പുറപ്പെട്ട് പോകുന്ന വാക്കല്ല, അന്തരാളത്തില്‍ സദാ നീറിപ്പുകഞ്ഞുകൊണ്ടിരിക്കുന്ന ജ്വാല

ടി.പി. രാജീവന്‍ എന്ന തനി നാട്ടിന്‍പുറത്തുകാരന്‍ എങ്ങനെയാണ് ഇംഗ്ലീഷിന്റെ സര്‍ഗ്ഗാത്മക ഭാവത്തില്‍ ഇത്രമാത്രം ആധിപത്യം നേടിയത്?
പുറപ്പെട്ട് പോകുന്ന വാക്കല്ല, അന്തരാളത്തില്‍ സദാ നീറിപ്പുകഞ്ഞുകൊണ്ടിരിക്കുന്ന ജ്വാല

രാജീവന്‍ മലയാള സര്‍ഗ്ഗാത്മകതയിലെ അപൂര്‍വ്വ വ്യക്തിത്വങ്ങളിലൊന്നായിരുന്നു. ഇംഗ്ലീഷിലും മലയാളത്തിലും ഒരുപോലെ കവിതയും നോവലും ലേഖനങ്ങളും ഒരേ ശക്തിയില്‍ എഴുതാന്‍ കഴിയുന്ന ഒരപൂര്‍വ്വ സിദ്ധി ടി.പി. രാജീവന്‍ എന്ന എഴുത്തുകാരനുണ്ടായിരുന്നു. ഇംഗ്ലീഷിലെഴുതുമ്പോള്‍ ആദ്യം തച്ചംപൊയില്‍ രാജീവനെന്നും, മലയാളത്തിലാകുമ്പോള്‍ ടി.പി. രാജീവനെന്നും അറിയപ്പെടാനാണ് അദ്ദേഹം ആഗ്രഹിച്ചത്. എഴുത്തിനെ രാഷ്ട്രീയ ആയുധമാക്കുന്നതില്‍ അദ്ദേഹം ഒരു മടിയും കാണിച്ചിരുന്നില്ലെന്നു മാത്രമല്ല, എഴുത്ത് ഒരു രാഷ്ട്രീയ പ്രവര്‍ത്തനം കൂടിയാണെന്ന് അദ്ദേഹം വിശ്വസിക്കുകയും ചെയ്തു. അതുകൊണ്ട് എല്ലാ കാര്യത്തിലും അദ്ദേഹം കൃത്യമായ നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. അതിനാലാകാം പല മേഖലകളില്‍നിന്നും അദ്ദേഹത്തിന് എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു. കിട്ടേണ്ടിയിരുന്ന പല അംഗീകാരങ്ങളും വഴിമാറിപ്പോവുകയും ചെയ്തു. 

ടി.പി. രാജീവന്‍ എന്ന തനി നാട്ടിന്‍പുറത്തുകാരന്‍ എങ്ങനെയാണ് ഇംഗ്ലീഷിന്റെ സര്‍ഗ്ഗാത്മക ഭാവത്തില്‍ ഇത്രമാത്രം ആധിപത്യം നേടിയത്? ആംഗലേയ കാവ്യമണ്ഡലത്തിലൂടെ കടന്നുപോവുമ്പോള്‍ രാജീവന്‍ പുലര്‍ത്തുന്ന സൂക്ഷ്മത ഗദ്യം കൈകാര്യം ചെയ്യുമ്പോഴും ഉണ്ടാവുമെങ്കിലും ഗദ്യത്തില്‍ കുറെക്കൂടി സ്വാതന്ത്ര്യം അദ്ദേഹം പുലര്‍ത്തിയിരുന്നു. പ്രാഥമിക വിദ്യാഭ്യാസതലത്തില്‍തന്നെ മാതൃഭാഷ കൈകാര്യം ചെയ്യുമ്പോഴുള്ള അതേ പ്രതിപത്തി ഇംഗ്ലീഷിനോടും അദ്ദേഹം പുലര്‍ത്തിയിരുന്നുവോ? ഈ അന്വേഷണത്തിന് അദ്ദേഹം ഒരിക്കല്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു: ''സ്‌കൂളില്‍ പഠിക്കുന്ന കാലത്തേ ഇംഗ്ലീഷ് എനിക്ക് വലിയ അഭിനിവേശമായിരുന്നു. സ്‌കൂളില്‍ പോവുമ്പോഴും സ്‌കൂളില്‍നിന്നു വരുമ്പോഴും ഞാന്‍ തനിയെ സംസാരിക്കുന്ന ഭാഷ ഇംഗ്ലീഷായിരുന്നു. വഴിയില്‍ കാണുന്ന എന്തിനോടും ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു ശീലം എനിക്കുണ്ടായിരുന്നു. ആ സ്വഭാവം എന്നെ ഇംഗ്ലീഷിനോട് ചേര്‍ത്തുനിര്‍ത്തി. പിന്നെ ഇംഗ്ലീഷ് പത്രത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ ഞാന്‍ പൂര്‍ണ്ണമായും ഇംഗ്ലീഷില്‍ മുഴുകുകയും ചെയ്തു.''

ചൈനയിലെ ഷാങ്ഹായ് ലിറ്റററി ഫെസ്റ്റിവലിൽ പങ്കെടുത്തപ്പോൾ
ചൈനയിലെ ഷാങ്ഹായ് ലിറ്റററി ഫെസ്റ്റിവലിൽ പങ്കെടുത്തപ്പോൾ

സര്‍വകലാശാലയിലെ ഔദ്യോഗിക ജീവിതം

സര്‍വ്വകലാശാലയിലെ രാജീവന്റെ ഔദ്യോഗിക ജീവിതം അത്രയൊന്നും സുഖകരമായിരുന്നില്ല. കടുത്ത രാഷ്ട്രീയം ആധിപത്യം പുലര്‍ത്തിയിരുന്ന ഉദ്യോഗസ്ഥ മേഖലയ്‌ക്കെതിരെ കവിതയിലൂടെ ശക്തമായ വിമര്‍ശനം ഉയര്‍ത്തിയപ്പോള്‍, എല്ലാ ഭാഗങ്ങളില്‍നിന്നും അവഗണനയാണ് അദ്ദേഹത്തിന് അനുഭവിക്കേണ്ടിവന്നത്. 'കുറുക്കന്‍' എന്ന വിവാദ കവിത അദ്ദേഹത്തെ ഒറ്റപ്പെടുത്തുകതന്നെ ചെയ്തു. തനിക്ക് ഔദ്യോഗികമായി ലഭിക്കേണ്ട പല സൗകര്യങ്ങളും നിഷേധിക്കപ്പെടുകയായിരുന്നു. ഒടുവില്‍ സഹികെട്ടാണ് അദ്ദേഹം സര്‍വ്വകലാശാലയില്‍നിന്നും പുറത്തുകടന്നത്. മലയാളം, ഇംഗ്ലീഷ് കവിതകള്‍ മാത്രം എഴുതിയിരുന്ന രാജീവന്‍ നോവലെഴുത്തിന്റെ വിശാലമേഖലയിലേക്ക് കടന്നതിലൂടെ വളരെ വ്യത്യസ്തനായ എഴുത്തുകാരനെ മലയാളത്തിന് ലഭിക്കുകയായിരുന്നു. തന്റെ നാടിന്റെ രാഷ്ട്രീയ- സാംസ്‌കാരിക പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് കേരളത്തിന്റെ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുകയായിരുന്നു അദ്ദേഹം. 'പാലേരിമാണിക്യം കൊലക്കേസി'നെ ആസ്പദമാക്കി എഴുതിയ നോവല്‍ രാജീവനിലെ പത്രപ്രവര്‍ത്തകനേയും രാഷ്ട്രീയ നിരീക്ഷകനേയും ഒരുപോലെ വെളിപ്പെടുത്തുന്നതായിരുന്നു. കേരളത്തെ ഞെട്ടിച്ച ഒരു കൊലപാതകത്തിന്റെ മറവില്‍ നടന്ന രാഷ്ട്രീയ അധാര്‍മ്മികത ആദ്യമായി വെളിപ്പെട്ടത് ഈ നോവലിലാണ്. ഒരു കാലഘട്ടത്തിലെ കേരളത്തിന്റെ ഗ്രാമീണ ജീവിതം സത്യസന്ധമായി ആവിഷ്‌കരിക്കാനും രാജീവനു കഴിഞ്ഞു. അതുപോലെ കെ.ടി.എന്‍ കോട്ടൂരിലും രാജീവന്‍ ആവിഷ്‌കരിച്ചത് ഗ്രാമീണ കേരളത്തിലെ സ്വാതന്ത്ര്യസമര ജീവിതമായിരുന്നു. ഈ നോവലിലും കൃത്യമായ രാഷ്ട്രീയ നിലപാട് വെളിപ്പെടുത്തുവാന്‍ രാജീവന്‍ തയ്യാറാകുന്നുണ്ട്. അദ്ദേഹത്തിന്റെ മറ്റൊരു രാഷ്ട്രീയ നോവലാണ് 'ക്രിയാശേഷം.' വളരെ പ്രശസ്തമായ എം. സുകുമാരന്റെ ശേഷക്രിയ എന്ന നോവലിന്റെ തുടര്‍വായനയാണ് 'ക്രിയാശേഷ'മെന്ന് വിശേഷിപ്പിക്കാം. ശേഷക്രിയയില്‍ ആത്മഹത്യ ചെയ്ത കുഞ്ഞയ്യപ്പന്റെ മകനാണ് ഇതിലെ കഥാപാത്രം. കേരളത്തിലെ വിപ്ലവ പ്രവര്‍ത്തനങ്ങള്‍ക്കു സംഭവിച്ച മൂല്യാപചയം ഈ നോവല്‍ നിര്‍ദ്ധാരണം ചെയ്യുന്നു. 

കവി എന്ന നിലയില്‍ ലോകകവിതയുമായുള്ള രാജീവന്റെ സൗഹൃദം അപാരമായിരുന്നു. ഫ്രാങ്ക് മൊറെയ്സ്, അമീര്‍ ഓര്‍ അടക്കമുള്ള പ്രശസ്തരായ ആംഗലേയ കവികളുമായി അദ്ദേഹം എഴുത്തിലൂടെ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു. അന്തര്‍ദ്ദേശീയ സ്വഭാവമുള്ള ഇംഗ്ലീഷ് പ്രസാധക സംരംഭം അദ്ദേഹത്തിന്റെ സ്വപ്നപദ്ധതികളിലൊന്നായിരുന്നു. ഇന്ത്യനെഴുത്തിനെ വിദേശവായനക്കാര്‍ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം 'യതിബുക്സ്' എന്നൊരു പ്രസാധക സ്ഥാപനം ആരംഭിക്കുകയുണ്ടായി. ചില ശ്രദ്ധേയങ്ങളായ പുസ്തകങ്ങളും 'യതി' പുറത്തിറക്കി. 

ഏകാധിപത്യ പ്രവണതകള്‍ക്കെതിരെ കൃത്യമായ നിലപാടെടുത്ത എഴുത്തുകാരന്‍ എന്ന നിലയില്‍, ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുവേണ്ടി ശബ്ദിക്കുന്ന എഴുത്തുസമൂഹത്തിന്റെ മുന്‍പന്തിയില്‍ രാജീവന്‍ എന്നുമുണ്ടായിരുന്നു. അതിന് അദ്ദേഹത്തിനു പലതും നഷ്ടപ്പെടുത്തേണ്ടിവന്നു. രാജീവന്റെ സാന്നിദ്ധ്യം സര്‍ഗ്ഗാത്മകതയില്‍ മാത്രം ഒതുങ്ങുന്ന ഒന്നായിരുന്നില്ല. തന്റെ ജന്മനാടിന്റെ സ്പന്ദനം ഉള്‍ക്കൊണ്ടിട്ടാണ് അദ്ദേഹത്തിന്റെ പ്രശസ്തമായ നോവലുകള്‍ പിറന്നത്. നോവലുകളുടെ ഭൂമിക വലിയൊരു നാശത്തിന്റെ വലയിലേക്ക് എത്തുമെന്ന് മനസ്സിലായപ്പോള്‍ അതിനെതിരെ ആദ്യം മുന്നിട്ടിറങ്ങിയത് എഴുത്തുകാരനായ രാജീവനായിരുന്നു. പച്ചപ്പുനിറഞ്ഞ 'ചെങ്ങോട്ടു മല' ഖനനമാഫിയ കയ്യടക്കാന്‍ പോകുന്നെന്നു തിരിച്ചറിഞ്ഞപ്പോള്‍ അതിനെതിരെ പത്രമാധ്യമങ്ങളില്‍ ലേഖനങ്ങളെഴുതുകയും പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചതും ടി.പി. രാജീവനായിരുന്നു. ചെങ്ങോട്ടുമലയില്‍ പാറഖനനം തുടങ്ങിയാല്‍ തന്റെ ജന്മനാട് വരണ്ടുണങ്ങിപ്പോകുമെന്ന ബോദ്ധ്യമായിരുന്നു രാജീവനെ പ്രക്ഷോഭത്തിന്റെ മുന്‍നിരയിലെത്തിച്ചത്. ചെങ്ങോട്ടുമല പ്രശ്‌നം ഒടുവില്‍ കോടതിയുടെ മുന്‍പിലെത്തുകയും കോടതി ഇടപെടുകയും ചെയ്തു. പ്രകൃതിസംരക്ഷണ പ്രശ്‌നങ്ങളില്‍ ഒരെഴുത്തുകാരന്‍ എടുക്കേണ്ട നിലപാടെന്തെന്ന് രാജീവന്‍ ഇതിലൂടെ നമ്മെ ബോദ്ധ്യപ്പെടുത്തുകയായിരുന്നു.

ജനാധിപത്യപരമായി ചിന്തിക്കുന്ന എഴുത്തുകാര്‍ക്ക് ഒരു പൊതുവേദി വേണമെന്നത് ടി.പി. രാജീവന്റെ എക്കാലത്തേയും ആഗ്രഹമായിരുന്നു. കോഴിക്കോട് കേന്ദ്രമായി അതിന്റെ ചില ആലോചനകളും അദ്ദേഹം ആരംഭിക്കുകയുണ്ടായി. രാജീവനു പുറമെ യു.കെ. കുമാരന്‍, പി.കെ. പാറക്കടവ്, ബാലചന്ദ്രന്‍ വടക്കേടത്ത് എന്നിവരായിരുന്നു ഇത് സംബന്ധിച്ചുള്ള ആലോചനകളില്‍ പങ്കുചേര്‍ന്നിരുന്നത്. റൈറ്റേഴ്സ് ഗില്‍ഡ്' എന്നൊരു സംഘടനയും രൂപീകരിച്ചു. ഇതിന്റെ ഉദ്ഘാടനം എഴുത്തുകാരനും രാഷ്ട്രീയക്കാരനുമായ ഡോ. ശശി തരൂര്‍ എം.പിയാണ് നിര്‍വ്വഹിച്ചത്. ശശി തരൂരിന് ടി.പി. രാജീവനുമായുള്ള സൗഹൃദമാണ് അദ്ദേഹത്തെ ഇതിന്റെ  ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രേരിപ്പിച്ചത്. 

പ്രധാന രാജ്യങ്ങളിലെല്ലാം സന്ദര്‍ശനം നടത്തിയിട്ടുള്ള രാജീവന്‍, വാക്കുകളും അതുപോലെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്ന് വിഭാവനം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ഒരു കൃതിയുടെ പേര് തന്നെ 'പുറപ്പെട്ടുപോകുന്ന വാക്ക്' എന്നാണ്. വായനക്കാരെ സംബന്ധിച്ചിടത്തോളം രാജീവന്റെ വാക്കുകള്‍ ഒരിക്കലും പുറപ്പെട്ട് പുറത്തേക്കു പോകുന്നവയല്ല. മറിച്ച്, അവ അന്തരാളത്തില്‍ സദാ നീറിപ്പുകഞ്ഞുകൊണ്ടിരിക്കുന്ന ജ്വാലയാണ്. അത്തരം അനേകം ജ്വാലകള്‍ നമ്മുടെ മനസ്സില്‍ എരിച്ചുകൊണ്ടാണ് രാജീവന്‍ കടന്നുപോയത്. അത് സദാ ജ്വലിച്ചുകൊണ്ടിരിക്കുകയാണ്.

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com