ഇന്നലത്തെ രാജീവനെ റദ്ദ് ചെയ്യുന്ന ഇന്നത്തെ രാജീവന്‍

തന്റേതല്ലാത്ത സ്ഥലത്തും കാലത്തും നിര്‍ബ്ബന്ധപൂര്‍വം ജീവിക്കേണ്ടിവന്ന ഒരാളുടെ നിര്‍മമതയും പകപ്പുമുണ്ടായിരുന്നു അയാളുടെ ഓരോ നീക്കങ്ങളിലും
ഇന്നലത്തെ രാജീവനെ റദ്ദ് ചെയ്യുന്ന ഇന്നത്തെ രാജീവന്‍

'നമുക്ക് ഏറ്റവും പ്രിയപ്പെട്ടവ
ഓരോന്നോരോന്നായി
കട്ടെടുക്കുന്നു.
മഠത്തിലെ
അണയാത്ത ചുടലയില്‍
അവ കത്തിച്ചു രസിക്കുന്നു...''

(വെങ്കിട്ട രമണി/ടി.പി. രാജീവന്‍)

വംബര്‍ മൂന്നിന്റെ, ചാറ്റല്‍മഴകൊണ്ട് പൊതിഞ്ഞ കോട്ടൂരിലെ ഉച്ചനേരത്തെ പിളര്‍ത്തിയാളിയ തീനാമ്പുകള്‍ക്കിടയില്‍ അമര്‍ന്നുകിടന്നുറങ്ങുന്ന രാജീവനെത്തന്നെ  നോക്കിനില്‍ക്കുമ്പോള്‍, പൊള്ളുന്ന താരാട്ടായി ഉള്ളില്‍ കലമ്പിക്കൊണ്ടിരുന്നു, ഈ വരികള്‍. പറഞ്ഞുറപ്പിച്ചതുപോലെ യാദൃച്ഛികമായ ഒരു വേര്‍പാടിന്റെ അനാഥത്വം നിശ്ചലമാക്കിയ പരിസരത്തെ തലങ്ങും വിലങ്ങും ഭേദിച്ച് രാജീവന്റെ പൊട്ടിച്ചിരികള്‍ തീനാമ്പുകള്‍ക്ക് മേലെ പാറിക്കളിച്ചു. എവിടെനിന്നും പുറപ്പെടാത്ത, എങ്ങോട്ടും പോകാത്ത ഒരു വഴിയിലൂടെ അവന്‍ നടന്നുപോകുന്നു. പല പുറങ്ങളുള്ള ഒരു മനുഷ്യന്റെ അദൃശ്യവേഗം ഓര്‍മ്മകളെ അടരടരായി കൊഴിച്ചിടുന്നു. എണ്‍പതുകളുടെ അവസാന വര്‍ഷങ്ങളില്‍ ഒരു പ്രീഡിഗ്രിക്കാരന്റെ കുതൂഹലങ്ങളെ ഒപ്പം ചേര്‍ത്ത്  നടത്തിയ നിബിഡ സ്നേഹമാണ്. കളിയും ചിരിയും വഴക്കും പിണക്കവും അടിയും ആഘോഷവുമായി ഇടമുറിയാതെ പിന്തുടര്‍ന്ന ഗാഢസമ്പര്‍ക്കങ്ങളുടെ ഒച്ചയിലും  ബഹളത്തിലും സര്‍വ്വം നിശ്ചലമാകുന്നു...

തന്റേതല്ലാത്ത സ്ഥലത്തും കാലത്തും നിര്‍ബ്ബന്ധപൂര്‍വം ജീവിക്കേണ്ടിവന്ന ഒരാളുടെ നിര്‍മമതയും പകപ്പുമുണ്ടായിരുന്നു അയാളുടെ ഓരോ നീക്കങ്ങളിലും. അപരിചിതമായ ലോകത്തിന്റെ തിക്കുതിരക്കുകളിലേക്ക് തന്നെയും ചേര്‍ത്തുവെക്കാന്‍ അയാള്‍ ആവത് ശ്രമിച്ച് പരാജയപ്പെട്ടു. കവിതയുടേയും കെട്ടുകഥകളുടേയും ആഭിചാരങ്ങള്‍ നടത്തി, തന്നില്‍നിന്ന് തന്റെ തന്നെ ബാധയൊഴിപ്പിക്കാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്ന ഒരു കിറുക്കന്‍ മന്ത്രവാദിയായി ലോകത്തിന്റെ  ഉമ്മറത്തേക്കയാള്‍ നീട്ടിത്തുപ്പി.

''മരിച്ചവരുടെ പട്ടികയില്‍ ഞാനില്ല
ജീവിച്ചിരിക്കുന്നവരുടെ പട്ടികയിലും ഞാനില്ല
ആര്‍ക്കുമറിയാത്ത കുറ്റത്തിന്
 ഇനിയും കണ്ടെത്താത്ത ദ്വീപില്‍
 നാട് കടത്തപ്പെട്ടവനാണ് ഞാന്‍.''

പാരമ്പര്യവും പരിഷ്‌കാരവും ആത്മനിന്ദയും പരപുച്ഛവും ചേര്‍ന്ന് സങ്കീര്‍ണ്ണമായ ജീവസ്രവം, ഭാഷയില്‍ പുതിയ ഉറവകളായി... ആധുനികതയ്ക്ക് ശേഷം മലയാള കവിതയുടെ ഗതിമാറ്റത്തിന്റെ പ്രേരണയും ചാലകവുമായി അവ പുതിയ ഭാവുകത്വത്തിന്റെ പൂക്കള്‍ വിരിയിച്ചു. പുറകെ പോയവര്‍  ഗാഢസ്മൃതികളുടെ കൊടുംവനത്തില്‍ വേദനയുടേയും ആനന്ദത്തിന്റേയും മുരള്‍ച്ചകള്‍ അറിഞ്ഞു.

പരസ്പരം കവിത കൈമാറി തുടങ്ങിയ ചങ്ങാത്തമായിരുന്നു ഞങ്ങളുടേത്. ഫാറൂഖ് കോളേജില്‍  ഒരു കവിതാ ചര്‍ച്ചയ്ക്ക് വന്നതായിരുന്നു ടി.പി. രാജീവന്‍. അദ്ദേഹമന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ ഗുമസ്തന്‍. ഞാനൊരു  പ്രീഡിഗ്രിക്കാരനും. പരിപാടിക്കുശേഷം ഒരു മൂലയില്‍ ഒതുങ്ങിക്കൂടിയിരിക്കുകയായിരുന്ന എന്റെ അടുത്ത് വന്നു പരിചയപ്പെട്ടു. ഞാനവിടെ ചൊല്ലിയ കവിതയുടെ കയ്യെഴുത്തുപ്രതി ചോദിച്ചു വാങ്ങി. തോള്‍സഞ്ചിയില്‍നിന്നും വാതില്‍ എന്ന കുഞ്ഞു പുസ്തകമെടുത്ത്  എനിക്ക് സമ്മാനിച്ചു. ഒപ്പം ചായ കുടിക്കാന്‍ വിളിച്ചു. കവിതകളെപ്പറ്റിയും മറ്റും നിര്‍ത്താതെ വര്‍ത്തമാനം പറഞ്ഞു. ജയകേരളം മാസികയില്‍ എന്റെയാ കവിത പ്രസിദ്ധീകരിച്ച്   ഫാറൂക്കിലെ ആസ്ഥാന കവികളെ ഞെട്ടിച്ചു. പിന്നെ അടിക്കടിയുള്ള യൂണിവേഴ്സിറ്റി സന്ദര്‍ശനങ്ങള്‍, ചായകുടി ആഘോഷങ്ങള്‍, സൗമ്യദുശ്ശീലങ്ങള്‍, യാത്രകള്‍, രഹസ്യങ്ങള്‍... എനിക്കൊപ്പം വളര്‍ന്ന് തിടംവെച്ച സാഹോദര്യത്തിന്റെ തണലും വെയിലും പിന്നീട് അസ്തമിച്ചിട്ടില്ല.

ഇഷ്ടം തോന്നിയ എല്ലാ കവികളോടും രാജീവന്‍ അങ്ങനെയായിരുന്നു. കവിതകൊണ്ട് അടുത്തവരുടെ ഹൃദയത്തിലേക്ക് കവിതയായ് ചേക്കേറും. ഇക്കഴിഞ്ഞ ദിവസം രാജീവനില്ലാത്ത കോട്ടൂരിലെ വീട്ടില്‍നിന്ന് മടങ്ങുമ്പോള്‍ പുതുതലമുറയിലെ കവി അവിനാശ് ഉദയഭാനു അയാളുടെ ജീവിതത്തിലെ 'രാജീവന്‍ ഇഫക്റ്റി'നെക്കുറിച്ച്  പറഞ്ഞു. 2006-ല്‍ ബാലപംക്തിയില്‍ പ്രസിദ്ധീകരിച്ച ഒരു കവിത വായിച്ച്, കവിതയിലെ പാണ്ടി എന്ന വാക്കിനെക്കുറിച്ച്  ഫോണില്‍ ദീര്‍ഘമായി സംസാരിച്ചതിന്റെ ഓര്‍മ്മ. വാക്കിന്റെ ശരി തെറ്റുകളെക്കുറിച്ച്, രാഷ്ട്രീയമാനങ്ങളെക്കുറിച്ച്, എഴുത്തിനേയും വായനയേയും കുറിച്ച്, എല്ലാവരോടും എത്ര വേണമെങ്കിലും സംസാരിക്കാന്‍ രാജീവനു മുന്‍പരിചയം വേണ്ട. അല്ലെങ്കില്‍ ഒരാള്‍ രാജീവന്റെ ജീവിതത്തിലേക്ക്, തിരിച്ചും കടന്നുചെല്ലുന്നത് അങ്ങനെയെല്ലാമായിരുന്നു. വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരിലേക്കും ഒരുപോലെ ഒഴുകിപ്പരക്കാന്‍ വെമ്പുന്നതായിരുന്നു ആ സ്നേഹം.

ജീവിക്കുന്ന ലോകത്തിന്റെ യുക്തികളേക്കാള്‍ ഭാവനാലോകത്തിന്റെ ശക്തികളായിരുന്നു രാജീവനു പഥ്യം. ഈ ഭൂമിയില്‍ ഇതുവരെ ജനിച്ചിട്ടില്ലാത്ത ഒരാളാണ് താനെന്നു കവിതയിലെന്ന പോലെ അദ്ദേഹം വിശ്വസിച്ചു.
ജനിക്കുന്നതിനു തലേ രാത്രി/ ഞാനൊരു സ്വപ്നം കണ്ടു എന്നാരംഭിക്കുന്ന ജന്മദിന കവിത, ചരിത്രഭൂതങ്ങളിലൂടെ സഞ്ചരിച്ചശേഷം അവസാനിക്കുന്നതിങ്ങനെയാണ്: പിറ്റേന്ന് പുലര്‍ച്ചെ/ എനിക്ക് പകരം/ അമ്മ ജന്മം നല്‍കിയത്/ ഞാന്‍ കണ്ട/ ആ സ്വപ്നത്തിനായിരുന്നു. ജനിക്കുന്നതിനു മുന്‍പ് കണ്ട സ്വപ്നത്തിന്റെ ഭാഷയില്‍ അയാള്‍ ലോകത്തെ ഹസ്തദാനം ചെയ്യാന്‍ ശ്രമിച്ചു. അതിന്റെ വിഫലതയില്‍ സ്വയം പഴിച്ചും പരിഹസിച്ചും എല്ലാറ്റിനോടും കലഹിച്ചു. ഭാവനാശൂന്യമായ വ്യവഹാരങ്ങളില്‍ മാത്രം അഭിരമിച്ചവര്‍ അയാളുടെ ശത്രുക്കളായി. രണ്ടാംവട്ട ആലോചനയില്‍ അവരുടെ നിസ്സഹായതയില്‍ രാജീവനും സ്വയം നിസ്സഹായനായി. ഒറ്റയടിക്ക് ഒരേകോപനം സാധ്യമാകാത്തവിധം പലപ്പോഴും  ആ ജീവിതം വൈരുദ്ധ്യങ്ങളുടെ പ്രകടനമായി.

കവി ഡോം മൊറെയ്സിനൊപ്പം
കവി ഡോം മൊറെയ്സിനൊപ്പം

ദീര്‍ഘമായൊരു യാത്ര കഴിഞ്ഞ് ഒരുമിച്ച് മടങ്ങും വഴി ഒരിക്കല്‍ ഒരോട്ടോക്കാരനുമായി കൂലിത്തര്‍ക്കമായി. അന്‍പത് രൂപ വേണ്ടിടത്തേക്ക് എഴുപത് രൂപ ചോദിച്ചതാണ് പ്രശ്നം. തര്‍ക്കം മൂത്തു. എനിക്കാണെങ്കില്‍ യാത്രാക്ഷീണംകൊണ്ട്  അധികം കൊടുത്തു അവസാനിപ്പിച്ചാല്‍ മതിയെന്നായി. രാജീവനാണെങ്കില്‍ അമ്പിനും വില്ലിനും അടുക്കുന്നില്ല. അപ്പോഴേക്കും മറ്റു ഓട്ടോക്കാര് കൂടി, ആളായി ബഹളമായി. മധ്യസ്ഥനെന്നോണം ഒരാള്‍ ഒരുപാധി വെച്ചു. പത്തു രൂപ അധികം കൊടുത്ത് അറുപതില്‍ തീര്‍ക്കാം. അപ്പോഴുണ്ട് ഒരു വിട്ടുവീഴ്ചയുമില്ലെന്ന മട്ടില്‍ രാജീവന്റെ പ്രഖ്യാപനം: അറുപത് കൊടുക്കുന്ന പ്രശ്നമില്ല, വേണമെങ്കില്‍ നൂറു തരാം. ഇതും പറഞ്ഞ് നൂറു രൂപാ നോട്ടെടുത്ത്  കൊടുത്ത് പൊട്ടിച്ചിരിച്ച് എല്ലാവരോടും കൈവീശി വിജയിയായി മടങ്ങി, രാജീവന്‍. പിന്നീടോര്‍ക്കുമ്പോള്‍ ജീവിതത്തിലെ അദ്ദേഹത്തിന്റെ പല 'വിജയ'ങ്ങളും ഇങ്ങനെയായിരുന്നോ  എന്ന് തോന്നിയിട്ടുണ്ട്.

കവിതയിലും ഫിക്ഷനിലും ഒഴികെ മറ്റൊന്നിലും രാജീവന്‍ ഗൗരവം കണ്ടിരുന്നതായി തോന്നിയിട്ടില്ല. മറ്റുള്ളവര്‍ എന്ത് കരുതും  എന്ന ആശയോ ആശങ്കയോ ഇല്ലാതെ സ്വന്തം ശരികള്‍ നയിച്ച വഴിയില്‍ രാജീവന്‍ ചരിച്ചു. മനസ്സിനെ കഴുകി വെടിപ്പാക്കി ശക്തമാക്കാനുള്ള പൂജാവിധി പോലെ മദ്യപാനം മുടക്കമില്ലാത്ത ശീലമാക്കി. പുലര്‍ച്ചയില്‍ തുടങ്ങി പാതിരയോളം തുടര്‍ന്ന പാനോത്സവങ്ങള്‍ക്കിടയിലും എഴുത്തിനോടുള്ള ഉത്തരവാദിത്വം ദൃഢമായിത്തന്നെ കാത്തുസൂക്ഷിച്ചു. ഒരു അബദ്ധാക്ഷരം പോലും എഴുതിക്കാതെ മദ്യം അദ്ദേഹത്തോട് തിരിച്ചും ഉത്തരവാദിത്വം കാണിച്ചു. അവര്‍ തമ്മിലുള്ള അപകടകരമായ ആ ഒരു സമവായ സൗന്ദര്യം കണ്ട്  പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്. പാലേരി മാണിക്യത്തിന്റേയും കെ.ടി.എന്‍. കോട്ടൂരിന്റേയും ജീവിതമെഴുത്തിനെ അടുത്തുനിന്നറിഞ്ഞ ദിവസങ്ങളില്‍   എഴുത്തിനോടു പുലര്‍ത്തിയ വിശ്വസ്തതയും പ്രണയവും മറ്റെല്ലാറ്റിനും മീതെ വിജുഗീഷുവാകുന്നതെങ്ങനെ എന്ന് കണ്ടറിഞ്ഞിട്ടുണ്ട്.

കമൽറാം സജീവ്
കമൽറാം സജീവ്

കണ്ടനാള്‍ തൊട്ട് പറയാന്‍ തുടങ്ങിയ കഥയാണ് പാലേരി മാണിക്യത്തിന്റേത്. അത്യധികമായ ഗവേഷണങ്ങള്‍ക്കും അലച്ചിലുകള്‍ക്കുമെല്ലാം ശേഷം ഉടനെഴുതാം, എഴുതിത്തുടങ്ങി, രണ്ട് അദ്ധ്യായങ്ങളായി എന്നെല്ലാം പറയുമായിരുന്നെങ്കിലും ഒന്നും തുടങ്ങിയിരുന്നില്ല. ഒടുവില്‍ അതുവരെയുള്ള പരിചയത്തിന്റെ വിശ്വാസബലത്തില്‍ കമല്‍ റാം സജീവ് നോവല്‍ അനൗണ്‍സ് ചെയ്തു  പരസ്യം പ്രസിദ്ധീകരിച്ചു. (സജീവിന്റെ അദ്ധ്യാപകനായിരുന്നു രാജീവന്‍. വാതില്‍ എന്ന രാജീവന്റെ ആദ്യ പുസ്തകത്തിന്റെ കവര്‍ ഡിസൈന്‍ ചെയ്തതും കമല്‍ റാം തന്നെ. ഇന്നത്തെ സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കറിന്റെ സഹ്യപ്രസാധനയായിരുന്നു വാതിലിന്റെ പ്രസാധകര്‍). ഇതിനു ശേഷമാണ് പതുക്കെ പതുക്കെ രാജീവന്‍ എഴുത്തു തുടങ്ങുന്നത്. രണ്ടദ്ധ്യായങ്ങളില്‍ തടഞ്ഞ്  എഴുത്തു മുടന്തിയപ്പോള്‍ രണ്ടദ്ധ്യായങ്ങള്‍ മാത്രം കൈമുതലാക്കി അച്ചടക്കമില്ലാത്ത ഒരു കവിയുടെ കന്നി നോവല്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചു തുടങ്ങിയ ആ പത്രാധിപ ധൈര്യത്തോടും വിശ്വാസത്തോടും രാജീവന്‍ പുലര്‍ത്തിയ വിട്ടുവീഴ്ചയില്ലാത്ത ഉത്തരവാദിത്വമാണ് പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന നോവല്‍ എഴുതിച്ചത് എന്ന് തോന്നിയിട്ടുണ്ട്. പലപ്പോഴും തൊട്ടടുത്ത ലക്കത്തിലേക്കുള്ള  മാറ്ററിനായി പാതിരാത്രിയോളം കാരപ്പറമ്പിലെ രാജീവന്റെ ഫ്‌ലാറ്റിനു മുന്നില്‍ അക്ഷമയോടെ കാത്തിരിക്കുന്ന കമല്‍റാമിനെ കണ്ടിട്ടുണ്ട്. നേരം വൈകിയതിനെച്ചൊല്ലിയുള്ള അവരുടെ കലഹങ്ങളിലും പിണക്കങ്ങളിലും ഇടനില നിന്നിട്ടുണ്ട്. അങ്ങനെ തട്ടിയും തടഞ്ഞും വലിയ തെറ്റില്ലാതെ നീങ്ങുന്നതിനിടെ ഒരു ദിവസം രാത്രിയുണ്ട് രാജീവേട്ടന്റെ വിളി:

''എന്റെ നോവലിനി അവന്‍ പ്രസിദ്ധീകരിക്കണ്ട. വന്നിടത്തോളം മതി. അവനെ വിളിച്ചൊന്നു പറഞ്ഞേക്കൂ.'' പതിവില്ലാതെ കോപംകൊണ്ട് വിറച്ചു വിറച്ചാണ് സംസാരിക്കുന്നത്. സംഗതി അല്പം സീരിയസ് ആണെന്ന് തോന്നിയതിനാല്‍ ഒന്ന് മയപ്പെടുത്താനായി ഞാന്‍ നിര്‍മമനായി: ''ഞാന്‍ അവിടെയല്ലല്ലോ  പണിയെടുക്കുന്നത്. നേരിട്ട് അവനോടു തന്നെ പറഞ്ഞാല്‍ പോരേ'' ''ഇല്ല, അവനുമായി ഇനി സംസാരമില്ല. നീ പറഞ്ഞാല്‍ മതി.''

ദേവപ്രകാശ്
ദേവപ്രകാശ്

''മറ്റൊരു സ്ഥാപനത്തിന്റെ കാര്യമായതിനാല്‍ ഞാന്‍ ഇടപെടില്ല. ഒരു കാര്യം ചെയ്യൂ. മെയില്‍ അയച്ചോളൂ. അതാവുമ്പോള്‍ സംസാര പ്രശ്നമില്ലല്ലോ.'' ഞാന്‍ പകുതി തമാശയാക്കിയപ്പോള്‍ രാജീവേട്ടന്‍ അണപൊട്ടി.
''അവനാരാ എന്റെ രീതി മാറ്റണമെന്ന് പറയാന്‍. കഥാപാത്രങ്ങളെ ഇങ്ങനെയല്ലത്രെ അവതരിപ്പിക്കേണ്ടത്. എന്നെ പഠിപ്പിക്കേണ്ട എന്ന് പറഞ്ഞേക്ക് അവനോട്'' ''സജീവങ്ങനെ പറഞ്ഞോ?''

''സജീവല്ല, ആ വരക്കാരനില്ലേ, ദേവപ്രകാശ്. അവനു വരക്കാന്‍ പാകത്തില്‍ വേണം കഥാപാത്രങ്ങളെ ഉണ്ടാക്കാന്‍ എന്ന്. ആദ്യമായ് നോവല്‍ എഴുതുന്നതോണ്ട് എനിക്കത്തരം കാര്യങ്ങളറിയില്ല എന്നാണ് ആ...പറഞ്ഞത്.'' സംഗതി സിംപിളല്ലെന്നു മനസ്സിലായി. ഞാന്‍ സജീവിനെ വിളിച്ചു കാര്യം പറഞ്ഞു. ദേവപ്രകാശിനെ വിളിച്ച ശേഷം അവന്‍ തിരിച്ചു വിളിച്ചു. സംഭവം ശരിയാണ്. ഒരു സന്ധ്യാഘോഷത്തിന്റെ പുറത്തു കൈവന്ന ആവേശത്തില്‍ ദേവപ്രകാശ് ഒന്നുപദേശിച്ചതാണ്. രാത്രി തന്നെ രാജീവേട്ടനെ പോയി കാണാനും ആവശ്യമെങ്കില്‍ ക്ഷമ പറയിക്കുവാനും ധാരണയായി ഞങ്ങള്‍ ഫ്‌ലാറ്റിലെത്തി. ദീര്‍ഘമായ ചര്‍ച്ചകള്‍ക്കു ശേഷം ദേവപ്രകാശിനെ മാറ്റി മറ്റാരെക്കൊണ്ടെങ്കിലും തുടര്‍ന്ന് വരപ്പിക്കുകയാണെങ്കില്‍ മാത്രം നോവല്‍ തുടരാം എന്ന ഏകദേശ സമവായമായി. പിറ്റേന്ന് ദേവപ്രകാശിനെ കണ്ടപ്പോള്‍ സംഗതി വീണ്ടും കോമഡിയായി. താന്‍ ചെയ്തതില്‍ എന്തെങ്കിലും അപാകമുള്ളതായി അവനു തോന്നുന്നേയില്ല. ''നല്ലൊരു കാര്യമല്ലേ ആശാനേ ഞാന്‍ പറഞ്ഞത്. അങ്ങേര്‍ക്കത് മനസ്സിലാവാത്തോണ്ടാണ്. ഇത് ഞാന്‍ തന്നെ സോള്‍വ് ആക്കിക്കോളാ''മെന്ന് അവന്‍ പതിവുപോലെ ആത്മവിശ്വാസിയായി. വൈകുന്നേരമുണ്ട് രാജീവേട്ടന്റെ വിളി, അടിയന്തരമായി ഫ്‌ലാറ്റിലെത്താന്‍. അവിടെ ചെല്ലുമ്പോഴുണ്ട് മേശക്കിരുപുറമിരുന്നു ദേവപ്രകാശും രാജീവേട്ടനും  ഫലിതം പറഞ്ഞ്  പൊട്ടിച്ചിരിക്കുന്നു! തുടര്‍ന്നെന്നോട്: ''ഇവനൊരു പാവമാടാ. ഇവന്‍ തന്നെ വരച്ചാ  മതി.''

ചൈനയിൽ
ചൈനയിൽ

ഇന്നലത്തെ രാജീവന്‍ ഇന്നത്തെ രാജീവനെ റദ്ദ് ചെയ്യുന്ന ധാരാളം സന്ദര്‍ഭങ്ങളുണ്ട് ആ ജീവിതത്തില്‍. ആദര്‍ശത്തിലോ പ്രത്യയശാസ്ത്രത്തിലോ എന്നേക്കുമായി ആണിയടിച്ചു നിര്‍ത്തിയ സ്ഥൈര്യം രാജീവന്റേതല്ല. അനുദിനം സ്വന്തം നിലയ്ക്ക് അപ്ഡേറ്റ് ചെയ്യാന്‍ ശ്രമിക്കുന്ന ഒരു വ്യക്തിയുടെ പരിമിതികളും സാധ്യതകളും സദാ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. സാമൂഹികവും രാഷ്ട്രീയവുമായ സംഘര്‍ഷങ്ങളൊന്നും ആ രീതിയില്‍ രാജീവനെ  അലട്ടിയിരുന്നില്ല. പൊതുവിഷയങ്ങള്‍ മുന്‍നിര്‍ത്തി ഞങ്ങള്‍ തമ്മില്‍ നടന്ന മിക്ക സംസാരങ്ങളും പൊരിഞ്ഞ വാക്കേറ്റങ്ങളിലും താല്‍ക്കാലിക പിണക്കങ്ങളിലുമാണ് അവസാനിക്കാറ്. പ്രസ്ഥാനങ്ങളും സംഘടനകളുമൊന്നും ഒരിക്കലും രാജീവന്റെ പരിഗണനാവിഷയങ്ങളായിരുന്നില്ല. വ്യക്തികളുടെ അത്ഭുതപ്രവൃത്തികളിലായിരുന്നു രാജീവന്റെ കമ്പങ്ങള്‍. സര്‍ സി.പി. മുതല്‍ ഇങ്ങേയറ്റത്തു ആരിഫ് മുഹമ്മദ് ഖാന്‍ വരെ അതങ്ങനെത്തന്നെ ആയിരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ രാജീവന്റെ 'തുറന്ന യുദ്ധ'ങ്ങളോടെ സി.പി.ഐ.എമ്മുമായി ഏറെ അകന്ന നിലയിലായിരുന്ന രാജീവന്‍, ഒരു ദിവസം പുലര്‍ച്ചെയുണ്ട് ഫോണില്‍. വലിയ ആവേശത്തിലാണ്. എടാ, കോടിയേരി ഗംഭീര മനുഷ്യനാണ്. ഞാന്‍  പാര്‍ട്ടിയില്‍ ചേരാന്‍ പോവാണ്. തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടയില്‍ കോടിയേരിയെ പരിചയപ്പെട്ടതും അദ്ദേഹം രാജീവന് ബെര്‍ത്തില്‍ ഷീറ്റ് വിരിച്ചുകൊടുത്തതും കുറേക്കാലം രാജീവന്‍ ആവേശത്തോടെ പറഞ്ഞുകൊണ്ടിരുന്നു. രാജീവന്റെ പ്രിയപ്പെട്ട അദ്ധ്യാപകരായിരുന്ന വി.വി. ദക്ഷിണാമൂര്‍ത്തിയെക്കുറിച്ചും എ.കെ. പദ്മനാഭന്‍ മാഷെക്കുറിച്ചും  ആദരവോടെയല്ലാതെ സംസാരിച്ചിട്ടില്ല. വ്യക്തികള്‍ എന്നും രാജീവന് പ്രിയപ്പെട്ടവരായിരുന്നു. സംഘടന അവരെ അഴുക്കുമെന്നു രാജീവന്‍ ഭയപ്പെട്ടു. എല്ലാ ആധിപത്യ വ്യവസ്ഥയോടും കഠിനമായ അകലം സൂക്ഷിച്ചപ്പോഴും ആ വ്യവസ്ഥയ്ക്കകത്തെ മനുഷ്യരുമായി ചേര്‍ന്ന് നില്‍ക്കാനും പല കാര്യങ്ങളിലും യോജിച്ചു പ്രവര്‍ത്തിക്കാനും രാജീവനു സാധിച്ചു. 2007-ല്‍ എല്‍.ഡി.എഫ് ഭരിക്കുമ്പോള്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് കോഴിക്കോട്ട് നടത്തിയ ആദ്യ അന്തര്‍ദ്ദേശീയ പുസ്തകോത്സവത്തിന്റേയും സാഹിത്യോത്സവത്തിന്റേയും പ്രധാന സംഘാടകനായിരുന്നു ടി.പി. രാജീവന്‍. ഇന്ത്യയ്ക്കകത്തും പുറത്തുംനിന്ന് എഴുത്തുകാരെ കൊണ്ടുവരുന്നതിലും അവരുടെ കൃതികള്‍ വിവര്‍ത്തനം  ചെയ്ത് 'വിരുന്നുവന്ന വാക്ക്' എന്ന പുസ്തകം എഡിറ്റ് ചെയ്തതും പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍  കൂടിയായ രാജീവനായിരുന്നു. ഡോ. പി.കെ. പോക്കര്‍ എന്ന അന്നത്തെ ഡയറക്ടറുമായുള്ള അടുപ്പവും സ്നേഹവുമായിരുന്നു രാജീവനെ ആ ചുമതല ഏറ്റെടുക്കാന്‍ പ്രേരിപ്പിച്ചത്. പിന്നീട് യു.ഡി.എഫ് ഭരണകാലത്ത് സാംസ്‌കാരിക മന്ത്രി കെ.സി. ജോസഫിന്റെ   ഉപദേശകന്‍ എന്ന ചുമതലയില്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായത്  പി.ടി. തോമസ് എന്ന സുഹൃത്തിനോടുള്ള സ്നേഹവും അടുപ്പവും കാരണവും. 2019-ലെ ലോക്സഭാ ഇലക്ഷന്‍ കാലത്ത് എറണാകുളം മണ്ഡലത്തില്‍ പി. രാജീവിനുവേണ്ടി പ്രചരണ വീഡിയോ ചെയ്തു, രാജീവന്‍. ഒരു പ്രസ്ഥാനത്തിലും ഒതുങ്ങാനാവാതെ പുറത്തേക്കു പടരുന്ന സ്വതന്ത്രസത്തയുടെ, തന്റെ തന്നെയും വ്യക്തിത്വവല്‍ക്കരണമാണ് കെ.ടി.എന്‍ കോട്ടൂര്‍.

ഇംഗ്ലീഷിലും മലയാളത്തിലും ഒരുപോലെ എഴുതുക മാത്രമല്ല, ഭാഷയ്ക്കപ്പുറത്തെ ഒരു വിശ്വമാനവത്വം ചിന്തയിലും എഴുത്തിലും പിന്തുടരാനും ആഗ്രഹിച്ചിരുന്നു. അപ്പോഴും പാരമ്പര്യത്തിന്റെ കുറിയ ചങ്ങലകളാല്‍ സ്വയം ബന്ധിതമാവുന്നതിന്റെ ആനന്ദവും രാജീവന്‍ അനുഭവിച്ചിരുന്നു. രാജ്യാതിര്‍ത്തികള്‍ക്കപ്പുറത്തേക്കു പറക്കാന്‍ കൊതിക്കുകയും അവിടെയെത്തുമ്പോള്‍ വയല്‍ക്കാരെ ഇപ്പോഴില്ലാത്ത വീട്ടില്‍ അന്തിയുറങ്ങുകയും ചെയ്യുന്ന വൈപരീത്യം. അതിന്റെ കൂട്ടിയിടികള്‍ രാജീവന്റെ എഴുത്തിനു വെട്ടിയൊതുക്കാത്ത വനഭംഗികള്‍ നല്‍കി. മലയാളത്തിന് പുറത്ത് ഡോം മോറൈസ്, ദിലീപ് ചിത്രേ, ആമിര്‍ ഓര്‍, കേകി ദാരുവാല, സുദീപ് സെന്‍, സുബോധ് സര്‍ക്കാര്‍, ശര്‍മ്മിള റായ്, ചേരന്‍, മോ തുടങ്ങി നിരവധി കവികളുമായി ഹൃദയബന്ധം സൂക്ഷിച്ചിരുന്നു രാജീവന്‍. ഡോം മൊറൈസിന്റെ ഒരു പുസ്തകത്തിന്റെ റോയല്‍റ്റിയും കോപ്പി റൈറ്റും രാജീവന്റെ പേരിലാണ്. സ്നേഹസൗഹൃദത്തിനപ്പുറം കവിതയ്ക്കും സാഹിത്യത്തിനും വേണ്ടിയുള്ള ഒരുമിച്ചുള്ള പ്രവര്‍ത്തനം കൂടി രാജീവന്‍ തുടര്‍ന്നിരുന്നു. യതി ബുക്സും പിന്നീട് മണ്‍സൂണ്‍ എഡിഷനുമെല്ലാം ഈ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു. ലാന ഡെര്‍ക്കാച്ചുമായി ചേര്‍ന്ന് രാജീവന്‍ എഡിറ്റ് ചെയ്ത തേര്‍ഡ് വേഡ്, പോസ്റ്റ് സോഷ്യലിസ്റ്റ് രാജ്യത്തെ കവികളുടെ സമാഹാരപുസ്തകമാണ്. ഇങ്ങനെ  വിശാല ലോകത്തിന്റെ മഹാ വെളിച്ചത്തില്‍ കുളിച്ചുനില്‍ക്കുമ്പോഴും തന്റെ ചാത്തന്മാര്‍ക്ക് മദിച്ചു പാര്‍ക്കാനുള്ള ഇരുട്ട് മുറികള്‍ ഉള്ളിലയാള്‍  ഭദ്രമായി പൂട്ടിയടച്ചു.

വനദേവതമാരും ചാത്തന്മാരും പിതൃക്കളും അദൃശ്യാത്മാക്കളും ചേര്‍ന്ന് ഉന്മത്തമാക്കിയ മായിക ഭാവനാലോകമായിരുന്നു രാജീവനു പ്രിയം. ഭൂമിയിലെ കാര്യങ്ങള്‍ എത്ര നിസ്സാരങ്ങള്‍ എന്ന് അജ്ഞാതമായ ഒരബോധം അയാളെ നയിച്ചുകൊണ്ടിരുന്നു. രാത്രികളില്‍ ഉറക്കത്തില്‍ അയാള്‍ പിതൃക്കളോട് ഉറക്കെ സംസാരിച്ചുകൊണ്ടിരുന്നു. പ്രമേഹം കൂടി, കാലിലെ മുറിവുണങ്ങാതെ മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് തുടങ്ങിയ രോഗം പിന്നീട് വിട്ടുപോയില്ല. ഈഴം കവി ചേരനോടൊത്തു കോട്ടൂരിലുള്ള രാജീവന്റെ രാമവനത്തില്‍ അക്കാലത്തൊരു ദിവസം താമസിച്ചിരുന്നു. കവികള്‍ക്കും എഴുത്തുകാര്‍ക്കും വന്നു താമസിച്ച് എഴുതാന്‍ വേണ്ടി കൂടി ഡിസൈന്‍ ചെയ്ത വീടാണ് രാമവനം. ചുറ്റും രാജീവന്‍ തന്നെ വച്ചുപിടിപ്പിച്ച കാടും. രോഗം മാറുമെന്നും ചാത്തന്മാര്‍ അത്ഭുതം പ്രവര്‍ത്തിക്കുമെന്നും പറഞ്ഞ്  രാജീവന്‍ പൊട്ടിച്ചിരിച്ചു. പക്ഷേ, ചാത്തന്മാരെ കബളിപ്പിച്ച് രോഗത്തിന്റെ വിത്തുകള്‍  ഓരോന്നായി പൊട്ടിമുളച്ചു. ആ ശരീരത്തെ ക്രമേണ അവര്‍ തങ്ങളുടേതാക്കി മാറ്റി. ആദ്യം വൃക്കകള്‍, പിന്നെ കരള്‍, ഒടുവില്‍  പാന്‍ക്രിയാസ് എന്നിങ്ങനെ ജയിച്ചുമുന്നേറിക്കൊണ്ടിരുന്ന മരണഭടന്മാര്‍ ഉറങ്ങാന്‍ പോവുന്ന ഇടനേരങ്ങളില്‍  രാജീവന്‍ ഉണര്‍ന്നെണീക്കും. ക്ഷീണിച്ച കൈകളാല്‍ എഴുതിയും പ്രിയസഖി സാധനയോട് പറഞ്ഞു കൊടുത്ത് എഴുതിച്ചും ബോധം മറയുവോളം എഴുത്തുകാരന്റെ ജീവിതം നുണഞ്ഞു. കടന്തറ പുഴയും നീലക്കോടുവേലിയും പോലെ നിരവധി കവിതകള്‍ ആശുപത്രിക്കിടക്കയിലെ അതിജീവന മരുന്നായി. കസ്തൂര്‍ബയെക്കുറിച്ചുള്ള നോവല്‍ രാജീവന്റെ വലിയ സ്വപ്നമായിരുന്നു. ശങ്കരാചാര്യരുടെ ജീവിതം പ്രമേയമാകുന്ന നോവലിന്റെ റിസര്‍ച്ച് പണികളെല്ലാം ഇതിനിടയില്‍ തീര്‍ത്തു. ഇനി എഴുതിയാല്‍ മാത്രം  മതിയെന്ന് ആത്മവിശ്വാസത്തോടെ ചിരിച്ചു.

ചൈനയിൽ
ചൈനയിൽ

ഒടുവില്‍ ഓര്‍മ്മയോടെ കണ്ടപ്പോള്‍ രാജീവേട്ടന്‍ പൊട്ടിക്കരഞ്ഞു. ചാത്തന്മാര്‍ അത്ഭുതം കാട്ടുമെന്നു ഞാന്‍ കള്ളക്കണ്ണിറുക്കി. ഇല്ലോപ്പി, ഇനിയൊരു മടക്കമില്ലെന്നു പിതൃക്കളോടെന്നോണം പതുക്കെ പിറുപിറുത്തു. പിന്നെ, മൂന്നാലു ദിവസങ്ങള്‍ക്കപ്പുറം വരാനിരിക്കുന്ന അവനെയും കാത്തു ശാന്തമെന്നോണം കിടന്നു...

''നടക്കാതെ പോയ കപ്പലപകടത്തില്‍
മരിച്ച നാവികനാണ് ഞാന്‍
ഇനിയും ജനിച്ചിട്ടില്ല എന്ന് വിശ്വസിക്കാനാണ്
എനിക്കാഗ്രഹം...
ഈ ജല വിശാലതയില്‍
ആരുമറിയാതെപോയ
പരശ്ശതം കപ്പല്‍ച്ചേതങ്ങളുടെ അവശിഷ്ടമായ്
ഞാന്‍ ചിതറിക്കിടക്കുന്നു...'' 

(വാസ്‌കോ ഡ ഗാമ)

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com