'സീതയോട് രാമന്‍ ചെയ്തത് തെറ്റായിരുന്നു എന്നു പറയാന്‍ ധൈര്യമുണ്ടാകണം'

രാവണനെന്നു പറയുമ്പോള്‍ അവിടെ ഒരു വലിയ വെല്ലുവിളി അടങ്ങിയിരിക്കുന്നത് കാണാതെ പോകരുത്. തെറ്റിദ്ധരിക്കപ്പെട്ട ഒരു മഹദ്വ്യക്തിയല്ലേ രാവണന്‍?
'സീതയോട് രാമന്‍ ചെയ്തത് തെറ്റായിരുന്നു എന്നു പറയാന്‍ ധൈര്യമുണ്ടാകണം'


രാഷ്ട്രീയത്തില്‍ ജാതിയും മതവും അടിസ്ഥാന ശിലകളാണല്ലോ. സാഹിത്യത്തിലും ഏതാണ്ട് അങ്ങനെയൊക്കെയാണെന്ന കാര്യം നാം അറിയാത്തത് അതിനെക്കുറിച്ചു ചിന്തിക്കാത്തതുകൊണ്ടാണ്. ചിന്തിച്ചാല്‍ വ്യക്തമാകുന്ന മറ്റൊരു സത്യം സാഹിത്യവും മദ്ധ്യതിരുവിതാംകൂറിലെ സത്യക്രിസ്ത്യാനികളും തമ്മില്‍ പറയത്തക്ക ആത്മബന്ധമൊന്നും ഇല്ലായിരുന്നു എന്നതാണ്. അങ്ങനെയുള്ള ബന്ധങ്ങള്‍ നല്ലതല്ല എന്നൊരു ധാരണ വേരുപിടിക്കുകയും ചെയ്തിരുന്നു. സാഹിത്യത്തിന് ഒരു ഹൈന്ദവ രുചിയുണ്ടെന്നതായിരുന്നു പൊതുവായ തോന്നല്‍. അങ്ങനെ സാഹിത്യവും സത്യക്രിസ്ത്യാനിക്കും തമ്മില്‍ ഒരു ഭിന്നത രൂപപ്പെട്ടു. അതുവഴി മതം എന്ന വികാരത്തിനു ലാഭവും ക്രിസ്ത്യാനികള്‍ക്ക് നഷ്ടവും ഉണ്ടായി.

മതത്തെ വിളിച്ചുകൂവുന്ന ഒരു പേരാണല്ലോ ഞാന്‍ കൊണ്ടുനടക്കുന്നത്. ഞാന്‍ അതിനെ മറികടന്നെന്നും അക്ഷരാര്‍ത്ഥത്തില്‍ മതരഹിതനായി എന്നുമുള്ള സത്യങ്ങള്‍ ആരും ഗൗനിച്ചില്ല. തയ്യില്‍ എഴുത്തച്ഛന്‍ എന്നോ റ്റി.ജെ.എസ്. വിജയനെന്നോ ശത്രുക്കള്‍ക്കു പിടികൊടുക്കാത്ത ഒരു നിഷ്പക്ഷ ബൈലൈന്‍ എടുത്തു വീശാന്‍ സാധിച്ചിരുന്നെങ്കില്‍ എന്റെ സ്വീകാര്യത എത്ര വര്‍ദ്ധിക്കുമായിരുന്നുവെന്ന് ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. പറഞ്ഞിട്ടെന്തു കാര്യം. വൈരുദ്ധ്യങ്ങളുടെ നടുവില്‍ പടപൊരുതി എഴുത്തെന്ന രാജ്യത്ത് കുടിലുകെട്ടാനാണ് വിധി ഉത്തരവായത്.

വൈരുദ്ധ്യങ്ങളെ മറികടക്കണമെങ്കില്‍ ആചാരങ്ങളെ ലംഘിക്കണം. ലജ്ജയില്ലാതെ, ലംഘിക്കണം. അല്ലെങ്കില്‍ വേണ്ടത്ര ആത്മാര്‍ത്ഥത ഇല്ലാതെ പോകും. ''ചെയ്യരുതാത്തതു ചെയ്തവനാണ് ഞാന്‍, നീയെന്നേ തല്ലിക്കോ തമ്പുരാനേ'' എന്നൊക്കെ പാടിനടക്കാന്‍ സാധിക്കണം. സീതയോട് രാമന്‍ ചെയ്തത് തെറ്റായിരുന്നു എന്നു പറയാന്‍ ധൈര്യമുണ്ടാകണം. രാവണനെ ആരാധനാപാത്രമായി കാണണം.

രാവണനെന്നു പറയുമ്പോള്‍ അവിടെ ഒരു വലിയ വെല്ലുവിളി അടങ്ങിയിരിക്കുന്നത് കാണാതെ പോകരുത്. തെറ്റിദ്ധരിക്കപ്പെട്ട ഒരു മഹദ്വ്യക്തിയല്ലേ രാവണന്‍? ആലോചിച്ചു നോക്കുക. പൊങ്ങച്ചത്തില്‍ കുബേരനൊപ്പമാകാന്‍ കുംഭകര്‍ണനും വിഭീഷണനും ഒറ്റക്കാലില്‍ തപസ്സിരുന്നപ്പോള്‍, രാവണന്‍ അഞ്ച് അഗ്‌നിശക്തികള്‍ക്കിടയില്‍ പതിനായിരം വര്‍ഷങ്ങളാണ് പൊള്ളി നിന്നത്. എന്നിട്ടും ബ്രഹ്മാവ് പ്രത്യക്ഷപ്പെടാതിരുന്നപ്പോള്‍, ഒരു മടിയുമില്ലാതെ അറ്റകൈയ്ക്കു തയ്യാറായി. തന്റെ പത്തു തലകളില്‍ ഒന്നു വിച്ഛേദിച്ച് ബ്രഹ്മാവിനു സമര്‍പ്പിച്ചു. പിന്നെ ആയിരം വര്‍ഷം കാത്തിരുന്നു. ബ്രഹ്മാവ് അലിഞ്ഞില്ല. ഒന്നിനു പുറകെ ഒന്നായി ഒന്‍പതു തലകളും വെട്ടിമാറ്റി. പതിനായിരം കൊല്ലങ്ങള്‍ ക്ഷമയോടെ നോക്കിക്കാത്തിരുന്നശേഷം, രാവണന്‍ തന്റെ അവസാനത്തെ തലയും വെട്ടുകാര്‍ക്കു കൊടുക്കാന്‍ തയ്യാറായി. ബ്രഹ്മാവിന്റെ മനസ്സലിഞ്ഞ്, ഇഷ്ടമുള്ള വരം നല്‍കാമെന്നു പറഞ്ഞ് തന്റെ ഭക്തനെ അനുഗ്രഹിച്ചു. അങ്ങനെ ലഭിച്ച വരങ്ങളാണ് ലങ്കാധിപനായി, സര്‍വ്വലോക സംഹാരകനായി വാണരുളാന്‍ രാവണനെ പ്രാപ്തനാക്കിയത്.

കാഞ്ചാ ഇലയ്യ
കാഞ്ചാ ഇലയ്യ

രാവണനെ ഇല്ലാതാക്കാന്‍ രാമന് സ്വന്തം നിലയില്‍ സാധ്യമായിരുന്നില്ല. ശക്തിയിലും ധൈര്യത്തിലും ഇരുവരും തുല്യരായിരുന്നുവെന്ന് രാമായണം എടുത്തുപറയുന്നു. ഒരാള്‍ നല്ലവനും മറ്റെയാള്‍ തിന്മ നിറഞ്ഞവനുമായിരുന്നു എന്ന വ്യത്യാസം മാത്രം. രാമനെ യുദ്ധത്തില്‍ സഹായിക്കാന്‍ തന്റെ സ്വന്തം രഥം അയയ്‌ക്കേണ്ടിവന്നു ഇന്ദ്രന്. രഥം കൊണ്ടുമാത്രം വിജയം ഉറപ്പിക്കാന്‍ സാധ്യമല്ലെന്ന് അപ്പോള്‍ മനസ്സിലായി. അങ്ങനെയാണീ സൃഷ്ടിയെത്തന്നെ പൂര്‍ണ്ണമായും നശിപ്പിക്കാന്‍ കഴിവുള്ള ബ്രഹ്മാസ്ത്രം ഉപയോഗിക്കാന്‍ രാമനും ദേവന്മാരും നിര്‍ബ്ബന്ധിതരായത്. ബ്രഹ്മാസ്ത്രം ഉപയോഗിച്ചാല്‍ പന്ത്രണ്ട് ബ്രഹ്മസംവത്സരങ്ങള്‍ (37.32 മില്യണ്‍ മനുഷ്യസംവത്സരങ്ങള്‍) ഭൂമിയില്‍ മഴ ഉണ്ടാവുകയില്ല. മറ്റൊരു മാര്‍ഗ്ഗവും ഇല്ലാതെ വരുമ്പോള്‍, അറ്റകൈ ആയിട്ടുമാത്രം ഉപയോഗിക്കാന്‍ മാറ്റിവെച്ചിരുന്ന ആയുധമാണ് ബ്രഹ്മാസ്ത്രം. സാക്ഷാല്‍ ബ്രഹ്മാസ്ത്രവും ഇന്ദ്രന്റെ രഥവും യുദ്ധക്കളത്തില്‍ ഇറക്കിയിട്ടും ആകാംക്ഷയോടെയാണ് ദേവന്മാര്‍ രാമന്‍-രാവണ യുദ്ധം കണ്ടുകൊണ്ടിരുന്നത്. പത്തു തലകളും ഇരുപതു കൈകളുമുള്ള രാവണന്‍ ചില്ലറക്കാരനല്ലെന്ന് ദേവലോകത്തുള്ളര്‍ക്കെല്ലാം അറിയാമായിരുന്നല്ലോ.

ബ്രഹ്മാവ് അനുഗ്രഹിച്ച രാവണനെ ദൃഷ്ടതയുടേയും തിന്മയുടേയും പ്രതിരൂപമായി കാണാന്‍ എന്താണ് കാരണം? തെക്കെ ഇന്ത്യയും വടക്കെ ഇന്ത്യയും തമ്മിലുള്ള മത്സരാന്തരീക്ഷം ഇവിടെ പ്രതിഫലിക്കുന്നില്ലേ എന്നു ചിന്തിക്കണം. ദ്രാവിഡ സംസ്‌കാരവും ആര്യ സംസ്‌കാരവും തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ ആഴമേറിയവയാണ്. രണ്ടും വ്യത്യസ്ത സംസ്‌കാരധാരകളാണ്. രാവണന്‍ ദ്രാവിഡനാണ്, സൗത്ത് ഇന്ത്യന്‍ വര്‍ഗ്ഗമാണ്. ഈ ഒരു കാരണം മതിയായിരുന്നിരിക്കാം. ആര്യ ഭാരതത്തിന് രാവണനെ ദുഷ്ട കഥാപാത്രമായി ചിത്രീകരിക്കാന്‍.

ഇതൊക്കെ പുച്ഛിച്ചുതള്ളുന്ന ഗവേഷണ കണ്ടുപിടിത്തങ്ങളായി ഹര്‍വാര്‍ഡ് സര്‍വ്വകലാശാലയിലേയും മറ്റും അക്ഷരജ്ഞാനികള്‍ മുന്‍പോട്ടു വന്നിട്ടുണ്ട്. ആര്യന്‍-ദ്രാവിഡിയന്‍ വിഭജനം വെറും മിഥ്യയാണെന്നാണ് അവരുടെ ഏറ്റവും പുതിയ സിദ്ധാന്തം. എല്ലാ ഇന്ത്യാക്കാരും ഒരേ പേരില്‍നിന്നു പൊട്ടിപ്പുറപ്പെട്ടിട്ടുള്ള ചെടികളാണെന്ന് അവര്‍ ഉറപ്പിച്ചു പറയുന്നു. പുതിയ പുതിയ അറിവുകളുമായി മുന്‍പോട്ടു വന്നില്ലെങ്കില്‍ ഗവേഷണവിശാരദന്മാര്‍ പണിയില്ലാത്ത വിദ്വാന്മാരായി പോകുമല്ലൊ. പക്ഷേ, തെക്കും വടക്കും തമ്മിലുള്ള അത്തരം അന്തരമായിത്തന്നെ തുടരുന്നു.

വെൻഡി ഡോണി​ഗർ
വെൻഡി ഡോണി​ഗർ

പേരുകള്‍ക്കുതന്നെ തെക്കുവടക്കു സ്വഭാവം ഉണ്ടായിരുന്നതു നോക്കുക. വാത്മീകി രാമായണം വടക്കോട്ടു പോയപ്പോള്‍ തുളസി രാമായണമായി. എന്നുവെച്ചാല്‍, രാംചരിത് മനസ്സ്. വാത്മീകിയെ പരിഷ്‌കരിച്ചെടുത്ത തുളസി (1532-1623) ഭക്തകവി ആയിട്ടാണ് അറിയപ്പെട്ടിരുന്നത്. പക്ഷേ, അദ്ദേഹത്തിന്റെ രാമായണം തികച്ചും വ്യത്യസ്തമാണ്. തന്റെ വ്യക്തിഗത സംസ്‌കാരത്തിന് അനുയോജ്യമായ രീതിയിലാണ് അദ്ദേഹം രാമകഥ പറഞ്ഞത്. എന്താണ് തുളസിദാസിന്റെ സംസ്‌കാരം? ആദ്യം അറിയേണ്ടത് രാംബോല ദുബെ എന്ന ആളാണ് ഗോസ്വാമി തുളസിദാസ് എന്ന പേരില്‍ അറിയപ്പെട്ടത് എന്ന കാര്യമാണ്. എന്നുവെച്ചാല്‍ വടക്കെ ഇന്ത്യന്‍ മാനസിക പരിഷ്‌കൃതിയില്‍ വേരൂന്നിയ സ്വഭാവമാണ് ദുബെ എന്ന തുളസിദാസ് സ്വാംശീകരിച്ചത് എന്നര്‍ത്ഥം. ദുബെ ദാസിന്റെ രാമകഥയ്ക്കു പകരം വാത്മീകിയുടെ കഥ സ്വീകരിച്ചതില്‍ തെക്കെ ഇന്ത്യക്കാര്‍ക്ക് സംതൃപ്തി തോന്നിയത് സ്വാഭാവികമാണ്. 

പലയിടത്തും തുളസി രാമായണം അതിന്റേതായ വഴികളില്‍ക്കൂടെയാണ് പുരോഗമിക്കുന്നത്. വാത്മീകി രാമായണത്തില്‍ സാക്ഷാല്‍ സീതയെ രാവണന്‍ തട്ടിക്കൊണ്ടു പോവുകയായിരുന്നു. തുളസിദാസ് ആ കഥയുടെ അന്തസ്സത്ത ഇല്ലാതാക്കി. സീതയുടെ ഒരു പ്രതീകമാണ് രാവണന്‍ തട്ടിയെടുത്തത് എന്നായി അദ്ദേഹത്തിന്റെ പ്രമേയം. യഥാര്‍ത്ഥ സീതയെ രാമന്‍ അഗ്‌നിഭഗവാനെ ഏല്പിക്കുകയായിരുന്നുപോലും. ഉല്‍ക്കൃഷ്ടനെങ്കിലും ഒരു സാധാരണ മനുഷ്യനായിട്ടാണ് രാമനെ വാത്മീകി അവതരിപ്പിച്ചത്. പക്ഷേ, വിഷ്ണുവിന്റെ അവതാരമായിട്ടാണ് തുളസിദാസ് രാമനെ കണ്ടത്. കലര്‍പ്പില്ലായ്മ സ്ഥാപിക്കാന്‍ സീതയെ ഭയാനകമായ അഗ്‌നിപരീക്ഷയ്ക്കു വിധേയമാക്കാനാണ് വാത്മീകിയുടെ കഥ ശ്രമിക്കുന്നത്. തുളസിദാസാകട്ടെ, യാതൊരു പ്രശ്‌നവുമില്ലാത്ത ഒരു സാധാരണ ചടങ്ങായി അഗ്‌നിപരീക്ഷയെ മാറ്റി. ഇതൊക്കെ ഒരു വടക്കന്‍ വീക്ഷണമായി പലരും കണ്ടു.

മനസ്സില്‍ സ്വപ്നം കണ്ടാല്‍ ഇല്ലാതാകുന്നതല്ല സംസ്‌കാരത്തിലെ പ്രാദേശികത്വം. മാത്രവുമല്ല, ഒരു പ്രദേശത്തു സ്വീകരിക്കപ്പെടുന്നത് മറ്റു പ്രദേശങ്ങളില്‍ നിരസിക്കപ്പെടുമോ നിരസിക്കപ്പെടണമോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ബാക്കിനില്‍ക്കും. ജീവിതത്തെ അടിമുടി ബാധിക്കുന്ന വിഷയങ്ങള്‍ ഒരിക്കലും വിവാദങ്ങള്‍ക്ക് അതീതമാകുന്നില്ല എന്ന വലിയപാഠം മഹാഭാരതവും നമ്മെ പഠിപ്പിക്കുന്നു.

ദ്രാവിഡ പാരമ്പര്യം നിലനിര്‍ത്തുന്ന ആശയങ്ങള്‍ ശ്രദ്ധേയമാണ്. രാമന്‍ വിമര്‍ശിക്കപ്പെടുകയും രാവണന്‍ വാഴ്ത്തപ്പെടുകയും ചെയ്യുന്ന സംസ്‌കാരമാണ് തമിഴില്‍ നാം കാണുന്നത്. സീതയോട് നീതികാട്ടാതിരുന്ന രാവണനെ തള്ളിപ്പറയാന്‍ മലയാള സാഹിത്യവും മടിച്ചു. 

ശശി തരൂർ
ശശി തരൂർ

കുമാരനാശാന്റെ 'ചിന്താവിഷ്ടയായ സീത' ഒരു ക്ലാസ്സിക് കൃതിയായി അംഗീകരിക്കപ്പെട്ടു. രാമന്‍ ഭീരുവും ക്രൂരനുമാണെന്ന് ആശാന്റെ സീത പരാതിപ്പെടുന്നു. അനുഗൃഹീതനായ ചിന്തകന്‍ സി.എന്‍. ശ്രീകണ്ഠന്‍ നായര്‍ ഒരു നാടകത്രയം തന്നെ നമുക്കു തന്നിട്ടുണ്ട് -കാഞ്ചനസീത, സാകേതം, ലങ്കാലക്ഷ്മി. കേന്ദ്ര സാഹിത്യ അക്കാദമിയുടെ 1962 പുരസ്‌കാരം നേടിയ കാഞ്ചനസീത ജി. അരവിന്ദന്‍ സിനിമയാക്കി. (നിഷ്‌കളങ്കമായി സ്‌നേഹിക്കാനറിയാവുന്ന ഒരു നല്ലവനായിരുന്നു തിരുവനന്തപുരത്ത് എന്റെ സഹപാഠി ആയിരുന്ന ശ്രീകണ്ഠന്‍. പുള്ളി എപ്പോഴും സുസ്‌മേരവദനനായിരുന്നു. പക്ഷേ, സൂക്ഷിച്ചു നോക്കിയാല്‍ മനസ്സ് എന്തോ ആഴങ്ങളിലാണെന്ന് നമുക്ക് അറിയാന്‍ സാധിക്കുമായിരുന്നു. ഇപ്പോഴല്ലേ അറിയുന്നത് മനസ്സ് കാഞ്ചനസീതയിലും മറ്റുമായിരുന്നു എന്ന്. വെറും നാല്‍പ്പത്തിയെട്ടാമത്തെ വയസ്സില്‍ അദ്ദേഹം വിടവാങ്ങിയത് മലയാളത്തിന്റെ തീരാനഷ്ടമായിരുന്നു. മറ്റൊരു ബാല്യകാല ചതി.)

അധികാരത്തിന്റെ ദുരന്തമായിരുന്നു ശ്രീകണ്ഠന്റെ വിഷയം. ഒപ്പം ധര്‍മ്മപരിപാലനത്തിനു ത്യാഗങ്ങള്‍ ആവശ്യമാണെന്ന ഓര്‍മ്മപ്പെടുത്തലും. സീതയോടു രാമന്‍ കാണിച്ച ന്യായമില്ലായ്മ വിമര്‍ശനവിധേയമായിട്ടാണ് മലയാളി സാഹിത്യകാരന്മാര്‍ കണ്ടത്. പി. കുഞ്ഞിരാമന്‍ നായരുടെ 'സീതാദേവി'യും സുഗതകുമാരിയുടെ 'ഇന്നത്തെ സന്ധ്യ'യും രാമന്‍ പ്രദര്‍ശിപ്പിച്ച മൂല്യ വ്യവസ്ഥയെ ചോദ്യം ചെയ്തു.

ബൗദ്ധികതലത്തില്‍ നടന്നുകൊണ്ടിരുന്ന സമ്പ്രദായങ്ങളും സംവാദങ്ങളും മതസ്പര്‍ദ്ധ നിറഞ്ഞ വര്‍ഗ്ഗീതയ്ക്കു വിധേയമായത് കാലഘട്ടത്തിന്റെ തളര്‍ച്ചയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. പ്രബുദ്ധമെന്നു കരുതപ്പെടുന്ന കേരളത്തിലും ഈ തകര്‍ച്ച ഉടലെടുത്തു. ആദരണീയനായ ഒരു അദ്ധ്യാപകന്‍ രാമായണത്തെക്കുറിച്ച് ഒന്നും എഴുതാന്‍ പാടില്ല എന്ന് കോഴിക്കോട്ടെ ചില ഹിന്ദു പ്രമാണികള്‍ പ്രഖ്യാപനം ഇറക്കി. കാരണം? അദ്ദേഹത്തിന്റെ പേര് എം.എം. ബഷീര്‍ എന്നായിരുന്നു. ഹിന്ദുവല്ലാത്തവര്‍ ഹിന്ദു മൂലഗ്രന്ഥങ്ങളെക്കുറിച്ച് എഴുതാന്‍ പാടില്ല എന്ന പുതിയ നിയമം അവര്‍ പ്രഖ്യാപിച്ചു. ആവര്‍ത്തിച്ചു പറയട്ടെ, കേരളത്തിലാണ് ഇതു നടന്നത്.

പാശ്ചാത്യ കാഴ്ചപ്പാടില്‍ ഹിന്ദു പാരമ്പര്യങ്ങളെക്കുറിച്ച് ഏറ്റവും പ്രസിദ്ധമായ പുസ്തകങ്ങള്‍ എഴുതിയിട്ടുള്ളത് വെന്‍ഡി ഡോണിഗര്‍ എന്ന അമേരിക്കനാണ്. 'ദ് ഹിന്ദുസ്: ആന്‍ ഓള്‍ട്ടര്‍നേറ്റീവ് ഹിസ്റ്ററി' എന്ന പുസ്തകം എല്ലായിടത്തും അംഗീകരിക്കപ്പെട്ടിട്ടുള്ള ഒരു പഠനമാണ്. അതേസമയം, 'വൈ അയാം എ ഹിന്ദു' എന്ന ശശി തരൂര്‍ പുസ്തകവും 'വൈ അയാം നോട്ട് എ ഹിന്ദു' എന്ന് കാഞ്ചാ ഇലയ്യ പുസ്തകവും ധാരാളം ശ്രദ്ധിക്കപ്പെട്ടു.

ഹിന്ദു ആകാനും ആകാതിരിക്കാനും മതിയായ കാരണങ്ങളുണ്ടെന്ന വാദമല്ലേ ഈ പഠനങ്ങള്‍ മുന്നോട്ടു വയ്ക്കുന്നത്? മതവികാരത്തിനുപരിയായി യുക്തിക്കു പ്രാധാന്യം കൊടുക്കുന്ന സമീപനമാണ് ഇവിടെ കാണുന്നത്. ഇലയ്യ പഠനത്തിന്റെ തലക്കെട്ടില്‍ ഒരു ശൂദ്രന്റെ വിമര്‍ശനമാണിതെന്ന് എടുത്തുപറയുന്നുണ്ട്. ജാതിയാണ് അഭിപ്രായങ്ങളെ രൂപപ്പെടുത്തുന്ന ഒരു പ്രധാന ഘടകം എന്നു വിളിച്ചുപറയുകയായിരുന്നു അദ്ദേഹം. ദൈനംദിന ജീവിതത്തിലെ അരോചകമായ പല യാഥാര്‍ത്ഥ്യങ്ങളും കാണാതിരിക്കാന്‍ നാം ശ്രദ്ധിക്കുന്നുണ്ട്. അതുകൊണ്ട് അവ പ്രത്യക്ഷപ്പെടുന്നില്ല. അതിലൊന്നാണ് ജാതിയുടെ സര്‍വ്വതോമുഖമായ സ്വാധീനം. ഇലയ്യ ശൂദ്രവികാരത്തിനു കൊടുക്കുന്ന പ്രാധാന്യം ആധുനികശൈലിയില്‍ ചുരുക്കി പറയാവുന്നതാണ്: ജാതി, അതല്ലേ എല്ലാം.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com