന്നു ഇന്ദുചൂഡന്‍ തന്റെ പ്രിയപ്പെട്ട പക്ഷികള്‍ക്കുവേണ്ടി നിര്‍മ്മിച്ച വാക്കുകള്‍ കൊണ്ടുള്ള കൊട്ടാരം. പക്ഷികളെപ്പോലെതന്നെ അദ്ദേഹത്തിന്റെ വാക്കുകള്‍ പറന്നു, തുള്ളിച്ചാടി, പാടി, നൃത്തം വച്ച്, പിടിതരാത്ത അനുഭൂതികള്‍ നിര്‍മ്മിച്ച്, മലയാളഗദ്യ സൗന്ദര്യത്തിന്റെ അത്യപൂര്‍വ്വമായ ഒരു നൃത്തശാലയാണ് ഇന്ദുചൂഡന്റെ കേരളത്തിലെ പക്ഷികള്‍.' എന്നാല്‍ കെ.കെ. നീലകണ്ഠന്‍ തന്റെ ഭാഷയെക്കുറിച്ച് എഴുതിയത് 'ഈ പുസ്തകത്തിന്റെ ഭാഷാശൈലി പലപ്പോഴും ബാലിശമാണെന്ന് എനിക്ക് ബോധ്യമുണ്ട്. എഴുത്തിലുള്ള വീഴ്ചകള്‍ക്കു കാരണം അശ്രദ്ധയല്ല അജ്ഞത മാത്രമാണ്.' കേരളത്തിലെ പക്ഷികളുടെ ഒന്നാം പതിപ്പിന്റെ മുഖവുരയിലാണ് ഇങ്ങനെ എഴുതിയത്. ഇംഗ്ലീഷ് ഭാഷയില്‍ അഗാധപണ്ഡിതനായിരുന്ന കെ.കെ. നീലകണ്ഠന്‍ മലയാളഭാഷയില്‍ താനത്ര കണ്ട് മികവുള്ളയാളല്ലെന്ന് സ്വയം വെറുതെ ധരിച്ചുപോയതാവാം ഇങ്ങനെ എഴുതാനുള്ള കാരണം. എന്തായാലും മലയാളത്തില്‍ ചിരപ്രതിഷ്ഠ നേടിയ ഏതൊരു ഗദ്യകാരനോടും കിടപിടിക്കുന്ന ഭാഷാശൈലിയിലാണ് കെ.കെ. നീലകണ്ഠന്‍ പക്ഷികളെക്കുറിച്ചെഴുതിയിരിക്കുന്നത്. ശാസ്ത്രീയ വിവരങ്ങളും പുരാണവും മിത്തും ഐതീഹ്യവും വിശ്വാസങ്ങളുമൊക്കെ സാഹത്യമേന്മയോടെ കൂട്ടിക്കലര്‍ത്തി എഴുതിയ ഈ പുസ്തകം ഒരേ സമയം ഒരു ഫീല്‍ഡ് ഗൈഡിന്റെ കൂടി പ്രയോജനം ചെയ്യുന്നവയാണ്. 'കാക്കകള്‍' എന്ന ആദ്യ അദ്ധ്യായം തന്നെ ഒന്നു പരിശോധിക്കാം. 

1. ബലി കാക്ക JUNGLE CROW - Corvus macrorhynchos 19 (48) SA.R 
ദേഹമാസകലം തിളക്കമുള്ള കറുപ്പ്. എങ്ങും ചാരനിറമില്ല. കൊക്കും ദേഹവും പേന കാക്കകളുടേതിനെക്കാള്‍ വലുത്.

2. പേനകാക്ക HOUSE CROW - Corvus splendens 17 (43) SA.R
തലയും കഴുത്തും ചാരനിറം, മുഖം, താടി, തൊണ്ട എന്നിവയും ദേഹത്തിന്റെ മറ്റു ഭാഗങ്ങളും കറുപ്പ്. കേരളത്തില്‍ ഈ രണ്ടുതരം കാക്കകള്‍ മാത്രമേയുള്ളൂ.

ഒരോ പക്ഷിയുടേയും മലയാളം പേരിനു പിന്നാലെ ഇംഗ്ലീഷ് പേര് കൊടുത്തിരിക്കുന്നു. അതിനോട് ചേര്‍ന്ന് ഇറ്റാലിക്‌സില്‍ പക്ഷിയുടെ ശാസ്ത്രീയനാമം. ഇതിനുശേഷം അക്കങ്ങളിലും അക്ഷരങ്ങളിലുമായി സംക്ഷിപ്തമായ രൂപത്തില്‍ പക്ഷിയുടെ കൊക്കിന്റെ അറ്റം മുതല്‍ വാലിന്റെ അറ്റം വരെയുള്ള നീളം, പൂവനും പിടയും കാഴ്ചയ്ക്ക് ഒരുപോലെയുണ്ടോ, അല്ലയോ എന്ന വിവരം പക്ഷി സ്ഥിരവാസിയാണോ ദേശാടകനാണോ എന്ന കാര്യം പക്ഷിയുടെ ചിത്രം അച്ചടിച്ചിട്ടുള്ള പ്ലേറ്റിന്റെ നമ്പര്‍ അതില്‍ പക്ഷിയുടെ ചിത്രത്തിനു കൊടുത്തിട്ടുള്ള നമ്പര്‍ തുടങ്ങിയ വിവരങ്ങളും ചേര്‍ത്തിരിക്കുന്നു.

കാക്കയെക്കുറിച്ചുള്ള വിവരണഭാഗം ശ്രദ്ധിക്കൂ. 'കാക്കയെ കേരളീയര്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല. ശൈശവത്തില്‍ നാം പക്ഷി എന്ന് ആദ്യം തിരിച്ചറിയുന്നതുതന്നെ കാക്കയെയാണ്. സര്‍വ്വവ്യാപിയും നിര്‍ഭയം മനുഷ്യാശ്രിതനുമാകയാല്‍ അതിനെ പരിചയപ്പെടാതെ ജീവിക്കുക സാധ്യമല്ല എങ്കിലും അനേകം പേര്‍ക്ക് നമ്മുടെ രാജ്യത്ത് എത്രതരം കാക്കയുണ്ടെന്നോ അവയുടെ ജീവിതരീതി എന്തെന്നോ ചിന്തിക്കുവാന്‍ ഇടവന്നിരിക്കില്ല. ജന്തുശാസ്ത്രത്തില്‍ ബിരുദമെടുത്ത സ്‌നേഹിതന്‍ പേനകാക്ക ബലികാക്കയുടെ ഭര്‍ത്താവാണെന്നും ഇവയുടെ വര്‍ണ്ണവ്യത്യാസം ലിംഗഭേദത്തെയാണ് സൂചിപ്പിക്കുന്നതെന്നും ദൃഢമായി വിശ്വസിച്ചിരുന്നു.'

ഇങ്ങനെ ഏതൊരു കൊച്ചുകുട്ടിക്കും മനസ്സിലാകുന്ന തരത്തിലും ജിജ്ഞാസ ജനിപ്പിക്കും വിധത്തിലുമാണ് കെ.കെ. നീലകണ്ഠന്‍ ഓരോ പക്ഷിയെക്കുറിച്ച് എഴുതുന്നത്. നമുക്ക് സുപരിചിതമായ പക്ഷികളെ പരിചയപ്പെടുത്തിക്കൊണ്ട് പക്ഷികളുടെ അത്ഭുതപ്രപഞ്ചത്തിലേക്ക് നമ്മളെ കേരളത്തിലെ പക്ഷികളിലൂടെ അദ്ദേഹം ആനയിക്കുന്നു. ഇതേക്കുറിച്ച് പക്ഷി നിരീക്ഷകനായ പി.കെ. ഉത്തമന്റെ നിരീക്ഷണം ഇങ്ങനെ:

'കേരളത്തിലെ പക്ഷികളുടെ രചനയില്‍ 'ഈഹ'യുടെ ബേഡ്‌സ് ഓഫ് ബോംബെയും ഹൂവിസ്‌ലറുടെ (Hugh Whistler) പോപ്പുലാര്‍ ഹാന്‍ഡ് ബുക്ക് ഓഫ് ഇന്ത്യന്‍ ബേര്‍ഡ്‌സുമാണ്. ഇന്ദുചൂഡനെ ഏറ്റവും അധികം സ്വാധീനിച്ചിട്ടുള്ളതെന്ന് തോന്നുന്നു. ഈഹ (EHA) എന്ന തൂലിക നാമത്തില്‍ ഇ.എച്ച്. അയ്റ്റ്കന്‍ (Edward Hamilton Aitken) ടൈംസ് ഓഫ് ഇന്ത്യയില്‍ എഴുതിയിരുന്ന ലേഖനങ്ങള്‍ പക്ഷികളില്‍ ഒട്ടും താല്പര്യമില്ലാത്തവര്‍ പോലും ആസ്വദിച്ച് വായിച്ചു പോകും. ഈ ഗുണം ഇന്ദുചൂഡനേയും അനുഗ്രഹിച്ചിട്ടുണ്ട്. ഈഹയുടേതുപോലെ ലളിതവും മനോഹരവുമാണ് വിസ്‌ലറുടേയും ഭാഷ. പക്ഷേ, പക്ഷികളെ തിരിച്ചറിയാന്‍ വേണ്ട വിവരങ്ങള്‍ അദ്ധ്യായത്തിന്റെ തുടക്കത്തില്‍ സംക്ഷിപ്തമായി കൊടുത്തിരിക്കുന്നതുകൊണ്ട് കേരളത്തിലെ പക്ഷികളില്‍ ഈഹയും വിസ്‌ലറും സാലിം അലിയും നിര്‍ല്ലീനരായിരുന്നു. അപ്പോഴും ഇന്ദുചൂഡന്റെ ആഖ്യാനം മൗലികമാണ്. വിസ്‌ലറെ അനുകരിച്ചാവാം കാക്കകളില്‍നിന്നാണ് ഇന്ദുചൂഡനും ആരംഭിക്കുന്നത്. കാക്കകളാണല്ലോ നമുക്കേറ്റവും സുപരിചിതരായ പക്ഷികള്‍ തുടര്‍ന്ന് ആദ്യഭാഗങ്ങളില്‍ പക്ഷിനിരീക്ഷണം തുടങ്ങുന്നവര്‍ക്കും കേരളത്തില്‍ എളുപ്പം കാണാനും പരിചയപ്പെടാനും കഴിയുന്ന പക്ഷികളെ പരിചയപ്പെടുത്തുന്നു. മണ്ണാത്തിപ്പുള്ള്, ചെമ്പോത്ത്, തേന്‍കിളികള്‍, പൂത്താംങ്കീരി, കരിയിലക്കിളി, ബുള്‍ബുളുകള്‍, തത്തകള്‍ എന്നിങ്ങനെ മുപ്പത്തിയഞ്ചാം അദ്ധ്യായം തൊട്ട് ശാസ്ത്രീയക്രമമാണ് പിന്‍തുടരുന്നത്.' 

തേക്കടിയിൽ നടന്ന പക്ഷി സർവേയിൽ കെകെ നീലകണ്ഠൻ സർവേ സംഘത്തിനൊപ്പം
തേക്കടിയിൽ നടന്ന പക്ഷി സർവേയിൽ കെകെ നീലകണ്ഠൻ സർവേ സംഘത്തിനൊപ്പം

കുളക്കോഴികളും ആനറാഞ്ചികളും

എഴുത്തുകാരന്‍ കാരൂര്‍ നീലകണ്ഠപിള്ള നേതൃത്വം നല്‍കിയിരുന്ന എസ്.പി.സി.എസിനാണ് കേരളത്തിലെ പക്ഷികള്‍ പുസ്തകരൂപത്തിലിറക്കാനായി അയച്ചുകൊടുത്തത് എന്നാല്‍, പക്ഷികളെക്കുറിച്ചുള്ള പുസ്തകം പ്രസിദ്ധപ്പെടുത്തുന്നതിനുവേണ്ടി വരുന്ന തുകയും ബ്ലോക്കുകളുണ്ടാക്കുന്നതിനുള്ള ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടി അത് തിരിച്ചയക്കുകയായിരുന്നു. പിന്നീടാണ് സാഹിത്യ അക്കാദമിക്കു അയയ്ക്കുന്നത്. സര്‍ദാര്‍ കെ.എന്‍. പണിക്കര്‍ പ്രസിഡന്റും കെ.പി. കേശവമേനോന്‍ ഉപാധ്യക്ഷനുമായ സാഹിത്യ അക്കാദമി പുസ്തകം പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു.

നമ്മുടെ അക്കാദമികള്‍ക്കെല്ലാം ഉള്ള നൂലാമാലകള്‍ ഇന്നത്തേതിലും എത്രയോ ഇരട്ടിയായിരുന്നു അക്കാലങ്ങളിലെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഇതില്‍ കടുത്ത നിരാശനായിരുന്നു കെ.കെ. നീലകണ്ഠന്‍. 'പ്രധാനമായും സാഹിത്യ അക്കാദമി കാരണം ഏതാണ്ട് അഞ്ചുവര്‍ഷം മുന്‍പ് ഞാന്‍ സാഹിത്യരചനയില്‍നിന്ന് പിന്‍വാങ്ങിയതാണ്. ഗ്രന്ഥകാരന്‍ എന്ന നിലവിലുള്ള എന്റെ അനുഭവം അത്തരത്തിലുള്ളതായിരുന്നു. വീണ്ടും ആ രംഗത്തേക്ക് കടന്നുവരാന്‍ എനിക്കാഗ്രഹമില്ല.' എന്ന് അക്കാദമിക്കൊരിക്കല്‍ അദ്ദേഹം എഴുതിയെങ്കില്‍ എത്രയധികം അക്കാദമിയുടെ ചുവന്നനാടകള്‍ അദ്ദേഹത്തെ നൊമ്പരപ്പെടുത്തിയെന്ന് നമുക്ക് മനസ്സിലാക്കാം. അക്കാദമിയില്‍നിന്ന് കേരളത്തിലെ പക്ഷികള്‍ ഒരു കോപ്പി വാങ്ങണമെങ്കില്‍ തന്നെ ഭഗീരഥപ്രയത്‌നമായിരുന്നു. പുസ്തകത്തിന്റെ വിലയായ 8.50 പൈസ ട്രഷറിയില്‍ അടയ്ക്കണം. എന്നിട്ടതിന്റെ ചെല്ലാന്‍ വാങ്ങി തൃശൂരിലെ അക്കാദമി ഓഫീസിലേയ്ക്ക് കൊണ്ടുപോയി കൊടുക്കണം. ഇതൊന്നും അത്ര പ്രായോഗികമായ കാര്യങ്ങളായിരുന്നില്ല. കേരളത്തിലെ പക്ഷികളുടെ രണ്ടാം പതിപ്പ് കൂടുതല്‍ മികച്ച നിലവാരത്തിലാണ് പുറത്തിറങ്ങിയതെന്നു കാണാം. ഒന്നാം പതിപ്പ് പ്രസിദ്ധീകരിച്ച് കാല്‍നൂറ്റാണ്ടിനുശേഷമാണ് രണ്ടാം പതിപ്പ് ഇറങ്ങിയത്. 

'ഒരു ഭാഷാദ്ധ്യാപകന്റെ സന്ദേഹങ്ങള്‍' എന്ന തലക്കെട്ടില്‍ സി.ഐ. അബ്ദുല്‍ ബഷീര്‍ കെ.കെ. നീലകണ്ഠന്റെ അതിമനോഹരമായ എഴുത്തുശൈലിയെ എടുത്തുകാട്ടിയിട്ടുണ്ട്. ചില ഉദാഹരണങ്ങള്‍ അദ്ദേഹം തന്റെ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. കുളക്കോഴികളെ വിവരിക്കുന്ന പുറം 229 നോക്കുക. 

'പാട്ടുകച്ചേരി എന്ന പദം ഉപയോഗിച്ചത് എന്റെ ഗുരുനാഥനായിരുന്ന സഞ്ജയന്‍ പണ്ട് തവളകള്‍ കണ്ടംകുളത്ത് ഒരു പാട്ടുകച്ചേരി നടത്തിയതിനെക്കുറിച്ച് എഴുതിയത് ഓര്‍ത്തുമാത്രമാണ്. കുളക്കോഴികളുടെ ശബ്ദത്തെ വലിയ ഭേകന്മാരുടെ സംഗീതത്തോട് തീര്‍ച്ചയായും ഉപമിക്കാം. ഈഹ (EHA) എന്ന് എഴുത്തുകാരന്‍ ഈ കുളക്കോഴി സംഗീതത്തെ വിവരിച്ചിട്ടുള്ളത് ഏകദേശം ഇപ്രകാരമാണ്.'

കുളക്കോഴികളുടെ പ്രണയഗാനം ഒരു ശക്തിയേറിയ പോര്‍ക്കിനെ ജീവനോടെ പൊരിക്കുമ്പോള്‍ പുറപ്പെടുന്ന അലര്‍ച്ചയെക്കാള്‍ ഭയങ്കരമാണ്.

ആനറാഞ്ചിപക്ഷികളുടെ ജാഗ്രതയെക്കുറിച്ച് വിസ്തരിച്ച ശേഷം ആ അദ്ധ്യായം ഇങ്ങനെയാണ് അവസാനിക്കുന്നത്. 'എന്നാല്‍ ഭദ്രകാളിക്കുപോലും ചിലപ്പോള്‍ പിശാചുബാധയുണ്ടാകുമല്ലോ. അച്ഛന്‍ കൊമ്പത്ത് (ചക്കയ്ക്കുപ്പുണ്ടോ) എന്ന കുയില്‍ ആനറാഞ്ചിയെക്കൂടി കബളിപ്പിച്ച് അതിന്റെ കൂട്ടില്‍ സ്വന്തം മുട്ടയെ നിക്ഷേപിച്ച് കുടുംബഭാരം മുഴുവന്‍ ആനറാഞ്ചിയെ ഏല്പിക്കാറുണ്ട്.' (പേജ് 131).

സഞ്ചാര പ്രാവിന്റെ വംശനാശകഥ വിവരിച്ചശേഷം അദ്ദേഹം എഴുതി: 'കേരളത്തിലെ പക്ഷിമൃഗാദികള്‍ക്കൊന്നും അത്രത്തോളം ഏഴരശ്ശനി ബാധിച്ചിട്ടില്ലായിരിക്കാം. എങ്കിലും കൂട്ടക്കൊലയും കവര്‍ച്ചയും പ്രകൃതിയുടെ സമ്പത്തിനെ പാഴാക്കിത്തുടങ്ങിയിട്ട് കുറുച്ചുകാലമായി. ഇപ്പോള്‍ തന്നെ നാം ഇത്തരം നശീകരണം നിര്‍ത്തല്‍ ചെയ്യുകയാണെങ്കില്‍ നമ്മുടെ പിന്‍ഗാമികള്‍ക്കു വ്യസനിക്കേണ്ടിവരുന്നതല്ല. അല്ലെങ്കില്‍ യൂറോപ്പിലെ ഒരു രാജ്യത്തിലെ പോലെ പക്ഷികളുടെ വര്‍ഗ്ഗം തന്നെ നമ്മുടെ നാട്ടിലും കാണാതായി തീരും.'

ഇപ്പോള്‍ നമ്മള്‍ തിരഞ്ഞുനോക്കുമ്പോള്‍ എത്ര ശക്തിമത്തായൊരു താക്കീതാണ് കെ.കെ. നീലകണ്ഠന്‍ നമുക്ക് കേരളത്തിലെ പക്ഷികളിലൂടെ തന്നതെന്ന് ഓര്‍ത്തുപോകുന്നു. ഒരു പക്ഷിയെ കണ്ടാലുടന്‍ അതിനെ തിരിച്ചറിയാന്‍ ഉപകരിക്കുന്ന തരത്തിലാണ്. കെ.കെ. നീലകണ്ഠന്‍ അതിനെ കേരളത്തിലെ പക്ഷികളില്‍ പരിചയപ്പെടുത്തുന്നത്.

'ഏപ്രില്‍ മാസം. പെട്ടെന്നൊരു മഴ പെയ്ത് നിലം തണുത്തിരിക്കുന്നു. ചെടികളും മരങ്ങളുമെല്ലാം കുളിച്ച് ശുദ്ധമായി ഈറനുടുത്ത് കുളിര്‍മ്മയിലാണ്ടിരിക്കുന്നു. കാലിലെ ഒരു മുറിവ് പഴുത്തതുകാരണം നടക്കാന്‍ നിവൃത്തിയില്ലാതെ ഞാന്‍ മാവിന്‍ ചുവട്ടില്‍ ചാരുകസേരയില്‍ കിടന്ന് ചുറ്റുമുള്ള വാഴകളിലും പുളി, വേപ്പ്, മാവ് എന്നീ മരങ്ങളിലും കളിച്ചുകൊണ്ടിരിക്കുന്ന പക്ഷികളെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. അങ്ങനെയിരിക്കെ ഒരു ചെറുകിളിയുടെ പോക്കുവരവുകള്‍ക്ക് പ്രത്യേകിച്ചൊരു ചിട്ടയുള്ളതായി തോന്നി. ഇരുണ്ട ദേഹമുള്ള ചെറിയൊരു പക്ഷി സുമാര്‍ സൂചിമുഖിയുടെ വലുപ്പമേയുള്ളൂ, പക്ഷേ, നീണ്ട നേരിയ വാല്‍ സദാ പൊന്തിച്ചു പിടിച്ചിട്ടുണ്ട്. ആകപ്പാടെ തവിട്ടുച്ഛായയുള്ള ഇളം പച്ചയാണ് നിറം. സൂക്ഷിച്ചുനോക്കിയപ്പോള്‍ നെറ്റിയും മൂര്‍ദ്ധാവും കുങ്കുമം തേച്ചതുപോലെ അല്പമൊരു ചുകപ്പാണെന്നും തൊണ്ട മുതല്‍ വയറിന്റെ അടിഭാഗം വരെ വെള്ളയാണെന്നും വ്യക്തമായി. മാത്രമല്ല, പക്ഷി കൂടെക്കൂടെ ച്യൂവി... ച്യൂവി എന്നു ശബ്ദിക്കുമ്പോള്‍ അതിന്റെ കഴുത്തിനിരുവശത്തും ഓരോ പൊട്ട്, തടിച്ചവരകള്‍ എന്നുതന്നെ പറയാം, ഒളിഞ്ഞുകിടക്കുന്നതും കണ്ടു. പക്ഷിയുടെ തൊണ്ട വീര്‍ക്കുമ്പോഴായിരുന്നു ഈ വലിയ കറുത്ത പുള്ളികള്‍ തെളിഞ്ഞു കണ്ടിരുന്നത്.'

ഇനിയിപ്പോ പക്ഷിയെ കണ്ടില്ലെങ്കിലും അവയുടെ ശബ്ദം കേട്ടാല്‍ തന്നെ പക്ഷിയേതെന്ന് തിരിച്ചറിയാന്‍ കഴിയുംവിധത്തിലാവും മറ്റു ചില പക്ഷികളെക്കുറിച്ച് അദ്ദേഹം എഴുതുക. ചെമ്പോത്ത് എന്ന അദ്ധ്യായത്തില്‍ എഴുതിയിരിക്കുന്നത് ശ്രദ്ധിക്കുക. സൂര്യോദയം മുതല്‍ സന്ധ്യവരെ ഇരതേടി നടക്കുമ്പോഴും മറ്റും ചെമ്പോത്ത് ഇടയ്ക്കിടെ ഗുബ്... ഗുബ്... ഗുബ്... എന്നു വിളിക്കാറു പതിവാണ്. ചിലപ്പോള്‍ ച്യേര്‍ര്‍ര്‍... എന്നു ചീറുന്നതുപോലെ ഒരു ശബ്ദവും ക്വാക് എന്നൊരു ശബ്ദവും പുറപ്പടുവിക്കും. സന്ധ്യയ്ക്ക് ചേക്കിരിക്കാന്‍ പോകുമ്പോഴും കേള്‍ക്കാവുന്നതുപോലെ ഒരു ചീറ്റലും ഷ് ത്വാക്കു എന്നൊരു ശബ്ദവും പുറപ്പെടുവിക്കാറുണ്ട്. ചെമ്പോത്തിന്റെ കുഞ്ഞുങ്ങള്‍ ഭക്ഷണം യാചിക്കുന്നതിനും ച്യേര്‍ര്‍ര്‍... എന്നൊരു ചീറ്റലാണ്. ഉപയോഗിക്കുക. കൂടുകെട്ടുന്ന കാലമടുത്താല്‍ ചെമ്പോത്ത് മാധുര്യമുള്ള ഗും...ഗും...ഗും...ഹും.. എന്നൊരു ശബ്ദം വല്ല മരത്തിന്മേലും കയറിയിരുന്നു തുടരെത്തുടരെ പുറപ്പെടുവിക്കും. സാധാരണമായി ഈ ശബ്ദം അടുത്തുള്ള മറ്റ് ചെമ്പോത്തുകളും ഉടനെ ആവര്‍ത്തിക്കുക പതിവുണ്ട്.

കേരളത്തിലെ പക്ഷികള്‍ വായിച്ചിട്ടുള്ളവരൊക്കെ ജീവിതകാലം മുഴുവന്‍ പക്ഷികളുടെ ആരാധകരായിത്തീരാറുണ്ട്. ഇതിനുതക്ക കരവിരുതോടെയാണ് ഈ മനോഹര പക്ഷിസൗധം അദ്ദേഹം നിര്‍മ്മിച്ചിട്ടുള്ളത്.

1960ല്‍ കേരളത്തിലെ പക്ഷികള്‍ക്ക് എസ്.പി.സി.എസ്. നല്‍കിവരുന്ന കല്യാണി കൃഷ്ണമേനോന്‍ പുരസ്‌കാരം ലഭിച്ചു. 200 രൂപയായിരുന്നു അവാര്‍ഡു തുക. 1963ലെ മോസ്‌കോ ഭാരതീയ പ്രദര്‍ശനത്തില്‍ ഇന്ത്യയില്‍നിന്നു പ്രദര്‍ശിപ്പിക്കാന്‍ തെരഞ്ഞെടുത്ത മൂന്ന് പുസ്തകങ്ങളില്‍ ഒന്ന് കേരളത്തിലെ പക്ഷികളായിരുന്നു.

ഇന്ദുചൂഡൻ എടുത്ത പെരിയാർ ചിത്രം (1966)
ഇന്ദുചൂഡൻ എടുത്ത പെരിയാർ ചിത്രം (1966)

പുള്ളിച്ചുണ്ടന്‍ കൊതുമ്പനം 

ഇന്ത്യയിലെ പ്രശസ്തമായ പക്ഷിസങ്കേതങ്ങളിലൊന്നാണ് ആന്ധ്രയിലെ കല്ലേഡു പക്ഷിസങ്കേതം. ലക്ഷക്കണക്കിനു വിവിധ ജാതി നീര്‍പ്പക്ഷികളുടെ പ്രജനന കേന്ദ്രമാണിവിടം. ദേശാടകരായ നീര്‍പ്പക്ഷികള്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്ന് ഇവിടേയ്ക്ക് വിരുന്നിനെത്തുന്നു. രാജഹംസങ്ങള്‍, വര്‍ണ്ണക്കൊറ്റികള്‍, എരണ്ടകള്‍, വാത്തകള്‍, കൊതുമ്പനങ്ങള്‍, കൊറ്റികള്‍, നീര്‍കാക്കകള്‍, ഐബിസുകള്‍ തുടങ്ങി നിരവധി പക്ഷികള്‍ ഇവയില്‍ ഉള്‍പ്പെടും. എന്നാല്‍, പുള്ളി ചുണ്ടന്‍ കൊതുമ്പനകളുടെ ഇന്ത്യയിലെ ഏറ്റവും വലിയ കൂടൊരുക്കല്‍ കേന്ദ്രമെന്ന നിലയിലാണ് ഏറെ പ്രശസ്തം. കൃഷ്ണനദിയുടേയും കാവേരി നദിയുടേയും ഇടയ്ക്കുള്ള വിശാലമായ ചതുപ്പാണ് പക്ഷിസങ്കേതമായി മാറിയത്. ഏതാണ്ട് 673 സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയിലുള്ള തണ്ണീര്‍ത്തടമാകെ നീര്‍പ്പക്ഷികളുടെ അവസാന കേന്ദ്രമാണ്. ഈ തണ്ണീര്‍ത്തടത്തെ റംസാര്‍ സൈറ്റായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ സംരക്ഷണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അതിനു മുന്‍പ് ഈ പക്ഷികളില്‍ മഹാഭൂരിപക്ഷവും എത്തിയിരുന്നത് ആരേഡു എന്ന ഗ്രാമത്തിലായിരുന്നു. കൊല്ലേഡുവിനു സമീപത്തുള്ള ഒരു ഗ്രാമമാണിത്. ഇവിടേക്ക് പതിനായിരക്കണക്കിനു കൊതുമ്പനങ്ങള്‍ എത്തപ്പെടുന്നത് ബര്‍മ്മയിലെ സിറ്റാങ്ങ് നദീതീരത്തുനിന്നാണെന്നാണ് കരുതുന്നത്. ഇതേക്കുറിച്ച് പുല്ലുതൊട്ട് പുന്നാരവരെയെന്ന കൃതിയില്‍ കെ.കെ. നീലകണ്ഠന്‍ എഴുതിയിട്ടുണ്ട്. 'ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സി'ന്റെ സ്ഥാപകനായ എ.ഒ. ഹ്യൂം ഇന്ത്യന്‍ പക്ഷി വിജ്ഞാനത്തിന്റെ പ്രണേതാക്കളില്‍ ഒരാളാണ്. അറേബ്യ മുതല്‍ ഈസ്റ്റ് ഇന്‍ഡീസിന്റെ കിഴക്കേയറ്റം വരെ വ്യാപിച്ചുകിടക്കുന്ന പൗരസ്ത്യദേശത്ത് കാണപ്പെട്ടിരുന്ന ദശലക്ഷക്കണക്കിന് പുള്ളിച്ചുണ്ടന്‍ പെലിക്കനുകള്‍ എവിടെയാണ് കൂടുകൂട്ടുന്നതെന്ന് കണ്ടുപിടിക്കാന്‍ ഹ്യൂം കൊതിച്ചു. ഈ പക്ഷി കൂടുകെട്ടുന്ന സ്ഥലങ്ങള്‍ കണ്ടുപിടിക്കാന്‍ അദ്ദേഹം പലരേയും പ്രേരിപ്പിച്ചു. അങ്ങനെയിരിക്കെ യുജിന്‍ ഓട്‌സ് എന്ന പ്രകൃതിശാസ്ത്രജ്ഞന്‍ ബര്‍മ്മയിലെ സിറ്റാങ്ങ് നദിയുടെ കരയില്‍ അവിശ്വാസനീയമായ ഒരു കാഴ്ച കണ്ടു. കൊടുങ്കാട്ടിനുള്ളിലെ മരങ്ങളില്‍ ദശലക്ഷക്കണക്കിന് പെലിക്കനുകള്‍ (കൊതുമ്പനങ്ങള്‍) കൂടുകെട്ടിയിരിക്കുന്നു. നൂറ് ചതുരശ്ര മൈലിലധികം വരുന്ന സ്ഥലത്തെ മരങ്ങളിലത്രയും കൊറ്റി കുടുംബത്തില്‍പ്പെട്ട വയല്‍നായ്ക്കന്മാരോടൊപ്പം അസംഖ്യം പുള്ളിചുണ്ടന്‍ പെലിക്കനുകളും സന്തോനോല്പാദന പ്രക്രിയയില്‍ ഏര്‍പ്പെട്ടിരിക്കുന്നു. 1877ല്‍ ആയിരുന്നു ഓട്‌സ് ഈ അത്ഭുത ദൃശ്യം കണ്ടത്.'    എന്നാല്‍, ഇതേ സ്ഥലത്ത് ഒന്‍പത് വര്‍ഷത്തിനുശേഷം മറ്റൊരു പക്ഷി നിരീക്ഷകന്‍ എത്തിയപ്പോള്‍ പക്ഷിലോകത്തെ ഈ മഹാത്ഭുതം അദ്ദേഹത്തിന് കാണാന്‍ കഴിഞ്ഞില്ല. ഒരുകാലത്ത് നിബിഡവനം നിന്നിരുന്ന ഭാഗങ്ങളൊക്കെ കൃഷിയിടങ്ങളാക്കി മാറ്റിയിരുന്നു. വിസ്തൃതമായ നെല്‍വയലുകള്‍ മാത്രം കാണാം. നമ്മുടെ രാജസ്ഥാനിലെ ഭരത്പൂര്‍ പക്ഷിസങ്കേതത്തിനും ഇതേഗതി വരുമായിരുന്നു. എന്നാല്‍, ഡോ. സാലിം അലിയുടേയും മറ്റും സമയോജിതമായ ഇടപെടല്‍ കൊണ്ടാണത് സംരക്ഷിച്ചു നിര്‍ത്താനായത്. ബര്‍മ്മയിലെ കാടുകളില്‍നിന്ന് തുരത്തിയോടിക്കപ്പെട്ട പെലിക്കനുകള്‍ ഇന്ത്യയിലേക്കും ശ്രീലങ്കയിലേയ്ക്കും കുടിയേറി. ഈ കൊതുമ്പനങ്ങളുടെ (പെലിക്കനുകള്‍) ഒരു വലിയ വിഭാഗം ആരേഡു ഗ്രാമത്തിലുമെത്തുകയായിരുന്നു. ഇവിടെ ആരോരുമറിയാതെ കഴിഞ്ഞിരുന്ന കൊതുമ്പനങ്ങളെ ലോകശ്രദ്ധയില്‍ കൊണ്ടുവന്നത് കെ.കെ. നീലകണ്ഠനായിരുന്നു. എന്റെ പക്ഷിയെന്ന് അദ്ദേഹം അഭിമാനത്തോടെ വിളിച്ചിരുന്നത് പുള്ളിച്ചുണ്ടന്‍ കൊതുമ്പനങ്ങളെയായിരുന്നുവത്രെ.

ചാരനിറകൊതുമ്പനങ്ങള്‍ എന്നും വെള്ളനിറകൊതുമ്പനങ്ങള്‍ എന്നും രണ്ടിനം കൊതുമ്പനങ്ങളെ നമ്മുടെ രാജ്യത്തു കാണാം. വെള്ളകൊതുമ്പനങ്ങളെ റോസികൊതുമ്പനങ്ങള്‍ എന്നും പേര്‍ ചൊല്ലി വിളിക്കാറുണ്ട്. ചാരനിറകൊതുമ്പനങ്ങള്‍ക്ക് പുള്ളിച്ചുണ്ടന്‍ കൊതുമ്പനങ്ങള്‍ എന്നും വിളിപ്പേരുണ്ട്. ആരെഡുവിലെപ്പോലെ നൂറുകണക്കിന് പുള്ളിച്ചുണ്ടന്‍ പെലിക്കനുകള്‍ കൂടൊരുക്കുന്ന ദക്ഷിണേന്ത്യയിലെ മറ്റൊരു പക്ഷിസങ്കേതമാണ് തമിഴ്‌നാട്ടിലെ കുന്തംകുളം. ഇവിടുത്തെ പുള്ളിച്ചുണ്ടന്‍ കൊതുമ്പനങ്ങളെക്കുറിച്ച് ഒരു ഡോക്യുമെന്ററി നിര്‍മ്മിക്കാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. മറ്റു പക്ഷികളില്‍നിന്ന് വ്യത്യസ്തനായൊരു പക്ഷിയാണ് കൊതുമ്പനങ്ങള്‍. കുന്തംകുളത്തെ പക്ഷിസങ്കേതത്തില്‍നിന്ന് വ്യത്യസ്തമായി ആരേഡുവില്‍ പുള്ളിച്ചുണ്ടന്‍ കൊതുമ്പനങ്ങള്‍ മാത്രമേ കൂടൊരുക്കിയിരുന്നുള്ളൂ. കൊതുമ്പനങ്ങള്‍ അവയുടെ ശരീരപ്രത്യേകത കൊണ്ട് ആരുടേയും ശ്രദ്ധ ആകര്‍ഷിക്കുന്ന പക്ഷിയാണ്.

'എല്ലാ ജാതി പെലിക്കന്‍ പക്ഷികള്‍ക്കും (കൊതുമ്പനങ്ങള്‍) കൊഴുത്തുതടിച്ച അണ്ഡാകൃതിയിലുള്ള ദേഹവും മെലിഞ്ഞുനീണ്ട, വളഞ്ഞ കഴുത്തും വളരെ കുറിയ വാലും തന്നെ കുറിയ കാലുകളുമാണുള്ളത്. കഴുത്തിനും തലയ്ക്കും ഒട്ടും യോജിക്കാത്ത വലിയ കൊക്കാണ് ഏറ്റവുമാദ്യം നമ്മുടെ ശ്രദ്ധയില്‍പ്പെടുന്നത്. ബഹുവിചിത്രമാണ്. ഈ പക്ഷിവര്‍ഗ്ഗത്തിന്റെ കൊക്ക് അടിച്ചമര്‍ത്തിയപോലെ പരന്നതും വളഞ്ഞുകൂര്‍ത്ത നഖം പോലെയുള്ള അഗ്രഹത്തോടു കൂടിയതുമാണ്. മേല്‍പ്പകുതി, കീഴ്പകുതി കാണുമ്പോള്‍ അത് വലിയൊരു തോല്‍സഞ്ചിയാണെന്നാണ് തോന്നുക. ഈ ധാരണ ശരിയാണുതാനും. പെലിക്കന്റെ കീഴ്പകുതി ചിത്രശലഭങ്ങളെ പിടിക്കാനുപയോഗിക്കുന്ന വലയുടേതുപോലുള്ള ഒരു ചട്ടക്കൂടാണ്. അതില്‍ പിടിപ്പിച്ചിട്ടുള്ള ചര്‍മ്മം ഒരു സഞ്ചിപോലെ തൂങ്ങിക്കിടക്കും. പക്ഷി ഒരിടത്തിരിക്കുമ്പോള്‍, ഈ സഞ്ചി വിത്തുകാളയുടെ കഴുത്തിനു താഴെ തൂങ്ങിക്കിടക്കുന്ന താടപോലെ ആടിക്കളിക്കുന്നത് കാണാം. അസാധാരണമായ ഈ അവയവം പക്ഷി മീന്‍പിടിക്കാന്‍ ഉപയോഗിക്കുന്ന വലയാണ്.

വിവിധ ജാതി കൊതുമ്പനങ്ങള്‍ ഉണ്ടെങ്കിലും ജീവിതശൈലിയില്‍, നിറങ്ങളില്‍, ആഹാര സമ്പാദനത്തില്‍ ചില്ലറ വ്യത്യാസങ്ങള്‍ ഇവ തമ്മില്‍ കാണാനാവും. ചില ജാതി കൊതുമ്പനങ്ങള്‍ കൂട്ടമായാണ് ജലാശയങ്ങളില്‍ ഇരതേടുക. എന്നാല്‍, പുള്ളിച്ചുണ്ടന്‍ കൊതുമ്പനങ്ങള്‍ മറ്റു പക്ഷികളുടെ സഹായം തേടാതെയാണ് ഇരതേടുന്നത്. ഈ ജാതിയില്‍പ്പെട്ട കുറെ പക്ഷികള്‍ ഒരേ ജലാശയത്തില്‍ ഇരതേടുന്നത് കാണാമെങ്കിലും അവ പരസ്പരം സഹകരിച്ചാവില്ല ഇരതേടുകയെന്ന് സൂക്ഷ്മമായി ശ്രദ്ധിച്ചാല്‍ നമുക്കു മനസ്സിലാകും.

കൊതുമ്പനങ്ങള്‍ തറയില്‍ നടക്കുന്നത് കണ്ടാല്‍ മദ്യപിച്ച് ലക്കുകെട്ട ഒരു കുള്ളന്‍ നടക്കുന്നതുപോലെയാണ് തോന്നുകയെന്ന് കെ.കെ. നീലകണ്ഠന്‍ എഴുതിയിട്ടുണ്ട്. ഇവയെ കാണുമ്പോള്‍ നമുക്കു കൗതുകത്തിനു പകരം പരിഹാസമാണ് തോന്നുകയത്രേ. തികഞ്ഞ ശാസ്ത്രജ്ഞര്‍ പോലും കൊതുമ്പനങ്ങളെക്കുറിച്ച് പ്രതിപാദിക്കുമ്പോള്‍ 'വിരൂപന്‍, അവലക്ഷണം, അപഹാസ്യം' എന്നിങ്ങനെയുള്ള വിശേഷണങ്ങള്‍ ഒഴിവാക്കാന്‍ കഴിയാറില്ലെന്നും നീലകണ്ഠന്‍ എഴുതിയിട്ടുണ്ട്. ഞാന്‍ കുന്തംകുളത്ത് പക്ഷിനിരീക്ഷണം നടത്തുമ്പോള്‍ എനിക്കു ബോധ്യപ്പെട്ട ഒരു കാര്യം മഹാഭൂരിപക്ഷം കൊതുമ്പനങ്ങളും അവിടുത്തെ ജലാശയത്തിലെ മരങ്ങളിലാണ് കൂടൊരുക്കിയിരിക്കുന്നതെന്നാണ്. എന്നാല്‍, ജനങ്ങള്‍ കൂട്ടമായി താമസിക്കുന്നയിടത്തെ മരങ്ങളില്‍ വര്‍ണ്ണക്കൊറ്റികളും മറ്റ് ജാതി നീര്‍പക്ഷികളും കൂട്ടമായി കൂടൊരുക്കിയിരിക്കുന്നതും കണ്ടു. കൂടൊരുക്കുന്നതില്‍ നീര്‍പ്പക്ഷികള്‍ തമ്മില്‍ ഒരു മത്സരബുദ്ധി കുന്തംകുളത്തുണ്ട്. വിഭവങ്ങളുടെ പരിമിതികൊണ്ടാവാം അവ മത്സരം നടത്താന്‍ കാരണം. ഭൂമുഖത്തു പ്രത്യക്ഷപ്പെട്ട ആദ്യത്തെ പക്ഷികളിലൊന്നാണ് കൊതുമ്പനങ്ങള്‍.

ഇന്ത്യയിലെ ഏറ്റവും വലിയ പെലിക്കന്ററി (കൊതുമ്പന ഗ്രാമം) ആരേഡുവില്‍ കെ.കെ. നീലകണ്ഠന്‍ കണ്ടെത്തിയ കഥ ഇങ്ങനെ. 'ഇന്ത്യയിലെ ഏറ്റവും വലിയ പെലിക്കന്ററി കണ്ടെത്തുവാനുള്ള അപൂര്‍വ്വ ഭാഗ്യം എനിക്കാണ് ലഭിച്ചത്. ഗോദാവരീനദിയുടെ വടക്കേക്കരയിലുള്ള രാജമഹേന്ദ്രി എന്ന ചരിത്രപ്രസിദ്ധമായ നഗരത്തിലാണ് കോളേജ് അദ്ധ്യാപകനായി എനിക്ക് ആദ്യ നിയമനം കിട്ടിയത്. തലയ്ക്കകത്ത് നിറയെ പക്ഷികള്‍ ചിറകിളക്കുന്ന ഒരിടത്തും ഇരിപ്പുറക്കാത്ത ഒരവിവാഹിതനായിരുന്നു ഞാനന്ന്. കയ്യില്‍ ബൈനോക്കുലറുമായി പല സ്ഥലത്തും ചുറ്റിത്തിരിഞ്ഞു. അന്തസ്സുള്ള ഒരു കോളേജദ്ധ്യാപകന്‍ ഒരിക്കലും എത്തിനോക്കാന്‍ ധൈര്യപ്പെടാത്ത കാടുകളിലേക്കും ചതുപ്പുകളിലേക്കും ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്കും പോകാനുള്ള എന്റെ വാസന സ്ഥലവാസികളില്‍ പലരുടേയും ജിജ്ഞാസയ്ക്ക് വിഷയമായി. യുദ്ധകാലമല്ലാതിരുന്നതുകൊണ്ട് എന്റെ നീക്കങ്ങളെ ചാരപ്രവര്‍ത്തനവുമായോ അട്ടിമറിപ്പണിയുമായോ ആരും ബന്ധപ്പെടുത്തിയില്ല എന്നുമാത്രം. പക്ഷികളില്‍ ഭ്രമം കയറിയ നിര്‍ദ്ദോഷിയായ ഒരു കിറുക്കനായി മാത്രം എന്നെ കാണാന്‍ അവര്‍ നിര്‍ബ്ബന്ധിതരായി. അങ്ങനെ, എന്റെ സഹപ്രവര്‍ത്തകരും അയല്‍ക്കാരും ഓരോരുത്തരായി പക്ഷികളെപ്പറ്റിയുള്ള കഥകളുമായി എന്നെ സമീപിക്കാന്‍ തുടങ്ങി. പക്ഷികളെ ധാരാളമായി കാണാന്‍ കഴിയുന്ന സ്ഥലങ്ങളെക്കുറിച്ച് അവരെനിക്കു പറഞ്ഞുതന്നു. ഇങ്ങനെ എന്നോടു സഹാനുഭൂതി കാട്ടിയവരില്‍ ഒരാള്‍ പോള്‍ നാരായണറാവു എന്ന വികാരിയായിരുന്നു. ഒരു ദിവസം താന്‍ ഭീമവരത്തുനിന്ന് മടങ്ങി വരുമ്പോള്‍ ഒരിടത്ത് റോഡരുകിലുള്ള മരങ്ങളില്‍ ധാരാളം കൂറ്റന്‍ 'താറാവുകള്‍' കൂടുകെട്ടിയിരിക്കുന്നതു കണ്ടതായി അദ്ദേഹം എനിക്ക് വിവരിച്ചു തന്നു. ഞാന്‍ വികാരിയെ കൂട്ടില്‍ കയറ്റിയ സാക്ഷിയെയെന്നപോലെ ഒരു വിചാരണയ്ക്ക് വിധേയനാക്കി. അദ്ദേഹം കണ്ട പക്ഷികള്‍ പെലിക്കനുകള്‍ ആകാനേ തരമുള്ളു എന്ന നിഗമനത്തിലാണ് ഞാന്‍ എത്തിയത്. ആ വാരാന്ത്യത്തില്‍ത്തന്നെ വികാരിയുടെ കഥ വെറും കെട്ടുകഥയാണോ എന്ന് പരീക്ഷിക്കാനും തിരുമാനിച്ചു.

​ഗ്രേ പെലിക്കൻ/ ഫോട്ടോ: സിജി അരുൺ
​ഗ്രേ പെലിക്കൻ/ ഫോട്ടോ: സിജി അരുൺ

പെലിക്കനുകളുടെ കൂടുകെട്ടല്‍

അങ്ങനെ 1947 ഏപ്രില്‍ 14ാം തീയതി രണ്ട് സ്‌നേഹിതന്മാരുമൊന്നിച്ച് വികാരി സഞ്ചരിച്ച ബസില്‍ത്തന്നെ ഞാനും യാത്ര തിരിച്ചു. കിഴക്കന്‍ ഗോദാവരി ജില്ലയിലെ തഡേപ്പള്ളി ഗുഡത്തുനിന്ന് 13 മൈല്‍ അകലെയുള്ള ആരേഡു എന്ന സ്ഥലത്തെത്തിയപ്പോള്‍ ബസില്‍നിന്ന് തല പുറകോട്ടിട്ട് നോക്കിയിരുന്ന ഞാന്‍ കണ്ടത് കിറ്റ്‌സിന്റെ പ്രസിദ്ധമായ വരികള്‍ ഓര്‍മ്മിപ്പിക്കുന്ന കാഴ്ചയാണ്. 'The felt I like some watcher of the skies when a new planet swims into his ken' (തന്റെ ദൃശ്യമണ്ഡലത്തിലേക്ക് ഒരു പുതിയ ഗ്രഹം നീന്തിവരുന്ന കാഴ്ച കണ്ട ജ്യോതിശാസ്ത്രജ്ഞന്റെ അനുഭൂതിയാണ് എനിക്കപ്പോള്‍ ഉണ്ടായത്). കെ.കെ. നീലകണ്ഠന്റെ വരവിനായി കൊതുമ്പനങ്ങളുടെ രാജ്യത്തെ ഏറ്റവും വലിയ താവളം കാതോര്‍ത്തിരിക്കുകയായിരുന്നുവെന്ന് നമുക്കു കരുതാം. പക്ഷി നിരീക്ഷകരാരും അതുവരെ എത്തപ്പെടാതിരുന്ന അവിടെ നീലകണ്ഠന്‍ പലതവണ പോയി വിശദമായ പഠനങ്ങള്‍ നടത്തി. കെ.കെ. നീലകണ്ഠന്‍ എഴുതി: 'അടുത്ത രണ്ട് വര്‍ഷത്തില്‍ ആറ് തവണകൂടി ഞാനവിടം സന്ദര്‍ശിച്ചു. അറുപതോ അറുന്നൂറോ പ്രാവശ്യം പോകാതിരിക്കുന്നതില്‍ ഞാനിന്ന് അഗാധമായി ദുഃഖിക്കുന്നു. കാരണം, അവിടെ പെലിക്കന്‍ കൂടുകെട്ടുന്നത് കാണാനുള്ള അസുലഭ ഭാഗ്യം സിദ്ധിച്ച അപൂര്‍വ്വം പ്രകൃതി നിരീക്ഷകരില്‍ ഒരാളാണ് ഞാന്‍.'

'ഞാന്‍ ആദ്യം കാണുമ്പോള്‍ ആരേഡുവിലെ സാഹചര്യങ്ങള്‍ എല്ലാം പക്ഷികള്‍ക്ക് അനുകൂലമാണെന്ന തോന്നലാണുണ്ടായിരുന്നത്. ഇരുപതാം നൂറ്റാണ്ടിലെ ബഹുമുഖമായ വികസന പ്രവര്‍ത്തനങ്ങളെ അവ അതിജീവിക്കുമെന്നുപോലും എനിക്കു തോന്നി. പെലിക്കനുകളേയും അവയുടെ കൂടുകളേയും സംരക്ഷിക്കുന്നതില്‍ ഗ്രാമീണര്‍ അതിയായ ഉത്സാഹം കാണിച്ചിരുന്നു. തങ്ങളുടെ വയലുകള്‍ക്ക് ഏറ്റവും നല്ല വളം നല്‍കുന്നവയാണ്, അതും സൗജന്യമായി നല്‍കുന്നവയാണ് ഈ പക്ഷികളെന്ന് കര്‍ഷകരില്‍ ചിലരെങ്കിലും മനസ്സിലാക്കിയിരുന്നു. ഒക്ടോബര്‍ മാസത്തിലാണ് പക്ഷികള്‍ ഇവിടെ എത്തിച്ചേര്‍ന്നിരുന്നത്. ഗ്രാമീണര്‍ പറഞ്ഞതനുസരിച്ച് ആദ്യം പക്ഷികളെല്ലാം ഏതെങ്കിലും തരിശായ വയലില്‍ സമ്മേളിക്കുന്നു. അവിടെവെച്ച് അവരുടെ വിവാഹകര്‍മ്മങ്ങള്‍ നടക്കുന്നു. ഉടന്‍ തന്നെ ഓരോ ജോഡിയും കൂടുകെട്ടാനുള്ള സ്ഥലം തെരഞ്ഞെടുക്കുകയായി. മുള്‍ച്ചെടികളുടെ കൊമ്പുകള്‍കൊണ്ട് ഉണ്ടാക്കിയ തട്ടിനു മുകളില്‍ കുറച്ചു വൈക്കോല്‍ വിരിച്ചതാണ് പെലിക്കന്റെ കൂട്. കൂടുകെട്ടാന്‍ സ്ഥലത്തിന് ക്ഷാമമൊന്നുമില്ലെങ്കിലും പല കൂടുകളും തൊട്ടുതൊട്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. കൂടു നിര്‍മ്മാണം പൂര്‍ത്തിയാവും മുന്‍പു തന്നെ പെണ്‍പക്ഷി മുട്ടയിടാന്‍ തുടങ്ങുന്നു. സാധാരണയായി ഒരു പക്ഷി മൂന്ന് മുട്ടയാണ് ഇടുക. തുടര്‍ന്ന് 30 ദിവസത്തോളം ഇണകളില്‍ ഒന്ന് എപ്പോഴും മുട്ടയുടെ മുകളില്‍ അടയിരിക്കുന്നു. അവസാനം, മുട്ടവിരിഞ്ഞ് തീരെ ചെറിയ കുഞ്ഞുങ്ങള്‍ പുറത്തുവരുന്നു. കണ്ണ് തുറക്കാത്ത, ദേഹത്തു പൂടപോലുമില്ലാത്ത ഈ കുഞ്ഞുങ്ങളെ കണ്ടാല്‍ വെറും മാംസ പിണ്ഡങ്ങളെന്നേ തോന്നുകയുള്ളൂ. അച്ഛനമ്മമാര്‍ അവയ്ക്ക് ധാരാളമായി ഭക്ഷണം നല്‍കുന്നു. വളരെ വേഗം കുഞ്ഞുങ്ങള്‍ തടിച്ചുകൊഴുക്കുന്നു. ദേഹം മുഴുവന്‍ വെണ്‍മയാര്‍ന്ന പൂടകൊണ്ടു പൊതിയപ്പെടുന്നു. പക്ഷേ, പൂര്‍ണ്ണ വളര്‍ച്ചയെത്താനും പറക്കാനും നാലു മാസമെങ്കിലും എടുക്കും. മെയ്ജൂണ്‍ മാസമാകുമ്പോഴേക്ക് പെലിക്കനുകള്‍ മുഴുവന്‍ കോളനി വിട്ടിരിക്കും. മൂന്നോ നാലോ മാസം കഴിഞ്ഞാല്‍ വീണ്ടും തിരിച്ചെത്തുകയും ചെയ്യും.

തന്റെ കോളേജ് അദ്ധ്യാപനത്തിനിടയില്‍ സമയം കിട്ടുമ്പോഴാണ് നീലകണ്ഠന്‍ കൊതുമ്പനങ്ങളെക്കുറിച്ച് വിശദമായി പഠിക്കാന്‍ ശ്രമിച്ചത്. 1949ല്‍ ബോംബെ നാച്ച്യുറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ ജേര്‍ണലില്‍ ആരേഡുവിലെ കൊതുമ്പനങ്ങളെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ടു പ്രസിദ്ധീകരിക്കപ്പെട്ടു. അതുവരെ ആരും ശ്രദ്ധിക്കാതിരുന്ന ആരേഡുവിലേക്ക് പരിസ്ഥിതി ശാസ്ത്രജ്ഞര്‍ എത്താന്‍ തുടങ്ങി ഇ.പി.ജി., എം. കൃഷ്ണന്‍ ഉള്‍പ്പെടെയുള്ള പ്രകൃതി നിരീക്ഷകരും ഫോട്ടോഗ്രാഫര്‍മാരും ആരേഡുവിലെത്തിയത് കൂടുതല്‍ അനുഗ്രഹമായി. എങ്കിലും കൊതുമ്പനങ്ങളുടെ ഈ അത്ഭുത തെരുവ് സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ യാതൊരു പരിശ്രമവും ഉണ്ടായില്ല. കൂറ്റന്‍ നീര്‍പ്പറവകളായ കൊതുമ്പനങ്ങളെ ഇറച്ചിക്കായി വേട്ടയാടാനും അവയുടെ മുട്ടകള്‍ കവര്‍ന്നെടുക്കാനുമുള്ള സാധ്യത വളരെ കൂടുതലായിരുന്നു. ഇത്തരത്തിലുള്ള ചില അതിക്രമങ്ങള്‍ അവിടെ നടന്നിരുന്നു. കെ.കെ. നീലകണ്ഠന്‍ ഉള്‍പ്പെടെയുള്ളവര്‍ ഡോ. സാലിം അലിയുടെ ശ്രദ്ധയില്‍ ആരേഡുവിന്റെ സംരക്ഷണകാര്യം എത്തിച്ചു. ഡോ. സാലിം അലിയുടെ ശ്രമഫലമായി ആരേഡു പെലിക്കന്ററി സംരക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്ന് ഇന്ത്യന്‍ വന്യജീവി സംരക്ഷണസമിതി ആന്ധ്രസര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കി.

അതനുസരിച്ച് ആരേഡു പെലിക്കന്ററിയെക്കുറിച്ച് ഒരു സര്‍വ്വെ നടത്തി അതിന്റെ സംരക്ഷണത്തിനു വേണ്ട നിര്‍ദ്ദേശങ്ങള്‍ വയ്ക്കാന്‍ കെ.കെ. നീലകണ്ഠനെ തന്നെ ചുമതലപ്പെടുത്തി. 1959 ഡിസംബറിലും 1960 ഡിസംബറിലും കെ.കെ. നീലകണ്ഠന്‍ അവിടെ സന്ദര്‍ശിച്ച് റിപ്പോര്‍ട്ടു തയ്യാറാക്കി ആന്ധ്രസര്‍ക്കാരിനു സമര്‍പ്പിച്ചു.

ഗോദാവരി, കൃഷ്ണ ജില്ലകളില്‍ പെലിക്കനെ ഒരു സംരക്ഷണ ജാതിയായി പ്രഖ്യാപിക്കുക, അതിനെ കൊല്ലുന്നതും പിടിക്കുന്നതും ഉപദ്രവിക്കുന്നതും കര്‍ശനമായി നിരോധിക്കുക, പെലിക്കന്‍ കൂടുകെട്ടുന്ന സ്ഥലം ഒരു പക്ഷി സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കുക. പെലിക്കന്‍ പക്ഷികള്‍ കൂടുകെട്ടുന്ന സ്ഥലത്തും ആഹാരം തേടുന്ന സ്ഥലത്തും അവയെ സംരക്ഷിക്കാനായി ഒരു വാര്‍ഡനേയും നാലു ഗാര്‍ഡുമാരേയും നിയമിക്കുക. തദ്ദേശവാസികളുടെ അഭിമാനബോധത്തെ തൊട്ടുണര്‍ത്തുന്ന തരത്തിലുള്ള ഒരു പേര് പക്ഷി സംരക്ഷണകേന്ദ്രത്തിനു നല്‍കുക എന്നിവയായിരുന്നു റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍. ഈ പദ്ധതി നടപ്പാക്കുന്നതിന് ആദ്യം 10000 രൂപയുടെ ചെലവും പിന്നീട് പ്രതിമാസം 10000 രൂപയുടെ ആവര്‍ത്തനച്ചെലവും മാത്രമേ അനുവദിച്ചിരുന്നുള്ളൂ. എന്നിട്ടും സര്‍ക്കാര്‍ ഈ പക്ഷിസങ്കേതത്തിന്റെ സംരക്ഷണത്തിന് ചെറുവിരല്‍ അനക്കിയില്ല. 1970 ആയപ്പോഴേക്കും ആരേഡുവിലെ പെലിക്കന്‍ പൂര്‍ണ്ണമായും നാമാവിശേഷമായി. ആരേഡു പക്ഷിസങ്കേതത്തെക്കുറിച്ചു പത്രങ്ങളിലും മറ്റും എഴുതി തുടങ്ങിയതോടെ കൂടുതല്‍ ജനം ഇതേക്കുറിച്ച് അറിഞ്ഞു. പതിനായിരക്കണക്കിനു കൊതുമ്പനങ്ങള്‍ കൂടൊരുക്കുന്ന ആരേഡുവിനെ ഒരു വിനോദ സഞ്ചാരമേഖലയാക്കുന്നത് സര്‍ക്കാരിനു കൂടുതല്‍ വരുമാനം ഉണ്ടാക്കുമെന്നും അധികൃതര്‍ ധരിച്ചു. ടൂറിസം വകുപ്പുകാര്‍ ആരേഡുവിലെ പക്ഷിസങ്കേതത്തെക്കുറിച്ച് പത്രങ്ങളില്‍ പരസ്യങ്ങള്‍ കൊടുത്തു. ഇതോടെ വിനോദ സഞ്ചാരികളുടെ ഒഴുക്ക് ഇവിടേക്ക് തുടങ്ങി. അതിന്റെ പരിണതഫലം ഇങ്ങനെയായിരുന്നു: 'ടൂറിസം വകുപ്പുകാരും മറ്റും നല്‍കിയ പരസ്യങ്ങള്‍ ഈ പെലിക്കന്ററിക്ക് ഒരു തരത്തില്‍ ശാപമായി തീര്‍ന്നുവോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എന്തെന്നാല്‍ 1961നു ശേഷമാണത്രെ പുറത്തുനിന്ന് ആളുകള്‍ ഇവിടേക്ക് അതിക്രമിച്ചു കടന്ന് പെലിക്കന്റെ കൂടുകള്‍ കൊള്ളയടിക്കാന്‍ തുടങ്ങിയത്. വണ്ടിക്കണക്കിനു മുട്ടകളും കുഞ്ഞുങ്ങളും പട്ടണത്തിലേക്ക് ഒഴുകി. അവിടെ അവ പൊരിച്ച കോഴിമുട്ടകളായും താറാവിറച്ചിയായും രൂപാന്തരപ്പെട്ടു.'

കാട്ടുതാറാവിന്റെ മുട്ടകള്‍ക്കും ഇറച്ചിക്കും ആവശ്യക്കാര്‍ കൂടുതലാണ്. കച്ചവടക്കാര്‍ക്ക് ഉയര്‍ന്ന വിലയും കിട്ടും. വെടിയിറച്ചി എന്ന പേരില്‍ പക്ഷികളുടേയും വന്യജീവികളുടേയും ഇറച്ചികള്‍ രഹസ്യമായി വിറ്റഴിക്കപ്പെടുന്നുണ്ടല്ലോ. ആരേഡുവില്‍ കൂടൊരുക്കിയിരുന്ന കൊതുമ്പനങ്ങളില്‍ നല്ലൊരു ഭാഗവും പിന്നീട് കല്ലേഡുവില്‍ ചേക്കേറി. ഇന്നിവിടം ഒരു സംരക്ഷിത പ്രദേശമാണ്. പുള്ളിച്ചുണ്ടന്‍ കൊതുമ്പനത്തോട് ഒരു വൈകാരിക അടുപ്പം തന്നെ കെ.കെ. നീലകണ്ഠന് ഉണ്ടായിരുന്നു. 1984ല്‍ കെ.കെ. നീലകണ്ഠന്‍ മ്യൂസിയം ഓഡിറ്റോറിയത്തില്‍ നടത്തിയ പ്രഭാഷണത്തിനു രണ്ടു ഭാഗങ്ങളുണ്ടായിരുന്നു. ആദ്യം അദ്ദേഹം അരമണിക്കൂറോളമെടുത്ത് പെലിക്കന്‍ എന്ന ലോകാത്ഭുതം ശ്രോതക്കളുടെ മുന്‍പില്‍ അവതരിപ്പിച്ചു. രണ്ടാം ഭാഗം പുള്ളിച്ചുണ്ടന്‍ പെലിക്കന്റെ സംരക്ഷണത്തെപ്പറ്റിയാണ്. അതിലേക്കു കടക്കും മുന്‍പ് അദ്ദേഹം സദസ്സിനെയാകെ ഒന്ന് അവലോകനം ചെയ്തു. അദ്ദേഹത്തിന്റെ ശബ്ദം കടുത്തു. അതൊരു ഗര്‍ജ്ജനമായിരുന്നു. ഈ പെലിക്കനെപ്പോലെയുള്ള പക്ഷികളെ എന്തിനു സംരക്ഷിക്കണം എന്നു ചോദിക്കുന്നവരുണ്ടാവാം. അങ്ങനെയുള്ള ആരെങ്കിലും ഇവിടെയുണ്ടെങ്കില്‍ അവര്‍ക്ക് ഇപ്പോള്‍ പുറത്തു പോകാം. രണ്ടു മിനിറ്റ് ഹാളില്‍ സമ്പൂര്‍ണ്ണ നിശ്ശബ്ദത. തുടര്‍ന്ന് അദ്ദേഹം പുള്ളിച്ചുണ്ടന്‍ പെലിക്കന്റെ ചരിത്രത്തിലേക്ക് കടന്നു.

(തുടരും)

ഈ ലേഖനം കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com